Friday, May 20, 2011

കൃഷ്ണ....



















കൈവിട്ടൊരായുധം അംഗുലി തന്നിലായ്
ശോണരേണുക്കളാൽ ചിത്രം വരയ്ക്കവേ
കീറിയോരുത്തരീയത്തിന്റെ  തുണ്ടുമായ്
നിൻ ചാരെയെപ്പോഴും  ഉണ്ടായിരുന്നു ഞാന്‍


അധമാന്ധകാരമാം കൌരവ സഭയിതില്‍
മാമക ജീവിതം  പണയമായ്‌ മാറവേ..
അഴിയുമെന്‍ മാനത്തിനുടുചേലയേകീട്ടീ -
യുത്തരീയക്കീറിൻ കടം വീട്ടുമോ നീ  കണ്ണാ..


ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍ 
കഷ്ട്ടപ്പെടുത്തിടാമെന്നോ  സഹജയെ !!
മിഴികളിൽ ജലബിന്ദുവായ്‌ അലിഞ്ഞോരെൻ‌
സ്നേഹമൊരു നാളും അറിഞ്ഞതില്ലേ കണ്ണാ..


സ്നേഹമാം പാലാഴിത്തിര തുള്ളി നില്‍ക്കുമീ
സുഭദ്ര തൻ മറയിലായ് നിഴലായി മാറി ഞാൻ..

ദാനമാം നാമവും നീലയാം വര്‍ണ്ണവും
ഇനിയുമെന്‍ സ്നേഹത്തിനെന്ത് വിലയേകും നീ..

ഗാണ്ഡീവധാരിയെ സോദരിക്കേകുവാൻ
മംഗല്യം അഞ്ചായെന്‍ താലിയില്‍ കോർക്കേണ്ട നീ
സോദരീ മോക്ഷാര്‍ത്ഥം ഉത്തരാഗര്‍ഭത്തിനുയിരൂതിയേകി..
ഒരു പുത്രജന്മത്തിനുയിരു തുണയില്ലാത്ത
എൻ ദു:ഖമെന്തേ മറന്നുവോ കണ്ണാ..

യുഗാന്തരം നീ പിന്നെയും മൊഴിഞ്ഞുവോ
എന്‍ സ്നേഹത്തിന്‍ കടമെല്ലാം വീട്ടിയെന്ന്
കാരുണ്യമേകാൻ മറന്നു പോയോ  അതോ
കരുണയീ കൃഷ്ണയ്ക്ക് അനർഹമെന്നോ??.

പിടയുമെൻ നെഞ്ചകം കാണാത്തതെന്തേ നീ
പാഞ്ചാലിയാമിവൾക്കെല്ലാം നിഷിദ്ധമോ..

മിഴിനീരു തൂകി മൊഴിയുന്നോരീ ദു:ഖം ..
മറവിയിൽ മായ്‌വോളം കൃഷ്ണയ്ക്ക് സ്വന്തം..
എങ്കിലും നീയെന്റെ സഹജനെന്നോതും ഞാൻ
കൃഷ്ണയെന്നുള്ളതെൻ നാമമെന്നോർത്തിടും

76 comments:

  1. This comment has been removed by the author.

    ReplyDelete
  2. കവിത വളരെ ഇഷ്ടമായി.
    എന്നാല്‍ ആറ്റു നോറ്റു പെറ്റ അഞ്ചു ഉണ്ണികളെയും
    യുദ്ധവിജയത്തിന്റെ രാത്രിയില്‍ തന്നെ നഷ്ടപ്പെട്ട
    ആ അമ്മ മനസ്സിന്റെ അതിനൊമ്പരം കൂടി പകര്‍ത്താ
    മായിരുന്നു.കൃഷ്ണയുടെ ദു:ഖം അപ്പോഴേ പൂര്‍ണ്ണമാക്കാനാകൂ.

    ReplyDelete
  3. അന്ന് വരെ വിശ്വസിക്കപ്പെട്ട സ്ത്രീ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതേണ്ടി വന്നത് കൃഷ്ണയുടെ ജീവിതത്തില്‍ നിന്നായിരിക്കും. വിവാഹ ദിനം മുതല്‍ എല്ലാം ത്യജിച്ചുള്ള യാത്രയില്‍ അഞ്ചു ഭര്‍ത്താക്കന്‍മാരില്‍ ഒരാളെ മാത്രം കൂടുതല്‍ സ്നേഹിച്ചു എന്ന കുറ്റത്തിന് അവള്‍ മലമടക്കുകളിലേക്ക് വീണപ്പോള്‍ വരെയും എന്നും ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വന്നവളാണ് കൃഷ്ണ. അക്ഷയ പാത്രത്തിലെ ഒരു മുറി ചീരയിലയും, കൌരവ സദസ്സില്‍ മാനം രക്ഷിച്ച ചെലയുമല്ലാതെ അവള്‍ക്കായി നീട്ടപ്പെട്ട സാന്ത്വനത്തിന്റെ കരങ്ങള്‍ എങ്ങുമില്ല.
    സീതചെച്ചി... വേദനകള്‍ക്കിടയിലും ഈ കൃഷ്ണ സുന്ദരിയായി....

    ReplyDelete
  4. ഒടുവില്‍ അവര്‍ ആറ് പേരും ഒരു പട്ടിയും മാത്രം സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. ഏറ്റവും മുന്‍പില്‍ യുധിഷ്ഠരന്‍, തൊട്ട് പിന്നില്‍ ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍, പാഞ്ചാലി, പിന്നെ പട്ടിയും. ആദ്യം പാഞ്ചാലി വീണു. മറ്റുള്ളവര്‍ നിന്നപ്പോള്‍ യുധിഷ്ഠരന്‍ പറഞ്ഞു. അഞ്ച് പേരുടെ ഭാര്യയായിരുന്നു എങ്കിലും ഇവള്‍ എന്നും ഏറ്റവും അധികം സ്നേഹിച്ചത് അര്‍ജ്ജുനനെ മാത്രമായിരുന്നു. അത് കൊണ്ട് ഇവിടെവരെയേ ഇവള്‍ക്ക് പ്രവേശനമുള്ളു..

    പക്ഷെ എനിക്കിഷ്ടം എം.ടിയുടെ പാഞ്ചാലിയെയും പ്രതിഭാറായിയുടെ ദ്രൌപതിയേയുമാണ്. കാരണം യുക്തിക്ക് നിരക്കുന്നത് ഒരു പരിധിവരെ ആ കഥാപാത്രങ്ങളാണ്. എന്നും തന്റെ ഇഷ്ടങ്ങള്‍ക്കായി, തന്റെ ആവശ്യങ്ങള്‍ക്കായി, തന്റെ വിഷമങ്ങളില്‍ തുണ ചേര്‍ന്നിട്ടുള്ള ഭീമനെ ഒട്ടേറെ സ്നേഹിക്കുന്നു രണ്ടാമൂഴത്തിലെ കൃഷ്ണ. ശരിയല്ലേ? അതിനല്ലേ ഒരു പെണ്ണിന് കഴിയൂ. പ്രതിഭയുടെ ദ്രൌപദിയാവട്ടെ മനസ്സുകൊണ്ട് കര്‍ണ്ണനെ ഒട്ടേറെ ഇഷ്ടപ്പെട്ടിരുന്നു. ചില സാ‍ഹചര്യങ്ങള്‍, ജീവിത സുഖങ്ങളോടുള്ള അടങ്ങാത്ത അഭിവാഞ്ജ അവളെ കൊണ്ട് കര്‍ണ്ണനെ സൂതപുത്രനെന്ന് വിളിപ്പിക്കുന്നു. അതില്‍ ജീവിതകാലം മുഴുവന്‍ അവള്‍ വേദനിക്കുന്നു. ഈ രണ്ട് കൃഷ്ണക്കുമാണ് റിയാലിറ്റിയുള്ളതെന്ന് തോന്നുന്നു. എന്നോട് വിയോജിപ്പുള്ളവര്‍ കൂടുതല്‍ കാണാം. :):)

    സീതയുടെ വരികള്‍ കൃഷ്ണയെ ഗംഭീരമാക്കി

    ReplyDelete
  5. എഴുതുന്നു എല്ലാവരുമെങ്കിലും ഉര്‍മമിളയേയെന്തിനു മറന്നിടുന്നു
    ത്യാഗമെന്നോണം സഹിച്ചതില്ലേ കാനനസമാനമി രാജധാനിയിലും
    എല്ലാം സഹിച്ചൊരു മണ്ഡോദരിയെ മാറ്റിനിര്‍ത്തുന്നതെന്തേ മാനം
    കളഞ്ഞും കണ്ടും കെട്ടും സഹിച്ചില്ലേയവള്‍ രാവണപത്നി ആയതിനിലോ
    സീത*യുടെ കാഴ്ച്ചകള്‍ എന്തെ ഇവിധ ലലനാമണികളില്‍ നിന്ന് മാറിനില്‍പ്പു
    കവിത നിറഞ്ഞു തുളുമ്പുന്ന വരികളൊക്കെ എനിക്കു
    ഇഷ്ടമായി എന്ന് പറയാതിരിക്കുവാനാകുകയില്ല

    ReplyDelete
  6. ഒരു ചിരിക്കു പകരം മാനത്തിനു വിലപറയുന്ന കൌരവരും,ഭാര്യയെ പണയം വച്ച് ചൂതു കളിച്ച (ധർമ്മം വെടിയാത്ത) ഭർത്താവും ,അമ്മയുടെവാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്ന പാണ്ഡവരുമെല്ലാം നിറഞ്ഞ മഹാഭാരതത്തിൽ കൃഷ്ണയ്ക്കു കൃഷ്ണൻ മാത്രമേയുള്ളായിരുന്നു .കവിത ഇഷ്ടമായി.

    ReplyDelete
  7. ഒരുപാടൊന്നും പറയാന്‍ അറിയില്ല. പക്ഷെ നല്ല ഈണത്തില്‍ താളത്തില്‍ വായിക്കാന്‍ പറ്റി. ഞാന്‍ വീണ്ടും പറയുന്നു; ഇത്തരത്തിലുള്ള രചനകള്‍ ബ്ലോഗുകളില്‍ കുറവാണ്.

    ReplyDelete
  8. അധികം എന്തെങ്കിലും പറയാന്‍ അറിയില്ല.
    നല്ല വായന.

    ReplyDelete
  9. ഒരുവന്നുമാത്രം വരണമാല്യം ചാര്‍ത്തിയ കൃഷ്ണ
    എന്തിനു അഞ്ചു പേര്‍ക്കും കൂടി പകുത്തപ്പോള്‍
    ഉരിയാടാഞ്ഞത്.
    അഞ്ചു വീരന്മാരുടെ ഭാര്യയായിരുന്നിട്ടും
    അന്യ സദസ്സിലെന്തിനു പണയപണ്ടമായി നിന്നു.
    രജസ്വലയായി കൌരവ സദസ്സില്‍ നിന്ന പാഞ്ചാലി എന്നും അബലയായ സ്ത്രീയെയാണ് പ്രതി നിധാനം ചെയ്യുന്നത്.എല്ലാത്തിനും സഹായമായി ഓടിയെത്തിയത് ആപല്‍ ബാന്ധവന്‍ മാത്രമല്ലേ?ഇപ്പോഴും എവിടെയെങ്കിലും ഒക്കെ അങ്ങിനെയുള്ള ചിലരെങ്കിലും ഉണ്ട്. ഒന്നും പാഞ്ചാലിയുടെ കൈയ്യില്‍ നിന്നും തിരികെ പ്രതീക്ഷിയ്ക്കാതെ നിസ്വാര്‍ത്ഥമായ കളങ്കമില്ലാത്ത സ്നേഹം കൃഷ്ണന്‍ നല്‍കിയതില്‍ കൂടി സ്നേഹത്തിന്‍റ പവിത്രതയാണ് നമ്മള്‍ മലസ്സിലാക്കേണ്ടത്
    കവിത മനോഹരമായിരിക്കുന്നു.

    ReplyDelete
  10. വായിച്ചറിയാന്‍ ശ്രമിച്ചു.
    ഞാന്‍ വീണ്ടും കുടുങ്ങി. ഒന്നാമത് കവിത, രണ്ടാമത് പുരാണം ബെയ്സ്ഡ് . രണ്ടും ഞാന്‍ പിറകിലാ. :)
    എന്ന് കരുതി വിട്ടുതരാന്‍ തയ്യാറല്ല. തിരിച്ചു വരാം, കമ്മന്റിലൂടെ കൂടുതലറിയാന്‍.
    ഇടയ്ക്കിടയ്ക്ക് കഥ എഴുതാന്‍ മറക്കല്ലേ...

