Thursday, October 16, 2014

മാധവീലതകൾ പൂക്കുമ്പോൾ...

“സാധനം ഇങ്ങോട്ട് മാറി നിൽക്കാ... ന്തേലും പറയാനുണ്ടാവോ?”

കുനിഞ്ഞ ശിരസ്സുയർത്തി ശബ്ദം കേട്ട ദിക്കിലേക്ക് അവൾ നോക്കി.

ആ കണ്ണുകളിൽ പരിഭ്രമത്തിന്റെ നിഴലുണ്ടായിരുന്നില്ല.

വന്യമായ തിളക്കം.

എന്തിനോടോ ഉള്ള പക.
                      
വിശിഷ്ടവ്യക്തികൾ സന്നിഹിതരായ സ്മാർത്ത വിചാര വേദി.

സ്മാർത്തകൻ ജയദേവൻ നമ്പൂതിരി വിയർക്കുന്നു.

കൊച്ചീ രാജാവിന്റെ മുഖത്തും അസ്വസ്ഥതയുടെ നേരിയ നിഴൽ കാണാം.

വിറയ്ക്കാത്ത സ്ത്രീ ശബ്ദം ആവർത്തിച്ചു, “അടുത്ത ആളുടെ പേരു പറയാമോ?”

“മതി..!” രാജാവിന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു.



എന്താവും ആ മുഖത്തെ ഇപ്പോഴത്തെ ഭാവം?

അവളുടെ തുടുത്ത ചെഞ്ചൊടികളുടെ കോണിൽ വിടർന്നു കൊഴിയുന്നൊരു പുഞ്ചിരിപ്പൂവിനായി  കണ്ണുകൾ ആർത്തിയോടെ പരതി.

“ടീച്ചറെ...ഇതാണു താത്രിക്കല്ല്..”

സ്വപ്നലോകത്തിന്റെ പടികൾ വഴുതി വീണത് അലോസരപ്പെടുത്തിയ ആ ശബ്ദശകലങ്ങളിലേക്കായിരുന്നു.

സ്ഥലകാലബോധം വീണ്ടെടുക്കാൻ പിന്നെയും നിമിഷങ്ങൾ വേണ്ടി വന്നു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നവളെപ്പോലെ പകച്ച മിഴിയോടെ ആ കല്ലിലേക്ക് നോക്കി.

സർപ്പശിലകളെ അനുസ്മരിപ്പിക്കുമാറ് വന്യമായ സൌന്ദര്യത്തോടെ “താത്രിക്കല്ല്” നിലകൊള്ളുന്നു.

ഒന്നുകൂടെ കല്ലിലേക്ക് കണ്ണുകൾ തറപ്പിച്ചു.

കുപ്പിവളകൾ നിലത്തുവീണുടയും പോലെ അവൾ ചിരിക്കുന്നുണ്ടോ, വശ്യമായി?

കുറ്റിയറ്റ്, അന്യാധീനമായ കൽ‌പ്പകശ്ശേരി ഇല്ലപ്പറമ്പിലെ വൃക്ഷലതാദികളെ തഴുകി അപ്പോഴും കാറ്റ് വീശുന്നുണ്ടായിരുന്നു.

കണ്ണീരിന്റെ നനവുള്ള കാറ്റ്.

“ടീച്ചർ, ഉച്ചകഴിഞ്ഞാൽ ഇവിടെ നിൽക്കണത് അത്ര പന്തിയല്യാ. താത്രിക്കുട്ടീടെ ആത്മാവ് ഇവിടൊക്കെ അലഞ്ഞു തിരിയുന്നുണ്ടത്രേ...” വഴികാട്ടിയുടെ മുന്നറിയിപ്പ്.

എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കിവച്ച മനസ്സുമായി ഇല്ലപ്പറമ്പിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സിനെ ആരോ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു...

അത് അവളാകുമോ, താത്രിക്കുട്ടി?

പ്രഭുത്വം കൊടികുത്തിവാഴുന്ന കാലം.

ആൺ‌മേൽക്കോയ്മയുടെ മറ പറ്റി നെടുവീർപ്പ് വിട്ടിരുന്ന അന്തർജ്ജനങ്ങൾ എന്നു മുദ്രകുത്തപ്പെട്ട ഒരു വിഭാഗം.

ആലംബഹീനയായ ഒരു പെൺ‌കുട്ടി ഈ സമുദായക്കോലങ്ങൾക്കെതിരെ ആഞ്ഞടിച്ചു.

പഴമയുടെ പിന്നാമ്പുറങ്ങളിലേക്ക് നീണ്ടുകിടക്കുന്ന അതിസങ്കീർണ്ണമായ ഒരു ആധിപത്യ വ്യവസ്ഥിതിയെയാണ് അവൾ തന്റെ ശരീരം കൊണ്ട് നേരിട്ടത്.

ചന്ദ്രോത്സവത്തിന്റെ മറയിൽ വേശ്യാരാധനയും കാമപൂജയും നടത്തുന്ന സവർണ്ണസമൂഹം.

പക്ഷേ അബദ്ധത്തിൽ‌പ്പോലും തങ്ങളുടെ സ്ത്രീജനങ്ങൾക്കുമേൽ വീഴുന്ന പരനിഴലിനെതിരെ ആക്രോശത്തോടെ അവർ ആഞ്ഞടിക്കും.

പിന്നെ സ്മാർത്തവിചാരങ്ങളുടെ പേരിൽ കുറേപേർ അവിടെ ഉണ്ടുറങ്ങും.

അതുകഴിയുമ്പോൾ ഭ്രഷ്ട് കൽ‌പ്പിക്കലായി, പടിയടച്ച് പിണ്ഡം വയ്ക്കലായി.

ഈ കപടസദാചാര നീതിവ്യവസ്ഥയോടായിരുന്നു അവളേറ്റുമുട്ടിയത്.

തന്നെ വിധിക്കാനെത്തിയ നിയമശൃംഖലയ്ക്കുള്ളിൽക്കടന്ന് അതിന്റെ തന്നെ അധികാരികൾക്കെതിരെപ്പോലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞ പെണ്ണിതിഹാസം..

ഇരുപതാം നൂറ്റാണ്ടിന്റെ ഈ ഉണ്ണിയാർച്ച അധികാരസമൂഹത്തെ മുഴുവൻ കുറച്ചുനാൾ മുൾമുനയിൽ നിർത്തി.

കാലത്തിന്റെ തിരക്കഥയിലിനിയും മങ്ങലേൽക്കാത്ത സ്ത്രീ കഥാപത്രം.

താത്രിക്കുട്ടി എന്ന കുറിയേടത്തു താത്രി.

സാധാരണ സ്മാർത്തവിചാരവേദികളിൽ സ്മാർത്തകനും പരിവാരങ്ങൾക്കും “സാധനം” എന്നോമനപ്പേരിട്ടു വിളിക്കുന്ന നടപ്പുദോഷം ആരോപിച്ച സ്ത്രീയെ പീഡനമുറകൾക്ക് വിധേയരാക്കേണ്ടി വരാറുണ്ട്, സത്യം പറയിക്കാൻ.

എന്നാൽ, താത്രി അവിടേയും വ്യത്യസ്തയായിരുന്നു.

ഒരു പ്രേരണയും കൂടാതെ, തന്റെ പീഡനപർവ്വം, സ്ഥലവും നാളും തിയതിയും സമയവുമടക്കം, തെളിവുകളോടെ, ഒരു കഥപറയുന്ന ലാഘവത്തിൽ പറഞ്ഞുകൊണ്ടിരുന്നു, എന്നു മാത്രമല്ല തന്റെ മൊഴി ഒരിടത്തും അവൾ മാറ്റിപ്പറഞ്ഞതുമില്ല.

രണ്ടു തവണ താത്രി സ്മാർത്തവിചാരത്തിനു വിധേയയായി.

1904ന്റെ അവസാനത്തിലും, 1905 ലും.

ആദ്യത്തേത് കേവലം സമുദായമധ്യത്തിലായിരുന്നെങ്കിൽ, രണ്ടാമത്തേത് രാജാവിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.

ഇതിനിടയിൽ, അവൾക്കെതിരെയുണ്ടായ വധഭീഷണിയുടെ അടിസ്ഥാനത്തിൽ ആദ്യ സ്മാർത്തവിചാരസമയത്ത് ചെമ്മന്തിട്ടയിൽ നിന്നും ഇരിങ്ങാലക്കുടയ്ക്കും, രണ്ടാമത്തെ വിചാരത്തിനു തൃപ്പൂണിത്തുറയിലേക്കും മാറ്റിപ്പാർപ്പിച്ചു.

അന്നുവരെ നിലവിലില്ലാതിരുന്ന പല രീതികൾക്കും മാറ്റം വന്നു, ആ സ്മാർത്തവിചാരത്തിൽ.

പെണ്ണു ചൂണ്ടിക്കാട്ടുന്നവരെ മുൻ‌പിന്നാലോചിക്കതെ ഭ്രഷ്ട് കൽ‌പ്പിക്കുന്ന രീതിയെ കാറ്റിൽ‌പ്പറത്തി ആണുങ്ങൾക്ക് വാദിയെ വിസ്തരിക്കാനും ചോദ്യം ചെയ്യാനുമുള്ള അനുമതി നൽകി.

ഒരു ബാരിസ്റ്ററിന്റെ നിപുണതയോടെ തനിക്കുനേരെ വരുന്ന ചോദ്യങ്ങളെ അവൾ നേരിട്ടുവെന്ന് ഈ സന്ദർഭത്തെക്കുറിച്ച് അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യാഥാർത്ഥ്യങ്ങൾക്കുമേൽ കെട്ടുകഥകളുടെ ചൊൽക്കാഴ്ചയായിരുന്നു താത്രീചരിതം എന്നുവേണമെങ്കിൽ പറയാം.

തൃപ്പുണ്ണിത്തുറയിലെ മ്യൂസിയത്തിൽ ഇന്നും സൂക്ഷിക്കുന്ന സ്മാർത്തവിചാരരേഖകൾ മാത്രമാണ് ഇവയിലെ സംസാരിക്കുന്ന തെളിവുകൾ.

പക്ഷേ അതൊട്ട് പൂർണ്ണമെന്ന് പറയാനുമാവില്ല.

താത്രിയിന്നും യക്ഷിക്കഥകളിലെ അവിശ്വസനീയ കഥാപാത്രമായിത്തന്നെ നിലകൊള്ളുന്നു.

ജഗദംബികയായി താത്രിയെ കാണുന്ന മാടമ്പ് കുഞ്ഞിക്കുട്ടനും, നീചവേശ്യയുടെ സ്ഥാനത്തു കാണുന്ന ആലങ്കോട് ലീലാകൃഷ്ണനും, പിന്നെ മനോരോഗിയായി കാണുന്ന പലരും ചേർന്ന് താത്രിക്ക് വ്യത്യസ്ത രൂപപരിവേഷങ്ങൾ ചാർത്തിക്കൊടുത്തിട്ടുണ്ട്.

ഇതിനിടയിലെ യഥാർത്ഥ താത്രി ആരെന്ന ചോദ്യം മാത്രം അപ്പോഴും ബാക്കിയാവുന്നു.

കൽ‌പ്പകശ്ശേരി ഇല്ലത്തേക്കുള്ള എന്റെ യാത്ര ഇതിനൊരു മറുപടി തിരഞ്ഞായിരുന്നു.

സ്മാർത്തവിചാരങ്ങൾക്കുമുമ്പുള്ള താത്രിയെക്കുറിച്ചും അതിനുശേഷമുള്ള താത്രിയെക്കുറിച്ചും ആധികാരികമായി വിലയിരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ലായെന്നുള്ളത് അനിഷേധ്യമായ വസ്തുത തന്നെയാണ്.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തേണ്ടി വരുന്ന വസ്തുത..

താത്രിയുടെ മുൻ‌കാല ജീവിതത്തെക്കുറിച്ച് നമുക്കുള്ള വിവരം സ്മാർത്തവിചാരവേദിയിൽ താത്രി പറഞ്ഞ വാക്കുകളിലൂടെ മാത്രം ലഭ്യമാകുന്നവയാണ്.

ഒമ്പതുവയസ്സു പ്രായമുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടൊരു പെൺ‌കുട്ടി..

പിന്നീട് അതേ വ്യക്തിയുടെ അനിയന്റെ വേളിയായി ആ ഇല്ലത്തിലേക്കൊരു പറിച്ചു നടീൽ, അതും പതിമൂന്നാം വയസ്സിൽ...

അറുപതുകാരന്റെ പത്നിയായി അവിടേക്ക് ചെല്ലുമ്പോൾ തന്നെ ആ പെൺ‌കുട്ടിയുടെ മനസിൽ യൌവ്വനത്തിന്റെ മായക്കാഴ്ചകൾ പടുത്തുയർത്തിയ സ്വപ്നക്കൂടാരം തകർന്നടിഞ്ഞിട്ടുണ്ടാവണം.

കളിപ്രായം മാറും മുമ്പേ ജീവിതത്തിൽ നേരിടേണ്ടി വന്ന പീഡനവും അവളുടെ മനസിന്റെ സമനില തെറ്റിച്ചിട്ടുണ്ടാകണം.

അതൊരു പകയായി അവളിൽ വേരോടിയിരിക്കണം.

ആണെന്നു പറയുന്ന വർഗ്ഗത്തോട് മുഴുവനായി ആ പക വളർന്നിരിക്കണം.

തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനത്തെ അവളതിനു ആയുധമാക്കിയിരിക്കണം.

ഇവിടേയും ഒന്നും ആധികാരികമായി പറയാൻ കഴിയുന്നതല്ല..

തൃശ്ശൂർ തലപ്പിള്ളിത്താലൂക്കിലെ കൽ‌പ്പകശ്ശേരിയില്ലത്ത് അഷ്ടമൂർത്തി നമ്പൂതിരിയുടെ മകളായി പിറന്ന താത്രി, പിന്നീട് കുറിയേടത്തെ രാമൻ നമ്പൂതിരിയുടെ ഭാര്യ ആയതോടെയാണ് കുറിയേടത്ത് താത്രിയാകുന്നത്.

ഒമ്പതാം വയസ്സുമുതൽ ഇരുപത്തിമൂന്നു വയസ്സു വരെ അവളുടെ ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയ ആൺ‌വേഷങ്ങൾ..

ശരിക്കും എന്തായിരുന്നു സംഭവിച്ചത്...?

പീഡനമോ പകപോക്കലോ?

അന്നത്തെ സ്മാർത്തവിചാരത്തിനുപോലും ഇതിനു സർവ്വസമ്മതമായൊരുത്തരം തരാൻ കഴിഞ്ഞിട്ടില്ല...

