Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, July 3, 2018

സീതയെത്തേടി ...

യാത്രകളെന്നും ലഹരിയാണ്. ഓരോ യാത്രയും ഓരോ ജന്മം ആണെന്നു തോന്നാറുണ്ട്.
ആകുലതകൾ നിറഞ്ഞ തുടക്കവും അലകളൊഴിഞ്ഞ് ശാ‍ാന്തമായ കടൽ പോലെ ഒടുക്കവും..
“നീ അവളെ കാണാനാണ് പോകുന്നത്..”.പതിവു പോലെ ആകുലമായ മനസ് മന്ത്രിച്ചു.
നെഞ്ചോട് ചേർന്നിരുന്നു മയങ്ങുന്ന കുഞ്ഞിനെ ഒന്നുകൂടെ ചേർത്തു പിടിച്ചു..
താഴത്തെ ബെർത്ത് ആയതുകൊണ്ടാവും അധികം അലോസരപ്പെടുത്തലുകൾ ഉണ്ടായില്ല... തൊട്ടു മുകളിലെ ബെർത്തിൽ കിടക്കുന്ന ചേച്ചി രാത്രി വൈകി ഉറങ്ങിയതുകൊണ്ട് ജനാല അതുവരേയും തുറന്നിടാൻ കഴിഞ്ഞുവെന്നുള്ളതും ഭാഗ്യം...
ഇരുട്ടിൽ കാഴ്ചകൾ അവ്യക്തമെങ്കിലും വെറുതേ ഇങ്ങനെ പുറത്തു നോക്കിയിരിക്കാൻ പ്രത്യേക സുഖമാണ്. ചെറുതും വലുതുമായ വെളിച്ചങ്ങൾ ശ്രോതസ്സറിയിക്കാതെ വന്നും പോയുമിരിക്കും..ആകലെയായി ചീറിപ്പായുന്ന വാഹനങ്ങൾ, നദികളിലെ നിശ്ശബ്ദതയെ ഭഞ്ജിക്കുന്ന കളകളാരവങ്ങൾ ഒക്കെ കേട്ടിരിക്കാ‍ൻ കൊതിയാണെപ്പോഴും.
യാത്രകൾ ഒരിക്കലും മടുക്കാത്തതും ഇതൊക്കെകൊണ്ട് തന്നെയാവും.
എവിടെയെത്തിയെന്നറിയില്ല.. മൊബൈലിൽ സമയം നോക്കി. നേരം പുലരാറാകുന്നു.. ഒമ്പതു മണിക്ക് എത്തുമായിരിക്കും..
രണ്ട് ദിവസം മുമ്പ് വൈകിട്ട് മൂന്നരയ്ക്ക് അനന്തപുരിയിൽ നിന്നും തിരിച്ചതാണ്. ബസിൽ ബാംഗ്ലൂരെത്തിയപ്പോൾ പിറ്റേന്ന് രാവിലെ ഏഴര ആയിരുന്നു. സംഘമിത്ര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഒമ്പതിനു പുറപ്പെടുമെന്ന് അറിയാമായിരുന്നതുകൊണ്ട് റെയിൽ‌വേ സ്റ്റേഷനിൽ എത്തിയാണു മുഖം കഴുകിയതു തന്നെ..
പെട്ടെന്ന് തയ്യാറായി മോന് ആഹാരവും കൊടുത്തപ്പോഴേക്കും ട്രയിൻ പുറപ്പെടാൻ ഒരുങ്ങിയിരുന്നു..  നാല്പത്തിയെട്ടു മണിക്കൂർ യാത്ര ബാംഗ്ലൂരിൽ നിന്നും പാറ്റ്ന വരെ.. തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ നാളെ രാവിലെ ഒമ്പതിനു പാറ്റ്നയിലെത്താം.
-പാറ്റ്ന റെയിൽ‌വേസ്റ്റേഷൻ-
ഒരു മണിക്കൂർ വൈകിയെങ്കിലും അധികം മുഷിയാ‍തെ പാറ്റ്ന കണ്ടു. തിരക്കുകൾക്കിടയിൽ തലയുയർത്തിപ്പിടിച്ച് പാറ്റ്ന ജംഗ്ഷൻ നിൽക്കുന്നു.
പുറത്തിറങ്ങി പ്രീപെയ്ഡ് ടാക്സി കൌണ്ടറിൽ സീതാമർഹിക്ക് ടിക്കറ്റെടുക്കുമ്പോൾ ഉള്ളിൽ വീണ്ടും ആ പെരുമ്പറ മുഴങ്ങി.
കുഞ്ഞ്, എന്തിനെന്നറിയാതെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുണ്ടായിരുന്നപ്പോൾ.
ടാക്സി പാറ്റ്ന കെമിക്കത്സിനരികിലൂടെ ഇടത്തോട്ട് തിരിഞ്ഞ് ബംഗാളി ടോള ബസ് സ്റ്റാൻഡ് റോഡിൽ കേറി. അവിടെ നിന്നും മിഥാപൂർ ബസ് സ്റ്റാൻഡ് റോഡിൽ വന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് എൻ എച്ച് 22 ലൂടെ ആയി യാത്ര..
മുസ്സഫർപൂർ പോകുന്ന റോ‍ഡാണെന്ന് ടാക്സി ഡ്രൈവർ മുറി ഹിന്ദിയിൽ പറഞ്ഞു.
മൂന്നു മണിക്കൂർ യാത്രയ്ക്കൊടുവിൽ വിശ്വനാഥപൂർ ചൌകിലെത്തി.
അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം അഞ്ച് കിലോമീറ്ററോളം എൻ എച്ച് 227 ലൂടെ സഞ്ചരിക്കുമ്പോൾ സീതാമർഹിയിലേക്കുള്ള വഴികാട്ടികൾ കണ്ടു തുടങ്ങും.
പിന്നങ്ങോട്ട് ബൈപാസിലൂടെയാണ് കുറച്ചു ദൂരം യാത്ര. മൂന്നര മണിക്കൂർ കൊണ്ട് സീതാമർഹി എത്തുമ്പോൾ ഞാനും മോനും നന്നെ തളർന്നിരുന്നു.
-സീതാമർഹി റെയിൽ‌വേസ്റ്റേഷൻ-
സീതാമർഹി എന്ന പേരിൽ രണ്ട് സ്ഥലങ്ങളുണ്ട് . പാറ്റ്നയ്ക്കടുത്ത് നേപ്പാളതിർത്തിയോടടുപ്പിച്ചുള്ള സീതാമർഹി രാമായണത്തിലെ സീതാദേവിയെ ഭൂമിയിൽ നിന്നും ജനകമഹാരാജാവിനു കിട്ടിയ സ്ഥലമാണ്.
എന്നാൽ ഇനിയൊരു സീതാമർഹി കൂടെയുണ്ട്.
ഉത്തർപ്രദേശിലാ‍ണത്.
അലഹബാദിനും വാരണാസിക്കും ഇടയ്ക്കുള്ള ഈ സ്ഥലം സീതാദേവി ഭൂമി പിളർന്നുപോയ ഇടമായിട്ടാണ് അറിയപ്പെടുന്നത്.
രണ്ട് സീതാമർഹിയ്ക്കും സീതാമഢിയെന്ന മറ്റൊരു പേരു കൂടിയുണ്ട്.
പഴം‌കഥകളുറങ്ങുന്ന ഭാരതത്തിന്റെ മണ്ണിൽ ഓരോ മണൽത്തരിക്കും പറയാനുണ്ടാകും ഒരായിരം ഐതീഹ്യങ്ങൾ.
പിറവി കൊള്ളാനൊരു ഉഴവു ചാൽ മതിയായിരുന്നെങ്കിലും മടങ്ങാൻ ഭൂമി തന്നെ പിളരേണ്ടിയിരുന്ന ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ തേടിയുള്ള യാത്രയിൽ ആദ്യമേ ഉറപ്പിച്ചിരുന്നു തുടക്കം ജനകന്റെ മണ്ണിൽ നിന്നാവണമെന്ന്..
എന്തും പിറവിയിൽ നിന്നുമാണല്ലോ തുടങ്ങുന്നത്. അങ്ങനെയാണ് ബിഹാറിലെ പാറ്റ്നയിൽ നിന്നും കുറച്ചകലെയുള്ള സീതാമർഹിയിലേക്ക് തിരിച്ചത്.
സീതായൻ ഹോട്ടലിൽ ആയിരുന്നു താമസസൌകര്യം ഏർപ്പെടുത്തിയിരുന്നത്. റെയിൽ‌വേസ്റ്റേഷനടുപ്പിച്ചുള്ള ഹോട്ടലായതുകൊണ്ടായിരുന്നു അത് തെരഞ്ഞെടുത്തത്. റൂമിലെത്തി കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും എനിക്കും കുഞ്ഞിനുമുള്ള ഭക്ഷണം എത്തിയിരുന്നു. ഉച്ച കഴിഞ്ഞ് ചുറ്റിക്കാണാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞതുകൊണ്ട് ഒന്നു മയങ്ങാമെന്നു കരുതി.
മോനപ്പോഴേക്കും നല്ല ഉറക്കം പിടിച്ചിരുന്നു.
മൂന്നു മണിയായപ്പോൾ ഞങ്ങൾക്ക് പോകാനുള്ള ടാക്സി വന്നിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി.
മോനേയും ഒരുക്കി താഴേക്കിറങ്ങി വരുമ്പോൾ സിനിമകളിൽ കണ്ടിട്ടുള്ള മഞ്ഞയും കറുപ്പും കലർന്ന മുകളിൽ കാരിയർ ഘടിപ്പിച്ച അംബാസിഡറോ പ്രിമിയർ പത്മിനിയോ ഒക്കെയായിരുന്നു മനസിൽ. പക്ഷേ ഞങ്ങളെ കാത്തു കിടന്നിരുന്നത് ഒരു ഇന്നോവയായിരുന്നു.
മാറ്റം പ്രകൃതിനിയമം എന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് മുഷിഞ്ഞ കാക്കി വേഷത്തിനു പകരം തിളങ്ങുന്ന വൃത്തിയുള്ള യൂണിഫോം ധരിച്ച ഡ്രൈവർ ഇറങ്ങി വന്ന് പുറകിലത്തെ ഡോർ തുറന്നു തന്നു.
സീതാമർഹിയുടെ ഹൃദയത്തിലൂടെ, അവൾ പിറവികൊണ്ട മണ്ണിലൂടെ ഒരു യാത്ര..
സീതാമർഹി ഒരു ഗ്രാമമാണ്. കാർഷികവൃത്തി ഉപജീവനമാക്കിയ ജനത. പാതയുടെ ഇരുവശത്തും പാടങ്ങളാണ്. ചോളവും ഗോതമ്പും അരിയും പച്ചക്കറികളും പയറു വർഗ്ഗങ്ങളുമൊക്കെയുണ്ട്. കുളിർ നീരുറവകളും കുഞ്ഞു കുഞ്ഞു വീടുകളുമൊക്കെയായിട്ട് കേരളത്തിനിന്നു അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണസൌന്ദര്യം അപ്പാടെ നൽകി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട് സീതാമർഹിയെ. മണ്ണിനെയും പ്രജകളേയും സ്നേഹിച്ച, രാജാവിന്റെ ആഢംബരങ്ങളുപേഷിച്ച് ഋഷിക്കു തുല്യം ജീവിതം നയിച്ച ജനകന്റെ ആത്മാവുറങ്ങുന്ന മണ്ണിൽ ഇതു തന്നെയല്ലേ പ്രതീക്ഷിക്കേണ്ടതെന്ന് മനസ് ഓർമ്മപ്പെടുത്തി.
മുസ്സാഫർപുർ ജില്ലയുടെ ഭാഗമായിരുന്ന സീതാമർഹിയെ സ്വതന്ത്ര ജില്ലയായി പ്രഖ്യാപിച്ചത് 1972 ഡിസംബർ പതിനൊന്നിന് അന്നത്തെ ബിഹാർ മുഖ്യമന്ത്രി കേദാർ പാണ്ഡെയായിരുന്നു. വളരെയകലെയല്ലാതെ അതിർത്തിക്കപ്പുറം നേപ്പാളിൽ ജനകൻ വാണിരുന്നു എന്നു പറയപ്പെടുന്ന ജനകപുർ ആണ്. നാടിന്റെ വരൾച്ച തന്റെ നിരാസമനോഭാവം കൊണ്ടും സന്താനമില്ലായ്മകൊണ്ടും ഉണ്ടായതാണെന്ന് ഗുരുക്കന്മാരിൽ നിന്നും മനസിലാക്കിയ ജനകൻ പുത്രകാമേഷ്ഠി യാഗത്തിനു ഒരുങ്ങുകയും യാഗാനന്തരം കലപ്പകൊണ്ട് ഉഴുകയും ചെയ്തുവത്രേ. തദവസരത്തിൽ കലപ്പ മണ്ണിലാണ്ടുകിടന്നൊരു മൺ‌പാത്രത്തിൽ തട്ടിയെന്നും അത് പുറത്തെടുത്ത് തുറന്നപ്പോൾ ഒരു പെൺകുഞ്ഞിനെ കിട്ടിയെന്നും സിതം കണ്ടെടുത്ത പെണ്ണായതുകൊണ്ട് സീത എന്ന് പേരിട്ടുവെന്നും പുരാണം.
അവിടുത്തെ കാറ്റിനു പോലും ഒരു രാമായണശീലുള്ളതുപോലെ തോന്നിച്ചു. ടാക്സി ഡ്രൈവർ അമ്പതിനോടടുത്ത ഭോലാറാം എന്ന പേരുള്ള ഒരാളായിരുന്നു. മകളുടെ പ്രാ‍യമുള്ള എന്നെ മാംജി മാംജി എന്നിടയ്ക്കിടയ്ക്ക് വിളിച്ച് അദ്ദേഹം കഥകൾ പറഞ്ഞ് വാചാലനായി. മോൻ യാത്രയിൽ ബഹളമുണ്ടാക്കാതെ നോക്കാൻ ആ മനുഷ്യനു പ്രത്യേക കഴിവുള്ളതുപോലെ തോന്നിയപ്പോഴാണ് വീട്ടിൽ ആരൊക്കെയുണ്ടെന്ന് ചോദിച്ചത്. ഒരു മകളുണ്ടന്നും ഭാര്യ നേരത്തെ മരിച്ചു പോയെന്നുമൊക്കെ അദ്ദേഹം മനസ് തുറന്നു. മകളുടെ കുഞ്ഞിനു എന്റെ കുഞ്ഞിന്റെ പ്രായമുണ്ടെന്നു പറഞ്ഞപ്പോൾ വെറുതേ ഒരു കൌതുകത്തിനു ചോദിച്ചു മകളുടെ ഭർത്താവ് എന്തു ചെയ്യുന്നു എന്ന്. മറുപടി തരാതെ, മോന് എന്റെ ഛായയല്ലല്ലോ സാബ്ജിയുടെ ഛായ ആവും അല്ലേ എന്ന ചോദ്യമാണ് ചോദിച്ചത്. ഞാൻ നിശ്ശബ്ദയായെങ്കിലും യാത്ര അവസാനിക്കും മുമ്പ് അദ്ദേഹം തന്നെ എന്റെ വിഴുങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നു. ഒരു പ്രണയപരാജയത്തിന്റെ ബാക്കി പത്രമാണ് അദ്ദേഹത്തിന്റെ മകൾ ജാനകിയും കുഞ്ഞും. ബന്ധുക്കളെ വിവരമറിയിച്ച് വന്ന് കൂട്ടിക്കൊണ്ട് പോകാമെന്ന് പറഞ്ഞ അയാൾ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. പറഞ്ഞു തീർത്തപ്പോൾ ഭോലാറാമിന്റെ ശബ്ദം ഇടറിയിരുന്നു, പക്ഷേ അത് മറയ്ക്കാൻ അദ്ദേഹം ഉറക്കെ പാടി, “പർദേശിയോംസേ നാ അഖിയാ മിലാനാ... പർദേശിയോം കോ ഹെ എക് ദിൻ ജാനാ..” അർത്ഥമുള്ള പാട്ട്..
സങ്കടം തോന്നി. കാലം മാറിയിരിക്കുന്നു, കഥകളും കഥാപാ‍ാത്രങ്ങളും മാറി. സത്യവാനോട് സൌകര്യപ്പെടില്ലെന്നു സാവിത്രിയും രാമനോട് പോടാന്നു സീതയും പറയാൻ പഠിച്ച കാലം. പക്ഷേ, ശകുന്തളമാർക്ക് ഒട്ടും കുറവില്ല.
ചിന്തകൾക്ക് കടിഞ്ഞാണിട്ട് സീതാമർഹിയുടെ മണ്ണിൽ മനസും കണ്ണുകളും സമർപ്പിച്ചു.
സീതാമർഹിക്ക് ഒരു പുരാണത്തിലെ ഗ്രാമത്തിന്റെ പരിവേഷമാണ് ഇപ്പോഴും. ആശ്രമങ്ങളും ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും പൌരാണികത ഉടയാത്ത പുണ്യസ്ഥലങ്ങളും ഈ പരിവേഷത്തെ അരക്കിട്ടുറപ്പിക്കുന്നു.
കാണാൻ ഏറെ സ്ഥലങ്ങളുണ്ട്, ചെവിയോർക്കാ‍നൊരുപാട് കഥകളും. കുട്ടികളെ പഠിപ്പിക്കുമ്പോൾ സംസ്കൃതഗ്രാമമായ മത്തൂരിനെക്കുറിച്ച് പറഞ്ഞത് മനസിലേക്ക് ഓടി വന്നു, സീതാമർഹിയിലെ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ.
വൃത്തിയും വെടിപ്പുമുള്ള വീടുകൾ ചിത്രപ്പണികൾ കൊണ്ട് അലംകൃതമാക്കിയിരിക്കുന്നു. പുരാതന സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളായ മുറങ്ങളും വട്ടികളും കൃഷി ഉപകരണങ്ങളുമെല്ലാം വളരെ ഭംഗിയായി സൂക്ഷിക്കുന്നു ഓരോ വീട്ടിലും.
ആദ്യം ജാനകി മന്ദിർ കാണാനാണ് പോയത്. നൂറു വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രം. റെയിൽ‌വേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും ഒന്നരകിലോമീറ്റർ അകലത്തിലാണ് ഈ ക്ഷേത്രം. ജനകപുത്രി സീതയെ കണ്ടു കിട്ടിയത് ഇവിടെ നിന്നാണെന്നു പറയപ്പെടുന്നു. അതിന്റെ ഓർമ്മയ്ക്ക് ജനകൻ അവിടെയൊരു കുളം നിർമ്മിച്ചു, അതിപ്പോഴും ജാനകി കുണ്ഡ് എന്ന പേരിൽ അവിടെയുണ്ട് ഈ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായിട്ട്.
-ജാനകീക്ഷേത്രം-
-ജാനകി കുണ്ഡ്-
 അവിടെ നിന്നും പടിഞ്ഞാറോട്ട് ഏകദേശം അഞ്ചു കിലോമീറ്റർ പോയാൽ വീണ്ടും ഒരു ജാനകി ക്ഷേത്രമുണ്ട് പുനൌറ എന്ന സ്ഥലത്ത്. അതും സീതയുടെ ജനനവുമായി ബന്ധപ്പെട്ട ക്ഷേത്രം തന്നെയാണ്. നവമിക്കും വിവാഹ പഞ്ചമിക്കുമാണു ഈ ക്ഷേത്രങ്ങളിലെ ഉത്സവം. അതായത് ഒക്ടോബർ നവംബർ മാസങ്ങൾ. അതിനോടനുബന്ധിച്ച് നടത്തുന്ന കാലിച്ചന്ത കാണാൻ അനേകം വിദേശിയർ എത്താറുണ്ടത്രേ.
-പുനൌറ ക്ഷേത്രം-
 വീണ്ടും ഒരു ഇരുപത് കിലോമീറ്ററോളം പോയിക്കാണും, ഒരു ശിവക്ഷേത്രം കണ്ടു. ഡിയോകുലി എന്നും ധേക്കുലി എന്നുമൊക്കെ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിനു ബന്ധം മഹാഭാരതവുമായിട്ടാണ്.
ഒരു വസ്ത്രാഞ്ചലം ഉലഞ്ഞപ്പോൾ നിലം പൊത്തിയത് ഒരു സാമ്രാജ്യമായിരുന്നു, ഒരു കുലമായിരുന്നു. പെണ്ണൊരുമ്പെട്ടാൽ എന്ന ചൊല്ലിനെ അർത്ഥവത്താക്കിയ ഭാരതകഥ തിരുത്തിക്കുറിച്ച പെണ്ണ്, ദ്രൌപതി എന്ന പാഞ്ചാലി ജനിച്ചത് ഇവിടെയാണത്രേ. ഷിയോഹർ ജില്ലയുടെ ഭാഗമായിരുന്ന ഈ ക്ഷേത്രം സീതാമർഹിയോട് ബന്ധിപ്പിച്ചത് 1994 ൽ ആയിരുന്നു. അവിടുത്തെ മണ്ണിൽ കാലുറപ്പിക്കുമ്പോൾ പാദങ്ങൾ പൊള്ളുന്നുണ്ടായിരുന്നു, ഒരു പെണ്ണിന്റെ പകയുടെ ചൂടാവുമോ? എല്ലാ ശിവരാത്രിക്കും ആകർഷണീയമായ ഒരു മേള ഇവിടെ കൊടിയേറാറുണ്ടത്രേ.
-ഡിയോകുലി-
അതിനടുപ്പിച്ചാ‍ണ് സഭാഗച്ചി ശശൌള എന്ന സ്ഥലം. പണ്ട് മിഥിലയിലെ ബ്രാഹ്മണർ ഒത്തുകൂടിയിരുന്ന് കന്യകമാർക്ക് വിലപേശിയിരുന്ന സ്ഥലം. ഒറ്റവാക്കിൽ പറഞ്ഞാൽ വിവാഹക്കമ്പോ‍ളം. മുന്തിയ വിലയ്ക്ക് ഉറപ്പിക്കപ്പെടുന്ന വിവാഹങ്ങൾ പിന്നീട് ആഘോഷപൂർവ്വം നടത്തപ്പെടും. സ്ത്രീയെ വില്പനച്ചരക്കാക്കിയിരുന്നു മിഥിലയുടെ ആ പരമ്പരാഗത രീതിവ്യവസ്ഥയിൽ മനം നൊന്തു അവിടെനിന്നും നടക്കുമ്പോൾ..
പിന്നെ പോയത് ബോധായൻ സർ കാണാനായിരുന്നു. മഹർഷി ബോധയ അനേകം ഇതിഹാസങ്ങൾ രചിച്ചത് ഇവിടെയിരുന്നാണെന്ന് പറയപ്പെടുന്നു. ഈ മഹർഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ  ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ് സംസ്കൃതം വ്യാകരണത്തിനു അടിത്തറ പാകിയ പാണിനി എന്ന് കരുതപ്പെടുന്നു. മുപ്പത്തിയേഴു വർഷങ്ങൾക്കു മുമ്പ് ദിയോരഹ ബാബ എന്ന സന്യാസി ഇവിടെ ബോധയ മഹർഷിക്ക് ക്ഷേത്രം പണിതു. ഫലങ്ങളാണത്രേ ഈ ക്ഷേത്രത്തിലെ നേർച്ചകാഴ്ചകൾ.
ഇരുട്ട് പരക്കാൻ തുടങ്ങിയതു കൊണ്ടാവും ഇനി യാത്ര അടുത്ത ദിവസമാകാം എന്നു പറഞ്ഞ് ഭോലാറാം തിരക്കു പിടിച്ചു. സ്നേഹത്തിനു മുന്നിൽ എന്നും കീഴടങ്ങാൻ ഇഷ്ടമുള്ളതുകൊണ്ട് ഭോലാറാമിനെ അനുസരിക്കാൻ തീരുമാനിച്ചു. റൂമിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചതു മാത്രമേ ഓർമ്മയുള്ളൂ.. പെട്ടെന്നുറങ്ങി.. അത്രയ്ക്ക് ക്ഷീണമുണ്ടായിരുന്നു.
രാവിലെ മനസറിഞ്ഞതു പോലെ ഭോലാറാമെത്തി കൃത്യം എട്ടു മണിക്ക് തന്നെ. കാറിൽ കയറും മുമ്പ് തന്നെ ഒരു പരിദേവനം സമർപ്പിച്ചു, അത് മകൾ ജാനകിയുടേതായിരുന്നു, പ്രഭാത ഭക്ഷണത്തിനു വീട്ടിൽ ചെല്ലണമെന്ന്. വീണ്ടും കീഴടങ്ങി. പുഞ്ചിരിയോടെ സമ്മതിച്ചു.
മണ്ണും മുളകളും കൊണ്ട് മനോഹരമാക്കിയ കൊച്ചു വീട്. ചുമരൊക്കെ ചിത്രപ്പണികളാ‍ൽ അലംകൃതം. ചെരുപ്പിട്ട് ആ മുറ്റത്തു പോലും ചവിട്ടാൻ തോന്നുന്നില്ല. അത്രയ്ക്ക് ശുദ്ധം.
-ഭോലാറാമിന്റെ വീട്-
 അകത്തേക്ക് ക്ഷണിച്ച് നല്ല ആതിഥേയനായി ഭോലാറാം. നിലത്ത് വിരിയിട്ട ഇരിപ്പിടം. മോനെ അരികത്തിരുത്തി ഞാനുമിരുന്നു. അകത്തു നിന്നും പാദസരത്തിന്റെയും കുപ്പിവളകളുടേയും കിലുക്കം അടുത്ത് വരുന്നതറിഞ്ഞു. ഇളം റോസും പച്ചയും നിറത്തിലെ പരമ്പരാഗത വേഷമണിഞ്ഞഒരു പെൺകുട്ടി, ജാനകി. ഏറിയാൽ ഒരു ഇരുപത്തഞ്ച് വയസ്സ് പ്രായം വരും. അവളുടെ ശിരോവസ്ത്രത്തിന്റെ തുമ്പ് പിന്നിലേക്ക് ഉലയുന്നതു കണ്ടാണ് അവിടേക്ക് നോക്കിയത്. സുദേവിനോളം പ്രായമുള്ളൊരു കുഞ്ഞ്, മൂക്കൊലിപ്പിച്ച്, വിരൽ കടിച്ച്, അത്ഭുതം തുളുമ്പുന്ന കണ്ണുകളോടെ ഞങ്ങളിൽ ദൃഷ്ടി പതിപ്പിച്ച് അവിടെ പതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. മുളന്തണ്ടുകളിൽ പാചകം ചെയ്തെടുത്ത അട പോലത്തെ എന്തോ പലഹാരം, പിന്നെ മുളയിൽ തന്നെ ഉണ്ടാക്കിയെടുത്ത ശർക്കരക്കാപ്പി.
സ്നേഹം ചേർത്തു വിളമ്പിയിട്ടാകണം എല്ലാറ്റിനും അതിമധുരം. പലഹാരമെടുത്ത് നീട്ടി ആ കുഞ്ഞിനെ വിളിച്ചെങ്കിലും അവൻ അമ്മയുടെ നിഴലിൽ നിന്നും മാറാൻ തയ്യാറായില്ല. നിലത്തേക്ക് നോക്കി നിൽക്കുന്ന ജാനകിയുടെ കണ്ണീരുറഞ്ഞ കണ്ണുകളിൽ ഒരു തരം നിരാസഭാവം. പുറത്തേക്ക് നടക്കുമ്പോൾ ഒന്നു തിരിഞ്ഞു നോക്കാതിരിക്കാനായില്ല. അവിടെ ആ അമ്മയും മകനും നിൽ‌പ്പുണ്ടായിരുന്നു, ഏതോ എഴുത്തുകാരൻ മുഴുമിപ്പിക്കാത്ത കഥയിലെ കഥാപാത്രങ്ങളെപ്പോലെ.. സമയത്തിനു വഴങ്ങിക്കൊടുത്തേ മതിയാകൂ എന്ന ബോധം മനസിനെ തിരിച്ചു വിളിച്ചു. പുതുയുഗത്തിലെ ജാനകിയെ വിധിക്കു വിട്ടു കൊടുത്ത് പഴമയിലെ സീതയെ തേടി വീണ്ടും യാത്ര തുടങ്ങി.
സീതാമർഹിക്ക് വടക്കുഭാഗത്തേക്ക് പോയി പടിഞ്ഞാറേക്ക് തിരിഞ്ഞ് മൂന്നു കിലോമീറ്ററിനുള്ളിൽ ഹാലേഷ്വർ സ്ഥാൻ എന്നൊരു ക്ഷേത്രമുണ്ട്. പുത്രകാമേഷ്ഠി യാഗം നടത്തുമ്പോൾ ജനകൻ കണ്ടെത്തിയ ശിവക്ഷേത്രമാണത്.
-ഹാലേഷ്വർ സ്ഥാൻ-
ഒരു നാലു കിലോമീറ്ററുകൾ കൂടി മുന്നോട്ട് പോയാൽ ബഗാഹി ഗ്രാമമായി. അവിടെ നൂറ്റിയെട്ടു മുറികളുള്ളൊരു വലിയ ഹിന്ദു മഠം കാണാം. യാഗങ്ങളെക്കുറിച്ചും അവയ്ക്കായി അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവ ചെയ്യേണ്ട രീതികളെക്കുറിച്ചുമെല്ലാ‍ം ഇവിടെ പഠിപ്പിക്കുന്നുണ്ട്. പഠിക്കേണ്ടവർക്ക് ഇവിടെ തന്നെ താമസിച്ച് പഠിക്കാവുന്നതാണ്. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ഹൈന്ദവ ആചാരത്തെ മൃതിയ്ക്ക് വിട്ടുകൊടുക്കാതെ സൂക്ഷിക്കുന്ന ഏക പാഠശാല.
-ബഗാഹി മഠം-
മുന്നോട്ട് ഒരു പതിനെട്ട് കിലോമീറ്റർ കൂടെപ്പോയാൽ ശുകേശ്വർ സ്ഥാൻ എത്തും. സുഖ്ദേവ് എന്ന മഹാമുനി പൂജിച്ചിരുന്ന ശുകേശ്വരനാഥനായ ശിവന്റെ ക്ഷേത്രം ഇപ്പോഴും അവിടെ പുരാതനപ്രതീകമായി നിലനിൽക്കുന്നു.
പടിഞ്ഞാറോട്ട് തിരിഞ്ഞിടത്തു വന്ന് കിഴക്കോട്ട് യാത്ര ചെയ്താൽ, അതായത് സീതാമർഹിയുടെ വടക്ക് കിഴക്കായി പോയാൽ എട്ടു കിലോമീറ്ററിനുള്ളിൽ ഒരു വലിയ ആൽ‌വൃക്ഷം നില്പുണ്ട്. പന്ഥ് പകർ എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് സീതാദേവി വിവാഹശേഷം അയോധ്യയിലേക്കുള്ള പല്ലക്ക് യാത്രയ്ക്കിടയ്ക്ക് അല്പം വിശ്രമിക്കാൻ ഇരുന്നുവത്രേ, പടർന്നു പന്തലിച്ച ആ ആൽ‌വൃക്ഷത്തിനു ചുവട്ടിൽ.
-പന്ഥ് പകർ-
 ശരിക്കും ആ വൃക്ഷത്തിനു യുഗാന്തരങ്ങളുടെ പ്രായമുണ്ടോയെന്നറിയണമെങ്കിൽ അതിന്റെ തടി മുറിച്ച് പരിശോധനയ്ക്ക് വിധേയമാക്കണം. വാസ്തവം എന്തു തന്നെ ആയാലും പഴം കഥകളുടെ ചൂരും ചൂടൂം ആ മണ്ണിനു പ്രത്യേക വീര്യം കൊടുക്കുന്നു. ഉറച്ച് പതിപ്പിക്കുമ്പോൾ പാദങ്ങൾക്കടിയിൽ മണൽ‌ത്തരികൾ വിറ കൊള്ളുന്നു, ഭർത്തൃഗൃഹത്തിലേക്ക് പോയ ആ നവോഢയുടെ മനസ് ഈ മണൽ‌ത്തരികൾ കട്ടെടുത്തിട്ടുണ്ടാകുമോ? “മാംജി കണ്ണടച്ചു പ്രാർത്ഥിച്ചോളൂ‍, സദാ ഭർതൃസാമിപ്യം ലഭ്യമാക്കും ദേവി”, പിന്നിൽ ഭോലാറാമിന്റെ ശബ്ദം ചിന്തകൾക്ക് കടിഞ്ഞാണിട്ടു. മകൾ ജാനകി ഇവിടെ പ്രാർത്ഥിച്ചിരുന്നില്ലേയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആ മനസ് കുത്തിനോവിക്കാൻ തോന്നിയില്ല.
കുറച്ചു ദൂരത്തിനപ്പുറമാണ് പുപ്രി ഗ്രാമം.  അവിടെ ശിവന്റെ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ട്. ശിവൻ സ്വയം ഹഗേശ്വര നാഥ മഹാദേവനായി ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ആ ക്ഷേത്രത്തിനു ബാബ ഹഗേശ്വരനാ‍ാഥ ക്ഷേത്രം എന്ന പേരും കിട്ടി.
-പുപ്രി ഹഗേശ്വരനാഥ ക്ഷേത്രം-
 അവിടെ നിന്നും കുറച്ചുക്കൂടെ യാത്ര ചെയ്താൽ, അതായത് സീതാമർഹിയിൽ നിന്നും ഏകദേശം ഇരുപത്തിയാറു കിലോമീറ്ററോളം ദൂരത്തായി മുസ്ലീങ്ങളുടെ ഒരു ആരാധനാലയം കാണം, ഗൊരാവുൽ ഷരീഫ് എന്ന പേരിൽ ബിഹാർ ഷെരീഫിന്റേയും ഫുൽ‌വാരി ഷെരീഫിന്റേയും പേരിൽ ഇതൊരു പുണ്യസ്ഥലമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

