Wednesday, September 28, 2011

മാരീചവേഷങ്ങൾ....

“നിങ്ങൾ‌ക്കിന്ന് ക്ലാസ്സില്ലേ..?”

ഞെട്ടിത്തിരിഞ്ഞു നോക്കി. ടിവിയിലാണ്.. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ. ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, മിക്കവാറും പ്രവാസജീവിതങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു ടിവി. അതിങ്ങനെ വിശ്രമമില്ലാതെ ഇരുപത്തിന്നാലു മണിക്കൂറും പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ഒറ്റപ്പെടലുകളിൽ‌ നിന്നുള്ളൊരു മോചനം. അരികിലാരോ ഉണ്ടെന്നുള്ള തോന്നൽ‌..

അടുത്ത ദിവസം കുട്ടികളെക്കൊണ്ട് ചെയ്യിക്കേണ്ട കണക്കുകൾ‌ സെറ്റ് ചെയ്യുകയായിരുന്നു. ടിവി പരിപാടികളിൽ കാർട്ടൂണിനോടാണ് താൽ‌പ്പര്യം, എന്നും. ആരോ പറഞ്ഞതോർക്കുന്നു ഏറ്റവും വയലന്റായ സിനിമയ്ക്ക് മാത്രമേ ഏറ്റവും കൂടുതൽ‌ ചിരിപ്പിക്കാൻ‌ കഴിയൂ. ടോം ആന്റ് ജെറി കാണുന്നവർക്ക് അത് വേഗത്തിൽ‌ മനസിലാവും.

കാർട്ടൂണും, സംഗീത പരിപാടികളുമൊഴിച്ച് മറ്റൊന്നിനും ചെവി കൊടുക്കാത്ത ഞാൻ‌, ഇത് ശ്രദ്ധിച്ചത് ജീവിതചര്യയോട് ബന്ധപ്പെട്ട വാക്ക് കേട്ടിട്ടാവും. അല്ലെങ്കിലും, ഞങ്ങൾ‌ അദ്ധ്യാപകർക്ക് സ്കൂൾ‌, ക്ലാസ്സ്, കുട്ടികൾ, പുസ്തകം, എന്തിന് ചോക്കെന്ന് കേട്ടാൽ‌ പോലും ഒന്നു ശ്രദ്ധിക്കാൻ‌ തോന്നും.

“ചോദിച്ചത് കേട്ടില്ലേ.. ഇവരാരാന്ന്..?”

വീണ്ടും മീരാ ജാസ്മിന്റെ ശബ്ദം. ശ്രദ്ധ ആ സീനിലേക്കായി. പെൺ‌കുട്ടികളുടെ കാലിന്റെ ഫോട്ടോ അവരറിയാതെ എടുത്ത ആൺകുട്ടികളോടുള്ള പ്രകടനമായിരുന്നു അടുത്തത്.

മനസ്, അറിയാതെ ചിന്തകളിലുഴറി. എത്ര സത്യം. ഇന്നത്തെ തലമുറ തൊട്ടു മുന്നിലെ ഈ ചതിക്കുഴികളെന്തേ കാണാതെ പോകുന്നു.? മീഡിയായും,  ചലച്ചിത്രങ്ങളുമെല്ലാം ഇത്തരം മുന്നറിയിപ്പുകൾ‌ നൽ‌കിയിട്ടും ചിരിച്ചു കാണിക്കുന്ന മുഖങ്ങൾ‌ക്ക് പിന്നിലെ ചതി പലരും മനസിലാക്കാത്തതെന്തേ?

“പുഞ്ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ചന..” കലാലയ ജീവിതത്തിന്റെ അവശേഷിപ്പായി ഹൃദയത്തോടെന്നും ചേർത്ത് പിടിക്കുന്ന ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വരികൾ മിഴിവോടെ മനസിൽ‌ തെളിഞ്ഞു, തിളക്കമുള്ള കണ്ണുകളെ ,കണ്ണടയുടെ ഫ്രയിമിനുള്ളിൽ തളച്ചിട്ട വെളുത്ത വട്ട മുഖവും. അവളുടെ കൈ വിറച്ചിരുന്നോ ഇത് കുറിക്കുമ്പോൾ‌..?

ചിന്തകൾ, കടലു കടന്ന് ഊട്ടിയുടെ മനോഹര അന്തരീക്ഷത്തിലേക്ക് വിരുന്നു പോയി. സ്കൂൾ, ബോർഡിംഗ്.. കാല്പാദം പതിഞ്ഞ മണ്ണ്, കണ്ണീർത്തുള്ളികളേറ്റ് വാങ്ങിയ ക്ലാസ്സ് മുറികൾ‌.. ഒന്നിനു പുറകെ ഒന്നെന്നവണ്ണം ഒരു സിനിമ പോലെ മനസിൽ തെളിഞ്ഞു.

ബോർഡിംഗിന്റെ പുറകിൽ ഒരു ഭീമാകാരൻ ഗേറ്റുണ്ടായിരുന്നു. അഴികൾ തീർത്ത ഗേറ്റ്. അതിനപ്പുറം ആൾപ്പാർപ്പില്ലാതെ കാടും പടലും പിടിച്ച് കിടക്കുന്നൊരു മൈതാനമായിരുന്നു. നിറയെ കാട്ടുപ്പൂക്കൾ‌. പേരറിയാത്ത, വിവേചിച്ചറിയാനാവാത്ത സുഗന്ധം പേറുന്ന, പല വർണ്ണങ്ങളിലെ പൂക്കൾ‌..

നീലാകാശം, നീലക്കടൽ‌. പൊതുവേ നീലയെ ഇഷ്ടപ്പെടുന്നതു കൊണ്ടായിരുന്നിരിക്കണം, ഗേറ്റിനോട് ചേർന്ന് പൂത്തു നിന്ന നീല നിറത്തിലെ ഇത്തിരിക്കുഞ്ഞന്മാരോടായിരുന്നു ഏറെ പ്രിയം. കാറ്റിൽ മെല്ലെ തലയാട്ടി അരികത്തു വിളിക്കുന്ന അവരെനിക്ക് ആരെല്ലാമോ ആയിരുന്നു. അഴികൾ‌ക്കിടയിലൂടെ കൈ നീട്ടി, അവയെ ഒന്നു തൊടാനെത്ര ശ്രമിച്ചു. പക്ഷേ ഇപ്പോഴോർക്കുമ്പോൾ‌ പേടി തോന്നുന്നു..
                                                        (വയൽ‌പ്പൂക്കൾ)
സഹപ്രവർത്തകയ്ക്ക് ഒരു പ്രോജക്റ്റ് വർക്കിനു വേണ്ടി മാംസഭോജികളായ സസ്യങ്ങളെക്കുറിച്ച് തിരഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലായത്. ഒരിക്കലെന്റെ ഏകാന്തതയ്ക്ക് കൂട്ടിരുന്ന, എന്റെ സങ്കടങ്ങളിൽ പങ്കു ചേർന്നിരുന്ന ആ നീലപ്പൂവുകൾ മാന്യതയുടെ മുഖം മൂടിയണിഞ്ഞവയായിരുന്നു എന്ന തിരിച്ചറിവ് മനസിനെ വല്ലാതെ നോവിച്ചു. അല്ലെങ്കിലും വിശ്വാസപ്രമാണങ്ങൾക്ക് കോട്ടം തട്ടുമ്പോഴാണല്ലോ മനസ് മുറിയുക. എന്നിൽ ആശ്വാസത്തിന്റെ തിരയിളക്കമേകി എന്നെ സന്തോഷിപ്പിച്ചിരുത്തുമ്പോഴും, അവ, ഒന്നുമറിയാത്ത കുറേ പ്രാണികളെ നിഷ്കരുണം ചവച്ചരയ്ക്കുകയായിരുന്നുവെന്ന് ഞാനറിയാതെ പോയി.

