Wednesday, May 11, 2011

വാസന്തം...

വെളുത്ത ക്യാൻവാസിൽ
കടുത്ത ചായക്കൂട്ടിൽ
നിറമാർന്ന വാസന്തം
വരയ്ക്കുവാനൊരുങ്ങി ഞാൻ


വരച്ചു തീരും മുന്നെ
വരച്ചിട്ടോരിലകളിൽ
പച്ചപ്പൂർന്നു പോയ്
പൂക്കളോ പൊഴിഞ്ഞും പോയ്


സ്വപ്നങ്ങൾ ചേക്കേറിയ ചില്ലമേൽ
തൂവലുകൾ ബാക്കിയായി


ഋതു മാറി ശിശിരമെൻ
ക്യാൻവാസിൽ നിറയവെ
കാത്തിരുപ്പാണു മാനസം പിന്നെയും
വരയ്ക്കാൻ മറന്നൊരാ വാസന്തത്തെ


ദുഃഖതപത്തിലെൻ മനമിനിയും ഉരുകണം
കണ്ണീർമഴയിലത് തണുക്കണം
ഇന്നലെകളഴുകി ജീർണ്ണിച്ച മണ്ണിൽ നിന്നും
വേരുകളിന്നിന്റെ ജീവരസമൂറ്റണം


വിരഹത്തിൻ കാറ്റിലായ്
ഞെട്ടറ്റ് വീഴാത്ത
കാലമാം വർഷത്തിൽ
ഉയിരറ്റു പോകാത്ത
ഋതുക്കളെ വെല്ലുന്ന പുതു നാമ്പുകൾ
ഇനിയും തളിരിടണം


വരാതിരിക്കില്ല എന്റെ സ്വപ്നങ്ങളെ പുഷ്പിക്കാൻ
ഇനിയൊരു വാസന്തവും ദേശാടനക്കിളികളും..

60 comments:

  1. വിടരും മുന്‍പേ വാടി വീഴുന്ന വസന്തങ്ങളെക്കുറിച്ച് പാടുകയാണ് എന്റെ അനുജത്തി സീത .

    ഋതുക്കള്‍ മാറി മാറി വരുമെന്ന തിരിച്ചറിയുന്നു എങ്കിലും വിടപറഞ്ഞ വസന്തം വീണ്ടും ഒരു വിരുന്നിനെത്തുമെന്ന പ്രതീക്ഷ ഈ കവയിത്രി നമ്മള്‍ക്കായി കാത്തു വയ്ക്കുന്നു ..

    വിരഹത്തിന്‍ കാറ്റില്‍ ഞെട്ടറ്റു വീഴാതെ കാലമാകുന്ന മഴയില്‍ ജീവന്‍ നഷ്ടപ്പെട്ടു പോകാതെ ഏതു കടുത്ത ഋതുവും അതിജീവിക്കുന്ന പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ ഈ മണ്ണില്‍ മുകുളം ചാര്‍ത്തുക തന്നെ ചെയ്യുമെന്ന വലിയ പ്രത്യാശയും സന്ദേശവും നല്‍കുന്ന മനോഹരമായ കവിത ..

    ആ പുതിയ വസന്തത്തെയും അതിന്റെ വരവറിയിക്കുന്ന ദേശാടന കിളികളെയും നമ്മള്‍ക്കും കാത്തിരിക്കാം..

    ReplyDelete
  2. വരാതിരിയ്ക്കട്ടെ നിന്‍റെയാ സ്വപ്നങ്ങളെ തളിരണിയിയ്ക്കാനുള്ള വസന്തം.... വസന്തങ്ങള്‍ വേദന മാത്രമേ നല്‍കാറുള്ളൂ... കൊഴിഞ്ഞു മാറുമ്പോള്‍ ഒരുപാട് വിരഹവും നഷ്ടങ്ങളും മാത്രമേ എല്ലാ വസന്തള്‍ക്കും നല്‍കാന്‍ കഴിയുകയുള്ളൂ.... വരികളിലെ ശാലീനത നന്നായിട്ടുണ്ട്.... ഗ്രാമീണത ഉറ്റുനില്‍ക്കുന്നുണ്ട്... സീതായനത്തിലെ പുതിയ സീതയെ എനിയ്ക്കിഷ്ടായി.... നന്നായിരിയ്ക്കുന്നു.. മനോഹരം..

    ReplyDelete
  3. സ്വപ്നങ്ങൾ ചേക്കേറിയ ചില്ലമേൽ
    തൂവലുകൾ ബാക്കിയായി.........good one

    ReplyDelete
  4. മനോഹരമായിരിക്കുന്നു..

    ReplyDelete
  5. kaalaminiyumurulum... vishu varum...
    varsham varum....thiruvonam varum....
    kaathirikkuka...vasantham orul varum..
    nannayirikkunnu. tto

    ReplyDelete
  6. വരാതിരിക്കില്ല എന്റെ സ്വപ്നങ്ങളെ പുഷ്പിക്കാൻ
    ഇനിയൊരു വാസന്തവും ദേശാടനക്കിളികളും..

    ------------
    വരും.. വരട്ടേ...പ്രതീക്ഷകൾ പുഷ്പിച്ച്‌,
    ദേശാടനക്കിളികൾ പാടട്ടേ
    മനോഹരമായിട്ടുണ്ട്‌..

