Wednesday, June 29, 2011

വൃശ്ചികയാമം....


ചന്ദ്രികാചർച്ചിത താരനിബിഡമാം രാവിൽ‌
നിലാക്കരങ്ങളീ ഭൂവിനെ പുണരുന്നയാമം
ആഴിയകന്നൊരാ തീരത്തിലെങ്ങാൻ‌
നിങ്ങളൊരു ബഹുകത്തെ കണ്ടുവോ?
മാതൃഭാവത്തിൻ‌ പൊരുൾ‌ തേടുമേകാകിനിയെ?

ശോകാഗ്നിയിൽ‌ തപിക്കുന്നൊരാ മെയ്യിൽ‌
അലകളരുമയായ് തഴുകി സ്നേഹം പകർ‌ന്നു
കൗമാരസ്വപ്നങ്ങൾ‌ക്കർ‌ത്ഥം കൊടുത്തവൻ‌
വിരഹത്തിൻ‌ കടുത്ത ചായം തേച്ചകലവെ
മനസ്സിൽ‌ നിറഞ്ഞൊരാ പ്രണയത്തിനമൃതിനെ
ഉയിരേകിയുദരത്തിൽ‌ പേറിയലഞ്ഞവൾ‌

പരമപവിത്രമാം സൂതികർ‌മ്മത്തിനന്ത്യത്തിൽ‌
തുടിയ്ക്കുന്നോരാ ഉയിരുകളവൾ‌ തൻ മെയ്യിൽ‌
നുളയ്ക്കും പുഴുപോലിഴയാൻ തുടങ്ങവെ
ഹൃദയമുതിർ‌ത്തുവോ താരാട്ടിന്നീണങ്ങൾ‌?

ഉയിരാർ‌ന്നൊരാ ആത്മാംശമോരോന്നും
ജന്മശിഷ്ടമാം വിശപ്പിന്റെയാർ‌ത്തിയിൽ‌
കൂർ‌ത്ത ദംഷ്ട്രകളവളുടെ ഉടലിലേക്കാഴ്ത്തവെ
പ്രാണൻ‌ പിടയുമാ നോവിലും
ജീവരക്തം മുലപ്പാലായൂട്ടിയ
മാതൃസ്നേഹത്തിൻ‌ നിറവിലോ ചിരിച്ചവൾ‌

പിറവി തന്നോരുടലിനെ കാർ‌ന്നു തിന്നതിൻ‌ തൃപ്തിയിൽ‌
അമ്മതന്‍ അവസാന ശേഷിപ്പാം തോടുമുപേഷിച്ച്
കർ‌മ്മകാണ്ഡം തേടിയാവാസ ഭൂവിലേക്കാ
കുഞ്ഞു ബഹുകങ്ങൾ‌ പിച്ച വെച്ചീടവെ
നാളെ നിങ്ങൾക്കുമിതുതാൻ‌ ഗതിയെന്നു
മൊഴിഞ്ഞുവോ; മാടി വിളിക്കുമാ തിരകളും?

കുഞ്ഞിക്കാലടികളിടറുമെന്നോർത്തോ
ഇന്നലെയോളമാ ദേഹത്തെ കാത്തൊരാ
സ്നേഹത്തിൻ കവചം വിറ പൂണ്ടു പിന്നിൽ
സൂക്ഷിച്ച് ; വീഴാതെ നടക്കു നീ ഓമനേ...


Friday, June 24, 2011

എന്റെ ബാല്യം....

















മനസ്സെന്ന പുസ്തകത്താളിലൊളിപ്പിച്ച
മയിൽ‌പ്പീലി പോലെയാണെന്റെ ബാല്യം

വികലമാം അക്ഷരം മായ്ക്കും മഷിത്തണ്ടും
വർണ്ണച്ചിറകാൽ പറക്കുന്ന ശലഭവും
ഓലതൻ‌പീപ്പിയും കടലാസ് തോണിയും
കുപ്പിവളകളും  മുത്തശ്ശികഥകളും...
എല്ലാമെനിക്കെന്റെ ജാലകക്കാഴ്ചകൾ

സംഹാര രുദ്രയായ് മഴ പെയ്തിടുമ്പോൾ
ദുന്ദുഭി നാദത്തിലെൻ മനം വിറയ്ക്കെ
മാറോട് ചേർത്തരുമയായ് പുണരുന്ന
അമ്മക്കരം അരികിലിരുളിൽ തിരഞ്ഞ്
തേങ്ങി തളർന്നൊരാ രാവെന്റെ ബാല്യം

വിദ്യാലയത്തിലെ നിറമില്ലാ പകലിൽ‌
പുസ്തകക്കെട്ടിലെ തുടിക്കും പുഴുവായ്‌
ഉടയാത്ത കുപ്പായക്കൂട്ടിലായുരുകിയ
പട്ടാളച്ചിട്ട തൻ കയ്ക്കുന്ന ബാല്യം

ഗതകാല സ്മരണയിലോടുമെൻ മനസ്സിന്റെ
ഭിത്തിമേൽ നഷ്ടത്തിൻ മുൾമുന കൊണ്ടുള്ള
ചോര വാർന്നൊഴുകുന്ന മുറിവുകളേകുന്ന
മായാത്ത നോവിന്റെ ഓർമ്മയെൻ ബാല്യം

നാളെ എന്നോമന മുട്ടിലായിഴയുമ്പോ
ചൂണ്ടു വിരലാല്‍ നടക്കാന്‍ പഠിക്കുമ്പോ
ജാലക കാഴ്ചയായ് കൂട്ടര്‍ കൊതിപ്പിച്ച
മധുരമാം ബാല്യം എനിക്കിനി വേണം

മണ്കൂന മേലൊരു കൊട്ടാരം തീര്‍ത്ത്‌
ഓല നാരിൻ‌ തുമ്പിൽ വാല്‍ തളച്ചിട്ടൊരാ
പൂത്തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചിട്ട്
മഷിതണ്ടുടച്ച് കുന്നിക്കുരു വാരിച്ച്

അപ്പൂപ്പൻ താടിയെ ഊതി പറപ്പിച്ച്
കാറ്റിന്റെ താളത്തിൽ പട്ടം ചലിപ്പിച്ച്
തിരികെ പിടിക്കുമാ മയിൽ‌പ്പീലിക്കാലം
ജാലക കാഴ്ചയായെന്നെ കൊതിപ്പിച്ച
സപ്തവർണ്ണത്തിൻ നിറമാർന്ന  ബാല്യം

Sunday, June 19, 2011

പുനർജ്ജന്മം....













സുവര്‍ണ്ണ പാരിജാതങ്ങളുടെ മാസ്മരിക ഗന്ധം ഉയര്‍ത്തുന്ന അമരാപുരി...

