Tuesday, March 29, 2016

സൌഭദ്രം..

സുഭദ്രേ....
ഉള്ളിന്റെയുള്ളിൽ ആ‍രോ വിളിക്കുന്നതു പോലെ.
എന്നാണിവൾ നെഞ്ചകം കീഴടക്കിയതെന്നറിയില്ല.
സിവിയുടെ മാനസപുത്രി എന്ന നിലയിലാണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നെപ്പോഴോ ചരിത്രത്തിന്റെ താളുകളിൽ നിന്നും അവൾ ഹൃദയത്തിൽ കുടിയേറി പാർത്തൂ.
യൌവ്വനത്തിന്റെ തുടക്കത്തിൽ അവൾ സിരകളിൽ ലഹരിയായി.
അല്ല്ലെങ്കിലും ഏതു പെണ്ണാണ് കൊതിക്കാത്തത് സുഭദ്രയെപ്പോലെയാകാൻ?
പിന്നീട് ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പരിഭവം പറയാതെ മനസിന്റെ ഏതോ കോണിൽ അവൾ നിശ്ശബ്ദയായി...
പക്ഷേ, അക്ഷരങ്ങളുടെ ചങ്ങാത്തം കൊളുത്തിയ ഇത്തിരി വെട്ടത്തിൽ വീണ്ടും ഇരുൾ‌മറ നീക്കി അവളിറങ്ങി വന്നു, നഷ്ടപ്പെട്ടുപോയ ആവേശമായി.

ചരിത്രത്തിൽ നിന്നും അവളുടെ ജീവിതത്തിന്റെ വേരുകൾതേടി പോകാൻ ആരോ പറഞ്ഞുകൊണ്ടേയിരുന്നു.
ആത്മഹത്യയെന്നോ കൊലപാതകമെന്നോ വ്യക്തമാക്കാതെ സിവി അവസാനിപ്പിച്ച കഥാപാത്രം.
ഉണ്ണിയാർച്ചയെപ്പോലെ ധൈര്യശാലിയും, എട്ടുവീട്ടിൽ‌പിള്ളമാരെന്ന കൂർമ്മബുദ്ധിക്കാരെ മുട്ടുകുത്തിച്ച കൌ‍ശലക്കാരിയും, യക്ഷിയെന്ന വ്യാജേന സ്ത്രീലമ്പടന്മാരെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച സാമർത്ഥ്യക്കാരിയുമായ സുഭദ്ര എന്ന ചെമ്പകത്തിനു എവിടെയാണ് പിഴച്ചത്?
പെട്ടെന്നൊരു ദിവസം അവളെങ്ങനെ ദുർബലയായി?
അമ്മയെ കാണാതെ, അച്ഛനെ അറിയാതെ പിറന്നിട്ടും കാരണവരുടെ കർശന നിയമങ്ങളിൽ വീർപ്പുമുട്ടിയിട്ടും അവളുടെ മുഖത്തെപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു, ആരുണ്ടെന്നെ തോല്പിക്കാനെന്ന മട്ടിൽ.. ആ പുഞ്ചിരി മാഞ്ഞു പോയതെപ്പോഴാണ്?
അന്വേഷിച്ചിറങ്ങുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങളനവധിയായിരുന്നു..
 എട്ടുവീട്ടിൽ പിള്ളമാരായിരുന്നു ആദ്യം ലക്ഷ്യം. ഏഴു കുടുംബങ്ങളുമുണ്ടായിരുന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഏറ്റവും ഒടുവിലാണ് കുടമണിലേക്ക് യാത്ര തിരിച്ചത്.
പത്തനംതിട്ട തെക്കേ അങ്ങാടിക്ക് സമീപം കുടമണിൽ വണ്ടിയിറങ്ങുമ്പോൾ ഹൃദയം തുടികൊട്ടുന്നുണ്ടായിരുന്നു. എവിടെയോ മറഞ്ഞിരുന്ന് അവൾ അമർത്തിച്ചിരിക്കുന്നതുപോലെ അനുഭവപ്പെട്ടു.
ആ പഴയ തറവാടിന്നില്ല. കോൺ‌ക്രീറ്റ് കെട്ടിടങ്ങൾ സ്ഥലം കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും എവിടെയോ ആ കുപ്പിവളകളുടയുന്നതുപോലെയുള്ള ചിരി കേൾക്കാമെന്നു തോന്നി.. പിന്നെ അവളവസാനം ചീന്തിയ ചോരയുടെ മണവും വായുവിൽ നിലനിൽക്കുന്നതായി തോന്നി.
കാലം മാറ്റി നിർത്തി കടന്നു പോയ, പരിസരത്തെ വാർദ്ധക്യങ്ങളെ കണ്ടെത്തി അവളെക്കുറിച്ചറിയാൻ ശ്രമിച്ചു.
ഒരുപാട് കഥകൾ കേട്ടു.. ചിലർ വാതോരാതെ സംസാരിച്ചു.
തിരികെപ്പോരുമ്പോൾ അവൾ ഉള്ളിലൊരു വിങ്ങലായി.
പഠാണികളുടെ കൂടാരത്തിൽ നിന്നും തിരികെ വരുന്ന സുഭദ്രയായിരുന്നു മനസു നിറയെ.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നോ? ചുണ്ടുകൾ വിതുമ്പിയിരുന്നോ?
ഒന്നുറപ്പ് ആ വരവിലാണ് അവൾ ദുർബ്ബലയായി കാണപ്പെട്ടത്..
തന്റെ ശരീരത്തിനു വില പറഞ്ഞ് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വട്ടമിടുന്ന ശവം തീനിക്കഴുകന്മാരെ വരച്ച വരയിൽ നിറുത്തി കണക്കു പറയിച്ച സുഭദ്ര തളർന്നുപോയത് പഠാണിപ്പുരയിൽ തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ മറ്റൊരു പെണ്ണിന്റെ ഭർത്താവായി വാഴുന്ന കാഴ്ച കണ്ടപ്പോഴായിരുന്നു..
ഭർത്താവുപേഷിച്ചു പോയിട്ടും പരാതിയും പരിഭവവുമില്ലാതെ ജീവിതയാഥാർത്ഥ്യങ്ങളെ സധൈര്യം നേരിട്ട് മനസാ വാചാ കർമ്മണാ അയാളുടെ ഭാര്യ ആയിത്തന്നെ ജീവിച്ച സുഭദ്ര തളർന്നു പോയത് ഇനി തന്റെ കാത്തിരുപ്പിനു അർത്ഥമില്ലെന്ന് മനസിലായപ്പോഴാണ്, താൻ കാത്തിരുന്നയാൾക്ക് വേറൊരു കുടുംബമായീയെന്ന തിരിച്ചറിവിലാണ്..
ആ തിരിച്ചറിവ് ഒരു പ്രാണത്യാഗത്തിൽ കൊണ്ടെത്തിച്ചിരുന്നോ അതോ മനസും ശരീരവും തളർന്നു പോയ അവളെ ചതിച്ചുവെന്ന പേരു പറഞ്ഞ് കുടമൺ പിള്ളയോ അനുചരന്മാരോ വകവരുത്തിയോ..?
കഥ അപൂർണ്ണമാ‍ക്കി അവൾ പോയി..
എന്തായാലും ഒന്നുറപ്പ്, അവളെ തോൽ‌പ്പിച്ചത് വിധിയും കാലവുമൊന്നും ആയിരുന്നില്ല, അയാളായിരുന്നു.. ആ‍ത്മാവും ശരീരവും കാൽക്കലർപ്പിച്ച പെണ്ണിനെ തട്ടിത്തെറിപ്പിച്ച് പോയി വേറെ ജീവിതമുണ്ടാക്കിയ ആണെന്നു പറയാൻ പറ്റാത്തവൻ, അവനാണു അവളെ കൊന്നത്..
സ്വന്തം പുരുഷനെ പങ്കു വയ്ക്കാൻ ഒരു സ്ത്രീയും തയ്യാറാവില്ലെന്നും അതവൾക്ക് മരണത്തോളം വേദന നൽകുന്നതാണെന്നും ചരിത്രവും കാലവും സുഭദ്രയിലൂടെ ഒരിക്കൽക്കൂടെ തെളിയിച്ചു.
ഒരിക്കൽ തന്റെ എല്ലാമായിരുന്നവനെ പുതിയ ജീവിതത്തിനു വിട്ടു കൊടുത്ത് അവൾ നിശ്ശബ്ദമായി വിധി നൽകിയ തോൽ‌വി ഏറ്റു വാങ്ങി.
ചോര പുരണ്ട താളുകൾ മറിഞ്ഞ് കാലമൊഴുകി... അയാൾക്കെന്തു സംഭവിച്ചിട്ടുണ്ടാകും? കാലമോ വിധിയോ അയാളോട് പ്രതികാരം ചോദിച്ചിട്ടുണ്ടാകുമോ? അവളുടെ അവസ്ഥയിൽ അയാളേയും കൊണ്ടെത്തിച്ചിരിക്കുമോ? അവളോട് ഒന്നു മാപ്പു പറയാൻ കൊതിച്ച് അയാളവളെ തിരക്കി നടന്നിട്ടുണ്ടാകുമോ?
അന്വേഷണം ബാക്കിയാകുന്നു...
ഇനിയും നടക്കേണ്ടിയിരിക്കുന്നു കാലത്തിലൂടെ, ചരിത്രത്തിന്റെ താളുകളിലൂടെ... അക്ഷരങ്ങളായി അവൾ പുനർജ്ജനിക്കും വരെ...
ഞാൻ നടന്നു തുടങ്ങുകയാണ്, അവളുടെ കാലടിപ്പാടുകൾ തിരഞ്ഞ്....

