Wednesday, April 18, 2012

കാലാന്തരങ്ങളിലൂടെ...


“ഈശ്വരാ ഇന്നിറങ്ങാൻ‌ പതിവിലും വൈകിയല്ലോ.. വീടെത്തുമ്പോൾ‌ ഇരുട്ട് വീഴും തീർച്ച.. ആ കൊച്ച്...”

ചിന്ത അത്രത്തോളമെത്തിയപ്പോഴേക്കും അവളുടെയുള്ളിൽ‌ തീയാളി.. ബാല്യം വിട്ടുമാറിയിട്ടില്ലെങ്കിലും പെൺ‌കുഞ്ഞാണ്.. മാംസവെറിപൂണ്ട കണ്ണുകളിൽ‌ നിന്നും അതിനെ മറച്ചുപിടിക്കാൻ‌ പെടുന്ന പാട് അവൾക്കേ അറിയൂ.. തളർ‌ന്ന കാലുകൾ‌ വലിച്ചിഴച്ച് സർ‌വ്വശക്തിയും സംഭരിച്ചവൾ‌ നടന്നു.. ചുരുട്ടിപ്പിടിച്ച കൈക്കുള്ളിൽ‌ വിയർ‌പ്പിന്റെ മണമുള്ള നോട്ട് ഞെരിഞ്ഞമർ‌ന്നു

പടി കടന്നപ്പോൾ‌ കണ്ട കാഴ്ച അവളുടെ നെഞ്ചിൽ‌ കൊള്ളിയാൻ‌ മിന്നിച്ചു.. അയാൾ‌ ബീഡിയും പുകച്ച് വാതിൽ‌ക്കലുണ്ട്.. ആ ചുവന്ന കണ്ണുകൾ‌ തിരയുന്നത് തന്നെയാണെന്നും അവൾ‌ക്കറിയാം

ഉള്ളിലെ ഭാവഭേദങ്ങൾ‌ പുറത്തറിയിക്കാതെ തലയിൽ‌ക്കെട്ടിയ മണ്ണും ചെളിയും നിറഞ്ഞ തുണിയഴിച്ച് മുറ്റത്തെ അയയിൽ‌ ഇട്ടു. അകത്തേക്ക് കയറാനൊരുങ്ങുമ്പോൾ‌ മനഃപ്പൂർ‌വ്വമെന്നോണം അയാളുടെ നോട്ടത്തെ അവൾ‌ അവഗണിക്കുകയായിരുന്നു... പക്ഷെ, അവളുടെ പ്രതീക്ഷകൾ‌ അസ്ഥാനത്താക്കിക്കൊണ്ട് അയാളുടെ ബലിഷ്ഠകരങ്ങൾ‌ അവൾ‌ക്കു മുന്നിൽ‌ വിഘ്നം സൃഷ്ടിച്ചു

"കാശെടുക്ക്..” ആ പരുക്കൻ‌ ശബ്ദമുയർ‌ന്നു

അവളിൽ‌ സങ്കടവും ദേഷ്യവും ഒക്കെ മാറിമാറി മിന്നിമറഞ്ഞു.. ചോദ്യത്തിനും ഉത്തരത്തിനുമൊന്നും കാത്തു നിൽ‌ക്കാതെ അയാൾ‌ അവളുടെ ചുരുട്ടിപ്പിടിച്ച കയ്യിൽ‌ പിടി മുറുക്കി, വിശന്നുറങ്ങുന്ന കുഞ്ഞിന്റെ ദൈന്യത നിറഞ്ഞ മുഖം, വിട്ടുകൊടുക്കാൻ‌ അവളേയും അനുവദിച്ചില്ല. പിടിവലിക്കൊടുവിൽ‌ അതയാൾ‌ കരസ്ഥമാക്കി.. പക്ഷേ അപ്പോഴേക്കും ആ നോട്ട് രണ്ടായി കീറിയിരുന്നു
                                   

                                        *****************

“ഹേ... റാം..” ശുഷ്കിച്ച ചുണ്ടുകൾ‌ ചലിക്കുമ്പോൾ‌ വലിഞ്ഞു മുറുകുന്നു. ശരീരം കീറിമുറിയുന്ന വേദന.. എല്ലുകളെഴുന്നു കാണുന്ന നെഞ്ചിൽ‌ കരമമർ‌ത്തിപ്പിടിച്ച്, കണ്ണുകൾ‌ മുറുകെയടച്ച് പതിയെ മുഖം കുനിച്ചു..

