Sunday, February 26, 2012

ഹൈമവതം...


തഴുകുന്ന കാറ്റിൽ കല്യാണസൗഗന്ധിക പൂക്കളുടെ സുഗന്ധം.. മാനസ സരോവരം കടന്നു വരുന്നതു കൊണ്ടാവുമോ ഇതിനിത്ര വശ്യത? യക്ഷഗന്ധർവ്വകിന്നര സംഗീതം അലിഞ്ഞിട്ടുണ്ടോ ഈ ചെറു തെന്നലിൽ? കണ്ണൊന്നടയ്ക്കാൻ കൊതി തോന്നുന്നു..പക്ഷേ സാധിക്കില്ല.. കണ്ണടയ്ക്കാൻ അനുവാദമില്ല.. ഈ കാവൽ നിൽ‌പ്പ് തുടങ്ങിയിട്ടെത്ര കാലമായീന്നറിയില്ല..

കാലത്തെ തടുത്ത് നിറുത്താനുള്ള ശ്രമവും പരാജയപ്പെട്ടു.. അപ്പുറവും ഇപ്പുറവുമുള്ള സംസ്കാരങ്ങൾ എന്റെ കണ്ണൊന്നടഞ്ഞാൽ ഇടകലർന്നു പോയേക്കും. നിദ്ര കൊള്ളുന്ന എന്നെ പരിഹസിച്ച് തെക്കൻ കാറ്റ് കടന്നു പോകും, ഉഷ്ണം ഉള്ളിലൊളിപ്പിച്ച് ഞാൻ തടഞ്ഞു വയ്ക്കുന്ന കാറ്റിന്റെ തഴുകലിൽ കുളിരുകൊള്ളാനെത്തുന്ന മഴമേഘങ്ങൾ ദുഃഖിക്കും, വർഷാതപങ്ങളില്ലാതെ ഭൂമി കേഴും.. പാടില്ല, കണ്ണു ചിമ്മാതെ കാവൽ നിൽക്കുക തന്നെ.

സിന്ധുനദീതടത്തിൽ തല ചായ്ച്ച് ബ്രഹ്മപുത്രയിൽ പാദങ്ങൾ കഴുകി അർദ്ധചന്ദ്രാകൃതിയിലിങ്ങനെ.. ഭൂമീദേവിയുടെ കരചലങ്ങൾക്കനുസരിച്ച് വളർന്നുകൊണ്ടേയിരിക്കുന്നു.. എത്ര തലമുറകൾ എനിക്ക് മുന്നിൽ ഉദിച്ചസ്തമിച്ചിരിക്കുന്നു..താഴ്വാരങ്ങൾ നിറയെ പൂക്കളാണ്.. ഒരു വശത്ത് കാശ്മീരിന്റെ സ്വന്തം കുങ്കുമപ്പൂക്കളെങ്കിൽ മറ്റൊരു വശത്ത് അഫ്ഗാനിലെ സ്വർണ്ണവർണ്ണമാർന്ന ഡാഫഡിൽ പുഷ്പങ്ങളാണ്..

പക്ഷേ...

കുങ്കുമപ്പൂവുകൾക്കും സ്വർണ്ണവർണ്ണപ്പൂക്കൾക്കും പകരമിപ്പോ ചോരപ്പൂക്കളും കണ്ണീർപ്പൂക്കളും കൊണ്ടഭിഷേകമാണെന്റെ കാൽച്ചുവട്ടിൽ.. ഇടയ്ക്കിടെ ഉയരുന്ന വെടിയൊച്ചകളെന്റെ കാതടപ്പിക്കുന്നു...

കാവൽ നിൽക്കുന്ന സൈനികന്റെ മനസ്സ് മന്ത്രിക്കുന്നതെനിക്ക് കേൾക്കാം “നിങ്ങളുറങ്ങിക്കൊള്ളൂ....  ഞാനിവിടെ ഉറങ്ങാതെ നിങ്ങൾക്ക് കാവലിരിക്കുന്നുണ്ട്”... പിറന്നു വീണ മണ്ണിന്റെ മാനം കാക്കാൻ രക്തബന്ധങ്ങളുപേഷിച്ച് കൊടും ചൂടിലും തണുപ്പിലും കൃത്യനിർവ്വഹണത്തിലേർപ്പെടുന്ന ആ മഹത്‌വ്യക്തിത്വങ്ങൾക്ക് മുന്നിൽ അറിയാതെ ശിരസ്സ് നമിച്ചു പോകാറുണ്ട്...

