Tuesday, August 2, 2011

ഈഡിപ്പസ്....



“എന്താ കുട്ട്യോളേ ഇന്നത്തെ പത്രത്തിലെ വിശേഷം..?”

ചായക്കടയുടെ പുറത്തിട്ടിരുന്ന തടിബഞ്ചിലിരുന്നു ചൂടുചായയ്ക്കൊപ്പം ദിനപ്പത്രം പകുത്തെടുത്ത് വായിച്ചു കൊണ്ടിരുന്ന ആ ചെറുപ്പക്കാരുടെ നോട്ടം ചോദ്യം വന്ന ദിശയിലേക്കായി.

“ഓ.. എന്തു പറയാനാ മാഷേ, പത്രം തുറന്നാൽ അപ്പാടെ പീഢനകഥകളല്ല്യോ? അച്ഛൻ മകളെ പീഢിപ്പിക്കുന്നു, മകൻ അമ്മയെ, അദ്ധ്യാപകൻ‌ വിദ്യാർത്ഥിനിയെ.. ഈശ്വരാ നമ്മുടെ നാടിതെങ്ങോട്ടാ?”


ആദരവോടെ ഒന്നെണീറ്റ് കാഴ്ചയിൽ പ്രൗഢഗാംഭീര്യം തോന്നുന്ന മധ്യവയസ്കനു ഇരിക്കാനിടം കൊടുത്ത് വീണ്ടും പത്രത്തിലേക്ക് മുഖം പൂഴ്ത്തി അവരിലൊരാൾ‌ അത് പറയുമ്പോൾ‌ ആത്മരോഷത്തിന്റെ തീക്കണങ്ങൾ‌ വാക്കുകളിൽ ചിതറുന്നുണ്ടായിരുന്നു..

“അറിയാതെ ജനനിയെ പരിണയിച്ചൊരു
യവന തരുണന്റെ കഥയെത്ര പഴകി..”

കയ്യിലിരുന്ന ചായ മെല്ലെ നുണഞ്ഞ്, മൂക്കിൻ തുമ്പിലെ കണ്ണട ഒന്നമർത്തി വച്ച്, ഒരിറ്റു ഗദ്ഗദത്തോടെ ആത്മഗതമെന്നോണം മാഷ് പറഞ്ഞു.

“ഹ.. ഹ.. ഹ..”

എല്ലാരും ഞെട്ടി..

അയാൾ‌..

എല്ലാരിൽ നിന്നും അകന്ന് ആരേയും ശ്രദ്ധിക്കാതെ..

കയ്യിലിരുന്ന വടി കുത്തിപ്പിടിച്ചെണീക്കുമ്പോഴും അയാൾ‌ ചിരിക്കുന്നുണ്ടായിരുന്നു.. കാറ്റിൽ നീണ്ടു ജഡകെട്ടിയ മുടി വിറച്ചു..

“നിങ്ങളാരാ...എന്തിനാ ചിരിച്ചത്...?”

എല്ലാ മുഖങ്ങളിലേയും ഉൽക്കണ്ഠ സ്വയം ഏറ്റെടുത്ത് മാഷ് തിരക്കി..

ചോദ്യം അയാളറിഞ്ഞില്ലെന്നു തോന്നി... തപ്പിയും തടഞ്ഞും മുന്നോട്ട് ഒന്നു രണ്ട് ചുവട് വച്ച് ഒന്നു നിന്നു.. മെല്ലെ തിരിഞ്ഞു...

ഹൊ ആ കണ്ണുകളുടെ സ്ഥാനത്ത് ശൂന്യതയാണല്ലോ.

“ഞാൻ... ഞാനൊരു വിഡ്ഢി.. വെറുതെ ചിരിച്ചു..”

വരണ്ടുണങ്ങിയ ചുണ്ടുകൾ‌ ചലിച്ചു… ശബ്ദമില്ലാത്ത വാക്കുകൾ‌  വിഴുങ്ങിയ നാവ് അയാൾക്കുള്ളിലെ സംസാരിക്കാനുള്ള മനസ്സിനെ വരച്ചു കാട്ടി..

മുന്നോട്ട് വച്ച ചുവടുകൾ വീണ്ടുമെന്തിനോ മടിച്ചു നിന്നു തെല്ലിട..

പിന്നെ...

പിന്തുടരുന്ന മിഴികളിൽ ഒരുപാട് ചോദ്യങ്ങൾ‌ അവശേഷിപ്പിച്ച് വീണ്ടുമൊന്ന് ചിരിച്ച് അയാൾ‌ നടന്നു.. അനന്തതയിലേക്ക് നീളുന്ന ഉൾക്കണ്ണുകൾ‌ അയാളുടെ പാദത്തെ മുന്നോട്ട് വലിച്ചിഴച്ചു..

 മനസ്സും ചേതനയും യുദ്ധം ചെയ്യുന്നതറിയുന്നുണ്ടായിരുന്നു അയാൾക്ക്.

“തനിക്ക് തെറ്റിയോ..?

സിന്ധൂനദീതട സംസ്കാരം ആഴത്തിൽ വേരോടിയ ഈ മണ്ണിൽ, ബന്ധങ്ങൾക്ക് പവിത്രതയുള്ള ഇവിടുത്തെ മനസുകളിൽ താൻ തിരിച്ചറിയപ്പെടില്ലെന്നു കരുതിയത് വിഡ്ഢിത്തമായോ..?”

ഓർമ്മകളുടെ തിരതള്ളലിൽ ആ ശരീരമൊന്നു വിറച്ചു..

മറവിയുടെ തീരങ്ങളിലെവിടെയോ കണ്ണീരിന്റെ നനവില്‍ ആ കാഴ്ച ഇപ്പോഴുമുണ്ട്..

സുഗന്ധതൈലങ്ങളാലേപനം ചെയ്ത പട്ടുമെത്തയിൽ‌ ജീവിതത്തിന്റെ കെട്ടുപാടുകൾ‌ പൊട്ടിച്ചറിഞ്ഞതിന്റെ സുഖസുഷുപ്തിയിലവർ‌ മയങ്ങുന്നു.

എന്തു വിളിക്കണം..

