Friday, September 2, 2011

ഓണച്ചിന്തുകള്‍.....


ഇനി മലയാളിക്ക് ഓണ നാളുകൾ.. ഉത്സവത്തിന്റെ, ആഘോഷത്തിന്റെ നാളുകൾ.. വ്രതവിശുദ്ധിയുടെ നിറവിൽ നിൽക്കുന്ന മനസ്സുകളിലേക്കാണു ഇത്തവണ അത്തച്ചമയങ്ങളോടെ ഓണം പടി കയറി വരുന്നത്.. പൂക്കളമൊരുക്കി, ഓണത്തെയ്യവും ഓണക്കളികളുമായി മലയാള നാടൊരുങ്ങുന്നു... ഓണപ്പൊട്ടൻ വീടുകൾ കയറിയിറങ്ങി ഐശ്വര്യം വാരി
വിതറുന്നു.. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഓണത്തിനു വിവിധ രൂപവും ഭാവവുമാണ്.. എങ്കിലും ജാതിമതദേശഭേദമന്യേ ഒരുമയുടെ സന്ദേശം പകര്‍ന്നു നല്‍ക്കുന്നു ഓണം...



കുടുംബത്തിലെ എല്ലാ അംഗങ്ങളും ബന്ധുക്കളും പരിചയക്കാരും പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് ഒരുമിച്ചിരുന്ന് കഴിക്കുന്ന ഓണസദ്യ തന്നെ മനസ്സ് കുളിര്‍പ്പിക്കുന്ന ഒരു അനുഭവമാണ് 

ഇടവഴികളലങ്കരിക്കുന്ന തുമ്പയും തെച്ചിയും മുക്കുറ്റിയും പേരറിയാപ്പൂക്കളും, സപ്തവർണ്ണങ്ങളിൽ പാറിപ്പറക്കുന്ന പൂത്തുമ്പികളും, കൈകൊട്ടിക്കളിയുടെ വള കിലുക്കവും, പുലികളിയുടെ ആർപ്പു വിളികളും, ഊരു ചുറ്റുന്ന കുമ്മാട്ടിയും, ആഞ്ഞു തുഴയെറിയുന്ന വള്ളം കളിയും, മത്സരബുദ്ധിയോടെ വടം വലിയും പിന്നെയും ഒട്ടേറെ നാടന്‍ കളികളുടെ ആരവത്തോടെയും കൊച്ചു കേരളം ഒരുങ്ങി നിൽക്കുന്നു.. പ്രവാസി പോലും പരിമിതികൾക്കുള്ളിൽ നിന്ന് ആഘോഷിക്കുന്ന മലയാളിയുടെ ഗൃഹാതുരസ്മരണയുണർത്തുന്ന വർണ്ണക്കാഴ്ചയാണു ഓണം.. പത്തു നാളുകളിലെ ഈ വർണ്ണങ്ങളൊപ്പിയെടുത്ത് അടുത്ത വർഷത്തേക്കായുള്ള കാത്തിരുപ്പാണ് പിന്നെ.. ആനുകാലിക സംഭവങ്ങൾ മനസ്സ് നോവിക്കുമ്പോഴും പൊയ്പ്പോയ നല്ല കാലത്തിന്റെ സ്മരണ പുതുക്കിയെത്തുന്ന ഓണം മലയാളിക്ക് ആശ്വാസമാകുന്നു..


      “ മാവേലി നാടു വാണീടും കാലം...
        മാനുഷരെല്ലാരുമൊന്നു പോലെ..."

ഓണത്തെക്കുറിച്ച് ചിന്തിക്കുന്ന മലയാളിയുടെ മനസ്സിലാദ്യമോടിയെത്തുന്നത് ഈ ഈരടികളാവും. കള്ളപ്പറയും ചെറുനാഴിയും ഇല്ലാത്ത, കള്ളത്തരങ്ങളില്ലാത്ത, ചതിയും പൊളിവചനങ്ങളുമില്ലാത്ത, സമ്പൽ‌സമൃദ്ധിയുടെ പ്രതീകമായ മാവേലി രാജ്യം നഷ്ടബോധത്തിന്റെ നെടുവീർപ്പായി സുമനസ്സുകളിലിന്നും നിലനിൽ‌ക്കുന്നു. തലമുറകളിലൂടെ സഞ്ചരിച്ച് നാമിന്ന് ആ മണ്മറഞ്ഞ നല്ല കാലത്തിന്റെ വിപരീതധ്രുവത്തിലാണു എത്തിനിൽക്കുന്നത്..

      “യഥാ യഥാ ഹി ധർമ്മസ്യ
       ഗ്ലാനിർഭവതി ഭാരതാ
       അഭ്യുത്ഥാനാം അധർമ്മസ്യ
       തദാത്മാനാം സൃചാത്മ്യഹം
       പരിത്രാണായാ സാധൂനാം
       വിനാ‍ശായ ചഃദുഷ്കൃതാം
        ധർമ്മസംസ്ഥാപനാർത്ഥായ
        സംഭവാമി യുഗേ യുഗേ..“

എപ്പോഴൊക്കെ സമൂഹത്തിൽ ധർമ്മത്തിനു ച്യുതി സംഭവിക്കുന്നുവോ അപ്പോഴൊക്കെ അത് പുനഃസ്ഥാപിക്കാൻ ഞാൻ അവതാരമെടുക്കും... ഭഗ‌വാൻ ഗീതയിൽ പറയുന്ന വാക്യങ്ങളാണ്..

മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ വർത്തമാനകാല സമൂഹത്തിൽ, അതിന്റെ തിക്തഫലങ്ങളിൽ മനം നൊന്ത ഏത് മനസ്സാണു  അവതാരപ്പിറവിക്ക് കൊതിക്കാതിരിക്കുക?  ദൈവപുത്രനായ് കാത്തിരിക്കാതിരിക്കുക?  പ്രവാചക വചനത്തിനായ്  ചെവിയോർക്കാതിരിക്കുക? അപ്പോഴൊക്കെയും ആശ്വാസത്തിന്റെ കുളിർതെന്നലായി  മനസ്സിലേക്കോടിയെത്തുക പൊയ്പ്പോയ മാവേലി നാടിന്റെ മധുരസ്മരണകളാണ്... മാവേലി രാജ്യവും വറ്റാത്ത സ്നേഹത്തിന്നുറവകളും തിരികെത്തരാൻ ഈ ഓർമ്മകൾക്കെങ്കിലുമാകട്ടെ എന്നാശ്വസിക്കാൻ മാത്രമേ നമുക്കിനി കഴിയൂ..


ഓണം കേരളീയന്റെയോ ഭാരതീയന്റെയോ മാത്രമെന്നഹങ്കരിക്കാൻ വരട്ടെ.. സംഘസാഹിത്യത്തിലെ പത്തുപാട്ടുകളിൽ പരാമര്ശിക്കുന്നതനുസരിച്ച് ഓണത്തിന്റെ പ്രഭവം മധുരയിൽ നിന്നാണ്. അവിടെ ഇന്ദ്രവിഴ എന്ന പേരിൽ ആഘോഷിച്ചിരുന്ന കാർഷികോത്സവം ഓണമായിരുന്നു എന്നാണു പറയപ്പെടുന്നത്..

ഇനി ഇതിന്റെ ചരിത്രം കേരളമണ്ണിലും
ഭാരത മണ്ണിലും ഒതുങ്ങുന്നില്ല..  ചരിത്രപണ്ഡിതൻ ശ്രീ എൻ. വി കൃഷ്ണവാര്യരുടെ അഭിപ്രായ പ്രകാരം പുരാതന ഇറാഖിലെ അസിറിയ എന്ന പ്രദേശത്ത സിഗുറായി ക്ഷേത്രത്തിൽ അനുഷ്ഠിച്ചു പോന്ന ആചാരങ്ങളിൽ നിന്നുമാണ് ഓണത്തിന്റെ പ്രഭവം.. പിന്നീട് തെക്കെ ഇൻഡ്യയിൽ വന്നു താമസിച്ച അവരിൽ നിന്നുമാണു കേരളത്തിലേക്ക് ഓണം വന്നതെന്നും  സിഗുറായി ക്ഷേത്ര മാതൃകയിലാണു നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും അദ്ദേഹം തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്..

പൊന്നിൻ‌ ചിങ്ങത്തേയും ഓണത്തേയും കുറിച്ച് വിവിധങ്ങളായ ഐതീഹ്യങ്ങൾ ബാക്കി നിൽക്കുന്നു.. പ്രധാനമായത് മഹാബലിയുടെ കഥയാണെങ്കിലും, പരശുരാമനുമായും, ബോധോദയം സിദ്ധിച്ച ശേഷം ശ്രവണപദത്തിലെത്തുന്ന ശ്രീ ബുദ്ധനുമായും ബന്ധപ്പെടുത്തി ഓണത്തെക്കുറിച്ച് ചരിത്രം പറയുന്നു..

മലബാർ മാനുവലിന്റെ കർത്താവ് വില്ല്യം ലോഗന്റെ അഭിപ്രായപ്രകാരം ചേരമാൻപെരുമാൾ  ഇസ്ലാം മതം സ്വീകരിച്ച് മക്കയിലേക്ക് പോയത് ചിങ്ങമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്നും ആ തീർത്ഥാടനത്തിന്റെ സ്മരണാർത്ഥം ഓണം ആഘോഷിക്കപ്പെടുന്നു എന്നുമാണ്.. ആണ്ട് പിറപ്പിനെക്കുറിച്ച്,  രാജ്യ നിഷ്കാസിതനാക്കപ്പെട്ട ചേരമൻ പെരുമാളിനു പ്രജാഹിതം മാനിച്ച് വർഷത്തിലൊരിക്കൽ തന്റെ നാടു കാണാനുള്ള അനുവാദമായും വില്യം ലോഗൻ പറഞ്ഞു വയ്ക്കുന്നുണ്ട്.

