Tuesday, May 28, 2013

നിശാഗന്ധികൾ......ക്ഷേത്രകവാടം വലിച്ചടയ്ക്കുന്ന ഒച്ചയൊന്ന് ഞെട്ടിച്ചു..

കൂനിക്കൂടിയുള്ള ഈ ഇരുപ്പ് തുടങ്ങിയിട്ട് എത്ര നേരമായിയെന്നറിയില്ല.. വിളിക്കാത്ത അതിഥിയെപ്പോലെ അനവസരത്തിൽ കടന്നു വന്ന മഴ അനുവാദമില്ലാതെ വസ്ത്രത്തലപ്പുകൾ എത്തിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ മണ്ഢപത്തിനുള്ളിലേക്ക് ഒന്നുകൂടെ ഉൾവലിയുകയായിരുന്നു... കാൽമുട്ടുകളുയർത്തിവച്ച് അതിൽ കൈകളുടെ അടിത്തറപണിത് തലയുടെ ഭാരം ഇറക്കിവച്ചിരുന്നു... വെളിച്ചം കൃഷ്ണമണികളിൽ തുളച്ചിറങ്ങി അസ്വാരസ്യം ഉണ്ടാക്കിയപ്പോൾ മുഖം പതിയെ ഉള്ളിലേക്ക് വലിച്ചു..

കൈത്തണ്ടയ്ക്കിടയിലൂടെ അരണ്ട വെളിച്ചത്തിൽ ദൃശ്യമാകുന്ന നിലത്താ‍യിരുന്നു ശ്രദ്ധ.. കറുത്ത കൂനനുറുമ്പുകൾ ജാഥ നയിക്കുന്നുണ്ടായിരുന്നു... മഴവെള്ളത്തിൽ ചിറകു തളർന്നുപോയ ഏതോ ഒരു നിശാശലഭത്തിനെ അതിന്റെ അവസാന പിടച്ചിലും അടങ്ങിയപ്പോൾ ശവമഞ്ചമേറ്റി വരി വരിയായി പോവുകയാണവർ... ഇടയിലൊരുവൻ വഴി തെറ്റി എങ്ങോട്ട് പോകണമെന്നറിയാതെ അലയുന്നത് കണ്ട് അറിയാതെ ചിരി പൊട്ടി...

അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നൊടുവിൽ സാരിത്തലപ്പിൽ പറ്റിയിരുന്ന ഒരുതുള്ളി വെള്ളത്തിനടുത്തേക്ക് അവനോടി വരുന്നത് കണ്ട് തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല... കണ്ണുരുട്ടിക്കാണിച്ച് അവനെ പേടിപ്പിച്ചു..

“ ഇന്നാമ്മാ ശാപ്പിട്.. ഇനിമേ ഇങ്കൈ തങ്ക മുടിയാത്.. എതാവത് നിമ്മതിയാന ഇടം പാത്ത് പോയിട്... ”

മലയാളത്തിന്റെ ചുവയുള്ള തമിഴ്...

മുഖമുയർത്തി ശബ്ദത്തിന്റെ ഉടമയെ നോക്കി...ക്ഷേത്രം പൂജാരിയാണെന്ന് തോന്നുന്നു... മുന്നിലേക്കിട്ട വാഴയിലയിൽ അത്താഴ പൂജ കഴിഞ്ഞുള്ള പ്രസാദമാണ്.. വിശക്കുന്നുണ്ടോ..?

ഹരിതവർണ്ണമാർന്ന ഇലയിൽ ശുഭ്രവസ്ത്രം ധരിച്ച ചോറിന്റെ മണികൾ കണ്ണും മൂക്കും വായുമൊക്കെ വച്ച് ചിരിക്കുന്നോ..?

കൂട്ടം തെറ്റി അലഞ്ഞിരുന്ന കൂനനുറുമ്പ് ആഹാരത്തിന്റെ മണം പിടിച്ച് മെല്ലെ മെല്ലെ സംശയത്തോടെ അതിനടുത്തെത്തി..