സസ്യങ്ങളിലെ മാംസഭോജികളെക്കുറിച്ച് സ്കൂൾതലത്തിലേ പഠിക്കുന്നതാണ്. ആഫ്രിക്കൻ വനാന്തരങ്ങളിൽ ഒറ്റയും തെറ്റയുമായി കാണപ്പെടുന്ന ഇവർ‌ വനത്തിന്റെ ഭയാനക സൌന്ദര്യം ആവാഹിച്ചെടുത്തവരാണ്. ഫ്ലൈ ട്രാപ്പ്, പിച്ചർ പ്ലാന്റ്സ് തുടങ്ങിയവരൊക്കെ ആ കുടുംബത്തിലുൾ‌പ്പെടും. നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന തൊട്ടാവാടി പോലും അവരിലൊരാളാണ്. യൂറോപ്പിലെ മ്യൂസിയങ്ങളിൽ ഈ ഭീകരന്മാരെ കമ്പി വേലിക്കകത്തായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്,  ചില ഭീകര കുറ്റവാളികളെ ജയിലിൽ കയ്യിലും കാലിലും കഴുത്തിലുമൊക്കെ ചങ്ങലയ്ക്കിട്ട് സൂക്ഷിക്കുന്നതു പോലെ. കാഴ്ചക്കാരാവട്ടെ ഭയത്തോടു കൂടിയുള്ള കൌതുകത്തിലാണവയെ വീക്ഷിക്കുന്നതും.
(പിച്ചർ പ്ലാന്റ്..pitcher plant,  കേപ്പ് സൺ‌ഡ്യൂ..cape sundew,  നെപെന്തെസ്..nepenthes,  വീനസ് ഫ്ലൈ ട്രാപ്..venous flytrap) 
                                                                        (തൊട്ടാവാടി)
                                            മാംസഭോജി സസ്യങ്ങൾ...carnivorous plants
എങ്കിലും ഇവരൊക്കെ കുറ്റവാളികൾ എന്നു മുദ്രകുത്തപ്പെട്ടവരാണ്. പരസ്യമായിട്ടാണിവർ ഇരയെപ്പിടിക്കുന്നത്. പക്ഷെ ഈ നീലപ്പൂക്കളോ... മാന്യതയുടെ മൂടുപടത്തിനുള്ളിലും. വയൽ‌പ്പൂവുകളെന്നും നെല്ലിപ്പൂവുകളെന്നും പൊതുവെ അറിയപ്പെടുന്ന ഇവർ പീഢനത്തിനു പേരു കേട്ട നമ്മുടെ കേരളത്തിന്റെ സ്വന്തമെന്നു പറയുന്നത് അഭിമാനിക്കേണ്ട കാര്യം തന്നെ.
                                           (U. reticulata inflorescence. Photo by M. Janarthanam.)
വള്ളിച്ചെടിയാണോ കുറ്റിച്ചെടിയാണോ എന്ന് കാഴ്ചക്കാരിൽ ആശങ്കയുണർത്തുന്ന ഈ കുഞ്ഞു ചെടിയുടെ ഉയരം ഏറിയാൽ ഇരുപത് സെന്റീമീറ്റർ ഉണ്ടാവും. അതിന്റെ അറ്റത്ത്, കൂണുപോലെ, ഏകദേശം പത്തു മില്ലീമീറ്റർ വ്യാസത്തിലുള്ള കുഞ്ഞ് മൊട്ട് വരും. പിന്നത് ഭംഗിയുള്ള നീലപ്പൂവായി പൊട്ടി വിടരും. പൂക്കളുടെ ഭംഗിയിൽ ആകൃഷ്ടരായെത്തുന്ന പ്രാണികളെ, തങ്ങളുടെ പരാഗണ സദ്യ യേകി  വിത്തറ പോലെ തോന്നിക്കുന്ന സഞ്ചിക്കുള്ളിലേക്ക് ഇവർ‌ ആനയിക്കും. കഴിഞ്ഞു.. പിന്നവൻ പുറം ലോകം കാണില്ല. പുറമേ ഈ പൂക്കൾ അപ്പോഴും ചിരിക്കുന്നുണ്ടാവും. അമർന്നു പോയ നിലവിളികൾ‌ കാറ്റാവുമോ കട്ടെടുക്കുന്നത്?
                                                  (മാടായിപ്പാറയിലെ വയൽ‌പ്പൂവുകൾ)
                                   ( ഇവിടെ ക്ലിക്കിയാൽ സൈന്ധവം ബ്ലോഗിൽ പോകാം )
വനാന്തരങ്ങളിലൂടെ സഞ്ചരിച്ച്, കഷ്ടപ്പാടുകൾ സഹിച്ച്, സസ്യങ്ങളിലെ ഭീകരരെ പുറം ലോകത്തിനു കാട്ടിക്കൊടുക്കാൻ ഗവേഷകർ യത്നിക്കുമ്പോൾ, ചിരിപ്പൂക്കൾ പൊഴിച്ച് ഒരായിരം വയൽ‌പ്പൂക്കൾ നമ്മളെ മാടി വിളിച്ച്, നമ്മുടെ വയലോരങ്ങളിലും പാതയോരങ്ങളിലും പ്രാണികൾക്കായുള്ള കെണിയൊരുക്കി കാത്തു നിൽക്കുന്നുണ്ടാവും.

തുമ്പയേയും തെച്ചിയേയും പോലെ ഇവയും വംശനാശം വന്നു പോയിരിക്കുമെന്നു ആശ്വസിക്കണ്ട. ദുഷ്ടനെ ദൈവം പന പോലെ വളർത്തുമെന്നല്ലേ. മാടായിപ്പാറയുടെ ഹൃദയത്തിലേക്കുള്ള യാത്രയിൽ സൈന്ധവം എന്ന ബ്ലോഗിൽ പറയുന്നുണ്ട് ആ പാറയുടെ പരിസരത്തിന്നും ഇവർ നിലനിൽക്കുന്നുവെന്ന്, അതേ പ്രൌഡിയോടെ. ഒന്നു ശ്രദ്ധിച്ചാൽ നമ്മുടെ പാതയോരങ്ങളിലും ഇനിയും അവശേഷിക്കുന്ന പാടവരമ്പത്തുമൊക്കെ നമുക്കീ പകൽ‌മാന്യന്മാരെ കാണാം.

സൌമ്യ എന്നൊരു പാവം പെണ്ണിനെ കശക്കിയെറിഞ്ഞ ഗോവിന്ദച്ചാമിയെപ്പോലുള്ളവർ ഈ സമൂഹത്തിലുണ്ട്. അവർക്ക് നമ്മൾ ഭീകരന്മാരുടെ സ്ഥാനവും ചാർത്തിക്കൊടുത്തിട്ടുണ്ട്. പക്ഷേ നമുക്ക് ചുറ്റും ചിരിക്കുന്ന മുഖങ്ങളിലേതിലൊക്കെയോ ചതി ഒളിഞ്ഞിരിക്കുന്നില്ലേ? മാന്യതയുടെ മുഖം‌മൂടിയണിഞ്ഞ്, നമ്മുടെ ദുഃഖത്തിലും സന്തോഷത്തിലും ഒപ്പം നിൽ‌ക്കുന്നുവെന്ന് കാണിച്ച്, നമുക്കായുള്ള ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്നവരെ ഓർമ്മിപ്പിക്കുകയല്ലേ പ്രപഞ്ചസൃഷ്ടാവ് ഈ വയൽ‌പ്പൂവുകളുടെ സൃഷ്ടിയിലൂടെ?