-ഗൊരാവുൽ ഷരീഫ്-
ഉഴവു ചാലിൽ പിറന്നവളെ കണ്ടു ഏറെക്കുറെ. ഇനിയവൾ മടങ്ങിയതിനെക്കുറിച്ചറിയണം. അപമാനിതയാകുന്ന സ്ത്രീയുടെ പ്രതികരണം എന്തെന്ന് കാണിച്ചു തന്നവൾ, പുൽനാമ്പ് കൊണ്ട് വിശ്വവിജയി രാവണനെ അകറ്റി നിർത്തിയവൾ.. അറിയണം ഇനിയും, തിരികെ മുറിയിലെത്തുമ്പോൾ മനസ് പറഞ്ഞു കൊണ്ടിരുന്നു.
റിസപ്ഷനിൽ വിളിച്ച് അടുത്ത ദിവസത്തെ സുവിധാ എക്സ്പ്രസിലെ ടിക്കറ്റ് ഉറപ്പിച്ചു. ഭോലാറാമിനോട് നേരത്തെ പറഞ്ഞിരുന്നു, ഉച്ചയ്ക്ക് ഒരു മണിക്കാണ് ട്രയിൻ, അതിനു കണക്കാക്കി വിളിക്കാൻ വരണമെന്ന്. രാത്രി സ്വസ്ഥമായിട്ടുറങ്ങി.
രാവിലെ എട്ടുമണിക്ക് തന്നെ എന്റെ സാരഥി തയ്യാറായി എത്തിയിട്ടുണ്ടായിരുന്നു. ഇനി യാത്ര അലഹബാദിലേക്ക്..
വണ്ടി നീങ്ങിത്തുടങ്ങുമ്പോൾ കൈവീശിക്കാണിച്ച് നിൽക്കുന്ന ഭോലാറാം അകന്നുപോകുന്നത് അറിഞ്ഞിരുന്നു. എന്തിനോ നിറഞ്ഞ ആ കണ്ണുകൾ മനഃപ്പൂർവ്വം എന്നവണ്ണം മറവിയിലുപേഷിച്ചു.
സുവിധാ‍ എക്സ്പ്രസ് കൃത്യസമയത്ത് യാത്ര പുറപ്പെട്ടുവെങ്കിലും റെയിൽ‌വേയ്ക്ക് പൊതുവേയുള്ള ചീത്തപ്പേരിനു മാറ്റം വരുത്താതെ കുറച്ച് വൈകി ഏഴു മണിക്കാണ് അലഹബാദ് എത്തിയത്. പുറത്തിറങ്ങി സീതാമർഹി അഥവാ സീതാ സമാഹിത് സ്ഥലിലേക്ക് പ്രീ പെയ്ഡ് ടാക്സി പിടിക്കുമ്പോൾ അകാരണമായൊരു സംശയം ഉള്ളിൽ നീറി, സീതയെന്തേ രാമനോട് ക്ഷമിച്ചില്ല?
അലഹാബാദ് നിന്നും ഗംഗാതീരത്തേക്കുള്ള ഗ്രാന്റ് ട്രങ്ക് റോഡിലൂടെയാണ് യാത്ര. അൻപത്തിയെട്ടു കിലോമീറ്റർ ഉണ്ടെന്ന് ഡ്രൈവർ പറഞ്ഞു. ഒന്നു രണ്ട് മണിക്കൂർ കൊണ്ട് എത്താമെന്നും സൂചിപ്പിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഹാൻഡിയ എന്ന സ്ഥലത്തെത്തി. അവിടെ നിന്നും വളരെ അകലെയല്ലാതെ ഒരു നാലുമുക്കുണ്ട്, സീതാമഢി ചൌരാഹ എന്ന പേരിൽ. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് ഏതാണ്ട് പത്തു പന്ത്രണ്ട് കിലോമീറ്റർ പോകയേ വേണ്ടൂ, സീതാസമാഹിത് സ്ഥൽ എത്തിച്ചേരും. വഴിയിലുടനീളം വഴികാട്ടികൾ സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് വഴിയൊട്ടും പരിചയമില്ലാത്ത ആൾക്കും തെറ്റാതെ എത്തിച്ചേരാൻ കഴിയും.
കുഞ്ഞുള്ള പരിഗണനയിൽ പുരോഹിതരിൽ ഒരാൾ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം താമസിക്കാൻ ക്ഷണിച്ചു. നന്മയുടെ ആ മനസ് കണ്ടില്ലെന്ന് നടിക്കാനായില്ല. പുലർച്ചയ്ക്ക് ക്ഷേത്രത്തിലേക്ക് പോകാമെന്നും ഇപ്പോൾ കുളിച്ച് വിശ്രമിക്കാമെന്നും അദ്ദേഹം നടക്കുന്നതിനിടെ പറഞ്ഞു. സംസ്കൃതം എനിക്ക് മനസിലായില്ലെങ്കിലോ എന്ന ഭയത്തിലാവും പതിയെ പതിയെ ആംഗ്യങ്ങളോട് കൂടിയാണ് അദ്ദേഹം സംസാ‍രിച്ചത്.
മണ്ണുകൊണ്ടുണ്ടാക്കിയ വീട്. ചിത്രപ്പണികൾ ചെയ്ത ചുമരുകൾ. കോലമെഴുതിയ മുറ്റം. തലയുയർത്തി നിൽക്കുന്ന തുളസിത്തറ. ആതിഥേയ ഭർത്താവിന്റെ മനസറിയുന്നവൾ എന്ന് പറയാതെ വയ്യ. അല്ലെങ്കിലെനിക്കും മോനും അത്രയും നല്ല പരിചരണം അവിടെ കിട്ടില്ലായിരുന്നുവല്ലോ.
പിറ്റേന്ന് പുലർച്ചെ കുളിയൊക്കെ കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വല്ലാത്തൊരു ശാ‍ന്തതയാണവിടെ. തിരക്കുകളിൽ നിന്നും അകന്ന് ജനവാസം കുറഞ്ഞ ഗംഗയുടെ തീരത്തിനടുപ്പിച്ച് സ്വച്ഛസുന്ദരമായ സ്ഥലം.
വിശ്വമോഹിനിയുടെ സ്വയംവരത്തിൽ അനുഭവിക്കേണ്ടി വന്ന മനഃക്ലേശത്തിൽ വശം കെട്ട് നാരദൻ വിഷ്ണുവിനെ ശപിച്ചുവത്രേ, രാമാവതാരക്കാലത്ത് അദ്ദേഹത്തിനു പത്നിയെ വേർപെട്ട് ജീവിക്കേണ്ടി വരുമെന്ന്.
ശാപമോ... നിയോഗമോ.. ഉരുകിത്തീർന്നത് ഒരു സ്ത്രീ ജന്മം.
“രാവണൻ കട്ടോണ്ട് പോയ പെണ്ണ്” എന്ന് വിഴുപ്പലക്കുന്ന നാവുകൾക്ക് കീഴടങ്ങി വാത്മീകി ആശ്രമ പരിധിയിലെ വനത്തിലേക്ക് വലിച്ചെറിയുമ്പോൾ ഇക്ഷ്വാകു വംശത്തിന്റെ അനന്തിരപരമ്പരയെ ഉള്ളിൽ ചുമക്കുന്നുണ്ടായിരുന്നവൾ.
ലവനും കുശനും പിറന്നു വീണത് കാട്ടിൽ.
സീതയെ ഉപേഷിച്ച രാമന്റെ കഥകേട്ടു കേട്ട് രാമനോട് ദ്വേഷം വച്ചു പുലർത്തിയ അവരന്ന് അറിഞ്ഞിരുന്നില്ല അത് തങ്ങളുടെ തന്നെ കഥയാണെന്ന്. അതാവണം രാമന്റെ അശ്വമേഥാശ്വത്തെ പിടിച്ചു കെട്ടാനവരെ പ്രേരിപ്പിച്ചത്.
അച്ഛനും മക്കളും പരസ്പരം പോരിനിറങ്ങിയപ്പോൾ ആ അമ്മയ്ക്ക് സത്യത്തിന്റെ മറ നീക്കിക്കൊടുക്കേണ്ടി വന്നു.
വീണ്ടുമൊരു അഗ്നിപരീക്ഷയുടെ നിർദ്ദേശം നാണമില്ലാതെ ആവശ്യപ്പെടുന്ന രാമനു മുന്നിൽ സീത ഭൂമി പിളർന്നു പോയി എന്ന് ഐതീഹ്യം.
ലവനെന്നും കുശനെന്നും പേരായ രാജാക്കന്മാർ ഭാരതവും അഫ്ഘാനിസ്ഥാനിലെ ഹിന്ദുകുഷ് പർവ്വതനിരകൾ വരെയുള്ള പ്രദേശങ്ങളും വാണിരുന്നതായി ചരിത്രം പറയുന്നു. ഇതിൽ കുശന്റെ പരമ്പരയിലാണ് മൌര്യ രാജവംശം വരുന്നതെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തിന്റേയും ഐതീഹ്യങ്ങളുടേയും പുറകേ പോ‍യ മനസ്സ് തിരിച്ചെത്തിയത് ക്ഷേത്രസമുച്ചയത്തിലേക്ക് പ്രവേശിച്ചപ്പോഴാണ്.
തുടക്കത്തിൽ ശിവനിരുപ്പുണ്ട്, ഹിമാലയത്തിൽ തപസിരിക്കുന്നതുപോലെ.
പടിക്കെട്ടുകൾക്ക് മുകളിൽ ശിവൻ, ജഢയിൽ നിന്നും ഗംഗയെന്നപോലെ താഴേക്ക് ഒഴുകി വരുന്നൊരു ജലധാര.
ശിവക്ഷേത്രം
അടിയിലായി ശിവലിംഗപ്രതിഷ്ഠയുള്ള ഒരു ചെറിയ അമ്പലം.
കുറച്ച് മാറി ദീപ് ദാൻ എന്ന സ്ഥലമാണ്, കത്തിനിൽക്കുന്ന അനേകായിരം ദീപങ്ങളുടെ ശോഭയിൽ മുങ്ങി.

