Tuesday, May 31, 2011

ചപല കാളിന്ദി... 

 പഴങ്കഥകൾ മണക്കുന്ന വൃന്ദാവനം.. 

കാറ്റിനു പോലും ചുരുളഴിയാത്ത കഥകളുടെ ശീല്.. പ്രകൃതിക്ക് പ്രത്യേക താളമാണിവിടെ.. കാലിൽ കെട്ടിയ ചിലങ്കകൾ ഇവിടെയെത്തുമ്പോൾ താളം മറക്കുന്നുണ്ട്.. നിശ്ശബ്ദയാവാൻ മനം ശഠിക്കുന്നതെന്തു കൊണ്ടാവാം?

ഒന്നു ചെവിയോർത്താൽ ഇപ്പോഴുമാ വേണുഗാനം കേൾക്കാം.. അടിത്തട്ടിലെവിടെയോ ചവിട്ടിയരച്ച അഹങ്കാരം ഒന്ന് വിഷം ചീറ്റിയോ.. തെളിമയാർന്ന എന്റെ കുഞ്ഞോളങ്ങളിൽ വീണ്ടും കാളിമ പടർന്നുവോ?

മനസ്സിനെ വശീകരിക്കുന്ന മുരളീ നാദം... ഇഹപരബന്ധങ്ങളിൽ നിന്നെന്നെ മോചിപ്പിച്ച് നിർത്തുന്ന ശക്തിരവം.. ഇവിടെയെത്തുമ്പോൾ എല്ലാം മറന്ന് ഞാനുമൊരു ഗോപികയാവുന്നുവോ..?

സംഹാരരുദ്രയായി പ്രകൃതി താണ്ഢവമാടിയൊരു രാവിൽ അനന്തന്റെ തണലിൽ ശിരസ്സിലൊരു കൂടയും ചുമന്നു വന്ന് എന്നോട് വഴി മാറാൻ പ്രാർത്ഥിച്ചു നിന്ന വസുദേവരുടെ മുഖം ഇന്നും ഓർമ്മയിലുണ്ട്.. ആ കൂടയിൽ നിന്നുയർന്ന പൈതലിന്റെ രോദനം കാതിലിപ്പോഴും അലയടിക്കുന്നുമുണ്ട്.. 


അവന്റെ വളർച്ചയുടെ ഓരോ ഘട്ടവും കുളിർമ്മയോടെയാണ് കണ്ട് കടന്നു പോയത്.. ഉടുവസ്ത്രം നഷ്ടപ്പെട്ട ഗോപികമാർക്കൊപ്പം എന്റെ മനസ്സും ലജ്ജയിൽ കുതിർന്നിരുന്നു... ബലഭദ്രന്റെ ധാർഷ്ട്യത്തിനു വശപ്പെട്ട് ഒന്നു വഴിമാറി ഒഴുകിയത്... 

ഒക്കെയും ഇന്നലത്തെപ്പോലെ മനസ്സിലുണ്ട്..

ചിന്തകൾ മഥനം നടത്തിയ മനസ്സിനെ വിളിച്ചുണർത്തിക്കൊണ്ട്, കാറ്റൊരു തേങ്ങൽ കാതിലെത്തിച്ചു... 


ആരാണത്...? രാധ..., അവളിപ്പോഴും തേങ്ങുന്നുവോ...? 

കണ്ണാ ഇനിയുമീ പാവത്തിന്റെ കണ്ണീരു തുടയ്ക്കാനായില്ലെന്നാണോ നിനക്ക്? 

അരുത് സഖീ... കരയരുത്... നിന്റെ കണ്ണീർത്തുള്ളികൾ എന്നിൽ നിമഞ്ജനം ചെയ്യുക... അവ നിന്റെ സന്ദേശങ്ങളായി ഞാൻ നിന്റെ പ്രിയപ്പെട്ടവനേകാം...

പറയുമ്പോൾ ഞാനും തേങ്ങുന്നുണ്ടായിരുന്നു...

ഇങ്ങനെയെത്രയെത്രെ കണ്ണീരുകൾ പേറിയാണെന്റെ യാത്ര... 