സമുദ്രഗുപ്തൻ തെക്കേ ഇൻഡ്യയിലേക്ക് പടയോട്ടം നടത്തുന്ന കൂട്ടത്തിൽ തൃക്കാക്കരയും ആക്രമിച്ചുവത്രേ. സധൈര്യം എതിർത്ത് നിന്ന അവിടത്തെ രാജാവിന്റെ കഴിവിനു മുന്നിൽ കീഴടങ്ങി അദ്ദേഹം സന്ധിക്കപേഷിച്ചു..ഈ അഭിമാനപൂർവ്വനിമിഷത്തിന്റെ അനുസ്മരണമായിട്ടാണ്
അത്തച്ചമയ  ഘോഷയാത്രയോട് കൂടി ഓണം ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു.

കഥകളെന്തായാലും ഇടവമാസം മുതൽ കർക്കിടകമാസം വരെ മഴ കാരണം തടസ്സപ്പെടുന്ന വ്യാപാരങ്ങളുടെ ഉന്മേഷപൂർവ്വമായ തുടക്കമാണു ചിങ്ങമെന്നും അതിന്റെ സമ്പൽ‌സമൃദ്ധിയുടെ പൂർണ്ണതയിൽ ഓണം ആഘോഷിക്കുന്നുവെന്നും ഉള്ള ചരിത്ര സത്യം തള്ളിക്കളയാവുന്നതല്ല. ഓണം പണ്ടത്തെ ഒരു കൊയ്ത്തുത്സവമായിരുന്നു എന്നുള്ളതും ഓര്‍ക്കണം.
  
ഓണത്തിന്റെ ഐതീഹ്യത്തെക്കുറിച്ച് തർക്കങ്ങളൊരുപാട് ബാക്കി നിൽക്കുമ്പോഴും ചരിത്ര ഗവേഷണങ്ങൾ മുറപോലെ നടക്കുമ്പോഴും മലയാളി ആ സ്വർഗ്ഗസമാനമായ പഴയകാലസ്മരണയെ മനസ്സിനോട് മുറുകെപ്പിടിക്കാൻ കൊതിക്കുന്നു..

പുരാണങ്ങളിൽ വിഷ്ണുവിന്റെ പത്തവതാരങ്ങളെക്കുറിച്ച് പറയുന്നു..

മത്സ്യകൂർമ്മ വരാഹഛഃ നരസിംഹഛഃ വാമനാഃ
രാമോപി രാമഃ രാമഛഃ ബുധഃ കൽക്കീ ജനാർദ്ധനാഃ..

വേദങ്ങൾ വീണ്ടെടുക്കാൻ മത്സ്യമായും, പാലാഴിമഥനവേളയിൽ താഴ്ന്നു പോയ മന്ഥരപർവ്വതത്തെ വീണ്ടെടുക്കാൻ കൂർമ്മം (ആമ) ആയും, ഭൂമീദേവിയെ രക്ഷിക്കാൻ വരാഹമായും, ഹിരണ്യകശിപുവിനെ വധിക്കാൻ നരസിംഹമായും, അസൂയാലുക്കളായ ദേവകളുടെ ആവശ്യാർത്ഥം മഹാബലിയെ ഇല്ലായ്മ ചെയ്യാൻ വാമനനായും, ധർമ്മം വിട്ടു ചരിച്ച ക്ഷത്രിയരെ നിഗ്രഹിക്കാൻ പരശുരാമനായും, രാവണവധത്തിനു ശ്രീരാമനായും, ക്ഷിതിപരിപാലനത്തിനു കൃഷ്ണ-ബലരാമന്മാരായും ഒടുവിൽ കലിയുഗത്തിൽ കൽക്കിയായും അവതാരമെടുത്തു എന്നാണു വ്യാഖ്യാനം..

അങ്ങനെയെങ്കിൽ ഒരു സംശയം ബാക്കിയാവുന്നു... പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നാണു പറയപ്പെടുന്നത്... അപ്പോൾ‌ പരശുരാമൻ ജീവിച്ചിരുന്ന യുഗത്തിനു മുന്നേയുള്ള വാമനാവതാരക്കാലത്ത് മഹാബലി എങ്ങനെ കേരളം ഭരിച്ചു എന്നതാണു ചോദ്യം.. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം വി.ജെ.റ്റി ഹാളിൽ കോളേജ് സ്റ്റുഡന്റ്സിനെ ഉൾക്കൊള്ളിച്ച് ഓണത്തെക്കുറിച്ചൊരു ചർച്ച നടന്നു.. അന്നീ സംശയം ഞാൻ വേദിയിൽ ഉന്നയിച്ചെങ്കിലും തൃപ്തികരമായൊരുത്തരം എനിക്ക് ലഭിച്ചില്ല.. എവിടെയോ വായിച്ചൊരു സംശയം ചോദിച്ചതായിരുന്നു... അതിന്നും മനസ്സിൽ ചോദ്യമായി അവശേഷിക്കുന്നു..

മഹാബലിയുടെ കഥയുമായി ഇന്നത്തെ സമൂഹത്തിനും ഭരണത്തിനുമാണേറെ ബന്ധം.. നന്നായി ഭരിക്കുന്നവരുടെ കസേര വലിക്കുന്നൊരേർപ്പാട്.. തന്റെ സിംഹാസനം നഷ്ടമാകുമോ എന്നു ദേവേന്ദ്രൻ ഭയന്നതിന്റെ അനന്തരഫലം.. പാവം ബലി മഹാരാജാവു പാതാളത്തിലേക്ക് യാത്രയായി.. ഒന്നു താഴ്ന്നുകൊടുത്താൽ‌ തലയിൽക്കേറുന്ന നയമാണു വാമനൻ കാണിച്ചത്.. അങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കിൽ നമുക്കിന്ന് ഇങ്ങനെ മനസ്സ് കുളിർപ്പിക്കാൻ ഒരു ഓണം കിട്ടില്ലായിരുന്നല്ലോ എന്നോർത്തിനി സമാധാനിക്കാം.

ചുറ്റും കണ്ണീരും വേദനയും മാത്രമുള്ളൊരു സമൂഹമാണു നമ്മുടേത്.. വായിക്കുന്ന വാർത്തകൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നവയും.. മനസ്സറിഞ്ഞ് സന്തോഷിക്കാനാവില്ലെങ്കിലും തൽക്കാലം ഇത്തരം ചിന്തകൾക്ക് അവധി കൊടുക്കാം.. കൊല്ലത്തിലൊരിക്കൽ തന്റെ നാടു കാണാൻ വരുന്നുവെന്നു വിശ്വസിക്കുന്ന ആ ഭരണാധികാരിയെ അദ്ദേഹത്തിന്റെ നാട് അന്നത്തെപ്പോലെ തന്നെ ഇപ്പോഴും എന്ന് തെറ്റിദ്ധരിപ്പിച്ച് മടക്കി അയയ്ക്കാം... ആ നല്ല ആത്മാവ് സന്തോഷിക്കട്ടെ...


അകലെയെങ്ങോ ഒരു പൂവിളി കേൾക്കുന്നുണ്ട്.. അപ്പോ നമുക്കും ആവാം അല്ലേ...വിഷമങ്ങൾക്കും കണ്ണീരിനും ഒരിടവേള നൽകി മനസ്സിൽ പുതിയൊരുന്മേഷം നിറച്ച് സർവ്വശക്തിയോടും നമുക്കു വിളിക്കാം......... “ആർപ്പോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ....... ”


റഫറൻസ്..........ഓണത്തെക്കുറിച്ചുള്ള ബൌദ്ധസങ്കൽ‌പ്പത്തിനു ആധാരം : പുസ്തകം : അന്വേഷണം ആസ്വാദനം - വേലായുധൻ പണിക്കശേരി (കറന്റ്ബുക്സ്) /പേജ് 95-97

ശ്രീ.എൻ.വി കൃഷ്ണവാര്യർ‌ സാറിന്റെ പരാമർശം അദ്ദേഹത്തിന്റെ “എൻ.വിയുടെ ഗവേഷണ പ്രബന്ധങ്ങൾ”, “അന്വേഷണങ്ങൾ കണ്ടെത്തലുകൾ” എന്നീ രണ്ട് പുസ്തകങ്ങളിലും കാണാം..

