Thursday, March 31, 2011

തുറക്കാത്ത വാതായനം.....ചിത്രശലഭങ്ങള്‍ പാറുന്ന താഴ്വാരം....മഴ മഞ്ഞായി പെയ്യുന്നു....വാനമേല്‍പ്പിച്ച ചുംബന മുത്തുകൾ പേറി നാണിച്ച് തല താഴ്ത്തി സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന ഡാഫഡിൽ പുഷ്പങ്ങള്‍ .....പ്രണയികളെ കാത്ത് ചുമന്ന പട്ടുടുത്ത് ഗുല്‍മോഹര്‍......

എന്നും ഒരു മോഹമായ് മനസ്സില്‍ കൊണ്ട് നടന്ന മാടപ്രാവിന്റെ നനുത്ത വെള്ള ചിറകുകള്‍ തനിക്കും സ്വന്തം....മെല്ലെ കുഞ്ഞി ചിറകുകള്‍ വീശി നോക്കി...ഹായ് എന്ത് രസം....മെല്ലെ മെല്ലെ പറന്നു നടന്നു ....

ആരാണ് കൈയ്യില്‍ പിടിച്ചത്...

സ്വര്‍ണ്ണ ചിറകുകളുള്ള കുതിരപ്പുറത്ത് അതാ പുഞ്ചിരി തൂകി സുന്ദരനായൊരു രാജകുമാരന്‍...ചിന്തിക്കാന്‍ സമയം തരാതെ കോരിയെടുത്ത് കുതിരപ്പുറത്ത് ഇരുത്തി മേഘ മാലകളിലേക്ക് അവന്‍ പറന്നു.....ചുറ്റും വെള്ള മേഘ തുണ്ടുകള്‍.....ഒന്ന് തൊടാന്‍ കയ്യെത്തിച്ചു.....

“ ഠിം ”

....ഹോ എന്താ അത്...  

ഞെട്ടിയുണര്‍ന്നു ...പതിവ് പോലെ വീണ്ടും ഫ്ലവര്‍ വേസ്‌ പൊട്ടിച്ചിരിക്കുന്നു...ഇന്നലെ വാങ്ങിയതായിരുന്നു ....എന്റെ ഒരു സ്വപ്നം...


സ്വപ്നത്തെ ശപിച്ച്  എണീറ്റു......അഴിഞ്ഞുലഞ്ഞ നീണ്ട മുടി വാരി കെട്ടി വസ്ത്രങ്ങള്‍ നേരെയാക്കി ഉടഞ്ഞ ചില്ലുകള്‍ വാരിയെടുത്ത്‌ ജനലിനു സമീപം ഇരുന്ന ചവറ്റു കൊട്ടയില്‍ ഇട്ടു...


ഹായ് ...പുറത്ത് മഴ പെയ്യുന്നു...


മെല്ലെ ജനലിന്റെ അടുത്തേക്ക് നടന്നു...ഭൂമിയുടെ താപം മഴത്തുള്ളികളെ പുക മറയായ്‌  ജനൽ‌പ്പാളികളില്‍ ചേര്‍ത്ത് വച്ചിരിക്കുന്നു...


മനസ്സിലെ കുട്ടിത്തം ഉണര്‍ന്നു....ചൂണ്ടു വിരല്‍ കൊണ്ട് മെല്ലെ എഴുതി .....“നന്ദന” ...

ചുണ്ടില്‍ ഒരു കുസൃതി ചിരി കളിയാടിയോ...മെല്ലെ കൈപ്പത്തിയൊന്നു പതിപ്പിച്ചു...വിരലുകൾ കൊണ്ട് എന്തൊക്കെയൊ വരച്ചു...അപ്പോഴേക്കും ദേഷ്യം വന്നു..എല്ലാം തുടച്ച് കളഞ്ഞു...

ആഹാ പുറത്തെ കാഴ്ചകളിപ്പോ എത്ര വ്യക്തം....മഴ തോർന്നിരുന്നോ...പിന്നെന്തിന്റെ ഒച്ചയായിരുന്നു താൻ കേട്ടത്...മരങ്ങൾ പെയ്യുന്നതിന്റേയോ...


കരച്ചിൽ നിർത്തി വാനം വിളറിച്ചിരിക്കാൻ ഒരു വ്യർത്ഥ ശ്രമം നടത്തുന്നു..മുറ്റത്തെ മാവിലെ കിളിക്കൂട്ടിൽ കുഞ്ഞിക്കിളികൾ ചിറകു കുടയുന്നു...അമ്മക്കിളി എത്തിയിട്ടുണ്ടാവില്ലേ...അതോ മഴ തോർന്ന തക്കത്തിനു തീറ്റ തേടി പോയതാകുമോ...അപ്പോ ആൺകിളി എവിടെ...


മനസ്സിങ്ങനെയാണ്.. ഒരു നൂറു ചോദ്യം ഉണ്ടാവും ഒരോന്നിനും....


പനിനീർപ്പൂവുകളിൽ നിറയെ മുത്തുമണികൾ...എന്ത് രസം....അയ്യോ ഒരു പൂവൊടിഞ്ഞ് കിടക്കുകയാണല്ലോ...ചിലതിന്റെയൊക്കെ ഇതളുകൾ കൊഴിഞ്ഞിരിക്കുന്നു...കൊഴിഞ്ഞു വീണ പൂക്കളെയോർത്താ ചെടി കരയണുണ്ടാവുമോ...കാറ്റ് അതിനെ അശ്വസിപ്പിക്കയാവുമോ..


