Thursday, June 5, 2014

മാറ്റത്തിന്റെ ശംഖൊലി, ആർഷഭൂവിൽ നിന്നുയരട്ടെ..


കണ്ണിമകൾക്ക് മേലെ നേർത്ത തണുപ്പ്..
പതിയെ, പതിയെ കണ്ണുകൾ തുറന്നു..
സ്വപ്നങ്ങളുടെ പറുദീസകളുപേഷിച്ച് ചിന്തകൾ യാഥാർത്ഥ്യങ്ങളിലേക്ക് ചേക്കേറി തുടങ്ങി..
പകുതിയടഞ്ഞ ജനലഴിയിലൂടെ മഴത്തുള്ളികളുമായി കാറ്റ്...
തലയൊന്നു ചെരിച്ചു നോക്കി.
കാർമേഘാവൃതമായ ആകാശത്തിന്റെയൊരു ചെറിയകീറ് കാണാം..
മഴക്കാലമായിട്ടും പുലരിയുടെ ആഗമനം അറിയിച്ച് ഒറ്റയ്ക്കും തെറ്റയ്ക്കും ഒച്ചവച്ച് പറക്കുന്നുണ്ട് പക്ഷികൾ..
മഴ ശക്തി പ്രാപിക്കും മുമ്പ് കൂടണയാനുള്ള വ്യഗ്രതയാവുമോ?
അതിന്റെ ആവശ്യമെന്താണ്..?
മൂടിക്കെട്ടിക്കിടക്കുമെങ്കിലും ആകാശമിപ്പോൾ മതിവരുവോളം പെയ്തൊഴിയാറില്ലല്ലോ..
കുറച്ചുകൂടെ കിടക്കാൻ ആഗ്രഹിച്ചുവെങ്കിലും സ്കൂൾ തുറന്നു എന്ന ബോധമനസിന്റെ താക്കീത് അവഗണിക്കാനായില്ല..
വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
മുറ്റത്ത് മഴയും മരങ്ങളും ഊഴമിട്ട് പെയ്യുന്ന കാഴ്ച..
പുത്തനുടുപ്പും പുതുമകളുമായി വിദ്യാലയത്തിന്റെ പടി കയറുന്ന കുരുന്നുകളോട് കുറുമ്പ് കാട്ടാൻ പ്രകൃതി ഇപ്പോഴും മറന്നിട്ടില്ല..
ആരേയും കാത്തുനിൽക്കുന്ന സ്വഭാവം സമയത്തിനില്ലെന്ന തിരിച്ചറിവ് കാഴ്ചകളിൽ നിന്നും കണ്ണുകളെ പിൻ‌വലിച്ച് ദിനചര്യകളിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു.
അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്ന് ഒരു കവർ പാലെടുത്ത് പാത്രത്തിൽ പൊട്ടിച്ചൊഴിച്ച് ഗ്യാസു കത്തിച്ച് വച്ചു.
കാലിയായ കവർ പുറത്തേക്ക് തിടുക്കത്തിൽ വലിച്ചെറിഞ്ഞു.
മനസ്സിലൊരു കുറ്റബോധം തോന്നാതിരുന്നില്ല, ഇന്നലെ പ്ലാസ്റ്റികിന്റെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ച താൻ തന്നെ..
വേണ്ടായിരുന്നു...
തിരികെ വന്നു ഫ്രിഡ്ജടയ്ക്കുമ്പോഴും മനസ് കുറ്റപ്പെടുത്തി, ഇതിത്രനേരം തുറന്നു കിടക്കുകയായിരുന്നുവല്ലോ.
എന്താണു സംഭവിക്കുന്നത്..?
തെറ്റുകൾ തിരുത്തിക്കൊടുക്കേണ്ടവർ തന്നെ തെറ്റുകളാവർത്തിച്ചുകൊണ്ടിരിക്കുന്നു..
ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും വാദപ്രതിവാദത്തിനിടം കൊടുക്കാതെ കുളിച്ച്, പ്രാതൽ കഴിച്ച് ഒരുങ്ങിയിറങ്ങി നടന്നു.
മഴയെ ശുണ്ഠിപിടിപ്പിക്കാൻ കുട നിവർത്തിപ്പിടിക്കാനും മറന്നില്ല.