ആത്മരോഷത്തിന്റെ പരമോന്നതിയിൽ‌, സ്വന്തം പുരുഷത്വത്തോട് പുച്ഛം തോന്നി.

കണ്ണുകൾ ചൂഴ്ന്നെടുക്കുമ്പോഴും മനസ് ഉത്തരം കണ്ടെത്താതെ വലഞ്ഞത് ആ ചോദ്യത്തിനായിരുന്നു..

“പിതാവിനെ വധിച്ച് മാതാവിനെ പരിണയിക്കുമെന്നോതിയ നാവുകളെവിടെ...? ഇതാ എന്റെ കരങ്ങളാലല്ലാതെ പിതാവു മരണപ്പെട്ടിരിക്കുന്നു..”

മരിച്ചത് വളർത്തച്ഛനെന്നറിയാതെ, വിവരം അറിഞ്ഞ മാത്രയിൽ‌ നിറഞ്ഞ സഭയിൽ ആർത്തട്ടഹസിക്കുമ്പോള്‍ ദുഃഖത്തോടൊപ്പം പ്രവചനങ്ങൾ‌ കാറ്റിൽ പറത്തിയതിന്റെ അഹങ്കാരവും ഉണ്ടായിരുന്നു മനസ്സിൽ‌.

പിന്നിലപ്പോൾ‌ ഉടഞ്ഞു വീണ തേങ്ങല്‍ എന്തെന്നറിയാതെ പോയി.

രംഗബോധമില്ലാത്ത കോമാളിയെന്നു പറഞ്ഞ് വിധി കളിയാക്കി ചിരിച്ചതും അറിഞ്ഞില്ലാ..

താനറിയാതെ തന്നെക്കൊണ്ട് ആരോ തന്റെ വേഷം കെട്ടിയാടിക്കുകയായിരുന്നു..

കഥയുടെ ചുരുളഴിഞ്ഞപ്പോള്‍ ഒന്നു കാണണമെന്നു മനസ്സ് കൊതിച്ചു.. മക്കൾ‌ക്കൊപ്പം തനിക്ക് അമ്മയെന്നു വിളിക്കാനാവില്ലെങ്കിലും വെറുതെ ഒന്നു കാണാൻ‌..

പക്ഷേ...

മാപ്പിരക്കാൻ‌ പോലുമുള്ള തന്റെ അവകാശം നിഷേധിച്ച് ആ ആത്മാവ് അനന്ത വിഹായസ്സിലേക്ക് പറന്നുയർന്നിരുന്നു അപ്പോഴേക്കും...

ഉപേഷിക്കപ്പെട്ട കുരുന്നിനോടുള്ള വാത്സല്യത്തിൽ‌ ആ ഇടയനിറ്റിച്ച് തന്ന ആദ്യ ദാഹജലം നാവിലപ്പോൾ കിനിഞ്ഞു ... എന്തിനോ വേണ്ടി..

താൻ വിഡ്ഢിയായി,ജീവിതത്തിനു മുന്നിൽ..

വിധിക്കു മുന്നിൽ..

നാണം കെട്ടവനായി,ലോകത്തിനു മുന്നിൽ...

തിരിച്ചറിയാത്ത ദിക്കു നോക്കി പിന്നെപ്പോഴോ യാത്ര തുടങ്ങി..

കാലം തോൽ‌വികളുടെ കിരീടം ചാർത്തിത്തന്ന് മുന്നേറുന്നതറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കേണ്ടി വന്നു..

 ജീവിതത്തിന്റെ ഗതി മാറ്റിക്കുറിച്ചൊരു ചോദ്യം കാതിലിപ്പോഴും അലയടിക്കുന്നു...

“പ്രഭാതത്തിൽ നാലു കാലിലും..മധ്യാഹ്നത്തിൽ‌ രണ്ടു കാലിലും... സായാഹ്നത്തിൽ‌ മൂന്നു കാലിലും നടക്കുന്ന ജീവി?”

“ഹ..ഹ..ഹ...” അറിയാതെ അയാൾ‌ ചിരിച്ചു..

അതിനുള്ള ഉത്തരമായിതാ താൻ... അയാളുടെ മനസ്സ് മന്ത്രിച്ചു.

യാത്ര തുടങ്ങുമ്പോൾ‌ ലക്ഷ്യം ഈ മണ്ണായിരുന്നു... ഇതിന്റെ പാരമ്പര്യം മനസ്സിലേക്കാവാഹിച്ച ജനതയായിരുന്നു..

പക്ഷേ... ഇവിടേയും.

ഇനിയെങ്ങോട്ട്..?

മനസ്സ് ചോദിക്കുന്ന ചോദ്യങ്ങൾ‌ക്കുത്തരം കണ്ടെത്താനാവാതെ അയാൾ‌ നടന്നു... ചക്രവാളം ലക്ഷ്യമാക്കി..

എവിടൊക്കെയോ അപ്പോൾ‌ കുപ്പിവളകൾ‌ വീണുടയുന്ന ശബ്ദം കേൾ‌ക്കുന്നുണ്ടായിരുന്നു, അമർത്തിയ തേങ്ങലുകളും.­­.

( ഈഡിപ്പസ് കോമ്പ്ലക്സ് ഭാരതത്തിന്റെ മണ്ണിൽ മുളയ്ക്കുമെങ്കിലും വേരോടാനുള്ള സാധ്യത വളരെ കുറവാണെന്നു പറഞ്ഞ പ്രസിദ്ധ മനഃശാസ്ത്രജ്ഞൻ ശ്രീ സിഗ്മണ്ട് ഫ്രോയ്ഡിന്റെ സ്മരണയ്ക്ക് മുന്നിൽ‌ ഈ കഥ സമർപ്പിക്കുന്നു )

ഈഡിപ്പസ് ആരെന്നു അറിയാത്തവര്‍ക്ക് ഇവിടെ നോക്കാം  
                                                                   ഇതും
ഈഡിപ്പസ് കോമ്പ്ലക്സ് അറിയേണ്ടവര്‍ക്ക് ഇവിടേയും

ചിത്രത്തിന് കടപ്പാട് ..... ഗൂഗിൾ

40 comments:

