പ്രതാപത്തിന്റെ കേളികൊട്ടുണരുന്ന കപിലവസ്തു....
നിലാവിൽ കുളിച്ച് നിൽക്കുന്ന സൌധങ്ങൾ...രാജവീഥി ഏറെക്കുറേ നിശ്ശബ്ദം....
സമയം അർദ്ധരാത്രി കഴിഞ്ഞിട്ടാവണം ചീവീടുകളുടെ സംഗീതവും കാവൽക്കാരുടെ കുതിരക്കുളമ്പടിയൊച്ചയും അല്ലാതെ മറ്റൊന്നും കേൾക്കുന്നില്ലാ...ഇടയ്ക്ക് രാപ്പുള്ളുകൾ ചിലയ്ക്കുന്നുണ്ട്...
ഉയർന്നു നിൽക്കുന്ന സൌധങ്ങൾക്ക് തിലകച്ചാർത്തെന്നവണ്ണം ശുദ്ധോധന മഹാരാജാവിന്റെ കൊട്ടാരം....
അന്ത:പ്പുരത്തിലെ ഒരു മുറിയിൽ ഇനിയും തിരിനാളം കണ്ണടച്ചിട്ടില്ലാ....അണയാൻ തുടങ്ങുന്ന നാളത്തിലേക്കുറ്റു നോക്കി എരിയുന്ന മനസുമായി അവൾ...
യശോധര....
മോഹങ്ങൾ മരിച്ചു വീണ കണ്ണുകളിൽ നിർവ്വികാരതയ്ക്ക് പകരം അടങ്ങാത്ത മനസ്സിന്റെ പ്രതിഫലനം കാണാം....
ആൽത്തറയിൽ വന്നിരിക്കുന്നത് അദ്ദേഹമാണ്..കാണാൻ പോകണോ.....
ചിന്തകൾ ചേതനയോട് പട വെട്ടുകയാണ്....
പട്ടുമെത്തയിൽ ഏതോ സുന്ദര സ്വപ്നത്തിന്റെ കടാക്ഷത്തിൽ പുഞ്ചിരി മായാത്ത മുഖവുമായി രാഹുലൻ....
ഉറങ്ങുക...നിനക്കുറങ്ങാം...നശിച്ച ഈ ലോകവും ഇവിടത്തെ നിയമങ്ങളുമൊന്നും നീയറിയുന്നില്ലല്ലോ...നിന്റെ മനസ്സിൽ നക്ഷത്രങ്ങളും ചിത്രശലഭങ്ങളും മാത്രമല്ലേ....
വീണ്ടും, മാതൃത്വത്തെ തള്ളിയകറ്റി എന്നിലെ സ്ത്രീ മനസ്സിലേക്കോടിക്കേറി....
വേണ്ട..എന്തിനു പോകണം....തന്റെ സ്ത്രീത്വത്തെ നിഷ്ക്കരുണം അവഗണിച്ചിറങ്ങിപ്പോയ ആ പുരുഷത്വത്തിന്റെ മുന്നിൽ എന്തിനു കീഴടങ്ങണം..
മനസ്സ് വാദപ്രതിവാദത്തിനു തയ്യാറെടുത്താണ്....
ഇല്ലാ പോകണം...അദ്ദേഹം കാണണം...അറിയണം...താനിന്നും ജീവിക്കുന്നുണ്ടെന്ന്...അവസരം കിട്ടിയാൽ ഒരു ചോദ്യവും ചോദിക്കണം എന്തിനായിരുന്നു ഈ ഒളിച്ചോട്ടമെന്നു....
ഏത് ഗയയാണ് അദ്ദേഹത്തിനു ബോധോദയമേകിയത്...
ഗാർഹസ്ഥ്യം കഴിഞ്ഞത്രേ സന്യാസം...അതറിയാതെ പോയോ ലോക ഗുരു...
അവനവന്റെ കർമ്മങ്ങളിൽ നിന്നും ഒളിച്ചോടുന്നവർക്കുള്ളതാണോ സന്യാസം..
ജരാനരകളും രോഗദുരിതങ്ങളും മൃത്യുവും തന്നേയും മകനേയും ആക്രമിച്ചേക്കുമെന്നു ഭയന്നുവത്രേ...അതിനെ പ്രതിരോധിക്കാനുള്ള ആയുധം തേടിയായിരുന്നു തന്റെ യാത്രയെന്നു ന്യായവും...
