Wednesday, December 14, 2011

മഴയുടെ മകൾ...


ചുട്ടുപൊള്ളുന്ന വെയിലിലും സഹ്യനെ തഴുകി വരുന്ന കാറ്റിനു രാമച്ചത്തിന്റെ കുളിര്.. പൊന്നിൻ‌ നിറമാർ‌ന്ന വയലേലകൾ‌.. വേയ്ക്കുന്ന കാലുകൾക്ക് ശക്തി കൊടുത്തെന്നവണ്ണം അവൾ ചുവട് വച്ചു.. നീണ്ടിടതൂർന്ന കാർകൂന്തൽ ഇളം കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു..അലഞ്ഞുലഞ്ഞ വസ്ത്രാഞ്ചലം കാറ്റിനോട് മല്ലിടുന്നു. കുനിച്ച് പിടിച്ചിരിക്കുന്ന മുഖത്തു നിന്ന് വികാരം വായിച്ചറിയാൻ ബുദ്ധിമുട്ടാണ്..

കരയുകയാണോ അതോ ചിരിക്കുന്നോ?
                                          
                                                                  *************

“അമ്മേ.........”

അടുക്കളയിലെ തിരക്കിന്നിടയിലും രവിക്കുട്ടന്റെ ശബ്ദം തിരിച്ചറിഞ്ഞു.. ആ വിളിക്കിന്നു പതിവില്ലാത്ത ധ്വനിമാറ്റം ഉണ്ടല്ലോ..

മുറ്റത്ത് മഴ അവശേഷിപ്പിച്ചു പോയ ചെളിവെള്ളത്തിലൊന്നു ചാടി, വെള്ളം തെറിപ്പിച്ച്, അകത്തേക്ക് വന്ന് ബാഗ് വലിച്ചെറിഞ്ഞ്, അതേ വേഗതയിൽ അവൻ അടുക്കളയിലേക്ക് വന്നു.

ആ മുഖം കണ്ടാലറിയാം തന്നോടെന്തോ പറയാനുണ്ട്. കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുതവും ആകാംഷയും കൂടിക്കലർന്ന ഭാവം.

അവന്റെ വരവ് പ്രതീക്ഷിച്ചുണ്ടാക്കിയെടുത്ത ചായ നീട്ടി, പതിയെ നെറുകയിൽ മുത്തമിട്ട് ചോദിച്ചു, “ ന്തേയ് ..അമ്മേടെ പൊന്നുമോൻ എന്തേലും കണ്ട് പേടിച്ചോ?”

“ഊം..ഹും..” ആ കണ്ണുകളിലപ്പോഴും വിവേചിച്ചറിയാനാവാത്ത ഭാവം.

ചായക്കപ്പ് മേശമേൽ വച്ച് അത്ഭുതം തുളുമ്പുന്ന മിഴികളോടെ അവൻ പറഞ്ഞു, “അമ്മേ... ഇന്നു സ്കൂളീന്നു വരുമ്പോ നമ്മുടെ ഗോവിന്ദമാമേടെ അടച്ചിട്ട പീടികയ്ക്ക് മുന്നിൽ ഒരമ്മേനെ കണ്ടു. എന്തു ചേലാ ആയമ്മേടെ കണ്ണുകൾ കാണാൻ... ആകാശത്തിന്റെ നെറാ... പച്ചേല് ആയമ്മ കരേണുണ്ടാർന്നു മഴ പെയ്യണതും നോക്കി.. ന്തിനാ അമ്മേ ആയമ്മ കരഞ്ഞേ..? മഴ പെയ്യുമ്പോ ല്ലാർക്കും സന്തോഷല്യേ ണ്ടാവാ?”

അവന്റെ നിഷ്കളങ്കമായ ചോദ്യത്തിനു ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. കാര്യവും കാരണവും അവസ്ഥയും ഒന്നുമറിയാതെ താനെന്തു പറയാൻ..?

എങ്കിലും അവനെ ആശ്വസിപ്പിക്കണമല്ലോ.  അമ്മയ്ക്കും അച്ഛനും ലോകത്തുള്ള സകല കാര്യത്തെക്കുറിച്ചും അറിവുണ്ടെന്ന വിശ്വാസമാണ് കുട്ടികൾക്ക്. എന്റെ നാവിൽ നിന്നൊരു സമാധാനം കേൾക്കാതെ അവൻ പിന്മാറില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ, പതിയെ ഒന്നു പുഞ്ചിരിച്ച് പറഞ്ഞു, “ ആയമ്മയെ ആരേലും വഴക്ക് പറഞ്ഞിട്ടുണ്ടാവും.. അമ്മേടെ പൊന്നുമോൻ പോയി കുളിച്ചു വരൂ, വിളക്ക് വയ്ക്ക്യാ.. നാമം ജപിക്കണ്ടേ.. വേഗാവട്ടെ ”

കുഞ്ഞു ഷർട്ടിന്റെ കുടുക്കുകളഴിക്കുമ്പോൾ മനസ്സ് സ്വയം ആ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു, “എന്നാലും അതാരാവും.. ?”

വിളക്കു വയ്ക്കലും നാമജപവുമൊക്കെ കഴിഞ്ഞ് രവിക്കുട്ടൻ പുസ്തകമെടുത്ത് പഠിക്കാനിരുന്നു. പൂമുഖപ്പടിയിൽ ഞാനും.. അടുത്തു തന്നെയിരുന്നില്ലെങ്കിൽ അവന്റെ പഠിത്തമൊക്കെ അത്രയ്ക്കത്രയ്ക്ക് തന്നെയാവും.. മാത്രവുമല്ല, ഇടയ്ക്കിടെ ആളെക്കുഴയ്ക്കുന്ന സംശയങ്ങളുണ്ടാവും.. അതിനു മണ്ടനുത്തരമെങ്കിലും മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ അന്നത്തെ പഠിത്തം അവിടെത്തീരും. അതുകൊണ്ട് തന്നെ ഇടവഴിയിലേക്ക് മിഴി നട്ട് അവിടെത്തന്നെയിരുന്നു.

ഒരുപാട് നാളുകളുടെ കാത്തിരിപ്പിനു ശേഷമാണിന്നത്തെ മഴ, അതും അപ്രതീക്ഷിതമായിട്ട്. സൂര്യൻ പൂർണ്ണ ശക്തിയോടെ തിളങ്ങി നിൽക്കുകയായിരുന്നു, പെട്ടെന്നായിരുന്നു കാർമേഘം ഉരുണ്ട് കൂടിയതും മഴ കോരിച്ചൊരിഞ്ഞതും. ആകാശം കരഞ്ഞു തീർത്തിട്ടും, മരങ്ങളിപ്പോഴും കണ്ണീർ വാർക്കുന്നു.  ചിന്തകളിൽമുഴുകിയിരുന്നിട്ടാവും രവിക്കുട്ടൻ പഠിത്തം നിറുത്തി കളി തുടങ്ങിയതറിഞ്ഞില്ല.

വേലിയിലെ തുടരെത്തുടരെയുള്ള അനക്കമാണ് ചിന്തയിൽ നിന്നുമുണർത്തിയത്. മനസ്സൊന്നു പതറാതിരുന്നില്ല. വല്ല കള്ളന്മാരും ആകുമോ? എന്തായാലും ആരാന്നു അറിയുക തന്നെ. തീരുമാനിച്ചുറപ്പിച്ച് പതിയെ എണീറ്റ് നടന്നു. എന്താണെന്റെ ഉദ്ദേശമെന്നു അറിയാനുള്ള ആകാംഷയുമായി രവിക്കുട്ടൻ പാഞ്ഞു വന്ന് സാരിത്തുമ്പിൽ തൂങ്ങി.