വീണ്ടും വീണ്ടുമീ വൃദ്ധനെയിങ്ങനെ കൊല്ലുന്നതെന്തിന്..? ഈ പരീക്ഷണം ഇനിയും എത്ര നാൾ‌.. ഞാനിതെവിടെയാണ്.. ജനിമൃതികൾ‌ക്കുമപ്പുറം ഇതേത് ലോകം? നരകത്തിന്റെ തീജ്വാലകളില്ല വിഴുങ്ങാൻ‌, ആശ്ലേഷിക്കാൻ‌ സ്വർ‌ഗ്ഗത്തിന്റെ മാസ്മരികതയുമില്ല. കാറ്റിനു പോലും സുഗന്ധമില്ലാത്ത മരവിപ്പ്.. ഇവിടെ നിറഞ്ഞു നിൽക്കുന്നത് ഏകാന്തതയുടെ സംഗീതമാണ്, അതിലസ്വസ്ഥമാക്കപ്പെട്ട കുറേ മനസ്സുകളും.. ഞാനിവിടെ എങ്ങനെ.. എന്തുകൊണ്ട് എന്നുള്ള ചോദ്യങ്ങൾ‌ക്കൊന്നും ഉത്തരം തരാൻ‌ യമദൂതരോ ദേവഗണങ്ങളോ ആരും കടന്നു വന്നിട്ടില്ല ഇവിടിതുവരെ.. 


ഇഹലോക ബന്ധങ്ങളുടെ കെട്ടുപാടുകൾ‌ പൊട്ടിച്ചെറിയാനാവാത്ത ചിന്തയുടെ ചുഴികളാവും ഇവിടെയെത്തിച്ചതെന്ന സ്വയം കണ്ടെത്തലിൽ‌ മനസ്സിനെ ആശ്വസിപ്പിച്ചു.. ഇവിടെ താൻ‌ തനിയെ അല്ല, കുറച്ചു മാറി ഒരു സിംഹാസനത്തിൽ‌ ശിരസ്സ് കുമ്പിട്ട് ഒരാളിരുപ്പുണ്ട്.. കപിലവസ്തുവിന്റെ കിരീടവും ചെങ്കോലും വലിച്ചെറിഞ്ഞ് ജനിമൃതികൾ‌ക്കുത്തരം തേടി തെരുവിലേക്ക് നടന്നു പോയ രാജകുമാരൻ.. 

മാധവാ നീയെവിടെയെന്നു വിലപിച്ച് അവതാരപുരുഷന്റെ സാരഥ്യം അന്വേഷിച്ച് ശരങ്ങൾ‌ കൊണ്ട് മാന്ത്രികം കാണിച്ച മറ്റൊരു യോദ്ധാവും ഈ തീരത്ത് അലഞ്ഞു തിരിയുന്നുണ്ട്..

“ഒന്നു മതിയാക്കൂ പാർ‌ത്ഥാ ഈ വിലാപം.. ഇവിടെ നിന്നെത്തിരഞ്ഞവൻ വരില്ല.. കാലദേശങ്ങൾക്കുമിപ്പുറം പേരും രൂപവുമില്ലാത്ത ആത്മാക്കൾ മാത്രമാണ് നാമിവിടെ.. മരവിച്ച ഏകാന്തതയോട് മല്ലിട്ട് നമുക്കിവിടെ കഴിയാം രക്ഷപ്പെടാനൊരു മോഹം ജനിക്കുവോളം..” സഹികെട്ടപ്പോൾ പറഞ്ഞു പോയി..