ഓണത്തെ പരശുരാമനുമായി ബന്ധപ്പെടുത്തി പറയുന്നത് ഐതീഹ്യമാലയിലാണ്.ശ്രീ എൻ.വിയുടെ തന്നെ “ഓണം ദ്രാവിഡനാട്ടിൽ” എന്ന ലേഖനത്തിൽ ഓണത്തിനു നാടുകാണാൻ വരുന്നത് പരശുരാമനാണു എന്നു ഗുണ്ടർട്ട് രേഖപ്പെടുത്തിയിട്ടുള്ളതായി പറയുന്നു.

~~~~END~~~~


56 comments:

  1. തിരുവാതിരപ്പാട്ടുകളും,വഞ്ചിപ്പാട്ടുകളും, എല്ലയാമി നാം ഒരു ഉത്സവമായി ഓണം
    ആഘാഷിക്കുന്നു.
    "ഓണം" എന്ന പദത്തിലേക്ക് ഒന്നു ഊളിയിട്ടു നോക്കുമ്പോള്‍
    "ഓം ","ണ" എന്നി പദങ്ങള്‍ക്കാണാം.
    ഓം -പ്രണവ സ്വരൂപമാണ് ,അഖണ്ഡ ബ്രഹ്മത്തെ പ്രതിനിധികരിക്കുന്നു
    പ്രണവ മന്ത്രമാണ്‌ ഓം ."മനനാത് ത്രയാേത ഇതി മന്ത്ര:"
    മന്ത്രം എന്നാല്‍ ആവര്‍ത്തനം കൊണ്ടും മനനം കൊണ്ടും ജീവനെ
    ബന്ധ മുക്തമാക്കുന്ന ഒരു ശബ്ദധ പ്രതീക മെന്ന ര്‍ഥം
    രൂപം ,നാമം ,ഗുണം ,എന്നിവയോടുള്ള പ്രതിപത്തി നിമിത്തമുണ്ടാകുന്ന
    ദുഖത്തില്‍ നിന്നും മോക്ഷം പ്രാപിക്കാന്‍ സങ്കല്പിക്കപ്പെട്ടിരിക്കുന്ന ശബ്ദധ മാണ്
    "ണ "കാരം.
    രൂപ നമ ഗുണത്തിന് അതീതമായ ബ്രഹ്മത്തില്‍ വിലയം പ്രാപിക്കാന്‍ ഈ
    ജന്മം നമുക്ക് സാധ്യമാക്കാന്‍ ,ഈശ്വരന്‍ സീതായന കര്‍ത്തവാം ദേവികയെ അനുഗ്രഹികട്ടെ .നല്ല ലേഖനം പല പുതിയ കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു

    ReplyDelete
  2. ഓണം വന്നേ പൊന്നോണം വന്നേ
    മാമലനാട്ടിലെ മാവേലിനാട്ടിലെ
    മാലോകര്‍ക്കുത്സവകാലം വന്നേ

    മാവേലിനാടു വാണീടും കാലം
    മാനുഷരെല്ലാരുമൊന്നുപോലെ
    ഹിന്ദുവുമില്ല മുസല്‍മാനുമില്ല
    അന്നു ഇന്നാട്ടില്‍ ജാതിഭേദങ്ങളില്ല
    ഓണം വന്നേ പൊന്നോണം വന്നേ

    തെയ്യക തെയ്യക തെയ്യക താ....

    ഓണത്തപ്പാ കുടവയറാ ഓണം വന്നാല്‍ എന്തെല്ലാം
    ചെറുമുറ്റങ്ങളൊരുക്കി കന്യകള്‍
    തിരുവാതിരയാടേണം

    തധിനത്തിം തകധിനത്തിം

    തിങ്കളും കതിരൊളിയും നല്ല
    ഭൃംഗാദി ഝംകാരവും
    തങ്കും പൂങ്കാവുതോറും
    കിളി ഭംഗിയിലാടിയാടി

    പണ്ടുപണ്ടീ കേരളം ഭരിച്ചിരുന്നൊരു തമ്പുരാന്‍
    മാവേലിത്തമ്പുരാന്‍
    വാമനന്‍ യാചിച്ച മൂന്നടി ഭൂമിദാനം ചെയ്തവന്‍
    മാവേലിത്തമ്പുരാന്‍
    ഭൂസുരാകൃതി പൂണ്ടു രണ്ടടി കൊണ്ടളന്നു ജഗത്രയം
    ക്ഷീണനായ് ബലിതന്‍ ശിരസ്സു നമിച്ചു ഭക്തിപുരസ്സരം
    വാമനന്‍ പദമൂന്നി മൌലിയില്‍ ആണ്ടുപോയ് ബലി ഭൂമിയില്‍
    ആവണിത്തിരുവോണനാളില്‍ വരുന്നു മാബലി പിന്നെയും
    കേരളം വരവേല്‍പ്പു നല്‍കാന്‍ കാത്തുനില്‍ക്കുകയാണിതാ

    തൃക്കാക്കര അമ്പലത്തിലെ അത്തപ്പൂവട
    തരികിടതികൃതൈ
    തൃപ്പൂണിത്തുറ അമ്പലത്തിലെ അത്തച്ചമയം
    തരികിട തകൃതൈ
    ആറന്മുള വഞ്ചികളി തിരുവമ്പലപ്പുഴ വേലകളി
    തരികിട തകൃതൈ

    കാട്ടില്‍ക്കിടന്നഞ്ചാറെലികൂടിക്കടലുഴുതു
    കാലത്തെ വിത്തിട്ടു വൈകിട്ടടക്കാ കാച്ചു
    തോണ്ടിപ്പറിച്ചപ്പോ അരമുറം നിറയെ മാങ്ങാ
    തോലുകളഞ്ഞപ്പോ അഞ്ചാറുപറങ്കിക്കപ്പല്‍
    കപ്പല്‍ വലിച്ചങ്ങു തലമലമുകളില്‍ക്കെട്ടി
    കായം‌കുളത്തല്ലോ കടുവായും പുലിയും പെറ്റു
    ധിന്തിമിത്തിമി തരികിട തകജണു(5)

    മണ്ടന്‍ കടുവകള്‍ തൊണ്ടെടു മടലെടു
    ജണ്ടന്‍ കരടികള്‍ തടിയെടു വടിയെടു
    ധിന്തിമിത്തിമി തരികിട തകജണു

    അയ്യയ്യാ തകിടമറീ അയ്യയ്യാ വലതിലടി
    വന്നല്ലോ പുലിക്കളി ചീറിയടിച്ചും കടം പിടി
    കടം‌പിടി കടം‌പിടി.............

    ReplyDelete
  3. പ്രീയപ്പെട്ട സീത...താങ്കളെ ഒരിക്കൽക്കൂടെ വണങ്ങുന്നൂ..സാമാന്യമായ ഒരു വിഷയത്തെയോ,മിത്തുകളെയോ എടുത്ത് കൈകാര്യം ചെയ്യുമ്പോൾ തന്റേതായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന താങ്കളിലെ സർഗ്ഗാത്ഥമക ശൈലിയെ എങ്ങനെയാ വണങ്ങാതിരിക്കുക.’മാവേലി+വാമനൻ കഥ(മിത്ത്)യാണ് നമ്മൾ ഓണത്തിലൂടെ കൊണ്ടാടുന്നത്..എന്നാൽ അതിന്റെ പൊരുൾ തേടി താങ്കൾ,സമുദ്രഗുപ്തൻ, സിഗുറായിക്ഷേത്രാ ചാരങ്ങളിലും,ചേരമാൻപെരുമാൾ ഇസ്ലാം മതം സ്വീകരിച്ച് മക്കയിലേക്ക് പോയതും,ശ്രീ ബുദ്ധനുമായും ഒക്കെ ഓണത്തിനെ ബന്ധിപ്പിച്ചതും പലർക്കും അറിഞ്ഞ് കൂടാത്തകാര്യങ്ങളാണ്.ഇത്തരം ചിന്തകളാണ് സീത എന്ന എഴുത്തുകരിയെ വേറിട്ട് നിർത്തുന്നതും...സീതയുടെ പോസ്റ്റിൽ ഞാൻ മിക്കവാറും ഇത്തിരി നീണ്ട കമന്റുകൾ ഇടാറുണ്ട്..അതിനെപ്പറ്റി വിമർശിച്ച് കൊണ്ട് ചിലബ്ലോഗ്ഗർമാർ എനിക്ക് നേരെ വാളോങ്ങുകയും ചെയ്തിട്ടുണ്ട്.കാമ്പുള്ള,കഴമ്പുള്ള രചനകൾ കാണുമ്പോൾ നമ്മൾ അനുമോദിക്കുകയും,ചിലപ്പോൾ വിമർശിക്കുകയും ചെയ്യുന്നത് സ്വാഭാവികം..ജി.ആർ.കവിയൂരിന്റെ കണ്ടെത്തലും വളരെ നന്നായി.ബൂലോക രചനകളിൽ കൂടി ഞാനെന്റെ മൌസലം(കലപ്പ)കൊണ്ട് ഉഴുതപ്പോൾ കിട്ടിയ സ്വർണ്ണപ്പെട്ടിയാണ് സീതായനം..തെറ്റുകളും കുറ്റങ്ങളും ഇല്ലാന്നല്ലാ..അതു ചൂണ്ടിക്കാട്ടുമ്പോൾ തിരുത്തുവാനുള്ള വലിയ മനസ് ഈ എഴുത്ത്കാരിക്കുണ്ട്.ഞാൻ നേരിട്ട് കണീട്ടില്ലാത്ത ഈ മകൾക്ക് മുമ്പിൽ എന്റെ കൈകൾ അഞലീബദ്ധമാകുന്നു..അകലെയെങ്ങോ ഒരു പൂവിളി കേൾക്കുന്നുണ്ട്.“ആർപ്പോ‍ാ‍, ഇർ റോ.......

    ReplyDelete
  4. "ഞാനോര്‍ക്കാറുണ്ട്
    വന്‍കരകളെല്ലാം
    ഒന്നായലിഞ്ഞു ചേര്‍ന്ന
    ഒരൊറ്റ ഭൂ ഖണ്ഡമായിരുന്നു
    നമ്മളെന്ന് !
    അനാദിയില്‍ ലോകവും
    അങ്ങനെയായിരുന്നത്രേ !"

    ഓണത്തെ കേരളീയന്റെ മാത്രം നല്ല ഇന്നലെയായി കാത്തിരുന്നും ഓര്‍ത്തെടുത്തും ആഘോഷിക്കപ്പെടുന്നത് പോലെ