ഉഡുകന്യകകള്‍ മീട്ടുന്ന തംബുരുവില്‍ നിന്നും മനസ്സിനെ വശീകരിക്കുന്ന അപൂര്‍വ്വരാഗങ്ങളുടെ നാദസരണി ഒഴുകിയെത്തുന്നു..

യക്ഷ ഗന്ധര്‍വ കിന്നരന്മാര്‍ ആ ശ്രുതിയില്‍ ലയിച്ച് മനോഹരമായി പാടുന്നു..

അപ്സരസുന്ദരിമാര്‍ അഭൗമ അംഗലാവണ്യം പ്രദര്‍ശിപ്പിച്ച് ആ ഗാനത്തിന് ഒപ്പിച്ചു ചുവടു വയ്ക്കുന്നു..

ഇതാണോ സ്വര്‍ഗ്ഗം..?

വെളുത്ത മേഘപാളികള്‍ക്ക് ഇടയിലൂടെ മുന്നോട്ടു നയിക്കുന്ന അദൃശ്യസാന്നിധ്യത്തിന് വശംവദയായി ഒഴുകി നീങ്ങുമ്പോൾ‌  മനസ്സിലെ ചോദ്യം അതായിരുന്നു..

പുണ്യോദകം ചെയ്യാന്‍ പുത്രകരങ്ങള്‍ ഇല്ലാത്ത ഞാന്‍ എങ്ങനെ വൈതരണി കടന്നുവെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലാ..

പ്രഭാപൂരിതമായൊരു സഭയിലേക്കാണ്  ആനയിക്കപ്പെട്ടത്..

രത്നവജ്രഖചിതങ്ങളായ സിംഹാസനങ്ങൾ..

അതിലാരൊക്കെയോ ഇരിക്കുന്നുണ്ട്..

ഈ മുഖങ്ങളൊക്കെ കണ്ടു പരിചയമുണ്ടോ.. അതോ തോന്നലാണോ..

സർവ്വോന്നത പീഠത്തിൽ ഉപവിഷ്ഠനായിരിക്കുന്ന ആ അഭൗമതേജസ്സുള്ള വദനത്തിന്റെ ഉടമ ആരാണു..?

അതാണോ ഈശ്വരൻ!

കുറച്ചകന്നു മാറി ഒരു പീഠത്തിൽ തടിച്ച പുസ്തകം ...

ഹൊ അതിന്റെ മുൻ താളു നോക്കണമെങ്കിൽ ഏണി വെച്ച് കയറേണ്ടി  വരും..

അതിന്റെ പിന്നിലാരോ ഇരുപ്പുണ്ടല്ലോ..

അതായിരിക്കുമോ ചിത്രഗുപ്തൻ..?

ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്തു നിന്നും ഒരു അദൃശ്യരൂപത്തിന്റെ ശബ്ദമുയർന്നു..

“പ്രഭോ.. ഇന്നത്തെ ആത്മാവിനെ ഇതാ അങ്ങയുടെ മുന്നിൽ നീതിവിസ്താരത്തിനു ഹാജരാക്കിയിരിക്കുന്നു.”

ഗൗരവം തുളുമ്പുന്ന ആ മുഖം എനിക്ക് നേരെ തിരിഞ്ഞു.. ഒരു മാത്ര നിശ്ശബ്ദതയ്ക്കിടം കൊടുത്ത് ഘനഗംഭീരശബ്ദത്തിൽ അദ്ദേഹം മൊഴിഞ്ഞു..

“ചിത്രഗുപ്താ, ഈ ആത്മാവിന്റെ ന്യായാന്യായങ്ങളുടേയും ധർമ്മാധർമ്മങ്ങളുടേയും വിസ്താരമാകാം..”

ആകാംഷയോടെ ഞാനാ പുസ്തകത്തിനും അപ്പുറത്തേക്ക് ഏന്തി വലിഞ്ഞു നോക്കി..

കണ്ണട വെച്ച രണ്ടു കണ്ണുകൾ എന്നെ ആപാദചൂഢം ഉഴിയുന്നുണ്ടോ.. ?

മനസ്സിലെ ചിത്രഗുപ്തനു ആ രൂപമാണ്..

ആരേയും എനിക്കവിടെ കണ്ടെത്താനായില്ലാ..

പുസ്തകത്തിന്റെ താളുകൾ മറിയുന്നത് കണ്ടു..

ഏതോ ഒരു താളിൽ ശ്രദ്ധ പതിപ്പിച്ച് അതിനപ്പുറത്തു നിന്നും ഒരു സ്വരം ഒഴുകി വന്നു തുടങ്ങി..

പിറന്നു വീണ നിമിഷം മുതലുള്ള  ചെയ്തികൾ.

തലകുമ്പിട്ട് നിന്നു ..

പണ്ടും തെറ്റുകൾക്ക് പിടിക്കപ്പെടുമ്പോൾ ഞാനിങ്ങനെയാണ്..തല കുമ്പിട്ട് നിൽക്കും അദ്ധ്യാപകരുടെ മുന്നിലായാലും മാതാപിതാക്കളുടെ മുന്നിലായാലും..കുറ്റവിചാരണയും ഉപദേശവും തീരും വരെ ആ നിൽ‌പ്പാണ്..

ശിക്ഷിക്കാൻ വരുന്നവരിൽ സഹാനുഭൂതി ഉണർത്തുന്ന നിൽ‌പ്പ്..

പക്ഷേ ശ്രദ്ധ അപ്പോൾ  നിലത്തു കൂടെ  പോകുന്ന ഉറുമ്പിലോ വല്ല പ്രാണിയിലോ ആയിരിക്കും..

അതെങ്ങോട്ട് പോകുന്നു എന്തു ചെയ്യുന്നു എന്നൊക്കെ നോക്കി തീരുമ്പോഴേക്കും ശിക്ഷിക്കാൻ നിൽക്കുന്നവർ പറഞ്ഞു തളർന്നിട്ടുണ്ടാവും..

ശ്ശോ ഇവിടെ നിലത്ത് ഒരു പ്രാണിയെപ്പോലും കാണുന്നില്ലല്ലോ.. ഇതെന്താ സ്വർഗ്ഗത്തിൽ പ്രാണികളൊന്നുമില്ലേ..

ആ.. തൽക്കാലം ഈ പരവതാനിയുടെ ചിത്രപ്പണികൾ നോക്കി നിൽക്കാം..

ഘനഗംഭീര ശബ്ദം വീണ്ടും ഉയർന്നു..

“നിന്റെ ചെയ്തികളുടെ വിവരണം കേട്ടുവല്ലോ.. വിധിക്കും മുന്നേ നിന്നോട് ഒരു ചോദ്യം.. ഭൂമിയിൽ ഇനിയും ജനിക്കാൻ ഞാൻ നിനക്കൊരവസരം തന്നാൽ...?”