അദ്ദേഹം എത്ര ഭംഗിയായി സ്വയം ന്യായീകരിച്ചു...
ദൈവം വിധിക്കുന്ന സുഖ ദുഃഖങ്ങളിലൂടെ സഞ്ചരിച്ച് മോക്ഷം വരിക്കേണ്ടതിനു പകരം എല്ലാം ഇട്ടെറിഞ്ഞ് പോകുകയാണോ വേണ്ടിയിരുന്നത്....
എന്നിട്ടെന്ത് നേടി...?
തന്നേയും മകനേയും അദ്ദേഹം ഭയന്ന കാലപ്രഹരങ്ങളിൽ നിന്നും രക്ഷിക്കാനായോ...
പിന്നെന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ.....
മഹാനായ ശുദ്ധോധന മഹാരാജാവിനോടും ചോദിക്കാൻ ഒരു ചോദ്യം താൻ കരുതി വച്ചിട്ടുണ്ട്...
സന്യാസിയായിപ്പോയേക്കുമെന്ന വിധിയുള്ള മകനെ ജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള പരീക്ഷണ വസ്തുവായി ഇവളുടെ ജീവിതമെന്തിനു വിലയ്ക്കെടുത്തെന്ന്.....
ഉത്തരമുണ്ടാവില്ല രാജാവിന്....
തന്റെ നോട്ടത്തെ നേരിടാൻ മടിച്ച്, അദ്ദേഹമെപ്പോഴും മാറിപ്പോകുന്നതും മനസ്സിൽ നിന്നുയരുന്ന ഈ ചോദ്യത്തെ ഭയന്നല്ലേ...
ചോദ്യങ്ങളുണ്ടെനിക്ക് സമൂഹത്തോടു പോലും...
ഒരു കാര്യത്തിൽ അഭിമാനവും...
തോറ്റ് കൊടുത്തിട്ടില്ലാ താൻ...വിധിയും പതിയുമേൽപ്പിച്ച ആഘാതത്തിൽ വീണു പോയിട്ടില്ലാ...
രാഹുലനെന്നും അഭിമാനത്തോടെ തലയുയർത്തി നിന്നു പറയാനായി താനിന്നും ജീവിച്ചിരിക്കുന്നു...
ചിന്തകൾ രാത്രിയുടെ യാത്രാമൊഴി അവളുടെ കാതുകളിൽ എത്തിച്ചില്ല....
അരുണന്റെ ആദ്യകിരണങ്ങൾ വദനം പൊള്ളിച്ചിട്ടോ രാഹുലന്റെ കൊഞ്ചുന്ന മൊഴികൾ കേട്ടിട്ടോ ചിന്തകളിൽ നിന്നുണർന്ന് ഉറച്ച തീരുമാനത്തോടെ അവൾ പ്രഭാതവന്ദനത്തിനായ് നടന്നു...
വീണ്ടും ഒരു ദിനം കൂടി ജീവിതത്തിന്റെ പുസ്തകത്തിൽ...
രഥത്തിലേറുമ്പോഴും മനസ്സ് ശാന്തമായിരുന്നു.....
രാജവീഥിയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പാതയോരത്തെ ആലിൻ ചുവട്ടിൽ അതാ അദ്ദേഹം...
രഥത്തിൽ നിന്നിറങ്ങുമ്പോൾ മനസ്സ് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു....
രാഹുലന്റെ കയ്യിലെ പിടിത്തമൊന്നു മുറുകിയോ...
ചുറ്റുമുള്ള കാഴ്ചകൾ കണ്ടു നടന്ന അവൻ അമ്മയുടെ ഭാവമാറ്റത്തിൽ തെല്ലൊന്നമ്പരന്നിട്ടുണ്ടാവും....
ഒന്നും ശ്രദ്ധിക്കാൻ തോന്നിയില്ലാ...നടന്നു ഉറച്ച കാൽ വയ്പ്പോടെ...
അദ്ദേഹത്തിനു ചുറ്റും ഒരു ജനാവലി തന്നെയുണ്ട്...
