Wednesday, October 26, 2011

അശ്വത്ഥാമാഃ നഃ ഹതഃ......


സൂര്യൻ കത്തിയെരിയുന്നു, ആരോടോ പക തീർക്കാനെന്ന പോലെ..

പൊള്ളുന്ന സൂര്യരശ്മികളെ താങ്ങാനാവാതെ മുഖം താഴേക്കാക്കി അയാൾ നടക്കുകയാണ്. അലസമായ ചലനങ്ങൾ.. മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു.. ദൈന്യത പേറുന്ന ശരീരത്തിലെ, ആ കണ്ണുകളിൽ പക്ഷേ തിളക്കമുണ്ട്.. കാലുകൾക്ക് തളർച്ച അനുഭവപ്പെടുന്നതു കൊണ്ടാവും വേച്ചു വേച്ചാണു നടപ്പ് .. വിയർപ്പുറവ പൊട്ടി, ധാരകളായൊഴുകി വൃണങ്ങളിൽ പടർന്നു കയറിയിരിക്കുന്നു..

നാവു വരളുന്നു.. എവിടെയെങ്കിലും ഒന്നിരിക്കാൻ കഴിഞ്ഞെങ്കിൽ..! വേണ്ടായിരുന്നു.. ശാപമായ ഈ വരം വേണ്ടായിരുന്നു.. ചിരഞ്ജീവീ പദം കിട്ടിയപ്പോൾ‌ അതിനിങ്ങനെയൊരു മറുപുറം ഉണ്ടാവുമെന്നു കരുതിയില്ലാ.. കലിയുഗത്തിന്റെ തുടക്കത്തിലും  തിരക്കുകളറിഞ്ഞില്ലാ.. പക്ഷേ ഇപ്പോൾ‌ നിലയ്ക്കാത്ത ഓട്ടമാണ്.. മനുഷ്യമനസ്സിലെ ചതിയുടേയും വിദ്വേഷത്തിന്റേയും രൂപമായി യുഗാന്തരങ്ങളോളം..

ഹൊ എന്തൊരു വിധി !

ചോദിച്ച് വാങ്ങിയതെങ്കിൽ പോലും ഇപ്പോഴിത് അസഹനീയമാകുന്നു.. ശരീരത്തിലെ വൃണങ്ങൾ പൊട്ടിയൊലിച്ചുണ്ടാകുന്ന  രൂക്ഷ ഗന്ധം തനിക്ക് തന്നെ മനം പുരട്ടലുണ്ടാക്കുന്നു... ഇനിയെത്ര നാളിങ്ങനെ വിശ്രമമില്ലാതെ.. അറിയാതെ മരണത്തെ ആഗ്രഹിച്ചു പോകുന്നു..

കൂടെ നടന്നവരെവിടെ?

ബലി പാതാളം വിട്ട് വരാൻ മടിക്കുന്നു, ഭൂമിയേക്കാൾ മഹത്തരമാണെന്ന ന്യായം പറഞ്ഞ്.. വർഷത്തിലൊരിക്കലുള്ള വരവ് നിർത്താൻ മാർഗ്ഗം തിരയുകയാണോ എന്നു തോന്നിപ്പോകുന്നു.. വ്യാസൻ പുസ്തകക്കെട്ടിലൊതുങ്ങി.. വിഭീഷണനെ ഇടയ്ക്ക് കാണാറുണ്ട്... ഹനുമാൻ ഭക്തി മൂത്ത് എപ്പോഴും തപസ്സിലാണ്.. കൃപരെ തുടക്കത്തിൽ കണ്ടിരുന്നു. പരശുരാമൻ അമ്മയെ കൊന്ന പാപം കളയാൻ ആകാശ മാർഗ്ഗേ ആണു..

ഞാൻ.... ഞാൻ മാത്രം എവിടേയും.. ഗതി കിട്ടാതെ..

വിദ്വേഷത്തിന്റെ നാമ്പുകൾ എന്നിലിതളിട്ടതെപ്പോഴായിരുന്നു?

