Thursday, March 20, 2014

കഥ പറയുന്ന ശിലകൾ...

“ദേവീ, ഇവിടെയടുത്ത് ചരിത്രമുറങ്ങുന്ന സ്ഥലം ഏതാണുള്ളത്..?”
“ താനീ നാട്ടുകാരിയല്ലേ?” ,
ആൻസിയുടെ ചോദ്യം ഒരല്പം ചിന്തകളെ പിടിച്ചുലയ്ക്കാതിരുന്നില്ല.
കൊല്ലത്തു നിന്നും വല്ലപ്പോഴും സന്ദർശനത്തിനെത്തുന്ന ആൻസിയും കുടുംബവും.
അവരെക്കൂട്ടി കേരളത്തിന്റെ അതിർത്തി കടക്കുമ്പോൾ പദ്മനാഭപുരം കൊട്ടാരവും കന്യാകുമാരിയുമൊക്കെയായിരുന്നു മനസ്സിൽ.
പക്ഷേ..
പതിവിൽ നിന്നും വേറിട്ട് എന്തെങ്കിലും കാട്ടിക്കൊടുക്കണമെന്ന ചിന്തയ്ക്ക് തിരികൊളുത്തിയത് അവളുടെ പെട്ടെന്നുള്ള ഈ ചോദ്യമായിരുന്നു.
ചരിത്രസംഹിതകളുടെ അനന്തസാഗരവും പേറി കന്യാകുമാരിയും ശുചീന്ദ്രവുമൊക്കെ നിലകൊള്ളുമ്പോഴും ചിന്തകൾ വേറിട്ടൊരു കാഴ്ചയ്ക്കായി അലയുകയായിരുന്നു.
ചിതറാലിന്റെ പ്രകൃതിദത്ത മനോഹാരിത മാനുഷിക വ്യവഹാരങ്ങൾക്കൊടുവിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് സന്ദീപിന്റെ വാക്കുകളിൽ നിന്നും തിരുച്ചറിഞ്ഞതു കൊണ്ടാവണം അങ്ങോട്ടു പോകാൻ തോന്നിയില്ല.
അപ്രതീക്ഷിതമായൊരു ചിന്ത പെട്ടെന്ന് മിന്നായം പോലെ തെളിഞ്ഞുമാഞ്ഞു.
മാർത്താണ്ടത്തു നിന്നും വലത്തോട്ട് തിരിയുന്നതിനു പകരം ഇടത്തോട്ടായി യാത്ര.
ഡ്രൈവിംഗിലെ വന്യതയോ കാഴ്ചകളുടെ വശ്യതയോ പുറത്തോട്ട് നോക്കിയിരിക്കാൻ അവളെ പ്രേരിപ്പിച്ചിരിക്കണം ..
കുട്ടികൾ പുറകിൽ അവരവരുടെ ലോകത്താണ്.
“ചിതറാലിലേക്കാണോ?”
ആകാംഷ മുറ്റിയ ചോദ്യത്തിനു മറുപടി നൽകാൻ തോന്നിയില്ല.
ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി മാത്രം ഒളിപ്പിച്ചു വച്ചു , “കണ്ടോളൂ” എന്ന അർത്ഥത്തിൽ.
പ്രകൃതിഭംഗി ആസ്വദിക്കാനുള്ള അവളുടെ അവകാശത്തെ നിഷേധിക്കേണ്ടെന്ന് തോന്നിയതു കൊണ്ട് വളരെപ്പതിയെ ആണ് കാറോടിച്ചത്.