ശലഭങ്ങൾ ചിറകുകൾ വീശി പറക്കാൻ തുടങ്ങിയിരിക്കുന്നു....പറന്നോളൂ ..പറന്നോളു ഇന്നു നിങ്ങൾക്ക് കിട്ടുന്ന തേൻ മുഴുവൻ മഴവെള്ളം നിറഞ്ഞതായിരിക്കും ഹും...അങ്ങനെ വേണം നിങ്ങൾക്ക്...പാവം പൂക്കൾ നിറച്ചു വയ്ക്കണ തേൻ മുഴുവൻ കുടിച്ചു പോകും ദുഷ്ടന്മാർ...


ജനാലയുടെ വക്കിലുടെ കൂനനുറുമ്പുകൾ ജാഥ നയിക്കണുണ്ടല്ലോ...എന്താണാവോ...കഴിക്കാനെന്തോ കാര്യായിട്ട് തടഞ്ഞിട്ടുണ്ടാവും അവറ്റോൾക്ക്...ഉവ്വ് ഒരു ശവമഞ്ചം പേറുന്നുണ്ടവ...ഏതോ നിശാ ശലഭത്തിന്റെ...പാവം രാത്രി മഴയിൽ ചിറകറ്റു പോയതാവും....അല്ലെങ്കിലേതോ വെളിച്ചത്തെ പ്രണയിച്ച് കരിഞ്ഞു വീണതാവും.....തന്നെ നശിപ്പിക്കുമെന്നറിഞ്ഞിട്ടും ഈ നിശാ ശലഭങ്ങളെന്തിനേ വെളിച്ചത്തെ പ്രണയിക്കണൂ...


ആഹാ ഈ തിത്തിരിപ്പക്ഷി എന്താണിങ്ങോട്ടു തന്നെ നോക്കുന്നത്...ജനലിന്റെ മുകൾ വശത്ത് വന്നിരുന്നു തല താഴേക്കാക്കി അവളെന്നെ നോക്കുകയാണ്...

ഇവളെയൊന്നു പേടിപ്പിച്ചിട്ടേയുള്ളൂ കാര്യം.... മുഖം ആ ജനാലയിലെ ഗ്ലാസ്സിൽ പതിപ്പിച്ചു വച്ചു...

അവളാരാന്നറിയണ്ടേ...ഹും അതിലൊന്നും അവൾക്കൊട്ടും പേടിയില്ലാ...കുറേ നേരം സംശയത്തോടെ തല പല രീതിയിൽ ചെരിച്ച് നോക്കീട്ടവൾ പറന്നു പോയി....

ജനാലയൊന്നു തുറന്നിരുന്നെങ്കിൽ അവളെയൊന്നു തൊടാമായിരുന്നു...ഹേയ് എങ്കിലവളിതിനും മുന്നേ പറന്നു പോയേനെ....തുറക്കാഞ്ഞത് നന്നായി...


മതിലിന്നുമപ്പുറം നീണ്ടു കിടക്കുന്ന മൈതാനം കാണാം...കെട്ടിക്കിടക്കുന്ന മഴവെള്ളം ചീറ്റിത്തെറിപ്പിക്കുന്നു കുറേ വികൃതികൾ...


ശ്ശോ.. കാഴ്ച വ്യക്തമാകുന്നില്ലല്ലോ...മഴബാഷ്പം വീണ്ടുമെന്റെ ജനാലച്ചില്ലിനെ പ്രണയിച്ചോ....സാരിത്തലപ്പ് കൊണ്ടത് ഭംഗിയായി തുടച്ചു...ആ ഇപ്പോ കാണാം....


വലിച്ചു കെട്ടിയ വൈദ്യുത കമ്പിയിൽ ഇരുന്ന നീലപ്പൊന്മാൻ ശരം കണക്കെ പായുന്നുണ്ട്... മൈതാനത്തിന്റെ വശത്തുകൂടെ ഒഴുകുന്ന തോട്ടിലേക്ക്....ഏതോ മീനിന്റെ വിധി നിർണ്ണയിച്ചിട്ടുണ്ടാവും അവൻ...


ഓരത്ത് നിറയെ തപസ്സു ചെയ്യുന്ന വെള്ളക്കൊറ്റികൾ....എന്തിനു വേണ്ടിയാവും ഇവരുടെ തപസ്സ്...ഒരു കല്ലെടുത്തെറിയാൻ തോന്നണു....വേണ്ടാ... മനസ്സ് പുറകോട്ട് വലിക്കുന്നു...


ആ കുട്ട്യോൾടെ കൂടെ ഓടി കളിച്ച് തിമർക്കാൻ തോന്നണു....മുന്നോട്ട് വച്ച കാൽ പിൻ വലിച്ചു ...വേണ്ടാ...ഇവിടിരുന്നു കാണണ ഭംഗിയുണ്ടാവില്ലാ ഒന്നിനും ...അടുത്ത് ചെല്ലുമ്പോ....