പക്ഷേ, സ്മാർത്തവിചാരരേഖകളിലെ താത്രിയുടെ വാക്കുകളിലൂടെ കടന്നുപോകുന്നൊരാൾക്ക് അവളിലൊരു സഹതാപമുണർത്തുന്ന പെണ്ണിനെ കാണാനാവില്ല.

പകരം പകയുടെ ആൾ‌രൂപമായൊരു സ്ത്രീയെയാണ് ദർശിക്കാനാവുക....

ഭാരതപ്പുഴയെ വഴിമാറ്റിയൊഴുക്കി “ആറങ്ങോട്ട്കര” ആക്കിയ സിദ്ധൻ പോലും കരുതിയിട്ടുണ്ടാവില്ല ആ കരയിലിങ്ങനെയൊരു സ്ത്രീപ്പിറവിയുണ്ടാകുമെന്ന്.

താത്രിക്കൊപ്പം സ്മാർത്തവിചാരത്തിൽ ഭ്രഷ്ട് കൽ‌പ്പിക്കപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ നില നിൽക്കുന്നു.

അറുപത്തിയഞ്ചെന്നും അറുപത്തിയാറെന്നും എൺ‌പത്തിയെട്ടെന്നുമൊക്കെ വാദങ്ങളുണ്ട്..

ഈ പട്ടികയിൽ സ്വന്തം പിതാവിനെയും പ്രതി ചേർത്തിട്ടുണ്ട് താത്രി..

അമ്മ ഇളയകുട്ടിയ്ക്ക് ജന്മം നൽകി വിശ്രമിക്കുന്ന സമയത്ത് രോഗബാധിതനായ അച്ഛന്റെ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ട താത്രിയെ അച്ഛൻ പീഡിപ്പിക്കുന്നതായിട്ടാണ് താത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച സഹോദരനും തന്നെ പീഡിപ്പിച്ചുവെന്നവൾ പറയുന്നുണ്ട്.

കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന കഥകളി നടന്റെ കീചകവേഷത്തോടുള്ള  താത്രിയുടെ ആരാധനയാണ് ആ മഹാകലാകാരനേയും പീഡനപർവ്വത്തിൽ കൊണ്ടുവന്നെത്തിച്ചത്.

അങ്ങനൊരു പേരുദോഷം കേൾക്കേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ആ കാലഘട്ടം പണിക്കരുടെ പേരിൽ അറിയപ്പേട്ടേനെ...

അത്രയ്ക്കും കഴിവുള്ള കലാകാരനായിരുന്നുവത്രേ ശ്രീ പണിക്കർ..

ഇത്രയും സ്വഭാവദൂഷ്യമുള്ള സ്ത്രീയോടൊപ്പം വസിച്ചു എന്ന തെറ്റിനാണ് താത്രിയുടെ ഭർത്താവിനും രാജാവ് ഭ്രഷ്ട് കൽ‌പ്പിച്ചത്.

ഈ കാലയളവിൽ ഭ്രഷ്ടാക്കപ്പെട്ടവരുടെ സന്താനങ്ങളെയുൾപ്പടെ സമൂഹത്തിൽ നിന്നും പുറന്തള്ളി നാടുകടത്തി എന്നു പറയുന്നതിൽ നിന്നും മനസിലാക്കാവുന്നതേയുള്ളൂ ഈ പീഡനകഥയുടെ പരിസമാപ്തിയിൽ ദർശിക്കുന്ന ക്രൂരത...

സ്മാർത്തവിചാരത്തിനുശേഷം നാടുകടത്തപ്പെട്ട താത്രിക്ക് പിന്നെന്തു സംഭവിച്ചു?

അതിനും ആധികാരികമായൊരുത്തരം ആർക്കും തരാനാകുന്നില്ല..

മതം മാറി താത്രി ഒരു ആംഗ്ലോ ഇൻഡ്യനെ വിവാഹം കഴിച്ചുവെന്നും പലരാൽ പീഡിപ്പിക്കപ്പെട്ടിട്ടും മാതൃത്വഭാഗ്യം ലഭിക്കാതെ പോയ താത്രി അതിനുശേഷം രണ്ടുകുട്ടികൾക്ക് ജന്മം നൽകിയെന്നും അതിലൊരാൾ പിൽക്കാലത്ത് പ്രശസ്തയായ ഒരു നടിയുടെ അമ്മയാണെന്നുമൊക്കെ കിംവദന്തികൾ നിലവിലുണ്ട്...

ഇവയിലേതാണ് സത്യം ഏതാണ് അസത്യം എന്നു പറയാൻ താത്രി ഇനിയും പുനർജ്ജനിക്കേണ്ടിയിരിക്കുന്നു..

എല്ലാത്തിനും മൂകസാക്ഷിയായി ആറങ്ങോട്ട് കരയിലെ കാർത്ത്യായിനീക്ഷേത്രം ഇന്നും നിലനിൽക്കുന്നുണ്ട്...

താത്രിയുടെ അച്ഛൻ തിരുമേനി പൂജ ചെയ്തിരുന്ന ആ ക്ഷേത്രത്തിലെ വിഗ്രഹം താത്രിയുടെ സ്മാർത്തവിചാരത്തിനുശേഷം ഉടഞ്ഞുപോയത്രേ..

പിന്നവിടെ പുനർജ്ജനിച്ച മാധവീലതയ്ക്കായി പൂജ...

വൃക്ഷത്തെ പൂജിക്കുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിലൊന്നാണ് ഈ കാർത്ത്യായിനീ ക്ഷേത്രമിന്ന്.

താത്രിയുടെ പുനർജ്ജന്മമാണിതിലെ പുഷ്പങ്ങളെന്നു പറയുന്നു.

മഞ്ഞയും പിങ്കും കലർന്ന വിചിത്രരൂപികളെങ്കിലും വശ്യമായ സൌന്ദര്യത്തിനുടമകളായ മാൽ‌പീജിയെസീ കുടുംബത്തിൽ‌പ്പെട്ടതാണീ പൂക്കൾ.

താത്രിയേയും മാധവീലതയേയും കൂട്ടിയോജിപ്പിക്കുന്ന കണ്ണിയെന്തെന്ന് തിരയണമെങ്കിൽ പുരാണങ്ങളിലേക്ക് പോകേണ്ടി വരും.

പുരാണങ്ങളിൽ പുതിയ വ്യാഖ്യാനങ്ങൾക്ക് ഇടംകൊടുത്ത കഥാപാത്രമാണ് യയാതി.

യൌവ്വനം ധൂർത്തടിച്ച മഹാരാജാവ്..

ഒടുവിൽ തന്റെ ചെയ്തികൾക്ക് പ്രതിഫലമായി ലഭിച്ച വാർദ്ധക്യത്തെ മകനു വച്ചൊഴിഞ്ഞ ഭോഗലോലുപൻ...

യയാതിക്ക് ശർമ്മിഷ്ഠയും ദേവയാനിയും കൂടാതെ അശിർവിന്ദുമതി എന്നൊരു ഭാര്യ കൂടെ ഉള്ളതായി പറയപ്പെടുന്നു...

അതിലുണ്ടാകുന്ന മകളാണ് മാധവി.

ചെറുപ്രായത്തിൽ അമ്മ നഷ്ടപ്പെടുന്ന മാധവിയെ ആ ദുഃഖം അറിയിക്കാതെയാണ് ദേവയാനി വളർത്തുന്നത്.

കൌമാരസ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ച കാലം....

വിവാഹത്തെക്കുറിച്ചും വിവാഹാനന്തര ജീവിതത്തെക്കുറിച്ചും സപ്തവർണ്ണച്ചിത്രങ്ങൾ മനസ്സിൽ വരച്ചിട്ടിരുന്നു അവൾ..

അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി യയാതി മകളെ വിളിച്ച് ഗാലവൻ എന്ന മുനികുമാരനൊപ്പം പോകാൻ ആവശ്യപ്പെടുന്നത്..

തന്റെ സുന്ദരിയായ മകളെ ഏതെങ്കിലും രാജാവിനു കൊടുത്ത് കിട്ടുന്ന കന്യാശുൽക്കം താൻ തരാനുള്ള കടമായിട്ടെടുത്തുകൊള്ളാൻ നിറഞ്ഞ സഭയിൽ വച്ച് പറയുകയും ചെയ്യുന്നു...

ഒരു പെണ്ണിനു ഇതിലും വലിയ അപമാനം മറ്റെന്താണ് സംഭവിക്കാനുള്ളത്?

വിശ്വാമിത്ര മഹർഷിയുടെ ശിഷ്യനായിരുന്നു ഗാലവൻ..

ഗുരുകുലവിദ്യാഭ്യാസാനന്തരം ഗുരുദക്ഷിണ ചോദിക്കാൻ ഗാലവൻ മുനിയെ നിർബന്ധിക്കുന്നു...

നിവൃത്തികെട്ട മുനി ഒരു ചെവി കറുത്ത, നിലാവുപോലെ വെളുത്ത, എണ്ണൂറ് അശ്വങ്ങളെ കാഴ്ചവയ്ക്കാൻ ആവശ്യപ്പെടുന്നു..

അതിനായിട്ടാണ് ആ മുനികുമാരൻ യയാതിയുടെ അടുക്കലെത്തുന്നത്...

അശ്വമേധം കഴിഞ്ഞിരിക്കുന്ന അവസരമായതുകൊണ്ട് മുനികുമാരന്റെ ആവശ്യം നിരാകരിക്കാൻ യയാതിക്ക് കഴിഞ്ഞില്ല...

എന്നാൽ ആ ആവശ്യം സാധിച്ചുകൊടുക്കാൻ സുഖലോലുപനായ ആ രാജാവിനു അനുകൂല സാഹചര്യവുമില്ലായിരുന്നു...

അങ്ങനെ കടം വീട്ടുവാൻ യയാതി മകളെ ഗാലവനു വിൽക്കുന്നു...

ഒരു തരം മാറ്റക്കച്ചവടം...

ഈ കച്ചവടം ഇവിടംകൊണ്ടും അവസാനിക്കുന്നില്ല...

സ്വപ്നങ്ങൾ വീണുടഞ്ഞ പാതയിലൂടെ മുനികുമാരനെ അനുഗമിച്ച മാധവിക്ക് അവളുടെ സ്ത്രീത്വത്തിനെ അപമാനിക്കുന്ന അനേകം സംഭവപരമ്പരകളിലൂടെ കടന്നുപോകേണ്ടി വരുന്നു...

ഓരോ വർഷവും ഗാലവൻ അവളെ ഓരോ രാജാവിനു കാഴ്ചവയ്ക്കും...

കന്യാശുൽക്കമായി കിട്ടുന്ന അശ്വങ്ങളെ ശേഖരിക്കും..

കൃത്യം ഒരു വർഷമാകുമ്പോൾ അവളെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോകും...

ജന്മം കൊടുക്കുന്ന കുഞ്ഞുങ്ങളെപ്പോലും പുറകിലുപേഷിച്ച് വരരുചിപത്നിയെപ്പോലെ അവൾ വിങ്ങുന്ന ഹൃദയവുമായി ഗാലവനു പിന്നാലെ യാത്ര തുടരും, അടുത്ത രാജാവിന്റെ അടുത്തേക്ക്...

ഒടുവിൽ ഗാലവൻ എണ്ണൂറു കുതിരകളേയും സമാഹരിച്ച്, മാധവിക്കൊപ്പം, വിശ്വാമിത്ര മഹർഷിക്ക്  ഗുരുദക്ഷിണയായി നൽകുന്നു...

ഒരു കുഞ്ഞുണ്ടായിക്കഴിയുമ്പോൾ, അവളെ തിരിച്ചേൽ‌പ്പിക്കാൻ മഹർഷി ഗാലവനെ വിളിച്ചു വരുത്തുന്നു...

ഗാലവനാകട്ടെ അവളെ യയാതിക്കു തന്നെ തിരിച്ചേൽ‌പ്പിക്കുന്നു...

മാറ്റക്കച്ചവടങ്ങളിലൂടെ സ്വയം വിൽ‌പ്പനച്ചരക്കായി തന്റെ കടം വീട്ടിയ മകളെ, യയാതി പിന്നെയും വെറുതേ വിടാനുദ്ദേശിക്കുന്നില്ല...

നാടൊട്ടുക്ക് വിളംബരം നടത്തി അവളുടെ സ്വയം വരം നടത്താൻ നിശ്ചയിക്കുന്നു...

അതിലൂടെ ലഭ്യമാകുന്ന കന്യാശുൽക്കത്തിലായിരുന്നിരിക്കണം അപ്പോഴും യയാതിയുടെ നോട്ടം...

അച്ഛനെ എതിർക്കാൻ അശക്തയായ മാധവി തന്റെ സ്വയംവരം ഒരു വനത്തിന്റെ സീമയിൽ വച്ചു നടത്തണമെന്നു മാത്രം ആവശ്യപ്പെടുന്നു.

ഒടുവിൽ, സ്വയംവര നാളിൽ, ക്ഷണിക്കപ്പെട്ട രാജാക്കന്മാരെ ഇളിഭ്യരാക്കിക്കൊണ്ട് വരണമാല്യവുമായി അവൾ വനത്തിനുള്ളിലേക്ക് നടന്നുപോവുകയും ഒരു തേന്മാവിനെ ആ മാല്യം അണിയിക്കുകയും ചെയ്തുവത്രേ...

അവളെ പിന്തുടർന്നവർക്ക് പിന്നീട് കാണാനായത് തേന്മാവിൽ പടർന്നു കയറിയ ഒരു വള്ളിച്ചെടിയെ മാത്രമായിരുന്നു...

ആ ലത പിന്നീട് മാധവീലതയായി എന്ന് ഐതീഹ്യം...

കഥകളെന്തുതന്നെയും ആയിക്കൊള്ളട്ടെ മാധവീലതകളിന്നും പൂക്കുന്നു, ആ ക്ഷേത്രത്തിനുള്ളിൽ, താത്രിയുടെ ഇല്ലപ്പറമ്പിനഭിമുഖമായിട്ട്...

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വസന്തകാലത്തിന്റെ ആഗമനം അറിയിച്ച് മാധവീലതകൾ പൂവിടുന്നു...

താത്രി പുനർജ്ജനിക്കുന്നതാവുമോ?

ആ വൃക്ഷച്ചുവട്ടിൽ നിൽക്കുമ്പോൾ മനസ് ചോദിച്ചത് ആ ചോദ്യമായിരുന്നു...

ജീവിതത്തിലൂടെ കടന്നുപോയ അനേകപുരുഷന്മാരെ പിന്തള്ളി തേന്മാവിനെ മാത്രം ആത്മാർത്ഥമായി പ്രണയിച്ച്, അതിലലിഞ്ഞുചേർന്നവളാണ് മാധവി..