റോഡിനുമപ്പുറം അച്ചു നിൽക്കുന്നത് മഴയുടെ മങ്ങിയ കാഴ്ചയിലും കാണാം, പതിവുള്ള നിൽ‌പ്പ്.
സ്കൂളിലേക്ക് ഒരുമിച്ചാണ് യാത്ര..
വഴിനീളെ ചോദിക്കാൻ ഒരായിരം ചോദ്യങ്ങൾ കരുതി വച്ചിട്ടുണ്ടാകും..
അടുത്തെത്തിയപ്പോൾ തന്നെ തുള്ളിച്ചാടി വന്ന് സാരിത്തുമ്പിലവൾ പിടുത്തമിട്ടു.
ഇന്ന് പതിവിലും സുന്ദരിയായിരിക്കുന്നു..
യൂണിഫോമിനു പകരം പച്ചനിറത്തിലുള്ള പട്ടുപ്പാവാടയും ഉടുപ്പും..
മുടി രണ്ടായി മെടഞ്ഞിട്ട് പൂ ചൂടിയിരിക്കുന്നു..
നെറ്റിയിൽ ചന്ദനക്കുറി..
ഒന്നുമ്മവയ്ക്കാൻ തോന്നുന്ന ഓമനത്തമുള്ള മുഖം..
സമയം വൈകുന്നുവെന്ന ചിന്തയിൽ അവളേയും കൂട്ടി നടക്കാൻ തുടങ്ങുമ്പോഴാണു പിറകിൽ നിന്നാരോ വിളിക്കുന്നത് കേട്ടത്.
തിരിഞ്ഞുനോക്കുമ്പോൾ കണ്ടു, അച്ചുവിന്റെ അമ്മയാണ്.
“ഇന്ന് അച്ചൂന്റെ പിറന്നാളാണ്, അല്പം മധുരം കഴിച്ച് പോകാം ടീച്ചർ, ഇങ്ങോട്ട് കയറിയാട്ടെ..”
ബെല്ലടിക്കാൻ നേരമാകുന്നുവെന്ന ആകുലത ഉണ്ടായിരുന്നിട്ടും അച്ചുവിന്റെ മുഖത്തെ സന്തോഷം തല്ലിക്കെടുത്താൻ തോന്നിയില്ല.
അവളുടെ കുഞ്ഞിവിരൽ പിടിച്ച് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.
നടയ്ക്കരുകിൽ കുട മടക്കി വച്ച് പടി കയറി പൂമുഖത്തെ കൈവരിയിൽ ഇരുപ്പുറപ്പിച്ച് നനഞ്ഞ സാരി ഒതുക്കിപ്പിടിച്ചു.
പ്ലാസ്റ്റിക് പ്ലേറ്റിൽ പരത്തി വച്ച അടപ്പായസവുമായി അവരോടിയെത്തി.
“ഗ്ലാസിലാകുമ്പോ ചൂടാ, പെട്ടെന്ന് കുടിക്കാൻ പറ്റില്ല, അതാ.. ” അർദ്ധോക്തിയിലവർ നിറുത്തി.
മറുപടി പുഞ്ചിരിയിലൊതുക്കി സ്പൂൺ കൊണ്ട് കോരിക്കുടിച്ച് മുറ്റത്തേക്ക് കണ്ണുനട്ടു.
മുറ്റത്ത് നിരന്നു നിൽക്കുന്ന വാഴകളിലൊന്നിലിരുന്ന് കാകൻ കരയുന്ന ശബ്ദം.
പെട്ടെന്ന് വീണ്ടും രാവിലത്തെ അനുഭവം.
മനസിനുള്ളിൽ ആരോ എന്തോ..
ഒരുവിധം കഴിച്ചെന്നു വരുത്തി അച്ചുവിന്റെ കൈ പിടിച്ച് ഇറങ്ങി നടന്നു.
അപ്പോഴേക്കും അവൾക്കുള്ള ഉച്ച ഭഷണം ഡിസ്പോസിബിൾ പായ്ക്കറ്റിലാക്കി അമ്മ ബാഗിൽ വച്ചു കൊടുക്കുന്നതു കണ്ടു.
കാലങ്ങൾക്കപ്പുറത്ത് ഒരു കലാലയത്തിന്റെ മുറ്റത്ത് തണൽ‌വിരിച്ചു നിന്ന വാകച്ചുവട്ടിൽ കൂട്ടുകാരികൾക്കൊപ്പം പൊതിച്ചോറഴിക്കുന്ന ഓർമ്മ അനുവാദമില്ലാതെ കടന്നു വന്നു..