ആകാശമിപ്പോ കുറച്ചുകൂടി പ്രസന്ന വദനനായിട്ടുണ്ട്....അങ്ങു ദൂരെ മഴവില്ല് തെളിഞ്ഞിരിക്കണു...എന്തു ഭംഗി...ആരോ പറഞ്ഞതോർത്തു...മഴവില്ലിന്റെ അറ്റത്ത് മഴത്തുള്ളികൾ തീർത്ത മാല ഞാന്നു കിടക്കണുണ്ടാവുമത്രേ...കാണാൻ കഴിഞ്ഞെങ്കിൽ...വേണ്ടാ ഈ സൂര്യപ്രകാശം താനത് കാണും മുമ്പേ അപ്രത്യക്ഷമാക്കിയേക്കും....


കറുത്ത മേഘങ്ങളെ തള്ളി നീക്കി വെളുത്ത മേഘങ്ങൾ ......കുറച്ച് മുമ്പ് കണ്ട സ്വപ്നത്തിലെപ്പോലെ....


ഒരു കുറുകൽ പെട്ടെന്ന്...

ആഹാ നീയായിരുന്നോ കുറുമ്പിപ്രാവേ...വെറുതെ എന്നെ നീ പേടിപ്പിച്ചല്ലോ...നിനക്കറിയാമോ...ഇന്നെനിക്കും നിന്നെപ്പോലെ വെളുത്ത നനുത്ത ചിറകുകൾ ഉണ്ടാർന്നു...

സ്വപ്നമായിരുന്നെന്ന് ഇവളോട് പറയണ്ട...അല്ലെങ്കിലും ഞാൻ പറേണത് ഇവൾക്ക് മനസ്സില്ലാവണുണ്ടാവുമോ...ജനാലയൊന്നു തുറന്നിരുന്നെങ്കിൽ ....വേണ്ട വേണ്ടാ അവൾക്കിഷ്ടായില്ലെങ്കിലോ...


നന്ദനാ.....


ഇമ്പമർന്നൊരു വിളി...ആരാ അത്...

അതാ ആകാശത്ത് വീണ്ടും ആ സ്വണ്ണച്ചിറകുള്ള കുതിര....സുന്ദരനായ രാജകുമാരൻ...“ഞാനാ നന്ദനാ നിന്നെ വിളിച്ചത്...നീ വരുന്നോ എന്റെ കൂടെ...ആകാശക്കോട്ടയിൽ വിരുന്നൊരുക്കാം...അവിടെ നിന്നെയാരും പൂട്ടിയിടില്ലാ...ഇതിലും ഭംഗിയുള്ള കാഴ്ചകളുണ്ടവിടെ...ആകാശഗംഗയിൽ നീരാടാം...വെള്ളിമേഘക്കീറുകളിൽ യാത്ര ചെയ്യാം ....എന്റെ കൈകളിൽ പൊതിഞ്ഞ് ആർക്കും കൊടുക്കാതെ എന്റെ നെഞ്ചത്തുറക്കാം ഞാൻ നിന്നെ......വരുന്നോ നീയ്.....”


ഗാംഭീര്യമുള്ളതെങ്കിലും തേൻ പുരണ്ട വാക്കുകൾ...നീലക്കണ്ണുകൾ വിടർന്നുവോ.....

രാജകുമാരൻ വീണ്ടും പറഞ്ഞു....“നീ ഏറെ കൊതിക്കുന്ന നിന്റെ അമ്മയുണ്ടവിടെ...ആ അമ്മയാണെന്നെ പറഞ്ഞു വിട്ടത് നിനക്ക് കൂട്ടാകാൻ...വരില്ലേ നീ എന്നോടൊപ്പം...”

വരും ....ഞാൻ വരും...എന്റെ രാജകുമാരനൊപ്പം ഞാൻ വരും....

കോരിയെടുക്കാനൊരുങ്ങുന്ന ആ കൈകളിലേക്കൊന്നുയർന്നു ....


ടിം...


ഹൊ നെറ്റി...

നാശം ഈ ജനാല ഇവിടില്ലായിരുന്നെങ്കിൽ രാജകുമാരനോടൊപ്പം പോകാമായിരുന്നു...ഇതിന്നു ഞാൻ തല്ലിത്തുറക്കും...ഹും..എത്ര നാളായി വെളിയിലെ കാഴ്ചകൾ കാട്ടിയെന്നെ കൊതിപ്പിക്കുന്നു...


മെല്ലെ അതിന്റെ കുറ്റിയെടുക്കുമ്പോൾ‌ അങ്ങകലെ ചക്രവാളം ചോര ചീറ്റിത്തുടങ്ങിയിരുന്നു...പകലിന്റെ രാജ്യാധികാരം ഒഴിഞ്ഞ ക്ഷീണത്തിൽ പകലോൻ മറയാൻ തുടങ്ങുന്നു..


ജനാല തുറന്നു ...ഒരു കസേര വലിച്ചിട്ട് അതിൽക്കേറി, ജനലിന്റെ വക്കിൽ ചവിട്ടി നിന്നു...

അഴികളില്ലാഞ്ഞത് നന്നായി...അല്ലെങ്കിൽ ഇത്രയ്ക്കും ഭംഗിയായി പുറം ലോകം ആസ്വദിക്കാൻ പറ്റില്ലായിരുന്നു....തണുത്ത കാറ്റെന്നെ തുടരെത്തുടരെ ഉമ്മ വച്ച് കടന്നു പോയി...


