Wednesday, September 21, 2011

ഇനിയൊന്നു വിതുമ്പട്ടെ ഞാൻ‌..?

ജന്മം കൊടുത്ത മക്കളുടെയുടലുകൾ‌
ചിതറിത്തെറിച്ചതെൻ‌ നെഞ്ചിൽ‌
സിരയിൽ‌ നിന്നുരുവാർ‌ന്ന ചോര
ചീറ്റിത്തെറിച്ചതെൻ‌ കണ്ണിൽ‌

ഇനിയൊന്നു വിതുമ്പട്ടെ ഞാൻ‌?

പാൽ‌ചുരത്തിയ നെഞ്ചിലേക്കെന്നും
കത്തിയാഴ്ത്തി ചിരിച്ചു നിങ്ങൾ‌
എന്നുടുചേല കീറിവിറ്റിട്ടാ മണ്ണിൽ‌
വാനോളമുയരുന്ന സൌധങ്ങൾ‌ പണിതു

ചവിട്ടിയും പല്ലും നഖവുമാഴ്ത്തിയും
നിങ്ങളേകിയ മുറിവുകൾ‌
നിണമാർ‌ന്നിടുമ്പൊഴും ഞാൻ‌ ചിരിച്ചു
“നിങ്ങളെന്റെ മക്കൾ‌”

കുടിച്ചു വറ്റിച്ചൊരെൻ‌ ജീവനും
കീറിപ്പറിച്ചൊരെൻ‌ താരുണ്യവും
തിരികെ ചോദിക്കുന്നീല ഞാൻ‌
പക്ഷേ, കൊന്നെറിഞ്ഞൊരെൻ‌
മക്കളിലൊന്നിനെ മടക്കി തരുമോ?

നെഞ്ചിലടക്കിയ തേങ്ങലിൻ‌ ഭാരം
ഇനി വയ്യ, ഒന്നു വിതുമ്പട്ടെ ഞാൻ‌

ഹൃത്തടമെന്നിലൊന്നാഞ്ഞു തുടിച്ചാൽ‌
സ്വപ്നമേടകൾ‌ മണ്ണിലമരും
ഞെരിഞ്ഞടങ്ങും നിങ്ങളും,
കല്ലാൽ‌ പണിയിച്ച ഹൃദയവും

കണ്ണിൽ‌ നിന്നടരുമൊരു തുള്ളി പോലും
നിൻ‌ സ്ഫടിക സാമ്രാജ്യങ്ങൾ‌ തച്ചുടയ്ക്കും
രാക്ഷസത്തിരയായ് നിന്നെ വിഴുങ്ങും
ശേഷിപ്പിനായ് പിന്നെ ചരിത്രം തിരയാം

നോവേറ്റും അതെന്നിൽ‌ വീണ്ടുമെങ്കിലും,
ഇനി വയ്യ, ഒന്നു വിതുമ്പട്ടെ ഞാൻ‌

41 comments:

 1. “ഞാൻ വിതുമ്പിയതറിഞ്ഞുവോ......????”

  ReplyDelete
 2. കുടിച്ചു വറ്റിച്ചൊരെൻ ജീവനും
  കീറിപ്പറിച്ചൊരെൻ താരുണ്യവും
  തിരികെ ചോദിക്കുന്നീല ഞാൻ
  പക്ഷേ, കൊന്നെറിഞ്ഞൊരെൻ
  മക്കളിലൊന്നിനെ മടക്കി തരുമോ?
  ഹൃദയസ്പർശം.. ഒന്നുമില്ല പറയാൻ.. വളരെ വളരെ നന്നായിട്ടുണ്ട്

  ReplyDelete
 3. പ്രകൃതിയെ, അമ്മയെ, മറക്കുന്നവര്‍ക്ക് ഒരു താക്കീത് ...ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ആണെന്ന് തോന്നുന്നു ഈ കവിത ...

  ReplyDelete
 4. കൂര്‍ത്ത ശരമായി ഇതു കൊള്ളുന്നു
  പിന്നെ കേള്‍ക്കുന്നുയശരീരി
  തലയില്‍ കൈവെച്ചു മനുഷ്യനെ
  പ്രാകുന്ന ദൈവത്തിന്റെ ദീന വിലാപം

  ReplyDelete
 5. നന്നായിരിക്കുന്നു ...അമ്മയെ കുറിച്ച് എത്ര എഴുതിയാലും മടുക്കില്ല

  ReplyDelete
 6. "ഇനിയും മരിക്കാത്ത ഭൂമി..നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി.."

