Tuesday, June 7, 2011

ചായക്കൂട്ടുകൾ...


 ചായക്കൂട്ടുകളും വേഷച്ചമയങ്ങളുമെന്നെ ഭീമനാക്കി മാറ്റിക്കൊണ്ടിരിക്കുന്നത് നിദ്രയുടെ പിടിയിലമരുമ്പോഴും  തിരിച്ചറിയുന്നുണ്ടായിരുന്നു മനസ്സ്..

കേളികൊട്ടവസാനിച്ചതിനു ശേഷം തുടങ്ങിയതാണീ അദ്ധ്വാനം..

എത്താൻ വൈകിയതിനുള്ള പ്രതികരണമെന്നോണം ചമയക്കാരനിൽ നിന്നും ഉയർന്ന പല്ലിറുമ്മലിന്റെ ഒച്ച കേട്ടില്ലെന്നു നടിച്ചു. 


നൊന്തു പെറ്റ ജീവന്റെ സുരക്ഷിതത്വം ഉറപ്പാക്കാതെ വീടു വിട്ടിറങ്ങാൻ പറ്റില്ലല്ലോ അതും സ്ത്രീ ജന്മങ്ങൾ..ഏതൊക്കെ വേഷം കെട്ടിയാടിയാലും എന്നിലെ സ്ഥായിയായ അമ്മയെന്ന വേഷത്തിനെ സമാധാനപ്പെടുത്തണം  ഇടയ്ക്കെങ്കിലും..

അതൊന്നും പറഞ്ഞാൽ ആർക്കും മനസ്സില്ലാവില്ലാ...

വന്നപാടെ മുഖം കഴുകി കിടന്നു കൊടുത്തു, ചായക്കൂട്ടുകൾ വാരി തേയ്ക്കാൻ..


ചായമിടുമ്പോൾ ഉറക്കം അനുവദനീയമാണ്..പക്ഷേ എന്റെ മനസ്സെന്നാണ് ഉറങ്ങിയിട്ടുള്ളത് സ്വസ്ഥമായി...ഉറങ്ങിയെന്നു നടിക്കുകയാണിപ്പോ മനസ്സും ശരീരവും...

പകുതിയൊരുക്കത്തിൽ ചമയക്കാരൻ കുലുക്കി വിളിച്ചു.. കുടിക്കാനെന്തെങ്കിലും വേണമെങ്കിൽ ആകാമെന്നു പറയാനായിരുന്നു...ചുണ്ടിൽ ചായവും താടിയും ഉറപ്പിക്കാൻ പോകുന്നുവെന്നു മനസ്സില്ലായി...

അരങ്ങിൽ പൊന്നാനിയും ശിങ്കിടിയും ചേർന്ന് വന്ദനാശ്ലോകം പാടിത്തകർക്കുന്നു...


അരങ്ങുകേളിയും തോടയവും കഴിഞ്ഞിരുന്നോ...മനസ്സിന്റെ ഗതി വിട്ട പോക്കിനിടയ്ക്ക് ഞാനറിയാതെ പോയതായിരിക്കും...

കൂജയിൽ നിന്നും തണുത്ത വെള്ളം ദാഹം തീരെ അകത്താക്കുമ്പോൾ എന്നെ തട്ടിമാറ്റി പുറപ്പാടിനുള്ള വേഷങ്ങൾ അണിഞ്ഞവർ‌ അരങ്ങിലേക്ക് നടക്കുന്നുണ്ടായിരുന്നു..


അരങ്ങേറ്റം കഴിഞ്ഞയിടയ്ക്ക് ഇതുപോലെ പുറപ്പാട് വേഷം കെട്ടി നടന്ന കാലം ഓർമ്മയിൽ തെളിഞ്ഞു... 

മനസ്സിലെത്തിയ പുഞ്ചിരി ചുണ്ടിലേക്ക് എത്തിനോക്കാതെ മടങ്ങി..

വീണ്ടും ചമയക്കോപ്പിലേക്ക് മനസ്സിനേയും ശരീരത്തേയും വലിച്ചിഴച്ചു...

മുഖത്തെ ചായം തേയ്ക്കൽ കഴിഞ്ഞ് കച്ചമുറുക്കാൻ മറപ്പുരയിലേക്ക് നടക്കുമ്പോൾ മനസ്സിൽ അവളുടെ മുഖം ഒന്നു മിന്നി മാഞ്ഞു...


എന്തെങ്കിലും കഴിച്ചു കാണുമോ എന്റെ കുട്ടി..?

നെടുവീർപ്പിൽ ചിന്തകൾക്ക് കടിഞ്ഞാണിട്ട് വേഷങ്ങൾ മുറുക്കുമ്പോൾ മനസ്സ് പറഞ്ഞു ഒന്നുകൂടെ നന്നായി മുറുക്കിയേക്കാം...വിശപ്പിന്റെ ശല്യം കുറഞ്ഞു കിട്ടുമല്ലോ..

അഷ്ടപദി കൊഴുക്കുമ്പോൾ‌ കിരീടമുറപ്പിച്ച്, ഭൂമിവന്ദനം നടത്തി, ഞാൻ അരങ്ങത്ത് തിരശ്ശീലയ്ക്ക് പിന്നിൽ സ്ഥലം പിടിച്ച് കഴിഞ്ഞിരുന്നു...

ഇനി കയ്യും മെയ്യും മറന്നൊരാട്ടം...


കുറച്ച് നേരത്തേക്ക്, ഞാൻ ഞാനല്ലാതാവുകയാണ്..

ഭീമന്റെ ഭാവപ്പകർച്ചകളിലേക്ക് മനസ്സിനെ ആവേശിപ്പിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു...

അരങ്ങത്ത് പദം തുടങ്ങി..


ഇനി എന്റെ രംഗപ്രവേശം...

സ്ത്രീയെന്ന ബോധ്യം കാണികളിലുളവാക്കാതെ ഭീമനെ വിജയിപ്പിക്കാൻ കഴിയുന്നതെങ്ങിനെയെന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്..


ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിന്റെ അനുഭവങ്ങളിൽ നിന്നുമുൾക്കൊണ്ട ആണിന്റെ മനോബലം ആയിരിക്കണം അതിനു പ്രാപ്തയാക്കുന്നത്...

അല്ലെങ്കിലും പുരുഷന്റെ തുണയില്ലാതെ കൌമാരത്തിലേക്ക് കടക്കുന്ന ഒരു മകളെ വളർത്തുന്ന അമ്മയ്ക്ക് ആ ധൈര്യം കൂടിയെ തീരൂ..

ചൊല്ലിയാട്ടവും ഇളകിയാട്ടവും ആടിത്തിമർക്കുകയായിരുന്നു, ഞാനെന്ന ഭീമൻ..

പാഞ്ചാലിയുടെ മാനത്തിനു വില പറഞ്ഞ കീചകനെ മറിച്ചിട്ട് മാറു പിളർന്ന് രക്തം കുടിക്കുന്നതഭിനയിക്കുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരം അലയടിക്കുകയായിരുന്നു...


രാവിന്റെ അന്ത്യയാമങ്ങളിലും മകളെ നെഞ്ചോട് ചേർത്തു പിടിച്ച് മറുകയ്യ് കത്തിപ്പിടിയിൽ ഒന്നു മുറുക്കി മാനത്തിനു കാവലിരുന്ന നിമിഷങ്ങൾ മനസ്സിലൂടെ കടന്നു പോയി..

കലാശക്കൊട്ട് കേട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ പരിസരം മറന്നെന്തെങ്കിലും ചെയ്തു പോയേനേ..

ആട്ടവിളക്കണഞ്ഞു..


തിരശ്ശീല വീണു..

മരവിച്ച മനസ്സും ശരീരവുമായി വീണ്ടും അണിയറയിലേക്ക്..

ചായക്കൂട്ടുകൾ അഴിക്കുമ്പോൾ‌ ആരോ പറയുന്നത് കേട്ടു ..നാളെ നളചരിതമാണൂട്ടോ കുട്ട്യേ..ഒന്നു നോക്കീട്ട് വന്നോളൂ ...

മെല്ലെയൊരു ചിരി വിരിഞ്ഞു കൊഴിഞ്ഞു...

എന്ത് നോക്കാനിരിക്കുന്നു.. കീചകവധത്തേക്കാൾ ജീവിതത്തോട് അലിഞ്ഞു ചേർന്നത് നള ദമയന്തീ ചരിതം തന്നെ...

പക്വതയില്ലാത്ത മനസിന്റെ പ്രണയം..


വെല്ലുവിളികൾ ഏറ്റെടുത്തൊരു ജീവിതം..

യാഥാർത്ഥ്യങ്ങളോട് നേർക്കു നേർ പൊരുതാനാവാതെ കൈ പിടിച്ചവൻ പിന്തിരിഞ്ഞോടിയപ്പോൾ‌ ആ സ്നേഹത്തിന്റെ അവശേഷിപ്പായി തന്നു പോയ കുരുന്നു ജീവനു വേണ്ടി സാഹചര്യങ്ങളോട് പോരാടി ജീവിക്കാതിരിക്കാൻ കഴിഞ്ഞില്ല..

വഴിയിലെവിടെയോ ഉപേഷിച്ച ചിലങ്കകൾ സുമനസ്സുകളുടെ സഹായത്താൽ അന്നത്തിനുതകി..


കളിയില്ലാത്ത നാളുകളിൽ അടുപ്പ് പുകയാത്തത് കണ്ടില്ലാന്നു നടിക്കേണ്ടി വന്നു..

അയൽ‌വീടുകളിലെ അടുക്കള വരാന്തകളിൽ എച്ചിൽ‌പ്പാത്രങ്ങൾ കഴുകി കിട്ടുന്ന ആഹാരത്തിനു വേണ്ടിയുള്ള കാത്തിരുപ്പ്..

എന്തെല്ലാം വേഷങ്ങൾ..

ദാരിദ്ര്യത്തിന്റെ ചൂടിൽ വാടിയ കുഞ്ഞു മുഖം മാത്രമേയുള്ളൂ ഇപ്പോൾ മനസ്സിൽ..

ആ എനിക്ക് ഭീമനേക്കാൾ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്നത് ദമയന്തിയെ തന്നെ...കലി ആവേശിച്ച നളനാൽ ഉപേഷിക്കപ്പെട്ട ദമയന്തിയെ..

മുഖത്തെ ചായക്കൂട്ടുകൾ കഴുകി കളഞ്ഞ്, ചുളുങ്ങിയ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പേർസിൽ തിരുകി, അരയിലൊളിപ്പിച്ച കത്തിയുടെ സ്ഥാനം ഒന്നുകൂടെ ഉറപ്പ് വരുത്തി വീട്ടിലേക്കുള്ള വഴിയേ നടക്കുമ്പോൾ‌ മനസ്സിൽ പ്രാരാബ്ധങ്ങളുടേയും ജീവിതച്ചിലവുകളുടെയും കണക്കുകൾ കൂട്ടുകയും കുറയ്ക്കുകയുമായിരുന്നു..

ഇനി.. 


മായ്ക്കാൻ കഴിയാത്ത ചായക്കൂട്ടുകളുടേയും വേഷപ്പകർച്ചകളുടേയും ലോകത്തേക്ക്..