വേലിക്കലോളം ചെന്നു. അതിപ്പോഴും അനങ്ങുന്നുണ്ട്. ഇനി വല്ല ഇഴജന്തുക്കളുമാണോ? രണ്ടും കല്പിച്ച് ഇടവഴിയിലേക്കിറങ്ങി നോക്കി.

ഒരു സ്ത്രീ.. വേലിയിൽ ചാരി നിൽക്കുകയാണ്. ഒറ്റ നോട്ടത്തിൽ ഭ്രാന്തിയെന്നു തോന്നിക്കുന്നതാണ് വേഷവും ഭാവവും ..

ആളനക്കമറിഞ്ഞിട്ടാവും അവർ മെല്ലെ തല ഉയർത്തി നോക്കി. സാരിത്തലപ്പിനിടയിലൂടെ കാണുന്ന മുഖത്തിനു എന്തൊരു സൌന്ദര്യം.. കണ്ണെടുക്കാൻ തോന്നുന്നില്ല. മേഘപടലങ്ങളിക്കിടയിലൂടെ എത്തി നോക്കുന്ന ചന്ദ്രനെപ്പോലെ ഐശ്വര്യം തുളുമ്പി നിൽക്കുന്നു, ആ മുഖത്ത്.

“വെള്ളം..” വിറയാർന്ന ചുണ്ടുകൾ പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞു.  കേട്ടിട്ടുണ്ടാവില്ലെന്നു കരുതിയിട്ടാവും കൈ കൊണ്ട് കുടിക്കാൻ വെള്ളം വേണമെന്നവർ ആംഗ്യം കാട്ടി.

“അമ്മേ... ഇത് ആയമ്മയാ.. മോൻ സ്കൂളീന്നു വരുമ്പോ കണ്ടൂന്നു പറഞ്ഞില്യേ? ” അല്പമാത്രം ദൃശ്യമായിരുന്ന മുഖം തിരിച്ചറിഞ്ഞ് രവിക്കുട്ടൻ സാരിത്തുമ്പ് പിടിച്ച് വലിച്ച് പറഞ്ഞു.

പ്രപഞ്ചസ്രഷ്ടാവിന്റെ കരവിരുത് ആ മുഖത്തു നിന്നും വായിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. നീണ്ട്, പാതികൂമ്പിയ മിഴികളിൽ പരൽമീൻ പോലെ തുടിക്കുന്ന നീല കൃഷ്ണമണികൾ.. രവിക്കുട്ടൻ പറഞ്ഞത് വെറുതെയല്ല.. ആകാശത്തിന്റെ നീലിമ മുഴുവൻ കടമെടുത്തിട്ടുണ്ടാ മിഴികൾ.. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു വശ്യതയുണ്ടവയ്ക്കിപ്പോഴും..

“ഇങ്ങകത്തേക്കു വരൂ.. വെള്ളം എടുക്കാം..” പറയുമ്പോൾ ചുണ്ട് വിറച്ചു. മനസ്സിൽ എന്തെന്നില്ലാത്ത വികാരവിചാരങ്ങളുടെ വേലിയേറ്റം. രവിക്കുട്ടനേയും പിടിച്ച് വേഗം അകത്തേക്കോടി. പാത്രത്തിൽ നിറയെ വെള്ളവുമായി തിരിച്ചെത്തുമ്പോൾ പടിക്കലവർ ചാഞ്ഞിരുപ്പുണ്ടായിരുന്നു.

നീട്ടിയ പാത്രം വല്ലാത്തൊരാവേശത്തിൽ പിടിച്ചു വാങ്ങി, ആർത്തിയോടെ അവർ വെള്ളം കുടിക്കുന്നത് നോക്കി നിന്നു.

“എവിടുന്നാ... ? ഇവിടെങ്ങും ഇതിനുമുന്നേ കണ്ടിട്ടില്യാല്ലോ..? ഇവിടെ ബന്ധുക്കളാരേലും ണ്ടോ..? ആരെയെങ്കിലും അന്വേഷിച്ചു വന്നാണോ..?” ഒരായിരം ചോദ്യങ്ങൾ ഒരുമിച്ച് ചോദിക്കാനുള്ള മനസ്സിന്റെ തിടുക്കം. പക്ഷേ ഒന്നും അവർ കേട്ടില്ലാന്നു തോന്നുന്നു. പാത്രം പടിയിൽ വച്ച് സാരിത്തലപ്പു കൊണ്ട് വെള്ളം തുടച്ച്, വീണ്ടും പുറകോട്ട് ചാരി കണ്ണടച്ചു.

“ക്ഷീണമുണ്ടാച്ചാൽ അകത്തേക്ക് പോന്നോളൂ.. ഇറയത്ത് കിടന്നെണീറ്റ് പോകാം..” സ്വരത്തിൽ ആതിഥേയ മര്യാദ കടന്നു വന്നത് തിരിച്ചറിഞ്ഞു.

വേണ്ട എന്നർത്ഥത്തിലവർ തല ചലിപ്പിച്ചു.

“ഒന്നും പറഞ്ഞില്യാല്ലോ..?” ആകാംഷ എന്നെ നിശ്ശബ്ദയാവാൻ അനുവദിച്ചില്ല.

അടഞ്ഞ കണ്ണുകൾക്കുള്ളിൽ കൃഷ്ണമണികൾ ഓടിക്കളിക്കുന്നത് ആ ഇരുട്ടിലും വ്യക്തമായി കണ്ടു. ചുണ്ടുകൾ മെല്ലെ ചലിച്ചു, “ഞാൻ... ഞാനൊരു ദേവദാസി..”

“ദേശം...?” ചോദ്യത്തിന് ഉത്തരം കിട്ടിത്തുടങ്ങിയപ്പോൾ ഒന്ന് സംശയിച്ചു നിന്ന മനസ്സ് ആവേശഭരിതമായി.

“കുറച്ചകലെ..” ഉത്തരമിപ്പോഴും കണ്ണുകൾ തുറക്കാതെ തന്നെ.

“അകലെയെന്നു പറഞ്ഞാൽ... ?” ശാന്തമാകാത്ത മനസ്സിന്റെ തുടിപ്പ് വാക്കുകളിൽ പ്രതിഫലിച്ചു.

അവർ കണ്ണുകൾ തുറന്നു.

ചോദിച്ചത് അബദ്ധമായോ..? എന്റെ ചോദ്യങ്ങളിഷ്ടപ്പെടണില്ലാന്നുണ്ടാവുമോ..?

“ഏയ്.. ദേഷ്യോന്നുണ്ടാവില്ല്യ..” ആശങ്കകളെ അസ്ഥാനത്താക്കി മനസ്സ് ആശ്വസിപ്പിച്ചു.

“നാടിനെക്കുറിച്ചൊന്നും പറഞ്ഞില്ല..” ഒടുവിൽ ധൈര്യം സംഭരിച്ച് ചോദിച്ചു.

ആ ചുണ്ടുകളിൽ ഒരു പുഞ്ചിരിവെട്ടം കണ്ടുവോ?

