Wednesday, December 19, 2012

പുനർജ്ജനിയുടെ കൂട്ടില്‍ .....



“മെല്ലെ...മെല്ലെപ്പോകൂ സഖീ.. നിനക്കൊപ്പമെത്താന്‍ എനിക്കു സാധിക്കുന്നില്ല.. വഴിയിലെ തടസ്സങ്ങളില്‍ തട്ടി, ഞാന്‍ ചിലപ്പോ വീണുപോയേക്കും”

മുട്ടുമടക്കി അവളവിടെ ഇരുന്നു. ആ കൈകൾ പിടിച്ച് മുന്നിൽ നടക്കുകയായിരുന്ന കൊച്ചു സുന്ദരി പുഞ്ചിരിയോടെ തിരിഞ്ഞു.

“ഇതാ നമ്മളെത്തിക്കഴിഞ്ഞു സ്വപ്നങ്ങളുടെ പറുദീസയിൽ... നോക്കു ഗുൽമോഹറുകൾ പൂത്തു നില്ക്കുന്നത്..”

“എനിക്കൊന്നും കാണാനാകുന്നില്ലല്ലോ ആര്‍ട്ടിമിസ്സ്.. വേര്‍തിരിച്ചറിയാനാകാത്ത സുഗന്ധങ്ങളുടെ നിറസാന്നിദ്ധ്യം മനസിലാക്കാമെന്നല്ലാതെ..”

“നിന്‍റെ കാഴ്ച ഞാനല്ലേ അനാമികേ... എന്നിലൂടെ നീയീ സ്വര്‍ഗ്ഗഭൂമിയെ തിരിച്ചറിയുക..”

വർണ്ണാനാതീതമായ ഒളിമ്പസ് എന്ന സ്വർഗ്ഗീയഭൂമിയുടെ സൌന്ദര്യം ആർട്ടിമിസ്സിലൂടെ അവൾ അനുഭവിച്ചറിഞ്ഞു..

വനദേവതമാരുടെ കരലാളനയിൽ പൂത്തുലഞ്ഞ സുവർണ്ണപാരിജാതങ്ങളുടെ ഉദ്യാനങ്ങൾ.. രാജഹംസങ്ങൾ നീന്തിത്തുടിക്കുന്ന നീർച്ചോലകൾ..സ്നേഹത്തിന്റെ പൂമെത്തയൊരുക്കി വഴിത്താരകൾ തീർത്തിരിക്കുന്ന ചുവപ്പും നീലയും നിറമുള്ള ഗുൽമോഹറുകൾ.. നമ്രശിരസ്കരായി എളിമയുടെ സന്ദേശം വാഴ്ത്തി തണൽ പരത്തി നിരയൊത്ത ഒലീവു മരങ്ങൾ.. ആർട്ടിമിസ്സിന്റെ പ്രിയവൃക്ഷം എന്ന അഹന്തയിൽ തല ഉയർത്തി നിൽക്കുന്ന സൈപ്രസ്സ് മരങ്ങൾ..

അനിർവ്വചനീയ ലാവണ്യത്തിൽ തുള്ളിത്തുളുമ്പി അവർക്കു മുന്നിൽ ഒളിമ്പസ് നീണ്ടു നിവർന്നു കിടന്നു.

ആ ഗിരിനിരകളുടെ താഴ്വാരത്തിൽ പതിവുപോലെ അവർ ഇരുന്നു.

“ആർട്ടിമിസ്സ് നിനക്കെന്റെ അമ്മയാകാമോ.. നീ അരികിലെത്തുമ്പോൾ മുലപ്പാലിന്റെ മണം..” ആ ശബ്ദം ചിലമ്പിച്ചിരുന്നു.

അവൾ കരയാൻ തുടങ്ങുകയായിരുന്നോ..?

“ഭൂമിയിലെ അവിശുദ്ധിയുടെ കാഴ്ചകള്‍ കൊണ്ടു പോലും കളങ്കപ്പെടാത്ത, തുമ്പപ്പൂവിന്‍റെ പരിശുദ്ധിയുള്ള നീ എനിക്ക് മകളേക്കാള്‍ പ്രിയപ്പെട്ടവളാണ്..”

പനിനീരിന്റെ മണവും ചെമ്പകപ്പൂവിന്റെ നിറവും സ്വർണ്ണമുടിയിഴകളുമുള്ള ആർട്ടിമിസ്സ് അവളെ മാറോടു ചേർത്തു പിടിച്ചു.

പ്രകാശം നഷ്ടപ്പെട്ട നീലക്കണ്ണുകള്‍ ഇമചിമ്മാതെ പിടിച്ചവള്‍ ചോദിച്ചു.. “എന്നിട്ടും എന്‍റെ പേരു നീ അന്വേഷിച്ചില്ലല്ലോ സഖീ...?”

“നിന്നെ എനിക്ക് അനാമിക എന്നു വിളിക്കാനാണിഷ്ടം..”

അമ്മയുടെ മാറിലേക്കെന്നപോലെ അവൾ ആർട്ടിമിസ്സിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു..

“നിനക്ക് ഞാൻ കഥകൾ പറഞ്ഞുതരാം.. മനുഷ്യനെത്തിച്ചേരാത്ത ദേവനഗരങ്ങളിലെ കഥകൾ...”

അവളെ മടിയിൽ കിടത്തി, കുഞ്ഞിക്കണ്ണുകളിൽ ഇറ്റുവീഴാൻ നിൽക്കുന്ന കണ്ണുനീർത്തുള്ളികൾ തുടച്ചു കളഞ്ഞ്, മുടിയിഴകളിൽ തലോടി ആർട്ടിമിസ്സ് കഥ പറഞ്ഞു തുടങ്ങി..

അമ്മയെ കല്യാണം കഴിച്ച തെറ്റിനു സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത ഈഡിപ്പസ്സിന്റെ,സഹോദരിയെ കല്യാണം കഴിച്ച സീയൂസിന്റെ, സ്വവർഗ്ഗാനുരാഗിയായ അപ്പോളോയുടെ, അപ്പോളോയുടെ പ്രണയാഭ്യർത്ഥന നിരസിച്ച് മരണമില്ലായ്മ എന്ന ശാപം ഏറ്റു വാങ്ങിയ സിബിലയുടെ ...അങ്ങനെ എത്രയെത്ര കഥകൾ.. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ.

“മരിക്കാതിരിക്കുകയെന്നത് ഒരു ശാപമാണോ..?” അവളുടെ കണ്ണകളിൽ സംശയം.

ആർട്ടിമിസ്സ് പുഞ്ചിരിച്ചു, “തന്നെ സ്നേഹിക്കാൻ തയ്യാറായാൽ ആഗ്രഹിക്കുന്ന വരം കൊടുക്കാമെന്ന് അപ്പോളോ അവൾക്ക് വാഗ്ദാനം ചെയ്തു. ഒരു പിടി മണല് വാരി ഈ മണൽത്തരികളുടെ എണ്ണത്തോളം ആയുസ്സ് തനിക്ക് വേണമെന്നവൾ പറഞ്ഞു. വരം കിട്ടിക്കഴിഞ്ഞവൾ അപ്പോളോയെ തള്ളിപ്പറഞ്ഞു. അതിനുള്ള ശാപമായി അപ്പോളോ അവളുടെ യൌവ്വനം ആയുസ്സിനോളം നീട്ടിക്കൊടുത്തില്ല..”

“പിന്നെന്തു സംഭവിച്ചു സിബിലയ്ക്ക്...?” അവളുടെ സ്വരത്തിൽ അടക്കാനാകാത്ത ആകാംഷ.