അമ്മയിൽ ജന്മം കൊണ്ട നാൾ മുതൽക്കാണെന്നു തോന്നുന്നു.. സൌഹൃദത്തിന്റെ അവഗണനയിൽ മനം നൊന്ത അച്ഛനെ കണ്ടായിരുന്നു വളർന്നത്.. ദാരിദ്ര്യത്തിന്റെ മാറാപ്പും സഹപാഠികളുടെ ക്രൂരതയും നാമ്പിട്ട വിദ്വേഷത്തിനു വളമേകി.. എന്തിനോടും വെറുപ്പായിരുന്നു.. എന്നോട് പോലും.. ഒടുവിൽ, നാശം വിതച്ച കുരുക്ഷേത്ര യുദ്ധത്തിന്റെ ശേഷിപ്പായ് , എയ്തു പോയ ബ്രഹ്മാസ്ത്രം പിൻവിളിക്കാനാകാതെ ഉഴറുമ്പോൾ ഉത്തരയുടെ ഗർഭത്തിലേക്ക് ലക്ഷ്യം പറഞ്ഞു തന്നത് മധുസൂദനനായിരുന്നു. പക്ഷേ കുറ്റവും, ശാപവും എനിക്ക്.

അശ്വത്ഥാമാ ഹതാഃ കുഞ്ജരാഃ.....

കാതിലിപ്പോഴും മുഴങ്ങുന്നു ധർമ്മപുത്രരുടെ ആ വാക്കുകൾ... അജയ്യനായി പാണ്ഡവപക്ഷത്തിനു നാശം വിതച്ച ദ്രോണരെ ആരൊക്കെയോ ഭയന്നിരുന്നു.. എല്ലാമറിയുന്ന കണ്ണനു  അദ്ദേഹത്തോട് പിൻ‌മാറാൻ പറയാമായിരുന്നു‌.  കള്ളപ്പേരിട്ട ഗജത്തെ വധിച്ച് ധർമ്മപുത്രരെക്കൊണ്ടിങ്ങനെ പറയിപ്പിച്ചതിനു പിന്നിലെ സൂത്രശാലിയെ മനസിലാവാതിരുന്നതല്ല. ആനയെന്നുള്ളത് മെല്ലെപ്പറഞ്ഞിട്ടാവും അച്ഛനത് കേൾക്കാതെ പോയത്... പുത്രവിയോഗത്തിൽ തളർന്നിരുന്ന അദ്ദേഹത്തെ വധിച്ചത് ഏത് യുദ്ധതന്ത്രത്തിൽ‌പ്പെടും?  അദ്ദേഹം തന്റെ കടമയായ രാജ്യരക്ഷയല്ലേ ചെയ്തത്..?

നിസ്സഹായതയുടെ കണ്ണുകളുമായി അഭിമന്യു ഇപ്പോഴും  മനസ്സിലുണ്ട്.. ചക്രവ്യൂഹത്തിൽ തളയ്ക്കപ്പെട്ടിട്ടും ആ മുഖത്ത് പ്രകാശം കെട്ടു പോയിരുന്നില്ല. അകത്തേക്കുള്ള വഴി പറഞ്ഞു കൊടുക്കുമ്പോൾ‌ പുറത്തേക്കിറങ്ങുന്നതെങ്ങനെയെന്നു മറച്ചു വച്ച് മരണത്തിനു മുന്നിലേക്കാ കൌമാരത്തെ എറിഞ്ഞു കൊടുത്തത് ഏത് ധർമ്മത്തിന്റെ പേരിലായാലും അംഗീകരിക്കാൻ വയ്യ.

പക തലയ്ക്ക് പിടിച്ചപ്പോൾ, ശാപം പിടിച്ചൊരാ രാത്രിയിൽ ഞാനും പാതകം ചെയ്തു.. നഷ്ടമായത് പാഞ്ചാലിക്കായിരുന്നു... പാണ്ഡവരെന്നു കരുതി കൊന്നു തള്ളിയതവളുടെ മക്കളെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ‌ വൈകിപ്പോയിരുന്നു.. അതു കൊണ്ടു തന്നെ കിരീടി മുടി മുറിച്ചപമാനിച്ചപ്പോൾ ,അത് കണ്ടവൾ ആനന്ദം കൊണ്ടപ്പോൾ, പ്രതികരിക്കാൻ തോന്നിയില്ലാ... അവൾക്കത്രയെങ്കിലും ആശ്വാസം കൊടുക്കാനായല്ലോ എന്ന സമാധാനമായിരുന്നു മനസ്സിൽ..