ഒന്നും കണ്ടില്ലാന്നു നടിച്ച്..എന്നാലെല്ലാം കണ്ടും, അറിഞ്ഞും പകലോനപ്പോൾ കിഴക്ക് ദിക്കിൽ തന്റെ പുറപ്പാടിനുള്ള ചമയക്കൂട്ടുകൾ അണിഞ്ഞ് എത്തിക്കഴിഞ്ഞിരുന്നു...

72 comments:

 1. "മുഖത്തെ ചായക്കൂട്ടുകൾ കഴുകി കളഞ്ഞ് ചുളുങ്ങിയ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പേർസിൽ തിരുകി അരയിലൊളിപ്പിച്ച കത്തിയുടെ സ്ഥാനം ഒന്നുകൂടെ ഉറപ്പ് വരുത്തി വീട്ടിലേക്കുള്ള വഴിയേ നടക്കുമ്പോൾ‌ മനസ്സിൽ പ്രാരാബ്ധങ്ങളുടേയും ജീവിതച്ചിലവുകളുടെയും കണക്കുകൾ കൂട്ടുകയും കുറയ്ക്കുകയുമായിരുന്നു"

  ഇതിലെല്ലാമുണ്ട് സീതേ...ഇന്നത്തെ സ്ത്രീത്വം....

  വളരെ നന്നായി...അഭിനന്ദനങ്ങള്‍...

  ReplyDelete
 2. എന്തെല്ലാം വേഷങ്ങള്‍ കെട്ടിയാടിയാലാണ് ഒരു ജന്മം പൂര്‍ണ്ണമാകുന്നത്..ചിലതെല്ലാം കര്‍ത്തവ്യങ്ങളാണ്..ആടാതിരിക്കാനാവില്ല..മറ്റുചിലവ നിലനില്‍പ്പിനുവേണ്ടി ആടിപ്പോകുന്നതും....

  ശരിക്കും അസൂയ തോന്നിപ്പിക്കുന്ന എഴുത്ത്..അഭിനന്ദനങ്ങള്‍

  ReplyDelete
 3. വായിച്ചു. വിശദമായി കമന്‍റാന്‍ വരാം.

  ReplyDelete
 4. ഒരു കഥയുടെ കാതൽ അതിന്റെ ഇതിവൃത്തമാണ്.. അത് തേടിയെത്തുന്നിടത്താണ് കഥാകാരന്റെ വിജയം... ഇവിടെ ഇതാ അതിമനോഹരമായ ഒരു കഥ മറ്റാരും കൈവയ്ക്കാത്ത പശ്ചാത്തലത്തിലൂടെ സീത എന്ന നല്ല എഴുത്തുകാരി നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നൂ... എന്റെ ഓർമ്മയിൽ “അരങ്ങ്” എന്നൊരു നോവൽ കഥകളിയുടെ പശ്ചാത്തലത്തിൽ മുൻപ് ഞാൻ വായിച്ചിട്ടുണ്ട്.. പിന്നെ പ്രീയപ്പെട്ട അരവിന്തൻ മാഷിന്റെ “മാറാട്ടം” എന്ന സിനിമയുടെ പശ്ചാത്തലവും കഥകളിയാണ് അതിലൊക്കെ നായക കഥാപാത്രം പുരുഷനായിരുന്നൂ..എന്നാൽ ഇവിടെ സീതയുടെ പ്രധാന കഥാപാത്രം ഒരു സ്സ്ത്രീയാണ്...ഒരു പ്രേമത്തിന്റെ അവശേഷിപ്പായി ഇണ നൽകിയിട്ട് കടന്ന് കളഞ്ഞ ഒരു കുഞ്ഞിന്റെ അമ്മ... അവൾ ഒരു കഥകളിക്കാരിയായിരുന്നൂ.. പിന്നെയെപ്പോഴോ ചിലങ്കകളെ മറന്നൂ... വിശപ്പിന്റെ വിളി അസഹ്യമായപ്പോൾ കല ഇഷ്ടപ്പെടുന്ന കൂട്ടുകരുടെ നിർബ്ബന്ധത്തിന് വഴങ്ങി അവൾ അത് വീണ്ടും അണീഞ്ഞൂ...ഭീമന്റെ വേഷം കെട്ടിയാടാന്ന് അവൾ ഒരുങ്ങുമ്പോൾ മനസ്സ് പറഞ്ഞു “ഇനി കയ്യും മെയ്യും മറന്നൊരാട്ടം...കുറച്ച് നേരത്തേക്ക് നീ...നീയല്ലാതാകണം ..ഭീമന്റെ ഭാവപ്പകർച്ചകളിലേക്ക് അവളൂടെ മനസ്സിനെ ആവേശിപ്പിക്കുകയായിരുന്നു...നെരത്തേ വേഷങ്ങൾ മുറുക്കുമ്പോ മനസ്സ് പറഞ്ഞു ഒന്നൂടെ മുറുക്കിയേക്കാം...വിശപ്പിന്റെ ശല്യം കുറഞ്ഞു കിട്ടുമല്ലോ.. കഷ്ടതയും പട്ടിണിയും ക്കൂടെപ്പിറപ്പാണ് കഥ്കളിവേഷക്കാർ...പ്രത്യേകിച്ച് ഇവിടെ ഒരു അബലയായ അമ്മയുടെ നൊമ്പരപ്പാടുകൾ...അന്നത്തെ വേഷം പകർന്നാടിക്കഴിഞ്ഞ് “വേഷം” അഴിക്കുമ്പോൾ..പിന്നിലാരോ പറഞ്ഞൂ..“ആരോ പറയുന്നത് കേട്ടു നാളെ നളചരിതമാണൂട്ടോ കുട്ട്യേ..ഒന്നു നോക്കീട്ട് വന്നോളൂ ..“ അവൾ ചിരിച്ചൂ...“എന്ത് നോക്കാനിരിക്കുന്നു..കീചകവധത്തെക്കാൾ എന്റെ ജീവിതത്തോട് അലിഞ്ഞു ചേർന്നത് നള ദമയന്തീ ചരിതം തന്നെ..“ ഇനി.. മായ്ക്കാൻ കഴിയാത്ത ചായക്കൂട്ടുകളുടേയും വേഷപ്പകർച്ചകളുടേയും ലോകത്തേക്ക്.( തന്റെ വീട്ടിലെക്ക്).അവൾനടക്കുമ്പോൾ നേരം വെളുത്തിരുന്നൂ..... സീതെ...പ്രണാമം.. എനിക്ക് പറയാൻ വാ‍ക്കുകളില്ലാ...കഥകളിക്കരുടെ. ഒരു സ്ത്രീയുടെ ആത്മ നൊമ്പരങ്ങൾ എത്ര ചാരുതയോടെ ഇവിടെ വരച്ച് കട്ടിയിരിക്കുന്നൂ..ആ രചനാ ശൈലിക്ക് മുമ്പിൽ ഞാൻ ശിരസ്സ് നമിക്കുന്നൂ.....

  ReplyDelete
 5. അപാരമായ ആഴമുള്ള എഴുത്ത്. സമ്മതിച്ചിരിക്കുന്നു. എനിക്കും അസൂയ തന്നെ തോന്നുന്നു. ആശംസകള്‍.

  ReplyDelete
 6. പ്രിയപ്പെട്ട സീത,
  വളരെ മനോഹരമായ ഒരു പോസ്റ്റ്‌!ഭീമനെക്കാള്‍ ഞാന്‍ ആടാന്‍ മോഹിക്കുന്ന ഒരു വേഷമുണ്ട്.....അരങ്ങത്തു കര്‍ണനായി ആടുക......എഴുതാന്‍ ...വളരെ ശക്തമായി എഴുതാന്‍ മോഹിക്കുന്നതും കര്‍ണനെ കുറിച്ച്...ആരും അറിയാതെ പോയ കര്‍ണന്റെ വേദനകള്‍...സഹിച്ച അപമാനങ്ങള്‍...
  വാക്കുകള്‍ ഹൃദയത്തിലേക്ക് ഇറങ്ങിചെല്ലുന്നു...അഭിനന്ദനങ്ങള്‍...ആശംസകള്‍...
  സസ്നേഹം,
  അനു

  ReplyDelete
 7. The perfect langauge. വളരെ നന്നായിട്ടുണ്ട്.
  കീചകനായി വേഷമിട്ട ആ പ്രാക്ക് [എന്ന് വച്ചാല്‍ പാവം (വള്ളുവനാടന്‍ ഭാഷ)], ജീവനോടെ ബാക്കി ഉണ്ടോ?

  ReplyDelete
 8. ഇത്തരം ഒരു വിഷയത്തിന് സാധാരണ ആരും തിരഞ്ഞെടുക്കാത്ത കഥാപരിസരം തിരഞ്ഞെടുത്ത്, ഒട്ടും ഇടറാതെ ക്രാഫ്റ്റിനുമേല്‍ നല്ല കൈയ്യടക്കത്തോടെ, കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ വിനിമയം ചെയ്ത ഈ കഥാകാരിയെ അഭിനന്ദിക്കാതെ വയ്യ. പുരാണേതിഹാസങ്ങളില്‍ നിന്നും, ചരിത്രമുഹൂര്‍ത്തങ്ങളില്‍ നിന്നും, ക്ലാസിക് കലാസങ്കേതങ്ങളില്‍ നിന്നുമൊക്കെ സീത കണ്ടടുക്കുന്ന ബിംബകല്‍പ്പനകള്‍., അതിന് അനുയോജ്യമായ ഭാഷയും ശൈലിയും. ഇതൊക്കെ സീതയുടെ കഥകളുടെ അഭിനന്ദനീയമായ പ്രത്യേകതകളാണ്. സീതയുടെ നല്ല കഥകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു.ആശംസകള്‍.

  ReplyDelete
 9. ഭീമന്റെ ധൈര്യമുള്ളോരമ്മ..!
  നന്നായി...
  ഇഷ്ടായി...

  ReplyDelete
 10. ..
  വ്യത്യസ്തതയെന്ന് മുറവിളി കൂട്ടുന്നത് കാണാം ബ്ലോഗുലകത്തില്‍.
  കുന്നോളം കഥകള്‍ക്കും കവിതകള്‍ക്കുമിടയില്‍ വായനക്കാരന് അതേകുക എന്നത് ശ്രമകരമായ ദൗത്യമാണ്.

  അതുപോലെത്തന്നെയാണ് പറഞ്ഞ-പാടിയ കഥാകവിതകള്‍ പുതുമയോടെയും ആകര്‍ഷകമായും അവതരിപ്പിക്കുക എന്നതും.

  അപ്പൊ പറഞ്ഞ് വന്നതെന്താണെന്ന് മനസ്സിലായല്ലോ.. :)

  ഇനിയുമൊരുപാട് കഥകളും കവിതകളും അക്ഷരങ്ങളായ് പിറക്കട്ടെ..
  ആശംസകളോടെ..

  (പണ്ട് എഴുത്തിന്റെ ഘടനയേയും മറ്റും കുറ്റം പറഞ്ഞതില്‍ കാര്യമുണ്ടായി, എഴുത്തുകളിലത് കാണുന്നുണ്ട്, അത് മനസ്സിലാക്കിയതിലും സ്വീകാര്യമായതിലും സന്തോഷമുണ്ടെന്നറിയക്കട്ടെ)
  ..

  ReplyDelete
 11. എത്ര കഴുകി കളഞ്ഞാലും മായാത്ത ചായകൂട്ടുകള്‍..

