Saturday, December 31, 2011

ഇന്നലെ...ഇന്ന്...നാളെ....

ഇന്നലെ

അടര്‍ന്നുവീണ നാളിലകളില്‍
കുറിച്ചതെല്ലാം നിണമാര്‍ന്ന ഇന്നലെകള്‍
നിറം മങ്ങിയ ബാല്യകൗമാരങ്ങള്‍
പുസ്തകത്താള്‍ തീര്‍ത്ത കോട്ടകള്‍ക്കുള്ളില്‍
മാനം കാണാത്ത മയിൽ‌പ്പീലിയായ് വിറച്ചു
പിന്നിട്ട നാൾ‌വഴികളിലെനിക്കായ്
പാഥേയമൊന്നും കരുതി വെച്ചീല കാലംഇന്ന്

ഞെട്ടറ്റു വീഴാത്ത ഇന്നിന്റെ ഇലകളില്‍
വരച്ചിട്ട ചിത്രത്തില്‍ കൈയ്യൊപ്പ് ചാര്‍ത്താതെ
ചിതല്‍ കാര്‍ന്ന തൂണിന്റെ ഇരുളാര്‍ന്ന നിഴലില്‍
കണ്ണീരിലലിയാത്ത രാഗങ്ങളോ
താളം മറക്കാത്ത ചിലങ്കയോ തേടി
ഇടയ്ക്കൊക്കെ കരഞ്ഞും പിന്നെ  ചിരിച്ചും
വിധിയുടെ മാറാപ്പുമേറ്റി ഞാനിരുന്നു


ഇരുള്‍‌ പടർന്ന നിനവിന്റെയുമ്മറക്കോലായില്‍‌
സ്നേഹത്തിനന്തിത്തിരി വെച്ച മോഹം
പടിപ്പുരവാതിലടയ്ക്കാതെയെങ്ങോ
അത്താഴമുണ്ണാത്ത ജീവിതം തിരഞ്ഞു പോയ്

ആഴിയായ് പകർന്നൊരെൻ സ്നേഹത്തെ
അണകെട്ടിയകറ്റിയ കൈയ്യാൽ
നഷ്ടസ്നേഹത്തിൻ സൌധം പണിതതിൽ
വാക്കിന്റെ ശരശയ്യ തീർത്ത്
കൃഷ്ണായനം കാത്ത് കിടപ്പാണു പ്രണയം..

മാനം പണയം വെച്ച പകിടക്കളത്തിൽ
കുതന്ത്രത്തിൻ കുരുക്കളെറിഞ്ഞു
തീ തുപ്പുന്നുണ്ട് പേ പിടിച്ച പൈതൃകം.

നാളെ

പ്രതീക്ഷ തന്‍ നാളെകള്‍ വിടരുവാന്‍ വെമ്പവേ
കാത്തു നില്‍ക്കുന്നീല കാലവും ഞാനും
മനസ്സു മുറിഞ്ഞൊലിച്ച ചോരച്ചാലിൽ
ഇനി ഇതിഹാസങ്ങൾ രചിക്കാതിരിക്കണം
വഴിമദ്ധ്യേ യാത്ര പിരിയുന്നു ഞാൻ
ജന്മഗേഹമേ....പ്രജ്ഞ മറന്നിട്ട തീരവും തേടി..

മരവുരിയൊരുക്കി കാലം കാത്തിരിക്കുന്നു
നെഞ്ചിൻ‌കൂട്ടിലെ കിനാപ്പക്ഷികൾക്കിനി ദേശാടനം
മൌനതപമാർന്നോളുക മനസിന്റെ തീരമേ
ആരോ വരച്ചിട്ട ഓർമ്മച്ചിത്രങ്ങളെ
മറവി തൻ തിരയെടുക്കാൻ....

കുടഞ്ഞെറിയൂ കവിൾത്തടങ്ങളേ,
നിങ്ങളെപ്പുണരുമീ കണ്ണീർക്കണങ്ങളെ!
കാലം കാത്തുവച്ച മരവുരിയിനി അണിയാം
ഇന്നലെയുടെ നഷ്ടങ്ങളെ ഇന്നിലലിയിക്കാം
നാളെയുടെ നിയോഗങ്ങള്‍ തിരഞ്ഞിനി യാത്ര
മൈഥിലീ..ഇനി നിനക്ക് വാനപ്രസ്ഥം

 ചിത്രങ്ങൾക്ക് കടപ്പാട്... ഗൂഗിൾ

“ഇന്നലെകളെ മറവിയിലെറിയാം... ഇന്നിൽ നിന്നും കരുത്താർജ്ജിച്ച് നാളെയുടെ നിയോഗങ്ങൾക്കായ് നടക്കാം...”

“എല്ലാ മാന്യ വായനക്കർക്കും നന്മയുടേയും, ഐശ്വര്യത്തിന്റേയും, സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും, മനസ്സ് നിറഞ്ഞ പുതുവത്സരാശംസകൾ”

Monday, December 26, 2011

തൂലികയറിയാത്ത നൊമ്പരങ്ങൾ...


“ഓം ഭൂര്‍ഭുവസ്സുവഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യധീമഹി ധിയോയോനഃ പ്രചോദയാത്‌”

ഗായത്രി ചൊല്ലി കൈക്കുമ്പിളിലവശേഷിച്ച ജലകണവും ഗംഗയിൽ അർപ്പിച്ച്, മായുന്ന സൂര്യനെ ശിരസ്സാ നമിച്ച് കരയിലേക്ക് നടക്കുമ്പോൾ മനസ്സ് പതിവു പോലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുതിർത്തു തുടങ്ങിയിരുന്നു.

ഇന്ന് ഗംഗാദേവിക്ക് ശാന്തത കൂടിയോ ? അസ്ഥിപോലും മരവിപ്പിക്കുന്ന തണുപ്പും. അമ്മ കേഴുകയാണോ? ശരശയ്യയിലവസാനിച്ച ഒരു കുലത്തിന്റെ നോവുകളമ്മയെ തളർത്തിയോ?

കരയ്ക്ക് വന്ന്, നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ ഒന്നു കുടഞ്ഞ് മണലിലൂടെ വിറയ്ക്കുന്ന പാദങ്ങൾ വലിച്ചിഴയ്ക്കുമ്പോൾ യാദൃശ്ചികമെന്നോണം ദൃഷ്ടി പതിച്ചത് ആ യുവാവിലായിരുന്നു. ലളിതമായ വസ്ത്ര ധാരണത്തിലും വിളിച്ചു പറയാം അരോഗദൃഡഗാത്രൻ. ആരാണെന്നറിയാനൊരു ആകാംഷ പൊതുവെ ശാന്തമായ മനസ്സിനെ അലോസരപ്പെടുത്തി. 

മെല്ലെ അടുത്ത് ചെന്ന് ചുമലിൽ കൈ വച്ചു.

തിരിഞ്ഞു നോക്കിയ മുഖത്തിന്, പരിചയപ്പെടലുകൾ ആവശ്യമായിരുന്നില്ല. നെറ്റിയിലെ തിളങ്ങുന്ന ആദിത്യചിഹ്നം വിളിച്ചു പറയുന്നുണ്ടായിരുന്നു അവനാരാണെന്ന്. പതിയെ തിരക്കി “കുന്തീപുത്രാ...എന്തേ ഇവിടെ? ഈ സമയത്ത്?”. 

ആ കണ്ണുകളൊന്നു തിളങ്ങി, പിന്നെ മങ്ങി. മറുപടി പെട്ടെന്നായിരുന്നു, “അരുത്, അങ്ങനെയെന്നെ വിളിക്കരുത്.. ഞാൻ രാധേയനെന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.”

“എന്നാലും ജന്മം തന്ന അമ്മ....”

മുഴുമിപ്പിക്കാനായില്ല. ആ ഘനഗംഭീരശബ്ദം മുഴങ്ങി... “അമ്മ..!  ആ വാക്കിനു മുലപ്പാലിന്റെ മാധുര്യമാണ്... ഇവനറിയാത്ത മധുരം.”

ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ചെവികൊടുക്കുമ്പോൾ കാതിലാ ശബ്ദവീചികൾ വീണ്ടും ശ്രുതിയിട്ടു, “കുറ്റം പറയാൻ വയ്യ, അമ്മ എന്നും നിസ്സഹായയായിരുന്നു.. ആദ്യം ദത്തേകിയ പിതാവിനു മുന്നിൽ, പിന്നെ മഹർഷിമാർക്ക് പാദസേവ ചെയ്യാൻ നിയോഗിച്ച വളർത്തച്ഛനു മുന്നിൽ, പാതിവൃത്യം കാത്തു സൂക്ഷിക്കേണ്ട നാളുകളിൽ രാജപരമ്പരയറ്റ് പോകാതിരിക്കാൻ പലരിൽ നിന്നും പുത്രന്മാരെക്കിട്ടാൻ ആവശ്യപ്പെട്ട ഭർത്താവിനു മുന്നിൽ, ഒടുവിൽ മക്കൾക്ക് മുന്നിലും... ഇടയ്ക്കെപ്പോഴോ ഒരു തെറ്റായി ഞാനും ആ ജീവിതത്തിൽ”.

ദീർഘനിശ്വാസത്തിൽ അലിഞ്ഞു പോയ ആ പുഞ്ചിരിയുടെ അർഥം തിരിച്ചറിയാനായില്ല.

“എന്നാലും നീ സൂര്യപുത്രനല്ലേ കുമാരാ...? അവസാനം വരെ നിന്റെ വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിച്ച് ജീവിച്ചവനല്ലേ നീ, ആരുടെ മുന്നിലും തല കുനിക്കാതെ? പിന്നെന്തിനീ വിഷാദം നിന്റെ കണ്ണുകളിൽ?” വാക്കുകൾ വിറച്ചത് തണുപ്പു കൊണ്ടായിരുന്നോ?

“ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്...സൂര്യപുത്രൻ..! ഒരിക്കലും അംഗീകരിച്ച് കിട്ടാത്ത നാമധേയങ്ങളൊന്നും ഭൂഷണമായി കരുതാൻ വയ്യ. നിന്ദ, അവഗണന, അതു മാത്രമായിരുന്നു എവിടേയും. കൂട്ടുകാർക്കിടയിൽ, ആയുധാഭ്യാസവേളയിൽ, മത്സരങ്ങളിൽ...  ഒക്കെ പിന്തള്ളപ്പെട്ടു. എന്തിന്... ഒടുവിൽ ദ്രൌപദീ പരിണയവേളയിലും. ഒരേ സമയം അഞ്ചുപേർക്ക് ഭാര്യ ആവാനായിരുന്നു അവളുടെ വിധി. സകലർക്കും നിന്ദ്യനെങ്കിലും സുയോധനൻ മാത്രമാണെന്നെ ചേർത്തു പിടിച്ചത്, അതെന്തുദ്ദേശത്തിലാണെങ്കിലും. ”

അകലങ്ങളിൽ കണ്ണു നട്ട് നിൽക്കുന്ന ആ ശാന്തഗാംഭീരതയെ ആരാധനയോടെ നോക്കി കാണുകയായിരുന്നു. 

പിതാവായ സൂര്യൻ മുന്നറിയിപ്പു കൊടുത്തിട്ടും, മുന്നിൽ വന്നു നിന്നു യാചിക്കുന്ന വിപ്രൻ അർജ്ജുനപിതാവായ ഇന്ദ്രനാണെന്നു തിരിച്ചറിഞ്ഞിട്ടും, തന്റെ ജീവന്റെ സുരക്ഷയ്ക്ക് അനിവാര്യമായ കവചകുണ്ഡലങ്ങൾ അറുത്തെടുത്ത് ദാനം ചെയ്ത ആ മഹാത്യാഗിയെ കൺ‌കുളിർക്കെ കണ്ട് മനസ്സിലേക്കാവാഹിക്കുകയായിരുന്നു.

“അമ്മ ആവശ്യപ്പെട്ടപ്പോഴെങ്കിലും പിൻ‌തിരിയാമായിരുന്നില്ലേ അംഗരാജാ? അങ്ങാരാന്ന് യുധിഷ്ഠിരനോട് മാത്രം പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷേ, കുരുക്ഷേത്ര യുദ്ധം തന്നെ ഉണ്ടാവില്ലായിരുന്നു. സകലതും അവസാനിപ്പിച്ച് ധർമ്മപുത്രർ അഗ്രജനു മുന്നിൽ കിരീടം വച്ച് വിനീതവിധേയ ദാസനായി നിൽക്കുമായിരുന്നു.” വാക്കിലെ നിരാശ ഒളിപ്പിച്ചു വയ്ക്കാനായില്ല.

വീണ്ടും ഒരു ചിരിയായിരുന്നു മറുപടി. “ ആശ്രയം തന്ന, എന്നിൽ വിശ്വാസമർപ്പിച്ച ഗാന്ധാരീസുതനെ ഞാൻ വഞ്ചിക്കണമെന്നാണോ അങ്ങ് പറഞ്ഞു വരുന്നത്. പഞ്ചപാണ്ഡവരിൽ മറ്റാരോട് ക്ഷമിച്ചാലും അർജ്ജുനനെ വെറുതേ വിടാനാവില്ലായിരുന്നെനിക്ക്. പാണ്ഡവപക്ഷത്തെന്നെ ചേർക്കാൻ, കപടവിദ്വേഷം നടിച്ച് എന്നിൽ നിന്നും അകന്നു നിന്ന ഭീഷ്മപിതാമഹനെ ശിഖണ്ഡിയുടെ മറയിൽ വീഴ്ത്തിയവൻ, ആജീവനാന്തം എന്നോട് പക മാത്രം വച്ച് പുലർത്തിയ പാർത്ഥനെ ഞാനെന്തു ചെയ്യണമായിരുന്നു ?”

ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നിൽ തെല്ല് പകച്ച് ഇടറുന്ന വാക്കുകളിൽ പറഞ്ഞു “അന്നാ രഥചക്രം ചേറിൽ താഴാതിരുന്നെങ്കിൽ.....”

ഇരുത്തിയൊരു മൂളലിനകമ്പടിയായി ആ ശബ്ദം വീണ്ടും, “വിധി... ഗുരുശാപം...! ദുരുദ്ദേശ്യമില്ലായിരുന്നുവെങ്കിലും കള്ളം പറഞ്ഞ് വിദ്യ സമ്പാദിച്ചതിന്റെ ശിക്ഷ. ചക്രമുയർത്താൻ നിലത്തിരിക്കുമ്പോൾ അറിയാമായിരുന്നു യുദ്ധനിയമങ്ങൾ കാറ്റിൽ‌പ്പറത്തി വാസുദേവൻ കിരീടിയെക്കൊണ്ടെന്റെ തല കൊയ്യിക്കുമെന്ന്.. പാഞ്ഞു വരുന്ന ആഞ്ജലികാ ബാണം ഇപ്പോഴും കണ്മുന്നിലുണ്ട്.. പക്ഷേ.. ” പറയാനുള്ളതിൽ പലതും ബാക്കി വച്ച ആ വാക്കുകൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.

ആശ്വസിപ്പിക്കാനെന്നോണം മെല്ലെ ആ ചുമലിൽ തട്ടി.

“ഇവിടെ ഈ അമ്മയെ നോക്കി നിൽക്കുമ്പോൾ ആശ്വാസമാണ്, സ്വന്തം പുത്രനെ ഒരു കുലത്തിനു വേണ്ടി ബലി കഴിക്കാൻ വിട്ടുകൊടുത്ത് തേങ്ങലുകളുള്ളിലൊതുക്കി അമ്മ ഭാഗീരഥി ഒഴുകുന്നതു കണ്ടോ, നിർന്നിമേഷയായി.”

ത്യാഗിയായ സൂര്യപുത്രനെ, പിന്നിൽ, ചിന്തകൾക്ക് വിട്ടു കൊടുത്ത് നടക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു, “കർണ്ണാ നീയറിയുന്നുവോ യുഗയുഗാന്തരങ്ങളോളം നീയറിയപ്പെടും നിന്റെ ത്യാഗത്തിന്റെ പേരിൽ... പക്ഷേ ഞാനോ..?”

“അങ്ങാരാണെന്ന് പറയാതെ പോവുകയാണോ?” പിന്നിലെ ചോദ്യം കാലുകളെ പിടിച്ച് നിർത്തി.

“ഞാനോ.. ഞാൻ ... ” ചുണ്ടുകൾ വിറച്ചു.