    ReplyDelete
  11. സത്യമായും എനിക്ക്‌ കവിതകള്‍ വായിച്ചാല്‍ ഒന്നും പിടികിട്ടില്ല. ഇപ്പോഴും ഞാന്‍ മെച്ചപ്പെട്ടിട്ടില്ല... എന്കിലും "ഉങ്കളുക്ക് എന്നുടെ നല്‍ വാഴ്ത്തുക്കള്‍.."

    ReplyDelete
  12. വായിക്കുന്നു.
    'ഊര്‍മ്മിളയും' സ്മരിക്കേണ്ടവള്‍ തന്നെ..!!

    ReplyDelete
  13. എങ്കിലും നീയെന്റെ സഹജനെന്നോതും ഞാൻ
    കൃഷ്ണയെന്നുള്ളതെൻ നാമമെന്നോർത്തിടും....മിഴികളിൽ ജലബിന്ദുവായ്‌ അലിഞ്ഞോരെന്
    സ്നേഹമൊരു നാളും അറിഞ്ഞതില്ലേ കണ്ണാ..... ഞാൻ പിന്നീട് വരാം.. മറ്റ് കമന്റുകൾ കണ്ടിട്ട്..സഹജക്ക്..സഗ്ഗർഭർ എന്നും കൂട്ടാണ്... എന്നല്ലാ കൂട്ടാകണം.... മനൊഹരമായ കവിതക്ക് ഇപ്പോൾ എന്റെ നന്മകൾ മാത്രം

    ReplyDelete
  14. പണ്ട് പാഠപുസ്തകങ്ങളില്‍ വായിച്ചു പഠിച്ച അതേ ഈണത്തില്‍ ഞാനീ കവിത വായിച്ചു....വളരെ ഇഷ്ട്ടായി....അഭിനന്ദനങ്ങള്‍ സീതേ....
    അക്ഷരതെറ്റുകള്‍ തിരുത്തുമല്ലോ (ചരെയെപ്പോഴും, കൃഷ്ണയ്ക്....) ....ചില സ്ഥലങ്ങളില്‍ അനാവശ്യ ബ്ലാങ്ക് സ്പേസ് കാണുന്നു (ശോണ രേണുക്കളാൽ, മാമക ജീവിതം ...)

    ReplyDelete
  15. ചുമ്മാ രണ്ട് വാക്കു പറഞ്ഞു പോകാം എന്നു വെച്ചാ വന്നത്.....
    ഹോ.....വേണ്ട ; പേടിയാവുന്നു....
    ഒരു പുലിമടയില്‍ കയറിയ പ്രതീതി.....മിണ്ടാതെ മടങ്ങിയേക്കാം.... :)

    ഇനിയും നല്ല നല്ല രചനകള്‍ കാത്തിരിക്കുന്നു...കൂട്ടുകാരിയ്ക്കെന്റെ ആശംസകള്‍..

    ReplyDelete
  16. കവിതയെ കുറിച്ച് പറയും മുൻപ് കമന്റുകള് വായിക്കുന്നവരിൽ വന്നു ചേർന്നേക്കാവുന്നതായ..എന്റെ അറിവിൽ തെറ്റായ ചില പ്രയോഗങ്ങളെക്കുറിച്ച്....
    കൃഷ്ണൻ ശത്രുനിഗ്രഹത്തിനായ് സുദർശനചക്രമയക്കുകയും അത് തിരിച്ചെത്തി കൈവിരലിൽ കൊണ്ട് മുറിയുകയും ചെയ്യുന്നു..ആ രക്തം ദ്രൌപദി സ്വന്തം ഉത്തരീയം കീറി തുടയ്ക്കുന്നു...അതിന്റെ കടം കൃഷ്ണൻ വസ്ത്രാക്ഷേപസമയത്ത് വസ്ത്രം നൽകി വീട്ടുന്നു എന്നാണ് കേട്ടറിവ്..
    കൃഷ്ണസഹോദരിയായ സുഭദ്രയുടെ പുത്രനായ അഭിമന്യൂവിന്റെ പത്നിയാണ് ഉത്തര...അശ്വത്ഥാമാവയക്കുന്ന ബ്രഹ്മാസ്ത്രത്താൽ ഉത്തരയുടെ ഗർഭസ്ഥശിശു (പരീക്ഷിത്ത് ) മരിക്കുകയും കൃഷ്ണൻ ആ കുഞ്ഞിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തെന്നാണ് കഥ...
    കൃഷ്ണസഹോദരി സുഭദ്രയാണ്.. അവള്ക്ക് വേണ്ടി അർജ്ജുനന്റെ മാത്രം പത്നിയാവേണ്ടിയിരുന്ന ദൌപദിയെ പാഞ്ചാലിയാക്കിയതാണൊ എന്നാണു കവി ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു...
    സ്നേഹത്തിന്റെ കടമെല്ലാം വീട്ടിയെന്ന് കൃഷ്ണൻ പരാമർശിക്കുമ്പോൾ ദ്രൌപദിക്കായി ഒരു മകനെ പോലും ബാക്കി വയ്കാതെ എന്നാൽ സ്വസഹോദരീപുത്രന്റെ മകന്റെ കുഞ്ഞിനെ ജീവിപ്പിക്കുകയും ചെയ്തു...

    സുഭദ്രയ്ക് പിന്നിൽ നിഴലായി പോയവളാണ് താനെന്ന് പറയാനാണ് ഇതെല്ലാം ഉൾകൊള്ളിച്ചതെന്നു കരുതുന്നു..താൻ ചെയ്തതിനൊന്നും വേണ്ടത്ര വിലകൽപിക്കപ്പെട്ടില്ലെന്ന പരിഭവം..
    “എങ്കിലും നീയെന്റെ സഹജനെന്നോതും ഞാൻ
    കൃഷ്ണയെന്നുള്ളതെൻ നാമമെന്നോർത്തിടും “
    എന്തൊക്കെയാണെങ്കിലും കൃഷ്ണയെന്ന നാമം കൃഷ്ണസഹോദരിയെന്നുള്ള അഭിമാനം സ്ഫുരിക്കുന്ന വാക്കുകൾ..

    സഹോദരഭാവത്തിലുള്ള കൃഷ്ണഭക്തിയാണ് വിഷയം...ചുരുക്കത്തിൽ ആശയം കൊള്ളാം...അവതരണം കുറേക്കൂടി ശ്രദ്ധിക്കണം..ആശയത്തെ പലർക്കും വ്യക്തമാകുന്നില്ലെന്നതാണ് പ്രശ്നം..പുരാണങ്ങളിലെ വ്യാഖ്യാനങ്ങൾ പലതായതും..കേട്ടറിവുകളിലെ വൈരുദ്ധ്യവും..എല്ലാം കാരണങ്ങളായിരിക്കാം...
    പലരും പലതായ അർത്ഥങ്ങളിൽ വ്യാഖ്യാനിക്കുമ്പോൾ കവിത വായിച്ച് മനസിലാകുന്നത് കമന്റുമായി കൂട്ടി വായിക്കുമ്പോൾ ആകെ കൺഫ്യൂഷൻ..
    പുരാണങ്ങളെ കുറിച്ചായത് കൊണ്ടും കേട്ടറിവുകളിലും വ്യാഖ്യാനങ്ങളിലുമുള്ള പ്രശ്നങ്ങൾ മനസിലാക്കി ചെറിയൊരു കുറിപ്പോ...അല്ലെങ്കിൽ സംഭവങ്ങളുടെ ചെറുവിവരണങ്ങളിലേക്കുള്ള ലിങ്കുകളോ ഉൾക്കൊള്ളിക്കുന്നത് നന്നായിരിക്കുമെന്നാണെന്റെ അഭിപ്രായം..
    (അതൊരിക്കലും കവിയുടെ പരാജയമായിരിക്കില്ല..മറിച്ച് അറിവ് തുല്യരല്ലാത്ത വായനക്കാർക്കൊരുപകാരമായിരിക്കും..)

    ആശംസകൾ....

    ReplyDelete
  17. @രമേശ്‌ ജി: കൃഷണ എന്നും പേരുള്ള പാഞ്ചാലിയെ അറിയാതെ പോയതല്ല.. ഞാന്‍ ലക്ഷമണന്‍റെ ഭാര്യയായ ഊര്‍മ്മിളയെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു. ലക്ഷ്മണ പത്‌നിയായി ഒരുപാടു മോഹങ്ങളുമായി അയോധ്യയുടെ പടികയറുമ്പോള്‍, തന്നെ കാത്തിരിയ്ക്കുന്ന വിധിയേപ്പറ്റി ഊര്‍മ്മിളയറിഞ്ഞിരുന്നില്ല. പതിനാലുവര്‍ഷത്തെ വനവാസത്തിനായി ജ്യേഷ്ടനോടൊപ്പം കാട്ടിലേയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്മണ കുമാരന്‍ കൊട്ടാരത്തിന്റെ അന്തപ്പുരങ്ങളിലെവിടെയോനിന്നുതിര്‍ന്ന തേങ്ങല്‍ കേട്ടതുമില്ല, ഊര്‍മ്മിളയ്ക്കവിടെ സ്നേഹം നിഷേധിയ്ക്കപ്പെട്ടു. ശ്രീരാമചന്ദ്രനു വനവാസം പിതാവിനോടുള്ള കടമയും ലക്ഷ്മണകുമാരനു സഹോദരനോടുള്ള കടപ്പാടും സീതാദേവിയ്ക്കു പത്‌നീ ധര്‍മ്മവുമായിരുന്നു. പക്ഷേ പതിനാലുവര്‍ഷത്തെ വിരഹം ഊര്‍മ്മിളയ്ക്കു കടമയോ കടപ്പാടോ..? അറിയില്ല..
    നഷ്ടങ്ങള്‍ മാത്രം സ്വന്തമാക്കി 'ഊര്‍മ്മിള' ഇപ്പോഴും പുനര്‍ജനിയ്ക്കുന്നു.
    ഈ വിധത്തില്‍ ഊര്‍മ്മിളയും സ്മരിക്കപ്പെടെണ്ടവള്‍ തന്നെ എന്ന് മാത്രമേ ഞാന്‍ കരുതിയോള്ളൂ.

    കവിത എളുപ്പമാകുന്നതിന് രമേശ്‌ജിയുടെ സുദീര്‍ഘമായ അഭിപ്രായം ഉപകരിച്ചുവെന്നതില്‍ ഞാന്‍ നന്ദിയോതുന്നു. കൂടെ, വലിയ അറിവുകള്‍ സമ്മാനിച്ചതിനും.. കവിതക്കും എഴുത്താണിക്കും ഒരിക്കല്‍ കൂടെ ഭാവുകങ്ങള്‍.

    ReplyDelete
  18. @●๋•തൂലിക•●๋ : താങ്കള്‍ കവിതയെ ഭംഗിയായി അപഗ്രഥിച്ചെന്ന് തന്നെ എന്റെ വിശ്വാസം. കമന്റുകള്‍ പലതും (എന്റെതുള്‍പ്പെടെ) കവിതയെ അപഗ്രഥിച്ചതല്ല എന്ന്‍ മനസ്സിലാക്കും എന്ന് കരുതട്ടെ. എന്റെ കമന്റില്‍ കൃഷ്ണയെന്ന കാരക്റ്ററിനെ പറ്റി ഞാന്‍ പറഞ്ഞു എന്നേയുള്ളൂ. അല്ലാതെ അതാണ് സീതയുടെ കവിത എന്ന് അല്ല അതില്‍ ഉദ്ദേശിച്ചത്. കമന്റുകള്‍ വായിച്ചപ്പോള്‍ എന്ന് ജനറലൈസ് ചെയ്തത് കൊണ്ട് പറഞ്ഞതാണ് കേട്ടോ :) തൂലിക വിശദീകരിച്ചത് തന്നെയാണ് സീത ഉദ്ദേശിച്ചതെന്ന് എനിക്കും തോന്നുന്നു. തൂലിക പറഞ്ഞ ആദ്യ ഭാഗം എനിക്ക് പുതിയ അറിവാണ്. അതായത് ദ്രൌപദി സ്വന്തം ഉത്തരീയം ഉപയോഗിച്ച് മുറിവ് കെട്ടിയതിനുള്ള പ്രത്യുപകാരമാണ് വസ്ത്രാഞ്ചലം നല്‍കിയതെന്നത്. അത് നല്ല ഒരു പോയിന്റ് ആണ്. ആ ബെയ്സില്‍ ഇത് വരെ ആരും ചിന്തിച്ച് കണ്ടിട്ടില്ല. സുഭദ്രക്ക് പിന്നില്‍ നിഴലായി പോയവളാണെന്ന വിഷമം കൃഷ്ണനോട് പറയുന്നത് തന്നെയാണ് സീതയുടെ കവിതയെന്ന് എനിക്കും തോന്നിയത്.