“കുഞ്ഞേ, എന്റെ തണുപ്പ് നിന്നെ അലോസരപ്പെടുത്താതിരിക്കട്ടെ.. ഹിമാനിയുറഞ്ഞ് നിന്റെ മാർഗ്ഗത്തിൽ തടസ്സം സൃഷ്ടിക്കാതിരിക്കട്ടെ.. അനുസരണയില്ലാത്ത തെമ്മാടിക്കാറ്റ് നിന്റെ മേനിയെ പുണരാതിരിക്കട്ടെ.. പിറന്ന മണ്ണിനെ നീ കാത്തുകൊള്ളുക... നിനക്ക് കാവലായി ഞാനിവിടെ കണ്ണു ചിമ്മാതെ നിൽക്കുന്നുണ്ട്” ഈ മുതുമുത്തച്ഛന്റെ ഹൃദയം മന്ത്രിച്ചതവരറിയുന്നുണ്ടോ?

പുണ്യപ്രദായിനിയും മോക്ഷദായിനിയുമായ ഭാഗീരഥി ഹൃത്തടത്തിലൂടെ ഒഴുകിയിട്ടും ഈ പടുവൃദ്ധനു മാത്രമെന്തേ മോക്ഷം തീണ്ടാപ്പാടകലെയായി?

യോഗനിദ്രയ്ക്ക് കൈലാസമെന്ന പുണ്യഭൂവൊരുക്കി കൊടുത്തതിന്റെ സ്മരണാർത്ഥം മഹേശ്വരൻ അനുഗ്രഹിച്ചേകിയതാണ് പാർവ്വതീ ദേവിയെ എന്റെ പുത്രിയായിട്ട് . ആ കുഞ്ഞിന്റെ ബാലലീലകളിൽ മനസ്സ് കുളിരുമ്പോഴും, വളർച്ചയുടെ ഓരോ ഘട്ടങ്ങളേയും പിതാവിന്റെ ഉൽക്കണ്ഠയോടെ നോക്കിക്കാണുമ്പോഴും അകക്കണ്ണിൽ നിറഞ്ഞു നിന്നത് അഗ്നിയിലെരിഞ്ഞടങ്ങിയ ദക്ഷപ്രജാപതിയുടെ പുത്രി സതീ ദേവിയുടേയും, അതിൽ മനം നൊന്ത് മുടിയഴിച്ചാടിയ നടരാജന്റേയും ചിത്രങ്ങളായിരുന്നു. അന്നു ഭഗവാന്റെ പദതാഡനമേറ്റ് താൻ പുളഞ്ഞത് ഇന്നലെയെന്ന പോലെ ഓർമ്മയിൽ തെളിയുന്നു.

അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയെട്ടു നക്ഷത്രകന്യകമാർ പുത്രീ പദം അലങ്കരിച്ചിട്ടും പാർവ്വതിക്കുള്ള സ്ഥാ‍നം നേടിയെടുക്കാനവർക്കായില്ല. ചന്ദ്രനവരെ കൈ പിടിച്ചേൽ‌പ്പിക്കുമ്പോഴും മനസ്സ് പിടഞ്ഞത് ഹൈമവതിയെ ഓർത്തായിരുന്നു. നിഷ്ക്കാമമൂർത്തിയായി തപസ്സു ചെയ്യുന്ന പരമശിവന്റെ ഭാര്യാപദം മോഹിച്ചുള്ള കാത്തിരുപ്പ് നിഷ്ഫലമെന്നു തോന്നിച്ചുവെങ്കിലും തടയാനായില്ല. കാമദേവന്റെ ഭസ്മീകരണത്തോടെയാണെങ്കിലും ആ പരിശ്രമം ഫലം കണ്ടപ്പോൾ എന്നിലെ പിതാവു സന്തോഷിച്ചു.. പക്ഷേ അപ്പോഴും രതീദേവിയുടെ ദുഃഖം മനസ്സിലൊരു നീറ്റലായി..