  1. ചിന്തിപ്പിക്കുന്ന നല്ലൊരു ലേഘനം

    ReplyDelete
  2. നല്ല കഥ സീതേ.
    ഭംഗിയുള്ള പ്രമേയം /അവതരണം. .
    പാരമ്പര്യങ്ങള്‍ ഉള്‍കൊള്ളുന്ന വിശാലമായ മണ്ണ് തേടി അയാളുടെ യാത്ര തുടരട്ടെ.
    പക്ഷെ അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവിടെ കാണും.
    അഭിനന്ദനങ്ങള്‍

    ReplyDelete
  3. പറഞ്ഞകഥയും തലക്കെട്ടായി നല്‍കിയ ചിത്രവും തമ്മില്‍ എന്ത് ബന്ധം.കഥയിലെ വൃദ്ധന്റെ രൂപത്തിനുവേണ്ടിയായിരുന്നോ ചിത്രം. എന്തുകൊണ്ടോ ഒരപൂര്‍ണ്ണമായ എഴുത്തായി എനിക്കു തോന്നുന്നു.കുറച്ചുകൂടി പറയാനുണ്ടായിരുന്നു..കഴിയുമായിരുന്നു....

    ഓടോ: പുലികളെപോലെ ഇനി "കത"യില്‍ നിന്നും എന്താണു പ്രതീക്ഷിക്കുന്നതെന്നൊന്നും ചോദിച്ചേക്കല്ലേ..നമ്മളൊരു പാവം....

    ReplyDelete
  4. കഥക്ക് തിരഞ്ഞെടുത്ത വിഷയവും, പറഞ്ഞ രീതിയും നന്നായി. പക്ഷെ ഈഡിപ്പസ് ആരെന്ന് എല്ലാ വായനക്കാര്‍ക്കും അറിയാം എന്നത് ഒരു മുന്‍വിധി അല്ലേ?

    പിന്നെ ശ്രീക്കുട്ടന്‍ പറഞ്ഞതുപോലെ ഈ കഥയും, മുകളില്‍ കൊടുത്ത ചിത്രവുമായി ഒരു ബന്ധവുമില്ല.

    ReplyDelete
  5. വര്‍ത്തമാന പത്രപാരായണം ഫ്രോയിഡിനെയും തിരുത്തുവെന്നതാണ് കഥാന്ത്യം.ഒരു നെടുവീര്‍പ്പ് മാത്രം ബാക്കി. അധികമായാല്‍ ഒന്ന് കാര്‍ക്കിച്ചു തുപ്പിയേക്കാം,..!!

    ReplyDelete
  6. പീഡനങ്ങളെ കുറിച്ച് പല കഥകള്‍ വന്നിട്ടുണ്ട്..പക്ഷെ ഇക്കഥ അവതരണത്തിലൂടെ വ്യത്യസ്ഥമായി.

    ReplyDelete
  7. സീത പറയാനെടുത്ത വിഷയം വര്‍ത്തമാനകാലത്തിന്റെ വിഷയം തന്നെ. അതിനായി ഈഡിപ്പസിനെ കൂട്ടുപിടിച്ചപ്പോഴും എവിടെയൊക്കെയോ ഒരു അവ്യക്തത എനിക്ക് ഫീല്‍ ചെയ്തു. ആ വൃദ്ധന്‍ ഇഡീപ്പസ് ആണ് എന്നാണ് പറയാന്‍ ശ്രമിച്ചതെങ്കില്‍ അങ്ങിനെ ഒരു സംശയം എനിക്ക് ഉണ്ടാക്കിയത് ചില കമന്റുകള്‍ മാത്രമാണ്.

    അറിയാതെ ജനനിയെ പരിണയിച്ചൊരു
    യവന തരുണന്റെ കഥയെത്ര പഴകി

    പക്ഷെ, ഇന്നത്തെ കാലത്ത് ഓര്‍മ്മവരുന്നത് ഇതാണ്


    പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
    വസുധയുടെ വസ്ത്രമുരിയുന്നു
    വിപണികളില്‍ അവ വിറ്റു മോന്തുന്നു
    ......................

    ReplyDelete
  8. പ്രിയപ്പെട്ട നിശാഗന്ധി,
    വരികള്‍ക്ക് കനം കൂടിയോ?ഈഡിപ്പസ് ആരാണ് എന്ന് എല്ലാവരും അറിഞ്ഞു കൊള്ളണമെന്നില്ല...ചെറു വിവരണം കൊടുക്കാമായിരുന്നു!
    മനസ്സില്‍ അസ്വസ്ഥത ബാക്കിയാക്കിയ സീതയുടെ ഒരു പോസ്റ്റ്‌!
    വരികള്‍ ഹൃദ്യം;മനോഹരം!
    സസ്നേഹം,
    അനു

    --
    sasneham,

    ReplyDelete
  9. കഥ കൊള്ളാം... സീതയുടെ പഴയ രചനകളുടെ ഒരു ഗാംഭീര്യം ഈ കഥക്കു വന്നില്ല.

    ReplyDelete
  10. സീതക്കുട്ടീ, കഥാവിഷ്ക്കാരം നന്നായി .എങ്കിലും ഒരവ്യക്തത നിഴലിക്കുന്നു....

    ReplyDelete
  11. കഥകള്‍ വല്ലാതെ വായിക്കാറില്ല, ഇപ്പോള്‍ .ഇത് വായിച്ചു ട്ടോ ..
    ഈ രചനാപാടവത്തിനു അഭിനന്ദനങ്ങള്‍....
    അടുത്തത് ഒരു നല്ല കവിതയാവട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  12. സീത എഴുതിയതു വായിച്ചു. പറയാൻ തുനിഞ്ഞ വിഷയം നല്ലതായിരുന്നു. അതിനൊരു ക്ലാപ്പ്. പക്ഷേ ഒന്നുമങ്ങോട്ട് മനസിലാവാതെ പോയി. ഒരു പക്ഷേ എന്റെ അജ്ഞത കൊണ്ടാണോ എന്നറിയില്ല. എങ്കിലും എന്റെ അഭിപ്രായം പറയുകയാണു..... 