ഒരുപക്ഷേ തന്റെ പിതാവിനോട് അങ്ങനെയവൾ മധുരമായി പകരംവീട്ടി എന്നും പറയാവുന്നതാണ്..

പക്ഷേ, താത്രി ഈ ഭ്രഷ്ട് കൽ‌പ്പിക്കപ്പെട്ടവരിലാരെയെങ്കിലുമോ അല്ലെങ്കിൽ അതിനുശേഷം വിവാഹം കഴിച്ചു എന്ന് പറയപ്പെടുന്ന വ്യക്തിയേയോ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടാകുമോ..?

അന്നത്തെ സാമൂഹികവ്യവസ്ഥിതിക്കെതിരെ ആഞ്ഞടിക്കാൻ താത്രിക്കുട്ടിക്ക് കഴിഞ്ഞുവെന്ന് വാദിക്കുന്ന വി.ടിയും വ്യക്തമായും ഒന്നും ഒരിടത്തും അവളെക്കുറിച്ച് നിഷ്ക്കർഷിക്കുന്നില്ല...

വാസ്തവത്തിൽ ആരായിരുന്നു താത്രി?

എന്തായിരുന്നു അവരുടെ ലക്ഷ്യം?

ഒരു പകപോക്കലാണോ?

അതോ പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നൊരു പെണ്ണിന്റെ സമനില നഷ്ടപ്പെട്ട പ്രവൃത്തികളോ?

കുറേയേറെ ചോദ്യങ്ങൾ ബാക്കി വച്ച് കുറിയേടത്ത് താത്രി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു...

കുറ്റാരോപിതർ എന്നു പറയപ്പെടുന്ന ഭ്രഷ്ടരാക്കപ്പെട്ടവരും അവരുടെ സന്തതി പരമ്പരകളും യഥാർത്ഥത്തിൽ കുറ്റം ചെയ്തോ ഇല്ലയോ എന്നു പറയാൻ അവൾക്ക് മാത്രമേ കഴിയൂ.

മനസുറയ്ക്കാത്ത ബാലചാപല്യങ്ങളുടെ കാലത്ത് തനിക്കേറ്റ പീഡനം സമനില തെറ്റിച്ച അവൾ ഈ കുറ്റാരോപിതരെ തന്റെ ഇരകളാക്കി പ്രതിസ്ഥാനത്ത് നിറുത്തുകയായിരുന്നോ?

മറുപടി തരേണ്ടവൾ മൺ‌മറഞ്ഞിരിക്കുന്നു...

ഇന്നത്തെ സമൂഹത്തിലരങ്ങേറുന്ന സ്ത്രീപീഡന പരമ്പരകളുടേയും, സ്ത്രീ പകയുടെ മൂർത്തീഭാവമായി മാറുന്ന സാഹചര്യങ്ങളുടെ വിവരണങ്ങളുടേയും, പെണ്ണൊരുമ്പെട്ടാൽ എന്നു തോന്നുമാറുള്ള ചതിയുടെ നേർക്കാഴ്ചകളുടെയും കഥകൾ കേട്ട്, മറ്റേതോ ലോകത്തിരുന്നു അവൾ ചിരിക്കുന്നുണ്ടാവും, ഗൂഡമായി...

കാർത്ത്യായിനീ ക്ഷേത്രവും കൽ‌പ്പകശ്ശേരി ഇല്ലപ്പറമ്പുമുപേഷിച്ച് മറ്റൊരു തീരത്തേക്ക് യാത്ര ആരംഭിക്കുമ്പോൾ മനസ്സു നിറയെ അവളായിരുന്നു...

കൂടെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളും...

കാറ്റിലപ്പോൾ അലിഞ്ഞു ചേർന്ന മാമ്പഴത്തിന്റെ സുഗന്ധം എങ്ങുനിന്നെന്നറിയാതെ വന്നു ചേർന്ന് നാസാരന്ധ്രങ്ങളെ പുളകമണിയിച്ചുകൊണ്ടിരുന്നു...

അടുത്തെങ്ങും മാവോ മാമ്പഴങ്ങളോ കണ്ടെത്താനാകാത്ത മനസ്സ് മന്ത്രിച്ചു... “മാധവീലതകൾ പുഷ്പിച്ചിരിക്കുന്നു..”.

                                               *******************************

ചിത്രം ഗൂഗിളിന്റേത്...
ഓൺ‌ലൈൻ മാഗസിനുകളിൽ പ്രസിദ്ധീകരിച്ച ലേഖനം

Thursday, June 5, 2014

മാറ്റത്തിന്റെ ശംഖൊലി, ആർഷഭൂവിൽ നിന്നുയരട്ടെ..