“അങ്ങു ദൂരെ.  സഹ്യനും അപ്പുറം... മഴമേഘങ്ങൾ മറന്നു പോയൊരു നാടുണ്ടായിരുന്നു..” നിശ്ശബ്ദതയെ കീറിമുറിച്ച് ആ ശബ്ദം കർണ്ണപുടങ്ങളിൽ ശ്രുതിയിട്ടു. പിന്നേയും എന്തൊക്കെയോ അവർക്ക് പറയണമെന്നുണ്ടായിരുന്നതു പോലെ തോന്നി. പക്ഷേ പ്രതീക്ഷകൾക്ക് മങ്ങലേൽ‌പ്പിച്ച് അവർ നിശ്ശബ്ദയായി.. ഓർമ്മകളിൽ കുടുങ്ങിപ്പോയതാവുമോ?

“ഒന്നും അങ്ങട് മനസ്സിലായില്ല...” അവ്യക്തത എന്റെ വാക്കുകളേയും വിഴുങ്ങി.

വാടിയ മുഖത്ത് ഒരു ചെറുപുഞ്ചിരി തെളിഞ്ഞു..

“ഗുരുശാപം കാട്ടു തീ പോലെ നക്കിത്തുടച്ചു എന്റെ നാടിനെ.. മേഘങ്ങൾ സൂര്യപ്രഭ താങ്ങാനാവാതെ ഓടിയൊളിച്ചു.. കുടിനീരിനു വേണ്ടി നാടും നാട്ടുകാരും ജീവജാലങ്ങളും മാത്രമല്ല, മണ്ണു പോലും കേണു.” അനന്തതയിലേക്ക് ദൃഷ്ടി പായിച്ച് അവർ സംസാരിക്കുമ്പോൾ ആ കൺ‌മുന്നിലത് തെളിഞ്ഞു കാണുകയാണോ എന്നെന്റെ മനസ്സ് സംശയിച്ചു.

സ്വപ്നത്തിലെന്നവണ്ണം സ്വയം മറന്നവർ സംസാരിച്ചു കൊണ്ടിരുന്നു..

“പെണ്ണിനെയറിയാത്തൊരു മുനികുമാരന്റെ പാദസ്പർശമേറ്റാൽ വർഷജാലങ്ങൾ കനിയുമെന്നാരോ പ്രവചിച്ചു.. ആരു പോയി കൊണ്ടു വരും എന്ന ചോദ്യത്തിനു പ്രസക്തിയില്ലായിരുന്നു.. പൌരോഹിത്യത്തിന്റെ ചാണക്യതന്ത്രങ്ങൾ വിരൽ ചൂണ്ടിയത് എനിക്ക് നേരെ ആയിരുന്നു..” ഒരു നീണ്ടനെടുവീർപ്പിനു ഇടം കൊടുത്ത് അവരൊന്നു നിറുത്തി.

“അപ്പോൾ... ഇത്....?”

മനസ്സിനുള്ളിൽ ഒരായിരം അഗ്നിപർവ്വതങ്ങളൊരുമിച്ച് പൊട്ടുന്നത് പോലെ തോന്നി..

എന്റെ കണ്ണിലെ അത്ഭുതം കൌതുകത്തോടെ ആസ്വദിച്ച്, ആ ചുണ്ടുകൾ വീണ്ടും ചലിച്ചു, “ ഉം.. അത് ഞാൻ തന്നെ.. രാജാവിനു മാത്രം കിടക്കവിരിച്ചിട്ടും ദേവദാസിയെന്ന പേരിൽ നിന്നും മോചനം കിട്ടാത്തൊരമ്മയുടെ മകൾ.. അമ്മയ്ക്ക് പറ്റിയ തെറ്റു തിരുത്താനാണോ.. അച്ഛനാരെന്നു ചൂണ്ടിക്കാണിക്കാനുള്ള അവസരം കിട്ടുമെന്ന അത്യാഗ്രഹം കൊണ്ടാണോ പോകാൻ ഞാൻ തയ്യാറായതെന്നു ചോദിച്ചാൽ മറുപടിയില്ല. മനസിലെന്തായിരുന്നുവെന്ന് അറിയില്ല.. പോയി.. അത്ര തന്നെ..”

“യാത്ര നിഷ്ഫലം ആയില്യാല്ലോ.. കൂടെ കൊണ്ടു വന്നൂല്ലോ ആളെ, കുറേയേറെ വിഷമങ്ങൾ സഹിച്ചിട്ടാണെങ്കിലും..” അത് പറയുമ്പോൾ കഥ കേട്ടിരിക്കാറുള്ള രവിക്കുട്ടന്റെ മനസ്സായിരുന്നെനിക്കും..

ഒരു ചിരിയായിരുന്നു മറുപടി.. അതിനൊരു പരിഹാസത്തിന്റെ ഛായയുണ്ടായിരുന്നോ... അതോ തനിക്ക് തോന്നിയതാണോ?

“പിന്നെന്തുണ്ടായി...?” ആകാംഷ ചങ്ങലപൊട്ടിച്ച് വാക്കുകളായി തെറിച്ചു വീണു..

“എന്തുണ്ടാവാൻ.. മഴമേഘങ്ങൾ കനിഞ്ഞു ആ പാദസ്പർശത്തിൽ.. പക്ഷേ പ്രകൃതി താണ്ഡവമാടിയതെന്തിനെന്നു മനസ്സിലായില്ല.. പ്രളയമായിരുന്നു പിന്നെ.. ഞാനും അതിലൊഴുകിപ്പോയി.. ബോധം വീണപ്പോൾ ഏതോ നാട്ടിലായിരുന്നു... അന്നു തുടങ്ങിയ യാത്ര... അതിന്നും തുടരുന്നു..” ഒന്നു ചിരിച്ച് പതിയെ അവർ എണീറ്റു.

ഒരു മാത്ര നിന്നു.. പിന്നെ നടന്നു.. വീണുപോയേക്കുമെന്ന് ഭയന്നിട്ടാവുമോ?

“എങ്ങോട്ടാണീ യാത്ര....?” അവർക്കിഷ്ടമായില്ലെങ്കിലോ എന്ന ശങ്ക വിടാതെ മനസ്സിനെ പിടികൂടിയിട്ടാവും ചോദ്യത്തിനു പതർച്ചയനുഭവപ്പെട്ടു..

മുന്നോട്ട് നടന്നു തുടങ്ങിയ പാദങ്ങൾ പെട്ടെന്നു നിശ്ചലമായി.

അവരുടെ മുഖത്ത് പെട്ടെന്നു ഒട്ടേറെ ഭാവങ്ങൾ മിന്നിമാഞ്ഞു.. സന്തോഷവും സങ്കടവും നിമിഷം‌പ്രതി വന്നും പോയുമിരുന്നു.. ഒടുവിലൊരു പുഞ്ചിരി ആ വരണ്ട ചുണ്ടിന്റെയോരത്തായ് തെളിഞ്ഞു.

“എന്റെ ഹൃദയം തേടി... ഞാനത് ആ മുനികുമാരനു കാഴ്ചവച്ചിരുന്നു.. എന്റെ നാടിനു വേണ്ടി.. പക്ഷേ പ്രളയം.... അതെന്നെ അദ്ദേഹത്തിൽ നിന്നും അകറ്റി.. തേടുകയാണ് ഞാൻ മഴയില്ലാത്ത നാടുകളിൽ.. കണ്ടുമുട്ടാതിരിക്കില്ല...” അവരുടെ ശബ്ദത്തിനു വീണാനാദത്തിന്റെ സൌകുമാര്യം.. വാക്കുകൾ മുത്തുമണികൾ പോലെ ഹൃദയത്തിൽ വീണുടയുന്നു.. ഒരു തേങ്ങലിൻ ചിലമ്പലുണ്ടോ അതിൽ?