ഗാന്ധാരീ മാതാവു ചോദിച്ചത് സത്യമായിരുന്നു.. മാധവൻ‌ വിചാരിച്ചിരുന്നെങ്കിൽ‌ ഈ സർവ്വനാശം ഒഴിവാക്കാമായിരുന്നു.. കർണ്ണൻ കുന്തീപുത്രനെന്ന സത്യം ധർമ്മപുത്രരോട് മാത്രം പറഞ്ഞാൽ മതിയായിരുന്നു.. ഈ യുദ്ധം ഉണ്ടാവില്ലായിരുന്നു... പക്ഷേ, തേർത്തട്ട് താഴ്ന്ന സമയത്തിനു ആ ദാനധർമ്മിഷ്ടന്റെ തലയറുക്കാൻ നിർദ്ദേശം നൽകി.... ഉചിതമായിരുന്നോ കൃഷ്ണാ, ആ തീരുമാനം?

കൺ‌പോളകൾ‌ മെല്ലെ അടയ്ക്കുമ്പോൾ‌ കണ്ണുകൾ‌ ചുട്ടുപൊള്ളുന്നതറിയുന്നുണ്ടായിരുന്നു. എത്ര നേരമങ്ങനെ ഇരുന്നുവെന്നറിയില്ല. കാതിലിമ്പമാർന്ന വേണു നാദം.. ഒട്ടിയ കൺ‌പീലികൾ‌ വിടർത്താൻ പാടുപെട്ടു. കാഴ്ചയ്ക്ക് വ്യക്തതയുണ്ടായില്ലെങ്കിലും ആ ശ്യാമവർണ്ണം തിരിച്ചറിയാൻ‌ ബുദ്ധിമുട്ടിയില്ല.

“കണ്ണാ ...അങ്ങയെ കാത്തിരിക്കുകയായിരുന്നു ഞാൻ, ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുമായി... കള്ളച്ചിരി ചിരിച്ച്, മുടന്തൻ ന്യായങ്ങൾ പറഞ്ഞ്, ഇത്തവണ എന്റെ നാവടക്കാൻ‌ ശ്രമിക്കണ്ട.”

നോവരിക്കുന്ന വൃണങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ഈച്ചകളെ ആട്ടിയകറ്റി തിരിഞ്ഞു നോക്കുമ്പോഴേക്കും കണ്ണൻ മറഞ്ഞിരുന്നു.. അതോ തന്റെ തോന്നലായിരുന്നോ ഒക്കെയും?

അർജ്ജുനനായി കർണ്ണൻ കരുതി വച്ച ആയുധത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ യുദ്ധത്തിന്റെ മുൻ‌നിരയിലേക്ക് ഘടോൽ‌ക്കചനെ പറഞ്ഞുവിട്ടതെന്തിനായിരുന്നു? ഒടുവിലാ പാവം കുരുതിക്കളത്തിൽ പിടഞ്ഞൊടുങ്ങിയപ്പോൾ, ഭീമന്റെ നോവുന്ന മനം കണ്ടില്ലെന്നു നടിച്ച്, സംഭവിച്ചതെല്ലാം നല്ലതിനെന്നു പറയുന്ന പാർത്ഥസാരഥിയുടെ മുഖം ഇപ്പോഴും അകക്കണ്ണിലുണ്ട്.

ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മ പിതാമഹനെ വീഴ്ത്തിയതിന്റെ സൂത്രധാരനും നീ തന്നെയല്ലേ ദേവകീസുതാ... എന്തിനായിരുന്നു ഇതെല്ലാം.. എന്തു നേടി നീ... ഒടുവിൽ ദർഭപ്പുല്ലാൽ ഒടുങ്ങിയ സന്തതി പരമ്പരകൾക്ക് മുന്നിൽ ചോദ്യ ചിഹ്നമായി അവശേഷിച്ചില്ലേ നീ... വേടന്റെ അമ്പാൽ സ്വർഗ്ഗലോകം പൂകുംമുമ്പെങ്കിലും ഒരുമാത്ര നിനക്ക് വിശകലനം നടത്താമായിരുന്നു, ചെയ്തികളൊക്കെ ശരിയായിരുന്നോ എന്ന്..

