Sunday, November 27, 2011

തത്ത്വമസിയുടെ പൊരുൾ തേടി...

“തത്ത്വമസി” ...തത് ത്വം അസി... അത് നീ ആകുന്നു....

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ഈശ്വരചൈതന്യം ഉൾക്കൊള്ളാനുള്ള പ്രബോധനം.

ശരണമന്ത്രധ്വനികളാൽ മുഖരിതമായ പുലരികൾ‌.  വീണ്ടുമൊരു മണ്ഡലകാലം കൂടി വിരുന്നു വന്നിരിക്കുന്നു. കറുപ്പുടുത്ത്, ബ്രഹ്മചര്യവ്രതമെടുത്ത്, കൊതിയും വിധിയും ഇരുമുടിയായേന്തി മല ചവിട്ടുന്ന മനസ്സുകളിൽ ഇനി “തത്ത്വമസി”യുടെ പൊരുളറിയാനുള്ള വാഞ്‌ച മാത്രം.
-വൃശ്ചികരാശി-

ആകാശഗംഗയെ നെഞ്ചിലേറ്റിയ, തേളിന്റെ ആകൃതിയാർന്ന വൃശ്ചികരാശിയിലൂടെ കടന്നു പോകുന്ന സൂര്യകടാഷമുള്ള ഈ മാസത്തിൽ പ്രകൃതിക്ക് പോലും അഭൌമതേജസ്സാണ്. ചാറ്റൽമഴയിൽ പുളകിതയായ, നമ്രമുഖിയായ ഭൂമി വ്രതപുണ്യമാർന്ന നഗ്നപാദങ്ങളുടെ സ്പർശത്തിൽ നിർവൃതിയടയുന്നു.

കുറെയേറെ ഐതീഹ്യങ്ങളും പുരാണവും ചരിത്രവും ഉറങ്ങുന്ന മണ്ണാണ് ശബരിമല എന്ന അയ്യപ്പന്റെ പൂങ്കാവനം. കാളകെട്ടിമല, ഇഞ്ചിപ്പാറമല, പുതുശ്ശേരിക്കാനം മല, കരിമല, നീലിമല, ശബരിമല, പൊന്നമ്പലമേട്, ചിറ്റമ്പലമേട്, മയിലാടും‌മേട്, തലപ്പാറമല, നിലക്കൽ‌മല, ദേവർ‌മല, ശ്രീപാദം‌മല, ഖർഗിമല, മാതംഗമല, സുന്ദരമല, നാഗമല, ഗരുഡൻ‌മല എന്നിങ്ങനെ പതിനെട്ടുമലകളുടെ കൂടിച്ചേരലുകൾ‌ക്കൊടുവിൽ‌, നന്മയുടെയും സഹനത്തിന്റേയും മൂർത്തിമദ്ഭാവമായ ശബരി താമസിച്ച പുണ്യമലയ്ക്ക് ശബരിമലയെന്ന പേരു വീണതിൽ അസ്വാഭാവികതയൊന്നും തന്നെ ഇല്ല. തർക്കാധിഷ്ഠിതമായ ഒരുപാട് വാദപ്രതിവാദങ്ങളുടെ വിളനിലം കൂടിയാണ് ആ ഭൂമി. പേരിൽ നിന്നും തുടങ്ങുന്ന തർക്കം, പിറവിയിലും പിന്നെ ആചാരാനുഷ്ഠാനങ്ങളിലുമെത്തി നിൽക്കുന്നു.

ശ്രേഷ്ഠൻ എന്നർത്ഥം വരുന്ന പാലിയിലെ “അയ്യ / അജ്ജ” എന്ന പദമോ സംസ്കൃതത്തിലെ സമാനാർത്ഥമുള്ള “ആര്യൻ” എന്ന പദമോ ദ്രാവിഡീകരിച്ചുണ്ടായതാവണം അയ്യനെന്നും അയ്യപ്പനെന്നുമുള്ള നാമധേയം എന്നു ചരിത്രം പറയുമ്പോൾ അയ്യൻ എന്ന വിഷ്ണു നാമവും അപ്പൻ എന്ന ശിവ നാമവും ചേർന്നതാണു അയ്യപ്പനെന്നു ഐതീഹ്യം പരാമർശിക്കുന്നു.

ശിവനു വിഷ്ണുവിന്റെ മായാരൂപമായ മോഹിനിയിൽ പിറന്ന്, കാട്ടിലുപേഷിക്കപ്പെട്ട അയ്യപ്പനെ പന്തളം രാജാവ് എടുത്തു വളർത്തി യുദ്ധതന്ത്രങ്ങൾ പഠിപ്പിച്ച് അനന്തിരാവകാശിയാക്കുന്നു. റാണിയുടെയും മന്ത്രിയുടെയും കുതന്ത്രങ്ങളിൽപ്പെട്ട് അയ്യപ്പനു പുലിപ്പാലിനായി കാട്ടിൽ പോകേണ്ടി വന്നുവെന്നും അവിടെ വച്ച് മഹിഷി എന്ന എരുമയുടെ തലയോടു കൂടിയ അസുര ജന്മത്തെ വധിച്ച് മോക്ഷമേകിയെന്നും ഒടുവിൽ ശാസ്താവിൽ വിലയം പ്രാപിച്ചുവെന്നതുമാണു ഏറെ പ്രചരിക്കുന്ന ഐതീഹ്യം.

-ശബരിമല പഴമയുടെ ചട്ടക്കൂട്ടിൽ-
ശബരിമലയിൽ, പരശുരാമനാൽ രൂപകൽ‌പ്പന ചെയ്യപ്പെട്ട ശാസ്താവിഗ്രഹം പ്രതിഷ്ഠിച്ച് പണിതുയർത്തിയ അമ്പലത്തെ, പിന്നീട് പന്തളരാജാവു പുനരുദ്ധരിച്ചു എന്നാണു പറഞ്ഞു കേൾക്കുന്നത്. 

മഹിഷിയെ (എരുമ) അയ്യപ്പൻ കൊന്നെറിഞ്ഞുവെന്ന് പറയപ്പെടുന്ന എരുമേലിയിൽ ഒരു വെള്ളാള കുടുംബം ഉണ്ടെന്നും അതിൽ പെരിശ്ശേരി പിള്ള എന്നൊരാളുടെ അനന്തിരവനാണു അയ്യപ്പനെന്നും ചരിത്രാന്വേഷികൾ വാദം നിരത്തുന്നുണ്ട്. പിന്നീട് ആ അയ്യപ്പൻ പാണ്ഡ്യ രാജാവിന്റെ സൈന്യാധിപനായി, തലപ്പാറയിലും ഇഞ്ചിപ്പാറയിലും മറഞ്ഞിരുന്ന് രാജ്യത്ത് നാശം വിതച്ചു കൊണ്ടിരുന്ന മറവപ്പടയെ തുരത്തിയെന്നും അതിന്റെ തലവനായ ഉദയനനെ വധിച്ച്, യുദ്ധത്തിൽ നശിച്ച ശബരിമലയിലെ ശാസ്താക്ഷേത്രം പുനുരുദ്ധാരണം ചെയ്ത്, ഒടുവിൽ‌ ആ ശാസ്താവിൽ തന്നെ വിലയം പ്രാപിച്ചുവെന്നും അവർ അവകാശപ്പെടുന്നു.

ഈ ചരിത്ര രേഖകളെ സാക്ഷ്യപ്പെടുത്താനെന്നവണ്ണം ചില ആചാരാനുഷ്ഠാനങ്ങളുടെ സഹായം തേടുന്നുണ്ട് അതിനെ പിന്താങ്ങുന്നവർ. തലപ്പാറ ആക്രമിക്കാൻ വാവരോടൊപ്പം പോയ സംഘത്തിന്റെ പ്രകടനമാണു പേട്ടതുള്ളലെന്നും, ഇഞ്ചപ്പാറയ്ക്ക് ചുറ്റുമുള്ള കിടങ്ങ് അയ്യപ്പൻ കല്ലിട്ട് നിരത്താൻ പറഞ്ഞതിന്റെ അനുസ്മരണമാണു കല്ലിടാംകുന്നിലെ അനുഷ്ഠാനമെന്നും, ഒടുവിൽ വിജയത്തിന്റെ പ്രതീകമായി നൽകിയ സദ്യയാണിന്നത്തെ പമ്പാ സദ്യയെന്നുമാണ് അവരുടെ വാദമുഖങ്ങൾ.

ശാസ്താവ് എന്ന ദൈവ സങ്കൽ‌പ്പം ഉരുത്തിരിഞ്ഞതെങ്ങനെയെന്ന് കൃത്യമായ തെളിവില്ല. ശൈവ-വൈഷ്ണവ ചേരിപ്പോരിനെ നിയന്ത്രിക്കാനാണു രണ്ടുമുൾക്കൊണ്ട ശാസ്താവിന്റെ രംഗപ്രവേശം എന്ന് ചരിത്രഗവേഷകർ പറയുന്നു. തികച്ചും കേരളീയം എന്നു നമ്മൾ കരുതുന്ന ശാസ്താ വിഗ്രഹം സിന്ധുനദീതട പ്രദേശത്തു നിന്നും പരശുരാമൻ കൊണ്ടു വന്നതാണെന്നു വാദിക്കുന്നുണ്ട് ചിലർ.