  ആസന്നമൃതിയിൽ നിന്ന് ഭൂമി ഉണരുന്നത് പ്രതികാര ദുർഗ്ഗയായാണോ ?

  ReplyDelete
 7. നന്നായിട്ടുണ്ട്

  ReplyDelete
 8. മാതൃ സ്നേഹം വര്‍ണിക്കുവാന്‍...
  വാക്കുകള്‍ പോരാ....
  നല്ല കവിത..
  ആശംസകള്‍..!
  ശുഭ സായാഹ്നം..!
  എന്നും നന്മകള്‍ മാത്രം നേരുന്നു..
  ബിനു..!

  ReplyDelete
 9. താങ്ങാനാവാത്ത നോവ്‌ പേറും സര്‍വ്വംസഹ
  ത്രെതായുഗത്തിലവള്‍ക്ക് വഴിമാറി കൊടുത്തില്ലേ
  കൊടിയ കൃരതകള്‍ കാട്ടുമി ജനതതി ഏല്‍പ്പിക്കും
  വേദനതാങ്ങുന്നതിനപ്പുറമാകുമ്പോഴായി ഒന്ന്
  കുടഞ്ഞെറിയുന്നു അഹമ്മതി എന്നാലും കുറയുകില്ലയല്‍ അല്‍പ്പവും ,കവിയുടെ വിതുമ്പലുകള്‍ അസ്ഥാനത്തല്ല
  ഇതാ ഭൂമി , കുലുക്കങ്ങള്‍ ജ്വാലാമുഖികള്‍
  രാക്ഷസ കടല്‍ തിരമാലകള്‍ .നല്ല അവതരണം
  ചൊല കവിതയ്ക്ക് പറ്റിയ ഭാവങ്ങള്‍
  വാക്കുകള്‍ സീതം പോലെ ആഴ്ന്നു ഇറങ്ങുന്നു
  ഈ സീതായന ഭൂമിയില്‍ ആശംസകള്‍ ദേവിയെ

  ReplyDelete
 10. ഒരു വിലാപം .....

  കവിത വളരെ നന്നായ്‌

  ReplyDelete
 11. സര്‍വംസഹയായ അമ്മയും ഭൂമിയും ഒന്നു തന്നെ...
  വളരെ നന്നായി...അഭിനന്ദനങ്ങള്‍ സീത..
  വീണ്ടും ഭാവുകങ്ങള്‍ നേരുന്നു കൊണ്ടു...സസ്നേഹം..

  ReplyDelete
 12. പരസ്പരം കൊന്നൊടുങ്ങുന്നത് കാണാനാവാതെ ഹൃത്തടമാഞ്ഞു തുടിക്കാതെങ്ങനെ? നല്ലതൊന്നാഞ്ഞ് തുടിക്കുന്നതാണെന്ന് തോന്നുന്നു, എല്ലാം തീരുമല്ലോ..

  ചിന്തോദ്ദീപകം കവിത..

  ReplyDelete
 13. ഹൃത്തടമെന്നിലൊന്നാഞ്ഞു തുടിച്ചാൽ‌
  സ്വപ്നമേടകൾ മണ്ണിലമരും
  ഞെരിഞ്ഞടങ്ങും നിങ്ങളും,
  കല്ലാൽ പണിയിച്ച ഹൃദയവും
  പക്ഷെ അങ്ങിനെ തോന്നില്ലല്ലോ.....
  അതല്ലെ അമ്മ...

  ReplyDelete
 14. "ചിത്രശലഭത്തെ
  പിടിക്കാനാണല്ലോ
  നീയോടിയത്.
  യുദ്ധ മൃഗങ്ങള്‍
  നിന്നെ കടിച്ചു കീറുമെന്ന്
  ആരറിഞ്ഞു?!
  കുഞ്ഞേ,നീ വിങ്ങിക്കരയുമ്പോള്‍
  ആകാശങ്ങള്‍ അലറുകയാണ്.
  ദുരന്തത്തിലേക്ക്
  കണ്ണു തുറക്കാനാവാതെ
  മണ്ണില്‍ കമിഴ്ന്നു കിടക്കുമ്പോള്‍
  അമ്മേ,
  ഭീകരത ഭൂമിയെ പിളര്‍ക്കുകയാണ്.
  പോള്ളിയടഞ്ഞ കണ്ണില്‍
  വംശനഖമിറക്കുന്നത്
  സ്വദേശികള്‍ .
  എല്ലു തകര്‍ന്ന നെഞ്ചില്‍
  എണ്ണച്ചൊരയൂറ്റുന്നത്
  പരദേശികള്‍.......
  ....എന്നിട്ടുംലോകമേ, നീ
  യുദ്ധം മതിയാക്കാതതെന്ത്?
  -പി.കെ.ഗോപിയുടെ ഈ കവിതയാണ് സീതയുടെ കവിത വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത്.
  അതിനിശിത വാക്കുകളില്‍ വര്‍ത്തമാനകാലത്തിന്‍റെ ആസുരതകളിലേക്ക് വിരല്‍ ചൂണ്ടുന്ന കവിത മനുഷ്യസ്നേഹികളുടെ മൊത്തം വിതുമ്പലല്ലേ?