    ReplyDelete
  19. ധര്‍മ്മാധര്‍മ്മങ്ങളുടെ കഥപറയുന്ന പൌരാണിക ഭാരത ഇതിഹാസ ചരിത്രങ്ങളില്‍ സത്യാന്വേഷനങ്ങളെയും , പ്രപഞ്ചശാസ്ത്രതത്വങ്ങളെയും , ഭക്തിചിന്തയും , ഒഴിവാക്കി , നായികാ നായക പ്രഭയില്‍ നിറം മങ്ങിപ്പോയ ഒരുപിടി സഹകഥാപാത്രങ്ങളുടെ കണ്ണീരിന്റെ ഉപ്പുച്ചുവയ്ക്കുന്ന നനവുതെടി കണ്ണുകളില്‍ ഭൂതക്കണ്ണാടിയും മനസ്സില്‍ കൂര്‍ത്തുമൂര്‍ത്ത ആയിരം ചോദ്യങ്ങളുമായി ബ്ലൂലോകത്തില്‍ വാണരുളും നിന്നെ ഞാന്‍ ചിതലെന്നു വിളിക്കട്ടെ ....

    ഹേ ചിതലേ ....
    അതിപുരാതന, പുണ്യപുരാണ , ഹൈന്ദവ ഇതിഹാസ ഗ്രന്ഥങ്ങള്‍ നീ കാര്‍ന്നു തിന്നുമ്പോള്‍ .. നിന്റെ ആര്ത്തിക്കിരയാവുന്നത് ..മനുഷ്യ മനസ്സുകളില്‍ കൊട്ടാരം കെട്ടി പാര്‍ക്കുന്ന മഹാഅവതാരങ്ങളാണ് .. നീ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ വ്യാസനോ , വാല്മീകിയോ ,തുഞ്ചത്തെഴുത്തച്ചനോ പുള്ളിക്കാരന്റെ കിളിയോ പുനര്‍ജനിക്കണം ...

    പരിമിതമായ എന്റെ അറിവുകളില്‍ നിന്നും .....
    ഭാരതത്തില്‍ ശ്രീകൃഷ്ണന്റെ ഓരോ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും ഒളിഞ്ഞു കിടക്കുന്ന ആയിരം അര്‍ത്ഥങ്ങള്‍ക്കുത്തരം തരുവാന്‍ സൃഷ്ട്ടിക്കും സംഹാരത്തിനും പോലും സാധിച്ചിരുന്നില്ല ..ഒരു വാഹനം അത് ഓടിക്കുന്നവന്റെ ഇഷ്ട്ടത്തിനു മാത്രമേ ചലിക്കുകയുള്ളൂ .. അതുപോലെ പരിപാലനം ധര്‍മ്മമായുള്ളവന്‍ ( സ്ഥിതി ) ധര്‍മ്മ പരിപാലനത്തിനും , ലോക രക്ഷയ്ക്കും അവതാരമെടുത്തപ്പോള്‍ അദ്ദേഹം തന്നെ രചിച്ച തിരക്കഥയിലെ വേഷങ്ങളാടുക മാത്രമാണ് ഓരോരുത്തരും ചെയ്തത് ...ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ .......

    കൂടുതല്‍ വിവരങ്ങള്‍ ..ഗീതോപദേശവും , മഹാഭാരതതത്വങ്ങളും ശ്രദ്ദിച്ചുവായിച്ചാല്‍ അറിയാവുന്നതാണെന്ന് കരുതട്ടെ ...

    കവിതയെ പറ്റി ഞാന്‍ എന്ത് പറയാനാ ദേവീ..ബല്ലേ ...ബല്ലേ ..
    ചവറുകള്‍ എഴുതിനിറക്കുന്ന ബ്ലൂഗുകളില്‍ നിന്നും സീതായനം വേറിട്ടു നില്‍ക്കുന്നു ..
    മലയാളപരിജ്ഞാനം നിനക്ക് കുറവെന്നു നീ പറഞ്ഞതില്‍ ആശ്ചര്യം ..!!

    ReplyDelete
  20. ഈ ചര്‍ച്ചാവേദിയില്‍ അഭിപ്രായം പറയാന്‍ മാത്രം നീ വളര്‍ന്നോ അജിത്തേ? മിണ്ടാതെ കവിതയും കമന്റുകളും വായിച്ച് തിരിച്ചുപൊയ്ക്കോളൂ!!!

    ReplyDelete
  21. @ajith said...
    ഞാനും കൂടെയുണ്ട് കേട്ടോ, ഹെ ഹെ ഹേ..

    കവിത വായിച്ചു കേട്ടൊ, സാധാരണ പുരണസംബന്ധിയായവ വായിക്കാതെ ഓടുകയാണ് ചെയ്യാറുള്ളത്. ചൊല്ലാനറിയില്ല എന്നതും ഒരു പ്രശ്നമാണെയ്.

    അഭിപ്രായങ്ങള്‍ വായിച്ച് വന്നപ്പോള്‍ തലയില്‍ കുറച്ചൊക്കെ കയറിയിട്ടുണ്ട്, കവിയുടെ ഉദ്ദേശ്യം.

    ആശംസകള്‍.

    @കവിയൂര്‍
    ഊര്‍മ്മിലയെപ്പറ്റി ഒരു ബ്ലോഗര്‍ എഴുതിട്ടുണ്ട്, മനോഹരമായിട്ടെന്ന് തന്നെയാണ് എന്നാണെ എനിക്ക് തോന്നിയത്. കുറച്ചേറെ കാലം മുമ്പേ വായിച്ചതാ. ഒരു കുഞ്ഞു ലേഖനം (/കഥ?) കിട്ടിയാല്‍ ലിങ്കിടാം.

    ReplyDelete
  22. വായിച്ചു................നന്നായി..................പുരാണങ്ങളെല്ലാം ............ഒന്നു കൂടി വായിച്ച പോലെ..................

    ReplyDelete
  23. ഭഗവാൻ കൃഷ്ണനുപോലും സ്ഥിരം ഭക്തകളേക്കാൾ കൂറ് സ്വന്തക്കാരോട് തന്നെ...!
    അപ്പോൾ സാധാരണക്കാരായ നമ്മളൊക്കെ എങ്ങിനെയായിരിക്കും അല്ലേ..?

    കൃഷ്ണനോടുള്ള എല്ലാ പരിഭവങ്ങളും ഒരു പെണ്ണനുഭവങ്ങളിൽ കൂടീ കൃഷ്ണ എണ്ണിയെണ്ണി പറഞ്ഞിരിക്കുന്നൂ...

    നന്നായിട്ടുണ്ട് ഈ വേറിട്ടകാഴ്ച്ചപ്പാടുകൾ കേട്ടൊ സീതാജി.
    അഭിനന്ദനങ്ങൾ...!

    ReplyDelete
  24. പ്രിയപ്പെട്ടവരേ ...
    എന്റെ കവിത വായിക്കാന്‍ നിങ്ങള്‍ കാട്ടിയ സന്മനസ്സിന് നന്ദി പറയട്ടെ ...
    ഇവിടെ ഞാന്‍ പറയാനുദ്ദേശിച്ചത് പാഞ്ചാലിയുടെ സഹോദരീ ഭാവം ആണ് ..ഒരല്പം കുശുമ്പും പരിഭവവും ചേര്ത്ത് കൃഷ്ണനോടുള്ള ചോദ്യങ്ങള്‍ ...ശത്രു നിഗ്രഹം കഴിഞ്ഞ്‌ തിരിച്ചെത്തുന്ന ചക്രായുധം ഭഗവാന്റെ ചൂണ്ടു വിരല്‍ മുറിക്കുന്നു...അരികില്‍ നില്‍ക്കുന്ന പാഞ്ചാലി തന്റെ ഉത്തരീയം കീറി ആ മുറിവ് കെട്ടുന്നു...അതിന്റെ കടമാണ് കൃഷ്ണന്‍ കൌരവ സഭയില്‍ അവള്‍ടെ മാനത്തിനു കവചമായി ഉടുവസ്ത്രം ഏകി വീട്ടുന്നത് എന്ന് ഭാഗവതത്തില്‍ പറയുന്നു..സുഭദ്ര കൃഷ്ണന്റെയും ബാലരാമാന്റെയും സഹോദരിയാണ് ..അര്‍ജ്ജുനനെ സുഭദ്ര പ്രണയിക്കുന്നു ..കൃഷ്ണന്‍ സ്വന്തം സഹോദരിയായ സുഭദ്രയ്ക്ക് അര്‍ജ്ജുനനെ ഏകാന്‍ വേണ്ടിയാണോ മറ്റു നാല് മംഗല്യങ്ങള്‍ കൂടി തന്റെ താലിയില്‍ കോര്‍ത്തത് എന്നാണു എന്റെ പാഞ്ചാലിയുടെ ചോദ്യം...സുഭദ്രയ്ക്ക് കര്‍മ്മം ചെയ്യാന്‍ അവള്‍ടെ മകന്‍ അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗര്‍ഭത്തിലെ മരിച്ച കുഞ്ഞിനു ഉയിരേകിയപ്പോള്‍ തനിക്ക് കര്‍മ്മം ചെയ്യാന്‍ ഒരു പുത്ര ജന്മം പോലും ബാക്കി വച്ചില്ലല്ലോ എന്നാണ് എന്റെ പാഞ്ചാലിയുടെ പരിദേവനം .....നീല നിറവും കൃഷ്ണ എന്ന പേരും നല്‍കി സഹോദരീ സ്ഥാനം ഏകിയെങ്കിലും കൃഷ്ണന്‍ പക്ഷപാതിത്വം കാട്ടിയില്ലേ എന്ന പരിഭവം .....ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്...പക്ഷെ എനിക്ക് വായനക്കാരുമായി സംവദിക്കാന്‍ കഴിയാതെ പോയി എന്ന് തോന്നുന്നു ...തെറ്റായ വ്യാഖ്യാനങ്ങള്‍ അത് സൂചിപ്പിക്കുന്നു ... ഒരു കവിതയോ കഥയോ അതെഴുതുന്ന ആള്‍ തന്നെ വെളിപ്പെടുത്തേണ്ടി വരുമ്പോള്‍ വ്യക്തമാകുന്നത് എഴുതുന്നവരുടെ പരാജയമാണ്..ഇവിടെ എന്റെയും ..പക്ഷെ ഈ പരാജയത്തെ ഞാന്‍ പോസിറ്റീവ് ആയെടുക്കുന്നു ...ഇതില്‍ നിന്നുള്ള പാഠം എന്റെ മുന്നോട്ടുള്ള യാത്രയില്‍ പാഥേയം ആക്കുകയാണ്...ഊര്‍മ്മിളയെ കുറിച്ചും ഞാന്‍ പറഞ്ഞിട്ടുണ്ട് http://seethaayanam.blogspot.com/2011/04/blog-post_16.html എന്ന പോസ്റ്റില്‍ ...പിന്നെ ഞാനിവിടെ പറയുന്നതെല്ലാം എന്റെ ചിന്തകളാണ്....ഒരിക്കലും അവതാരങ്ങളെ ചോദ്യം ചെയ്യുകയല്ല..അതിനു ഞാന്‍ അശക്തയാണ്‌....അമര്‍ത്തപ്പെട്ട കഥാപാത്രങ്ങളെ എന്റെ ചിന്തകളിലൂടെ പുനഹ്സൃഷ്ടിക്കുന്നു...എല്ലാവര്ക്കും നന്ദി...

    ReplyDelete
  25. അഹങ്കാരിയും ഒരു മഹായുദ്ധത്തിനു കാരണക്കാരിയും എന്ന സ്ത്രീവിരുദ്ധ വായനകൾക്കിടയിൽ ഒരു വേറിട്ടവായന...മനുഷ്യപക്ഷത്തുനിന്ന്...
    ആശംസകൾ.

    ReplyDelete
  26. ഞാന്‍ ഈ വഴി പോകുന്നുണ്ട്ട്ടോ....

    ReplyDelete
  27. കവിത, പുരാണങ്ങളുടെ വ്യാഖ്യാനം ഒക്കെ ഒരുപാട് അറിവുകള്‍ നല്‍കിയല്ലോ സോദരീ.... ഈ സദുദ്യമത്തിന് ഏറെ നന്ദി.
    കൂടുതല്‍ പറയാന്‍ അറിയില്ല കേട്ടോ....

    ReplyDelete
  28. കൃഷ്ണയെ കുറിച്ച് നന്നായി എഴുതി. ഇനിയും വരണം ഇവിടെ.