എന്റെ ചോദ്യങ്ങൾക്ക് നീ ഉത്തരം പറഞ്ഞേക്കും ധർമ്മം പുനസ്ഥാപിക്കാനായിരുന്നുവെന്ന്.. പക്ഷേ, അന്നു നീ പുനഃസ്ഥാപിച്ച ആ ധർമ്മം എവിടെ? യുഗാന്തരങ്ങളിലതിനു വേണ്ടി നീ അവതാരമെടുക്കുമെന്നു പറഞ്ഞതും വെറും വാഗ്ദാനമായിരുന്നോ?

ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ നീ മറഞ്ഞു... ഞാൻ കണ്ട കലിയുഗം നീ കണ്ടില്ലല്ലോ.. നീ പറഞ്ഞിട്ടിട്ടു പോയ വാക്കുകൾ ആയുധങ്ങളാക്കി എന്നെ നെഞ്ചിലേറ്റി സ്വയം നശിക്കുന്നു മനുഷ്യജന്മങ്ങൾ... ചൂതാട്ടക്കളങ്ങളിൽ പെണ്ണിന്റെ മാനത്തിനു ലജ്ജയില്ലാതെ വില പേശുന്നു..

എത്ര പാഞ്ചാലിമാരുടെ ഉരിയുന്ന മാനത്തിനു നീ ഉടുവസ്ത്രമേകും....? ആതുരാലയങ്ങളിൽ അനേകം കർണ്ണൻ‌മാർ‌ പിറന്നു വീഴുന്നു. പ്രായപൂർത്തിയെത്താത്ത കുന്തിമാരാണധികവും. ചെയ്തു പോയത് തെറ്റോ ശരിയോ എന്നു പോലും തിരിച്ചറിയാനാവാത്ത അവരെക്കാണുമ്പോൾ എന്റെ മനസ്സിലെന്താണെന്ന് പറയാൻ‌ വയ്യ.

ആദ്യമൊക്കെ ഇതെല്ലാം കണ്ട് വിജയിയെപ്പോലെ ആർത്തട്ടഹസിച്ചിരുന്നു.. ഇപ്പോൾ, അതിനും വയ്യാ  മനസ്സ് മടുത്തിരിക്കുന്നു.. നീ കാണുന്നുണ്ടോ എന്നെയൊഴിഞ്ഞ് ചിന്തിക്കാനാവുന്നില്ലാ ആർക്കും... എല്ലാർക്കും വേണ്ടത് പകയുടേയും ചതിയുടേയും പ്രതീകമായ എന്നെയാണ്... ഓടിയോടി തളർന്നിരിക്കുന്നു ഞാൻ..

നീ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ടാവും.

വേണ്ടാ.. ആ ചിരി എനിക്ക് കാണേണ്ട..

ദാ വീണ്ടും ആരോ വിളിക്കുന്നു.. വിശ്രമിക്കാൻ അവസരമില്ലെനിക്ക് .. നടക്കണം... ഇനിയുമെത്ര യുഗങ്ങളാണ് നീയെനിക്കായി കാത്തു വച്ചിരിക്കുന്നത്?

കിതച്ചും വലിച്ചും അവൻ പിന്നേയും നടന്നു... അന്തരീക്ഷത്തിലെവിടെയോ ഒരു കുതിരയുടെ ചിനപ്പ് കേട്ടതു പോലെ..