കുഞ്ഞലകൾക്കുള്ളിൽ നിന്നുയർന്ന നെടുവീർപ്പിനെ നെഞ്ചിലേറ്റി കാറ്റ് പൊട്ടിച്ചിരിച്ചു... 

പുച്ഛമാണോ കാറ്റിനും...?

യമുനോത്രിയിലെ ത്രിവേണീസംഗമത്തിൽ നിന്നും തുടങ്ങിയ യാത്ര.. ഋഷിഗംഗയും ഹനുമാൻ ഗംഗയും ഉമയും കെട്ടിത്തന്ന കാൽത്തളകൾ കിലുക്കിയൊഴുകി ഋഷികേശിൽ അമ്മ ഭാഗീരഥിയോട് ലയിക്കും വരെ ഇതൊക്കെ കണ്ടില്ലെന്നു നടിക്കാനേ നിർവ്വാഹമുള്ളൂ..

ഇടയ്ക്ക്, ചമ്പൽക്കാടുകൾ കടന്നെത്തുന്ന സഖി, പോരാടുന്ന സ്ത്രീത്വങ്ങളെക്കുറിച്ച് കാതിൽ പറഞ്ഞിരുന്നു.. പ്രതികരിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള, ഒരല്പം അഹങ്കാരത്തോടെയുള്ള നിനവുകൾ, ഇവിടെ രാധയുടെ അടുത്തെത്തുമ്പോൾ അലിഞ്ഞില്ലാതാകുന്നു...

ഇന്ദ്രപ്രസ്ഥം കടന്നു വരുമ്പോഴും മനസ്സ് ആകുലപ്പെടുന്നുണ്ട്.. 


ചോര ചോരയോട് പടവെട്ടിയ കുരുക്ഷേത്രം... 

ഞരക്കങ്ങൾക്കും ദീനരോദനങ്ങൾക്കും ചെവി കൊടുക്കാതെ, കണ്ണുകൾ മുറുകെ അടച്ച് പരമാവധി വേഗതയിൽ അവിടം താണ്ടാൻ ശ്രമിക്കാറുണ്ട്.. 

അതിന്റെ ആവർത്തനം പോലെ ഇന്നും കണ്ണുകളിൽ അന്ധതയുമായി ചെങ്കോലുകൾ നാട് ഭരിക്കുന്നു... സഹോദരങ്ങൾ എവിടെയൊക്കെയൊ പരസ്പരം വെട്ടി മരിക്കുന്നുമുണ്ട്... എന്തിനു വേണ്ടി..? ആ ചോദ്യം, ഞാനെന്നോട് തന്നെ യുഗങ്ങളായ് ചോദിച്ചു കൊണ്ടേയിരിക്കുന്നു..

ചുവപ്പ് കോട്ടയ്ക്കടുത്തെത്തുമ്പോൾ, എനിക്കും രക്തത്തിന്റെ നിറമാണ്.. രാജ്യത്തിനു വേണ്ടി രക്തം ചീന്തിയ കുറേ മനുഷ്യജന്മങ്ങളുടെ ഓർമ്മയ്ക്ക് മുന്നിൽ മനസ്സ് പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥയിലാവും.

കലുഷിതമായ മനസ്സ് അല്പം അടങ്ങുന്നത് പിന്നെ ആ സ്നേഹസൗധത്തിനടുത്തെത്തുമ്പോഴാണ്... 


താജ് മഹൽ... 

സുന്ദരപ്രണയത്തിന്റെ പ്രതീകം... നിലാവിൽ കുളിച്ചു നിൽക്കുന്ന ആ പ്രണയപുഷ്പത്തെ കാണാൻ എന്തു ഭംഗിയാണ്... മായാത്ത സ്നേഹവുമായി മുംതാസും, അതിന്റെ നഷ്ടം കോറിയിട്ട മുറിപ്പാടുകൾ ഉണങ്ങാത്ത മനസ്സുമായി ഷാജഹാൻ ചക്രവർത്തിയും എന്നോട് പങ്കു വയ്ക്കുന്ന ചിന്തകൾ...

യാത്രയുടെ വേഗമൊന്നു കുറച്ച് അവർക്കായി ഞാനെന്റെ സമയം മാറ്റിവയ്ക്കാറുണ്ടവിടെ... 