ക്ഷത്രിയരുടെ കുലദൈവമാണ് ശാസ്താവ്. യുദ്ധശക്തിയിലൂടെ ഭൂമിരക്ഷ എന്ന കർത്തവ്യം ചെയ്യാൻ നിയുക്തരായ ക്ഷത്രിയർ തങ്ങളുടെ ശക്തിശ്രോതസ്സായി ശാസ്താവിനെ കരുതിപ്പോരുന്നു.  ബ്രാഹ്മണർ അവരുടെ ശക്തിസ്വരൂപനായ ശിവനെ ഉയരമുള്ള ഹിമാലയത്തിൽ പ്രതിഷ്ഠിച്ചതു കണ്ട് തങ്ങളുടെ ശാസ്താവിനെ ഹിമാലയത്തിനും തൊട്ടു താഴെ നിൽക്കുന്ന പശ്ചിമഘട്ടനിരയിൽ പ്രതിഷ്ഠിക്കണമെന്ന് ക്ഷത്രിയർ തീരുമാനിച്ചിരിക്കണം.
-പന്തളം കൊട്ടാരം-

അതിനായി കൊണ്ടു വന്ന വിഗ്രഹം പന്തളത്തെത്തിയപ്പോൾ മാർഗ്ഗതടസ്സം ഉണ്ടായെന്നും പന്തളം രാജാവ് ഏറ്റെടുത്ത് ഒരു നദിക്കരയിൽ വച്ച് പൂജിച്ചുവെന്നും പിന്നീട് തടസ്സം മാറ്റി ശബരിമലയിൽ പ്രതിഷ്ഠിച്ചുവെന്നും പറയപ്പെടുന്നു. ക്ഷത്രിയർ ശാസ്താവിനെ അച്ഛനെന്നു വിളിച്ചിരുന്നത് കൊണ്ടാവണം അന്നു പന്തളം രാജാവ് ആ വിഗ്രഹം വച്ച് പൂജിച്ചതിനടുത്ത് കൂടെ ഒഴുകുന്ന നദിക്ക് അച്ചങ്കോവിലാര് എന്ന പേരു വീണത്. അയ്യപ്പൻ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തിൽ ചെലവഴിച്ചു എന്നു പറയുന്നതിനും ആധാരം ഈ ചരിത്രപശ്ചാത്തലം തന്നെയാവണം.
-പന്തളം രാജാവ് പണിയിച്ച കൊട്ടാരക്കെട്ടിലെ ക്ഷേത്രം-

ശാസ്താവിൽ നിന്നും വ്യത്യസ്തനായാണു അയ്യപ്പനെ കാണുന്നത്. പൂർണ്ണ, പുഷ്കല തുടങ്ങിയ ഭാര്യമാരും സാത്യകൻ എന്ന പുത്രനും ശാസ്താവിനുണ്ടെന്ന് സ്കന്ദപുരാണം പറയുന്നു. എന്നാൽ അയ്യപ്പനാവട്ടെ നിത്യബ്രഹ്മചാരിയാണ്.

പമ്പയുടെ തീരത്ത് വസിച്ചിരുന്ന ബുദ്ധമതാനുയായി ആണ് അയ്യപ്പനെന്നും ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ സഹായിച്ചിരുന്നുവെന്നും ചിലർ വിശ്വസിക്കുന്നു. നാല്പത്തിയൊന്നു ദിവസത്തെ ബ്രഹ്മചര്യവ്രതവും, ശരണം വിളികളും, അയ്യപ്പവിഗ്രഹത്തിന്റെ ഘടനയും, ആരാധനയും, അനുഷ്ഠാനങ്ങളും ഇതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.

ഏതൊക്കെ കഥകൾ പറഞ്ഞാലും അതിലൊക്കെയും അയ്യപ്പന്റെ കൂടെ വാവർക്കും കടുത്ത എന്ന നായർ പടയാളിക്കും സ്ഥാനമുണ്ട്. ആദ്യം ശത്രുവായും പിന്നെ മിത്രമായും തീരുന്ന വാവരാണ് ഇതിൽ പ്രമുഖ കഥാപാത്രം. മക്കം പുരയിൽ ഇസ്മൈൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായി ജനിച്ച ആളാണു വാവരെന്നു ബാവർ മാഹാത്മ്യം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാവരെന്നത് ബാബർ തന്നെയാണെന്ന് വാദിക്കുന്നവരുമുണ്ട്. വാവരുടെ പൂർവ്വികർ തമിഴ്നാട്ടിലെ അവരാംകോവിലിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയത് കലി വർഷം 4441 ഇൽ (ഏ.ഡി 1440) ആണെന്നാണ് ചരിത്രം.
-എരുമേലി വാവരുപള്ളി-

ശാസ്താവിന്റെ അംഗരക്ഷകനായ വാവർക്ക് പന്തളം രാജാവ് ആരാധാനാലയം പണിതുവെന്ന് ചില സംസ്കൃതഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. കാട്ടിലൂടെ കടന്നു പോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാൻ അയ്യപ്പൻ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. എരുമേലിയിലെ വാവരുപള്ളിക്കടുത്തുവെച്ചാണ് അയ്യപ്പൻ മഹിഷിയെ വധിച്ചതിന്റെ അനുസ്മരണാർത്ഥം നടത്തുന്ന പ്രസിദ്ധമായ പേട്ട തുള്ളൽ. കുങ്കുമവും ഭസ്മവും ഒക്കെ വാരിപ്പൂശി ഇലകളൊക്കെ വച്ച് കെട്ടി പേട്ട തുള്ളുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.
-പേട്ടതുള്ളൽ‌-

എരുമേലിയിൽ എത്തുന്ന ഭക്തന്മാർ വാവരു സ്വാമിയെ ദർശിച്ച് കുരുമുളക് വഴിപാട് നൽകിയേ യാത്ര തുടരൂ. കാണിക്കയും , നെല്ല് , ചന്ദനം , സാമ്പ്രാണി , പനിനീർ, നെയ്യ്, നാളികേരം എന്നിവയും ഇവിടെ വഴിപാടായി നൽകുന്നുണ്ട്. മത സൌഹാർദ്ദത്തിന്റെ മകുടോദാഹരണമായി എരുമേലിയിൽ വാവരു പള്ളി നില കൊള്ളുന്നു. ഇതിനു സമീപത്തുള്ള കൊച്ചമ്പലം, അയ്യപ്പനെ വെള്ളാളകുടുംബത്തിലേക്ക് ബന്ധിക്കുന്ന കണ്ണിയായ പെരിശ്ശേരി പിള്ള നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു.

-അർത്തുങ്കൽ‌പ്പള്ളി-
അയ്യപ്പനേയും അർത്തുങ്കൽ പള്ളിയേയും ബന്ധപ്പെടുത്തിയും ഒരു കഥയുണ്ട്. ദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർ അവിടെ മാലയൂരി സമർപ്പിച്ച് പോകുന്നതിനു ആധാരമായിട്ടാണു ഈ കഥ പ്രചരിക്കുന്നത്.  അർത്തുങ്കൽ പള്ളിയിൽ, ജനങ്ങൾ വിശുദ്ധനോളം പ്രാധാന്യം കൊടുത്തിരുന്ന ഒരു വൈദികനുണ്ടായിരുന്നുവത്രേ. ഫാദർ ഫെനിഷ്യോ. അദ്ദേഹത്തെ ജനങ്ങൾ “വെളുത്തച്ഛൻ” എന്നു വിളിച്ചിരുന്നു. കാലാന്തരത്തിൽ വിശുദ്ധ സെബാസ്തന്യോസിനേയും ജനം ഈ പേരിൽ വിളിച്ചു തുടങ്ങി. ഫാദർ‌ ഫെനിഷ്യോ കളരി പഠിക്കാൻ ചീരപ്പൻ‌ചിറയിൽ പോയിരുന്നുവെന്നും അവിടെ വച്ച് അയ്യപ്പന്റെ സുഹൃത്താകുന്നുവെന്നും ഐതീഹ്യം പറയുന്നു.

-പമ്പ-
ഐതീഹ്യങ്ങളേയും പുരാണങ്ങളേയും ചരിത്രത്തേയും പുറകിൽ വിട്ട് പുണ്യപ്രവാഹിനിയായി പമ്പയൊഴുകുന്നു. പമ്പയിൽ കുളിച്ചെത്തുന്ന ഭക്തനോട് യാത്ര സുഖമായോ എന്നു തിരക്കുന്ന പോലെ ഇളംകാറ്റ് സദാ വീശിക്കൊണ്ടിരിക്കും. ഒന്നു മുങ്ങി നിവർന്നാൽ ചെയ്തു പോയ പാപങ്ങളെ അവൾ‌ കഴുകിക്കളയുമത്രേ. കണ്ണിനിമ്പമേറുന്ന പമ്പാവിളക്കും സാഹോദര്യത്തിന്റെ പമ്പാസദ്യയും എടുത്ത് പറയേണ്ടുന്ന കാര്യങ്ങൾ‌ തന്നെയാണ്. പമ്പാ സദ്യയിൽ അയ്യപ്പന്റെ സാന്നിധ്യം ഉണ്ടാവും എന്നു പറയുന്നതിൽ നിന്നും ഭഗവാനും ഭക്തനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാം.

പമ്പയിൽ കുളിച്ച്, വിഘ്നങ്ങളില്ലാത്ത യാത്രയ്ക്കായി ഗണേശനെ വണങ്ങി, മല ചവിട്ടി, പതിനെട്ടാം പടി കയറിയാൽ അയ്യപ്പന്റെ പൊന്നമ്പലമേടായി, തത്വമസിയുടെ പൊരുളഴിയുന്നിടം. ഞാൻ നീ തന്നെയാകുന്നു എന്നു അവിടത്തെ ഓരോ മൺ‌തരിയും വിളിച്ചു പറയുമത്രേ.