കണ്ണിമകൾക്ക് മേലെ നേർത്ത തണുപ്പ്..
പതിയെ, പതിയെ കണ്ണുകൾ തുറന്നു..
സ്വപ്നങ്ങളുടെ പറുദീസകളുപേഷിച്ച് ചിന്തകൾ യാഥാർത്ഥ്യങ്ങളിലേക്ക് ചേക്കേറി തുടങ്ങി..
പകുതിയടഞ്ഞ ജനലഴിയിലൂടെ മഴത്തുള്ളികളുമായി കാറ്റ്...
തലയൊന്നു ചെരിച്ചു നോക്കി.
കാർമേഘാവൃതമായ ആകാശത്തിന്റെയൊരു ചെറിയകീറ് കാണാം..
മഴക്കാലമായിട്ടും പുലരിയുടെ ആഗമനം അറിയിച്ച് ഒറ്റയ്ക്കും തെറ്റയ്ക്കും ഒച്ചവച്ച് പറക്കുന്നുണ്ട് പക്ഷികൾ..
മഴ ശക്തി പ്രാപിക്കും മുമ്പ് കൂടണയാനുള്ള വ്യഗ്രതയാവുമോ?
അതിന്റെ ആവശ്യമെന്താണ്..?
മൂടിക്കെട്ടിക്കിടക്കുമെങ്കിലും ആകാശമിപ്പോൾ മതിവരുവോളം പെയ്തൊഴിയാറില്ലല്ലോ..
കുറച്ചുകൂടെ കിടക്കാൻ ആഗ്രഹിച്ചുവെങ്കിലും സ്കൂൾ തുറന്നു എന്ന ബോധമനസിന്റെ താക്കീത് അവഗണിക്കാനായില്ല..
വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
മുറ്റത്ത് മഴയും മരങ്ങളും ഊഴമിട്ട് പെയ്യുന്ന കാഴ്ച..
പുത്തനുടുപ്പും പുതുമകളുമായി വിദ്യാലയത്തിന്റെ പടി കയറുന്ന കുരുന്നുകളോട് കുറുമ്പ് കാട്ടാൻ പ്രകൃതി ഇപ്പോഴും മറന്നിട്ടില്ല..
ആരേയും കാത്തുനിൽക്കുന്ന സ്വഭാവം സമയത്തിനില്ലെന്ന തിരിച്ചറിവ് കാഴ്ചകളിൽ നിന്നും കണ്ണുകളെ പിൻ‌വലിച്ച് ദിനചര്യകളിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു.
അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്ന് ഒരു കവർ പാലെടുത്ത് പാത്രത്തിൽ പൊട്ടിച്ചൊഴിച്ച് ഗ്യാസു കത്തിച്ച് വച്ചു.
കാലിയായ കവർ പുറത്തേക്ക് തിടുക്കത്തിൽ വലിച്ചെറിഞ്ഞു.
മനസ്സിലൊരു കുറ്റബോധം തോന്നാതിരുന്നില്ല, ഇന്നലെ പ്ലാസ്റ്റികിന്റെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ച താൻ തന്നെ..
വേണ്ടായിരുന്നു...
തിരികെ വന്നു ഫ്രിഡ്ജടയ്ക്കുമ്പോഴും മനസ് കുറ്റപ്പെടുത്തി, ഇതിത്രനേരം തുറന്നു കിടക്കുകയായിരുന്നുവല്ലോ.
എന്താണു സംഭവിക്കുന്നത്..?
തെറ്റുകൾ തിരുത്തിക്കൊടുക്കേണ്ടവർ തന്നെ തെറ്റുകളാവർത്തിച്ചുകൊണ്ടിരിക്കുന്നു..
ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും വാദപ്രതിവാദത്തിനിടം കൊടുക്കാതെ കുളിച്ച്, പ്രാതൽ കഴിച്ച് ഒരുങ്ങിയിറങ്ങി നടന്നു.
മഴയെ ശുണ്ഠിപിടിപ്പിക്കാൻ കുട നിവർത്തിപ്പിടിക്കാനും മറന്നില്ല.
റോഡിനുമപ്പുറം അച്ചു നിൽക്കുന്നത് മഴയുടെ മങ്ങിയ കാഴ്ചയിലും കാണാം, പതിവുള്ള നിൽ‌പ്പ്.
സ്കൂളിലേക്ക് ഒരുമിച്ചാണ് യാത്ര..
വഴിനീളെ ചോദിക്കാൻ ഒരായിരം ചോദ്യങ്ങൾ കരുതി വച്ചിട്ടുണ്ടാകും..
അടുത്തെത്തിയപ്പോൾ തന്നെ തുള്ളിച്ചാടി വന്ന് സാരിത്തുമ്പിലവൾ പിടുത്തമിട്ടു.
ഇന്ന് പതിവിലും സുന്ദരിയായിരിക്കുന്നു..
യൂണിഫോമിനു പകരം പച്ചനിറത്തിലുള്ള പട്ടുപ്പാവാടയും ഉടുപ്പും..
മുടി രണ്ടായി മെടഞ്ഞിട്ട് പൂ ചൂടിയിരിക്കുന്നു..
നെറ്റിയിൽ ചന്ദനക്കുറി..
ഒന്നുമ്മവയ്ക്കാൻ തോന്നുന്ന ഓമനത്തമുള്ള മുഖം..
സമയം വൈകുന്നുവെന്ന ചിന്തയിൽ അവളേയും കൂട്ടി നടക്കാൻ തുടങ്ങുമ്പോഴാണു പിറകിൽ നിന്നാരോ വിളിക്കുന്നത് കേട്ടത്.
തിരിഞ്ഞുനോക്കുമ്പോൾ കണ്ടു, അച്ചുവിന്റെ അമ്മയാണ്.
“ഇന്ന് അച്ചൂന്റെ പിറന്നാളാണ്, അല്പം മധുരം കഴിച്ച് പോകാം ടീച്ചർ, ഇങ്ങോട്ട് കയറിയാട്ടെ..”
ബെല്ലടിക്കാൻ നേരമാകുന്നുവെന്ന ആകുലത ഉണ്ടായിരുന്നിട്ടും അച്ചുവിന്റെ മുഖത്തെ സന്തോഷം തല്ലിക്കെടുത്താൻ തോന്നിയില്ല.
അവളുടെ കുഞ്ഞിവിരൽ പിടിച്ച് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.
നടയ്ക്കരുകിൽ കുട മടക്കി വച്ച് പടി കയറി പൂമുഖത്തെ കൈവരിയിൽ ഇരുപ്പുറപ്പിച്ച് നനഞ്ഞ സാരി ഒതുക്കിപ്പിടിച്ചു.
പ്ലാസ്റ്റിക് പ്ലേറ്റിൽ പരത്തി വച്ച അടപ്പായസവുമായി അവരോടിയെത്തി.
“ഗ്ലാസിലാകുമ്പോ ചൂടാ, പെട്ടെന്ന് കുടിക്കാൻ പറ്റില്ല, അതാ.. ” അർദ്ധോക്തിയിലവർ നിറുത്തി.
മറുപടി പുഞ്ചിരിയിലൊതുക്കി സ്പൂൺ കൊണ്ട് കോരിക്കുടിച്ച് മുറ്റത്തേക്ക് കണ്ണുനട്ടു.
മുറ്റത്ത് നിരന്നു നിൽക്കുന്ന വാഴകളിലൊന്നിലിരുന്ന് കാകൻ കരയുന്ന ശബ്ദം.
പെട്ടെന്ന് വീണ്ടും രാവിലത്തെ അനുഭവം.
മനസിനുള്ളിൽ ആരോ എന്തോ..
ഒരുവിധം കഴിച്ചെന്നു വരുത്തി അച്ചുവിന്റെ കൈ പിടിച്ച് ഇറങ്ങി നടന്നു.
അപ്പോഴേക്കും അവൾക്കുള്ള ഉച്ച ഭഷണം ഡിസ്പോസിബിൾ പായ്ക്കറ്റിലാക്കി അമ്മ ബാഗിൽ വച്ചു കൊടുക്കുന്നതു കണ്ടു.
കാലങ്ങൾക്കപ്പുറത്ത് ഒരു കലാലയത്തിന്റെ മുറ്റത്ത് തണൽ‌വിരിച്ചു നിന്ന വാകച്ചുവട്ടിൽ കൂട്ടുകാരികൾക്കൊപ്പം പൊതിച്ചോറഴിക്കുന്ന ഓർമ്മ അനുവാദമില്ലാതെ കടന്നു വന്നു..
വാഴയിലയുടെ മണമുള്ള ചോറുണ്ണുമ്പോൾ ഒരു പ്രത്യേക രുചിയായിരുന്നു..
നഷ്ടബോധത്തോടെ ഓർത്തു, ദോഷഫലങ്ങളുള്ള പരിഷ്കാരങ്ങളിലേക്ക് മനുഷ്യൻ കൂടു മാറിക്കൊണ്ടിരിക്കുന്നു..
മിക്കീമൌസിന്റെ ചിത്രം വരച്ച കുട നിവർത്തിപ്പിടിച്ച് പുത്തനുടുപ്പ് നനയാതെ ആദ്യം അച്ചു പതിയെ നടന്നു തുടങ്ങി, പക്ഷേ മഴ തന്റെ കുറുമ്പ് ശക്തമാക്കിയപ്പോൾ അവളിലെ കുസൃതിയും ഉണർന്നു.
ഒലിച്ചു വരുന്ന വെള്ളത്തിൽ ചാടിക്കളിച്ചും കാലുകൊണ്ട് വെള്ളം ചീറ്റിത്തെറിപ്പിച്ചുമായി പിന്നെ നടത്തം.
കളിയിൽ രസം പൂണ്ട് നടന്നിട്ടാവും പതിവുള്ള ചോദ്യങ്ങളൊന്നും ഉണ്ടായില്ല.
കുറച്ച് നടന്നാൽ പിന്നെ പുഴയാണ് നടവഴിക്ക് സമാന്തരമായി...
മഴവെള്ളം കുത്തിയൊലിച്ച് അല്പം രൌദ്രഭാവത്തിലാണു ഇന്നവളുടെ ഒഴുക്ക്..
വിസർജ്ജ്യങ്ങളും, ജന്തുക്കളുടെ അവശിഷ്ടങ്ങളും, പ്ലാസ്റ്റിക് കുപ്പികളുമടക്കം  മാലിന്യങ്ങളുടെ ഒരു കൂമ്പാരം തന്നെ ഒഴുക്കിക്കൊണ്ടു വരുന്നുണ്ട്..
ഇനിയിതെല്ലാം സമുദ്രത്തിലുപേഷിച്ച് പിലാത്തോസിനെപ്പോലെ ഇവൾ കൈകഴുകും..
കൈയ്യിലെ പിടി മുറുകിയിട്ടാവണം അച്ചു ആദ്യം മുഖത്തേക്കും പിന്നെ നോട്ടമെത്തുന്ന പുഴയിലേക്കും മാറി മാറി നോക്കി..
ആ കുഞ്ഞു ചുണ്ടുകൾ മെല്ലെ ചലിച്ചു..
“ഈ പുഴയൊഴുകി ഒഴുകി എവിടേക്കാ ടീച്ചറെ പോണെ..”
“കടലിലേക്കാ അച്ചൂ..” പുഞ്ചിരിയിൽ പൊതിഞ്ഞ് മറുപടിയേകി..
“അപ്പോ കടലിലെ വെള്ളം പൊങ്ങൂലേ...” അവളുടെ മുഖം ചോദ്യത്തിലെ സംശയം പ്രതിഫലിപ്പിച്ചു.
“അതു പിന്നെ...” മറുപടി വിഴുങ്ങി..
ചോദ്യം ചാട്ടുളി കണക്ക് പാഞ്ഞു പോയത് ഉറഞ്ഞുപോയ ചിന്തകളുടെ മേധാതലങ്ങളിലേക്കായിരുന്നു..
രാവിലെ മുതൽ വിടാതെ പിന്തുടരുന്ന ചോദ്യങ്ങളുടെ അവസാനം...ഇതാ, ഇവിടെ..
താനുൾപ്പടെയുള്ള സംസ്കാരസമ്പന്നമെന്നു ഡംഭു കാട്ടുന്ന പരിഷ്കൃത സമൂഹം എവിടെത്തി നിൽക്കുന്നു?
വ്യവസായവത്കരണത്തിന്റേയും ആഗോളവത്കരണത്തിന്റെയും ചുവടുപിടിച്ച് മനുഷ്യരാശിയുടെ തായ് വേരറുക്കുന്ന കാപാലിക ശക്തിയെ കണ്ടില്ലെന്നു നടിക്കുന്നു.
ഭൂമിയുടെ ചൂട് നിലനിറുത്തുന്ന ഹരിതവാതകങ്ങളുടെ അതിപ്രസരം നിമിത്തം ഭൂമി ചുട്ടു പൊള്ളുന്നു.
സൂര്യൻ പ്രേമവായ്പോടെ ഭൂമിയെ തൊട്ടു തലോടുന്ന കിരണങ്ങളിൽ അടങ്ങിയിരിക്കുന്ന താപങ്ങളെ ആഗിരണം ചെയ്ത് വീണ്ടും ഭൂമിയുടെ അന്തരാത്മാവിലേക്ക് തന്നെ പറഞ്ഞയയ്ക്കുകയാണ് അവയിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
എന്തുകൊണ്ടിത് സംഭവിക്കുന്നു?
സംരക്ഷണത്തിനു ചുമതലപ്പെട്ട ഇവരെങ്ങനെ സംഹാരകരായി?
ഫോസിലുകൾ കത്തിച്ചും വ്യവസായവത്ക്കരണത്തിന്റെ ഭാഗമായും വികസനത്തിന്റെ പാതയിൽ തിരിഞ്ഞു നോക്കാതെ ഓടുന്ന മനുഷ്യൻ സൃഷ്ടിച്ചതാണ് ഭൌമപാളികൾക്കു മേലെ ഇവയുടെ അതിപ്രസരം.
ഭൂമിയിപ്പോൾ ചൂടു താങ്ങാനാവാതെ വിയർക്കുന്നു..
തങ്ങൾക്കുള്ളിൽ ലയിപ്പിച്ച് ചൂടിന്റെ തോതു കുറയ്ക്കാൻ സമുദ്രങ്ങൾ ശ്രമിക്കും തോറും അവയുടെ ജലനിരപ്പുയരുകയാണു..
ചൂട് പങ്കിട്ടെടുക്കേണ്ട ഹരിത സസ്യജാലങ്ങളെ ആവാസവ്യവസ്ഥകളുറപ്പിക്കുന്ന തിരക്കിനിടയിൽ മനുഷ്യൻ തുടച്ചു നീക്കിക്കൊണ്ടിരിക്കുന്നതും ആഗോളതാപനത്തിനു വഴി തെളിക്കുന്നു..
അൽഗോറിൻ തന്റെ നോബൽ പുരസ്കാരം നോക്കി നെടുവീർപ്പിടുന്നുണ്ടാകുമിപ്പോൾ..
ചിന്തകളിൽ മുഴുകി സ്കൂളിലെത്തിയതറിഞ്ഞില്ല.
നിശ്ശബ്ദതയ്ക്ക് ഭഗ്നം വരുത്താതെ അച്ചു കൂടെ നടന്നുവെന്നതും അത്ഭുതം..
സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോൾ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു..
ഓരോ കുഞ്ഞിക്കരങ്ങളിലും കുഞ്ഞു വൃക്ഷത്തൈകൾ..
ഒരു വശത്ത് പാതയോരങ്ങളിലെ മാലിന്യം നീക്കാൻ പണിപ്പെടുന്ന കുരുന്നുകൾ..
ഉച്ചഭാഷിണിയിലൂടെ ഒഴുകി വരുന്ന പ്രധാന അധ്യാപകന്റെ ശബ്ദം, “....അങ്ങനെ ആഗോളതാപനം കാലാവസ്ഥാ വ്യതിയാനങ്ങൾക്കും തൽഫലമായി പോളാർ മേഖലകളിൽ നിന്നും മഞ്ഞുരുകുന്നതിനും സമുദ്രനിരപ്പുയരുന്നതിനും കാരണമാകും.. നമ്മുടെ പല ദ്വീപസമൂഹങ്ങളും അതിൽ മുങ്ങിപ്പോയേക്കും.. സമുദ്രജലത്തിൽ അയൺസൾഫേറ്റ് വിതറി കാർബൺ‌ഡയോക്സൈഡ് ആഗിരണം ചെയ്യുന്ന ആൽഗകളെ വളർത്തുന്ന ലോഹാഫെക്സ് എന്ന രീതി നമുക്ക് ഇവിടെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കുറേ മരങ്ങളെങ്കിലും വച്ചു പിടിപ്പിക്കാൻ നമുക്ക് കഴിയണം....”
സ്വരലയങ്ങൾക്കപ്പുറം മനസപ്പോഴും എന്തോ തിരയുന്നുണ്ടായിരുന്നു..
നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും ആദ്യകിരണങ്ങൾ ഈ ഭാരതഭൂവിൽ നിന്നു തന്നെ വേണ്ടേ പുറപ്പെടേണ്ടത് ?
പത്തുമരങ്ങൾക്കൊപ്പമാകുന്നു അമ്മ എന്നു പറഞ്ഞു പഠിപ്പിച്ച നാട്..
മണ്ണിനും മരത്തിനുമൊപ്പം കഴിഞ്ഞ പെണ്ണിനെ, അവയെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹിച്ചവളെ, ഭർത്തൃസവിധത്തിലേക്ക് യാത്രയാക്കുമ്പോൾ അണിയാൻ വേണ്ട ആടയാഭരണങ്ങൾ നൽകുന്ന വൃക്ഷങ്ങളുടെ കഥകൾ ഈ മണ്ണിലേ വേരോടിയിട്ടുള്ളൂ..
സന്ധ്യ കഴിഞ്ഞാൽ സസ്യജാലങ്ങളിൽ നിന്നും ഇല നുള്ളുന്നത് അവയുടെ നിദ്രയെ തടസ്സപ്പെടുത്തുമെന്നും ചുവട്ടിൽ ജലമൊഴിച്ച് അവയെ ഉണർത്തിയിട്ടേ ഇല നുള്ളാവൂ എന്നും പറയുന്നതിലൂടെ അവയോടുള്ള സ്നേഹത്തിന്റെ അളവ് ഓർമ്മപ്പെടുത്തുന്ന വേദോപനിഷത്തുക്കൾ...
മരം മുറിക്കും മുമ്പ് അതിലാവാസമുറപ്പിച്ചിരിക്കുന്ന സകല ജീവജാലങ്ങളോടും പ്രാർത്ഥിച്ച് അനുവാദം ചോദിച്ചിരിക്കണമെന്നാവർത്തിച്ചു പഠിപ്പിച്ച സിന്ധുനദീതട സംസ്കാരം...
കിടക്കവിട്ടെണീക്കുമ്പോൾ ഭൂമിയിലേക്ക് പാദമുറപ്പിക്കുന്നതിനു മുമ്പ് അനുവാദം ചോദിക്കാനാവശ്യപ്പെടുന്ന ആർഷഭാരതസംസ്കാരം..
ഇതൊക്കെ എന്നും ഭാരതീയന്റെ മാത്രം സ്വാർത്ഥമായ അഭിമാനങ്ങളാണെന്ന സത്യം നിലവിലിരിക്കെ, ഈ മണ്ണിൽ നിന്നു തന്നെ വേണം ഭൂമിയെ രക്ഷിക്കേണ്ട പ്രവർത്തനങ്ങൾക്ക് തിരി തെളിയേണ്ടത്...
“ടീച്ചർ...”
ചിന്തകളിൽ നിന്നും തിരികെ...
സ്റ്റാഫ് റുമിന്റെ വെളിയിൽ നിറഞ്ഞ പുഞ്ചിരിയോടെ കൈയ്യിലൊരു ആൽമരത്തെയ്യുമായി ഒരു കുരുന്ന്..
അവന്റെ മുഖത്തെ സന്തോഷത്തിനു നേരെ നോക്കി പുഞ്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..
“ലോകാ സമസ്താ സുഖിനോ ഭവന്തുഃ...” അക്ഷരസ്ഫുടതയില്ലാതെ, ചെറിയ കൊഞ്ചലോടെയെങ്കിലും ആ ചെഞ്ചുണ്ടുകൾ മൊഴിഞ്ഞു...
കാഴ്ചയിൽ നിന്നും പൊട്ടിച്ചിരിച്ച് അവനകന്നു പോകുമ്പോൾ കണ്ണുകളിൽ നിന്നും എന്തിനെന്നറിയാതെ രണ്ടിറ്റ് കണ്ണുനീർ അടർന്നു വീണു..
“ലോകാസമസ്താ സുഖിനോ ഭവന്തുഃ..” മനസ്സ് ആവർത്തിച്ചു..

                                         *******************************************
ചിത്രം..ഗൂഗിളിന്റേത്..

Tuesday, May 6, 2014

ഓർത്തുവയ്ക്കാൻ...

ജീവിതത്തിലെ അനർഘനിമിഷങ്ങളിലൊന്ന്...

മനസ്സിൽ മായാത്ത അക്ഷരങ്ങളിൽ എഴുതിച്ചേർത്തത്..

ഏപ്രിൽ 12 വൈകുന്നേരം ഏഴുമണിക്ക് നടന്ന ചടങ്ങിൽ നവരസം സംഗീതസഭയുടെ മികച്ച ചെറുകഥയ്ക്കുള്ള ഗോവിന്ദ് രചനാ അവാർഡ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാരഥി ശ്രീ തമ്പാൻ സാറിന്റെ കൈകളിൽ നിന്നും വാങ്ങാൻ കഴിഞ്ഞു..
 


ഗുരുവിന്റെ കൈയ്യിൽ നിന്നു തന്നെ വാങ്ങുന്ന പുരസ്കാരത്തിനു ഇരട്ടി മധുരമെന്ന് അനുഭവിച്ച് അറിഞ്ഞു.. 

തഞ്ചാവൂർ അമ്മവീട്ടിൽ വച്ച് ഇത്തരമൊരു ചടങ്ങും ഒരുപക്ഷേ ദൈവഹിതം തന്നെയാകും..


പൈതൃകത്തിന്റെ അക്ഷരങ്ങൾക്ക് ജീവിതപാതയിലെ സഹയാത്രികൻ തുണയേകിയപ്പോൾ അനുവാചകഹൃദയങ്ങൾ സമ്മാനിച്ച ആത്മവിശ്വാസവുമായി തുടങ്ങിയ യാത്രയായിരുന്നു...

പെണ്ണായിപ്പോയതിൽ നേരിടേണ്ടി വന്നവ പലതും മനസിൽ കുറിച്ചു വച്ചു കൊണ്ട് തുടർന്ന എഴുത്ത്, അതിവിടെ വരെ എത്തി നിൽക്കുന്ന സംതൃപ്തിയിലാണു മനസ്സ്.. 



എത്രയൊക്കെ പറഞ്ഞാലും മനസിലൊരിക്കലും സമത്വം നേടാനാവാത്ത എഴുത്ത്, ആണെന്നും പെണ്ണെന്നും ഉള്ള അതിർ‌വരമ്പുകൾ പലയിടത്തും കണ്ടു..

പെണ്ണെഴുത്തുകൾക്ക് പ്രോത്സാഹനമെന്ന രീതിയിൽ ചിരിക്കുന്ന ചെന്നായ് മുഖങ്ങളും..

സദാചാരത്തിന്റെയും സൌഹൃദത്തിന്റേയും മുഖം‌മൂടികൾക്കുള്ളിൽ പതിയിരിക്കുന്ന അത്തരം രൂപങ്ങളുടെ തിരിച്ചറിവിൽ പകുതിക്ക് വച്ച് മനസുമടുത്ത് എഴുത്ത് നിറുത്തിപ്പോയ ഒരുപാട് കഴിവുറ്റ പെണ്ണെഴുത്തുകളുണ്ട്... 


വിടരും മുമ്പേ കൊഴിഞ്ഞ അവരുടെ സപര്യക്കു മുന്നിൽ ഞാൻ എന്റെയീ പുരസ്കാരം സമർപ്പിക്കുന്നു..

Wednesday, March 26, 2014

അയനം... സീതായനം..

ഓർമ്മകൾക്കെന്നും ഗൃഹാതുരത്വത്തിന്റെ സുഗന്ധമാണ്.
മറവിയുടെ തിരകളെടുക്കാതെ മനസിന്റെ തീരത്തു സൂക്ഷിക്കുന്ന ചില ഓർമ്മകളെങ്കിലും ഉണ്ടാകും എല്ലാവരിലും.
കാലത്തിന്റെ കൈകളാൽ അത് മായ്ക്കപ്പെടാതിരിക്കട്ടെ...