പക്ഷേ, അവിടെ നിന്നും അകലുമ്പോൾ മനസ്സിനൊരു നീറ്റൽ... 

എന്തിനായിരുന്നു ഈ മഹത് സൃഷ്ടിയുടെ രചയീതാവിന്റെ കൈ മുറിച്ചത്... ഇനിയൊരു താജ്മഹൽ ഈ മണ്ണിലുയരാതിരിക്കണമെന്നു ആഗ്രഹിച്ച ഷാജഹാൻ ചക്രവർത്തിയുടെ മനസ്സിനെ കുറ്റപ്പെടുത്താനാകുമോ.... പക്ഷേ അദ്ദേഹവും ഒരു സത്യം മറന്നു പോയി... സ്നേഹങ്ങളീ മണ്ണിൽ മരിക്കുവോളം താജ്മഹലുകൾ ഉയരാതിരിക്കില്ലെന്ന്...

ചുണ്ടിൽ വിരിഞ്ഞ ചിരി അല്പം ഉച്ചത്തിലായോ... കുഞ്ഞലകൾ കലപില കൂട്ടുന്നു...

അങ്ങകലെ അമ്മ ശാന്തയായി ഒഴുകുന്നതു കാണാം, പുത്രദുഃഖങ്ങളും പേറി... 


അമ്മയുടെ വിരൽത്തുമ്പ് പിടിക്കാൻ വല്ലാത്ത ആവേശം... ഞാൻ ശക്തിയായ് ഒഴുകി....

കാഴ്ചകൾ കണ്ട് കാലുകൾ തളർന്നു പോയിരിക്കുന്നു... മനുഷ്യൻ ഭൂലോകം വെട്ടിപ്പിടിക്കാനുള്ള അവന്റെ ജൈത്രയാത്രയിൽ എന്നെ കളങ്കിതയാക്കുന്നു... ശക്തിഹീനയാക്കുന്നു... എന്റെ അഗാധതയിലെ മുത്തും പവിഴവുമൊക്കെ മുങ്ങി തപ്പിയെടുത്തിരുന്ന അവനിന്ന്, അന്തഃസത്തയ്ക്ക് മുഴുവനുമായ് വില പറയുന്നു....


ശോഷിച്ചു പോയിരിക്കുന്നു ഞാൻ... ഒരു നല്ല കാലത്തിനായ്, വേഴാമ്പലിനെപ്പോലെ ആകാശത്തെ മഴമേഘങ്ങളെ നോക്കിയിരിക്കേണ്ട ഗതിയാണു എനിക്കിപ്പോൾ... അന്തരാത്മാവിന്റെ ഈ ദാഹം തീർക്കാൻ മേഘമൽഹാറുമായി ഇനിയൊരു താൻസെൻ പുനർജ്ജനിക്കുമോ?

അടിത്തട്ടിൽ അഴുകി ജീർണ്ണിക്കുന്ന ജഢങ്ങളുടെ ഗന്ധമാണെന്നിൽ നിന്നുമിപ്പോൾ ബഹിർഗ്ഗമിക്കുന്നത്.... 


കസ്തൂരിയുടെ മണമായിരുന്നു എനിക്ക്... സത്യവതി പകർന്നു തന്നത്... 

പിറന്നു വീണ കൃഷ്ണദ്വൈപായനന്റെ കരച്ചിലിൽ എന്റെ മാതൃത്വവും മുലപ്പാൽ ചുരത്തിയിരുന്നു.. 

ഇപ്പോഴോ...

എന്നിലെ മാതൃത്വഭാവത്തിനു തെല്ലും വില കൽ‌പ്പിക്കുന്നില്ല, മനുഷ്യ മനസ്സുകൾ...

ഒന്നിലും പരാതിയില്ലെനിക്ക്.. മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ... അവന്റെയീ യാത്ര നാശത്തിലേക്കെന്നറിഞ്ഞിരുന്നുവെങ്കിൽ...

എത്രയൊക്കെ വേദനകൾ സമ്മാനിച്ചാലും, ഈ ഭൂമിയോട് അടക്കാനാവാത്ത പ്രണയമാണെനിക്ക്.. കല്പാന്തകാലത്തോളം ഒഴുകാനുള്ള അമിതാഗ്രഹം.. 