    ReplyDelete
  7. സ്വപ്നങ്ങൾ ചേക്കേറിയ ചില്ലമേൽ
    തൂവലുകൾ ബാക്കിയായി
    .......................
    വരാതിരിക്കില്ല എന്റെ സ്വപ്നങ്ങളെ പുഷ്പിക്കാൻ
    ഇനിയൊരു വാസന്തവും ദേശാടനക്കിളികളും..

    നന്നായിട്ടുണ്ട് ട്ടൊ..
    വനത്തട്ടെ ഇനിയുമൊരു വസന്തം .
    പൂക്കള്‍ വിരിയട്ടെ..
    കിളികള്‍ പാടട്ടെ...

    ReplyDelete
  8. സീതേ, വരയ്ക്കൂ.....വീണ്ടും .......വസന്തചിത്രങ്ങള്‍ ......തെളിമയോടെ.....ഞങ്ങള്‍ കാത്തിരിയ്ക്കാം ......

    ReplyDelete
  9. “വിരഹത്തിൻ കാറ്റിലായ്
    ഞെട്ടറ്റ് വീഴാത്ത
    കാലമാം വർഷത്തിൽ
    ഉയിരറ്റു പോകാത്ത
    ഋതുക്കളെ വെല്ലുന്ന പുതു നാമ്പുകൾ
    ഇനിയും തളിരിടണം“.. ഇഷ്ടമായി...
    സീതയുടെ കവിതകൾ വസന്തം പോലെ.

    ReplyDelete
  10. കവിത വായിച്ചു. മനസ്സിലായി.
    അതില്‍ കുറവ് വന്നത് കമ്മന്റിലൂടെ അറിഞ്ഞു. .
    ഏതായാലും ഒരു കവിത വായിച്ചു വരികളെടുത്തു കീറി മുറിച്ചിട്ടെ ഞാന്‍ ബ്ലോഗിങ്ങ് നിര്‍ത്തൂ. (രണ്ടാമത്തേത് നടന്നാലും ആദ്യത്തേത് നടക്കില്ല :) )

    ReplyDelete
  11. വരുമെന്നെ ... വസന്തവും ദേശാടന കിളികളും...വരാതെ എവിടെ പോകാന്‍ !

    ReplyDelete
  12. ദുഃഖതപത്തിലെൻ മനമിനിയും ഉരുകണം
    കണ്ണീർമഴയിലത് തണുക്കണം..

    മഴയുടെ നനവില്‍ സ്വയമലിഞ്ഞ് വ്യഥകള്‍ മറന്നങ്ങനെ, അല്ലേ..
    കവിത ഇഷ്ടപ്പെട്ടു..

    ReplyDelete
  13. രമേശ്‌ സാറിന്റെ കമെന്റ്റ്‌ കവിത മനസ്സിലാകാന്‍ ഉപകരിച്ചു.
    ആശംസകള്‍..

    ReplyDelete
  14. സ്വപ്നങ്ങൾ ചേക്കേറിയ ചില്ലമേൽ
    തൂവലുകൾ ബാക്കിയായി

    ReplyDelete
  15. വരും വരാതിരിക്കുമോ പ്രതീക്ഷ മാത്രമാശ്രയം


    പ്രത്യാശാകിരണങ്ങളുതിര്‍ക്കുന്ന കവിതകളെല്ലാം എനിക്കിഷ്ടമാണ്. നിര്‍ഭാഗ്യവശാല്‍ ബ്ലോഗില്‍ കാണുന്ന കവിതകളെല്ലാം തന്നെ നിരാശ സ്ഫുരിക്കുന്നവയും എല്ലാം തകര്‍ന്നു എന്ന് നിലവിളിക്കുന്നതുമാണ്.

    (ഒരിക്കല്‍ ഏതോ ബ്ലോഗില്‍ സഹികെട്ട് ഞാനൊരു അഭിപ്രായെമെഴുതി. “ഇനിയുമിവിടെ എത്ര നന്മകളുണ്ട്, എത്ര പ്രതീക്ഷകളുണ്ട്, എത്ര നല്ല മനസ്സുകളുണ്ട്, എന്തു നല്ല പ്രകൃതിയുണ്ട്, പൂക്കളുണ്ട്, കുഞ്ഞുങ്ങളുടെ ചിരിയുണ്ട്. പക്ഷികളുടെ ചിറകടിയൊച്ചയുണ്ട്...ഇതിനെക്കുറിച്ചൊക്കെയെന്നാണിനി എഴുതാന്‍ പോകുന്നത്??”)

    നല്ല ഭാവന, നല്ല കയ്യൊതുക്കം, വാക്കുകളുടെ തെരഞ്ഞെടുപ്പ് വളരെ ചാരുതയോടെ..നന്നായി വരട്ടെ

    ReplyDelete
  16. "അക്കരെ നില്‍ക്കുന്ന നിന്‍ മനമിനിയും ഇക്കരെ പച്ചയെ തേടുന്നുവോ സഖീ .......
    ഇക്കരെ നീ തേടുമോരാപച്ച മായതന്‍ മരുപ്പച്ചയാണെന്നറിഞ്ഞിരുനിട്ടും നീ "



    ഞാന്‍ വരാന്‍ ലേറ്റായിപ്പോയി .. പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒന്ന് അറിയിച്ചൂടെ ..
    കവിത ഇഷ്ടായി .. ഋതുക്കളെ വെല്ലുന്ന നാമ്പുകള്‍ കിളിര്‍ക്കട്ടെ , തഴച്ചു വളരട്ടെ ....
    നിരാശ ജനകമാണല്ലോ സാറേ എഴുത്തുകള്‍ എന്തോ പറ്റി... ങ്ങും ....