അതുകൊണ്ട് തന്നെ പത്തു മിനിട്ടു കൊണ്ട് എത്തിച്ചേരാവുന്ന കുലശേഖരത്തെത്താൻ അരമണിക്കൂറെടുത്തു.
“ഈ വഴി എങ്ങോട്ടാ ദേവി പോണെ?”
ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുന്ന വഴിയിലേക്ക് നോക്കിയാണ് ചോദ്യം.
“ഇത് പെരിഞ്ചാണി ഡാമിലേക്ക് പോകുന്ന വഴിയാണ്. ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്ത് പണികഴിപ്പിച്ചതാണ് ആ ഡാം.ഇതുവഴി പോയാൽ പൊന്മന, മംഗലം തുടങ്ങിയ സ്ഥലങ്ങളും കാണാം”.
പഠിക്കുന്ന കാലത്ത് എന്റെ നിശ്ശബ്ദതയ്ക്ക് ഭീഷണിയായി ചോദ്യങ്ങളുയർത്തി അല്പം നീരസം സമ്പാദിച്ചിരുന്ന കൂട്ടുകാരിയോട് ഇത്തവണ മറുപടി പറയുമ്പോൾ , പക്ഷേ സഹിഷ്ണുതാമനോഭാവമായിരുന്നു.
ഒരു ഗൈഡിന്റെ ഉത്തരവാദിത്വം ഭരിച്ചിരുന്നോ ?
നിമിഷങ്ങൾക്കുള്ളിൽ കോൺ‌വെന്റ് ജംഗ്ഷനിലെത്തി.
ഇടത്തോട്ട് തിരിഞ്ഞാൽ തൃപ്പരപ്പു വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയായി.
കുറ്റാലത്തിന്റെ ചെറിയൊരു പതിപ്പാണ് തൃപ്പരപ്പിലുള്ളത്.
കാറ് വളവുതിരിവുകൾ ശ്രദ്ധിക്കാതെ നേരെയുള്ള റോഡിലൂടെ ഓടി.
തെല്ലാശ്ചര്യത്തോടെ അവൾ തിരക്കി, “പേച്ചിപ്പാറ ഡാമിലേക്കുള്ള വഴിയെന്നാണല്ലോ അവിടെ എഴുതി വച്ചിരിക്കുന്നത്. നമ്മളങ്ങോട്ടേക്കാണോ?”
ചെറിയൊരു പുഞ്ചിരിയോടെ അവളുടെ സംശയനിവാരണം നടത്തുമ്പോൾ അറിയാതെ ഒരു മുത്തശ്ശിയുടെ ഭാവമുൾക്കൊള്ളുകയായിരുന്നുവോ?
1897-1906 കാലഘട്ടത്തിൽ കല്ലാർ, ചിറ്റാർ, കുറ്റ്യാർ എന്നീ കൈവഴികളുടെ പ്രഭവസ്ഥാനമായ കോടയാർ നദിയുടെ മുകളിലായിട്ടാണ് പേച്ചിപ്പാറ ഡാം സ്ഥാപിച്ചത്.
ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ മേൽനോട്ടത്തിൽ ഹംബാരി അലക്സാണ്ടർ മിഞ്ചൻ എന്ന ഇംഗ്ലീഷ് എഞ്ചിനീയർ പണി കഴിപ്പിച്ചതാണീ ജലസംഭരണി.
നാട്ടുഭാഷയിൽ അദ്ദേഹം മിഞ്ചൻ ധ്വര എന്നാണറിയപ്പെട്ടിരുന്നത്.
                                                    -പേച്ചിപ്പാറ ഡാം- ചിത്രം ഗൂഗിളിന്റേത്
