Tuesday, April 16, 2013

സരയൂ നദി കരയാറില്ല.....




“രാമചന്ദ്ര് കേ ചരിത് സുഹായെ
കല്പകോടി ലഗി ജാഗിംന ഗായേ...”

രാമലീലാപ്പന്തലില്‍ നിന്നും ഒഴുകിയെത്തുന്ന കീര്‍ത്തനം.. 

“രാമ....രാമ” ചുണ്ടുകളറിയാതെ മന്ത്രിച്ചുകൊണ്ടിരുന്നു... സരയുവിനെ തഴുകി വരുന്ന കാറ്റും രാമമന്ത്രങ്ങളുരുക്കഴിക്കുന്നുണ്ടോ..?ഇല്ല അവളെ ചൂഴ്ന്നു നില്‍ക്കുന്നത് നിസ്സംഗതയാണ്...നിര്‍വ്വികാരതയും...അവളുടെ കുഞ്ഞലകള്‍ പോലും നിശ്ശബ്ദമായിട്ട് കാലങ്ങളായിരിക്കുന്നു..ജീവനും ജീവിതവും വരണമാല്യം ചാര്‍ത്തിയ പുരുഷനു മുന്നില്‍ കാഴ്ചവച്ചിട്ടും, അഗ്നിശുദ്ധി വരുത്തി ദേഹിയും ദേഹവും പാവനമെന്നു തെളിയിച്ചിട്ടും വിഴുപ്പലക്കുന്ന നാവുകള്‍ക്ക് മുന്നില്‍ നിശ്ശബ്ദനാകേണ്ടി വന്ന രാമന്‍റെ ഗതികേടില്‍ മനം നൊന്ത് മണ്ണിലേക്ക് മടങ്ങിയ ഭൂമിപുത്രിയുടെ ഓര്‍മ്മകളാകണം ഇവളെ മൌനത്തിന്‍റെ വാത്മീകങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ പ്രേരിപ്പിക്കുന്നത്..

സഹോദരീ വിയോഗത്തില്‍ മുറിവേറ്റ മനസ്സിനെ കഴിഞ്ഞു പോയ യുഗങ്ങളൊക്കെ വീണ്ടും വീണ്ടും നോവിപ്പിച്ചിട്ടുണ്ടാകുമോ?

സരയുവിന്‍റെ നൊമ്പരങ്ങളേറ്റു വാങ്ങിയ കാറ്റ് കവിളിലുമ്മ വച്ചു.. നേരിയ തണുപ്പ്.. വെള്ളികെട്ടിയ നീണ്ട താടിയും മുടിയും കാറ്റത്തിളകി...ചിന്തകളില്‍ മുറിഞ്ഞുപോകാതെ ചുണ്ടുകള്‍ രാമനാമം ജപിച്ചുകൊണ്ടിരുന്നു..

അങ്ങേക്കരയിലെ തെരുവിലൂടെ കടന്നു പോകുന്ന കൊച്ചു കൊച്ച് ഘോഷയാത്രകള്‍ ...ചായം വാരിയൊഴിച്ച് രാമമന്ത്രങ്ങളും കീര്‍ത്തനങ്ങളും ഉച്ചത്തില്‍ ആലപിച്ച് അവര്‍ ആഘോഷിക്കുകയാണ്..രാമഭക്തിയില്‍ മയങ്ങിയിരുന്ന മനസ്സിനെ ഞെട്ടിച്ചത് കുറേ നിലവിളികളായിരുന്നു.. 

എന്താണ്.. എന്താണവിടെ സംഭവിക്കുന്നത്..? എവിടെ നിന്നോ പാഞ്ഞുവന്ന കുറേ ആയുധധാരികള്‍ ആ ഘോഷയാത്രയില്‍ കലാപം വിതയ്ക്കുന്നു..ചിതറിത്തെറിയ്ക്കുന്ന ചായങ്ങള്‍ക്കിപ്പോള്‍ ഒരു നിറം മാത്രം ചുവപ്പ്...

രാമാ.... 