ദീപ് ദാൻ
ആഗ്രഹങ്ങളാണവിടെ ദീപങ്ങളായെരിയുന്നത്. കടുകെണ്ണയോ നെയ്യോ ഒഴിച്ച് പതിനഞ്ചോ മുപ്പതോ ദിവസം തുടർച്ചയായി ഇവിടെ വിളക്കുകൾ തെളിയിച്ചാൽ ആഗ്രഹപൂർത്തി വരുമെന്ന് വിശ്വാസം. മനുഷ്യനിലെ മോഹങ്ങളൊടുങ്ങാത്തിടത്തോളം കാലം ഇവിടെ ഈ കെടാവിളക്കുകൾ എരിഞ്ഞുകൊണ്ടേയിരിക്കും.
മുന്നോട്ട് നടന്നാ‍ൽ സീതാദേവിയുടെ ക്ഷേത്രത്തിലെത്താം, സീത ഭൂമിയിലേക്ക് പോയി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് അമ്പലം പണിതിരിക്കുന്നത്. രണ്ടു നിലയുള്ള കെട്ടിട സമുച്ചയത്തെ ചുറ്റി ഒരു വലിയ കുളമുണ്ട്. ഒന്നാം നിലയിലേക്ക് പ്രവേശിച്ചിട്ടുവേണം താഴത്തെ നിലയിലേക്ക് പോകാൻ. ഒന്നാമത്തെ നിലയിലേക്ക് കയറാൻ കുളത്തിനു കുറുകെ ഒരു പാലം പണിതിട്ടുണ്ട്.
സീതാദേവീ ക്ഷേത്രം

ആദ്യ നിലയിലെ പ്രവേശനകവാടം
തൂവെള്ള മാർബിളിൽ കൊത്തിയ ക്ഷേത്രം. അകത്തു മുഴുവൻ ചിത്രപ്പണികളാണ്. ചില്ലു കഷ്ണങ്ങൾ ചേർത്തു വച്ച് നല്ലൊരു ചിത്രപ്പണി ചെയ്തിട്ടുണ്ട് കുംഭഗോപുരത്തിൽ.
കുംഭഗോപുരം
പ്രശാന്തസുന്ദരമായ അന്തരീക്ഷം. ആരും ആരേയും നിയന്ത്രിക്കുന്നില്ല്ല. പൂജാരിമാർ അടക്കി വാഴുന്നില്ലവിടെ. ഭക്തർക്ക് അവരുടെ ഇഷ്ടപ്രകാരം ആരാധന ചെയ്യാം. ഒരു ഭക്തരും അതിനുള്ളിൽ ചൂഷണം ചെയ്യപ്പെടുന്നില്ല. ആരും സംഭാവന ചോദിക്കുന്നില്ല, അതുകൊണ്ട് ത്തന്നെയാവണം അതിനുള്ളിലെപ്പോഴും ആത്മീകതയും ദൈവീകതയും, ശുദ്ധതയും ശാന്തതയുമൊക്കെ നിറഞ്ഞു നിന്നിരുന്നത്. ഏതോ ഗസൽ ഗാനം പോലെ അവിടെയാകെ ഒരു സൌകുമാര്യത തുള്ളിത്തുളുമ്പി നിന്നു.
അകത്ത് കുംഭഗോപുരത്തിനു താഴെ സീതാദേവിയുടെ ഒരു മാർബിൾ പ്രതിമ സ്ഥാപ്പിച്ചിട്ടുണ്ട്. അതിന്റെ പുറകിലത്തെ ഭിത്തിയിൽ പല വർണ്ണങ്ങളിലുള്ള ചില്ലുക്കഷ്ണങ്ങൾ കൊണ്ട് സീതാദേവി ഭൂമി പിളർന്നു പോയ രംഗം മുഴുവൻ ചിത്രീകരിച്ചിട്ടുണ്ട്. വാൽമീകിയും ലവകുശന്മാരും ഹനുമാനും സുഗ്രീവനും ഒക്കെയുണ്ടവിടെ.

ആദ്യനിലയിലെ സീതയുടെ പ്രതിമ
ഒന്നാമത്തെ നിലയിൽ നിന്നും താഴേക്കു നോക്കിയാൽ താഴെ കുളത്തിലെ തെളിഞ്ഞ ജലം കാണാം. അതിൽ ബോട്ടിംഗ് നടത്താറുണ്ട്. ചുറ്റുമുള്ള കുറ്റിക്കാടുകളിൽ നിന്നും മൃഗങ്ങൾ നിർഭയരായി വന്നു ദാഹം ശമിപ്പിച്ചു പോകുന്നുണ്ട്. താറാവും മാനും മയിലും കുരങ്ങന്മാരും പേരറിയാ പക്ഷികളുമൊക്കെ ചേർന്ന് ഭൂമിയേയും അതിലെ ചരാചരങ്ങളേയും അളവറ്റു സ്നേഹിച്ച ഒരു പാവം പെണ്ണിന്റെ ആത്മാവിനോട് കൂറു പുലർത്തി ശാന്തമായ അന്തരീക്ഷം അവിടെ കാഴ്ച വയ്ക്കുന്നു.
താഴത്തെ നിലയിലെത്തിയാൽ അവിടെയും കാണാം വെണ്ണക്കല്ലിൽ കൊത്തി വച്ചൊര‍ു ഭൂമി പുത്രിയെ.

അടിയിലത്തെ നിലയിലെ സീതയുടെ പ്രതിമ
ജീവൻ തുടിക്കുന്ന ആ പ്രതിമ കാഴ്ചക്കാരോട് സംവദിക്കും എന്നു കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. പക്ഷേ ആ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ മനസ് എന്തോ ഒരു നോവറിയും, ഏതു കഠിനഹൃദയവും ഒന്ന് തേങ്ങും, ഒരു തുള്ളിയെങ്കിലും കണ്ണീർ പൊഴിക്കും.
എല്ലാ യുഗങ്ങളിലും സ്ത്രീ പീഢിപ്പിക്കപ്പെടുന്നു. സത്യയുഗത്തിൽ അഹല്യ, ത്രേതായുഗത്തിൽ സീത, ദ്വാപരയുഗത്തിൽ ദ്രൌപതി, ഈ കലിയുഗത്തിൽ നിമിഷം പ്രതി അനേകായിരം കുരുന്നുകൾ..
മുഴുവൻ സ്ത്രീജന്മങ്ങളുടെയും ദുഃഖം ഉൾക്കാമ്പിലേറ്റു വാങ്ങി അവൾ നിൽക്കുന്നു, നിർന്നിമേഷയായി..
മാന്ത്രികനായ ശില്പി അങ്ങേക്ക് നമോവാകം, മനസ് അറിയാതെ മൊഴിഞ്ഞു.
പ്രതിമയുടെ പുറകിൽ രാമായണ കഥകൾ ചിത്രീകരിച്ചിട്ടുണ്ട്. അശ്വത്തെ കെട്ടിയിടുന്നതും ഹനുമാനെ പിടിച്ചു വയ്ക്കുന്നതുമൊക്കെ വളരെ ഭംഗിയായി അവിടെ ചിത്രീകരിച്ചിരിക്കുന്നു. തൊട്ടടുത്ത്, സീത പാതാളത്തിലേക്ക് പോയ ഭാഗം കാണാം.
സീതാദേവിയുടെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നടന്നാൽ കുറച്ച് കിലോമീറ്ററുകൾ ചെല്ലുമ്പോൾ ഒരു ആഞ്ജനേയ ക്ഷേത്രം ഉണ്ട്. അവിടെ പവനപുത്ര ഹനുമാന്റെ നൂറ്റിയെട്ടടി പൊക്കമുള്ള ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
ഹനുമാൻ
സീതാദേവിയുടെ ക്ഷേത്രത്തെ നോക്കിയാണതിന്റെ നിൽ‌പ്പ്. ആ മുഖത്ത് അരുതേ അമ്മേ പോകരുതേ എന്നു യാചിക്കുന്നൊരു മകന്റെ ഭാവം പ്രകടമാണ്. ആ ദീർഘകായ പ്രതിമയ്ക്കു കീഴിൽ ഹനുമാന്റെ ചെറിയ വിഗ്രഹം പ്രതിഷ്ഠിച്ച് യഥാവിധി പൂജകൾ നടക്കുന്നുണ്ട്.
വീണ്ടും മുന്നോട്ട് പോയാൽ ഗംഗാതീരത്തിനടുപ്പിച്ച് വാത്മീകിയുടെ ആശ്രaമം കാണാം, കുറച്ചപ്പുറത്തായി ലവകുശന്മാരുടെ ക്ഷേത്രവും. ഇവിടെ വച്ചാണു അശ്വമേധാശ്വത്തെ ലവകുശന്മാർ പിടിച്ചു കെട്ടിയതെന്ന് പറയപ്പെടുന്നു.
വാത്മീകീ ആശ്രമം

ലവകുശക്ഷേത്രം

മൂന്നു കാരണങ്ങൾ കൊണ്ട് ഇത് സീത ഭൂമിയിലേക്ക് പോയ സ്ഥലമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
1. സീതയെ ഉപേഷിച്ചത് വാത്മീകീ ആശ്രമത്തിനരികെയാണെന്നാണ് രാമായണം പറയുന്നത്. വാത്മീകിയുടെ ആശ്രമം ഇവിടെയാണ്.
2. രാമായണത്തിൽ പറയുന്ന പ്രകാ‍രം ഇത് ഗംഗാനദീ തീരത്താണുള്ളത്, അയോധ്യയിൽ നിന്നും രഥത്തിൽ ഇവിടെത്താൻ ഒരു ദിവസം മതി. വാത്മീകിയുടെ വിവരണത്തിൽ നിന്നും അദ്ദേഹത്തിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നതിവിടെയാണ്, തമസാ നദിയുടേയും ഗംഗാനദിയുടേയും സംഗമ സ്ഥാനത്ത്.
3.രാമചരിതമാനസം എഴുതിയ ഗോസ്വാമി തുളസീദാസ് പ്രകൃതികല്പനകൾക്കനുസരിച്ച് കാശി (വാരണാസി)യിൽ നിന്നും പ്രയാഗി (അലഹബാദി)ലേക്കുള്ള യാത്രാമദ്ധ്യേ സീതാദേവി പാതാളത്തിലേക്ക് പോയ സ്ഥലത്ത് പോയെന്നും മൂന്നു ദിവസം തങ്ങിയെന്നും തന്റെ കവിതാവലി ഉത്തരഖണ്ഡത്തിൽ പറയുന്നുണ്ട്. ബാരിപുർ ദിഗ്പുർ എന്നീ ഗ്രാമങ്ങൾക്കിടയ്ക്കാണു ഈ സ്ഥലമെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു ഗ്രാമങ്ങളും സീതാമർഹിക്ക് അപ്പുറവും ഇപ്പുറവുമായി ഇന്നും അവശേഷിക്കുന്നുണ്ട്.
സീതയെ പിന്നിലുപേഷിച്ച് ഗംഗയുടെ തീരത്തുകൂടെ അല്പം നടന്നു.. 
മടങ്ങുമ്പോൾ ഹൃദയത്തിനു വല്ലാത്ത ഭാരം അനുഭവപ്പെട്ടു. കുഞ്ഞിനെ ഒന്നൂകൂടെ ചേർത്തു പിടിച്ചു, ആർക്കും വിട്ടുകൊടുക്കില്ലെന്ന മട്ടിൽ. എന്തിനായിരുന്നു എന്ന് എത്ര ചോദിച്ചിട്ടും മനസ് ഉത്തരം തന്നില്ല.
താമസിച്ചിരുന്ന വീട്ടിലെത്തി വേഗം കുളിച്ച് വേഷം മാ‍റി യാത്ര പറഞ്ഞിറങ്ങി. അലഹബാദിലേക്ക് പോകാനുള്ള ടാക്സി ആതിഥേയർ തന്നെഏർപ്പാട് ചെയ്തിരുന്നു.
യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞ് പിൻ‌വിളിയെന്തോ കേട്ടപോലെ പുറകിലത്തെ ഗ്ലാസിലൂടെ അകലേക്ക് നോക്കി..
അവിടെ അവൾ....
ഒരു നൊമ്പരമായി...
“എന്നെ വിട്ട് നീ പോവുകയാണോ...?” അവൾ ചോദിക്കുന്നുണ്ടോ..
“കർമ്മകാണ്ഡങ്ങൾ ഇനിയും ബാക്കിയാകുന്നു സഖി, വരാം... ജീവിതഭാരങ്ങളിറക്കി വച്ച്.... നിന്നിലലിയാൻ... നീയാകാൻ.....” നിറഞ്ഞ കണ്ണുകൾ തുടച്ച് മുഖം തിരിക്കുമ്പോൾ മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു.



                                                                &&&&&&&&&&&&&&&&&&&

മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത് ...

Tuesday, March 29, 2016

സൌഭദ്രം..

സുഭദ്രേ....
ഉള്ളിന്റെയുള്ളിൽ ആ‍രോ വിളിക്കുന്നതു പോലെ.
എന്നാണിവൾ നെഞ്ചകം കീഴടക്കിയതെന്നറിയില്ല.
സിവിയുടെ മാനസപുത്രി എന്ന നിലയിലാണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നെപ്പോഴോ ചരിത്രത്തിന്റെ താളുകളിൽ നിന്നും അവൾ ഹൃദയത്തിൽ കുടിയേറി പാർത്തൂ.
യൌവ്വനത്തിന്റെ തുടക്കത്തിൽ അവൾ സിരകളിൽ ലഹരിയായി.
അല്ല്ലെങ്കിലും ഏതു പെണ്ണാണ് കൊതിക്കാത്തത് സുഭദ്രയെപ്പോലെയാകാൻ?
പിന്നീട് ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പരിഭവം പറയാതെ മനസിന്റെ ഏതോ കോണിൽ അവൾ നിശ്ശബ്ദയായി...
പക്ഷേ, അക്ഷരങ്ങളുടെ ചങ്ങാത്തം കൊളുത്തിയ ഇത്തിരി വെട്ടത്തിൽ വീണ്ടും ഇരുൾ‌മറ നീക്കി അവളിറങ്ങി വന്നു, നഷ്ടപ്പെട്ടുപോയ ആവേശമായി.