    സമാനമായ ഒട്ടേറെ മിത്തുകളുടെ പിന്‍ ബലത്തില്‍ ലോകം മുഴുവന്‍ വെവ്വേറെ പേരുകളില്‍ ഓണം ആഘോഷിക്കപ്പെടുന്നുണ്ട് .ഓരോ ജനതയും അവരവരുടെ മാത്രം പൈതൃക സമ്പത്തായി ഈ ആഘോഷത്തെയും അതിനു പിന്നിലുള്ള ആചാരങ്ങളെയും കാണുന്നുവന്നെയുള്ളൂ.
    അസീറിയന്‍ മിത്തുകളില്‍ നമ്മുടെ പാലാഴി മഥനം പോലുള്ള ഒരു കഥയുണ്ട് .മഹാബലിയെ പോലൊരു അസുര ചക്രവര്‍ത്തി അവര്‍ക്കും ഉണ്ടായിരുന്നത്രേ . അസുരന്മാരുടെ പിതാമഹന്മാരായിരുന്നതുകൊണ്ടാണ് അവരെ അസ്സീറിയന്‍മാര്‍ എന്ന് വിളിക്കപ്പെടുന്നതത്രേ .ഗ്രീക്ക് പുരാണത്തില്‍ നമ്മുടെ അഗ്നിക്കും വരുണനും വായുവിനും സൂര്യ -ചന്ദ്രന്മാര്‍ക്കും ഒക്കെ തുല്യരായ ദേവതകള്‍ ഉണ്ടല്ലോ ..ഇതില്‍ നിന്ന് നാം എന്താണ് മനസിലാക്കേണ്ടത് ?
    "ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന കുഞ്ഞു വാക്യത്തിന്റെ വലിപ്പം അളക്കാനാവാത്ത അര്‍ഥം എന്താണ് ? ഇക്കാണുന്ന ലോകത്തിനും അപ്പുറത്ത് പ്രപഞ്ചം എന്ന പ്രതിഭാസത്തിനുള്ളിലും പുറത്തും ഉള്ള ചരവും അചരവും ആയ എല്ലാത്തിനും സുഖം ഉണ്ടാകട്ടെ എന്നാണ്. അപ്പോള്‍ കേരളം എന്ന കുഞ്ഞു തുണ്ടം അപ്രസക്തം .ഈ മിത്തില്‍ വിഷ്ണുവും മറ്റു ദേവതകളും ദശാവതാര കഥകളും ഒക്കെ ഉള്‍പ്പെട്ടതിനാല്‍ ഓണവും മഹാബലിയും പ്രപഞ്ചത്തിലെ വെറും അണുമാത്രമായ കേരളത്തിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ആഘോഷവും കഥാപാത്രവും ആയിരിക്കില്ല എന്ന് മനസിലാക്കാന്‍ അത്ര കഷ്ടപ്പെടണോ ? എന്ത് തന്നെയായാലും
    മാതൃകാപരമായ ഈ ആഘോഷം മലയാളിയുടെ മാത്രം സ്വന്തമായി എക്കാലത്തും നിലനില്‍ക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം .അതങ്ങനെ തന്നെ നമുക്ക് കൊണ്ടാടാം. മിത്തും യുക്തിയും ചരിത്രവും .ആഘോഷവും ,എല്ലാം കൂട്ടിക്കലര്‍ത്തിയുള്ള ഈ ഓണ സദ്യയ്ക്ക് നന്ദി ..:)
    ഓണാശംസകള്‍ ..:)

    ReplyDelete
  5. ഓണത്തിന്റെ ചരിത്രവും മിത്തും തമ്മിലുള്ള അകലം മനസ്സിലാവും തോറും ഓണത്തിന്റെ പകിട്ട് മങ്ങിതുടങ്ങും ..
    ആ ആര്‍പ്പുവിളികള്‍ മനസ്സിലെങ്കിലും ബാക്കിനില്‍ക്ക്കുന്നത് വരെ ഈ ഓണകാലത്തിനായി കാത്തിരിക്കാന്‍ മോഹം ..
    ഓണാശംസകള്‍

    ReplyDelete
  6. ഓണാശംസകള്‍,സീത.

    ReplyDelete
  7. പ്രിയപ്പെട്ട സീത,
    വ്രത ശുദ്ധിയുടെ നാളുകള്‍ കഴിഞ്ഞു,ചെറിയ പെരുന്നാള്‍ ഒരു ഉത്സവമാക്കി മാറ്റി,മൈലാഞ്ചി മണം നിറഞ്ഞ കൈകള്‍ കൊണ്ടു,മുറ്റത്തു വര്‍ണശബളമായ പൂക്കള്‍ കൊണ്ടു പൂക്കളം ഇട്ടു നമ്മുടെ മുസ്ലിം സഹോദരിമാരും ഇത്തവണ ഓണം പൊന്നോണം ആക്കും!
    നാട്ടില്‍ നിന്നും കുഞ്ഞേട്ടന്‍ ഓണ സമ്മാനമായി തന്ന രണ്ടു സെറ്റ് കസവ് മുണ്ടും വേഷ്ടിയും,കായ വറുത്തതും ഒക്കെയായി ഞാന്‍ ഇവിടെ പ്രവാസ ലോകത്തില്‍ എത്തി ,കേട്ടോ...!തൃശൂരിലെ നലോണം നാളില്‍ നടക്കുന്ന പുലിക്കളി ഞാന്‍ മിസ്സ്‌ ചെയ്യും!
    ആറന്മുള പള്ളിയോടത്തിന്റെ ചിത്രം മനോഹരം!
    ഈ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു!
    കൃഷ്ണാ......ജനാര്‍ദനാ...!
    എന്റെ നിശാഗന്ധി, ഹൃദ്യമായ ഓണം ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  8. വളരെ ഹൃദയഹാരിയായ എഴുത്തു്.

    ReplyDelete
  9. മാവേലിയുമായി ബന്ധപ്പെട്ട ഓണത്തിന്റെ ഐതിഹ്യം മാത്രമേ എനിക്ക് അറിയുള്ളൂ :-( സീതയുടെ പോസ്റ്റിലൂടെ മറ്റു ഐതിഹ്യങ്ങളെ കുറിച്ച് അറിയാന്‍ കഴിഞ്ഞു..വളരെ നന്ദി..ഓണാശംസകള്‍.

    ReplyDelete
  10. ഐതിഹ്യം എന്തുമായിക്കൊള്ളട്ടെ.. കേരളീയര്‍ എല്ലാവരും ഒത്തൊരുമയോടെ കൊണ്ടാടുന്നു എന്നതിലാണ് ഓണത്തിന്റെ മാഹാത്മ്യം..
    കള്ളവും ചതിയുമില്ലാത്ത ഒരു നല്ല നാള്‍ ഉണ്ടാവട്ടെ.

    നല്ല വിശദമായി പല ഐതിഹ്യങ്ങള്‍ കോര്‍ത്തിണക്കിയ പോസ്റ്റ്‌.
    സീതയ്ക്ക് ഓണാശംസകള്‍...

    ReplyDelete
  11. മിത്തും,ചരിത്രവുമൊക്കെയായി സൂപ്പറാക്കി ഇക്കൊല്ലത്തെ ഓണത്തെ ആറപ്പുവിളിച്ച് വരവേറ്റത് ഒത്തിരി ഇഷ്ട്ടപ്പെട്ടു കേട്ടോ സീത കുട്ടി.

    ഒരു കാര്യം ഉറപ്പാണ് ഇപ്പോൾ നമ്മുടെ ഓണം ഒരു അന്തർദ്ദേശീയ ഉത്സവമാണ്...
    ഇവിടെയൊക്കെ ഞങ്ങൾ മലയാളികൾ നടത്തുന്ന ഓണസദ്യയുണ്ണുവാനും,ആഘോഷപരിപാടികൾ വീക്ഷിക്കാനും മല്ലൂസിനേക്കാൾ ഒത്തുകൂടാറുള്ളത് സായിപ്പുമാരടക്കം മറ്റുദേശക്കാരൊക്കെയാണ് കേട്ടൊ

    ReplyDelete
  12. ഓണാശംസകള്‍ മോളൂ.. നന്നായെഴുതി, പതിവ്പോലെ..

    ReplyDelete
  13. ഓണാശംസകളെ കുറിച്ചുള്ള ചരിത്രം തികച്ചും വിജ്ഞാനപ്രദം. കൃഷ്ണവാര്യരുടെ വാദം ഞാൻ ആദ്യമായി കേൾക്കുകയാണ്. വാമനാവതാരക്കാലത്ത് മഹാബലി എങ്ങനെ കേരളം ഭരിച്ചു .. കഥയിൽ ചോദ്യമീല്ലല്ലോ സീതേ. ഓണാശംസകൾ, കൊന്നപ്പൂ മാത്രല്ല മനസ്സിൽ ഇത്തിരി തുമ്പപൂവും സൂക്ഷിക്കുക!

    ReplyDelete
  14. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് സീതയുടെ പോസ്റ്റ് ,മലയാളിയുടെ മനസ്സിനെ കുളിരണിയിക്കുന്ന ഓര്‍മ്മകളാണല്ലോ എപ്പോഴും ഓരോ ഓണകാലവും അതിനെ മിത്തും സത്തും ചേര്‍ത്ത് മനോഹരിയാക്കിയതിന് നന്ദി..കുളിര്‍കാറ്റുപോലുള്ള രചന.
    കൂടെ എന്റെ ഓണാശംസകള്‍,എല്ലാവര്‍ക്കും സീതക്കും.

    ReplyDelete
  15. ആദ്യം തന്നെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ .
    ഈ പോസ്റ്റ്‌ എന്തുകൊണ്ടും വേറിട്ട്‌ നില്‍ക്കുന്നു. പരാമര്‍ശിച്ച കാര്യങ്ങള്‍ ‍, ചരിത്രം , എല്ലാം ശ്രദ്ധിക്കപ്പെടുന്നതും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും ആണ്.
    "പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നാണു പറയപ്പെടുന്നത്... അപ്പോൾ‌ പരശുരാമൻ ജീവിച്ചിരുന്ന യുഗത്തിനു മുന്നേയുള്ള വാമനാവതാരക്കാലത്ത് മഹാബലി എങ്ങനെ കേരളം ഭരിച്ചു എന്നതാണു ചോദ്യം"
    ശ്രദ്ധേയമായ ഒരു നിരീക്ഷണം ആണ് ഇത്. പക്ഷെ ഒരു മിത്ത് എന്ന രീതിയില്‍ സമീപ്പിക്കുകയാണെങ്കില്‍ അതില്‍ പ്രശ്നമുണ്ടെന്നും തോന്നുന്നില്ല.
    അതുപോലെ കൃഷ്ണ വാര്യരുടെ വാദം. അത് കൂടുതല്‍ വായിച്ചറിയാന്‍ താല്പര്യം.
    സീതയുടെ മിക്ക പോസ്റ്റുകളിലും എന്ന പോലെ ഈ പോസ്റ്റിലും നടക്കുന്ന ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്ക് ഞാന്‍ ചെവിയോര്‍ക്കുന്നു. കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുന്നതും നല്ലൊരു അംഗീകാരം ആണ്.
    അഭിനന്ദനങ്ങള്‍

    ReplyDelete
  16. ഓണം വന്നെത്തി. ഇത്രയും വിശദമായി അറിവ് പകര്‍ന്നും ഗൃഹാതുരത ഉണര്‍ത്തിയും ഉത്തരം കിട്ടാത്ത ചോദ്യം ചോദിച്ചും ഞങ്ങളെ ഉഷാറാക്കി. കമന്റ്‌ ചെയ്തവരും കുറെ കാര്യങ്ങള്‍ പകര്‍ന്നു നല്‍കി.

    ReplyDelete
  17. പലതും പുതിയ അറിവുകള്‍ മനസ്സ്നിറഞ്ഞ ഓണസദ്യ ആയി. നന്ദി സീതെ.ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

    ReplyDelete
  18. വളരെ നല്ല ലേഖനം..അറിയാത്ത ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു.. നന്ദി.. കൂടെ ഒരു നല്ല ഓണവും ആശംസിക്കുന്നു.

    ReplyDelete
  19. ഓണം മലയാളിടെ സ്വന്തം
    എന്ന് അഹങ്കരിക്കുന്നവര്‍ക്ക്
    ഇത് വായിച്ചാല്‍ അവരുടെ ആ
    അബദ്ധ ധാരണ തിരുത്തേണ്ടി വരും ഉറപ്പ്....!
    ഇതൊക്കെ നമ്മളില് പലര്‍ക്കും
    അറിയിന്നുണ്ടാവില്ലാ..
    വളരേ നന്നായി ഈ ബ്ലോഗ്‌...!
    ഓണാശംസകള്‍...!
    എന്നും നന്മകള്‍ മാത്രം നേരുന്നു....!

    ബിനു...!

    ReplyDelete
  20. നന്മ നിറഞ്ഞ ഓണം ആശംസിക്കുന്നു...

    ReplyDelete
  21. ഓണം വന്നേ...നമുക്കെല്ലാര്‍ക്കൂടി ആര്‍പ്പു വിളിച്ചാലോ......കൂടെ കൂടുമോ?
    സീതെച്ചീ......പൊന്നോണാശംസകള്‍.

    ReplyDelete
  22. തിരുവോണത്തെ വരവേല്‍ക്കാന്‍
    തൃതാലങ്ങളുമായി അണിനിരക്കാം
    ദേവി മോള്‍ക്ക്‌ എന്റെ ഓണാശംസകള്‍

    ReplyDelete
  23. ഓണത്തെക്കുറിച്ച് അറിയാന്‍ വയ്യാതിരുന്ന ഒട്ടേറേ കാര്യങ്ങള്‍ സീത പറഞ്ഞ് തന്നു. ഓണത്തെക്കുരിച്ചൂള്ള ചെറിയ ഒരു രെഫറന്‍സ് പോസ്റ്റ് ആക്കാം ഇതിനെ. നന്നായി.. ഓണാശംസകള്‍ നേരുന്നു.

    ഓഫ് : ഈ ഫോട്ടോകളില്‍ സീതയേതാണ്? ഇനി ഇവിടെ നില്‍ക്കുന്നില്ല :):)

    ReplyDelete
  24. wishing u tooo happy onam...............

    ReplyDelete
  25. ഈ മാസത്തെ ബിലാത്തി മലയാളിയിൽ ഇത് ഞങ്ങൾ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു....
    എഡിറ്റർ അലക്സ് ഭായ് സീതകുട്ടിയെ ബന്ധപ്പെടും കേട്ടൊ

    ReplyDelete
  26. സീതാ..പുതിയ പോസ്റ്റ്‌ പുതിയ അറിവുകള്‍ പകര്‍ന്നു തരുന്നു.ഇതുവരെ വായിക്കാത്ത ചരിത്രചിന്തുകള്‍....നന്ദി.
    ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !

    ReplyDelete
  27. സീതാജീ, ഓണം എന്നാല്‍ ഇവിടെ ഒതുങ്ങുന്ന ഒന്നല്ലെന്നു തെളിയിച്ചിരിക്കുന്നു...ഒരു ഓണസദ്യ കഴിച്ച സുഖം ഇത് വായിച്ചു കഴിഞ്ഞപ്പോള്‍..അറിവില്ലായിരുന്ന കുറെ കാര്യങ്ങള്‍ പകര്‍ന്നു തന്നതിന് നന്ദി. കൂടെ ഓണാശംസകളും..

    ReplyDelete
  28. പുതു അറിവുകള്‍ പകര്‍ന്നു തന്ന സൂപ്പര്‍ പോസ്റ്റ്. കൃഷ്ണവാര്യര്‍ സര്‍ എഴുതിയതിനെപ്പറ്റി ആദ്യം കേള്‍ക്കുകകയാണ്. കാലാവസ്ഥാമാറ്റങ്ങള്‍ക്കനു സൃതമായി എല്ലായിടവും ആഘോഷങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. നമ്മുടെ വിഷു അസമില്‍ ബിഹു ആയി ആഘോഷിക്കുന്നുണ്ടല്ലോ. പിന്നെ പരശുരാമനും മഹാബലിയും തമ്മിലൊരു യുദ്ധം എന്ന വയലാര്‍ കവിതയിലും സീതയുടെ സംശയമുണ്ട്. അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നതും ഞാന്‍ നീ ജനിക്കും മുമ്പ് ഇവിടെ ഭരിച്ചവന്‍ എന്നും ഭാര്‍ഗ്ഗവരാമനോട് മാബലി പറയുന്നുണ്ട്. അതുകൊണ്ട് ഈ കള്ളക്കഥയൊന്നും ചരിത്രവിദ്യാര്‍ത്ഥികള്‍ വിശ്വസിക്കില്ലായെന്നും.

    പിന്നെ ഞാന്‍ ഇടാന്‍ വച്ചിരുന്ന പേര്-ഓണച്ചിന്തുകള്‍- എന്റെ മനസ്സില്‍ നിന്ന് അടര്‍ത്തിയെടുത്തോ 'കൊച്ചുസീതേ'?

    @അനുപമ- മുസ്ലീങ്ങള്‍ ഓണം ആഘോഷിക്കരുത് എന്ന് അനുശാസിക്കുന്ന പോസ്റ്റ് അപ്പോള്‍ അനു കണ്ടില്ലെന്നുണ്ടോ? അത് വായിച്ചതിന്റെ വിഷമം തീര്‍ന്നു കിട്ടിയത് അള്ളാ നാരായണാ എന്ന ബ്ലോഗ് പടം കണ്ടപ്പോഴാണ്.

    ReplyDelete
  29. ജീ . ആര്‍ . കവിയൂര്‍...നന്ദി മാഷേ ഈ പുത്തനറിവിന്...ചരിത്രം പരിശോധിക്കുമ്പോ സംഘകാലം മുതൽക്കാണു ഓണാഘോഷങ്ങളുടെ വ്യക്തമായ തെളിവുകൾ കിട്ടിത്തുടങ്ങുന്നത്...അന്നു ബുദ്ധമതം നിലവിലുണ്ടായിരുന്നു..പാലി ഭാഷയും..മഴ മാറി വാണിജ്യം പുനസ്ഥാപിച്ച ശ്രാവണത്തിന്റെ പാലി ഭാഷയിലെ വാക്കാണു ‘സാവണം’..അത് പിന്നെ ആദിരൂപം ലോപിച്ച് ‘ആവണം’ എന്നും ‘ഓണം’ എന്നും ആയെന്നാണു ചരിത്രം പറയുന്നത്..ഓണാശംസകൾ

    ഋതുസഞ്ജന....ആർപ്പോ...ഇർ‌റോ...ഇർ‌റോ....ഇതൂടെ ആകുമ്പോ കൊഴുക്കും സഞ്ജനക്കുട്ടീ...ഹിഹി...നന്ദീട്ടാ ഈ പാട്ടിനും..ഓണാശംസകൾ