    ReplyDelete
  17. നല്ല വരികൾ! നിത്യവസന്തം ആഗ്രഹം മാത്രമല്ലേ, ജീവിതത്തിൽ വരും വസന്തവും കിളികളും ഇനിയും.

    ReplyDelete
  18. അപ്പോ "വാസന്തനെ"യാണ് കാത്തിരിക്കുന്നതെന്ന് മനസ്സിലായി....അവന്‍ വരും....വരാതിരിക്കില്ല....ആ മൊബൈല്‍ ഫോണെടുത്തൊന്നു കുത്ത്...
    തമാശകള്‍ക്കപ്പുറം.....ഈ കവിത എനിക്ക് വളരെ ഇഷ്ടപ്പെട്ടു....അനായാസേന ഗ്രഹിക്കാവുന്ന ലളിതമായ വരികള്‍.....ഒരു താളവും ലയവും വരികളില്‍ കാണുന്നു...
    അഭിനന്ദനങ്ങള്‍ സീതേ....

    ReplyDelete
  19. അതിമനോഹരം.
    കവിതയായതുകൊണ്ട് ഞാനെന്തു പറയാന്‍...?
    ഇഷ്ടായി..., ആശംസകള്‍....

    ReplyDelete
  20. മനോഹരമായി. നിത്യവസന്തം ഒരു ആഗ്രഹം മാത്രമല്ലേ? വസന്തം ഇനിയുമണയും!

    ReplyDelete
  21. അപ്പോൾ വസന്തകാലത്തെ കാത്തിരിക്കുകയാണല്ലേ...
    കാലം വരുമ്പോൾ പറയൂ..
    ദേശാടനക്കിളികളെ തുറന്ന് വിടാനാണ് ..കേട്ടൊ

    ReplyDelete
  22. വരാതിരിക്കില്ല എന്റെ സ്വപ്നങ്ങളെ പുഷ്പിക്കാൻ
    ഇനിയൊരു വാസന്തവും ദേശാടനക്കിളികളും..

    വരും വരാതിരിക്കില്ല..
    മനോഹരമായ കവിത

    ReplyDelete
  23. varu puthiyoru vasantham seethaye thedi....... aashamsakal.......

    ReplyDelete
  24. കഴിഞ്ഞ ദിവസത്തെ ബ്ലോഗ്ഗർ ദുരന്തത്തിനിടയിൽ നഷ്ടപ്പെട്ടുപോയ എന്റെ പ്രിയപ്പെട്ടവരുടെ വാക്കുകൾ തിരികെ കൊണ്ടു വരികയാണിവിടെ

    പട്ടേപ്പാടം റാംജി

    സ്വപ്നങ്ങൾ ചേക്കേറിയ ചില്ലമേൽ
    തൂവലുകൾ ബാക്കിയായി

    ജയിംസ് സണ്ണി പാറ്റൂര്‍

    മനോഹരം

    ajith

    വരും വരാതിരിക്കുമോ പ്രതീക്ഷ മാത്രമാശ്രയം


    പ്രത്യാശാകിരണങ്ങളുതിര്‍ക്കുന്ന കവിതകളെല്ലാം എനിക്കിഷ്ടമാണ്. നിര്‍ഭാഗ്യവശാല്‍ ബ്ലോഗില്‍ കാണുന്ന കവിതകളെല്ലാം തന്നെ നിരാശ സ്ഫുരിക്കുന്നവയും എല്ലാം തകര്‍ന്നു എന്ന് നിലവിളിക്കുന്നതുമാണ്.

    (ഒരിക്കല്‍ ഏതോ ബ്ലോഗില്‍ സഹികെട്ട് ഞാനൊരു അഭിപ്രായെമെഴുതി. “ഇനിയുമിവിടെ എത്ര നന്മകളുണ്ട്, എത്ര പ്രതീക്ഷകളുണ്ട്, എത്ര നല്ല മനസ്സുകളുണ്ട്, എന്തു നല്ല പ്രകൃതിയുണ്ട്, പൂക്കളുണ്ട്, കുഞ്ഞുങ്ങളുടെ ചിരിയുണ്ട്. പക്ഷികളുടെ ചിറകടിയൊച്ചയുണ്ട്...ഇതിനെക്കുറിച്ചൊക്കെയെന്നാണിനി എഴുതാന്‍ പോകുന്നത്??”)