  ReplyDelete
 15. എന്നും, എവിടെയും മുഴങ്ങുന്ന അമ്മമാരുടെ വിലാപം , ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന കവിത നന്നായി സീതക്കുട്ടീ...

  ReplyDelete
 16. അമ്മമനസ്സിന്റെ വേവലാതികള്‍ ....
  മനസ്സില്‍ സ്പര്‍ശിച്ച വരികള്‍

  ReplyDelete
 17. കവിത വായിച്ചു . ഇഷ്ടായി .
  ആശംസകള്‍

  ReplyDelete
 18. ഒരു നെടുവീര്‍പ്പില്‍ ഇളകിയാടും ലോകം ...കവിത ഇഷ്ടായി ആശംസകള്‍

  ReplyDelete
 19. ഈ കവിത, ഹൃദയത്തില്‍ നിന്നുതിര്‍ന്നു ഹൃദയങ്ങളെ ദ്രവപ്പിക്കാന്‍ ശക്തിയുള്ളത്..നമോവാകം ഈ തൂലികയ്ക്ക്....നമോവാകം ഈ എഴുത്തിന്...

  ReplyDelete
 20. വിതുമ്പല്‍ ഭൂകമ്പമായും സുനാമിയായും നിന്നെ വിഴുങ്ങും.
  എന്നിട്ടും നീ ബോധത്തിലേക്ക് തിരിച്ചു വരുന്നില്ല.
  ഒന്നും ബാക്കി വെയ്ക്കാത്ത ഇര പിടുത്തക്കാരന്റെ
  റോളില്‍ നില്‍ക്കുന്ന നീ അറിയുന്നില്ല നിന്റെ പതനത്തിന്റെ
  ആഴം.
  ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന കവിത

  ReplyDelete
 21. കുടിച്ചു വറ്റിച്ചൊരെൻ ജീവനും
  കീറിപ്പറിച്ചൊരെൻ താരുണ്യവും
  തിരികെ ചോദിക്കുന്നീല ഞാൻ
  പക്ഷേ, കൊന്നെറിഞ്ഞൊരെൻ
  മക്കളിലൊന്നിനെ മടക്കി തരുമോ?

  ആരോടാണ് ഈ നീറുന്ന ചോദ്യം ?

  ReplyDelete
 22. ഭൂമി ദേവിയുടെ ഈ വിതുമ്പല്‍ ആരു കേള്‍ക്കാന്‍

  ReplyDelete
 23. കവിത ഇഷ്ടായി..ആശംസകള്‍..

  ReplyDelete
 24. അറിയുന്നുണ്ട് ഈ വിതുമ്പല്‍ ...
  കവിത ഇഷ്ടായി സീതേ.

  ReplyDelete
 25. "നോവേറ്റും അതെന്നിൽ വീണ്ടുമെങ്കിലും,
  ഇനി വയ്യ, ഒന്നു വിതുമ്പട്ടെ ഞാൻ‌ "

  കല്ലാൽ പണിയിച്ച ഹൃദയമുള്ളവർക്ക് ഇതു മനസ്സിലാവുമോ ?

  ReplyDelete
 26. നിന്‍റെ വിതുമ്പലുകള്‍ അറിയുന്നു കുട്ടീ...നന്നായിരിയ്ക്കുന്നൂ ട്ടൊ.