“ഞാൻ,ഭരതൻ.. ത്രേതായുഗത്തിലെ രാമസഹോദരൻ.. കൈകേയിപുത്രൻ.. ”

ചോദ്യമുതിർന്ന മുഖത്തെ ഭാവഭേദങ്ങൾ വിവേചിച്ചറിയാൻ നിന്നില്ല. നടന്നു. ചുണ്ടിലൊന്നു മിന്നിമാഞ്ഞ പുഞ്ചിരി എന്തിനായിരുന്നു..?

Wednesday, December 14, 2011

മഴയുടെ മകൾ...


ചുട്ടുപൊള്ളുന്ന വെയിലിലും സഹ്യനെ തഴുകി വരുന്ന കാറ്റിനു രാമച്ചത്തിന്റെ കുളിര്.. പൊന്നിൻ‌ നിറമാർ‌ന്ന വയലേലകൾ‌.. വേയ്ക്കുന്ന കാലുകൾക്ക് ശക്തി കൊടുത്തെന്നവണ്ണം അവൾ ചുവട് വച്ചു.. നീണ്ടിടതൂർന്ന കാർകൂന്തൽ ഇളം കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു..അലഞ്ഞുലഞ്ഞ വസ്ത്രാഞ്ചലം കാറ്റിനോട് മല്ലിടുന്നു. കുനിച്ച് പിടിച്ചിരിക്കുന്ന മുഖത്തു നിന്ന് വികാരം വായിച്ചറിയാൻ ബുദ്ധിമുട്ടാണ്..

കരയുകയാണോ അതോ ചിരിക്കുന്നോ?
                                          
                                                                  *************

“അമ്മേ.........”

അടുക്കളയിലെ തിരക്കിന്നിടയിലും രവിക്കുട്ടന്റെ ശബ്ദം തിരിച്ചറിഞ്ഞു.. ആ വിളിക്കിന്നു പതിവില്ലാത്ത ധ്വനിമാറ്റം ഉണ്ടല്ലോ..

മുറ്റത്ത് മഴ അവശേഷിപ്പിച്ചു പോയ ചെളിവെള്ളത്തിലൊന്നു ചാടി, വെള്ളം തെറിപ്പിച്ച്, അകത്തേക്ക് വന്ന് ബാഗ് വലിച്ചെറിഞ്ഞ്, അതേ വേഗതയിൽ അവൻ അടുക്കളയിലേക്ക് വന്നു.

ആ മുഖം കണ്ടാലറിയാം തന്നോടെന്തോ പറയാനുണ്ട്. കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുതവും ആകാംഷയും കൂടിക്കലർന്ന ഭാവം.

അവന്റെ വരവ് പ്രതീക്ഷിച്ചുണ്ടാക്കിയെടുത്ത ചായ നീട്ടി, പതിയെ നെറുകയിൽ മുത്തമിട്ട് ചോദിച്ചു, “ ന്തേയ് ..അമ്മേടെ പൊന്നുമോൻ എന്തേലും കണ്ട് പേടിച്ചോ?”

“ഊം..ഹും..” ആ കണ്ണുകളിലപ്പോഴും വിവേചിച്ചറിയാനാവാത്ത ഭാവം.

ചായക്കപ്പ് മേശമേൽ വച്ച് അത്ഭുതം തുളുമ്പുന്ന മിഴികളോടെ അവൻ പറഞ്ഞു, “അമ്മേ... ഇന്നു സ്കൂളീന്നു വരുമ്പോ നമ്മുടെ ഗോവിന്ദമാമേടെ അടച്ചിട്ട പീടികയ്ക്ക് മുന്നിൽ ഒരമ്മേനെ കണ്ടു. എന്തു ചേലാ ആയമ്മേടെ കണ്ണുകൾ കാണാൻ... ആകാശത്തിന്റെ നെറാ... പച്ചേല് ആയമ്മ കരേണുണ്ടാർന്നു മഴ പെയ്യണതും നോക്കി.. ന്തിനാ അമ്മേ ആയമ്മ കരഞ്ഞേ..? മഴ പെയ്യുമ്പോ ല്ലാർക്കും സന്തോഷല്യേ ണ്ടാവാ?”

അവന്റെ നിഷ്കളങ്കമായ ചോദ്യത്തിനു ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. കാര്യവും കാരണവും അവസ്ഥയും ഒന്നുമറിയാതെ താനെന്തു പറയാൻ..?

എങ്കിലും അവനെ ആശ്വസിപ്പിക്കണമല്ലോ.  അമ്മയ്ക്കും അച്ഛനും ലോകത്തുള്ള സകല കാര്യത്തെക്കുറിച്ചും അറിവുണ്ടെന്ന വിശ്വാസമാണ് കുട്ടികൾക്ക്. എന്റെ നാവിൽ നിന്നൊരു സമാധാനം കേൾക്കാതെ അവൻ പിന്മാറില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ, പതിയെ ഒന്നു പുഞ്ചിരിച്ച് പറഞ്ഞു, “ ആയമ്മയെ ആരേലും വഴക്ക് പറഞ്ഞിട്ടുണ്ടാവും.. അമ്മേടെ പൊന്നുമോൻ പോയി കുളിച്ചു വരൂ, വിളക്ക് വയ്ക്ക്യാ.. നാമം ജപിക്കണ്ടേ.. വേഗാവട്ടെ ”

കുഞ്ഞു ഷർട്ടിന്റെ കുടുക്കുകളഴിക്കുമ്പോൾ മനസ്സ് സ്വയം ആ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു, “എന്നാലും അതാരാവും.. ?”

വിളക്കു വയ്ക്കലും നാമജപവുമൊക്കെ കഴിഞ്ഞ് രവിക്കുട്ടൻ പുസ്തകമെടുത്ത് പഠിക്കാനിരുന്നു. പൂമുഖപ്പടിയിൽ ഞാനും.. അടുത്തു തന്നെയിരുന്നില്ലെങ്കിൽ അവന്റെ പഠിത്തമൊക്കെ അത്രയ്ക്കത്രയ്ക്ക് തന്നെയാവും.. മാത്രവുമല്ല, ഇടയ്ക്കിടെ ആളെക്കുഴയ്ക്കുന്ന സംശയങ്ങളുണ്ടാവും.. അതിനു മണ്ടനുത്തരമെങ്കിലും മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ അന്നത്തെ പഠിത്തം അവിടെത്തീരും. അതുകൊണ്ട് തന്നെ ഇടവഴിയിലേക്ക് മിഴി നട്ട് അവിടെത്തന്നെയിരുന്നു.

ഒരുപാട് നാളുകളുടെ കാത്തിരിപ്പിനു ശേഷമാണിന്നത്തെ മഴ, അതും അപ്രതീക്ഷിതമായിട്ട്. സൂര്യൻ പൂർണ്ണ ശക്തിയോടെ തിളങ്ങി നിൽക്കുകയായിരുന്നു, പെട്ടെന്നായിരുന്നു കാർമേഘം ഉരുണ്ട് കൂടിയതും മഴ കോരിച്ചൊരിഞ്ഞതും. ആകാശം കരഞ്ഞു തീർത്തിട്ടും, മരങ്ങളിപ്പോഴും കണ്ണീർ വാർക്കുന്നു.  ചിന്തകളിൽമുഴുകിയിരുന്നിട്ടാവും രവിക്കുട്ടൻ പഠിത്തം നിറുത്തി കളി തുടങ്ങിയതറിഞ്ഞില്ല.

വേലിയിലെ തുടരെത്തുടരെയുള്ള അനക്കമാണ് ചിന്തയിൽ നിന്നുമുണർത്തിയത്. മനസ്സൊന്നു പതറാതിരുന്നില്ല. വല്ല കള്ളന്മാരും ആകുമോ? എന്തായാലും ആരാന്നു അറിയുക തന്നെ. തീരുമാനിച്ചുറപ്പിച്ച് പതിയെ എണീറ്റ് നടന്നു. എന്താണെന്റെ ഉദ്ദേശമെന്നു അറിയാനുള്ള ആകാംഷയുമായി രവിക്കുട്ടൻ പാഞ്ഞു വന്ന് സാരിത്തുമ്പിൽ തൂങ്ങി.