    നല്ല ഭാവന, നല്ല കയ്യൊതുക്കം, വാക്കുകളുടെ തെരഞ്ഞെടുപ്പ് വളരെ ചാരുതയോടെ..നന്നായി വരട്ടെ
    SUDHI

    "അക്കരെ നില്‍ക്കുന്ന നിന്‍ മനമിനിയും ഇക്കരെ പച്ചയെ തേടുന്നുവോ സഖീ .......
    ഇക്കരെ നീ തേടുമോരാപച്ച മായതന്‍ മരുപ്പച്ചയാണെന്നറിഞ്ഞിരുനിട്ടും നീ "



    ഞാന്‍ വരാന്‍ ലേറ്റായിപ്പോയി .. പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒന്ന് അറിയിച്ചൂടെ ..
    കവിത ഇഷ്ടായി .. ഋതുക്കളെ വെല്ലുന്ന നാമ്പുകള്‍ കിളിര്‍ക്കട്ടെ , തഴച്ചു വളരട്ടെ ....
    നിരാശ ജനകമാണല്ലോ സാറേ എഴുത്തുകള്‍ എന്തോ പറ്റി... ങ്ങും ....

    ~ex-pravasini*

    രമേശ്‌ സാറിന്റെ കമെന്റ്റ്‌ കവിത മനസ്സിലാകാന്‍ ഉപകരിച്ചു.
    ആശംസകള്‍..

    ചാണ്ടിച്ചന്‍

    അപ്പോ "വാസന്തനെ"യാണ് കാത്തിരിക്കുന്നതെന്ന് മനസ്സിലായി....അവന്‍ വരും....വരാതിരിക്കില്ല....ആ മൊബൈല്‍ ഫോണെടുത്തൊന്നു കുത്ത്...
    തമാശകള്‍ക്കപ്പുറം.....ഈ കവിത എനിക്ക് വളരെ ഇഷ്ടപ്പെട്ടു....അനായാസേന ഗ്രഹിക്കാവുന്ന ലളിതമായ വരികള്‍.....ഒരു താളവും ലയവും വരികളില്‍ കാണുന്നു...
    അഭിനന്ദനങ്ങള്‍ സീതേ....

    ReplyDelete
  25. വെളുത്ത ക്യാൻവാസിൽകടുത്ത ചായക്കൂട്ടിൽ
    നിറമാർന്ന വാസന്തംവരയ്ക്കുവാനൊരുങ്ങി ഞാൻ
    വരച്ചു തീരും മുന്നെവരച്ചിട്ടോരിലകളിൽപച്ചപ്പൂർന്നു പോയ്
    പൂക്കളോ പൊഴിഞ്ഞും പോയ്,...... വാസന്തകാലത്ത് പൂക്കുന്ന ചെടിയാണ് വാസന്തി,വാസന്തിയെന്നാൽ -കുരുക്കുത്തിമുല്ല.. അതിന്റെ വാസന നമ്മെ ലഹരിപിടിപ്പിക്കും..വാസന്തപഞ്ചമിനാൾ,വാസന്തരാവ്..ഇതൊക്കെ കവികൾക്ക് ഇഷ്ട്പ്പെട്ട കാലഘട്റ്റങ്ങളാണ്.. ആ സമയങ്ങളിലാണ് ദേശാടനക്കിളികൾ വരാറുൾലതു..ഇവിടെ “ഋതുക്കളെ വെല്ലുന്ന പുതു നാമ്പുകൾ ഇനിയും തളിരിടണം“ എന്ന കവിയുടെ ആഗ്രഹങ്ങൾ നമ്മുടെ ആഗ്രഹവും തമ്മിൽ ഇഴ ചേരുമ്പോൾ.. നമ്മളൂം വസന്തേർത്തുവിനേയും. .ദേശാടനക്കിളികളേയും കാത്തിരിക്കുന്നൂ..വായനാസുഖം തന്ന ഈ കവിതയുടെ ശില്പിക്ക് എന്റെ ഭാവുകങ്ങൾ ...വെളുത്ത ക്യാൻവാസിൽ കടുത്ത ചായക്കൂട്ടിൽനിറമാർന്ന വാസന്തങ്ങൾ ഇനിയും വരക്കുക...കത്തിരിക്കുന്നൂ ഞങ്ങൾ

    ReplyDelete
  26. ഹാ ..കലക്കി ..

    ഗൂഗിള്‍ കട്ടോണ്ട് പോയ കമ്മന്ട്ടുകള്‍ തിരികെ കൊണ്ടുവന്നു അല്ലേ ...

    ഗൂഗിളിനു മുന്നിലും തോല്‍ക്കാത്ത ദേവി ..

    ReplyDelete
  27. രമേശ്‌ അരൂര്‍ .....തേങ്ങ ഉടച്ച ശബ്ദം ഞാൻ കേട്ടിരുന്നുട്ടോ...ശിശിരം മാറി വാസന്തം വരും...വരാതിരിക്കാനാവില്യാ തന്നെ...നന്ദി ഏട്ടാ..

    വീട്ടുകാരന്‍ ...നഷ്ടമാകുമെന്നോർത്ത് പ്രതീക്ഷകൾ നശിപ്പിക്കാനാവില്യാല്ലോ സുഹൃത്തേ...നന്ദി ഈ വാക്കുകൾക്ക്.

    MyDreams ......നന്ദി

    lekshmi. lachu ...നന്ദി ലച്ചൂ

    jayaraj...കാത്തിരിക്കാതെ വയ്യല്ലോ...നന്ദി

    മാനവധ്വനി....നന്ദി ...പ്രതീക്ഷകൾ ഇല്ലെങ്കിലെന്ത് ജീവിതം..

    sameeran ...നന്ദി ഏട്ടാ ഈ വരവിനും ആശംസകൾക്കും..

    jayalekshmi ....നന്ദി എന്റെ ചിന്തകളെ ഉൾക്കൊള്ളുന്നതിന്...

    sreee....നന്ദി ടീച്ചറേ ഈ സ്നേഹത്തിന്..