  നല്ല അവതരണം സഖീ...നിയ്ക്ക് വളരെ ഇഷ്ടായി...അഭിനന്ദങ്ങള്‍.

  ReplyDelete
 12. നല്ല ആഴമുള്ള എഴുത്ത് സീത.. കഥകളിയെ മനസ്സിലാക്കി എഴുതി. പഠിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതില്‍ തെറ്റില്ലല്ലോ..

  ReplyDelete
 13. jeevitham thanne oru arangalle. avide naam palatharam veshangal maari maari aniyunnu.
  post enikku ishtapettu chechi. manoharamayirikkunnu. ithilkooduthal parayuvaan njan aalalla. athukonda ketto.

  ReplyDelete
 14. വേറിട്ട പശ്ചാത്തലത്തില്‍ ഒരു നല്ല കഥ..അഭിനന്ദനങ്ങള്‍ സീത.

  വേഷങ്ങള്‍ ആണല്ലോ എല്ലായിടത്തും..ഓരോരുത്തര്‍ ഓരോരോ വേഷങ്ങള്‍ കെട്ടി ആടുന്നു എന്ന് മാത്രം :(

  ReplyDelete
 15. സീത..അതി മനോഹരം. നല്ല തെളിമയാര്‍ന്ന എഴുത്ത്.
  ജീവിതത്തിന്റെ ചായകൂട്ടുകള്‍ ഒരു കഥകളി വെഷപകര്ച്ചയില്‍ അവതിരിപ്പിച്ചത്
  അതി ഗംഭീരമായി. കഥാ പാത്രത്തിന്റെ ജീവിത സാഹചര്യങ്ങള്‍ ആത്മ സംഘര്‍ഷങ്ങള്‍ എല്ലാം
  ഈ കഥയില്‍ ഒരു ക്ലാസിക് സിനിമ കാണുന്ന രൂപത്തില്‍ ആസ്വതിക്കാന്‍ കഴിഞ്ഞു.
  അഭിനന്ദനങ്ങള്‍..ഒരു വട്ടം അല്ല...ഒരായിരം അഭിനന്ദനങ്ങള്‍...

  www.ettavattam.blogspot.com

  ReplyDelete
 16. അഭിനന്ദനാര്‍ഹമായൊരു എഴുത്ത്
  കഥകളി എന്ന കലയില്‍ കൈവച്ചത് തന്നെ കൈപൊള്ളുന്ന ഏര്‍പ്പാട്. പക്ഷേ കഥാകാരി വളരെ വഴക്കത്തോടെ അതിന്‍‌റെ ഓരോ ഘട്ടങ്ങളിലൂടെയും വായനക്കാരനെ കൊണ്ടുപോകുന്നുണ്ട്. അതുകൊണ്ട് തന്നെ മനോരാജിന്‍‌റെ ചോദ്യത്തിനൊരു പ്രസക്തിയുണ്ട്. കളി പഠിക്കുകയോ, കളിയെപറ്റിപഠിക്കുകയോ, അല്ലെങ്കില്‍ കഥകളിയെ അടുത്തറിയുകയോ ചെയ്യുന്നൊരാള്‍ക്കേ സാധിക്കു എന്ന് തോന്നുന്നു. അതേസമയം വളരെ ലളിതമായി തന്നെ കഥാപാത്രത്തിന്‍‌റെ വിചാരവികാരങ്ങളെയും മനസ്സിലാക്കി തരുന്നു.

  അവതരണത്തിലെ വ്യത്യസ്തത. അത് സമ്മതിക്കാതെ വയ്യ സീത*. ചെറുതിന്‍‌റൊരു തൊപ്പിപൊക്കല്‍. ;)

  ReplyDelete
 17. സീതായനം ....
  എല്ലാവരും പറഞ്ഞു
  കഴിഞ്ഞു
  ...ആല്മാര്തമായ
  അഭിനന്ദനങ്ങള്‍ ...ഈ വിഷയം ,
  ഈ താരതമ്യം ....ഈ
  എഴുതു .....മനസ്സില്‍
  തറക്കുന്ന മുഖങ്ങള്‍ . ..

  ReplyDelete
 18. എന്തു പറയാൻ..അത്രയും മനോഹരം.. അസൂയ തോന്നിയെന്നു പറഞ്ഞാൽ അധികമാവില്ല. ആശംസകൾ..

  ReplyDelete
 19. പ്രിയപ്പെട്ട സീതെ നല്ല പുതുമയുള്ള രചന. ഇതിലെ ചില സംശയങ്ങള്‍ ഒന്നു ചോദിച്ചോട്ടെ.തെറ്റാണെങ്കില്‍ ഈചേച്ചിയോട് ക്ഷമിക്കുക.
  1 വന്ദനാശ്ലോകം--ഇതു ശരിയാണോ..വന്ദനശ്ലോകം എന്നല്ലെ.ശരി.

  2.പുറപ്പാടിനുള്ള വേഷങ്ങൾ അണിഞ്ഞവർ‌ അരങ്ങിലേക്ക് നടക്കുന്നുണ്ടായിരുന്നു..
  പ്രകൃതി പുരുഷന്മാരെ പ്രതി നിധാനം ചെയ്യുന്ന രണ്ടു വേഷങ്ങള്‍ മായയാകുന്ന തിരശ്ശീലയുടെ മറ അല്‍പ്പാല്‍പ്പമായി നീക്കി ദ്വന്ദ ഭാവത്തിലെത്തുന്നു.ഒടുവില്‍ അദ്വൈതമായി സാക്ഷാല്‍ പരമപുരുഷന്‍ മാത്രമായി അനുഭവപ്പെടുന്നു.അപ്പോള്‍ ആ പറഞ്ഞതിന് അര്‍ത്ഥം എങ്ങിനെ?

  ReplyDelete
 20. 3.അഷ്ടപദി കൊഴുക്കുമ്പോൾ‌ കിരീടമുറപ്പിച്ച് ഭൂമിവന്ദനം നടത്തി ഞാൻ അരങ്ങത്ത് തിരശ്ശീലയ്ക്ക് പിന്നിൽ സ്ഥലം പിടിച്ച് കഴിഞ്ഞിരുന്നു...
  ഇവിടെ എന്താണുദ്ദേശിച്ചത്?

  പുറപ്പാടിന്‍റെയും കഥാഭിനയത്തിന്‍റെയും മധ്യേ ഉള്ളത് മഞ്ജുതര അഥവാ മേളപ്പദം അല്ലേ?
  4അരങ്ങത്ത് പദം തുടങ്ങി..എന്റെ രംഗപ്രവേശമായി..

  ഇത് ഏതു ഉദ്ദേശിച്ചാണ്?മേളപ്പദം ആണോ അതോ പതിഞ്ഞ
  പദം,ശൃംഗാരപ്പദം, പാടിപ്പദം ഇതേതെങ്കിലുമാണോ ഉദ്ദേശിച്ചത്?
  അതോ യുദ്ധപ്പദം ആണോ? ആണെങ്കില്‍ തുടങ്ങുമ്പോള്‍ തന്നെ യുദ്ധപ്പദം വരില്ലല്ലോ.

  ReplyDelete
 21. 5ചൊല്ലിയാട്ടവും ഇളകിയാട്ടവും ആടിത്തിമർക്കുകയായിരുന്നു ഞാനെന്ന ഭീമൻ
  ഇതു രണ്ടും കഴിഞ്ഞ് ഒരു തന്‍റേടാട്ടവും കൂടി പറയാമായിരുന്നു.
  6.കലാശക്കൊട്ട് കേട്ടില്ലാരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ പരിസരം മറന്നെന്തെങ്കിലും ചെയ്തു പോയേനേ..


  പറഞ്ഞ കലാശക്കൊട്ട് എന്താണുദ്ദേശിച്ചത്?
  കഥകളിയുടെ ഒടുവിലത്തെ ചടങ്ങാണെങ്കില്‍ അതിന് ധനാശി എന്നല്ലേ പറയേണ്ടത്?

  ReplyDelete
 22. സീത വീണ്ടും തകർക്കുകയാണ്…കഥകളിയെകുറിച്ച് ചില അറിവുകൾ കിട്ടി…പുരാണത്തോടൊപ്പം കഥകളിയിലും ജ്ഞാനം ഉണ്ടെന്ന് തോന്നുന്നു… അമ്മയുടെ വേദന ഒളിപ്പിച്ച് വച്ച് എഴുതിയ ഒരു ശൈലിയാണേലും ആ വേദനകൾ വായനക്കാർക്ക് സ്പഷ്ടമാണ്….

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. ..
  @കുസുമം ആര്‍ പുന്നപ്ര
  സംശയങ്ങള്‍ നന്നായി, കാരണം ഇവിടെ വായനക്കാരില്‍ പലരും എന്നെപ്പോലെ കഥകളിയുടെ ചിട്ടവട്ടങ്ങളെപ്പറ്റി അറിയാത്തവരാണ്.

  അതിനാല്‍ത്തന്നെ കുറച്ചൊക്കെ നമ്മുടെ ഈ കലാരൂപത്തെപ്പറ്റി മനസ്സിലാക്കാന്‍ ഇത്തരം സംശയങ്ങളിലൂടുള്ളതും മറ്റുമായ ചര്‍ച്ചകള്‍ സഹായകരമാകുമെന്ന് കരുതുന്നു.

  ഗഹനമായ് അറിവുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ കാക്കുന്നു.
  നന്ദി
  ..

  ReplyDelete
 25. സീതേ, കഥകളി ഇഷ്ട്ടമാണ്..പക്ഷെ കഥകളിയെ പറ്റി അധികം അറിവില്ല.. സീതയുടെ കഥ, സ്ത്രീ തനിച്ചാകുമ്പോഴുള്ള ആകുലതകളെ ബഹിര്‍സ്ഫുരണം ചെയ്തു.വളരെ ഒതുക്കത്തോടെ പറഞ്ഞ കഥ വളരെ ഇഷ്ട്ടമായി..

  ReplyDelete
 26. എനിക്കും അസൂയ തന്നെ തോന്നുന്നു. ആശംസകള്‍.

  ReplyDelete
 27. കഥ വളരെ ഇഷ്ട്ടമായി.ആശംസകള്‍.

  ReplyDelete
 28. സീത... അസൂയാവഹമായ കാലിബര്‍.

  ഞാനൊരു പ്രവചനം നടത്തട്ടെ? നാളെയുടെ ഒരു കഥാകാരിയെ -അതിശക്തയായൊരു കഥാകാരിയെ സീതയില്‍ കാണുന്നു.

  ReplyDelete
 29. ഞാന്‍ പലവട്ടം പറഞ്ഞതാണ്.
  രചനയില്‍ കാണുന്ന ഈ വിത്യസ്ഥതയെ പറ്റി, എഴുത്തിലെ വശ്യതയെ പറ്റി.
  ബ്ലോഗ്ഗില്‍ മാത്രം ഒതുങ്ങി പോവരുത്. അതോ ആനുകാലികങ്ങളില്‍ ഉണ്ടോ?.
  ഈ കഥയും ഇഷ്ടമായി. നല്ല ആസ്വാദനം.