“കാലത്തിന്റെ കുത്തൊഴുക്കിൽ അവൾ ചെറുതായി ചെറുതായി കുപ്പിയിലൊതുങ്ങി. പിന്നീടതൊരു നേർത്ത ശബ്ദം മാത്രമായി. വിവരങ്ങൾ തിരക്കുന്നവരോടെല്ലാം ആ തേങ്ങലിൽക്കുതിർന്ന ശബ്ദം മരിക്കാനുള്ള മാർഗ്ഗം ആരാഞ്ഞു തുടങ്ങി..”

നെടുവീർപ്പിന്റെ അകമ്പടിയോടെ അങ്ങകലെ ചക്രവാളത്തിൽ മിഴി നട്ട് ആർട്ടിമിസ്സ് പറഞ്ഞുകൊണ്ടിരുന്നു.

“മോളെ ഉണർന്നില്ലേ ഇതുവരെ.. മുഖം കഴുകി വരൂ ചായ കുടിക്കാം..” സ്വപ്നവിഹാരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ആയയുടെ ശബ്ദം അകലെ നിന്നെന്നപോലെ ഒഴുകി വന്നു.

ആർട്ടിമിസ്സിന്റെ മടിയിൽ കഥകളുടെയും കഥാപാത്രങ്ങളുടേയും മായികലോകത്തില്‍  മയങ്ങിക്കിടന്ന അവൾ ഞെട്ടിയുണർന്നു കണ്ണുമിഴിച്ചു.

പുലരിയുടെ പതിന്നാലാം യാമത്തിലെ കാറ്റു വീശുന്നുണ്ടായിരുന്നു അപ്പോൾ.

“ആർട്ടിമിസ്സ് എനിക്ക് പോകണം. എന്നെ അവിടെ തിരക്കുന്നുണ്ട്..”

“ഉം... പൊയ്ക്കോളുക.. ഇതാ ഇന്നത്തെ നമ്മുടെ സമാഗമത്തിന്‍റെ ഓര്‍മ്മയ്ക്കായി ഇതിരിക്കട്ടെ...”നീട്ടിപ്പിടിച്ച ആ കുഞ്ഞിക്കൈകളില്‍ സൈപ്രസ് മരത്തിന്‍റെ ഒരില വച്ചു കൊടുത്ത് നെറുകയില്‍ ചുണ്ടമർത്തുമ്പോൾ ആർട്ടിമിസ്സ് അവളുടെ അമ്മയാകുകയായിരുന്നു.

ഒളിമ്പസ് മലനിരകളിലൂടെ തിരക്കു പിടിച്ച് തപ്പിയും തടഞ്ഞും ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ അവൾ ചോദിച്ചു, “നീ നാളെയും വരില്ലേ ആർട്ടിമിസ്സ്...?”

“വരും.. നിന്നെക്കാണാൻ പുനർജ്ജനിയുടെ കൂടുകൾ തുറന്ന് ചെമ്പകം പൂക്കുന്ന താഴ്വാരങ്ങളിലേക്ക് ഞാനിനിയും വരും... കാരണം നീയെനിക്ക് അത്രയ്ക്കും പ്രിയപ്പെട്ടവളാണ്..”

പുറകിൽ മണിയൊച്ച പോലെ കേൾക്കുന്ന ആർട്ടിമിസ്സിന്റെ ശബ്ദം അവളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു.

ഒന്നു നിന്നവൾ തിരിഞ്ഞു നോക്കി. അകക്കണ്ണുകളിൽ പ്രതിഫലിക്കുന്ന ആർട്ടിമിസ്സിന്റെ കണ്ണുകളിലെ സ്നേഹത്തിന്റെ തിളക്കം അവളെ പിൻ‌വിളിച്ചുവോ?

പക്ഷേ, പെട്ടെന്നു തന്നെ മുഖം തിരിച്ചവൾ ഗിരിയിറങ്ങി.

കാലത്തിന്റെ അനസ്യൂതപ്രവാഹത്തിനും പ്രപഞ്ചനിയമങ്ങൾക്കും നീക്കുപോക്കുകൾ വരുത്താൻ കേവലമർത്ത്യജന്മങ്ങൾക്കാകില്ലല്ലോ.

ദൈനംദിന ജീവിതയാഥാർത്ഥ്യങ്ങൾക്കിടയ്ക്ക് ആർട്ടിമിസ്സ് എന്ന സഹയാത്രിക അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് യാദൃശ്ചികമായിട്ടായിരുന്നു. അന്ധകാരത്തിന്‍റെ നിഴലില്‍ ഏകാന്തതയുടെ നോവിലിറ്റുവീഴുന്ന നിമിഷങ്ങൾക്കൊരു പരിഹാരമായി ആയ വായിച്ചു കൊടുത്ത കഥകളിൽ നിന്നും ഭാവനയുടെ വിലക്കുകൾ ലംഘിച്ച് ഇറങ്ങി വരികയായിരുന്നു അവൾ.

ക്രമേണ ആർട്ടിമിസ്സ് അവളുടെ സായന്തനങ്ങളിലെ കൂട്ടായി.

നിദ്രയുടെ നിഗൂഢതകളിലേക്കൂളിയിടുന്ന അവളുടെ കൈകൾ പിടിച്ച് ആർട്ടിമിസ്സ് ഒളിമ്പസ് ഗിരിനിരകളിലൂടെ നടന്നു. ഒലീവു മരങ്ങളുടെ തണലിലിരുന്നവർ ധാരാളം കഥകൾ പറഞ്ഞു.

കഥകള്‍കേട്ടു മയങ്ങി മടിയില്‍ക്കിടക്കുമ്പോഴാണ് അവളുടെ കൈകള്‍ അവിചാരിതമായി ആർട്ടിമിസ്സിന്റെ തോളിൽ തൂക്കിയിട്ടിരുന്ന വില്ലിൽ തൊടാന്‍ ഇടയായത്.

“ഇതെന്താണു ആർട്ടിമിസ്സ്..?” ആദ്യമായി അറിയുന്ന വസ്തുവിനെക്കുറിച്ചുള്ള സംശയം ചോദ്യമായി.

“വേട്ടയാടാനുള്ള ധനുർ‌ബാണങ്ങളാണ് സഖീ..”

 “ഇവിടെ ശാന്തമായ ഈ ഗിരിനിരകളിൽ ഏത് മൃഗത്തെയാണു നീ വേട്ടയാടുന്നത് ആർട്ടിമിസ്സ്..?” ഒരിക്കലവൾ ചോദിച്ചു.

“എനിക്ക് വേട്ടയാടേണ്ടത് സാധാരണ മൃഗങ്ങളെയല്ല കാമഭ്രാന്തെടുത്ത മൃഗങ്ങളെയാണ്..” അതു പറയുമ്പോൾ ആർട്ടിമിസ്സിന്റെ കണ്ണുകളിലെരിയുന്ന അഗ്നി അവൾക്ക് കാണാന്‍ കഴിഞ്ഞില്ല.

ഹീരയുടെ ആക്രമണത്തേക്കുറിച്ചും സീയുസ്സിന്റെ കാമനകളെക്കുറിച്ചും പറയുമ്പോൾ അവൾ തിരക്കും, “ആർട്ടിമിസ്സ് സീയുസ്സിനിഷ്ടം ഹീരയെ ആയിരുന്നോ..?”

ആർട്ടിമിസ്സ് പുഞ്ചിരിക്കും. അവളെ മെല്ലെ തലോടി പറയും, “അമ്മ ലെറ്റോയേയും അദ്ദേഹത്തിനിഷ്ടമായിരുന്നു.. ഹീരയെ അറിയിക്കാത്തൊരിഷ്ടം..”