ഉത്തരം പെട്ടെന്നായിരുന്നു..

“സസന്തോഷം അടിയനത് സ്വീകരിക്കും..”

ആ കണ്ണുകളിൽ അവിശ്വസനീയത മിന്നിമാഞ്ഞുവോ. പൊടുന്നനെയുണ്ടായി അടുത്ത ചോദ്യം..

“ഇവിടെ വരുന്ന ആത്മാക്കളൊന്നും തിരികെ ഭൂമിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലാ.. കള്ളവും കാപട്യവും ചതിയും വഞ്ചനയും കൊണ്ട് നിറഞ്ഞതത്രേ ഭൂമി, ഈ സ്വർഗ്ഗീയ സുഖങ്ങൾ വെടിഞ്ഞവിടേക്ക് തിരികെപ്പോകാൻ നീ മാത്രം ആഗ്രഹം പ്രകടിപ്പിക്കുന്നു..ഈ ചേതോവികാരത്തിനു പിന്നിലെ യുക്തിയെന്ത്.. അറിയണം നമുക്ക്”

ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..

ദൈവത്തെ തോൽ‌പ്പിച്ചു എന്നൊരു പൊടി അഹങ്കാരം എന്നിലങ്കുരിച്ചുവോ..

ശ്ശോ മാപ്പ് ദൈവമേ..

അരുതാത്ത ചിന്തകൾ ജനിപ്പിച്ച  മനസ്സിനെ ശപിച്ച്, മെല്ലെ പറഞ്ഞു...

“അങ്ങു പറഞ്ഞത് വാസ്തവം തന്നെ.. ഭൂമിയിൽ ധാരാളം ദുഷ്ടത കളിയാടുന്നു.. പക്ഷേ നന്മ നിറഞ്ഞ മനസ്സുകൾ പൂർണ്ണമായും മാഞ്ഞു പോയിട്ടില്ല.. ദുഷ്ടതകളുള്ളതു കൊണ്ടാണു ആ നന്മകൾ വേറിട്ടു നിൽക്കുന്നത്.. ദുഃഖങ്ങൾ ഉണ്ട് ഭൂമിയിൽ.. എങ്കിലും അതിനിടയിലൂടെ സന്തോഷത്തിന്റെ നുറുങ്ങുകളും ഉണ്ട്.. ദുഃഖങ്ങളില്ലാതിരുന്നെങ്കിൽ ആ സന്തോഷങ്ങളുടെ മൂല്യം അറിയാതെ പോയേനെ.. ഇവിടെ ഈ സ്വർഗ്ഗത്തിൽ ബന്ധങ്ങൾക്ക് തീഷ്ണതയില്ലാ.. സന്തോഷത്തിന്റെ മാധുര്യം നുകരാൻ കഴിയുന്നില്ലാ.. ഭൂമിയിൽ ബന്ധങ്ങളുണ്ട്.. ബന്ധങ്ങളെ മറക്കുന്നവരും ഉണ്ട്.. പക്ഷേ അവരുടെ ജീവിതം കാട്ടിത്തരുന്ന പാഠങ്ങൾ ഉൾക്കൊണ്ട് ബന്ധങ്ങളെ മുറുകെ പിടിക്കുന്നവരും ഉണ്ട്.. അപ്പോൾ എന്റെ ഭൂമി തന്നെയല്ലേ സുന്ദരം..അവിടെത്ര ജന്മങ്ങൾ ജനിച്ചാലും മതിയാവില്ല തന്നെ.”

 ഉത്തരം വിഡ്ഢിത്തമായോ..

ലോകൈകനാഥൻ പുഞ്ചിരിച്ചു..

“നിന്റെ യുക്തിക്ക് അടിസ്ഥാനമായ ദൃഷ്ടാന്തം കാട്ടിത്തരാനാകുമോ നിനക്ക്?”

ഒരു നിമിഷം ചിന്തിച്ച്  പറഞ്ഞു,

“കഴിയും പ്രഭോ...ഭൂമിയിലെ കാഴ്ചകൾ കാട്ടിത്തരാനുള്ള കഴിവു അങ്ങെനിക്ക് തന്നാൽ..”

അമാന്തമില്ലാതെ അദ്ദേഹം മൊഴിഞ്ഞു

“ശരി അങ്ങനെയാവട്ടെ..നമ്മെ ആ കാഴ്ചകൾ കാട്ടിത്തരൂ..നിനക്കിപ്പോ അതിനുള്ള കഴിവു നാം തന്നിരിക്കുന്നു.”

മേഘപ്പുതപ്പിനിടയിൽക്കൂടി ഭൂമിയെ വീണ്ടും കാണാൻ കഴിഞ്ഞ ആഹ്ലാദത്തിലായിരുന്നു ഞാൻ..

കാഴ്ചകൾക്കിടയിൽ എന്റെ ദൃഷ്ടി ഉടക്കി നിന്നത് അവനിലായിരുന്നു..

പത്തു പതിന്നാലു വയസ്സു പ്രായം തോന്നിക്കും.. മെലിഞ്ഞുന്തിയ ദേഹം ദൈന്യത കൂടു കൂട്ടിയ മുഖം.. പക്ഷേ കണ്ണിലെ തിളക്കം അവനിലെ കെടാത്ത ആത്മവിശ്വാസത്തിന്റെയാണെന്നു സ്പഷ്ടം..

“ഒന്നനങ്ങി നടന്നൂടേടാ..”

എടുത്താൽ പൊങ്ങാത്ത ചുമടുമായി നടക്കുമ്പോള്‍ കേട്ട ആക്രോശം അവൻ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു..

 ദൈവത്തിന്റെ കണ്ണുകളെ ഞാനവനിൽ കേന്ദ്രീകരിപ്പിച്ചു..

ആക്രോശത്തിന്റെ ഉടമ പലവട്ടം തിരിച്ചും മറിച്ചും എണ്ണിയതിനു ശേഷം കൊടുത്ത ചില നോട്ടുകൾ നിക്കറിന്റെ പോക്കറ്റിൽ തിരുകി, മുഷിഞ്ഞ കുപ്പായമെടുത്തിട്ട് തുരുമ്പെടുത്ത സൈക്കിളിൽ പായുമ്പോൾ അവന് കാറ്റിന്റെ വേഗത തോന്നിച്ചു..

ശരീരത്തിന്റെ തളർച്ച അവന്റെ മനസ്സേറ്റെടുത്തിട്ടില്ലായിരുന്നു..

സർക്കാരാശുപത്രിയുടെ വാതിൽക്കൽ സൈക്കിൾ ചാരി വച്ച് അകത്തേക്ക് അവൻ നടക്കുകയായിരുന്നോ ..അതോ ഓടിയോ.?