  ReplyDelete
 30. ഏയ്‌ .. സാറേ ..
  സാറൊരു സംഭവം തന്നെയാണ് ..
  സംശയങ്ങള്‍ ജനിച്ചു പോകുന്നു എനിക്ക് സീതേ നിന്റെ സീതായനത്തില്‍ വരുമ്പോള്‍ ..
  നിന്റെ വാക്കുകളുടെ വേരുകള്‍ അത്രക്ക് ശക്തമാണ് ചിന്തകളും , ..
  നീ വ്യത്യസ്തയാവുന്നു .. ദേവീ

  നന്നായി ,ഇഷ്ട്ടായി ..

  ReplyDelete
 31. സീതാ.. അഭിനന്ദനങ്ങള്‍.. ഓരോ കഥകളും വ്യത്യസ്തവും മികവുറ്റതുമാകുന്നു... അത് കൊണ്ട് തന്നെ ഞാന്‍ സീതായനത്തിലെ ഒരു സ്ഥിരം വായനക്കാരനായിരിക്കുന്നു.. ഇനിയും ഇനിയും ഒരുപാടു നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു..

  കഥകളിയെ പറ്റി അത്ര ഗ്രാഹ്യം പോരാത്തത് കൊണ്ട് കഥയെ അത്തരത്തില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നില്ല.. കഥ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ വന്നത് വാനപ്രസ്ഥം എന്ന സിനിമയായിരുന്നു.. അര്‍ജുനവേഷം കെട്ടിയാടുന്ന കുഞ്ഞുട്ടനെ പ്രണയിക്കുന്ന സുഭദ്രയെ.. സുഭദ്ര സ്നേഹിച്ചത് തന്നിലെ അര്‍ജുനനെയായിരുന്നെന്നു മനസിലാകുമ്പോള്‍ തകര്‍ന്നടിയുന്ന കുഞ്ഞുട്ടനെ.. ഹാ..

  ".അയൽ‌വീടുകളിലെ അടുക്കള വരാന്തകളിൽ എച്ചിൽ‌പ്പാത്രങ്ങൾ കഴുകി കിട്ടുന്ന ആഹാരത്തിനു വേണ്ടിയുള്ള കാത്തിരുപ്പ്.." ഈ വരികള്‍ കഥയില്‍ അധികപ്പറ്റായി നില്‍ക്കുന്ന പോലെ.. വായനക്കാരനിലേക്ക് കഥാപാത്രത്തിന്‍റെ ദയനീയത പറഞ്ഞു സഹതാപം പിടിച്ചു പറ്റാനുള്ള കഥയുടെ ക്രാഫ്റ്റ്‌ ആയി തോന്നുന്നു.. ക്ഷമിക്കണം.. ഇത് എന്‍റെ മാത്രം തോന്നലാകാം..

  പിന്നെ സീതയുടെ ഒരു പോരായ്മയായി ഞാന്‍ കണ്ടിട്ടുള്ളത് കഥകളുടെ ടൈറ്റില്‍ തിരഞ്ഞെടുക്കുന്നതിലാണ്.. കഥകളോട് നീതി പുലര്‍ത്താത്ത തലക്കെട്ടുകള്‍.. നാളെ ഈ കഥകള്‍ സീതയോട് ചോദിക്കും.. :) വ്യത്യസ്തവും ശക്തവും ഒപ്പം ആകര്‍ഷകവുമായ പേരുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുമല്ലോ ഇനി വരുന്ന കഥകള്‍ക്കെങ്കിലും.. ഒരിക്കല്‍ കൂടി ആശംസകള്‍ അറിയിക്കുന്നു..

  ReplyDelete
 32. ശരിയാണ്, ഈ പകര്‍ത്തല്‍ വല്ലാത്തൊരു അനുഭവമായി. അധികമാരും കൈവെയ്ക്കാത്ത വിഷയം വളരെ നന്നായി അവതരിപ്പിച്ചു.

  ReplyDelete
 33. നല്ല കൈയ്യടക്കമുള്ള രചന
  അഭിനന്ദനങ്ങൾ.

  ReplyDelete
 34. കഥകളിയെ പശ്ചാത്തലമാക്കി എഴുതിയ ഈ കഥ വളരെ ഏറെ ഇഷ്ടപ്പെട്ടു. കഥകളി പണ്ട് കോവിലകങ്ങളിലെ കലാരൂപമായിരുന്നു..അത് കൊണ്ട് തന്നെ സാമാന്യ ജനങ്ങള്‍ക്ക്‌ ഇതിന്റെ ചിട്ടവട്ടങ്ങളെ പറ്റി കാര്യമായ അറിവ് ഏറെക്കാലം കഴിഞ്ഞിട്ടും ഉണ്ടായില്ല എന്നതില്‍ അത്ഭുതമില്ല. കേരളത്തില്‍ തെക്കന്‍ ചിട്ട ,വടക്കന്‍ ചിട്ട എന്നിങ്ങനെ സ്ഥല കാല ഭേതങ്ങള്‍ അനുസരിച്ച് രണ്ടു വിഭാഗം കഥകളി സ്കൂളുകള്‍ ഉണ്ട് .അത് കൊണ്ട് തന്നെ ഇതില്‍ ഉപയോഗിക്കുന്ന സംഞ്ഞ കളിലും വ്യത്യാസം ഉണ്ട് .പക്ഷെ അടിസ്ഥാന പരമായി ഇവ ഒന്ന് തന്നെയാണ് എന്നാണു അറിയുന്നത് .താള വാദ്യങ്ങള്‍ ,അഭിനയം , സംഗീതം ,ചമയം .എന്നിവയ്ക്കെല്ലാം പ്രാധാന്യം ഉള്ള കലയാണ്‌ കഥകളി .അത് കൊണ്ട് എല്ലാ കലാ കാരന്മാര്‍ക്കും പ്രാധാന്യം ലഭിക്കുന്നു .കഥകളി യുടെ സാന്നിധ്യം ഒരിടത്ത് ഉണ്ട് എന്ന് അറിയിക്കാനുള്ളതാണ് കേളി കൊട്ട് .കേളി അഥവാ കളി ഉണ്ട് എന്നറിയിക്കാന്‍ ഉള്ള കൊട്ട് ആണ് കേളി കൊട്ട് .
  പ്രധാനമായി ഒന്നോ രണ്ടോ കഥകള്‍ ആയിരിക്കും സാധാരണ ഒരു ദിവസത്തെ കളി .പ്രധാന കലാ കാരന്മാര്‍ ആയിരിക്കും വേഷം . കഥ ആരംഭിക്കുന്നതിനു .മുന്‍പുള്ള ആരംഭം കുറിക്കലാണ് പുറപ്പാട് .ഈ ചടങ്ങിനു പ്രധാന കഥയുമായി ബന്ധം ഒന്നും ഇല്ല .കളി വിളക്കിനു മുന്നിലെ ഒരു ചടങ്ങ് .ജൂനിയര്‍ കലാകാരന്മാരോ കുട്ടികളോ ആവും പുരപ്പടിനുള്ള വേഷം കെട്ടുക .പുറപ്പാടിന് മുന്നേ തന്നെ അരങ്ങില്‍ വരുന്ന പാട്ടുകാര്‍ പാട്ട് തുടങ്ങിയിരിക്കും .പ്രധാന പാട്ടുകാരനെയാണ് പൊന്നാനി എന്ന് വിളിക്കുന്നത്‌ .ഏറ്റു പാടുന്നയാള്‍ ശിങ്കിടി .
  അരങ്ങില്‍ വരുന്ന ഒരു വേഷക്കാരനും പൂര്‍ണമായി തന്റെ വേഷം സദസ്സിനെ പെട്ടെന്ന് കാണിക്കില്ല .തിരശീല യ്ക്ക് പിന്നില്‍ വന്നു നിന്ന് അല്പാല്പമായെ വേഷത്തെ പൂര്‍ണമായും കാണാന്‍ അനുവദിക്കൂ .ഭീമാകാരവും വിചിത്രവും കടും നിറങ്ങള്‍ കലര്‍ന്നതുമായ കഥകളി വേഷം ഒറ്റയടിക്ക് കാണുമ്പോള്‍ ഉണ്ടാകാവുന്ന സദസ്യരുടെ ഭീതി ഒഴിവാക്കുക എന്നതാണ് ഇതിനു പിന്നിലെ രഹസ്യം എന്ന് പറയപ്പെടുന്നു .പദം തുടങ്ങി എന്നാല്‍ കഥകളി സംഗീതം(സാഹിത്യം രാഗങ്ങളുടെ അകമ്പടിയോടെ )പാടുക എന്നാണു .എന്നാല്‍ മേളപ്പദം എന്നത് കഥാ മധ്യത്തിലോ ഇടവേളയിലോ പക്കമേള ക്കാര്‍ക്ക് (ചെണ്ട ,മദ്ദളം ,ഇലത്താളം )അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ആണ് .ഇടയ്ക്ക് പാട്ടുകാര്‍ പദങ്ങള്‍ ആലപിക്കും .പദങ്ങളില്‍ നവ രസങ്ങളും ഉണ്ട് .പടം പാട്ടുകാരുടെയും മേളപ്പദം വാദ്യക്കരുടെയും ആട്ടം വേഷക്കാരന്റെയും കലയാണ്‌ .ഇവ വെവ്വേറെ യാണെങ്കിലും മൂന്നും ഒരുമിച്ചാലെ കഥകളി പൂര്നമാക്കൂ .
  കലാശക്കൊട്ട് എന്നാണു കലാശത്തിനുള്ള (അവസാനിപ്പിക്കുന്നതിനുള്ള )
  കൊട്ട് എന്നാണു അര്‍ഥം .ഈ വാക്ക് കഥകളിയുമായി ബന്ധപ്പെടുത്തിയും ഉപയോഗിച്ച് വരുന്നുണ്ട് .
  മറ്റൊന്ന് ;പൂര്‍ണമായും പുരുഷന്മാര്‍ കയ്യടക്കിയിരുന്ന കഥകളിയിലേക്ക് കേരളത്തില്‍ സ്ത്രീകള്‍ ആദ്യമായി പ്രവേശിച്ചത്‌ വനിതാ വര്‍ഷമായ 1975 ല്‍ രാജ നഗരിയായ തൃപ്പൂണിത്തുറയില്‍ ആയിരുന്നു .കഥകളിയുടെ അവസാന വാക്കായി എക്കാലത്തും കരുതപ്പെട്ടു പോരുന്ന കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ ആയിരുന്നു ഇതിനു മുന്‍കയ്യെടുത്തത് .തൃപ്പൂണിത്തുറ യിലെ ഹരിത്തംപുരാന്‍ ,സതീവര്‍മ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആദ്യത്തെ വനിതാ കഥകളി സംഘത്തില്‍ ഗീതാവര്‍മ ,രാധികാ വര്‍മ ,സതീവര്‍മ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത് .സദനം നളിനി ,പദ്മിനി എന്നീ പാലക്കാടന്‍ വനിതകള്‍ ആയിരുന്നു പാട്ടുകാര്‍ .അത് ചരിത്രം .

