Sunday, February 9, 2014

സ്വപ്നം പ്രകാശിതമായപ്പോൾ...

“എം.ടി അല്ലാതെ മറ്റാര് വള്ളുവനാടൻ ശൈലിയിലെഴുതുന്നത് വായിക്കുന്നതും എനിക്ക് ദേഷ്യമാണ്..” അഗമ്യത്തിന്റെ എഴുത്തുകാരൻ ബി.മുരളി..

അന്ന് ജനുവരി മുപ്പത്...
ആത്മസാക്ഷാത്കാരത്തിന്റെ ദിവസമായിരുന്നു..
പ്രകാശിതമായത് ഏറെ നാളത്തെ സ്വപ്നവും..
പതിനൊന്നു കഥകൾ...
പലപ്പോഴായി എഴുതിയത്..
കൊരുത്ത് ഒരു മാല പോലെ ആക്കാൻ മാസങ്ങളെടുത്തു..
ഗൌരീ നന്ദനവും മഴമേഘങ്ങളും ഇറങ്ങിയതിന്റെ ഇടവേള ആഘോഷിക്കുന്നതിന്നിടയിലാണ് ഈ സാഹസത്തിനു തുനിഞ്ഞത്..
തുടങ്ങിയപ്പോഴുണ്ടായിരുന്ന ആവേശം തുടർന്നങ്ങോട്ട് നിലനിർത്താൻ കഴിഞ്ഞില്ല...
പൊരുത്തക്കേടുകൾ, കല്ലുകടികൾ ആദ്യമേ തന്നെ തെളിഞ്ഞു കണ്ടു തുടങ്ങി..
നിരന്തരമേറ്റ പ്രഹരങ്ങൾ മനസ്സിനെ ഒന്നു പക്വമാക്കി..
ക്രമേണ ഒരു വാശി വേരുറച്ചു...
പ്രസാധകധർമ്മം ഏറ്റെടുത്ത് കൃതിബുക്ക്സ് മുന്നോട്ട് വന്നതോടു കൂടി ആ വാശിക്ക് അടിത്തറയായി..

പതിനൊന്നു കഥകളും എഴുതുന്ന സമയത്ത് ഒരുപാട് മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നു..
അതു പിന്നെ പുസ്തകത്തിന്റെ പ്രകാശനം വരെ തുടർന്നുകൊണ്ടേയിരുന്നു..
അകലെയുള്ളവർ മനസുകൊണ്ടും വാക്കുകൾ കൊണ്ടും കൂടെ നിന്നപ്പോൾ അരികിലുണ്ടായിരുന്നവരിൽ‌പ്പലരും ഒറ്റപ്പെടുത്തുകയാണ് ചെയ്തത്...
ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു ജനുവരി മുപ്പതിനു തിരുവനന്തപുരം പ്രസ്ക്ലബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ വിജയം കണ്ടത്..
അവതാരികയിലും പഠനത്തിലും തുടങ്ങി കവർപേജും എഡിറ്റിംഗും ഉൾപ്പടെ പുസ്തകത്തിന്റെ ഓരോ ഘട്ടത്തിലും നോവറിഞ്ഞിരുന്നു...
പുസ്തകം ഇറങ്ങി, പ്രകാശനകർമ്മത്തിനു നാൾ കുറിച്ചതു മുതൽ പിന്നീടങ്ങോട്ട് തികച്ചും തനിയെ ആയിരുന്നു..
ഹാൾ ബുക്ക് ചെയ്യാൻ, നോട്ടീസും ഫ്ലക്സും അടിക്കാൻ, അതിഥികളെ ക്ഷണിക്കാൻ ഒക്കെ ഒറ്റയ്ക്ക് നടക്കേണ്ടി വന്നു..
ഒറ്റപ്പെടുന്നതിന്റെ സുഖമറിഞ്ഞ ദിവസങ്ങൾ...
ചടങ്ങിന്റെ രൂപരേഖ പറഞ്ഞു തന്ന് മുരളിയേട്ടൻ കടന്നു വന്നത് ദൈവനിയോഗം..
പ്രവൃത്തിദിവസവും പകൽ‌സമയവും ആയത് എത്തിച്ചേരുന്നവരുടെ എണ്ണത്തെ സാരമായി ബാധിക്കുമെന്നറിയാമായിരുന്നു..
എന്നിട്ടും ക്ഷണിച്ച വിശിഷ്ടാതിഥികൾ വാക്കുകളിലൂടെ പകർന്നു തന്ന ആത്മവിശ്വാസം തളരാതെ മുന്നോട്ട് നീങ്ങാൻ സഹായിച്ചു...
ഒടുവിലാ ദിവസം വന്നെത്തി..
വരുമെന്നുറപ്പു പറഞ്ഞവർ പോലും രാവിലെ വിളിച്ച് വരാനാകില്ലെന്നു പറഞ്ഞപ്പോൾ മനസും ശരീരവും തളർന്നു പോവുകയായിരുന്നു..
എങ്കിലും തോറ്റുകൊടുക്കില്ലെന്ന വാശി കാലുകളെ മുന്നോട്ട് തന്നെ നടത്തിക്കൊണ്ടിരുന്നു..
കാവ്യാർച്ചനയോടെ ആയിരുന്നു ചടങ്ങുകൾ തുടങ്ങിയത്..