ആ സസ്യത്തിന്റെ ആവാസവ്യവസ്ഥയുടെ പരിണതഫലമായിട്ടാണ് അവ അങ്ങനെ ചെയ്യുന്നതെന്ന് വാദിക്കാം. പക്ഷേ, നമുക്കതീതമായ പ്രപഞ്ചത്തിലെ സർവ്വ ചരാചരാങ്ങളേയും നിയന്ത്രിക്കുന്ന ശക്തിയുടെ മുന്നറിയിപ്പാണിതെന്നു കരുതുന്നതിലും തെറ്റില്ല.

പ്രകൃതിയിലെ ഓരോ അണുചലനത്തിനും അർഥമുണ്ട്, തിരക്കുകൾക്കിടയിൽ മനുഷ്യൻ ശ്രദ്ധിക്കാതെ പോകുന്ന പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങളാണവ. പ്രകൃതിയോട് ചേർന്നിരിക്കുമ്പോൾ മാത്രമാണ് മനുഷ്യൻ പൂർണ്ണനാവുന്നത്... അകലും തോറും അവൻ‌ അവന്റെ തന്നെ നാശത്തിന്റെ കുഴി തോണ്ടുന്നു. മനുഷ്യനെന്നിത് മനസിലാക്കി ജീവിക്കും?

വാൽക്കഷ്ണം :  “ മാരീചൻ മനോഹരമായൊരു പൊൻ‌മാനായി
                          ചാരുപുള്ളികൾ‌ വെള്ളി കൊണ്ട് നേത്രങ്ങൾ‌ രണ്ടും
                          നീലക്കൽ‌കൊണ്ട് ചേർത്തു മുഗ്ദ്ധഭാവത്തോടോരോ
                           ലീലകൾ‌ കാട്ടിക്കാട്ടി കാട്ടിലുൾപ്പുക്കും പിന്നെ
                           വേഗേനെ പുറപ്പെട്ടും തുള്ളിച്ചാടിയുമനു-
                           രാഗ ഭാവേന ദൂരെപ്പോയ് നിന്നു കടാഷിച്ചും
                           രാഘാവാശ്രമ സ്ഥലോപാന്തേ സഞ്ചരിക്കുമ്പോൾ
                           രാകേന്ദുമുഖി സീത കണ്ടു വിസ്മയം പൂണ്ടാൾ...”


അവലംബം :   വയൽ‌പ്പൂവുകൾ/ നെല്ലിപ്പൂ

Wednesday, September 21, 2011

ഇനിയൊന്നു വിതുമ്പട്ടെ ഞാൻ‌..?

ജന്മം കൊടുത്ത മക്കളുടെയുടലുകൾ‌
ചിതറിത്തെറിച്ചതെൻ‌ നെഞ്ചിൽ‌
സിരയിൽ‌ നിന്നുരുവാർ‌ന്ന ചോര
ചീറ്റിത്തെറിച്ചതെൻ‌ കണ്ണിൽ‌

ഇനിയൊന്നു വിതുമ്പട്ടെ ഞാൻ‌?

പാൽ‌ചുരത്തിയ നെഞ്ചിലേക്കെന്നും
കത്തിയാഴ്ത്തി ചിരിച്ചു നിങ്ങൾ‌
എന്നുടുചേല കീറിവിറ്റിട്ടാ മണ്ണിൽ‌
വാനോളമുയരുന്ന സൌധങ്ങൾ‌ പണിതു

ചവിട്ടിയും പല്ലും നഖവുമാഴ്ത്തിയും
നിങ്ങളേകിയ മുറിവുകൾ‌
നിണമാർ‌ന്നിടുമ്പൊഴും ഞാൻ‌ ചിരിച്ചു
“നിങ്ങളെന്റെ മക്കൾ‌”

കുടിച്ചു വറ്റിച്ചൊരെൻ‌ ജീവനും
കീറിപ്പറിച്ചൊരെൻ‌ താരുണ്യവും
തിരികെ ചോദിക്കുന്നീല ഞാൻ‌
പക്ഷേ, കൊന്നെറിഞ്ഞൊരെൻ‌
മക്കളിലൊന്നിനെ മടക്കി തരുമോ?

നെഞ്ചിലടക്കിയ തേങ്ങലിൻ‌ ഭാരം
ഇനി വയ്യ, ഒന്നു വിതുമ്പട്ടെ ഞാൻ‌

ഹൃത്തടമെന്നിലൊന്നാഞ്ഞു തുടിച്ചാൽ‌
സ്വപ്നമേടകൾ‌ മണ്ണിലമരും
ഞെരിഞ്ഞടങ്ങും നിങ്ങളും,
കല്ലാൽ‌ പണിയിച്ച ഹൃദയവും

കണ്ണിൽ‌ നിന്നടരുമൊരു തുള്ളി പോലും
നിൻ‌ സ്ഫടിക സാമ്രാജ്യങ്ങൾ‌ തച്ചുടയ്ക്കും
രാക്ഷസത്തിരയായ് നിന്നെ വിഴുങ്ങും
ശേഷിപ്പിനായ് പിന്നെ ചരിത്രം തിരയാം

നോവേറ്റും അതെന്നിൽ‌ വീണ്ടുമെങ്കിലും,
ഇനി വയ്യ, ഒന്നു വിതുമ്പട്ടെ ഞാൻ‌

Wednesday, September 14, 2011

പ്രകൃതിയിലെ ശിൽ‌പ്പികൾ...

ശില്പിയും ശില്പങ്ങളും മനുഷ്യനുണ്ടായ കാലം മുതൽക്കേ ജീവിതത്തിന്റെ ഒരു ഭാഗമായി കൂടെയുണ്ട്. ശിലായുഗം തന്നെ അതിന്റെ തെളിവാണ്. ഗുഹാവാസിയായിരുന്ന ആദിമ മനുഷ്യനിൽ നിന്നും ഇന്നത്തെ ആധുനിക മനുഷ്യനിലേക്കുള്ള പ്രയാണത്തിനിടയിൽ ആ കലയ്ക്കും ഒട്ടേറെ മാറ്റം സംഭവിച്ചു.

                                                                  (ഇടയ്ക്കൽ ഗുഹ)
വെണ്ണക്കല്ലിൽ കൊത്തിയ കവിത പോലെ തലയെടുത്ത് നിൽക്കുന്ന നമ്മുടെ താജ്‌മഹൽ തന്നെ മകുടോദാഹരണം. ലോകാൽഭുതങ്ങളിലിടം നേടാൻ ഭാരതത്തിന്റെ തുറുപ്പ് ചീട്ട്. അംബരചുംബിയായി നിലകൊള്ളുന്ന ബുർജ് ഖലീഫയിലെത്തി നിൽക്കുന്ന മനുഷ്യന്റെ നിർമ്മാണകലയുടെ പ്രാഗൽഭ്യം പറഞ്ഞറിയിക്കേണ്ട കാര്യമില്ല തന്നെ.
നമ്മുടെ കൊച്ചു കേരളത്തിനും അഭിമാനിക്കാനിത്തരം കൊച്ചു കൊച്ച് അൽഭുതങ്ങൾ സ്വന്തമായിട്ടുണ്ടെന്ന് മറക്കണ്ട. അനന്തപുരിയുടെ രാജവാഴ്ചയുടെ ശേഷിപ്പായി നില കൊള്ളുന്ന മേത്തൻ മണി. സമയമറിയിക്കാനത് ശബ്ദമുണ്ടാക്കുന്നത് രണ്ടു വശത്തുമുള്ള മുട്ടനാടുകളുടെ പ്രതിമകൾ പാഞ്ഞു വന്ന് തലയുടെ പ്രതിമയിൽ ഇടിക്കുമ്പോഴാണു. ഒരു കാലത്ത് തിരുവനന്തപുരത്തിന്റെ നാഡീസ്പന്ദനമായിരുന്നു ഈ നാഴികമണി.
(മേത്തൻ മണി)