വാഴയിലയുടെ മണമുള്ള ചോറുണ്ണുമ്പോൾ ഒരു പ്രത്യേക രുചിയായിരുന്നു..
നഷ്ടബോധത്തോടെ ഓർത്തു, ദോഷഫലങ്ങളുള്ള പരിഷ്കാരങ്ങളിലേക്ക് മനുഷ്യൻ കൂടു മാറിക്കൊണ്ടിരിക്കുന്നു..
മിക്കീമൌസിന്റെ ചിത്രം വരച്ച കുട നിവർത്തിപ്പിടിച്ച് പുത്തനുടുപ്പ് നനയാതെ ആദ്യം അച്ചു പതിയെ നടന്നു തുടങ്ങി, പക്ഷേ മഴ തന്റെ കുറുമ്പ് ശക്തമാക്കിയപ്പോൾ അവളിലെ കുസൃതിയും ഉണർന്നു.
ഒലിച്ചു വരുന്ന വെള്ളത്തിൽ ചാടിക്കളിച്ചും കാലുകൊണ്ട് വെള്ളം ചീറ്റിത്തെറിപ്പിച്ചുമായി പിന്നെ നടത്തം.
കളിയിൽ രസം പൂണ്ട് നടന്നിട്ടാവും പതിവുള്ള ചോദ്യങ്ങളൊന്നും ഉണ്ടായില്ല.
കുറച്ച് നടന്നാൽ പിന്നെ പുഴയാണ് നടവഴിക്ക് സമാന്തരമായി...
മഴവെള്ളം കുത്തിയൊലിച്ച് അല്പം രൌദ്രഭാവത്തിലാണു ഇന്നവളുടെ ഒഴുക്ക്..
വിസർജ്ജ്യങ്ങളും, ജന്തുക്കളുടെ അവശിഷ്ടങ്ങളും, പ്ലാസ്റ്റിക് കുപ്പികളുമടക്കം  മാലിന്യങ്ങളുടെ ഒരു കൂമ്പാരം തന്നെ ഒഴുക്കിക്കൊണ്ടു വരുന്നുണ്ട്..
ഇനിയിതെല്ലാം സമുദ്രത്തിലുപേഷിച്ച് പിലാത്തോസിനെപ്പോലെ ഇവൾ കൈകഴുകും..
കൈയ്യിലെ പിടി മുറുകിയിട്ടാവണം അച്ചു ആദ്യം മുഖത്തേക്കും പിന്നെ നോട്ടമെത്തുന്ന പുഴയിലേക്കും മാറി മാറി നോക്കി..
ആ കുഞ്ഞു ചുണ്ടുകൾ മെല്ലെ ചലിച്ചു..
“ഈ പുഴയൊഴുകി ഒഴുകി എവിടേക്കാ ടീച്ചറെ പോണെ..”
“കടലിലേക്കാ അച്ചൂ..” പുഞ്ചിരിയിൽ പൊതിഞ്ഞ് മറുപടിയേകി..
“അപ്പോ കടലിലെ വെള്ളം പൊങ്ങൂലേ...” അവളുടെ മുഖം ചോദ്യത്തിലെ സംശയം പ്രതിഫലിപ്പിച്ചു.
“അതു പിന്നെ...” മറുപടി വിഴുങ്ങി..
ചോദ്യം ചാട്ടുളി കണക്ക് പാഞ്ഞു പോയത് ഉറഞ്ഞുപോയ ചിന്തകളുടെ മേധാതലങ്ങളിലേക്കായിരുന്നു..
രാവിലെ മുതൽ വിടാതെ പിന്തുടരുന്ന ചോദ്യങ്ങളുടെ അവസാനം...ഇതാ, ഇവിടെ..
താനുൾപ്പടെയുള്ള സംസ്കാരസമ്പന്നമെന്നു ഡംഭു കാട്ടുന്ന പരിഷ്കൃത സമൂഹം എവിടെത്തി നിൽക്കുന്നു?
വ്യവസായവത്കരണത്തിന്റേയും ആഗോളവത്കരണത്തിന്റെയും ചുവടുപിടിച്ച് മനുഷ്യരാശിയുടെ തായ് വേരറുക്കുന്ന കാപാലിക ശക്തിയെ കണ്ടില്ലെന്നു നടിക്കുന്നു.