എഴുതിത്തുടങ്ങിയത് എന്നു മുതൽക്കെന്നറിയില്ല..
ഒന്നും എഴുതാൻ വേണ്ടി എഴുതിയതുമായിരുന്നില്ല..
ഏകാന്തതയുടെ ചട്ടക്കൂട്ടിൽ ഒരു ആശ്വാസമായിരുന്നു അക്ഷരങ്ങളെന്നും..
എന്തുകൊണ്ടോ സംഭവിച്ച സൌഹൃദങ്ങളുടെ അഭാവം പരിഹരിച്ചു തന്നത് കടലാസും പേനയുമെന്ന ചങ്ങാതിമാരായിരുന്നു..
സുഖവും ദുഃഖവും തൊട്ടറിഞ്ഞ് അവരെന്നും കൂടെ നിന്നു...

എഴുത്തിനെ ഇപ്പോഴും ഗൌരവത്തോടെ കാണുന്നുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്നു തന്നെയാണു ഉത്തരം..
എങ്കിലും പുസ്തകത്താളുകളിൽ കുത്തിക്കുറിച്ച് വലിച്ചു കീറി ഒളിപ്പിച്ചു വയ്ക്കുന്ന തലത്തിൽ നിന്നും സ്വതന്ത്രമായി എഴുതിത്തുടങ്ങിയത് ഈയിടയ്ക്കാണ്...

പ്രവാസത്തിന്റെ അതിരുകൾക്കുള്ളിൽ അക്ഷരങ്ങൾ വീർപ്പുമുട്ടിയപ്പോൾ പോംവഴിയായി മുന്നിലെത്തിയത് ബ്ലോഗെന്ന മാധ്യമം തന്നെയായിരുന്നു...
ബാലാരിഷ്ടതകൾ മാറും മുമ്പ് പൂട്ടിയ ആദ്യത്തെ ബ്ലോഗിൽ കുത്തിനിറച്ചത് മുഴുവൻ പ്രണയവും വിരഹവും മഴയുമൊക്കെയാണ്..

വേറിട്ട് ചിന്തിക്കാൻ പ്രേരിപ്പിച്ച് സീതായനത്തിലെ സീതയായി കൂട്ടിക്കൊണ്ട് വന്നത് ജീവിതയാത്രയിലെ സഹയാത്രികൻ തന്നെയായിരുന്നു..
പിന്നെ, സീതയെ വിമർശനങ്ങളിലൂടെയും അനുമോദനങ്ങളിലൂടെയും വളർത്തിയത് നിങ്ങളാണ്..

ആദ്യത്തെ വഴിത്തിരിവ് തന്നത് വെബ്സ്കാനിന്റെ ഉടമ മൈത്രേയി എന്ന ശ്രീലത ചേച്ചിയാണ്..
പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, മുന്നോട്ടുള്ള യാത്രയിൽ...
കൂടെനടന്ന് വഴികാട്ടിയ ഒരുപാട് മുഖങ്ങളുണ്ട്...
പേരെടുത്തു പറയാൻ തുടങ്ങിയാൽ ചിലരെയെങ്കിലും വിട്ടുപോയേക്കുമെന്ന ഭയം..

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സാംസ്കാരിക സാഹിത്യ കൂട്ടായ്മകളുമായി കഴിയുമ്പോഴേക്കും രണ്ടു പുസ്തകങ്ങൾ സൈകതം ബുക്ക്സിന്റെ സഹായത്തോടെ പുറത്തിറങ്ങി കഴിഞ്ഞിരുന്നു... ഇനി ഒരു പുസ്തകം എന്ന ചിന്തപോലുമില്ലാത്ത സമയത്താണ് അപ്രതീഷിതമായി “ചിത്തമന്ത്രണങ്ങൾ” മനസിലൊരു മോഹമാകുന്നത്..

സീതായനത്തിനെ ബ്ലോഗുലകത്തിനു ആദ്യമായി പരിചയപ്പെടുത്തിയ തേജസിന്റെ ഉടമ മനോരാജേട്ടൻ തന്നെ ആ പുസ്തക മോഹത്തിനു പിന്തുണ പ്രഖ്യാപിച്ചപ്പോൾ പിന്നെ മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല...

പക്ഷേ, കഠിനപരീക്ഷകളുടെ നീണ്ട നിരകൾക്കൊടുവിൽ മാത്രമേ “ചിത്തമന്ത്രണങ്ങൾ” പ്രകാശിതമായുള്ളൂ...
കൂടെ നിന്നവർ പലരും വഴിക്ക് ഉപേഷിച്ചിട്ടും തള്ളിപ്പറഞ്ഞിട്ടും തളരാത്ത മനസ്സോടെ മുന്നോട്ട് തന്നെ നടക്കാൻ ഉള്ളിന്റെയുള്ളിൽ ആരോ പറഞ്ഞുകൊണ്ടേയിരുന്നു...

ആ സഹനത്തിനും ആത്മക്ഷതങ്ങൾക്കുമുള്ള ആശ്വാസമായി ഒടുവിൽ “ചിത്തമന്ത്രണങ്ങളെ”ത്തേടി ഒരു അവാർഡെത്തിയിരിക്കുന്നു...

നവരസം സംഗീതസഭയുടെ വാർഷികത്തോടനുബന്ധിച്ച് 2013-2014 ലെ രചനാ അവർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചെറുകഥയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് “ചിത്തമന്ത്രണങ്ങൾ” ആയിരുന്നു..
ഏപ്രിൽ പന്ത്രണ്ടാം തിയതി തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തു മിത്രാനികേതനിൽ വച്ച് വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിലത് സമ്മാനിക്കും...
എത്തിച്ചേരാൻ സാധിക്കുന്ന എല്ലാ നല്ല മനസുകളേയും പ്രസ്തുത ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു..

മൂന്നുവർഷം പൂർത്തിയാകുന്ന സീതായനത്തിന്റെ യാത്രയിൽ ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ..
ചെറുതരി സുഖമുള്ള നോവുകളും സന്തോഷവുമായി ഒരു യാത്ര...

ഏതു യാത്രയ്ക്കും ഒരവസാനമുണ്ടാകും..
ഇടയ്ക്ക് ഒരല്പം വിശ്രമവും..
സീത ഇനി ഒരല്പം വിശ്രമത്തിനാണ് ശ്രമിക്കുന്നത്...

എല്ലാം എഴുതിക്കഴിഞ്ഞുവെന്നോ ഉയരങ്ങൾ കീഴടക്കിയെന്നോ ഉള്ള അഹങ്കാരമല്ല ഈ തീരുമാനത്തിന്റെ പിന്നിൽ..
അനുഭവങ്ങൾ സമ്മാനിച്ച മുറിവുകളുണങ്ങാൻ കുറച്ചു സമയം വേണം..

അവ പഠിപ്പിച്ചത് വലിയ പാഠങ്ങൾ.
സാഹിത്യലോകത്ത് സഹൃദയരെക്കാൾ സദാചാരമുഖവും കഴുകന്റെ മനസുമുള്ളവരാണ് കൂടുതലെന്ന തിരിച്ചറിവ്..
ബഹുമാനിച്ച നാവുകൊണ്ട് മാറ്റി വിളിക്കേണ്ടി വരുന്ന പ്രവർത്തികൾ..
സാഹിത്യരംഗം മുഖം‌മൂടികളുടെ സമ്മേളനമായി മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം അംഗീകരിക്കാതെ വയ്യെന്നായിരിക്കുന്നു..
ആണെഴുത്തും പെണ്ണെഴുത്തുമല്ല ആണും പെണ്ണും എന്ന കാഴ്ചപ്പാടുകളാ‍ണ് ചുരുക്കം ചിലർ ഈ രംഗത്ത് നിൽക്കാൻ കാരണം തന്നെ.. 

സൌഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും വൃത്തിയുള്ള മുഖം‌മൂടികൾക്കുള്ളിൽ ഒളിപ്പിച്ചു വച്ച വികൃതമായ മുഖങ്ങൾ തിരിച്ചറിഞ്ഞപ്പോഴുണ്ടായ മുറിവുകൾ...
ഇനിയും നിണമൊഴുകിത്തീരാതെ അവ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു..

ഒരു വിശ്രമത്തിന്റെ അനിവാര്യത..
പ്രിയപ്പെട്ടവരേകിയ മുറിവുകളുണക്കി ശക്തമായ ഒരു തിരിച്ചു വരവിനു വേണ്ടി തൽക്കാലം ഒരു ഇടവേള....

Thursday, March 20, 2014

കഥ പറയുന്ന ശിലകൾ...

“ദേവീ, ഇവിടെയടുത്ത് ചരിത്രമുറങ്ങുന്ന സ്ഥലം ഏതാണുള്ളത്..?”
“ താനീ നാട്ടുകാരിയല്ലേ?” ,
ആൻസിയുടെ ചോദ്യം ഒരല്പം ചിന്തകളെ പിടിച്ചുലയ്ക്കാതിരുന്നില്ല.
കൊല്ലത്തു നിന്നും വല്ലപ്പോഴും സന്ദർശനത്തിനെത്തുന്ന ആൻസിയും കുടുംബവും.
അവരെക്കൂട്ടി കേരളത്തിന്റെ അതിർത്തി കടക്കുമ്പോൾ പദ്മനാഭപുരം കൊട്ടാരവും കന്യാകുമാരിയുമൊക്കെയായിരുന്നു മനസ്സിൽ.
പക്ഷേ..
പതിവിൽ നിന്നും വേറിട്ട് എന്തെങ്കിലും കാട്ടിക്കൊടുക്കണമെന്ന ചിന്തയ്ക്ക് തിരികൊളുത്തിയത് അവളുടെ പെട്ടെന്നുള്ള ഈ ചോദ്യമായിരുന്നു.
ചരിത്രസംഹിതകളുടെ അനന്തസാഗരവും പേറി കന്യാകുമാരിയും ശുചീന്ദ്രവുമൊക്കെ നിലകൊള്ളുമ്പോഴും ചിന്തകൾ വേറിട്ടൊരു കാഴ്ചയ്ക്കായി അലയുകയായിരുന്നു.
ചിതറാലിന്റെ പ്രകൃതിദത്ത മനോഹാരിത മാനുഷിക വ്യവഹാരങ്ങൾക്കൊടുവിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് സന്ദീപിന്റെ വാക്കുകളിൽ നിന്നും തിരുച്ചറിഞ്ഞതു കൊണ്ടാവണം അങ്ങോട്ടു പോകാൻ തോന്നിയില്ല.
അപ്രതീക്ഷിതമായൊരു ചിന്ത പെട്ടെന്ന് മിന്നായം പോലെ തെളിഞ്ഞുമാഞ്ഞു.
മാർത്താണ്ടത്തു നിന്നും വലത്തോട്ട് തിരിയുന്നതിനു പകരം ഇടത്തോട്ടായി യാത്ര.
ഡ്രൈവിംഗിലെ വന്യതയോ കാഴ്ചകളുടെ വശ്യതയോ പുറത്തോട്ട് നോക്കിയിരിക്കാൻ അവളെ പ്രേരിപ്പിച്ചിരിക്കണം ..
കുട്ടികൾ പുറകിൽ അവരവരുടെ ലോകത്താണ്.
“ചിതറാലിലേക്കാണോ?”
ആകാംഷ മുറ്റിയ ചോദ്യത്തിനു മറുപടി നൽകാൻ തോന്നിയില്ല.
ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി മാത്രം ഒളിപ്പിച്ചു വച്ചു , “കണ്ടോളൂ” എന്ന അർത്ഥത്തിൽ.
പ്രകൃതിഭംഗി ആസ്വദിക്കാനുള്ള അവളുടെ അവകാശത്തെ നിഷേധിക്കേണ്ടെന്ന് തോന്നിയതു കൊണ്ട് വളരെപ്പതിയെ ആണ് കാറോടിച്ചത്.
അതുകൊണ്ട് തന്നെ പത്തു മിനിട്ടു കൊണ്ട് എത്തിച്ചേരാവുന്ന കുലശേഖരത്തെത്താൻ അരമണിക്കൂറെടുത്തു.
“ഈ വഴി എങ്ങോട്ടാ ദേവി പോണെ?”
ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുന്ന വഴിയിലേക്ക് നോക്കിയാണ് ചോദ്യം.
“ഇത് പെരിഞ്ചാണി ഡാമിലേക്ക് പോകുന്ന വഴിയാണ്. ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്ത് പണികഴിപ്പിച്ചതാണ് ആ ഡാം.ഇതുവഴി പോയാൽ പൊന്മന, മംഗലം തുടങ്ങിയ സ്ഥലങ്ങളും കാണാം”.
പഠിക്കുന്ന കാലത്ത് എന്റെ നിശ്ശബ്ദതയ്ക്ക് ഭീഷണിയായി ചോദ്യങ്ങളുയർത്തി അല്പം നീരസം സമ്പാദിച്ചിരുന്ന കൂട്ടുകാരിയോട് ഇത്തവണ മറുപടി പറയുമ്പോൾ , പക്ഷേ സഹിഷ്ണുതാമനോഭാവമായിരുന്നു.
ഒരു ഗൈഡിന്റെ ഉത്തരവാദിത്വം ഭരിച്ചിരുന്നോ ?
നിമിഷങ്ങൾക്കുള്ളിൽ കോൺ‌വെന്റ് ജംഗ്ഷനിലെത്തി.
ഇടത്തോട്ട് തിരിഞ്ഞാൽ തൃപ്പരപ്പു വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയായി.
കുറ്റാലത്തിന്റെ ചെറിയൊരു പതിപ്പാണ് തൃപ്പരപ്പിലുള്ളത്.
കാറ് വളവുതിരിവുകൾ ശ്രദ്ധിക്കാതെ നേരെയുള്ള റോഡിലൂടെ ഓടി.
തെല്ലാശ്ചര്യത്തോടെ അവൾ തിരക്കി, “പേച്ചിപ്പാറ ഡാമിലേക്കുള്ള വഴിയെന്നാണല്ലോ അവിടെ എഴുതി വച്ചിരിക്കുന്നത്. നമ്മളങ്ങോട്ടേക്കാണോ?”
ചെറിയൊരു പുഞ്ചിരിയോടെ അവളുടെ സംശയനിവാരണം നടത്തുമ്പോൾ അറിയാതെ ഒരു മുത്തശ്ശിയുടെ ഭാവമുൾക്കൊള്ളുകയായിരുന്നുവോ?
1897-1906 കാലഘട്ടത്തിൽ കല്ലാർ, ചിറ്റാർ, കുറ്റ്യാർ എന്നീ കൈവഴികളുടെ പ്രഭവസ്ഥാനമായ കോടയാർ നദിയുടെ മുകളിലായിട്ടാണ് പേച്ചിപ്പാറ ഡാം സ്ഥാപിച്ചത്.
ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ മേൽനോട്ടത്തിൽ ഹംബാരി അലക്സാണ്ടർ മിഞ്ചൻ എന്ന ഇംഗ്ലീഷ് എഞ്ചിനീയർ പണി കഴിപ്പിച്ചതാണീ ജലസംഭരണി.
നാട്ടുഭാഷയിൽ അദ്ദേഹം മിഞ്ചൻ ധ്വര എന്നാണറിയപ്പെട്ടിരുന്നത്.
                                                    -പേച്ചിപ്പാറ ഡാം- ചിത്രം ഗൂഗിളിന്റേത്
മിഞ്ചൻ‌ധ്വര സഞ്ചരിച്ചിരുന്നത് വില്ലുവണ്ടിയിലായിരുന്നുവത്രെ.
അതും കേശവൻതമ്പിയുടെ വീട്ടിലെ വില്ലുവണ്ടിയിൽ.
അന്നാ പരിസരപ്രദേശങ്ങളിൽ പ്രമുഖർക്ക് സഞ്ചരിക്കാൻ പറ്റിയ ആഡംബരപൂർവ്വമായ വില്ലുവണ്ടി ഉണ്ടായിരുന്നത് അച്ഛൻ വീട്ടിലായിരുന്നു എന്നുള്ളത് അഭിമാനിക്കാൻ പറ്റുന്നതിനെക്കാൾ തെല്ല് അലോസരമാണുണ്ടാക്കിയിട്ടുള്ളത്.
മഹാനായ ദേശാഭിമാനി വേലുത്തമ്പി ദളവ പിറന്ന ശാഖ..
അദ്ദേഹത്തിനൊരപമാനം എന്ന വണ്ണം ഒരു വെള്ളക്കാരനു ഗതാഗത സംവിധാനം ഒരുക്കി വിനീതവിധേയരായി ഒതുങ്ങി നിന്ന പഴമയെ ഉൾക്കൊള്ളാനിപ്പോഴും മനസ്സനുവദിക്കുന്നില്ല.
ലക്ഷ്യം പേച്ചിപ്പാറ ഡാമല്ലായിരുന്നുവെന്ന് അവൾക്ക് മനസിലായത് ആ വഴിയിൽ ഏതാണ്ട് ഒരു കിലോമീറ്ററോളം പോയി കാർ ഇടത്തോട്ട് തിരിഞ്ഞപ്പോഴാണ്.
വഴിവക്കിൽ “തിരുനന്തിക്കര” എന്നെഴുതിവച്ചത് ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ടാവില്ലെന്ന് ആകാംഷമുറ്റിയ ആ കണ്ണുകൾ വിളിച്ചറിയിച്ചു.
ഏകദേശം അരകിലോമീറ്ററോളം പോകേണ്ടി വന്നതേയുള്ളൂ, യാത്രയുടെ സസ്പെൻസ് പൊളിച്ചുകൊണ്ട് തിരുനന്തിക്കര മഹാദേവക്ഷേത്രം ദൃശ്യമായി.
കാറൊതുക്കിയിട്ട് അവളോടും കുഞ്ഞുങ്ങളോടുമൊപ്പം ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നടക്കുമ്പോൾ മനസിനു വല്ലാത്ത ശാന്തതയായിരുന്നു.
                                              -തിരുനന്തിക്കര മഹാ‍ദേവക്ഷേത്രം-
തമിഴ്നാട്ടിൽ ശിവരാത്രിയോടനുബന്ധിച്ച് നടത്തുന്ന ശിവാലയം ഓട്ടം എന്ന ചടങ്ങിൽ ഭക്തർ സന്ദർശിക്കുന്ന പന്ത്രണ്ട് ശിവക്ഷേത്രങ്ങളിൽ നാലാമത്തേതാണ് തിരുനന്തിക്കര മഹാദേവക്ഷേത്രം.
ഇതിന്റെ മറ്റൊരു പ്രത്യേകത ഇവിടെത്തന്നെ എതിർവശത്തായി വിഷ്ണുവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതാണ്.