അകലെനിന്ന് അപ്പോഴും ആ മുരളീരവം ഒഴുകി വരുന്നുണ്ടായിരുന്നു....

~~~~

Tuesday, October 18, 2011

ഒറ്റച്ചിലമ്പ്....


















എഴുതി തീർത്തൊരു കഥയിലെ
അന്ത്യരംഗത്തിനായിനിയുമീ
കണ്ണീരെണ്ണയിലെഴുതിരിയിട്ട
ആട്ടവിളക്ക് തെളിക്കട്ടെ ഞാൻ?

കഴുത്തിനു മേൽ‌ ശൂന്യതയാളുന്ന
ഉടൽ‌ പുതച്ചിട്ടൊരാ കച്ചയിൽ
നിണമോ നിറമോ ചിത്രം വരഞ്ഞു?
വേറിട്ട ശിരസിലെ നേത്രങ്ങളിനിയും
നൂപുരധ്വനി തേടിയുഴറുന്നുവോ
ചിരിക്കുന്നുവോ നീയും ചിലമ്പേ?

നീതിവിധിക്കാത്ത രാജസഭയിലേ-
ക്കിനിയാണെന്റെ രംഗ പ്രവേശം
കണ്ണുകെട്ടിയ ന്യായാസനങ്ങളിലേ-
ക്കിനിയാണെന്റെ പടയോട്ടം
അഴിയും മുടിയിലുമാളും കണ്ണിലും
അവഗണനയ്ക്കുമേലാത്മരോഷം
ചിരിക്കുന്നുവോ നീയും ചിലമ്പേ?

സ്നേഹത്തിന്നുറവ കീറാത്ത
മനസ്സെന്ന ശിലകളിലീ ചിലയ്ക്കും
ചിലമ്പിനെ എറിഞ്ഞുടയ്ക്കണം
ചിതറുന്ന നോവിന്റെ രത്നങ്ങളെ
സീമന്തസിന്ദൂരമലിഞ്ഞ സ്വേദത്തെ
നേരു ചികയാത്ത രാജശാസനത്തെ
ഇനി മറവിയിലെറിയണം

സ്വപ്നങ്ങളെരിയുന്ന ചിതയിൽ നിന്നൊരു
തീനാളമെറിഞ്ഞീ മധുര കത്തിക്കണം
പുത്രിയെ, പത്നിയെ, അമ്മയെയറിയാത്ത
കാട്ടാള മനസ്സുകൾ തീയെടുക്കണം
ദേഹിയകന്നൊരീ നശ്വര ദേഹത്തെ
ഉപകാരസ്മരണയായഗ്നിക്ക് നൽകണം

നാളെയെൻ ചാരത്തിൽ നിന്നും
പുതുഗാഥകളെഴുതപ്പെടുമ്പൊഴും
ക്ഷേത്രാങ്കണങ്ങളിലെനിക്കായ് തിളയ്ക്കും
പൊങ്കാലക്കലങ്ങളിലൊരായിരം
നാരീനിശ്വാസങ്ങൾ വീണുടയുമ്പൊഴും

ധൂമപാളികൾ തീർത്ത കാർമേഘച്ചുരുളിൽ
വിതുമ്പുന്ന മാരിയായെന്നാത്മാവ് പിടയും
കണ്ണീർക്കണങ്ങളായീ ഭൂമി തൻ മാറിൽ
പെയ്തൊടുങ്ങുമ്പൊഴും ചിലമ്പുമെൻ
മനസ്സിന്റെ, നോവിന്റെ ഹിന്ദോളമാരറിഞ്ഞു?

Wednesday, October 5, 2011

അക്ഷരദീപങ്ങൾ...


                                    “യാഃ ദേവി സർവ്വഃ ഭൂതേഷു...മാതൃ രൂപേണ സംസ്ഥിതാഃ
                                     നമസ്തസ്യേഃ നമസ്തസ്യേഃ നമസ്തസ്യേഃ നമോഃ നമഃ
                                     യാഃ ദേവി സർവ്വഃ ഭൂതേഷു...ലക്ഷ്മി രൂപേണ സംസ്ഥിതാഃ
                                     നമസ്തസ്യേഃ നമസ്തസ്യേഃ നമസ്തസ്യേഃ നമോഃ നമഃ
                                     യാഃ ദേവി സർവ്വഃ ഭൂതേഷു...ശാന്തി രൂപേണ സംസ്ഥിതാഃ