പാർശ്വഭാഗത്ത് കന്നി അയ്യപ്പന്മാർ വരാത്ത പക്ഷം വേളി കഴിക്കാം എന്ന വാഗ്ദാനത്തിൽ മഹിഷജന്മത്തിൽ നിന്നും മോക്ഷമേകിയ മാളികപ്പുറത്തമ്മയ്ക്ക് അഭയം കൊടുത്തിട്ടുണ്ട് അയ്യപ്പൻ. അയ്യപ്പനെന്ന പടയാളിയെ പ്രണയിച്ച ചീരപ്പൻ‌ചിറമൂപ്പന്റെ മകളാണ് പിന്നീട് യോഗിനിയായി മാളികപ്പുറമേറിയതെന്നും പറയപ്പെടുന്നു. ഇന്നും പടിപൂജ കഴിഞ്ഞ് മാളികപുറത്തമ്മയെ എഴുന്നള്ളിച്ച് സന്നിധാനത്ത് കൊണ്ടുവരാറുണ്ട്. വേട്ടയ്ക്ക് വിളി എന്ന ചടങ്ങിൽ വിളിച്ചു ചോദിക്കുന്നത് കന്നി അയ്യപ്പന്മാരുണ്ടോ എന്നാണത്രേ. ശരകുത്തിയാലിൽ ചെന്നു നോക്കാൻ തന്ത്രികൾ മറുപടി പറഞ്ഞാൽ പിന്നെ എഴുന്നള്ളിപ്പ് അങ്ങോട്ടേക്കാവും. കന്നി അയ്യപ്പന്മാർ നേർച്ചയായി ശരം കുത്തുന്ന സ്ഥലമാണ് ശരംകുത്തിയാൽ. അവിടെ ശരങ്ങൾ കാണുമ്പോൾ കന്നി അയ്യപ്പന്മാർ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കി ദേവി ദുഃഖത്തോടെ മടങ്ങും.

ക്ഷേത്രം പുനുരുദ്ധരിക്കാൻ യുദ്ധശേഷം പുറപ്പെട്ട അയ്യപ്പനും സൈനികരും ആയുധങ്ങൾ ശരംകുത്തിയാലിൽ ഉപേഷിച്ചതിന്റെ പ്രതീകമായാണ് അവിടെ ശരം കുത്തുന്നതെന്ന വാദവും നിലവിലുണ്ട്.

ഉത്സവാവസാനം മകര സംക്രമ നാളിൽ വിഗ്രഹത്തിൽ ചാർത്തേണ്ടുന്ന തിരുവാഭരണങ്ങൾ പന്തളം രാജാവാണു എത്തിക്കുന്നത്. ആഘോഷത്തോടെയുള്ള ആ യാത്രയെ ആകാശത്ത് വട്ടമിട്ട് പറന്ന് കൃഷ്ണപ്പരുന്ത് അനുയാത്ര ചെയ്യും. ദീപാരാധന വേളയിലും ക്ഷേത്രത്തിനു മുകളിൽ ഇതിനെ കാണുവാൻ സാധിക്കും.. അപ്പോൾ ആകാശത്ത് ഒരു നക്ഷത്രം ഉദിക്കും. തൊട്ടു പുറകെ പൊന്നമ്പലമേട്ടിൽ അയ്യപ്പന്റെ അനുഗ്രഹാശിസ്സെന്ന വണ്ണം മകരജ്യോതി തെളിയും.. ഇതും ഇന്നു തർക്ക വിഷയമാണ്.

-പതിനെട്ടാം‌പടി-

പതിനെട്ടാം പടിക്കും നിർവ്വചനങ്ങൾ ഏറെയുണ്ട്. പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്, അഷ്ടരാഗങ്ങളിൽ‌പ്പെട്ട കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം, അസൂയ, ത്രിഗുണങ്ങളായ സാത്വികം, രജസ്വം, തമസ്വം, തുടർന്നു വിദ്യ, അവിദ്യ എന്നിവ ചേർന്നാണു പതിനെട്ടു പടികളായതെന്നാണ് പൊതുപക്ഷം. പതിനെട്ടു മലകളെയാണിത് സൂചിപ്പിക്കുന്നതെന്നും പതിനെട്ടു പുരാണങ്ങളെയാണെന്നും വാദങ്ങളുണ്ട്. നാലു വേദങ്ങൾ, ആറു ശാസ്ത്രങ്ങൾ, ചതുരുപായങ്ങൾ, നാലു വർണ്ണങ്ങൾ ചേർന്നാൽ പതിനെട്ടാം‌പടിയായി എന്നു പറയുന്നവരും ചുരുക്കമല്ല.

കഥയും ഐതീഹ്യവും ചരിത്രവുമൊക്കെ അതിന്റെ വഴിക്ക് അന്വേഷണം തുടരട്ടെ. വ്രതമെടുത്ത് മാലയിട്ട് അയ്യപ്പന്മാരായിക്കഴിഞ്ഞാൽ സകലതിലും ഈശ്വരചൈതന്യം ദർശിക്കണമെന്നാണ്. മലചവിട്ടാൻ ഇരുമുടി നിറച്ചിറങ്ങുമ്പോൾ പടിക്കൽ തേങ്ങയുടയ്ക്കുമത്രേ. ഇഹലോക ജന്മബന്ധങ്ങളുടെ കെട്ടുപാടുകൾ ഉപേഷിച്ച് പുണ്യം തേടി ഞങ്ങൾ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്ന് അയ്യപ്പനെ അറിയിക്കുന്നതിന്റെ സൂചനയാണിത്. തിരികെ വരുമ്പോഴും തേങ്ങയുടച്ച് കയറുന്നവരുണ്ട്, തങ്ങൾ തിരികെ സുരക്ഷിതരായി എത്തിയെന്നറിയിക്കാൻ.  . ഇരുമുടിയിൽ നിറച്ച നെയ്ത്തേങ്ങ നെയ്യ് നിവേദിക്കാൻ‌ കൊടുത്ത ശേഷം ആഴിയിലേക്ക് വലിച്ചെറിയുമ്പോൾ, അവിടെ എരിഞ്ഞു തീരുന്നത് അവനവന്റെ പാപങ്ങൾ തന്നെ.

ഈ യാത്ര തുടങ്ങിയിട്ട് കാലമേറെ ആയിരിക്കുന്നു, മുടക്കം വരാതെ ഇന്നുമത് തുടരുന്നു. ആരവമൊഴിഞ്ഞാൽ ക്ഷേത്രമടച്ച് അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജ്യാവകാശിയും പടിയിറങ്ങും. എരിയുന്ന ആഴിയെ പിന്തള്ളി പടിപൂജ കഴിഞ്ഞ് “തത്ത്വമസി”യുടെ പൊരുളറിഞ്ഞ സംതൃപ്തിയിൽ മലയിറങ്ങുന്ന ഭക്തമനസ്സുകളിൽ നോവു പടർത്തി ഒരു പാവം പെണ്ണിന്റെ നൈരാശ്യം മാത്രം പിന്നേയും ബാക്കിയാവും. ഇനിയൊരു മണ്ഡലകാലത്തിനു കാത്ത് അവളും...!


അവലംബം     :  
കേരള ചരിത്രം  -----  ശ്രീ. എ. ശ്രീധരമേനോൻ
കേരളീയ ജീവിതമുദ്രകളിലെ വൈദികപ്രഭാവം- വേദങ്ങളും അന്തർവൈജ്ഞാനിക പഠനങ്ങളും  ----------- ശ്രീ. ഡോ. സി. എം. നീലകണ്ഠൻ
വേണാടിന്റെ പരിണാമം --------  ശ്രീ. കെ.ശിവശങ്കരൻ നായർ
ഹിന്ദു ബിസിനസ് ലൈൻ --------- ശ്രീ.ജി.കെ.നായർ
ബുദ്ധന്റെ കാല്പാടുകൾ-പഠനം ---------- ശ്രീ.പി.ഒ.പുരുഷോത്തമൻ


ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിളിനും എന്നെ സ്നേഹിക്കുന്നവർക്കും...

Thursday, November 17, 2011

കുടജാദ്രി.....


“ഈ താലിയാണെന്റെ മാർഗ്ഗത്തിനു തടസ്സമെങ്കിൽ‌, ഇത് ഞാനിങ്ങെടുക്കുന്നു..“

നിമിഷങ്ങൾക്ക് അശ്വത്തിന്റെ വേഗതയായിരുന്നു..പൊട്ടിച്ചെടുത്ത താലി, മുഖത്ത് അശനിപാതം കണക്കെ പതിച്ചു..

ഞെട്ടിത്തരിച്ചു പോയി..

ടയർ കരിയുന്ന ഗന്ധം നാസികകളെ അലോസരപ്പെടുത്തിയപ്പോഴാണ് പരിസരബോധം വീണ്ടു കിട്ടിയത്..പുറകിൽ‌ നിന്നും വന്ന ഏതോ വാഹനം കടന്നു പോകുമ്പോൾ അവരുടെ അമർഷം വാക്കുകളായ് പ്രതിധ്വനിക്കുന്നതറിഞ്ഞിരുന്നു. തെല്ല് ജാള്യതയോടെ ബ്രേക്കിൽ‌ നിന്നും കാലെടുത്ത് പതിയെ കാർ മുന്നോട്ടേക്കെടുത്തു..

കുടജാദ്രി...

കാറ്റിനു പോലും പ്രണവമന്ത്രധ്വനി. പുണ്യ പ്രവാഹിനിയായി സൌപർണ്ണിക.. സർവ്വജ്ഞപീഠമേറിയ ശങ്കരന്റെ നിശ്വാസങ്ങളിപ്പോഴും ഉയരുന്ന പോലെ.. ഒരു നഷ്ടബോധത്തിന്റെ ശീൽക്കാരമുണ്ടോ അതിൽ? ഒരു നിമിഷം മാനുഷിക വികാരങ്ങൾക്ക് കീഴ്പ്പെട്ടുപോയില്ലാരുന്നെങ്കിൽ! ആ അത്മാവ് മന്ത്രിക്കണുണ്ടാവും...

നേരം പുലർന്നിട്ടില്ല.. ഇരുളിനു ഭൂമിയെ വിട്ടകലാൻ മടി പോലെ. പുലരിയുടെ വരവറിയിച്ച് തണുത്ത പിശറൻ കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. പക്ഷേ, കൊലൂർ ഉറങ്ങിയിട്ടില്ല.. ഇവിടെ രാവും പകലും ഒക്കെ ഒരുപോലെ....

കാർ, പാർക്കിംഗ് ഏരിയായിലിട്ട് കാലെകൂട്ടി പറഞ്ഞു വച്ചിരുന്ന സത്രത്തിലേക്ക് മൂകാംബികാസ്തുതികൾ നിശബ്ദമായ്‌ ഉരുവിട്ടു കൊണ്ട് നടക്കുമ്പോൾ മനസ്സിലെന്തായിരുന്നു....?