ദൈന്യം നിറഞ്ഞൊരു നോട്ടമായിരുന്നു ആദ്യ പ്രതികരണം. പിന്നെ പതിയെ അവൻ പറഞ്ഞു തുടങ്ങി, “ഇല്ല മഹാത്മൻ.. ഇവിടെ നിന്നൊരു മോചനം ഈയുള്ളവനും കൊതിക്കുന്നില്ല. ബുദ്ധിയെ ആയുധപ്പുരയാക്കി ജീവിച്ചവനാണു ഞാൻ, താലി ചാർത്തിയ പെണ്ണിനെ സഹോദരങ്ങൾക്ക് വീതം വച്ചവൻ.. ഒടുവില്‍ അവളുടെ മാനം ചൂതാട്ടക്കളത്തിൽ പണയം വയ്ക്കാൻ തീറെഴുതിക്കൊടുത്ത ഷണ്ഡൻ.. ആയുധങ്ങൾ ലഹരിയായപ്പോൾ മറ്റെല്ലാം ഞാൻ മറന്നു.. തെറ്റുകൾ എന്റേതാണ്.. ആയുധമുപേഷിച്ച മാധവൻ തന്നെയായിരുന്നു ശരി..” ആ കണ്ണിൽ നിന്നും കുറ്റബോധത്തിന്റെ കണ്ണുനീരിറ്റു വീണു..

“ആയുധങ്ങൾ മുറിവേൽ‌പ്പിക്കാൻ മാത്രമുള്ളതാണു കുന്തീപുത്രാ.. എടുക്കുന്നവനേയും കൊള്ളുന്നവനേയും..” മുറിഞ്ഞുപോയൊരു ദീർഘനിശ്വാസത്തോടെ സിംഹാസനാരൂഢനായ ആ രാജകുമാരൻ മൊഴിയുന്നത് കേട്ടിരുന്നു.. 


“ജീവിതത്തിൽ ഒരുപാടായുധങ്ങളെ നാം നേരിടുന്നുണ്ടെന്ന് അറിഞ്ഞവനാണു ഞാൻ.. രാജ്യഭാരവും സുഖലോലുപതയുമെല്ലാം ആയുധങ്ങൾ തന്നെ. അവയുടെ നോവറിയാതിരിക്കാനാണ് അതുപേഷിച്ച് നടന്നത്. പക്ഷേ അന്നും ഇന്നും എന്നും എന്നെ തോൽ‌പ്പിക്കുന്ന ആയുധം യശോധരയുടേയും രാഹുലന്റേയും കണ്ണുനീരാണ്.. അവയ്ക്ക് മുന്നിൽ ഞാൻ അശക്തനാവുന്നു.. ഈ ബലഹീനതയാവും എന്നെയിവിടെയെത്തിച്ചത്”

ചിന്തകളിൽ കുരുങ്ങിയ മനസ്സിനെ തിരിച്ചു പിടിച്ച് അദ്ദേഹം പറയുന്നത് കേട്ടിരുന്നു.. എന്തൊരു മാന്ത്രികതയാണ് ആ വാക്കുകൾക്ക് ഇപ്പോഴും.. 


ഒട്ടൊന്നു നിർത്തി അദ്ദേഹം തുടർന്നു, “തെറ്റുകളുടെ മാറാപ്പ് സ്വയം ഏറ്റെടുക്കണ്ട പാർത്ഥാ.. എന്താണു ശരി.. എന്താണു തെറ്റ്.. ഒക്കെയും ആപേഷികങ്ങളല്ലേ..? എന്റെ ശരി നിനക്ക് തെറ്റാവും, നിന്റെ ശരി എനിക്കും, നമ്മുടെ ശരി മൂന്നാമതൊരാൾക്ക് തെറ്റെന്നു തോന്നാം.. ശരിയേയും തെറ്റിനേയും, ധർമ്മാധർമ്മങ്ങളേയും വിധിക്കാൻ പഠിപ്പിക്കുന്ന വൈദികമതത്തിൽ നിലനിൽക്കുന്ന വർണ്ണ്യവ്യവസ്ഥകൾ ഏത് ശരിയിലുൾപ്പെടുത്താവുന്നവയാണ്? ഒരാൾ സമ്പന്നതയുടെ പട്ടുമെത്തയിൽ ശയിക്കുമ്പോൾ മറ്റൊരുവൻ ആകാശമേലാപ്പിൻ കീഴിൽ അരവയർ മുറുക്കി ഉറങ്ങുന്നത് ഏത് ശരിയിൽ‌പ്പെടും? സമൂഹത്തിലിന്നും നിലനിൽക്കുന്ന വേലിക്കെട്ടുകള്‍ ആരുടെ തെറ്റാണ്? ഒന്നിനും നമുക്കുത്തരമില്ല.. നീതിബോധമില്ലാത്ത പ്രപഞ്ചത്തിന്റെ ലീലാവിലാസങ്ങൾ.. എല്ലാം തോന്നലുകളാണ്.. വെറും തോന്നലുകൾ..”