അവൻ ലക്ഷ്യമാക്കി നടന്ന ആ കട്ടിലിനു ചുറ്റും അപ്പോൾ ഡോക്ടർമാരും നേഴ്സുമാരും കൂടിനിൽ‌പ്പുണ്ടായിരുന്നു..

അതിന്റെ കാൽക്കൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരുന്ന ഒരു കുട്ടിയുടുപ്പുകാരി അവനെക്കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു..

“ചേട്ടാ, അമ്മ..”

ആ കുഞ്ഞു ചുണ്ടുകൾ വിതുമ്പി..

അവളെ വാരിയെടുത്ത് കട്ടിലിനരുകിലേക്ക് ചെന്ന അവന്റെ കയ്യിൽ ഒരു കുറിപ്പ് കൊടുത്ത് ഡോക്ടർ പറഞ്ഞു

“വേഗം പോയി ഈ മരുന്നു വാങ്ങി വാ.. ഇത്തിരി സീരിയസ്സാണ്...”

അവളെ താഴെ നിർത്തി അവൻ കുതിക്കുകയായിരുന്നു..

റോഡിനപ്പുറത്തെ മെഡിക്കൽ‌സ്റ്റോറിൽ നിന്നും മരുന്നു വാങ്ങാനോടുന്ന അവനെ മുട്ടി മുട്ടിയില്ലായെന്ന രീതിയിൽ ഒരമ്മയും മകളും കടന്നു പോയി..

അമ്മയുടെ വിരൽത്തുമ്പിൽ ചാടിത്തുള്ളി ചലപിലാ കൊഞ്ചി നടക്കുകയാണാ കൊച്ചു മിടുക്കി..

തിരക്കിനിടയിലും ആ കുഞ്ഞിനു തന്റെ അനിയത്തിയുടെ പ്രായമുണ്ടെന്നവന്റെ മനസ്സ് പറഞ്ഞു..

ഞാനത് കേട്ടു.. ഹാ ഇപ്പൊ മനുഷ്യ മനസ്സുകൾ പറയുന്നതും കേൾക്കാനാവുന്നു.. ദൈവവും കേട്ടിരിക്കും..

മരുന്നു വാങ്ങി കാശു കൊടുത്ത് തിരിഞ്ഞ അവന്റെ കാതിൽ വെള്ളിടി വെട്ടിയ പോലെ ഒരു വിലാപം പതിച്ചു..

ആരാണെന്നു പരതിയ അവന്റെ കണ്ണുകൾ അത് കണ്ടു...

തൊട്ടുമുന്നേ നടന്നു പോയ ആ അമ്മയാണു നിലവിളിക്കുന്നത്...

ആ കുട്ടിയെവിടെ.. ?

അവന്റെ മനസ്സൊന്നു പിടഞ്ഞു.. അവനങ്ങോട്ടോടി..

കൂടിനിൽക്കുന്നവരോടെല്ലാം ആ അമ്മ കരഞ്ഞപേക്ഷിക്കുന്നുണ്ട് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ...

അപ്പോഴാണവൻ ശ്രദ്ധിച്ചത്..

നടപ്പാതയിലെ ഇളകിയ സ്ലാബുകൾക്കുള്ളിൽ നിന്നും ആ കുഞ്ഞു തേങ്ങൽ..

പിന്നൊന്നും ആലോചിക്കാൻ നിന്നില്ല അവൻ, ഒരു സ്ലാബു കൂടെ ഇളക്കിമാറ്റി ആ മാലിന്യത്തിന്റെ ചാലിലേക്ക് എടുത്തുചാടി..

ആകാംഷകൾക്ക് വിരാമമിട്ട്, നിമിഷങ്ങൾക്കകം  കുഞ്ഞിനേയും കൊണ്ടവൻ മുകളിൽ കയറി വന്നു..

കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്ത് ആശുപത്രിയിലേക്ക് പായുമ്പോൾ, പിന്നിൽ ആ അമ്മയുടെ കണ്ണീരിൽ കുതിർന്ന അനുഗ്രഹങ്ങൾ അവനറിയുന്നുണ്ടായിരുന്നില്ല..

ഡോക്ടറുടെ കയ്യിൽ മരുന്നേൽ‌പ്പിച്ച്, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്നെ ചേർന്നു നിൽക്കുന്ന കുഞ്ഞനിയത്തിയെ അവൻ വാരിയെടുത്തു...

കയ്യിലിരുന്ന മിഠായി അവളുടെ വായിൽ വച്ചു കൊടുത്തു..

അവന്റെ ദേഹത്തെ മാലിന്യത്തിന്റെ ഗന്ധം പോലും മറന്നാ കൊച്ചു ചുണ്ടുകൾ അവന്റെ കവിളിൽ ഉമ്മ വച്ചു..

അവന്റെ കണ്ണുകൾ തിളങ്ങി...

സന്തോഷത്തിന്റെ ഒരു നുറുങ്ങുവെട്ടം..

കാഴ്ചകൾ തിരിച്ചെടുത്ത് ഞാൻ ഈശ്വരനോട് ചോദിച്ചു..

“കണ്ടില്ലേ പ്രഭോ..ഇങ്ങനെ എത്രയെത്ര കാഴ്ചകൾ.. നന്മയുള്ള മനസ്സുകൾ നശിക്കാത്ത ആ ഭൂമിയിൽ എനിക്കിനിയുമിനിയും ജനിക്കണം.. തമസ്സാർന്ന മനസ്സുകളിൽ വെളിച്ചം വീശാൻ ദീപകരാഗമായി.... തപിക്കുന്ന മനസ്സുകൾക്ക് സാന്ത്വനക്കുളിരാകുന്ന മഴയേകാൻ ഒരു അമൃതവർഷിണിയായി.. എന്നെ അങ്ങു ഭൂമിയിലേക്കയയ്ക്കൂ.. ഈ സ്വർഗ്ഗം എനിക്കു വേണ്ട..”

പറയുമ്പോൾ കണ്ണുകളീറനണിഞ്ഞിരുന്നു...

വീണ്ടും ഒരു പുഞ്ചിരിയോടെ ഈശ്വരൻ പറഞ്ഞു..

“ശരി നിന്നെ ഇതാ വീണ്ടും ഞാൻ ഭൂമിയിലേക്കയയ്ക്കുന്നു.. പൊയ്ക്കോൾക..”

ഉയരങ്ങളിൽ നിന്നും താഴേക്ക് പതിക്കുമ്പോലെ തോന്നി ... ഞെട്ടി കണ്ണുകൾ തുറന്നു...

ഇത്ര നേരവും  കണ്ടതൊരു സ്വപ്നമായിരുന്നോ..?

തൊണ്ട വരളുന്നു..

എണീറ്റ് മേശപ്പുറത്തിരുന്ന കൂജയിലെ തണുത്തവെള്ളം ആർത്തിയോടെ കുടിക്കുമ്പോൾ കണ്ണുകൾ അവിടിരുന്ന പുസ്തകത്തിലുടക്കി നിന്നു...