ശ്രീ തിരുമല ശിവൻ‌കുട്ടി നായരും പാലോട് വാസുദേവൻ നായരും നയിച്ച കാവ്യാർച്ചനയിൽ അനുജത്തിയായും ചേച്ചിയായും മകളായും കൂട്ടുകാരിയായുമൊക്കെ കരുതുന്ന സൌഹൃദങ്ങൾ ആ‍ശംസകൾ അർപ്പിച്ചു..

പ്രകാശനച്ചടങ്ങിനു തുടക്കം കുറിച്ച് ജിഷയും ഗോപികയും ആലപിച്ച “ലോകാ സമസ്താ സുഖിനോ ഭവന്തു:” എന്ന ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം ശ്രീ വിനോദ് വെള്ളായണി സ്വാഗതം പറഞ്ഞു..

തുടർന്ന് മുഖ്യ പ്രഭാഷണം നടത്തിയ സിനിമാസംവിധായകനും എഴുത്തുകാരനുമൊക്കെയായ ശ്രീ ലെനിൻ രാജേന്ദ്രൻ സാറിന്റെ വാക്കുകൾ മനസ് കുളിർപ്പിച്ചു..
ക്ഷണിക്കാൻ ചെല്ലുമ്പോഴൊക്കെയും തിരക്കുകൾക്കിടയിൽ ഞാൻ കണ്ട വ്യക്തി പുസ്തകം മുഴുവനായും വായിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..

ആരേയും അനുകരിക്കാത്ത എഴുത്തുകാരി എന്ന അദ്ദേഹത്തിന്റെ വാക്കുകൾ നെറുകയിൽ വീണ തീർത്ഥജലം തന്നെയായിരുന്നു..
മുഖ്യപ്രഭാഷണത്തിനു ശേഷം പ്രകാശനകർമ്മം നടന്നു..
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ശ്രീമതി ചന്ദ്രമതി ടീച്ചർ ആധുനിക കഥാസാഹിത്യത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീ ബി മുരളിക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു..

വള്ളുവനാടൻ ശീലും നിഷ്കളങ്കമായ എഴുത്തും തന്നെ ഗൃഹാതുരത തുളുമ്പുന്ന അവസ്ഥയിലേക്കെത്തിച്ചുവെന്ന് പറഞ്ഞ പ്രിയപ്പെട്ട എഴുത്തുകാരി തന്റെ പഴയ കലാലയ ജീവിതസ്മരണകളിലേക്ക് ഊളിയിട്ടപ്പോൾ മനസിലൊരു അമ്മക്കരം തലോടുന്ന പ്രതീതിയായിരുന്നു..

പൂവൊക്കെ ചുറ്റി നാടൻപെണ്ണായി എന്റെ അരികിലിരിക്കുന്ന ഈ കുട്ടിയാണിതൊക്കെ എഴുതുന്നതെന്ന് വിശ്വസിക്കാൻ പ്രയാസം എന്നാ നാവുകളിൽ നിന്നും കേട്ടപ്പോൾ കണ്ണുകൾ നിറയുകയായിരുന്നു..
ഇനി വരും നാളുകളിൽ ഈ ശബ്ദം ഗർജ്ജിക്കുന്ന സ്ത്രീയുടേതാവട്ടെ എന്ന വാക്കുകൾ നിശ്ശബ്ദമായി ഉൾക്കൊണ്ടു..
തുടർന്നു പ്രസംഗിച്ച മുരളിയേട്ടൻ എം.ടി അല്ലാതെ മറ്റാരു വള്ളുവനാടൻ ശൈലിയിൽ എഴുതിയാലും തനിക്ക് ദേഷ്യം വരുമെന്ന് തുറന്നു സമ്മതിക്കാൻ മടി കാട്ടിയില്ല..