മിഞ്ചൻ‌ധ്വര സഞ്ചരിച്ചിരുന്നത് വില്ലുവണ്ടിയിലായിരുന്നുവത്രെ.
അതും കേശവൻതമ്പിയുടെ വീട്ടിലെ വില്ലുവണ്ടിയിൽ.
അന്നാ പരിസരപ്രദേശങ്ങളിൽ പ്രമുഖർക്ക് സഞ്ചരിക്കാൻ പറ്റിയ ആഡംബരപൂർവ്വമായ വില്ലുവണ്ടി ഉണ്ടായിരുന്നത് അച്ഛൻ വീട്ടിലായിരുന്നു എന്നുള്ളത് അഭിമാനിക്കാൻ പറ്റുന്നതിനെക്കാൾ തെല്ല് അലോസരമാണുണ്ടാക്കിയിട്ടുള്ളത്.
മഹാനായ ദേശാഭിമാനി വേലുത്തമ്പി ദളവ പിറന്ന ശാഖ..
അദ്ദേഹത്തിനൊരപമാനം എന്ന വണ്ണം ഒരു വെള്ളക്കാരനു ഗതാഗത സംവിധാനം ഒരുക്കി വിനീതവിധേയരായി ഒതുങ്ങി നിന്ന പഴമയെ ഉൾക്കൊള്ളാനിപ്പോഴും മനസ്സനുവദിക്കുന്നില്ല.
ലക്ഷ്യം പേച്ചിപ്പാറ ഡാമല്ലായിരുന്നുവെന്ന് അവൾക്ക് മനസിലായത് ആ വഴിയിൽ ഏതാണ്ട് ഒരു കിലോമീറ്ററോളം പോയി കാർ ഇടത്തോട്ട് തിരിഞ്ഞപ്പോഴാണ്.
വഴിവക്കിൽ “തിരുനന്തിക്കര” എന്നെഴുതിവച്ചത് ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ടാവില്ലെന്ന് ആകാംഷമുറ്റിയ ആ കണ്ണുകൾ വിളിച്ചറിയിച്ചു.
ഏകദേശം അരകിലോമീറ്ററോളം പോകേണ്ടി വന്നതേയുള്ളൂ, യാത്രയുടെ സസ്പെൻസ് പൊളിച്ചുകൊണ്ട് തിരുനന്തിക്കര മഹാദേവക്ഷേത്രം ദൃശ്യമായി.
കാറൊതുക്കിയിട്ട് അവളോടും കുഞ്ഞുങ്ങളോടുമൊപ്പം ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നടക്കുമ്പോൾ മനസിനു വല്ലാത്ത ശാന്തതയായിരുന്നു.
                                              -തിരുനന്തിക്കര മഹാ‍ദേവക്ഷേത്രം-
തമിഴ്നാട്ടിൽ ശിവരാത്രിയോടനുബന്ധിച്ച് നടത്തുന്ന ശിവാലയം ഓട്ടം എന്ന ചടങ്ങിൽ ഭക്തർ സന്ദർശിക്കുന്ന പന്ത്രണ്ട് ശിവക്ഷേത്രങ്ങളിൽ നാലാമത്തേതാണ് തിരുനന്തിക്കര മഹാദേവക്ഷേത്രം.
ഇതിന്റെ മറ്റൊരു പ്രത്യേകത ഇവിടെത്തന്നെ എതിർവശത്തായി വിഷ്ണുവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതാണ്.