വിശാലമായ ചുറ്റമ്പലം വലം വയ്ക്കുമ്പോൾ മനസിലൊരു നോവു പോലെ കൂവളം നിൽക്കുന്നത് കാണാതെപോകാൻ തോന്നിയില്ല.
മനസിൽ നന്മയുള്ള അമ്പലവാസികൾ ഒരുപാട് കഥകൾ പറഞ്ഞു തന്നു ക്ഷേത്രത്തെക്കുറിച്ചും മറ്റും.
രാത്രികളിൽ ജീവൻ വച്ച് തീറ്റതേടുന്ന നന്തികേശനെക്കുറിച്ചുള്ള കഥയായിരുന്നു അതിലേറ്റവും ആകർഷകമായി തോന്നിയത്.
ആതിഥേയ സംസ്കാരം പരിഷ്കാരികളെന്നൂറ്റം കൊള്ളുന്ന നമ്മൾ അവരിൽ നിന്നും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് മുകളിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകളുണ്ട്.
തുടർച്ചയായ പടിക്കെട്ടുകളല്ലവ.
അഞ്ചാറു പടികൾക്കു ശേഷം നടക്കാൻ കുറച്ച് സ്ഥലം, വീണ്ടും പടികൾ, അങ്ങനെ.

ഇരുവശത്തും ഭംഗിയായി വെട്ടിയൊരുക്കി വിട്ടിരിക്കുന്ന പച്ചപ്പിന്റെ വേലി.
മുകളിലേക്ക് കയറുമ്പോൾ ഇടയ്ക്കൊരു അതിർത്തി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു.
കൂടെ വന്ന ക്ഷേത്രം സൂക്ഷിപ്പുകാരനാണത് വിശദീകരിച്ചത്.
ആ അതിർത്തിക്ക് മുകളിലോട്ട് ദേശീയ പുരാവസ്തുവകുപ്പിന്റെയും താഴേക്ക് സംസ്ഥാനഗവണ്മെന്റിന്റേയും നിരീക്ഷണത്തിലാണത്രേ കാര്യങ്ങൾ നടക്കുന്നത്.
പരസ്പരമുള്ള ഈ വേർതിരിവ് ക്ഷേത്രങ്ങളുടെ വികസനകാര്യങ്ങളിൽ ഒട്ടേറെ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് സ്ഥലവാസികൾക്കൊപ്പം ഞങ്ങൾക്കും ആശങ്ക തോന്നാതിരുന്നില്ല.
അങ്ങകലെ മലമടക്കുകൾക്കുള്ളിൽ, ഒളിപ്പിച്ചു വച്ചതുപോലെ ആ ഗുഹാക്ഷേത്രം കാണാം.
ചരിത്രമുറങ്ങുന്ന ശിലകൾ.
ഒരായിരം കഥകൾ നെഞ്ചോട് ചേർത്തുപിടിച്ച് അവരങ്ങനെ കാലാതീതരായി നിലകൊള്ളുന്നു.

ഏഴാം നൂറ്റാണ്ടിൽ ജൈനന്മാർ സ്ഥാപിച്ച ഈ ക്ഷേത്രം കാലക്രമേണ ഹിന്ദുമതത്തിലേക്ക് ദത്തെടുക്കപ്പെടുകയായിരുന്നു.
ആദ്യം തെക്കേ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മഹാദേവക്ഷേത്രത്തെ പിന്നീട് തമിഴ്നാടു സർക്കാറും ഗുഹാക്ഷേത്രത്തെ പുരാവസ്തു വകുപ്പും ഏറ്റെടുക്കുകയുണ്ടായി.
പടികയറി മുകളിലെത്തിയാൽ ക്ഷേത്രമുൾക്കൊള്ളുന്ന പാറയാണ്.
ഇടതുവശത്ത് സന്ദർശകർക്കുവേണ്ടി ചരിത്രപ്രാധാന്യം ഉൾക്കൊള്ളിക്കുന്ന രേഖകളുടെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

പാറയിൽ വെട്ടിയുണ്ടാക്കിയ പടികൾ ക്ഷേത്രത്തിലേക്ക് സന്ദർശകനെ സാകൂതം ക്ഷണിക്കും.
മുകളിൽ അവനായി ഒരത്ഭുതപ്രപഞ്ചം ഒരുക്കിവച്ച് കാത്തിരിക്കുന്നുണ്ട് കാലമെന്നറിയിക്കാതെ..
അവിടെ പഴയകാല എഴുത്തുകളുടെ മായികപ്രപഞ്ചമുണ്ട്...
ഭിത്തിയിൽ മുഴുവൻ വട്ടെഴുത്തുകളാണ്..
തിരുനന്തിക്കര ശിലാശാസനങ്ങൾ എന്നു കാലം വാഴ്ത്തുന്ന വിളംബരങ്ങൾ.

ആറോളം ശാസനങ്ങളിവിടെ കൊത്തിവച്ചിട്ടുണ്ട്.
ഒന്നാമത്തേത് ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റേതാണെന്ന് വിശ്വസിക്കുന്നു.
ചാത്തൻ മുരുകന്റെ മകൾ ചേന്തിയെ വിവാഹം ചെയ്ത് അവളുടെ ചെലവിനായി ദാനം നൽകിയ ഭൂമിയുടെ ചേപ്പാടാണ് ശാസനരൂപത്തിൽ അതിൽ ആലേഖനം ചെയ്തിട്ടുള്ളത്.

കൊടുങ്ങല്ലൂരിലെ ചേരരാജാവയ കുലശേഖരദേവന്റെ മകൾ നടത്തിയ ക്ഷേത്രശാസനമാണ് രണ്ടാമത്തേത്.
തിരുനന്തിക്കര ഭട്ടാരകനു കെടാവിളക്കിനു വേണ്ടി ധനം ദാനം ചെയ്ത രേഖയാണത്.
ആ സമയത്ത് അവിടെ സന്നിഹിതരായിരുന്നവരുടെ വിവരങ്ങളും ശാസനത്തിൽ പരാമർശിച്ചിട്ടുണ്ട്.

രാജരാജചോളന്റെ നാളായ അല്പശിയിലെ ചതയം നാളിൽ ആറാട്ടോടുകൂടി ഉത്സവം നടത്താനും രാജാവിന്റെ പേരിൽ അന്നേദിവസം ഒരു വാടാവിളക്ക് കത്തിക്കാനുമായി ക്ഷേത്രത്തിലേക്ക് കന്യാകുമാരി ജില്ലയിലെ മുട്ടം എന്ന ഗ്രാമം ദാനമായി നൽകുന്നതാണ് മറ്റൊരു ശാസനമായി അവിടെ കൊത്തിവച്ചിരിക്കുന്നത്.

തിരുനന്തിക്കരയിലെ ഗണപതിക്ക് പൌരമുഖ്യർ ഭൂദാനം ചെയ്യുന്നതിനെക്കുറിക്കുന്നതാണ് നാലാമത്തെ ശാസനമെങ്കിൽ നാഞ്ചിനാട്ട് വേങ്കോട്ടുമലയിൽ അമ്പി എന്ന അരയൻ കെടാവിളക്ക് കത്തിക്കാൻ ഒരു വിളക്കും അതിൽ പകരാനുള്ള നെയ്യുണ്ടാക്കാനായി പാലെടുക്കാൻ ഒമ്പതു എരുമകളേയും ദാനം ചെയ്യുന്നതാണ് അഞ്ചാമത്തെ ശിലാശാസനം.

മംഗലച്ചേരി ശിവാകരൻ എന്നൊരാൾ തിരുവല്ലയിലേയും തിരുനന്തിക്കരയിലേയും ഭട്ടാരകന്മാർക്ക് ക്ഷേത്രാവശ്യങ്ങൾക്കായി ഭൂമി ദാനം ചെയ്ത രേഖകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ശാസനം ഗുഹാക്ഷേത്രത്തിനകത്തായിട്ടും കാണാൻ കഴിയും.
ശിലകൾ കഥപറയുന്ന ശാസനങ്ങളുടെ ലോകത്തു നിന്ന് വാതിൽ കടന്ന് അകത്തു കയറിയാൽ വർണ്ണങ്ങളുടേയും വരകളുടേയും അത്ഭുതലോകമാകും നമ്മെ എതിരേൽക്കുക.
ഒമ്പതും പത്തും ശതകത്തിലെ ആരോ വരച്ച ചിത്രങ്ങളാണ് ചുമരിലും മച്ചിലുമൊക്കെ. രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാസന്ദർഭങ്ങളാണു പകർത്തിയിട്ടുള്ളത്.
ഒക്കെയും ഇലച്ചാർത്തുകളും പ്രകൃതിവിഭവങ്ങളും ചാലിച്ച നിറക്കൂട്ടുകൾ കൊണ്ട്..
ഗുരുവായൂരിലെ ചിത്രകലകൾ പോലെ..
കാലം നിറം മങ്ങിച്ച വർണ്ണവിസ്മയങ്ങൾ പ്രകൃതിയുടെ ക്യാൻവാസിൽ പുത്തൻ‌തലമുറയിലെ സർഗ്ഗവൈഭവത്തെ വെല്ലുവിളിയോടെ നേരിടുന്ന കാഴ്ച.
ഉള്ളിലുള്ള ചിത്രങ്ങൾ പകർത്താനുള്ള അനുമതിയില്ലാത്തതിന്റെ നേർത്ത നൊമ്പരത്തോടെ പടിയിറങ്ങി.
ഗുഹാക്ഷേത്രത്തിൽ നിന്നും തിരിച്ച് നടക്കാൻ തുടങ്ങിയപ്പോഴാണ് ക്ഷേത്രക്കാവൽക്കാരൻ ചോദിച്ചത് അതിനു പുറകിലെ മലമുകളിലുള്ള ശിവപ്രതിഷ്ഠ ദർശിക്കുന്നില്ലേയെന്ന്.
അങ്ങനൊരു സംഭവം അവിടുള്ളത് അറിയാമായിരുന്നില്ല.
കൂടുതൽ ചിന്തിച്ചു നിൽക്കാതെ ഞങ്ങൾ വലതു ഭാഗത്തു കണ്ട വഴിയിലൂടെ നടന്നു. കുറച്ച് മുന്നോട്ട് പോകുമ്പോൾ മുകളിലെ പാറയിലേക്ക് കയറാനുള്ള വഴി തെളിഞ്ഞു.
അതിലൂടെ തപ്പിയും തടഞ്ഞും കയറി.
ക്ലേശകരമായ യാത്ര എന്നു വെറുതേ പറയുന്നതിൽ അർത്ഥമില്ല.
ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ വീഴാതെ കേറുന്നത് തീർത്തും ആയാസകരം തന്നെ.