മുറിക്ക് പുറത്ത് ആരോ സംസാരിക്കണുല്ലോ...ചെവി വട്ടം പിടിച്ചു...“ഇന്നിച്ചിരി കൂടുതലാണെന്നു തോന്നുന്നു ഡോക്ടർ...അടക്കിയ തേങ്ങലും എന്തൊക്കെയോ എറിഞ്ഞു പൊട്ടിക്കുന്ന ഒച്ചയുമൊക്കെ കേൾക്കണുണ്ടാർന്നു...ഡോക്ടർ മയങ്ങാനുള്ളതെന്തെങ്കിലും കൊടുക്കു....”ആ സ്ത്രീയുടെ ശബ്ദം......അമ്മയുടെ പദവി തട്ടിയെടുത്തതിന്റെ അഹങ്കാരം...ഹും...


“എല്ലാം എഴുതി വാങ്ങും വരെ ജീവനുണ്ടാവണം ഞങ്ങൾക്കത്രയേ വേണ്ടു...”


ആ ഗംഭീര ശബ്ദത്തിന്റെ ഉടമയെ അസഹ്യതയോടെ ഓർമ്മിച്ചു...അമ്മ എങ്ങനെ സഹിച്ചു ഈ ജന്മത്തിനെ....അമ്മ ഉണ്ടായിരുന്നെങ്കിൽ.....മനസ്സ് പിടഞ്ഞു...അറിയാതൊന്നു വിതുമ്പി...


പിന്നെയും കാഴ്ചകൾ മനസ്സിനെ വലിച്ചുകൊണ്ട് പോയി...അവരുടെ ലോകത്തേക്ക്...


ഇവിടെനിന്നു നോക്കിയാൽ എന്തു രസം ...താഴെ മുറ്റത്ത് നിറയെ മഴ തല്ലിക്കൊഴിച്ച മുല്ലപ്പൂക്കൾ...


ഹായ്... ഒരു ചിറകുണ്ടായിരുന്നേൽ....

നോക്കി നിൽക്കെ എനിക്ക് രണ്ടു വശത്തും രണ്ടു വെള്ള ചിറകുകളതാ വിടർന്നു വിടർന്നു വരുന്നു..സ്വപ്നത്തിലെപ്പോലെ...

പതിയെ അവ വീശി നോക്കി...ഹായ് എന്തു രസം....ആഹാ എന്റെ രാജകുമാരനുമെത്തിയല്ലോ....


“വരൂ നന്ദനാ വരൂ......”അവൻ വിളിക്കുന്നു....


പിന്നൊന്നും ആലോചിച്ചില്ല...ചിറകുകൾ വീശി പറന്നു....

മുറി തുറക്കുന്നതും ആരൊക്കെയോ അകത്തേക്ക് വരണതും നിലവിളിക്കുന്നതുമൊന്നും അറിഞ്ഞില്ല.... ശരീരത്തിനപ്പോൾ‌ ഭാരം നഷ്ടപ്പെടുകയായിരുന്നു....ദൂരെ സ്വർണ്ണച്ചിറകുള്ള കുതിരമേൽ തന്നെയും കാത്തിരിക്കുന്ന രാജകുമാരന്റെ അരികിലെത്താനായിരുന്നു മനസ്സിന്റെ വെമ്പൽ.....


മെല്ലെ പറന്നു....

പറന്ന് പറന്ന്...വെള്ളിമേഘക്കീറുകളിലൂടെ.....

53 comments:

 1. “ ഠിം ”....വായിയ്ക്കട്ടെ ട്ടൊ.

  ReplyDelete
 2. പുലര്‍ക്കാല സ്വപ്നം...പെയ്യുന്ന മഴാ...കിളി കൊഞ്ചലുകള്‍...പതിയെയുള്ള ആത്മഗതങ്ങള്‍..മനസ്സിനെ നിയന്ത്രിയ്ക്കാനാവാതെ അക്ഷരങ്ങളെ കൂട്ടുപ്പിടിച്ചുള്ള കള്ള കളികള്‍..ഉം...നമ്മള്‍ ഒരേ തരക്കാര്‍ തന്നെ..
  ന്നാലും എന്തിനാ അങ്ങനെ നിര്‍ത്തിയേ...സങ്കടായി..ഹ്മ്.

  ReplyDelete
 3. Vaayichu . nalla kadha. Abhipraayam orupaad ezhuthanam ennundu. Pakshe malayalam font kittunnillallo.
  nombaram nalikiya, manoharamaai paranja kadha.
  abhinandanangal

  ReplyDelete
 4. മുക്കാല്‍ ഭാഗം വരെ ഒരുതരം 'യാന്ത്രികവായന'യായിരുന്നു. അതിനുശേഷമാണ് കാര്യഗൌരവം പിടികിട്ടിയത്! തെല്ലൊരു നൊമ്പരം ബാക്കിയാക്കിയ കഥ. ആദ്യഭാഗം അല്പം കൂടി മനോഹരമാക്കാംആയിരുന്നു.
  ആശംസകള്‍

  ReplyDelete
 5. മനോഹരമായ കഥ ...മനോഹരമായ ഭാഷയില്‍ ...എന്തൊരു സൌന്ദര്യമാണ് ഈ ഭാഷയ്ക്ക് ...

  ReplyDelete
 6. നല്ല എഴുത്ത്, മനോഹരമായ ഭാഷ
  അഭിനന്ദനം

  ReplyDelete
 7. വർഷിണി.......ആഹാ തേങ്ങ ഉടച്ചതെന്റെ പ്രിയ വർഷിണി ആയിരുന്നോ...നന്ദി സഖീ...പ്രിയമൂറും വാക്കുകൾക്ക്...