    ചന്തു നായർ ...നന്ദി...സന്തോഷം..ഓണാശംസകൾ

    രമേശ്‌ അരൂര്‍...പുതിയ അറിവുകൾ പങ്കു വച്ചതിനു നന്ദി ഏട്ടാ...ഗ്രീക്കു പുരാണങ്ങളിലെ ദൈവങ്ങൾക്ക് നമ്മുടെ ഭാരതത്തിലേതുമായി ബന്ധമുള്ളത് ശ്രദ്ധിച്ചിരുന്നു...എന്തൊക്കെ പറഞ്ഞാലും ഓണം നമ്മുടേത് തന്നെ...നമ്മുടേത് മാത്രം..ഹിഹി...ഒന്നു ചേർന്ന് പറയാം ‘ലോകാ സമസ്താ സുഖിനോ ഭവന്തു..” ഓണാശംസകൾ

    the man to walk with ...ശരിയാണ്..പത്തു നാളിലെ ആഘോഷങ്ങളുടെ ഓർമ്മകളുമായി അടുത്ത വർഷത്തിനായുള്ള കാത്തിരുപ്പാണു...ഓണാശംസകൾ

    മുകിൽ....ഓണാശംസകൾ ചേച്ചീ

    anupama...എന്റെ പാറൂ സെറ്റ് മുണ്ടിന്റെയൊക്കെ കാര്യം പറഞ്ഞ് കൊതിപ്പിക്യാ?...ഹിഹി..സാരല്യാ ട്ടോ ഓണം ഇനിയും വരൂല്ലോ..മൈലാഞ്ചിയുടെ മണം മാറും മുന്നേ പടി കടന്നു വരുന്ന ഓണം ഇനിയും ഉണ്ടാവും..ഓണാശംസകൾ

    ജയിംസ് സണ്ണി പാറ്റൂര്‍...നന്ദി...ഓണാശംസകൾ മാഷേ..

    ഒരു ദുബായിക്കാരന്‍...അറിവുകൾ അക്ഷയപാത്രം പോലെയാണു... :) ഓണാശംസകൾ

    Villagemaan/വില്ലേജ്മാന്‍...അതാണു..മനസിൽ ഇനിയും വറ്റാത്ത സ്നേഹത്തിന്നുറവകൾ തിരികെത്തരണം നമുക്കീ മാവേലി രാജ്യം... ഓണാശംസകൾ ഏട്ടാ

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....അങ്ങനെ തന്നെ വേണം ഏട്ടാ...നമ്മളെ കുറേക്കാലം ഭരിച്ച് മുടിച്ചവരല്ലേ..നമ്മുടെ എരിവും പുളിയും ഒക്കെ ചേർന്ന ഭക്ഷണവും, അവർക്ക് മനസിലാവാത്ത നമ്മുടെ കലകളും ഒക്കെ അറിഞ്ഞ് അനുഭവിക്കട്ടെ..ഹിഹി... ഓണാശംസകൾ ട്ടോ

    ഇലഞ്ഞിപൂക്കള്‍....ഓണാശംസകൾ ചേച്ചി..

    ശ്രീനാഥന്‍...അദ്ദേഹത്തിന്റെ ചരിത്രവും ഗവേഷണവും അങ്ങനെയാണു പറയുന്നത്..കഥയിൽ ചോദ്യം ചോദിക്കുന്നില്ല...എന്നാലും...ഹിഹി..പോട്ടെ വിട്ടു കളയാം...നമുക്കോണം ആഘോഷിക്കാം...ഓണാശംസകൾ..

    sankalpangal ...നന്ദി സന്തോഷം... ഓണാശംസകൾ

    മന്‍സൂര്‍ ചെറുവാടി...‘എൻ.വി യുടെ ഗവേഷണപ്രബന്ധങ്ങൾ’, ‘അന്വേഷണങ്ങൾ കണ്ടെത്തലുകൾ’..ഈ രണ്ട് പുസ്തകത്തിലും ശ്രീ എൻ.വി ഇക്കാര്യം പറയുന്നുണ്ട് ഏട്ടാ...വായിക്കാം..നന്ദി സന്തോഷം.. ഓണാശംസകൾ

    Sukanya...നന്ദി..സന്തോഷം...ഓണാശംസകൾ ചേച്ചീ

    sreee...നന്ദി..സന്തോഷം..ഓണാശംസകൾ ടീച്ചറേ

    mad|മാഡ്-അക്ഷരക്കോളനി.കോം...നന്ദി..സന്തോഷം...അവിടത്തെ ഓണസ്മരണകളും കലക്കീട്ടോ... ഓണാശംസകൾ

    deiradubai ...നന്ദി സന്തോഷം.. ഓണാശംസകൾ

    നിതിന്‍‌, വെള്ളരി പ്രാവ്, വേനൽപക്ഷി....ഓണാശംസകൾ

    ജയലക്ഷ്മി...എപ്പോ കൂടിയെന്നു ചോദിക്കൂ...ഹിഹി.. ഓണാശംസകൾ


    mathukerala...നന്ദി സന്തോഷം...ഓണാശംസകൾ

    Manoraj....അങ്ങനെയങ്ങ് ഓടിയാലെങ്ങനാ..ങ്ങേയ്...ചോദിച്ചതല്യേ..നോക്കി കണ്ടു പിടിച്ചേച്ച് പോകൂന്നേ..ഹിഹി...ഓണാശംസകൾ

    jayalekshmi...ഓണാശംസകൾ

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....നന്ദി സന്തോഷം ഏട്ടാ

    mohammedkutty irimbiliyam... ഓണാശംസകൾ മാഷേ

    SHANAVAS...നന്ദി..സന്തോഷം.. ഓണാശംസകൾ

    maithreyi....നന്ദി ചേച്ചീ...വിശദമായ ഈ കുറിപ്പിന്..പക്ഷേ ഇപ്പോഴും എന്റെ ചോദ്യം ബാക്കിയാവുന്നു..ഞാനന്നു ചോദിച്ച ചോദ്യത്തിനു മഹാബലിയോടൊപ്പം കേരളവും താഴ്ന്നു പോയെന്നും പരശുരാമൻ പിന്നീടത് വീണ്ടെടുത്തുവെന്നും ആണു ഉത്തരം കിട്ടിയത്...പക്ഷേ അപ്പോഴും എന്തോ ഒരവ്യക്തത ബാക്കി...അയ്യോ ചേച്ചീടെ മനസിലെ പേരാർന്നോ...സോറീട്ടാ..ഹീഹി..ഓണാശംസകൾ

    ReplyDelete
  30. ആ കൈയ്യൊന്ന് നീട്ടിക്കേ..
    ങാ അങ്ങനെ..
    കൊറ്റ് കൈ!

    പോസ്റ്റ് സൂപ്പറായ് ട്ടാ.. :)

    പിന്നേ രണ്ടൂട്ടം
    ഒന്ന് :- കഥേ ചോദ്യോല്ലാ..
    രണ്ട് :- ലാസ്റ്റ് പോട്ടത്തി ഏതാ ചീത??

    ReplyDelete
  31. @maitheyi
    അനുപമയോട് പറഞ്ഞ ആ പോസ്റ്റിന്റെ ലിങ്ക് തരുന്നതില്‍..?

    ReplyDelete
  32. ആരെന്തു പറഞ്ഞാലും....ഓണം മലയാളിയുടെതാണ് മലയാളിക്ക് വേണ്ടിയുള്ളതാണ്....മലയാളിക്ക് മാത്രം ഉള്ളതാണ്......അതുകൊണ്ട് അതുമാത്രം പങ്കു വെക്കാന്‍ പറ്റില്ല ടീച്ചറേ ... ..

    കൂട്ടുകാരിക്കെന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍....

    ReplyDelete
  33. *കൊട് കൈ (എന്നാട്ടോ :-/)

    ReplyDelete
  34. "കൊല്ലത്തിലൊരിക്കൽ തന്റെ നാടു കാണാൻ വരുന്നുവെന്നു വിശ്വസിക്കുന്ന ആ ഭരണാധികാരിയെ അദ്ദേഹത്തിന്റെ നാട് അന്നത്തെപ്പോലെ തന്നെ ഇപ്പോഴും എന്ന് തെറ്റിദ്ധരിപ്പിച്ച് മടക്കി അയയ്ക്കാം.." ശരിയാ തെറ്റിദ്ധരിപ്പിക്കുകയെ നിവൃത്തിയുള്ളൂ..
    ശരിയായ അവസ്ഥ കണ്ടാല്‍ ഇനിയൊരിക്കലും ഇങ്ങോട്ട് വരാതിരിക്കാനുള്ള വല്ല വരവും മഹാബലി ചോദിച്ചു വാങ്ങും :)

    പിന്നെ സീതയുടെ ആ ബാക്കിയാവുന്ന സംശയത്തിനുള്ള ഉത്തരം കിട്ടിയാല്‍ അറിയിക്കണേ... അതൊരു ജങ്കന്‍ സംശയം തന്നെയാണുട്ടോ ഉത്തരം കിട്ടുക പ്രയാസം , അതാ പറഞ്ഞെ :)

    ഇത്ര നല്ലോരു പോസ്റ്റിനു നന്ദിട്ടോ ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും ...

    ReplyDelete
  35. ഓണാശംസകള്‍....... ഓണത്തിന് മഹാബലി....വാമനന്‍ ഈ ഒരു ഐതീഹ്യമല്ലാതെ മറ്റൊന്നിലേക്ക് പോകാന്‍ വയ്യ.........

    ReplyDelete
  36. സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  37. സീതേച്ചി..