കൈലാസമെടുത്ത് അമ്മനാമാടാൻ പ്രേരിപ്പിച്ച ദശാനനന്റെ അഹങ്കാരം, ഗജാനനന്റേയും കുമാരന്റേയും വികൃതികൾ, അങ്ങനെയെന്തൊക്കെ കാഴ്ചകൾ പിന്നെ കണ്മുന്നിൽ തെളിഞ്ഞു മറഞ്ഞു. ഓംകാരത്തിന്റെ അർഥമറിയാത്തതിനു കാർത്തികേയൻ ബ്രഹ്മാവിനെ തടവിലിട്ടതും ഒടുവിലതിന്റെ അർഥമറിയാൻ സാക്ഷാൽ മഹേശ്വരൻ തന്നെ മകനു ശിഷ്യപ്പെട്ടതും കണ്ടപ്പോളറിയാതെ കണ്ണു നിറഞ്ഞിരുന്നു. ആ ജ്ഞാനമൂർത്തിയുടെ മുത്തശ്ശനെന്ന നിലയിൽ അല്പം അഹങ്കരിച്ചുവോ?

മാനസസരോവരത്തിന്റെ കാര്യത്തിലും അല്പം അഹങ്കാരം മനസ്സിലില്ലാതെയില്ല. ബ്രഹ്മാവിന്റെ മനസ്സിലുയിർക്കൊണ്ട തടാകത്തെ നെഞ്ചിലേറ്റാൻ കിട്ടിയ ഭാഗ്യം. ചെറുകാറ്റിൽ അലഞൊറിയുന്ന അവളെക്കാണുമ്പോൾ അറിയാതെ ചിന്തിച്ചുപോകും കല്യാണസൌഗന്ധികങ്ങൾ തേടിയെത്തുന്ന വായുപുത്രന്റെ വരവിനെ നെടുവീർപ്പോടെ കാത്തിരിക്കുകയാണോ എന്ന്. സിദ്ധാർത്ഥരാജകുമാരനെ മായാവതി ഈ തടാകക്കരയിൽ വച്ച് ഗർഭം ധരിക്കുമ്പോൾ പറയണമെന്നുണ്ടായിരുന്നു, ലോകത്തിനായി ത്യാഗം ചെയ്യാനാണു നീയിവനെ പത്തുമാസം ചുമക്കുകയെന്ന്.ഒക്കെയും മൂകമായി വീക്ഷിക്കാ‍നല്ലാതെ ഒന്നും പറയാൻ തനിക്കാവില്ലല്ലോ..

ഇതിഹാസം പിന്നെ ചരിത്രത്തിനു വഴി മാറി..  പെണ്ണിനും മണ്ണിനും പൊന്നിനും വേണ്ടിയുള്ള എത്രയോ പടയോട്ടങ്ങൾ കണ്ടു.. യുഗപ്പിറവികൾ, സാമ്രാജ്യങ്ങളുടെ ഉദയാസ്തമയങ്ങൾ... ചിലപ്പോഴൊക്കെ ഒന്നും കാണാതിരിക്കാൻ തൊട്ടു മുകളിലെ ആകാശത്തിലേക്ക് കൺനട്ടു നിന്നിട്ടുണ്ട്.

ബുദ്ധനും ജൈനനുമൊക്കെ അവരുടെ പാദമെന്റെ നെഞ്ചിൽ‌പ്പതിപ്പിച്ച് മോക്ഷമാര്‍ഗ്ഗം തേടി.. പിന്നീടു വന്ന അന്വേഷണകുതുകികൾക്കു മുന്നിലും ഞാൻ വിനീതവിധേയനായി നിന്നു കൊടുത്തു. എന്റെ ശിരസ്സിൽ കുത്തിയിറക്കിയ കൊടിക്കൂറയുടെ വേദനയിൽ പുളയുമ്പോഴും തിരികെ നടക്കുന്ന അവരുടെ പാദങ്ങൾ തെന്നരുതേയെന്നു പ്രാർത്ഥിക്കുകയായിരുന്നു മനസ്സ്.

