Wednesday, July 20, 2011

അപരാജിത...
"....മികച്ച കവിതാ രചനയ്ക്കുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ശ്രീമതി ഗായത്രിദേവിയെ സാദരം സ്റ്റേജിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.."

അലങ്കരിച്ച ഹാളിനു പുറത്തേക്ക്‌ ആ ശബ്ദം ഒഴുകി..

"നമ്മള്‍ വൈകിയോ ഗായത്രി...? ഫങ്ഷന്‍ കഴിഞ്ഞാല്‍ ഉടനെ ഇറങ്ങിക്കോണം.. നിന്നെക്കാത്തിരുന്നു ആശുപത്രിയിലുള്ളവര്‍ മുഷിയരുത്‌.." സ്നേഹയുടെ ഉല്ക്കകണ്ഠയോടെയുള്ള ചോദ്യത്തിനൊപ്പം സ്നേഹപൂര്‍ണ്ണമായ ഓര്‍മ്മപ്പെടുത്തല്‍..

“നീ നടന്നോളൂ ഞാനിതേ, വണ്ടി പാര്‍ക്ക് ചെയ്തിട്ടങ്ങെത്തി...”

കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും ബാഡ്ജ് എടുത്ത് സാരിയില്‍ കുത്തി ഡോര്‍ അടച്ച്‌ ഇറങ്ങുമ്പോഴേക്കും മൊബൈല്‍ റിംഗ് ചെയ്തു.

അങ്ങേ തലയ്ക്കല്‍ ഗൗതം-

"സാരമില്ല ഗൗതം.. ”

“എന്താ..?”

“ ഇല്ല മോന്‍ വന്നില്ല.. ”

“ങാഹ് ധൃതി കൂട്ടണ്ട.. പതിയെ വന്നാല്‍ മതി.."

കൂടുതല്‍ എക്സ്ക്യൂസസ് തേടി ഗൗതം ബുദ്ധിമുട്ടണ്ടെന്നു കരുതി അങ്ങനെ പറഞ്ഞു ഫോണ്‍ വച്ചു.


ഗൗതം എന്നാല്‍ തിരക്കാണ്. അമ്മയേക്കാള്‍ അച്ഛനെ സ്നേഹിക്കുന്ന മകനും ആ വഴിയില്‍ മുന്നോട്ട് പോയപ്പോള്‍ ആദ്യമൊക്കെ വീട്ടിലെ ഏകാന്തതയില്‍ വല്ലാതെ ഒറ്റപ്പെട്ടു, കടലുകള്‍ക്കപ്പുറത്ത് നിന്നും വിളിക്കുന്ന  കളിക്കൂട്ടുകാരി സ്നേഹ മാത്രമായി ആശ്വാസം.

പിന്നെയെപ്പോഴായിരുന്നു തന്നെ തോല്‍പ്പിക്കുന്ന ഏകാന്തതയെ കീഴടക്കാന്‍ ശ്രമിച്ചു തുടങ്ങിയത്..?

നിരന്തരം ഒരേ പ്രഹരമേറ്റപ്പോള്‍ മനസ് അതിനെ അവഗണിക്കാന്‍ തുടങ്ങിയതാണോ അതോ കാലാന്തരേണ സങ്കീര്‍ണ്ണമായ പ്രശ്നത്തിന്റെ രൂക്ഷത കുറഞ്ഞപ്പോള്‍ മറികടക്കാന്‍ ശക്തി നേടിയതാണോ...?

അറിയില്ലാ..

ചിലപ്പോള്‍ മനസ്സിനെ അക്ഷരങ്ങളാക്കാന്‍ കഴിഞ്ഞത് കൊണ്ടാവും.

സ്വന്തം ചോദ്യത്തിനുത്തരം കണ്ടെത്തിയ സംതൃപ്തിയോടെ ഹാളിനകത്തേക്ക് നടന്നു..

ക്ഷണിച്ചു കൊണ്ട് പോകാന്‍ അരികിലെത്തിയ സംഘാടകയുടെ നീണ്ട് ഇടതൂര്‍ന്ന മുടി കണ്ടപ്പോള്‍ അറിയാതെ ഒരു ചിരി വിടര്‍ന്നു..

ബോബ് ചെയ്ത മുടി,  കൈ വച്ചു മെല്ലെ ഒതുക്കി..

പക്ഷേ മനസ്സില്‍ അല്പം പോലും നഷ്ടബോധം ഇല്ലായിരുന്നു..

നിറഞ്ഞ സദസ്സിനെയോന്നു തൊഴുത് സ്റ്റേജിലേക്ക് കയറുമ്പോള്‍ വേദിയില്‍ ഇരിക്കുന്ന മുഖങ്ങളെ നോക്കി, എല്ലാവരും സാഹിത്യരംഗത്തെ പ്രമുഖര്‍..

കൂട്ടത്തിലെ കാരണവരില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ മനസ് ചിരിച്ചു..

"മാഡം രണ്ടു വാക്ക്.."

മടിച്ചു നിന്നില്ല.. സംസാരിച്ചു തുടങ്ങിയപ്പോള്‍ ശബ്ദം ഇടറിയുമില്ല..