“ഇന്നിനി പോകണംന്നുണ്ടോ...? ഇവിടെ തങ്ങാൻ അസൌകര്യം ന്തേലുമുണ്ടാച്ചാൽ...?” വാക്കുകൾ അർദ്ധോക്തിയിൽ നിറുത്തി.

“മഴമേഘങ്ങളിവിടെ പ്രസാദിച്ചിരിക്കുന്നു.. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.. പ്രളയങ്ങളെന്നെ വഴി തെറ്റിക്കും മുമ്പ് പോകണം മഴയില്ലാത്ത മറ്റൊരു നാട്ടിലേക്ക്...  ഹൃദയം കവർന്ന ആ മുനികുമാരനെത്തേടി..” തിരിഞ്ഞു നോക്കാതെയാണ് അവരത് പറഞ്ഞതെങ്കിലും, ആ ചുണ്ടിന്റെ കോണിൽ വിടർന്നു കൊഴിഞ്ഞൊരു പുഞ്ചിരിപ്പൂ  അകക്കണ്ണ് കാട്ടിത്തരാതിരുന്നില്ല.

പാദങ്ങൾ വലിച്ചിഴച്ചുള്ള ആ പോക്ക് ഒട്ടുനേരം നോക്കി നിന്നു.

അതുവരേയും ഞങ്ങളെ സാകൂതം വീക്ഷിച്ചു നിന്ന രവിക്കുട്ടൻ അവന്റെ കുഞ്ഞു മനസ്സിലെ സംശയം തടഞ്ഞു നിറുത്തിയില്ല, “ആയമ്മ പോവാണോ അമ്മേ...”

അവനെ വാരിയെടുത്തുമ്മ വയ്ക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“നമ്മൾ പറഞ്ഞാലും ആയമ്മ നിൽക്കില്ല്യാ കുട്ട്യേ....” അവന്റെ കൂടുതൽ ചോദ്യങ്ങൾക്കുത്തരം നൽകാതിരിക്കാൻ വേഗം വീടിനുള്ളിലേക്ക് കയറി..
                                                                **************

“അമ്മേ.. ആയമ്മ ആരാ..?”

മടിയിൽ കിടന്ന്, പകുതി ഉറക്കത്തിലും രവിക്കുട്ടനതു തന്നെ ആവർത്തിച്ച് ചോദിച്ചു കൊണ്ടേയിരുന്നു.. മറുപടി പറയാനായില്ല.

ചുമരിൽ ചാരിയിരുന്ന് മെല്ലെ കണ്ണുകളടച്ചു.. ഒരു കൈ രവിക്കുട്ടന്റെ മുടിയിഴകളെ തലോടുകയായിരുന്നു.. അങ്ങകലെ നടന്നു മറയുന്ന ആ പാവം ദേവദാസിയുടെ രൂപമായിരുന്നു മനസ്സിലപ്പോൾ..

“ആ മുനികുമാരന്റെ സ്നേഹം ഇന്നു നിനക്കന്യമാണെന്നറിയുമോ സഖീ..? മഴമേഘങ്ങൾ നാടിനെ അനുഗ്രഹിക്കാൻ അവനെയവിടെ എത്തിക്കാനുള്ള ഉപകരണം മാത്രമായിരുന്നു നീ.. അവൻ നിന്നെ സ്നേഹിച്ചിരിക്കാം.. ആദ്യമായിട്ടൊരു പെണ്ണിനെയറിഞ്ഞ അനുഭൂതി മാത്രമായിരുന്നു അത്.. ഇന്നാ സ്നേഹം രാജപുത്രിക്ക് സമർപ്പിച്ചിരിക്കുകയാണെന്നറിയുമോ നിനക്ക്..? അവനു നീ വെറും ബിംബം മാത്രം.. അവനെയാണോ നീയീ തിരയുന്നത്...? നിന്നോട് ചെയ്ത ദ്രോഹത്തിനു പ്രകൃതി അവർക്ക് മാപ്പു കൊടുക്കാഞ്ഞിട്ടാണവിടെ പ്രളയം ഉണ്ടായതെന്നു പോലും നീ തിരിച്ചറിയുന്നില്ലല്ലോ സഖീ... എങ്ങോട്ടാണ് നിന്റെയീ യാത്ര...? നിന്നെയും നിന്റെ സ്നേഹത്തേയും തിരിച്ചറിയാത്തൊരു മനസ്സു തേടിയോ...?”

മനസ്സിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നവണ്ണം കണ്ണുകൾ നിറഞ്ഞൊഴുകി.. പിന്നെപ്പോഴോ മയങ്ങി..

                                                                   ************

“ആ ഗ്രാമത്തിൽ മഴയില്ലെന്നു തോന്നുന്നു.. പാടം വിണ്ടു കീറിക്കിടക്കുന്നു... അവിടെ വരുമായിരിക്കും അദ്ദേഹം.. വരും.. വരാതിരിക്കില്ല.. ” നടക്കുന്നതിനിടയിൽ അവൾ പിറുപിറുത്തു..

അങ്ങ് കിഴക്കു ദിക്കിലപ്പോൾ സൂര്യൻ തന്റെ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു, പുതുപ്രതീക്ഷകളുടെ ഒരു പുത്തൻ പ്രഭാതത്തിനു വഴിയൊരുക്കി..

                                                                ***************

ചിത്രത്തിനു കടപ്പാട്...ഗൂഗിൾ

47 comments:

  1. നന്നായിട്ടുണ്ട്...പതിവ് പോലെ വായന സുഖം തരുന്ന നല്ല രചന...

    അറിയാത്തത് കൊണ്ട് ചോതിക്കുന്നതാണ്... ഇത് ചരിത്ര കഥയാണോ.....?

    ReplyDelete
  2. നല്ല വായനായനുഭവം നല്കുന്ന രചന
    ചിത്രവും നന്നായിട്ടുണ്ടു്

    ReplyDelete
  3. നല്ല വായനായനുഭവം നല്കുന്ന രചന
    ചിത്രവും നന്നായിട്ടുണ്ടു്

    ReplyDelete
  4. "ഒന്നും അങ്ങട് മനസ്സിലായില്ല"അവ്യക്തത എന്റെ വാക്കുകകളെയും വിഴുങ്ങി.ഇത് കഥാപാത്രം പറയുന്നത്.പല തവണ വായിച്ചു.എന്നിട്ടും..!എന്തു പറ്റി എനിക്കെന്നു സ്വയം ചോദിക്കുന്നു...
    പിന്നെ രചനാ പാടവത്തെ പറ്റി എന്റെ പതിവ് ഭാഷ്യം തന്നെ പ്രിയ സീതാ...

    ReplyDelete
  5. ഇതൊരു തിരുത്തായി അനുഭവപ്പെടുന്നു. മാതൃഭൂമിയിലെ സേതുവിന്‍റെ തിരുത്ത് പോലെയൊന്ന്.
    ഓരോ പ്രയോഗങ്ങളിലേയും ഭാഷയുടെ സൌന്ദര്യം അറിയുന്നു. ഏതോ ഗുരുമുഖത്ത് നിന്ന് മൊഴിയറ്റ് പോയേടത്തു നിന്നും സമീരണന്‍ പാരില്‍ പരത്തിയ വായ്ത്താരി പോലെ ഈ പുനരാഖ്യാനം.
    എനിക്കിന്ന് 'വൈശാലി' ഒന്നൂടെ കാണണം.