“ നീ കഴിച്ചോ... വിശപ്പു മാറുവോളം കഴിച്ചോ... ആ ശലഭത്തെ കടിച്ചുപറിക്കാതെ.. ”

പറഞ്ഞതെന്തെങ്കിലും മനസിലായിക്കാണുമോ.. ആർത്തിയോടെ ആഹാരത്തിനോട് മല്ലിടുന്ന അവനെ ഉപേഷിച്ച് നോട്ടം പുറത്തെ മഴയിലേക്കാക്കി... നിലാവിനു ഭൂമിയിലേക്കിറങ്ങി വരാനെന്നവണ്ണം മഴനൂലുകൾ തീർത്തിരിക്കുന്നു ആകാശം.. നിലാവും മഴയും അപൂർവ്വ സംഗമങ്ങളിലൊന്നാണെന്ന് എവിടെയോ കേട്ടിരിക്കുന്നു...

രാത്രിക്ക് കട്ടി കൂടിക്കൂടി വന്നു.. റോന്തു ചുറ്റാനിറങ്ങിയ പോലീസുകാരൻ ലാത്തി മണ്ഢപത്തിന്റെ തൂണിൽ അടിച്ച് ഒച്ചയുണ്ടാക്കി. കുറച്ച് മുമ്പ് പൂജാരി തന്ന മുന്നറിയിപ്പ് ഓർമ്മ വന്നു..

പതിയെ ഇറങ്ങി നടന്നു എങ്ങോട്ടെന്നില്ലാതെ....

ചിണുങ്ങിത്തീരാത്ത ആകാശം ....തന്റെ നിലാവിനെ ഒളിപ്പിക്കാൻ കാർമേഘങ്ങളെ വെല്ലുവിളിച്ച് ചന്ദ്രൻ മറഞ്ഞിരിക്കുന്നു..

നിശ്ശബ്ദതയെ കീറിമുറിച്ച് ചീറിയടിക്കുന്ന തെക്കൻ‌കാറ്റ്... നാവു നീട്ടി ചുണ്ടൊന്നു നനച്ചു.. ഉപ്പുരസം.. ആഴിയുടെ സ്നേഹസമ്മാനം, കാറ്റെനിക്ക് നൽകി പോകുകയാണോ ...??

ഇരുവശത്തും പ്‍ളാസ്റ്റിക്ക് മേൽക്കൂരകൾ തീർത്ത കടകളുടെ നിരകൾ.. അതിനിടയിൽ നിദ്രയുടെ സുഖം നുകരുന്ന ദൈന്യതകൾ.. എങ്ങനെ ഇവർക്ക് ഇത്ര ഭംഗിയായി ഉറങ്ങാൻ കഴിയുന്നു ..??

ഉറക്കത്തിനിടയിൽ ചില ഞരക്കങ്ങൾ.. മണ്ണിൽ ഞെരിഞ്ഞമരുന്ന പാദങ്ങൾ അവരുടെ സ്വസ്ഥതയ്ക്ക് തടസ്സമാകുന്നുണ്ടോ... ഒരു നിമിഷം നിന്നു.. പിന്നെ മണൽത്തരികളെ വേദനിപ്പിക്കാതെയെന്നവണ്ണം ചുവടുകൾ വച്ചു..

കാറ്റിൽ വസ്ത്രങ്ങളിളകി ഒച്ചയുണ്ടാകാതിരിക്കാൻ കാറ്റടിക്കുമ്പോഴെല്ലാം പാദങ്ങൾക്ക് വിലങ്ങിട്ടു..

വഴിയോരത്ത് കരിമ്പിൻ‌ജ്യൂസ് വിൽക്കുന്നൊരു കട കണ്ടു.. തൊട്ടടുത്ത് കരിമ്പിന്‍‍ചണ്ടികള്‍ കൂട്ടിയിട്ടിരിക്കുന്നു ...നീരൂറ്റിയെടുത്ത് വലിച്ചെറിയപ്പെടുന്ന ചില ജീവിതങ്ങളും ഇതുപോലെത്തന്നെയല്ലേ...താനും..?

ക്ഷേത്രത്തിന്‍റെ ചുറ്റുമതിലിനു വെളിയില്‍ കെട്ടിയിരിക്കുന്ന അരമതിലിൽ കയറി ഇരുന്നു...

തിരയുടെ ശബ്ദം.. തേങ്ങലാവുമോ അതോ കൊഞ്ചലോ...??