ഇന്ന് തമിഴ്നാട്ടിന്റെ ഭാഗമെങ്കിലും തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള ശുചീന്ദ്രം ക്ഷേത്രത്തിലെ , ശിൽ‌പ്പിയുടെ പ്രാഗൽഭ്യത്താൽ ജീവൻ വച്ചുവെന്ന് പറയപ്പെടുന്ന മഹാകായ ഹനുമാൻ പ്രതിമ, പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള രഹസ്യ തുരങ്കം, ശംഖുമുഖം ബീച്ചിൽ ഉറങ്ങുന്ന മദാലസയായ മത്സ്യകന്യക, മലമ്പുഴയിലെ യക്ഷി, അറയ്ക്കൽ കൊട്ടാരം, ബേക്കൽ കോട്ട ഇതെല്ലാം നമ്മുടെ ശില്പചാതുരിക്ക് വിളിച്ച് പറയാവുന്ന നേട്ടങ്ങൾ തന്നെ.
(കന്യാകുമാരിയിലെ തിരുവള്ളുവരുടെ പ്രതിമ)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് ദൃഷ്ടി പായിച്ച് നിൽക്കുന്ന തിരുവള്ളുവരുടെ പ്രതിമ, വിജയനഗരത്തിലെ ക്ഷേത്ര ശില്പങ്ങളും വിട്ടലയിലെ ഗരുഡരഥത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്ന സപ്തസ്വരങ്ങളുതിർക്കുന്ന തൂണുകളോട് കൂടിയ മണ്ഡപവും, ശ്രാവണ ബഗോളയിലെ ബുദ്ധപ്രതിമ, തഞ്ചാവൂരിലെ ക്ഷേത്രങ്ങൾ, ഡെൽഹിയിലെ ചുവപ്പ്കോട്ട, മണിപ്പൂരിലെ പ്രകൃതിയ്ക്ക് അനുയോജ്യമായി നാലു തൂണുകൾക്ക് മേൽ കെട്ടിയുയർത്തിയ സകലസജ്ജീകരണങ്ങളോടും കൂടിയ വീടുകൾ, തുടങ്ങിയവയെല്ലാം ഈ കരവിരുതുകൾ എടുത്ത് കാട്ടുന്നവയാണ്.

ഈ നേട്ടങ്ങൾക്കൊക്കെ പിന്നിൽ മനുഷ്യന്റെ അനേകശതം വർഷങ്ങളിലെ മാനസികവും ശാരീരികവും ബൌദ്ധികവുമായ അദ്ധ്വാനമുണ്ടെന്ന സത്യം അംഗീകരിക്കുമ്പോൾ നമ്മളറിയാതെ പോകുന്നത് ജന്മനാ ഈ സിദ്ധികൾ വശമായ പ്രകൃതിയുടെ ചില ശിൽ‌പ്പികളെയാണ്.

ദുർബ്ബലരായ ചിതലുകൾ മുതൽ ബീവറുകൾ വരെ പ്രകൃതിയിലെ ഒന്നാന്തരം എഞ്ചിനീയർമാരാണെന്നു അറിയുമോ. ജനിച്ചു വീഴുന്ന സമയം മുതൽ ഈ സർഗ്ഗസാങ്കേതിക വിദ്യ അവർക്ക് സ്വായത്തമാണെന്നും മറക്കരുത്. ലോകൈക നാഥന്റെ സൃഷ്ടി വൈദഗ്ദ്ധ്യം.

കാഴ്ചയില്ലാത്തവരായ ചിതലുകൾ കെട്ടിപ്പൊക്കുന്നത് മനുഷ്യനോളം പൊക്കമുള്ള ചിതൽ‌പ്പുറ്റുകളാണെന്ന് പറഞ്ഞാൽ, അവർ മനസ് വച്ചാൽ ഒറ്റ രാത്രി കൊണ്ട് ഒരു ബ്രഹ്മാണ്ഡ കെട്ടിടം നിലം പരിശാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? അതിശയിക്കേണ്ട അത് സംഭവനീയമാണ്.
കോളനി വ്യവസ്ഥയിൽ ജീവിക്കുന്ന ഇവർ കെട്ടിപ്പൊക്കുന്നത് അനേകം അറകളോടു കൂടിയ കൂടാണ്. രാജാവിനും രാജ്ഞിക്കും, ജോലിക്കാർക്കും, പട്ടാളക്കാർക്കും, മറ്റു ജീവികളെ വളർത്താനുമൊക്കെ വെവ്വേറേ അറകളുണ്ടാവും. ഇടുങ്ങിയ വഴികളോട് കൂടിയവയാണെങ്കിലും താപനിയന്ത്രണത്തിനും വായു സഞ്ചാരത്തിനും അനുയോജ്യമായ രീതിയിലാണവ നിർമ്മിക്കുക. പൊതുവേ ആരോഗ്യം കുറഞ്ഞ ജീവികളായതു കൊണ്ട് ഇവ സഞ്ചരിക്കുന്ന വഴികൾ പോലും കൂടു നിർമ്മിക്കുന്ന നനഞ്ഞ മണ്ണു കൊണ്ട് മിനുസപ്പെടുത്തിയിരിക്കും. താപ നിയന്ത്രണാർത്ഥം ചില ഭാഗങ്ങളിലെ ഭിത്തികൾ അതി ലോലമായിട്ടായിരിക്കും നിർമ്മിച്ചിരിക്കുന്നത്. തുറന്നിരിക്കുന്ന ഭാഗമാകട്ടെ കാറ്റിനെ കൂട്ടിന്റെ ഉള്ളറകളിൽ വരെ എത്തിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കും, ഒരു ഇരുത്തം വന്ന ആർക്കിടെക്ടിനെപ്പോലെ.
(ആസ്ട്രേലിയയിൽ കാണപ്പെട്ട ഭീമാകാരൻ ചിതൽ‌പ്പുറ്റ്)