    ReplyDelete
  13. ഈഡിപ്പസ് കാര്യം പിടിയില്ലാത്തവര്‍ക്കായി:
    Sigmund Freud ന്‍റെ ഒരു സിദ്ധാന്തമാണിത്. ഇങ്ങിനെ വായിക്കാം:
    In psychoanalytic theory, the term Oedipus complex denotes the emotions and ideas that the mind keeps in the unconscious, via dynamic repression, that concentrate upon a boy’s desire to sexually possess his mother, and kill his father. അമ്മയെ തനിക്ക് മാത്രം സ്വന്തമാക്കാനായി അച്ഛനോട് തന്‍റെ ശൈശവദശയില്‍ ഒരു ആണ്‍ കുട്ടിക്ക് തോന്നുന്ന ഉപബോധമനസ്സിലെ ശത്രുത എന്ന് ചുരുക്കി വായിക്കാം.

    "തല തിരിഞ്ഞ" ഈ സിദ്ധാന്തത്തിനു ഇടമില്ലാത്ത, സിന്ധു നദീതട സംസ്കാരം പുലര്‍ത്തുന്ന ആര്‍ഷഭാരതമണ്ണിലേക്ക് മനസിന്‍റെ സ്വസ്തി തേടി തീര്‍ത്ഥ യാത്ര ചെയ്ത ഒരു വൃദ്ധന്‍ ഇവിടെയും പരിപാവന ബന്ധങ്ങള്‍ ലംഘിക്കപ്പെടുന്നത് കണ്ടു വിറങ്ങലിക്കുന്നതായിട്ടുള്ള ഒരു കഥയാണിത്.

    though the idea of this story may look a bit far fetched, it also confirms Seetha's unlimited ability of imaginative and innovative writing. thus, i would give it a big like.

    ReplyDelete
  14. സീത..
    ഇഷ്ടമായി ഈ കഥ വളരെയേറെ..
    തികച്ചും വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലവും കഥ പറച്ചില്‍ രീതിയും.. ഗ്രീക്ക്‌ പുരാണങ്ങളിലെ വീരനായകനായ ഈഡിപസിന്റെ കഥയെ ആസ്പദമാക്കി ധാരാളം കഥകളും നാടകങ്ങളും ചിത്രരചനകളും ഉണ്ടായിട്ടുണ്ട്.. അവയില്‍ നിന്നും ഈ കഥ വേറിട്ട്‌ നില്‍ക്കുന്നത് പൊതുസ്വഭാവമുള്ള കാലികമായ പ്രശ്നവുമായി ബന്ധിപ്പിക്കുന്ന വൈദ്യഗ്ത്യത്തിലാണ്.. അതില്‍ സീത വിജയിച്ചിരിക്കുന്നു..

    പോരായ്മകള്‍ തോന്നിയ ഇടങ്ങള്‍ ഉണ്ട് ട്ടോ.. പ്രത്യേകിച്ചും ആത്മഗതത്തിലൂടെ സൂചിപ്പിക്കുന്ന പല കഥാസന്ദര്‍ഭങ്ങളും മൂലകഥ അറിയാത്തവര്‍ക്ക് വേണ്ട രീതിയില്‍ മനസ്സിലാകണമെന്നില്ല.. ഒന്നുകില്‍ അത് ഈ കഥയില്‍ തന്നെ മുഴുവനായി, അതും കുറഞ്ഞ വാക്കില്‍ വ്യക്തമാക്കാമായിരുന്നു..
    അഥവാ കഴിഞ്ഞൊരു കഥയില്‍ (നവസങ്കീര്‍ത്തനം) കൊടുത്തിട്ടുള്ളത് പോലെ ഏതെങ്കിലും external link വഴിയോ അല്ലെങ്കില്‍ പോസ്റ്റിനു താഴെ ചെറിയ കുറിപ്പായി ഈഡിപ്പസ്സിന്റെ ജീവിതചിത്രം കൊടുക്കാമായിരുന്നു..

    ഈഡിപ്പസ്സിന്റെ കഥയോട് വിദൂരസാമ്യം പറയാവുന്നൊരു കഥ നമ്മുടെ വിക്രമാദിത്യന്‍ കഥകളിലും ഉണ്ട്.. അമ്മയാണെന്ന് അറിയാതെ ഒരു സ്ത്രീയില്‍ അനുരുക്തനാക്കുന്ന ചെറുപ്പക്കാരന്റെ കഥ.. ഏതോ സാലഭഞ്ജിക ബോജരാജാവിനോട് പറഞ്ഞ കഥ.. അതിന്റെ ക്രൂരമായ ആവര്‍ത്തനങ്ങള്‍ ആണിപ്പോള്‍ കേള്‍ക്കുന്നതും.. ഫ്രോയിഡിയന്‍ തിയറികള്‍ സത്യമാകുന്നു നമ്മുടെയീ കാലത്ത്.. ദേശവ്യത്യാസങ്ങളില്ലാതെ..
    ചിന്തനീയമായ ഒരു വായനാനുഭവം തന്നതിനു നന്ദി പറഞ്ഞു കൊണ്ട്..

    സ്വന്തം അനിയന്‍..

    ReplyDelete
  15. yes the reality makes us sad.The world is like this

    ReplyDelete
  16. ഒന്നൂടെ വായിചോട്ടെ..............

    ReplyDelete
  17. ഭാഷയിലും അവതരണത്തിലും ഉള്ള കഴിവ് സീത പഴയ പോസ്റ്റുകളില്‍ കൂടി തെളിയിച്ചിട്ടുള്ളതാണല്ലോ... അതുകൊണ്ട് ആ കഴിവുണ്ടെന്ന് വീണ്ടും വീണ്ടും പറയുന്നതില്‍ അര്‍ത്ഥമില്ല! പക്ഷെ കുഴപ്പങ്ങള്‍ പറഞ്ഞല്ലേ പറ്റൂ... പറയാന്‍ ശ്രമിച്ച ആശയം ഇഷ്ടമായി... പക്ഷെ അത് അതെ തീവ്രതയില്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞോ എന്ന് സംശയം ഉണ്ട്.

    ReplyDelete
  18. സീതാ..
    ഇഷ്ടായി....
    തിരഞ്ഞടുത്ത വിഷയം ..
    പറയാനുപയോഗിച്ച രീതി.. എല്ലാം ..