  ഓടോ :കഥയില്‍ വേഷക്കാരി കച്ച മുറുക്കുമ്പോള്‍ വിശപ്പ്‌ അടക്കാന്‍ വേണ്ടി നന്നായി വരിഞ്ഞു മുറുക്കി എന്ന് എഴുതിക്കണ്ടു .ഇതില്‍ അസ്വാഭാവികത ഉണ്ട് . വിശപ്പ്‌ അടക്കാന്‍ ഇത് നല്ല വിദ്യ ആയിരിക്കാം ,പക്ഷെ കഥകളിയുമായി ബന്ധപ്പെട്ട ഒരു കലാകാരനും കളിസ്ഥലത്ത് ആഹാരത്തിനു മുട്ട് ഉണ്ടാവില്ല .കാരണം അത്ര കേമമായ സദ്യ എല്ലായിടത്തും ഒരുക്കിയിരിക്കും. വേഷക്കാരി താമസിച്ചു വന്നത് കൊണ്ടാവും എന്ന് വേണമെങ്കില്‍ ഉത്തരം പറയാം .പക്ഷെ രാത്രി ഏറെ
  വൈകി ആരംഭിക്കുന്ന ഒന്നാണ് കഥകളി എന്നത് ഇത്രയും സീത യ്ക്ക് അറിഞ്ഞു കൂടായ്കയില്ല .
  ഈ അഭിപ്രായങ്ങള്‍ ഒന്നും ഈ കഥയുടെ മേന്മയെ കൂട്ടണോ കുറയ്ക്കാനോ അല്ല .കുസുമം ചേച്ചിയെ പോലുള്ളവര്‍ ഉന്നയിച്ച സംശയങ്ങള്‍ വായിച്ചപ്പോള്‍ കഥകളി ഇഷ്ടപ്പെടുന്ന അതിനു വേണ്ടി കുറെ ഉറക്കം ഒഴിച്ച ഒരു ആസ്വാദകന്റെ ഉള്ളില്‍ തോന്നിയ കാര്യങ്ങള്‍ പങ്കു വച്ചു എന്നേയുള്ളൂ ,ഞാന്‍ കഥകളി പഠിക്കുകയോ അതിന്റെ ആധികാരിക ഗ്രന്ഥങ്ങള്‍ വായിക്കുകയോ ചെയ്തിട്ടില്ല . അത് കൊണ്ടുതന്നെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പൊക്കി പിടിച്ചു ആരെങ്കിലും വന്നാല്‍ അവര്‍ക്ക് നല്‍കാന്‍ എന്റെ പക്കല്‍ കൂടുതല്‍ രേഖകള്‍ തല്ക്കാലം ഇല്ലകേട്ടോ :)

  ReplyDelete
 35. കഥകളിക്കാരി ജീവിതവേഷങ്ങളും അരങ്ങിലെ വേഷങ്ങളും കൂട്ടിവായിക്കുന്നത് ഗംഭീരമായി, മനോഹരമായി. ഒരു തൃപ്പൂണിത്തുറ ടെച്ച്! വിജനേ ബത .... . കീചകവധത്തിലെ ഭീമനേക്കാൾ, ദണ്ഡകത്തിലെ നടുങ്ങുന്ന ഏണീവിലോചന ഈ വേഷക്കാരിയുടെ കയ്യിൽ ഭദ്രമായിരിക്കും സീത. അഭിനന്ദനങ്ങൾ!

  ReplyDelete
 36. നമിക്കുന്നു സീതേ.... വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയതെല്ലാം
  മുന്‍പ് വായിച്ചവര്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ ഉണ്ട്..... മനോരാജും ചെറുതും ചോദിച്ചതിനു ഉത്തരം കിട്ടിയില്ലാട്ടോ... അതിനുള്ള ഉത്തരം നോക്കി ഞാനും ഇരിക്കുന്നുണ്ടേ....

  ReplyDelete
 37. dear seetha mail send cheythittu kittunnilla
  ii mailil onnu contact cheyyu
  correct mailaddressum ayi
  pkkusumakumari@gmail.com

  ReplyDelete
 38. ഈ കഥ പലതവണ വായിച്ചതാണല്ലൊ..അതിൽ നാടക നടി ആയിരുന്നു അല്ലെങ്കിൽ, ചായക്കടക്കാരി അല്ലെങ്കിൽ സിനിമാ നടി അത്രയേ ഉണ്ടായിരുന്നുള്ളു വ്യത്യാസം..

  കളിയില്ലാത്തപ്പോൾ കളി പഠിപ്പിച്ചൂടെ എന്നു സ്വയം ചോദിച്ചു.

  ശരിക്കും ഇത്ര ദാരിദ്ര്യം അനുഭവിക്കുന്നുണ്ടോ കഥകളി കലാകാരന്മാർ? കളിയില്ലാത്തപ്പോൾ വീട്ടു വേല ചെയ്യുക എന്നു പറയുന്നത്..അത്രയ്ക്കും ?

  പാതിരാത്രി, പേഴ്സിൽ പണം നിറച്ച്, അരയിൽ കത്തിയുമായി പോയ ആ പോക്കുണ്ടല്ലോ..അതു ചിരി ഉയർത്തി എന്നു പറയാതെ തരമില്ല..ക്ഷമിക്കുക..
  അതു പോലെ തന്നെയായിരുന്നു, വെള്ളം കുടിക്കുമ്പോൾ കളിക്കാൻ ആക്രാന്തം പിടിച്ച് ചിലർ തട്ടി മാറ്റി കൊണ്ട് പോയി എന്നു പറഞ്ഞതും..അത്രയ്ക്കും വേണോ?! അതോ നർമ്മമാണോ അവിടെ ഉദ്ദേശിച്ചത്?

  ReplyDelete
 39. കഥയിലൂടെ ആട്ടത്തിലൂടെ ജീവിതത്തിലൂടെ പകര്‍ന്നാടുന്ന വേദനകള്‍ കൊണ്ട് മനോഹരമായി ഈ കഥാശില്‍പ്പം.

  ReplyDelete
 40. ശ്രീ ചന്തു നായർ...പതിവുപോലെ വിശദമായൊരു മറുപറ്റിയിട്ട് അങ്ങന്റെ കഥ അനുവാചകരിൽ എത്തിച്ചു.നന്ദി.

  മനോരാജേട്ടനും..ചെറുതും ..ലിപി ചേച്ചിയുമൊക്കെ ചോതിച്ച ചോദ്യത്തിനുള്ള ഉത്തരം...നർത്തന കലകളിൽ കുറേയൊക്കെ കൈ വച്ചിട്ടുണ്ട്...എന്നുവച്ചാൽ പൂർണ്ണമാക്കിയില്ല എന്നർത്ഥം..

  ഇനി കുസുമം ചേച്ചിക്കുള്ള മറുപടി...
  ആദ്യമേ ക്ഷമ ചോദിക്കണു മറുപടി താമസിപ്പിച്ചതിനു..നെറ്റ് പണിമുടക്കിയതു കൊണ്ടാണ്..
  1. വന്ദനശ്ലോകം എന്നത് കഥകളിയുടെ ചടങ്ങായി പറയുമ്പോ പറയും...വന്ദനാ ശ്ലോകം എന്നത് ആ കീർത്തനത്തെയാണ് ഞാനുദ്ദേശിച്ചത്..ഗണപതിക്കൊട്ടെന്ന കേളികൊട്ടും ഇഷ്ടദേവതാ പ്രാർത്ഥനയെന്ന തോടയവും കഴിഞ്ഞാൽ പ്രധാന പാട്ടുകാരനായ പൊന്നാനിയും അയാൾടെ ശിങ്കിടിയും ചേർന്ന് പാടുന്നതാണിത്..
  2.പുറപ്പാട് എന്നാൽ സ്ത്രീയും പുരുഷനും തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും ആദ്യവും പിന്നെ മെല്ലെ മറ നീക്കി പ്രത്യക്ഷപ്പെട്ടും വീണ്ടും മറയ്ക്കുള്ളിൽ ഒതുങ്ങിയും ആടുന്ന ചടങ്ങാണ്...പ്രകൃതിയും പുരുഷനുമായുള്ള ലയനമായും ഇതിനെ പറയുന്നു..സാധാരണ പുരുഷ വേഷത്തിൽ കൃഷണനാണ് വരാറ്...കൃഷ്ണനെ മാത്രായിട്ടും പുറപ്പാടിൽ രംഗപ്രവേശം ചെയ്യിക്കാറുണ്ട് ചേച്ചി പറഞ്ഞതു പോലെ അദ്വൈത സിദ്ധാന്തത്തിന്റെ പ്രതീകമായിട്ട്..അഞ്ചു വേഷത്തോടു കൂടി പകുതി പുറപ്പാടെന്ന രീതിയിലും ഇതു നടത്താറുണ്ട്..പുറപ്പാട് തുടക്കക്കാർക്കുള്ളതാണ്..കഥകളിയിലെ എല്ലാ കലാശങ്ങളും ഈ ആട്ടത്തിലും ഉൾപ്പെടുന്നതു കൊണ്ട് തുടക്കക്കാർക്ക് ചുവടുറയ്ക്കാൻ ഇത് സഹായിക്കും...ഇതിലെ നായിക തുടക്കക്കാരി അല്ല...അവൾ വേഷം കെട്ടിക്കൊണ്ട് നിൽക്കുമ്പോ തുടക്കക്കാർ രണ്ടു പേർ പുറപ്പാടിനായ് അരങ്ങിലേക്ക് നടന്നു എന്നതാണു ഞാൻ ഉദ്ദേശിച്ചത്...അവൾക്ക് ലഭിക്കുന്ന അവഗണന ശക്തിപ്പെടുത്താനാണു അവരവളെ തട്ടിമാറ്റി പോയിന്നു പറഞ്ഞത്.
  3.ഗീതാഗോവിന്ദത്തിലെ മഞ്ജു തര കുഞ്ജതല എന്നു തുടങ്ങുന്നത് അഷ്ടപദിയാണ്..അതിനെ തന്നെയാണു മേളപ്പദം എന്നു പറയുന്നത്...ഇതിന്റെ അവസാനം വാദ്യക്കാർ അരങ്ങത്തു വന്നു മേളം കൊഴുപ്പിക്കും..അത് കഴിഞ്ഞാണു കഥാപാത്രം രംഗത്ത് വരുന്നത്...അഷ്ടപദി തുടങ്ങുമ്പോഴേ വേഷം തിരശ്ശീല (പുറകിലത്തെ) യ്ക്ക് പിന്നിൽ അരങ്ങു തൊട്ടു തൊഴുത് കേറി ഇടം പിടിച്ചിട്ടുണ്ടാവും...മേളപ്പദത്തിനു നിലപ്പദം എന്നും പറയും..കഥകളിക്ക് അഷ്ടപദിയോടുള്ള ഏക ബന്ധം ഇവിടെയാണ്..
  4.കഥകളി സംഗീതത്തിന്റെ ആദ്യപദം എന്നേ ഉദ്ദേശിച്ചുള്ളൂ...
  5.ഇളകിയാട്ടത്തിന്റെ പരമോന്നതിയിലല്ലേ തന്റേടാട്ടം...രണ്ടും കൂടെ പറയണ്ടാന്നു കരുതി..
  6.ധനാശി എന്നു തന്നെയാണ് കഥകളിയുടെ അവസാ‍നത്തിനു പറയുന്നത്...കലാശക്കൊട്ടെന്നും പറയാം...എല്ലാ നർത്തന കലയ്ക്കും വാദ്യോപകരണങ്ങൾക്കും ആ പദം ഉപയോഗിക്കാം..ഇവിടെ വായനക്കാരന്റെ മനസിലേക്ക് ആ രംഗം വേഗം കയറിച്ചെല്ലാനാണ് ലളിതമായ ആ പദം ഉപയോഗിച്ചത്..
  ചേച്ചിയുടെ സംശയങ്ങൾ മാറിയിരിക്കും എന്നു കരുതുന്നു..നന്ദി.ഈ സംശയങ്ങൾ എന്റെ കഥയെ കൂടുതൽ അനുവാചക ഹൃദയങ്ങളിലേക്ക് അടുക്കാൻ സഹായിച്ചു..