വിശാലമായ ചുറ്റമ്പലം വലം വയ്ക്കുമ്പോൾ മനസിലൊരു നോവു പോലെ കൂവളം നിൽക്കുന്നത് കാണാതെപോകാൻ തോന്നിയില്ല.
മനസിൽ നന്മയുള്ള അമ്പലവാസികൾ ഒരുപാട് കഥകൾ പറഞ്ഞു തന്നു ക്ഷേത്രത്തെക്കുറിച്ചും മറ്റും.
രാത്രികളിൽ ജീവൻ വച്ച് തീറ്റതേടുന്ന നന്തികേശനെക്കുറിച്ചുള്ള കഥയായിരുന്നു അതിലേറ്റവും ആകർഷകമായി തോന്നിയത്.
ആതിഥേയ സംസ്കാരം പരിഷ്കാരികളെന്നൂറ്റം കൊള്ളുന്ന നമ്മൾ അവരിൽ നിന്നും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് മുകളിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകളുണ്ട്.
തുടർച്ചയായ പടിക്കെട്ടുകളല്ലവ.
അഞ്ചാറു പടികൾക്കു ശേഷം നടക്കാൻ കുറച്ച് സ്ഥലം, വീണ്ടും പടികൾ, അങ്ങനെ.

ഇരുവശത്തും ഭംഗിയായി വെട്ടിയൊരുക്കി വിട്ടിരിക്കുന്ന പച്ചപ്പിന്റെ വേലി.
മുകളിലേക്ക് കയറുമ്പോൾ ഇടയ്ക്കൊരു അതിർത്തി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു.
കൂടെ വന്ന ക്ഷേത്രം സൂക്ഷിപ്പുകാരനാണത് വിശദീകരിച്ചത്.
ആ അതിർത്തിക്ക് മുകളിലോട്ട് ദേശീയ പുരാവസ്തുവകുപ്പിന്റെയും താഴേക്ക് സംസ്ഥാനഗവണ്മെന്റിന്റേയും നിരീക്ഷണത്തിലാണത്രേ കാര്യങ്ങൾ നടക്കുന്നത്.
പരസ്പരമുള്ള ഈ വേർതിരിവ് ക്ഷേത്രങ്ങളുടെ വികസനകാര്യങ്ങളിൽ ഒട്ടേറെ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് സ്ഥലവാസികൾക്കൊപ്പം ഞങ്ങൾക്കും ആശങ്ക തോന്നാതിരുന്നില്ല.
അങ്ങകലെ മലമടക്കുകൾക്കുള്ളിൽ, ഒളിപ്പിച്ചു വച്ചതുപോലെ ആ ഗുഹാക്ഷേത്രം കാണാം.
ചരിത്രമുറങ്ങുന്ന ശിലകൾ.
ഒരായിരം കഥകൾ നെഞ്ചോട് ചേർത്തുപിടിച്ച് അവരങ്ങനെ കാലാതീതരായി നിലകൊള്ളുന്നു.

ഏഴാം നൂറ്റാണ്ടിൽ ജൈനന്മാർ സ്ഥാപിച്ച ഈ ക്ഷേത്രം കാലക്രമേണ ഹിന്ദുമതത്തിലേക്ക് ദത്തെടുക്കപ്പെടുകയായിരുന്നു.
ആദ്യം തെക്കേ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മഹാദേവക്ഷേത്രത്തെ പിന്നീട് തമിഴ്നാടു സർക്കാറും ഗുഹാക്ഷേത്രത്തെ പുരാവസ്തു വകുപ്പും ഏറ്റെടുക്കുകയുണ്ടായി.
പടികയറി മുകളിലെത്തിയാൽ ക്ഷേത്രമുൾക്കൊള്ളുന്ന പാറയാണ്.
ഇടതുവശത്ത് സന്ദർശകർക്കുവേണ്ടി ചരിത്രപ്രാധാന്യം ഉൾക്കൊള്ളിക്കുന്ന രേഖകളുടെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

പാറയിൽ വെട്ടിയുണ്ടാക്കിയ പടികൾ ക്ഷേത്രത്തിലേക്ക് സന്ദർശകനെ സാകൂതം ക്ഷണിക്കും.
മുകളിൽ അവനായി ഒരത്ഭുതപ്രപഞ്ചം ഒരുക്കിവച്ച് കാത്തിരിക്കുന്നുണ്ട് കാലമെന്നറിയിക്കാതെ..
അവിടെ പഴയകാല എഴുത്തുകളുടെ മായികപ്രപഞ്ചമുണ്ട്...
ഭിത്തിയിൽ മുഴുവൻ വട്ടെഴുത്തുകളാണ്..
തിരുനന്തിക്കര ശിലാശാസനങ്ങൾ എന്നു കാലം വാഴ്ത്തുന്ന വിളംബരങ്ങൾ.

ആറോളം ശാസനങ്ങളിവിടെ കൊത്തിവച്ചിട്ടുണ്ട്.
ഒന്നാമത്തേത് ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റേതാണെന്ന് വിശ്വസിക്കുന്നു.
ചാത്തൻ മുരുകന്റെ മകൾ ചേന്തിയെ വിവാഹം ചെയ്ത് അവളുടെ ചെലവിനായി ദാനം നൽകിയ ഭൂമിയുടെ ചേപ്പാടാണ് ശാസനരൂപത്തിൽ അതിൽ ആലേഖനം ചെയ്തിട്ടുള്ളത്.

കൊടുങ്ങല്ലൂരിലെ ചേരരാജാവയ കുലശേഖരദേവന്റെ മകൾ നടത്തിയ ക്ഷേത്രശാസനമാണ് രണ്ടാമത്തേത്.
തിരുനന്തിക്കര ഭട്ടാരകനു കെടാവിളക്കിനു വേണ്ടി ധനം ദാനം ചെയ്ത രേഖയാണത്.
ആ സമയത്ത് അവിടെ സന്നിഹിതരായിരുന്നവരുടെ വിവരങ്ങളും ശാസനത്തിൽ പരാമർശിച്ചിട്ടുണ്ട്.