നടത്തത്തിനു വേഗം കൂട്ടി. മുറിയിലെത്തി ഒന്നു തല ചായ്ക്കണം. നല്ല ക്ഷീണം... ഒറ്റയ്ക്കുള്ള ഡ്രൈവിംഗ്.. ചിന്തകൾ കൂട്ടിനുണ്ടായതു കൊണ്ട് ദൂരം തോന്നിയില്ല. പക്ഷേ, ശരീരം യാഥാർത്ഥ്യത്തോടു പൊരുത്തപ്പെട്ടിരിക്കുന്നു. ഒന്നു കിടന്നിട്ടാവാം കുളിയും തേവാരവും. നിർമ്മാല്യത്തിനു ക്ഷേത്രത്തിലെത്തുകയും വേണം.. പ്രഭാത പൂജ തൊഴുത് കുടജാദ്രിയിലേക്ക് നടക്കാം...

മനസ്സില്‍  ചെയ്യാനുള്ള കാര്യങ്ങൾ അടിവരയിട്ടെഴുതി പിടിപ്പിക്കുമ്പോഴേക്കും  സത്രത്തിലെത്തിക്കഴിഞ്ഞിരുന്നു....

റിസപ്ഷനിലെ സന്യാസിയോട് മുറിയുടെ താക്കോൽ വാങ്ങി ബാഗും തൂക്കി നടക്കുമ്പോള്‍ ഒന്നു കിടന്നാൽ മതിയെന്നായിരുന്നു മനസ്സിൽ. മുറി തുറന്നതും അടച്ചതുമൊക്കെ ഒരേ വേഗത്തിൽ.. വസ്ത്രം പോലും മാറാൻ മനസ്സൊരുക്കമായിരുന്നില്ല.. കിടക്കയിലേക്ക് മറിഞ്ഞു...

ബാഗ്... ഓ അതെവിടേലും കിടക്കട്ടെ... അല്ലെങ്കിലും  വിലപ്പെട്ടതായി അതിലൊന്നും ഇല്ലല്ലൊ..

പെട്ടെന്ന് മനസ്സുണർന്നു. ചാടിയെണീറ്റു.. നോക്കുമ്പോൾ‌ നിലത്ത് അനാഥമായി ആ ബാഗ്... ഓടിച്ചെന്നെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചൂ. തിരികെ കിടക്കയിൽ വന്നിരുന്ന്, അതിന്റെ അറ തുറന്ന് അകത്ത് നിന്നാ  ചുമന്ന ചെപ്പെടുത്തു...

തന്റെ ജീവൻ....

ചെപ്പു തുറന്ന് മഞ്ഞച്ചരടിൽ കോർത്ത ആ താലി കയ്യിൽ ചുരുട്ടിപ്പിടിക്കുമ്പോള്‍ മനസ്സൊന്നു പിടഞ്ഞുവോ..? കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു കവിഞ്ഞൊഴുകി. ഒരു ശില കണക്കെ അങ്ങനെ എത്ര നേരം ഇരുന്നുവെന്നറിയില്ല.....

നട തുറക്കുന്നതറിയിച്ചു കൊണ്ടുള്ള വെടിയൊച്ചയാണ്  ചിന്തകളിൽ നിന്നുമുണർത്തിയത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കുളി കഴിഞ്ഞ് മുറി പൂട്ടി അമ്പലത്തിലേക്ക് നടന്നു.. കയ്യിൽ എന്തിനെന്നറിയാതെ ചുരുട്ടിപ്പിടിച്ച ആ പൊന്നിൻ തുണ്ടും...

വിറയ്ക്കുന്നുണ്ടോ തന്റെ കയ്യും കാലും...ശക്തി സംഭരിച്ച് നടന്നു...

പൂജ തൊഴുത് ചുറ്റമ്പലം വലം വയ്ക്കുമ്പോൾ‌ മനസ്സ് സരസ്വതീ മണ്ഡപത്തിലേക്ക് പാഞ്ഞു.... “തായേ യശോദാ....” അറിയാതെ ചുണ്ടുകൾ ചലിച്ചു.. മനസ്സിൽ ഒരു പച്ചപ്പട്ടുപാവാടക്കാരി വീണ മീട്ടുന്നു...

വഴിതെറ്റിയ മനസ്സിനെ കടിഞ്ഞാണിട്ട് പിടിച്ച് നടന്നു. എന്തിനെന്നറിയാതെ കണ്ണുനീർത്തുള്ളികളപ്പോഴും നിലത്തുവീണു ചിതറി...

പ്രസാദം തരുമ്പോൾ‌ തിരുമേനി ഉരുവിട്ടു..  “ദീർഘ സുമംഗലീ ഭവഃ....”  മനസ്സൊന്നു പിടഞ്ഞു.. ചുരുട്ടിപ്പിടിച്ച കൈകളിലിരുന്നാ ചരടും....

തിരികെ നടക്കുമ്പോൾ‌ മനസ്സിലാ വാക്കുകൾ പ്രതിധ്വനിക്കണുണ്ടായിരുന്നു.....

ഇവിടെങ്ങും കണ്ടില്ലല്ലോ.. ഇത്തവണയും നിരാശയായി മടങ്ങേണ്ടി വരുമോ..? ഉരുകുന്ന മനസ്സിനെ ആശ്വസിപ്പിക്കാനെന്നോണം സ്വയം പറഞ്ഞു,  ചിലപ്പോൾ കുടജാദ്രിയിൽ കാണാൻ പറ്റിയെങ്കിലോ..

പ്രസാദ അന്നവും  കഴിഞ്ഞ് സൌപർണ്ണികയിലേക്ക് നടന്നു. ശാന്തയായൊഴുകുന്നവൾ.. തണുത്ത ജലത്തിൽ ശരീരമമർന്നപ്പോൾ മനസ്സ് തണുത്തെങ്കിൽ എന്നു വെറുതെ കൊതിച്ചുവോ...?

മുങ്ങി നിവരുമ്പോൾ ചെയ്തു പോയ പാപങ്ങളെല്ലാം ഒലിച്ചു പോയി പുതു ജന്മം ലഭിക്കുമെന്നാണു വിശ്വാസം. ഔഷധ സസ്യങ്ങളെ തൊട്ടു തലോടി ഒഴുകുന്നത് കൊണ്ടാവണം സൌപർണ്ണികയ്ക്കിത്രയും ഉണർവ്വേകാൻ കഴിയുന്നത്.....

ചിന്തകളിൽ കുടുങ്ങിപ്പോയ മനസ്സ് പെട്ടെന്ന് ഓർമ്മിപ്പിച്ചു, ഇനി കുടജാദ്രിയിലേക്ക്..

മല കയറുമ്പോൾ‌ മനസ്സിൽ ആദി ശങ്കരന്റെ ഓർമ്മകൾ നിറഞ്ഞുവെങ്കിലും കയ്യിലിരുന്ന താലി എന്നിലേക്കൊതുങ്ങാൻ പ്രേരിപ്പിച്ചു....

അങ്ങകലെ മണ്ഢപത്തിന്റെ നെറുക കണ്ടു തുടങ്ങിയപ്പോൾ നടത്തം നിറുത്തി... ചപലമായ മനസ്സ് ചോദ്യമുതിർത്തു.. “ഇവിടെത്താനായിരുന്നോ കഷ്ടതകൾ സഹിച്ച ഈ യാത്ര..?”

വെട്ടിപ്പിടിക്കലുകളെടെയെല്ലാം അവസാനം ഒന്നുമില്ലായ്മയാണെന്നിതാ പ്രകൃതി ഇവിടെ പഠിപ്പിക്കുന്നു..

സങ്കോചത്തോടെ മലമടക്കുകളിൽ നിന്നും താഴേക്ക് നോക്കി...അത്ഭുതപ്പെടുത്തുന്ന കാഴ്ച.. ഇവിടെ ആകാശം തഴേയും മുകളിൽ ഭൂമിയുമാണോ...?

സർവ്വജ്ഞപീഠവും ചിത്രഗുഹയും വറ്റാത്തുറവയുമൊക്കെ കണ്ട് തിരികെ നടക്കുമ്പോഴും കണ്ണുകളാരെയോ തിരയുന്നുണ്ടായിരുന്നു.. ലക്ഷ്യം കാണാത്ത കാഴ്ചകൾ മനസ്സിന്റെ നൊമ്പരത്തെ നെടുവീർപ്പാക്കി..

യാന്ത്രികമായാണു നടന്ന് മുറിയിലെത്തിയത്. ബാഗിൽ മുഷിഞ്ഞ വസ്ത്രങ്ങളെടുത്ത് വച്ച് അരികിലെ അറയിൽ ആ ചെപ്പ് ഭദ്രമായി വയ്ക്കുമ്പോൾ കണ്ണിൽ നിന്നും ഉതിർന്നു വീണ മുത്തുമണികൾ എന്നെ നോക്കി പരിഹസിച്ച് ചിരിച്ചുകൊണ്ടിരുന്നു...

റിസപ്ഷനിലെത്തി കണക്കുകൾ തീർക്കുമ്പോൾ അവിടെയിരുന്ന സന്യാസിയുടെ മുഖത്ത് തെളിഞ്ഞത് സഹതാപമായിരുന്നോ പരിഹാസമായിരുന്നോ എന്നു വിവേചിച്ചറിയാൻ നിന്നില്ല. താക്കോലു വാങ്ങുമ്പോൾ തമിഴും മലയാളവും കന്നടയും കൂട്ടിക്കലർത്തി അയാൾ തിരക്കി, "അടുത്ത വര്‍ഷ നീങ്ക ബര്‍ത്യാ.?"

വരുമെന്നോ വരില്ലാന്നോ പറഞ്ഞില്ല.. ഉത്തരം ഒരു വിളറിയ ചിരിയിലൊതുക്കി കാറിനടുത്തേക്ക് നടന്നു.. നാളെ എന്നൊന്നു ഉണ്ടാകുമോ എന്നുറപ്പു പറയാൻ കഴിയാത്ത ഞാനെന്തുത്തരം പറയാൻ..?