    ReplyDelete
  29. പ്രീയ സഹോദരരെ.... സീതയുടെ കവിതയെ ഉൾക്കൊണ്ടത് ഒന്ന് രണ്ട്^ പേർ മാത്രമാണെന്നാണ് എന്റെ പക്ഷം... രമേശ് അരൂരും, തൂലികയും അത് ഉൾക്കൊണ്ടിട്ടുണ്ട്... പിന്നെ ഒരു കവി കവിതയെഴുതുമ്പോൾ... അയ്യാളുടെ ചിന്തകളാണ് അതിൽ പ്രതിപാദിക്കപ്പേടുന്നത്...പുരാണ,ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളേയും, അവസ്ഥകളേയും..ഇതിന് മുൻപ് എത്രയോപേർ കഥകളും കവിതകളുമാക്കുയിട്ടുണ്ട്..കർണ്ണനെപ്പറ്റി തന്റേതായ കാഴ്ചപ്പാടിൽ കണ്ട്, പി.കെ ബാലകൃഷ്ൺന്റെ ‘ഇനിഞാൻ ഉറങ്ങട്ടെ’ എന്ന രചനയും. കുട്ടികൃഷ്ണമാരാരുടെ ‘ഭാരത പര്യടനവും’.. ഭീമനെ തന്റേതായ കാഴ്ചപ്പാടിൽ കണ്ട് മഹാഭാരതത്തെ പുരനാഖ്യാനം ചെയ്ത എം.റ്റി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴവും’ ( ഇന്നത്തെ ബ്ലോഗ് വായനക്കാരിൽ പലരും എഴുത്തുകാരിൽ ചിലരും ധരിച്ച് വച്ചിരിക്കുന്നത് രണ്ടാമൂഴമാണ് യഥാർത്തത്തിലുള്ള മഹാഭാരതം എന്നാണ്.. യഥാർത്ത വ്യാസ മഹാഭാരതത്തിന്റെ മലയാള ,ഗദ്യ പരിഭാഷ ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഇറക്കിയിട്ടുണ്ട് സമയം കിട്ടുമ്പോൾ അത് എല്ലാവരും വായിക്കണമെന്ന ഒരു എളിയ അഭ്യർത്ഥന എനിക്കുണ്ട്) വീരേന്ദ്രകുമാരിന്റെ രാമന്റെ ദുഖവും വി മധുസൂദനൻ നായരുടെ അഗസ്ത്യ ഹ്രദയവും.. സുരേന്ദ്രന്റെന്റെ’സീതായനവും’ ഒക്കെ മൌലികമായ കൃതികളാണ് അവയെ വായനക്കാർ അവരുടെ മനൊവ്യാപരത്താൽ കാണാൻ ശ്രമിക്കണം..കൂടെ പുരാണവും അറിഞ്ഞിരിക്കണം.... ( തുടരും)

    ReplyDelete
  30. (തുടരുന്നൂ)ഇവിടെ നമ്മുടെ സീത സീതായനത്തിലൂടെ പുരാണകഥാ പാത്രങ്ങളെ, പ്രത്യേകിച്ചും സ്ത്രി കഥാപാത്രങ്ങളൂടെ മനസ്സ് തന്നിലൂടെ നോക്കി കാണുകയാണു...എഴുതുന്ന കവിതന്നെ താനെന്താണ് എഴുതിയതെന്ന് മറ്റുള്ളവക്ക് വിശദീകരിക്കുന്നത് അത്ര നല്ല കീഴ്വഴക്കമല്ലാ... അതിന്റെ അർത്ഥതലങ്ങൾ നമ്മളും വായിച്ച് മനസ്സിലാക്കണം...അറിഞ്ഞുകൂടാത്തത് തേടികണ്ട് പിടിച്ചിട്ട് മാത്രമേ അഭിപായങ്ങൾ എഴുതാവൂ... ഇവിടെ സീത തുടങ്ങുന്നത് ഇങ്ങണെയാണ്.. ഒരിക്കൽ ശ്രീ കൃഷ്ണൻ തന്റെ സുദർശന ചക്രം ശത്രുവിന് മേൽ പ്രയോഗിച്ചൂ..ശ്ത്രു നിഗ്രഹം കഴിഞ്ഞ് തിരിച്ച് വന്ന ചക്രം ശ്രീ കൃഷ്ണന്റെ ചൂണ്ട് വിരലിൽ കറങ്ങിയിരുന്നപ്പോൾ ചെറിയ മുറിവുണ്ടായി.. അപ്പോൾ സമീപത്തുണ്ടായിരുന്ന ദ്രൌപതി.. തന്റെ ഉത്തരീയം കീറി, ശ്രീ കൃഷ്ണന്റെ വിരലിലെ മുറിവ് കേട്ടികോടുത്തു, ഇതിനു പകരമായിട്ടാണ് ... പണയപ്പണ്ടമായ,രജസ്വലയായ, പാഞ്ചാലിയെകൌരവ സഭാതലത്തിൽ വച്ച് ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ ശ്രീ കൃഷ്ണൻ, സഹായത്തിനെത്തിയത്....യഥാർത്തലത്തിൽ ഒരു പാവം ‘സ്ത്രീയുടെ’ രക്ഷക്കെത്തുകയായിരുന്നോ അതോ ഒരു കടം വീട്ടൽ മാത്രമായിരുന്നോ? എന്നാണ് കവി ചോദിക്കുന്നത്..പാഞ്ചാലി യഥാർത്തത്തിൽ കൃഷ്ണന്റെ സഹോദരിയല്ലാ..( ദ്രോണരുടെ ചെയ്തികളാൽ മനം നൊന്ത് ദ്രുപദൻ പണ്ടൊരു യാഗം ചെയ്തു.അതിന്റെ ഫലമായി ഹോമാഗ്നിയിൽ നിന്നും ധ്രഷ്ടദ്യുമനൻ എന്നൊരു പുത്രനും,ദ്രൌപദി എന്നൊരു പുത്രിയും കിട്ടി) എന്നാൽ ഇളം നീലനിറവും, കൃഷ്ണ എന്ന പേരും ,പാഞ്ചാലിയെ കൂടെ ജനിച്ചവളല്ലാ എങ്കിലും പാഞ്ചാലിക്ക് സ്വന്തം സഹൊദരനായിരുന്നൂ കൃഷ്ണൻ. ആ അവസ്ത്ഥയെ എന്റെ പ്രീയ സഹോദരാ നീ അവഗണിക്കുകയായിരുന്നോ ? രൈവദ ഗിരി പർവ്വതത്തിനു താഴെയുള്ള താഴ്വരയിൽ, മാകന്ദചോട്ടിൻ താഴെ എന്റെ പ്രീയ ഭർത്താവ് അർജ്ജുനൻ യതിയുടെ വേഷം കെട്ടി തപസ്സിരുന്നപ്പോൾ, സുഭദ്രയെ തോഴിയായി എത്തിച്ചതും.. തമ്മിൽ പ്രേമം അങ്കുരിപ്പിച്ചതും, ബലഭദ്രനെ മറികടന്ന് സുഭദ്രയെ എന്റെ പതിയെ ക്കൊണ്ട് മാംഗല്ല്യം നടത്തിപ്പിച്ചതും നിന്റെ ബുദ്ധിയായിരുന്നില്ലേ? അന്നു മുതൽ ഞാൻ സുഭദ്രയുടെ മറവിലെ നിഴലായിരുന്നൂ.. അതിലെനിക്ക് അതീവ സങ്കടമില്ലാ “ രാജാനോ ബഹു വല്ലഭ” എന്നത് അലിഖിത നിയമമായിരുന്നല്ലോ.. പക്ഷേ..രണ്ട് കാര്യങ്ങളാണ് എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചത്.. ഒന്ന് .. സ്വയംവര മണ്ഡപത്തിൽ നിന്നും അമ്മ കുന്തിയുടെ അടുത്തെത്തിയപ്പോൾ ‘ഇന്ന് ഞങ്ങൾക്ക് ഒരു നല്ലതൊന്നു കിട്ടീ‘ എന്നുപ്അറഞ്ഞപ്പോൾ ‘ നല്ലതെന്തായാലും അഞ്ചുപേർ ഒന്നിച്ചനുഭവിച്ച് കൊള്ളുക’ എന്ന് അമ്മയെ കൊണ്ട് പറയിപ്പിച്ചത് അങ്ങയുടെ ബുദ്ധിയല്ലേ... ഇന്നും അജ്ജുകമാരെ( വേശ്യകളെ) കളിയാക്കി വിളിക്കുന്നത് എന്റെ ചെല്ല പേരിലല്ലേ ( പാഞ്ചാലിയെന്നു) ഇല്ല അതിനെക്കാളും എനിക്ക് ദുഖമുണ്ടായത്.. സോദരീ മോക്ഷാര്ത്ഥം് ഉത്തരാഗര്ഭ്ത്തിനുയിരൂതിയേകി യെ അങ്ങ് എനിക്ക് ബലികർമ്മം ചെയ്യാനായിട്ടെങ്കിലും... എന്തേ അർജ്ജുന പുത്രനായ ‘ശ്രുതകീർത്തി’ എങ്കിലും എനിക്ക് മകനായി ജീവൻ നില നിർത്തിയില്ല... സഗർഭ അല്ലാത്തത് കൊണ്ടാണോ..? എങ്കിലും എന്റെ ഭഗവാനെ... മിഴിനീരു തൂകി മൊഴിയുന്നോരീ ദു:ഖം ..
    മറവിയിൽ മായ്‌വോളം കൃഷ്ണയ്ക്ക് സ്വന്തം..എങ്കിലും നീയെന്റെ സഹജനെന്നോതും ഞാൻ
    കൃഷ്ണയെന്നുള്ളതെൻ നാമമെന്നോർത്തിടും..... പഞ്ചകന്യാ രത്നങ്ങളിലൊന്നായി മാലോകർ ഇന്നും എന്നെ വാഴ്തുന്നുണ്ടെങ്കിലും എന്റെ സഹോദരാ... പിടയുമെൻ നെഞ്ചകം കാണാത്തതെന്തേ നീപാഞ്ചാലിയാമിവൾക്കെല്ലാം നിഷിദ്ധമോ..... പഞ്ചാലിയുടെ മറ്റൊരു ഭാവത്തെയാണ് സീത ഇവിടെ അനാവരണം ചെയ്യുന്നത്... ഈ കവിതയിൽ ഒരു കുറ്റവും എനിക്ക് കണ്ട് പിടിക്കാനായില്ലാ.. ആഴത്തിൽ കവിതയെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് ഈ കവിത നൽകുന്ന ഉൾപ്പുളകം വിവരണാധീതമാണ് .. പുരാണങ്ങളിലെ മുക്കും മൂലയും പരതി.. തന്റേതായ കാഴ്ചപ്പാടിലൂടെ കവിതകൾ രചിക്കുന്ന എന്റെ പ്രീയപ്പെട്ട മകളെ... താങ്കൾക്ക് ഈയുള്ളവന്റെ സ്നേഹ് നമസ്കാ‍രം.... കാരണം നല്ല കവിതകളോ കഥകളോ വായിക്കുമ്പോളാണു... നമ്മൾ കൂടുതൽ ചിന്തിക്കുന്നത്... അല്ലെങ്കിൽ വായിച്ച് മറന്നവയെ വീണ്ടും ചിന്താമണ്ഡലത്തിൽ എത്തിക്കുന്നത് അതിൽ സീത വിജയിച്ചിരിക്കുന്നൂ ....എല്ലാ ഭാവുകങ്ങളും

    ReplyDelete
  31. @ചന്തു നായര്‍ : പ്രിയപ്പെട്ട മാഷേ, മുകളില്‍ തൂലികക്കുള്ള മറുപടിയായി രമേശ് അരൂര്‍ പറഞ്ഞത് തന്നെ ഒരിക്കല്‍ കൂടെ ആവര്‍ത്തിക്കട്ടെ.. സീതയുടെ കവിതയെ ഉള്‍ക്കൊള്ളൂക എന്നാല്‍ ആ കവിതയെ വ്യാഖാനിക്കുക എന്നല്ല അര്‍ത്ഥം. അതിന്റെ ആവശ്യം ഇവിടെയില്ല. ഇവിടെ പലരും കവിതയെ ഉള്‍ക്കൊണ്ടിട്ടുണ്ടാവും. അവരുടേതായ ആങ്കിളുകളില്‍. അത്തരത്തിലുള്ള ഉള്‍കൊള്ളലാണ് എന്നും കവിതകളുടെ / കഥകളുടെ വിജയം. മറിച്ച് എഴുത്തുകാരന്‍ ഉദ്ദേശിച്ചത് എഴുത്തുകാരനോ മറ്റൊരാളോ ഡീറ്റേയ്തായിട്ട് വിശദീകരിക്കേണ്ടി വരിക എന്നത് ശരിയല്ല. ഇവിടെ രമേശായാലും ഞാനായാലും ഒക്കെ ഞങ്ങള്‍ക്ക് ഈ കവിത വായിച്ചപ്പോള്‍ ഉണ്ടായ വികാരങ്ങള്‍, അല്ലെങ്കില്‍ വായനക്കാരില്‍ ഇത് വായിച്ചപ്പോള്‍ ഉണ്ടായ തോന്നലുകള്‍ പങ്കുവെക്കുകയാണ് ചെയ്തത്. അത് തന്നെയല്ലേ ശരിയും. എന്തോ എനിക്കങ്ങിനെ തോന്നുന്നു. ഇത് തന്നെയായിരുന്നു മുകളില്‍ തൂലികയോട് രമേശ് പറഞ്ഞതും എന്ന്‍ മനസ്സിലാക്കുന്നു.