ചരിത്രത്തിൽ നിന്നും അവളുടെ ജീവിതത്തിന്റെ വേരുകൾതേടി പോകാൻ ആരോ പറഞ്ഞുകൊണ്ടേയിരുന്നു.
ആത്മഹത്യയെന്നോ കൊലപാതകമെന്നോ വ്യക്തമാക്കാതെ സിവി അവസാനിപ്പിച്ച കഥാപാത്രം.
ഉണ്ണിയാർച്ചയെപ്പോലെ ധൈര്യശാലിയും, എട്ടുവീട്ടിൽ‌പിള്ളമാരെന്ന കൂർമ്മബുദ്ധിക്കാരെ മുട്ടുകുത്തിച്ച കൌ‍ശലക്കാരിയും, യക്ഷിയെന്ന വ്യാജേന സ്ത്രീലമ്പടന്മാരെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച സാമർത്ഥ്യക്കാരിയുമായ സുഭദ്ര എന്ന ചെമ്പകത്തിനു എവിടെയാണ് പിഴച്ചത്?
പെട്ടെന്നൊരു ദിവസം അവളെങ്ങനെ ദുർബലയായി?
അമ്മയെ കാണാതെ, അച്ഛനെ അറിയാതെ പിറന്നിട്ടും കാരണവരുടെ കർശന നിയമങ്ങളിൽ വീർപ്പുമുട്ടിയിട്ടും അവളുടെ മുഖത്തെപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു, ആരുണ്ടെന്നെ തോല്പിക്കാനെന്ന മട്ടിൽ.. ആ പുഞ്ചിരി മാഞ്ഞു പോയതെപ്പോഴാണ്?
അന്വേഷിച്ചിറങ്ങുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങളനവധിയായിരുന്നു..
 എട്ടുവീട്ടിൽ പിള്ളമാരായിരുന്നു ആദ്യം ലക്ഷ്യം. ഏഴു കുടുംബങ്ങളുമുണ്ടായിരുന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഏറ്റവും ഒടുവിലാണ് കുടമണിലേക്ക് യാത്ര തിരിച്ചത്.
പത്തനംതിട്ട തെക്കേ അങ്ങാടിക്ക് സമീപം കുടമണിൽ വണ്ടിയിറങ്ങുമ്പോൾ ഹൃദയം തുടികൊട്ടുന്നുണ്ടായിരുന്നു. എവിടെയോ മറഞ്ഞിരുന്ന് അവൾ അമർത്തിച്ചിരിക്കുന്നതുപോലെ അനുഭവപ്പെട്ടു.
ആ പഴയ തറവാടിന്നില്ല. കോൺ‌ക്രീറ്റ് കെട്ടിടങ്ങൾ സ്ഥലം കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും എവിടെയോ ആ കുപ്പിവളകളുടയുന്നതുപോലെയുള്ള ചിരി കേൾക്കാമെന്നു തോന്നി.. പിന്നെ അവളവസാനം ചീന്തിയ ചോരയുടെ മണവും വായുവിൽ നിലനിൽക്കുന്നതായി തോന്നി.
കാലം മാറ്റി നിർത്തി കടന്നു പോയ, പരിസരത്തെ വാർദ്ധക്യങ്ങളെ കണ്ടെത്തി അവളെക്കുറിച്ചറിയാൻ ശ്രമിച്ചു.
ഒരുപാട് കഥകൾ കേട്ടു.. ചിലർ വാതോരാതെ സംസാരിച്ചു.
തിരികെപ്പോരുമ്പോൾ അവൾ ഉള്ളിലൊരു വിങ്ങലായി.
പഠാണികളുടെ കൂടാരത്തിൽ നിന്നും തിരികെ വരുന്ന സുഭദ്രയായിരുന്നു മനസു നിറയെ.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നോ? ചുണ്ടുകൾ വിതുമ്പിയിരുന്നോ?
ഒന്നുറപ്പ് ആ വരവിലാണ് അവൾ ദുർബ്ബലയായി കാണപ്പെട്ടത്..
തന്റെ ശരീരത്തിനു വില പറഞ്ഞ് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വട്ടമിടുന്ന ശവം തീനിക്കഴുകന്മാരെ വരച്ച വരയിൽ നിറുത്തി കണക്കു പറയിച്ച സുഭദ്ര തളർന്നുപോയത് പഠാണിപ്പുരയിൽ തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ മറ്റൊരു പെണ്ണിന്റെ ഭർത്താവായി വാഴുന്ന കാഴ്ച കണ്ടപ്പോഴായിരുന്നു..
ഭർത്താവുപേഷിച്ചു പോയിട്ടും പരാതിയും പരിഭവവുമില്ലാതെ ജീവിതയാഥാർത്ഥ്യങ്ങളെ സധൈര്യം നേരിട്ട് മനസാ വാചാ കർമ്മണാ അയാളുടെ ഭാര്യ ആയിത്തന്നെ ജീവിച്ച സുഭദ്ര തളർന്നു പോയത് ഇനി തന്റെ കാത്തിരുപ്പിനു അർത്ഥമില്ലെന്ന് മനസിലായപ്പോഴാണ്, താൻ കാത്തിരുന്നയാൾക്ക് വേറൊരു കുടുംബമായീയെന്ന തിരിച്ചറിവിലാണ്..
ആ തിരിച്ചറിവ് ഒരു പ്രാണത്യാഗത്തിൽ കൊണ്ടെത്തിച്ചിരുന്നോ അതോ മനസും ശരീരവും തളർന്നു പോയ അവളെ ചതിച്ചുവെന്ന പേരു പറഞ്ഞ് കുടമൺ പിള്ളയോ അനുചരന്മാരോ വകവരുത്തിയോ..?
കഥ അപൂർണ്ണമാ‍ക്കി അവൾ പോയി..
എന്തായാലും ഒന്നുറപ്പ്, അവളെ തോൽ‌പ്പിച്ചത് വിധിയും കാലവുമൊന്നും ആയിരുന്നില്ല, അയാളായിരുന്നു.. ആ‍ത്മാവും ശരീരവും കാൽക്കലർപ്പിച്ച പെണ്ണിനെ തട്ടിത്തെറിപ്പിച്ച് പോയി വേറെ ജീവിതമുണ്ടാക്കിയ ആണെന്നു പറയാൻ പറ്റാത്തവൻ, അവനാണു അവളെ കൊന്നത്..
സ്വന്തം പുരുഷനെ പങ്കു വയ്ക്കാൻ ഒരു സ്ത്രീയും തയ്യാറാവില്ലെന്നും അതവൾക്ക് മരണത്തോളം വേദന നൽകുന്നതാണെന്നും ചരിത്രവും കാലവും സുഭദ്രയിലൂടെ ഒരിക്കൽക്കൂടെ തെളിയിച്ചു.
ഒരിക്കൽ തന്റെ എല്ലാമായിരുന്നവനെ പുതിയ ജീവിതത്തിനു വിട്ടു കൊടുത്ത് അവൾ നിശ്ശബ്ദമായി വിധി നൽകിയ തോൽ‌വി ഏറ്റു വാങ്ങി.
ചോര പുരണ്ട താളുകൾ മറിഞ്ഞ് കാലമൊഴുകി... അയാൾക്കെന്തു സംഭവിച്ചിട്ടുണ്ടാകും? കാലമോ വിധിയോ അയാളോട് പ്രതികാരം ചോദിച്ചിട്ടുണ്ടാകുമോ? അവളുടെ അവസ്ഥയിൽ അയാളേയും കൊണ്ടെത്തിച്ചിരിക്കുമോ? അവളോട് ഒന്നു മാപ്പു പറയാൻ കൊതിച്ച് അയാളവളെ തിരക്കി നടന്നിട്ടുണ്ടാകുമോ?
അന്വേഷണം ബാക്കിയാകുന്നു...
ഇനിയും നടക്കേണ്ടിയിരിക്കുന്നു കാലത്തിലൂടെ, ചരിത്രത്തിന്റെ താളുകളിലൂടെ... അക്ഷരങ്ങളായി അവൾ പുനർജ്ജനിക്കും വരെ...
ഞാൻ നടന്നു തുടങ്ങുകയാണ്, അവളുടെ കാലടിപ്പാടുകൾ തിരഞ്ഞ്....

*******************************************************
സീതായനത്തിനു ഇനി പുതിയ വഴിത്തിരിവ്...
എഴുതിയതിനെക്കാൾ എഴുതാത്ത താളുകൾ ബാക്കിയാവുന്നു..
അനിവാര്യത... ഒരു വഴിത്തിരിവിന്റെ അനിവാര്യത..
ഒരിടവേള......
ചിത്രത്തിനു കടപ്പാട്... ഗൂഗിൾ

Thursday, October 16, 2014

മാധവീലതകൾ പൂക്കുമ്പോൾ...

“സാധനം ഇങ്ങോട്ട് മാറി നിൽക്കാ... ന്തേലും പറയാനുണ്ടാവോ?”

കുനിഞ്ഞ ശിരസ്സുയർത്തി ശബ്ദം കേട്ട ദിക്കിലേക്ക് അവൾ നോക്കി.

ആ കണ്ണുകളിൽ പരിഭ്രമത്തിന്റെ നിഴലുണ്ടായിരുന്നില്ല.

വന്യമായ തിളക്കം.

എന്തിനോടോ ഉള്ള പക.
                      
വിശിഷ്ടവ്യക്തികൾ സന്നിഹിതരായ സ്മാർത്ത വിചാര വേദി.

സ്മാർത്തകൻ ജയദേവൻ നമ്പൂതിരി വിയർക്കുന്നു.

കൊച്ചീ രാജാവിന്റെ മുഖത്തും അസ്വസ്ഥതയുടെ നേരിയ നിഴൽ കാണാം.

വിറയ്ക്കാത്ത സ്ത്രീ ശബ്ദം ആവർത്തിച്ചു, “അടുത്ത ആളുടെ പേരു പറയാമോ?”

“മതി..!” രാജാവിന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു.



എന്താവും ആ മുഖത്തെ ഇപ്പോഴത്തെ ഭാവം?

അവളുടെ തുടുത്ത ചെഞ്ചൊടികളുടെ കോണിൽ വിടർന്നു കൊഴിയുന്നൊരു പുഞ്ചിരിപ്പൂവിനായി  കണ്ണുകൾ ആർത്തിയോടെ പരതി.

“ടീച്ചറെ...ഇതാണു താത്രിക്കല്ല്..”

സ്വപ്നലോകത്തിന്റെ പടികൾ വഴുതി വീണത് അലോസരപ്പെടുത്തിയ ആ ശബ്ദശകലങ്ങളിലേക്കായിരുന്നു.

സ്ഥലകാലബോധം വീണ്ടെടുക്കാൻ പിന്നെയും നിമിഷങ്ങൾ വേണ്ടി വന്നു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നവളെപ്പോലെ പകച്ച മിഴിയോടെ ആ കല്ലിലേക്ക് നോക്കി.

സർപ്പശിലകളെ അനുസ്മരിപ്പിക്കുമാറ് വന്യമായ സൌന്ദര്യത്തോടെ “താത്രിക്കല്ല്” നിലകൊള്ളുന്നു.

ഒന്നുകൂടെ കല്ലിലേക്ക് കണ്ണുകൾ തറപ്പിച്ചു.

കുപ്പിവളകൾ നിലത്തുവീണുടയും പോലെ അവൾ ചിരിക്കുന്നുണ്ടോ, വശ്യമായി?

കുറ്റിയറ്റ്, അന്യാധീനമായ കൽ‌പ്പകശ്ശേരി ഇല്ലപ്പറമ്പിലെ വൃക്ഷലതാദികളെ തഴുകി അപ്പോഴും കാറ്റ് വീശുന്നുണ്ടായിരുന്നു.

കണ്ണീരിന്റെ നനവുള്ള കാറ്റ്.

“ടീച്ചർ, ഉച്ചകഴിഞ്ഞാൽ ഇവിടെ നിൽക്കണത് അത്ര പന്തിയല്യാ. താത്രിക്കുട്ടീടെ ആത്മാവ് ഇവിടൊക്കെ അലഞ്ഞു തിരിയുന്നുണ്ടത്രേ...” വഴികാട്ടിയുടെ മുന്നറിയിപ്പ്.

എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കിവച്ച മനസ്സുമായി ഇല്ലപ്പറമ്പിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സിനെ ആരോ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു...

അത് അവളാകുമോ, താത്രിക്കുട്ടി?

പ്രഭുത്വം കൊടികുത്തിവാഴുന്ന കാലം.

ആൺ‌മേൽക്കോയ്മയുടെ മറ പറ്റി നെടുവീർപ്പ് വിട്ടിരുന്ന അന്തർജ്ജനങ്ങൾ എന്നു മുദ്രകുത്തപ്പെട്ട ഒരു വിഭാഗം.

ആലംബഹീനയായ ഒരു പെൺ‌കുട്ടി ഈ സമുദായക്കോലങ്ങൾക്കെതിരെ ആഞ്ഞടിച്ചു.

പഴമയുടെ പിന്നാമ്പുറങ്ങളിലേക്ക് നീണ്ടുകിടക്കുന്ന അതിസങ്കീർണ്ണമായ ഒരു ആധിപത്യ വ്യവസ്ഥിതിയെയാണ് അവൾ തന്റെ ശരീരം കൊണ്ട് നേരിട്ടത്.

ചന്ദ്രോത്സവത്തിന്റെ മറയിൽ വേശ്യാരാധനയും കാമപൂജയും നടത്തുന്ന സവർണ്ണസമൂഹം.

പക്ഷേ അബദ്ധത്തിൽ‌പ്പോലും തങ്ങളുടെ സ്ത്രീജനങ്ങൾക്കുമേൽ വീഴുന്ന പരനിഴലിനെതിരെ ആക്രോശത്തോടെ അവർ ആഞ്ഞടിക്കും.

പിന്നെ സ്മാർത്തവിചാരങ്ങളുടെ പേരിൽ കുറേപേർ അവിടെ ഉണ്ടുറങ്ങും.

അതുകഴിയുമ്പോൾ ഭ്രഷ്ട് കൽ‌പ്പിക്കലായി, പടിയടച്ച് പിണ്ഡം വയ്ക്കലായി.

ഈ കപടസദാചാര നീതിവ്യവസ്ഥയോടായിരുന്നു അവളേറ്റുമുട്ടിയത്.

തന്നെ വിധിക്കാനെത്തിയ നിയമശൃംഖലയ്ക്കുള്ളിൽക്കടന്ന് അതിന്റെ തന്നെ അധികാരികൾക്കെതിരെപ്പോലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞ പെണ്ണിതിഹാസം..

ഇരുപതാം നൂറ്റാണ്ടിന്റെ ഈ ഉണ്ണിയാർച്ച അധികാരസമൂഹത്തെ മുഴുവൻ കുറച്ചുനാൾ മുൾമുനയിൽ നിർത്തി.

കാലത്തിന്റെ തിരക്കഥയിലിനിയും മങ്ങലേൽക്കാത്ത സ്ത്രീ കഥാപത്രം.

താത്രിക്കുട്ടി എന്ന കുറിയേടത്തു താത്രി.

സാധാരണ സ്മാർത്തവിചാരവേദികളിൽ സ്മാർത്തകനും പരിവാരങ്ങൾക്കും “സാധനം” എന്നോമനപ്പേരിട്ടു വിളിക്കുന്ന നടപ്പുദോഷം ആരോപിച്ച സ്ത്രീയെ പീഡനമുറകൾക്ക് വിധേയരാക്കേണ്ടി വരാറുണ്ട്, സത്യം പറയിക്കാൻ.

എന്നാൽ, താത്രി അവിടേയും വ്യത്യസ്തയായിരുന്നു.

ഒരു പ്രേരണയും കൂടാതെ, തന്റെ പീഡനപർവ്വം, സ്ഥലവും നാളും തിയതിയും സമയവുമടക്കം, തെളിവുകളോടെ, ഒരു കഥപറയുന്ന ലാഘവത്തിൽ പറഞ്ഞുകൊണ്ടിരുന്നു, എന്നു മാത്രമല്ല തന്റെ മൊഴി ഒരിടത്തും അവൾ മാറ്റിപ്പറഞ്ഞതുമില്ല.

രണ്ടു തവണ താത്രി സ്മാർത്തവിചാരത്തിനു വിധേയയായി.

1904ന്റെ അവസാനത്തിലും, 1905 ലും.

ആദ്യത്തേത് കേവലം സമുദായമധ്യത്തിലായിരുന്നെങ്കിൽ, രണ്ടാമത്തേത് രാജാവിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.

ഇതിനിടയിൽ, അവൾക്കെതിരെയുണ്ടായ വധഭീഷണിയുടെ അടിസ്ഥാനത്തിൽ ആദ്യ സ്മാർത്തവിചാരസമയത്ത് ചെമ്മന്തിട്ടയിൽ നിന്നും ഇരിങ്ങാലക്കുടയ്ക്കും, രണ്ടാമത്തെ വിചാരത്തിനു തൃപ്പൂണിത്തുറയിലേക്കും മാറ്റിപ്പാർപ്പിച്ചു.

അന്നുവരെ നിലവിലില്ലാതിരുന്ന പല രീതികൾക്കും മാറ്റം വന്നു, ആ സ്മാർത്തവിചാരത്തിൽ.

പെണ്ണു ചൂണ്ടിക്കാട്ടുന്നവരെ മുൻ‌പിന്നാലോചിക്കതെ ഭ്രഷ്ട് കൽ‌പ്പിക്കുന്ന രീതിയെ കാറ്റിൽ‌പ്പറത്തി ആണുങ്ങൾക്ക് വാദിയെ വിസ്തരിക്കാനും ചോദ്യം ചെയ്യാനുമുള്ള അനുമതി നൽകി.

ഒരു ബാരിസ്റ്ററിന്റെ നിപുണതയോടെ തനിക്കുനേരെ വരുന്ന ചോദ്യങ്ങളെ അവൾ നേരിട്ടുവെന്ന് ഈ സന്ദർഭത്തെക്കുറിച്ച് അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യാഥാർത്ഥ്യങ്ങൾക്കുമേൽ കെട്ടുകഥകളുടെ ചൊൽക്കാഴ്ചയായിരുന്നു താത്രീചരിതം എന്നുവേണമെങ്കിൽ പറയാം.

തൃപ്പുണ്ണിത്തുറയിലെ മ്യൂസിയത്തിൽ ഇന്നും സൂക്ഷിക്കുന്ന സ്മാർത്തവിചാരരേഖകൾ മാത്രമാണ് ഇവയിലെ സംസാരിക്കുന്ന തെളിവുകൾ.

പക്ഷേ അതൊട്ട് പൂർണ്ണമെന്ന് പറയാനുമാവില്ല.

താത്രിയിന്നും യക്ഷിക്കഥകളിലെ അവിശ്വസനീയ കഥാപാത്രമായിത്തന്നെ നിലകൊള്ളുന്നു.

ജഗദംബികയായി താത്രിയെ കാണുന്ന മാടമ്പ് കുഞ്ഞിക്കുട്ടനും, നീചവേശ്യയുടെ സ്ഥാനത്തു കാണുന്ന ആലങ്കോട് ലീലാകൃഷ്ണനും, പിന്നെ മനോരോഗിയായി കാണുന്ന പലരും ചേർന്ന് താത്രിക്ക് വ്യത്യസ്ത രൂപപരിവേഷങ്ങൾ ചാർത്തിക്കൊടുത്തിട്ടുണ്ട്.

ഇതിനിടയിലെ യഥാർത്ഥ താത്രി ആരെന്ന ചോദ്യം മാത്രം അപ്പോഴും ബാക്കിയാവുന്നു.

കൽ‌പ്പകശ്ശേരി ഇല്ലത്തേക്കുള്ള എന്റെ യാത്ര ഇതിനൊരു മറുപടി തിരഞ്ഞായിരുന്നു.

സ്മാർത്തവിചാരങ്ങൾക്കുമുമ്പുള്ള താത്രിയെക്കുറിച്ചും അതിനുശേഷമുള്ള താത്രിയെക്കുറിച്ചും ആധികാരികമായി വിലയിരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ലായെന്നുള്ളത് അനിഷേധ്യമായ വസ്തുത തന്നെയാണ്.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തേണ്ടി വരുന്ന വസ്തുത..

താത്രിയുടെ മുൻ‌കാല ജീവിതത്തെക്കുറിച്ച് നമുക്കുള്ള വിവരം സ്മാർത്തവിചാരവേദിയിൽ താത്രി പറഞ്ഞ വാക്കുകളിലൂടെ മാത്രം ലഭ്യമാകുന്നവയാണ്.

ഒമ്പതുവയസ്സു പ്രായമുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടൊരു പെൺ‌കുട്ടി..

പിന്നീട് അതേ വ്യക്തിയുടെ അനിയന്റെ വേളിയായി ആ ഇല്ലത്തിലേക്കൊരു പറിച്ചു നടീൽ, അതും പതിമൂന്നാം വയസ്സിൽ...