കാറിൽ കയറുമ്പോൾ കണ്ണീരു പൊള്ളിച്ച കവിൾത്തടങ്ങളെ തണുപ്പിക്കാനെന്നവണ്ണം സൌപർണ്ണികയെ തലോടി വരുന്ന ഇളംകാറ്റടിച്ചു..

നിർവ്വികാരതയോടെ കാറോടിക്കുമ്പോഴും വഴിയോരത്തു കൂടെ നടന്നു മറയുന്ന രൂപങ്ങളിൽ കണ്ണു പരതാതിരുന്നില്ല..

ഇടയ്ക്കെപ്പോഴോ മനസ്സ് ഓർമ്മകളിൽ കൈ വിട്ടു പോയി..

സമ്പന്നതയിൽ പിറന്നിട്ടും അനാഥത്വത്തിലാണ് വളർന്നത്. മുലപ്പാൽ‌ നിഷേധിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അമ്മയ്ക്ക് പിന്നാലെ വിധിയും കാലവും എല്ലാം നിഷേധിക്കുകയായിരുന്നു..

സ്നേഹവും സന്തോഷവും ഒക്കെ തീണ്ടാപ്പാടകലെ നിന്നു.

മുന്നോട്ടിനിയെന്ത് എന്നു ചിന്തിച്ചു നിന്നൊരു ഘട്ടത്തിലാണ് ആ കൈകൾ‌ താങ്ങായത്.. പ്രായത്തിന്റെ പക്വതയില്ലായ്മയിലെടുത്ത തീരുമാനങ്ങളൊക്കെ തെറ്റായിരുന്നുവെന്ന് മനസ്സിലാക്കിത്തന്ന് ജീവിതത്തിലേക്ക് തിരിച്ച് നടത്തിക്കുകയായിരുന്നു.

ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ‌ കാലപ്രയാണങ്ങൾക്ക് തകർത്തെറിയാനാവാത്തൊരു ബന്ധമായിരുന്നു മനസ്സിൽ‌..

എപ്പോഴായിരുന്നു കണക്കുകൾ പിഴച്ചു തുടങ്ങിയത്..?

“സ്വന്തമായി ചിന്തിച്ച് പ്രവർത്തിക്കാനറിയില്ല... ചെയ്യുന്നതൊക്കെ മണ്ടത്തരങ്ങൾ‌.. നിന്നെ ചുമക്കാനിനിയെനിക്ക് വയ്യ... മുമ്പ് തീരുമാനിച്ചുറപ്പിച്ചതു പോലെ ഞാനെന്റെ ചിന്തകളുമായി പോകുന്നു.. നിന്റെ ആഗ്രഹങ്ങൾക്കൊത്തൊരു ഭർത്താവായി തുടരാനിനിയെനിക്കാവില്ല.. എന്റെ ഗൃഹസ്ഥാശ്രമം കഴിഞ്ഞു.. ആദ്ധ്യാത്മിക ചിന്തകള്‍ക്കാണിപ്പോള്‍ എന്റെ മനസ്സിൽ സ്ഥാനം.. ഞാൻ‌ സം‌പൂരിതാവസ്ഥയിൽ‌ എത്തിയിരിക്കുന്നു.. ഒന്നിനോടും മോഹമില്ല. കാമവും സ്നേഹവുമൊക്കെ വിട്ടകന്നിരിക്കുന്നു. പോകണം... കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ്.. നീ തനിയേ ജീവിച്ച് പഠിക്ക്.. എന്നെങ്കിലും കാണാം, മൂകാംബികാ ദേവിയുടെ സന്നിധിയില്‍..”

വാക്കുകൾക്ക് വാളിന്റെ മൂർച്ചയായിരുന്നു..

പരിചയപ്പെട്ട നാളുകളിൽ സന്യാസം സ്വീകരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നതോർത്തു.. 

എങ്കിലും....

ഇങ്ങനെ പാതിവഴിയിൽ ഇട്ടെറിഞ്ഞു പോകാനായിരുന്നെങ്കിൽ എന്തിനെന്റെ കൈ പിടിച്ചു..? അന്ന് വഴി മുട്ടി നിന്നപ്പോളുപേഷിച്ച് നടക്കാമായിരുന്നില്ലേ..?

ചോദിക്കാൻ മനസ്സ് മന്ത്രിച്ച ചോദ്യം ചുണ്ടോളമെത്തി വാക്കുകളാകാതെ പൊഴിഞ്ഞു..

ഇറങ്ങിപ്പോകുമ്പോൾ തടയാനായില്ല..

അദ്ദേഹം പറഞ്ഞതിൽ‌ വാസ്തവമില്ലേ? ഒന്നും തനിയെ ചെയ്യാൻ കഴിവില്ല. എന്തു ചെയ്താലും അബദ്ധമാകുമോ എന്നൊരു ഭയം..അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിലൊതുങ്ങുന്ന പെണ്ണിനെ ആരാധിച്ചിരുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു. തനിക്കൊപ്പം ജീവിതസാഹചര്യങ്ങളിലിടപെടുന്നൊരു പെണ്ണിനെയാണു ഇന്നത്തെ ആണിനാവശ്യം. തന്നെപ്പോലൊരു പെണ്ണ് ബാധ്യത തന്നെയാണ്.

എന്നാലും..

വിതുമ്പാൻ‌ തുടങ്ങിയ ചുണ്ടുകൾ കടിച്ചു പിടിച്ചു.

മനസ്സിന്റെ നിയന്ത്രണം വിരൽത്തുമ്പോളം എത്താഞ്ഞിട്ടാവും വളവു തിരിയുമ്പോൾ എതിരേ വരുന്ന വാഹനത്തെ ശ്രദ്ധിച്ചില്ല.. സ്ഥലകാല ബോധം വന്നപ്പോഴേക്കും ഒരപകടം ഒഴിവാക്കാൻ വണ്ടി വെട്ടിയൊഴിച്ചു.. കുറേ ദൂരത്തോളം പോയി വണ്ടി നിന്നു..

സ്റ്റിയറിംഗിൽ മുഖമമർത്തിക്കിടന്നു ഹൃദയതാളം ഒന്നു നേരെയാകാൻ..
                                                                       
                                                                       **********

കടന്നു പോയ വാഹനം ചീറ്റിത്തെറിപ്പിച്ച ചെളിവെള്ളത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയായിരുന്നു അപ്പോഴയാൾ, അവൾക്ക് പിന്നിൽ... എത്ര ഒഴിഞ്ഞു മാറിയിട്ടും അയാളുടെ കാഷായ വേഷത്തിൽ ആ കലക്ക വെള്ളം ചിത്രം വരച്ചു..

തൊട്ടു പിന്നിൽ നിറുത്തിയ വാഹനത്തെ നിർവ്വികാരതയോടൊന്നു നോക്കി, വഴിയരികിലെ പൈപ്പിൻ‌  ചുവട്ടിലേക്കയാൾ നടന്നു.

കഴുകിയ മുഖം തുടയ്ക്കാൻ തോൾസഞ്ചിയിൽ നിന്നും തൂവാലയെടുക്കുമ്പോൾ എന്തോ നിലത്തെ വെള്ളത്തിൽ വീണു.. പ്രാണൻ പിടഞ്ഞ വേദനയോടെ, ആവേശത്തിൽ‌ അയാളത് കടന്നെടുത്തു.. പറ്റിപ്പിടിച്ച മണ്ണും വെള്ളവും തുടച്ചു കളഞ്ഞു..

അതൊരു ഫോട്ടോ ആയിരുന്നു... അതില്‍ ചിരിക്കുന്ന മുഖം അവളുടേതും..

ഭദ്രമായി ആ ഫോട്ടോ തോൾ സഞ്ചിയിൽ തിരുകി, ദേവീ കടാഷത്തിനയാൾ നടക്കുമ്പോൾ ഒന്നു ശാന്തമായ മനസ്സോടെ അവൾ കാർ മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു...

                                                                     ************

കാത്തിരിക്കും.. ജീവിതം അവസാനിപ്പിക്കില്ല.. എന്നെങ്കിലും ഒരിക്കൽ തിരികെ വരണമെന്ന് അദ്ദേഹത്തിനു തോന്നിയാൽ.. ആരുണ്ടാവും ഞാനല്ലാതെ.? എന്നെ തിരക്കിയാവില്ലേ വരുന്നതും..? കാത്തിരിക്കും.. ജീവന്റെ അവസാന ശ്വാസം വരെ..

ഡൈവിംഗിനിടയിലും മനസ്സ് മന്ത്രിക്കുന്നത് അറിയുന്നുണ്ടായിരുന്നു..

അന്തരീക്ഷത്തിലപ്പോള്‍ ശങ്കരന്റെ ആത്മാവു തേങ്ങിയതു മാത്രം അറിഞ്ഞില്ല..

"ഒരു നിമിഷം നിനക്ക് ഞാനാകാമായിരുന്നു..!"

Wednesday, November 2, 2011

ചിതലെടുക്കാത്ത ചിതറാല്‍ പെരുമ...

“ഹൊ എന്തായിത്..?” അറിയാതെ പറഞ്ഞു പോയി.

കാറിനുള്ളിലെ ഏസി ശ്വാസം മുട്ടിച്ചപ്പോൾ സൈഡ് ഗ്ലാസ്സ് മെല്ലെ താഴ്ത്തിയതാണ്. കാറ്റിന്റെ കുസൃതി. കുളിരണിയിച്ച കൈകൾ സുഗന്ധവാഹിയായത് പെട്ടെന്നായിരുന്നു. പിച്ചിയും മുല്ലയും അരളിയും ജമന്തിയുമൊക്കെ ഒന്നിനോടൊന്നു മത്സരിച്ച് തങ്ങളുടെ സാന്നിധ്യം അറിയിച്ചപ്പോൾ മാരിക്കൊളുന്തെന്ന തോവാളപ്പച്ച വേറിട്ട സുഗന്ധമായി.