കണ്ണുകളിറുകെ അടച്ചു..സഹോദരങ്ങള്‍ വെട്ടിമരിക്കുന്ന കുരുക്ഷേത്രങ്ങള്‍ക്ക് ഇനിയുമീ മണ്ണില്‍ ഒരവസാനമില്ലേ...ഇതാണോ അങ്ങ് സ്വപ്നം കണ്ട രാമരാജ്യം...തെറ്റിയത് ആര്‍ക്കായിരുന്നു..അങ്ങേയ്ക്കോ അതോ കാലത്തിനോ..തലമുറകള്‍ കൈമാറപ്പെട്ടപ്പോള്‍ അങ്ങയുടെ സ്വപ്നവും ആദര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവല്ലോ..ചോദ്യങ്ങള്‍ ചോദിക്കാനുള്ള ശക്തി നശിച്ച ഈ ജനത അത് ചോദിക്കുന്ന വിരലിണ്ണാവുന്ന അപൂര്‍വ്വതകളെ വെട്ടിയരിയുന്നു...പിന്നെയാ ചെയ്തികളെ ആദികവി പകര്‍ത്തിയ അങ്ങയുടെ ജീവിതം സാക്ഷ്യം നിറുത്തി ന്യായീകരിക്കുന്നു...ഏറ്റവും മികച്ച സംസ്കാരം തങ്ങളുടേതെന്ന് അവരെ പഠിപ്പിച്ച അങ്ങേയ്ക്ക് തെറ്റിയോ ഭഗവാനേ....

ഇരുകരകള്‍ ചേർത്തു കെട്ടിയ കോണ്‍‍ക്രീറ്റ് പാലത്തിനടിയില്‍ സരയു പിടഞ്ഞു നിശ്ശബ്ദയായി...നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കാനാകാതെ മടിയിലിരുന്ന രാമന്‍റെ പ്രതിമയെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു..രാമ നാമം കേള്‍ക്കുന്നിടത്തെല്ലാം സ്വച്ഛന്ദവിഹാരം അനുവദിച്ചു തന്ന വിധിയെ പഴിച്ചു..


ചിന്തകളെപ്പോഴൊ മനസിന്‍റെ കടിഞ്ഞാണയച്ചപ്പോൾ നെഞ്ചോട് ചേര്‍ത്തു പിടിച്ച രാമവിഗ്രഹത്തെ മെല്ലെത്തഴുകി...ഇന്നു പുലര്‍ച്ചയ്ക്ക് സൂര്യസ്നാനം നടത്താനെത്തിയപ്പോള്‍ ഒരു പെണ്‍‍കുട്ടിയില്‍ നിന്നും വാങ്ങിയതാണ്...ദാരിദ്ര്യം പേക്കോലങ്ങള്‍ കെട്ടിയാടിയ ആ കിളുന്ത് ശരീരം നന്നേ ക്ഷീണിച്ചിരുന്നു..വാടിയ മുഖത്തും പുഞ്ചിരിപ്പൂ വിടര്‍ത്തി അവള്‍ തന്നെ സമീപിക്കുകയായിരുന്നു...രാമനവമിക്ക് വേണ്ട പുഷ്പങ്ങളും വിഗ്രഹങ്ങളും വില്‍ക്കുന്നവള്‍ ... കൂടെയൊരു സ്ത്രീയും...അതും ദാരിദ്ര്യത്തിന്‍റെ രക്തസാക്ഷി തന്നെയായിരുന്നു... അവളുടെ അമ്മയായിരിക്കണം..

ആ കൂടയില്‍ പുഷ്പങ്ങള്‍ക്കൊപ്പം അവളുടെ സ്വപ്നങ്ങളുമുണ്ടാകും...എത്രയെത്ര വയറിന്‍റെ പശിയകറ്റാനാകും അവളീ വേഷം കെട്ടിയിരിക്കുക...?

താനാ വിഗ്രഹം വാങ്ങുമ്പോള്‍ അവളുടെ മുഖത്ത് മിന്നിമാഞ്ഞ സന്തോഷത്തിന്‍റെ തിളക്കം കണ്ടിരുന്നു...മണ്ണിനും പെണ്ണിനും വേണ്ടി പടയോട്ടങ്ങള്‍ നടന്ന ഈ മണ്ണില്‍ വിധിയോട് പടവെട്ടുന്ന ഇങ്ങനെ ചില ജീവിതങ്ങളും...

“രക്ഷിക്കണേ...ആരെങ്കിലും രക്ഷിക്കണേ...എന്‍റെ കുഞ്ഞ്...” നെഞ്ചു പൊട്ടുന്ന നിലവിളി കേട്ടിടത്തേക്ക് അറിയാതെ നോക്കിപ്പോയി... 

ആ സ്ത്രീ... ആ പെണ്‍‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നവര്‍ ...അങ്ങകലെ പൊടിപറത്തി ചീറിപ്പാഞ്ഞു പോകുന്ന ഒരു കാറിനു പിന്നാലെയാണവര്‍ ഓടുന്നത്... അതില്‍ നിന്നും കുപ്പിവളകളിട്ടൊരു കൈ രക്ഷിക്കണേ എന്നു പറയും പോലെ പുറത്തേക്ക് നീട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു..