    ചെറുവാടി...അങ്ങനെ വേണം ഏട്ടാ...ഹല്ല പിന്നെ നമ്മളോടാ കളി...കവിതയ്ക്കൊക്കെ എന്തും ആകാന്നോ...അപ്പോഴെ കീറി മുറിക്കാൻ പോകുമ്പോ എന്നെക്കൂടെ വിളിക്കണേ..ഒരു കത്രികേം മറക്കണ്ടാ ങ്ങാഹ്

    Villagemaan...വരും...വരാതിരിക്കില്ലാ

    നിശാസുരഭി....നന്ദി എന്റെ വാക്കുകൾ ഉൾക്കൊള്ളുന്നതിന്..

    ഷമീര്‍ തളിക്കുളം ...കവിതയായാലും പറയാം ട്ടോ...ഹിഹി..നന്ദി

    ശ്രീനാഥന്‍...ഏട്ടൻ നേരത്തെയിട്ട കമെന്റ് ഞാൻ കോപ്പി പേസ്റ്റാൻ പോയതാ അപ്പോ പുതിയത് കണ്ടു നന്ദി ഏട്ടാ...

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....ഉവ്വാ പറയാം ട്ടോ...ദേശാടനക്കിളികളേം പിടിച്ച് വച്ചേക്കുവാ ല്യേ...ന്നെക്കൊണ്ട് ഐ എസ് ഡി വിളിപ്പിക്കും...ഹിഹി

    കുസുമം ആര്‍ പുന്നപ്ര...നന്ദി ചേച്ചീ..

    jayarajmurukkumpuzha .....നന്ദി ഏട്ടാ

    ReplyDelete
  28. പട്ടേപ്പാടം റാംജി .....നന്ദി ഏട്ടാ

    ജയിംസ് സണ്ണി പാറ്റൂര്‍ ....നന്ദി ഈ വരവുകൾക്കും വായനയ്ക്കും അഭിപ്രായത്തിനും..

    ajith ...ശരിയാ ഏട്ടാ...ഞാനെഴുതുന്നതും ചിലപ്പോ കണ്ണീർ കലർന്നു പോകുന്നു...അത് കണ്ടു കണ്ട് ഞാനും മടുത്തു...വല്ലപ്പോഴുമെങ്കിലും ശുഭപ്രതീക്ഷകളോടെ എഴുതണ്ടേ...നന്ദി ഈ വാക്കുകൾക്ക്..

    SUDHI ....ലേറ്റാ വന്നാലും ലേറ്റസ്റ്റായി വന്നോളൂ സാറേ..ഇതിൽ മാത്രമാ നിരാശ അല്പം കുറവ് ട്ടോ..ഹിഹി..ഗൂഗിളിനൊക്കെ എന്തും ആവാന്നോ...ഹും...

    ~ex-pravasini* ...നന്ദി ചേച്ചീ..

    ചാണ്ടിച്ചന്‍....ഞാനൊന്ന് വിളിച്ച് നോക്കീതാ ചാണ്ടിച്ചായോ...പുള്ളി ഔട്ട് ഓഫ് റേഞ്ചാ...നന്ദി ട്ടോ ഈ വാക്കുകൾക്ക്..

    ചന്തു നായര്‍...എന്റെ ചെറിയ ചിന്തകൾ അക്ഷരങ്ങളായി വായനാ സുഖം പ്രദാനം ചെയ്തുവെങ്കിൽ അതിൽ‌പ്പരം സന്തോഷം എനിക്ക് വേറെ ഇല്ല തന്നെ..ശിശിരമൊഴിഞ്ഞൊരു വാസന്തമിനിയുമെന്റെ ക്യാൻ വാസിൽ പുനർജ്ജനിക്കുമെന്നാണെന്റെ വിശ്വാസവും...വരും വരാതിരിക്കില്ലാ...നന്ദി അങ്ങയുടെ വാക്കുകൾക്കും പങ്കു വച്ച അറിവിനും..

    ReplyDelete
  29. ഇതു വഴി ആദ്യം.... സീതായനം സൂപ്പര്‍ ..ഫൊള്ളോവര്‍ ആയി..
    ആശംസകള്‍

    ReplyDelete
  30. ‘ഋതുക്കളെ വെല്ലുന്ന പുതു നാമ്പുകൾ
    ഇനിയും തളിരിടണം.......

    ...ഈ തളിരൊക്കെ എപ്പൊ ഇട്ടെന്നു ചോദിച്ചാമതി...!
    മ്മളായിട്ടൊന്നും ചെയ്യെണ്ട...

    ഈ‘സംഭവം‘ ഒത്തിരി ഇഷ്ട്ടായീ ട്ടോ..!
    കുറേ..ആശംസകള്‍..!!

    ReplyDelete
  31. നല്ല വരികള്‍...നന്നായിരിക്കുന്നു....ഋതുമാറി വാസന്തം വരട്ടെ...
    വരാതെ എവിടെ പോകാന്‍ ....... :)

    ReplyDelete
  32. ഇനിയും പൂക്കുന്ന വാസന്തം.
    കാല ഭേദങ്ങളിലൂടെ മാനസം.
    തലോടുന്ന കാറ്റിലും വിടരുന്ന
    പ്രത്യാശ: കുസുമങ്ങള്‍..!!!