*******************************************************
സീതായനത്തിനു ഇനി പുതിയ വഴിത്തിരിവ്...
എഴുതിയതിനെക്കാൾ എഴുതാത്ത താളുകൾ ബാക്കിയാവുന്നു..
അനിവാര്യത... ഒരു വഴിത്തിരിവിന്റെ അനിവാര്യത..
ഒരിടവേള......
ചിത്രത്തിനു കടപ്പാട്... ഗൂഗിൾ

Monday, November 30, 2015

കുഴലൂത്തുകാരൻ‌.....

മണ്ണിന്റെ ഞെരിഞ്ഞമരൽ‌.. കൈ ചെറുതായി വേദനിച്ചു തുടങ്ങി.. വലിച്ചാലോ..?

മനസിന്റെ ഉത്തരത്തിനു കാത്തു നിന്നിട്ട് പ്രയോജനം ഇല്ലെന്നു തോന്നിയപ്പോൾ‌ പതിയെ പുറകോട്ട് വലിച്ചു.., നനഞ്ഞമർന്ന മണ്ണിൽ മിന്നൽ‌പ്പിണരുകൾ‌ വരയ്ക്കപ്പെട്ടു.. ചിന്തകൾ സന്ധിക്കെത്തി.. വേണ്ടാ കുറച്ചുകൂടെ സഹിക്കുക തന്നെ..

“ദാ.. ദാ പിടിച്ചോ.. പിടിച്ചോ.. ഞാനെറിഞ്ഞു..”


ചിന്തകൾക്ക് മുറിവേൽ‌പ്പിച്ചൊരു കുഞ്ഞു സ്വരം.. ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.. തിരയിൽ കളിക്കുന്ന രണ്ട് കുഞ്ഞു ബാല്യങ്ങൾ. അവരുടെ കുസൃതികൾ ചിരിക്കാൻ മറന്നു തുടങ്ങിയ ചുണ്ടിനേയും ആയാസപ്പെടുത്തി.. 


ഓർമ്മകൾ ശരവേഗത്തിൽ പിന്നിലേക്ക്..

“പൊന്നൂ.. കൂട്ടാരന്റെ കയ്യിൽ മുറുകെ പിടിച്ചോളൂട്ടോ.. കാലും ശരിക്ക് ചവിട്ടിക്കോ.. ന്നിട്ടാ ആകാശത്തിലേക്ക് നോക്കിക്കേ... കൂട്ടാരൻ നടക്ക്വാ.. മേഘങ്ങളും നമുക്കൊപ്പം വരും നോക്കിക്കോളൂട്ടോ..”

“ശ്ശോ ഞാൻ വീഴൂല്ലോ കൂട്ടാരാ..” മേഘങ്ങൾക്കൊപ്പം നടക്കാനുള്ള മോഹം മനസ്സിലൊതുക്കി ആശങ്ക തല നീട്ടി..

“ഇല്യാ പൊന്നൂ... കൂട്ടാരന്റെ കയ്യിൽ മുറുകെ പിടിച്ചോളൂട്ടോ..”

കൂട്ടാരന്റെ കാലിൽ കാൽ വച്ച്, കൈകളിൽ മുറുകെപ്പിടിച്ച് ഒപ്പം നടക്കുമ്പോൾ ആകാശത്തെ മേഘങ്ങളെ കൌതുകത്തോടെ നോക്കിച്ചിരിക്കുന്നൊരു അഞ്ചു വയസ്സുകാരി..

ഒന്നിനും പകരം വയ്ക്കാനാവത്ത ബാല്യം.. എന്തിനോ ഉയർന്ന നെടുവീർപ്പ് പകുതിയിൽ മുറിഞ്ഞു..

എവിടാവും കൂട്ടാരനിപ്പോള്‍..? ചോദ്യങ്ങൾ വീണ്ടും കൂടുകൂട്ടി..

തിരകൾ ആർത്തി പിടിച്ച് കരയെ പുണർന്നു മടങ്ങുന്നു.. പ്രക്ഷുബ്ദമായ കടലിൽ മുഖം നോക്കാനെത്തിയ മേഘങ്ങളും വിതുമ്പലുകൾ ഉള്ളിലൊതുക്കി നിരാശയോടെ കാറ്റിന്റെ ഗതിയിലൊഴുകി.. അകലെ ചക്രവാളത്തിൽ ഭൂമിയോട് വിട പറയാനൊരുങ്ങുന്ന പകലോൻ.. ആകാശത്തിന്റെ തുമ്പത്ത് ആരോ വരച്ചിട്ട ചിത്രം പോലെ കപ്പലുകൾ.. അവ ചലിക്കുന്നുണ്ടോ.. അകലം,  ചോദ്യത്തിനുത്തരം നിഷേധിച്ചു.. 