  ചെറുവാടി....വായിച്ചൂല്ലോ സുഹൃത്തേ...രണ്ട് വാക്കിൽ അഭിപ്രായം പറഞ്ഞാലും മതീട്ടോ...നന്ദി...

  ഇസമൈൽ കുറുമ്പടി..........നന്ദി...ഇനി ശ്രദ്ധിക്കാം...

  രമേശ് അരൂർ......നന്ദി ഏട്ടാ...ഞാനിപ്പോ ആകാശത്ത് തൊടുമെന്നാ തോന്നണേ...ഹിഹി

  ReplyDelete
 8. ബെഞ്ചാലി......നന്ദി പ്രചോദനമായ ഈ വാക്കുകൾക്ക്...

  ReplyDelete
 9. നന്നായിട്ടുണ്ട് ..!!

  ReplyDelete
 10. നല്ല എഴുത്ത്.....
  നന്നായിട്ടുണ്ട്...
  പക്ഷേ എനിക്കിഷ്ടായില്ല....
  ഇത്രേം ശോകം വേണ്ടാര്‍ന്ന്...
  എന്തിനാ കരയിപ്പിക്കണേ......? ങ്ങേഹ്...

  ReplyDelete
 11. പ്രാന്താണല്ലേ :-)

  ReplyDelete
 12. ആദ്യമായാണ് ഈ തീരത്ത്.പക്ഷെ നിരാശനായില്ല.നല്ല ഒരു വിഭവം തന്നെ കിട്ടി.നല്ല ശൈലി.നല്ല കഥ.ഒത്തിരി ഇഷ്ട്ടായി.ആശംസകള്‍.

  ReplyDelete
 13. എൻ പി റ്റി......നന്ദി ഏട്ടാ...

  ചെകുത്താൻ....നന്ദി സുഹൃത്തേ

  സമീരൻ....നന്ദി ഏട്ടാ വിലയേറിയ അഭിപ്രായത്തിന്....കരയുന്നത് നല്ലതല്ലേ...ഹിഹി

  ചാണ്ടിക്കുഞ്ഞ്......അതേ പ്രാന്താ....ന്തേയ്...നിക്കിപ്പോ ഒരു കൂട്ടായല്ലോ...ഹിഹി...

  ഷാനവാസ്...... നന്ദി...ഇവിടെ വരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും...

  ReplyDelete
 14. നന്നായി എഴുതീരിക്കണൂ...!

  ReplyDelete
 15. വശീകരിക്കുന്ന എഴുത്തുമായി വീണ്ടും
  അഭിനന്ദനം കേട്ടൊ സീതകുട്ടി

  ReplyDelete
 16. സുജിത്......നന്ദി സുജിത്തേട്ടാ...വന്നതിനും അഭിപ്രായം എഴുതിയതിനും...

  നാഷ്.......നന്ദി നാഷേട്ടാ...ആ വാക്കുകൾക്ക്..

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ....നന്ദി മുരളിയേട്ടാ...എനിക്ക് എഴുതാനുള്ള പ്രചോദനമേകുന്നതിന്....

  ReplyDelete
 17. സത്യത്തിനും മിഥ്യക്കും ഇടയില്‍
  കുരുങ്ങിയ മനസ്സിന്റെ ഭാവങ്ങളും ചിന്തയും
  വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചു കഥയില്‍.
  ഓരോ പുലര്‍കാല കാഴ്ചകളെയും വിവരിച്ചു തന്റെതായ അനുമാനങ്ങളിലൂടെ ഉള്ള പോക്കില്‍ ഭാഷ മനോഹരമായി
  ഉപയോഗിച്ച് എങ്കിലും കഥയുമായി അവയെ കൂട്ടി യോജിപ്പിക്കുന്നതില്‍ സുദീര്‍ഘമായ ഇടവേള വന്നു എന്ന് തോന്നുന്നു .ശൂന്യതയിലേക്കുള്ള
  ആ കുതിപ്പില്‍, പുറത്തു കാത്തിരിക്കുന്ന ധന മോഹികളോടുള്ള വെറുപ്പ്‌
  വായനകാരന് കുറഞ്ഞു കിട്ടുന്നു .അത് സംഭവിച്ചത് നായിക
  ശരിക്കും മനോരോഗി തന്നെ ആയിരുന്നു എന്ന യാധാര്ത്യതിലേക്ക്
  കഥയെ എത്തിക്കുന്നത് കൊണ്ടു മാത്രം ...അഭിനന്ദനങ്ങള്‍ ..നന്നായി
  എഴുതി.

  ReplyDelete
 18. ആദ്യമായാണ് ഇവിടെ, വരാന്‍
  വൈകിയതില്‍ സങ്കടം തോന്നുന്നു...
  എത്ര മനോഹരമായ ശൈലി!
  ഒരുപാടിഷ്ടായി... ആശംസകള്‍...

  ReplyDelete
 19. എന്റെലോകം..........നന്ദി സുഹൃത്തേ ഇവിടെ വരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും...ഒരു പെൺകുട്ടിയുടെ ഭ്രാന്തൻ ചിന്തകളെ ഒന്നവതരിപ്പിക്കാൻ ശ്രമിച്ചു നോക്കിയതാണു...