എന്തും തുറന്നു സംസാരിക്കുന്ന മുരളിയേട്ടന്റെ ഈ പ്രകൃതം തന്നെയാകണം അദ്ദേഹവുമായുള്ള സൌഹൃദത്തിൽ കൊണ്ടെത്തിച്ചത്..
ചിത്തമന്ത്രണത്തിലെ കഥകൾക്ക് അനുവാചകനുമായി സംവദിക്കാൻ നിരൂപകൻ എന്ന ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് അദ്ദേഹം വിലയിരുത്തി..
ഭാഷയിൽ വിസ്ഫോടനങ്ങൾ സൃഷ്ടിക്കാതെ ലളിതമായ രീതിയിൽ കഥ പറഞ്ഞു പോകുന്നു എന്ന് മുരളിയേട്ടൻ പറയുമ്പോൾ അതിന്റെ നല്ല വശം ഏറ്റെടുക്കുകയായിരുന്നു മനസ്സ്..
പുസ്തകം അവതരിപ്പിക്കാനെത്തിയ കവി ശാന്തൻ പരിചയപ്പെട്ടതിന്റെ ഓർമ്മകൾ പങ്കു വച്ചാണ് തുടക്കം കുറിച്ചത്..
ചെറുപ്രായത്തിൽ തന്നെ അറിയുമായിരുന്ന ശാന്തന്റെ പ്രേരണയാവണം കോളേജ് വിദ്യാഭ്യാസാനന്തരം ക്യാൻസറിനെക്കുറിച്ചും അതിന്റെ ചികിത്സാരീതികളെക്കുറിച്ചും കൂടുതലറിയാനുള്ള പ്രോജക്ടിലേർപ്പെടാൻ തോന്നിച്ചത്..
അവിടെ, കൂടെ നിന്ന് ഓരോന്നും പറഞ്ഞു തന്നിരുന്ന കവി പിന്നീട് എഴുത്തിന്റെ പാതയിലും സഹായിയായി..
കണ്ണുകളുടെ നിറം മറയ്ക്കാൻ ശ്രമിക്കുന്ന ഇടപാടിനെ വലിച്ചു കീറിയെറിഞ്ഞുകൊണ്ട് കവി പരിചിതമുഖങ്ങളിൽ അത്ഭുതം പടർത്തി..
അവതാരികയിൽ നെറ്റിസൺ ജേർണലിസ്റ്റായ ശ്രീ ബനേഷ് പറഞ്ഞു വച്ച വാക്കുകളിലൂടെയായിരുന്നു പുസ്തകത്തിലേക്ക് അദ്ദേഹം കടന്നത്..

ശീർഷകങ്ങൾ തിരഞ്ഞെടുക്കുന്നതിലെ അരോചകത്വം ചൂണ്ടിക്കാണിക്കാൻ അദ്ദേഹത്തിലെ നിരൂപകൻ ഒട്ടും വിമുഖത കാട്ടിയില്ല..
പഴമയേയും പുതുമയേയും കോർത്തിണക്കുന്ന എഴുത്തുകൾ എന്നു പറഞ്ഞ് അദ്ദേഹം പുസ്തകാവതരണം അവസാനിപ്പിച്ചു..
എവിടേയും മുഖം നോക്കാതെ അഭിപ്രായം പറയുന്ന മുരളിയേട്ടനും ശാന്തൻ ചേട്ടനും സംസാരിക്കുമ്പോൾ ക്ലാസിൽ ചോദ്യം ചോദിക്കുന്ന അധ്യാപകനു മുന്നിലിരിക്കുന്ന കുട്ടിയുടെ മനസായിരുന്നെനിക്കും..
ആശംസ പറയാനെത്തിയ ശ്രീ ബിജു ബാലകൃഷ്ണൻ, നാഞ്ചിനാട്ടിൽ ജനിച്ച് വള്ളുവനാടിന്റെ ശീലിലെഴുതുന്ന എഴുത്തുകാരി എന്നു പറഞ്ഞത് മറക്കാനാകാത്ത വാക്കുകളായി..

നാഞ്ചിനാട്ടിനു അഭിമാനിക്കാവുന്ന കരുത്തുറ്റ പാരമ്പര്യമുള്ള ഭാഷയുള്ളപ്പോൾ വള്ളുവനാടൻ ശൈലി സ്വീകരിക്കണമായിരുന്നോ എന്നദ്ദേഹം ചോദിച്ചു..
ഇനിയുള്ള കഥകളും കവിതകളും നാഞ്ചിനാടിന്റെ സ്വന്തമെന്നു പറയാവുന്നതാവട്ടെ എന്നാശംസിച്ചു..
പ്രഭാഷണങ്ങൾ നടത്തിയവരെല്ലാം തന്നെ പുസ്തകത്തിന്റെ കെട്ടിനേയും മട്ടിനേയും അഭിനന്ദിച്ചു.. കവി ശാന്തൻ കവർ പേജ് തയ്യാറാക്കിയ വ്യക്തിയെ പേരെടുത്തു പറഞ്ഞ് ആശംസിച്ചു..
ആ നല്ല വാക്കുകൾ കൃതിബുക്ക്സിനു നിറഞ്ഞ മനസ്സോടെ കൈമാറുന്നു..
ഒടുവിൽ നന്ദി പറയാനെഴുന്നേൽക്കുമ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു..