    ReplyDelete
  33. മനോഹരമായി സീതേ, രമേശേട്ടന്‍ പറഞ്ഞപോലെ
    വസന്തത്തെയും ദേശാടന കിളികളെയും ഞങ്ങളും
    കാത്തിരിക്കുന്നു... വന്നാല്‍ അറിയിക്കണേ...

    ReplyDelete
  34. വരച്ച് തുടങ്ങി പൂർത്തിയാക്കാനാവാതെ പോയ വസന്തം..
    ഇന്നലെയിലെ ആ നഷ്ടത്തെ ഇന്നിലാർജ്ജിക്കുന്ന തിരിച്ചറിവിന്റെ കരുത്തുമായി ഋതു മാറിയാലും കാലങ്ങൾ കടന്നാലും മാഞ്ഞു പോകാത്ത ഒന്നായി വരച്ച് പൂർത്തിയാക്കാനുള്ള ഉയിർത്തെഴുന്നേൽ‌പ്പ്.. നഷ്ടബോധത്തെ വെടിഞ്ഞ് പ്രതീക്ഷയോടെ മുന്നേറാനുള്ള ശ്രമം...ഇന്നലെയിലെ വസന്തമഴുകി ജീർണ്ണിച്ച മണ്ണിൽ നിന്നും പുതിയൊരു വസന്തത്തെയൊരുക്കാൻ കഴിയട്ടെ...
    നന്നായി എഴുതി...ആശംസകൾ...

    ReplyDelete
  35. റാണിപ്രിയ ...ആദ്യസന്ദർശനത്തിനു നന്ദി....ഇനിയുമീ വഴി സ്വാഗതം..

    പ്രഭന്‍ ക്യഷ്ണന്‍...നമ്മളായിട്ടൊന്നും ചെയ്യാതെ തളിരിടുമോ എന്നു തന്നെയാണെന്റെ പ്രതീക്ഷയും...നന്ദി

    JITHU ....എന്തേ സഖേ വരാൻ വൈകി...തിരക്കിലാണോ..വരും എന്റെ സ്വപ്നങ്ങളെ പുഷ്പിക്കുന്ന വസന്തം...

    നാമൂസ്...നന്ദി ഈ ആദ്യ വരവിനും വാക്കുകൾക്കും പ്രത്യാശകളില്ലാതെന്ത് ജീവിതം...

    Lipi Ranju ...തീർച്ചയായും അറിയിക്കാം ട്ടോ...നന്ദി വന്നതിനും അഭിപ്രായത്തിനും..

    ๋●๋•തൂലിക•●๋ ...എന്റെ ചിന്തയെ നന്നായി ഉൾക്കൊണ്ടതിനു നന്ദി...വരയ്ക്കാനൊരുങ്ങിയത് വാസന്തം വരച്ചു തീർന്നപ്പോ ശിശിരമായിപ്പോയി പക്ഷേ വരയ്ക്കാൻ മറന്നു പോയ ആ വാസന്തത്തിന്റെ പ്രതീക്ഷയിലാണ്..ഇന്നലെയിലെ വസന്തം ജീർണ്ണിച്ച മണ്ണിൽ നിന്നും ഇന്നിന്റെ ജീവരസമൂറ്റി പുതിയൊരു വാസന്തത്തിനു കാത്ത്..

    ReplyDelete
  36. പ്രിയപ്പെട്ട സീത,

    സുപ്രഭാതം!

    ഞങ്ങള്‍ക്കിവിടെ വസന്തമാണ്...പൂരങ്ങളുടെ വസന്തം...പൂക്കളുടെ വസന്തം.......വാക്കുകളുടെ വസന്തം...വര്‍ണങ്ങളുടെ ഉത്സവം..

    കാത്തിരുപ്പ് പ്രത്യാശയാണ്...മോഹങ്ങള്‍ക്ക് ചിറകു വിരിയട്ടെ...മനസ്സില്‍ നന്മയും നിറങ്ങളും വര്‍ണങ്ങളും നിറയട്ടെ!അക്ഷരങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നവര്‍ തിരിച്ചു വരട്ടെ...

    കവിത നന്നായി,കേട്ടോ...




    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    ReplyDelete
  37. സ്വപ്നങ്ങൾ ചേക്കേറിയ ചില്ലമേൽ
    തൂവലുകൾ ബാക്കിയായി
    .....................വരയ്ക്കാൻ മറന്നൊരാ വസന്തം............... ബിംബങ്ങൾ നന്നായിരിക്കുന്നു. കവിത മനോഹരം

    ReplyDelete
  38. സീത,

    ഒരു ചെറിയ സംശയം ചോദിക്കട്ടെ.. ഈ വസന്തവും വാസന്തവും ഒന്നാണോ? എനിക്കറിവില്ലാത്ത ഒരു കാര്യമാണത്. ആദ്യം കരുതി അക്ഷരതെറ്റാവുമെന്ന്. പിന്നെ തുടര്‍ച്ചയായി അത് തന്നെ ഉപയോഗിച്ച് കാണുമ്പോഴും ഇവിടെ കമന്റ് ചെയ്തവരാരും അതേ പറ്റി ഒന്നും പറയാതിരിക്കുകയും ചെയ്യുമ്പോള്‍ ചോദിക്കാതിരിക്കാനാവില്ല. അങ്ങിനെയാണെങ്കില്‍ എനിക്ക് ഒരു പുതിയ വാക്ക് കൂടെ (അതിന്റെ അര്‍ത്ഥമുള്‍പ്പെടെ) സമ്മാനിച്ചതിനുള്ള അഗാധമായ നന്ദി ആദ്യം അറിയിക്കട്ടെ..