  ലിപി രഞ്ചു.......നന്ദി സഖീ ഈ സന്ദർശനത്തിനും വാക്കുകൾക്കും

  ReplyDelete
 20. ചാറ്റമഴയിൽ പുറത്തേക്ക് നോക്കി നില്ക്കുന്ന ഒരു സുഖം ഉണ്ട് വായനയിലും

  ReplyDelete
 21. കലാവല്ലഭൻ.....അവിടെ അവളേയും കാണുന്നില്യേ...നന്ദനയെ....

  ReplyDelete
 22. ഭാഷയുടെ സൗന്ദര്യം തന്നെ ഏറ്റവും മികച്ചത്.
  ഇഷ്ടപ്പെട്ടു.
  വായിക്കുമ്പോള്‍ ബ്ലോഗ് ഡിസൈന്‍ ഒരു നിഴല്‍ വീഴ്ത്തുന്നത് വായനക്ക് തടസ്സം ഉണ്ടാക്കുന്നുണ്ട്.

  ReplyDelete
 23. അമ്മ നഷ്ടപ്പെട്ട തൂറുങ്കിലടക്കപ്പെട്ട നന്ദനയുടെ അനന്തതയിലേക്കുള്ള രക്ഷപ്പെടൽ നന്നായി സീത. നല്ല ഭാഷ എങ്കിലും ആലങ്കാരികത അൽ‌പ്പം കൂടുതലല്ലേ എന്ന് സംശയം. ആശംസകൾ.

  ReplyDelete
 24. ഈച്ച,പൂച്ച,ചക്ക, മാങ്ങാ, മഴ, മഴവില്ല്ല്.......വായിച്ചങ്ങിനെ രസം പിടിച്ചു വരുവായിരുന്നു...
  അപ്പോള്‍ അതാ വരുന്നു ഒരു സ്ത്രീ .. .....ഒരു ഡോക്ടര്‍.....എല്ലാ രസവും കളഞ്ഞു.

  നന്നായിരിക്കുന്നു കേട്ടോ....അപ്പോള്‍ കഥയും വഴങ്ങും.എന്നാലും ഈ കഥയിലും ഉണ്ട് കവിതയുടെ സ്പര്‍ശം .......എനിക്കിഷ്ടപ്പെട്ടു

  കൂട്ടുകാരിക്കെന്റെ അഭിനന്ദനങ്ങള്‍......

  ReplyDelete
 25. പട്ടേപ്പാടം റാംജി ....നന്ദി ഏട്ടാ....കുറ്റങ്ങൾ തിരുത്തുന്നതായിരിക്കും..

  ഒരില വെറുതെ....നന്ദി സുഹൃത്തേ

  ശ്രീനാഥൻ....നന്ദി ഏട്ടാ ഈ വാക്കുകൾക്ക്...ഇനി ശ്രദ്ധിക്കാം

  ജിത്തു.....നന്ദി സഖേ...എവിടായിരുന്നു കുറച്ചു നാൾ കണ്ടില്യാല്ലോ...

  ജയരാജ് മുരുക്കുമ്പുഴ........നന്ദി...

  ReplyDelete
 26. 'ഇന്നിച്ചിരി..'


  തനി തിരുവന്തോരമാണല്ലോ!

  നന്നായി എഴുതി.
  പകുതി വരെ എനിക്ക്‌ ഒരു പിടിയും കിട്ടിയില്ല..ആദ്യ ഭാഗം കുറച്ച്‌..കുറച്ച്‌ കൂടി പോയോ എന്നു സംശയം..വട്ടിന്റെ മുഴുവൻ സ്വാതന്ത്ര്യവും എടുത്തു അല്ലേ?!

  ധാരാളം എഴുതൂ..ധാരാളം വായിക്കൂ.
  ആശംസകൾ.

  ReplyDelete
 27. Please remove the word verification. Thank you.

  ReplyDelete
 28. നല്ല ഭാഷയുണ്ട് സീതക്ക്. അത് സമ്മതിച്ചേ പറ്റു. വരികള്‍ക്കിടയില്‍ അനാവശ്യമായ കുറേ കുത്തുകള്‍ ഒഴിവാക്കു. ചിലയിടങ്ങളില്‍ അത് അരോചകമാവുന്നു. ഈ ഭാഷാ സ്വാധീനവും പദസമ്പത്തും ഒരിക്കലും നഷ്ടപ്പെടാതെ ഇനിയും ഒട്ടേറേ എഴുതൂ. വീണ്ടും വരണമെന്ന് തന്നെ ആഗ്രഹം.

  ReplyDelete
 29. Sabu M H .....ഇച്ചിരി എന്നു പറേണത് തിരോന്തരം ആണോ...നന്ദി ട്ടോ പ്രചോദനപരമായ വാക്കുകൾക്ക്...എന്റെ അറിവു പരിമിതമാണ്...വായിക്കണം ഒരുപാട്...അഭിപ്രായത്തിന്റെ
  സുരക്ഷിത കവചം എടുത്ത് മാറ്റിയിട്ടുണ്ട് ട്ടോ

  മനോരാജ്.......നന്ദി സുഹൃത്തേ...നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നതായിരിക്കും..