രാജരാജചോളന്റെ നാളായ അല്പശിയിലെ ചതയം നാളിൽ ആറാട്ടോടുകൂടി ഉത്സവം നടത്താനും രാജാവിന്റെ പേരിൽ അന്നേദിവസം ഒരു വാടാവിളക്ക് കത്തിക്കാനുമായി ക്ഷേത്രത്തിലേക്ക് കന്യാകുമാരി ജില്ലയിലെ മുട്ടം എന്ന ഗ്രാമം ദാനമായി നൽകുന്നതാണ് മറ്റൊരു ശാസനമായി അവിടെ കൊത്തിവച്ചിരിക്കുന്നത്.

തിരുനന്തിക്കരയിലെ ഗണപതിക്ക് പൌരമുഖ്യർ ഭൂദാനം ചെയ്യുന്നതിനെക്കുറിക്കുന്നതാണ് നാലാമത്തെ ശാസനമെങ്കിൽ നാഞ്ചിനാട്ട് വേങ്കോട്ടുമലയിൽ അമ്പി എന്ന അരയൻ കെടാവിളക്ക് കത്തിക്കാൻ ഒരു വിളക്കും അതിൽ പകരാനുള്ള നെയ്യുണ്ടാക്കാനായി പാലെടുക്കാൻ ഒമ്പതു എരുമകളേയും ദാനം ചെയ്യുന്നതാണ് അഞ്ചാമത്തെ ശിലാശാസനം.

മംഗലച്ചേരി ശിവാകരൻ എന്നൊരാൾ തിരുവല്ലയിലേയും തിരുനന്തിക്കരയിലേയും ഭട്ടാരകന്മാർക്ക് ക്ഷേത്രാവശ്യങ്ങൾക്കായി ഭൂമി ദാനം ചെയ്ത രേഖകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ശാസനം ഗുഹാക്ഷേത്രത്തിനകത്തായിട്ടും കാണാൻ കഴിയും.
ശിലകൾ കഥപറയുന്ന ശാസനങ്ങളുടെ ലോകത്തു നിന്ന് വാതിൽ കടന്ന് അകത്തു കയറിയാൽ വർണ്ണങ്ങളുടേയും വരകളുടേയും അത്ഭുതലോകമാകും നമ്മെ എതിരേൽക്കുക.
ഒമ്പതും പത്തും ശതകത്തിലെ ആരോ വരച്ച ചിത്രങ്ങളാണ് ചുമരിലും മച്ചിലുമൊക്കെ. രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാസന്ദർഭങ്ങളാണു പകർത്തിയിട്ടുള്ളത്.
ഒക്കെയും ഇലച്ചാർത്തുകളും പ്രകൃതിവിഭവങ്ങളും ചാലിച്ച നിറക്കൂട്ടുകൾ കൊണ്ട്..
ഗുരുവായൂരിലെ ചിത്രകലകൾ പോലെ..
കാലം നിറം മങ്ങിച്ച വർണ്ണവിസ്മയങ്ങൾ പ്രകൃതിയുടെ ക്യാൻവാസിൽ പുത്തൻ‌തലമുറയിലെ സർഗ്ഗവൈഭവത്തെ വെല്ലുവിളിയോടെ നേരിടുന്ന കാഴ്ച.
ഉള്ളിലുള്ള ചിത്രങ്ങൾ പകർത്താനുള്ള അനുമതിയില്ലാത്തതിന്റെ നേർത്ത നൊമ്പരത്തോടെ പടിയിറങ്ങി.
ഗുഹാക്ഷേത്രത്തിൽ നിന്നും തിരിച്ച് നടക്കാൻ തുടങ്ങിയപ്പോഴാണ് ക്ഷേത്രക്കാവൽക്കാരൻ ചോദിച്ചത് അതിനു പുറകിലെ മലമുകളിലുള്ള ശിവപ്രതിഷ്ഠ ദർശിക്കുന്നില്ലേയെന്ന്.
അങ്ങനൊരു സംഭവം അവിടുള്ളത് അറിയാമായിരുന്നില്ല.
കൂടുതൽ ചിന്തിച്ചു നിൽക്കാതെ ഞങ്ങൾ വലതു ഭാഗത്തു കണ്ട വഴിയിലൂടെ നടന്നു. കുറച്ച് മുന്നോട്ട് പോകുമ്പോൾ മുകളിലെ പാറയിലേക്ക് കയറാനുള്ള വഴി തെളിഞ്ഞു.
അതിലൂടെ തപ്പിയും തടഞ്ഞും കയറി.
ക്ലേശകരമായ യാത്ര എന്നു വെറുതേ പറയുന്നതിൽ അർത്ഥമില്ല.
ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ വീഴാതെ കേറുന്നത് തീർത്തും ആയാസകരം തന്നെ.