വേലിക്കലോളം ചെന്നു. അതിപ്പോഴും അനങ്ങുന്നുണ്ട്. ഇനി വല്ല ഇഴജന്തുക്കളുമാണോ? രണ്ടും കല്പിച്ച് ഇടവഴിയിലേക്കിറങ്ങി നോക്കി.

ഒരു സ്ത്രീ.. വേലിയിൽ ചാരി നിൽക്കുകയാണ്. ഒറ്റ നോട്ടത്തിൽ ഭ്രാന്തിയെന്നു തോന്നിക്കുന്നതാണ് വേഷവും ഭാവവും ..

ആളനക്കമറിഞ്ഞിട്ടാവും അവർ മെല്ലെ തല ഉയർത്തി നോക്കി. സാരിത്തലപ്പിനിടയിലൂടെ കാണുന്ന മുഖത്തിനു എന്തൊരു സൌന്ദര്യം.. കണ്ണെടുക്കാൻ തോന്നുന്നില്ല. മേഘപടലങ്ങളിക്കിടയിലൂടെ എത്തി നോക്കുന്ന ചന്ദ്രനെപ്പോലെ ഐശ്വര്യം തുളുമ്പി നിൽക്കുന്നു, ആ മുഖത്ത്.

“വെള്ളം..” വിറയാർന്ന ചുണ്ടുകൾ പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞു.  കേട്ടിട്ടുണ്ടാവില്ലെന്നു കരുതിയിട്ടാവും കൈ കൊണ്ട് കുടിക്കാൻ വെള്ളം വേണമെന്നവർ ആംഗ്യം കാട്ടി.

“അമ്മേ... ഇത് ആയമ്മയാ.. മോൻ സ്കൂളീന്നു വരുമ്പോ കണ്ടൂന്നു പറഞ്ഞില്യേ? ” അല്പമാത്രം ദൃശ്യമായിരുന്ന മുഖം തിരിച്ചറിഞ്ഞ് രവിക്കുട്ടൻ സാരിത്തുമ്പ് പിടിച്ച് വലിച്ച് പറഞ്ഞു.

പ്രപഞ്ചസ്രഷ്ടാവിന്റെ കരവിരുത് ആ മുഖത്തു നിന്നും വായിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. നീണ്ട്, പാതികൂമ്പിയ മിഴികളിൽ പരൽമീൻ പോലെ തുടിക്കുന്ന നീല കൃഷ്ണമണികൾ.. രവിക്കുട്ടൻ പറഞ്ഞത് വെറുതെയല്ല.. ആകാശത്തിന്റെ നീലിമ മുഴുവൻ കടമെടുത്തിട്ടുണ്ടാ മിഴികൾ.. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു വശ്യതയുണ്ടവയ്ക്കിപ്പോഴും..

“ഇങ്ങകത്തേക്കു വരൂ.. വെള്ളം എടുക്കാം..” പറയുമ്പോൾ ചുണ്ട് വിറച്ചു. മനസ്സിൽ എന്തെന്നില്ലാത്ത വികാരവിചാരങ്ങളുടെ വേലിയേറ്റം. രവിക്കുട്ടനേയും പിടിച്ച് വേഗം അകത്തേക്കോടി. പാത്രത്തിൽ നിറയെ വെള്ളവുമായി തിരിച്ചെത്തുമ്പോൾ പടിക്കലവർ ചാഞ്ഞിരുപ്പുണ്ടായിരുന്നു.

നീട്ടിയ പാത്രം വല്ലാത്തൊരാവേശത്തിൽ പിടിച്ചു വാങ്ങി, ആർത്തിയോടെ അവർ വെള്ളം കുടിക്കുന്നത് നോക്കി നിന്നു.

“എവിടുന്നാ... ? ഇവിടെങ്ങും ഇതിനുമുന്നേ കണ്ടിട്ടില്യാല്ലോ..? ഇവിടെ ബന്ധുക്കളാരേലും ണ്ടോ..? ആരെയെങ്കിലും അന്വേഷിച്ചു വന്നാണോ..?” ഒരായിരം ചോദ്യങ്ങൾ ഒരുമിച്ച് ചോദിക്കാനുള്ള മനസ്സിന്റെ തിടുക്കം. പക്ഷേ ഒന്നും അവർ കേട്ടില്ലാന്നു തോന്നുന്നു. പാത്രം പടിയിൽ വച്ച് സാരിത്തലപ്പു കൊണ്ട് വെള്ളം തുടച്ച്, വീണ്ടും പുറകോട്ട് ചാരി കണ്ണടച്ചു.

“ക്ഷീണമുണ്ടാച്ചാൽ അകത്തേക്ക് പോന്നോളൂ.. ഇറയത്ത് കിടന്നെണീറ്റ് പോകാം..” സ്വരത്തിൽ ആതിഥേയ മര്യാദ കടന്നു വന്നത് തിരിച്ചറിഞ്ഞു.

വേണ്ട എന്നർത്ഥത്തിലവർ തല ചലിപ്പിച്ചു.

“ഒന്നും പറഞ്ഞില്യാല്ലോ..?” ആകാംഷ എന്നെ നിശ്ശബ്ദയാവാൻ അനുവദിച്ചില്ല.

അടഞ്ഞ കണ്ണുകൾക്കുള്ളിൽ കൃഷ്ണമണികൾ ഓടിക്കളിക്കുന്നത് ആ ഇരുട്ടിലും വ്യക്തമായി കണ്ടു. ചുണ്ടുകൾ മെല്ലെ ചലിച്ചു, “ഞാൻ... ഞാനൊരു ദേവദാസി..”

“ദേശം...?” ചോദ്യത്തിന് ഉത്തരം കിട്ടിത്തുടങ്ങിയപ്പോൾ ഒന്ന് സംശയിച്ചു നിന്ന മനസ്സ് ആവേശഭരിതമായി.

“കുറച്ചകലെ..” ഉത്തരമിപ്പോഴും കണ്ണുകൾ തുറക്കാതെ തന്നെ.

“അകലെയെന്നു പറഞ്ഞാൽ... ?” ശാന്തമാകാത്ത മനസ്സിന്റെ തുടിപ്പ് വാക്കുകളിൽ പ്രതിഫലിച്ചു.

അവർ കണ്ണുകൾ തുറന്നു.

ചോദിച്ചത് അബദ്ധമായോ..? എന്റെ ചോദ്യങ്ങളിഷ്ടപ്പെടണില്ലാന്നുണ്ടാവുമോ..?

“ഏയ്.. ദേഷ്യോന്നുണ്ടാവില്ല്യ..” ആശങ്കകളെ അസ്ഥാനത്താക്കി മനസ്സ് ആശ്വസിപ്പിച്ചു.

“നാടിനെക്കുറിച്ചൊന്നും പറഞ്ഞില്ല..” ഒടുവിൽ ധൈര്യം സംഭരിച്ച് ചോദിച്ചു.

ആ ചുണ്ടുകളിൽ ഒരു പുഞ്ചിരിവെട്ടം കണ്ടുവോ?

“അങ്ങു ദൂരെ.  സഹ്യനും അപ്പുറം... മഴമേഘങ്ങൾ മറന്നു പോയൊരു നാടുണ്ടായിരുന്നു..” നിശ്ശബ്ദതയെ കീറിമുറിച്ച് ആ ശബ്ദം കർണ്ണപുടങ്ങളിൽ ശ്രുതിയിട്ടു. പിന്നേയും എന്തൊക്കെയോ അവർക്ക് പറയണമെന്നുണ്ടായിരുന്നതു പോലെ തോന്നി. പക്ഷേ പ്രതീക്ഷകൾക്ക് മങ്ങലേൽ‌പ്പിച്ച് അവർ നിശ്ശബ്ദയായി.. ഓർമ്മകളിൽ കുടുങ്ങിപ്പോയതാവുമോ?

“ഒന്നും അങ്ങട് മനസ്സിലായില്ല...” അവ്യക്തത എന്റെ വാക്കുകളേയും വിഴുങ്ങി.

വാടിയ മുഖത്ത് ഒരു ചെറുപുഞ്ചിരി തെളിഞ്ഞു..