തങ്ങളുടെ സിദ്ധാർത്ഥ രാജകുമാരനെ മറന്നിരിക്കുന്നു പ്രജകൾ....അല്ലെങ്കിലും ഇത് ശ്രീബുദ്ധനല്ലേ...
പറഞ്ഞു കേട്ടത് ശരിയാണ്...ഒരു അഭൌമ തേജസ്സുണ്ട് ആ മുഖത്തിനിപ്പോൾ.. വല്ലാത്ത ശാന്തതയും....വാക്കുകളും ആ ശാന്തത കടമെടുത്ത പോലെ....
തനിക്ക് തിരയേണ്ടത് അതല്ലല്ലോ...
ആ കണ്ണിന്റെ അഗാധതയിൽ എവിടെയെങ്കിലും ഒരു നഷ്ടബോധത്തിന്റെ ചെറുകണിക വീണു കിടപ്പുണ്ടോ....അതറിയണം...
പിന്നെ ലോക ഗുരുവിനെ ബോധ്യപ്പെടുത്തണം അദ്ദേഹമേൽപ്പിച്ചു പോയ കണ്ണീരിൽ താനൊലിച്ച് പോയിട്ടില്ലാന്നു...
നടത്തത്തിനു വേഗത കൂടുന്നത് അവളറിഞ്ഞില്ലാ....
ലോക തത്വങ്ങളും മഹത് വാക്യങ്ങളും ഉരുക്കഴിച്ച് മാനവികതയുടെ മനസ്സിലെ അഴുക്കുകൾ കഴുകി കളയാൻ ശ്രമിക്കുന്ന ആ മഹാനുഭാവന്റെ മുന്നിൽ ഒരു നിറ ദീപം പോലെ അവൾ ജ്വലിച്ചു നിന്നു...
ഒരു നിമിഷം....
കണ്ണുകൾ പരസ്പരം ചോദിക്കാനും പറയാനുമുള്ളത് ചെയ്ത് തീർത്തു....
പതറുന്ന ബാല്യത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരമേകാതെ ആ കൈ പിടിച്ച് അവൾ തിരികെ നടന്നു.... മൌനം വാചാലമാകുന്ന നിമിഷങ്ങളിലേക്ക് താനെറിഞ്ഞു കൊടുത്ത ലോക ഗുരുവിനെ പുറകിൽ വിട്ട്....
അവളുടെ മനസ്സ് ഒരു വിജിഗേഷുവിന്റേതായിരുന്നു അപ്പോൾ....ലോകം കീഴടക്കിയ സന്തോഷം......
അന്നത്തെ ദിവസത്തിന് പ്രത്യേകം സൌന്ദര്യമുള്ളതറിഞ്ഞവൾ...
പക്ഷേ....
സന്ധ്യവന്ദന വേളയിൽ ദാസി മൊഴിഞ്ഞ സത്യം അവളുടെ മനസ്സിൽ ചോദ്യങ്ങളുടെ ശരമഴ പെയ്യിച്ചു...
അദ്ദേഹം വരുന്നുണ്ടത്രേ നാളെ....
എന്തിന്...ഇട്ടെറിഞ്ഞുപോയ ശേഷിപ്പുകളിലൂടെ ഒരു തിരനോട്ടം നടത്തേണ്ട ആവശ്യകത ദൈവ തുല്യനെന്നു മാലോകർ വാഴ്ത്തുന്ന ശ്രീബുദ്ധനുണ്ടോ...
തന്നോടുള്ള ചോദ്യങ്ങളുമായിട്ടാവുമോ ഈ വരവ്...വരട്ടെ...എങ്കിൽ ചോദിക്കാൻ തനിക്കുമുണ്ടേറെ....
മനസ്സിലെന്തിനോ ഒക്കെ അക്കമിട്ടുറപ്പിച്ച് രാഹുലനെ നെഞ്ചോട് ചേർത്തവളന്ന് സുഖമായുറങ്ങി.....
പകലോൻ ആഗമനം അറിയിച്ചെത്തും മുമ്പേ അവളുണർന്ന് കാത്തിരുപ്പായി...
ചോദിക്കണം...ഇന്നു തന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടണം...
വിധിയുടെ പരീക്ഷണങ്ങളെ പേടിച്ച് പോയ സിദ്ധാർത്ഥ കുമാരനാണോ...അതിനെ സധൈര്യം നേരിട്ട താനാണോ വിജയിച്ചതെന്ന് അറിയണം....