എന്റെ ശരീരഭാഗങ്ങളിലൂടെ ഉറുമ്പു കണക്കെ അരിച്ചിറങ്ങി അയൽനാട്ടിൽ നാശം വിതയ്ക്കുന്ന നീച ജന്മങ്ങളെ കാണാനിടയായിട്ടുണ്ട്. അവരെക്കുടഞ്ഞെറിയാൻ അതിയായി ആഗ്രഹിച്ചു പോയിട്ടുണ്ട്. ഒന്നനങ്ങാൻ കഴിയാതെ തളച്ചിട്ട പ്രപഞ്ചനാഥനോട് വൈരാഗ്യം തോന്നിയ നിമിഷങ്ങളായിരുന്നത്.

മൃതസഞ്ജീവനി തേടി രാമഭക്തനെന്റെ തീരങ്ങളില്‍ അലഞ്ഞപ്പോള്‍ അദൃശ്യ സാന്നിദ്ധ്യമായി അഗസ്ത്യനെ കാട്ടിക്കൊടുത്ത നിര്‍‌വൃതിയുണ്ടെന്റെ മനസിന്..

പക്ഷേ..

എന്റെ ഗിരിശൃംഗങ്ങളിലെവിടെയോ തകര്‍ന്നടിഞ്ഞൊരു വിമാനം ഇന്നുമെന്റെ മനസിനെ അലോസരപ്പെടുത്തുന്നു...ഭാരതത്തിന്റെ ഒരോമല്പ്പുത്രന്റെ സ്വപ്നങ്ങളായിരുന്നു അന്നു വീണുടഞ്ഞതെന്ന് ഞാനറിഞ്ഞിരുന്നില്ല...അന്നൊരുപക്ഷേ അത് സംഭവിക്കാതിരുന്നെങ്കില്‍ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടേനെ...പാരതന്ത്ര്യത്തിന്റെ കയ്പ്പുനീരും നുണഞ്ഞ് ഭാരതാംബയ്ക്ക് വീണ്ടും നാളുകളെണ്ണി കാത്തിരിക്കേണ്ടി വരില്ലായിരുന്നു...ജാതിയുടേയും മതത്തിന്റേയും വംശത്തിന്റേയും പേരില്‍ ആ അമ്മയെ വിഭജിക്കില്ലായിരുന്നു...ലോകത്തിലെ വന്‍ സൈനികശക്തികള്‍ക്കൊപ്പം ഭാരതത്തെ വളര്‍ത്തിയെടുക്കാനുള്ള വിപ്ലവവീര്യമായിരുന്നു അന്ന് തകര്‍ന്നടിഞ്ഞത്..

കാലങ്ങളെത്ര കടന്നു പോയിരിക്കുന്നു. ഒരിക്കൽ അപ്രാപ്യനായിരുന്ന ഞാനിന്ന് ഏവർക്കും തൊടാൻ പാകത്തിലായിരിക്കുന്നു. ഗുഹമടക്കുകളിൽ നിന്നും പ്രതിധ്വനിക്കുന്ന ഓംകാര ജപവും ബുദ്ധജൈന മന്ത്രോച്ചാരാണങ്ങളും എന്റെ മനസ്സിനു ശാന്തി നൽകുന്നു, നിങ്ങൾക്കും..

എന്നെ കണ്ടു മടങ്ങുന്ന മനസ്സുകളേ നിങ്ങളെ ഞാനെന്റെ ശാന്തതയിലേക്ക് ക്ഷണിക്കുന്നു വീണ്ടും വരിക.. കർമ്മബന്ധപ്പാശങ്ങൾ മുറിച്ച് നിങ്ങളിലെ നിങ്ങളെയുപേഷിച്ച് എന്നിലലിയാൻ നിങ്ങളുടെ മനസ്സുകൾ  പറയുന്നതറിയുന്നില്ലേ... വരിക എന്നിലേക്ക്...എന്റെ ശാന്തിയിലേക്ക്.. !