മലമടക്കുകളാൽ പ്രകൃതി തീർത്ത പടിക്കെട്ടുകളിലൂടെ മുകളിലെത്തിയാൽ ഒരു വടവൃക്ഷച്ചുവട്ടിൽ കാറ്റും വെയിലും മഴയുമൊക്കെയേറ്റ് സുസ്മേരവദനനായിരിക്കുന്നുണ്ട് സംഹാരകൻ.

അതിനു മുന്നിൽ കണ്ണാടിക്കൂട്ടിൽ എന്തോ കണ്ട് ഞങ്ങൾ ആകാംഷയോടെ നോക്കി.

കല്ലിൽ ഒരു പാദം പതിഞ്ഞ പാട്. അതിനെ മഹാദേവപാദമെന്ന സങ്കൽ‌പ്പത്തിൽ കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ച് പൂജകൾ നടത്തുന്നു.

ആദിമമനുഷ്യൻ അവശേഷിപ്പിച്ചു പോയ അടയാളമായിരിക്കാം എന്ന യുക്തിചിന്ത മനസിൽ വേരോടുമ്പോഴും ഭക്തിസാന്ദ്രമായ മനസ്സ് മന്ത്രിച്ചു “ഓം നമഃ ശിവായഃ”.

പതിയെ വൃക്ഷപൂജാമന്ത്രം ചൊല്ലി വലം വച്ചു.
അതിനിടയിലാണു പുറകിൽ വീണ്ടും നീണ്ടു നിവർന്നു കിടക്കുന്ന പർവ്വത ശിഖരങ്ങൾ കാഴ്ചയിൽ‌പ്പെട്ടത്.
പിന്തിരിയാനൊരുങ്ങുന്ന മനസിനെ അവ തങ്ങളിലേക്ക് മാടി വിളിച്ചു കൊണ്ടിരുന്നു.

രണ്ടും കൽ‌പ്പിച്ച് കയറി.
മുകളിലെ സുരക്ഷിതമെന്നു തോന്നിക്കുന്ന ഉയരത്തിലെത്തി താഴേക്ക് നോക്കുമ്പോൾ അങ്ങകലെ ആരോ ഒരാൾ കിടക്കുമ്പോലെ സഹ്യാദ്രി മോഹിപ്പിക്കുന്നുണ്ടായിരുന്നു.

 
നേർത്ത ജലകണികകളുടെ മുത്തണിഞ്ഞ് മലകയറി വരുന്ന തെക്കൻ കാറ്റ്..
നിശ്ശബ്ദമായ അന്തരീക്ഷം.. 
ഭക്തിയുടെ നിറവിൽ മഹാദേവൻ. 
ഒന്നു മെഡിറ്റേഷൻ ചെയ്യാൻ ആരും കൊതിക്കുന്ന സന്ദർഭം..
സ്വയം മറന്നിരുന്നു പോയ നിമിഷങ്ങൾക്കൊടുവിൽ ഓർമ്മകളുടെ ഭാണ്ഢവും പേറി മലയിറങ്ങി..
പ്രകൃതിയുടെ കൽ‌പ്പടവുകളിറങ്ങി ഗുഹാക്ഷേത്രത്തിൽ തിരിച്ചെത്തി മനുഷ്യനിർമ്മിതമായ പടിക്കെട്ടുകളിലൂടെ മഹാദേവ സന്നിധാനത്തിലെത്തി യാത്ര പറഞ്ഞ് തിരികെ കാറിൽ കയറുമ്പോൾ രണ്ടു ചോദ്യങ്ങൾ മനസിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു...
ഇലച്ചാർത്തുകളുടെ വർണ്ണങ്ങളിൽ വിസ്മയം തീർത്ത ആ മഹത്പ്രതിഭ ആ‍രായിരുന്നിരിക്കും?
പാറക്കല്ലുകളിൽ പാദം പതിപ്പിച്ചു വച്ച ആ‍ അത്ഭുതപ്രതിഭാസം ആരുടെ സർഗ്ഗഭാവനയായിരുന്നിരിക്കും..??
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുഴറുന്ന മനസുമായി ഒരു മടക്കം..
പുതിയ തീരങ്ങൾ തേടി..
 *****************************************************************************************

ഫെയ്സ് ബുക്കിലെ യാത്രാ ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചത്......