                                     നമസ്തസ്യേഃ നമസ്തസ്യേഃ നമസ്തസ്യേഃ നമോഃ നമഃ”

ആദിപരാശക്തിയെ പല രൂപങ്ങളിൽ‌ പ്രകീർത്തിക്കുന്ന വ്രത വിശുദ്ധിയുടെ ഒമ്പതു നാളുകൾ‌. ഭക്തിസാന്ദ്രമായ നിമിഷങ്ങളുടെ പരിസമാപ്തിയിൽ‌ വിദ്യാരംഭം. കുരുന്നുകൾ‌ അക്ഷരം കുറിക്കുന്ന പരമപവിത്രമായ ദിനം. കന്നി മാസത്തിലെ അമാവാസി കഴിഞ്ഞ് തുടങ്ങുന്ന പൂജ ഒമ്പത് നാൾ‌ നീണ്ടു നിൽക്കും. ആദിപരാശക്തിയായ ദേവിയെ ആദ്യത്തെ മൂന്നു ദിനങ്ങളിൽ‌ തമോഗുണയായ കാളീ രൂപത്തിലും, അടുത്ത മൂന്നു ദിനങ്ങളിൽ‌ രജോഗുണയായ ലക്ഷ്മീ രൂപത്തിലും, അവസാന മൂന്നു ദിനങ്ങളിൽ‌ സത്വഗുണയായ സരസ്വതീ രൂപത്തിലും പൂജിക്കുന്നു. തമോ ഗുണത്തിൽ‌ നിന്ന് രജോ ഗുണത്തിലൂടെ സത്വഗുണത്തിലേക്കുള്ള ഈ പ്രയാണം തിന്മയുടെ മേൽ‌ നന്മ നേടുന്ന വിജയത്തിന്റെ പ്രതീകമാണ്.

ദുർഗ്ഗ, ഭദ്രകാളി, അംബ, അന്നപൂർണ്ണ, സർവ്വമംഗള, ഭൈരവി, ചണ്ഡിക, ലളിത, ഭവാനി എന്നിങ്ങനെ ഒമ്പതു മുഖങ്ങളിലെ ദേവിയെ പൂജിക്കുന്നതാണു ആചാരം. ദസറയെന്നും നവരാത്രിയെന്നും പൂജയെന്നും ഒക്കെ വിളിക്കുന്ന ഈ ആഘോഷത്തിന് ഇന്ത്യയിലങ്ങളോമിങ്ങോളം വിവിധ രൂപവും ഭാവവുമാണ്.. മഹിഷാസുര മർദ്ദനം നടത്തിയ ദേവിയെ ബന്ധപ്പെടുത്തിയാണ് ചിലയിടങ്ങളിലീ പൂജ ആഘോഷിക്കുന്നതെങ്കിൽ രാമായണവുമായി ബന്ധപ്പെടുത്തിയാണ് മറ്റിടങ്ങളിൽ.

കേരളവും തമിഴ്നാടും കർണ്ണാടകയും കഴിഞ്ഞ് ഉത്തരേന്ത്യയിലേക്ക് പോകുമ്പോൾ‌ പൂജയുടെ രൂപം തന്നെ മാറുന്നു. ഗുജറാത്തിൽ ഇത് ശ്രീകൃഷ്ണലീലയുടെ കാലമാണ്. പ്രകൃതി ദുരന്തങ്ങളിൽ‌ നിന്നും  ഭൂമിയെ രക്ഷിച്ച ശ്രീകൃഷ്ണനെ ഭക്തർ ഗീതങ്ങൾ പാടി ദാണ്ഡയാരസ്, ദർഭ തുടങ്ങിയ നൃത്തരൂപങ്ങൾ അവതരിപ്പിച്ച് സന്തോഷിപ്പിക്കുന്നു.

രാവണനെ നിഗ്രഹിക്കാനുള്ള ശക്തി സംഭരണാർത്ഥം രാമൻ‌ ഒമ്പതു ദിവസം ദേവിയെ പൂജിച്ചുവെന്നും അതിനു ശേഷം രാവണ നിഗ്രഹം നടത്തിയെന്നും കഥ. അതു കൊണ്ടാവണം പൂജയിൽ ആയുധങ്ങളും ഉൾപ്പെടുത്തുന്നതും ചിലയിടങ്ങളിൽ‌ പൂജയുടെ അവസാനം രാവണന്റെ കോലത്തിനു തീ കൊടുക്കുന്നതും.

ബംഗാളിൽ‌ ഒമ്പത് ദിവസവും പൂജ ചെയ്ത കൂറ്റൻ ദേവീ വിഗ്രഹം സമുദ്രത്തിൽ നിമഞ്ജനം ചെയ്യുന്ന രീതിയും കണ്ടു വരാറുണ്ട്.