    ReplyDelete
  32. പ്രീയ മനോരാജ്.... ഞാൻ ഒന്നു രണ്ട് പേരുകൾ എടുത്തെഴുതി എന്നുമാത്രം...മനോരാജ് ഉൾക്കൊണ്ടില്ലാ എന്ന് ഞാൻ പറഞ്ഞില്ലാ..കവിതയെ ചിലർ അതിന്റേതായ അർത്ഥത്തിൽ ഉൾക്കൊണ്ടില്ലാ എന്ന തോന്നലാണ് ഒരു ചെറിയ വ്യാഖാനത്തിലേക്ക് എന്നെക്കൊണ്ട് എത്തിച്ചത്... ഞാൻ പറയുന്നത് മാത്രം ശരി എന്ന പിടിവാശി എനിക്കില്ലാ... നല്ലതിനെ നല്ലതായിട്ട് കാണാൻ ശ്രമിക്കുന്ന ഒരു വായനക്കാരൻ മാത്രമാണ് ഞാൻ...ആരെയും വേദനിപ്പൊക്കാനല്ലാ ഞാൻ കമന്റ് എഴുതുന്നത്... എനിക്കറിയാവുന്ന അറിവിനെ ഇവിടെ പകർത്തുന്നൂ എന്നു മാത്രം...താങ്കളുടെ നല്ല രചനകളെ ഞാൻ നല്ലതെന്ന് തന്ന്ബെ പറ്യും ആരോഗ്യകരമായ നിരൂപണം എല്ലാവർക്കും ഗുണം ചെയ്യും... താങ്കളും ഒരു നല്ല വായനക്കാരനും എഴുത്തുകാരനും ആണ്... എല്ലാ ഭാവുകങ്ങളും

    ReplyDelete
  33. മാഷ് വീണ്ടും എന്റെ കമന്റിനെ തെറ്റിദ്ധരിച്ചു. എന്നെ മാഷ് ചൂണ്ടിക്കാട്ടിയെന്നോ അല്ലെങ്കില്‍ ഞാന്‍ ഉള്‍ക്കൊണ്ടില്ല എന്ന് പറഞ്ഞെന്നോ അല്ല.മറിച്ച് വായനക്കാര്‍ ഉള്‍ക്കൊണ്ടില്ല എന്നതിലേക്കാണ് പോയിന്റ് ഔട്ട് ചെയ്തത്. തീര്‍ച്ചയായും ബ്ലോഗിലെ കമന്റുവേദി നമുക്ക് ആശയപരമായി ആരോഗ്യപരമായ തര്‍ക്കങ്ങള്‍ക്കും തര്‍ക്കപരിഹാരങ്ങള്‍ക്കും സംശയനിവര്‍ത്തിക്കും ഹേതുവാകണമെന്ന അതേ അഭിപ്രായക്കാരന്‍ തന്നെ ഞാനും. ആരോഗ്യപരമായ നിരൂപണം ആവശ്യമാണ്. ഇന്ന് അത് പലപ്പോഴും നടക്കുന്നില്ലെങ്കില്‍ പോലും. ഇവിടെ താങ്കളുടെ കമന്റില്‍ എനിക്ക് തോന്നിയ അപാകം (എനിക്ക് തോന്നിയത്.. നോട്ട് ദ പോയിന്റ്) താങ്കള്‍ വായനക്കാരെ മൊത്തത്തില്‍ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്ത് കവിതയുടെ സാരസ്യം വല്ലാതെ പരത്തിപ്പറഞ്ഞു എന്നതാണ്. അത് ഒരു പരിധിവരെ എഴുത്തുകാരിയുടെ കഴിവില്ലായ്മ എന്ന ഒരു ആങ്കിളിലേക്ക് വരരുത് എന്ന് തോന്നിയത് കൊണ്ട് അതിനെ.. ആ ഒരു നിലപാടിനെ (താങ്കള്‍ അത് വിശദീകരിച്ചതിനല്ല, മറിച്ച് അത് മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ഒരു വിശദീകരണം ആവശ്യമെന്ന രീതിയില്‍ പറഞ്ഞതിനെ) മാത്രമേ എതിര്‍ത്തുള്ളൂ.. അതല്ലാതെ ഞാനോ താങ്കളോ ഇവിടെ കമന്റു ചെയ്തവരോ ഒന്നും അല്ല ഇവിടെ വിഷയം. സീത എന്ന എഴുത്തുകാരി മാത്രം. സീത മനോഹരമായി കവിത അവതരിപ്പിച്ചു. മനസ്സിലാക്കിയവരും മനസ്സിലാക്കാത്തവരും അല്ലെങ്കില്‍ സ്വന്തം രീതിയില്‍ വാഖ്യാനിച്ചവരും ഉണ്ടാവാം. ഒരു പരിധി വരെ ആ വ്യാഖ്യാനങ്ങള്‍ തന്നെയല്ലേ ശരി. എഴുത്തുകാരിയുടെ മനസ്സ് നമ്മള്‍ കണ്ടെത്തേണ്ടതാണ്. മറ്റുള്ളവരോ എഴുത്തുകാരിയോ അത് വിശദീകരിക്കേണ്ടി വരരുത്. തൂലികയുടെ കമന്റ് കഴിഞ്ഞപ്പോള്‍ തന്നെ സീത പകുതി തോറ്റ രീതിയില്‍ കമന്റ് എഴുതി. അതുകൊണ്ട് മാത്രം ഇത്രയും പറഞ്ഞു. തൂലിക കവിത മനസ്സിലാക്കി എങ്കിലും കവിതയേക്കാള്‍ മറ്റുള്ളവരുടേ കമന്റുകള്‍ക്ക് പ്രാധാന്യം നല്‍കി. എന്തായാലും ഒരു തര്‍ക്കമല്ല ഇവിടെ ഉദ്ദേശിച്ചതെന്നും വ്യക്തിയതിഷ്ഠിതമായിരുന്നില്ല എന്റെ മറുപടി എന്നും മനസ്സിലാക്കുക.

    ReplyDelete
  34. @Manoraj
    കവിതയെ ഉൾക്കൊള്ളുന്നതിന്റെ രീതിയെ കുറിച്ചോ..അതിനെ വ്യാഖ്യാനിക്കൻ ശ്രമിക്കാനോ അല്ലാ ഞാൻ ശ്രമിച്ചതെന്ന് പറഞ്ഞു കൊള്ളട്ടെ.. കവിത വായിക്കുന്നതും കമന്റുന്നതും വായനക്കാരന്റെ മാത്രം അവകാശമാണ്..അതിനെ നിയന്ത്രിക്കാനോ കുറ്റപ്പെടുത്താനോ നിയന്ത്രണങ്ങൾ വയ്കാനോ ആർക്കും അവകാശമില്ലെനു തന്നെ പറയാം.. കമന്റു വായിച്ച് കവിത ഉൾക്കൊള്ളുന്നതല്ലാ മറിച്ച് കമന്റുകളിലൂടെ തെറ്റിദ്ധരിക്കപ്പെടുന്നതിനെ കുറിച്ചാണ് ഞാൻ പരാമർശിച്ചത്..
    പുരാണങ്ങളിലെല്ലാവർക്കും അറിവുണ്ടാവണമെന്നില്ല.. കേട്ടറിവുകളും എല്ലാവർക്കുമുണ്ടാവണമെന്നുമില്ല..
    അത്തരമൊരവസ്ഥയിൽ കവിതയിലൂടെയുള്ള അറിവിനെ തെറ്റായി ധരിപ്പിക്കാവുന്ന തരത്തിലുള്ള കമന്റുകൾ ഞാൻ ചൂണ്ടികാണിച്ചെന്നേയുള്ളൂ...
    “സുഭദ്രയെപ്പോലെ പതിനാറായിരത്തെട്ടു സഖിമാര്‍“...സ്വന്തം സഹോദരിയായ ഉത്തരയുടെ ദുഃഖം മാറ്റുവാന്‍ സ്വന്തം ജീവന്‍ പകുത്ത് അവള്‍ക്കു പുത്രഭാഗ്യം നല്‍കിയിട്ടും ... തുടങ്ങിയ പരാമർശങ്ങൾ വായിക്കുന്നവർ കൺഫ്യൂഷനായിപ്പോകും... തെറ്റായ വിവരണങ്ങൾ ചൂണ്ടി കാണിച്ചെന്നേയുള്ളൂ...
    സുഭദ്രയെ സഖിയായും ഉത്തരയെ സഹോദരിയായും കണക്കാക്കി ഈ കവിത വായിച്ചു നോക്കൂ... അതിന്റെ ആശയത്തിലുള്ള വ്യത്യാസം മനസിലാക്കാം..
    എന്റെ വ്യഖ്യാനങ്ങൾ ഞാനെന്റെ കണ്ണിലൂടെ കാണുന്നത് മാത്രമാണ്..അതാണു ശരിയെന്നും കരുതണില്ല..വായിച്ചു മനസിലാക്കിയത് പരാമർശിച്ചെന്നു മാത്രം..
    കമന്റുകൾ ഉപയോഗപ്പെടുത്തേണ്ടത് കവിയത്രിയാണ്.. തെറ്റായ വ്യഖ്യാനങ്ങളെ മനസിലാക്കി അതിനെ അടുത്ത രചനയിലില്ലാതിരിക്കാൻ ശ്രമിക്കാം... തന്റേതായ രചനയിലെ ആശയത്തെ സം‍രക്ഷിക്കേണ്ടതവരാണു താനും...

    എന്റെ കമന്റുകൾ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്...
    അതു കൊണ്ട് തന്നെ കവിതയിൽ മാത്രം ഊന്നിയുള്ള കമന്റുകൾക്കാണിപ്പൊ ശ്രമിക്കുന്നതും... :-)

    ReplyDelete
  35. നല്ല വരികളുടെ കോർത്തിണക്കൽ .. ഈണമുള്ള വരികൾ...ഒരു പാട്‌ ചിന്തകൾക്കിടമേകുന്ന വാക്കുകൾ കോർത്ത മുത്തുമാല പോലെ കവിത വഴിഞ്ഞൊഴുകി.. ആശം സകൾ നേരുന്നു...

    ReplyDelete
  36. ആദ്യമേ തന്നെ എനിക്ക് മനസ്സില്ലായിരുന്നു എന്റെ സംരംഭം ചീറ്റിപ്പോയെന്നു...അപ്പോഴേ ഒരു വിശദീകരണം കുറിച്ച് വച്ചു ...എങ്കിലും എന്നിലെ എഴുതിയ മനസ്സ് കവിത മനസ്സില്ലാക്കിയ ഒരു കമെന്റ് എങ്കിലും പ്രതീക്ഷിച്ചു... അതാണ്‌ മറുപടി ഇടാന്‍ വൈകിയത് ..ഇതെന്റെ തോല്‍വി എന്ന് പറഞ്ഞത് ഞാന്‍ തന്നെ കവിതയുടെ ആശയം വിശദീകരിക്കേണ്ടി വരിക എന്ന അവസ്ഥയെ ആണ് ....ഇപ്പൊ പറ്റിയ ഈ തോല്‍‌വിയില്‍ നിന്നും ഞാനുള്‍ക്കൊണ്ട പാഠം എന്റെ പുതിയ രചനകള്‍ക്ക് ദിശാ ബോധം എകും...ആരോഗ്യപരമായ സംവാദങ്ങള്‍ നമുക്കിനിയും തുടരാം.... നന്ദി...

    ReplyDelete
  37. ..
    കവിത നല്ല പദവിന്യാസത്താല്‍ സുന്ദരം, അഭിനന്ദനങ്ങള്‍.
    കവിത മുമ്പേ വായിച്ചിരുന്നു, കമന്റാന്‍ അശക്തനായതിനാല്‍ മിണ്ടാണ്ട് പോയതാ.. ഇപ്പോള്‍ കമന്റുകള്‍ വായിച്ച് ഹരം കൊണ്ടപ്പോള്‍ ഒന്ന് ഞാനും മിണ്ടിയേച്ച് പോകാംന്ന് വെച്ചു.
    (നോട്ട് :- “കൃഷ്ണ”യെന്ന കവിതയ്ക്കുള്ള വിലയിരുത്തലല്ല ഇത്.)