കാത്തിരുപ്പിനവസാനം കുറിച്ച് അന്തഃപ്പുരത്തിനു വെളിയിൽ ആരവങ്ങൾ കേട്ടു...
“ബുദ്ധം ശരണം ഗച്ഛാമി....
സംഘം ശരണം ഗച്ഛാമി...
ധർമ്മം ശരണം ഗച്ഛാമി....”
അവളുടെ മനസ്സിലും പെരുമ്പറ നാദം ഉണർന്നു....
അതാ അദ്ദേഹം വരുന്നു....
അവളുടെ മുന്നിൽ നിൽക്കുന്ന ആ സാർവ്വഭൌമ തേജസ്സിലേക്ക് നോക്കാൻ അവൾക്ക് കഴിഞ്ഞില്ലാ....
ഉതിർന്നു വീഴുന്ന കണ്ണീർക്കണങ്ങളോടെ അവളാ പാദങ്ങൾ കഴുകി...
പാദങ്ങളിൽ നിന്നവളെ പിടിച്ചെഴുന്നേൽപ്പിച്ചാ നെറുകയിൽ കൈ വച്ചനുഗ്രഹിച്ച് ശ്രീബുദ്ധൻ നടന്നു നീങ്ങി..
ഭഗവാനേ എന്ന വിളിയോടെ തൊഴുകൈയ്യുമായി ഒരു ശിലപോലെ അവൾ നിന്നു ഒരു നിമിഷം....
കണ്ണീർ നനഞ്ഞൊട്ടിയ കൺപീലികൾ വലിച്ച് തുറന്നവൾ നോക്കുമ്പോൾ അകലെ നടന്നു മറയുകയായിരുന്നു അദ്ദേഹം...
താൻ കരഞ്ഞിരിക്കുന്നു...തോറ്റു പോയൊ താൻ....?
പാതിവൃത്യത്തിൻ പൂജയിൽ സ്വയം അർപ്പിച്ച് ഇത്ര നാളും വിജയിയെന്നഹങ്കരിച്ച തന്റെ മനസ്സ് തളർന്നോ...
വെറും പെണ്ണായോ ഒരു നിമിഷത്തേക്ക്...?
അവളുടെ ചിന്തകളെ മുറിച്ചു കൊണ്ട് അങ്ങു ദൂരെ നടന്നു മറയുന്ന ഭിഷുവൊന്നു തിരിഞ്ഞു നോക്കി...
അണഞ്ഞു പോയ അവളുടെ കണ്ണിലെ പ്രകാശം ജ്വലിച്ചു...
ഇല്ലാ താൻ തോറ്റിട്ടില്ല...
ഭഗവാനേ എന്നുള്ള തന്റെ വിളിയിൽ ആ മനസ്സ് പിടയുന്നതറിഞ്ഞിരുന്നു താൻ...
ആഗ്രഹിച്ചിട്ടുണ്ടാവണം ആ മനസ്സ് ....തന്റെ നാവിൽ നിന്നെങ്കിലും സിദ്ധാർത്ഥകുമാരാ എന്ന വിളി കേൾക്കാൻ...
ഉവ്വ്...
ഞാൻ തോറ്റിട്ടില്ലാ....
“ഉവ്വ്..ഞാൻ തോറ്റിട്ടില്ലാ..”എന്തിനെന്നറിയാതെ എന്റെ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു....
മാറിലടുക്കിപ്പിടിച്ച പുസ്തകം കയ്യിൽ നിന്നും ഊർന്നു വീണതറിഞ്ഞില്ല....
കുമാരനാശാന്റെ ശ്രീബുദ്ധചരിതം....
ചുമരിലെ ഘടികാരം രാവിന്റെ അന്ത്യയാമങ്ങളറിയിച്ച് ചിലയ്ക്കുന്നതും ഞാനറിഞ്ഞില്ലാ...തുറന്നിട്ട ജനാലയിലൂടെ ഒരു കുളിർകാറ്റ് എന്നെ തലോടി കടന്നു പോയതും....
ചുണ്ടുകൾ അപ്പോഴും ശബ്ദമില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു..
“.ഉവ്വ്...ഞാൻ തോറ്റിട്ടില്ലാ..”