 മാരിക്കൊളുന്ത് എതെങ്കിലും പെണ്ണിന്റെ പേരാന്നു കരുതരുത് കേട്ടോ. സുഗന്ധതൈലത്തിനു വേണ്ടി ഉണക്കി സൂക്ഷിക്കുന്ന ഒരു പൂവാണിത്. വളരെ ചെറിയ പൂവാണ്. തണ്ടും ഇലകളുമടക്കം പ്രത്യേകസുഗന്ധം പരത്തുന്നവയാണ്.

(മാരിക്കൊളുന്ത്)
“എവിടെയായി..?” പൂക്കളുടെ ചിന്തകളിൽ‌ നിന്നും മനസ്സിനെ അടർത്തിയെടുത്ത്, കണ്ണുകൾ വഴിയോരത്ത് സ്ഥലമറിയിക്കുന്ന അടയാളം തിരഞ്ഞു . അധികം തിരയേണ്ടി വന്നില്ല, വലതു വശത്ത് മഞ്ഞയിൽ കറുത്ത അക്ഷരങ്ങൾ കണ്ടു “മാർത്താണ്ഡം”. അപ്പോള്‍ മാർത്താണ്ഡം ചന്തയായിരുന്നു എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്. ചുണ്ടിലൊരു ചിരി വിടർന്നത് കടിച്ചൊതുക്കി വണ്ടി ഇടത്തേക്ക് തിരിച്ചു.

( മാർത്താണ്ഡം )
തിരുവനന്തപുരത്തു നിന്ന് നേരം പുലരും മുമ്പ് ഇറങ്ങിയതാണ്. പത്മനാഭനെ തൊഴുത് നിന്നപ്പോൾ‌ മനസിൽ മുളപൊട്ടിയ പൂതി. യാത്ര പറച്ചിലും കാത്തിരുപ്പുമൊന്നും പതിവുകളല്ലാത്തത് കൊണ്ട് പിന്നെ നോക്കി നിന്നില്ല. കാറെടുത്ത് കന്യാകുമാരി റോഡിലൂടെ വച്ച് പിടിക്കുകയായിരുന്നു. ഓർമ്മകളുടെ തിരതള്ളലിൽ കഴിഞ്ഞു പോയ ഒന്നരമണിക്കൂർ യാത്ര അറിഞ്ഞതേയില്ല.

                                                    (ശ്രീ പത്മനാഭസ്വാമി ക്ഷേത്രം)
ഇനി ആറേഴു കിലോമീറ്റർ കൂടെ സഞ്ചരിച്ചാൽ ആറ്റൂർ എത്തും. അതു കഴിഞ്ഞാൽ തിരുവട്ടാറായി. ഇതുവരെ വന്ന സ്ഥിതിക്ക്, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തോളം പഴമയും പെരുമയും ഉള്ള തിരുവട്ടാർ ആദി കേശവ ക്ഷേത്രം പുറത്ത് നിന്നെങ്കിലും തൊഴുത് തിരികെ വന്നില്ലെങ്കിൽ മനസ്സിനൊരു സമാധാനം കിട്ടില്ല. ആറ്റൂരിൽ‌ നിന്നും തിരിയുന്നതിനു പകരം യാത്ര നേരെയാക്കി. സൂര്യരശ്മികൾ ശക്തി പ്രാപിക്കും മുമ്പ് ലക്ഷ്യത്തിലെത്തണമെന്ന മോഹം കൊണ്ട് ഭഗവത് ദർശനം ഇനിയൊരിക്കലാകാമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചു. 

കരിങ്കല്ലിൽ തീർത്ത കവിത തന്നെയാണീ ക്ഷേത്രം. ഒന്ന് ഓടിക്കാണാനാണെങ്കിൽ പോലും ഒരു ദിവസം വേണ്ടി വരും. പുറത്തു നിന്ന്, ഭഗവാനെ മനസ്സിലോർത്ത്, തൊഴുതു മടങ്ങി.

( തിരുവട്ടാർ ആദികേശവക്ഷേത്രം )
തിരുവട്ടാറിലെ ‘എസ് ’വളവുള്ള കയറ്റം എത്ര സമർത്ഥമായി വളയം പിടിക്കുന്നവരുടേയും മനസ്സിലൊരു ചെറു ചലനം സൃഷ്ടിക്കാതിരിക്കില്ല. കയറ്റത്തേക്കാൾ ഇറക്കമായിരുന്നു വലച്ചത്.

ലക്ഷ്യത്തിൽ‌ നിന്നൊന്നു വ്യതിചലിച്ചെങ്കിലും ആറ്റൂരിൽ തിരികെയെത്തിയപ്പോള്‍ സമാധാനമായി. അവിടുന്ന് വീണ്ടും ഇടത്തോട്ട് അരുമന-തൃപ്പരപ്പ് റോഡിലേക്ക് തിരിയുമ്പോൾ‌ മനസ്സിൽ ഓർമ്മകളുടെ താളിലെവിടെയോ മാഞ്ഞു തുടങ്ങിയ ഒരു പേര് തെളിഞ്ഞു വന്നു... “ആനയിളക്കി ചെല്ലമ്മ” . കന്യാകുമാരി ജില്ലയിലും അതിനോട് ചേർന്നുള്ള തിരുവനന്തപുരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുമൊക്കെ ആ പേരു പഴമയുടെ പെരുമയായി കിടപ്പുണ്ട്. വീണു കിടക്കുന്ന ആനയെ വരെ മർമ്മത്ത് തട്ടി ഇളക്കാൻ കഴിവുള്ള മർമ്മാണി ആയിരുന്നുവത്രേ ആ സ്ത്രീ.


ഇടയ്ക്ക്, തിക്കുറിശ്ശിയ്ക്ക് പോകുന്ന വഴി കാണിക്കുന്ന ബോർഡ് കണ്ടപ്പോൾ‌ മൺ‌മറഞ്ഞു പോയ മഹാനായ കലാകാരനെ ഓർമ്മ വന്നു. ആറ്റൂരിൽ നിന്നും മൂന്നു കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടാവും. ചരിത്രത്തിൽ “തിരിച്ചാരണത്തുപള്ളി” എന്നറിയപ്പെടുന്ന ചിതറാൽ എത്തി. ഓർമ്മകളിൽ വീണു പോയ മനസിനെ വീണ്ടെടുത്തത് “തിരിച്ചാരണത്തു മല” എന്ന് എഴുതിയ ചൂണ്ടു പലകയാണ്. അടുത്ത് തന്നെ ഇംഗ്ലീഷിലും കാണാം ലിഖിതം “ചിതറാൽ ജൈൻ ടെമ്പിൾ”.  ലക്ഷ്യം ഇതാ തൊട്ട് മുന്നിൽ. മനസിൽ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം.  ചൂണ്ടുപലക ലക്ഷ്യം വയ്ക്കുന്ന  ഇടത്തോട്ടുള്ള ഊടു വഴിയിലേക്ക് തിരിഞ്ഞു.  ആ വഴി അവസാനിക്കുന്നത് മാർത്താണ്ഡത്താണെന്ന് സ്ഥലവാസികളാരോ പുറകിൽ പറയുന്നത് കേട്ടപ്പോൾ വളഞ്ഞ് മൂക്ക് പിടിക്കുന്നതു പോലെ ആയിരുന്നോ എന്റെ യാത്ര എന്നു തോന്നിപ്പോയി.

ഒരുപാട് യാത്ര ചെയ്യേണ്ടി വന്നില്ല, ഒരു കിലോമീറ്ററോളം പോയിട്ടുണ്ടാവും, പ്രകൃതി കാത്തു സൂക്ഷിക്കുന്ന ആ പഴയ യുഗത്തിന്റെ ശേഷിപ്പുകൾ അതാ വലതു ഭാഗത്തായി കാലത്തെ വെല്ലുവിളിച്ചുയർന്നു നിൽക്കുന്നത് കാണാം..

വഴിയരികിൽ ഒറ്റയും തെറ്റയുമായി ചെറിയ വീടുകൾ. ഒരു വീടിന്റെ മുന്നിലേക്ക് വണ്ടിയൊതുക്കി. ഒരു കുഞ്ഞു പെട്ടിക്കടയുണ്ടായിരുന്നു അതിനു മുന്നിൽ. കലത്തിൽ കലക്കി വച്ചിരിക്കുന്ന സംഭാരവും, നിരത്തി വെച്ചിരിക്കുന്ന കണ്ണാടിഭരണികളില്‍ ഒന്നിൽ‌ പല നിറങ്ങളിലുള്ള കുറേ നാരങ്ങാമിഠായിയും മറ്റൊന്നില്‍ നിറയെ കടുമാങ്ങാ അച്ചാറും,  പിന്നെ സിഗരറ്റ്പായ്ക്കറ്റും ബീഡി പൊതികളും... , കഴിഞ്ഞു അവിടത്തെ കച്ചവട വസ്തുക്കൾ.


തൂങ്ങിയാടുന്ന കാതുകളിൽ എന്തൊക്കെയോ രൂപങ്ങൾ ഞാത്തിയ കമ്മലും, വെള്ളി കെട്ടിയ മുടിയും വെറ്റിലക്കറപുരണ്ട പല്ലുകളുമായി ഒരു രൂപം ആ കണ്ണാടി ഭരണികൾക്ക് പിന്നിൽ. കാലം കാത്ത് വച്ച പഴമകളിലൊന്ന് ഇതും. കലത്തിനകത്തെ പാനീയത്തിൽ മുങ്ങി നീരാടാൻ ഈച്ചകൾ‌ കാട്ടുന്ന പരാക്രമം കണ്ടതുകൊണ്ടാവും  മോരും വെള്ളം എടുക്കട്ടെ എന്ന അവരുടെ ചോദ്യത്തിനെ അവഗണിക്കാൻ മനസ്സ് പറഞ്ഞത്.