“എന്റെ അമ്മയും അച്ഛനും പരസ്പരം സ്നേഹിച്ചിരുന്നോ..” ചിന്തകളുടെ തിരതള്ളലിൽ സംശയങ്ങൾ ബാക്കിയായ മനസ്സോടെ അവൾ നെടുവീർപ്പുതിർക്കും.

ഹീരയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് അഭയം തേടിയ ദ്വീപിലവൾക്ക് ജന്മമേകിയ അമ്മയെക്കുറിച്ചും , തുടർന്ന് അപ്പോളയ്ക്ക് ജന്മം നൽകാൻ ആ അമ്മയെ സഹായിച്ച ജനിച്ച് നിമിഷങ്ങളോളം മാത്രമുള്ള ആർട്ടിമിസ്സിനെക്കുറിച്ചും പറയുമ്പോൾ അവളാ പതിവു ചോദ്യം ആവർത്തിക്കും...

“ആർട്ടിമിസ്സ് ...നിനക്കെന്റെ അമ്മയാകാമോ...?”

വാത്സല്യം നിറഞ്ഞ പുഞ്ചിരി പൊഴിച്ച് അവളെ മടിയിൽ കിടത്തി ആർട്ടിമിസ്സ് അപ്പോള്‍ കഥകൾ പറയാൻ തുടങ്ങും.

സ്നേഹപരിചരണങ്ങൾക്ക് വിരാമമിട്ട് അപ്പോളയുടെ വരവറിയിച്ച പുലരികൾ വീണ്ടും വിടരും. വേർപിരിയലുകൾ സമാഗമങ്ങൾക്കായി വഴി മാറും... കണ്ടുമുട്ടലുകളുടെ സമ്മാനമായി കുഞ്ഞിക്കൈകളിലൊതുക്കിപ്പിടിച്ച സൈപ്രസ്സിലയുമായി അവള്‍ ഒളിമ്പസിറങ്ങും.

പിന്നെ കാത്തിരുപ്പാണ്... സായന്തനങ്ങൾക്കായി...സായന്തനങ്ങളിലെ അവളുടെ സഹയാത്രികയ്ക്കായി..

ആർട്ടിമിസ്സ് അവൾക്കെന്നും അത്ഭുതങ്ങളുടെ താഴ്വരയായിരുന്നു. അവളുടെ കഥകളും. പലപ്പോഴും പലതിന്റേയും പൊരുളറിയാതെ ആ കുഞ്ഞുമനസ്സ് പിടഞ്ഞു.

ഇടയ്ക്ക് അവളറിയാതെ അവളിൽ നിന്നാ ചോദ്യമുണ്ടായി.

“സഹോദരിയെ ആരെങ്കിലും കല്യാണം കഴിക്കുമോ.?”

“ഭാ... അസത്ത്...”

പറഞ്ഞു തീർന്നതും അവള്‍ക്ക് കിട്ടിയത് ഒരാട്ടായിരുന്നു.

ഞെട്ടലോടെ അവളമ്മയെ തിരിച്ചറിഞ്ഞു. അവരുടെ കണ്ണുകൾ കോപം കൊണ്ട് തുറിച്ചിരുന്നു.

അവൾക്കമ്മയെ ഭയമാണ്. അമ്മയെ മാത്രമല്ല പലതിനേയും അവൾക്ക് ഭയമാണ്.

ഇരുളിനെ, ഇരുളിലെ ശബ്ദങ്ങളെ, രാവിന്റെ അന്ത്യയാമങ്ങളിലുടയുന്ന കുപ്പികളുടെ ഒച്ചയെ, അതിന്നകമ്പടിയായി മുഴങ്ങുന്ന നാവുകുഴയുന്ന സംസാരങ്ങളെ.. ഒക്കെയും അവൾക്ക് ഭയമാണ്.

ഭീതിയുടെ നിഴലിൽ നിന്നും ആശ്വാസത്തിന്റെ താഴ്വരയിലേക്കവളെ കൊണ്ടുപോകാറുള്ളത് ആർട്ടിമിസ്സാണ്. അതുകൊണ്ട് തന്നെ അവളാ വരവിനു നിത്യവും ആകാംഷയോടെ കാത്തിരിക്കും.

അന്നും അവൾ തന്റെ സഹയാത്രികയെ കാ‍ത്തിരിക്കുകയായിരുന്നു.. നിദ്രയുടെ നേർമ്മയുള്ള കരങ്ങളവളുടെ കൺ‌പീലികളെ മെല്ലെ തലോടാൻ തുടങ്ങിയിരുന്നു.

ആർട്ടിമിസ്സിന്റെ സാമിപ്യത്തിനായുള്ള അമിതാഗ്രഹത്തിൽ മനം മുഴുകിയിരുന്നിട്ടാകണം പിന്നിലെ പതിഞ്ഞ കാലൊച്ച അവളെ തെല്ലൊന്നലോസരപ്പെടുത്തി. കതകു തുറന്നടയുന്ന ശബ്ദം അവളെ ഞെട്ടിക്കാതിരുന്നില്ല. പക്ഷേ കാഴ്ചയെ മറയ്ക്കുന്ന ഇരുട്ടിൽ ചലനങ്ങൾ വായുവിലുണ്ടാക്കുന്ന ശബ്ദം മാത്രമേ അവൾക്ക് തിരിച്ചറിയാനായുള്ളൂ.

“ആർട്ടിമിസ്സ് നീ വന്നോ...”

ഇരുളില്‍ നിന്നും അവള്‍ക്കുള്ള മറുപടിയെത്തിയില്ല.

പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു..

ആർട്ടിമിസ്സിന്റെ റോസാദലം പോലെ മിനുസമുള്ള കർസ്പർശം കാത്തിരുന്ന അവളിലേക്ക് അരിച്ചിറങ്ങിയത് പരുപരുത്ത കരതലങ്ങളായിരുന്നു. ഒന്നല്ല ഒരായിരം വിരലുകൾ അട്ടകളെപ്പോലെ അവളിലിഴഞ്ഞു. അസ്വസ്ഥയിൽ അവൾ പുളഞ്ഞു. പനിനീർമണത്തിനു പകരം ഒഴുകിയെത്തുന്ന മദ്യത്തിന്റേയും വിയർപ്പിന്റേയും മനം പുരട്ടുന്ന മണം അവളിൽ മടുപ്പുളവാക്കി.

ബോധത്തിന്റെ അവസാന കണികയും മറയുമ്പോഴും അവളുടെ മനസ്സ് ആർട്ടിമിസ്സിനെ തേടുന്നുണ്ടായിരുന്നു.

അടഞ്ഞ വാതിലിനു പുറത്തപ്പോൾ അവളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന സാന്നിദ്ധ്യം തിളങ്ങുന്ന നോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തുകയായിരുന്നു. അവരുടെ വളകിലുക്കത്തിന്റെ ഒച്ചയിൽ അടുക്കളയുടെ കോണിലെവിടെയോ അടക്കിപ്പിടിച്ചൊരു തേങ്ങൽ ശബ്ദമില്ലാതെ രാവിന്റെ ഇരുളിൽ വീണുടഞ്ഞു.

നിമിഷങ്ങൾ ഒച്ചിഴയുന്ന വേഗത്തിലെങ്കിലും നിറുത്താതെ സഞ്ചരിച്ചു കൊണ്ടിരുന്നു. പക്ഷേ, ആ മാറ്റത്തിനു വിധേയമാകാതെ, അപ്പോളോയുടെ ശാപം ഏറ്റുവാങ്ങിയ സിബിലയെപ്പോലെ ചലനം നിഷേധിച്ച് ഭിത്തിയിലെ ഘടികാരം പ്രതിഷേധിച്ചു.