    കവിത, സീതയുടെ മുന്‍ കവിതകളില്‍ നിന്നും വേറിട്ട ഒരു പരിസരമായതിനാലാവാം , സീതയുടെ ബ്ലോഗില്‍ വന്നപ്പോള്‍ മനസ്സില്‍ കണ്ടിരുന്ന ഒരു ഗരിമ തോന്നിയില്ല. പക്ഷെ ടൈപ്പ് ചെയ്യപ്പെടുന്നതേക്കാളും എപ്പോഴും നല്ലത് ഇത്തരം വ്യത്യസ്തതകള്‍ തന്നെയാവുമ്പോള്‍ ഇത് ഹൃദ്യം തന്നെ. അല്ലെങ്കിലും തന്നോടാരാടോ മനോരാജേ എന്റെ ബ്ലോഗിലേക്ക് മുന്‍‌വിധിയോടെ വരാന്‍ പറഞ്ഞതെന്ന ഒരു ന്യായമായ ചോദ്യം ചോദിക്കുവാനുള്ള അര്‍ഹത സീതക്കുമുണ്ടല്ലോ :)

    ReplyDelete
  39. വസന്തത്തിനായുള്ള കാത്തിരിപ്പാണല്ലോ ജീവിതം.കവിത ലളിത സുന്ദരം ആണ്.
    പുതിയ കാവ്യ ബിംബങ്ങള്‍ക്ക് കവയത്രി അന്വേഷണം നടത്തണം എന്നു പറഞ്ഞാല്‍ വേദനിക്കയില്ലല്ലോ.

    ReplyDelete
  40. @@ മനോരാജ് :വസന്തവും വാസന്തവും ഒന്ന് തന്നെ ,,വസന്തം നാമരൂപവും വാസന്തം അതിന്റെ വിശേഷണവും ആണ് ..
    "വാസന്ത പൌര്‍ണമി നാളില്‍ വരുമെന്നൊരു കിനാവ്‌ കണ്ടൂ "
    എന്ന ഭാസ്കരന്‍ മാഷിന്റെ പാട്ട് കേട്ടിട്ടില്ലേ ??

    ReplyDelete
  41. വരാതിരിക്കില്ല എന്റെ സ്വപ്നങ്ങളെ പുഷ്പിക്കാൻ
    ഇനിയൊരു വാസന്തവും ദേശാടനക്കിളികളും..

    kathirippukal... thanne jeevitham

    ReplyDelete
  42. നമുക്ക് കാത്തിരിക്കാം, അടുത്ത വസന്തം വരുന്നതുവരെ... പ്രതീക്ഷയുടെ തിരിനാളങ്ങള്‍ കെടാതെ സ്വപ്‌നങ്ങള്‍ കാണാം. നല്ല കവിത.

    ReplyDelete
  43. വരാതിരിക്കില്ല എന്റെ സ്വപ്നങ്ങളെ പുഷ്പിക്കാൻ
    ഇനിയൊരു വാസന്തവും ദേശാടനക്കിളികളും.. മനോഹരമായ കവിത

    ReplyDelete
  44. anupama....അനു ചേച്ചീ പൂരത്തിന്റെ വസന്തം കാണാൻ അവിടെ വന്നിരുന്നു ചേച്ചിയുടെ പേജിൽ...നന്ദി ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും..

    കിങ്ങിണിക്കുട്ടി...ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി..

    Manoraj ....പുരാണങ്ങളിൽ മാത്രമായി ഞാനൊതുങ്ങിപ്പോകുന്നോ എന്നൊരു സംശയം തോന്നി...അതു കൊണ്ടൊരു വ്യത്യസ്ത കാഴ്ചപ്പാട് പരീക്ഷിച്ചുവെന്നേയുള്ളു...വസന്തത്തിന്റേയും വാസന്തത്തിന്റേയും സംശയം തീർന്നിട്ടുണ്ടാവുമെന്നു കരുതുന്നു...രണ്ട് കമെന്റ് ഉണ്ടായിരുന്നു...നെറ്റ് ചതിച്ചതാവും..ഞനതിലൊന്നു ഡിലേറ്റി ട്ടോ..നന്ദി ഈ വാക്കുകൾക്ക്.

    ഭാനു കളരിക്കല്‍...പുതിയ കാവ്യ ബിംബങ്ങൾക്കായുള്ള തിരച്ചിൽ തന്നെയാണു...അത് പറഞ്ഞാൽ എനിക്ക് വേദനിക്കില്ല..നന്ദി ഈ അഭിപ്രായത്തിന്.....

    രമേശ്‌ അരൂര്‍....രമേശേട്ടാ നന്ദി മനോരാജേട്ടന്റെ സംശയത്തിന് ഉദാഹരണ സഹിതം മറുപടി പറഞ്ഞതിന്....