“ഗുരുശാപം കാട്ടു തീ പോലെ നക്കിത്തുടച്ചു എന്റെ നാടിനെ.. മേഘങ്ങൾ സൂര്യപ്രഭ താങ്ങാനാവാതെ ഓടിയൊളിച്ചു.. കുടിനീരിനു വേണ്ടി നാടും നാട്ടുകാരും ജീവജാലങ്ങളും മാത്രമല്ല, മണ്ണു പോലും കേണു.” അനന്തതയിലേക്ക് ദൃഷ്ടി പായിച്ച് അവർ സംസാരിക്കുമ്പോൾ ആ കൺ‌മുന്നിലത് തെളിഞ്ഞു കാണുകയാണോ എന്നെന്റെ മനസ്സ് സംശയിച്ചു.

സ്വപ്നത്തിലെന്നവണ്ണം സ്വയം മറന്നവർ സംസാരിച്ചു കൊണ്ടിരുന്നു..

“പെണ്ണിനെയറിയാത്തൊരു മുനികുമാരന്റെ പാദസ്പർശമേറ്റാൽ വർഷജാലങ്ങൾ കനിയുമെന്നാരോ പ്രവചിച്ചു.. ആരു പോയി കൊണ്ടു വരും എന്ന ചോദ്യത്തിനു പ്രസക്തിയില്ലായിരുന്നു.. പൌരോഹിത്യത്തിന്റെ ചാണക്യതന്ത്രങ്ങൾ വിരൽ ചൂണ്ടിയത് എനിക്ക് നേരെ ആയിരുന്നു..” ഒരു നീണ്ടനെടുവീർപ്പിനു ഇടം കൊടുത്ത് അവരൊന്നു നിറുത്തി.

“അപ്പോൾ... ഇത്....?”

മനസ്സിനുള്ളിൽ ഒരായിരം അഗ്നിപർവ്വതങ്ങളൊരുമിച്ച് പൊട്ടുന്നത് പോലെ തോന്നി..

എന്റെ കണ്ണിലെ അത്ഭുതം കൌതുകത്തോടെ ആസ്വദിച്ച്, ആ ചുണ്ടുകൾ വീണ്ടും ചലിച്ചു, “ ഉം.. അത് ഞാൻ തന്നെ.. രാജാവിനു മാത്രം കിടക്കവിരിച്ചിട്ടും ദേവദാസിയെന്ന പേരിൽ നിന്നും മോചനം കിട്ടാത്തൊരമ്മയുടെ മകൾ.. അമ്മയ്ക്ക് പറ്റിയ തെറ്റു തിരുത്താനാണോ.. അച്ഛനാരെന്നു ചൂണ്ടിക്കാണിക്കാനുള്ള അവസരം കിട്ടുമെന്ന അത്യാഗ്രഹം കൊണ്ടാണോ പോകാൻ ഞാൻ തയ്യാറായതെന്നു ചോദിച്ചാൽ മറുപടിയില്ല. മനസിലെന്തായിരുന്നുവെന്ന് അറിയില്ല.. പോയി.. അത്ര തന്നെ..”

“യാത്ര നിഷ്ഫലം ആയില്യാല്ലോ.. കൂടെ കൊണ്ടു വന്നൂല്ലോ ആളെ, കുറേയേറെ വിഷമങ്ങൾ സഹിച്ചിട്ടാണെങ്കിലും..” അത് പറയുമ്പോൾ കഥ കേട്ടിരിക്കാറുള്ള രവിക്കുട്ടന്റെ മനസ്സായിരുന്നെനിക്കും..

ഒരു ചിരിയായിരുന്നു മറുപടി.. അതിനൊരു പരിഹാസത്തിന്റെ ഛായയുണ്ടായിരുന്നോ... അതോ തനിക്ക് തോന്നിയതാണോ?

“പിന്നെന്തുണ്ടായി...?” ആകാംഷ ചങ്ങലപൊട്ടിച്ച് വാക്കുകളായി തെറിച്ചു വീണു..

“എന്തുണ്ടാവാൻ.. മഴമേഘങ്ങൾ കനിഞ്ഞു ആ പാദസ്പർശത്തിൽ.. പക്ഷേ പ്രകൃതി താണ്ഡവമാടിയതെന്തിനെന്നു മനസ്സിലായില്ല.. പ്രളയമായിരുന്നു പിന്നെ.. ഞാനും അതിലൊഴുകിപ്പോയി.. ബോധം വീണപ്പോൾ ഏതോ നാട്ടിലായിരുന്നു... അന്നു തുടങ്ങിയ യാത്ര... അതിന്നും തുടരുന്നു..” ഒന്നു ചിരിച്ച് പതിയെ അവർ എണീറ്റു.

ഒരു മാത്ര നിന്നു.. പിന്നെ നടന്നു.. വീണുപോയേക്കുമെന്ന് ഭയന്നിട്ടാവുമോ?

“എങ്ങോട്ടാണീ യാത്ര....?” അവർക്കിഷ്ടമായില്ലെങ്കിലോ എന്ന ശങ്ക വിടാതെ മനസ്സിനെ പിടികൂടിയിട്ടാവും ചോദ്യത്തിനു പതർച്ചയനുഭവപ്പെട്ടു..

മുന്നോട്ട് നടന്നു തുടങ്ങിയ പാദങ്ങൾ പെട്ടെന്നു നിശ്ചലമായി.

അവരുടെ മുഖത്ത് പെട്ടെന്നു ഒട്ടേറെ ഭാവങ്ങൾ മിന്നിമാഞ്ഞു.. സന്തോഷവും സങ്കടവും നിമിഷം‌പ്രതി വന്നും പോയുമിരുന്നു.. ഒടുവിലൊരു പുഞ്ചിരി ആ വരണ്ട ചുണ്ടിന്റെയോരത്തായ് തെളിഞ്ഞു.

“എന്റെ ഹൃദയം തേടി... ഞാനത് ആ മുനികുമാരനു കാഴ്ചവച്ചിരുന്നു.. എന്റെ നാടിനു വേണ്ടി.. പക്ഷേ പ്രളയം.... അതെന്നെ അദ്ദേഹത്തിൽ നിന്നും അകറ്റി.. തേടുകയാണ് ഞാൻ മഴയില്ലാത്ത നാടുകളിൽ.. കണ്ടുമുട്ടാതിരിക്കില്ല...” അവരുടെ ശബ്ദത്തിനു വീണാനാദത്തിന്റെ സൌകുമാര്യം.. വാക്കുകൾ മുത്തുമണികൾ പോലെ ഹൃദയത്തിൽ വീണുടയുന്നു.. ഒരു തേങ്ങലിൻ ചിലമ്പലുണ്ടോ അതിൽ?

“ഇന്നിനി പോകണംന്നുണ്ടോ...? ഇവിടെ തങ്ങാൻ അസൌകര്യം ന്തേലുമുണ്ടാച്ചാൽ...?” വാക്കുകൾ അർദ്ധോക്തിയിൽ നിറുത്തി.

“മഴമേഘങ്ങളിവിടെ പ്രസാദിച്ചിരിക്കുന്നു.. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.. പ്രളയങ്ങളെന്നെ വഴി തെറ്റിക്കും മുമ്പ് പോകണം മഴയില്ലാത്ത മറ്റൊരു നാട്ടിലേക്ക്...  ഹൃദയം കവർന്ന ആ മുനികുമാരനെത്തേടി..” തിരിഞ്ഞു നോക്കാതെയാണ് അവരത് പറഞ്ഞതെങ്കിലും, ആ ചുണ്ടിന്റെ കോണിൽ വിടർന്നു കൊഴിഞ്ഞൊരു പുഞ്ചിരിപ്പൂ  അകക്കണ്ണ് കാട്ടിത്തരാതിരുന്നില്ല.

പാദങ്ങൾ വലിച്ചിഴച്ചുള്ള ആ പോക്ക് ഒട്ടുനേരം നോക്കി നിന്നു.

അതുവരേയും ഞങ്ങളെ സാകൂതം വീക്ഷിച്ചു നിന്ന രവിക്കുട്ടൻ അവന്റെ കുഞ്ഞു മനസ്സിലെ സംശയം തടഞ്ഞു നിറുത്തിയില്ല, “ആയമ്മ പോവാണോ അമ്മേ...”

അവനെ വാരിയെടുത്തുമ്മ വയ്ക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“നമ്മൾ പറഞ്ഞാലും ആയമ്മ നിൽക്കില്ല്യാ കുട്ട്യേ....” അവന്റെ കൂടുതൽ ചോദ്യങ്ങൾക്കുത്തരം നൽകാതിരിക്കാൻ വേഗം വീടിനുള്ളിലേക്ക് കയറി..
                                                                **************

“അമ്മേ.. ആയമ്മ ആരാ..?”