  ശ്രീ സന്ദീപ്..കഥകളി ഇപ്പോ എപ്പോഴുമൊന്നും കാണാറില്ലാ..കലാകാരൻ അവശതയിലാണ്..കളി ഇല്ലാത്തപ്പോ അവളെങ്ങനെ കഴിയുന്നുവെന്നു പറയണ്ടേ..പ്രത്യേകിച്ചും ഒരു കൂട്ടി കൂടി ഉള്ളപ്പോ..പിന്നെ തലക്കെട്ടുകൾ ശ്രദ്ധിക്കാം ട്ടോ..നന്ദി ഈ വാക്കുകൾക്ക്..

  ശ്രീ രമേശ് അരൂർ...രമേശേട്ടാ കഥകളിയിൽ പെണ്ണിന്റെ രംഗപ്രവേശത്തെക്കുറിച്ച് കാര്യായി പറഞ്ഞു...ഞാനിത് പോസ്റ്റിയപ്പോ അങ്ങനൊരു ചോദ്യം എല്ലാരിൽ നിന്നും പ്രതീക്ഷിച്ചിരുന്നു...സ്ത്രീ ഭീമന്റെ വേഷം കെട്ടുമോ എന്നു...ആണിന്റെ ചങ്കുറപ്പോടെ ആടുന്ന സ്ത്രീകളുണ്ടെന്ന് ഒരുത്തരവും കരുതി വച്ചു...എന്തായാലും അതു വേണ്ടി വന്നില്ലാ..എഴുതിയെങ്കിലും ഞാനൊരിക്കലും ആൺ വേഷങ്ങളിൽ കൈ വച്ചിട്ടില്ലാ..ഹിഹി..ഒരു ധൈര്യക്കുറവു തന്നെ..പിന്നെ വിശപ്പറിയാതിരിക്കാൻ ചേല മുറുക്കിയുടുക്കുന്നത് പുതുമയല്ലല്ലോ..ഇവിടത്തെ കലാകാരി ഒരമ്മയാണ്..അവൾ പ്രാരാബ്ദ്ധങ്ങൾക്കിടയിൽ നിന്നാണ് വേഷമണിയാൻ വരുന്നത്...അപ്പോഴേക്കും സദ്യയൊക്കെ കഴിഞ്ഞിട്ടുണ്ടാവും...അല്ലെങ്കിലും അതൊക്കെ കഴിക്കാനുള്ള മാനസ്സികാവസ്ഥയിലായിരിക്കില്ല..മകൾ വിശന്നിരിക്കുമ്പോ ഒരമ്മയ്ക്ക് കഴിക്കാനാവില്യാല്ലോ..ഇടയ്ക്കവൾ മകളെ ഓർക്കുന്നതായി ഞാൻ പറഞ്ഞിട്ടുണ്ട്..നന്ദി ഈ വിശദമായ അഭിപ്രായത്തിന്..
  ശ്രീ സാബു...പലരും എഴുതിയതെനിക്ക് എഴുതിക്കൂടാ എന്നില്ലല്ലോ..അങ്ങനെയെങ്കിൽ ഈ ബ്ലോഗുലകത്തെ പലരോടും എഴുത്ത് നിർത്താൻ പറയേണ്ടി വരും താങ്കളുടേതടക്കം...മരണത്തെക്കുറിച്ചൊക്കെ പലരും പറഞ്ഞതു തന്നെയല്ലേ താങ്കളും എഴുതിയിരിക്കുന്നത്..അവതരിപ്പിക്കുന്നതാണു വ്യത്യസ്ഥമാവേണ്ടത്..ഞാൻ വ്യത്യസ്ഥത പുലർത്തി എന്നോ പുലാർത്തിയില്ല എന്നോ താങ്കളുടെ മനോധർമ്മം അനുസരിച്ച് ചിന്തിക്കാം..പ്രസിദ്ധരായ കഥകളി കലാകാരു പോലും കഷ്ടപ്പാടുകൾ അറിയുന്ന ഈ കാലത്ത് അത്രയ്ക്കൊന്നും അറിയപ്പെടാത്ത ഒരു കലാകാരിക്ക് എന്തൊക്കെ പ്രശ്നങ്ങളുണ്ടാവും എന്നു പറയേണ്ടതില്ലല്ലോ..പിന്നെ അവളുടെ പോക്കിൽ താങ്കൾക്ക് ചിരി വന്നുവെങ്കിൽ അത് താങ്കളുടെ മനോനില...നന്ദി
  അഭിപ്രായം പറഞ്ഞ എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി

  ReplyDelete
 41. ഞാന്‍ മുന്നേ എഴുതിയ കമന്റു കാണുന്നില്ലല്ലോ ..?

  ReplyDelete
 42. നല്ല കഥ നല്ല അവതരണം.......പിന്നെ എന്താ..നല്ലത് നല്ലത് നല്ലത്...ഹി
  ആശംസകള്‍ സഖി.....

  ReplyDelete
 43. മികച്ച അവതരണം..
  വളരെ നന്നായി എഴുതി. അഭിനന്ദനം

  ReplyDelete
 44. @ രമേശ്... സത്യത്തിൽ സീതയുടെ കഥയെപ്പോലെ നന്നായി താങ്കളൂടെ കമന്റും...കഥകളിയെക്കുറിച്ച് നന്നായി പഠിച്ചിട്ട് തന്നെയാണ് താങ്കൾ കമന്റിട്ടിരിക്കുന്നത്...അതുപോലെ സീതയും കഥകളി പഠിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നൂ കഥാഖ്യാനത്തിൽ..താങ്കളുടെ കമന്റ് അല്പം താമസിച്ച് പോയി എന്നാണ് എന്റെ അഭിപ്രായം..കാരണം.. കഥകളിയെക്കുറിച്ച് അധികം അറിയാത്തവരാണ് മലയാളികൾ! വിദേശികൾക്ക് നന്നായിട്ടറിയുകയും ചെയ്യും...(കഥ - കളിക്കാനുള്ളതാണോ എന്ന് ചോദിച്ചിട്ടുള്ള മലയാളികളേയും എനിക്ക് നന്നായിട്ടറിയാം)നമ്മുടെ ബൂലോകത്തുള്ളവർക്ക് സീതയുടെ കഥയിലെ കഥകളിയുടെപശ്ചാത്തലം താങ്കളിലൂടെ വ്യക്തമായി.. അതുപോലെ തന്നെ കുസുമം ആർ പുന്നപ്പുറക്കും.. കഥകളിയെപ്പറ്റി ജ്ഞാനം ഉണ്ട് ആ നല്ല വായനക്കരിയുടെ സംശയങ്ങൾക്ക് മറുപടി പറയാനാണ് സത്യത്തിൽ ഞാനീകുറിപ്പ് എഴുതിട്ടുടങ്ങിയത്..എന്നാൽ താങ്കളും സീതയും അതിനുൾല മറുപടി വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ ഇനിയൊരു സാഹസം വേണ്ടാ... രചയിതാക്കലേപ്പോലെ തന്നെ നല്ല നിരൂപണം നടത്തുന്ന വായനക്കാരേയും നമ്മൾ അഭിനന്ദിച്ചേ മതിയാകൂ..ഇത്തരുണത്തിൽ സംശയങ്ങളും അതിലൂടെ വിശദീകരണങ്ങളൂം നൽകി വായനക്കാർക്ക് അറിവ് പകർന്ന താങ്കൾക്കും,കുസുമത്തിനും വീണ്ടും സീതക്കും ഭാവുകങ്ങൾ

  ReplyDelete
 45. nalla kadha eniyum pratheeshikkunuu..

  ReplyDelete
 46. കൂടുതലൊന്നും പറയാനില്ല... 'മനോഹരം'

  ReplyDelete
 47. അഭിനന്ദനങ്ങള്‍ സീതാ..

  ReplyDelete
 48. ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിന്റെ
  ശരിയാണ്..ഇവൾക്ക് ആ ഭീമനേക്കാൾ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്നത് ദമയന്തിയെ തന്നെ...!
  കലി ആവേശിച്ച നളനാൽ ഉപേഷിക്കപ്പെട്ട ദമയന്തിയെ..!

  അനുഭവങ്ങളിൽ നിന്നുമുൾക്കൊണ്ട ആണിന്റെ മനോബലം ആയിരിക്കണം ഇവളെ അതിനു പ്രാപ്തയാക്കുന്നത്...
  അല്ലെങ്കിലും പുരുഷന്റെ തുണയില്ലാതെ കൌമാരത്തിലേക്ക് കടക്കുന്ന ഒരു മകളെ വളർത്തുന്ന അമ്മയ്ക്ക് ഈ ധൈര്യം കൂടിയെ തീരൂ....


  ഇവളെ കണ്ടറിഞ്ഞവർക്കേ ഇതുപോലെയൊക്കെ എഴുതുവാൻ സാധിക്കൂ....
  ഈ ആട്ടക്കാരിയുടെ ഉള്ളറിഞ്ഞ് നല്ലൊരു കഥാപാത്രമായി അവളിവിടെ ആടി തകർത്തു കേട്ടൊ സീതാജി

  ReplyDelete
 49. ..
  സ്ഥിരം ചര്‍ച്ചാ കേന്ദ്രമാകുന്നു സീതായനം, ഹ് മം.
  പുതു കാര്യങ്ങള്‍ ഇത്തിരിയെങ്കിലും ഇങ്ങനെയെങ്കിലും അറിയാന്‍ കഴിഞ്ഞതില്‍ നന്ദി പലര്‍ക്കും.

  ഓ : ടോ :- @ സീത >കല്ലുകടിയില്ലെങ്കില്‍ പുത്തരിയെന്ന പ്രയോഗം കാലഹരണപ്പെട്ട് പോകും<
  ..

  ReplyDelete
 50. ജീവിതത്തിന്റെ തീക്ഷണമായ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയവള്‍. മനോഹരമായി എഴുതി. പ്രമേയവും പ്രതിപാദനവും അസ്സലായി.
  അഭിനന്ദങ്ങള്‍ സീത.

  ReplyDelete
 51. വരട്ടെ ഇനിയും സീതയുടെ തുലിക തേടി കവിതകളും കഥകളും ആശംസകള്‍

  ReplyDelete
 52. വ്യത്യസ്തമായ അവതരണവും ഭാഷയും കൊണ്ട് വായനക്കാരെ അതിശയിപ്പിക്കുന്നു.കഥകളിയിലൂടെ ജീവിതം പറഞ്ഞപ്പോള്‍ മറക്കാനാവാത്ത അവുഭവപാഠമാവുന്നു.

  ReplyDelete
 53. fine narration.
  abhinandangal

  ReplyDelete
 54. എല്ലാവരും നന്നായിയരിക്കുന്നു എന്നു മാത്രം പറയുന്നു. എന്നാൽ കുഴപ്പമില്ലാതെ എഴുതി എന്നു പറയാനേ എനിക്ക് പറ്റു. സീത പക്ഷേ ഒരു കാര്യുത്തിൽ ആത്മാർതമായ അഭിനന്ദനം അർഹിക്കുന്നു കേട്ടോ. എല്ലാ വനിതകളും, എല്ലാ ബ്ലോഗിലും പ്രണയ കവിതകൾ മാത്രം എഴുതിക്കൊണ്ടിരിക്കുംബോൾ സീത വ്യത്യസ്തതയ്ക്കു വേണ്ടി ശ്രമിക്കുന്നല്ലോ. അതിനു അഭിനന്ദനങ്ങൾ...