അറുപതുകാരന്റെ പത്നിയായി അവിടേക്ക് ചെല്ലുമ്പോൾ തന്നെ ആ പെൺ‌കുട്ടിയുടെ മനസിൽ യൌവ്വനത്തിന്റെ മായക്കാഴ്ചകൾ പടുത്തുയർത്തിയ സ്വപ്നക്കൂടാരം തകർന്നടിഞ്ഞിട്ടുണ്ടാവണം.

കളിപ്രായം മാറും മുമ്പേ ജീവിതത്തിൽ നേരിടേണ്ടി വന്ന പീഡനവും അവളുടെ മനസിന്റെ സമനില തെറ്റിച്ചിട്ടുണ്ടാകണം.

അതൊരു പകയായി അവളിൽ വേരോടിയിരിക്കണം.

ആണെന്നു പറയുന്ന വർഗ്ഗത്തോട് മുഴുവനായി ആ പക വളർന്നിരിക്കണം.

തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനത്തെ അവളതിനു ആയുധമാക്കിയിരിക്കണം.

ഇവിടേയും ഒന്നും ആധികാരികമായി പറയാൻ കഴിയുന്നതല്ല..

തൃശ്ശൂർ തലപ്പിള്ളിത്താലൂക്കിലെ കൽ‌പ്പകശ്ശേരിയില്ലത്ത് അഷ്ടമൂർത്തി നമ്പൂതിരിയുടെ മകളായി പിറന്ന താത്രി, പിന്നീട് കുറിയേടത്തെ രാമൻ നമ്പൂതിരിയുടെ ഭാര്യ ആയതോടെയാണ് കുറിയേടത്ത് താത്രിയാകുന്നത്.

ഒമ്പതാം വയസ്സുമുതൽ ഇരുപത്തിമൂന്നു വയസ്സു വരെ അവളുടെ ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയ ആൺ‌വേഷങ്ങൾ..

ശരിക്കും എന്തായിരുന്നു സംഭവിച്ചത്...?

പീഡനമോ പകപോക്കലോ?

അന്നത്തെ സ്മാർത്തവിചാരത്തിനുപോലും ഇതിനു സർവ്വസമ്മതമായൊരുത്തരം തരാൻ കഴിഞ്ഞിട്ടില്ല...

പക്ഷേ, സ്മാർത്തവിചാരരേഖകളിലെ താത്രിയുടെ വാക്കുകളിലൂടെ കടന്നുപോകുന്നൊരാൾക്ക് അവളിലൊരു സഹതാപമുണർത്തുന്ന പെണ്ണിനെ കാണാനാവില്ല.

പകരം പകയുടെ ആൾ‌രൂപമായൊരു സ്ത്രീയെയാണ് ദർശിക്കാനാവുക....

ഭാരതപ്പുഴയെ വഴിമാറ്റിയൊഴുക്കി “ആറങ്ങോട്ട്കര” ആക്കിയ സിദ്ധൻ പോലും കരുതിയിട്ടുണ്ടാവില്ല ആ കരയിലിങ്ങനെയൊരു സ്ത്രീപ്പിറവിയുണ്ടാകുമെന്ന്.

താത്രിക്കൊപ്പം സ്മാർത്തവിചാരത്തിൽ ഭ്രഷ്ട് കൽ‌പ്പിക്കപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ നില നിൽക്കുന്നു.

അറുപത്തിയഞ്ചെന്നും അറുപത്തിയാറെന്നും എൺ‌പത്തിയെട്ടെന്നുമൊക്കെ വാദങ്ങളുണ്ട്..

ഈ പട്ടികയിൽ സ്വന്തം പിതാവിനെയും പ്രതി ചേർത്തിട്ടുണ്ട് താത്രി..

അമ്മ ഇളയകുട്ടിയ്ക്ക് ജന്മം നൽകി വിശ്രമിക്കുന്ന സമയത്ത് രോഗബാധിതനായ അച്ഛന്റെ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ട താത്രിയെ അച്ഛൻ പീഡിപ്പിക്കുന്നതായിട്ടാണ് താത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച സഹോദരനും തന്നെ പീഡിപ്പിച്ചുവെന്നവൾ പറയുന്നുണ്ട്.

കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന കഥകളി നടന്റെ കീചകവേഷത്തോടുള്ള  താത്രിയുടെ ആരാധനയാണ് ആ മഹാകലാകാരനേയും പീഡനപർവ്വത്തിൽ കൊണ്ടുവന്നെത്തിച്ചത്.

അങ്ങനൊരു പേരുദോഷം കേൾക്കേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ആ കാലഘട്ടം പണിക്കരുടെ പേരിൽ അറിയപ്പേട്ടേനെ...

അത്രയ്ക്കും കഴിവുള്ള കലാകാരനായിരുന്നുവത്രേ ശ്രീ പണിക്കർ..

ഇത്രയും സ്വഭാവദൂഷ്യമുള്ള സ്ത്രീയോടൊപ്പം വസിച്ചു എന്ന തെറ്റിനാണ് താത്രിയുടെ ഭർത്താവിനും രാജാവ് ഭ്രഷ്ട് കൽ‌പ്പിച്ചത്.

ഈ കാലയളവിൽ ഭ്രഷ്ടാക്കപ്പെട്ടവരുടെ സന്താനങ്ങളെയുൾപ്പടെ സമൂഹത്തിൽ നിന്നും പുറന്തള്ളി നാടുകടത്തി എന്നു പറയുന്നതിൽ നിന്നും മനസിലാക്കാവുന്നതേയുള്ളൂ ഈ പീഡനകഥയുടെ പരിസമാപ്തിയിൽ ദർശിക്കുന്ന ക്രൂരത...

സ്മാർത്തവിചാരത്തിനുശേഷം നാടുകടത്തപ്പെട്ട താത്രിക്ക് പിന്നെന്തു സംഭവിച്ചു?

അതിനും ആധികാരികമായൊരുത്തരം ആർക്കും തരാനാകുന്നില്ല..

മതം മാറി താത്രി ഒരു ആംഗ്ലോ ഇൻഡ്യനെ വിവാഹം കഴിച്ചുവെന്നും പലരാൽ പീഡിപ്പിക്കപ്പെട്ടിട്ടും മാതൃത്വഭാഗ്യം ലഭിക്കാതെ പോയ താത്രി അതിനുശേഷം രണ്ടുകുട്ടികൾക്ക് ജന്മം നൽകിയെന്നും അതിലൊരാൾ പിൽക്കാലത്ത് പ്രശസ്തയായ ഒരു നടിയുടെ അമ്മയാണെന്നുമൊക്കെ കിംവദന്തികൾ നിലവിലുണ്ട്...

ഇവയിലേതാണ് സത്യം ഏതാണ് അസത്യം എന്നു പറയാൻ താത്രി ഇനിയും പുനർജ്ജനിക്കേണ്ടിയിരിക്കുന്നു..

എല്ലാത്തിനും മൂകസാക്ഷിയായി ആറങ്ങോട്ട് കരയിലെ കാർത്ത്യായിനീക്ഷേത്രം ഇന്നും നിലനിൽക്കുന്നുണ്ട്...

താത്രിയുടെ അച്ഛൻ തിരുമേനി പൂജ ചെയ്തിരുന്ന ആ ക്ഷേത്രത്തിലെ വിഗ്രഹം താത്രിയുടെ സ്മാർത്തവിചാരത്തിനുശേഷം ഉടഞ്ഞുപോയത്രേ..

പിന്നവിടെ പുനർജ്ജനിച്ച മാധവീലതയ്ക്കായി പൂജ...

വൃക്ഷത്തെ പൂജിക്കുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിലൊന്നാണ് ഈ കാർത്ത്യായിനീ ക്ഷേത്രമിന്ന്.

താത്രിയുടെ പുനർജ്ജന്മമാണിതിലെ പുഷ്പങ്ങളെന്നു പറയുന്നു.

മഞ്ഞയും പിങ്കും കലർന്ന വിചിത്രരൂപികളെങ്കിലും വശ്യമായ സൌന്ദര്യത്തിനുടമകളായ മാൽ‌പീജിയെസീ കുടുംബത്തിൽ‌പ്പെട്ടതാണീ പൂക്കൾ.

താത്രിയേയും മാധവീലതയേയും കൂട്ടിയോജിപ്പിക്കുന്ന കണ്ണിയെന്തെന്ന് തിരയണമെങ്കിൽ പുരാണങ്ങളിലേക്ക് പോകേണ്ടി വരും.

പുരാണങ്ങളിൽ പുതിയ വ്യാഖ്യാനങ്ങൾക്ക് ഇടംകൊടുത്ത കഥാപാത്രമാണ് യയാതി.

യൌവ്വനം ധൂർത്തടിച്ച മഹാരാജാവ്..

ഒടുവിൽ തന്റെ ചെയ്തികൾക്ക് പ്രതിഫലമായി ലഭിച്ച വാർദ്ധക്യത്തെ മകനു വച്ചൊഴിഞ്ഞ ഭോഗലോലുപൻ...

യയാതിക്ക് ശർമ്മിഷ്ഠയും ദേവയാനിയും കൂടാതെ അശിർവിന്ദുമതി എന്നൊരു ഭാര്യ കൂടെ ഉള്ളതായി പറയപ്പെടുന്നു...

അതിലുണ്ടാകുന്ന മകളാണ് മാധവി.

ചെറുപ്രായത്തിൽ അമ്മ നഷ്ടപ്പെടുന്ന മാധവിയെ ആ ദുഃഖം അറിയിക്കാതെയാണ് ദേവയാനി വളർത്തുന്നത്.

കൌമാരസ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ച കാലം....

വിവാഹത്തെക്കുറിച്ചും വിവാഹാനന്തര ജീവിതത്തെക്കുറിച്ചും സപ്തവർണ്ണച്ചിത്രങ്ങൾ മനസ്സിൽ വരച്ചിട്ടിരുന്നു അവൾ..

അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി യയാതി മകളെ വിളിച്ച് ഗാലവൻ എന്ന മുനികുമാരനൊപ്പം പോകാൻ ആവശ്യപ്പെടുന്നത്..

തന്റെ സുന്ദരിയായ മകളെ ഏതെങ്കിലും രാജാവിനു കൊടുത്ത് കിട്ടുന്ന കന്യാശുൽക്കം താൻ തരാനുള്ള കടമായിട്ടെടുത്തുകൊള്ളാൻ നിറഞ്ഞ സഭയിൽ വച്ച് പറയുകയും ചെയ്യുന്നു...

ഒരു പെണ്ണിനു ഇതിലും വലിയ അപമാനം മറ്റെന്താണ് സംഭവിക്കാനുള്ളത്?

വിശ്വാമിത്ര മഹർഷിയുടെ ശിഷ്യനായിരുന്നു ഗാലവൻ..

ഗുരുകുലവിദ്യാഭ്യാസാനന്തരം ഗുരുദക്ഷിണ ചോദിക്കാൻ ഗാലവൻ മുനിയെ നിർബന്ധിക്കുന്നു...

നിവൃത്തികെട്ട മുനി ഒരു ചെവി കറുത്ത, നിലാവുപോലെ വെളുത്ത, എണ്ണൂറ് അശ്വങ്ങളെ കാഴ്ചവയ്ക്കാൻ ആവശ്യപ്പെടുന്നു..

അതിനായിട്ടാണ് ആ മുനികുമാരൻ യയാതിയുടെ അടുക്കലെത്തുന്നത്...

അശ്വമേധം കഴിഞ്ഞിരിക്കുന്ന അവസരമായതുകൊണ്ട് മുനികുമാരന്റെ ആവശ്യം നിരാകരിക്കാൻ യയാതിക്ക് കഴിഞ്ഞില്ല...

എന്നാൽ ആ ആവശ്യം സാധിച്ചുകൊടുക്കാൻ സുഖലോലുപനായ ആ രാജാവിനു അനുകൂല സാഹചര്യവുമില്ലായിരുന്നു...

അങ്ങനെ കടം വീട്ടുവാൻ യയാതി മകളെ ഗാലവനു വിൽക്കുന്നു...

ഒരു തരം മാറ്റക്കച്ചവടം...

ഈ കച്ചവടം ഇവിടംകൊണ്ടും അവസാനിക്കുന്നില്ല...

സ്വപ്നങ്ങൾ വീണുടഞ്ഞ പാതയിലൂടെ മുനികുമാരനെ അനുഗമിച്ച മാധവിക്ക് അവളുടെ സ്ത്രീത്വത്തിനെ അപമാനിക്കുന്ന അനേകം സംഭവപരമ്പരകളിലൂടെ കടന്നുപോകേണ്ടി വരുന്നു...

ഓരോ വർഷവും ഗാലവൻ അവളെ ഓരോ രാജാവിനു കാഴ്ചവയ്ക്കും...

കന്യാശുൽക്കമായി കിട്ടുന്ന അശ്വങ്ങളെ ശേഖരിക്കും..

കൃത്യം ഒരു വർഷമാകുമ്പോൾ അവളെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോകും...

ജന്മം കൊടുക്കുന്ന കുഞ്ഞുങ്ങളെപ്പോലും പുറകിലുപേഷിച്ച് വരരുചിപത്നിയെപ്പോലെ അവൾ വിങ്ങുന്ന ഹൃദയവുമായി ഗാലവനു പിന്നാലെ യാത്ര തുടരും, അടുത്ത രാജാവിന്റെ അടുത്തേക്ക്...

ഒടുവിൽ ഗാലവൻ എണ്ണൂറു കുതിരകളേയും സമാഹരിച്ച്, മാധവിക്കൊപ്പം, വിശ്വാമിത്ര മഹർഷിക്ക്  ഗുരുദക്ഷിണയായി നൽകുന്നു...

ഒരു കുഞ്ഞുണ്ടായിക്കഴിയുമ്പോൾ, അവളെ തിരിച്ചേൽ‌പ്പിക്കാൻ മഹർഷി ഗാലവനെ വിളിച്ചു വരുത്തുന്നു...

ഗാലവനാകട്ടെ അവളെ യയാതിക്കു തന്നെ തിരിച്ചേൽ‌പ്പിക്കുന്നു...

മാറ്റക്കച്ചവടങ്ങളിലൂടെ സ്വയം വിൽ‌പ്പനച്ചരക്കായി തന്റെ കടം വീട്ടിയ മകളെ, യയാതി പിന്നെയും വെറുതേ വിടാനുദ്ദേശിക്കുന്നില്ല...

നാടൊട്ടുക്ക് വിളംബരം നടത്തി അവളുടെ സ്വയം വരം നടത്താൻ നിശ്ചയിക്കുന്നു...

അതിലൂടെ ലഭ്യമാകുന്ന കന്യാശുൽക്കത്തിലായിരുന്നിരിക്കണം അപ്പോഴും യയാതിയുടെ നോട്ടം...

അച്ഛനെ എതിർക്കാൻ അശക്തയായ മാധവി തന്റെ സ്വയംവരം ഒരു വനത്തിന്റെ സീമയിൽ വച്ചു നടത്തണമെന്നു മാത്രം ആവശ്യപ്പെടുന്നു.

ഒടുവിൽ, സ്വയംവര നാളിൽ, ക്ഷണിക്കപ്പെട്ട രാജാക്കന്മാരെ ഇളിഭ്യരാക്കിക്കൊണ്ട് വരണമാല്യവുമായി അവൾ വനത്തിനുള്ളിലേക്ക് നടന്നുപോവുകയും ഒരു തേന്മാവിനെ ആ മാല്യം അണിയിക്കുകയും ചെയ്തുവത്രേ...

അവളെ പിന്തുടർന്നവർക്ക് പിന്നീട് കാണാനായത് തേന്മാവിൽ പടർന്നു കയറിയ ഒരു വള്ളിച്ചെടിയെ മാത്രമായിരുന്നു...

ആ ലത പിന്നീട് മാധവീലതയായി എന്ന് ഐതീഹ്യം...

കഥകളെന്തുതന്നെയും ആയിക്കൊള്ളട്ടെ മാധവീലതകളിന്നും പൂക്കുന്നു, ആ ക്ഷേത്രത്തിനുള്ളിൽ, താത്രിയുടെ ഇല്ലപ്പറമ്പിനഭിമുഖമായിട്ട്...

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വസന്തകാലത്തിന്റെ ആഗമനം അറിയിച്ച് മാധവീലതകൾ പൂവിടുന്നു...

താത്രി പുനർജ്ജനിക്കുന്നതാവുമോ?

ആ വൃക്ഷച്ചുവട്ടിൽ നിൽക്കുമ്പോൾ മനസ് ചോദിച്ചത് ആ ചോദ്യമായിരുന്നു...

ജീവിതത്തിലൂടെ കടന്നുപോയ അനേകപുരുഷന്മാരെ പിന്തള്ളി തേന്മാവിനെ മാത്രം ആത്മാർത്ഥമായി പ്രണയിച്ച്, അതിലലിഞ്ഞുചേർന്നവളാണ് മാധവി..

ഒരുപക്ഷേ തന്റെ പിതാവിനോട് അങ്ങനെയവൾ മധുരമായി പകരംവീട്ടി എന്നും പറയാവുന്നതാണ്..

പക്ഷേ, താത്രി ഈ ഭ്രഷ്ട് കൽ‌പ്പിക്കപ്പെട്ടവരിലാരെയെങ്കിലുമോ അല്ലെങ്കിൽ അതിനുശേഷം വിവാഹം കഴിച്ചു എന്ന് പറയപ്പെടുന്ന വ്യക്തിയേയോ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടാകുമോ..?

അന്നത്തെ സാമൂഹികവ്യവസ്ഥിതിക്കെതിരെ ആഞ്ഞടിക്കാൻ താത്രിക്കുട്ടിക്ക് കഴിഞ്ഞുവെന്ന് വാദിക്കുന്ന വി.ടിയും വ്യക്തമായും ഒന്നും ഒരിടത്തും അവളെക്കുറിച്ച് നിഷ്ക്കർഷിക്കുന്നില്ല...

വാസ്തവത്തിൽ ആരായിരുന്നു താത്രി?

എന്തായിരുന്നു അവരുടെ ലക്ഷ്യം?

ഒരു പകപോക്കലാണോ?

അതോ പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നൊരു പെണ്ണിന്റെ സമനില നഷ്ടപ്പെട്ട പ്രവൃത്തികളോ?

കുറേയേറെ ചോദ്യങ്ങൾ ബാക്കി വച്ച് കുറിയേടത്ത് താത്രി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു...

കുറ്റാരോപിതർ എന്നു പറയപ്പെടുന്ന ഭ്രഷ്ടരാക്കപ്പെട്ടവരും അവരുടെ സന്തതി പരമ്പരകളും യഥാർത്ഥത്തിൽ കുറ്റം ചെയ്തോ ഇല്ലയോ എന്നു പറയാൻ അവൾക്ക് മാത്രമേ കഴിയൂ.

മനസുറയ്ക്കാത്ത ബാലചാപല്യങ്ങളുടെ കാലത്ത് തനിക്കേറ്റ പീഡനം സമനില തെറ്റിച്ച അവൾ ഈ കുറ്റാരോപിതരെ തന്റെ ഇരകളാക്കി പ്രതിസ്ഥാനത്ത് നിറുത്തുകയായിരുന്നോ?

മറുപടി തരേണ്ടവൾ മൺ‌മറഞ്ഞിരിക്കുന്നു...

ഇന്നത്തെ സമൂഹത്തിലരങ്ങേറുന്ന സ്ത്രീപീഡന പരമ്പരകളുടേയും, സ്ത്രീ പകയുടെ മൂർത്തീഭാവമായി മാറുന്ന സാഹചര്യങ്ങളുടെ വിവരണങ്ങളുടേയും, പെണ്ണൊരുമ്പെട്ടാൽ എന്നു തോന്നുമാറുള്ള ചതിയുടെ നേർക്കാഴ്ചകളുടെയും കഥകൾ കേട്ട്, മറ്റേതോ ലോകത്തിരുന്നു അവൾ ചിരിക്കുന്നുണ്ടാവും, ഗൂഡമായി...