ഓടിയോടി തളര്‍ന്നിട്ടാകും ആ മണൽപ്പരപ്പില്‍ അവര്‍ മുട്ടുകുത്തിയിരുന്നു തേങ്ങി...

രാമാ... ആ കുട്ടി... മനസ്സ് ചിന്താകലുഷിതമായി..

കൈ മെല്ലെ സരയുവിന്‍റെ തീരങ്ങളെ തലോടി... മണ്ണ്...നനഞ്ഞ മണ്ണ്...രക്തം വീണാകുമോ ഈ നനവ്...എത്രയെത്ര കുരുക്ഷേത്രങ്ങളും പാനിപ്പത്തുകളും ഈ മണ്ണിലുണ്ടായിരിക്കുന്നു...ഏതൊരു യുദ്ധക്കളത്തിനും പറയാനുണ്ടാകും കുറേയേറെ കണ്ണീരിന്‍റെ കഥകള്‍ ...കുഴിച്ചു നോക്കിയാല്‍ മണ്ണടിഞ്ഞു പോയ പഴയ യുദ്ധങ്ങളുടെ ശേഷിപ്പുകളും കിട്ടും...ഒരു യുദ്ധത്തിനു പിന്നാലെ വേറൊന്ന്...യുഗങ്ങള്‍ക്ക് പറയാന്‍ ഇനിയുമേറേ...സ്വാതന്ത്ര്യത്തിന്‍റെ വായുവെന്ന് വിശ്വസിച്ചു ശ്വസിക്കുന്നതിനുള്ളില്‍ അസ്വാതന്ത്ര്യത്തിന്‍റെ നനവുള്ളത് ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ..?എല്ലാവര്‍ക്കും കുറ്റബോധമുണ്ട്..ഒപ്പം ഭീരുത്വവും... ഈ ജനത എങ്ങോട്ടാണ്..

സമയം കടന്നു പോയതറിഞ്ഞില്ല....ചിന്തകളുടെ വേലിയേറ്റങ്ങള്‍ക്ക് തടയിണ വീണത് പിറകില്‍ കേട്ട കലടിശബ്ദത്തിലായിരുന്നു..ഞെട്ടി തിരിഞ്ഞു നോക്കി...തൊട്ടടുത്തെ കുറ്റിക്കാടാണ് ആ പാദങ്ങളുടെ ലക്ഷ്യമെന്നു മനസ്സിലായി... എന്തെന്നറിയാനുള്ള ആകാംഷ അസഹ്യമായപ്പോള്‍ ഓടുന്നവരിലൊരാളോട് കാര്യം തിരക്കി..

“ അവിടെ ...അവിടെ ഒരു പെണ്‍കുട്ടിയുടെ ശവശരീരം...” പറഞ്ഞു പൂര്‍ത്തിയാക്കാതെ അയാള്‍ ഓടി മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു...

ബോധമണ്ഡലത്തില്‍ ഒരു കൊള്ളിയാന്‍ വീശി... ഇനിയത് അവളാകുമോ..?

നിയന്ത്രിക്കാനായില്ല... ഓടി, അവർക്കൊപ്പം... ആ കുറ്റിക്കാട് ലക്ഷ്യമാക്കി... അവളാകരുതേ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു അപ്പോഴും...

അവിടെത്തി ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ...അല്ലാ ഇതവളല്ല... പക്ഷേ അവളുടെ അതേ പ്രായക്കാരി...

വിടരും മുമ്പേ ഒരു പൂമൊട്ട് കൂടെ കൊഴിഞ്ഞിരിക്കുന്നു.. അല്ല പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു, കാമവെറിയുടെ കരാള ഹസ്തങ്ങളാല്‍ ...കണ്ടു നില്‍ക്കാനാകാതെ വിഗ്രഹത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് നടന്നു, വീണ്ടും സരയുവിന്‍റെ തീരങ്ങളിലേക്ക്...അവിടെ ഒരുപാട് ജന്മങ്ങള്‍ മോക്ഷാര്‍ത്ഥം മുങ്ങി നിവരുന്നുണ്ടായിരുന്നു...പാപക്കറകളേറ്റ് വാങ്ങി സരയു പിടയുന്നു..