  ReplyDelete
 55. കഥ വായിച്ചു.
  അരയില്‍ കത്തിയുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടുള്ള പോക്ക്
  നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
 56. ".അങ്ങനെയെങ്കിൽ ഈ ബ്ലോഗുലകത്തെ പലരോടും എഴുത്ത് നിർത്താൻ പറയേണ്ടി വരും താങ്കളുടേതടക്കം.."
  നിർത്താൻ ആരെങ്കിലും പറഞ്ഞോ?!. അങ്ങനെ തോന്നിപോയത് എന്റെ കുറ്റമല്ല!

  "അവതരിപ്പിക്കുന്നതാണു വ്യത്യസ്ഥമാവേണ്ടത്."
  തീർച്ചയായും! അതു തന്നെയാണ്‌ ഞാൻ പറഞ്ഞത്. അതും എന്റെ വായനാ അനുഭവം വെച്ചു കൊണ്ട് മാത്രം. അവതരണത്തിൽ വ്യത്യസ്തത പുലത്തി എന്നാണോ താങ്കൾ പറയുന്നത്?.. കഥകളി കലാകാരി എന്നൊരു വ്യത്യാസ്മൊഴികെ ഒരു വ്യത്യാസവും ഞാൻ കണ്ടില്ല. കഥയിലെ മുഹൂർത്തങ്ങൾ പോലും പലതവണ വായിച്ചതാണ്‌..അതാണ്‌ സങ്കടം.. പുതുമയുള്ള പ്രയോഗം, പുതുമയുള്ള സങ്കല്പ്പങ്ങൾ, പുതുമയുള്ള അവതരണ രീതി. ഇവയൊക്കെയാണ്‌ ഒരു രചനയെ വ്യത്യസ്തമാക്കുന്നത്. ഒന്നു കൂടി, വായിച്ച കഥകളിൽ കുട്ടിക്ക് ഒരു അസുഖം കൂടി കാണും!. പക്ഷെ അസുഖമെന്നോ, രോഗമെന്നോ പറയില്ല.. ‘ദീനം’- അങ്ങനയെ പറയൂ!. അങ്ങനെ ഒരു ദീനം പറയാതിരുന്നത് ആശ്വാസമായി.

  ReplyDelete
 57. പ്രിയ സീത,
  തികച്ചും വിത്യസ്തമായ ഈ കഥ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ഓരോ വിഷയങ്ങളിലും ഉള്ള സീതയുടെ അറിവിനെ കുറിച്ചോര്‍ത്തു ബഹുമാനം തോന്നുന്നു...ഇത്തവണയും സീതായാനം ഒട്ടും നിരാശപ്പെടുത്തിയില്ല..

  പിന്നെ, 'ക്ഷീരമുള്ലോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം' എന്ന രീതിയില്‍ കമന്റു ഇടുന്ന ഒരു മഹാന്‍ ഇവിടെയും തന്റെ തനി സ്വരൂപവുമായി എത്തിയി എന്ന് കാണാന്‍ കഴിയുന്നു..
  ഇത് ഇദ്ദേഹത്തിന്റെ ഒരു സ്ഥിരം പരിപാടി ആണെന്ന് ബൂലോകത്തെ പലര്‍ക്കും അറിയാം.. ഇപ്പോള്‍ സീതക്കും മനസിലായില്ലേ? സ്വന്തം കണ്ണില്‍ തടി കിടക്കുമ്പോള്‍ അന്യരുടെ കണ്ണിലെ കരെടുടയൂക്കാന്‍ പോകുന്ന ഇദ്ദേഹത്തിന്റെ രചനകള്‍ എടുത്തു പരിശോദിച്ചാല്‍ പലതും പകുതി വഴിയില്‍ വായന നിര്‍ത്തി നമ്മള്‍ എഴുന്നേറ്റു പോകും. അത് ഒരിക്കലും അദ്ദേഹത്തിന്റെ കുറ്റമല്ല വായനക്കാരന്റെ കുറ്റമാണ് എന്നും അദ്ദേഹം വിശ്വസിക്കുന്നു..
  ഏതായാലും സീത അദ്ദേഹത്തെ കാര്യമാക്കേണ്ടതില്ല കാരണം ഉറങ്ങുന്നവനെ മാത്രമേ ഉണര്‍ത്താന്‍ പറ്റൂ... ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ പറ്റില്ലല്ലോ...
  ഈ കമന്റു തന്നെ ഉദ്ദേശിച്ചാണ് എന്ന് ഒരാള്‍ക്ക്‌ മാത്രമേ തോന്നുകയുള്ളൂ... അദ്ദേഹത്തെ ഉദേശിച്ചു തന്നെ ആണിത്...

  സീത ഇനിയും വരിക...ഇത്തരം നല്ല നല്ല കഥകളുമായി...ആശംസകള്‍....

  ReplyDelete
 58. ഈ എഴുത്തിലും ഭംഗിയുള്ള നയന മനോഹരമായ ചായ കൂട്ടുകള്‍ കലര്‍ന്നിരിക്കുന്നു ... ജീവിതത്തിലെ പ്രതീക്ഷയുടെ ചായകൂട്ടുകള്‍ തേടി നല്ല വര്‍ണ്ണമുള്ള എഴുത്തിന് വേണ്ടിയുള്ള ചായകൂട്ടുകള്‍ ഇനിയും ഉണ്ടായി തീരട്ടെ സീതായനതിന്റെ ഭാവനയില്‍...ആശംസകള്‍,,

  ReplyDelete
 59. കഥയില്‍ ആയാലും ജീവിതത്തില്‍ ആയാലും ലോകത്തില്‍ എവിടെയും ഉള്ള മനുഷ്യരുടെ അവസ്ഥകള്‍ ഒന്ന് തന്നെയാണ് ..കഥകളി പോലെയുള്ള കേരളീയ നാശോന്മുഖമായ കലാരൂപങ്ങള്‍ വാണിജ്യ വല്ക്കരിക്കാതെ ഇപ്പോളും ഒരു തപസു പോലെ കൊണ്ട് നടക്കുന്ന ഒട്ടേറെ പ്രശസ്തരും അപ്രശസ്തരും ആയ കലാകാരന്മാരെ എനിക്ക് നേരിട്ടറിയാം .പലരും ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ കഷ്ടപ്പെടുന്നവര്‍ തന്നെ .കലാമാണ്ടാലത്തിലെ പ്രശസ്തനായ ഒരു വേഷക്കാരനെ (പേര് പറയാന്‍ നിര്‍വാഹമില്ല )പൊള്ളുന്ന വെയിലത്ത് കഥകളി വേഷത്തില്‍ ഓണക്കാലത്ത് ഞാന്‍ കണ്ടത് എറണാകുളത്ത് എം ജി റോഡിനു മുന്നിലുള്ള ഒരു സ്വര്‍ണക്കടയുടെ മുന്നിലാണ് .അവിടേക്ക് ആളെ ആകര്‍ഷിക്കാന്‍ വേണ്ടി ആ വേഷം കെട്ടിയാല്‍ അന്ന് മുന്നൂറു രൂപ കിട്ടുമായിരുന്നു അദ്ദേഹത്തിനു ..ഇത് പോലുള്ളവരുടെ കഷ്ടപ്പാടുകളെ പറ്റി ഒന്നും അറിയാത്തവര്‍ ദയവു ചെയ്തു അസ്ഥാനത്തുള്ള അഭിപ്രായങ്ങള്‍ പറഞ്ഞു സ്വയം ........

  ReplyDelete
 60. മഹേഷ്‌ വിജയന്‍റെ അഭിപ്രായത്തിനു താഴെ ഒരു കൈ ഒപ്പ്..

  പല ബ്ലോഗുകളിലും ഈ വ്യക്തി കമന്റുകള്‍ എഴുതി കണ്ടിട്ടുണ്ട്. പക്ഷെ നന്ന് എന്ന് ഇന്നേ വരെ പറഞ്ഞു കേട്ടിട്ടില്ല..എന്നാല്‍ ഈ വ്യക്തിയെ ബൂലോകത്ത് പലരും ശ്രദ്ധിക്കുന്നു എന്നറിഞ്ഞില്ല !
  വിമര്‍ശനങ്ങള്‍ നല്ലതാണു..അത് വിമര്‍ശനങ്ങള്‍ക്ക് വേണ്ടി മാത്രമാകുമ്പോള്‍ ആണ് കുഴപ്പം.


  സീതയുടെ പ്രതികരണവും ഇഷ്ട്ടപ്പെട്ടു. തുടര്‍ന്ന് എഴുതുക.

  ReplyDelete
 61. പുതുമയുള്ള കഥ. കൗമാരത്തിലെ ഒരു ആകര്‍ഷണത്തിന്് ജീവിതകാലം മുഴുവന്‍ പിഴയൊടുക്കേണ്ടി വന്ന നായിക. പക്ഷേ യുക്തിഭംഗം വരുത്തുന്നത് ഒരു ചെറിയ കാര്യം മാത്രം. 12 വര്‍ഷത്തേയോ മറ്റോ കഠിനശിക്ഷണം വേണ്ടേ കഥകളിക്ക്? പഠിച്ച നൃത്തം വച്ച് കഥകളി ആടാനാകുമോ? തോന്നിയ ഒരു സംശയം എഴുതി എന്നേ ഉള്ളു കേട്ടോ.

  off topic- കെ.സുരേന്ദ്രന്റെ സീതായനം വായിച്ചിട്ടുണ്ടോ? ബ്ലോഗ് പേരു കണ്ടു ചോദിച്ചുവെന്നേയുള്ളു.

  ReplyDelete
 62. ‘ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം..’ ആശംസകൾ...

  ReplyDelete
 63. ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിന്റെ അനുഭവങ്ങളിൽ നിന്നുമുൾക്കൊണ്ട ആണിന്റെ മനോബലം ആയിരിക്കണം എന്നെ അതിനു പ്രാപ്തയാക്കുന്നത്...

  കഥകളിയും ജീവിതവും സമന്വയിപ്പിച്ചുള്ള രചന ആണ് വളരെ ഉയരത്തില്‍ എത്തിച്ചിരിക്കുന്നത്. കഥ വായിക്കുമ്പോള്‍ ഒരു പ്രത്യക അവസ്ഥയിലൂടെ സഞ്ചരിക്കുന്നത് പോലെ ഒരിത് വന്നു. നല്ലോരനുഭവസുഖം നല്‍കിയ വായന തെളിമയാര്‍ന്ന കഥയിലൂടെ ലഭിച്ചു.

  അല്പം വൈകി എത്തിയതിനാല്‍ എല്ലാ അഭിപ്രായങ്ങളും കാണാന്‍ കഴിഞ്ഞു, കൊതിക്കെറുവ് പോലെ ചില അഭിപ്രായങ്ങളും....