മടങ്ങിവരുന്ന വഞ്ചികളിൽ കരയിൽ കാത്തിരിക്കുന്ന ഒട്ടേറെ മനസ്സുകളുടെ പ്രതീക്ഷകളുണ്ടാവും.. ആ മനസ്സുകളിൽ കാറും കോളും അടങ്ങിയിരിക്കുമോ..? തീ പിടിച്ച ചിന്തകൾ കരണ്ടു തിന്നുന്നുണ്ടാവില്ലേ..?


സ്വപ്നങ്ങളുടെ മായക്കൊട്ടാരത്തിൽ സുഖസുഷുപ്തിയിലായിരുന്ന മനസ്സിനെ ചിന്തകൾ കരണ്ടു തുടങ്ങിയതെന്നു മുതലെന്നറിയില്ല.. യാഥാർത്ഥ്യത്തിലേക്കിറങ്ങി വരാൻ മടിയായിരുന്നു.. 

ബാല്യവും കൌമാരവും നഷ്ടങ്ങളായി എഴുതപ്പെട്ടപ്പോൾ നേടിയെടുക്കാനുള്ള വെമ്പലായിരുന്നു യൌവ്വനത്തിന്.. ചെറിയ ചെറിയ മോഹങ്ങൾ പുഷ്പിച്ചു തുടങ്ങിയപ്പോൾ വലിയ വലിയ മോഹങ്ങൾ മനസ്സിൽ ചേക്കേറി.. ഭാഗ്യമോ നിർഭാഗ്യമോ.. മോഹിച്ചതിനെക്കാൾ കിട്ടിത്തുടങ്ങിയപ്പോൾ വീണ്ടും വീണ്ടും നേടിയെടുക്കാൻ കൊതിച്ചു.. 

കളിപ്പാട്ടങ്ങളാർക്കും കൊടുക്കാതെ ചേർത്തു പിടിക്കുന്ന കുഞ്ഞിന്റെ മനസ്സോടെ നേട്ടങ്ങളെ വിധിക്ക് വിട്ടു കൊടുക്കാനാവാതെ നെഞ്ചോട് ചേർത്ത് കിതയ്ക്കുമ്പോൾ കാതിലലച്ച ഒരു മന്തുകാലന്റെ ചിരിയും ഉരുണ്ടു വരുന്ന കല്ല്, കാറ്റിലുരസുന്ന ശീൽക്കാരവും കേട്ടില്ലെന്നു നടിച്ചു..

ഉറക്കമില്ലാത്ത രാവുകളിൽ പിന്നെയെപ്പോഴോ എലികൾ സാന്നിധ്യം അറിയിച്ചു തുടങ്ങി.. എവിടെനിന്നെന്നറിയാതെ പാഞ്ഞു വരുന്നവ ഞാനെന്ന അസ്തിത്വത്തെ മറന്ന് ആർത്തുല്ലസിക്കാൻ തുടങ്ങി.. തലങ്ങും വിലങ്ങും ഓടി, കണ്ണിൽ കണ്ടതൊക്കെ കരണ്ടു തിന്ന്‍ അവ മുറിയിലാകെ സ്വൈര്യവിഹാരം നടത്തി.. 

സ്വയം അവയ്ക്കാഹാരം ആയേക്കുമോയെന്ന ഭയം കീഴ്പ്പെടുത്തിയപ്പോൾ വിളക്കു കെടുത്തി മുറിയുടെ കോണിൽ കമ്പളം പുതച്ച് പതുങ്ങിയിരുന്നു.. 

നിദ്ര തലോടാൻ മടിച്ച രാവിന്റെ അന്ത്യയാമങ്ങളിലെപ്പോഴോ പഠിച്ചു മറന്നൊരു കഥ ഓർമ്മകളിൽ മിന്നിമാഞ്ഞു..  ഓർമ്മകളുടെ മൺചെരാതു വീണുടഞ്ഞിട്ടും, പ്രജ്ഞയ്ക്ക് മേൽ മാറാല കെട്ടിയിട്ടും, ഇന്നലെകൾ മാഞ്ഞുപോയിട്ടും, ഒരു കുഴലൂത്തുകാരനെ എന്തുകൊണ്ടോ മനസ്സ് കാത്തിരുന്നു..


രാവും പകലും വേർതിരിച്ചറിയാൻ കഴിയാത്ത നിമിഷങ്ങൾ നാഴികകൾക്കും യാമങ്ങൾക്കും വഴി മാറവെ, താഴിട്ട മനസ്സിന്റെ വാതായനം തള്ളിത്തുറന്ന് ആ വശ്യമനോഹര സംഗീതം ഒഴുകിയെത്തി..  ചുറ്റിലും നടക്കുന്നതിനെക്കുറിച്ച് ബോധമുൾക്കൊള്ളും മുമ്പു തന്നെ എലികളോരോന്നായി കളം ഒഴിഞ്ഞു തുടങ്ങിയിരുന്നു..

പിന്നീടുള്ള രാത്രികളിൽ ആ സംഗീതം ഉറക്കുപാട്ടായി.. രാവിന്റെ ശീതളിമയിൽ ഭയം കരളാത്ത, ചിന്തകൾ മുങ്ങിമരിച്ച മനസ്സോടെ എല്ലാം മറന്നുറങ്ങിത്തുടങ്ങി... 

പക്ഷേ....

ഭ്രമത്തിന്റെ മാറാല നീക്കി നേരിന്റെ വെളിച്ചത്തിലേക്ക് തല നീട്ടിയപ്പോൾ അറിഞ്ഞു....ആ സംഗീതം അകലുകയാണ്.. അടുത്തു നിന്നു കേട്ടതിപ്പോള്‍ പതിയെ പതിയെ അകലങ്ങളിലേക്ക് ചേക്കേറിത്തുടങ്ങിയിരിക്കുന്നു..

അവൻ അകലങ്ങളിലേക്കാണ്... അടർത്തിയെടുത്ത കരളുന്ന ചിന്തകളുമായി... കാഴ്ചകൾക്കപ്പുറം... ശബ്ദത്തിനും വാക്കിനുമപ്പുറം വെറും സംഗീതമായി അവനലിയുന്നത് വേദനയോടെ തിരിച്ചറിഞ്ഞു.. 

മായുന്ന കാഴ്ചകളിൽ എന്റെ മോഹങ്ങളുണ്ട്.. കൈവിട്ടാൽ..?


ചാടിയെണീറ്റു... 


ഏറെപ്പണിപ്പെട്ട് പടുത്തുയർത്തിയ മണൽക്കൊട്ടാരം കൈ വലിച്ചെടുത്തപ്പോൾ തകർന്നടിഞ്ഞത് അറിഞ്ഞില്ല.. കണ്ണിൽ മാഞ്ഞുതുടങ്ങുന്ന കാഴ്ച മാത്രമായിരുന്നു.. അകലുന്ന സംഗീതം കാതുകളെ മറ്റു ശബ്ദങ്ങൾ കേൾക്കാതെ കൊട്ടിയടച്ചു.. തീരുമാനിച്ചുറപ്പിച്ച ചുവടുകൾക്കൊപ്പം മുന്നോട്ട് നീങ്ങുമ്പോൾ കാറ്റിലുരഞ്ഞ് വസ്ത്രം തേങ്ങിയത് അവഗണിച്ചു.. 