    പുരാണേതിഹാസങ്ങള്‍ മനസ്സിരുത്തി വായിച്ചിട്ടില്ല എന്നതിനാല്‍ത്തന്നെ കവിതയെ വിലയിരുത്തു(?)വാന്‍ ഞാനശക്തന്‍ തന്നെ. ഒരു സൃഷ്ടി പലപ്പോഴും കവിതകള്‍, ചിലയവസരങ്ങളില്‍ കഥകള്‍ എഴുത്തുകാര്‍ ഉദ്ദേശിക്കുന്നതുമായ് പൊരുത്തപ്പെടുന്നതില്‍ വായനക്കാര്‍ക്കാകാറില്ല. ഇവിടെ പുരാണമറിയുന്നവരില്‍ പലരും കവിതയെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നതും ചോദ്യം തന്നെ. (എന്റെ സംശയം)

    പണ്ട് ഞാനെഴുതിയ വരികള്‍ക്ക് ശ്രീ ശ്രീനാഥന്‍ മാഷ് കുറിച്ച വാക്കുകള്‍ കടം കൊള്ളുകയാണ്, (മാഷേ, ങ്ങ് ള് ഷെമിക്കണേ ചോയ്ക്കാണ്ടും പറയാണ്ടും കമന്റ് മോട്ടിച്ചേന്..!)

    “കവിത പെരും തച്ചന്റെ കുളമാണ് കൂട്ടരേ, തച്ചന്‍ കുത്തിക്കഴിഞ്ഞാല്‍ പിന്നെ കുളം നാട്ടാരുടെ, ചതുരത്തില്‍, നീളത്തില്‍ , വട്ടത്തില്‍ - എങ്ങനെയുള്ള കുളത്തില്‍ വേണമെങ്കിലും കുളിക്കാം.”

    കൃഷ്ണയെന്ന കവിത വായിച്ച് മറ്റു കമന്റ്സ് വായിക്കാതെ വായനക്കാര്‍ക്ക് അപഗ്രഥിക്കാം, കമന്റുകള്‍ വായിച്ചതിനു ശേഷവും ആവാം അത്.. രണ്ടു സമീപനവും വ്യത്യസ്തമാവാം. ഒരേ കവിത പലയാവര്‍ത്തി വായിച്ചാലും വ്യത്യസ്ത കാഴ്ചപ്പാടിലെത്താം. പക്ഷെ പലപ്പോഴും അപഗ്രഥനം അതിന്റെ പൂര്‍ണ്ണതയിലെത്തുന്നത് കൂട്ടായ ചര്‍ച്ചകള്‍ തന്നെയാണ്. ഇവിടെ ചര്‍ച്ചകള്‍ അത്തരത്തിലൂടെ നീങ്ങി കവിത എന്താണോ ഉദ്ദേശിക്കുന്നത് അതിലേക്ക് വായനക്കാര്‍ എത്തുന്നുണ്ട് എന്ന് തന്നെ പറയാം. തച്ചന്റെ കുളം തച്ചന് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഉള്‍ക്കൊള്ളാനാവും, പുറമേയുള്ളവര്‍ക്ക് വളരെ വ്യത്യസ്തങ്ങളായും തോന്നും. പലപ്പോഴും ഈ വ്യത്യാസങ്ങളുടെ ആകെത്തുക തച്ചന്റെ കണ്ണിലൂടെയുള്ള കാഴ്ചപ്പാട് തന്നെയാണ് അനുഭവവേദ്യമാക്കുന്നത് (കവിതയുടെ കാര്യത്തില്‍).
    ===============================

    യോജിക്കാനാവാത്തത്-
    01. ങ്ങ് ള ബ്ലോഗ്, ങ്ങ് ള കമന്റ്, ങ്ങ്ക്ക് ന്തും ആവാന്നത് വേറെ കാര്യം. പക്ഷെ അഭിപ്രായങ്ങള്‍ പലപ്പോഴും രചനകളെ പൂര്‍ണ്ണരൂപത്തില്‍ പിന്തുടരാന്‍ മറ്റു വായനക്കാരെ സഹായിക്കാറുണ്ട്. (ഉദാഹരണത്തിന് എന്നെപ്പോലെയുള്ള അല്പന്മാര്‍ക്ക്). അത്തരം കമന്റുകള്‍ നീക്കം “ചെയ്യുന്നതോ ചെയ്യപ്പെടുന്നതോ” നല്ല പ്രവണതയാണെന്ന് എനിക്കഭിപ്രായമില്ല.
    (ഞാനും കമന്റ് ഡിലീറ്റിയിട്ടുണ്ട്, അത് പക്ഷെ കമന്റിഷ്ടമായില്ലെന്ന പ്രസ്തുത കവിയുടെ പരാതിയും അതിന്മേലുള്ള ചര്‍ച്ചകള്‍ ഇമെയിലിലൂടെയും ആയതിനാലാണ്)

    02. കവി സ്വയം കവിതയെ പരിചയപ്പെടുത്തിയതില്‍ ഖേദിക്കേണ്ട കാര്യമൊന്നുമില്ല, വായനക്കാര്‍ തെറ്റായ് വായിക്കുന്നുവെന്ന് തോന്നുന്നുവെങ്കില്‍ അവരെ നേര്‍വ്വഴിക്ക് കൊണ്ടുവരേണ്ടത് കവിയുടെ കടമയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

    നന്ദി-
    സീത
    രമേശ് അരൂര്‍ (കമന്റ് ഡിലീറ്റഡ്)
    തൂലിക
    ചന്തുനായര്‍..
    ഒപ്പം ശ്രീനാഥന്‍ മാഷിനും

    (ഓ ടോ :- മ്മ്ക്കാവൂല്ലാ കോയാ, ഇങ്ങട എല്ലാരെം അറിവിന് മുമ്പില് സാഷ്ടാംഗം..)
    ..

    ReplyDelete
  38. കവിത നന്നായി ആസ്വദിച്ചു. കുറച്ചൊക്കെയെ ഈ കാര്യങ്ങളില്‍ അറിയൂ. എങ്കിലും അത് ആസ്വാദനത്തിന് പരിമിതി ഉണ്ടാക്കിയില്ല. വളരെ ഇഷ്ടമായി.

    ReplyDelete
  39. കൃഷ്ണയും കൃഷ്ണനും കര്‍ണ്ണനും ഒക്കെ എത്രയേറെ വ്യാഖ്യാനിച്ചാലും മതിവരാത്ത സമസ്യാപൂര്‍ണമായ കഥാപാത്രങ്ങള്‍ തന്നെ. ഇന്ത്യന്‍ മിത്തുകളുടെ സവിശേഷത അത് ആസ്വാദകന്റെ മനോധര്‍മ്മം അനുസരിച്ച് വ്യാഖ്യാനിക്കാം എന്നാണ്. ഇത് സാധ്യമാകും വിധം പല അര്‍ദ്ധവിരാമങ്ങള്‍ നല്‍കിയാണ്‌ വ്യാസന്‍ കഥ രചിച്ചിട്ടുള്ളത്. അധര്‍മ്മങ്ങളുടെ ഒരു പരമ്പരയാണ് വ്യാസന്‍ സൃഷ്ടിക്കുന്നത്. അതില്‍ നിന്നും ഭഗവാനും മുക്തനല്ല. അതുകൊണ്ടല്ലേ വേടന്റെ വിഷ ശരം ഏറ്റു നീറി നീറി കൃഷ്ണന്‍ മരിക്കുന്നത്. ആരെയും ശ്രേഷ്ഠതയുടെ ശുഭ്ര വസ്ത്രത്തില്‍ വ്യാസന്‍ പൊതിയുന്നില്ല. ഇതാണ് ലോകം എന്നു ചൂണ്ടിക്കാണിക്കയാണ്. സാമൂഹിക വിമര്‍ശനമാണ് എഴുത്ത് എന്നു വ്യാസന്റെ തൂലിക അടിവരയിടുന്നു. സീതായനത്തിന്റെ വ്യാഖ്യാനങ്ങള്‍ തുടരുക. ആശംസകള്‍.

    ReplyDelete
  40. valare adukkuk chittayumayi akarashakamayi paranju.... valare nannayittundu........ bhavukangal

    ReplyDelete
  41. ന്റ്റെ കൂട്ടുകാരിയ്ക്ക് അഭിനന്ദങ്ങള്‍..

    ReplyDelete
  42. @ സീത @ മനൊരാജ് @ തൂലിക @ സൂര്യകണം...കവിതയുടെ ആശയം വിശദീകരിക്കേണ്ടി വരിക.. എന്നത് ഒരു തോൽവിയല്ലാ... പലരും പലരുടെ കാഴ്ചപ്പാടിൽ ഈ കവിതയെ കണ്ട് എന്നത് തന്നെ നല്ല കാര്യമല്ലേ...“ഖസാക്കിന്റെ ഇതിഹാസം രചിച്ച ഓ.വി.വിജയൻ “ഇതിഹാസത്തിന്റെ ഇതിഹാസം“ രചിച്ചത്... തന്റെ കാഴ്ചപ്പാടുകൾ ഒന്ന് കൂടെ അർക്കിട്ടുറപ്പിക്കാനണ്.. ഞാൻ ഇവിടെ കവിതാ ഗതിയെ അല്ല മറിച്ച് പുരാണപരമായ എന്റെ അല്പ ജ്ഞാനം ഇവിടെ.. മറ്റുള്ളവർക്ക് പകർന്നൂ വെന്ന് മാത്രം..മനോരാജ് ... “(എനിക്ക് തോന്നിയത്.. നോട്ട് ദ പോയിന്റ്) ഞാൻ വായനക്കാരെ മൊത്തത്തില്‍ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്ത് കവിതയുടെ സാരസ്യം വല്ലാതെ പരത്തിപ്പറഞ്ഞു എന്നതാണ്. അത് ഒരു പരിധിവരെ എഴുത്തുകാരിയുടെ കഴിവില്ലായ്മ എന്ന ഒരു ആങ്കിളിലേക്ക് വരരുത് എന്ന് തോന്നിയത് കൊണ്ട് അതിനെ.. ആ ഒരു നിലപാടിനെ (താങ്കള്‍ അത് വിശദീകരിച്ചതിനല്ല, മറിച്ച് അത് മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ഒരു വിശദീകരണം ആവശ്യമെന്ന രീതിയില്‍ പറഞ്ഞതിനെ) മാത്രമേ എതിര്‍ത്തുള്ളൂ“...ഞാൻ ആ കവിതയെ എന്റേതായ കാഴ്ചപ്പാടിൽ കണ്ടതും..ആശയത്തെയല്ലാ മറിച്ച് പുരാണങ്ങളെ വിശദമാക്കിയതും അത്രക്ക് തെറ്റാണോ ആണെങ്കിൽ അത് സീത പറയട്ടെ തെറ്റാണു ഞാൻ പറഞ്ഞതെങ്കിൽ അത് സീത ഡിലീറ്റ് ചെയ്തോട്ടെ..സൂര്യകണം പറഞ്ഞത് പോലെ..“കവിത പെരും തച്ചന്റെ കുളമാണ് കൂട്ടരേ, തച്ചന്‍ കുത്തിക്കഴിഞ്ഞാല്‍ പിന്നെ കുളം നാട്ടാരുടെ, ചതുരത്തില്‍, നീളത്തില്‍ , വട്ടത്തില്‍ - എങ്ങനെയുള്ള കുളത്തില്‍ വേണമെങ്കിലും കുളിക്കാം.”...ഞാനും അതിൽ തന്നെ ഉറച്ച് നിൽക്കുന്നൂ... പിന്നെ രമേശിന്റെ കവിത എന്തിന്... ആര് ഡിലീറ്റ് ചെയ്യ്തത് എന്ന സംശയം ബാക്കിയാകുന്നൂ..അരാണു അതിന് മറുപടി തരിക?????/

    ReplyDelete
  43. കവിത വായിച്ചു സന്തോഷിക്കുന്നു. കമന്റുകള്‍ കണ്ടു വിരളുകയും. പുരാണ കഥാപാത്രങ്ങളെ വ്യത്യസ്ഥ കോണുകളിലൂടെ അപഗ്രഥിച്ചു തന്നെയാണു വിജയിച്ചിട്ടുള്ളത്, കര്‍ത്താക്കളും കഥാപാത്രങ്ങളും. അതു തന്നെയാണു അവയുടെ സുഗന്ധവും. തുടരുക.