  ReplyDelete
 30. വൈകിയാണെങ്കിലും, ഈ ബ്ലോഗില്‍ വന്നെത്താന്‍ കഴിഞ്ഞു.
  സന്തോഷമുണ്ട്.ഈ പോസ്റ്റില്‍ ഒരു കമെന്റ്റ്‌ ഇടാനാണ് വന്നതെങ്കിലും, പുതിയ മറ്റൊരു പോസ്റ്റ്‌ കണ്ടു. കവിത.എന്റെ കൈനീട്ടം ഗുണകരമല്ലാതതുകൊണ്ട് അതിലിപ്പോള്‍ കമെന്റ്റ്‌ ചെയ്യുന്നില്ല.

  കഥ പറയുന്നതില്‍ നല്ലൊരു ശൈലി സ്വീകരിച്ചു കാണുന്നു. ഭാഷാ സ്വാധീനവും നന്നായുണ്ട്.ഏറ്റവും അവസാന അഭിപ്രായമെന്നതിനാല്‍
  ഒന്നും വിശദീകരിക്കുന്നില്ല.

  നന്നായെഴുതാനരിയാം. ഈ ബ്ലോഗില്‍ വന്നില്ലായിരുന്നെങ്കില്‍ നല്ലൊരു
  വായന നഷ്ടപ്പെട്ടെനെ.പോസ്ടിടുമ്പോള്‍ ലിങ്ക് അയക്കുമല്ലോ.

  ഭാവുകങ്ങള്‍,
  --- ഫാരിസ്‌

  ReplyDelete
 31. F A R I Z......എനിക്ക് ആദ്യമെന്നോ അവസാനമെന്നോ ഒന്നുമില്യാ സുഹൃത്തേ...എപ്പോഴും സ്വാഗതം...എന്റെ എഴുത്തിനെ വിലയിരുത്തുന്ന ഏതു തരം അഭിപ്രായങ്ങളോടും ഒരേ മനസ്സാണു എനിക്ക്...നന്ദിയുണ്ട് ഇതുവരെ വന്നതിനും ഒരഭിപ്രായം കുറിച്ചിട്ടതിനും...

  ReplyDelete
 32. എല്ലാ പോസ്റ്റും വായിച്ചു .കവിതയില്‍ കമ്മെന്റാന്‍ മാത്രം ആളലാത്തത് കൊണ്ട് ഇവിടെ പറയട്ടെ ..നല്ല ഭാഷ ,നല്ല ശൈലി ..പിന്നെ കുറച്ചു അസൂയ...

  ReplyDelete
 33. AFRICAN MALLU .....ശരി...വരവു വച്ചിരിക്കണൂട്ടോ...അങ്ങടേക്ക് ഒരു നന്ദിയും...അസൂയയ്ക്ക് ആരാണ്ടോ മരുന്നു കണ്ടുപിടിച്ചൂന്നാണ് കേൾക്കണത്...

  ReplyDelete
 34. മരണത്തിനു മുൻപുള്ള ജീവിതത്തിന്റെ കൊച്ചു നിമിഷങ്ങളെ നന്നായി വരച്ചിട്ടിരിക്കുന്നു.
  അങ്ങോട്ടെത്തിപെടാൻ എടുത്ത തുടക്കത്തിലെ വിശദീകരണങ്ങളും കാരണങ്ങളും ഇഷ്ടപെട്ടില്ല.
  എന്റെ അഭിപ്രായം കാര്യമായിട്ടൊന്നും എടുക്കണ്ട.
  നല്ലൊരു ഭാഷ കൈയില്ലുള്ളപ്പോൾ വ്യത്യസ്ഥതയുള്ള വിഷയങ്ങളിൽ നന്നായി ശോഭിക്കും.
  ഭാവുകങ്ങൾ.

  ReplyDelete
 35. nikukechery ....നന്ദി സുഹൃത്തെ അഭിപ്രായത്തിന്...എല്ലാ അഭിപ്രായങ്ങളും എനിക്ക് പ്രാധാന്യമുള്ളവ തന്നെയാണ്..എഴുതി നോക്കിയതാണ്...അടുത്തതിൽ തെറ്റ് കുറ്റങ്ങൾ പരമാവധി കുറച്ച് കൊണ്ട് വരുന്നതായിരിക്കും..

  ReplyDelete
 36. ഭാവനസാന്ദ്രവും ലളിതവുമായ വാക്കുകള്‍ കൊണ്ട് പ്രകൃതിയെ വരച്ചത് ഇഷ്ടമായി. വായിച്ചു തീര്‍‌ന്നപ്പോള്‍ മനസ്സറിയാതെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു.

  ReplyDelete
 37. വായാടി.....നന്ദി സഖീ ഈ വാക്കുകൾക്ക്...നന്ദനയുടെ മനസ്സിനെ നെഞ്ചേറ്റി ഉയർന്ന ആ നെടുവീർപ്പിനും...

  ReplyDelete
 38. nalla ezhuthu.nannayittundu.AAA kuththukal athrayum venda,kadhayude idakku

  ReplyDelete
 39. കുസുമം ആര്‍ പുന്നപ്ര ......നന്ദി ചേച്ചീ ...ഈ വരവുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും...ഇനി ശ്രദ്ധിക്കാം....

  ReplyDelete
 40. പ്രിയ സീത,
  ഭാവനയുടെ ചിറകുകളില്‍ ഏറി ഒരു നല്ല യാത്ര തന്നെ ആയിരുന്നു ഈ കഥ...
  മനോഹരമായ ഉപമകളില്‍ തീര്‍ത്ത മനോഹര ശില്പങ്ങള്‍ പോലെയുള്ള വാക്യങ്ങള്‍...