    ReplyDelete
  19. ഈഡിപ്പൽ കോമ്പ്ലക്സ് ദേശങ്ങൾക്കും കാലത്തിനുമൊക്കെ അതീതമാണ്. ഭാരതീയർക്കില്ലെന്നു നാം കരുതിയെങ്കിൽ അതാണ് തെറ്റ്. ഒരു സമകാലിക പ്രശ്നത്തെ ഒരു വ്യത്യസ്ത ആംഗിളിൽ കാണാനുള്ള നല്ലൊരു ശ്രമമായി കഥ, പൂർണ്ണമായി വിജയിച്ചോ എന്നു സംശയമുണ്ടെങ്കിലും. (സീതയുടെ കഥയുടെ റീഡബിലിറ്റിയിൽ ഉള്ള ഒരു പ്രശ്നമാണത്. ശ്രദ്ധിക്കുമല്ലോ)

    ReplyDelete
  20. ചിത്രം കടുപ്പമായിപ്പോയി സീതാ..വായിയ്ക്കാനുള്ള കഴിവു കൂടി ചോര്‍ന്ന പോലെ...
    പതിവു പോലെ നല്ല എഴുത്തായിരിയ്ക്കും എന്നറിയാം...ആശംസകള്‍.

    ReplyDelete
  21. ഈഡിപ്പസ് കോംപ്ലക്സിന്റെ വിത്തുകള്‍ ജന്മനാ തന്നെ മനസ്സുകളില്‍ വിതയ്ക്കപ്പെട്ടവയാണെന്ന് മനഃശ്ശാസ്ത്രജ്ഞര്‍ പറയാറുണ്ട്. ഒപ്പോസിറ്റ് സെക്സിനോടുള്ള ആ അഭിനിവേശത്തിന്റെ അലയൊലിയാണത്രെ പെണ്‍കുട്ടികള്‍ക്ക് പിതാവിനോടും ആണ്‍കുട്ടികള്‍ക്ക് മാതാവിനോടും തോന്നുന്ന സ്നേഹാധിക്യം. ഭാരതത്തില്‍ ഈ കോംപ്ലക്സ് കുറവൊന്നുമില്ല. മാത്രമല്ല ഫ്രോയിഡ് പോലും ചിന്തിക്കാത്ത അനേക കോംപ്ലക്സുകള്‍ വേറെയും.

    കഥയെന്ന നിലയില്‍ ഒരു പൂര്‍ണ്ണത അങ്ങോട്ട് വന്നില്ല എന്നെന്റെ (മാത്രം) അഭിപ്രായം.

    ReplyDelete
  22. നന്നായി സീത.. ഇങ്ങനെ ഒരു കഥ ഇപ്പോഴത്തെ ചുറ്റുപാടില്‍ അത്യാവശ്യമാണ്.
    ചിന്തികാനുള്ള ഒരു അവസരം കൂടീ.. നാട്ടില്‍ വാണിപവും പീഡനവും നടത്തുവരെ
    ഇടിപ്പസ് അവസ്ഥയില്‍ ആക്കുവാന്‍ ഉള്ള ഒരു നിയമം വരണം..എന്നാലെ ദൈവത്തിന്റെ സ്വന്തം നാട് നന്നാവൂ...
    ചിന്തയുള്ള എഴുത്തിനു അഭിനന്ദനങ്ങള്‍...

    www.ettavattam.blogspot.com

    ReplyDelete
  23. സമകാലീന സമൂഹത്തിന്‍റെ ജീര്‍ണ്ണത വര്ച്ചു കാട്ടാന്‍ ഗ്രീക്ക് കഥാപാത്രത്തെ ഭംഗിയായി ഉപയോഗിച്ചു. അഭിനന്ദനങ്ങള്‍.

    ReplyDelete
  24. നമ്മുടെ നാട്ടില്‍ നടക്കുന്നതിനെ ഈഡിപ്പസ് കോമ്പ്ലെക്സ് എന്നതിനോട് കൂട്ടി വായിക്കാന്‍ കഴിയുന്നില്ല.സമൂഹത്തിന്റെ കപട സദാചാരവും അതിലൂടെ നടക്കാന്‍ ശ്രമിക്കുന്ന ജനതയും,അവസരങ്ങള്‍ കിട്ടുമ്പോള്‍ എന്തും കാട്ടി കൂട്ടുന്ന അവസ്ഥയിലേക്ക് എത്തുന്നതല്ലേ.എന്റെ സംശയമാണ്.

    ReplyDelete
  25. വന്നപ്പൊ തന്നെ ആ ചിത്രം. ഹോ, ഒരു ഭീകരത! വേണ്ടായിരുന്നു
    പിന്നെ തലക്കെട്ടും ചിത്രവും കൂടെ കൂട്ടിവച്ച് വായന തുടങ്ങി. അപ്പൊ മനസ്സിലായി ചിത്രം വേ കഥ റെ എന്ന്. പലരും പറയുകേം ചെയ്തു.

    ഇനി കഥ. പ്രിയസീതേ (രാമന്‍‌റെ) കഴിഞ്ഞ പോസ്റ്റില്‍ പുരാണം വിട്ട് ഒരു കഥ പറയാന്‍ പോകുന്നു എന്ന് പറഞ്ഞിരുന്നതിനാല്‍ വല്യ പ്രതീക്ഷ ആയിരുന്നു. പക്ഷേ ചെറുതിന് ഒരു ഒരു സുഖായി തോന്നീല. ആ വൃദ്ധനാണ് പ്രശ്നക്കാരന്‍ എന്ന് തോന്നണു. പക്ഷേ കഥപറയുന്ന ആ ശൈലി, അത് മറ്റ് പോസ്റ്റുകള്‍ തന്നെ നന്നായി ഇഷ്ടപെടുകേം ചെയ്തു. ഏറ്റെടുത്ത തീമും. നല്ല ശ്രമങ്ങളുമായി വീണ്ടും കാണാം സീത.