ഹൃദയത്തിൽ കരിങ്കല്ലു പ്രതിഷ്ഠിച്ച, സ്വാർത്ഥത ആൾ‌രൂപം പൂണ്ട മാനവികതേ.. നിങ്ങളെന്റെ തേങ്ങൽ കേൾക്കുന്നുവോ?

അമ്മയുടെ കൈകളിൽ തൊടുമ്പോൾ മനസ്സിലെ ഗദ്ഗദം നെടുവീർപ്പായ് ഉയർന്നിരുന്നു...


അമ്മ ചിരിച്ചുവോ...? 

ശരശയ്യയിൽ സ്വച്ഛന്ദമൃത്യുവെന്ന ശാപവുമായ് കുടിനീരിനുഴറിയ മകനെ കണ്ട മനസ്സിനു ഇനിയും ഇങ്ങനെ നിസ്സംഗതയോടെ ചിരിക്കാനേ കഴിയൂ..

ദുഃഖങ്ങളും, സുഖങ്ങളും, കുഞ്ഞോളങ്ങളിൽ അലിഞ്ഞ കണ്ണീരുമിനി അമ്മയിൽ ലയിപ്പിക്കാം.. 


എന്നിട്ട്...

എന്നിട്ടൊരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, അമ്മയുടെ മടിത്തട്ടിലെനിക്കുറങ്ങണം...

അമ്മ പാടുന്ന നീലാംബരിയിൽ ദേഹവും ദേഹിയും ഒളിപ്പിച്ച്...നാളെ കേൾക്കാനിരിക്കുന്ന ഭൂപാളത്തിന്റെ സ്വരവിന്യാസത്തിനായി...

Tuesday, May 24, 2011

മോഹം....ആഴിയുടെ നിഗൂഢതയിൽ, തിരമാലകളുടെ താരാട്ടിൽ, സ്വപ്നത്തിൻ തല്പത്തിൽ മയക്കത്തിലായിരുന്നു ഞാൻ‌, എത്ര യുഗങ്ങൾ നിദ്രയിലൊഴുകിപ്പോയെന്നറിയില്ല..

സ്നേഹപൂർണ്ണമായ ഒരു സ്പർശം എപ്പോഴോ ചേതനയെ തൊട്ടുണർ‌ത്തി. കർമ്മസാക്ഷിയുടെ കരങ്ങളായിരുന്നു അതെന്ന തിരിച്ചറിവ്, നിഗൂഢതയിൽ നിന്നും എന്നെ കണ്ടെടുത്തല്ലോ എന്ന സന്തോഷം..മനസ്സ് വല്ലാത്തൊരവസ്ഥയിലായിരുന്നു..
 

പതിയെ ആ വിരൽ പിടിച്ച് ആദ്യ ചുവട് വയ്ക്കുന്ന ശിശുവിന്റെ മനസ്സോടെ മുകളിലേക്കുയർന്ന്  ആകാശം കണ്ടു... 

നീലിമയുടെ ആകർഷണീയത എന്നെ വീണ്ടും മുകളിലേക്കുയരാൻ പ്രേരിപ്പിച്ചു, ക്രമേണ എനിക്ക് ഭാരം നഷ്ടപ്പെടുന്നതറിഞ്ഞു.. രൂപവും..

ഒന്നുമല്ലാതെ വായുവിൽ ഇങ്ങനെ ഒഴുകി നടക്കാൻ എന്തു രസം.. അലയാഴിയുടെ അടിത്തട്ടിൽ സുഖമായുറങ്ങുമ്പോള്‍ ഇങ്ങനൊരു ലോകം എന്തേ ചിന്തിക്കാതെ പോയി? 


പഞ്ഞിക്കെട്ടു പോലെ വെളുത്ത മേഘങ്ങള്‍, ഒന്നവയില്‍ ഒളിച്ചിരിക്കാന്‍ പറ്റിയെങ്കില്‍..

മനസ്സിന്റെ പ്രാര്‍ത്ഥന കേട്ടത് പക്ഷേ കാർമേഘമായിരുന്നോ?..