കാർത്ത്യായിനീ ക്ഷേത്രവും കൽ‌പ്പകശ്ശേരി ഇല്ലപ്പറമ്പുമുപേഷിച്ച് മറ്റൊരു തീരത്തേക്ക് യാത്ര ആരംഭിക്കുമ്പോൾ മനസ്സു നിറയെ അവളായിരുന്നു...

കൂടെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളും...

കാറ്റിലപ്പോൾ അലിഞ്ഞു ചേർന്ന മാമ്പഴത്തിന്റെ സുഗന്ധം എങ്ങുനിന്നെന്നറിയാതെ വന്നു ചേർന്ന് നാസാരന്ധ്രങ്ങളെ പുളകമണിയിച്ചുകൊണ്ടിരുന്നു...

അടുത്തെങ്ങും മാവോ മാമ്പഴങ്ങളോ കണ്ടെത്താനാകാത്ത മനസ്സ് മന്ത്രിച്ചു... “മാധവീലതകൾ പുഷ്പിച്ചിരിക്കുന്നു..”.

                                               *******************************

ചിത്രം ഗൂഗിളിന്റേത്...
ഓൺ‌ലൈൻ മാഗസിനുകളിൽ പ്രസിദ്ധീകരിച്ച ലേഖനം

Thursday, June 5, 2014

മാറ്റത്തിന്റെ ശംഖൊലി, ആർഷഭൂവിൽ നിന്നുയരട്ടെ..


കണ്ണിമകൾക്ക് മേലെ നേർത്ത തണുപ്പ്..
പതിയെ, പതിയെ കണ്ണുകൾ തുറന്നു..
സ്വപ്നങ്ങളുടെ പറുദീസകളുപേഷിച്ച് ചിന്തകൾ യാഥാർത്ഥ്യങ്ങളിലേക്ക് ചേക്കേറി തുടങ്ങി..
പകുതിയടഞ്ഞ ജനലഴിയിലൂടെ മഴത്തുള്ളികളുമായി കാറ്റ്...
തലയൊന്നു ചെരിച്ചു നോക്കി.
കാർമേഘാവൃതമായ ആകാശത്തിന്റെയൊരു ചെറിയകീറ് കാണാം..
മഴക്കാലമായിട്ടും പുലരിയുടെ ആഗമനം അറിയിച്ച് ഒറ്റയ്ക്കും തെറ്റയ്ക്കും ഒച്ചവച്ച് പറക്കുന്നുണ്ട് പക്ഷികൾ..
മഴ ശക്തി പ്രാപിക്കും മുമ്പ് കൂടണയാനുള്ള വ്യഗ്രതയാവുമോ?
അതിന്റെ ആവശ്യമെന്താണ്..?
മൂടിക്കെട്ടിക്കിടക്കുമെങ്കിലും ആകാശമിപ്പോൾ മതിവരുവോളം പെയ്തൊഴിയാറില്ലല്ലോ..
കുറച്ചുകൂടെ കിടക്കാൻ ആഗ്രഹിച്ചുവെങ്കിലും സ്കൂൾ തുറന്നു എന്ന ബോധമനസിന്റെ താക്കീത് അവഗണിക്കാനായില്ല..
വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
മുറ്റത്ത് മഴയും മരങ്ങളും ഊഴമിട്ട് പെയ്യുന്ന കാഴ്ച..
പുത്തനുടുപ്പും പുതുമകളുമായി വിദ്യാലയത്തിന്റെ പടി കയറുന്ന കുരുന്നുകളോട് കുറുമ്പ് കാട്ടാൻ പ്രകൃതി ഇപ്പോഴും മറന്നിട്ടില്ല..
ആരേയും കാത്തുനിൽക്കുന്ന സ്വഭാവം സമയത്തിനില്ലെന്ന തിരിച്ചറിവ് കാഴ്ചകളിൽ നിന്നും കണ്ണുകളെ പിൻ‌വലിച്ച് ദിനചര്യകളിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു.
അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്ന് ഒരു കവർ പാലെടുത്ത് പാത്രത്തിൽ പൊട്ടിച്ചൊഴിച്ച് ഗ്യാസു കത്തിച്ച് വച്ചു.
കാലിയായ കവർ പുറത്തേക്ക് തിടുക്കത്തിൽ വലിച്ചെറിഞ്ഞു.
മനസ്സിലൊരു കുറ്റബോധം തോന്നാതിരുന്നില്ല, ഇന്നലെ പ്ലാസ്റ്റികിന്റെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ച താൻ തന്നെ..
വേണ്ടായിരുന്നു...
തിരികെ വന്നു ഫ്രിഡ്ജടയ്ക്കുമ്പോഴും മനസ് കുറ്റപ്പെടുത്തി, ഇതിത്രനേരം തുറന്നു കിടക്കുകയായിരുന്നുവല്ലോ.
എന്താണു സംഭവിക്കുന്നത്..?
തെറ്റുകൾ തിരുത്തിക്കൊടുക്കേണ്ടവർ തന്നെ തെറ്റുകളാവർത്തിച്ചുകൊണ്ടിരിക്കുന്നു..
ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും വാദപ്രതിവാദത്തിനിടം കൊടുക്കാതെ കുളിച്ച്, പ്രാതൽ കഴിച്ച് ഒരുങ്ങിയിറങ്ങി നടന്നു.
മഴയെ ശുണ്ഠിപിടിപ്പിക്കാൻ കുട നിവർത്തിപ്പിടിക്കാനും മറന്നില്ല.
റോഡിനുമപ്പുറം അച്ചു നിൽക്കുന്നത് മഴയുടെ മങ്ങിയ കാഴ്ചയിലും കാണാം, പതിവുള്ള നിൽ‌പ്പ്.
സ്കൂളിലേക്ക് ഒരുമിച്ചാണ് യാത്ര..
വഴിനീളെ ചോദിക്കാൻ ഒരായിരം ചോദ്യങ്ങൾ കരുതി വച്ചിട്ടുണ്ടാകും..
അടുത്തെത്തിയപ്പോൾ തന്നെ തുള്ളിച്ചാടി വന്ന് സാരിത്തുമ്പിലവൾ പിടുത്തമിട്ടു.
ഇന്ന് പതിവിലും സുന്ദരിയായിരിക്കുന്നു..
യൂണിഫോമിനു പകരം പച്ചനിറത്തിലുള്ള പട്ടുപ്പാവാടയും ഉടുപ്പും..
മുടി രണ്ടായി മെടഞ്ഞിട്ട് പൂ ചൂടിയിരിക്കുന്നു..
നെറ്റിയിൽ ചന്ദനക്കുറി..
ഒന്നുമ്മവയ്ക്കാൻ തോന്നുന്ന ഓമനത്തമുള്ള മുഖം..
സമയം വൈകുന്നുവെന്ന ചിന്തയിൽ അവളേയും കൂട്ടി നടക്കാൻ തുടങ്ങുമ്പോഴാണു പിറകിൽ നിന്നാരോ വിളിക്കുന്നത് കേട്ടത്.
തിരിഞ്ഞുനോക്കുമ്പോൾ കണ്ടു, അച്ചുവിന്റെ അമ്മയാണ്.
“ഇന്ന് അച്ചൂന്റെ പിറന്നാളാണ്, അല്പം മധുരം കഴിച്ച് പോകാം ടീച്ചർ, ഇങ്ങോട്ട് കയറിയാട്ടെ..”
ബെല്ലടിക്കാൻ നേരമാകുന്നുവെന്ന ആകുലത ഉണ്ടായിരുന്നിട്ടും അച്ചുവിന്റെ മുഖത്തെ സന്തോഷം തല്ലിക്കെടുത്താൻ തോന്നിയില്ല.
അവളുടെ കുഞ്ഞിവിരൽ പിടിച്ച് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.
നടയ്ക്കരുകിൽ കുട മടക്കി വച്ച് പടി കയറി പൂമുഖത്തെ കൈവരിയിൽ ഇരുപ്പുറപ്പിച്ച് നനഞ്ഞ സാരി ഒതുക്കിപ്പിടിച്ചു.
പ്ലാസ്റ്റിക് പ്ലേറ്റിൽ പരത്തി വച്ച അടപ്പായസവുമായി അവരോടിയെത്തി.
“ഗ്ലാസിലാകുമ്പോ ചൂടാ, പെട്ടെന്ന് കുടിക്കാൻ പറ്റില്ല, അതാ.. ” അർദ്ധോക്തിയിലവർ നിറുത്തി.
മറുപടി പുഞ്ചിരിയിലൊതുക്കി സ്പൂൺ കൊണ്ട് കോരിക്കുടിച്ച് മുറ്റത്തേക്ക് കണ്ണുനട്ടു.
മുറ്റത്ത് നിരന്നു നിൽക്കുന്ന വാഴകളിലൊന്നിലിരുന്ന് കാകൻ കരയുന്ന ശബ്ദം.
പെട്ടെന്ന് വീണ്ടും രാവിലത്തെ അനുഭവം.
മനസിനുള്ളിൽ ആരോ എന്തോ..
ഒരുവിധം കഴിച്ചെന്നു വരുത്തി അച്ചുവിന്റെ കൈ പിടിച്ച് ഇറങ്ങി നടന്നു.
അപ്പോഴേക്കും അവൾക്കുള്ള ഉച്ച ഭഷണം ഡിസ്പോസിബിൾ പായ്ക്കറ്റിലാക്കി അമ്മ ബാഗിൽ വച്ചു കൊടുക്കുന്നതു കണ്ടു.
കാലങ്ങൾക്കപ്പുറത്ത് ഒരു കലാലയത്തിന്റെ മുറ്റത്ത് തണൽ‌വിരിച്ചു നിന്ന വാകച്ചുവട്ടിൽ കൂട്ടുകാരികൾക്കൊപ്പം പൊതിച്ചോറഴിക്കുന്ന ഓർമ്മ അനുവാദമില്ലാതെ കടന്നു വന്നു..
വാഴയിലയുടെ മണമുള്ള ചോറുണ്ണുമ്പോൾ ഒരു പ്രത്യേക രുചിയായിരുന്നു..
നഷ്ടബോധത്തോടെ ഓർത്തു, ദോഷഫലങ്ങളുള്ള പരിഷ്കാരങ്ങളിലേക്ക് മനുഷ്യൻ കൂടു മാറിക്കൊണ്ടിരിക്കുന്നു..
മിക്കീമൌസിന്റെ ചിത്രം വരച്ച കുട നിവർത്തിപ്പിടിച്ച് പുത്തനുടുപ്പ് നനയാതെ ആദ്യം അച്ചു പതിയെ നടന്നു തുടങ്ങി, പക്ഷേ മഴ തന്റെ കുറുമ്പ് ശക്തമാക്കിയപ്പോൾ അവളിലെ കുസൃതിയും ഉണർന്നു.
ഒലിച്ചു വരുന്ന വെള്ളത്തിൽ ചാടിക്കളിച്ചും കാലുകൊണ്ട് വെള്ളം ചീറ്റിത്തെറിപ്പിച്ചുമായി പിന്നെ നടത്തം.
കളിയിൽ രസം പൂണ്ട് നടന്നിട്ടാവും പതിവുള്ള ചോദ്യങ്ങളൊന്നും ഉണ്ടായില്ല.
കുറച്ച് നടന്നാൽ പിന്നെ പുഴയാണ് നടവഴിക്ക് സമാന്തരമായി...
മഴവെള്ളം കുത്തിയൊലിച്ച് അല്പം രൌദ്രഭാവത്തിലാണു ഇന്നവളുടെ ഒഴുക്ക്..
വിസർജ്ജ്യങ്ങളും, ജന്തുക്കളുടെ അവശിഷ്ടങ്ങളും, പ്ലാസ്റ്റിക് കുപ്പികളുമടക്കം  മാലിന്യങ്ങളുടെ ഒരു കൂമ്പാരം തന്നെ ഒഴുക്കിക്കൊണ്ടു വരുന്നുണ്ട്..
ഇനിയിതെല്ലാം സമുദ്രത്തിലുപേഷിച്ച് പിലാത്തോസിനെപ്പോലെ ഇവൾ കൈകഴുകും..
കൈയ്യിലെ പിടി മുറുകിയിട്ടാവണം അച്ചു ആദ്യം മുഖത്തേക്കും പിന്നെ നോട്ടമെത്തുന്ന പുഴയിലേക്കും മാറി മാറി നോക്കി..
ആ കുഞ്ഞു ചുണ്ടുകൾ മെല്ലെ ചലിച്ചു..
“ഈ പുഴയൊഴുകി ഒഴുകി എവിടേക്കാ ടീച്ചറെ പോണെ..”
“കടലിലേക്കാ അച്ചൂ..” പുഞ്ചിരിയിൽ പൊതിഞ്ഞ് മറുപടിയേകി..
“അപ്പോ കടലിലെ വെള്ളം പൊങ്ങൂലേ...” അവളുടെ മുഖം ചോദ്യത്തിലെ സംശയം പ്രതിഫലിപ്പിച്ചു.
“അതു പിന്നെ...” മറുപടി വിഴുങ്ങി..
ചോദ്യം ചാട്ടുളി കണക്ക് പാഞ്ഞു പോയത് ഉറഞ്ഞുപോയ ചിന്തകളുടെ മേധാതലങ്ങളിലേക്കായിരുന്നു..
രാവിലെ മുതൽ വിടാതെ പിന്തുടരുന്ന ചോദ്യങ്ങളുടെ അവസാനം...ഇതാ, ഇവിടെ..
താനുൾപ്പടെയുള്ള സംസ്കാരസമ്പന്നമെന്നു ഡംഭു കാട്ടുന്ന പരിഷ്കൃത സമൂഹം എവിടെത്തി നിൽക്കുന്നു?
വ്യവസായവത്കരണത്തിന്റേയും ആഗോളവത്കരണത്തിന്റെയും ചുവടുപിടിച്ച് മനുഷ്യരാശിയുടെ തായ് വേരറുക്കുന്ന കാപാലിക ശക്തിയെ കണ്ടില്ലെന്നു നടിക്കുന്നു.
ഭൂമിയുടെ ചൂട് നിലനിറുത്തുന്ന ഹരിതവാതകങ്ങളുടെ അതിപ്രസരം നിമിത്തം ഭൂമി ചുട്ടു പൊള്ളുന്നു.
സൂര്യൻ പ്രേമവായ്പോടെ ഭൂമിയെ തൊട്ടു തലോടുന്ന കിരണങ്ങളിൽ അടങ്ങിയിരിക്കുന്ന താപങ്ങളെ ആഗിരണം ചെയ്ത് വീണ്ടും ഭൂമിയുടെ അന്തരാത്മാവിലേക്ക് തന്നെ പറഞ്ഞയയ്ക്കുകയാണ് അവയിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
എന്തുകൊണ്ടിത് സംഭവിക്കുന്നു?
സംരക്ഷണത്തിനു ചുമതലപ്പെട്ട ഇവരെങ്ങനെ സംഹാരകരായി?
ഫോസിലുകൾ കത്തിച്ചും വ്യവസായവത്ക്കരണത്തിന്റെ ഭാഗമായും വികസനത്തിന്റെ പാതയിൽ തിരിഞ്ഞു നോക്കാതെ ഓടുന്ന മനുഷ്യൻ സൃഷ്ടിച്ചതാണ് ഭൌമപാളികൾക്കു മേലെ ഇവയുടെ അതിപ്രസരം.
ഭൂമിയിപ്പോൾ ചൂടു താങ്ങാനാവാതെ വിയർക്കുന്നു..
തങ്ങൾക്കുള്ളിൽ ലയിപ്പിച്ച് ചൂടിന്റെ തോതു കുറയ്ക്കാൻ സമുദ്രങ്ങൾ ശ്രമിക്കും തോറും അവയുടെ ജലനിരപ്പുയരുകയാണു..
ചൂട് പങ്കിട്ടെടുക്കേണ്ട ഹരിത സസ്യജാലങ്ങളെ ആവാസവ്യവസ്ഥകളുറപ്പിക്കുന്ന തിരക്കിനിടയിൽ മനുഷ്യൻ തുടച്ചു നീക്കിക്കൊണ്ടിരിക്കുന്നതും ആഗോളതാപനത്തിനു വഴി തെളിക്കുന്നു..
അൽഗോറിൻ തന്റെ നോബൽ പുരസ്കാരം നോക്കി നെടുവീർപ്പിടുന്നുണ്ടാകുമിപ്പോൾ..
ചിന്തകളിൽ മുഴുകി സ്കൂളിലെത്തിയതറിഞ്ഞില്ല.
നിശ്ശബ്ദതയ്ക്ക് ഭഗ്നം വരുത്താതെ അച്ചു കൂടെ നടന്നുവെന്നതും അത്ഭുതം..
സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോൾ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു..
ഓരോ കുഞ്ഞിക്കരങ്ങളിലും കുഞ്ഞു വൃക്ഷത്തൈകൾ..
ഒരു വശത്ത് പാതയോരങ്ങളിലെ മാലിന്യം നീക്കാൻ പണിപ്പെടുന്ന കുരുന്നുകൾ..
ഉച്ചഭാഷിണിയിലൂടെ ഒഴുകി വരുന്ന പ്രധാന അധ്യാപകന്റെ ശബ്ദം, “....അങ്ങനെ ആഗോളതാപനം കാലാവസ്ഥാ വ്യതിയാനങ്ങൾക്കും തൽഫലമായി പോളാർ മേഖലകളിൽ നിന്നും മഞ്ഞുരുകുന്നതിനും സമുദ്രനിരപ്പുയരുന്നതിനും കാരണമാകും.. നമ്മുടെ പല ദ്വീപസമൂഹങ്ങളും അതിൽ മുങ്ങിപ്പോയേക്കും.. സമുദ്രജലത്തിൽ അയൺസൾഫേറ്റ് വിതറി കാർബൺ‌ഡയോക്സൈഡ് ആഗിരണം ചെയ്യുന്ന ആൽഗകളെ വളർത്തുന്ന ലോഹാഫെക്സ് എന്ന രീതി നമുക്ക് ഇവിടെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കുറേ മരങ്ങളെങ്കിലും വച്ചു പിടിപ്പിക്കാൻ നമുക്ക് കഴിയണം....”
സ്വരലയങ്ങൾക്കപ്പുറം മനസപ്പോഴും എന്തോ തിരയുന്നുണ്ടായിരുന്നു..
നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും ആദ്യകിരണങ്ങൾ ഈ ഭാരതഭൂവിൽ നിന്നു തന്നെ വേണ്ടേ പുറപ്പെടേണ്ടത് ?
പത്തുമരങ്ങൾക്കൊപ്പമാകുന്നു അമ്മ എന്നു പറഞ്ഞു പഠിപ്പിച്ച നാട്..
മണ്ണിനും മരത്തിനുമൊപ്പം കഴിഞ്ഞ പെണ്ണിനെ, അവയെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹിച്ചവളെ, ഭർത്തൃസവിധത്തിലേക്ക് യാത്രയാക്കുമ്പോൾ അണിയാൻ വേണ്ട ആടയാഭരണങ്ങൾ നൽകുന്ന വൃക്ഷങ്ങളുടെ കഥകൾ ഈ മണ്ണിലേ വേരോടിയിട്ടുള്ളൂ..
സന്ധ്യ കഴിഞ്ഞാൽ സസ്യജാലങ്ങളിൽ നിന്നും ഇല നുള്ളുന്നത് അവയുടെ നിദ്രയെ തടസ്സപ്പെടുത്തുമെന്നും ചുവട്ടിൽ ജലമൊഴിച്ച് അവയെ ഉണർത്തിയിട്ടേ ഇല നുള്ളാവൂ എന്നും പറയുന്നതിലൂടെ അവയോടുള്ള സ്നേഹത്തിന്റെ അളവ് ഓർമ്മപ്പെടുത്തുന്ന വേദോപനിഷത്തുക്കൾ...
മരം മുറിക്കും മുമ്പ് അതിലാവാസമുറപ്പിച്ചിരിക്കുന്ന സകല ജീവജാലങ്ങളോടും പ്രാർത്ഥിച്ച് അനുവാദം ചോദിച്ചിരിക്കണമെന്നാവർത്തിച്ചു പഠിപ്പിച്ച സിന്ധുനദീതട സംസ്കാരം...
കിടക്കവിട്ടെണീക്കുമ്പോൾ ഭൂമിയിലേക്ക് പാദമുറപ്പിക്കുന്നതിനു മുമ്പ് അനുവാദം ചോദിക്കാനാവശ്യപ്പെടുന്ന ആർഷഭാരതസംസ്കാരം..
ഇതൊക്കെ എന്നും ഭാരതീയന്റെ മാത്രം സ്വാർത്ഥമായ അഭിമാനങ്ങളാണെന്ന സത്യം നിലവിലിരിക്കെ, ഈ മണ്ണിൽ നിന്നു തന്നെ വേണം ഭൂമിയെ രക്ഷിക്കേണ്ട പ്രവർത്തനങ്ങൾക്ക് തിരി തെളിയേണ്ടത്...
“ടീച്ചർ...”
ചിന്തകളിൽ നിന്നും തിരികെ...
സ്റ്റാഫ് റുമിന്റെ വെളിയിൽ നിറഞ്ഞ പുഞ്ചിരിയോടെ കൈയ്യിലൊരു ആൽമരത്തെയ്യുമായി ഒരു കുരുന്ന്..
അവന്റെ മുഖത്തെ സന്തോഷത്തിനു നേരെ നോക്കി പുഞ്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..
“ലോകാ സമസ്താ സുഖിനോ ഭവന്തുഃ...” അക്ഷരസ്ഫുടതയില്ലാതെ, ചെറിയ കൊഞ്ചലോടെയെങ്കിലും ആ ചെഞ്ചുണ്ടുകൾ മൊഴിഞ്ഞു...
കാഴ്ചയിൽ നിന്നും പൊട്ടിച്ചിരിച്ച് അവനകന്നു പോകുമ്പോൾ കണ്ണുകളിൽ നിന്നും എന്തിനെന്നറിയാതെ രണ്ടിറ്റ് കണ്ണുനീർ അടർന്നു വീണു..
“ലോകാസമസ്താ സുഖിനോ ഭവന്തുഃ..” മനസ്സ് ആവർത്തിച്ചു..