തേനിഷ്ടപ്പെടാത്ത ആരും ഉണ്ടാവില്ല. അതിന്റെ ഉൽ‌പ്പാദകരെ പരിചയപ്പെടുത്തേണ്ട ആവശ്യവും ഇല്ല. തേനീച്ചയുടെ കുത്ത് കൊള്ളാത്തതായി നമുക്കിടയിൽ എത്ര പേരുണ്ടാവും. അവയുടെ കൂടു ശ്രദ്ധിച്ചിട്ടുണ്ടോ? ജ്യാമീതീയ നിർമ്മിതിയാണ്. ഹെക്സഗണൽ ആകൃതിയിലുള്ള അറകൾ അടുക്കി അടുക്കി വച്ചതു പോലെയാണാ കൂട്. ഇവിടെ നമ്മളാലോചിക്കേണ്ടത്, എന്തിനവ ഈ ആകൃതിയിൽ അറകൾ നിർമ്മിക്കുന്നു എന്നാണ്. ജ്യാമീതീയ രൂപങ്ങളിൽ ത്രികോണവും ചതുരവും ഹെക്സഗണും ഒഴിച്ച് മറ്റേത് രൂപങ്ങൾ ചേർത്ത് വച്ചാലും ഇടയ്ക്ക് ഉപയോഗശൂന്യമായ സ്ഥലം ഉണ്ടാവും. എങ്കിലെന്തുകൊണ്ടവ ത്രികോണവും ചതുരവും പരീക്ഷിക്കുന്നില്ല എന്നല്ലേ നിങ്ങളിപ്പോ ചിന്തിക്കുന്നത്. ത്രികോണവും ചതുരവുമായി താരതമ്യം ചെയ്യുമ്പോൾ ഹെക്സഗണിനാണു ഉള്ളിൽ കൂടുതൽ സ്ഥലം കിട്ടുക. കണ്ടോ ഈ ഇത്തിരിക്കുഞ്ഞന്മാരുടെ ബുദ്ധി.
പക്ഷികളിലും ഇത്തരം എഞ്ചിനീയർമാരുണ്ട് കേട്ടോ. നല്ലൊരുദാഹരണം വീവർ ബേർഡ് ആണു. നെയ്ത്തുകാരൻ പക്ഷീന്നു വിളിക്കുന്ന, ചുണ്ടുകൾ നീണ്ട ഒരു കുഞ്ഞു വിരുതൻ. സ്കൌട്ട്സിനും ഗൈഡ്സിനുമൊക്കെ പോകുന്ന കുട്ടികളോട് ചോദിച്ചാൽ പറയും നോട്ട്സുകൾ (knots) എത്ര വിധമെന്ന്. എഴുതുന്ന നോട്ടോ കാശോ അല്ലാ ഈ നോട്ട്സ്. കെട്ടുകൾ, കയറു കൊണ്ട് എത്ര വിധത്തിൽ കുരുക്കിടാമെന്ന് അവരെ പഠിപ്പിക്കുന്നുണ്ട്. മരത്തിൽ കയറു കെട്ടാൻ നമ്മളെന്താ ചെയ്യുക? അതിനെ മടക്കി ശിഖരത്തിൽ ലംബമായി വച്ചിട്ട് ഞാന്നു കിടക്കുന്ന രണ്ടറ്റവും ഒന്നു ചുറ്റിയെടുത്ത് ആ വളയത്തിലൂടെ പുറത്തെടുത്ത് വലിച്ച് മുറുക്കും, അതല്ലേ പതിവ്? ഈ കുഞ്ഞു പക്ഷിയും തന്റെ കൂട് ഞാത്തിയിടാൻ ആ വിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. നമ്മൾ രണ്ട് കൈ കൊണ്ടും ചെയ്യുന്നത് ഈ പാവം കൊക്കും കാലുകളും കൊണ്ട് ഒരു സർക്കസൊക്കെ കളിച്ചാണു ചെയ്യുന്നതെന്നു മാത്രം. ഞാത്ത് റെഡിയായിക്കഴിഞ്ഞാൽ പിന്നെ കൂട് നിർമ്മാണമായി. അടിയിലൂടെ കൂട്ടിലേക്ക് കയറാനും സൈഡിൽ പുറത്തേക്കുള്ള വെന്റിലേഷനുമുൾപ്പടെ ഫുൾ സെറ്റപ്പിലാണ് ആ കൂടുകൾ. അടിയിൽ വാതിലുള്ളതു കൊണ്ട് മുട്ടകളൂർന്നു പോകുമെന്ന് കരുതരുത്. മുട്ടകൾ സൂക്ഷിക്കാനും അടയിരിക്കാനും ഉള്ള സജ്ജീകരണങ്ങൾ ഈ കൂടിനകത്ത് അവൻ ഭംഗിയായി ഒരുക്കീട്ടുണ്ടാവും.
ഇനി നമുക്ക് വളരെ പരിചിതനായ ഒരാളുടെ കരവിരുത് ശ്രദ്ധിക്കാം. മച്ചിലും ചുമരിലും, എന്തിന് സകലയിടത്തും നമുക്കിയാളെ കാണാം. ആരാന്നല്ലേ, സാക്ഷാൽ ചിലന്തി അഥവാ എട്ടുകാലി. പണ്ട് തോറ്റോടിയ ഒരു രാജാവിന് തോൽ‌വി മറന്ന് രാജ്യങ്ങൾ കീഴടക്കാനുള്ള ബുദ്ധി ഉപദേശിച്ചു കൊടുത്ത കക്ഷി. ആൾക്ക് വായിലാണ് വല കെട്ടാനുള്ള രാസവസ്തു ഉള്ളത്. അത് വായുവിലേക്ക് തള്ളുമ്പോൾ നേർത്ത ഒട്ടുന്ന നൂലുകൾ രൂപപ്പെടും. ഈ നൂലുകൾ തലങ്ങും വിലങ്ങുമായി ഒട്ടിച്ച് വലയ്ക്ക് അടിത്തറ കെട്ടും. പിന്നെ വട്ടത്തിൽ ചുറ്റി അതൊരു നല്ല വലയാക്കി നെയ്തെടുക്കും. പുറത്തൂന്ന് ഉള്ളിലേക്കാ നെയ്തു പോകുന്നത് കേട്ടോ. എന്നിട്ടിവൻ നടുവിൽ ഇരുപ്പും ഉറപ്പിക്കും ഇരയേയും പ്രതീക്ഷിച്ച്.
ഇവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് ബീവർ. കരണ്ടുതീനി എന്ന പേരിലാണു ഇവനറിയപ്പെടുന്നത്. തണുപ്പ് പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. എഞ്ചിനീയർമാരുടെ ഇടയിലിവർക്കാണു മുൻ‌ഗണന. അതിശയിക്കേണ്ട ഇവരുടെ വീടു നിർമ്മാണം അത്തരത്തിലാണ്. പ്രകൃതി അനുഗ്രഹിച്ച് കൊടുത്തിരിക്കുന്ന ഉളി പോലത്തെ മുൻ‌നിരപ്പല്ലുകളും എത്ര ഒഴുക്കുള്ള വെള്ളത്തിലും നീന്താൻ അനുയോജ്യമായ ശരീരവും ആണ് ഇതിനവരെ പ്രാപ്തരാക്കുന്നത്.

ആണും പെണ്ണും കണ്ടു മുട്ടുന്നതോടെയാണിവർക്ക് വീടുണ്ടാക്കണമെന്ന് തോന്നിത്തുടങ്ങുന്നത്. അധികവും വെള്ളത്തിൽ കഴിയുന്നവരാകയാൽ വെള്ളത്തിൽ തന്നെ വീടും വേണം. പുഴയിലൊരു വീടു വച്ചാലുള്ള കാര്യം ആലോചിച്ച് നോക്കു. ഒഴുക്കെടുത്ത് പോയതു തന്നെ. പക്ഷേ അതിനും അവർ പ്രതിവിധി കണ്ടിട്ടുണ്ട്. പുഴയുടെ ഒഴുക്ക് തടയുന്ന അണക്കെട്ട് നിർമ്മാണമാണ് ആദ്യം. വെള്ളം കെട്ടി നിർത്തി തടാകം സൃഷ്ടിച്ച ശേഷമേ ഇവർ വീടുണ്ടാക്കുകയുള്ളൂ.
(ബീവർ)
വീടിനു അനുയോജ്യമായ സ്ഥലം കണ്ടു പിടിച്ചാൽ ആദ്യം ഇവർ തിരയുന്നത് ആ പുഴയ്ക്ക് സമീപമുള്ള വൻ മരമായിരിക്കും. കണ്ടെത്തുന്ന മരത്തിന്റെ ഇലകളിൽ കുറച്ച് ആദ്യം ഇവർ ഭക്ഷിക്കും. പിന്നെ ചുവട്ടിൽ കരണ്ട് തുടങ്ങും. പക്ഷേ അവിടേയും ഇവരുടെ ബുദ്ധി പ്രവർത്തിക്കുന്നുണ്ട്. ചുമ്മാ കരളുകയല്ല, അതിനു പ്രത്യേക ദിശയുണ്ട്. കരണ്ടു കഴിഞ്ഞ് മരം വീഴുന്നത് കൃത്യമായും പുഴയിൽ തന്നെയാവണം. ആ ദിശയിലാണ് അവരുടെ പ്രവർത്തനം. മരം വീണു കഴിഞ്ഞാൽ പിന്നെ അതിനെ വലിച്ച് കുറുകെയിട്ട് പുഴയുടെ ഒഴുക്ക് തടയും. പിന്നേയും ശിഖരങ്ങളും ഇലകളുമൊക്കെ വലിച്ച് കൊണ്ടിട്ട് അതിനെ ശക്തമാക്കും . മൂന്നു നാലു മാസം കൊണ്ട് അതൊരു ഒന്നാന്തരം അണക്കെട്ടാവും. ശ്രദ്ധിക്കേണ്ടത് അതിന്റെ ആകൃതിയാണ്. അകത്തേക്ക് തള്ളി നിൽക്കുന്ന കോൺകേവ് ആകൃതിയിലാവും. നമ്മുടെ അണക്കെട്ടുകൾ അങ്ങനെയാണു നിർമ്മിച്ചിരിക്കുന്നതെന്ന് ഓർക്കണം. ഒഴുക്കിന്റെ ശക്തി കുറയ്ക്കാനുള്ള ബുദ്ധിയാണത്.
(ബീവറിന്റെ അണക്കെട്ട്)