മാടി വിളിക്കുന്നു.. പോവുക തന്നെ.. ആ പുതപ്പിനുള്ളില്‍ ഒളിച്ചിരിക്കാം, ആരും കാണാതെ.. മനസ്സിന്റെ ബാലിശചിന്തകൾ.. പിന്നെയൊരു കുതിപ്പായിരുന്നു.. കാർമേഘക്കെട്ടിലേക്ക്.. അവിടെ, എനിക്കായി ഒരുക്കിയ തൊട്ടിലില്‍ വീണ്ടും ഞാനൊന്നു മയങ്ങി.

കുസൃതിക്കാറ്റ് എന്നെ തലോടിയതെന്തിനായിരുന്നു? 


കാറ്റിനു എന്നോട് പ്രണയം എന്നറിഞ്ഞത് അപ്പോഴായിരുന്നു, അവന്റെ കൂടെ മേഘക്കെട്ടില്‍ ഞാന്‍ ഒഴുകി നടന്നു, ഏതെല്ലാം നാടുകള്‍.. എപ്പോഴോ എന്നെ തനിച്ചാക്കി അവന്‍ ചക്രവാളം കടന്നു പോയി.

നഷ്ടപ്രണയം കണ്ണീരായി ഒഴുകി, ഭൂമിയുടെ മാറിലേക്ക് ഞാൻ പെയ്തലിഞ്ഞു.. 


ഏതൊക്കെയോ വഴിയിലുടെ ഒഴുകി.. 

മനസ്സ് തണുത്തു ഭൂമിക്കൊപ്പം..

ഇടയ്ക്കെപ്പോഴോ വീണ്ടും ഒരു കൂട്ട് കിട്ടി. യാത്രയില്‍ എന്നും കൂടെ ഉണ്ടാവുമെന്നുള്ള ഉറപ്പ്.. ഒരിക്കല്‍ കരിഞ്ഞുപോയ സ്വപ്‌നങ്ങള്‍ വീണ്ടും പുഷ്പിച്ചു. എല്ലാം നേടിയ സന്തോഷമായിരുന്നു..

വിധി എന്ന സൂത്രധാരന്‍ അടങ്ങിയിരിക്കില്ലല്ലോ..

യാത്രയ്ക്കിടയില്‍ എവിടെയോ വച്ച് കൈക്കുള്ളില്‍ ഭദ്രമായിരുന്ന ചെറുവിരൽത്തുമ്പ് പിടി വിട്ടു പോയി.. 


തിരയാനിടം ബാക്കിയില്ലാതെ വന്നപ്പോള്‍.. നഷ്ടമായി എന്ന സത്യം അംഗീകരിച്ചു കൊടുക്കാതെ വയ്യ എന്ന അവസ്ഥ എത്തിയപ്പോള്‍ മനസ്സ് ശൂന്യം..

ശൂന്യമായ മനസ്സോടെ വന്നു പതിച്ചത് കടലില്‍ ആയിരുന്നു.


അടിത്തട്ടിലേക്ക്  ഊര്‍ന്നു ഊര്‍ന്നു പോകുമ്പോഴും-

മനസ്സ് കൊതിച്ചു,
പതനം ഒരു കൃഷ്ണ പഞ്ചമിനാളിലായിരുന്നെങ്കില്‍-

അതും ഒരു ചിപ്പിക്കുള്ളില്‍..

എങ്കിലൊരു പവിഴമായി പുനര്‍ജ്ജനിക്കാമായിരുന്നു..

പക്ഷെ,
വിധി വീണ്ടും കഥ തിരുത്തിയെഴുതി..