മലമടക്കുകളാൽ പ്രകൃതി തീർത്ത പടിക്കെട്ടുകളിലൂടെ മുകളിലെത്തിയാൽ ഒരു വടവൃക്ഷച്ചുവട്ടിൽ കാറ്റും വെയിലും മഴയുമൊക്കെയേറ്റ് സുസ്മേരവദനനായിരിക്കുന്നുണ്ട് സംഹാരകൻ.

അതിനു മുന്നിൽ കണ്ണാടിക്കൂട്ടിൽ എന്തോ കണ്ട് ഞങ്ങൾ ആകാംഷയോടെ നോക്കി.

കല്ലിൽ ഒരു പാദം പതിഞ്ഞ പാട്. അതിനെ മഹാദേവപാദമെന്ന സങ്കൽ‌പ്പത്തിൽ കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ച് പൂജകൾ നടത്തുന്നു.

ആദിമമനുഷ്യൻ അവശേഷിപ്പിച്ചു പോയ അടയാളമായിരിക്കാം എന്ന യുക്തിചിന്ത മനസിൽ വേരോടുമ്പോഴും ഭക്തിസാന്ദ്രമായ മനസ്സ് മന്ത്രിച്ചു “ഓം നമഃ ശിവായഃ”.

പതിയെ വൃക്ഷപൂജാമന്ത്രം ചൊല്ലി വലം വച്ചു.
അതിനിടയിലാണു പുറകിൽ വീണ്ടും നീണ്ടു നിവർന്നു കിടക്കുന്ന പർവ്വത ശിഖരങ്ങൾ കാഴ്ചയിൽ‌പ്പെട്ടത്.
പിന്തിരിയാനൊരുങ്ങുന്ന മനസിനെ അവ തങ്ങളിലേക്ക് മാടി വിളിച്ചു കൊണ്ടിരുന്നു.

രണ്ടും കൽ‌പ്പിച്ച് കയറി.
മുകളിലെ സുരക്ഷിതമെന്നു തോന്നിക്കുന്ന ഉയരത്തിലെത്തി താഴേക്ക് നോക്കുമ്പോൾ അങ്ങകലെ ആരോ ഒരാൾ കിടക്കുമ്പോലെ സഹ്യാദ്രി മോഹിപ്പിക്കുന്നുണ്ടായിരുന്നു.

 
നേർത്ത ജലകണികകളുടെ മുത്തണിഞ്ഞ് മലകയറി വരുന്ന തെക്കൻ കാറ്റ്..
നിശ്ശബ്ദമായ അന്തരീക്ഷം.. 
ഭക്തിയുടെ നിറവിൽ മഹാദേവൻ. 
ഒന്നു മെഡിറ്റേഷൻ ചെയ്യാൻ ആരും കൊതിക്കുന്ന സന്ദർഭം..
സ്വയം മറന്നിരുന്നു പോയ നിമിഷങ്ങൾക്കൊടുവിൽ ഓർമ്മകളുടെ ഭാണ്ഢവും പേറി മലയിറങ്ങി..
പ്രകൃതിയുടെ കൽ‌പ്പടവുകളിറങ്ങി ഗുഹാക്ഷേത്രത്തിൽ തിരിച്ചെത്തി മനുഷ്യനിർമ്മിതമായ പടിക്കെട്ടുകളിലൂടെ മഹാദേവ സന്നിധാനത്തിലെത്തി യാത്ര പറഞ്ഞ് തിരികെ കാറിൽ കയറുമ്പോൾ രണ്ടു ചോദ്യങ്ങൾ മനസിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു...
ഇലച്ചാർത്തുകളുടെ വർണ്ണങ്ങളിൽ വിസ്മയം തീർത്ത ആ മഹത്പ്രതിഭ ആ‍രായിരുന്നിരിക്കും?
പാറക്കല്ലുകളിൽ പാദം പതിപ്പിച്ചു വച്ച ആ‍ അത്ഭുതപ്രതിഭാസം ആരുടെ സർഗ്ഗഭാവനയായിരുന്നിരിക്കും..??
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുഴറുന്ന മനസുമായി ഒരു മടക്കം..
പുതിയ തീരങ്ങൾ തേടി..
 *****************************************************************************************

ഫെയ്സ് ബുക്കിലെ യാത്രാ ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചത്......

Sunday, February 9, 2014

സ്വപ്നം പ്രകാശിതമായപ്പോൾ...

“എം.ടി അല്ലാതെ മറ്റാര് വള്ളുവനാടൻ ശൈലിയിലെഴുതുന്നത് വായിക്കുന്നതും എനിക്ക് ദേഷ്യമാണ്..” അഗമ്യത്തിന്റെ എഴുത്തുകാരൻ ബി.മുരളി..

അന്ന് ജനുവരി മുപ്പത്...
ആത്മസാക്ഷാത്കാരത്തിന്റെ ദിവസമായിരുന്നു..
പ്രകാശിതമായത് ഏറെ നാളത്തെ സ്വപ്നവും..
പതിനൊന്നു കഥകൾ...
പലപ്പോഴായി എഴുതിയത്..
കൊരുത്ത് ഒരു മാല പോലെ ആക്കാൻ മാസങ്ങളെടുത്തു..
ഗൌരീ നന്ദനവും മഴമേഘങ്ങളും ഇറങ്ങിയതിന്റെ ഇടവേള ആഘോഷിക്കുന്നതിന്നിടയിലാണ് ഈ സാഹസത്തിനു തുനിഞ്ഞത്..
തുടങ്ങിയപ്പോഴുണ്ടായിരുന്ന ആവേശം തുടർന്നങ്ങോട്ട് നിലനിർത്താൻ കഴിഞ്ഞില്ല...
പൊരുത്തക്കേടുകൾ, കല്ലുകടികൾ ആദ്യമേ തന്നെ തെളിഞ്ഞു കണ്ടു തുടങ്ങി..
നിരന്തരമേറ്റ പ്രഹരങ്ങൾ മനസ്സിനെ ഒന്നു പക്വമാക്കി..
ക്രമേണ ഒരു വാശി വേരുറച്ചു...
പ്രസാധകധർമ്മം ഏറ്റെടുത്ത് കൃതിബുക്ക്സ് മുന്നോട്ട് വന്നതോടു കൂടി ആ വാശിക്ക് അടിത്തറയായി..

പതിനൊന്നു കഥകളും എഴുതുന്ന സമയത്ത് ഒരുപാട് മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നു..
അതു പിന്നെ പുസ്തകത്തിന്റെ പ്രകാശനം വരെ തുടർന്നുകൊണ്ടേയിരുന്നു..
അകലെയുള്ളവർ മനസുകൊണ്ടും വാക്കുകൾ കൊണ്ടും കൂടെ നിന്നപ്പോൾ അരികിലുണ്ടായിരുന്നവരിൽ‌പ്പലരും ഒറ്റപ്പെടുത്തുകയാണ് ചെയ്തത്...
ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു ജനുവരി മുപ്പതിനു തിരുവനന്തപുരം പ്രസ്ക്ലബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ വിജയം കണ്ടത്..
അവതാരികയിലും പഠനത്തിലും തുടങ്ങി കവർപേജും എഡിറ്റിംഗും ഉൾപ്പടെ പുസ്തകത്തിന്റെ ഓരോ ഘട്ടത്തിലും നോവറിഞ്ഞിരുന്നു...
പുസ്തകം ഇറങ്ങി, പ്രകാശനകർമ്മത്തിനു നാൾ കുറിച്ചതു മുതൽ പിന്നീടങ്ങോട്ട് തികച്ചും തനിയെ ആയിരുന്നു..
ഹാൾ ബുക്ക് ചെയ്യാൻ, നോട്ടീസും ഫ്ലക്സും അടിക്കാൻ, അതിഥികളെ ക്ഷണിക്കാൻ ഒക്കെ ഒറ്റയ്ക്ക് നടക്കേണ്ടി വന്നു..
ഒറ്റപ്പെടുന്നതിന്റെ സുഖമറിഞ്ഞ ദിവസങ്ങൾ...
ചടങ്ങിന്റെ രൂപരേഖ പറഞ്ഞു തന്ന് മുരളിയേട്ടൻ കടന്നു വന്നത് ദൈവനിയോഗം..
പ്രവൃത്തിദിവസവും പകൽ‌സമയവും ആയത് എത്തിച്ചേരുന്നവരുടെ എണ്ണത്തെ സാരമായി ബാധിക്കുമെന്നറിയാമായിരുന്നു..
എന്നിട്ടും ക്ഷണിച്ച വിശിഷ്ടാതിഥികൾ വാക്കുകളിലൂടെ പകർന്നു തന്ന ആത്മവിശ്വാസം തളരാതെ മുന്നോട്ട് നീങ്ങാൻ സഹായിച്ചു...
ഒടുവിലാ ദിവസം വന്നെത്തി..
വരുമെന്നുറപ്പു പറഞ്ഞവർ പോലും രാവിലെ വിളിച്ച് വരാനാകില്ലെന്നു പറഞ്ഞപ്പോൾ മനസും ശരീരവും തളർന്നു പോവുകയായിരുന്നു..
എങ്കിലും തോറ്റുകൊടുക്കില്ലെന്ന വാശി കാലുകളെ മുന്നോട്ട് തന്നെ നടത്തിക്കൊണ്ടിരുന്നു..
കാവ്യാർച്ചനയോടെ ആയിരുന്നു ചടങ്ങുകൾ തുടങ്ങിയത്..

ശ്രീ തിരുമല ശിവൻ‌കുട്ടി നായരും പാലോട് വാസുദേവൻ നായരും നയിച്ച കാവ്യാർച്ചനയിൽ അനുജത്തിയായും ചേച്ചിയായും മകളായും കൂട്ടുകാരിയായുമൊക്കെ കരുതുന്ന സൌഹൃദങ്ങൾ ആ‍ശംസകൾ അർപ്പിച്ചു..

പ്രകാശനച്ചടങ്ങിനു തുടക്കം കുറിച്ച് ജിഷയും ഗോപികയും ആലപിച്ച “ലോകാ സമസ്താ സുഖിനോ ഭവന്തു:” എന്ന ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം ശ്രീ വിനോദ് വെള്ളായണി സ്വാഗതം പറഞ്ഞു..

തുടർന്ന് മുഖ്യ പ്രഭാഷണം നടത്തിയ സിനിമാസംവിധായകനും എഴുത്തുകാരനുമൊക്കെയായ ശ്രീ ലെനിൻ രാജേന്ദ്രൻ സാറിന്റെ വാക്കുകൾ മനസ് കുളിർപ്പിച്ചു..
ക്ഷണിക്കാൻ ചെല്ലുമ്പോഴൊക്കെയും തിരക്കുകൾക്കിടയിൽ ഞാൻ കണ്ട വ്യക്തി പുസ്തകം മുഴുവനായും വായിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..

ആരേയും അനുകരിക്കാത്ത എഴുത്തുകാരി എന്ന അദ്ദേഹത്തിന്റെ വാക്കുകൾ നെറുകയിൽ വീണ തീർത്ഥജലം തന്നെയായിരുന്നു..
മുഖ്യപ്രഭാഷണത്തിനു ശേഷം പ്രകാശനകർമ്മം നടന്നു..
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ശ്രീമതി ചന്ദ്രമതി ടീച്ചർ ആധുനിക കഥാസാഹിത്യത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീ ബി മുരളിക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു..

വള്ളുവനാടൻ ശീലും നിഷ്കളങ്കമായ എഴുത്തും തന്നെ ഗൃഹാതുരത തുളുമ്പുന്ന അവസ്ഥയിലേക്കെത്തിച്ചുവെന്ന് പറഞ്ഞ പ്രിയപ്പെട്ട എഴുത്തുകാരി തന്റെ പഴയ കലാലയ ജീവിതസ്മരണകളിലേക്ക് ഊളിയിട്ടപ്പോൾ മനസിലൊരു അമ്മക്കരം തലോടുന്ന പ്രതീതിയായിരുന്നു..

പൂവൊക്കെ ചുറ്റി നാടൻപെണ്ണായി എന്റെ അരികിലിരിക്കുന്ന ഈ കുട്ടിയാണിതൊക്കെ എഴുതുന്നതെന്ന് വിശ്വസിക്കാൻ പ്രയാസം എന്നാ നാവുകളിൽ നിന്നും കേട്ടപ്പോൾ കണ്ണുകൾ നിറയുകയായിരുന്നു..
ഇനി വരും നാളുകളിൽ ഈ ശബ്ദം ഗർജ്ജിക്കുന്ന സ്ത്രീയുടേതാവട്ടെ എന്ന വാക്കുകൾ നിശ്ശബ്ദമായി ഉൾക്കൊണ്ടു..
തുടർന്നു പ്രസംഗിച്ച മുരളിയേട്ടൻ എം.ടി അല്ലാതെ മറ്റാരു വള്ളുവനാടൻ ശൈലിയിൽ എഴുതിയാലും തനിക്ക് ദേഷ്യം വരുമെന്ന് തുറന്നു സമ്മതിക്കാൻ മടി കാട്ടിയില്ല..

എന്തും തുറന്നു സംസാരിക്കുന്ന മുരളിയേട്ടന്റെ ഈ പ്രകൃതം തന്നെയാകണം അദ്ദേഹവുമായുള്ള സൌഹൃദത്തിൽ കൊണ്ടെത്തിച്ചത്..
ചിത്തമന്ത്രണത്തിലെ കഥകൾക്ക് അനുവാചകനുമായി സംവദിക്കാൻ നിരൂപകൻ എന്ന ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് അദ്ദേഹം വിലയിരുത്തി..
ഭാഷയിൽ വിസ്ഫോടനങ്ങൾ സൃഷ്ടിക്കാതെ ലളിതമായ രീതിയിൽ കഥ പറഞ്ഞു പോകുന്നു എന്ന് മുരളിയേട്ടൻ പറയുമ്പോൾ അതിന്റെ നല്ല വശം ഏറ്റെടുക്കുകയായിരുന്നു മനസ്സ്..
പുസ്തകം അവതരിപ്പിക്കാനെത്തിയ കവി ശാന്തൻ പരിചയപ്പെട്ടതിന്റെ ഓർമ്മകൾ പങ്കു വച്ചാണ് തുടക്കം കുറിച്ചത്..
ചെറുപ്രായത്തിൽ തന്നെ അറിയുമായിരുന്ന ശാന്തന്റെ പ്രേരണയാവണം കോളേജ് വിദ്യാഭ്യാസാനന്തരം ക്യാൻസറിനെക്കുറിച്ചും അതിന്റെ ചികിത്സാരീതികളെക്കുറിച്ചും കൂടുതലറിയാനുള്ള പ്രോജക്ടിലേർപ്പെടാൻ തോന്നിച്ചത്..
അവിടെ, കൂടെ നിന്ന് ഓരോന്നും പറഞ്ഞു തന്നിരുന്ന കവി പിന്നീട് എഴുത്തിന്റെ പാതയിലും സഹായിയായി..
കണ്ണുകളുടെ നിറം മറയ്ക്കാൻ ശ്രമിക്കുന്ന ഇടപാടിനെ വലിച്ചു കീറിയെറിഞ്ഞുകൊണ്ട് കവി പരിചിതമുഖങ്ങളിൽ അത്ഭുതം പടർത്തി..
അവതാരികയിൽ നെറ്റിസൺ ജേർണലിസ്റ്റായ ശ്രീ ബനേഷ് പറഞ്ഞു വച്ച വാക്കുകളിലൂടെയായിരുന്നു പുസ്തകത്തിലേക്ക് അദ്ദേഹം കടന്നത്..