തടാകം റെഡിയായിക്കഴിഞ്ഞാൽ വീടു നിർമ്മാണം തുടങ്ങുകയായി. വെള്ളത്തിന്റെ നിരപ്പിൽ നിന്നും നാലഞ്ചു മീറ്റർ അടിയിൽ ഇതു പോലെ തടിയും കമ്പും ഇലകളും കൊണ്ട് തന്നെയാണ് അവയുടെ വീട്. തണുപ്പ് കൂടുമ്പോ ജലോപരിതലം ഐസ് പാളികളായാലും അടിത്തട്ടിലെ വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പിക്കാനാണിങ്ങനെ ചെയ്യുന്നത്. എന്നാൽ ചിലർ കുറച്ച് ആർഭാടപ്രിയരാണു കേട്ടോ. അവർക്കിങ്ങനെ വെള്ളത്തിനടിയിലൊന്നും കഴിഞ്ഞാൽ‌പ്പോരാ സദാ സമയവും, അല്പം പുറം കാഴ്ചകളൊക്കെ കണ്ട് കാറ്റൊക്കെ കൊണ്ട് ഇരിക്കണം. അങ്ങനെയുള്ളവർ രണ്ടു നിലയിലാണു പണിയുക. മുകളിലത്തേത് ജലനിരപ്പിനു മുകളിൽ വെന്റിലേഷനോട് കൂടിയതാവും. താഴത്തെ നില സ്വീകരണ മുറിയും വിശ്രമസ്ഥലവുമാകുമ്പോൾ മുകളിലത്തേത് ഭക്ഷണമുറിയും കിടപ്പു മുറിയുമാണ്. അകത്തേക്ക് കയറുന്ന വാതിൽ അടിയിലായിരിക്കും. മുകളിലത്തെ നിലയിലേക്ക് കയറാൻ വീടിനകത്തുകൂടെ ഒരു വഴിയുണ്ടാകും. എങ്ങനെയുണ്ട് എയർകണ്ടീഷൻഡ് റ്റു സ്റ്റോറീഡ് ബിൽ‌ഡിംഗ്?
(ബീവറിന്റെ കെട്ടിടം)
ഇതിലൊന്നും തീരുന്നതല്ല പ്രകൃതിയിലെ ശിൽ‌പ്പികളുടെ പുരാണം.  സസൂഷ്മം നിരീക്ഷിച്ചാൽ നമുക്കു ചുറ്റും കാണം ഇതുപോലെ ഒരുപാട് കൌതുകക്കാഴ്ചകൾ. ലോകം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നമുക്കിതിനെവിടെ സമയം അല്ലേ? വിവേക ബുദ്ധിയുടെ പേരിൽ സ്വയം കേമനെന്ന് അഹങ്കരിക്കുമ്പോൾ ഒരു നിമിഷം നമുക്കീ കുഞ്ഞു ജീവികളെ ഓർക്കാം. ഒരു മഞ്ഞു തുള്ളിയിൽ പോലും അത്ഭുതത്തിന്റെ  മായാപ്രപഞ്ചം ഒരുക്കി വയ്ക്കുന്ന പ്രപഞ്ചനാഥന്റെ ശക്തിയെ വാഴ്ത്താതെ വയ്യ.
             
                                “അനന്തം അജ്ഞാതമവർണ്ണനീയം...
                                 ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം..
                                 അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നോണ്ട്
                                 നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"

അവലംബം...............  http://video.google.com/videoplay?docid=8526729375973179789


Friday, September 2, 2011

ഓണച്ചിന്തുകള്‍.....


ഇനി മലയാളിക്ക് ഓണ നാളുകൾ.. ഉത്സവത്തിന്റെ, ആഘോഷത്തിന്റെ നാളുകൾ.. വ്രതവിശുദ്ധിയുടെ നിറവിൽ നിൽക്കുന്ന മനസ്സുകളിലേക്കാണു ഇത്തവണ അത്തച്ചമയങ്ങളോടെ ഓണം പടി കയറി വരുന്നത്.. പൂക്കളമൊരുക്കി, ഓണത്തെയ്യവും ഓണക്കളികളുമായി മലയാള നാടൊരുങ്ങുന്നു... ഓണപ്പൊട്ടൻ വീടുകൾ കയറിയിറങ്ങി ഐശ്വര്യം വാരി
വിതറുന്നു.. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഓണത്തിനു വിവിധ രൂപവും ഭാവവുമാണ്.. എങ്കിലും ജാതിമതദേശഭേദമന്യേ ഒരുമയുടെ സന്ദേശം പകര്‍ന്നു നല്‍ക്കുന്നു ഓണം...കുടുംബത്തിലെ എല്ലാ അംഗങ്ങളും ബന്ധുക്കളും പരിചയക്കാരും പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് ഒരുമിച്ചിരുന്ന് കഴിക്കുന്ന ഓണസദ്യ തന്നെ മനസ്സ് കുളിര്‍പ്പിക്കുന്ന ഒരു അനുഭവമാണ് 

ഇടവഴികളലങ്കരിക്കുന്ന തുമ്പയും തെച്ചിയും മുക്കുറ്റിയും പേരറിയാപ്പൂക്കളും, സപ്തവർണ്ണങ്ങളിൽ പാറിപ്പറക്കുന്ന പൂത്തുമ്പികളും, കൈകൊട്ടിക്കളിയുടെ വള കിലുക്കവും, പുലികളിയുടെ ആർപ്പു വിളികളും, ഊരു ചുറ്റുന്ന കുമ്മാട്ടിയും, ആഞ്ഞു തുഴയെറിയുന്ന വള്ളം കളിയും, മത്സരബുദ്ധിയോടെ വടം വലിയും പിന്നെയും ഒട്ടേറെ നാടന്‍ കളികളുടെ ആരവത്തോടെയും കൊച്ചു കേരളം ഒരുങ്ങി നിൽക്കുന്നു.. പ്രവാസി പോലും പരിമിതികൾക്കുള്ളിൽ നിന്ന് ആഘോഷിക്കുന്ന മലയാളിയുടെ ഗൃഹാതുരസ്മരണയുണർത്തുന്ന വർണ്ണക്കാഴ്ചയാണു ഓണം.. പത്തു നാളുകളിലെ ഈ വർണ്ണങ്ങളൊപ്പിയെടുത്ത് അടുത്ത വർഷത്തേക്കായുള്ള കാത്തിരുപ്പാണ് പിന്നെ.. ആനുകാലിക സംഭവങ്ങൾ മനസ്സ് നോവിക്കുമ്പോഴും പൊയ്പ്പോയ നല്ല കാലത്തിന്റെ സ്മരണ പുതുക്കിയെത്തുന്ന ഓണം മലയാളിക്ക് ആശ്വാസമാകുന്നു..