    ഈ ഓണചിന്തകള്‍ അസ്സലായി.. നല്ലൊരു ഓണസദ്യ ഉണ്ടപോലായി ഈ അനിയനും...
    ഓപ്പോള്‍ എപ്പോളാണ് ഈ അനിയനു ഓണക്കോടി തരുന്നത്... :)

    ഓണത്തെ സംബന്ധിക്കുന്ന ഈ കഥകള്‍ പലതും നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ഓര്‍മ്മ പുതുക്കാന്‍ സാധിച്ചു.. അതിനു നന്ദി പറയട്ടെ.. പിന്നെ പരശുരാമാന്റെയും മഹാബലിയുടെയും കഥയിലെ സന്ദേഹം.. ഓണസദ്യ ഉണ്ടാ പോരേ.. ഇതൊക്കെ എന്തിനാ അന്വേഷിക്കാന്‍ പോകുന്നെ എന്റെ ഓപ്പോളേ... ഹി ഹി ഹി..

    ഈ ഓണക്കാലത്ത് "ചോക്കുപൊടി" എന്നൊരു ബ്ലോഗില്‍ ഓണത്തെ കുറിച്ച് മറ്റൊരു ഐതീഹ്യകഥ വായിച്ചു..

    അതിങ്ങനെയാണ്..
    "തൃക്കാക്കര
    യും സമീപപ്രദേശങ്ങളും പ്രാചീനകാലത്ത് ബുദ്ധജൈനമതക്കാര്‍ക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു. ആര്യാധിനിവേശത്തോടുകൂടി അവിടെ ഭരിച്ചിരുന്ന ബുദ്ധമതക്കാരനായ രാജാവിനെ പുറന്തള്ളി, നിലനിന്നു പോന്ന ബുദ്ധക്ഷേത്രവും തകര്‍ത്ത് ബ്രാഹ്മണര്‍ ഒരു രാജാവിനെ വാഴിക്കുകയും വിഷ്‌ണുക്ഷേത്രം സ്ഥാപിക്കുകയും ചെയ്‌തുവത്രേ .തൃക്കാക്കര വിഷ്‌ണുക്ഷേത്രത്തിലെ ഉത്സവത്തോടും വിളവെടുപ്പുത്സവത്തോടുമൊപ്പം നിഷ്‌ക്കാസിതനായ ബുദ്ധരാജാവിന്റെ ഓര്‍മ പുതുക്കാന്‍ ബുദ്ധജൈനമതക്കാരെ അനുവദിച്ചുവത്രേ"

    ഓണാഘോഷത്തിന്റെ പെരുമ പോലെ നീളുന്നു ഈ ഐതിഹ്യമാല..

    ഓണാശംസകള്‍ നേരുന്നു കൊണ്ട്..

    ഒപ്പോളുടെ സ്വന്തം അനിയന്‍കുട്ടന്‍

    ReplyDelete
  38. സീതാ..സംശയത്തിന് ഈ ഉത്തരം പരീഹാരമാകുമോന്ന് നോക്കൂ..
    മൂന്നടി മണ്ണെന്ന ആവശ്യവുമായി വാമന൯ യാഗശാലയിലെത്തുന്ന കാലത്ത് കേരളസ്രഷ്ടാവെന്ന് പേരുകേട്ട പരശുരാമ൯ അവതരീച്ചിട്ടില്ല.അതിന൪ത്ഥം മഹാബലിയുടെ കാലത്ത് കേരളം കടലിന്നടിയിലായിരുന്നു എന്നാണ്.ത൯റെ കാലത്ത് ഇല്ലാതിരുന്ന ഒരു ഭൂവിഭാഗം മഹാബലി ഭരിക്കുന്നതെങ്ങനെ?അതിനാല്‍ മഹാബലിയെ ചവിട്ടിതാവ്ത്തിയ കഥ യുക്തിരഹീതവും കാലത്തിന് നിരക്കാത്തതുമാണെന്ന് വരുന്നു.എന്നാല്‍ മാവേലിചരിതമനുസരിച്ച് കേരളത്തിലെ ഓണാഘോഷവുമായി പുരാണ പുരുഷ൯മാരായ മഹീബലിക്കോ വാമനനോ യാതൊരു ബന്ധവുമില്ല.
    കേരളത്തില്‍ ഓണം ഏ൪പ്പടുത്തിയത് തൃക്കാക്കര നാടുവാണിരുന്ന മാവേലിയാണ്.
    മാനുഷരെല്ലാരുമൊന്നു പോലെ എന്ന സ്ഥിതി സമത്വ സിദ്ധാന്തം ലോകത്തിലാദ്യമായി അവതരിപ്പിച്ച മാവേലിയുടെ മാതൃകാരാജ്യമാണ് മാവേലിനാട്.
    പക്ഷേ മാവേലിയുടെ ക൪മ്മങ്ങളെല്ലാം മഹാബലിയുടെ പേരിലാണ് കണക്കു ചേ൪ത്തിരിക്കുന്നത്.അതിനാല്‍ മഹാബലിയില്‍ നിന്ന് മാവേലിയെ വീണ്ടെടുക്കേണ്ടത് കാലത്തി൯റെ അനിവാര്യതയാണ്.
    അവലംമ്പം----മാവേലിനാട്--

    ReplyDelete
  39. മനോഹരമായ ലേഖനം..ഹൃദയം നിറഞ്ഞ ഓണാശംസകൾ

    ReplyDelete
  40. നന്മയുടെയും ഐശ്വര്യത്തിന്റെയും ഒരുമയുടെയും ഒക്കെ പ്രതീകമായി നമുക്ക് ഓണത്തെ ആഘോഷിക്കാം.
    ഇതൊക്കെ മനസ്സിൽ കാണുന്നവർക്കൊക്കെ അവരുടേതായ ഓണമുണ്ടാവും. ഒരോ ദേശത്ത് ഓരോ കഥകൾ.
    അന്വേഷകർക്ക് കിട്ടുന്നതൊക്കെ പുതുമകൾ, മുൻപറിഞ്ഞതിനെ താരതമ്യം ചെയ്യാനവസരവും.
    ഏത് ഉൽസവ ആഘോഷ ദിവസമെടുത്താലും ഒരേ സംസ്കാര അടിത്തറയിൽ ജീവിക്കുന്നവർക്ക് ഭാഷാ ദേശ ഭേദമെന്യേ പലപേരുകളിൽ ആഘോഷിക്കപ്പെടാറുണ്ടാവും.
    കഴിഞ്ഞ 28 വർഷമായി ഞങ്ങളുടെ ഓഫീസിന്‌ ഓണം അവധിയാണ്‌. ഞങ്ങളൊഴിച്ച് മറ്റുള്ളവരെല്ലാം ഓണം അവധിയായി ആഘോഷിക്കുന്നു.

    ഓണാശംസകൾ

    ReplyDelete
  41. ആര്‍പ്പോ ഇര്‍..റോ ....
    ഓണാശംസകള്‍ ..........

    ReplyDelete
  42. നിശാസുരഭി ...നന്ദീ ട്ടോ ഈ വാക്കുകൾക്ക്..ഇനി ഞാനതിൽ ഏതാന്നല്യേ...ചെവിയിങ്ങട് കൊണ്ടരൂ പറയാം...രഹസ്യാ...ഹിഹി.. ഓണാശംസകൾ

    JITHU...തല്ലല്ലേ കൂട്ടാരാ...ഞാൻ നന്നായിക്കോളാം..മനസ്സിൽ തോന്നിയ സംശയവും വായിച്ചറിഞ്ഞ കാര്യങ്ങളും ഒന്നു കുറിച്ചിട്ടൂന്നേ ഉള്ളൂ..ഹിഹി..ഞാനും കൂട്ടാരന്റെ പക്ഷത്താ.. ഓണം നമ്മുടേതാ..ഹും..ഓണാശംസകൾ ട്ടോ

    Lipi Ranju...പാവം മാവേലി... എന്റെ ചോദ്യത്തിനാരും വ്യക്തമായ ഉത്തരം തന്നില്ലാല്ലോ ചേച്ചീ.. :( ഓണാശംസകൾ ട്ടോ

    ...സുജിത്... ...മലയാളിക്കൊരിക്കലും അങ്ങനെ ചിന്തിക്കാൻ പറ്റില്ല തന്നെ.. ഓണാശംസകൾ ഏട്ടാ

    ശ്രീക്കുട്ടന്‍... ഓണാശംസകൾ

    Sandeep.A.K...ഒരു വടി പറഞ്ഞു വച്ചിട്ടുണ്ട് തല്ലി നേരെയാക്കാൻ...അതു മത്യോ അനിയൻ‌കുട്ട്യേ...?ഹിഹി..കഥയിൽ ചോദ്യമില്ലാന്നു നിക്കും മനസിലായി..ഓണാശംസകൾ

    സ്മിത...സംഘസാഹിത്യത്തിലും മധുരൈകാഞ്ചിയിലുമൊക്കെ പരാമർശിക്കുന്നതനുസരിച്ച് ആ കാലം മുതൽ ഓണം ആഘോഷിക്കുന്നുണ്ട്..തൃക്കാക്കരയിലെ നാടുവാഴി തുടക്കം കുറിച്ചു എന്നുള്ളതും തർക്കവിഷയമായി നിലകൊള്ളുന്നു..അഭിപ്രായത്തിനു നന്ദി.. ഓണാശംസകൾ

    പഥികൻ... ഓണാശംസകൾ

    Kalavallabhan... ഓണം അവധിയായി ആഘോഷിക്കുന്ന സംഭവം നമ്മുടെ കൊച്ചു കേരളത്തിലും വിരളമല്ല...കൂട്ടുകൂടി ചീട്ടു കളിയും മദ്യപാനവുമായി അത് ആഘോഷമാക്കി മാറ്റുന്ന ചിലരെക്കുറിച്ച് ഒരിക്കൽ ഏഷ്യാനെറ്റ് പരിപാടി സം‌പ്രേഷണം ചെയ്തിരുന്നു.. ഓണാശംസകൾ

    റാണിപ്രിയ...ആർ‌പ്പോ...ഇർ‌റോ....ഇർ‌റോ... ഓണാശംസകൾ

    ReplyDelete
  43. ഓണത്തിന് അവകാശികളായി ആരൊക്കെ വന്നാലും സമ്മതിച്ചു കൊടുക്കാൻ പറ്റില്ല. അത് നമ്മുടെ മാത്രം ഒരു സ്വകാര്യ സങ്കൽ‌പ്പമായി- എല്ലാ മനുഷ്യരും ഒരു പോലെ സന്തോഷചിത്തരായി ജീവിക്കുന്ന- നമുക്ക് കൊണ്ടു നടക്കാം.