ഇനി എനിക്ക് ഉറങ്ങാം..
യുഗങ്ങള്‍ക്കും അപ്പുറത്ത്
ഏതോ പുലരിയില്‍ വിളിച്ചുണര്‍ത്താന്‍ സൂര്യാംശു എത്തുന്നത് വരെ..


~~~~ END ~~~~

Friday, May 20, 2011

കൃഷ്ണ....കൈവിട്ടൊരായുധം അംഗുലി തന്നിലായ്
ശോണരേണുക്കളാൽ ചിത്രം വരയ്ക്കവേ
കീറിയോരുത്തരീയത്തിന്റെ  തുണ്ടുമായ്
നിൻ ചാരെയെപ്പോഴും  ഉണ്ടായിരുന്നു ഞാന്‍


അധമാന്ധകാരമാം കൌരവ സഭയിതില്‍
മാമക ജീവിതം  പണയമായ്‌ മാറവേ..
അഴിയുമെന്‍ മാനത്തിനുടുചേലയേകീട്ടീ -
യുത്തരീയക്കീറിൻ കടം വീട്ടുമോ നീ  കണ്ണാ..


ഇഷ്ടത്തിനേറ്റം സഖികളുണ്ടാവുകില്‍ 
കഷ്ട്ടപ്പെടുത്തിടാമെന്നോ  സഹജയെ !!
മിഴികളിൽ ജലബിന്ദുവായ്‌ അലിഞ്ഞോരെൻ‌
സ്നേഹമൊരു നാളും അറിഞ്ഞതില്ലേ കണ്ണാ..


സ്നേഹമാം പാലാഴിത്തിര തുള്ളി നില്‍ക്കുമീ
സുഭദ്ര തൻ മറയിലായ് നിഴലായി മാറി ഞാൻ..

ദാനമാം നാമവും നീലയാം വര്‍ണ്ണവും
ഇനിയുമെന്‍ സ്നേഹത്തിനെന്ത് വിലയേകും നീ..

ഗാണ്ഡീവധാരിയെ സോദരിക്കേകുവാൻ
മംഗല്യം അഞ്ചായെന്‍ താലിയില്‍ കോർക്കേണ്ട നീ
സോദരീ മോക്ഷാര്‍ത്ഥം ഉത്തരാഗര്‍ഭത്തിനുയിരൂതിയേകി..
ഒരു പുത്രജന്മത്തിനുയിരു തുണയില്ലാത്ത
എൻ ദു:ഖമെന്തേ മറന്നുവോ കണ്ണാ..

യുഗാന്തരം നീ പിന്നെയും മൊഴിഞ്ഞുവോ
എന്‍ സ്നേഹത്തിന്‍ കടമെല്ലാം വീട്ടിയെന്ന്
കാരുണ്യമേകാൻ മറന്നു പോയോ  അതോ
കരുണയീ കൃഷ്ണയ്ക്ക് അനർഹമെന്നോ??.

പിടയുമെൻ നെഞ്ചകം കാണാത്തതെന്തേ നീ
പാഞ്ചാലിയാമിവൾക്കെല്ലാം നിഷിദ്ധമോ..

മിഴിനീരു തൂകി മൊഴിയുന്നോരീ ദു:ഖം ..
മറവിയിൽ മായ്‌വോളം കൃഷ്ണയ്ക്ക് സ്വന്തം..
എങ്കിലും നീയെന്റെ സഹജനെന്നോതും ഞാൻ
കൃഷ്ണയെന്നുള്ളതെൻ നാമമെന്നോർത്തിടും

Wednesday, May 11, 2011

വാസന്തം...

വെളുത്ത ക്യാൻവാസിൽ
കടുത്ത ചായക്കൂട്ടിൽ
നിറമാർന്ന വാസന്തം
വരയ്ക്കുവാനൊരുങ്ങി ഞാൻ


വരച്ചു തീരും മുന്നെ
വരച്ചിട്ടോരിലകളിൽ
പച്ചപ്പൂർന്നു പോയ്
പൂക്കളോ പൊഴിഞ്ഞും പോയ്


സ്വപ്നങ്ങൾ ചേക്കേറിയ ചില്ലമേൽ
തൂവലുകൾ ബാക്കിയായി


ഋതു മാറി ശിശിരമെൻ
ക്യാൻവാസിൽ നിറയവെ
കാത്തിരുപ്പാണു മാനസം പിന്നെയും
വരയ്ക്കാൻ മറന്നൊരാ വാസന്തത്തെ


ദുഃഖതപത്തിലെൻ മനമിനിയും ഉരുകണം
കണ്ണീർമഴയിലത് തണുക്കണം
ഇന്നലെകളഴുകി ജീർണ്ണിച്ച മണ്ണിൽ നിന്നും