    ReplyDelete
  6. പകുതികഴിഞ്ഞപ്പോളാണ് സീതയുടെ പതിവുശൈലി വന്നത്. കൊള്ളാം

    ReplyDelete
  7. ഭാവന അതിമനോഹരം..ആരും ചിന്തിക്കാത്ത പുതിയ ഒരു വഴി...മഴ മേഘങ്ങളെ നിയന്ത്രിക്കാനും കാറ്റിനെ അടക്കിനിർത്താനും കഴിയുന്ന മുനികുമാരന്‌ വൃഷ്ടിപ്രദേശത്ത് എന്തു കാര്യം ? ഋശ്യശൃംഗനെ തേടി അവൾ മരുഭൂമികളിൽ അലഞ്ഞു നടക്കട്ടെ...ഒരിക്കൽ പറഞ്ഞു ബോധിപ്പിച്ച ചുമതലകൾ കണ്ടറിഞ്ഞ് അവൻ എന്നെങ്കിലും വരുമെന്ന പ്രതീക്ഷയോടെ..


    നന്നായി എന്നു ഒന്നു കൂടി പറയുന്നു..പുരാണങ്ങൾക്ക് ഭാഷ്യം ചമക്കുന്ന കലിയുഗ വൈദേഹി :)



    സസ്നേഹം,
    പഥികൻ

    ReplyDelete
  8. വളരെ മനോഹരമായിരിക്കുന്നു സീത. വൈശാലിയെ ഇത്ര മനോഹരമായി പുന:സൃഷ്ടിക്കുവാന്‍ അപാരമായ ഭാവന വേണം. നഷ്ടപ്പെടലുകള്‍ക്കൊടുവില്‍ തേങ്ങിനില്‍ക്കുന്ന വൈശാലിയുടെ മുഖത്തിന് പ്രതീക്ഷയുടെ കിരണം പോലെ മഴമേഘങ്ങള്‍ കനിയാത്ത നാടുകള്‍!! അപാരമായ ഭാവന. പക്ഷെ കഥ അവിടെ നിറുത്താമായിരുന്നു. പിന്നെയും ഒരു രണ്ട് സ്റ്റാന്‍സ അത് എന്തോ ഏച്ചുകെട്ട് പോലെ തോന്നി.

    ReplyDelete
  9. ഇവിടെ പലയിടത്തും 'ഞാന്‍ 'എന്നും 'എന്റെ 'എന്നും അറിയാതെ കഥാകൃത്ത്‌ പ്രയോഗിക്കുന്നുണ്ട് അതൊന്നു ശ്രദ്ധിക്കുമല്ലോ പിന്നെ ഇത് കല്പനികതയുറെ പരിവേഷം ചാര്‍ത്തി ചില കഴിഞ്ഞ കാലത്തെ വായനയുടെ അറ്റുപോയ പല കണ്ണികള്‍ കുട്ടിചെര്‍ത്തു സീതയണന ഭൂമിയില്‍ അറിയാതെ കിളിര്‍ത്തു പോയ കളപോലെ ആയില്ലേ വൈശാലിയിലെ ഗൗതമനു വേണ്ടി ഉള്ള യാത്രകള്‍ ഇത് ഒന്നുമേ പുതുമയാര്‍ന്ന കഥയായ്യി വിവഷിക്കുവാന്‍ പറ്റുന്നില്ല ഒരു വികലമായ ചിന്തകളുടെ ആകെത്തുക ,പതിവില്‍ നിന്നും വേറിട്ടുഎന്നു പറഞ്ഞു പോകുന്നതിനു മുന്‍പ് ചോദിക്കട്ടെ കുറച്ചു കുടെ തപസ്സു ചെയ്യത്‌കുടെ പ്യുപ്പ ആയതിനെ എത്ര പെട്ടന്ന് ചിത്രശലഭാമാക്കിയതിന്റെ കുറവ് പോലെ ഉണ്ട് ദേവിക ,കുറച്ചുകൂടി മനനം അനിവാര്യം എന്ന് എനിക്ക് തോന്നുന്നു ദേവികക്കെ ഇതിലും നല്ലത് എഴുതുവാന്‍ ശേഷിയും ശേമുഷിയും ഉണ്ട് ഇത് എന്ത് പറ്റി, വായനക്കാരനെ ഒരു മിത്തിന്റെ ലോകത്ത് നിര്‍ത്തി കഥാകൃത്തിനു മാറി നില്‍ക്കുവാന്‍ ആവില്ല
    നല്ലൊരു കഥ ദേവികയുടെ മനസ്സിലും വിരല്‍ ത്തുമ്പിലും വരുവാന്‍ ജഗദീശ്വരനോട് അപേക്ഷിക്കുന്നു
    ദേവികക്ക് നല്ലത് വരട്ടെ എന്ന് ജീ ആര്‍ കവിയൂര്‍

    ReplyDelete
  10. പ്രിയപ്പെട്ട സീത,
    മനസ്സിനെ ഒരു പാട് വിഷമിപ്പിച്ച സിനിമയായിരുന്നു,വൈശാലി...!വൈശാലിയുടെ പുനരവതരണം വളരെ ഭംഗിയായി.....!ആശംസകള്‍,സീത!
    സസ്നേഹം,
    അനു

    ReplyDelete
  11. vaishaali thanneyaanu orthathu. avatharanam nannaayi.

    ReplyDelete
  12. വശ്യത ആര്ന്ന സീതാ ശൈലിയില്‍

    ചരിത്രത്തിന്റെ പുനര്‍ ആഖ്യാനം...

    ഈ എഴുത്തിനു അഭിനന്ദനം...

    ReplyDelete
  13. സ്ത്രീ എല്ലായ്പോഴും ഉപയോഗിച്ച ശേഷം വലിചെരിയപ്പെടുന്നു എന്നാ സന്ദേശം സിനിമയിലെ പോലെ ശക്തമായി തന്നെ ഇവിടെയും ,പുതിയ കാലത്തും വൈശാലിമാരുടെ എണ്ണം കുറയുന്നില്ല അല്ലെ ?ഭാവുകങ്ങള്‍ ...

    ReplyDelete
  14. വരണ്ട ഭൂമികളെ ജലസ്പർശത്താൽ കുളിർപ്പിക്കാൻ, മനസ്സിനെ പ്രണയമഴയിൽ ആറാടിക്കാൻ ഋശ്യശൃംഗനെത്തും എന്ന പ്രതീക്ഷയിൽ അലയുന്നവളുടെ കഥ മനോഹരമായി പറഞ്ഞു സീത. എന്താണെ ന്നറിയില്ല മുല്ലപ്പെരിയാറിന്റെ ഇരമ്പവും എന്തോ ഇടയ്ക്കിടെ കേട്ട പോലെ!

    ReplyDelete
  15. പുരാണങ്ങളും, മിത്തുകളും കാലികമായ രീതിയില്‍ സംയോജിപ്പിക്കുന്ന സീതായനത്ത്തിലെ ഈ രീതി വല്ലാത്തൊരു അനുഭവം തന്നെ. ഭാഷാ പ്രയോഗങ്ങളും, വായനയുടെ ഒഴുക്കും അതിമനോഹരം. അഭിനന്ദനങ്ങള്‍..