    കൊടികുത്തി....ജീവിതം മുന്നോട്ട് പോകാൻ കാത്തിരുപ്പുകൾ കൂടിയേ തീരൂ...നന്ദി ഈ വാക്കുകൾക്ക്..

    Vayady...എവിടായിരുന്നു തത്തമ്മേ...ബ്ലോഗ് സുനാമിയിൽ മുങ്ങിപ്പോയോ എന്നോർത്തു ഞാൻ...നന്ദി മറക്കാതെ വന്നതിന്..

    അനുരാഗ്.....നന്ദി അഭിപ്രായത്തിന്..

    ReplyDelete
  45. നന്നായി സീത.നല്ല വരികള്‍.അല്പം മുന്‍പ് സുഷ്മേഷ് ചന്ത്രോത്തിന്റെ ബ്ലോഗ് വായിച്ചെയുള്ളു. അദ്ദേഹം പറഞ്ഞപോലെ
    ഈ വസന്തം മിതമാകിലും
    പ്രിയനേ(യേ)
    നീ അരികിലുണ്ടെങ്കില്‍
    അത് മതി
    ഒരു ജന്മം മുഴുവന്‍ .

    ആശംസകളോടെ

    ReplyDelete
  46. വിരഹം, കാത്തിരിപ്പ്, മഴ, പ്രണയം, ഇതൊക്കെ കവിത എഴുതുന്നവര്‍ക്കൊരു വീക്ക്നെസ്സാ അല്യോ ;)

    കവിത വായിച്ചപ്പൊ മനസ്സിലായതുംകൂടി താഴെയുള്ള കമന്‍‍റുകള്‍ വായിച്ചപ്പൊ ഇല്ലാതായി. ഹോ! ഇതെന്ത് ലോകം :(

    ആ.....നോക്കിക്കോ, ഞാനും എഴുതും ഒരിക്കെ ഒരു കളറ് സാധനം (നൊണ)

    ReplyDelete
  47. മുല്ല ...നന്ദി മുല്ലേ..

    ചെറുത്*....എല്ലാ പോസ്റ്റും വായിച്ചിട്ടാണോ ഈ കമെന്റ്..

    ബൈജൂസ് ....നന്ദി വായനയ്ക്ക്

    ReplyDelete
  48. അല്ല,
    പൊതുവായൊരു കാര്യം പറഞ്ഞതാ (സത്യല്ലേ?)
    ഒരു വാക്ക് നേരത്തെ പറയാന്‍ വിട്ടുപോയി

    ഇഷ്ടപെട്ടു :)

    ReplyDelete
  49. ചെറുത്*...ഇവിടെ കുറച്ച് മാറ്റി പരീക്ഷിച്ചിട്ടുണ്ട് സമയമുള്ളപ്പോ നോക്കാം

    ReplyDelete
  50. ചെറുത്*.....ചോദ്യചിഹ്നം ഇട്ടു കളിക്കാതെ ഈ ബ്ലോഗ്സ്പോട്ടിലെ മറ്റു പോസ്റ്റ്സ് വായിച്ചു നോക്കു സഖേ..വിരഹവും കാത്തിരുപ്പും മഴയും പ്രണയവും ഒഴിഞ്ഞെന്തേലും കിട്ടാതിരിക്കില്ലാ

    ReplyDelete
  51. good one :)
    especially the stanza
    ഋതു മാറി ശിശിരമെൻ
    ക്യാൻവാസിൽ നിറയവെ
    കാത്തിരുപ്പാണു മാനസം പിന്നെയും
    വരയ്ക്കാൻ മറന്നൊരാ വാസന്തത്തെ

    ..
    last stanza oralpam cliche ayi poyi.. but never mind, good one..thanks for sharing

    ReplyDelete
  52. Rahul ...നന്ദി നിർദ്ദേശത്തിനും സന്ദർശനത്തിനും

    ReplyDelete
  53. മോളെ !നിനക്ക് നല്ല കഴിവുണ്ട് .സരസ്വതി ദേവി സദാ അനുഗ്രഹികട്ടെ.
    ഇനിയും എഴുതുക.എല്ലാ വിധ നന്മകളും നേരുന്നു.

    ReplyDelete
  54. എന്റെ പ്രിയ അനുജത്തി ദേവി മോളുടെ ഗംഗയോട്
    എന്നുള്ള കവിത മോള്‍ക്ക്‌ വേണ്ടി ആലപിക്കുന്നു
    കവിതയുടെ ലിങ്ക് ഇതാണ് .
    http://www.4shared.com/audio/J7GpKXuo/Ganga.html
    ഡോ:കവിയൂര്‍ മധു സുധന്‍ .ജി

    ReplyDelete
  55. നന്ദി ഏട്ടാ ഈ നിറഞ്ഞ സ്നേഹത്തിനും ആ ആലാപനത്തിനും

    ReplyDelete
  56. എന്റെ പ്രിയ ദേവിമോള്‍ക്കായി ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു
    മോളെഴുതിയ കവിതകള്‍ ചൊല്ലാന്‍ കിട്ടിയത് ഒരു ഭാഗ്യം തന്നെ
    please visit this blog http://entedevimolkkayi.blogspot.com/

    ReplyDelete
  57. ഉറപ്പായും വരും..വൈകി വരുന്ന വസന്തത്തിനു മാധുര്യം കൂടും

    ReplyDelete