  ReplyDelete
 64. ..
  കഥയിലെ ജീവിതത്തെപ്പറ്റി ആവര്‍ത്തനവിരസമെന്ന അഭിപ്രായങ്ങ(ള്‍)ക്ക് രമേഷ് അരൂറിന്റെ മറുപടി അങ്ങട്ട് ഇഷ്ടപ്പെട്ടു.
  അതിനൊരു ചിയേര്‍സേ...യ്!!

  ഒരു വ്യഴവട്ടക്കാലത്തിന്റെ പരിശീലനം വേണമെന്നതൊക്കെ കഥകളിയുടെ ടെക്നിക്കല്‍ വശം അറിയാത്തവക്ക് അറിവാണ്,

  അതില്‍ ഒരു നിരീക്ഷണം, ‘കഥകളി പഠിച്ച് അവതരിപ്പിക്കാനുള്ള കാലയളവ് കഥയിലെ കഥാപാത്രത്തിന്റെ പ്രായം കണ്ടെടുത്താല്‍ മതിയാകുമെന്ന് തോന്നുന്നു..’
  ..

  ReplyDelete
 65. കഥകളിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടിയാണ് വീണ്ടു ഈ വഴി വന്നത്.. രമേശ്‌ ചേട്ടന്റെയും സീതയുടെയും വിശദീകരണങ്ങളും വിവരണങ്ങളും നന്നേ ബോധിച്ചു.. ഇനിയും അറിയാത്ത വശങ്ങള്‍ കഥകളിയില്‍ ഉണ്ടെന്നു പറഞ്ഞു തന്നു.. ഇനിയും പഠിക്കാനുള്ള ആഗ്രഹം കൂടിയിരിക്കുന്നു.. സീതയോട് നന്ദി പറയുന്നു ഈ കഥയില്‍ തുടങ്ങിയ ചര്‍ച്ച വിജ്ഞാനപ്രഥമാക്കിയതിനു..

  സാബുവിനോട് പറയാനുള്ളത്.. വിമര്‍ശനങ്ങള്‍ ഒരാളെ വളര്‍ത്താനുള്ളതാവണം.. അല്ലാതെ രൂക്ഷ വിമര്‍ശനങ്ങള്‍ കൊണ്ട് ഒരാളെ പരിഹസിക്കുന്ന രീതിയില്‍ ആവരുത് എന്ന്.. സാബു പറഞ്ഞ അതെ ന്യൂനത എനിക്കും തോന്നിയിരുന്നു.. ഞാന്‍ അത് സാബുവിന് മുന്‍പേ പറഞ്ഞിരുന്നു.. ആ അഭിപ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുമുണ്ട്.. പക്ഷെ ഞാന്‍ പറഞ്ഞ രീതിയില്‍ വ്യത്യാസമുണ്ട് താനും..

  സീതയോട്.. എനിക്ക് പറയാനുള്ളത് real artന്‍റെയും craftന്‍റെയും അതിര്‍വരമ്പുകളെ കുറിച്ചാണ്.. ഈ കഥയില്‍ മുന്‍പ് സൂചിപ്പിച്ച ഭാഗം കഥയില്‍ സ്വാഭാവികമായി എഴുതിയതെങ്കില്‍ അത് സീതയുടെ രചന സങ്കേതത്തിന്റെ ശുഷ്കതയാകും.. അത് പറയാതെ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സീതയ്ക്കാകുമായിരുന്നു.. അല്ല, സീത വായനക്കാരന് ആ കഥാപാത്രത്തിന്‍റെ ദൈന്യത വെളിവാക്കാനാണ് അത് മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതെങ്കില്‍ അത് വായനക്കാരന് spoon feeding നടത്തുന്നതിനു തുല്യം ആയി പോയി എന്നെ പറയാനുള്ളൂ.. കുറച്ചു ബുദ്ധി വായനക്കാരനുണ്ട് എന്ന് കരുതണം.. അവരുടെ യുക്തി ചിന്തകള്‍ക്കും ഭാവനക്കും വിട്ടു കൊടുക്കാമായിരുന്നു അതെന്നെ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ..

  ബ്ലോഗിനുമപ്പുറം മുഖ്യധാര സാഹിത്യം ആസ്വദിക്കുന്ന ഒരു സഹൃദയവൃന്ദം സീതയുടെ കഥകള്‍ കാത്തിരിപ്പുണ്ട്.. ആ സാഹിത്യ ലോകത്ത് സീത മാറ്റുരക്കേണ്ടത് ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ സൃഷ്ടികളോടാണ്.. അത് കൊണ്ട് മാത്രം പറയുന്നു ഇതൊക്കെ.. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഒരു അനിയന്‍റെ അറിവില്ലയ്മയായ്‌ കരുതി പൊറുക്കുക.. സ്നേഹപൂര്‍വ്വം..

  ReplyDelete
 66. ചാണ്ടിച്ചായന്‍...തേങ്ങ ഉടച്ച് ഉൽഘാടിച്ചതിനാദ്യം നന്ദി...പിന്നെ എന്റെ കഥയെ ഉൾക്കൊണ്ടതിനും..

  ശ്രീക്കുട്ടന്‍, SHANAVAS, ....നന്ദി സന്തോഷം ഈ വാക്കുകൾക്ക്...

  anupama....നന്ദി ചേച്ചീ...കർണ്ണൻ എന്നെയും ആകർഷിച്ച വ്യക്തിത്വം തന്നെ..

  ദിവാരേട്ടn...ബാക്കിയാവില്ലാരുന്നു കീചകൻ...പക്ഷേ അപ്പോഴെക്കും കലാശക്കൊട്ടായില്ലേ...ഹിഹി...നന്ദി

  *സൂര്യകണം......ഉവ്വ്...എല്ലാ നിർദ്ദേശങ്ങളും ഞാൻ വിശകലനം ചെയ്ത് ആവശ്യമെന്നു കണ്ടാൽ പ്രയോജനപ്പെടുത്താറുണ്ട്..നന്ദി നിർദ്ദേശത്തിനും അഭിപ്രായത്തിനും...

  jayaraj, ഷൈജു.എ.എച്ച്, ente lokam, Jefu Jailaf, തൂവലാൻ, Jazmikkutty, moideen angadimugar, lekshmi. lachu, ഷമീര്‍ തളിക്കുളം, നികു കേച്ചേരി, ശ്രീനാഥന്‍, ഭാനു കളരിക്കല്‍, ബെഞ്ചാലി, Pradeep paima, SAJAN S, ഷബീര്‍ (തിരിച്ചിലാന്‍), മുല്ല, ജീ . ആര്‍ . കവിയൂര്‍, Salam, Fousia R, മനോജ്‌ വെങ്ങോല, ഉമ്മു അമ്മാര്‍, വി.എ || V.A, Pradeep Kumar, Prajil Aman (പ്രജില്‍ അമന്‍), shaina...., വര്‍ഷിണി, SUDHI, ....നന്ദി സന്തോഷം ഈ സന്ദർശനത്തിനും വാക്കുകൾക്കും..


  ചെറുത്*...തൊപ്പിപ്പൊക്കൽ സ്വീകരിച്ചിരിക്കുന്നു..ഹിഹി..അതൊന്നും വേണ്ടല്ലോ സുഹൃത്തെ...നന്ദി ഈ വരവുകൾക്കും വാക്കുകൾക്കും

  ajith...സ്നേഹം നിറഞ്ഞ ഈ പ്രവചനത്തിനു നന്ദി..

  ചെറുവാടി...ഇവിടെയൊതുങ്ങുന്നു സീത...ഹിഹി..ആനുകാലികങ്ങളിലൊന്നും ഇല്യാ ട്ടോ

  JITHU...ഇത് ശരിയായില്ല്യാ ട്ടോ സഖേ...ഇങ്ങനെ പറഞ്ഞൊരു പോക്ക്...ഹിഹി..നന്ദി വായനയ്ക്ക്

  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....ജീവിതവും അഭിനയവും ഒന്നാകുന്ന നിമിഷം...ചിലയിടത്തെങ്കിലും അതുണ്ടാവുന്നുണ്ട്...നന്ദി ഏട്ടാ

  Vayady....നന്ദി സഖീ...

  പടാര്‍ബ്ലോഗ്‌, റിജോ...അഭിപ്രായങ്ങൾ എന്തായാലും ഞാനത് സ്വീകരിക്കും..അതിൽ കഴമ്പുണ്ടെങ്കിൽ ഉൾക്കൊള്ളുകയും ചെയ്യും...നന്ദി

  മഹേഷ്‌ വിജയന്‍, Villagemaan, ഈ രണ്ടഭിപ്രായങ്ങളിലും പറഞ്ഞിരിക്കുന്നത് തന്നെ എനിക്കും പറയാനുള്ളൂ..ആളു പറയട്ടെ മതിയാവോളം...സ്വയം ചെളിവാരി തേയ്ക്കുവാണെന്നു തിരിച്ചറിയുവോളം...നന്ദി ഈ അഭിപ്രായങ്ങൾക്ക്

  രമേശ്‌ അരൂര്‍...മനുഷ്യനു മനുഷ്യനെ കാണാൻ കണ്ണുകൾ വേണ്ടേ ഏട്ടാ...എല്ലാവർക്കും തിമിരം...ഹിഹി

  maithreyi...നന്ദി ഈ ആദ്യ സന്ദർശനത്തിന്...സീതായനം വായിച്ചിട്ടുണ്ട്...അതിന്റെ ഏഴയലത്തു വരില്യാ ഈ സീതായനം...ഇതീ സീതയുടെ മാത്രം യാത്ര..കഥകളി അവൾ കൃത്യമായി പഠിച്ചിരുന്നു...ജീവിത യാത്രയിൽ ഉപേഷിക്കേണ്ടി വന്നു...വീണ്ടും എടുത്തണിയുന്നു..ഒരിക്കൽ പഠ്ഹിച്ച ആൾക്ക് പിന്നെ കുറച്ചു നാളുള്ള അഭ്യാസം മതിയാവും..അതും സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ...നായികയുടെ പ്രായത്തെക്കുറിച്ച് കഥയിൽ നിന്നും മനസ്സിലാവും..

  Sandeep.A.K...നിർദ്ദേശം ശ്രദ്ധിക്കുന്നതായിരിക്കും...

  മറ്റുള്ളവർക്കുള്ള മറുപടികൾ ഞാൻ നേരത്തെ നൽകിയിരുന്നു...അഭിപ്രായം പറഞ്ഞ എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി

  ReplyDelete
 67. bahuvidha vesham......bahu vidha varnam.......ee jeevitha yaanam...

  ReplyDelete
 68. ബ്ലോഗ്‌ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഓട്ട പ്രദക്ഷിണം ആണ് പോസ്റ്റ്‌ വായിച്ചു നന്നായിരിക്കുന്നു . ഭാവുകങ്ങള്‍

  ReplyDelete
 69. jayalekshmi ....ഉവ്വ്..കെട്ടിയാടുന്ന വേഷങ്ങൾക്കൊടുവിൽ വേഷങ്ങളഴിച്ച് യവനികയിൽ മറയണം...നന്ദി..

  ഗുല്‍മോഹര്‍...ഈ ഓട്ട പ്രദക്ഷിണത്തിനിടയ്ക്ക് സീതായനവും സന്ദർശിച്ചതിനു നന്ദി

  ReplyDelete
 70. sita, just go thru this when u get time.couldn't find ur mail id in the blog and hence giving the link here.http://www.keralakaumudi.com/news/print/varandhyam/varandhyam.pdf.
  cud u pls mail to me?

  ReplyDelete