സഭാകമ്പം ലവലേശമില്ലാതെ നാല്പതു മിനിട്ടുകളോളം പ്രസംഗിച്ചിരുന്ന പരിചയം അപ്പോൾ കാറ്റിൽ പറന്നു പോയിരുന്നു..
എവിടെ തുടങ്ങണം, എങ്ങനെ അവസാനിപ്പിക്കണം എന്നൊന്നുമറിയാതെ വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങി..
എങ്ങനെയോ പറഞ്ഞൊപ്പിച്ചു എന്നു തന്നെ പറയേണ്ടി വരും..
ചടങ്ങവസാനിക്കുമ്പോൾ ആകെ തളർന്നു കഴിഞ്ഞിരുന്നു..
പക്ഷേ അപ്പോഴും ചുണ്ടിന്റെയൊരു കോണിൽ ഒരു ചിരി വാടാതെ നിന്നിരുന്നു..
മൌനമായി അത് മന്ത്രിക്കുന്നുണ്ടായിരുന്നു ആത്മാവിനോട്..”ഇല്ല തോറ്റുകൊടുക്കാനെനിക്ക് മനസ്സില്ല”..

                                             *********************************
പുസ്തകം ലഭിക്കാൻ  bookskrithi@gmail.com എന്ന ഈമെയിൽ ഐഡിയിൽ ബന്ധപ്പെടുക..
ഇന്ദുലേഖ.കോം സന്ദർശിച്ചും പുസ്തകം വാങ്ങാവുന്നതാണ്..

28 comments:

  1. ഞങ്ങളുടെ പ്രാര്‍ഥനയും കൂടെ ഉണ്ടായിരുന്നു ട്ടോ ..... സന്തോഷത്തോടെ ....

    ReplyDelete
  2. നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം...അജിത്തേട്ടാ

      Delete
  3. ഇല്ല തോറ്റുകൊടുക്കാനെനിക്ക് മനസ്സില്ല”.....

    ഒരു എഴുത്തുകാരി/എഴുത്തുകാരൻ വായനക്കാരിലേക്ക് പകരേണ്ട സന്ദേശം എന്താണെന്ന് ഈ അവസാനവരികളിൽ ഉണ്ട്....

    സ്വപ്നവും യാഥാർത്ഥ്യവും ഹിമാലയത്തോളം വളരട്ടെ......ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം മാഷേ...സ്നേഹം... ഈ നല്ല വാക്കുകൾക്ക്..

      Delete
  4. Replies
    1. സന്തോഷം...സ്നേഹം..

      Delete
  5. ഇഷ്ടം സന്തോഷം ആഹ്ലാദം ,,,, സീതായനം ഉയരങ്ങളില്‍ എത്തട്ടെ !! .

    ReplyDelete
  6. അഭിനന്ദനം സഖി.......... സന്തോഷവും !

    ReplyDelete
    Replies
    1. സ്നേഹം കൂട്ടാരാ.... :)

      Delete
  7. സീത കുട്ടി പുസ്തക ലോകം
    കീഴടക്കികൊണ്ടിരിക്കുന്നതിൽ വളരെ വളരെ സന്തോഷം
    പിന്നെ
    എന്തും തുറന്നു സംസാരിക്കുന്ന മുരളിയേട്ടന്റെ
    ഈ പ്രകൃതം തന്നെയാകണം അദ്ദേഹവുമായുള്ള സൌഹൃദത്തിൽ കൊണ്ടെത്തിച്ചത്..( തനി എന്നെപ്പോലെ തന്നെയല്ലെ ഈ മുരളിയും )

    ReplyDelete
    Replies
    1. സീത നിങ്ങൾ വളർത്തിയ കുട്ടിയല്ലേ വല്യേട്ടാ... :)
      മുരളിയേട്ടനോട് ഞാൻ പറയാം ട്ടോ ഈ മുരളിയേട്ടന്റെ കാര്യോം...ആളിടയ്ക്കൊക്കെ ബിലാത്തി സന്ദർശിക്കാറുണ്ട്...:)

      Delete
  8. സന്തോഷായിട്ടോ.... :)

    ReplyDelete
  9. ആശംസകൾ നേരുന്നു..

    ReplyDelete
  10. ആശംസകൾ
    .
    (തോൽക്കരുത് )

    ReplyDelete