വേരുകളിന്നിന്റെ ജീവരസമൂറ്റണം


വിരഹത്തിൻ കാറ്റിലായ്
ഞെട്ടറ്റ് വീഴാത്ത
കാലമാം വർഷത്തിൽ
ഉയിരറ്റു പോകാത്ത
ഋതുക്കളെ വെല്ലുന്ന പുതു നാമ്പുകൾ
ഇനിയും തളിരിടണം


വരാതിരിക്കില്ല എന്റെ സ്വപ്നങ്ങളെ പുഷ്പിക്കാൻ
ഇനിയൊരു വാസന്തവും ദേശാടനക്കിളികളും..

Thursday, May 5, 2011

ഞാന്‍....


വാക്കുകളാല്‍  ഞാന്‍ എഴുതിയതൊക്കെയും എന്നെ
സ്വപ്നങ്ങളില്‍ കാത്തു വച്ചതും എന്നെ 
വരച്ചിട്ട ചിത്രങ്ങളിലും എന്റെ മുഖമായിരുന്നു
എനിക്ക് ഞാൻ മാത്രമായി എന്നും..

കാലിലെ ചങ്ങല കിലുക്കത്തിനെന്നും താളമുണ്ടായിരുന്നു
മനസ്സിനില്ലാതെ പോയതും അതാണ്..
കടിഞ്ഞാണില്ലാതെ ചിന്തകളശ്വമേധം നടത്തുമ്പോൾ
എന്നെ വിഴുങ്ങുന്ന ഇരുട്ടിൽ ഞാനലറിച്ചിരിച്ചു...
ചില്ലിട്ട ചിത്രങ്ങളിലിരുന്ന് ദൈവവും...

വാക്കുകൾ കീറിമുറിച്ച ഹൃദയം രക്തം ചീറ്റുന്നു
സിരകളിലഗ്നി പടർത്തുമാ ചോരയ്ക്ക് പനിനീർമണം.
ഇരുട്ടിൽ തല തല്ലിയാർക്കുന്നു പിതൃക്കൾ മോക്ഷത്തിനായ്
നരകത്തീയിലുരുകുന്നൊരെനിക്കെന്നു മോക്ഷം..

തുറന്നിട്ട ജനാലയ്ക്കുമപ്പുറം ലോകമുണ്ട്...
സ്നേഹത്തിന്നപ്പക്കഷ്ണം കാട്ടിയാരോ ക്ഷണിക്കുന്നുമുണ്ട്
വരില്ലാ..പൊയ്ക്കോൾക ..ഇത് ഞാൻ തീർത്ത തടവറ
നീട്ടിയ കൈകളെ തട്ടിയെറിഞ്ഞാർത്ത് ചിരിച്ചു ഞാൻ....

ചുമരിൽ കോറിയിട്ട കരിക്കട്ടച്ചിത്രങ്ങൾ കൈ ചൂണ്ടി..
നിലത്തെ മണലിൽ അക്ഷരങ്ങളാർത്തട്ടഹസിച്ചു
ഇരുട്ടിൻ ഭയാനതയിൽ താളമിട്ട് കാറ്റും പറഞ്ഞു
ഭ്രാന്ത്....നിനക്ക് ഭ്രാന്താണ്....കടുത്ത ഭ്രാന്ത്...

ദിക്കുകൾ പൊട്ടുമാറലറി ഞാൻ...ഇല്ലാ...
എല്ലാം മനസ്സിലാവുന്നുവല്ലോ എനിക്ക്...എല്ലാരെയും...
പിന്നെങ്ങനെയെനിക്ക് ഭ്രാന്താവും....
നുണ പറയരുതെന്നോട് നിങ്ങൾ....
അല്ലാ....

എനിക്ക് മനസ്സില്ലാവാത്തതായ് ഒന്നുണ്ട്

ഞാൻ...എന്നെ...

ചങ്ങല സമ്മാനിച്ച നീരൊലിക്കുന്ന വൃണത്തിൽ
വിരലിട്ടു കുത്തിയിളക്കി ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു....
ഞാൻ...ഞാനാരാണ്...

കാലം എന്നെ കാണാത്ത ഭാവേനെ കടന്നു പോകുമ്പോഴും
എന്നിലേതോ ചായങ്ങൾ വാരി തേയ്ക്കുമ്പോഴും
ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു...
ഞാൻ.....ഞാനാരാണ്.....?