ശീർഷകങ്ങൾ തിരഞ്ഞെടുക്കുന്നതിലെ അരോചകത്വം ചൂണ്ടിക്കാണിക്കാൻ അദ്ദേഹത്തിലെ നിരൂപകൻ ഒട്ടും വിമുഖത കാട്ടിയില്ല..
പഴമയേയും പുതുമയേയും കോർത്തിണക്കുന്ന എഴുത്തുകൾ എന്നു പറഞ്ഞ് അദ്ദേഹം പുസ്തകാവതരണം അവസാനിപ്പിച്ചു..
എവിടേയും മുഖം നോക്കാതെ അഭിപ്രായം പറയുന്ന മുരളിയേട്ടനും ശാന്തൻ ചേട്ടനും സംസാരിക്കുമ്പോൾ ക്ലാസിൽ ചോദ്യം ചോദിക്കുന്ന അധ്യാപകനു മുന്നിലിരിക്കുന്ന കുട്ടിയുടെ മനസായിരുന്നെനിക്കും..
ആശംസ പറയാനെത്തിയ ശ്രീ ബിജു ബാലകൃഷ്ണൻ, നാഞ്ചിനാട്ടിൽ ജനിച്ച് വള്ളുവനാടിന്റെ ശീലിലെഴുതുന്ന എഴുത്തുകാരി എന്നു പറഞ്ഞത് മറക്കാനാകാത്ത വാക്കുകളായി..

നാഞ്ചിനാട്ടിനു അഭിമാനിക്കാവുന്ന കരുത്തുറ്റ പാരമ്പര്യമുള്ള ഭാഷയുള്ളപ്പോൾ വള്ളുവനാടൻ ശൈലി സ്വീകരിക്കണമായിരുന്നോ എന്നദ്ദേഹം ചോദിച്ചു..
ഇനിയുള്ള കഥകളും കവിതകളും നാഞ്ചിനാടിന്റെ സ്വന്തമെന്നു പറയാവുന്നതാവട്ടെ എന്നാശംസിച്ചു..
പ്രഭാഷണങ്ങൾ നടത്തിയവരെല്ലാം തന്നെ പുസ്തകത്തിന്റെ കെട്ടിനേയും മട്ടിനേയും അഭിനന്ദിച്ചു.. കവി ശാന്തൻ കവർ പേജ് തയ്യാറാക്കിയ വ്യക്തിയെ പേരെടുത്തു പറഞ്ഞ് ആശംസിച്ചു..
ആ നല്ല വാക്കുകൾ കൃതിബുക്ക്സിനു നിറഞ്ഞ മനസ്സോടെ കൈമാറുന്നു..
ഒടുവിൽ നന്ദി പറയാനെഴുന്നേൽക്കുമ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു..

സഭാകമ്പം ലവലേശമില്ലാതെ നാല്പതു മിനിട്ടുകളോളം പ്രസംഗിച്ചിരുന്ന പരിചയം അപ്പോൾ കാറ്റിൽ പറന്നു പോയിരുന്നു..
എവിടെ തുടങ്ങണം, എങ്ങനെ അവസാനിപ്പിക്കണം എന്നൊന്നുമറിയാതെ വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങി..
എങ്ങനെയോ പറഞ്ഞൊപ്പിച്ചു എന്നു തന്നെ പറയേണ്ടി വരും..
ചടങ്ങവസാനിക്കുമ്പോൾ ആകെ തളർന്നു കഴിഞ്ഞിരുന്നു..
പക്ഷേ അപ്പോഴും ചുണ്ടിന്റെയൊരു കോണിൽ ഒരു ചിരി വാടാതെ നിന്നിരുന്നു..
മൌനമായി അത് മന്ത്രിക്കുന്നുണ്ടായിരുന്നു ആത്മാവിനോട്..”ഇല്ല തോറ്റുകൊടുക്കാനെനിക്ക് മനസ്സില്ല”..

                                             *********************************
പുസ്തകം ലഭിക്കാൻ  bookskrithi@gmail.com എന്ന ഈമെയിൽ ഐഡിയിൽ ബന്ധപ്പെടുക..
ഇന്ദുലേഖ.കോം സന്ദർശിച്ചും പുസ്തകം വാങ്ങാവുന്നതാണ്..

Friday, January 24, 2014

ഒരു “ചിത്തമന്ത്രണ”ത്തിന്റെ കഥ....

അക്ഷരങ്ങളൊരുക്കിത്തന്ന ഒരു വസന്തം കൂടെ....

സീതായനത്തിന്റെ പാതയിൽ..

“എഴുതിയെഴുതി വിരൽ മുറിയട്ടെ, പിന്നെ എഴുതുന്നതിനു ആത്മാവിന്റെ ഭാഷയും ഹൃദയത്തിന്റെ താളവുമുണ്ടാകുമെന്ന്” എനിക്ക് മുന്നേ നടന്നവർ ഒരുപാട് തവണ പറഞ്ഞിരിക്കുന്നു..

എവിടെയോ ഇടയ്ക്ക് നഷ്ടമായ എഴുത്തിന്റെ താളമൊന്ന് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാനും..

എത്രത്തോളം വിജയിച്ചുവെന്ന് വിധിയെഴുതേണ്ടത് അനുവാചക ഹൃദയങ്ങളാണ്..

എഴുത്തുകാരുടെ സൃഷ്ടികൾ എഴുതിത്തീരും വരെ മാത്രമേ അവർക്ക് സ്വന്തമാവുകയുള്ളൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ..

അത് കഴിഞ്ഞാൽ പിന്നത് വായനക്കാരുടേതാണ്..

ഇവിടെ കുറച്ചു കഥകൾ കോർത്തിണക്കിയ “ചിത്തമന്ത്രണങ്ങൾ” ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു..

വിധിയെഴുത്തിനായി...
ഈ കഥകളെഴുതിത്തുടങ്ങുമ്പോൾ അനുഭവിച്ച മാനസികവ്യഥ പിന്നീടങ്ങോട്ട് പുസ്തകമാകുന്നതുവരെയുള്ള ഓരോ ഘട്ടങ്ങളിലും വിടാതെ പിൻ‌തുടർന്നിരുന്നതുകൊണ്ടാകും പരിസമാപ്തിയിൽ അത്യധികമായ സന്തോഷം അനുഭവിക്കുന്നുണ്ട് മനസ്സ്..

കൃതി ബുക്ക്സ് ആണ് ഈ ചിത്തമന്ത്രണങ്ങൾ നിങ്ങൾക്കുമുന്നിലെത്തിക്കുന്നത്..

ഇനിയാ മന്ത്രണങ്ങൾ നിങ്ങളുടെ മനസിൽ നിലാമഴ പോലെ നേർത്തു നേർത്ത് പെയ്യട്ടെ..

നോവിന്റെ ഗദ്ഗദങ്ങളോടെ..

സ്നേഹത്തിന്റെ, പ്രണയത്തിന്റെ നേർത്ത നിമന്ത്രണങ്ങളോടെ..

പുസ്തകം വി പി പി ആയിട്ട് വേണമെന്നുള്ളവർക്ക് bookskrithi@gmail.com എന്ന ഈമെയിൽ ഐഡിയിൽ എഴുതി ആവശ്യപ്പെടാവുന്നതുമാണ്..

ഇതിൽ അവതാരിക എഴുതിയിരിക്കുന്നത് ശ്രീ എം.എസ് ബനേഷാണ്...

അസാമാന്യ കഴിവുള്ള ഒരെഴുത്തുകാരനെന്നതിലപ്പുറം ജീവൻ ടിവിയിലെ നെറ്റിസൺ ജേർണലിസ്റ്റായിട്ടാണ് അദ്ദേഹം നമുക്കെല്ലാം ഏറെ പരിചിതൻ..

അവതാരിക എന്ന ആവശ്യത്തിനു മുന്നിൽ മടിയൊന്നും കാട്ടാതെ നിശ്ചിത സമയത്തിനുള്ളിലെഴുതിത്തന്ന അദ്ദേഹത്തിനോട് നന്ദി പറയാതെ തരമില്ല...

പിന്നെയുള്ളത് ശ്രീ അനിൽകുമാർ സി.പി ആണ്..

വൈഖരിയിലൂടെ നമുക്കറിയുന്ന നമ്മുടെ സ്വന്തം അനിലേട്ടൻ..

വളരെ വില പിടിച്ച സമയം എനിക്കുവേണ്ടി ചെലവഴിച്ച് അദ്ദേഹമൊരുക്കിത്തന്ന ആഴത്തിലുള്ള സീതായനത്തിന്റേയും ചിത്തമന്ത്രണങ്ങളുടേയും പഠനം ഈ പുസ്തകത്തിനൊരു മുതൽക്കൂട്ട് തന്നെയാണ്..

ഇതിന്റെ ഓരോ ഘട്ടത്തിലും താങ്ങായ് തണലായ് കൂടെ നടന്നവർ ഒരുപാടുപേരുണ്ട്...

പേരുകളെടുത്ത് പറഞ്ഞാൽ ആരെയെങ്കിലും വിട്ടുപോയാലോ എന്ന ആശങ്കയുള്ളതുകൊണ്ട് എല്ലാവർക്കും എന്റെ സ്നേഹം ..സന്തോഷം..

പുസ്തകം ഇറങ്ങിയിട്ടും പ്രകാശനം കുറച്ച് വൈകി...

ഈ വരുന്ന ജനുവരി മുപ്പതിനു തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് രാവിലെ പത്തരയ്ക്ക് കാവ്യാർച്ചനയോടുകൂടെ തുടങ്ങുന്ന ചടങ്ങിൽ മലയാളികളുടെ പ്രിയംകരിയായ എഴുത്തുകാരി ശ്രീമതി ചന്ദ്രമതി ടീച്ചർ “ചിത്തമന്ത്രണങ്ങൾ” പ്രശസ്തനായ കഥാകാരൻ ശ്രീ ബി മുരളിക്ക് നൽകി പ്രകാശനം ചെയ്യും..

ചടങ്ങിൽ ശ്രീ ലെനിൻ രാജേന്ദ്രൻ മുഖ്യ പ്രാഭാഷണം നടത്തും..

ശ്രീ ശാന്തൻ, ശ്രീ ബിജു ബാലകൃഷ്ണൻ, ശ്രീ എൻ.ബി സുരേഷ്, ശ്രീ വിനോദ് വൈശാഖി എന്നിവർ ആശംസകൾ നൽകും..

നിങ്ങളുടെ പ്രാർത്ഥനകൾ സീതയെ ഇതുവരെ വഴി നടത്തി..

തുടർന്നും അതുണ്ടാകുമെന്ന പ്രതീക്ഷയോടെ ഏവരേയും സഹർഷം പ്രസ്തുത ചടങ്ങിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു..

സ്നേഹത്തോടെ..

നിങ്ങളുടെ സ്വന്തം സീത...

Saturday, January 11, 2014

കാറ്റും മരവും...



ഏഴുവർണ്ണങ്ങളിൽ തേൻ‌ചുരത്തും
വാസന്തമേകി പരിലസിക്കെ
ശലഭങ്ങളെന്നെ പ്രണയിച്ചു

ഹരിതാഭമാം ചില്ലകളൊരുക്കി
മഴ-വെയിലുകൾക്കൊളിമറയേകി
കൂടുകൂട്ടാനിടം കൊടുക്കെ
പക്ഷികളുമെന്നെ പ്രണയിച്ചു..

ജീവിതപാതയിലേറെത്തളരുമ്പോൾ
പൂമെത്തയേകി തണലൊരുക്കി
ശയനസുഖം കൊടുത്തതിനാലാവാം
മനുജനുമെന്നെ പ്രണയിച്ചു..

വർണ്ണശലഭങ്ങൾക്കും പക്ഷികൾക്കും
സാഹസികനാം മനുജനും
ജന്മം തീറെഴുതുക വയ്യ

ഒന്നു വന്നെന്നെ തലോടി മടങ്ങും
കാറ്റിനോടാണെനിക്കെന്നും പ്രണയം

പൂത്തുതളിർത്തെൻ മേനി പുൽകിയ വാസന്തം
നാളെ ഗ്രീഷ്മത്തിനു വഴിമാറും
പൂക്കളൊഴിയുമ്പോൾ തേനുറവ വറ്റുമ്പോൾ
മൂളിപ്പറക്കുമീ ശലഭങ്ങളകലും..

ഇലകളടരുമ്പോൾ ചില്ലകളൊടിയുമ്പോൾ 
മഴയും വെയിലും ആക്രോശിച്ചടുക്കുമ്പോൾ
കൂടൊഴിഞ്ഞീ പക്ഷികൾ പറക്കും
മോഹഭംഗത്തിൻ തൂവലുകൾ ബാക്കിയാവും

തണലൊഴിയുമ്പോൾ പൂമണമടങ്ങുമ്പോൾ
നിദ്രയുപേഷിച്ചങ്ങ് നടക്കുമാ മനുജനും

ജീർണ്ണിച്ചൊടുങ്ങും വരേക്കും
എന്നെ പ്രണയിക്കുമീ കാറ്റ് മാത്രം

എങ്കിലുമെന്തേ തെല്ലിട നിന്നെൻ
നെഞ്ചിൻ കിതപ്പറിയാതെ കുതിച്ചിടുന്നവൻ?
കാർമേഘച്ചിറകേറി ഏഴുലകംചുറ്റിവന്നാലും
പുണരാനിവളുണ്ടെന്ന ചിന്തയാമോ?

നാളെയെന്റെയീ ദേഹം മണ്ണെടുക്കും
മഴ, പുഴയിലൊഴുക്കി കടലിലടിക്കും

പുനർജ്ജനിക്കണമെനിക്കിനിയും
കാറ്റെന്നെ വിട്ടകലാത്തൊരു മരമായ്..