അസ്ഥികൾ ഒടിഞ്ഞു നുറുങ്ങുന്ന വേദനയിൽ അവളൊന്നു ഞരങ്ങി. കണ്ണുനീരിലൊട്ടിപ്പോയ ഇടതൂർന്ന പീലികൾ വലിച്ചു തുറക്കാൻ അവൾക്കേറെ പണിപ്പെടേണ്ടി വന്നു. ചോരയുണങ്ങിപ്പിടിച്ച ചുണ്ടുകൾ ആയാസപ്പെട്ടു പുലമ്പിക്കൊണ്ടിരുന്നു..

“ആർട്ടിമിസ്സ്.. നീയെവിടെയാണ്... എന്താ എന്നെ കൂട്ടിക്കൊണ്ടുപോകാൻ വരാഞ്ഞത്..”

അകലെ സ്വപ്നങ്ങളുടെ ലോകത്ത് ഒളിമ്പസ് പർവ്വതനിരകളിൽ ഒലീവു മരങ്ങളുടെ താഴെ അവൾ പൊട്ടിക്കരയുകയായിരുന്നു... അവളുടെ ആർട്ടിമിസ്സ്..

“ഒടുവിൽ നീയും എനിക്കന്യയായോ സഖീ...?? ഇനി എനിക്ക് നിന്റെയടുക്കലേക്ക് വരാനാകില്ല. ഞാൻ കന്യകമാരുടെ ദേവതയായിപ്പോയി..”

വിതുമ്പലുകൾക്കിടയ്ക്ക് ആർട്ടിമിസ്സിൽ നിന്നും ഊർന്നു വീണ ശബ്ദശകലങ്ങൾ അവളുടെ ചെവിയിലെത്തിയിരിക്കുമോ...???

വേട്ടയാടിയ ദുഃസ്വപ്നങ്ങളിൽ നിന്നും ഒരു മോചനം കൊടുക്കാനെന്നവണ്ണം നിദ്ര അവളെ പുണർന്നു.

പുലരികളും സായന്തനങ്ങളും അവൾക്ക് മുന്നിലൂടെ സാന്നിദ്ധ്യമറിയിച്ച് കടന്നു പോയി. എന്നാൽ, അവൾ കാത്തിരുന്ന അർട്ടിമിസ്സ് മാത്രം വന്നില്ല.

രാവിന്റെ അന്ത്യയാമങ്ങളിൽ അവൾ കേണു, അവളുടെ പ്രിയപ്പെട്ട ആർട്ടിമിസ്സിനായി. പക്ഷെ ആർട്ടിമിസ്സ് പിന്നീടൊരിക്കലും പുനർജ്ജനിയുടെ കൂടു തുറന്ന് ചെമ്പകങ്ങൾ പൂക്കുന്ന ആ താഴ്വരയിലേക്ക് ഇറങ്ങി വന്നില്ല.

ഒടുവിൽ കാത്തിരുപ്പിന്റെ അതിർവരമ്പുകൾ ഭേദിച്ച ഒരു രാവിൽ നിദ്രയുടെ കയങ്ങളിൽ നിന്നും അവൾ അവിടേക്ക് പോയി... ഒളിമ്പസിന്റെ സ്വർഗ്ഗീയതയിലേക്ക്.

മുകളിലേക്ക് കയറാൻ തുടങ്ങിയ അവളെ ദിക്കുകളുടെ കാവൽ‌ക്കാർ തടഞ്ഞു..

മഞ്ഞുപാളികളിൽ തല തല്ലി അവൾ കരഞ്ഞു..

“ആർട്ടിമിസ്സ്... നിനക്കെന്നെ കാണുകയേ വേണ്ടന്നാണോ...? നിനക്കേറ്റവും പ്രിയപ്പെട്ടവളാണു ഞാനെന്നു നീ പറഞ്ഞിരുന്നില്ലെ...? എന്നിട്ടിപ്പോ എന്നെ കാണാതിരിക്കാൻ മാത്രം നീയെന്നെ വെറുത്തുവോ..?” പതം‌പറഞ്ഞവൾ കരഞ്ഞു.

വായുവിൽ അവളിഷ്ടപ്പെടുന്ന അമ്മമണം മെല്ലെപ്പരക്കുന്നുണ്ടായിരുന്നു. അടുത്തോ അകലത്തോ തന്റെ അർട്ടിമിസ്സുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

തെന്നലിന്റെ ചിറകേറി അവൾ കേട്ടു പരിചയിച്ച ശബ്ദം ഒഴുകി വന്നു, തേങ്ങലിന്റെ അകമ്പടിയോടെ...

“അരുത് സഖീ... മുന്നോട്ട് വരരുത്.. ഇനി എന്റെ സവിധത്തിലേക്ക് വരാൻ നിനക്കാകില്ല.. മടങ്ങിപ്പൊയ്ക്കോളുക.. തണൽമരങ്ങളാകേണ്ട തളിരുകളെ ചവിട്ടിയരയ്ക്കുന്ന ആ ഭൂമിയിലേക്ക് തന്നെ ..”

മുഴുവൻ കേൾക്കാനാകാതെ അവൾ ചെവികൾ പൊത്തിപ്പിടിച്ചു.

“നീ എനിക്കെന്നും പ്രിയപ്പെട്ടവളായിരുന്നു.. അതുകൊണ്ട് ഒരപേക്ഷ മാത്രം.. നിന്നിലൊരു പാപം കുരുത്താൽ അതിന്റെ വിളവെടുപ്പു വേളയിൽ നീയെന്നെ സ്മരിക്കാതിരിക്കുക.. ചരിത്രം ആവർത്തിക്കപ്പെടാതിരിക്കട്ടെ..”

പൊത്തിപ്പിടിച്ച വിരലുകൾക്കിടയിലൂടെ ആ ശബ്ദവീചികൾ അവളുടെ ചെവിക്കുള്ളിലേക്ക് നുഴഞ്ഞു കയറി. പിന്നെയത് നേർത്ത് നേർത്ത് ഇല്ലാതെയായി...

അന്നാദ്യമായി ഒളിമ്പസ് താഴ്വാരത്തെ മഞ്ഞുപാളികളുടെ തണുപ്പ് അവൾക്ക് അസഹ്യമായിത്തോന്നി. കാത്തിരുപ്പിന്റെ നിഷ്‍ഫലത തിരിച്ചറിഞ്ഞ് അവൾ വേച്ചു വേച്ച് ആ മലനിരകളിറങ്ങി.

ഇടയ്ക്കെപ്പോഴോ ഏതോ ചേതനയുടെ പ്രേരണയാൽ അവൾ തിരിഞ്ഞു നിന്നു. ഉൾക്കണ്ണുകളിൽ തെളിയുന്ന ആർട്ടിമിസ്സിന്റെ സ്നേഹത്തിന്റെ തിളക്കം അവൾക്കിപ്പോൾ അറിയാനാകുന്നില്ല. പകരം മഞ്ഞാണ്... ഏതുൾക്കാഴ്ചയേയും മറച്ച് മേധയിലേക്ക് പടർന്നിറങ്ങുന്ന മഞ്ഞു മേഘങ്ങൾ..

സ്വപ്നങ്ങളിൽ നിന്നൂർന്നു വീണ കിടക്കയിൽ മുഖമമർത്തി അവൾ പൊട്ടിക്കരഞ്ഞു.

വികാരവിചാരങ്ങൾക്ക് കാത്തു നിൽക്കാതെ പുലരിയുടെ വരവറിയിക്കാൻ ചക്രവാളത്തിൽ അപ്പോളോ തയ്യാറെടുത്തു തുടങ്ങി..