മടിയിൽ കിടന്ന്, പകുതി ഉറക്കത്തിലും രവിക്കുട്ടനതു തന്നെ ആവർത്തിച്ച് ചോദിച്ചു കൊണ്ടേയിരുന്നു.. മറുപടി പറയാനായില്ല.

ചുമരിൽ ചാരിയിരുന്ന് മെല്ലെ കണ്ണുകളടച്ചു.. ഒരു കൈ രവിക്കുട്ടന്റെ മുടിയിഴകളെ തലോടുകയായിരുന്നു.. അങ്ങകലെ നടന്നു മറയുന്ന ആ പാവം ദേവദാസിയുടെ രൂപമായിരുന്നു മനസ്സിലപ്പോൾ..

“ആ മുനികുമാരന്റെ സ്നേഹം ഇന്നു നിനക്കന്യമാണെന്നറിയുമോ സഖീ..? മഴമേഘങ്ങൾ നാടിനെ അനുഗ്രഹിക്കാൻ അവനെയവിടെ എത്തിക്കാനുള്ള ഉപകരണം മാത്രമായിരുന്നു നീ.. അവൻ നിന്നെ സ്നേഹിച്ചിരിക്കാം.. ആദ്യമായിട്ടൊരു പെണ്ണിനെയറിഞ്ഞ അനുഭൂതി മാത്രമായിരുന്നു അത്.. ഇന്നാ സ്നേഹം രാജപുത്രിക്ക് സമർപ്പിച്ചിരിക്കുകയാണെന്നറിയുമോ നിനക്ക്..? അവനു നീ വെറും ബിംബം മാത്രം.. അവനെയാണോ നീയീ തിരയുന്നത്...? നിന്നോട് ചെയ്ത ദ്രോഹത്തിനു പ്രകൃതി അവർക്ക് മാപ്പു കൊടുക്കാഞ്ഞിട്ടാണവിടെ പ്രളയം ഉണ്ടായതെന്നു പോലും നീ തിരിച്ചറിയുന്നില്ലല്ലോ സഖീ... എങ്ങോട്ടാണ് നിന്റെയീ യാത്ര...? നിന്നെയും നിന്റെ സ്നേഹത്തേയും തിരിച്ചറിയാത്തൊരു മനസ്സു തേടിയോ...?”

മനസ്സിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നവണ്ണം കണ്ണുകൾ നിറഞ്ഞൊഴുകി.. പിന്നെപ്പോഴോ മയങ്ങി..

                                                                   ************

“ആ ഗ്രാമത്തിൽ മഴയില്ലെന്നു തോന്നുന്നു.. പാടം വിണ്ടു കീറിക്കിടക്കുന്നു... അവിടെ വരുമായിരിക്കും അദ്ദേഹം.. വരും.. വരാതിരിക്കില്ല.. ” നടക്കുന്നതിനിടയിൽ അവൾ പിറുപിറുത്തു..

അങ്ങ് കിഴക്കു ദിക്കിലപ്പോൾ സൂര്യൻ തന്റെ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു, പുതുപ്രതീക്ഷകളുടെ ഒരു പുത്തൻ പ്രഭാതത്തിനു വഴിയൊരുക്കി..

                                                                ***************

ചിത്രത്തിനു കടപ്പാട്...ഗൂഗിൾ

Wednesday, December 7, 2011

ദൈവമുണരാത്ത, ദൈവത്തിന്റെ സ്വന്തം നാട്..

“ദീപം.. ദീപം..”

വീശിയടിക്കുന്ന തെക്കൻ‌ കാറ്റ്.. നിലവിളക്കിലെ തിരി, കെട്ടു പോകാതെ കൈ കൊണ്ട് മറച്ചു പിടിച്ച് മുറ്റത്തേക്കിറങ്ങി.. തുളസ്സിത്തറയിൽ വിളക്കുവച്ച്, കണ്ണടച്ച് പ്രാർത്ഥിച്ച് നിൽക്കുമ്പോൾ കുസൃതിക്കാറ്റ് കവിളത്ത് തെരു തെരെ ഉമ്മ വച്ചുകൊണ്ടിരുന്നു. ചുണ്ടിൽ അറിയാതെയെങ്കിലും വിടർന്ന കള്ളച്ചിരി കടിച്ചു പിടിച്ച് വലം വച്ചു..
മായികലോകത്തിൽ മയങ്ങിനിന്ന മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ട് ഇടവഴിയിലൂടെ ആരോ ഓടുന്ന ശബ്ദം... ഓടിക്കോ എന്നൊക്കെ വിളിച്ച് പറയുന്നുമുണ്ട്.. കാര്യമെന്തെന്നറിയാനുള്ള ആകാംഷയിൽ ഗേറ്റിനടുത്തേക്ക് നടന്നതേയുള്ളൂ, വീട്ടിനകത്തു നിന്ന് ആയമ്മയുടെ നിലവിളി കേട്ടു, “മോളേ മലവെള്ളം പാഞ്ഞു വരുന്നു... നമ്മളിനി എന്തു ചെയ്യും ?” കാര്യകാരണസ്ഥിതികൾ ബോധ്യപ്പെടുംമുന്നേ, വിഴുങ്ങാൻ‌ അലറിയടുക്കുന്ന രാക്ഷസത്തിരകൾ‌ അങ്ങകലെ പ്രത്യക്ഷപ്പെട്ടു.. പ്രജ്ഞയറ്റ് നിന്നു പോയ നിമിഷം, എന്തു ചെയ്യണമെന്നറിയാതെ..

“ടോ... ഇതെന്തുറക്കാടോ.. ? തനിക്കിപ്പോ ക്ലാസ്സില്യേ.. അതോ മോണിറ്ററിനു മുന്നിൽ തപസ്സാണോ?”

ഞെട്ടി കണ്ണു തുറന്നു.. പരിസരബോധം വീണ്ടു കിട്ടാൻ നിമിഷങ്ങൾ വേണ്ടി വന്നു.. ചുമലിൽ കൈവച്ച് അനില.. അവളുടെ മുഖത്തെ കള്ളച്ചിരി കണ്ടില്ലെന്നു നടിച്ചു.. സാരിയുടെ തുമ്പെടുത്ത് ചുണ്ടിനു മുകളിലുള്ള വിയർപ്പുതുള്ളികളൊപ്പി.. വെള്ളം ഐസാകുന്ന ഈ തണുപ്പിൽ വിയർപ്പെങ്ങനെ..?

മനസ്സിന്റെ വിഭ്രമം മുഖത്തോളമെത്തിക്കാതെ വിളറിയ ചിരിയോടെ പറഞ്ഞു, “അറിയാതെ ഒന്നു മയങ്ങിപ്പോയി.. നിക്കിപ്പോ ക്ലാസ്സുള്ളതാ.. ഓർമ്മിപ്പിച്ചത് നന്നായി.. ”

സാരിത്തുമ്പ് മുന്നിലേക്ക് വലിച്ച് കുത്തി, സിസ്റ്റം ഷട്ട് ഡൌൺ ചെയ്യാൻ സ്ക്രീനിലേക്ക് നോക്കിയപ്പോൾ കണ്ടത് കേരളാ ടുമാറോയിലെ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ലേഖനമാണ്.. എന്തായിരുന്നു എനിക്ക് സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു രൂപരേഖ കിട്ടിയതപ്പോഴാണ്. പതിയെ ക്ലാസ്സിലേക്ക് നടന്നു..

“ഉം.. ഉം... ഇപ്പോ അല്ലേലും സ്വപ്നലോകത്താ പൊന്നുമോൾടെ നടത്തം.. കണ്ണടച്ച് പാലു കുടിക്കുന്നതാരും അറിയുന്നില്ലെന്ന് കരുതരുത് ട്ടോ..” പുറകിൽ അനിലയുടെ ശബ്ദം.. അകമ്പടിയായി കൂട്ടച്ചിരിയും..