ശരിയാണ്.. അദ്ദേഹം പറഞ്ഞതെത്ര ശരി.. കേള്‍വിക്കാരന്റെ മനസ്സ് സമ്മതിക്കാൻ പ്രേരിപ്പിച്ചു... ശരിയെന്നു കരുതി ചെയ്തതെല്ലാം ശരിയായിരുന്നോ? തെറ്റെന്നു കരുതി ചെയ്യാതിരുന്നവ തെറ്റായിരുന്നോ? ഭാര്യാഭർതൃബന്ധത്തിന്റെ സ്വകാര്യനിമിഷങ്ങൾക്കിടയിൽ അച്ഛന്റെ മരണവിവരം അറിഞ്ഞുവെന്ന കാരണം പറഞ്ഞ് യൌവ്വനം കത്തിനിന്ന നാളുകളിൽ ബ്രഹ്മചര്യത്തിലേക്ക് നടന്നു പോയ താൻ ഭാര്യയോട് നീതിപുലർത്തിയോ..? ബാപ്പുവെന്ന വിളിയിലൂടെ അനേകർക്ക് പിതാവായപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മക്കളോടുള്ള കടമകൾ നിറവേറ്റിയോ? എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുണ്ടെന്നഹങ്കരിച്ച തനിക്ക് മതത്തിന്റെ കാര്യത്തിൽ തെറ്റിയോ? ആശങ്കയാർന്ന ഈ മനസ്സാണെന്നേയും ഇവിടെ തളച്ചിടുന്നത്.. 


തളർന്ന മനസ്സോടെ തിരക്കി.., “ഇവിടെ നിന്നും ഇനി പുറത്തുപോകാൻ പറ്റില്ലേ..?”

ചോദ്യത്തിനുത്തരം തരാതെ അർജ്ജുനൻ തല താഴ്ത്തുമ്പോൾ അദ്ദേഹം മൊഴിഞ്ഞു, “ഇവിടെ നിന്നും പുറത്തു പോയേ മതിയാവൂ.. അതും നമുക്കൊറ്റയ്ക്കേ സാധിക്കുകയുള്ളൂ.. എല്ലാ വികാരവിചാരങ്ങളും ത്യജിക്കണം.. ഞാനും അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്... പക്ഷേ യശോധരയുടെയും രാഹുലന്റേയും ചിന്തകൾ എന്നെ പിൻ‌വിളിക്കുന്നു..”