മഴ പെയ്യുന്നുണ്ടിപ്പോഴും.. കടലിനു മുകളിൽ മഴ പെയ്യുന്നതു കാണാൻ ഒരു പ്രത്യേക സൌന്ദര്യം തന്നെ.. ആ മഴത്തുള്ളികൾ സുകൃതം ചെയ്തവർ... അലഞ്ഞു തിരിഞ്ഞ് മണ്ണിലെ വിഷലിപ്തതയെ നെഞ്ചിലേറ്റി കടലിൽ പോയി പതിക്കാതെ ആകാശത്തു നിന്നും നേരിട്ട് ആഴിയുടെ അടിത്തട്ടിലേക്ക് മടങ്ങാനുള്ള ഭാഗ്യം ഉണ്ടായല്ലോ അവയ്ക്ക്...

സാരിത്തലപ്പ് പിന്നിൽ വലിയുന്നതറിഞ്ഞ് തിരിഞ്ഞു നോക്കി.. പത്തുപന്ത്രണ്ട് വയസ്സു തോന്നിക്കുന്നൊരു പെൺകുട്ടി...

“മുഖലച്ചണം ശൊല്ലിത്താറേൻ അമ്മാ.. പശിയടക്കിറതുക്ക് എതാവത് കൊടുപ്പീങ്കളാ... ??”

കണ്ണിലെ ദൈന്യത.. അലക്ഷ്യമായി വളർന്നു കിടക്കുന്ന കുറുനിരകളിൽ മഴത്തുള്ളികൾ വജ്രത്തിളക്കമേകുന്നു..

സാരിത്തലപ്പ് പിടിച്ച് അവളുടെ തല തുവർത്തി.. പതിയെ ആ കവിളത്ത് തലോടിയെഴുന്നേറ്റു.. അവളുടെ പശിയടക്കാമായിരുന്നു നേരത്തെ പൂജാരി നൽകിയ നിവേദ്യം കയ്യിലെടുത്തിരുന്നെങ്കിൽ..

ചോദ്യങ്ങളുറങ്ങുന്ന ആ കുഞ്ഞിക്കണ്ണുകളെ അവഗണിച്ച് മുന്നോട്ടുള്ള പടിയിറങ്ങി കൽ‌മണ്ഡപത്തിൽ കയറി..

തൂണുകൾക്കൊക്കെ നനവ്... വിട്ടുമാറാത്ത കുട്ടിത്തം ആ നനവ് രുചിക്കാൻ കൊതിച്ചു..

തൂണുകളിൽ ചാരി ഒരാൾ കിടക്കുന്നു.. അയാളുടെ കഴുത്തിൽ തൂക്കിയിട്ട ക്യാമറ... പുലരിയുടെ ആദ്യക്കതിർ വീഴുമ്പോളണയുന്ന സഞ്ചാരിയെപ്പോലും തനിക്ക് നഷ്ടമാകരുതെന്ന ചിന്തയാകുമോ അയാളെ ഇവിടെക്കിടന്നുറങ്ങാൻ പ്രേരിപ്പിച്ചിരിക്കുക?

ആ ക്യാമറാക്കണ്ണുകൾ എത്ര ജീവിതങ്ങൾ ഒപ്പിയെടുത്ത് വിറ്റു കാശാക്കിക്കാണും.. കാണാത്ത കണ്ണീരിന്റെയുപ്പ് ദ്രവിപ്പിച്ചിട്ടുണ്ടോ അതിന്റെ ഫ്രയിം..??

തകർന്നു പോയ ഒരുപാട് ജീവിതങ്ങളുടെ കഥ പറയാനുണ്ടാവും അതിനും..

അയാളുടെ ഉറക്കത്തിനു തടസ്സമുണ്ടാക്കാതെ പതിയെ മണ്ഡപം കടന്ന് കടലിന്റെ അടുത്തേക്ക് നീങ്ങി...

ത്രിവേണീ സംഗമം...

ഒരു ഭാഗത്തു നിന്നും ബംഗാൾ ഉൾക്കടൽ...മറുഭാഗത്തു നിന്നും അറബിക്കടൽ... മുന്നിൽ നിന്നും ഇൻഡ്യൻ മഹാസമുദ്രം.. തിരകളുടെ ദിശ പറയാതെ പറയുന്നു അവരെവിടെ നിന്നു വരുന്നുവെന്ന്... മൂന്നു വ്യത്യസ്തകളിൽ നിന്നെത്തി പരിചയം പുതുക്കി വിവരങ്ങൾ പങ്കു വച്ച് അവർ പിരിയുന്നു..