ക്ലാസ്സിൽ കയറുമ്പോൾ പതിവില്ലാത്ത നിശ്ശബ്ദത.. വൈകിയാണു താനെത്തിയത്, എന്നിട്ടും..? കാരണമന്വേഷിക്കാൻ മനസ്സു വെമ്പിയെങ്കിലും അതിനു മുതിരാതെ പതിവു ചിരി ചുണ്ടിൽ പിടിപ്പിച്ച് ചോദിച്ചു, “നല്ല തണുപ്പാ അല്ലേ..?”

“ഉം..” എവിടുന്നൊക്കെയോ മറുപടി വന്നു. പക്ഷേ, അതിനും തണുപ്പ്..

പഠിപ്പിക്കുന്ന വിഷയം കണക്കാണ്.. സാധാരണ കണക്ക് അദ്ധ്യാപകരോട് കുട്ടികൾ അല്പം ദൂരം സൂക്ഷിക്കും.. പലർക്കും അരോചകമായ വിഷയമായതുകൊണ്ടാവാം. അതെനിക്ക് സംഭവിക്കാതിരിക്കാൻ വിഷയത്തിൽ നിന്നും വ്യതിചലിച്ചും, എന്നാൽ വിഷയത്തോട് ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നതുമായ കഥകളും കാര്യങ്ങളും ഒക്കെ ഇടയ്ക്ക് പറഞ്ഞുകൊടുക്കാറുണ്ട്. 

കുട്ടികൾക്കെന്തും എന്നോട് തുറന്നു പറയാനുള്ളൊരു ബന്ധം അവർക്കിടയിൽ സ്ഥാപിച്ചെടുത്തതു കൊണ്ട് ആ തണുപ്പൻ പ്രതികരണത്തിന്റെ കാരണം തിരക്കി അവരെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചില്ല. കസേരയിലമർന്ന് മേശപ്പുറത്തിരുന്ന പുസ്തകം പതിയെ മറിച്ചു. അപ്പോഴാണത് ശ്രദ്ധയിൽ‌പ്പെട്ടത്.. മുൻസീറ്റിൽ ഇരിക്കുന്ന ഒരുവൻ കരയുന്നു.. അടുത്തിരിക്കുന്ന ആളിന്റെ മുഖം ഇപ്പോ കരഞ്ഞേക്കും എന്ന ഭാവത്തിലാണ്.

ഇനിയും കാരണമറിയാൻ അമാന്തം പാടില്ലെന്ന ചിന്തയിൽ, എണീറ്റ് അവന്റെയടുത്തേക്ക് ചെന്നു. നെറുകയിൽ തലോടി, തിരക്കി, “ എന്താ മോനേ, എന്തിനാ കരേണേ? വല്ലായ്മ വല്ലതുമുണ്ടോ..?” മറുപടി പൊട്ടിക്കരച്ചിലായിരുന്നു. കാര്യം മനസ്സിലാവാതെ അരികിലിരിക്കുന്നവനെ നോക്കി.

കൂട്ടുകാരന്റെ കരച്ചിൽ കാണാനാവാതെ മുഖം തിരിച്ച അവൻ, തെല്ല് നിശ്ശബ്ദതയ്ക്ക് ശേഷം സംസാരിച്ചു, “മിസ്സ്, മുല്ലപ്പെരിയാർ ഡാം പൊട്ടുവോ? മമ്മി അടുത്ത ഫ്ലാറ്റിലെ ആന്റിയോട് പറേണ കേട്ടു.. പൊട്ട്യാലും സാരല്യാ നമ്മൾ കൊല്ലത്തല്ലേ നമ്മളെ ഇതൊന്നും ബാധിക്കില്യാന്നു.. ആണോ മിസ്സ്? പക്ഷേ, ഇവന്റെ വീട് അതിനടുത്താ.. ഡാം പൊട്ട്യാല് അവന്റെ ഗ്രാന്റ്പേം ഗ്രാന്റ്‌മേം ഒക്കെ വെള്ളം കൊണ്ട് പോം.. അതാ അവൻ കരേണേ.. അത് കണ്ടിട്ട് നിക്കും സങ്കടം വരണു.” പറഞ്ഞു തീരും മുമ്പെ അവന്റെ കണ്ണിൽ നിന്നും കണ്ണീരു അണപൊട്ടിയൊഴുകി..

“ഹേയ്.. എന്തായിത്.. ആൺകുട്ട്യോളിങ്ങനെ കരയ്യാ ചെയ്യാ? അതങ്ങനെ പൊട്ട്വൊന്നും ഇല്യാ കുട്ട്യേ..” രണ്ടാളേയും ആശ്വസിപ്പിക്കാനങ്ങനെ പറയുമ്പോൾ നുണ പറയുന്നതിന്റെ വിമ്മിഷ്ടമായിരുന്നു മനസ്സിൽ..

“അച്ഛൻ പറയാ മിസ്സ്, നമ്മളിവിടല്ലേ.. ഡാം പൊട്ട്യാലും നമുക്കൊന്നും സംഭവിക്കില്യാല്ലോ എന്നൊക്കെ.. പക്ഷേ ന്റെ ഗ്രാൻപായും ഗ്രാന്റ്മായും.. ” തികട്ടി വന്ന കരച്ചിൽ അവനെ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിച്ചില്ല.

കുറേയേറെ ചോദ്യങ്ങളവിടെ പല കണ്ണുകളിലും കണ്ടു.. ഒന്നിനും മറുപടി കൊടുക്കാൻ വയ്യ. എന്തു പറഞ്ഞാണ് ഈ നിഷ്കളങ്ക ബാല്യങ്ങളെ ആശ്വസിപ്പിക്കുക..? വാക്കുകൾ കിട്ടാതെ ഉഴറി.. ഒന്നും പഠിപ്പിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായില്ല. ആ ക്ലാസ്സ് എങ്ങനെയെങ്കിലും ഒന്നവസാനിച്ച് കിട്ടിയാൽ മതിയെന്നായിരുന്നു.. ബെല്ലടിച്ചപ്പോൾ മെല്ലെ സ്റ്റാഫ്രൂമിലേക്ക് നടന്നു.

കുഞ്ഞുങ്ങളുതിർത്ത ചോദ്യങ്ങളപ്പോൾ മനസിലെവിടെയൊക്കെയോ തട്ടി പ്രതിദ്ധ്വനിക്കുന്നുണ്ടായിരുന്നു. ദുരന്തം ഒരു വിഭാഗത്തിനെന്നു കരുതി സ്വയം ആശ്വസിക്കാൻ ശ്രമിക്കുന്ന കുറേ മനസ്സുകളുടെ പ്രതിഫലനമാണ് ആ കുട്ടികളുടെ നാവിൻ‌തുമ്പിലൂടെ ചോദ്യങ്ങളായ് അടർന്നു വീണത്.