    ReplyDelete
  44. താമസിച്ചു വന്നത് നന്നായി ..
    .ഒരു 50% എങ്കിലും കമന്റ്‌
    വന്നതിനു ശേഷം (ഇത്രയും
    മതി എന്ന് കവിക്ക്‌ തോന്നുമ്പോള്‍ )
    ഒരു വിശദീകരണം കൊടുക്കുന്നതില്‍
    ഒരു തെറ്റും ഇല്ല എന്നാണു എന്‍റെ
    അഭിപ്രായം.ഇത് ബ്ലോഗ് aayathu കൊണ്ടു
    (കുളം കുഴിച്ചിട്ടു ആ സ്ഥലം വിടുന്ന തച്ചന്‍ അല്ലല്ലോ
    ബ്ലോഗിലെ കവി.നിര്ദോഷം ആണേ..പരാതി വേണ്ട .)...
    അഭിനന്ദനങ്ങള്‍ സീത .ഈ ചര്‍ച്ചകള്‍
    കവിതയുടെ വിജയം ആണ്‌ കവയത്രിയുടെ
    പരാജയം ഒരിക്കലും അല്ല ....

    ReplyDelete
  45. കവിത വായിക്കുകയും ചര്‍ച്ചയില്‍ പങ്കെടുത്തതിലും എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി പറയട്ടെ.

    ഒരു കവിത വായനക്കാരുമായ് പൂര്‍ണ്ണരൂപത്തില്‍ കവിയുടെ ഇടപെടല്‍ ഇല്ലാതെ സംവദിക്കുന്നതാകണമെന്നാണ് ഭൂരിപക്ഷം രചയിതാക്കളുടെയും ആഗ്രഹം, ഞാനും അങ്ങനെ ആഗ്രഹിക്കുന്നു. അതിനാല്‍ മാത്രമാണ് “എന്റെ സംരംഭം ചീറ്റിപ്പോയെന്ന” തരത്തിലുള്ള വാക്കുകള്‍ എന്നില്‍ നിന്നുണ്ടായത്. അറിവുകള്‍ സ്വായത്തമാക്കുന്നത് കേട്ടും, കണ്ടും, വായിച്ചും, അറിഞ്ഞുമൊക്കെയാണല്ലൊ. ഇവിടെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്, ഒരു വിഷയത്തിലുള്ള അറിവ് എല്ലാരിലും പൂര്‍ണ്ണമല്ല എന്നത്-പ്രത്യേകിച്ച് അത് സാമൂഹികവും പുരാണ പരവുമായ വിഷയങ്ങളാവുമ്പോള്‍. അതിനാല്‍ത്തന്നെ ഇവിടെ ഈ കവിതയ്ക്ക് ഒരു കുറിപ്പ് ഞാന്‍ എഴുതിയിരുന്നെങ്കില്‍ കവിതയെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഭൂരിപക്ഷം പേര്‍ക്കും സാധിച്ചേനെ എന്നും സ്വന്തം പരാജയമെന്ന തരത്തിലുള്ള എന്റെ വാക്കുകളുടെ ആവശ്യവും വരില്ലായിരുന്നുവെന്നും മനസ്സിലാക്കുകയാണ്.

    ഇവിടെ ശ്രീ ๋●๋•തൂലിക•●๋ , ശ്രീ ചന്തു നായര്‍, ശ്രീ രമേശ്‌ അരൂര്‍ എന്നിവരുടെ ശ്രമം വായനക്കാരെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നത് സത്യമാണ്.അഭിപ്രായങ്ങള്‍ കവിതയെ വിശകലനം ചെയ്ത് വിശദീകരിച്ചാകുന്നത് എഴുതുന്ന ആള്‍ടെ തോല്‍വി ആണെന്ന്‍ ഞാന്‍ കരുതിന്നില്ലാ..വിശകലനം തെറ്റല്ലെങ്കില്‍ അതാണ്‌ കവിതയുടെ വിജയം ..കഥ അറിയാത്തവര്‍ക്ക് അതൊരു സഹായമാവുകയെ ചെയ്യു...കഥാ സന്ദര്‍ഭം അറിഞ്ഞിട്ടു വായിക്കുന്ന ആള്‍ക്ക് കവിത കൂടുതല്‍ ആസ്വാദ്യമാവുകേം ചെയ്യും..തൂലിക എന്റെ വിശദീകരണത്തെ കുറിച്ച് കമന്റിനവസാനം പറഞ്ഞത് (“അതൊരിക്കലും കവിയുടെ പരാജയമായിരിക്കില്ല, മറിച്ച് അറിവ് തുല്യരല്ലാത്ത വായനക്കാർക്കൊരുപകാരമായിരിക്കും..”) ഞാന്‍ ഉള്‍ക്കൊള്ളുകയാണ്.
    രമേശേട്ടന്റെ അഭിപ്രായം മുതലാണ് കവിത ഏത് രീതിയിലുള്ളതാണെന്നതിലേക്ക് ചര്‍ച്ച നീങ്ങുന്നത്. ഒരു അഭിപ്രായം തെറ്റായാലും ശരിയായാലും അത് ചര്‍ച്ചയെ സ്വാധീനിച്ചതാണെങ്കില്‍ (അല്ലെങ്കിലും) കമന്റ് നീക്കം ചെയ്തത് ശരിയായില്ലെന്ന് മനസ്സിലാക്കുകയാണ്.
    (രമേശേട്ടന്‍ ഡിലീറ്റിയ കമന്റ് പിന്നീട് ഞാന്‍ പൂര്‍ണ്ണമായും നീക്കം ചെയ്തിരുന്നു, എല്ലാവരും ക്ഷമിക്കുക).

    അഭിപ്രായം പറഞ്ഞ എല്ലാരോടും നന്ദിയേ ഉള്ളൂ...മനോരാജും സൂര്യകണവുമൊക്കെ അവരവരുടെ ദൃഷ്ടിയിൽ നോക്കിക്കണ്ടു...
    വീട്ടുകാരന്‍
    ജയിംസ് സണ്ണി പാറ്റൂര്‍
    ജയലക്ഷ്മി
    Manoraj
    ജീ . ആര്‍ . കവിയൂര്‍
    sreee
    Villagemaan
    ആളവന്‍താന്‍
    പട്ടേപ്പാടം റാംജി
    കുസുമം ആര്‍ പുന്നപ്ര
    ചെറുവാടി
    പടാര്‍ബ്ലോഗ്‌, റിജോ
    നാമൂസ്
    ചന്തു നായര്‍
    ചാണ്ടിച്ചായന്‍
    JITHU
    ๋●๋•തൂലിക•●๋
    SUDHI
    ajith
    നിശാസുരഭി
    jayalekshmi
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
    നികു കേച്ചേരി
    ഷമീര്‍ തളിക്കുളം
    കുഞ്ഞൂസ് (Kunjuss)
    Sukanya
    jayaraj
    മാനവധ്വനി
    *സൂര്യകണം..
    Salam
    ഭാനു കളരിക്കല്‍
    jayarajmurukkumpuzha
    വര്‍ഷിണി
    മുകിൽ
    ente lokam
    എല്ലാർക്കും എന്റെ അകമഴിഞ്ഞ നന്ദി...തുടർന്നും ഈ സമീപനമുണ്ടാവണമെന്ന അഭ്യർത്ഥന മാത്രമേയുള്ളൂ..

    ReplyDelete
  46. സ്നേഹാശംസകള്‍ കൂട്ടുകാരീ...

    ReplyDelete
  47. കവിത ഇഷ്ടമായി. അതുകൊണ്ട് സന്തോഷവുമായി. അഭിനന്ദനങ്ങൾ.

    ReplyDelete
  48. കവിത ഇഷ്ടമായി..കൃഷ്ണയോട് സഹതാപവും ഇഷ്ടവും തോന്നാറുണ്ട്...സ്ത്രീകളില്‍ ശ്രേഷ്ഠയാണ് കൃഷ്ണ..നന്നായി പറഞ്ഞു....

    ReplyDelete
  49. പുരാണ കഥാപാത്രങ്ങളെ പുതിയൊരു വീക്ഷണത്തിലൂടെ വായനക്കാരിലേക്ക് എത്തിക്കാനുള്ള സീതയുടെ ശ്രമത്തെ അനുമോദിക്കുന്നു. കവിതയും കമന്റുകളും ഇഷ്ടമായി. എഴുതുക ഇനിയും.... ഇതിലും നന്നായി. ആശംസകള്‍.

    ReplyDelete
  50. കവിത ഇഷ്ട്ടായി എനിക്കീ പുരാണ കഥകള്‍ അധികമായൊന്നും അറിയില്ല എന്നാലും കുറെ കാര്യങ്ങളൊക്കെ മനസ്സിലായി.. നല്ല ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ വരികള്‍ ...
    ആശംസകള്‍..

    ReplyDelete
  51. "മഞ്ജരിയിലാണ്‌ തുടക്കം എന്നു തോന്നി.
    അത് നിലനിര്‍ത്തിയിരുന്നെങ്കില്‍ പദ്യമെങ്കിലും ആകുമായിരുന്നു.

    ReplyDelete
  52. ഒത്തിരി ഇഷ്ടായീ.... കവിതയില്‍ വലിയ വിവരം ഒന്നും
    ഇല്ലെങ്കിലും, ഇപ്പൊ കുറെ നാളായി സീതയുടെ കവിതകള്‍ എനിക്ക് മനസിലാവുന്നു ! സീത സാധാരണ വായനക്കാരിലേക്ക് ഇറങ്ങിയതാണോ അതോ എന്‍റെ വിവരം കൂടിയതാണോ !!!
    ഒരു കവിത വായിച്ചിട്ട് "കൊള്ളാം", " മനോഹരം" എന്നൊക്കെയുള്ള കമന്റ്സിനുമപ്പുറം അതിലെ ആശയത്തെ
    കുറിച്ചുള്ള ആരോഗ്യപരമായ തര്‍ക്കങ്ങള്‍ ഉണ്ടാക്കാന്‍ എപ്പോഴും
    സീതയുടെ കവിതകള്‍ക്ക് കഴിയുന്നു. ഇത് എങ്ങനെ പരാജയമാവും ?
    കൂട്ടുകാരീ നിനക്ക് അഭിമാനിക്കാം.... ഇതാണ് വിജയം...

    ReplyDelete
  53. This comment has been removed by the author.

    ReplyDelete
  54. This comment has been removed by the author.

    ReplyDelete
  55. വരാൻ താമസിച്ചു.

    ‘കടം വീട്ടുമോ നീ കണ്ണാ..’
    ‘..സ്നേഹത്തിനെത് വിലയേകും നീ..’
    ഇങ്ങനെയൊക്കെ ചോദിക്കുന്നതു തന്നെ പരിഹാസ്യമല്ലെ?
    സഹായിച്ചത് കടം കൊടുത്തതു പോലെയാണോ?
    സ്നേഹത്തിനു വില പറയുന്നത് എന്ത് ഉദ്ദേശ്യത്തിലാണ്‌?
    സുഭദ്രയ്ക്ക് പിന്നിൽ നിഴലായി പോയെന്നു പരിതപിക്കുന്നതും പരിഹാസ്യം. (സഹോദരിമാരുടെ സ്നേഹം ഇവിടെ തുലനം ചെയ്യുകയാണോ?!)

    വൃത്തങ്ങളെ കുറിച്ച് അറിവില്ലെങ്കിലും, ചിലയിടത്ത് താളം പിഴച്ചതു അറിഞ്ഞു. (ഉദാ: ഗാണ്ഡീവ.. എന്നു തുടങ്ങുന്ന വരികൾ. ആ വരികളുടെ അർത്ഥം തന്നെ ശരിക്കു മനസ്സിലാവാതെ പോകുന്നു. ആ ചോദ്യത്തിൽ തന്നെ യുക്തിയില്ല.)

    കൃഷ്ണയുടെ ജന്മം ഒരു ശാപത്തിന്റെ കഥയല്ലെ ? അതോ ഒരു അത്യാഗ്രഹത്തിന്റെയോ?.. കഥ മറന്നു പോയി..

    കൃഷ്ണ വളരെ ചഞ്ചലയായ (characterless എന്നു പോലും പറയാം) കഥാപാത്രമല്ലെ?. ഒരു കഥയില്ലാത്തവൾ? കൗരവ സഭയിൽ വെച്ച് അഴിഞ്ഞ മുടി കൗരവ രക്തം കൊണ്ടെ കെട്ടുകയുള്ളു എന്നു പറഞ്ഞ ശൗര്യം ഒന്നും, അഞ്ചു ഭർത്താക്കന്മാർക്കായി പങ്കു വെച്ചപ്പോൾ കണ്ടില്ലല്ലൊ. കർണ്ണനെ പരസ്യമായി പരിഹസിക്കുമ്പോൾ തന്നെ ആ കഥാപാത്രത്തിന്റെ വ്യക്തിത്വം അറിയാൻ കഴിഞ്ഞില്ലെ?