    ഇതാ നല്ല പോസ്റ്റുകള്‍ ഇറക്കിയാലുള്ള പ്രശ്നം. വായനക്കാരനുള്ള പ്രതീക്ഷളും, അവനോട് എഴുത്തുകാരിക്ക് ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്വവും കൂടും.
    ആശംസകള്‍ :)

    ReplyDelete
  26. ..
    കഥയില്‍ വലിയ അവ്യക്തതയൊന്നും തോന്നിയില്ല, ചില ലക്ഷണങ്ങളിലൂടെ ഈഡിപ്പസിനെ കഥയില്‍ വ്യക്തമാക്കുന്ന രീതി ഇഷ്ടപ്പെട്ടു. ചില കഥാസങ്കേതങ്ങള്‍ (കവിതയായാലും) റെഫറന്‍സ് തേടിപ്പിക്കുന്ന രീതികള്‍ നല്ലത്, ബ്ലോഗില്‍ അതിന് പലരും (ഞാനും) തുനിയില്ലെങ്കിലും!

    കഥ ആകെ നന്നായി, ആധുനികതയുമായ് ബന്ധിപ്പിക്കുന്നിടങ്ങളില്‍ ചിലയിടത്തൊക്കെ പിടിവിടുന്നുണ്ട്, അതൊക്കെ ശരിയാകും. സംഭാഷണശകലങ്ങള്‍ ചില വിവരണങ്ങള്‍-ശ്രദ്ധിക്കുക, എഴുത്ത് തുടരാന്‍ ആശംസകളോടെ..
    ..

    ReplyDelete
  27. കേരളത്തില്‍ നടക്കുന്ന പീഡന സംഭവങ്ങളുടെ ആന്തരിക ചോദന ഈഡിപ്പസ് കോമ്പ്ലക്സ് കൊണ്ടാണോ എന്ന് ചോദിച്ചാല്‍
    ഒരുത്തരമില്ല ..പലരും ചൂണ്ടിക്കാണിച്ചത് പോലെ ഒരപൂര്‍ണത ഈ കഥയിലുണ്ട് ..
    പക്ഷെ ഒരു സംഭവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു..അറിഞ്ഞു കൊണ്ട് പെറ്റമ്മയെ കളങ്കപ്പെടുത്താനുള്ള പ്രവണത നമ്മുടെ നാട്ടില്‍ ഏറുന്നു//
    ബാങ്കില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പ എളുപ്പത്തില്‍ അടച്ചു തീര്‍ക്കാന്‍ അമ്മയുടെ നഗ്ന ചിത്രങ്ങള്‍ രഹസ്യമായി എടുത്തു ഇന്റര്‍നെറ്റില്‍ കൊടുത്ത ഒരു മകനെ കുറിച്ചുള്ള വാര്‍ത്ത ഈയിടെ പത്രങ്ങളില്‍ വന്നിരുന്നു ..അത് കെട്ടുകഥയല്ല..അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് നെറ്റി ചുളിക്കുന്നവര്‍ക്ക് ഒരുത്തരം ..!

    ReplyDelete
  28. വ്യത്യസ്ഥമായി വിഷയങ്ങൾ കൊണ്ട് കഥയും,കവിതയും രചിക്കുന്ന വ്യക്തിയാണ് സീത അത് കൊണ്ട് തന്നെ സീതായനം എന്നബ്ലോഗ് വളരെയേറെപ്പേരെ ആകർഷിക്കുന്നൂ... എന്നാൽ ഇഡീപ്പസ് എന്ന കഥ എന്നെ നിരാശനാക്കിയിരിക്കുന്നൂ...അമിതമായി പ്രതീക്ഷിച്ചത് കൊണ്ടാകാം അല്ലെങ്കിൽ എന്റെ വായനയുടെ തെറ്റാകാം..ഇവിടെ അവതരിപ്പിക്കാൻ ശ്രമിച്ച വിഷയം കാലികമാണ്..നല്ല ചിന്തയുമാണ് എന്നാൽ അവതരണം കൊണ്ട്, സീതയുടെ രചനാ സങ്കേതങ്ങളിൽ നിന്ന് വളരെ താഴ്ന്ന് പോയില്ലേ എന്ന് സംശയം.. ഈഡിപ്പസ് കോമ്പ്ലക്സ് ഭാരതമണ്ണിൽ വേരൊടാൻ സാദ്ധ്യത കുറവാണെന്ന ഫ്രോയ്ഡിറ്റിന്റെ ചിന്തകൾക്ക് ഘടക വിരുത്തമായി ഇന്ന് ഭാരതം മാറിക്കൊണ്ടിരിക്കുന്നൂ..എന്ന ചിന്ത വായനക്കാരുടെ മനസ്സിലേക്കെത്തിക്കാൻ സീത തിരഞ്ഞെടുത്ത ഗ്രാമ പശ്ചാത്തലം തന്നെ ശരിയായോ? “എന്താ കുട്ടികളേ പത്രത്തിൽ വാർത്ത” എന്ന് ചോദിച്ചെത്തുന്ന മാന്യവ്യക്തിയിലൂടെ രംഗപ്രവേശം എന്തിനായിരുന്നൂ..ആ രണ്ട് വരി കവിത പറയാൻ മാത്രമായിരുന്നോ? ആവരികളിൽ തന്നെ ഈഡിപ്പസ്സിന്റെ കഥയുടെ കാതൽ ഉണ്ട് എന്നത് സത്യം... ആ വ്യക്തിയിലൂടെ ഈഡിപ്പസ്സിന്റെ കഥ അനാവരണം ചെയ്യാമായിരുന്നൂ..( പറച്ചിലിലൂടെയോ,ചിന്തയിലൂടെയോ) സീത ആ കഥാപാത്രത്തെ അവിടെ വിട്ടിട്ടിട്ട് പെട്ടെന്ന് ഒരു ഭ്രാന്തനിലേക്ക് പോകുന്നൂ..അയ്യാൾ ഈഡിപ്പസ്സിന്റെ ‘മനസ്സ്’ആണെന്ന് അല്ലെങ്കിൽ പ്രതീകമാണെന്ന് വായനക്കാർ മനസ്സിലാക്കൻ പ്രയാസപ്പെടുന്നൂവെന്ന് മാത്രമല്ലാ..യവനകഥയിലെ ഒരു മിത്തിനെ വർത്തമാനകാലത്തിലേക്ക് കുടിയേറ്റിയപ്പോൾ ഒരു കല്ല് കടി അനുഭവപ്പെട്ടില്ലേ..ശൈശവത്തിൽ നാലു കാലിലും,യൌവ്വനത്തിൽ രണ്ട് കാലിലും,വയസ്സ് കാലത്ത് വടിയുടെ സഹായത്തിൽ മൂന്ന് കാലിലും നടക്കുന്ന് മനുഷ്യൻ എന്നജീവിയുടെ അല്ലെങ്കിൽ തന്റെ തന്നെ ജീവിത സംക്രമങ്ങളൂടെ അവസ്ഥാന്തരങ്ങൾ ഈഡിപ്പസ്സിനെ കൊണ്ട്,ആ വയസ്സനെ കൊണ്ട് ചുന്തിപ്പിച്ചതു ഒക്കെ നല്ല കാര്യമാണെങ്കിലും പ്രമേയത്തിന് ‘ഇരുത്തം‘ വരുന്ന ഒരു പശ്ചാത്തലം ഒരുക്കി എടുക്കുന്നതിൽ കഥാകാരി വിജയിച്ചില്ലാ എന്ന് വിഷമത്തോടെ പറയേണ്ട് വന്നിരിക്കുന്നൂ..അതാണ് ഈ കഥയുടെ പോരായ്മയും..നന്നായി എഴുതുന്നവർ,കൂടുതൽ ചിന്തിക്കാതെ എഴുതുന്നത് കാണുമ്പോഴാണ് വിഷമം തോന്നുന്നത്..അത്തരം ഒരു വിഷമത്തിൽ നിന്നുമാണ് ഞാൻ ഇത്രയും എഴുതിയത്... തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കുക....എല്ലാ ഭാവുകങ്ങളും...