മനസ്സിനു വല്ലാത്ത ലാഘവത്വം..

പറഞ്ഞു കേട്ടൊരു മൊഴി ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു... ഈ ത്രിവേണീ സംഗമത്തിൽ നിന്നെന്തു പ്രാർത്ഥിച്ചാലും നടക്കുമത്രേ... പ്രാർത്ഥിക്കണോ... എന്തു പ്രാർത്ഥിക്കാനിനി... ഉള്ളിലെവിടെയോ ഉടലെടുത്ത ചിരി ചുണ്ടിന്റെ വരൾച്ചയിൽ പൊട്ടിച്ചിതറി..

വീണ്ടും മണ്ഢപത്തിലൂടെ കയറിയിറങ്ങി വലതു ഭാഗത്തേക്ക് നടന്നു...

കടൽ ചുംബിച്ചു മടങ്ങുന്ന തീരത്തിലൂടെ ....പതിയെ കാൽ വലിച്ചിഴച്ചു... അങ്ങകലെ ചക്രവാളത്തിൽ പൊട്ടുപോലെ നീങ്ങുന്ന കപ്പൽ... പുലർച്ചയാകുമ്പോഴേക്കും തീരത്തണയാൻ വെമ്പുന്ന പായ്ക്കപ്പലുകളും വഞ്ചികളും...

ആർക്കെങ്കിലും ദിശ നഷ്ടപ്പെടുന്നുണ്ടോ...? ദിക്കറിയാതെ വലയുന്നുണ്ടോ...? വിരലുകൾ മൂക്കിൽ തുളഞ്ഞു കിടക്കുന്ന പൊന്നിലുടക്കി... ഇല്ല ഇതിനത്രയും തിളക്കമില്ല... സ്വയം ദിശ നഷ്ടപ്പെട്ട താനെങ്ങനെ മറ്റൊരാൾക്ക് ദിശ കാട്ടും... വീണ്ടും മനസ് ചിരിച്ചു...

ആ മണൽ‌പ്പരപ്പിൽ തിരകളുടെ ലാളനയേറ്റ് ഇരുപ്പുറപ്പിച്ചു... രാവിന്റെ ഇരുളിലും നിലാവിന്റെ വെണ്മയിലും ചുറ്റും ചിതറിക്കിടക്കുന്ന സപ്തവർണ്ണങ്ങളിലെ മണൽത്തരികൾ...

ഒരുപിടി മണൽ വാരിമുഖത്തോടടുപ്പിച്ചു...കണ്ണീരിന്റെ നനവുണ്ടോ അവയ്ക്ക്....?? മാംഗല്യം മുടങ്ങിപ്പോയൊരു കന്യകയുടെ കണ്ണീരിന്റെ ഗന്ധമുണ്ടോ..?

മനസ്സൊന്ന് പിടഞ്ഞു...പെട്ടെന്നത് വലിച്ചെറിഞ്ഞു അകലേക്ക്..

തീരത്ത് മെല്ലെ എന്തോ എഴുതി..

ആവേശത്തോടെ പാഞ്ഞു വന്ന തിര ആ അക്ഷരങ്ങളെ മായ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... മണ്ണിന്റെ ദാഹം അടക്കാനാവാതെ വിയർക്കുന്ന തിരകളെന്റെ പ്രാണന്റെ അക്ഷരങ്ങളെ ഒന്നൊന്നായി മായ്ച്ച് ആഹ്‌ളാദം കണ്ടെത്തി...

തോൽക്കാം ഞാൻ... നിനക്കു മുന്നിലും...

നനവുള്ള നിശ്വാസങ്ങളേറ്റു വാങ്ങി കാറ്റ് അലറിച്ചിരിച്ചു.. മനസ്സില്‍ പറഞ്ഞു അഹങ്കരിക്കണ്ട... നീയും ഭിക്ഷാംദേഹിയാണെന്ന് മറക്കണ്ട ..

പാദങ്ങളിൽ തലോടി തിരകൾ ആശ്വസിപ്പിച്ചു..