  കുട്ടിയായ നന്ദന എങ്ങനെ "സാരിത്തലപ്പ് കൊണ്ടത് ഭംഗിയായി തുടച്ചു" ?

  എപ്പോഴേലും സമയം കിട്ടിയാല്‍ ഞാന്‍ എഴുതിയ 'പൂച്ചരാജ്യം' എന്ന ഈ കഥ ഒന്ന് വായിക്കാമോ? ലിങ്ക് ദാ ഇവിടെ.

  ReplyDelete
 41. മഹേഷ്‌ വിജയന്‍....നന്ദി ഏട്ടാ വീണ്ടും...നന്ദന കുട്ടിയല്ലായിരുന്നു...യൌവ്വനയുക്തയായ പെണ്ണാണു...അവളുടെ സമനില തെറ്റിയ മനസ്സും ചിന്തകളും കൊണ്ടാവാം അവൾ കുട്ടിയെന്നു തോന്നിച്ചത്...ഞാനവിടെ വന്നിരുന്നു...മലയാളം ടൈപ്പാൻ പറ്റാഞ്ഞിട്ട് കമെന്റീല്യാ..ഇതാ നേരെ അങ്ങടേക്കാ..

  ReplyDelete
 42. ജനാല കാഴ്ചകള്‍ നന്നായി എഴുതി.. ചപലസ്വപ്‌നങ്ങള്‍ കൊണ്ട് ഒരു കൗമാരദശയിലുള്ള ഒരു പെണ്കുട്ടിയായെ കഥാപാത്രത്തെ തോന്നിയുള്ളൂ..

  പിന്നെ പ്രകൃതി വര്‍ണനകള്‍ കൊണ്ട് ഒരാള്‍ ഭ്രാന്തിയാണ് എന്ന് കണ്ടെത്തുന്ന സമൂഹത്തിനാണ് ഭ്രാന്ത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.. നമ്മില്‍ എല്ലാം ഇത്തരം ചിന്തകള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.. എകാന്തയില്‍ ജീവിക്കുന്നവര്‍ക്ക് തീര്‍ച്ചയായും.. ഈ മഴ കാഴ്ചകള്‍ ഒന്നും കാണാതെ, ജീവിതത്തിന്‍റെ ഭ്രാന്തന്‍ വേഗങ്ങള്‍ക്കൊത്തു പായുന്ന മര്‍ത്യന്‍ കഥയെന്തറിയുന്നു..

  കഥയുടെ ആ വഴിത്തിരിവിനെ വളരെ കുറഞ്ഞ വാക്കില്‍ പറഞ്ഞിട്ടുമുണ്ട്.. ലളിതമായ ഒരു വിഷയത്തെ തരളസുന്ദരഭാഷയാല്‍ നല്ലൊരു കഥയാക്കി മാറ്റാം എന്നതും ചരിത്രാഖ്യായികകള്‍ മാത്രമല്ല സീതയുടെ ഭാഷയ്ക്ക്‌ വഴങ്ങുന്നതെന്നും തെളിയിക്കുന്നു ഈ കഥയിലൂടെ.... ആശംസകള്‍.. മറ്റൊരു നല്ല വായനാനുഭവം തന്നതിന് നന്ദി...

  ReplyDelete
 43. Sandeep.A.K .....നന്ദി കഥ മുഴുവൻ വായിച്ചുൾക്കൊണ്ടതിനും അഭിപ്രായം പറഞ്ഞതിനും...സീതയുടെ ഈ ലോകത്തേക്ക് ഇനിയും വരണം...

  ReplyDelete
 44. വ്യത്യസ്ഥമായൊരു ജാലകക്കാഴ്ച്ച.

  ReplyDelete
 45. ajith....ജാലകക്കാഴ്ചകളിഷ്ടപ്പെട്ടതിനു നന്ദി

  ReplyDelete
 46. എല്ലാരും എനിക്കും കൂടി പറയേണ്ടത് പറഞ്ഞിരിക്കുന്നു.

  കാല്‍പ്പനികത (ഇവിടെ ജീവിതമില്ലെന്ന്‍ പറഞ്ഞില്ല) ഏറെ ഇഷ്ടമാണെനിക്കും :)

  ആശംസകള്‍

  ReplyDelete
 47. നിശാസുരഭി...ഭ്രാന്തമായ മാനസം എന്നും പറയാം..

  ReplyDelete
 48. ഭ്രാന്തമായ മാനസം....
  ശരിയാണ്...എനിക്കാണ് അത്..
  തിരിച്ചറിയാന്‍ വൈകി.

  ReplyDelete
 49. വെള്ളരി പ്രാവ് ...പ്രാവേ...ചിലപ്പോ മനസ്സുകളങ്ങനെയാണു...ഭ്രാന്തമെന്നു മുദ്ര കുത്തപ്പെടുമ്പോഴും സത്യം എവിടെയോ മറഞ്ഞിരിക്കുന്നു...ഒരു പഴയ പോസ്റ്റ് തിരഞ്ഞ് കമെന്റീത് ഈ പ്രാവിന്റെ ഫോട്ടോം ഇഷ്ടപ്പെട്ടിട്ടാണോ...ഹിഹി...സന്തോഷം ട്ടാ

  ReplyDelete