വീടിന് മുന്നിൽ നിന്ന ചുണ്ടൊക്കെ മുറുക്കിച്ചുവപിച്ച സ്ത്രീ പറഞ്ഞു, ചെരുപ്പ് അവിടെ സൂക്ഷിക്കാൻ‌. പക്ഷേ അതും അവഗണിക്കാനാണ് തോന്നിയത്. ഒരു ചെറുപുഞ്ചിരിയിൽ‌ എല്ലാമൊതുക്കി കാർ ലോക്ക് ചെയ്ത് ഇറങ്ങി പതിയെ നടന്നു.

ആർക്കിയോളജിക്കൽ‌ വിഭാഗം കെട്ടിപ്പൊക്കിയ ഗോപുരത്തിനുമപ്പുറം പ്രകൃതി തീർത്ത പ്രവേശനകവാടം കടക്കുമ്പോൾ മനസ്സിലെന്തായിരുന്നുവെന്നറിയില്ല. ചെരുപ്പിട്ട് ബാലൻസ് ചെയ്ത് മുന്നോട്ടുള്ള കയറ്റം ആദ്യം പ്രശ്നമൊന്നും തോന്നിച്ചില്ല. പിന്നെ തിരിച്ചറിഞ്ഞു അതിലെ ശ്രമകരമായ മറുവശം. ചെരുപ്പ് സൂക്ഷിക്കാമെന്നു പറഞ്ഞ സ്ത്രീയെ മനസ്സിലോർത്തു. ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി ചെരുപ്പൂരി കയ്യിൽ പിടിച്ചു. കയറ്റമെന്നു പറഞ്ഞാൽ പോര, ചെങ്കുത്തായ കയറ്റമാണ്. കടന്നു വന്ന വഴികൾ മാത്രമേ നോക്കാവൂ ഉയരങ്ങളിലേക്ക് നടക്കുമ്പോൾ എന്ന പഴമൊഴി ഓർമ്മയിൽ തെളിഞ്ഞെങ്കിലും മുകളിലോട്ട് നോക്കിയാലും താഴോട്ട് നോക്കിയാലും മനസ്സൊന്നു കിടുങ്ങുന്ന അവസ്ഥയിലായിരുന്നു ഞാന്‍.
കുത്തനെപ്പതിക്കുന്ന സൂര്യകിരണങ്ങളോട് പടവെട്ടാനുള്ള ശക്തിയില്ലാതെ മുഖം താഴ്ത്തിപ്പിടിക്കുമ്പോൾ കുറച്ചു കൂടെ നേരത്തെ വരാമായിരുന്നുവെന്നു സ്വയം ശാസിക്കാനാണ് തോന്നിയത്. വഴിയരികിൽ വിശ്രമിക്കാൻ സിമന്റ് ബഞ്ചുകളുണ്ട്. പക്ഷേ അതിലിരിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. അത്രയ്ക്കും ചുട്ടുപൊള്ളി കിടപ്പാണവ. അതിനടുത്തായി ചുവപ്പും മഞ്ഞയും നിറത്തില്‍ പൂക്കള്‍ പൊഴിച്ച് വാകയോട് സാദൃശ്യം തോന്നിക്കുന്ന പേരറിയാ മരങ്ങള്‍.

മുകളിൽ‌ നിന്നും രണ്ടു പേർ ഇറങ്ങി വരുന്നത് കണ്ട് ഒന്നു നിന്നു. കിതപ്പോടെ ചോദിച്ചു. “മുകളിലേക്കിനിയെത്ര ദൂരമുണ്ട്..?” അവരുടെ ചുണ്ടിൽ‌ വിരിഞ്ഞ ചിരി പരിഹാസത്തിന്റെയായിരുന്നോ. അലക്ഷ്യമായ മറുപടി വന്നു, “ഇവിടുന്നു എണ്ണൂറ് മീറ്റർ ഉണ്ട് മുകളിലേക്ക്, നൂറു ചുവട്..” മനസ്സാകെ കലുഷിതമായി. നൂറു ചുവടോ? എണ്ണൂറു മീറ്റർ‌ എങ്ങനെ നൂറു ചുവടിൽ‌? എണ്ണിക്കയറി നോക്കണോ? വേണ്ടാ നടക്കുക തന്നെ. 

പഴയൊരു യുഗത്തിലേക്കാണ് ചുവടുവയ്പ്പ് എന്നു ചിന്തിച്ചപ്പോൾ ശരീരം മനസ്സിന്റെ വ്യവസ്ഥയിലെത്തി, ക്ഷീണം മറന്നു, കിതപ്പറിഞ്ഞില്ല. യാത്രയിലിടയ്ക്കിടെ കൂറ്റൻ പാറകൾ കാണാം, അവയ്ക്കിടയിൽ വേനലിലും വറ്റാത്ത തെളിനീരുറവകളും. "ഉറിഞ്ചിപ്പാറകൾ"‌ എന്നാണവ അറിയപ്പെടുന്നത്. പാറയിലൊന്നു വായ് വച്ച് ആഞ്ഞു വലിച്ചാൽ വെള്ളം കിട്ടും എന്ന പ്രാദേശിക വിശ്വാസമാവണം അവയ്ക്കീ പേരിട്ടു കൊടുത്തത്. യക്ഷിക്കഥകളിലുറങ്ങുന്ന അടുക്കി വച്ച മൂന്നു പാറകൾ കാണാനും വന്യമായ ആകർഷകത്വം. ഇടയ്ക്ക് പാറവിടവുകളിൽ പൂത്ത് നിൽക്കുന്ന കാ‍ട്ടു തെച്ചിയും, വശ്യസുഗന്ധം പരത്തി ഒന്നകന്നു മാറി നിൽക്കുന്ന കൈതക്കാടുകളും ആകർഷണീയത കൂട്ടുന്നു.

                           -ഉറിഞ്ചിപ്പാറ-                                  -യക്ഷിപ്പാറയും പൂത്തു നിൽക്കുന്ന കാട്ടു തെച്ചിയും-
പത്തു പതിനഞ്ചു മിനിട്ടിലേറെ ആയിരിക്കുന്നു ഞാൻ‌ മല കയറാൻ‌ തുടങ്ങിയിട്ട്. തണുത്ത കാറ്റ് കവിളിലുമ്മ വച്ചപ്പോഴാണ് ലക്ഷ്യത്തിലെത്തിയെന്ന ബോധോദം ഉണ്ടായത്.

ഒന്നു നിന്ന് ചുറ്റുപാടും വീക്ഷിച്ചു, “ഹാ..എത്ര പ്രകൃതി രമണീയമായ സ്ഥലം!”. ആകാശത്തെ വിരി മാറിൽ ചേർത്ത് സഹ്യാദ്രി... അരഞ്ഞാണം പോലെയൊഴുകുന്ന പുഴകൾ, ഉറുമ്പിനെപ്പോലെ ചലിക്കുന്ന വാഹനങ്ങൾ.. അകലെയായി താമ്രപർണ്ണീ നദി ഒഴുകുന്നത് കാണാം തിക്കുറിശ്ശി മഹാദേവന്റെ പാദം ചുംബിച്ച്. കറുകനാമ്പിലൂടലിഞ്ഞു ചേർന്ന അവസാന ജീവാംശങ്ങളും പേറി ഒഴുകുന്നതു കൊണ്ടാവും അവൾ‌ക്കിത്ര ശാന്തത. ഈ ഉയരം, ഒന്നു കയ്യെത്തിച്ചാൽ ആകാശം തൊടാമെന്ന തോന്നൽ, മനസ്സിൽ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

-താമ്രപർണ്ണി-                                                                  -സഹ്യാദ്രി-
കിതപ്പ് മാറിയപ്പോൾ പതിയെ മുഖമുയർത്തി മുകളിലേക്ക് നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല. രണ്ടു പാറകൾ പരസ്പരം മുഖം ചേർത്ത് ചുംബിക്കാനെന്ന പോലെ നിൽക്കുന്നു. വളരെ നേരിയൊരു വിടവു മാത്രം, ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാം. അതിലൂടെ നടന്ന്, അവിടുന്ന് താഴേക്കുള്ള പടിക്കെട്ടിറങ്ങുമ്പോൾ മനസ്സിൽ ആകാംഷ അതിർവരമ്പുകൾ ഭേദിച്ചു തുടങ്ങിയിരുന്നു.


മനസ്സും ശരീരവും കോൾ‌മയിർ‌ കൊള്ളുന്ന കാഴ്ചകളായിരുന്നു എതിരേറ്റത്. വടക്കോട്ട് നടക്കും തോറും പാറയിൽ‌ പടുത്തുയർത്തിയ മണ്ഡപത്തിന്റെ ഭിത്തികളിൽ‌ മൺ‌മറഞ്ഞ ഒരു യുഗപ്പെരുമയുടെ തിരുശേഷിപ്പുകൾ.
ഒമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം വിളിച്ചോതുന്ന ശിലാലിഖിതങ്ങൾ, സ്തൂപങ്ങൾ, ചിത്രങ്ങൾ. പതിനൊന്നാം നൂറ്റാണ്ടിൽ ചോളവംശത്തിന്റെ കാലഘട്ടത്തിൽ വേരറ്റു പോയ ജൈനമതം. ചന്ദ്രഗുപ്തമൗര്യനും ഭദ്രഭാഹുവും അതിനോടനുബന്ധിച്ച് ശ്രവണബെൽ‌ഗോളയിൽ വന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ അനുയായികൾ അവിടെ നിന്നും  ചിതറാലിലെ ഗുഹയിലെത്തിയെന്നും ധ്യാനനിരതരായെന്നും ചരിത്രം പറയുന്നു.

ജൈനരാജാവായിരുന്ന മഹേന്ദ്രവർമ്മൻ ഒന്നാമന്റെ ഭരണകാലത്താണ് ഈ പ്രദേശത്തേക്ക് ജൈനമതം വ്യാപിച്ചതത്രേ.  തീർത്ഥാങ്കരന്റെയും ശിഷ്യഗണങ്ങളുടേയും ചിത്രങ്ങളാണ് കൊത്തിവച്ചിരിക്കുന്നത്, തൂങ്ങുന്ന രീതിയിൽ വേറിട്ട് നിൽക്കുന്ന ചെവികളും തലയ്ക്ക് മീതെ മൂന്നു തട്ടുള്ള കുടയും, വിരിഞ്ഞ ചുമലുകളും ഒതുങ്ങിയ അരക്കെട്ടും, മുഖത്തെ പ്രത്യേക ഭാവവുമുള്ള തീർത്ഥാങ്കര ചിത്രങ്ങൾ. നിന്നും ഇരുന്നുമുള്ള ഓരോ ചിത്രത്തിനും ഇടയ്ക്ക് വട്ടെഴുത്തും.