ഭൂമിയുടെ ചൂട് നിലനിറുത്തുന്ന ഹരിതവാതകങ്ങളുടെ അതിപ്രസരം നിമിത്തം ഭൂമി ചുട്ടു പൊള്ളുന്നു.
സൂര്യൻ പ്രേമവായ്പോടെ ഭൂമിയെ തൊട്ടു തലോടുന്ന കിരണങ്ങളിൽ അടങ്ങിയിരിക്കുന്ന താപങ്ങളെ ആഗിരണം ചെയ്ത് വീണ്ടും ഭൂമിയുടെ അന്തരാത്മാവിലേക്ക് തന്നെ പറഞ്ഞയയ്ക്കുകയാണ് അവയിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
എന്തുകൊണ്ടിത് സംഭവിക്കുന്നു?
സംരക്ഷണത്തിനു ചുമതലപ്പെട്ട ഇവരെങ്ങനെ സംഹാരകരായി?
ഫോസിലുകൾ കത്തിച്ചും വ്യവസായവത്ക്കരണത്തിന്റെ ഭാഗമായും വികസനത്തിന്റെ പാതയിൽ തിരിഞ്ഞു നോക്കാതെ ഓടുന്ന മനുഷ്യൻ സൃഷ്ടിച്ചതാണ് ഭൌമപാളികൾക്കു മേലെ ഇവയുടെ അതിപ്രസരം.
ഭൂമിയിപ്പോൾ ചൂടു താങ്ങാനാവാതെ വിയർക്കുന്നു..
തങ്ങൾക്കുള്ളിൽ ലയിപ്പിച്ച് ചൂടിന്റെ തോതു കുറയ്ക്കാൻ സമുദ്രങ്ങൾ ശ്രമിക്കും തോറും അവയുടെ ജലനിരപ്പുയരുകയാണു..
ചൂട് പങ്കിട്ടെടുക്കേണ്ട ഹരിത സസ്യജാലങ്ങളെ ആവാസവ്യവസ്ഥകളുറപ്പിക്കുന്ന തിരക്കിനിടയിൽ മനുഷ്യൻ തുടച്ചു നീക്കിക്കൊണ്ടിരിക്കുന്നതും ആഗോളതാപനത്തിനു വഴി തെളിക്കുന്നു..
അൽഗോറിൻ തന്റെ നോബൽ പുരസ്കാരം നോക്കി നെടുവീർപ്പിടുന്നുണ്ടാകുമിപ്പോൾ..
ചിന്തകളിൽ മുഴുകി സ്കൂളിലെത്തിയതറിഞ്ഞില്ല.
നിശ്ശബ്ദതയ്ക്ക് ഭഗ്നം വരുത്താതെ അച്ചു കൂടെ നടന്നുവെന്നതും അത്ഭുതം..
സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോൾ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു..
ഓരോ കുഞ്ഞിക്കരങ്ങളിലും കുഞ്ഞു വൃക്ഷത്തൈകൾ..
ഒരു വശത്ത് പാതയോരങ്ങളിലെ മാലിന്യം നീക്കാൻ പണിപ്പെടുന്ന കുരുന്നുകൾ..
ഉച്ചഭാഷിണിയിലൂടെ ഒഴുകി വരുന്ന പ്രധാന അധ്യാപകന്റെ ശബ്ദം, “....അങ്ങനെ ആഗോളതാപനം കാലാവസ്ഥാ വ്യതിയാനങ്ങൾക്കും തൽഫലമായി പോളാർ മേഖലകളിൽ നിന്നും മഞ്ഞുരുകുന്നതിനും സമുദ്രനിരപ്പുയരുന്നതിനും കാരണമാകും.. നമ്മുടെ പല ദ്വീപസമൂഹങ്ങളും അതിൽ മുങ്ങിപ്പോയേക്കും.. സമുദ്രജലത്തിൽ അയൺസൾഫേറ്റ് വിതറി കാർബൺ‌ഡയോക്സൈഡ് ആഗിരണം ചെയ്യുന്ന ആൽഗകളെ വളർത്തുന്ന ലോഹാഫെക്സ് എന്ന രീതി നമുക്ക് ഇവിടെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കുറേ മരങ്ങളെങ്കിലും വച്ചു പിടിപ്പിക്കാൻ നമുക്ക് കഴിയണം....”