“എല്ലാം ത്യജിക്കാൻ ഞാനെന്നും തയ്യാറായിരുന്നു ശുദ്ധോധനപുത്രാ... പക്ഷേ കീർത്തി.. അതെനിക്കെന്നും ഹരമാണ്.. കൂടാതെ, എന്നെ പിടിച്ചു വലിക്കുന്ന ബന്ധങ്ങൾ.. കുരുക്ഷേത്രഭൂമിയിൽ എന്നെ തളർത്തിയിരുത്തിയതു മുതലിങ്ങോട്ട് ഇവിടേയും എന്നെ തളച്ചിടുന്നത് ആ ചിന്തകൾ തന്നെയാണ്.. കാലം എനിക്ക് മുന്നിൽ ധാരാളം കുരുക്ഷേത്രഭൂമികൾ കാട്ടിത്തന്നു.. നിരപരാധികൾ, സ്ത്രീകൾ, ഭ്രൂണങ്ങൾ, യുദ്ധമെന്നത് എന്തിനായിരുന്നുവെന്നു പോലും അറിയാത്തവർ.. ഇവരുടെയൊക്കെ ശവങ്ങൾ വീണാണവിടെ നിറഞ്ഞിരിക്കുന്നത്.. കുഞ്ഞുങ്ങളുടെ ഭക്ഷണപ്പൊതികളിൽ‌പ്പോലും മരണം വിതയ്ക്കുന്ന ആയുധങ്ങളൊളിപ്പിക്കുന്ന യുദ്ധതന്ത്രം.. വിശപ്പ് ശമിപ്പിക്കാൻ എച്ചിൽക്കൂനകൾ ചികഞ്ഞ് അടിയിടുന്ന തെരുവുബാല്യങ്ങളറിയുന്നുണ്ടാവുമോ അതിനുള്ളിലും മരണത്തെ ഒളിപ്പിച്ചു വച്ച് ശവം തീനി കഴുകന്മാർ കാത്തിരുപ്പുണ്ടെന്ന്? ശവത്തെപ്പോലും വെറുതേവിടാത്ത കാമാസക്തി.. പുഴുവരിക്കുന്ന ദേഹത്തു നിന്നു പോലും മോഷണം നടത്താൻ വെമ്പുന്ന മനസ്സുകൾ.. ഹോ.. വയ്യ മടുത്തു..” ഇരു കൈകളാലും മുഖം താങ്ങി അർജ്ജുനൻ നിശ്ശബ്ദനായി..

മൌനം വാചാലമായ നിമിഷങ്ങൾക്കൊടുവിൽ അകലേക്കെങ്ങോ ദൃഷ്ടിപതിപ്പിച്ച് അദ്ദേഹം പറഞ്ഞു, “അധികാരം കൺകെട്ടിയിട്ടും ഞാൻ കണ്ടൊരു കാഴ്ച ഇന്നും എന്നെ നടുക്കുന്നു.. വർണ്ണ്യവ്യവസ്ഥകളുടെ കെട്ടുപാടിൽ ചികിത്സ നിഷേധിക്കപ്പെട്ടൊരു ചണ്ഡാളൻ തെരുവിൽ വേദനകൊണ്ട് പുളഞ്ഞ് മരണത്തിന്റെ കാരുണ്യത്തിനു കേഴുന്ന രംഗം.. അതിന്നും കണ്ണിൽ മായാതെ നിൽക്കുന്നു. കാലമേറെ കഴിഞ്ഞു പോയിട്ടും അവന്റെ പേരിന്റെ നിർവ്വചനത്തിനു മാത്രമേ മാറ്റം വന്നിട്ടുള്ളൂ... അവസ്ഥ പഴയതു തന്നെ.. മനുഷ്യനെന്താണിങ്ങനെ? എന്തിനുവേണ്ടിയാണിങ്ങനെ ഉച്ചനീചത്വങ്ങളാചരിക്കുന്നത്..? എന്തിനു പിന്നാലെയാണവൻ ഓടുന്നത്.. എല്ലാം മരണത്തിലവസാനിക്കുമെന്നറിയാമായിരുന്നാലും നാം മാത്രം മരിക്കില്ലെന്നു വിശ്വസിക്കാനാണ് എല്ലാവർക്കുമിഷ്ടം.. ജനിച്ചാൽ മരണം അനിവാര്യമെങ്കിൽ എന്തിനു ജനിച്ചു? ഉത്തരമില്ലാത്ത ചോദ്യങ്ങൾ.. എന്നാലും ചോദിക്കാതിരിക്കാൻ വയ്യ.. അതാണു മനുഷ്യപ്രകൃതി..”

“ശരിയാണു സിദ്ധാർത്ഥാ... പക്ഷേ...പല പ്രകൃതിയിൽ‌പ്പെട്ട വിരലുകളെ ഒന്നായി ബന്ധിപ്പിക്കുന്ന കരം പോലെ പല സ്വഭാവങ്ങൾക്കുടമകളായ മനുഷ്യരെ എന്തോ ഒന്നു ബന്ധിപ്പിച്ചു നിറുത്തുന്നു.. ഈ പ്രകൃതിയുടെ തമാശ.” തത്വജ്ഞാനിയെപ്പോലെ അർജ്ജുനൻ സംസാരിച്ചു..