അരണ്ട വെളിച്ചത്തിൽ പാറവിടവുകളിൽ ഉടഞ്ഞമരുന്ന ശീൽക്കാരങ്ങൾ വിശക്കുന്ന വയറുകൾക്കായി മടിക്കുത്തഴിക്കേണ്ടി വന്ന പെണ്ണിന്റെ നൊമ്പരങ്ങളെ ഞെരിച്ചുടയ്ക്കുന്നത് കേൾക്കാതിരിക്കാൻ ചെവി മെല്ലെ പൊത്തി..

“ ടാ മുത്തൂ...മുത്തുവേ..ഏന്തിരിയെടാ...തൂങ്കിനത് പോതുംടാ.. ടൈം എന്നാച്ചെന്ന് തെരിയുമാ.. അമ്മൻ‌കോയിലിലെ മണിയടിച്ചാച്ച്...ഫസ്റ്റ് ബസ് ഇപ്പ വന്തിടും... പോടാ സ്റ്റോപ്പിലെ....ഏതാവത് സൊല്ലി രണ്ടാളെയാവത് കൂട്ടി വാടാ..ഇല്ലാനാ രൊമ്പ പ്രച്ചനമായിടും...ഉനക്ക് തെരിയുമേ ഇന്നേയ്ക്ക് നാലു മാതം ആകിറത്.. കടെയ്ക്ക് റെന്റ് കൊടുക്കല്ലെ... ഇനിമേ അവാളു തങ്കിറതക്കും വിടമാട്ടെ...എടേയ് മുത്തൂ ഏന്തിരിയെടാ..”

സ്ഥലകാലബോധം തിരികെ തന്നു ആ ശബ്ദം.. തൊട്ടപ്പുറത്തെ കടയിൽ നിന്നാണ്.. താനിതെവിടെയാണിരിക്കുന്നത്... ഇവിടെ എപ്പോഴെത്തി... മഴ ശക്തി പ്രാപിച്ചിരുന്നോ.. അറിയില്ല.. ഓർമ്മകൾക്ക് അധികം പുറകോട്ട് സഞ്ചരിക്കാനിപ്പോൾ കഴിയുന്നില്ല.. ഒരു മാറാല അവയ്ക്ക് മേൽ വീണു കിടപ്പുണ്ട്.. പിന്നിട്ട നാൾവഴികളിലെവിടെയോ ഓർമ്മയുടെ മൺചെരാതുകൾ വീണുടഞ്ഞിരിക്കുന്നു...തിരിഞ്ഞു നോക്കുമ്പോൾ അന്ധകാരം മാത്രം..

“എന്നാ തൊല്ലയിത് കടവുളേ.. നിമ്മതിയാ തൂങ്കിറതക്കും വിടമാട്ടീങ്കെ..” നനുത്ത മുറുമുറുപ്പ് തൊട്ടു മുന്നിൽ വന്ന് നിശ്ശബ്ദമാകുന്നത് അറിഞ്ഞു..

“യാര്... യാരു നീങ്ക..? എതുക്ക് ഇങ്കെ ഒക്കാന്തിരിക്കിറീങ്കെ.. എതാവത് ശാപ്പിടറുതുക്കാ...? കിടൈക്കാതമ്മാ... അവരു പാത്താന്നാ പ്രച്ചനെ ആയിടും..പോങ്കോ..” ചിലമ്പിച്ച ശബ്ദം അകന്നു പോയി...തല ഉയർത്തി നോക്കാൻ മനസ്സനുവദിച്ചില്ല..

നിമിഷങ്ങളുടെ വേഗതയളക്കാനുള്ള മനസ്സിന്റെ ത്വരയ്ക്ക് വിരാമമിട്ട് അവൻ വീണ്ടും..  “ എന്നാമ്മാ പോവല്ലിയാ.. ഒക്കാരുങ്കെ ഏതാവത് ശാപ്പിടറുതുക്ക് കിടൈക്കുമാന്ന് പാക്കിറേൻ.. അയ്യാ...അങ്കെ എതാവത് ഇരുക്കാ ശാപ്പിടറുതുക്ക്.. പാരിങ്കെ.. ഇങ്കെ ഒരമ്മ ഇരുക്ക്.. ശാപ്പാട് കൊടുത്താച്ചെന്നാ....” അവൻ വാക്കുകൾ വിഴുങ്ങി..