    ReplyDelete
  16. ഭൂമി വരണ്ടിരിക്കുന്നിടത്തേക്ക് ഋഷ്യശ്രുംഗനെ കാത്ത് ദേവദാസി പട്ടം കിട്ടിയ ദേവിമാര്‍.

    ReplyDelete
  17. വൈശാലി എന്ന ചിത്രം അവസാനിപ്പിച്ചിടത്ത് നിന്ന് യാത്ര തുടരുന്ന ദേവദാസിയിലൂടെ തുടങ്ങിയ കഥ അവതരണവും ശൈലിയും കൊണ്ട് മനോഹരമ്മാക്കി യാത്ര അവസാനിക്കാതെ അന്വേഷണം തുടരുന്ന ഭാവന വളരെ ഇഷ്ടായി.
    "നിന്നോട് ചെയ്ത ദ്രോഹത്തിനു പ്രകൃതി അവർക്ക് മാപ്പു കൊടുക്കാഞ്ഞിട്ടാണവിടെ പ്രളയം ഉണ്ടായതെന്നു പോലും നീ തിരിച്ചറിയുന്നില്ലല്ലോ സഖീ..."
    എന്നിങ്ങനെ വളരെ സൂക്ഷ്മമായി ഒരു ഉപദ്രവത്ത്തിന്റെ തിരിച്ചടികള്‍ സൂചിപ്പിച്ചതൊക്കെ കേമമായി.
    ആയുധമാവേണ്ടി വരുന്ന സ്ത്രീകളുടെ ചിത്രം നന്നായി വരച്ചു.
    വളരെ ഇഷ്ടപ്പെട്ട കഥ.

    ReplyDelete
  18. വായിച്ചു കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഓര്‍മ വന്നത് സുപര്‍ണയുടെ (വൈശാലി ഫെയിം) വശ്യമായ കണ്ണുകള്‍ തന്നെ :-)

    ReplyDelete
  19. പഴയ കാലത്തെ ആധുനിക കാലത്തേക്ക് ചേര്‍ത്ത് വെക്കുന്നു ...കൊള്ളാം ....നല്ല കഥ ...

    ദുരന്ത പൂര്‍വമായിരുന്ന ദേവദാസി കഥയില്‍ പുനര്‍ആഘ്യാനം

    ReplyDelete
  20. സീത... വളരെ നല്ല കഥ.ഒരു പുരാണകഥയുടെ മൂടിവയ്ക്കപ്പെട്ട യാഥാർത്ഥ്യത്തെ മനോഹരമായി അവതരിപ്പിച്ചു. മുകളിലെ ചിത്രവും ഏറെ മനോഹരം..
    ഇടുക്കിഡാമിനു സമീപത്തുള്ള വൈശാലിഗുഹ കാണുവാൻ പോയപ്പോൾ എഴുത്തുകാരൻകൂടിയായ സുഹൃത്ത് ഇതിനോട് സാമ്യമുള്ള ഒരു ആശയം പങ്കുവച്ചതോർമ്മ വരുന്നു...

    പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നു.

    ReplyDelete
  21. പുതിയ കുപ്പിയിലെ ഈ വീഞ്ഞ് ശരിക്കും ഹരം പിടിച്ചു വായിച്ചു

    ReplyDelete
  22. എനിയ്ക്ക് ഇഷ്ടം തോന്നീട്ടു വയ്യ സഖീ....
    എനിയ്ക്ക് ഏറെ പ്രിയപ്പെട്ട എഴുത്ത് എന്നു പറയാം...അഭിനന്ദനങ്ങള്‍ ട്ടൊ..!

    ReplyDelete
  23. വ്യത്യസ്തമായ പ്രമേയം ...
    പ്രമേയം ആവിശ്യപ്പെടുന്ന മനോഹരമായ ഭാഷ ...
    ഇഷ്ടമായി.

    ReplyDelete
  24. കഥകളിലേക്ക് വരുമ്പോള്‍ സീതയ്ക്ക് വരുന്നൊരു മാറ്റമുണ്ട്. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു ഇതിനെപ്പറ്റി. അപാരമായ കയ്യടക്കം കാണാം എല്ലാ കഥകളിലും.
    വായിച്ചത് വെറുതെ ആയില്ല എന്ന തോന്നല്‍ വരുന്നത് തന്നെ കഥയുടെ വിജയമാണ്.
    ഈ കഥയും ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  25. നാട്ടുകാരീ...
    കഥ പുതിയരീതിയില്‍ വളരെ ഭംഗിയാക്കി. വ്യത്യസ്തമായ ഒരു ഭാവനയിലൂടെ പറഞ്ഞ ഈ രീതി ഇഷ്ടമായി കേട്ടോ. സിനിമ മുന്‍പ് കണ്ടപ്പോഴും വൈശാലി നിസ്സഹായതയോടെ പോട്ടികരയുന്ന കണ്ടപ്പോള്‍ മനസ്സുലഞ്ഞിരുന്നു. ഈ കഥയിലും ദേവദാസിയായി വന്ന സ്ത്രീയുടെ രൂപം ആ സുന്ദരിയുടെ (വൈശാലി സിനിമ) മുഖത്തിലേ കാണാന്‍ കഴിയുന്നുള്ളൂ. ചിലപ്പോള്‍ ഓര്‍മയില്‍ പതിഞ്ഞത് കൊണ്ടാകും..എന്തായാലും പറഞ്ഞ രീതി ഇഷ്ടായീ..

    സ്നേഹത്തോടെ മനു.

    ReplyDelete
  26. ആവശ്യം കഴിഞ്ഞാല്‍ കൈവിടാനുള്ള ഉപകരണം സ്ത്രീ ...
    വൈശാലി മനസ്സുകളില്‍ തേങ്ങലായത് അത് കൊണ്ടാണ് .
    ഇവിടെ എഴുത്തുകാരി അതിനെ പുനരവതരിപ്പിച്ചപ്പോള്‍ പഴയ ആ തേങ്ങലും
    പുനര്‍ജ്ജനിച്ചു .
    സീതയുടെ എഴുത്തിന്റെ പതിവ് ശൈലിയെ വീണ്ടും പ്രശംസനീയം ആക്കും വിധം
    നന്നായി എഴുതിയ പോസ്റ്റ്‌ .. കൂടെ ചേര്‍ത്ത ആ ചിത്രം കഥയോട് വല്ലാതെ
    ചേര്‍ന്ന് നില്‍ക്കുന്നു ,,,,, ആശംസകള്‍ സീത

    ReplyDelete
  27. ഒരു സംസ്കൃതി ചിരഞ്ജീവികളായി അലയാന്‍ വിട്ട ഏഴുപേരേയും ടീച്ചര്‍ മുമ്പ് ഒരു കഥയില്‍ പരാമര്‍ശിച്ചത് ഓര്‍ക്കുന്നു....മുമ്പെവിടെയും പരാമര്‍ശിക്കാത്ത ഒരു വീക്ഷണകോണില്‍ നിന്നുകൊണ്ട് ഇവിടെ അംഗരാജ്യത്ത് മഴപെയ്യിക്കാന്‍ ഋഷ്യശൃംഗനെ വശീകരിച്ചുകൊണ്ടു വന്ന ദേവദാസീതരുണിയെ ടീച്ചര്‍ നോക്കിക്കാണുകയാണ്. നോക്കിക്കാണുകയാണ്... ടീച്ചറുടെ ഭാവന മഹാഭാരതത്തിലെ തിളങ്ങുന്ന ആ കഥാപാത്രത്തെ ചിരഞ്ജീവിയാക്കി മാറ്റിയതായി എനിക്കു തോന്നി... ഏതെങ്കിലുമൊരു യാഗശാലയില്‍ വിഭാണ്ഡകപുത്രന്‍ വന്നെത്തുമെന്ന പ്രതീക്ഷയാല്‍ മഴ ആവശ്യമുള്ള നാടുകള്‍ തോറും അലയുന്ന ആ സങ്കല്‍പ്പം മനോഹരമാണ്... വരികള്‍ക്കിടയില്‍ പറയാതെ പറഞ്ഞ കാര്യങ്ങള്‍ അതിലേറെ ചേതോഹരം...