“പൊന്നൂ‍.. ഒന്നു നിന്നേ..” കൂട്ടാരൻ വിളിക്കുന്നുണ്ടോ..?

ചെവികൊടുക്കാൻ വയ്യ.. ആ സംഗീതത്തോടൊപ്പമെത്തണം.. അത് വെറുമൊരു മരീചികയാണെന്നു മനസ്സ് പലവട്ടം പറഞ്ഞു പഠിപ്പിച്ചിട്ടും വിശ്വസിക്കാനാവാത്തതുപോലെ നടന്നു.. പിന്നിലെ കാൽ‌പ്പാടുകളെ കാലത്തിന്റെ തിരകൾ മായ്ക്കുന്നത് കണാതെ.. മാഞ്ഞു തുടങ്ങിയ മരീചിക ലക്ഷ്യം വച്ച്...

ചിത്രങ്ങൾക്ക് കടപ്പാട്... ഗൂഗിൾ

Thursday, October 16, 2014

മാധവീലതകൾ പൂക്കുമ്പോൾ...

“സാധനം ഇങ്ങോട്ട് മാറി നിൽക്കാ... ന്തേലും പറയാനുണ്ടാവോ?”

കുനിഞ്ഞ ശിരസ്സുയർത്തി ശബ്ദം കേട്ട ദിക്കിലേക്ക് അവൾ നോക്കി.

ആ കണ്ണുകളിൽ പരിഭ്രമത്തിന്റെ നിഴലുണ്ടായിരുന്നില്ല.

വന്യമായ തിളക്കം.

എന്തിനോടോ ഉള്ള പക.
                      
വിശിഷ്ടവ്യക്തികൾ സന്നിഹിതരായ സ്മാർത്ത വിചാര വേദി.

സ്മാർത്തകൻ ജയദേവൻ നമ്പൂതിരി വിയർക്കുന്നു.

കൊച്ചീ രാജാവിന്റെ മുഖത്തും അസ്വസ്ഥതയുടെ നേരിയ നിഴൽ കാണാം.

വിറയ്ക്കാത്ത സ്ത്രീ ശബ്ദം ആവർത്തിച്ചു, “അടുത്ത ആളുടെ പേരു പറയാമോ?”

“മതി..!” രാജാവിന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു.എന്താവും ആ മുഖത്തെ ഇപ്പോഴത്തെ ഭാവം?

അവളുടെ തുടുത്ത ചെഞ്ചൊടികളുടെ കോണിൽ വിടർന്നു കൊഴിയുന്നൊരു പുഞ്ചിരിപ്പൂവിനായി  കണ്ണുകൾ ആർത്തിയോടെ പരതി.

“ടീച്ചറെ...ഇതാണു താത്രിക്കല്ല്..”

സ്വപ്നലോകത്തിന്റെ പടികൾ വഴുതി വീണത് അലോസരപ്പെടുത്തിയ ആ ശബ്ദശകലങ്ങളിലേക്കായിരുന്നു.

സ്ഥലകാലബോധം വീണ്ടെടുക്കാൻ പിന്നെയും നിമിഷങ്ങൾ വേണ്ടി വന്നു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നവളെപ്പോലെ പകച്ച മിഴിയോടെ ആ കല്ലിലേക്ക് നോക്കി.

സർപ്പശിലകളെ അനുസ്മരിപ്പിക്കുമാറ് വന്യമായ സൌന്ദര്യത്തോടെ “താത്രിക്കല്ല്” നിലകൊള്ളുന്നു.

ഒന്നുകൂടെ കല്ലിലേക്ക് കണ്ണുകൾ തറപ്പിച്ചു.

കുപ്പിവളകൾ നിലത്തുവീണുടയും പോലെ അവൾ ചിരിക്കുന്നുണ്ടോ, വശ്യമായി?

കുറ്റിയറ്റ്, അന്യാധീനമായ കൽ‌പ്പകശ്ശേരി ഇല്ലപ്പറമ്പിലെ വൃക്ഷലതാദികളെ തഴുകി അപ്പോഴും കാറ്റ് വീശുന്നുണ്ടായിരുന്നു.

കണ്ണീരിന്റെ നനവുള്ള കാറ്റ്.

“ടീച്ചർ, ഉച്ചകഴിഞ്ഞാൽ ഇവിടെ നിൽക്കണത് അത്ര പന്തിയല്യാ. താത്രിക്കുട്ടീടെ ആത്മാവ് ഇവിടൊക്കെ അലഞ്ഞു തിരിയുന്നുണ്ടത്രേ...” വഴികാട്ടിയുടെ മുന്നറിയിപ്പ്.

എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കിവച്ച മനസ്സുമായി ഇല്ലപ്പറമ്പിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സിനെ ആരോ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു...

അത് അവളാകുമോ, താത്രിക്കുട്ടി?

പ്രഭുത്വം കൊടികുത്തിവാഴുന്ന കാലം.

ആൺ‌മേൽക്കോയ്മയുടെ മറ പറ്റി നെടുവീർപ്പ് വിട്ടിരുന്ന അന്തർജ്ജനങ്ങൾ എന്നു മുദ്രകുത്തപ്പെട്ട ഒരു വിഭാഗം.

ആലംബഹീനയായ ഒരു പെൺ‌കുട്ടി ഈ സമുദായക്കോലങ്ങൾക്കെതിരെ ആഞ്ഞടിച്ചു.

പഴമയുടെ പിന്നാമ്പുറങ്ങളിലേക്ക് നീണ്ടുകിടക്കുന്ന അതിസങ്കീർണ്ണമായ ഒരു ആധിപത്യ വ്യവസ്ഥിതിയെയാണ് അവൾ തന്റെ ശരീരം കൊണ്ട് നേരിട്ടത്.

ചന്ദ്രോത്സവത്തിന്റെ മറയിൽ വേശ്യാരാധനയും കാമപൂജയും നടത്തുന്ന സവർണ്ണസമൂഹം.

പക്ഷേ അബദ്ധത്തിൽ‌പ്പോലും തങ്ങളുടെ സ്ത്രീജനങ്ങൾക്കുമേൽ വീഴുന്ന പരനിഴലിനെതിരെ ആക്രോശത്തോടെ അവർ ആഞ്ഞടിക്കും.

പിന്നെ സ്മാർത്തവിചാരങ്ങളുടെ പേരിൽ കുറേപേർ അവിടെ ഉണ്ടുറങ്ങും.

അതുകഴിയുമ്പോൾ ഭ്രഷ്ട് കൽ‌പ്പിക്കലായി, പടിയടച്ച് പിണ്ഡം വയ്ക്കലായി.

ഈ കപടസദാചാര നീതിവ്യവസ്ഥയോടായിരുന്നു അവളേറ്റുമുട്ടിയത്.