കോഫീ അന്നാന്റെ ജീവചരിത്രം...

വായിച്ചു നിർത്തിയ ഭാഗം അടയാളപ്പെടുത്തി വെച്ചിരുന്നു...

വെറുതേ ആ വരികളിലൂടെ കണ്ണോടിച്ചു...

“വെളുത്ത പ്രതലത്തിൽ ഒരു കറുത്ത കുത്തിട്ട് അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളോട് നിങ്ങളിവിടെയെന്തു കാണുന്നുവെന്നു ചോദിച്ചു..

കറുത്ത കുത്ത്..കറുത്ത കുത്ത് എന്നെല്ലാരും ആവർത്തിച്ചപ്പോൾ ഒരു കുട്ടി മാത്രം പറഞ്ഞു ഞാൻ വെളുത്ത സുന്ദരമായ ഒരു പ്രതലം കാണുന്നുവെന്ന്..

മറ്റുള്ളവരുടെ കണ്ണിൽ ആ കറുത്ത കുത്തു മാത്രം ദൃശ്യമായപ്പോൾ അതിനെ മറന്ന് ചുറ്റുമുള്ള സുന്ദരമായ വെളുത്ത പ്രതലത്തെ മാത്രം കണ്ട ആ കുട്ടിയാണ് പിന്നീട് ഐക്യ രാഷ്ട്ര സഭയുടെ ഉന്നത പദവിയിലിരുന്ന കോഫീ അന്നാൻ..”

തിരികെ കിടക്കയിലേക്ക് നടക്കുമ്പോൾ എന്റെ ചുണ്ടിലൊരു നനുത്ത പുഞ്ചിരിയുണ്ടായിരുന്നു..

നന്മ നശിക്കാത്ത മനസ്സുകൾ ഇനിയും നമുക്കിടയിൽ നിലനിൽക്കുന്നുവെന്ന ചിന്ത നൽകിയ പുഞ്ചിരി..

മനസ്സിലാ വരികളും..

Monday, June 13, 2011

നവ സങ്കീർത്തനം..
































മനുഷ്യന്റെ മണമില്ലാത്ത, ഓർമ്മകൾ മാറാല ചാർത്തിയ മുറി..

പൊടി പിടിച്ച ഷെൽഫിൽ അനാഥരായ പുസ്തകങ്ങൾ..

ഒഥല്ലോയും കാരമസോവും കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയുമൊക്കെ പുസ്തകച്ചട്ടയില്‍ ഞെരിപിരി കൊള്ളുന്നു..

എല്ലാത്തിൽ നിന്നും അകന്ന് മൗനത്തിന്റെ സംഗീതമുതിർത്ത് റൊമെയ്ൻ റോളണ്ടിന്റെ ജീൻ ക്രിസ്റ്റോഫ് ഇരിപ്പുണ്ട്..

മനസ്സിനെ വശീകരിക്കുന്ന ബീഥോവൻ സംഗീതം ഉതിരുന്നുണ്ടോ അതിൽ നിന്നും..

പുസ്തകത്താളിൽ നേർത്തൊരു തേങ്ങൽ.. ആരായിരിക്കാം അത്..

അതെ... അതവളാണ്.. ഗ്രേസിയ..

സ്വർണ്ണ നിറമുള്ള മുടികളൊതുക്കി അവൾ ചിരിക്കുമ്പോൾ ബീഥോവൻ സംഗീതം ഉതിരുമായിരുന്നു..

നിന്റെ ജീവിതത്തിൽ തേങ്ങൽ ശ്രുതി ചേർത്തതെപ്പോഴാണു സഖീ...?

നേർത്ത ശബ്ദത്തിൽ അവളെന്തൊക്കെയോ ഉരുവിടുന്നുണ്ടല്ലോ..

ജീൻ ക്രിസ്റ്റോഫ്... നീയെന്നെ അറിയുന്നുണ്ടോ..

ഭർത്താവിന്റെ വിയോഗത്തിൽ അശരണയായ എനിക്ക് മുന്നിൽ, പ്രണയത്തിന്റെ പഴയ താൾ പൊടി തട്ടിയെടുത്ത്, ഒരു ജീവിതം വാഗ്ദാനം ചെയ്തത് നിന്റെ വലിയ മനസ്സ്.. സൗഹൃദത്തിലീ ബന്ധം ഒതുക്കാമെന്നു പറയുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചത് നീ കേട്ടിരുന്നോ..

നീ ശ്രുതിയിട്ടു പോയ സംഗീതത്തിലൂടെ ലോകം ഇന്നും നിന്നെ സ്മരിക്കുന്നു..

മനുഷ്യ മനസ്സുകളിൽ നീ ജീവിക്കുന്നു ബീഥോവനായി..

നിന്റെ ജീവിതത്തിലൂടെ കടന്നു പോയ പെൺമനസ്സുകളോ..?

മിന്നയിൽ തുടങ്ങി അന്നയിൽ അവസാനിക്കുന്ന നിന്റെ ജീവിതം..

ജീവിതത്തിന്റെ കണക്കുകൂട്ടലുകൾക്കൊടുവിൽ അന്നയെക്കാണാനുള്ള അദമ്യമായ ആഗ്രഹം നിന്നിൽ വേരോടുന്നത് ഞാനറിഞ്ഞിരുന്നു..

നിന്റെ സംഗീതം പോലെ, നിന്റെ സിരകളിലൊരു ലഹരിയായി അവളലിഞ്ഞു ചേർന്നിരുന്നു..

എന്നാലോ പള്ളി മൈതാനത്തു വച്ച് അന്നയെക്കണ്ട നിന്റെ മനസ്സ് പറഞ്ഞതെന്തായിരുന്നു..?

കാലം വാരി തേച്ച ചായക്കൂട്ടുകളിൽ അവൾ വിരൂപയാണെന്നു തോന്നിയോ നിനക്ക്.. ?

ഇവളെയാണൊ ഞാൻ പ്രണയിച്ചിരുന്നതെന്നു നിന്റെ മനസ്സ് മന്ത്രിച്ചത് ഞാൻ കേട്ടു.. നാളെ നീ എന്നെയും അങ്ങനെതന്നെയല്ലേ പറയുക..

നിനക്ക് എല്ലാം ചവിട്ടുപടികളാണ്.. ജീവിതത്തിന്റെ ഉന്നതങ്ങളിലെത്താനുള്ള ചവിട്ടു പടികൾ..

അമ്മ ലൂഷ്യയ്ക്ക് ഒളിവറിനെക്കൊണ്ട് അന്ത്യകർമ്മം ചെയ്യിച്ച് നീ മാതൃത്വത്തിന്റെ കടത്തേയും അവഗണിച്ചു..