    ടീച്ചറുടെ നല്ല ഒരു രചന....

    ReplyDelete
  28. ആദ്യമായാണ് ഇവിടെ.

    ആധുനികതയെ മിത്തുമായി ( ചരിത്രമല്ല, മിത്ത് തന്നെ) കൂട്ടിയിണക്കുമ്പോള്‍ ഒന്നുകില്‍ ആധുനികതയില്‍ മിത്തിന്റെ ഭാവം... അല്ലെങ്കില്‍ മിത്തില്‍ ആധുനികത. എഴുതാനുള്ള അപാരമായ കഴിവില്‍ ബുദ്ധിവ്യയം കാണിച്ചപ്പോള്‍.......,....... .......ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കുംപോലെ തോന്നി.

    ReplyDelete
  29. പുരാണം മറന്ന കഥയാണ്‌ വൈശാലിയുടെത് ...വിഭാണ്ഡകന്‍ എന്ന കൊടും തപസ്വിയുടെ മകന്‍ ഋഷ്യശൃംഗനെ അദേഹത്തിന്റെ കണ്ണില്‍ മറ തീര്‍ത്തു വശീകരിച്ചു ലോമപാദ രാജ്യത്ത് എത്തിച്ചു മഴ പെയ്യിക്കാന്‍ നിയോഗിക്കപ്പെട്ടവള്‍...ദേവദാസി ....സ്ത്രീ എന്ന വാക്കിന്റെ ശരിയായ അര്‍ഥം പോലും അറിയാത്ത മുനികുമാരന് പ്രണയത്തിന്റെ പടവുകള്‍ സ്വയം തീര്‍ത്തു നല്‍കിയ പെണ്‍കുട്ടി ....ഒടുവില്‍ രാജാവായ ലോമപാദന്‍ സ്വപുത്രിയെ മുനികുമാരനോട് ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ നിഴല്‍ ആകാന്‍ പോലും നിയോഗമില്ലതവള്‍...
    ഈ പുനരാഖ്യാനം അതി മനോഹരം ...ശ്രീ കവിയൂര്‍ പറഞ്ഞ പോലെ ഇതൊരു കള ആണെങ്കില്‍ ഈ ഒരു കള മതിയാകും ഒരായിരം നെല്മണികള്‍ക്ക് പകരം ...പഴമയുടെ പുതുഗന്ധം നുകരാന്‍ പരാജയം വേണ്ടി വന്നാല്‍ അതു സമ്മതിക്കുന്നതില്‍ ലജ്ജ വേണ്ട.

    ReplyDelete
  30. ഓപ്പോളേ....

    സീതായനത്തിലെ സീതയുടെ സ്വന്തം ശൈലിയില്‍ ഈ കഥയും മനോഹരമായി അവതരിപ്പിച്ചു... എന്നാല്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ അറിയിക്കട്ടെ..

    ഇതിലെ മുനികുമാരന്‍ ഋഷ്യശൃംഗനെന്നോ ആ പെണ്‍കുട്ടി വൈശാലിയെന്നോ കഥയില്‍ എവിടെയും എടുത്തു പറയുന്നില്ല..
    എന്നാല്‍ കഥാ പശ്ചാത്തലത്തില്‍ നിന്നും വായനക്കാരന് അനുമാനിക്കാനാവുന്നത് വൈശാലിയുടെ കഥയായിട്ടാണ്... അപ്പോള്‍ പറയട്ടെ... ലോമപാദനെയും അംഗരാജ്യത്തെകുറിച്ചും രാമായണത്തില്‍ പരാമര്‍ശിക്കുന്ന ഭാഗത്തോന്നും വൈശാലി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കണ്ടിട്ടില്ല ല്ലോ... ??

    ഒപ്പോളുടെ പതിവ് സാങ്കേതമായ ഇതിഹാസങ്ങളില്‍ നിന്നൊരു കഥാപാത്രത്തെ എടുക്കുമ്പോള്‍ അതിനു മികവ് കൂടുന്നത് കാണാം.. എന്നാല്‍ "വൈശാലി" M.T. വാസുദേവന്‍ നായരുടെ തൂലികയില്‍ പിറന്ന ഒരു കഥാപാത്രം മാത്രമല്ലേ... അവരെ കൊണ്ട് പുരാണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പറയുക മാത്രം അല്ലെ M.T ചെയ്തുള്ളൂ...
    (ഇതേ രീതിയില്‍ പൂര്‍ണ്ണമായും fictionന്റെ ചുവടു പിടിച്ചു "ദയ എന്ന പെണ്‍കുട്ടി" എന്ന നോവല്‍ ആയിരത്തൊന്നു രാത്രികളില്‍ പറയാത്ത കഥ എന്ന മട്ടില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.. )
    അത്തരം പുതുമകള്‍ കൊണ്ടുവരുന്നതില്‍ പ്രതിഭയുണ്ട്.. എന്നാല്‍ അദ്ദേഹം മനോഹരമായി പറഞ്ഞു വെച്ച ഒരു കഥാപാത്രത്തെ ഇങ്ങനെ പുതിയ കാലത്തിന്റെ ഫോര്‍മാറ്റില്‍ അവതരിപ്പിക്കുമ്പോള്‍ എന്ത് മേന്മയാണ് കഥയ്ക്ക് സ്വന്തമായി ഉള്ളത്.. ഒന്നുകില്‍ കഥയില്‍ മറ്റൊരു perspective കൊണ്ട് വരാന്‍ കഴിയണമായിരുന്നു.. അല്ലാത്ത പക്ഷം കഥ വെറും വികലമായ അനുകരണം മാത്രം ആയിപ്പോകും ഒപ്പോളെ... ഇതേ കുഴപ്പം മുന്‍പൊരു കഥയിലും കണ്ടിട്ടുണ്ട്... (നവസങ്കീര്‍ത്തനം) എന്നാല്‍ അത് സാധാരണ വായനക്കാരുടെ പരിചിതമേഖലയില്‍ നിന്നും ഏറെ അകലെയായ ഒരു കഥയായിരുന്നതിനാലും അതിലെ ഒരു കഥാപാത്രത്തിന്റെ ആത്മഗത്മായി പറഞ്ഞതു കൊണ്ടും പുതുമ നിലനിര്‍ത്താന്‍ ആയി..

    ഈ കഥയില്‍ എടുത്തു പറയാനുള്ള രണ്ടു കാര്യങ്ങള്‍

    ഒന്ന് : രവിക്കുട്ടനെയും അമ്മയെയും കഥ പറയാന്‍ ചുമതലപ്പെടുത്തിയത്.

    രണ്ട് : മഴയില്ലാത്ത നാട്ടില്‍ മഴ പെയ്യിക്കാന്‍ മുനി കുമാരന്‍ വരുമെന്ന കാല്പനികചിന്ത, ആ കാത്തിരിപ്പ് വൈശാലിയില്‍ കൊടുത്തത്..