തന്നെ വിധിക്കാനെത്തിയ നിയമശൃംഖലയ്ക്കുള്ളിൽക്കടന്ന് അതിന്റെ തന്നെ അധികാരികൾക്കെതിരെപ്പോലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞ പെണ്ണിതിഹാസം..

ഇരുപതാം നൂറ്റാണ്ടിന്റെ ഈ ഉണ്ണിയാർച്ച അധികാരസമൂഹത്തെ മുഴുവൻ കുറച്ചുനാൾ മുൾമുനയിൽ നിർത്തി.

കാലത്തിന്റെ തിരക്കഥയിലിനിയും മങ്ങലേൽക്കാത്ത സ്ത്രീ കഥാപത്രം.

താത്രിക്കുട്ടി എന്ന കുറിയേടത്തു താത്രി.

സാധാരണ സ്മാർത്തവിചാരവേദികളിൽ സ്മാർത്തകനും പരിവാരങ്ങൾക്കും “സാധനം” എന്നോമനപ്പേരിട്ടു വിളിക്കുന്ന നടപ്പുദോഷം ആരോപിച്ച സ്ത്രീയെ പീഡനമുറകൾക്ക് വിധേയരാക്കേണ്ടി വരാറുണ്ട്, സത്യം പറയിക്കാൻ.

എന്നാൽ, താത്രി അവിടേയും വ്യത്യസ്തയായിരുന്നു.

ഒരു പ്രേരണയും കൂടാതെ, തന്റെ പീഡനപർവ്വം, സ്ഥലവും നാളും തിയതിയും സമയവുമടക്കം, തെളിവുകളോടെ, ഒരു കഥപറയുന്ന ലാഘവത്തിൽ പറഞ്ഞുകൊണ്ടിരുന്നു, എന്നു മാത്രമല്ല തന്റെ മൊഴി ഒരിടത്തും അവൾ മാറ്റിപ്പറഞ്ഞതുമില്ല.

രണ്ടു തവണ താത്രി സ്മാർത്തവിചാരത്തിനു വിധേയയായി.

1904ന്റെ അവസാനത്തിലും, 1905 ലും.

ആദ്യത്തേത് കേവലം സമുദായമധ്യത്തിലായിരുന്നെങ്കിൽ, രണ്ടാമത്തേത് രാജാവിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.

ഇതിനിടയിൽ, അവൾക്കെതിരെയുണ്ടായ വധഭീഷണിയുടെ അടിസ്ഥാനത്തിൽ ആദ്യ സ്മാർത്തവിചാരസമയത്ത് ചെമ്മന്തിട്ടയിൽ നിന്നും ഇരിങ്ങാലക്കുടയ്ക്കും, രണ്ടാമത്തെ വിചാരത്തിനു തൃപ്പൂണിത്തുറയിലേക്കും മാറ്റിപ്പാർപ്പിച്ചു.

അന്നുവരെ നിലവിലില്ലാതിരുന്ന പല രീതികൾക്കും മാറ്റം വന്നു, ആ സ്മാർത്തവിചാരത്തിൽ.

പെണ്ണു ചൂണ്ടിക്കാട്ടുന്നവരെ മുൻ‌പിന്നാലോചിക്കതെ ഭ്രഷ്ട് കൽ‌പ്പിക്കുന്ന രീതിയെ കാറ്റിൽ‌പ്പറത്തി ആണുങ്ങൾക്ക് വാദിയെ വിസ്തരിക്കാനും ചോദ്യം ചെയ്യാനുമുള്ള അനുമതി നൽകി.

ഒരു ബാരിസ്റ്ററിന്റെ നിപുണതയോടെ തനിക്കുനേരെ വരുന്ന ചോദ്യങ്ങളെ അവൾ നേരിട്ടുവെന്ന് ഈ സന്ദർഭത്തെക്കുറിച്ച് അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യാഥാർത്ഥ്യങ്ങൾക്കുമേൽ കെട്ടുകഥകളുടെ ചൊൽക്കാഴ്ചയായിരുന്നു താത്രീചരിതം എന്നുവേണമെങ്കിൽ പറയാം.

തൃപ്പുണ്ണിത്തുറയിലെ മ്യൂസിയത്തിൽ ഇന്നും സൂക്ഷിക്കുന്ന സ്മാർത്തവിചാരരേഖകൾ മാത്രമാണ് ഇവയിലെ സംസാരിക്കുന്ന തെളിവുകൾ.

പക്ഷേ അതൊട്ട് പൂർണ്ണമെന്ന് പറയാനുമാവില്ല.

താത്രിയിന്നും യക്ഷിക്കഥകളിലെ അവിശ്വസനീയ കഥാപാത്രമായിത്തന്നെ നിലകൊള്ളുന്നു.

ജഗദംബികയായി താത്രിയെ കാണുന്ന മാടമ്പ് കുഞ്ഞിക്കുട്ടനും, നീചവേശ്യയുടെ സ്ഥാനത്തു കാണുന്ന ആലങ്കോട് ലീലാകൃഷ്ണനും, പിന്നെ മനോരോഗിയായി കാണുന്ന പലരും ചേർന്ന് താത്രിക്ക് വ്യത്യസ്ത രൂപപരിവേഷങ്ങൾ ചാർത്തിക്കൊടുത്തിട്ടുണ്ട്.

ഇതിനിടയിലെ യഥാർത്ഥ താത്രി ആരെന്ന ചോദ്യം മാത്രം അപ്പോഴും ബാക്കിയാവുന്നു.

കൽ‌പ്പകശ്ശേരി ഇല്ലത്തേക്കുള്ള എന്റെ യാത്ര ഇതിനൊരു മറുപടി തിരഞ്ഞായിരുന്നു.

സ്മാർത്തവിചാരങ്ങൾക്കുമുമ്പുള്ള താത്രിയെക്കുറിച്ചും അതിനുശേഷമുള്ള താത്രിയെക്കുറിച്ചും ആധികാരികമായി വിലയിരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ലായെന്നുള്ളത് അനിഷേധ്യമായ വസ്തുത തന്നെയാണ്.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തേണ്ടി വരുന്ന വസ്തുത..

താത്രിയുടെ മുൻ‌കാല ജീവിതത്തെക്കുറിച്ച് നമുക്കുള്ള വിവരം സ്മാർത്തവിചാരവേദിയിൽ താത്രി പറഞ്ഞ വാക്കുകളിലൂടെ മാത്രം ലഭ്യമാകുന്നവയാണ്.

ഒമ്പതുവയസ്സു പ്രായമുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടൊരു പെൺ‌കുട്ടി..

പിന്നീട് അതേ വ്യക്തിയുടെ അനിയന്റെ വേളിയായി ആ ഇല്ലത്തിലേക്കൊരു പറിച്ചു നടീൽ, അതും പതിമൂന്നാം വയസ്സിൽ...

അറുപതുകാരന്റെ പത്നിയായി അവിടേക്ക് ചെല്ലുമ്പോൾ തന്നെ ആ പെൺ‌കുട്ടിയുടെ മനസിൽ യൌവ്വനത്തിന്റെ മായക്കാഴ്ചകൾ പടുത്തുയർത്തിയ സ്വപ്നക്കൂടാരം തകർന്നടിഞ്ഞിട്ടുണ്ടാവണം.