ഇതും ഒരു യുഗാവര്‍ത്തനം... ജ്യേഷ്ഠന്‍റെ ആജ്ഞ പാലിക്കാനാകാഞ്ഞ ദുഃഖത്തില്‍, തനിക്കെതിരെയുള്ള ശിക്ഷാനടപടികളെടുക്കാനാകാതെ വലയുന്ന രാമനെ ആ ഗതികേടില്‍ നിന്നും മുക്തനാക്കാന്‍ സ്വയം ഒടുങ്ങുകയായിരുന്നു ലക്ഷ്മണനീ സരയൂവില്‍ ...ഗതികേടുകള്‍ അടര്‍ത്തി മാറ്റിയ ബന്ധങ്ങളുടെ നോവിന്‍റെ തീച്ചൂളയില്‍ ഉരുകിത്തീരാനാകാതെ രാമനും ജീവിതം ഇവളില്‍ അവസാനിപ്പിച്ചു...എല്ലാം ഏറ്റു വാങ്ങി നിര്‍വ്വികാരയായി ഒഴുകുന്നിവള്‍ ...

കൈയ്യിലുണ്ടായിരുന്ന രാമ വിഗ്രഹം അവളുടെ തീരങ്ങളില്‍ പ്രതിഷ്ഠിച്ചു...ഞെട്ടിച്ചു കൊണ്ട് കുഞ്ഞലകള്‍ പിന്‍‍മാറി...വീണ്ടും ആവര്‍ത്തനമോ..? സീതയോട് ചെയ്ത തെറ്റിനു സ്വര്‍ഗ്ഗരോഹണ സമയത്തും അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ ഇവള്‍ വിമുഖത കാട്ടിയിരുന്നില്ലെ?ഇനിയും രാമനോടുള്ള നിന്‍റെ ദേഷ്യം അടങ്ങിയില്ലെന്നാണോ.?

സരയുവിന്‍റെ തീരങ്ങളിലൂടെ പിന്നെ തിരിച്ചു നടന്നു ചക്രവാളം ലക്ഷ്യമാക്കി.. അകലെയേതോ പന്തലില്‍ രാമകാഥാഖ്യാനം നടക്കുന്നു.. “ അങ്ങനെ തന്നോട് നീതികേട് കാട്ടിയ രാമനോട് ക്ഷമിക്കാനാകാതെ സീതാദേവി ഭൂമി പിളര്‍ന്നു പോയി....” ആഖ്യായകന്‍ വിശദീകരിക്കുന്നു....

മനസ്സ് മന്ത്രിച്ചു... “ഇല്ല ദേവിക്കൊരിക്കലും രാമനെ പ്രതിക്കൂട്ടില്‍ നിറുത്താനാവില്ല... നിശ്വാസങ്ങളിൽപ്പോലും ദേവി രാമനെ അറിഞ്ഞിരുന്നു...”

തീരത്തവശേഷിച്ച രാമവിഗ്രഹത്തിന്‍റെ കാല്‍ക്കലപ്പോള്‍ ഒരു മൃതശരീരം അടിഞ്ഞിരുന്നു... പിന്നിലെ അലകളൊഴുക്കുന്നൊരു കുഞ്ഞുപ്പൂക്കൂടയും ചിതറിത്തെറിച്ച പൂക്കളും...

വാടിയതുളസ്സിക്കതിര്‍പോലെ ആ നിശ്ചല ശരീരം രാമപാദങ്ങളെ തഴുകുമ്പോള്‍ അങ്ങകലെ ആ കാഴ്ചയില്‍ നിന്നും അകന്ന് ആ വൃദ്ധന്‍ നടന്നു മറഞ്ഞു കഴിഞ്ഞിരുന്നു...

“പൊയ്ക്കോളുക മാരുതി.... രാമരാജ്യത്തിന്‍റെ നല്ല കാഴ്ചകള്‍ അങ്ങയുടെ മനം കുളീര്‍പ്പിച്ച് നിറഞ്ഞു നില്‍ക്കട്ടെ... ഈ കാഴ്ചകള്‍ എനിക്കിരുന്നോട്ടെ... ഈ വേദനകളെങ്കിലും സ്വന്തമാക്കാന്‍ എന്നെ അനുവദിക്കു...”

തന്നിലലിഞ്ഞുചേര്‍ന്ന പാപക്കറകളും പേറി നാളെയുടെ നോവുകളിലേക്ക് സരയു പിന്നേയും ഒഴുകിക്കൊണ്ടിരുന്നു...ശാന്തയായ്..സൌമ്യയായ്...!

                                         ****************************

ഈ-മഴവില്ലില്‍ പ്രസിദ്ധീകരിച്ച കഥ...

ചിത്രത്തിനു കടപ്പാട്.....മഴവില്‍ ടീം..