                                         *******************************************
ചിത്രം..ഗൂഗിളിന്റേത്..

Tuesday, May 6, 2014

ഓർത്തുവയ്ക്കാൻ...

ജീവിതത്തിലെ അനർഘനിമിഷങ്ങളിലൊന്ന്...

മനസ്സിൽ മായാത്ത അക്ഷരങ്ങളിൽ എഴുതിച്ചേർത്തത്..

ഏപ്രിൽ 12 വൈകുന്നേരം ഏഴുമണിക്ക് നടന്ന ചടങ്ങിൽ നവരസം സംഗീതസഭയുടെ മികച്ച ചെറുകഥയ്ക്കുള്ള ഗോവിന്ദ് രചനാ അവാർഡ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാരഥി ശ്രീ തമ്പാൻ സാറിന്റെ കൈകളിൽ നിന്നും വാങ്ങാൻ കഴിഞ്ഞു..
 


ഗുരുവിന്റെ കൈയ്യിൽ നിന്നു തന്നെ വാങ്ങുന്ന പുരസ്കാരത്തിനു ഇരട്ടി മധുരമെന്ന് അനുഭവിച്ച് അറിഞ്ഞു.. 

തഞ്ചാവൂർ അമ്മവീട്ടിൽ വച്ച് ഇത്തരമൊരു ചടങ്ങും ഒരുപക്ഷേ ദൈവഹിതം തന്നെയാകും..


പൈതൃകത്തിന്റെ അക്ഷരങ്ങൾക്ക് ജീവിതപാതയിലെ സഹയാത്രികൻ തുണയേകിയപ്പോൾ അനുവാചകഹൃദയങ്ങൾ സമ്മാനിച്ച ആത്മവിശ്വാസവുമായി തുടങ്ങിയ യാത്രയായിരുന്നു...

പെണ്ണായിപ്പോയതിൽ നേരിടേണ്ടി വന്നവ പലതും മനസിൽ കുറിച്ചു വച്ചു കൊണ്ട് തുടർന്ന എഴുത്ത്, അതിവിടെ വരെ എത്തി നിൽക്കുന്ന സംതൃപ്തിയിലാണു മനസ്സ്.. 



എത്രയൊക്കെ പറഞ്ഞാലും മനസിലൊരിക്കലും സമത്വം നേടാനാവാത്ത എഴുത്ത്, ആണെന്നും പെണ്ണെന്നും ഉള്ള അതിർ‌വരമ്പുകൾ പലയിടത്തും കണ്ടു..

പെണ്ണെഴുത്തുകൾക്ക് പ്രോത്സാഹനമെന്ന രീതിയിൽ ചിരിക്കുന്ന ചെന്നായ് മുഖങ്ങളും..

സദാചാരത്തിന്റെയും സൌഹൃദത്തിന്റേയും മുഖം‌മൂടികൾക്കുള്ളിൽ പതിയിരിക്കുന്ന അത്തരം രൂപങ്ങളുടെ തിരിച്ചറിവിൽ പകുതിക്ക് വച്ച് മനസുമടുത്ത് എഴുത്ത് നിറുത്തിപ്പോയ ഒരുപാട് കഴിവുറ്റ പെണ്ണെഴുത്തുകളുണ്ട്... 


വിടരും മുമ്പേ കൊഴിഞ്ഞ അവരുടെ സപര്യക്കു മുന്നിൽ ഞാൻ എന്റെയീ പുരസ്കാരം സമർപ്പിക്കുന്നു..

Wednesday, March 26, 2014

അയനം... സീതായനം..

ഓർമ്മകൾക്കെന്നും ഗൃഹാതുരത്വത്തിന്റെ സുഗന്ധമാണ്.
മറവിയുടെ തിരകളെടുക്കാതെ മനസിന്റെ തീരത്തു സൂക്ഷിക്കുന്ന ചില ഓർമ്മകളെങ്കിലും ഉണ്ടാകും എല്ലാവരിലും.
കാലത്തിന്റെ കൈകളാൽ അത് മായ്ക്കപ്പെടാതിരിക്കട്ടെ...

എഴുതിത്തുടങ്ങിയത് എന്നു മുതൽക്കെന്നറിയില്ല..
ഒന്നും എഴുതാൻ വേണ്ടി എഴുതിയതുമായിരുന്നില്ല..
ഏകാന്തതയുടെ ചട്ടക്കൂട്ടിൽ ഒരു ആശ്വാസമായിരുന്നു അക്ഷരങ്ങളെന്നും..
എന്തുകൊണ്ടോ സംഭവിച്ച സൌഹൃദങ്ങളുടെ അഭാവം പരിഹരിച്ചു തന്നത് കടലാസും പേനയുമെന്ന ചങ്ങാതിമാരായിരുന്നു..
സുഖവും ദുഃഖവും തൊട്ടറിഞ്ഞ് അവരെന്നും കൂടെ നിന്നു...

എഴുത്തിനെ ഇപ്പോഴും ഗൌരവത്തോടെ കാണുന്നുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്നു തന്നെയാണു ഉത്തരം..
എങ്കിലും പുസ്തകത്താളുകളിൽ കുത്തിക്കുറിച്ച് വലിച്ചു കീറി ഒളിപ്പിച്ചു വയ്ക്കുന്ന തലത്തിൽ നിന്നും സ്വതന്ത്രമായി എഴുതിത്തുടങ്ങിയത് ഈയിടയ്ക്കാണ്...

പ്രവാസത്തിന്റെ അതിരുകൾക്കുള്ളിൽ അക്ഷരങ്ങൾ വീർപ്പുമുട്ടിയപ്പോൾ പോംവഴിയായി മുന്നിലെത്തിയത് ബ്ലോഗെന്ന മാധ്യമം തന്നെയായിരുന്നു...
ബാലാരിഷ്ടതകൾ മാറും മുമ്പ് പൂട്ടിയ ആദ്യത്തെ ബ്ലോഗിൽ കുത്തിനിറച്ചത് മുഴുവൻ പ്രണയവും വിരഹവും മഴയുമൊക്കെയാണ്..

വേറിട്ട് ചിന്തിക്കാൻ പ്രേരിപ്പിച്ച് സീതായനത്തിലെ സീതയായി കൂട്ടിക്കൊണ്ട് വന്നത് ജീവിതയാത്രയിലെ സഹയാത്രികൻ തന്നെയായിരുന്നു..
പിന്നെ, സീതയെ വിമർശനങ്ങളിലൂടെയും അനുമോദനങ്ങളിലൂടെയും വളർത്തിയത് നിങ്ങളാണ്..

ആദ്യത്തെ വഴിത്തിരിവ് തന്നത് വെബ്സ്കാനിന്റെ ഉടമ മൈത്രേയി എന്ന ശ്രീലത ചേച്ചിയാണ്..
പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, മുന്നോട്ടുള്ള യാത്രയിൽ...
കൂടെനടന്ന് വഴികാട്ടിയ ഒരുപാട് മുഖങ്ങളുണ്ട്...
പേരെടുത്തു പറയാൻ തുടങ്ങിയാൽ ചിലരെയെങ്കിലും വിട്ടുപോയേക്കുമെന്ന ഭയം..

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സാംസ്കാരിക സാഹിത്യ കൂട്ടായ്മകളുമായി കഴിയുമ്പോഴേക്കും രണ്ടു പുസ്തകങ്ങൾ സൈകതം ബുക്ക്സിന്റെ സഹായത്തോടെ പുറത്തിറങ്ങി കഴിഞ്ഞിരുന്നു... ഇനി ഒരു പുസ്തകം എന്ന ചിന്തപോലുമില്ലാത്ത സമയത്താണ് അപ്രതീഷിതമായി “ചിത്തമന്ത്രണങ്ങൾ” മനസിലൊരു മോഹമാകുന്നത്..

സീതായനത്തിനെ ബ്ലോഗുലകത്തിനു ആദ്യമായി പരിചയപ്പെടുത്തിയ തേജസിന്റെ ഉടമ മനോരാജേട്ടൻ തന്നെ ആ പുസ്തക മോഹത്തിനു പിന്തുണ പ്രഖ്യാപിച്ചപ്പോൾ പിന്നെ മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല...

പക്ഷേ, കഠിനപരീക്ഷകളുടെ നീണ്ട നിരകൾക്കൊടുവിൽ മാത്രമേ “ചിത്തമന്ത്രണങ്ങൾ” പ്രകാശിതമായുള്ളൂ...
കൂടെ നിന്നവർ പലരും വഴിക്ക് ഉപേഷിച്ചിട്ടും തള്ളിപ്പറഞ്ഞിട്ടും തളരാത്ത മനസ്സോടെ മുന്നോട്ട് തന്നെ നടക്കാൻ ഉള്ളിന്റെയുള്ളിൽ ആരോ പറഞ്ഞുകൊണ്ടേയിരുന്നു...

ആ സഹനത്തിനും ആത്മക്ഷതങ്ങൾക്കുമുള്ള ആശ്വാസമായി ഒടുവിൽ “ചിത്തമന്ത്രണങ്ങളെ”ത്തേടി ഒരു അവാർഡെത്തിയിരിക്കുന്നു...

നവരസം സംഗീതസഭയുടെ വാർഷികത്തോടനുബന്ധിച്ച് 2013-2014 ലെ രചനാ അവർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചെറുകഥയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് “ചിത്തമന്ത്രണങ്ങൾ” ആയിരുന്നു..
ഏപ്രിൽ പന്ത്രണ്ടാം തിയതി തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തു മിത്രാനികേതനിൽ വച്ച് വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിലത് സമ്മാനിക്കും...
എത്തിച്ചേരാൻ സാധിക്കുന്ന എല്ലാ നല്ല മനസുകളേയും പ്രസ്തുത ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു..

മൂന്നുവർഷം പൂർത്തിയാകുന്ന സീതായനത്തിന്റെ യാത്രയിൽ ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ..
ചെറുതരി സുഖമുള്ള നോവുകളും സന്തോഷവുമായി ഒരു യാത്ര...

ഏതു യാത്രയ്ക്കും ഒരവസാനമുണ്ടാകും..
ഇടയ്ക്ക് ഒരല്പം വിശ്രമവും..
സീത ഇനി ഒരല്പം വിശ്രമത്തിനാണ് ശ്രമിക്കുന്നത്...

എല്ലാം എഴുതിക്കഴിഞ്ഞുവെന്നോ ഉയരങ്ങൾ കീഴടക്കിയെന്നോ ഉള്ള അഹങ്കാരമല്ല ഈ തീരുമാനത്തിന്റെ പിന്നിൽ..
അനുഭവങ്ങൾ സമ്മാനിച്ച മുറിവുകളുണങ്ങാൻ കുറച്ചു സമയം വേണം..

അവ പഠിപ്പിച്ചത് വലിയ പാഠങ്ങൾ.
സാഹിത്യലോകത്ത് സഹൃദയരെക്കാൾ സദാചാരമുഖവും കഴുകന്റെ മനസുമുള്ളവരാണ് കൂടുതലെന്ന തിരിച്ചറിവ്..
ബഹുമാനിച്ച നാവുകൊണ്ട് മാറ്റി വിളിക്കേണ്ടി വരുന്ന പ്രവർത്തികൾ..
സാഹിത്യരംഗം മുഖം‌മൂടികളുടെ സമ്മേളനമായി മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം അംഗീകരിക്കാതെ വയ്യെന്നായിരിക്കുന്നു..
ആണെഴുത്തും പെണ്ണെഴുത്തുമല്ല ആണും പെണ്ണും എന്ന കാഴ്ചപ്പാടുകളാ‍ണ് ചുരുക്കം ചിലർ ഈ രംഗത്ത് നിൽക്കാൻ കാരണം തന്നെ.. 

സൌഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും വൃത്തിയുള്ള മുഖം‌മൂടികൾക്കുള്ളിൽ ഒളിപ്പിച്ചു വച്ച വികൃതമായ മുഖങ്ങൾ തിരിച്ചറിഞ്ഞപ്പോഴുണ്ടായ മുറിവുകൾ...
ഇനിയും നിണമൊഴുകിത്തീരാതെ അവ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു..

ഒരു വിശ്രമത്തിന്റെ അനിവാര്യത..
പ്രിയപ്പെട്ടവരേകിയ മുറിവുകളുണക്കി ശക്തമായ ഒരു തിരിച്ചു വരവിനു വേണ്ടി തൽക്കാലം ഒരു ഇടവേള....

Thursday, March 20, 2014

കഥ പറയുന്ന ശിലകൾ...