കളിപ്രായം മാറും മുമ്പേ ജീവിതത്തിൽ നേരിടേണ്ടി വന്ന പീഡനവും അവളുടെ മനസിന്റെ സമനില തെറ്റിച്ചിട്ടുണ്ടാകണം.

അതൊരു പകയായി അവളിൽ വേരോടിയിരിക്കണം.

ആണെന്നു പറയുന്ന വർഗ്ഗത്തോട് മുഴുവനായി ആ പക വളർന്നിരിക്കണം.

തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനത്തെ അവളതിനു ആയുധമാക്കിയിരിക്കണം.

ഇവിടേയും ഒന്നും ആധികാരികമായി പറയാൻ കഴിയുന്നതല്ല..

തൃശ്ശൂർ തലപ്പിള്ളിത്താലൂക്കിലെ കൽ‌പ്പകശ്ശേരിയില്ലത്ത് അഷ്ടമൂർത്തി നമ്പൂതിരിയുടെ മകളായി പിറന്ന താത്രി, പിന്നീട് കുറിയേടത്തെ രാമൻ നമ്പൂതിരിയുടെ ഭാര്യ ആയതോടെയാണ് കുറിയേടത്ത് താത്രിയാകുന്നത്.

ഒമ്പതാം വയസ്സുമുതൽ ഇരുപത്തിമൂന്നു വയസ്സു വരെ അവളുടെ ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയ ആൺ‌വേഷങ്ങൾ..

ശരിക്കും എന്തായിരുന്നു സംഭവിച്ചത്...?

പീഡനമോ പകപോക്കലോ?

അന്നത്തെ സ്മാർത്തവിചാരത്തിനുപോലും ഇതിനു സർവ്വസമ്മതമായൊരുത്തരം തരാൻ കഴിഞ്ഞിട്ടില്ല...

പക്ഷേ, സ്മാർത്തവിചാരരേഖകളിലെ താത്രിയുടെ വാക്കുകളിലൂടെ കടന്നുപോകുന്നൊരാൾക്ക് അവളിലൊരു സഹതാപമുണർത്തുന്ന പെണ്ണിനെ കാണാനാവില്ല.

പകരം പകയുടെ ആൾ‌രൂപമായൊരു സ്ത്രീയെയാണ് ദർശിക്കാനാവുക....

ഭാരതപ്പുഴയെ വഴിമാറ്റിയൊഴുക്കി “ആറങ്ങോട്ട്കര” ആക്കിയ സിദ്ധൻ പോലും കരുതിയിട്ടുണ്ടാവില്ല ആ കരയിലിങ്ങനെയൊരു സ്ത്രീപ്പിറവിയുണ്ടാകുമെന്ന്.

താത്രിക്കൊപ്പം സ്മാർത്തവിചാരത്തിൽ ഭ്രഷ്ട് കൽ‌പ്പിക്കപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ നില നിൽക്കുന്നു.

അറുപത്തിയഞ്ചെന്നും അറുപത്തിയാറെന്നും എൺ‌പത്തിയെട്ടെന്നുമൊക്കെ വാദങ്ങളുണ്ട്..

ഈ പട്ടികയിൽ സ്വന്തം പിതാവിനെയും പ്രതി ചേർത്തിട്ടുണ്ട് താത്രി..

അമ്മ ഇളയകുട്ടിയ്ക്ക് ജന്മം നൽകി വിശ്രമിക്കുന്ന സമയത്ത് രോഗബാധിതനായ അച്ഛന്റെ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ട താത്രിയെ അച്ഛൻ പീഡിപ്പിക്കുന്നതായിട്ടാണ് താത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച സഹോദരനും തന്നെ പീഡിപ്പിച്ചുവെന്നവൾ പറയുന്നുണ്ട്.

കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന കഥകളി നടന്റെ കീചകവേഷത്തോടുള്ള  താത്രിയുടെ ആരാധനയാണ് ആ മഹാകലാകാരനേയും പീഡനപർവ്വത്തിൽ കൊണ്ടുവന്നെത്തിച്ചത്.

അങ്ങനൊരു പേരുദോഷം കേൾക്കേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ആ കാലഘട്ടം പണിക്കരുടെ പേരിൽ അറിയപ്പേട്ടേനെ...

അത്രയ്ക്കും കഴിവുള്ള കലാകാരനായിരുന്നുവത്രേ ശ്രീ പണിക്കർ..

ഇത്രയും സ്വഭാവദൂഷ്യമുള്ള സ്ത്രീയോടൊപ്പം വസിച്ചു എന്ന തെറ്റിനാണ് താത്രിയുടെ ഭർത്താവിനും രാജാവ് ഭ്രഷ്ട് കൽ‌പ്പിച്ചത്.

ഈ കാലയളവിൽ ഭ്രഷ്ടാക്കപ്പെട്ടവരുടെ സന്താനങ്ങളെയുൾപ്പടെ സമൂഹത്തിൽ നിന്നും പുറന്തള്ളി നാടുകടത്തി എന്നു പറയുന്നതിൽ നിന്നും മനസിലാക്കാവുന്നതേയുള്ളൂ ഈ പീഡനകഥയുടെ പരിസമാപ്തിയിൽ ദർശിക്കുന്ന ക്രൂരത...

സ്മാർത്തവിചാരത്തിനുശേഷം നാടുകടത്തപ്പെട്ട താത്രിക്ക് പിന്നെന്തു സംഭവിച്ചു?

അതിനും ആധികാരികമായൊരുത്തരം ആർക്കും തരാനാകുന്നില്ല..

മതം മാറി താത്രി ഒരു ആംഗ്ലോ ഇൻഡ്യനെ വിവാഹം കഴിച്ചുവെന്നും പലരാൽ പീഡിപ്പിക്കപ്പെട്ടിട്ടും മാതൃത്വഭാഗ്യം ലഭിക്കാതെ പോയ താത്രി അതിനുശേഷം രണ്ടുകുട്ടികൾക്ക് ജന്മം നൽകിയെന്നും അതിലൊരാൾ പിൽക്കാലത്ത് പ്രശസ്തയായ ഒരു നടിയുടെ അമ്മയാണെന്നുമൊക്കെ കിംവദന്തികൾ നിലവിലുണ്ട്...

ഇവയിലേതാണ് സത്യം ഏതാണ് അസത്യം എന്നു പറയാൻ താത്രി ഇനിയും പുനർജ്ജനിക്കേണ്ടിയിരിക്കുന്നു..

എല്ലാത്തിനും മൂകസാക്ഷിയായി ആറങ്ങോട്ട് കരയിലെ കാർത്ത്യായിനീക്ഷേത്രം ഇന്നും നിലനിൽക്കുന്നുണ്ട്...

താത്രിയുടെ അച്ഛൻ തിരുമേനി പൂജ ചെയ്തിരുന്ന ആ ക്ഷേത്രത്തിലെ വിഗ്രഹം താത്രിയുടെ സ്മാർത്തവിചാരത്തിനുശേഷം ഉടഞ്ഞുപോയത്രേ..