ക്ഷത്രിയ പരമ്പരയോട് ബന്ധപ്പെടുത്തിയും നവരാത്രിക്ക് ചടങ്ങുകളുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് നിറുത്തി വയ്ക്കുന്ന ആയുധാഭ്യാസം ക്ഷത്രിയർ‌ പുനരാരംഭിച്ചിരുന്നത് ഈ പൂജയോടെയാണെന്നാണ് വിശ്വാസം.

നവരാത്രി പൂജയിൽ‌ പ്രധാനം ബൊമ്മക്കൊലുവാണ്. കണ്ണിനു ഇമ്പമേകുന്ന ബൊമ്മക്കൊലു ആദ്യം ബ്രാഹ്മണ ഗൃഹങ്ങളിൽ‌ മാത്രം ഒതുങ്ങിയിരുന്നെങ്കിലും പിന്നീടത് പൂജവയ്പ്പിന്റെ അനിവാര്യ ഘടകങ്ങളിലൊന്നായി മാറി.

മഹിഷാസുരനെ വധിക്കാൻ‌ ദേവിക്ക്, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും തങ്ങളുടെ ശക്തി മുഴുവൻ‌ നൽകി പ്രതിമകളെപ്പോലെ നിന്നു എന്നതാണ് ഈ ആചാരത്തിനു പിന്നിലെ ഐതീഹ്യം. പൂജാമുറിയിൽ വിവിധ തട്ടുകൾ‌ ഒരുക്കി അതിൽ ദുർഗ്ഗ, സരസ്വതി, ലക്ഷ്മി, ഗണപതി എന്നിവർക്കൊപ്പം പല രൂപങ്ങളും നിറച്ചൊരുക്കിയതാണു ബൊമ്മക്കൊലു. ഇത് ദർശിക്കാനെത്തുന്നവർക്ക് (കന്യകമാർക്കും സുമംഗലിമാർക്കും) താംബൂലം, വസ്ത്രം, കുങ്കുമം, ദക്ഷിണ, ചുണ്ടൽ‌ നിവേദ്യം എന്നിവ നൽകും. കന്യകമാരെ പൂജിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടത്തുന്നതാണ്. രണ്ട് വയസ്സുള്ള കുമാരി, മൂന്നു വയസുകാരി ത്രിമൂർത്തി, നാലു വയസുള്ള കല്യാണി, അഞ്ചു വയസുകാരി രോഹിണി, ആറു വയസ്സുള്ള കാളി, ഏഴു വയസുള്ള ചണ്ഡിക, എട്ടു വയസുകാരി ശാംഭവി, ഒമ്പത് വയസുള്ളവൾ ദുർഗ്ഗ എന്നിങ്ങനെ നവകന്യകമാരെയാണു പൂജിക്കേണ്ടത്.

അനന്തപുരിക്ക് ഇത് ആഘോഷത്തിന്റെ കാലമാണ്. സ്വാതി തിരുനാൾ സംഗീതോത്സവം കൊടിയേറുമ്പോൾ തലസ്ഥാനത്തെ സന്ധ്യകൾ സംഗീത സാന്ദ്രമാകും. അത് മാത്രവുമല്ല പൂജയ്ക്ക് വയ്ക്കേണ്ട വിഗ്രഹങ്ങൾ ഘോഷയാത്രയായി തമിഴ്നാട്ടിൽ നിന്നാണു എത്തിച്ചേരുന്നത്.

കമ്പ രാമായണത്തിന്റെ കർത്താവായിരുന്ന കമ്പർ പൂജ ചെയ്തിരുന്ന സരസ്വതീ വിഗ്രഹം അദ്ദേഹം തിരുവിതാംകൂർ രാജവംശത്തെ ഏൽ‌പ്പിച്ചുവത്രേ. യഥാവിധി പൂജാദി കർമ്മങ്ങൾ‌ ചെയ്യാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് തിരുവിതാംകൂർ കൊട്ടാരമായ പത്മനാഭപുരത്ത് ഈ വിഗ്രഹത്തെ ഭക്തിപൂർവ്വം പരിപാലിച്ചു പോന്നിരുന്നു. ശ്രീ സ്വാതി തിരുനാൾ‌ മഹാ‍രാജാവ് തന്റെ കാലഘട്ടത്തിൽ‌ നവരാത്രി പൂജയോടനുബന്ധിച്ച് വിഗ്രഹം തിരുവനന്തപുരത്ത് കൊണ്ട് വരികയും കുതിരമാളികയിലെ നവരാത്രി മണ്ഡപത്തിൽ വച്ച് പൂജിക്കുകയും പിന്നീട് തിരികെ പദ്മനാഭപുരത്തേക്ക് തന്നെ എത്തിക്കുകയും ചെയ്തുവത്രേ. ഇന്നും ആ ആചാരം മുടക്കങ്ങളില്ലാതെ നടക്കുന്നു.

