Tuesday, March 22, 2011

ഭൂമിപുത്രി...സീത...നഷ്ടങ്ങളിൽ നിന്നും കരുത്തുറ്റവൾ
 ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റവൾ
അഗ്നിപരീക്ഷകളിവളെ കത്തിയെരിയിക്കില്ല
മാരീചക്കാഴ്ചകളിനി ഭ്രമിപ്പിച്ച് മടങ്ങില്ലാ
ദശാനന വേഷങ്ങൾക്കിവളെ തളയ്ക്കാനുമാവില്ല...
ഇവൾ സീത...മണ്ണിൽ നിന്നും വന്നവൾ...

രാഘവാ നിന്റെ കർമ്മബന്ധക്കെട്ടിലിവളെ
അഗ്നിശുദ്ധിക്കായി എറിയുവാനാവില്ല
കുതിച്ചുപായും യാഗാശ്വങ്ങളെപ്പൂട്ടുന്ന
കരുത്തുറ്റ പരമ്പര നിനക്കേകിയവളാണിവൾ
മായാസീതയ്ക്കായിനിയിവളെ ബലികൊടുക്കാനാവില്ല
അശ്വമേധങ്ങളിനിയും നടക്കും...
കാഞ്ചന സീതകൾ നിന്നന്തപ്പുരം വാഴും...
ഇവൾ മടങ്ങും തോൽ‌പ്പിക്കാനാവാത്ത ശക്തിയായ്
ഇത് സീത... മണ്ണിലേക്ക് മടങ്ങിയവൾ

അമ്മ വാത്സല്യം മധുരമായധരത്തിലിറ്റും മുമ്പേ
പെട്ടകത്തിലടയ്ക്കപ്പെട്ടുപോയവൾ
ബന്ധനത്തെ ഇവളിനി ഭയക്കുമോ
ജനകന്റെ കാരുണ്യമിവൾക്ക് ജാനകിയെന്നോമനപ്പേരു നൽകെ
മിഥിലജയെന്ന പേരിലസ്തിത്വം ഉറപ്പിച്ചവൾ
ത്രയംബകങ്ങളിവൾക്കായ് വിലപേശവെ
കരുത്തുറ്റ ആണിനെ വരണമാല്യം അണിയിച്ചവൾ
ശിംശപാ വൃക്ഷച്ചുവട്ടിൽ തകർന്നതവളുടെ വിശ്വാസം

രാവണപുത്രിയെന്നോതി ദശാനനേയും...
മായാസീതയെ വീണ്ടെടുത്തെന്നോതി രാമനെയും
കവികൾ മാന്യത തൻ കവചമണിയിക്കവേ
വിഴുപ്പലക്കുന്ന നാവുകൾക്കെരിക്കാനെറിഞ്ഞൊരീ
വൈദേഹിക്കായെന്തേ ന്യായം തിരയാഞ്ഞു... 

പാതിവൃത്യത്തിന്റെയഗ്നിപരീക്ഷകൾക്കൊടുവിൽ
അമ്മ തൻ മാറിലേക്കവൾ മടങ്ങെ
കുഞ്ഞു കൺപീലിയിലുതിരുന്ന നീരൊപ്പി രാഘവൻ മൊഴിഞ്ഞു
എങ്കിലും മൈഥിലീ...
നീതി നിനക്കേകാത്തൊരീ മര്യാദാപുരുഷോത്തമനായ് 
വിരഹത്തിൻ ശരശയ്യയേകി നീ മടങ്ങവേ..
ഒരുമാത്ര ഓർത്തുവോ കേഴുമീ ബാല്യത്തെ?

ഒരു ജന്മ സാഫല്യം നിനക്കേകി മടങ്ങുമ്പോഴും
രഘുകുലോത്തമാ മൊഴിയുന്നുവോ നീ
അവളീ കേഴുന്ന ബാല്യത്തെ മറന്നുവെന്ന്...
നഷ്ടങ്ങളിവൾക്ക് മാത്രമെന്നു മറന്നുവോ നീയും

നിൻ സന്ദേശം വഹിച്ചിനി മാരുതി പോകരുത്..
വിധി തട്ടിയെറിഞ്ഞൊരാ മുലപ്പാൽ മധുരം
ഇനിയവൾ നുണയട്ടെ...വിളിക്കരുത്..
അമ്മ തൻ മടിത്തട്ടിൽ ശാന്തായായുറങ്ങട്ടെ ഭൂമിപുത്രി..

27 comments:

 1. കൂടുതല്‍ വായിക്കും തോറും വ്യത്യസ്തമായ അര്‍ത്ഥ തലങ്ങള്‍ വിരിയുന്നു ...ഇതുവരെ എഴുതിയ കവിതകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ...ആഴത്തിലുള്ള ചിന്ത അര്‍ഹിക്കുന്ന രചന ..സീതയുടെ ദുഖങ്ങള്‍ക്ക് അറുതിയില്ലല്ലോ..!!!