പിന്നവിടെ പുനർജ്ജനിച്ച മാധവീലതയ്ക്കായി പൂജ...

വൃക്ഷത്തെ പൂജിക്കുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിലൊന്നാണ് ഈ കാർത്ത്യായിനീ ക്ഷേത്രമിന്ന്.

താത്രിയുടെ പുനർജ്ജന്മമാണിതിലെ പുഷ്പങ്ങളെന്നു പറയുന്നു.

മഞ്ഞയും പിങ്കും കലർന്ന വിചിത്രരൂപികളെങ്കിലും വശ്യമായ സൌന്ദര്യത്തിനുടമകളായ മാൽ‌പീജിയെസീ കുടുംബത്തിൽ‌പ്പെട്ടതാണീ പൂക്കൾ.

താത്രിയേയും മാധവീലതയേയും കൂട്ടിയോജിപ്പിക്കുന്ന കണ്ണിയെന്തെന്ന് തിരയണമെങ്കിൽ പുരാണങ്ങളിലേക്ക് പോകേണ്ടി വരും.

പുരാണങ്ങളിൽ പുതിയ വ്യാഖ്യാനങ്ങൾക്ക് ഇടംകൊടുത്ത കഥാപാത്രമാണ് യയാതി.

യൌവ്വനം ധൂർത്തടിച്ച മഹാരാജാവ്..

ഒടുവിൽ തന്റെ ചെയ്തികൾക്ക് പ്രതിഫലമായി ലഭിച്ച വാർദ്ധക്യത്തെ മകനു വച്ചൊഴിഞ്ഞ ഭോഗലോലുപൻ...

യയാതിക്ക് ശർമ്മിഷ്ഠയും ദേവയാനിയും കൂടാതെ അശിർവിന്ദുമതി എന്നൊരു ഭാര്യ കൂടെ ഉള്ളതായി പറയപ്പെടുന്നു...

അതിലുണ്ടാകുന്ന മകളാണ് മാധവി.

ചെറുപ്രായത്തിൽ അമ്മ നഷ്ടപ്പെടുന്ന മാധവിയെ ആ ദുഃഖം അറിയിക്കാതെയാണ് ദേവയാനി വളർത്തുന്നത്.

കൌമാരസ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ച കാലം....

വിവാഹത്തെക്കുറിച്ചും വിവാഹാനന്തര ജീവിതത്തെക്കുറിച്ചും സപ്തവർണ്ണച്ചിത്രങ്ങൾ മനസ്സിൽ വരച്ചിട്ടിരുന്നു അവൾ..

അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി യയാതി മകളെ വിളിച്ച് ഗാലവൻ എന്ന മുനികുമാരനൊപ്പം പോകാൻ ആവശ്യപ്പെടുന്നത്..

തന്റെ സുന്ദരിയായ മകളെ ഏതെങ്കിലും രാജാവിനു കൊടുത്ത് കിട്ടുന്ന കന്യാശുൽക്കം താൻ തരാനുള്ള കടമായിട്ടെടുത്തുകൊള്ളാൻ നിറഞ്ഞ സഭയിൽ വച്ച് പറയുകയും ചെയ്യുന്നു...

ഒരു പെണ്ണിനു ഇതിലും വലിയ അപമാനം മറ്റെന്താണ് സംഭവിക്കാനുള്ളത്?

വിശ്വാമിത്ര മഹർഷിയുടെ ശിഷ്യനായിരുന്നു ഗാലവൻ..

ഗുരുകുലവിദ്യാഭ്യാസാനന്തരം ഗുരുദക്ഷിണ ചോദിക്കാൻ ഗാലവൻ മുനിയെ നിർബന്ധിക്കുന്നു...

നിവൃത്തികെട്ട മുനി ഒരു ചെവി കറുത്ത, നിലാവുപോലെ വെളുത്ത, എണ്ണൂറ് അശ്വങ്ങളെ കാഴ്ചവയ്ക്കാൻ ആവശ്യപ്പെടുന്നു..

അതിനായിട്ടാണ് ആ മുനികുമാരൻ യയാതിയുടെ അടുക്കലെത്തുന്നത്...

അശ്വമേധം കഴിഞ്ഞിരിക്കുന്ന അവസരമായതുകൊണ്ട് മുനികുമാരന്റെ ആവശ്യം നിരാകരിക്കാൻ യയാതിക്ക് കഴിഞ്ഞില്ല...

എന്നാൽ ആ ആവശ്യം സാധിച്ചുകൊടുക്കാൻ സുഖലോലുപനായ ആ രാജാവിനു അനുകൂല സാഹചര്യവുമില്ലായിരുന്നു...

അങ്ങനെ കടം വീട്ടുവാൻ യയാതി മകളെ ഗാലവനു വിൽക്കുന്നു...

ഒരു തരം മാറ്റക്കച്ചവടം...

ഈ കച്ചവടം ഇവിടംകൊണ്ടും അവസാനിക്കുന്നില്ല...

സ്വപ്നങ്ങൾ വീണുടഞ്ഞ പാതയിലൂടെ മുനികുമാരനെ അനുഗമിച്ച മാധവിക്ക് അവളുടെ സ്ത്രീത്വത്തിനെ അപമാനിക്കുന്ന അനേകം സംഭവപരമ്പരകളിലൂടെ കടന്നുപോകേണ്ടി വരുന്നു...

ഓരോ വർഷവും ഗാലവൻ അവളെ ഓരോ രാജാവിനു കാഴ്ചവയ്ക്കും...

കന്യാശുൽക്കമായി കിട്ടുന്ന അശ്വങ്ങളെ ശേഖരിക്കും..

കൃത്യം ഒരു വർഷമാകുമ്പോൾ അവളെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോകും...

ജന്മം കൊടുക്കുന്ന കുഞ്ഞുങ്ങളെപ്പോലും പുറകിലുപേഷിച്ച് വരരുചിപത്നിയെപ്പോലെ അവൾ വിങ്ങുന്ന ഹൃദയവുമായി ഗാലവനു പിന്നാലെ യാത്ര തുടരും, അടുത്ത രാജാവിന്റെ അടുത്തേക്ക്...

ഒടുവിൽ ഗാലവൻ എണ്ണൂറു കുതിരകളേയും സമാഹരിച്ച്, മാധവിക്കൊപ്പം, വിശ്വാമിത്ര മഹർഷിക്ക്  ഗുരുദക്ഷിണയായി നൽകുന്നു...

ഒരു കുഞ്ഞുണ്ടായിക്കഴിയുമ്പോൾ, അവളെ തിരിച്ചേൽ‌പ്പിക്കാൻ മഹർഷി ഗാലവനെ വിളിച്ചു വരുത്തുന്നു...

ഗാലവനാകട്ടെ അവളെ യയാതിക്കു തന്നെ തിരിച്ചേൽ‌പ്പിക്കുന്നു...

മാറ്റക്കച്ചവടങ്ങളിലൂടെ സ്വയം വിൽ‌പ്പനച്ചരക്കായി തന്റെ കടം വീട്ടിയ മകളെ, യയാതി പിന്നെയും വെറുതേ വിടാനുദ്ദേശിക്കുന്നില്ല...