14 comments:

 1. നല്ലൊരു യാത്രാവിവരണം
  ആശംസകള്‍

  ReplyDelete
 2. നല്ലൊരു യാത്രാവിവരണം. ഉപകാരപ്രദവും.
  അഭിനന്ദനങ്ങൾ...

  ReplyDelete
 3. ചരിത്രത്തിലെ ചില വഴികളിലൂടെ.

  ReplyDelete
 4. സ്ഥലം മനോഹരം ...നല്ല വിവരണം
  ആശംസകളോടെ
  @srus..

  ReplyDelete
 5. കൊതിപ്പിക്കുന്ന വിവരണം ,അവതരണ ത്തിലെ പുതുമ ഈ യാത്രാകുറിപ്പിനെ വായനയില്‍ വേറിട്ട്‌ നിര്‍ത്തുന്നു. നല്ല പോസ്റ്റ്‌

  ReplyDelete
 6. ചരിത്രത്തിലേക്ക് ചികഞ്ഞ് പോയി ഈ കാണാക്കാഴ്ച്ച്കളുമയി
  സീതകുട്ടി വീണ്ടും തിരിച്ച് വന്നതിൽ സന്തോഷമുണ്ട് കേട്ടൊ

  ReplyDelete
 7. എന്തെല്ലാം കാണാക്കാഴ്ച്ചകള്‍!!!

  ReplyDelete
 8. വല്ലാത്ത അവതരണം ... ഇത് പോലെ എത്ര എത്ര സ്ഥലങ്ങള്‍ നാം അറിയാതെ പോകുന്നുണ്ട് ....
  ഒരിക്കല്‍ എങ്കിലും എത്തിപ്പെടണം എന്ന് മനസ്സില്‍ കുറിക്കുന്നു ,ആശംസകള്‍

  ReplyDelete
 9. ന്റെ സീതേടെ കൂടെ അവിടെ പോയി ഒന്നു മെഡിറ്റേഷൻ ചെയ്യാൻ ഞാനും കൊതിക്കുന്നു ...!

  ReplyDelete
 10. ചരിത്രപരമായ പ്രാധാന്യമുള്ള പല ക്ഷേത്രങ്ങളും വിശ്വാസികളുടെ തള്ളിക്കയറ്റം കൊണ്ട് ഇങ്ങനെ മലിനപ്പെടാതെ നിൽനിൽക്കുന്നതിൽ സന്തോഷിക്കുന്നു. 'വലിയ വെടി നാല് ചെറിയ വെടി നാല്' എന്നൊക്കെ മൈക്ക് വച്ച് അലറിവിളിക്കുന്ന 'ക്ഷേത്രോദ്ധാരകർ' ഉണ്ടായിരുന്നെങ്കിൽ അവിടത്തെ അന്തരീക്ഷം മറ്റൊന്നാകുമായിരുന്നു.
  ചിത്രത്തിലെ 'പാദങ്ങൾ പതിഞ്ഞ' അടയാളങ്ങളിൽ ഏറെ നേരം ശ്രമിച്ചിട്ടും പാദങ്ങളുടെ ഒരു വിദൂരച്ഛായ മാത്രമേ തോന്നിയുള്ളൂ. മനുഷ്യരുടെ ഭാവന എന്നല്ലാതെ എന്തു പറയാൻ !

  ReplyDelete
 11. യാത്രയില്‍ വായിച്ചിരുന്നു... ഇഷ്ടായിട്ടോ :)

  ReplyDelete
 12. സന്തോഷം..സ്നേഹം എല്ലാർക്കും...

  ReplyDelete