    ReplyDelete
  29. സീതാ, നേരത്തേ ഇതുവരെ വന്ന് ചിത്രം കണ്ടപ്പോള്‍ വായിക്കാനാവാതെ തിരിച്ചുപോയതാണ്‍... ഇപ്പോ വായിച്ചു.. മറ്റുള്ള പോസ്റ്റുകളില്‍നിന്നും വ്യത്യസ്ഥമായൊരു അവതരണം..അതുതന്നെയാണല്ലൊ നല്ലൊരു എഴുത്തുകാരിക്ക് വേണ്ടതും..എന്നാലും പറയാനുദ്ദേശിച്ചതു മുഴുവന്‍ പറഞ്ഞോ ഈ വരികള്‍ എന്നൊരു സംശയം.. എവിടെയോ ഒരു അവ്യക്തതയുടെ നിഴല്പോലെ.. എന്റെ തോന്നലാവാം.. ആശംസകള്‍ മോളൂ...

    ReplyDelete
  30. പ്രിയ വായനക്കാർക്ക്..തിരക്കുകൾക്കിടയിൽ എന്റെ കഥ വായിക്കാനും അഭിപ്രായം പറയാനും കാണിച്ച സന്മനസ്സിനു നന്ദി പറഞ്ഞു കൊള്ളട്ടെ..

    അച്ഛനെ വധിച്ച് അമ്മയെ വേൾക്കും എന്ന പ്രവചനം നേടി പിറന്ന ഈഡിപ്പസ്സിനെ മാതാപിതാക്കൾ ഉപേഷിച്ചിട്ടും അലംഘനീയമായ വിധി നടപ്പിലാക്കപ്പെടുകയായിരുന്നു..അറിയാതെ അമ്മയെ പരിണയം ചെയ്യേണ്ടി വന്ന തെറ്റിൽ മനം നൊന്ത് അദ്ദേഹം സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിച്ചു...അമ്മയെ ഭാര്യയായി കണ്ട കണ്ണുകൾക്ക് കൊടുത്ത ശിക്ഷ...ഇതാണു കഥ...

    ഇനിയുള്ളത് എന്റെ ഭാവന...ആ മനസ്സ് തന്നെ തിരിച്ചറിയത്ത ദിക്കു നോക്കി യാത്ര തിരിച്ചു എന്നതു കൊണ്ട് പറയാനുദ്ദേശിച്ചത് ഈഡിപ്പസ് ചെയ്ത തെറ്റ് ആവർത്തിക്കപ്പെടാത്ത നാട് എന്നായിരുന്നു...ശ്രീ സിഗ്മണ്ട് ഫ്രോയിഡിന്റെ വാക്കുകളിൽ നിന്നും നമ്മുടെ പുരാണേതിഹാസങ്ങളിൽ നിന്നും വ്യക്തമാണു ഭാരതത്തിന്റെ പാരമ്പര്യവും അതിന്റെ മഹത്വവും...അതു കൊണ്ട് ഭാരതത്തിലേക്ക് വന്നിരിക്കാം ആ മനസ്സ്...പക്ഷേ ഇവിടെയോ...അദ്ദേഹം അറിയാതെ ചെയ്ത തെറ്റ് ഇവിടെ അറിഞ്ഞു കൊണ്ട് ചെയ്യുന്നു...രമേശേട്ടൻ പറഞ്ഞതു പോലുള്ള സംഭവങ്ങൾ നിത്യവും നമ്മൾ വായിച്ചറിയുന്നു...അറിയാതെ ചെയ്ത തെറ്റിനു കണ്ണുകൾ കുത്തിപ്പൊട്ടിച്ച താൻ എന്തൊരു വിഡ്ഢിയെന്നു ആ മനസ്സിനെക്കൊണ്ട് പറയിച്ച് മറ്റൊരു തീരം തേടി നടത്തിക്കുകയായിരുന്നു ഇവിടെ...അയാൾ നടന്നകലുമ്പോഴും പുറകിൽ കുപ്പിവളകൾ വീണുടയുന്നുണ്ടായിരുന്നു എന്നു പറഞ്ഞത് സംഭവം ആവർത്തിക്കുന്നുണ്ടായിരുന്നു എന്നുദ്ദേശിച്ചാണു..ഒരു മനസ്സായിരുന്നു ആ വൃദ്ധൻ...അതു കൊണ്ടാണു അയാൾക്ക് പ്രത്യേക രൂപം കൊടുക്കാതെ നമുക്ക് പരിചിതമായ രൂപം കൊടുത്തിട്ടത് ആദ്യം...അത് വായനക്കാരന്റെ മനസ്സിൽ എത്താഞ്ഞിട്ടാണു ഇപ്പോഴുള്ള പിക്ചർ ഇട്ടത്...ആ കഥാപാത്രം വെറുമൊരു മനസ്സ് മാത്രമായതു കൊണ്ടാണു ഒരുപാട് വിവരണങ്ങളിലൂടെ വലിച്ചിഴയ്ക്കാതിരുന്നത്...മാഷിനെക്കൊണ്ട് വന്നതും രണ്ടു വരി കവിത ചൊല്ലിച്ചത് ഒരു പ്രകടനമായിരുന്നില്ലാ...ആ വാക്കുകളിലും പുച്ഛമായിരുന്നു..ശ്രീ ഓ.എൻ വി കുറുപ്പ് സാറിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിലെ വരികളാണത്...ഭൂമിയെന്ന അമ്മയായിരുന്നു അതിലെ കഥാപാത്രം..ആ വരികൾക്ക് തുടർച്ചയായുള്ള വരികളാണു മനോരാജേട്ടൻ ഇവിടെ പറഞ്ഞത്..പിന്നെ ഒരു ഗ്രാമത്തെ കൊണ്ടു വന്നത്...ഇത്തരം തുറന്ന ചർച്ചകൾ ഗ്രാമങ്ങളിലല്ലാതെ തിരക്കുപിടിച്ച നഗരത്തിൽ നടക്കുന്നത് അപൂർവ്വമാണു എന്ന ചിന്തയോടെയാണ്...പിന്നെ ഈഡിപ്പസിനെക്കുറിച്ച് സ്കൂൾ തലങ്ങളിലേ പഠിക്കുന്നതു കൊണ്ടാണ് ആ കഥാപാത്രത്തെ എല്ലാവരും അറിയുമെന്ന മുൻ‌വിധി ഉണ്ടായിപ്പോയത്...