നാടൊട്ടുക്ക് വിളംബരം നടത്തി അവളുടെ സ്വയം വരം നടത്താൻ നിശ്ചയിക്കുന്നു...

അതിലൂടെ ലഭ്യമാകുന്ന കന്യാശുൽക്കത്തിലായിരുന്നിരിക്കണം അപ്പോഴും യയാതിയുടെ നോട്ടം...

അച്ഛനെ എതിർക്കാൻ അശക്തയായ മാധവി തന്റെ സ്വയംവരം ഒരു വനത്തിന്റെ സീമയിൽ വച്ചു നടത്തണമെന്നു മാത്രം ആവശ്യപ്പെടുന്നു.

ഒടുവിൽ, സ്വയംവര നാളിൽ, ക്ഷണിക്കപ്പെട്ട രാജാക്കന്മാരെ ഇളിഭ്യരാക്കിക്കൊണ്ട് വരണമാല്യവുമായി അവൾ വനത്തിനുള്ളിലേക്ക് നടന്നുപോവുകയും ഒരു തേന്മാവിനെ ആ മാല്യം അണിയിക്കുകയും ചെയ്തുവത്രേ...

അവളെ പിന്തുടർന്നവർക്ക് പിന്നീട് കാണാനായത് തേന്മാവിൽ പടർന്നു കയറിയ ഒരു വള്ളിച്ചെടിയെ മാത്രമായിരുന്നു...

ആ ലത പിന്നീട് മാധവീലതയായി എന്ന് ഐതീഹ്യം...

കഥകളെന്തുതന്നെയും ആയിക്കൊള്ളട്ടെ മാധവീലതകളിന്നും പൂക്കുന്നു, ആ ക്ഷേത്രത്തിനുള്ളിൽ, താത്രിയുടെ ഇല്ലപ്പറമ്പിനഭിമുഖമായിട്ട്...

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വസന്തകാലത്തിന്റെ ആഗമനം അറിയിച്ച് മാധവീലതകൾ പൂവിടുന്നു...

താത്രി പുനർജ്ജനിക്കുന്നതാവുമോ?

ആ വൃക്ഷച്ചുവട്ടിൽ നിൽക്കുമ്പോൾ മനസ് ചോദിച്ചത് ആ ചോദ്യമായിരുന്നു...

ജീവിതത്തിലൂടെ കടന്നുപോയ അനേകപുരുഷന്മാരെ പിന്തള്ളി തേന്മാവിനെ മാത്രം ആത്മാർത്ഥമായി പ്രണയിച്ച്, അതിലലിഞ്ഞുചേർന്നവളാണ് മാധവി..

ഒരുപക്ഷേ തന്റെ പിതാവിനോട് അങ്ങനെയവൾ മധുരമായി പകരംവീട്ടി എന്നും പറയാവുന്നതാണ്..

പക്ഷേ, താത്രി ഈ ഭ്രഷ്ട് കൽ‌പ്പിക്കപ്പെട്ടവരിലാരെയെങ്കിലുമോ അല്ലെങ്കിൽ അതിനുശേഷം വിവാഹം കഴിച്ചു എന്ന് പറയപ്പെടുന്ന വ്യക്തിയേയോ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടാകുമോ..?

അന്നത്തെ സാമൂഹികവ്യവസ്ഥിതിക്കെതിരെ ആഞ്ഞടിക്കാൻ താത്രിക്കുട്ടിക്ക് കഴിഞ്ഞുവെന്ന് വാദിക്കുന്ന വി.ടിയും വ്യക്തമായും ഒന്നും ഒരിടത്തും അവളെക്കുറിച്ച് നിഷ്ക്കർഷിക്കുന്നില്ല...

വാസ്തവത്തിൽ ആരായിരുന്നു താത്രി?

എന്തായിരുന്നു അവരുടെ ലക്ഷ്യം?

ഒരു പകപോക്കലാണോ?

അതോ പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നൊരു പെണ്ണിന്റെ സമനില നഷ്ടപ്പെട്ട പ്രവൃത്തികളോ?

കുറേയേറെ ചോദ്യങ്ങൾ ബാക്കി വച്ച് കുറിയേടത്ത് താത്രി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു...

കുറ്റാരോപിതർ എന്നു പറയപ്പെടുന്ന ഭ്രഷ്ടരാക്കപ്പെട്ടവരും അവരുടെ സന്തതി പരമ്പരകളും യഥാർത്ഥത്തിൽ കുറ്റം ചെയ്തോ ഇല്ലയോ എന്നു പറയാൻ അവൾക്ക് മാത്രമേ കഴിയൂ.

മനസുറയ്ക്കാത്ത ബാലചാപല്യങ്ങളുടെ കാലത്ത് തനിക്കേറ്റ പീഡനം സമനില തെറ്റിച്ച അവൾ ഈ കുറ്റാരോപിതരെ തന്റെ ഇരകളാക്കി പ്രതിസ്ഥാനത്ത് നിറുത്തുകയായിരുന്നോ?

മറുപടി തരേണ്ടവൾ മൺ‌മറഞ്ഞിരിക്കുന്നു...

ഇന്നത്തെ സമൂഹത്തിലരങ്ങേറുന്ന സ്ത്രീപീഡന പരമ്പരകളുടേയും, സ്ത്രീ പകയുടെ മൂർത്തീഭാവമായി മാറുന്ന സാഹചര്യങ്ങളുടെ വിവരണങ്ങളുടേയും, പെണ്ണൊരുമ്പെട്ടാൽ എന്നു തോന്നുമാറുള്ള ചതിയുടെ നേർക്കാഴ്ചകളുടെയും കഥകൾ കേട്ട്, മറ്റേതോ ലോകത്തിരുന്നു അവൾ ചിരിക്കുന്നുണ്ടാവും, ഗൂഡമായി...

കാർത്ത്യായിനീ ക്ഷേത്രവും കൽ‌പ്പകശ്ശേരി ഇല്ലപ്പറമ്പുമുപേഷിച്ച് മറ്റൊരു തീരത്തേക്ക് യാത്ര ആരംഭിക്കുമ്പോൾ മനസ്സു നിറയെ അവളായിരുന്നു...

കൂടെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളും...

കാറ്റിലപ്പോൾ അലിഞ്ഞു ചേർന്ന മാമ്പഴത്തിന്റെ സുഗന്ധം എങ്ങുനിന്നെന്നറിയാതെ വന്നു ചേർന്ന് നാസാരന്ധ്രങ്ങളെ പുളകമണിയിച്ചുകൊണ്ടിരുന്നു...

അടുത്തെങ്ങും മാവോ മാമ്പഴങ്ങളോ കണ്ടെത്താനാകാത്ത മനസ്സ് മന്ത്രിച്ചു... “മാധവീലതകൾ പുഷ്പിച്ചിരിക്കുന്നു..”.

                                               *******************************

ചിത്രം ഗൂഗിളിന്റേത്...
ഓൺ‌ലൈൻ മാഗസിനുകളിൽ പ്രസിദ്ധീകരിച്ച ലേഖനം