“കാലെയിലെ ഒണ്ണുമേ വിക്കലെ... എന്നൈയ്ക്കും മാതിരി ഇന്നൈയ്ക്കും സമച്ചതെല്ലാമേ വേസ്റ്റ് താന്‍ കടവുളേ.. എതാവത് കൊടുത്ത് അനുപ്പെടാ അന്ത ആളെ...കൈനീട്ടമാക്കും...കാപ്പാത്തുങ്കോ കടവുളേ..”

കൈയ്യിലാരോ പിടിക്കുന്നതറിഞ്ഞ് മുഖം ഉയർത്തിനോക്കി.. കൈകൾക്കുള്ളിൽ ഒരിലപ്പൊതി വച്ചു തരുമ്പോൾ അവൻ ചിരിക്കുന്നുണ്ടായിരുന്നു... ഇരുൾ നീങ്ങാത്ത പുലരിയിൽ അവന്റെ വെളുത്ത പല്ലുകൾ എല്ലുന്തിയ ദേഹത്തെ പരിഹസിക്കുന്നതുപോലെ തോന്നി... കയ്യിലെ പൊതിയിലും അവന്റെ മുഖത്തും മാറി മാറി നോക്കി പതിയെ എണീറ്റു..

“ചൂട് ദോശ കിട്ട്വോ..” ഇരുളിൽ നിന്നും ഒരു ചോദ്യം.. ഒന്നിലധികം നിഴലുകൾ ചലിക്കുന്നത് കണ്ടു.

“വാങ്കോ സാർ.. വാങ്കോ..ഒക്കാരുങ്കോ എത് വേണാലും കിടൈക്കും വാങ്കോ..” തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് മേശയും കസേരയും തുടച്ച് അവരെ ക്ഷണിക്കുമ്പോൾ അയാളുടെ വാക്കുകളിലെ സന്തോഷവും കണ്ണുകളിലെ ഇരയെ കിട്ടിയ തിളക്കവും കണ്ടില്ലെന്ന് നടിക്കാനായില്ല..

“ അണ്ണാച്ചീ ഒരു ചുടു ടീ കൊടുങ്കെ..” വീണ്ടും വീണ്ടും സംസാ‍രിക്കുന്ന നിഴല് രൂപങ്ങൾ... അവയ്ക്കിടയിലൂടെ നടന്നു കടൽ ലക്ഷ്യമാക്കി.. ചക്രവാളത്തിലെ ചുകപ്പ് ചായത്തിൽ മിഴി നട്ട് ഒരു പാറയിൽ ഇരുന്നു. കയ്യിലിരുന്ന പൊതിയുടെ പ്രലോഭനമാവും, നാലഞ്ചു നായ്ക്കുട്ടികൾ ഒരകലം പാലിച്ച് കൊതിയോടെ നിന്നു... പൊതി അവർക്ക് നേരെ നീട്ടി... തിരക്കു കൂട്ടാതെ അനുസരണയോടെ ആ പൊതി അവർ പങ്കിട്ടു.. മനസ്സിനെന്തെന്നില്ലാത്തൊരു സുഖം ആ കാഴ്ച പകർന്നു തന്നു.. മനസ്സ് പാറിപ്പറന്നു.. നാഴികകൾ പിന്നിടുന്നതറിയാതെ അവിടിരുന്നു.

“ അമ്മാ.. കടവുളേ.. നീ തേവതയാക്കും അമ്മാ.. ഇനിമേ എന്നുമെ എനക്ക് തർശനം കൊടുക്ക വേണ്ടും തായേ..” ശബ്ദകോലാഹലങ്ങളുടെ ഉറവിടം അന്വേഷിച്ച കണ്ണുകൾക്ക് ചുറ്റും നടക്കുന്നതൊന്നും വിശ്വസിക്കാനായില്ല...

ഒന്നല്ല.. ഒരു പറ്റം ആൾക്കാർ... കൂടി നിൽപ്പുണ്ട് ചുറ്റിനും...ചിലർ കാൽ തൊട്ട് വന്ദിക്കുന്നുണ്ട് .. ഒന്നു തൊടാനും കൈകളിലുമ്മ വയ്ക്കാനും തിരക്കു കൂട്ടുന്നു മറ്റു ചിലർ... ഇവർക്ക് ആളു തെറ്റിയോ... എന്താണിവർ ചെയ്യുന്നത്...