കണ്ണുനീരുറഞ്ഞ കിടക്ക വിട്ടവൾ എഴുന്നേറ്റു. മുന്നിലെ വിറങ്ങലിച്ച ഇരുട്ടിലേക്ക് കൈകള്‍ നീട്ടിപ്പിടിച്ച് മെല്ലെ നടന്നു.. വിറയ്ക്കുന്ന കുഞ്ഞിക്കാലടികൾ മേശയ്ക്കരുകിലേക്ക് അവളെ നയിച്ചു.

മേശപ്പുറത്തിരുന്ന ഒരു കൊച്ചുപെട്ടി അവള്‍ തപ്പിയെടുത്തു. പിന്നെ, കിടക്കയിലേക്ക് തന്നെ തിരിച്ചു നടന്നു.

ഒരു കൈ കൊണ്ട് തലോടി കിടക്കയുടെ സ്ഥാനമറിഞ്ഞ് അവളതിലിരുന്നു. മടിയില്‍ വച്ചിരുന്ന പെട്ടി തുറന്നു... ഉണങ്ങിപ്പോയ കുറേ സൈപ്രസ് ഇലകളായിരുന്നു അതില്‍ നിറയെ... അവയിലൂടെ അവള്‍ മെല്ലെ കയ്യോടിച്ചു..

ആ ചുണ്ടുകള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.

“സായന്തനങ്ങളുടെ തോഴീ... വിട... പുനർജ്ജനികളുടെ ബന്ധനങ്ങൾ ഭേദിച്ചിവൾ പറക്കാനൊരുങ്ങുന്നു.. ഇനി നിന്റെ കൂട്ടിവൾക്ക് ആവശ്യമില്ല... വിട...”

ആ ഇലകളവള്‍ മെത്തയില്‍ വിതറിയിട്ടു.. അതിനുമുകളില്‍ കിടന്നു... മെല്ലെ ആ കണ്ണുകളടഞ്ഞു.

ചോരയുടെ മണം പിടിച്ച് ഇളം‍മാസം കടിച്ചുപറിക്കാനുള്ള ആര്‍ത്തിയില്‍ കൂനനുറുമ്പുകളുടെ ഒരു പട തന്നെ ആ കട്ടിലിന്‍റെ കാലിലൂടെ വരിവച്ച് കയറാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നപ്പോള്‍ ..

അകലെ പുലരിയുടെ പതിന്നാലാം യാ‍മത്തിലെ കാറ്റ് വീശുന്നുണ്ടായിരുന്നു. പുതിയ കാമനകൾ തേടി സീയൂസും ഇറങ്ങിയിരിക്കണം..

                                       *********************
ആർട്ടിമിസ്സ്.....>>ഗ്രീക്ക് മിഥോളജിയിൽ പരാമർശിക്കപ്പെടുന്ന കന്യകമാരുടെ ദേവത..സീയുസ്സിന്റേയും ലെറ്റോയുടെയും പുത്രി...സൂര്യദേവനായ അപ്പോളോയുടെ ഇരട്ട സഹോദരി..

65 comments:

  1. അമ്മയായും മകളായും സഹോദരിയായും ദേവതയായുമൊക്കെ സ്ത്രീയെ പൂജിച്ചിരുന്ന ഭാരതസംസ്കാരത്തിന്റെ വികൃതവും ഭീകരവുമായ പുതിയ മുഖത്തെ ചെറുതായി വരച്ചുകാട്ടാനുള്ള എളിയ ശ്രമമാണ്...
    സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ സംഹരിക്കുന്ന അവസ്ഥ....
    വിടരും മുമ്പേ പൂമൊട്ടുകളെ കശക്കിയെറിയുന്ന നരാധമന്മാർക്കും, രക്തബന്ധങ്ങൾക്കു വില കൽ‌പ്പിക്കാത്ത രാക്ഷസമനസ്സുകൾക്കും മുന്നിൽ പകച്ചു നിൽക്കുന്ന ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്ത മനസ്സുകളുടെ സമൂഹത്തിനു മുന്നിൽ ഒരു ചോദ്യത്തോടെ ഞാനീ കഥ സമർപ്പിക്കുന്നു...ഈ കാപാലികപ്രവർത്തികൾക്ക് ശിക്ഷയില്ലേ..?

    ReplyDelete
  2. ഓരോ പെണ്ണും ജനിച്ചു വീഴുന്നത് ഒരു തലമുറയുടെ സ്വപ്ന സന്തതിയായിട്ടാണ്. പെണ്ണ് ഉപഭോഗമോ, ഉപയോഗമോ മാത്രമല്ല, അമ്മയും പെങ്ങളും ഭാര്യയും മകളുമാകും.
    ഓരോ പെണ്ണിനും ഓരോ കര്‍മ്മമുണ്ട്. ആ കര്‍മ്മത്തിനു വഴിതടസ്സമുണ്ടാകുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു നാടിന്‍റെ തന്നെ പൈതൃകമാണ്. നാടിന്റെ മജ്ജയും ജീവനുമാണു നഷ്ടമാകുന്നത്. ചിലപ്പോഴെൻകിലും പ്രതികരിയ്ക്കേണ്ട നിയമവും നിശബ്ദമായിപ്പോകുന്നു...
    “വിധി” എന്ന രണ്ടക്ഷരത്തില്‍ ഒതുക്കരുത് ഒരു പെണ്ണിന്‍റെ മാനവും, ജീവനും.
    പിച്ചിച്ചീന്താന്‍ വിട്ടു കൊടുക്കരുത് ഇനി ഒരു ജീവിതത്തെയും.
    ഒരു പെണ്ണിന്‍റെയെങ്കിലും മാനം രക്ഷിയ്ക്കുവാന്‍ കഴിഞ്ഞാല്‍ , ഒരു പെണ്ണിന്‍റെയെങ്കിലും കണ്ണുനീര്‍ ഈ മണ്ണില്‍ വീഴാതിരിയ്ക്കാന്‍ കഴിഞ്ഞാല്‍ ആ പുണ്യം നമ്മുടെ ജീവിതത്തിൽ എന്നും കൂടെയുണ്ടാവും......... പെണ്ണിന്റെ മാനത്തിനു വിലയില്ലാതാകുന്നെൻകിൽ ഞാനടക്കമുള്ള ഓരോ ആണും അതിനുത്തരവാദി തന്നെയാണ്..

    എഴുത്തുകാരിയ്ക്ക് അവസരോചിതമായിപ്പറഞ്ഞ, സത്യത്തിന്റെ മൂർച്ചയുള്ള വാക്കുകൾക്ക് ഒരായിരം സ്നേഹാശംസകൾ....

    വിവേകബുദ്ധി വികാരത്തിനു വഴിമാറുമ്പോൾ നശിയ്ക്കുന്ന, ചിതറിത്തെറിക്കുന്ന ബാല്യങ്ങൾക്കും, ജീവിതങ്ങൾക്കും മുന്നിൽ മാപ്പു ചോദിച്ചുകൊണ്ട്....

    ReplyDelete
    Replies
    1. ആദ്യ അഭിപ്രായത്തിനു നന്ദി ഏട്ടാ...സന്തോഷം...

      നിയമം കണ്ണുകെട്ടിയ ആ പ്രതിമ പോലെത്തന്നെ...തെളിവുകളാണു വേണ്ടത് നിയമത്തിനു സത്യങ്ങളല്ല....

      നിരപരാധികൾ ക്രൂശിക്കപ്പെടുന്നു...പക്ഷെ, മനുഷ്യ മൻസാക്ഷിയെ ഞെട്ടിച്ച് സമൂഹമധ്യത്തിൽ താണ്ഢവമാടുന്ന ഈ നരാധമന്മാരിലൊന്നിനെയെങ്കിലും നിയമത്തിനു ശിക്ഷിച്ചുകൂടെ...???