"മനുഷ്യ മനസ് അസാമാന്യ കഴിവുള്ളതാണ്.. നമ്മള്‍ അതിനെ തിരിച്ചറിയാതെ പോകുന്നു, നമ്മുടെ മനസ്സിനല്ലാതെ ഒന്നിനും നമ്മളെ തോല്‍പ്പിക്കാന്‍ കഴിയില്ലാ, മാരക രോഗങ്ങള്‍ക്കോ അവഗണനള്‍ക്കോ  ദുഃഖത്തിനോ ഒന്നിനും. ദിവസവും സ്വയം പറഞ്ഞു നോക്കൂ, തോല്‍ക്കാന്‍ എനിക്ക് മനസ്സില്ലെന്നു. ജീവിതത്തില്‍ വരുന്ന മാറ്റം നിങ്ങള്‍ തിരിച്ചറിയും.. ഏതൊരു വീഴ്ചയിലും എണീറ്റു നിൽക്കാൻ പറ്റിയൊരു കച്ചിതുരുമ്പ് ഈശ്വരന്‍ കരുതി വെച്ചിട്ടുണ്ടാവും, അത് കണ്ടെത്തിയാല്‍ നമ്മള്‍ വിജയിച്ചു... മരണത്തെ പോലും സ്വന്തം ആഗ്രഹത്തിന് അനുസരിച്ച് ആക്കാം.. മനസ്സില്‍ എപ്പോഴോ തോന്നിയ ഈ ആശയം വാക്കുകളാക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍... അല്ലാതെ ഞാനൊരു എഴുത്തുകാരിയല്ല.. ഈ സമ്മാനത്തുക ഞാന്‍ കാന്‍സര്‍ ബാധിച്ച രോഗികളുടെ ചികിത്സയ്ക്കായി കൈ മാറുന്നു.. എന്റെ ആശയത്തെ മനസ്സിലേറ്റിയ നിങ്ങള്‍ക്ക് എന്റെ മനസ്സ് നിറഞ്ഞ സ്നേഹം.."

സദസ്സ് നീണ്ട കരഘോഷത്തോടെ ആ വാക്കുകള്‍ ഏറ്റെടുക്കുമ്പോള്‍ തെല്ലൊരു വിറയലോടെ കസേരയില്‍ അമര്‍ന്നു.. എവിടൊക്കെയോ വിജയിച്ചു എന്നൊരു തോന്നല്‍..

"സ്വപ്നങ്ങൾ‌ നിറങ്ങൾ‌ ചാലിച്ചൊരെൻ‌ ധമനിയിൽ‌

നിന്‍ മരണബീജം നിറച്ചതാര്..

എന്നിലെ പ്രതീക്ഷതൻ‌ ജീവരസമൂറ്റി

എന്റെയസ്തിത്വത്തിൻ കോശങ്ങളിൽ‌

രാക്ഷസവേരുകളിറക്കി ആവാസമുറപ്പിക്കാൻ

നിന്നെ നിയോഗിച്ചതാര്.."


തന്റെ കവിതകളിലെ വരികള്‍ എടുത്തു പറഞ്ഞ് ആരൊക്കെയോ ഘോരഘോരം പ്രസംഗിക്കുന്നുണ്ട്...

മനസ് അതിലൊന്നും ആയിരുന്നില്ല.. ഉറക്കം വരുന്നുണ്ടോ..?

"ഗായത്രീ, എണീക്ക്. പോകാം..." കുലുക്കി വിളിച്ച കയ്യില്‍ ഗായത്രി തണുപ്പായി പടര്‍ന്നത് സ്നേഹ അറിയുകയായിരുന്നു.


കണ്ണുകളില്‍ കെടാത്ത തിളക്കം.. ചുണ്ടില്‍ മായാത്ത പുഞ്ചിരി..

തോല്‍ക്കാന്‍ എനിക്ക് മനസ്സില്ലെന്നു  ഗായത്രി പറയുകയാണോ...?

                                                        *****************

“ഗായത്രിദേവി...ഗായത്രിദേവി ഉണ്ടോ.."

റീജിയണല്‍ കാന്‍സര്‍ സെന്ററിലെ റേഡിയെഷന്‍ ട്രീറ്റ്മെന്റ് റൂമിന്റെ വാതില്‍ തുറന്ന്‌ വെളുത്ത കോട്ടിട്ട ഒരു പെണ്‍കുട്ടി വിളിച്ചു..

"അവര് വന്നിട്ടില്ലെങ്കില്‍ അടുത്ത ആളിനെ വിളിക്കൂ കുട്ടീ " അകത്തു നിന്നൊരു ശബ്ദം..

പതിവ് തെറ്റിക്കാത്ത വരവ് തീര്‍ത്ത സംശയങ്ങളോടെ.. സ്ഥിരമായി ഗായത്രിദേവി ഇരിക്കാറുള്ള കസേരയില്‍ നിന്നും പിന്‍വലിച്ച അവളുടെ മിഴികള്‍ റെജിസ്റ്ററിലെ അടുത്ത ആളിന്റെ പേര് തിരയാൻ തുടങ്ങി..

                                                         ******************

അങ്ങകലെ, പുരസ്കാരവേദിയുടെ ഗെയ്റ്റ് തുറന്ന്, ഒരു ആംബുലന്‍സപ്പോള്‍ സൈറൺ‌ മുഴക്കി ചീറിപ്പായുകയായിരുന്നു..

~~~~~~


image courtesy : google

~~~~~~