“ഒരു വിഷയം തെരിയുമാ.. ഇന്നൈയ്ക്ക് കാലെ ഇന്തമ്മാവുക്ക് നാന്‍ ശാപ്പാട് കൊടുത്തേന്‍.. അപ്പോതിലിരുന്ത് എനക്ക് ഉക്കാറെ കൂടെ ടൈം കിടൈയ്ക്കല്ലെ...അവ്വളവ് കൂട്ടം കടയിലെ.. നീങ്ക കടവുൾ താനമ്മാ...”ഒരു ശബ്ദം.

ചെയ്തികളുടേയും വാക്കുകളുടെയും അർത്ഥം മനസ്സിലാകാതെ ആ മുഖങ്ങളിലേക്ക് നോക്കിയിരുന്നു.. പകച്ച മുഖങ്ങള്‍ക്കിടയില്‍ നിന്നും കൈനോക്കാന്‍ വന്ന പെണ്‍‍കുട്ടിയേയും പ്രസാദം തന്ന പൂജാരിയേയും കണ്ണുകള്‍ തിരിച്ചറിഞ്ഞിരുന്നു..

 “ആമാംടാ.. അമ്മ എൻ കടെ മുന്നാടിയേ ഒക്കാർന്തിട്ടിരുന്തത്.. കടൈയിലെ എല്ലാമേ ശീഘ്രമാ വിറ്റു പോയിടിച്ച്... ഇത് നമ്മ മായിയമ്മാ താനെടാ.. കുമ്പിടറെ അമ്മാ... തിനവും എൻ കടൈയിലേ വരൈ വേണ്ടും തായേ..” വേറൊരു ശബ്ദം.

തല പെരുക്കുന്നതുപോലെ.. വണ്ടുകള്‍ മുരളുന്നു.. മുന്നില്‍ നില്‍ക്കുന്ന മുഖങ്ങള്‍ക്കെല്ലാം ദംഷ്ട്രകള്‍ വളര്‍ന്നു വരുന്നു... പേക്കോലങ്ങള്‍... അവര്‍ ആര്‍ത്തട്ടഹസിക്കുന്നു... തനിക്ക് നേരെ അവര്‍ പാഞ്ഞടുക്കുന്നുവോ..?

അസ്വസ്ഥത അതിർവരമ്പുകൾ ഭേദിച്ചപ്പോൾ ചെവികള്‍ പൊത്തി...കണ്ണുകളിറുകെ അടച്ചു പിടിച്ചു..

ഇല്ല ഇവര്‍ക്ക് തന്നെ വിടാന്‍ ഉദ്ദേശമില്ല... കീഴടങ്ങാന്‍ വയ്യ..

ചുറ്റി നിൽക്കുന്ന ആൾക്കൂട്ടത്തിനെ വകഞ്ഞു മാറ്റി ശക്തി നശിച്ച കാലുകള്‍ വലിച്ചിഴച്ച് കഴിയും വേഗത്തില്‍ നടന്നു.. അതോ ഓടുകയായിരുന്നോ..?

ആഹാരത്തിന്റെ മണം ആ നായ്ക്കുട്ടികളെ മാത്രം പിന്തുടരാൻ പ്രേരിപ്പിച്ചു..

തിരയും തീരവും പ്രണയിക്കുന്നത് കണ്ടു നടന്നു, അകലങ്ങളിലേക്ക്...

“വയ്യ ഇനിയൊരു മായിയമ്മയാവാൻ വയ്യ” മനസ്സ് പിറുപിറുത്തു..

കഥ പോലെ വന്നൊരു നിശാഗന്ധിയിവൾ മറ്റൊരു കഥ പോലെ അലിഞ്ഞു പോകും വരേയ്ക്കും ഇനിയീ തീരങ്ങളിൽ ഇവളുടെ കഥകൾ രചിക്കാം... തിരകൾ തീരത്തോട് സ്വകാര്യം പറഞ്ഞതാകുമോ...??
                                                  **********************

മലയാള നാടി”ല്‍ പ്രസിദ്ധീകരിച്ച കഥ..

ചിത്രത്തിനു കടപ്പാട് ................ഗൂഗിള്‍