      ആണിനു മാത്രം ഇതിന്റെ ഉത്തർവദിത്വം ഏറ്റെടുക്കേണ്ടി വരുന്നതിനോട് എനിക്ക് യോജിക്കാനാകില്ല്...വാർത്തകളിൽ നിറയുന്ന പീഢനകഥകളിൽ നോക്കൂ അദൃശ്യമായെങ്കിലും ഒരു പെണ്ണിന്റെ നിഴലുണ്ടാകും...

      മാപ്പില്ല ഈ പ്രവർത്തികൾക്ക്..

      Delete
  3. ഏതുൾക്കാഴ്ചയേയും മറച്ച് മേധയിലേക്ക് പടർന്നിറങ്ങുന്ന മഞ്ഞു മേഘങ്ങൾ..

    വെറും വാര്‍ത്തകള്‍ മാത്രമായി അവസാനിക്കുന്ന സംഭവങ്ങള്‍ ...പിന്നീട് അതേക്കാള്‍ ഭീകരമായി....കുറ്റക്കാര്‍ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോള്‍ ശിക്ഷകള്‍ പ്രഹസനം മാത്രം!
    നന്നായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. സംസ്കാരസമ്പന്നമെന്ന് അഭിമാനിക്കുന്ന ജനതയ്ക്ക് ഒരു പുനര്‍വിചിന്തനം അനിവാര്യം...

      കണ്ണു തുറക്കട്ടെ നീതിപീഠങ്ങള്‍ ...

      നന്ദി ...സന്തോഷം...

      Delete
  4. പ്രിയപ്പെട്ട സീത,

    മനോഹരമായ കഥകളിലൂടെ ,വായനക്കാരെ സമകാലീന സംഭവങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തിയതിനു അഭിനന്ദനങ്ങള്‍ !

    എഴുത്തിന്റെ ഒഴുക്ക് ശക്തമാണ്.

    ഇന്നത്തെ വാര്‍ത്തകള്‍ ഭയാനകം !

    ചാരുതയേറിയ വാക്കുകള്‍ക്കും അപ്പുറം, ഹൃദയത്തെ നോവിക്കുന്ന,സ്പര്‍ശിക്കുന്ന കഥാതന്തു !

    എഴുത്തിന്റെ ഉയരങ്ങള്‍ അരികെ തന്നെ ! :)

    ഹൃദ്യമായ ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ പ്രിയമേറിയ ഈ വാക്കുകള്‍ക്ക് നന്ദി..സന്തോഷം...സമൂഹത്തില്‍ നടമാടുന്നു ക്രൂരതയുടെ ഈ താണ്ഢവം കണ്ടില്ലെന്നു നടിക്കുവതെങ്ങനെ...പ്രതികരണങ്ങളെല്ലാം വനരോദനമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോഴും ഇങ്ങനെയെങ്കിലും പ്രതികരിക്കാതിരിക്കാനാകുന്നില്ല..

      അനുമോദനങ്ങള്‍ക്കും ആശംസകള്‍ക്കും വീണ്ടും അകമഴിഞ്ഞ നന്ദി...

      Delete
  5. മനുഷ്യനെത്തിച്ചേരാത്ത ദേവനഗരങ്ങളിലെ കഥകൾ...”

    പിശാചുക്കള്‍ നടമാടുന്ന നരകങ്ങളിലെ കഥകളാകുന്ന കാലം

    ReplyDelete
    Replies
    1. ദൈവത്തിന്‍റെ സ്വന്തം നാട് ആ വിശേഷണമോര്‍ത്ത് ലജ്ജിക്കേണ്ടിയിരിക്കുന്നു...

      സന്തോഷം അജിത്തേട്ടാ...

      Delete
  6. വായിച്ചു കഴിഞ്ഞപ്പോള്‍ ഈറനണിഞ്ഞുവോ ഉള്‍ക്കണ്ണുകള്‍?വര്‍ത്തമാന സംഭവങ്ങള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കട്ടെ...?സീതയെ വീണ്ടും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം!

    ReplyDelete
    Replies
    1. നന്ദി മാഷേ...സന്തോഷം ഈ വാക്കുകള്‍ക്ക്...

      മരിക്കാത്ത മനസ്സുള്ള സമൂഹത്തിനു മുന്നിലാണീ കഥ ഞാന്‍ സമര്‍പ്പിച്ചത്...വേദനയോടെ

      Delete
  7. നന്നായി എഴുതി. എഴുത്തിനെ ഓര്‍ത്തു സന്തോഷിപ്പിക്കുന്നു. തന്തു കഴുത്തില്‍ കുരുക്കിടുമ്പോഴും..

    ReplyDelete
    Replies
    1. നന്ദി ചേച്ചീ...സന്തോഷം...

      Delete
  8. ഇന്നിന്‍റെ അനിവാര്യതയായ ശബ്ദം...ഇതിഹാസത്തിന്‍റെ ഏടുകളില്‍ നിന്നുകൊണ്ട് ഉയരുന്ന ശബ്ദം കാലത്തെ അതിജീവിക്കും ...അധര്‍മ്മ പത്തികള്‍ താഴട്ടെ .

    ReplyDelete
    Replies
    1. ഒരു ചെറുവിരലെങ്കിലും അനക്കാനായാല്‍ സന്തോഷം...നന്ദി ഈ വരവിനും അഭിപ്രായത്തിനും..

      Delete
  9. ജീവിതത്തിന്റെയും സ്വപ്നത്തിന്റെയും മാറ്റം വെക്കലുകളില്‍ സ്വപ്നം തന്നെ നഷ്ട്ടമാകുന്ന ജീവിതം. ചോരയുടെ മണം തേടിയുള്ള എറുമ്പുകളുടെ വരവ് ആ ഭീകരത അനുഭവമാക്കി.

    Off: ഇതിഹാസങ്ങളെ അവലംബിക്കുന്ന രചനാ ശൈലിയെ ഞാന്‍ പിന്തുണക്കുന്നില്ല. അതൊരു പഴയ ഏര്‍പ്പാട് ആണ്.

    ReplyDelete
    Replies
    1. നന്ദി...സന്തോഷം ഈ വാക്കുകള്‍ക്ക്..

      ഉപമിക്കാന്‍ ആര്‍ട്ടിമിസ്സ് വേണമെന്നു തോന്നി...ആര്‍ട്ടിമിസ്സ് ഒരു മിത്താണ്. :)

      സമൂഹത്തില്‍ നിന്നു തന്നെ ഉപമകള്‍ കണ്ടെത്തണമെന്നുണ്ട്...ശ്രമിക്കുന്നുമുണ്ട്..:)

      Delete
  10. “അർട്ടെമിസ് ...നിനക്കെന്റെ അമ്മയാകാമോ...?”

    ReplyDelete
    Replies
    1. അമ്മമ്മഴക്കാറിനു കണ്‍‍നിറഞ്ഞു....

      :)

      Delete
  11. ഇന്നിന്റെ കഥ സീതേ ... ശൈലി വര്ഷിനിയെ ഓര്‍മ്മിപ്പിച്ചു . ഇഷ്ടമായി എനിക്ക് .

    ReplyDelete
    Replies
    1. നന്ദി...സന്തോഷം.. :)

      Delete
  12. വീണ്ടും ഈ നല്ല ശൈലിയും, എഴുത്തും കാണാനായതിൽ ഒരുപാട് സന്തോഷം.....

    ReplyDelete
    Replies
    1. നന്ദി മാഷേ ഈ പ്രോത്സാഹനത്തിന്...