  ReplyDelete
 2. ഇനിയെന്തെന്‍ സീതേ വസുധേ, ഇമയറ്റുമിഴിപ്പവളേ.... ഇതള്‍ പൊഴിയും പൂവായ്‌ വിണ്ണിന്‍ ഇറയത്ത്‌ കിടപ്പവളേ

  ReplyDelete
 3. വീണ്ടു കണ്ടതിൽ ഒത്തിരി സന്തോഷം. സീതയ്ക്കൊപ്പമോ, അതോ സീതയായോ? എന്തായാലും വന്നൂല്ലൊ. കവിതയും ഇഷ്ടമായി.ഇനിയും പറയൂ സീതയെക്കുറിച്ച്.ഒരുപാട്...

  ReplyDelete
 4. സീത ഇപ്പോ എവിടെയാ....ലങ്കയിലാണോ :-)

  ReplyDelete
 5. രമേശ് അരൂർ ................. നന്ദി ഏട്ടാ...ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തല്ലേ സീത...

  കലിക ................ ഇനിയെന്തെന്നു തന്നെയാണെന്റേം ചോദ്യം ഹരിയേട്ടാ...നന്ദി...

  ശ്രീ..........റ്റീച്ചറെത്തീല്ലോ എന്റെ സീതായനത്തിൽ...നന്ദി..

  ചാണ്ടിക്കുഞ്ഞ്........ചാണ്ടിച്ചോ സീതയിപ്പോ രാമന്റെ കൂടെയാ...നന്ദിയുണ്ട് ട്ടോ...ഇപ്പോ എന്താ കുണ്ടാമണ്ടിത്തരങ്ങളിൽ ചിരിപ്പടക്കങ്ങൾ പൊട്ടണില്യാല്ലോ...വേഗന്നായിക്കോട്ടെ ട്ടോ...

  ReplyDelete
 6. രാമന്റെ സീത,രാമനോടിതെന്തേ ഇങ്ങനെ മൊഴിയുന്നു......"സന്ദേശം വഹിച്ചിനി മാരുതി വരരുത്......എന്നെ വിളിക്കരുത്."
  അതും തുടക്കത്തിലേ......ഇനിയിപ്പോ ഇതും ഒരു "മായാസീത"എങ്ങാനും ആണോ?
  ഹി....:D
  എനിക്കിഷ്ടപ്പെട്ടു കേട്ടോ....നല്ല കവിതയും, കരുത്തുറ്റ പരമ്പര ഏകിയ ഈ സീതയും ..
  ആശംസകള്‍...

  ReplyDelete
 7. സീത മണ്ണില്‍ നിന്നും വന്നള്‍......ചിന്താത്മഗമായ വരികള്‍

  ReplyDelete
 8. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 9. വിത്യസ്തമായൊരു വായനാസുഖം.ആശയവിനിമയത്തില്‍ ചില പുതിയ കാഴ്ച്ചപ്പാടുകള്‍.നന്നായിരിക്കുന്നു.

  ReplyDelete
 10. ഇതിപ്പോ സീതയെപ്പറ്റി രണ്ടു കവിതകൾ അടുത്തറ്റുത്ത ആഴ്ച്ചകളിൽ കേൾക്കുവാനും വായിക്കുവാനും കഴിഞ്ഞു.
  കേട്ടത് സാഹിത്യ അക്കാദമിയുടെ നോർത്ത്/നോർത്തീസ്റ്റ് കവികളുടെ സമ്മേളനത്തിൽ ഒരു ആസ്സാമി കവിയത്രി സ്വയം ചൊല്ലിക്കേൾപ്പിച്ച കവിതയിൽ ‘സീതയെ രാമൻ ഒരിക്കലും സീതയെ പ്രണയിച്ചിരുന്നില്ല“ എന്നായിരുന്നു പറഞ്ഞത്.
  വായിച്ചതിവിടെ, കരുത്തുറ്റ ഭൂമിപുത്രി, അഗ്നിയിൽ എരിയാത്തവൾ
  അതേ കരുത്തുറ്റ ഒരു സ്ത്രീയുടെ പ്രതീകം. നേരിടുന്ന പ്രതിസന്ധികളെ സൗമ്യമായി നേരിട്ടവൾ.
  ഈ സീതയ്ക്കും ആശംസകൾ

  ReplyDelete
 11. ഒരു AK47 ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്..റഷ്യയില്‍ നിന്നും സംഭവം ഡെസ്പാച്ച് ആയി...ഇവിടെയെത്താനുള്ള താമസമേയുള്ളൂ....
  ഒരു രണ്ടാഴ്ച കൂടി കാത്തിരിക്കൂ....

  ReplyDelete
 12. നന്നായിട്ടുണ്ട് ....
  ഇനിയും ഒരുപാട് എഴുതാന്‍ ആശംസ ..!!

  ReplyDelete
 13. എന്റെ പഴയ കൂട്ടുകാരി ശ്രീദേവിയല്ലേ ഈ സീത. വീണ്ടും കണ്ടതില്‍ സന്തോഷം. ഇനി എങ്ങോട്ടും പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. പറഞ്ഞേക്കാം.

  ReplyDelete
 14. ന്റ്റെ കൂട്ടുകാരിയ്ക്ക് സ്വാഗതം.