    ഇത്രയ്ക്കും കഥയില്ലാത്ത ഒരു കഥാപാത്രത്തിനെ കുറിച്ച് ഒരു കവിത, അതും പരിദേവനം എന്ന മട്ടിൽ എഴുതി കണ്ടപ്പോൾ, ഒരു വല്ലായ്മ തോന്നുന്നു.. :(

    ReplyDelete
  56. ചന്തു നായർ പറഞ്ഞ പോലെ എന്റെ മഹാഭാരതം എം.ടിയുടെ രണ്ടാമൂഴമാണ്..ഭീമനെ ആ രീതിയിൽ അദ്ദേഹത്തിനു എഴുതാമെങ്കിൽ പാഞ്ചാലിയെ സീത്യ്ക്ക് ഇങ്ങനെയും എഴുതാം..വ്യത്യസ്തമായ ഒരു രചനയാണ് ഇത്..എം.ടി പറഞ്ഞ പോലെ പാഞ്ചാലിയ്ക്ക് കൌരവസഭയിൽ നിരന്തരമായി സാരികൾ അയച്ചു കൊടുത്ത കഥ ഭാരതത്തിലുള്ളതല്ല എന്ന് ഞാനും വിശ്വസിക്കുന്നു..

    ReplyDelete
  57. കവിത ഇഷ്ട്ടായി,ആശംസകള്‍..

    ReplyDelete
  58. ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍
    കഷ്ട്ടപ്പെടുത്തിടാമെന്നോ സഹജയെ?

    നന്നായിട്ടുണ്ട്

    ReplyDelete
  59. കവിത വായിച്ചു ...പിന്നെ ഒരുപാട് പേര്‍ ഒരുപാട് അഭിപ്രായം പറഞ്ഞു ..ഇന്നി ഞാനും കൂടി പറഞ്ഞു മുഷിപ്പിക്കുന്നില്ല

    ReplyDelete
  60. വീട്ടുകാരന്‍ ...ആദ്യ കമെന്റ് എന്തിനാണു ഡിലേറ്റ് ചെയ്തതെന്നു മനസ്സില്ലായില്ലാ..

    Echmukutty ,മഞ്ഞുതുള്ളി (priyadharsini) , Vayady, ഉമ്മു അമ്മാര്‍....നന്ദി ഈ വരവുകൾക്കും അഭിപ്രയത്തിനും.

    shinod....വൃത്തത്തിലെഴുതാൻ എനിക്ക് അറിയില്ലല്ലോ സുഹൃത്തേ..

    Lipi Ranju ....നന്ദിയുണ്ട് എന്റെ ശ്രമങ്ങൾക്ക് പ്രചോദനമേകുന്നതിന്...

    Sabu M H...കാഴ്ചപ്പാടുകൾ എന്റേത് മാത്രാണു..ഒരു സഹോദരനോട് പരിഭവം പറയുന്നസഹോദരിയായിരുന്നു എന്റെ മനസ്സിൽ ...വൃത്തമൊപ്പിച്ച് എഴുതാനറിയില്ല..ദ്രൌപദി എന്നത് ഒരു കഥാപാത്രം മാത്രം ആയതിനാൽ ഇതെന്റെ കഥാപാത്രം ...എന്റെ ദ്രൌപദി...എല്ലാർടേം കണ്ണിൽ കഥാപത്രങ്ങൾ ഒരു പോലെ ആവണമെന്നില്യല്ല്ലോ...അഭിപ്രായത്തിനു നന്ദി..

    തൂവലാൻ ,the man to walk with, അനുരാഗ്, രഘുനാഥന്‍, My Dreams....എല്ലാർക്കും നന്ദി

    ReplyDelete
  61. രമേശേട്ടന്‍ പറഞ്ഞിരുന്നു...ബ്ളോഗ് കണ്ടിട്ടുണ്ട്...വിശദമായ് വായിക്കുനത് ഇന്നാണ്. ഒത്തിരി ഇഷ്ടായ്...പാഞ്ചാലിയുടെ ഒരു കഥ ഇടയ്ക്കു മനസ്സില്‍ വന്നിരുന്നു...അതിടക്ക് കൊഴിഞ്ഞു പോയ്‌..

    ReplyDelete
  62. anju nair ...നന്ദി ഈ വരവിനും അഭിപ്രായത്തിനും

    ReplyDelete
  63. ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍
    കഷ്ട്ടപ്പെടുത്തിടാമെന്നോ സഹജയെ !!
    മിഴികളിൽ ജലബിന്ദുവായ്‌ അലിഞ്ഞോരെൻ‌
    സ്നേഹമൊരു നാളും അറിഞ്ഞതില്ലേ കണ്ണാ..

    ഒരുപാടിഷ്ടായി

    ReplyDelete
  64. Raveena Raveendran...നന്ദി...സന്തോഷം

    ReplyDelete
  65. പദ്യത്തില്‍ നിന്നുംകവിതയിലേക്ക് സാമാന്യം നല്ല ദൂരം ഉണ്ട് എന്ന വിശാസക്കാരാനാണ്‌ ഞാന്‍.
    സീത എഴുതിയതിന്റെ തുടക്കത്തിലെ താളം താളം മഞ്ജരിയാണെന്ന് തോന്നി.
    അതുകൊണ്ടാണ്‌ താളം മുറിയാതിരുന്നെങ്കില്‍ പദ്യമെങ്കിലും ആകുമായിരുന്നെന്ന് പറഞ്ഞത്‌.

    പിന്നെ പാഞ്ചാലിയെക്കുറിച്ച്
    സൂതപുത്രനെ എനിക്ക് വേണ്ടാ എന്ന പ്രഖ്യാപനവും
    കുരുടന്റെ മക്കളും കുരുടര്‍ തന്നെ എന്ന അവളുടെ പരിഹാസം മറക്കരുത്.
    എഴുത്തുകാര്‍ അവര്‍ക്കാവശ്യമുള്ളത് മാത്രം ഓര്‍ത്താല്‍ മതി എന്ന് ന്യയമുണ്ട്.

    ReplyDelete
  66. കൃഷ്ണ അപമാനിക്കപ്പെട്ടവളാണ്

    അവള്‍ ചിരിച്ചു എന്നിരിക്കും ...

    അവളുടെ ജന്മ ഉദേശം സംഹരമാ യിരുന്നല്ലോ

    അപ്പോള്‍ തീപ്പോരിയാകാന്‍ അവള്‍ വേണം

    മുടിയില്‍ കചിയെന്നക്ക് പകരം നിണം തന്നെ വേണം

    മനോഹരമായി ....

    വൈകിയാണ് ഇത് വഴി വന്നത്

    നല്ല എഴുത്ത് ......സീത

    ReplyDelete
    Replies
    1. സന്തോഷം വൈകിയുള്ള ഈ വരവിനും വിലയേറിയ അഭിപ്രായത്തിനും...:)

      Delete
  67. പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ --- കവിതയില്‍ കൂടി താങ്കള്‍ ആ പാഞ്ചാലിയുടെ വ്യഥ ശരിക്കും വരച്ചു കാട്ടുന്നുണ്ട്... അതി മനോഹരം -- വീണ്ടും എഴുതുക... ഒന്ന് കൂടി ഉടച്ചുവാര്‍ത്തു എഴുതിയാല്‍ ഇനിയും നന്നാവും... പോന്നു ഉരച്ചു തെളിച്ചുഎടുക്കുന്നത് പോലെ....
    താങ്കള്‍ക്കു വിരോധം ഇല്ലെങ്കില്‍...... രണ്ടു വരികളെ പറ്റി പറഞ്ഞോട്ടെ...
    1) "കൌരവ സഭയിതില്‍"" എന്നതിനേക്കാള്‍ സഭയതില്‍ എന്നതാണ് കൂടുതല്‍ അനുയോജ്യം - കാരണം അത് പണ്ട് നടന്ന ഒരു സംഭവം കൂടിയാണ്.
    2) യുത്തരീയക്കീറിൻ കടം വീട്ടുമോ നീ കണ്ണാ..
    ശരിക്കും അവിടെ യോജ്യം കടം വീട്ടിയല്ലോ എന്നാണ് - കാരണം കുട്ടിക്കാലത്തൊരിക്കല്‍ കൂട്ടുകാര്‍ കണ്ണന്റെ മുണ്ട് ഉരിഞ്ഞപ്പോള്‍ നദിയില്‍ നിന്ന് കയറാനാവാതെ നാണിച്ചു നിന്ന കണ്ണന് തന്റെ ഉത്തരീയതിന്റെ തുമ്പു കീറി നല്‍കി രക്ഷിച്ചത്‌ ദ്രൗപദി ആണ്....
    തെറ്റുകള്‍ ചൂണ്ടികാണിച്ചു എന്ന് കരുതരുതേ. ഒരു അല്പം വിമര്‍ശനം കൂടി ചെയ്തെന്നേ ഉള്ളൂ. ഒരു ശ്ലോകം ഉണ്ട് ... "കവിതാ രസ ചാതുര്യം വാഖ്യാതാ വേത്തി ന കവി // സുതാ രതി ചാതുര്യം ജാമാതാ വേത്തി ന പിതാ" എന്ന്... ഈ സ്വാതന്ത്ര്യം അല്പം എടുതെന്നെ ഉള്ളൂ..
    സ്നേഹപൂര്‍വ്വം. സന്തോഷ്‌ നായര്‍
    BTW - Actually after referring to some part of the stories, we feel that Draupadi was in deep love with Krishna.. not forgetting that they are cousins...

    ReplyDelete
  68. പ്രിയപ്പെട്ട സന്തോഷ് ഈ വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി...സീതയുടെ പോസ്റ്റുകള്‍ മിക്കവാറും സം‌വാദവേദികളാണ്...താങ്കള്‍ക്ക് മുമ്പ് അഭിപ്രായം പറഞ്ഞവരുടെ വാദമുഖങ്ങളിലൂടെ ഒന്നു പോവുക...എന്‍റെ മറുപടികളിലൂടെയും...ഞാനുദ്ദേശിച്ചത് താങ്കള്‍ക്കപ്പോള്‍ മനസിലാവും...ദ്രൌപതിയുടെ എന്‍റെ മനസ്സിലെ ഭാവം മാത്രമേ ഞാന്‍ പകര്‍ത്തിയിട്ടുള്ളൂ...ഞാന്‍ നോക്കിക്കാണുന്ന ദ്രൌപതി ....മാത്രമല്ല അവരെ ഇന്നിലേക്ക് കൂട്ടിക്കൊണ്ട് വരാനാണു ഞാന്‍ ശ്രമിച്ചത് അതുകൊണ്ടാണ്‍ഊ സഭയിതില്‍ എന്നെഴുതിയത്....അഭിപ്രായങ്ങള്‍ വിമര്‍ശനങ്ങളായാലും നിറഞ്ഞ മനസ്സോടെ സ്വാഗതം...മറ്റു പോസ്റ്റുകളും വായിക്കുമല്ലോ..

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. സ്നേഹം നിറഞ്ഞ സീത AKA ശ്രീമതി വര്‍മ... താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.. ഞാന്‍ എന്റെ ഒരു വിമര്‍ശനാത്മക അഭിപ്രായം ഇട്ടു എന്നെ ഉള്ള്ളൂ..
      :D ഒരിക്കലും സൃഷ്ടിതാവിനു തന്നെ സൃഷ്ടികളുടെ മേലുള്ള അവകാശം ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല. വീണ്ടും എഴുതുക.
      ആ തീജ്വാലകള്‍ ഇനിയും അങ്ങട്ട് കത്തട്ടെ.
      സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

      Delete
    3. സന്തോഷം സന്തോഷ്...ഇനിയും വരുമല്ലോ :)

      Delete

  69. ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍
    കഷ്ട്ടപ്പെടുത്തിടാമെന്നോ സഹജയെ !!
    മിഴികളിൽ ജലബിന്ദുവായ്‌ അലിഞ്ഞോരെൻ‌
    സ്നേഹമൊരു നാളും അറിഞ്ഞതില്ലേ കണ്ണാ..

    കവിതയും പല അഭിപ്രായങ്ങളും കവിതയെ കുറിച്ചുള്ള ചര്ച്ചകളും വായിച്ചു. കൃഷ്ണയുടെ മനസ്സറിഞ്ഞത് സീതയുടെ ചിന്തകളിലൂടെയാണ്. നല്ല കവിത. പുതുതലമുറയ്ക്ക് പ്രചോദനം കൂടിയാണ് ഇത്തരം കവിതകൾ. കാരണം അവർ അറിയാത്ത ഒത്തിരിയിലെ ഇത്തിരിയെങ്കിലും അറിയാൻ ഉതകുന്നു എന്നതിനാൽ. സീതയ്ക്ക് ഭാവുകങ്ങൾ

    ReplyDelete