“ഉം.. തമാശകൾ മാത്രമല്ല.. കാമനകളൊക്കെ വ്യർത്ഥമെന്നു നമ്മെ പഠിപ്പിക്കുകയും ചെയ്യും നീതിബോധമില്ലാത്ത ഈ പ്രകൃതി... എനിക്കു പോകണം പാർത്ഥാ.. ജനിമൃതികൾക്കുത്തരം തേടി.. സുഖദുഃഖങ്ങൾക്കുത്തരം തേടി.. ഉത്തരമില്ലാത്ത ചോദ്യങ്ങളെന്നേയും കാത്തിരിക്കുമ്പോളെനിക്കീ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് യാത്രയായേ പറ്റൂ.. ദൂരേയ്ക്ക് പോകണം... ഈ തീരത്തു നിന്നും വളരെ വളരെ ദൂരേയ്ക്ക്... ധർമ്മാധർമ്മങ്ങളുരച്ചു നോക്കി സത്യം കണ്ടെത്താനുള്ള യാത്ര.. അതിനായി, കർമ്മബന്ധങ്ങളുടെ കെട്ടുപാടിൽ കാലത്തിനോട് പറയേണ്ടുന്ന കണക്കുകളിൽ ഇനിയും ബാക്കി നിൽക്കുന്ന യശോധരയുടേയും രാഹുലന്റേയും കണ്ണുനീർ ഞാനീ തീരത്തിനു വിട്ടുകൊടുക്കുകയാണ്...”

ഓജസ്സുറ്റ വാക്കുകൾക്ക് ചെവികൊടുക്കുമ്പോഴേക്കും അർജ്ജുനനും പറഞ്ഞു തുടങ്ങി.. “എനിക്കും പോകണം.. മാധവൻ വരും.. കാലങ്ങൾക്കപ്പുറത്ത് കുരുക്ഷേത്രഭൂമിയിലേക്ക് എന്നെയവൻ വീണ്ടുമെത്തിക്കും.. ഉത്തരങ്ങളുടെ കടലായ ഗീതയിലേക്ക് കൂട്ടിക്കൊണ്ടുപോകും.” 


എന്തിനെന്നറിയാതെ ഒരു ദീർഘനിശ്വസമുതിർന്നു... 

ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഈ ആത്മാക്കളെ കാത്തിരിക്കുന്നുണ്ട്.. അവനവനുള്ള വഴി അവനവൻ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു...അവതാരപുരുഷന്റെ സാരഥ്യത്തിൽ നീ ഉത്തരം തേടി യാത്രയാവും പാർത്ഥാ.. സാരഥിയാവാൻ അവതാരപുരുഷനില്ലാത്തതുകൊണ്ട് ആ ചരിത്രനിയോഗം സ്വയം ഏറ്റെടുത്ത് സിദ്ധാർത്ഥനും യാത്രയാവും.... ഞാനോ? ഞാൻ മാത്രം ഈ വിജനതീരത്ത് ബാക്കിയാവും.. ഭൂമിയില്‍ വിശക്കുന്ന വയറിന്‍‌റെ പശിയടക്കാനാവാതെ, മദ്യലഹരിയില്‍ മുക്കിയെടുക്കുന്ന നോട്ടുകളില്‍ സത്കര്‍‍മ്മങ്ങളേക്കാള്‍‍ ദുഷ്‌കര്‍മ്മങ്ങള്‍ക്ക് സാക്ഷിയായി, നിസ്സഹായതയുടെ നെടുവീര്‍പ്പുമേറ്റിയിരിക്കാനാണ് തന്‍‌റെ വിധി. ഈ നിസ്സഹായതയുടെ നോവുകള്‍ ഏറ്റുവാങ്ങി, വഴി തെറ്റുന്ന സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യുവാനാകാതെ ഇവിടെ ഞാനിനിയും കാത്തിരിക്കും. കാലാന്തരങ്ങളിലൂടെ... ഒരുപാടു ചോദ്യങ്ങളും പരീക്ഷകളും ആവര്‍ത്തിക്കാനിവിടെ ഇനിയും അവതാരങ്ങള്‍ വരുന്നതും കാത്ത്...