    മലയാളികൾക്കല്ലാതെ അങ്ങനെയൊക്കെ ചിന്തിക്കാനാവുമൊ..?

    പിന്നെ സീതയോടൊരു കൊച്ചു സ്വകാര്യം...
    ഈ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കിട്ടില്ലന്നറിഞ്ഞു കൊണ്ടു തന്നെ ചോദിച്ചു വിഷമിപ്പിക്കുന്നത് ശരിയല്ലാട്ടോ..!

    ഓണാശംസകൾ...

    ReplyDelete
  44. പോസ്റ്റിലൂടെയും കമ്മന്റിലൂടെയും കുറെ നല്ല വിവരങ്ങള്‍ ലഭിച്ചു , വളരെ തന്മയത്വത്തോടെ കാര്യങ്ങള്‍ പറഞ്ഞു
    ഹൃദ്യമായ ഓണാശംസകള്‍.

    ReplyDelete
  45. ഓണം തിരുവോണം വന്നു തുമ്പിപ്പെണ്ണേ
    അത്തം മുതൽ പൂക്കളമിട്ടു തുമ്പിപ്പെണ്ണേ
    കാറ്റലകൾ പാട്ടുകളായ്
    കാടെങ്ങും പൂവിളിയായ്
    ആകാശത്താവണിയുടെ കല
    പൂവണിയായ് (ഓണം...)

    കൊട്ടുമേളം പോരെന്നോതി
    തുള്ളാതിരിക്കരുതേ
    ചെണ്ടയുണ്ട് മദ്ദളമുണ്ട്
    ഇടയ്ക്കയുണ്ടുടുക്കുമുണ്ട്
    കൊമ്പുണ്ട് കുഴലുമുണ്ട്
    പോരെങ്കിൽ കുരവയുമുണ്ട്
    ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
    മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
    തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

    പൂവുമാളും പോരെന്നോതി
    തുള്ളാതിരിക്കരുതേ
    തുമ്പയുണ്ട് താമരയുണ്ട്
    അരളിയുണ്ടാമ്പലുമുണ്ട്
    അമ്പരത്തി ചെമ്പരത്തി
    കാക്കപ്പൂ നന്ത്യാർവട്ടം
    ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
    മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
    തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

    ഓണാശംസകൾ...ന്റ്റെ കൂട്ടുകാരിയ്ക്ക്...!

    ReplyDelete
  46. ഓണാശംസകള്‍ ...

    ReplyDelete
  47. തികച്ചും വസ്തുതാപരമായ ലേഖനം. ഓണം ചിലരൊഴികെ ഒരു ബഹു ഭൂരിപക്ഷ കേരളാ ജനതയ്ക്ക് സന്തോഷംനല്‍കുന്നതാണ്. മലയാളത്തെ സ്നേഹിക്കുന്നവര്‍ ഓണത്തെ ആദരിയ്ക്കും. എന്റെ സഹോദരിയുടെ മകളോട് 'ഉസ്താദ്‌ പറഞ്ഞു വിട്ടുവത്രേ. ഓണം മുസ്ലീമിന് ദോഷമാത്രേ. ഓണാശംസകള്‍ നല്‍കാന്‍ വിളിച്ച പ്പോള്‍ ആ കുട്ടി നിഷ് കളങ്കമായ മനസ്സോടെ എന്നോട് ചോദിച്ചു. അതിന്റെ വാസ്തവികതയെ ക്കുറിച്ച്. വിവരം കേട്ടവന്മാര്‍ അങ്ങനെ പലതും പറയും എന്ന് ഞാന്‍ കുട്ടിയെ സമാധാനിപ്പിച്ചു, നമ്മുടെ ഈ അധപതനം എവിടെ അവസാനിക്കും.

    ReplyDelete
  48. ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !

    ReplyDelete
  49. പോസ്റ്റ് വായിച്ച് തീര്‍ന്നപ്പഴേക്കും ഇതെഴുതിയ ആളെ കയ്യില്‍ കിട്ട്യാല് കയ്യോടെ രണ്ട് പൊട്ടിക്കണം ന്ന് തോന്നി. ഓണംന്നൊക്കെ കേക്കുമ്പഴേ.........ഒരു കുളിരും അഹങ്കാരോം ഒക്കെയാ തോന്നണത്. ഇവിടെ അതിന്‍‌റെ അടിവേര് വരെ മാന്തിയെടുത്ത് തലകുത്തി നിര്‍ത്തിയേ അടങ്ങൂ എന്ന വാശിയിലാണെന്ന് തോന്നുന്നു. കേരളത്തീന്നെടുത്ത് ഓണത്തെ അന്താരാഷ്ട്രതലത്തില്‍ വ്യാപിപ്പിക്കാനുള്ള ഈ ബൂര്‍ഷാ ശ്രമത്തിനെതിരെ പല്ലും നഖോം ഉപയോഗിച്ച്...!

    അല്ലെങ്കില്‍ വേണ്ട. ഒക്കേം നന്നായേക്കണു.
    അധികം വായിച്ചാലിങ്ങനേം പ്രശ്നംണ്ട് ന്ന്‍ ഇപ്പൊ മനസ്സിലായി.
    പരശുമാമനും, മാവേലീം കൂടിയിപ്പൊയിതൊരു കോടാലി ആയി. പോയി അതിന്‍‌റെ ഉത്തരം കൂടി ഏതേലും പുസ്തകത്തീന്ന് പൊക്കികൊണ്ട് വാ.
    അപ്പൊ ആശംസകള്‍!

    ReplyDelete
  50. വീ കെ ...ഓണം മലയാളിയുടേത് മാത്രമെന്നു കരുതാനാ എനിക്കും ഇഷ്ടം...ഹിഹി...ചോദ്യങ്ങൾക്കൊരുത്തരം വേണ്ടെ ങ്ങേ...നന്ദി...സന്തോഷം

    സിദ്ധീക്ക.....നന്ദി..സന്തോഷം

    വര്‍ഷിണി* വിനോദിനി...നല്ലൊരു ഓണപ്പാട്ട്, നന്ദി സഖീ...ആശംസകൾ

    Nash...●°ღ ...വല്യേട്ടോ...നന്ദി സന്തോഷം...ഇങ്ങനെയൊക്കെയാണാ വരണെ?

    Kattil Abdul Nissar...പിന്തിരിഞ്ഞ് നിൽക്കുന്ന മുഖങ്ങളെ അവഗണിക്കാം...നമുക്കീ ആഘോഷങ്ങളൊക്കെ വേണം...അല്ലെങ്കിലെന്ത് മലയാളി...നന്ദി സന്തോഷം..

    തൂവലാൻ...നന്ദി....സന്തോഷം

    ചെറുത്* ....എന്നെ തല്ലാൻ പറ്റൂല്ലാ ഹും...ഹിഹി..പുത്തോം തപ്പീട്ടൊന്നും തൃപ്തിപ്പെടുത്തണൊരുത്തരം കിട്ടീല്ലാന്നേ...ആരേലുമൊന്നു പറഞ്ഞന്നെങ്കിൽ...നന്ദി സന്തോഷം ട്ടോ..

    ReplyDelete
  51. അയ്യോ ഞാന്‍ താമസിച്ചു പോയി .....ഐതിഹ്യം കലക്കി ...മാവേലിയെ ഇത്തവണ വന്നപ്പോള്‍ ഞാന്‍ വിട്ടില്ല ...ഇപ്പോള്‍ എന്റെ സ്റ്റോര്‍ റൂമില്‍ ഞാന്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുവാ ...വിലപ്പെട്ട വിവരങ്ങള്‍ കിട്ടുവാണേല്‍ കൈമാറാം ...

    ReplyDelete
  52. ലിനു ആര്‍ കെ നായര്‍...ആളേം വെർതേ വിടില്ലാ അല്യേ...ചുമ്മാതല്ലാ പുള്ളി പാതാളം വിട്ട് വരാൻ മടിക്കണത്...ഹിഹി

    ReplyDelete
  53. ഓണത്തെപ്പറ്റി വളരെ മനോഹരമായി എഴുതി ,.,.,.ഞാനും ഈ വര്‍ഷം അവിടെയും ഇവിടെയും എഴുതിയത് വായിച്ചു എന്തൊക്കയോ എഴുതി വച്ച് ഇവിടെ വരാന്‍ വൈകിയതില്‍ വിഷമം ,.,.,കാരണം കുറേക്കൂടി ആധികാരികമായി എവിടെ വര്‍ണ്ണിച്ച് എഴുതിയിട്ടുണ്ട് .,.,.,ഇതു ആദ്യം വായിച്ചിരുന്നു വെങ്കില്‍ എന്റെ പോസ്റ്റ്‌ ഞാന്‍ ഒന്നൂടെ കൊഴുപ്പിച്ചേനെ ഹിഹി ആശംസകള്‍

    ReplyDelete
  54. വളരെ നല്ല ലേഖനം...... ഇത് ഒരു മാഗസിന്റെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നതിൽ വിരോധമുണ്ടോ?

    ReplyDelete