സരസ്വതീ വിഗ്രഹത്തെ അനുയാത്ര ചെയ്ത് കുമാരകോവിലിലെ വേളിമലയിൽ‌ നിന്നും മുരുക വിഗ്രഹവും ശുചീന്ദ്രത്ത് നിന്നും മുന്നൂറ്റിനങ്കയുടെ വിഗ്രഹവും തിരുവനന്തപുരത്ത് എത്താറുണ്ട്. ഇവരുടെ വരവറിയിച്ചു കൊണ്ട് ഏറ്റവും മുന്നിലായൊരു വെള്ളിക്കുതിരയും. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലിരുത്തി യഥാവിധി പൂജകൾ‌ക്ക് ശേഷം സാദരം ഇവരെ തിരിച്ചയയ്ക്കുകയാണ് പതിവ്.

നവരാത്രി പൂജയും വിദ്യാരംഭവും ആദ്യം ഒരു സമുദായത്തിന്റെ മാത്രം ഭാഗമായിരുന്നെങ്കിൽ‌ ഇന്നത് മതേതര ആഘോഷമായി കേരളീയർ ഏറ്റു വാങ്ങിയിരിക്കുന്നു. വിജയ ദശമി നാളിൽ ചോറ്റാനിക്കരയിലും മൂകാംബികയിലുമൊക്കെ കുട്ടികൾ‌ എഴുത്തിനിരിക്കുമ്പോൾ, തിരുവനന്തപുരത്തെ വെട്ടുകാട് ചർച്ചിലും പട്ടം ബിഷപ്പ് ഹൌസിലും കുട്ടികളെ എഴുത്തിനിരുത്തുന്നു. കൊടുങ്ങല്ലൂരിലെ ഏറെ പഴക്കം ചെന്ന ചേരമാൻ‌ ജുമാ മസ്ജിദിലും കുട്ടികൾ‌ അന്നത്തെ ദിവസം അക്ഷരം കുറിക്കുന്നുണ്ട്..

ഹരിശ്രീ ഗണപതയെ നമഃ എഴുതിയാലും, കർത്താവു എന്നെഴുതിയാലും, അലിഫ് എന്നെഴുതിയാലും കുരുന്നു മനസുകളിൽ നിറയുന്നത് അക്ഷരത്തിന്റെ പ്രകാശമാണ്. നന്മയുടെ പ്രകാശം. സമൂഹത്തിലെ ദുഷിച്ച മാലിന്യങ്ങളിൽ നിന്നും  നിഷ്കളങ്ക ബാല്യങ്ങൾക്ക് വഴി മാറി നടക്കാൻ ഈ പ്രകാശം മാർഗ്ഗം തെളിക്കട്ടെ..

"  സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ.."

സമർപ്പണം : ആദ്യാക്ഷരം നാവിൽ കുറിച്ച ഗുരുവിന്...
                                                          “ഗുരുര്‍ ബ്രഹ്മ:.... ഗുരുര്‍ വിഷ്ണു...
                                                           ഗുരുര്‍ ദേവോ മഹേശ്വര:
                                                           ഗുരു സാക്ഷാല്‍ പരബ്രഹ്മ:
                                                           തസ്മൈ ശ്രീ ഗുരവേ നമ:"