  ReplyDelete
 15. ജിത്തൂ .....രാമന്റെ സീതയ്ക്കേ രാമനോടങ്ങനെ പറയാൻ കഴിയൂ...ഇത് മായാസീതയെ അഗ്നിക്ക് നൽകി രാമപാദം തേടിയ സീത...നന്ദി...

  അതിരുകള്‍/മുസ്തഫ പുളിക്കൽ .......നന്ദി..വായിക്കാൻ സമയം കണ്ടെത്തിയതിന്...

  കലാവല്ലഭൻ.....നന്ദി വന്നതിനും വായിച്ചതിനും...സീതയെ കുറിച്ച് എല്ലാരും അവരവരുടെ കാഴ്ച്ചപ്പാടിൽ പറയുന്നു...ഞാനും ഒരെളിയ ശ്രമം നടത്തി...

  ചാണ്ടിക്കുഞ്ഞ്.....ചാണ്ടിച്ചോ എയർപ്പോർട്ടിൽ പിടിച്ച് വയ്ക്കരുത്...

  സമീരൻ.....നന്ദി ഏട്ടാ...

  വയാടി.......നന്ദി തത്തമ്മേ...ചിത്രകൂടത്തിലേക്ക് സ്വാഗതം...ഹിഹി..ഇനി പോവില്യാ...തല്ലിക്കൊന്നാലും...എന്നെ കുറേ നാൾ സഹിച്ചോ...ഹിഹി

  വർഷിണീ.....നന്ദി സഖീ

  ReplyDelete
 16. ശ്രീ......നന്ദി ശ്രീയേട്ടാ

  ReplyDelete
 17. ആറങ്ങോട്ടുകര മുഹമ്മദ്‌ ....നന്ദി സുഹൃത്തേ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

  ReplyDelete
 18. നന്നായിട്ടുണ്ട്‌..തുടർന്നെഴുതുക..

  ReplyDelete
 19. മാനവധ്വനി......നന്ദി സുഹൃത്തേ

  ReplyDelete
 20. ഒരു പുതിയ സീതായാനം തീർക്കൂ
  പിന്നെ അഭിപ്രായപ്പെട്ടിക്കുള്ള ഈ സംരക്ഷണ കവചം എടുത്തുകളയൂ കേട്ടൊ സീതാജി

  ReplyDelete
 21. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ....നന്ദി മുരളിയേട്ടാ...എടുത്ത് കളഞ്ഞേക്കാം ട്ടോ...

  ReplyDelete
 22. മികച്ച കവിത..സീതയെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടായിരിക്കും എനിക്ക് ഓരോ വരികളും ഹൃദയസ്പര്‍ശിയായത്....നന്നായിട്ടുണ്ട്....

  ReplyDelete
 23. രാവണപുത്രിയെന്നോതി ദശാനനേയും...
  മായാസീതയെ വീണ്ടെടുത്തെന്നോതി രാമനെയും

  To the point!. This is what I liked. Keep it up.

  ReplyDelete
 24. സീതയേക്കാളും രാമായണത്തില്‍ എനിക്ക് പ്രിയം ഊര്‍മ്മിളയെയാണ്. പിന്നെ മണ്ഡോദരിയെയും. പക്ഷെ സീതയെ പറ്റിയുള്ള ഈ വരികള്‍ ഒട്ടേറെ ഇഷ്ടമായി.

  ReplyDelete
 25. മഞ്ഞുതുള്ളി........സീതയെ ഞാനും ഒരുപാട് ഇഷ്ടപ്പെടണുണ്ട് സഖീ...നന്ദി ആ വാക്കുകൾക്ക്...

  Sabu M H .........നന്ദി ട്ടോ വന്നതിനും അഭിപ്രായം പറഞ്ഞതിനും...കവികൾ രാവണനെപ്പോലും മാന്യതയുടെ കവചം അണിയിക്കുമ്പോ വിഴുപ്പലക്കുന്ന നാവുകൾക്ക് അഗ്നിശുദ്ധിക്ക് എറിഞ്ഞു കൊടുത്ത സീതയോട് ഒരു സ്നേഹം..അതാണീ കവിത

  മനോരാജ്...............എനിക്കും ഒരു തരിമ്പ് ഇഷ്ടക്കൂടുതൽ ഊർമ്മിളയോട് തന്നെയാണ്...നന്ദി ട്ടോ

  ReplyDelete
 26. സീത...നഷ്ടങ്ങളിൽ നിന്നും കരുത്തുറ്റവൾ
  ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റവൾ
  അഗ്നിപരീക്ഷകളിവളെ കത്തിയെരിയിക്കില്ല
  മാരീചക്കാഴ്ചകളിനി ഭ്രമിപ്പിച്ച് മടങ്ങില്ലാ
  ദശാനന വേഷങ്ങൾക്കിവളെ തളയ്ക്കാനുമാവില്ല...
  ഇവൾ സീത...മണ്ണിൽ നിന്നും വന്നവൾ...
  ..

  അഭിനന്ദനങ്ങള്‍..

  ReplyDelete
 27. നിശാസുരഭി....ആധുനിക സീത...

  ReplyDelete