നിനക്കു വേണ്ടി ഭർത്താവിന്റെ കാലു പിടിച്ച് നാട്ടിലേക്ക് തിരിക്കാനുള്ള സമ്മതിപത്രം നേടിത്തരുമ്പോൾ ആ അമ്മയുടെ മുഖമായിരുന്നു മനസ്സിൽ.. എങ്കിലും അവിടെയും നീ ഒളിവറിനെ മറയാക്കി.. ഒളിവർ നിനക്കാരായിരുന്നെന്ന് എനിക്കറിയാം..

ആന്റോയനറ്റ് നിന്നെ സ്നേഹിച്ചിരുന്നു.. ഒരു പക്ഷേ അവളെക്കാളധികം..

“ഞാൻ മൂലം കഷ്ടപ്പാടിനു വിധേയയായ ഒരു സാധുവിന്..” എന്നൊരു വാചകത്തിലൂടെ ഒരു പുസ്തകസമർപ്പണം നടത്തി ഒതുക്കാവുന്നതായിരുന്നോ നിനക്കവളോടുള്ള സ്നേഹം...?

അകാലത്തിൽ പൊലിഞ്ഞു പോയ സഹോദരിയെ, അവൾ ജീവനു തുല്യം സ്നേഹിച്ചിരുന്നവനിൽ കണ്ടെത്താനായിരുന്നു ഒളിവർ നിന്നെ തേടിയെത്തിയത്.. അവനത്ര മാത്രം പ്രിയങ്കരിയായിരുന്നു അവൾ.. സഹോദരനു വേണ്ടി മാത്രം ജീവിച്ചവൾ.. ആ സ്നേഹം നീ തിരിച്ചറിഞ്ഞിരുന്നോ...?

നിന്റെ കണ്ണുകളെപ്പോഴും കെട്ടപ്പെട്ടിരുന്നൂ... സംഗീതം കൊണ്ട്... ഉയർച്ചയിലേക്കുള്ള വെമ്പൽ കൊണ്ട്... ജനാധിപത്യത്തിന്റെയും കമ്യൂണിസത്തിന്റേയും ഭ്രാന്ത് പിടിച്ച വിപ്ലവചിന്തകൾ കൊണ്ട്...

ഒളിവറിന്റെ പ്രണയവും നീയറിഞ്ഞിരുന്നില്ലേ.. ജാക്വിലിനെ തീരാക്കണ്ണീരിലാഴ്ത്തി നീയെന്തിനവനെ നിന്റെ വിപ്ലവത്തിന്റെ പാതയിലേക്ക് വലിച്ചിഴച്ചു.. ഒടുവിൽ ക്ഷമയുടെ നെല്ലിപ്പലകയും ഭേദിച്ചപ്പോള്‍ അവളവനെ ഉപേഷിക്കുന്നത് കണ്ടു നിൽകേണ്ടി വന്നില്ലേ നിനക്ക്.. എത്രയെത്ര കണ്മഷി കലങ്ങിയ കണ്ണുനീർ നിന്റെ പാതകളെ കറുത്ത ചായം കലർത്തിയെന്നോർമ്മയുണ്ടോ നിനക്ക്..

എന്തിനായിരുന്നു നീയവരെ നിഷ്കരുണം തള്ളിക്കളഞ്ഞത്? അവർ നിന്നെ മനസ്സിലാക്കാത്തതോ നീ അവരെ മനസിലാക്കാഞ്ഞതോ..?

സ്ത്രീയ്ക്ക് അവളുടെ നല്ല നിമിഷങ്ങളെക്കുറിച്ച് നേരത്തെ അല്ലെങ്കിൽ വൈകി ബോധം ഉളവാകും.. അവയ്ക്കു വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ വേണമെന്നു മാത്രം... നിനക്കില്ലാതെ പോയത് അതായിരുന്നു..

നിന്റെ ലിഖിതങ്ങൾ, ആ പുസ്തകങ്ങൾ.. അവ പറയുന്നതും ഇതൊക്കെ തന്നെയല്ലേ..? നിന്റെ ഹൃദയസ്പന്ദനത്തിന്റെ താളവട്ടം നിന്റെ ലിഖിതങ്ങളിൽ നിലനിൽക്കട്ടെ...

എന്റെ മകളെ ഒളിവറിന്റെ മകൻ ജോർജ്ജസ്സിന്റെ കയ്യിലേൽ‌പ്പിക്കുമ്പോള്‍ നിന്റെ കൈ വിറച്ചിരുന്നോ.. ആകാശക്കോട്ടയിലപ്പോൾ എന്റെ ആത്മാവു ആനന്ദനൃത്തം ചവിട്ടുകയായിരുന്നു..

ഓർക്കാൻ നിനക്കും ഒരു നല്ല കാര്യം.. ജീവിതത്തിന്റെ സായന്തനത്തിലെങ്കിലും ആശ്വസിക്കാം.. അന്നയെന്ന ഭർതൃമതിയെ അവളുടെ ഭർത്താവിൽ നിന്നും അടർത്തിമാറ്റിയ പാപമെങ്കിലും ഇതോടെ മാറിക്കിട്ടും..

 വിപ്ലവ ചിന്തകൾ നിന്റെ ബോധ മണ്ഡലത്തെ തീ പിടിപ്പിക്കുമ്പോൾ നീ കാട്ടിക്കൂട്ടുന്ന ഓരോ കർമ്മങ്ങൾ..അവയുടെ അനന്തരഫലമായി നിന്റെ അജ്ഞാതവാസങ്ങൾ..

ഓരോ അജ്ഞാതവാസവും സുന്ദരമാക്കാൻ നീ പ്രണയങ്ങളുടെ വാസന്തം തീർത്തു..അവയുടെ ശിശിരത്തിന്റെ അവസാനം കണ്ടു നിൽക്കാതെ ദേശാടനക്കിളിയെപ്പോലെ നീ പറന്നകന്നു..

അത് എന്തിനായിരുന്നു?

 നിന്റെ സംഗീതം എന്റെ ബലഹീനതയായിരുന്നു എന്നും...

സംഗീതത്തിന്റെ ഉത്തുംഗശൃംഗങ്ങൾ നീ കീഴടക്കണമെന്നു ഞാനതിയായി ആഗ്രഹിച്ചു.പ്രശസ്തികളുടെ കൊടുമുടികൾ നീ കീഴടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നും അകന്നു നിന്നത് കാണാൻ എന്റെ കണ്ണുകൾ തുടിച്ചു..

നിനക്കായ്, നിന്റെ കലാസപര്യക്കായ് എന്തെങ്കിലും ചെയ്യാൻ എനിക്ക് കഴിഞ്ഞുവെന്ന് നീ കരുതിയെങ്കിൽ ഞാൻ കൃതാർത്ഥയായി..