      Delete
  13. മനോഹരമായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. നന്ദി..സന്തോഷം മാഷേ..

      Delete
  14. മനോഹരമായ എഴുത്ത്.
    കാലവും കാലാന്തരങ്ങളും ഭംഗിയായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി ഈ വാക്കുകള്‍ക്ക്...സന്തോഷം ഈ വരവിനു.. :)

      Delete
  15. സീത നന്നായി ഈ കഥ.സമയത്തിനും കാലത്തിനും ചേര്‍ന്ന കഥ.
    കന്യകകളുടെ കാവല്ക്കാരുടെ കരച്ചില്‍ നമുക്ക് ചുറ്റും ...

    ReplyDelete
    Replies
    1. നന്ദി ചേച്ചീ ഈ വരവിനും അഭിപ്രായത്തിനും..

      ആര്‍ട്ടിമിസ്സിന്‍റെ ധനുര്‍ബാണങ്ങള്‍ നിശ്ചലമായിപ്പോകുന്നുവോ...??

      Delete
  16. ഗ്രീസിലെ ആർട്ടിമിസ് ഗുൽമോഹർ കാണുന്നെന്നോ :)

    ഒരു തമാശ പറഞ്ഞതാണേ....ആർട്ടിമിസുമാർ ഇവിടെയുമുണ്ടാകട്ടേ...നമ്മുടെ പെൺകുട്ടികൾ രക്ഷപ്പെടട്ടേ..

    ReplyDelete
    Replies
    1. ഒളിമ്പസ് ഗിരിനിരകളല്ലേ നാട്ടാരാ... ദൈവങ്ങളുടേയും സ്നേഹത്തിന്‍റേയും പറുദീസ... :)

      നന്ദീട്ടാ...സന്തോഷം ഈ വരവിനും അഭിപ്രായത്തിനും..

      Delete
  17. എന്റമ്മേ...എനിക്കൊന്നും മനസ്സിലായില്ല!!!!

    ReplyDelete
    Replies
    1. അതു നന്നായി :പ്പ്

      Delete
  18. സുസ്വാഗതം സീതേ...
    ഒത്തിരിയേറെ സന്തോഷം ഈ വരവില്‍..
    ഈ കഥകളും കവിതകളും എല്ലാം എനിക്കേറെ ഇഷ്ടമാണ്..
    പ്രചോദനം ആയിട്ടുണ്ട്‌. പൂച്ചകഥകള്‍.. കാത്തിരിക്കുന്നു..
    എനിക്കൊരു mail അയക്കാമോ? ഒരു ആവശ്യം ഉണ്ട്..

    ReplyDelete
    Replies
    1. നന്ദി...സന്തോഷം ഈ വാക്കുകള്‍ക്ക്...ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട് ട്ടോ..:)

      Delete
  19. ദൈവത്തിന്റെ സ്വന്തം നാട് ! ദൈവത്തിന്റെ തന്നെ മക്കള്‍ ! പ്രവൃത്തികളും ദൈവത്തിന്റെ തന്നെയാവും !

    നീതി ദേവതയുടെ കണ്ണുകെട്ടിയിട്ടവരല്ലേ നമ്മള്‍ ? മുഖം നോക്കാതെ നിയമം പാലിക്കാന്‍ വേണ്ടിയാവും അതു. എന്നാല്, കാണാനറയ്ക്കുന്ന സത്യത്തിന്റെ കാഴ്ചകള്‍ കാണാതിരിക്കാന്‍ വെണ്ടിയായി ആ കണ്‍കെട്ട് .

    ഇതിഹാസങ്ങളൊന്നും വായിച്ചിട്ടില്ലാത്തതുകൊണ്ട് ആദ്യ വായനയില്‍ പ്രയാസമായിരുന്നു ഉപമകള്‍ വ്യക്തമാകാന്‍ . സമകാലീന സംഭവങ്ങളുമായി ചേര്‍ത്തു വായിക്കുമ്പോള്‍ വ്യക്തമാകുന്നു എല്ലാം .
    വനരോദനങ്ങളായി മാറുമെന്നാകിലും പ്രതികരിക്കാതിരിക്കരുത് . ഓരോരുത്തരും അതിനു തുനിഞ്ഞാല്‍ ഒരു മാറ്റം വരാതിരിക്കില്ല !

    ReplyDelete
    Replies
    1. മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു പീഢനകഥകള്‍ ...പ്രതികരിക്കേണ്ട നീതിപീഠങ്ങള്‍ക്ക് അനക്കമില്യാ...നമ്മുടെ പ്രതികരണങ്ങള്‍ വനരോദനങ്ങളാകാതിരിക്കട്ടെ...

      സന്തോഷം ഈ വരവിനും അഭിപ്രായത്തിനും..

      Delete
  20. അടക്കാനാകാത്ത ആകാംഷകളാൽ ഇരുളു നിറയ്ക്കുന്നവരുടെ കണ്ണൂ തുറപ്പിക്കുന്ന നിയമങ്ങൾ വരട്ടെ...

    ReplyDelete
    Replies
    1. പ്രതീക്ഷകള്‍ ഇനിയും ബാക്കി... നന്ദി :)

      Delete
  21. ezhuthinte maanthrikatha...asooya thonnunna aksharangal .....innathe kadha ..inninu aavshyamulla kadha ...enikkorupaadu ishtamaayi ..madhavikkuttiyammakkum nandithakkum sheshamoru seetha..kaalathinte bhagamaakaan manassil thottu aashamsakalum prarthanayum

    ReplyDelete
    Replies
    1. ദീപാ ഈ സ്നേഹത്തിനു പകരം വയ്ക്കാന്‍ സീതയുടെ കയ്യിലൊന്നുമില്യാ... :)

      ഞാനിന്നും ആദരവോടെ ഒരു നിഴൽപ്പാടകലെ മാറിനിന്നു നോക്കിക്കാണുന്ന മഹത്‍വ്യക്തിത്വങ്ങള്‍ക്ക് ശേഷം ഈ സീതയ്ക്കും ഒരിടം ....അതിവള്‍ക്ക് എത്തിച്ചേരാവുന്നതിലും അപ്പുറത്താണ്...

      സന്തോഷം...:)

      Delete
  22. ഇപ്പോഴാണ് വായിച്ചത്. ഒരുപാട് സന്തോഷം എഴുത്തുമായി തിരിച്ചെത്തിയതില്‍..

    ReplyDelete
  23. സീതക്കുട്ടിയുടെ ഈ കഥ ഞാൻ വായിച്ചിരുന്നൂ.കമന്റിടാൻ തിരക്ക് ശല്ല്യക്കാരനായി.സീതയുടെ മിക്ക കഥകളും ഭാർതീയ പുരാണേതിഹാസങ്ങളെ കൂട്ട് പിടിച്ചാണ് എഴുതാറുള്ളത് അത് സീതയുടെ ശൈലിയാണ്.ഇടക്കെപ്പോഴോ ഗീക്ക് മിത്തോളജിയിലും കടന്നിരുന്നൂ എന്നാണെന്റെ ഓർമ്മ.ഇതാ വീണ്ടും ആർട്ടിമിസ്സ്.....(ഗ്രീക്ക് മിഥോളജിയിൽ പരാമർശിക്കപ്പെടുന്ന കന്യകമാരുടെ ദേവത) എന്ന കഥാ പാത്രത്തെ കൂട്ട് പിടിച്ച്, ഭാരതത്തിൽ ഇന്ന് നടമാടുന്ന പൈശാചികമായ സ്ത്രീ പീഡനത്തെ ഒരു കഥയാക്കിയിരിക്കുന്നൂ. ഡാൽഹിയിൽ, ബസ്സിനുള്ളിൽ കിടന്ന് നിലവിളിച്ച യുവതിയുടെ രോദനം ഞാനിവിടെ കേൾക്കുന്നു. മരണം അവളെ കീഴ്പ്പെടുത്തിയില്ലെങ്കിൽ ഉയർത്തെഴുന്നേൽക്കുന്ന ‘അവൾ’ നാളെയൊരു ദുർഗ്ഗയായി മാറും.നീതി ദേവത അവൾക്ക് മുന്നിൽ തന്റെ കണ്ണിന്റെ കെട്ടഴിക്കട്ടെ... രതി ഇന്ന് മനുഷ്യരെ വല്ലതെ വലയ്ക്കുന്ന ഒരു വികാരമായിരിക്കുന്നൂ..കൂടെ സാഡിസവും... ഈ നല്ല കഥക്കെന്റെ നമസ്കാരം..