      “ മാവേലി നാടു വാണീടും കാലം...
        മാനുഷരെല്ലാരുമൊന്നു പോലെ..."

ഓണത്തെക്കുറിച്ച് ചിന്തിക്കുന്ന മലയാളിയുടെ മനസ്സിലാദ്യമോടിയെത്തുന്നത് ഈ ഈരടികളാവും. കള്ളപ്പറയും ചെറുനാഴിയും ഇല്ലാത്ത, കള്ളത്തരങ്ങളില്ലാത്ത, ചതിയും പൊളിവചനങ്ങളുമില്ലാത്ത, സമ്പൽ‌സമൃദ്ധിയുടെ പ്രതീകമായ മാവേലി രാജ്യം നഷ്ടബോധത്തിന്റെ നെടുവീർപ്പായി സുമനസ്സുകളിലിന്നും നിലനിൽ‌ക്കുന്നു. തലമുറകളിലൂടെ സഞ്ചരിച്ച് നാമിന്ന് ആ മണ്മറഞ്ഞ നല്ല കാലത്തിന്റെ വിപരീതധ്രുവത്തിലാണു എത്തിനിൽക്കുന്നത്..

      “യഥാ യഥാ ഹി ധർമ്മസ്യ
       ഗ്ലാനിർഭവതി ഭാരതാ
       അഭ്യുത്ഥാനാം അധർമ്മസ്യ
       തദാത്മാനാം സൃചാത്മ്യഹം
       പരിത്രാണായാ സാധൂനാം
       വിനാ‍ശായ ചഃദുഷ്കൃതാം
        ധർമ്മസംസ്ഥാപനാർത്ഥായ
        സംഭവാമി യുഗേ യുഗേ..“

എപ്പോഴൊക്കെ സമൂഹത്തിൽ ധർമ്മത്തിനു ച്യുതി സംഭവിക്കുന്നുവോ അപ്പോഴൊക്കെ അത് പുനഃസ്ഥാപിക്കാൻ ഞാൻ അവതാരമെടുക്കും... ഭഗ‌വാൻ ഗീതയിൽ പറയുന്ന വാക്യങ്ങളാണ്..

മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ വർത്തമാനകാല സമൂഹത്തിൽ, അതിന്റെ തിക്തഫലങ്ങളിൽ മനം നൊന്ത ഏത് മനസ്സാണു  അവതാരപ്പിറവിക്ക് കൊതിക്കാതിരിക്കുക?  ദൈവപുത്രനായ് കാത്തിരിക്കാതിരിക്കുക?  പ്രവാചക വചനത്തിനായ്  ചെവിയോർക്കാതിരിക്കുക? അപ്പോഴൊക്കെയും ആശ്വാസത്തിന്റെ കുളിർതെന്നലായി  മനസ്സിലേക്കോടിയെത്തുക പൊയ്പ്പോയ മാവേലി നാടിന്റെ മധുരസ്മരണകളാണ്... മാവേലി രാജ്യവും വറ്റാത്ത സ്നേഹത്തിന്നുറവകളും തിരികെത്തരാൻ ഈ ഓർമ്മകൾക്കെങ്കിലുമാകട്ടെ എന്നാശ്വസിക്കാൻ മാത്രമേ നമുക്കിനി കഴിയൂ..


ഓണം കേരളീയന്റെയോ ഭാരതീയന്റെയോ മാത്രമെന്നഹങ്കരിക്കാൻ വരട്ടെ.. സംഘസാഹിത്യത്തിലെ പത്തുപാട്ടുകളിൽ പരാമര്ശിക്കുന്നതനുസരിച്ച് ഓണത്തിന്റെ പ്രഭവം മധുരയിൽ നിന്നാണ്. അവിടെ ഇന്ദ്രവിഴ എന്ന പേരിൽ ആഘോഷിച്ചിരുന്ന കാർഷികോത്സവം ഓണമായിരുന്നു എന്നാണു പറയപ്പെടുന്നത്..

ഇനി ഇതിന്റെ ചരിത്രം കേരളമണ്ണിലും
ഭാരത മണ്ണിലും ഒതുങ്ങുന്നില്ല..  ചരിത്രപണ്ഡിതൻ ശ്രീ എൻ. വി കൃഷ്ണവാര്യരുടെ അഭിപ്രായ പ്രകാരം പുരാതന ഇറാഖിലെ അസിറിയ എന്ന പ്രദേശത്ത സിഗുറായി ക്ഷേത്രത്തിൽ അനുഷ്ഠിച്ചു പോന്ന ആചാരങ്ങളിൽ നിന്നുമാണ് ഓണത്തിന്റെ പ്രഭവം.. പിന്നീട് തെക്കെ ഇൻഡ്യയിൽ വന്നു താമസിച്ച അവരിൽ നിന്നുമാണു കേരളത്തിലേക്ക് ഓണം വന്നതെന്നും  സിഗുറായി ക്ഷേത്ര മാതൃകയിലാണു നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും അദ്ദേഹം തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്..

പൊന്നിൻ‌ ചിങ്ങത്തേയും ഓണത്തേയും കുറിച്ച് വിവിധങ്ങളായ ഐതീഹ്യങ്ങൾ ബാക്കി നിൽക്കുന്നു.. പ്രധാനമായത് മഹാബലിയുടെ കഥയാണെങ്കിലും, പരശുരാമനുമായും, ബോധോദയം സിദ്ധിച്ച ശേഷം ശ്രവണപദത്തിലെത്തുന്ന ശ്രീ ബുദ്ധനുമായും ബന്ധപ്പെടുത്തി ഓണത്തെക്കുറിച്ച് ചരിത്രം പറയുന്നു..

മലബാർ മാനുവലിന്റെ കർത്താവ് വില്ല്യം ലോഗന്റെ അഭിപ്രായപ്രകാരം ചേരമാൻപെരുമാൾ  ഇസ്ലാം മതം സ്വീകരിച്ച് മക്കയിലേക്ക് പോയത് ചിങ്ങമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്നും ആ തീർത്ഥാടനത്തിന്റെ സ്മരണാർത്ഥം ഓണം ആഘോഷിക്കപ്പെടുന്നു എന്നുമാണ്.. ആണ്ട് പിറപ്പിനെക്കുറിച്ച്,  രാജ്യ നിഷ്കാസിതനാക്കപ്പെട്ട ചേരമൻ പെരുമാളിനു പ്രജാഹിതം മാനിച്ച് വർഷത്തിലൊരിക്കൽ തന്റെ നാടു കാണാനുള്ള അനുവാദമായും വില്യം ലോഗൻ പറഞ്ഞു വയ്ക്കുന്നുണ്ട്.

സമുദ്രഗുപ്തൻ തെക്കേ ഇൻഡ്യയിലേക്ക് പടയോട്ടം നടത്തുന്ന കൂട്ടത്തിൽ തൃക്കാക്കരയും ആക്രമിച്ചുവത്രേ. സധൈര്യം എതിർത്ത് നിന്ന അവിടത്തെ രാജാവിന്റെ കഴിവിനു മുന്നിൽ കീഴടങ്ങി അദ്ദേഹം സന്ധിക്കപേഷിച്ചു..ഈ അഭിമാനപൂർവ്വനിമിഷത്തിന്റെ അനുസ്മരണമായിട്ടാണ്
അത്തച്ചമയ  ഘോഷയാത്രയോട് കൂടി ഓണം ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു.