എങ്കിലും എന്റെ ജീന്‍ ക്രിസ്റ്റോഫ്... നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നു... ജനഹൃദയങ്ങളില്‍ നീ ബീഥോവനായി ഗന്ധര്‍വ്വസംഗീതം മീട്ടുമ്പോൾ ദൂരെ മാലാഖമാരുടെ നാട്ടില്‍ ഞാന്‍ കാത്തിരിക്കുകയാണ്... എന്റെ ജീന്‍ ക്രിസ്റ്റോഫ്.. നിനക്കായി.. നിനക്കായി മാത്രം..

ആ തേങ്ങല്‍ പുസ്തകതാളില്‍ നിന്നും ഒഴുകി പതിയെ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരുന്നു..

നേർത്തൊരു ബീഥോവന്‍ സിംഫണി പോലെ...



( പ്രശസ്ത സംഗീതജ്ഞൻ ബീഥോവന്റെ ജീവചരിത്രമാണു ശ്രീ റൊമെയ്ൻ റോളണ്ടിന്റെ ജീൻ ക്രിസ്റ്റോഫ് എന്ന നോവൽ..അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരുപാട് സ്ത്രീകൾക്കിടയിൽ എന്നെ ഒരുപാട് ആകർഷിച്ച ഒരു കഥാപാത്രമാണു ഗ്രേസിയ..അവളുടെ കണ്ണിലൂടെ ആ കഥയെ ഞാനെന്റെ ചിന്തകളുടെ മേമ്പൊടി ചേർത്ത് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണു...ചിന്തകൾ എന്റേത് മാത്രം..ഇതിന്റെ മലയാളത്തിൽ ഒരവലോകനം ഇവിടെയുണ്ട് )

റഫറൻസിനു ഇവിടെ


ഡൌൺലോഡാൻ ഇവിടേയും

Tuesday, June 7, 2011

ചായക്കൂട്ടുകൾ...


 















ചായക്കൂട്ടുകളും വേഷച്ചമയങ്ങളുമെന്നെ ഭീമനാക്കി മാറ്റിക്കൊണ്ടിരിക്കുന്നത് നിദ്രയുടെ പിടിയിലമരുമ്പോഴും  തിരിച്ചറിയുന്നുണ്ടായിരുന്നു മനസ്സ്..

കേളികൊട്ടവസാനിച്ചതിനു ശേഷം തുടങ്ങിയതാണീ അദ്ധ്വാനം..

എത്താൻ വൈകിയതിനുള്ള പ്രതികരണമെന്നോണം ചമയക്കാരനിൽ നിന്നും ഉയർന്ന പല്ലിറുമ്മലിന്റെ ഒച്ച കേട്ടില്ലെന്നു നടിച്ചു. 


നൊന്തു പെറ്റ ജീവന്റെ സുരക്ഷിതത്വം ഉറപ്പാക്കാതെ വീടു വിട്ടിറങ്ങാൻ പറ്റില്ലല്ലോ അതും സ്ത്രീ ജന്മങ്ങൾ..ഏതൊക്കെ വേഷം കെട്ടിയാടിയാലും എന്നിലെ സ്ഥായിയായ അമ്മയെന്ന വേഷത്തിനെ സമാധാനപ്പെടുത്തണം  ഇടയ്ക്കെങ്കിലും..

അതൊന്നും പറഞ്ഞാൽ ആർക്കും മനസ്സില്ലാവില്ലാ...

വന്നപാടെ മുഖം കഴുകി കിടന്നു കൊടുത്തു, ചായക്കൂട്ടുകൾ വാരി തേയ്ക്കാൻ..


ചായമിടുമ്പോൾ ഉറക്കം അനുവദനീയമാണ്..പക്ഷേ എന്റെ മനസ്സെന്നാണ് ഉറങ്ങിയിട്ടുള്ളത് സ്വസ്ഥമായി...ഉറങ്ങിയെന്നു നടിക്കുകയാണിപ്പോ മനസ്സും ശരീരവും...

പകുതിയൊരുക്കത്തിൽ ചമയക്കാരൻ കുലുക്കി വിളിച്ചു.. കുടിക്കാനെന്തെങ്കിലും വേണമെങ്കിൽ ആകാമെന്നു പറയാനായിരുന്നു...ചുണ്ടിൽ ചായവും താടിയും ഉറപ്പിക്കാൻ പോകുന്നുവെന്നു മനസ്സില്ലായി...

അരങ്ങിൽ പൊന്നാനിയും ശിങ്കിടിയും ചേർന്ന് വന്ദനാശ്ലോകം പാടിത്തകർക്കുന്നു...


അരങ്ങുകേളിയും തോടയവും കഴിഞ്ഞിരുന്നോ...മനസ്സിന്റെ ഗതി വിട്ട പോക്കിനിടയ്ക്ക് ഞാനറിയാതെ പോയതായിരിക്കും...

കൂജയിൽ നിന്നും തണുത്ത വെള്ളം ദാഹം തീരെ അകത്താക്കുമ്പോൾ എന്നെ തട്ടിമാറ്റി പുറപ്പാടിനുള്ള വേഷങ്ങൾ അണിഞ്ഞവർ‌ അരങ്ങിലേക്ക് നടക്കുന്നുണ്ടായിരുന്നു..


അരങ്ങേറ്റം കഴിഞ്ഞയിടയ്ക്ക് ഇതുപോലെ പുറപ്പാട് വേഷം കെട്ടി നടന്ന കാലം ഓർമ്മയിൽ തെളിഞ്ഞു... 

മനസ്സിലെത്തിയ പുഞ്ചിരി ചുണ്ടിലേക്ക് എത്തിനോക്കാതെ മടങ്ങി..

വീണ്ടും ചമയക്കോപ്പിലേക്ക് മനസ്സിനേയും ശരീരത്തേയും വലിച്ചിഴച്ചു...

മുഖത്തെ ചായം തേയ്ക്കൽ കഴിഞ്ഞ് കച്ചമുറുക്കാൻ മറപ്പുരയിലേക്ക് നടക്കുമ്പോൾ മനസ്സിൽ അവളുടെ മുഖം ഒന്നു മിന്നി മാഞ്ഞു...


എന്തെങ്കിലും കഴിച്ചു കാണുമോ എന്റെ കുട്ടി..?

നെടുവീർപ്പിൽ ചിന്തകൾക്ക് കടിഞ്ഞാണിട്ട് വേഷങ്ങൾ മുറുക്കുമ്പോൾ മനസ്സ് പറഞ്ഞു ഒന്നുകൂടെ നന്നായി മുറുക്കിയേക്കാം...വിശപ്പിന്റെ ശല്യം കുറഞ്ഞു കിട്ടുമല്ലോ..