  ReplyDelete
 27. നെഞ്ചിലടക്കിയ തേങ്ങലിൻ ഭാരം
  ഇനി വയ്യ, ഒന്നു വിതുമ്പട്ടെ ഞാൻ

  ReplyDelete
 28. "പകയുണ്ട് ഭൂമിക്ക് പുഴകള്‍ക്ക് മലകള്‍ക്ക്.. പുക തിന്ന പകലിനും ദ്വേഷമുണ്ട്"
  സുമാത്രയില്‍ ഒരു ഭൂചലനത്തെ തുടര്‍ന്ന് സുനാമിയും അതെ തുടര്‍ന്ന് കാട്ടാകടയില്‍ നിന്നും "പക" എന്ന ശക്തമായൊരു കവിത ജനിച്ചു.
  ദില്ലിയിലെ ഇരട്ടദുരന്തങ്ങള്‍ എന്റെ ഓപ്പോളിലും ചലനങ്ങള്‍ തീര്‍ത്തിരിക്കുന്നുവല്ലേ.. കാട്ടാകടകവിതയില്‍ ഭൂമി സംഹാരരൂപിണിയാം ദുര്‍ഗ്ഗയായിരുന്നു.. ഇവിടെ സര്‍വ്വം സഹയാം മാതൃഭാവം.. പരിചിതമായ ബിംബകല്‍പ്പനയെങ്കിലും സീതേച്ചിയുടെ വരികള്‍ വ്യത്യസ്തമാകുന്നു.. ഒപ്പം കവിത ആസ്വദ്യകരമാവുന്നു.. ഉള്ളില്‍ നീറ്റുണര്‍ത്തുന്നു..

  "ഇനിയും മരിക്കാത്ത ഭൂമി.. നിന്‍ ആസന്ന മൃതിയില്‍ നിനക്ക് ആത്മശാന്തിയെകട്ടെ ഞാന്‍.."

  ഒപ്പോളുടെ സ്വന്തം അനിയന്‍കുട്ടന്‍

  ReplyDelete
 29. ഭൂമിയുടെ വിലാപങ്ങള്‍

  ReplyDelete
 30. ഋതുസഞ്ജന ...നന്ദി ...സന്തോഷം

  രമേശ്‌ അരൂര്‍ ...ഭൂകമ്പം തന്നെ പ്രമേയം..പക്ഷേ അതൊരു സ്ഫോടനത്തിന്റെ തുടർക്കഥയാണെങ്കിലോ...? നന്ദി സന്തോഷം ഏട്ടാ

  ജയിംസ് സണ്ണി പാറ്റൂര്‍...കേൾക്കാതെ അറിയാതെ പോകുന്ന വിലാപങ്ങൾ.. നന്ദി മാഷെ

  MyDreams...ഭൂമിയും ഒരമ്മയല്ലേ...നന്ദി

  പഥികൻ...ഒരിക്കലെങ്കിലും ഒന്നു വിതുമ്പാൻ ആ അമ്മയും കൊതിച്ചു പോകില്ലേ...നന്ദി സന്തോഷം നാട്ടാരാ‍ാ

  Satheesan ...നന്ദി

  deiradubai...നന്ദി...സന്തോഷം ഏട്ടാ

  ജീ . ആര്‍ . കവിയൂര്‍ ...നന്ദി സന്തോഷം മാഷേ..

  അനീഷ്‌ പുതുവലില്‍....നന്ദി...സന്തോഷം

  ഷൈജു.എ.എച്ച്....നന്ദി...സന്തോഷം

  നിശാസുരഭി...നോവുന്നൊരാ ഹൃത്തടമൊന്നാഞ്ഞു തുടിക്കണമെന്നു തന്നെ ആഗ്രഹിച്ചു പോകുന്നു...സന്തോഷം ഈ വരവിന്

  മുല്ല...നന്ദി മുല്ലാ

  സങ്കല്‍പ്പങ്ങള്‍...എന്നാലും ഒന്നു വിതുമ്പിപ്പോവില്ലേ ആ അമ്മ?? നന്ദി സന്തോഷം ഈ വാക്കുകൾക്ക്

  mohammedkutty irimbiliyam...നന്ദി സന്തോഷം മാഷേ നല്ലൊരു കവിത ഇവിടെ പങ്കു വച്ചതിന്..

  കുഞ്ഞൂസ് (Kunjuss) ...നന്ദി ചേച്ചീ

  നാരദന്‍...നന്ദി ഈ വരവിനും അഭിപ്രായത്തിനും..

  ചെറുവാടി...നന്ദി...സന്തോഷം

  the man to walk with ...നന്ദി സന്തോഷം

  SHANAVAS...നന്ദി സന്തോഷം ഈ പ്രോത്സാഹനത്തിന്..