കഥകളെന്തായാലും ഇടവമാസം മുതൽ കർക്കിടകമാസം വരെ മഴ കാരണം തടസ്സപ്പെടുന്ന വ്യാപാരങ്ങളുടെ ഉന്മേഷപൂർവ്വമായ തുടക്കമാണു ചിങ്ങമെന്നും അതിന്റെ സമ്പൽ‌സമൃദ്ധിയുടെ പൂർണ്ണതയിൽ ഓണം ആഘോഷിക്കുന്നുവെന്നും ഉള്ള ചരിത്ര സത്യം തള്ളിക്കളയാവുന്നതല്ല. ഓണം പണ്ടത്തെ ഒരു കൊയ്ത്തുത്സവമായിരുന്നു എന്നുള്ളതും ഓര്‍ക്കണം.
  
ഓണത്തിന്റെ ഐതീഹ്യത്തെക്കുറിച്ച് തർക്കങ്ങളൊരുപാട് ബാക്കി നിൽക്കുമ്പോഴും ചരിത്ര ഗവേഷണങ്ങൾ മുറപോലെ നടക്കുമ്പോഴും മലയാളി ആ സ്വർഗ്ഗസമാനമായ പഴയകാലസ്മരണയെ മനസ്സിനോട് മുറുകെപ്പിടിക്കാൻ കൊതിക്കുന്നു..

പുരാണങ്ങളിൽ വിഷ്ണുവിന്റെ പത്തവതാരങ്ങളെക്കുറിച്ച് പറയുന്നു..

മത്സ്യകൂർമ്മ വരാഹഛഃ നരസിംഹഛഃ വാമനാഃ
രാമോപി രാമഃ രാമഛഃ ബുധഃ കൽക്കീ ജനാർദ്ധനാഃ..

വേദങ്ങൾ വീണ്ടെടുക്കാൻ മത്സ്യമായും, പാലാഴിമഥനവേളയിൽ താഴ്ന്നു പോയ മന്ഥരപർവ്വതത്തെ വീണ്ടെടുക്കാൻ കൂർമ്മം (ആമ) ആയും, ഭൂമീദേവിയെ രക്ഷിക്കാൻ വരാഹമായും, ഹിരണ്യകശിപുവിനെ വധിക്കാൻ നരസിംഹമായും, അസൂയാലുക്കളായ ദേവകളുടെ ആവശ്യാർത്ഥം മഹാബലിയെ ഇല്ലായ്മ ചെയ്യാൻ വാമനനായും, ധർമ്മം വിട്ടു ചരിച്ച ക്ഷത്രിയരെ നിഗ്രഹിക്കാൻ പരശുരാമനായും, രാവണവധത്തിനു ശ്രീരാമനായും, ക്ഷിതിപരിപാലനത്തിനു കൃഷ്ണ-ബലരാമന്മാരായും ഒടുവിൽ കലിയുഗത്തിൽ കൽക്കിയായും അവതാരമെടുത്തു എന്നാണു വ്യാഖ്യാനം..

അങ്ങനെയെങ്കിൽ ഒരു സംശയം ബാക്കിയാവുന്നു... പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നാണു പറയപ്പെടുന്നത്... അപ്പോൾ‌ പരശുരാമൻ ജീവിച്ചിരുന്ന യുഗത്തിനു മുന്നേയുള്ള വാമനാവതാരക്കാലത്ത് മഹാബലി എങ്ങനെ കേരളം ഭരിച്ചു എന്നതാണു ചോദ്യം.. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം വി.ജെ.റ്റി ഹാളിൽ കോളേജ് സ്റ്റുഡന്റ്സിനെ ഉൾക്കൊള്ളിച്ച് ഓണത്തെക്കുറിച്ചൊരു ചർച്ച നടന്നു.. അന്നീ സംശയം ഞാൻ വേദിയിൽ ഉന്നയിച്ചെങ്കിലും തൃപ്തികരമായൊരുത്തരം എനിക്ക് ലഭിച്ചില്ല.. എവിടെയോ വായിച്ചൊരു സംശയം ചോദിച്ചതായിരുന്നു... അതിന്നും മനസ്സിൽ ചോദ്യമായി അവശേഷിക്കുന്നു..

മഹാബലിയുടെ കഥയുമായി ഇന്നത്തെ സമൂഹത്തിനും ഭരണത്തിനുമാണേറെ ബന്ധം.. നന്നായി ഭരിക്കുന്നവരുടെ കസേര വലിക്കുന്നൊരേർപ്പാട്.. തന്റെ സിംഹാസനം നഷ്ടമാകുമോ എന്നു ദേവേന്ദ്രൻ ഭയന്നതിന്റെ അനന്തരഫലം.. പാവം ബലി മഹാരാജാവു പാതാളത്തിലേക്ക് യാത്രയായി.. ഒന്നു താഴ്ന്നുകൊടുത്താൽ‌ തലയിൽക്കേറുന്ന നയമാണു വാമനൻ കാണിച്ചത്.. അങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കിൽ നമുക്കിന്ന് ഇങ്ങനെ മനസ്സ് കുളിർപ്പിക്കാൻ ഒരു ഓണം കിട്ടില്ലായിരുന്നല്ലോ എന്നോർത്തിനി സമാധാനിക്കാം.

ചുറ്റും കണ്ണീരും വേദനയും മാത്രമുള്ളൊരു സമൂഹമാണു നമ്മുടേത്.. വായിക്കുന്ന വാർത്തകൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നവയും.. മനസ്സറിഞ്ഞ് സന്തോഷിക്കാനാവില്ലെങ്കിലും തൽക്കാലം ഇത്തരം ചിന്തകൾക്ക് അവധി കൊടുക്കാം.. കൊല്ലത്തിലൊരിക്കൽ തന്റെ നാടു കാണാൻ വരുന്നുവെന്നു വിശ്വസിക്കുന്ന ആ ഭരണാധികാരിയെ അദ്ദേഹത്തിന്റെ നാട് അന്നത്തെപ്പോലെ തന്നെ ഇപ്പോഴും എന്ന് തെറ്റിദ്ധരിപ്പിച്ച് മടക്കി അയയ്ക്കാം... ആ നല്ല ആത്മാവ് സന്തോഷിക്കട്ടെ...


അകലെയെങ്ങോ ഒരു പൂവിളി കേൾക്കുന്നുണ്ട്.. അപ്പോ നമുക്കും ആവാം അല്ലേ...വിഷമങ്ങൾക്കും കണ്ണീരിനും ഒരിടവേള നൽകി മനസ്സിൽ പുതിയൊരുന്മേഷം നിറച്ച് സർവ്വശക്തിയോടും നമുക്കു വിളിക്കാം......... “ആർപ്പോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ....... ”


റഫറൻസ്..........ഓണത്തെക്കുറിച്ചുള്ള ബൌദ്ധസങ്കൽ‌പ്പത്തിനു ആധാരം : പുസ്തകം : അന്വേഷണം ആസ്വാദനം - വേലായുധൻ പണിക്കശേരി (കറന്റ്ബുക്സ്) /പേജ് 95-97

ശ്രീ.എൻ.വി കൃഷ്ണവാര്യർ‌ സാറിന്റെ പരാമർശം അദ്ദേഹത്തിന്റെ “എൻ.വിയുടെ ഗവേഷണ പ്രബന്ധങ്ങൾ”, “അന്വേഷണങ്ങൾ കണ്ടെത്തലുകൾ” എന്നീ രണ്ട് പുസ്തകങ്ങളിലും കാണാം..

ഓണത്തെ പരശുരാമനുമായി ബന്ധപ്പെടുത്തി പറയുന്നത് ഐതീഹ്യമാലയിലാണ്.ശ്രീ എൻ.വിയുടെ തന്നെ “ഓണം ദ്രാവിഡനാട്ടിൽ” എന്ന ലേഖനത്തിൽ ഓണത്തിനു നാടുകാണാൻ വരുന്നത് പരശുരാമനാണു എന്നു ഗുണ്ടർട്ട് രേഖപ്പെടുത്തിയിട്ടുള്ളതായി പറയുന്നു.

~~~~END~~~~