    ReplyDelete
  24. ഇന്നിന്റെ ദുരവസ്ഥ വരച്ചു കാട്ടുന്ന ശക്തമായ ഭാഷ.... സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ സംഹരിക്കുന്ന അവസ്ഥയെ നന്നായി അവതരിപ്പിച്ചു.... മനോഹരമായ പദപ്രയോഗങ്ങള്‍ ...അഭിനന്ദനങ്ങള്‍ സീതാ.

    ReplyDelete
    Replies
    1. നന്ദി...സന്തോഷം ഈ വരവിനും വാക്കുകൾക്കും..

      Delete
  25. ഒന്ന് മനസ്സിരുത്തി വായിക്കാനായി മാറ്റി വച്ചിരിക്കുകയായിരുന്നു,ഞാന്‍.ഗ്രീക്ക് മിത്തോളജിയും സമകാലിക ജീവിതവും ഇഴ ചേര്‍ത്ത രചനാരീതിയ്ക്ക് പുതുമയുണ്ട്.അഭിനന്ദനങ്ങള്‍,സീത.

    ReplyDelete
    Replies
    1. നന്ദി സന്തോഷം ടീച്ചർ ഈ വരവിനും അഭിപ്രായത്തിനും.. :)

      Delete
  26. നേരത്തെ വായിച്ചു. ഇലക്ട്രിക് ഭഗവാന്‍ എപ്പോഴും കോപിക്കുന്ന ഒരു നാടായതു കൊണ്ട് മറുപടി വൈകിപ്പോയി. അല്ലെങ്കില്‍ വലിയ മറുപടിയുടെ ആവശ്യമെന്ത്?

    കഥ ഇഷ്ടമായി....... ഇനിയും മുടക്കമില്ലാതെ ഈ എഴുത്ത് കാണാനാവട്ടെ.

    ReplyDelete
    Replies
    1. വന്നുലോ.. അതുമതീട്ടോ.. സന്തോഷം ഈ അഭിപ്രായത്തിനും.. :)

      Delete
  27. മികച്ച കഥ.. . സമകാലീനപ്രസക്തവും. കൂടുതൽ പറയാൻ ഞാനശക്തനാണു..

    ReplyDelete
  28. ഗ്രീക്ക് പുരാണത്തെ കൂട്ടുപിടിച്ച് സ്ത്രീയുടെ ഇന്നത്തെ അരക്ഷിതാവസ്ഥ നന്നായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍ സായന്തനങ്ങളുടെ തോഴീ... വിട... പുനർജ്ജനികളുടെ ബന്ധനങ്ങൾ .ഓ വി വിജയനെ എന്തിനാണ് അനുകരിക്കുന്നത് ?

    ReplyDelete
    Replies
    1. നന്ദി സന്തോഷം...ചിലപ്പോ ചില വാക്കുകൾ വായിച്ച സാഹിത്യകാരുടെ സ്വാധീനവലയത്തിലായിപ്പോകുന്നു... ഒഴിവാക്കാം ..:)

      Delete
  29. ഇടയില്‍ എങ്ങോ മുടങ്ങിപ്പോയ ഈ നല്ല എഴുത്ത് വീണ്ടും കണ്ടതില്‍ സന്തോഷം.

    തണല്‍മരങ്ങള്‍ ആകേണ്ട തളിരിലകളെ ചവിട്ടിയരക്കുന്ന ആ ഭൂമിയിലേക്ക്‌ ...
    ഏതു ഭൂമിയിലും ഇന്ന് സ്ഥിതി സമാനമാണ്. പ്രതിരോധത്തിന് നമുക്കിനിയും നിരവധി കരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

    പുസ്തകം വര്‍ഷിണി പരിചയപ്പെടുത്തിയിരുന്നു.

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സന്തോഷം ഈ വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും...

      Delete
  30. മികച്ച ഒരു കഥ ഞാന്‍ കാണാതെ പോയല്ലോ എന്ന ഒരു നഷ്ടബോധം ഉണ്ടാവുമായിരുന്നു ഇത് വായിക്കാതെ പോയിരുന്നു എങ്കില്‍ .

    ReplyDelete
    Replies
    1. സന്തോഷം ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും...

      Delete
  31. ഭാഷ കവിത പോലെ... കല്‍പ്പനകളുടെ ഒളിമ്പസ് തുറന്നിടാന്‍ ഭാഷയ്ക്കാവുന്നുണ്ട്.

    കല്‍പ്പനയുടെ ലോകമെങ്കിലും കാലികമായ കഥ. എത്രകോടി കന്യകളെച്ചൊല്ലി ആര്‍ട്ടിമിസ് ദു:ഖിക്കുന്നുണ്ടാവും...

    വൈകാരികതയും ഭാഷയെ ബ്യൂട്ടിഫൈ ചെയ്യുവാനുള്ള ശ്രമവും അല്‍പ്പം കൂടിയോ എന്നൊരു സംശയം..

    മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ പുനര്‍ജനിയുടെ കൂടുകളെ ഓര്‍മ്മിപ്പിച്ചു കഥ. രവിയുടെ കൂടുകള്‍.. സന്തോഷം. നന്ദി. ആശംസകള്‍. :)

    ReplyDelete
    Replies
    1. വിശദമായ ഈ വായനയ്ക്ക് നന്ദി...ഈ വാക്കുകളില്‍ സന്തോഷം..ഒരൽപ്പം ശ്രമം കൂടിപ്പോയി ഇല്യേ... :)

      Delete
  32. കാല്‍പ്പനിക ശൈലിയില്‍ കഥയെഴുതുമ്പോള്‍ വായന കുറച്ചു അയാസകരമാകും. പക്ഷെ എഴുത്തിന്റെ ഭംഗി വായനയെ ആകര്‍ഷിക്കും. ആശയം ഏറെ ഇഷ്ടമായി

    ReplyDelete
    Replies
    1. നന്ദി...സന്തോഷം കഥയെ ഉള്‍ക്കൊണ്ടതിനും ഈ വാക്കുകള്‍ക്കും :)

      Delete
  33. ഇന്നത്തെ പെണ്ണിന്റെ അരക്ഷിതാവസ്ഥ
    മാറ്റാനായെങ്കിലും പണ്ടത്തെ ആ ഗ്രീക്ക് ദേവത
    ഒന്നുകൂടി പുനർജനിച്ചിരുന്നുവെങ്കിൽ ...അല്ലേ എന്റെ സീതെ

    നന്നായി അവതരിപ്പിച്ചു കേട്ടൊ

    ReplyDelete
    Replies
    1. നന്ദി ...സന്തോഷം ...തിരക്കിലായിരുന്നു ഇല്യേ...കാണാനില്ലാരുന്നു...:)

      Delete