കുടിനീരിനു വലഞ്ഞ ഒരു ജനതയ്ക്കു  സായിപ്പിന്റെ കനിവ്.. അമ്പതു വർഷം മാത്രം ആയുസ്സുള്ളതിനെ, അതിന്റെ പതിന്മടങ്ങ് വർഷത്തേക്ക് പാട്ടത്തിനു കൊടുക്കുമ്പോൾ രാജാവിനു പിഴച്ചത് രാജനീതിയോ രാജ്യതന്ത്രമോ? ബ്രിട്ടീഷുകാരുടെ തോക്കിൻ‌കുഴലിനു മുന്നിൽ ആ ചെങ്കോൽ അടിമപ്പെടുകയായിരുന്നോ? രാജ്യത്തിനും ജനതയ്ക്കും വേണ്ടി ഒറ്റയാൾ‌പ്പോരാട്ടം നടത്തിയ വീരപഴശ്ശിയുടെ നാട് ഈ കീഴടങ്ങലിനെ അംഗീകരിക്കില്ല.. മാപ്പ് കൊടുക്കില്ല. ഉറപ്പിന്റെ കാലാവധി കഴിഞ്ഞിട്ടും പ്രകൃതിയും ദൈവവും കരുണ കാട്ടി.. പക്ഷേ ഇനിയും ആ കരുണയെ പരീക്ഷിക്കാമോ?
1. മുല്ലപ്പെരിയാർ ഡാം 2. സ്കെച്ച് 3. താങ്ങാവുന്നതിന്റെ പരമാവധി ജലവും പേറി (നവംബറിലെടുത്ത ഫോട്ടോ)
ഡാമൊന്നു പൊട്ടിയാൽ കേരളത്തിന്റെ ഒരു ഭാഗം കടലിൽ പതിക്കും പെരിയാറിനൊപ്പം.. അറബിക്കടൽ വഴി മാറിയൊഴുകും. കളിയിക്കാവിള മുതൽ കാസർഗോഡ് വരെ നീണ്ടു കിടക്കുന്ന കേരളം തുരുത്തുകളാവും. കടലെടുക്കുന്ന ജനവിഭാഗത്തെ മാത്രമാണോ ഈ ദുരന്തം ബാധിക്കുക? മൃതദേഹങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ മറവു ചെയ്യാതിരുന്നാൽ അവ ജീർണ്ണിച്ചഴുകി ജീവിച്ചിരിക്കുന്ന ജനതയെ മുഴുവനും സാംക്രമികരോഗങ്ങൾക്ക് അടിമപ്പെടുത്തും. ജലശ്രോതസ്സടയുന്ന ജനത കുടിനീരിനു അലയും. അതിർത്തി കടന്നു ദാഹജലം തേടി അവരെങ്ങാൻ ഈ മണ്ണിൽ കാലു കുത്തിയാൽ പ്രതികാര ദാഹിയായ മനുഷ്യൻ പ്രതികരിക്കും. ഇന്ദിരാഗാന്ധിയുടെ വധത്തോടനുബന്ധിച്ച് പഞ്ചാബികൾക്കെതിരെ ഉണ്ടായതു പോലെ വംശീയ കലാപം ഉണ്ടാവും.. അപ്പോൾ ആരാണു ഈ ദുരന്തത്തിൽ നിന്നും രക്ഷ നേടുക?
1. ദുരന്തത്തിനു ശേഷം കേരളവും തമിഴ്നാടും 2. ദുരന്തം തുരുത്തുകളാക്കുന്ന കേരളം
ചിന്തകളിൽ മതി മറന്നു നടന്നിട്ടാവും സ്റ്റാഫ്‌റൂമെത്തിയത് അറിഞ്ഞില്ല.

“ആ പണ്ടാരം പൊട്ടണത് ഞാൻ നാട്ടിലുള്ളപ്പോഴായാൽ മത്യാർന്നു..” അനിൽ മാഷിന്റെ ശബ്ദം. ആ വാക്കുകളിൽ പക്ഷേ, സ്വാർത്ഥതയിലുപരി നൊമ്പരമാണു അറിഞ്ഞത്. അകത്തു കയറി സ്ഥിരം ഇരിപ്പിടത്തിലിരുന്നിട്ടും ആരും അറിഞ്ഞില്ല. എല്ലാവരും മറ്റേതോ ലോകത്താണ്.

ഞാനും കുറച്ചുദിവസമായി മറ്റേതോ ലോകത്താണ്.. ടിവിയിൽ ഫ്ലാഷ്ന്യൂസെന്നു കാണുമ്പോൾ തന്നെ കണ്ണുകൾ പിടയും. സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി, “വെള്ളമെടുത്തോളൂ പകരം ഞങ്ങളെ ജീവിക്കാനനുവദിക്കൂ” എന്ന ഒരു സമൂഹത്തിന്റെ വിലാപം ചെവി കൊടുക്കാതിരിക്കുകയും, പറയുന്ന ന്യായങ്ങൾ തെളിവുകളുടെ പിന്തുണയില്ലാതെ പൊളിയെന്നു ചൊല്ലി നിർദ്ധാഷിണ്യം തള്ളിക്കളയുകയും ചെയ്യുമ്പോൾ ദുരന്തത്തിന്റെ അകലം കുറഞ്ഞു കുറഞ്ഞു വരികയാണ്. ഹിരോഷിമ തകർത്തു തരിപ്പണമാക്കിയതിനേക്കാൾ പതിന്മടങ്ങ് ഊർജ്ജമാണിവിടെ, ഒരു കൊച്ചു ഭൂമികുലുക്കത്തിൽ കുതിച്ചു ചാടാൻ വെമ്പി, ആയുസ്സറ്റ നിർമ്മിതിക്കുള്ളിൽ വീർപ്പു മുട്ടുന്നത്. രാഷ്ട്രീയവിളവെടുപ്പുകൾക്കും തന്ത്രങ്ങൾക്കും കളമൊരുങ്ങുമ്പോൾ മരണം അതിന്റെ ഭായനക മുഖം പ്രദർശിപ്പിച്ച് ഒരു വിളിപ്പാടകലെ കാത്തു നിൽക്കുന്നുവെന്നു മറന്നു പോകുകയാണ്.

നാട്ടുരാജ്യങ്ങളുണ്ടാക്കിയ കരാർ സംസ്ഥാനരൂപീകരണത്തിനു ശേഷം നിയമസഭയിലവതരിപ്പിച്ച് അംഗീകരിക്കപ്പെടാത്തതിനാൽ വിലയില്ലാത്തതാണെന്നും അത് തെറ്റിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്നൊക്കെ പറയുന്നത് മനസ്സിനെത്ര ആശ്വാസം തരും. സംഹാരരൂപിയായി പാഞ്ഞു വരുന്ന പെരിയാറിനെ തടയാൻ, മഴയൊന്നു കനത്താൽ‌ കവിഞ്ഞൊഴുകുന്ന ഇടുക്കി ഡാമിനു കഴിയുമെന്നു പറയുന്നതെത്ര വിരോധാഭാസമാണ്.. അഥവാ അതിനു സാധിച്ചാൽത്തന്നെ രണ്ടു ഡാമിനും ഇടയ്ക്കുള്ള ജീവജാലങ്ങളുടെ ജീവന് ഒട്ടും വിലയില്ലെ? ഇടയ്ക്കിടെ തടകളുണ്ടാക്കി ഒഴുക്കിന്റെ ശക്തി കുറയ്ക്കുകയാണു അടിയന്തിര പ്രതിവിധി എന്നു പറയുന്നത് അല്പം ആശ്വാ‍സജനകമെങ്കിലും അതെത്ര മാത്രം പ്രായോജികമാണെന്നത്  കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു.

മനസാകെ കലുഷിതമാണ്.. കണ്ണുകെട്ടിയ നീതിപീഠങ്ങൾ, തെളിവുകൾക്ക് കാത്ത് നിശ്ശബ്ദത പാലിക്കുമ്പോൾ അകലെയല്ലാതെ ഒരു ദുരന്തത്തിന്റെ കാലടിയൊച്ച, എന്റെ മാത്രമല്ല പലരുടേയും ഉറക്കത്തെ അകറ്റി നിറുത്തുന്നു.

അധ്യയനദിവസം അവസാനിച്ച് വീട്ടിലേക്ക് പോകുമ്പോൾ മനസ്സ് ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുതിർത്ത് ശല്ല്യപ്പെടുത്തികൊണ്ടിരുന്നു. താങ്ങാനാവാത്ത ഭാരം ഹൃദയത്തിൽ.

മൊബൈൽ ഒന്നു ശബ്ദിച്ചാൽ, ഇപ്പോൾ പ്രവാസി നടുങ്ങുന്നു. ഒരു ദുരന്തത്തിന്റെ സന്ദേശമാണോ തന്നെത്തേടിയെത്തുന്നതെന്ന ഭയത്തിൽ. ഭരണകൂടങ്ങളും, രാഷ്ടീയകൌശലങ്ങളും പരസ്പരം പഴി ചാരി രക്ഷപ്പെടുമ്പോൾ, ഇവിടെ തോൽക്കുന്നതൊരു നാടാണ്.. ഒരു സമൂഹമാണ്... നിസ്സഹായരായ ഒരു പറ്റം മനുഷ്യരാണ്..

വർഷത്തിലൊരിക്കൽ നാടു കാണാനെത്തുന്ന ഒരു പഴയ ആത്മാവിനു കാഴ്ചവയ്ക്കാൻ പരശുരാമനിനിയും മഴുവെറിഞ്ഞ് കേരളം സൃഷ്ടിക്കേണ്ടി വരുമോ? ദൈവത്തിന്റെ സ്വന്തം നാടിനെ  രക്ഷിക്കാൻ ഇനി ദൈവത്തിനു മാത്രമേ കഴിയൂ.. പ്രാർത്ഥനകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടെ... മനസ്സാശ്വസിപ്പിച്ചു... വെറുതെ!

ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിളിനും എന്റെ പ്രിയപ്പെട്ടവർക്കും...