അഷ്ടപദി കൊഴുക്കുമ്പോൾ‌ കിരീടമുറപ്പിച്ച്, ഭൂമിവന്ദനം നടത്തി, ഞാൻ അരങ്ങത്ത് തിരശ്ശീലയ്ക്ക് പിന്നിൽ സ്ഥലം പിടിച്ച് കഴിഞ്ഞിരുന്നു...

ഇനി കയ്യും മെയ്യും മറന്നൊരാട്ടം...


കുറച്ച് നേരത്തേക്ക്, ഞാൻ ഞാനല്ലാതാവുകയാണ്..

ഭീമന്റെ ഭാവപ്പകർച്ചകളിലേക്ക് മനസ്സിനെ ആവേശിപ്പിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു...

അരങ്ങത്ത് പദം തുടങ്ങി..


ഇനി എന്റെ രംഗപ്രവേശം...

സ്ത്രീയെന്ന ബോധ്യം കാണികളിലുളവാക്കാതെ ഭീമനെ വിജയിപ്പിക്കാൻ കഴിയുന്നതെങ്ങിനെയെന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്..


ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിന്റെ അനുഭവങ്ങളിൽ നിന്നുമുൾക്കൊണ്ട ആണിന്റെ മനോബലം ആയിരിക്കണം അതിനു പ്രാപ്തയാക്കുന്നത്...

അല്ലെങ്കിലും പുരുഷന്റെ തുണയില്ലാതെ കൌമാരത്തിലേക്ക് കടക്കുന്ന ഒരു മകളെ വളർത്തുന്ന അമ്മയ്ക്ക് ആ ധൈര്യം കൂടിയെ തീരൂ..

ചൊല്ലിയാട്ടവും ഇളകിയാട്ടവും ആടിത്തിമർക്കുകയായിരുന്നു, ഞാനെന്ന ഭീമൻ..

പാഞ്ചാലിയുടെ മാനത്തിനു വില പറഞ്ഞ കീചകനെ മറിച്ചിട്ട് മാറു പിളർന്ന് രക്തം കുടിക്കുന്നതഭിനയിക്കുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരം അലയടിക്കുകയായിരുന്നു...


രാവിന്റെ അന്ത്യയാമങ്ങളിലും മകളെ നെഞ്ചോട് ചേർത്തു പിടിച്ച് മറുകയ്യ് കത്തിപ്പിടിയിൽ ഒന്നു മുറുക്കി മാനത്തിനു കാവലിരുന്ന നിമിഷങ്ങൾ മനസ്സിലൂടെ കടന്നു പോയി..

കലാശക്കൊട്ട് കേട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ പരിസരം മറന്നെന്തെങ്കിലും ചെയ്തു പോയേനേ..

ആട്ടവിളക്കണഞ്ഞു..


തിരശ്ശീല വീണു..

മരവിച്ച മനസ്സും ശരീരവുമായി വീണ്ടും അണിയറയിലേക്ക്..

ചായക്കൂട്ടുകൾ അഴിക്കുമ്പോൾ‌ ആരോ പറയുന്നത് കേട്ടു ..നാളെ നളചരിതമാണൂട്ടോ കുട്ട്യേ..ഒന്നു നോക്കീട്ട് വന്നോളൂ ...

മെല്ലെയൊരു ചിരി വിരിഞ്ഞു കൊഴിഞ്ഞു...

എന്ത് നോക്കാനിരിക്കുന്നു.. കീചകവധത്തേക്കാൾ ജീവിതത്തോട് അലിഞ്ഞു ചേർന്നത് നള ദമയന്തീ ചരിതം തന്നെ...

പക്വതയില്ലാത്ത മനസിന്റെ പ്രണയം..


വെല്ലുവിളികൾ ഏറ്റെടുത്തൊരു ജീവിതം..

യാഥാർത്ഥ്യങ്ങളോട് നേർക്കു നേർ പൊരുതാനാവാതെ കൈ പിടിച്ചവൻ പിന്തിരിഞ്ഞോടിയപ്പോൾ‌ ആ സ്നേഹത്തിന്റെ അവശേഷിപ്പായി തന്നു പോയ കുരുന്നു ജീവനു വേണ്ടി സാഹചര്യങ്ങളോട് പോരാടി ജീവിക്കാതിരിക്കാൻ കഴിഞ്ഞില്ല..

വഴിയിലെവിടെയോ ഉപേഷിച്ച ചിലങ്കകൾ സുമനസ്സുകളുടെ സഹായത്താൽ അന്നത്തിനുതകി..


കളിയില്ലാത്ത നാളുകളിൽ അടുപ്പ് പുകയാത്തത് കണ്ടില്ലാന്നു നടിക്കേണ്ടി വന്നു..

അയൽ‌വീടുകളിലെ അടുക്കള വരാന്തകളിൽ എച്ചിൽ‌പ്പാത്രങ്ങൾ കഴുകി കിട്ടുന്ന ആഹാരത്തിനു വേണ്ടിയുള്ള കാത്തിരുപ്പ്..

എന്തെല്ലാം വേഷങ്ങൾ..

ദാരിദ്ര്യത്തിന്റെ ചൂടിൽ വാടിയ കുഞ്ഞു മുഖം മാത്രമേയുള്ളൂ ഇപ്പോൾ മനസ്സിൽ..

ആ എനിക്ക് ഭീമനേക്കാൾ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്നത് ദമയന്തിയെ തന്നെ...കലി ആവേശിച്ച നളനാൽ ഉപേഷിക്കപ്പെട്ട ദമയന്തിയെ..

മുഖത്തെ ചായക്കൂട്ടുകൾ കഴുകി കളഞ്ഞ്, ചുളുങ്ങിയ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പേർസിൽ തിരുകി, അരയിലൊളിപ്പിച്ച കത്തിയുടെ സ്ഥാനം ഒന്നുകൂടെ ഉറപ്പ് വരുത്തി വീട്ടിലേക്കുള്ള വഴിയേ നടക്കുമ്പോൾ‌ മനസ്സിൽ പ്രാരാബ്ധങ്ങളുടേയും ജീവിതച്ചിലവുകളുടെയും കണക്കുകൾ കൂട്ടുകയും കുറയ്ക്കുകയുമായിരുന്നു..

ഇനി.. 


മായ്ക്കാൻ കഴിയാത്ത ചായക്കൂട്ടുകളുടേയും വേഷപ്പകർച്ചകളുടേയും ലോകത്തേക്ക്..

ഒന്നും കണ്ടില്ലാന്നു നടിച്ച്..എന്നാലെല്ലാം കണ്ടും, അറിഞ്ഞും പകലോനപ്പോൾ കിഴക്ക് ദിക്കിൽ തന്റെ പുറപ്പാടിനുള്ള ചമയക്കൂട്ടുകൾ അണിഞ്ഞ് എത്തിക്കഴിഞ്ഞിരുന്നു...