  Salam..അവനവന്റെ നിലനിൽപ്പിനെ തന്നെ നശിപ്പിക്കുന്ന ഇത്തരം ചെയ്തികൾ മനുഷ്യനെന്നു തിരിച്ചറിയും..? നന്ദി ഏട്ടാ ഈ വാക്കുകൾക്ക്

  moideen angadimugar...മനസാക്ഷി മരവിച്ച കൂടെപ്പിറപ്പുകളെ കൊന്നെറിയുന്ന മനുഷ്യസമൂഹത്തോട്...സന്തോഷം ഈ വരവിന്

  jayalekshmi...നന്ദി

  ഭാനു കളരിക്കല്‍......കേൾപ്പിക്കുന്നുണ്ട് ഭൂമി തന്നെ... നന്ദി ഈ വാക്കുകൾക്ക്

  ഇലഞ്ഞിപ്പൂക്കള്‍...നന്ദി ചേച്ചീ

  Lipi Ranju ..സന്തോഷം ചേച്ചീ

  Kalavallabhan...മനസിലാവാത്തതിന്റെ ഫലമാണവർ അനുഭവിക്കുന്നത്..തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇനിയെങ്കിലും...

  വര്‍ഷിണി* വിനോദിനി...സന്തോഷം കൂട്ടാരീ

  കുസുമം ആര്‍ പുന്നപ്ര...നന്ദി...സന്തോഷം

  Sandeep.A.K...സഹി കെടുന്ന സർവ്വം സഹയെന്നു പറയാം അനിയൻ‌കുട്ടാ...സന്തോഷം ഈ വാക്കുകൾക്ക്

  ajith ...സന്തോഷം അജിത്തേട്ടാ

  ReplyDelete
 31. നെഞ്ചിലടക്കിയ തേങ്ങലിൻ ഭാരം
  ഇനി വയ്യ, ഒന്നു വിതുമ്പട്ടെ ഞാൻ......... കവിതക്ക് ഭാവുകങ്ങൾ.........

  ReplyDelete
 32. ഈ വിതുമ്പലുകളറിഞ്ഞിട്ടും വിതുമ്പാതിരിക്കാൻ ശ്രമിക്കുന്നു നാമെന്നുമെന്നും...!

  ReplyDelete
 33. ഞാനും വിതുമ്പി….

  ReplyDelete
 34. ഹൃത്തടമെന്നിലൊന്നാഞ്ഞു തുടിച്ചാൽ‌
  സ്വപ്നമേടകൾ മണ്ണിലമരും
  ഞെരിഞ്ഞടങ്ങും നിങ്ങളും,
  കല്ലാൽ പണിയിച്ച ഹൃദയവും

  ഈ വരികൾ ഇഷ്ടമായി.

  ReplyDelete
 35. നന്നായിട്ടുണ്ടെ കവിത .....എന്താ ചില്ലക്ഷരങ്ങള്‍ കിട്ടില്ലേ .

  ReplyDelete
 36. അമ്മയുടെ ദീര്‍ഘ നിശ്വാസങ്ങള്‍,
  നെടുവീര്പുകള്‍ ഇതൊക്കെ കണ്ടിട്ടും ആ
  സ്പന്ദനം എന്തിനു എന്ന് തിരിച്ചു അറിയാന്‍
  മക്കള്‍ക്കും ആവുന്നില്ലല്ലോ...

  ശരി ആണ് ..എത്രയൊക്കെ അബദ്ധങ്ങളും മന
  പ്പൂര്‍വ്വം തെറ്റുകളും വരുത്തിയിട്ടും മക്കള്‍ക്ക്‌ വേണ്ടി
  മാത്രം തുടിക്കുന്ന മാതൃ ഹൃദയം....ആ തീവ്ര
  വേദന നന്നായി അടര്തി എടുത്തു തന്നു മനസ്സിലേക്ക്...

  ReplyDelete
 37. ചന്തു നായർ...നന്ദി

  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM...നന്ദി ഏട്ടാ ഈ വരവിനും അഭിപ്രായത്തിനും

  തൂവലാൻ ...നന്ദി ഈ വാക്കുകൾക്ക്

  കുമാരന്‍ | kumaran ...നന്ദി സന്തോഷം

  ലിനു ആര്‍ കെ നായര്‍...വിശക്കുമ്പോ തിന്നണതാ...ഹിഹി...ശര്യാക്കാം ട്ടാ...നന്ദി

  ente lokam...അമ്മയുടെ ആ വിതുമ്പലുകളിന്ന് ജനം അറിയുന്നുണ്ട്...നന്ദി ഏട്ടാ

  ReplyDelete
 38. This comment has been removed by the author.

  ReplyDelete