“ദേവീ, ഇവിടെയടുത്ത് ചരിത്രമുറങ്ങുന്ന സ്ഥലം ഏതാണുള്ളത്..?”
“ താനീ നാട്ടുകാരിയല്ലേ?” ,
ആൻസിയുടെ ചോദ്യം ഒരല്പം ചിന്തകളെ പിടിച്ചുലയ്ക്കാതിരുന്നില്ല.
കൊല്ലത്തു നിന്നും വല്ലപ്പോഴും സന്ദർശനത്തിനെത്തുന്ന ആൻസിയും കുടുംബവും.
അവരെക്കൂട്ടി കേരളത്തിന്റെ അതിർത്തി കടക്കുമ്പോൾ പദ്മനാഭപുരം കൊട്ടാരവും കന്യാകുമാരിയുമൊക്കെയായിരുന്നു മനസ്സിൽ.
പക്ഷേ..
പതിവിൽ നിന്നും വേറിട്ട് എന്തെങ്കിലും കാട്ടിക്കൊടുക്കണമെന്ന ചിന്തയ്ക്ക് തിരികൊളുത്തിയത് അവളുടെ പെട്ടെന്നുള്ള ഈ ചോദ്യമായിരുന്നു.
ചരിത്രസംഹിതകളുടെ അനന്തസാഗരവും പേറി കന്യാകുമാരിയും ശുചീന്ദ്രവുമൊക്കെ നിലകൊള്ളുമ്പോഴും ചിന്തകൾ വേറിട്ടൊരു കാഴ്ചയ്ക്കായി അലയുകയായിരുന്നു.
ചിതറാലിന്റെ പ്രകൃതിദത്ത മനോഹാരിത മാനുഷിക വ്യവഹാരങ്ങൾക്കൊടുവിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് സന്ദീപിന്റെ വാക്കുകളിൽ നിന്നും തിരുച്ചറിഞ്ഞതു കൊണ്ടാവണം അങ്ങോട്ടു പോകാൻ തോന്നിയില്ല.
അപ്രതീക്ഷിതമായൊരു ചിന്ത പെട്ടെന്ന് മിന്നായം പോലെ തെളിഞ്ഞുമാഞ്ഞു.
മാർത്താണ്ടത്തു നിന്നും വലത്തോട്ട് തിരിയുന്നതിനു പകരം ഇടത്തോട്ടായി യാത്ര.
ഡ്രൈവിംഗിലെ വന്യതയോ കാഴ്ചകളുടെ വശ്യതയോ പുറത്തോട്ട് നോക്കിയിരിക്കാൻ അവളെ പ്രേരിപ്പിച്ചിരിക്കണം ..
കുട്ടികൾ പുറകിൽ അവരവരുടെ ലോകത്താണ്.
“ചിതറാലിലേക്കാണോ?”
ആകാംഷ മുറ്റിയ ചോദ്യത്തിനു മറുപടി നൽകാൻ തോന്നിയില്ല.
ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി മാത്രം ഒളിപ്പിച്ചു വച്ചു , “കണ്ടോളൂ” എന്ന അർത്ഥത്തിൽ.
പ്രകൃതിഭംഗി ആസ്വദിക്കാനുള്ള അവളുടെ അവകാശത്തെ നിഷേധിക്കേണ്ടെന്ന് തോന്നിയതു കൊണ്ട് വളരെപ്പതിയെ ആണ് കാറോടിച്ചത്.
അതുകൊണ്ട് തന്നെ പത്തു മിനിട്ടു കൊണ്ട് എത്തിച്ചേരാവുന്ന കുലശേഖരത്തെത്താൻ അരമണിക്കൂറെടുത്തു.
“ഈ വഴി എങ്ങോട്ടാ ദേവി പോണെ?”
ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുന്ന വഴിയിലേക്ക് നോക്കിയാണ് ചോദ്യം.
“ഇത് പെരിഞ്ചാണി ഡാമിലേക്ക് പോകുന്ന വഴിയാണ്. ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്ത് പണികഴിപ്പിച്ചതാണ് ആ ഡാം.ഇതുവഴി പോയാൽ പൊന്മന, മംഗലം തുടങ്ങിയ സ്ഥലങ്ങളും കാണാം”.
പഠിക്കുന്ന കാലത്ത് എന്റെ നിശ്ശബ്ദതയ്ക്ക് ഭീഷണിയായി ചോദ്യങ്ങളുയർത്തി അല്പം നീരസം സമ്പാദിച്ചിരുന്ന കൂട്ടുകാരിയോട് ഇത്തവണ മറുപടി പറയുമ്പോൾ , പക്ഷേ സഹിഷ്ണുതാമനോഭാവമായിരുന്നു.
ഒരു ഗൈഡിന്റെ ഉത്തരവാദിത്വം ഭരിച്ചിരുന്നോ ?
നിമിഷങ്ങൾക്കുള്ളിൽ കോൺ‌വെന്റ് ജംഗ്ഷനിലെത്തി.
ഇടത്തോട്ട് തിരിഞ്ഞാൽ തൃപ്പരപ്പു വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയായി.
കുറ്റാലത്തിന്റെ ചെറിയൊരു പതിപ്പാണ് തൃപ്പരപ്പിലുള്ളത്.
കാറ് വളവുതിരിവുകൾ ശ്രദ്ധിക്കാതെ നേരെയുള്ള റോഡിലൂടെ ഓടി.
തെല്ലാശ്ചര്യത്തോടെ അവൾ തിരക്കി, “പേച്ചിപ്പാറ ഡാമിലേക്കുള്ള വഴിയെന്നാണല്ലോ അവിടെ എഴുതി വച്ചിരിക്കുന്നത്. നമ്മളങ്ങോട്ടേക്കാണോ?”
ചെറിയൊരു പുഞ്ചിരിയോടെ അവളുടെ സംശയനിവാരണം നടത്തുമ്പോൾ അറിയാതെ ഒരു മുത്തശ്ശിയുടെ ഭാവമുൾക്കൊള്ളുകയായിരുന്നുവോ?
1897-1906 കാലഘട്ടത്തിൽ കല്ലാർ, ചിറ്റാർ, കുറ്റ്യാർ എന്നീ കൈവഴികളുടെ പ്രഭവസ്ഥാനമായ കോടയാർ നദിയുടെ മുകളിലായിട്ടാണ് പേച്ചിപ്പാറ ഡാം സ്ഥാപിച്ചത്.
ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ മേൽനോട്ടത്തിൽ ഹംബാരി അലക്സാണ്ടർ മിഞ്ചൻ എന്ന ഇംഗ്ലീഷ് എഞ്ചിനീയർ പണി കഴിപ്പിച്ചതാണീ ജലസംഭരണി.
നാട്ടുഭാഷയിൽ അദ്ദേഹം മിഞ്ചൻ ധ്വര എന്നാണറിയപ്പെട്ടിരുന്നത്.
                                                    -പേച്ചിപ്പാറ ഡാം- ചിത്രം ഗൂഗിളിന്റേത്
മിഞ്ചൻ‌ധ്വര സഞ്ചരിച്ചിരുന്നത് വില്ലുവണ്ടിയിലായിരുന്നുവത്രെ.
അതും കേശവൻതമ്പിയുടെ വീട്ടിലെ വില്ലുവണ്ടിയിൽ.
അന്നാ പരിസരപ്രദേശങ്ങളിൽ പ്രമുഖർക്ക് സഞ്ചരിക്കാൻ പറ്റിയ ആഡംബരപൂർവ്വമായ വില്ലുവണ്ടി ഉണ്ടായിരുന്നത് അച്ഛൻ വീട്ടിലായിരുന്നു എന്നുള്ളത് അഭിമാനിക്കാൻ പറ്റുന്നതിനെക്കാൾ തെല്ല് അലോസരമാണുണ്ടാക്കിയിട്ടുള്ളത്.
മഹാനായ ദേശാഭിമാനി വേലുത്തമ്പി ദളവ പിറന്ന ശാഖ..
അദ്ദേഹത്തിനൊരപമാനം എന്ന വണ്ണം ഒരു വെള്ളക്കാരനു ഗതാഗത സംവിധാനം ഒരുക്കി വിനീതവിധേയരായി ഒതുങ്ങി നിന്ന പഴമയെ ഉൾക്കൊള്ളാനിപ്പോഴും മനസ്സനുവദിക്കുന്നില്ല.
ലക്ഷ്യം പേച്ചിപ്പാറ ഡാമല്ലായിരുന്നുവെന്ന് അവൾക്ക് മനസിലായത് ആ വഴിയിൽ ഏതാണ്ട് ഒരു കിലോമീറ്ററോളം പോയി കാർ ഇടത്തോട്ട് തിരിഞ്ഞപ്പോഴാണ്.
വഴിവക്കിൽ “തിരുനന്തിക്കര” എന്നെഴുതിവച്ചത് ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ടാവില്ലെന്ന് ആകാംഷമുറ്റിയ ആ കണ്ണുകൾ വിളിച്ചറിയിച്ചു.
ഏകദേശം അരകിലോമീറ്ററോളം പോകേണ്ടി വന്നതേയുള്ളൂ, യാത്രയുടെ സസ്പെൻസ് പൊളിച്ചുകൊണ്ട് തിരുനന്തിക്കര മഹാദേവക്ഷേത്രം ദൃശ്യമായി.
കാറൊതുക്കിയിട്ട് അവളോടും കുഞ്ഞുങ്ങളോടുമൊപ്പം ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നടക്കുമ്പോൾ മനസിനു വല്ലാത്ത ശാന്തതയായിരുന്നു.
                                              -തിരുനന്തിക്കര മഹാ‍ദേവക്ഷേത്രം-
തമിഴ്നാട്ടിൽ ശിവരാത്രിയോടനുബന്ധിച്ച് നടത്തുന്ന ശിവാലയം ഓട്ടം എന്ന ചടങ്ങിൽ ഭക്തർ സന്ദർശിക്കുന്ന പന്ത്രണ്ട് ശിവക്ഷേത്രങ്ങളിൽ നാലാമത്തേതാണ് തിരുനന്തിക്കര മഹാദേവക്ഷേത്രം.
ഇതിന്റെ മറ്റൊരു പ്രത്യേകത ഇവിടെത്തന്നെ എതിർവശത്തായി വിഷ്ണുവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതാണ്.

വിശാലമായ ചുറ്റമ്പലം വലം വയ്ക്കുമ്പോൾ മനസിലൊരു നോവു പോലെ കൂവളം നിൽക്കുന്നത് കാണാതെപോകാൻ തോന്നിയില്ല.
മനസിൽ നന്മയുള്ള അമ്പലവാസികൾ ഒരുപാട് കഥകൾ പറഞ്ഞു തന്നു ക്ഷേത്രത്തെക്കുറിച്ചും മറ്റും.
രാത്രികളിൽ ജീവൻ വച്ച് തീറ്റതേടുന്ന നന്തികേശനെക്കുറിച്ചുള്ള കഥയായിരുന്നു അതിലേറ്റവും ആകർഷകമായി തോന്നിയത്.
ആതിഥേയ സംസ്കാരം പരിഷ്കാരികളെന്നൂറ്റം കൊള്ളുന്ന നമ്മൾ അവരിൽ നിന്നും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് മുകളിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകളുണ്ട്.
തുടർച്ചയായ പടിക്കെട്ടുകളല്ലവ.
അഞ്ചാറു പടികൾക്കു ശേഷം നടക്കാൻ കുറച്ച് സ്ഥലം, വീണ്ടും പടികൾ, അങ്ങനെ.

ഇരുവശത്തും ഭംഗിയായി വെട്ടിയൊരുക്കി വിട്ടിരിക്കുന്ന പച്ചപ്പിന്റെ വേലി.
മുകളിലേക്ക് കയറുമ്പോൾ ഇടയ്ക്കൊരു അതിർത്തി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു.
കൂടെ വന്ന ക്ഷേത്രം സൂക്ഷിപ്പുകാരനാണത് വിശദീകരിച്ചത്.
ആ അതിർത്തിക്ക് മുകളിലോട്ട് ദേശീയ പുരാവസ്തുവകുപ്പിന്റെയും താഴേക്ക് സംസ്ഥാനഗവണ്മെന്റിന്റേയും നിരീക്ഷണത്തിലാണത്രേ കാര്യങ്ങൾ നടക്കുന്നത്.
പരസ്പരമുള്ള ഈ വേർതിരിവ് ക്ഷേത്രങ്ങളുടെ വികസനകാര്യങ്ങളിൽ ഒട്ടേറെ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് സ്ഥലവാസികൾക്കൊപ്പം ഞങ്ങൾക്കും ആശങ്ക തോന്നാതിരുന്നില്ല.
അങ്ങകലെ മലമടക്കുകൾക്കുള്ളിൽ, ഒളിപ്പിച്ചു വച്ചതുപോലെ ആ ഗുഹാക്ഷേത്രം കാണാം.
ചരിത്രമുറങ്ങുന്ന ശിലകൾ.
ഒരായിരം കഥകൾ നെഞ്ചോട് ചേർത്തുപിടിച്ച് അവരങ്ങനെ കാലാതീതരായി നിലകൊള്ളുന്നു.

ഏഴാം നൂറ്റാണ്ടിൽ ജൈനന്മാർ സ്ഥാപിച്ച ഈ ക്ഷേത്രം കാലക്രമേണ ഹിന്ദുമതത്തിലേക്ക് ദത്തെടുക്കപ്പെടുകയായിരുന്നു.
ആദ്യം തെക്കേ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മഹാദേവക്ഷേത്രത്തെ പിന്നീട് തമിഴ്നാടു സർക്കാറും ഗുഹാക്ഷേത്രത്തെ പുരാവസ്തു വകുപ്പും ഏറ്റെടുക്കുകയുണ്ടായി.
പടികയറി മുകളിലെത്തിയാൽ ക്ഷേത്രമുൾക്കൊള്ളുന്ന പാറയാണ്.
ഇടതുവശത്ത് സന്ദർശകർക്കുവേണ്ടി ചരിത്രപ്രാധാന്യം ഉൾക്കൊള്ളിക്കുന്ന രേഖകളുടെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

പാറയിൽ വെട്ടിയുണ്ടാക്കിയ പടികൾ ക്ഷേത്രത്തിലേക്ക് സന്ദർശകനെ സാകൂതം ക്ഷണിക്കും.
മുകളിൽ അവനായി ഒരത്ഭുതപ്രപഞ്ചം ഒരുക്കിവച്ച് കാത്തിരിക്കുന്നുണ്ട് കാലമെന്നറിയിക്കാതെ..
അവിടെ പഴയകാല എഴുത്തുകളുടെ മായികപ്രപഞ്ചമുണ്ട്...
ഭിത്തിയിൽ മുഴുവൻ വട്ടെഴുത്തുകളാണ്..
തിരുനന്തിക്കര ശിലാശാസനങ്ങൾ എന്നു കാലം വാഴ്ത്തുന്ന വിളംബരങ്ങൾ.

ആറോളം ശാസനങ്ങളിവിടെ കൊത്തിവച്ചിട്ടുണ്ട്.
ഒന്നാമത്തേത് ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റേതാണെന്ന് വിശ്വസിക്കുന്നു.
ചാത്തൻ മുരുകന്റെ മകൾ ചേന്തിയെ വിവാഹം ചെയ്ത് അവളുടെ ചെലവിനായി ദാനം നൽകിയ ഭൂമിയുടെ ചേപ്പാടാണ് ശാസനരൂപത്തിൽ അതിൽ ആലേഖനം ചെയ്തിട്ടുള്ളത്.

കൊടുങ്ങല്ലൂരിലെ ചേരരാജാവയ കുലശേഖരദേവന്റെ മകൾ നടത്തിയ ക്ഷേത്രശാസനമാണ് രണ്ടാമത്തേത്.
തിരുനന്തിക്കര ഭട്ടാരകനു കെടാവിളക്കിനു വേണ്ടി ധനം ദാനം ചെയ്ത രേഖയാണത്.
ആ സമയത്ത് അവിടെ സന്നിഹിതരായിരുന്നവരുടെ വിവരങ്ങളും ശാസനത്തിൽ പരാമർശിച്ചിട്ടുണ്ട്.

രാജരാജചോളന്റെ നാളായ അല്പശിയിലെ ചതയം നാളിൽ ആറാട്ടോടുകൂടി ഉത്സവം നടത്താനും രാജാവിന്റെ പേരിൽ അന്നേദിവസം ഒരു വാടാവിളക്ക് കത്തിക്കാനുമായി ക്ഷേത്രത്തിലേക്ക് കന്യാകുമാരി ജില്ലയിലെ മുട്ടം എന്ന ഗ്രാമം ദാനമായി നൽകുന്നതാണ് മറ്റൊരു ശാസനമായി അവിടെ കൊത്തിവച്ചിരിക്കുന്നത്.

തിരുനന്തിക്കരയിലെ ഗണപതിക്ക് പൌരമുഖ്യർ ഭൂദാനം ചെയ്യുന്നതിനെക്കുറിക്കുന്നതാണ് നാലാമത്തെ ശാസനമെങ്കിൽ നാഞ്ചിനാട്ട് വേങ്കോട്ടുമലയിൽ അമ്പി എന്ന അരയൻ കെടാവിളക്ക് കത്തിക്കാൻ ഒരു വിളക്കും അതിൽ പകരാനുള്ള നെയ്യുണ്ടാക്കാനായി പാലെടുക്കാൻ ഒമ്പതു എരുമകളേയും ദാനം ചെയ്യുന്നതാണ് അഞ്ചാമത്തെ ശിലാശാസനം.

മംഗലച്ചേരി ശിവാകരൻ എന്നൊരാൾ തിരുവല്ലയിലേയും തിരുനന്തിക്കരയിലേയും ഭട്ടാരകന്മാർക്ക് ക്ഷേത്രാവശ്യങ്ങൾക്കായി ഭൂമി ദാനം ചെയ്ത രേഖകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ശാസനം ഗുഹാക്ഷേത്രത്തിനകത്തായിട്ടും കാണാൻ കഴിയും.
ശിലകൾ കഥപറയുന്ന ശാസനങ്ങളുടെ ലോകത്തു നിന്ന് വാതിൽ കടന്ന് അകത്തു കയറിയാൽ വർണ്ണങ്ങളുടേയും വരകളുടേയും അത്ഭുതലോകമാകും നമ്മെ എതിരേൽക്കുക.
ഒമ്പതും പത്തും ശതകത്തിലെ ആരോ വരച്ച ചിത്രങ്ങളാണ് ചുമരിലും മച്ചിലുമൊക്കെ. രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാസന്ദർഭങ്ങളാണു പകർത്തിയിട്ടുള്ളത്.
ഒക്കെയും ഇലച്ചാർത്തുകളും പ്രകൃതിവിഭവങ്ങളും ചാലിച്ച നിറക്കൂട്ടുകൾ കൊണ്ട്..
ഗുരുവായൂരിലെ ചിത്രകലകൾ പോലെ..
കാലം നിറം മങ്ങിച്ച വർണ്ണവിസ്മയങ്ങൾ പ്രകൃതിയുടെ ക്യാൻവാസിൽ പുത്തൻ‌തലമുറയിലെ സർഗ്ഗവൈഭവത്തെ വെല്ലുവിളിയോടെ നേരിടുന്ന കാഴ്ച.
ഉള്ളിലുള്ള ചിത്രങ്ങൾ പകർത്താനുള്ള അനുമതിയില്ലാത്തതിന്റെ നേർത്ത നൊമ്പരത്തോടെ പടിയിറങ്ങി.
ഗുഹാക്ഷേത്രത്തിൽ നിന്നും തിരിച്ച് നടക്കാൻ തുടങ്ങിയപ്പോഴാണ് ക്ഷേത്രക്കാവൽക്കാരൻ ചോദിച്ചത് അതിനു പുറകിലെ മലമുകളിലുള്ള ശിവപ്രതിഷ്ഠ ദർശിക്കുന്നില്ലേയെന്ന്.
അങ്ങനൊരു സംഭവം അവിടുള്ളത് അറിയാമായിരുന്നില്ല.
കൂടുതൽ ചിന്തിച്ചു നിൽക്കാതെ ഞങ്ങൾ വലതു ഭാഗത്തു കണ്ട വഴിയിലൂടെ നടന്നു. കുറച്ച് മുന്നോട്ട് പോകുമ്പോൾ മുകളിലെ പാറയിലേക്ക് കയറാനുള്ള വഴി തെളിഞ്ഞു.
അതിലൂടെ തപ്പിയും തടഞ്ഞും കയറി.
ക്ലേശകരമായ യാത്ര എന്നു വെറുതേ പറയുന്നതിൽ അർത്ഥമില്ല.
ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ വീഴാതെ കേറുന്നത് തീർത്തും ആയാസകരം തന്നെ.

മലമടക്കുകളാൽ പ്രകൃതി തീർത്ത പടിക്കെട്ടുകളിലൂടെ മുകളിലെത്തിയാൽ ഒരു വടവൃക്ഷച്ചുവട്ടിൽ കാറ്റും വെയിലും മഴയുമൊക്കെയേറ്റ് സുസ്മേരവദനനായിരിക്കുന്നുണ്ട് സംഹാരകൻ.

അതിനു മുന്നിൽ കണ്ണാടിക്കൂട്ടിൽ എന്തോ കണ്ട് ഞങ്ങൾ ആകാംഷയോടെ നോക്കി.

കല്ലിൽ ഒരു പാദം പതിഞ്ഞ പാട്. അതിനെ മഹാദേവപാദമെന്ന സങ്കൽ‌പ്പത്തിൽ കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ച് പൂജകൾ നടത്തുന്നു.

ആദിമമനുഷ്യൻ അവശേഷിപ്പിച്ചു പോയ അടയാളമായിരിക്കാം എന്ന യുക്തിചിന്ത മനസിൽ വേരോടുമ്പോഴും ഭക്തിസാന്ദ്രമായ മനസ്സ് മന്ത്രിച്ചു “ഓം നമഃ ശിവായഃ”.

പതിയെ വൃക്ഷപൂജാമന്ത്രം ചൊല്ലി വലം വച്ചു.
അതിനിടയിലാണു പുറകിൽ വീണ്ടും നീണ്ടു നിവർന്നു കിടക്കുന്ന പർവ്വത ശിഖരങ്ങൾ കാഴ്ചയിൽ‌പ്പെട്ടത്.
പിന്തിരിയാനൊരുങ്ങുന്ന മനസിനെ അവ തങ്ങളിലേക്ക് മാടി വിളിച്ചു കൊണ്ടിരുന്നു.

രണ്ടും കൽ‌പ്പിച്ച് കയറി.
മുകളിലെ സുരക്ഷിതമെന്നു തോന്നിക്കുന്ന ഉയരത്തിലെത്തി താഴേക്ക് നോക്കുമ്പോൾ അങ്ങകലെ ആരോ ഒരാൾ കിടക്കുമ്പോലെ സഹ്യാദ്രി മോഹിപ്പിക്കുന്നുണ്ടായിരുന്നു.

 
നേർത്ത ജലകണികകളുടെ മുത്തണിഞ്ഞ് മലകയറി വരുന്ന തെക്കൻ കാറ്റ്..
നിശ്ശബ്ദമായ അന്തരീക്ഷം.. 
ഭക്തിയുടെ നിറവിൽ മഹാദേവൻ. 
ഒന്നു മെഡിറ്റേഷൻ ചെയ്യാൻ ആരും കൊതിക്കുന്ന സന്ദർഭം..
സ്വയം മറന്നിരുന്നു പോയ നിമിഷങ്ങൾക്കൊടുവിൽ ഓർമ്മകളുടെ ഭാണ്ഢവും പേറി മലയിറങ്ങി..
പ്രകൃതിയുടെ കൽ‌പ്പടവുകളിറങ്ങി ഗുഹാക്ഷേത്രത്തിൽ തിരിച്ചെത്തി മനുഷ്യനിർമ്മിതമായ പടിക്കെട്ടുകളിലൂടെ മഹാദേവ സന്നിധാനത്തിലെത്തി യാത്ര പറഞ്ഞ് തിരികെ കാറിൽ കയറുമ്പോൾ രണ്ടു ചോദ്യങ്ങൾ മനസിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു...
ഇലച്ചാർത്തുകളുടെ വർണ്ണങ്ങളിൽ വിസ്മയം തീർത്ത ആ മഹത്പ്രതിഭ ആ‍രായിരുന്നിരിക്കും?
പാറക്കല്ലുകളിൽ പാദം പതിപ്പിച്ചു വച്ച ആ‍ അത്ഭുതപ്രതിഭാസം ആരുടെ സർഗ്ഗഭാവനയായിരുന്നിരിക്കും..??
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുഴറുന്ന മനസുമായി ഒരു മടക്കം..
പുതിയ തീരങ്ങൾ തേടി..
 *****************************************************************************************

ഫെയ്സ് ബുക്കിലെ യാത്രാ ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചത്......