സ്വരലയങ്ങൾക്കപ്പുറം മനസപ്പോഴും എന്തോ തിരയുന്നുണ്ടായിരുന്നു..
നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും ആദ്യകിരണങ്ങൾ ഈ ഭാരതഭൂവിൽ നിന്നു തന്നെ വേണ്ടേ പുറപ്പെടേണ്ടത് ?
പത്തുമരങ്ങൾക്കൊപ്പമാകുന്നു അമ്മ എന്നു പറഞ്ഞു പഠിപ്പിച്ച നാട്..
മണ്ണിനും മരത്തിനുമൊപ്പം കഴിഞ്ഞ പെണ്ണിനെ, അവയെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹിച്ചവളെ, ഭർത്തൃസവിധത്തിലേക്ക് യാത്രയാക്കുമ്പോൾ അണിയാൻ വേണ്ട ആടയാഭരണങ്ങൾ നൽകുന്ന വൃക്ഷങ്ങളുടെ കഥകൾ ഈ മണ്ണിലേ വേരോടിയിട്ടുള്ളൂ..
സന്ധ്യ കഴിഞ്ഞാൽ സസ്യജാലങ്ങളിൽ നിന്നും ഇല നുള്ളുന്നത് അവയുടെ നിദ്രയെ തടസ്സപ്പെടുത്തുമെന്നും ചുവട്ടിൽ ജലമൊഴിച്ച് അവയെ ഉണർത്തിയിട്ടേ ഇല നുള്ളാവൂ എന്നും പറയുന്നതിലൂടെ അവയോടുള്ള സ്നേഹത്തിന്റെ അളവ് ഓർമ്മപ്പെടുത്തുന്ന വേദോപനിഷത്തുക്കൾ...
മരം മുറിക്കും മുമ്പ് അതിലാവാസമുറപ്പിച്ചിരിക്കുന്ന സകല ജീവജാലങ്ങളോടും പ്രാർത്ഥിച്ച് അനുവാദം ചോദിച്ചിരിക്കണമെന്നാവർത്തിച്ചു പഠിപ്പിച്ച സിന്ധുനദീതട സംസ്കാരം...
കിടക്കവിട്ടെണീക്കുമ്പോൾ ഭൂമിയിലേക്ക് പാദമുറപ്പിക്കുന്നതിനു മുമ്പ് അനുവാദം ചോദിക്കാനാവശ്യപ്പെടുന്ന ആർഷഭാരതസംസ്കാരം..
ഇതൊക്കെ എന്നും ഭാരതീയന്റെ മാത്രം സ്വാർത്ഥമായ അഭിമാനങ്ങളാണെന്ന സത്യം നിലവിലിരിക്കെ, ഈ മണ്ണിൽ നിന്നു തന്നെ വേണം ഭൂമിയെ രക്ഷിക്കേണ്ട പ്രവർത്തനങ്ങൾക്ക് തിരി തെളിയേണ്ടത്...
“ടീച്ചർ...”
ചിന്തകളിൽ നിന്നും തിരികെ...
സ്റ്റാഫ് റുമിന്റെ വെളിയിൽ നിറഞ്ഞ പുഞ്ചിരിയോടെ കൈയ്യിലൊരു ആൽമരത്തെയ്യുമായി ഒരു കുരുന്ന്..
അവന്റെ മുഖത്തെ സന്തോഷത്തിനു നേരെ നോക്കി പുഞ്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..
“ലോകാ സമസ്താ സുഖിനോ ഭവന്തുഃ...” അക്ഷരസ്ഫുടതയില്ലാതെ, ചെറിയ കൊഞ്ചലോടെയെങ്കിലും ആ ചെഞ്ചുണ്ടുകൾ മൊഴിഞ്ഞു...
കാഴ്ചയിൽ നിന്നും പൊട്ടിച്ചിരിച്ച് അവനകന്നു പോകുമ്പോൾ കണ്ണുകളിൽ നിന്നും എന്തിനെന്നറിയാതെ രണ്ടിറ്റ് കണ്ണുനീർ അടർന്നു വീണു..
“ലോകാസമസ്താ സുഖിനോ ഭവന്തുഃ..” മനസ്സ് ആവർത്തിച്ചു..

                                         *******************************************
ചിത്രം..ഗൂഗിളിന്റേത്..