സമനന്മാർ എന്നറിയപ്പെടുന്ന അത്ഭുതസിദ്ധികളുള്ള നാടോടികളുടെ എട്ടാം പരമ്പരയിൽ‌പ്പെടുന്ന ചരണന്മാരുടെ പുണ്യമല എന്നർത്ഥത്തിൽ തിരുചരണമല എന്ന വിളിപ്പേരാണ് പിന്നെ തിരിച്ചാരണത്തു മല ആയത്. ഈ ചരണന്മാർക്കും സമനന്മാർക്കുമൊക്കെ പ്രകൃതിയിലെ എല്ലാ ചരാചരങ്ങളിലേക്കും കൂടുവിട്ട് കൂടു മാറാനുള്ള കഴിവുണ്ടായിരുന്നുവത്രേ. ഹെർമൻ ഗുണ്ടർട്ടിന്റെ കൊച്ചുമകൻ ഹെർമൻ ഹെസ്സേ എഴുതിയ സിദ്ധാർത്ഥാ എന്ന പുസ്തകത്തിലിവരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.


ചരിത്രം ചരണന്മാരോട് ബന്ധപ്പെടുത്തിയാണ് ഈ മലയെക്കുറിച്ച് പറയുന്നതെങ്കിലും പ്രചരിക്കുന്ന കഥകൾക്ക് രാമായണവുമായാണ് ബന്ധം. യുദ്ധത്തിൽ മുറിവേറ്റ രാമ ലക്ഷ്മണന്മാർക്ക് മരുത്വാമലയെത്തിച്ച ഹനുമാൻ ആവശ്യം കഴിഞ്ഞപ്പോൾ അതു തിരിച്ചെറിഞ്ഞു. അതിൽ നിന്നും അടർന്നു വീണ ഒരു ഭാഗമാണിതെന്നും, തിരിച്ചെറിഞ്ഞ മല എന്ന പേരാണ് തിരിച്ചാരണത്തുമല ആയതെന്നുമാണ് നാട്ടുപക്ഷം. അതെത്രമാത്രം വിശ്വസനീയമെന്നു പറയാനാവില്ല. കഥ എന്തായാലും ആ പരിസരത്തീ പേരു പറഞ്ഞാൽ തിരിച്ചറിയുന്നവർ ചുരുക്കമായിരിക്കും. മലൈയ്കോവിൽ എന്നു പറയുന്നതാവും ഉചിതം.

ശിലാലിഖിതങ്ങൾ ചുറ്റി പടവുകൾ കയറിയാൽ അമ്പലമായി. പ്രധാന മണ്ഡപത്തിനെ മൂന്നായി തിരിച്ചിരിക്കുന്നു. മൂന്നു പ്രതിഷ്ഠകൾ. മഹാവീരനും പാർശ്വനാഥനും പിന്നെ ദേവിയും. ദേവീ പ്രതിഷ്ഠ ആദ്യം ജൈന മതത്തിലെ പത്മാവതീദേവിയുടേതായിരുന്നു. പിന്നീട് 1250 ഏ ഡി യിൽ ശ്രീ മൂലം തിരുനാൾ‌ മഹാരാജാവാണ് അവിടെ ഭഗവതി പ്രതിഷ്ഠ നടത്തിയത്. അതിനു ശേഷം എല്ലാ ചിങ്ങമാസത്തിലും പൊങ്കാല മഹോൽ‌സവത്തോടെ ആഘോഷം നടക്കാറുണ്ടിവിടെ. (അമ്പലം അടച്ചിട്ടിരുന്നതിനാൽ‌ ദേവദർശനം സിദ്ധിച്ചില്ല.)

(ക്ഷേത്രവും ഗോപുരവും അതിനോട് ചേർന്ന പാറയും)
മടപ്പള്ളിയും, ബലിപീഠവും, നാഗദേവത ഉപപ്രതിഷ്ഠയുമൊക്കെയുള്ള ഈ ക്ഷേത്രത്തിന്റെ പിൻഭാഗം ഒരു കൂറ്റൻ പാറയ്ക്കുള്ളിലേക്കായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആ പാറയ്ക്ക് മേൽ മൂന്നു നിലയിൽ തീർത്തൊരു ഗോപുരം കാണാം. 1908 ൽ മിന്നലേറ്റ് നശിച്ചു പോയെങ്കിലും പുനുരുദ്ധാരണം നടത്തി മങ്ങിപ്പോയ ശോഭ തിരിച്ചു പിടിച്ച് ആ ഗോപുരം ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. അതിന്റെ ഭിത്തികളിൽ മുഴുവനും തീർത്ഥാങ്കര ചിത്രങ്ങളും വട്ടെഴുത്തുകളുമാണ്, കുറേയൊക്കെ പ്രകൃതി മായ്ച്ചു കളഞ്ഞെങ്കിലും. എല്ലാം ഇരുപത്തിമൂന്നും ഇരുപത്തിന്നാലും തീർത്ഥാങ്കരന്മാരാണ്. ആ പാറയ്ക്ക് മുകളിൽ‌ കയറിയാൽ‌ ആകാശം തൊട്ട് മേലെ എന്ന തോന്നലുണ്ടാവും.

(ഗോപുരം സായന്തന സൂര്യന്റെ ശോഭയിൽ)
അമ്പലത്തിന്റെ വശത്തായി വീണ്ടും താഴേക്ക് പടവുകളുണ്ട്. ക്ഷേത്രക്കുളമായി ഉപയോഗിക്കുന്ന നീരുറവ അവിടെയാണ്. അതിനെ തൊട്ടുള്ള പാറയിൽ ഒരത്ഭുതം പ്രകൃതി നമുക്കായി കാത്തു വച്ചിട്ടുണ്ട്. പിൻഭാഗം അമർന്ന കാൽ‌പ്പാദങ്ങൾ പോലെയുള്ള പാടുകൾ, ഒപ്പം പാദസരം പോലെയും. കാലാവസ്ഥയുടെ മാറ്റങ്ങളും പ്രകൃതീ മർദ്ദങ്ങളും തീർത്ത പാടുകളാവും അവ. സത്യം അതാവാമെങ്കിലും കഥകൾ‌ കേൾക്കാനിഷ്ടമുള്ള മനസ്സ്, അവിടെ പ്രചരിക്കുന്ന ഐതിഹ്യങ്ങള്‍ക്കാണ് ചെവി കൊടുത്തത്. രാമനാൽ‌ ഉപേഷിക്കപ്പെട്ട സീതാദേവി ഇവിടെ വന്നിരുന്നുവെന്നും ദേവിയുടെ കാല്പാടുകളാണവയെന്നും നാട്ടുകാർ പറയുന്നു. മനസിലൊരു നൊമ്പരം ബാക്കിയായി.
-തീർത്ഥക്കുളം- 



(പാറകളിൽ കാണുന്ന അനേകം നീരുറവകളിലൊന്ന്)
ക്ഷേത്രമിരിക്കുന്ന പാറയ്ക്ക് സമീപവും, കൈതക്കാടുകളും സുഖമായി നാലഞ്ചുപേർക്ക് കിടന്നുറങ്ങാവുന്ന പാറവിടവുകളും ഉണ്ട്. പ്രകൃതിയെന്ന ശിൽ‌പ്പിയുടെ കരവിരുതുകൾ. കൈതപ്പൂവിന്റെ മനം മയക്കുന്ന സുഗന്ധവും പേറി തണുത്ത കാറ്റാഞ്ഞു വീശുന്നു.

-കൈതക്കാട്-                                                              -പാറ വിടവ്     
എന്തിനെന്നറിയാതെ കണ്ണ് നിറയിച്ച കാഴ്ചകൾക്കൊടുവിൽ മലയിറങ്ങുമ്പോൾ പകലോൻ രാജ്യാധികാരം ഒഴിഞ്ഞ് ചക്രവാളം ലക്ഷ്യമാക്കി യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. കയറുന്നതിനേക്കാൾ ശ്രമകരമായിരുന്നു ഇറങ്ങുന്നത്. മനസ്സിൽ പേരറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു. കാറിനടുത്തെത്തുമ്പോൾ പെട്ടിക്കടയായിരുന്നു ലക്ഷ്യം. അച്ചാറിട്ട നാലഞ്ചു ഗ്ലാസ്സ് മോരും വെള്ളം കുടിക്കുമ്പോൾ പറന്നു നടക്കുന്ന ഈച്ചകളേയും പുച്ഛച്ചിരിയോടെ എന്നെ നോക്കുന്ന മുഖങ്ങളേയും  കണ്ടില്ലെന്നു നടിച്ചു. ഉള്ളിന്റെയുള്ളിൽ കെട്ടിപ്പൊക്കിയ പല ചിന്തകളുടേയും മുനയൊടിഞ്ഞ്, കീഴടങ്ങുകയായിരുന്നു ഞാനവിടെ.

തണുത്ത കാറ്റിന്റെ ലാളനയിൽ സ്വയം മറന്ന് തിരികെ യാത്ര തുടങ്ങുമ്പോഴും പാറയ്ക്ക് മുകളിൽ കണ്ട പാദങ്ങളായിരുന്നു മനസിൽ. അറിയാതൊരു തേങ്ങൽ ഉള്ളിൽ വീണുടഞ്ഞുവോ...?

വാൽ‌ക്കഷ്ണം :-
“അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ,
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ,
കഥയിലൊരുനാൾ നിന്റെ യൌവനശ്രീയായ്
കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ ?
ഉരുവറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു...”