    ക്ഷമിക്കുക..എന്റെ ചിന്ത നിങ്ങളിലേക്ക് എത്തിക്കാൻ കഴിയാതെ പോയത് എന്റെ വീഴ്ചയായി ഞാൻ അംഗീകരിക്കുന്നു...സമയക്കുറവും നെറ്റിന്റെ പരിമിതികളും കൊണ്ടാണ് താമസിച്ചു പോയത് ഈ മറുപടിക്ക്...എല്ലാരേയും ഒന്നൊന്നായി പേരെടുത്ത് പറഞ്ഞില്ലെങ്കിലും എല്ലാ പേരുകളും മനസ്സിലുണ്ട്...നന്ദി സന്തോഷം...ഈ വരവിനും അഭിപ്രായത്തിനും..

    സ്നേഹത്തോടെ...സീത*

    ReplyDelete
  31. ഈഡിപ്പസ് കോമ്പ്ലാൻ എടുത്ത് എല്ലാവർക്കും കലക്കി കൊടുത്തു അല്ലേ...
    കഥയും അഭിപ്രായങ്ങളും വലിച്ചു കുടിച്ചപ്പോൾ എനിക്കും വിവരം വെച്ചു കേട്ടൊ സീതാജി
    യെസ് ഐഏമെ ഈഡിപ്പസ് കോമ്പ്ലാൻ ബോയ്...!

    ReplyDelete
  32. പത്രങ്ങള്‍ ഇത്തരം സംഭവങ്ങള്‍ വല്ലാതെ പെരുപ്പിച്ചു കാണിക്കുന്നു എന്ന് തോന്നിയിട്ടുണ്ട് .. ഇതേ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഒരു കഥ എഴുതിയിട്ടുണ്ട് അഷ്‌റഫ്‌ ആദൂര് ...

    ReplyDelete
  33. ഇതേ വിഷയവുമായി സാമ്യമുള്ള ഒരു കഥ ഞാനും എഴുതിയിട്ടുണ്ടേ....ഒറ്റയടിപ്പാതകള്‍
    എന്ന ബ്ളോഗില്‍....ഒന്നു നോക്കണേ........

    ReplyDelete
  34. പ്രദീപ് പേരശ്ശന്നൂർ....നന്ദി

    മുരളീമുകുന്ദൻ, ബിലാത്തിപട്ടണം.....ചേട്ടായിയേ...നാട്ടിൽ പോകുമ്പോ സൂക്ഷിച്ച് വേണം ട്ടാ...ഹിഹി...നന്ദി

    മഖ്ബൂൽ മാറഞ്ചേരി.......നന്ദി സന്തോഷം

    സ്മിത...തീർചയായും നോക്കാം..നന്ദി

    ReplyDelete
  35. പോയകാല ചരിതം പലപ്പോഴും ഒരു ചുമടായിത്തോന്നാം.... ഇനിയും നാം ആ ചുമടിന്റെ ഭാരം അറിഞ്ഞതില്ലല്ലോ... വർത്തമാനകാലവാർത്തകളുടേയും ഭാരവും സഹനീയമല്ലടോ... ചുമട് ചുമട്ടുകാരന് ജീവിതമാർഗ്ഗം മാത്രം... ചുമട് കല്ലായാലും കഥനമായാലും... എങ്കിലും സീതേ (ശീതേ... എന്ന് പ്രേം നസീർ) നിന്റെ കഥ ഒരു ചൂണ്ടുപലകയാണെടോ.... വായനക്ക് സമയം തീരെ പോരാ, തൽക്കാലം ചുമടുമായിപ്പോകട്ടെ..

    ReplyDelete
  36. ചുമട്ടുകാരൻ....ചുമടുതാങ്ങി കിട്ടീല്ലാർന്നോ സുഹൃത്തേ...ഒന്നു വിശ്രമിച്ച് പോകാർന്നു..ഹിഹി..നന്ദി ഈ വരവിനും അഭിപ്രായത്തിനും...വരിക ഇനിയും സമയം പോലെ

    ReplyDelete
  37. http://www.essortment.com/oedipus-riddle-sphinx-21904.html
    can add this link as well

    ReplyDelete
  38. AFRICAN MALLU...ആഡ് ചെയ്തിട്ടുണ്ട് ട്ടോ...നന്ദി

    ReplyDelete