    ഈ കാര്യങ്ങള്‍ കൊണ്ട് കഥയെ അതിന്റെ മറ്റൊരു തലത്തില്‍ വായനക്കാരന് ആസ്വദിക്കാന്‍ ആവുന്നുണ്ട് എന്നതും കഥയുടെ മികവായി കണ്ടെത്താം... അത്രേം ഉള്ളൂ..

    വിമര്‍ശിച്ചാലും വിരോധം ഉണ്ടാവില്ല എന്നോട് എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇത്രയും കടുത്ത ഭാഷയില്‍ ഞാന്‍ ഇത് പറഞ്ഞത്.. എന്ത് പറഞ്ഞാലും ഞാന്‍ ഓപ്പോള്‍ടെ സ്വന്തം അനിയന്‍കുട്ടി അല്ലെ.. അതിന്റെ സ്വാതന്ത്രത്തില്‍ പറയുന്നതാണ്.. മനസ്സിലായല്ലോ ഒപ്പോള്‍ക്ക്.. എന്നാല്‍ ശരി.. അടുത്ത പോസ്റ്റില്‍ കാണാം.. :)

    സ്നേഹപൂര്‍വ്വം
    അനിയന്‍കുട്ടന്‍

    ReplyDelete
  31. സീതേ വൈശാലി ഒന്ന്‍ വായിച്ചപോലെ തോന്നണു ....കഥയെ വ്യത്യസ്തമായ ഒരു ഭാവനയിലൂടെ പറഞ്ഞ ന്റെ കൂട്ടുകാരിക്ക് അഭിനന്ദനങ്ങള്‍ ട്ടോ !!

    ReplyDelete
  32. മനോഹരവും ലളിതവുമായ കഥ. പ്രണയ മഴയ്ക്ക് ദാഹിച്ചു അലയുന്ന വൈശാലി. അവളുടെ മനസ്സില്‍ മാത്രം മഴയില്ല. എന്നാണ് അവളില്‍ ആ ആനന്ദ ദായിയായ മഴ പെയ്തു നിറയുക? അഭിനന്ദനങ്ങള്‍ സീത.

    ReplyDelete
  33. പുരാണങ്ങളിലെ ക്ലാസ്സിക് സ്ത്രീ കഥാപാത്രങ്ങളെല്ലാം...
    ഈ സീതായാനത്തിൽ കൂടി വീണ്ടും രംഗത്തിറങ്ങിവന്ന് ; അവരുടെ അന്നൊന്നും കാണതിരുന്ന ഭാവ-ചലനാതികളിലൂടെ, വീണ്ടും ഒരു വേറിട്ട സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ച്ചകൾ കണ്ട് പല അനുഭൂതികളിളും ലയിച്ചിരിക്കുന്ന വായനക്കരെയാണ് പലപ്പോഴും ഇവിടെ കാണാൻ കഴിയുന്നത്...

    തീർത്തും വ്യത്യസ്ഥമായി ഓരോരൊ രചനകളിലും നിറമാധുര്യമൂറുന്ന ഭാവനകളുമായി; മിത്തുകളൂടെ അകമ്പടിയോടെയുള്ള , ശൈലീവല്ലഭയായ ഈ അഭിനവ സീതയെ എങ്ങിനെ അഭിനന്ദിക്കാതിരിക്കും... അല്ലേ കൂട്ടരെ..!

    ReplyDelete
  34. khaadu..ആദ്യ അഭിപ്രായത്തിനു നന്ദി...എം.റ്റി യുടെ സൃഷ്ടിയാണ് വൈശാലി... രാമായണത്തിൽ അവ്യക്തമായി പറഞ്ഞു പോയൊരു സന്ദർഭം.. ഇങ്ങനെ വറുതിയിലാണ്ടൊരു രാജ്യമുണ്ടായിരുന്നു എന്നത് ചരിത്രം :)

    ജയിംസ് സണ്ണി പാറ്റൂര്‍....നന്ദി മാഷേ...

    Mohammedkutty irimbiliyam...സന്തോഷം മാഷേ...

    നാമൂസ്....നന്ദി സന്തോഷം ഈ വാക്കുകൾക്ക്..

    കുസുമം ആര്‍ പുന്നപ്ര....സന്തോഷം...നന്ദി...

    പഥികൻ...നന്ദി സന്തോഷം നാട്ടാരാ...നാട്ടിലൊക്കെ പോയി അടിച്ചു പൊളിച്ച് വരൂ ട്ടോ... :)

    Manoraj ...നല്ലൊരു വിമർശനത്തിനു നന്ദി ഏട്ടാ... ഇനി ശ്രദ്ധിച്ചോളാം...

    ജീ . ആര്‍ . കവിയൂര്‍...നന്ദി മാഷേ...തിടുക്കം കൂടിപ്പോയി അല്ലേ... ഇനി ശ്രദ്ധിക്കാം.. :)

    anupama ...നന്ദി പാറൂ

    മുകിൽ...സന്തോഷം ചേച്ചീ

    ente lokam ...സന്തോഷം ചേട്ടായീ...

    സിയാഫ് അബ്ദുള്‍ഖാദര്‍...എവിടൊക്കെയോ അവളിപ്പോഴും ഉണ്ട് നേർത്ത തേങ്ങലായി... സന്തോഷം...

    ശ്രീനാഥന്‍...നന്ദി ഏട്ടാ ഈ വാക്കുകൾക്ക്

    Jefu Jailaf...നന്ദി സന്തോഷം ഈ പ്രോത്സാഹനത്തിന്

    Sukanya ...കഥ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.... സന്തോഷം ചേച്ചീ

    പട്ടേപ്പാടം റാംജി ....നന്ദി സന്തോഷം മനസു നിറഞ്ഞ ഈ വാക്കുകൾക്ക്

    ചാണ്ടിച്ചന്‍...ഇച്ചായോ... ഉം ഉം ഉം കുറുക്കന്റെ കണ്ണെപ്പോഴും.. ഹ്ഹ്ഹ്ഹ്ഹ് :)....സന്തോഷം ട്ടോ

    MyDreams ....നന്ദി സന്തോഷം

    ഷിബു തോവാള...നൊമ്പരം പടർത്തുന്ന കാഴ്ചയായി വൈശാലി ഗുഹ...കേട്ടിട്ടുണ്ട്...നന്ദി സന്തോഷം ഈ വാക്കുകൾക്ക്

    കൊമ്പന്‍ ....സന്തോഷം

    വര്‍ഷിണി* വിനോദിനി....സന്തോഷം സഖീ...മഴയെ സ്നേഹിക്കുന്ന ന്റെ കൂട്ടുകാരിക്കിത് ഇഷ്ടപ്പെടാതെ വരില്യാല്ലോ

    അനില്‍കുമാര്‍ . സി. പി....നന്ദി സന്തോഷം

    മന്‍സൂര്‍ ചെറുവാടി...നന്ദി ഏട്ടാ... ഇത്തരം വാക്കുകളാണെന്റെ പ്രചോദനം

    Manu ...നന്ദി നാട്ടാരാ...സന്തോഷം

    വേണുഗോപാല്‍....നന്ദി സന്തോഷം... :)

    Pradeep Kumar....നന്ദി മാഷേ...തൂലികകൾ പറയാ‍ൻ മറന്നു പോകുന്ന കഥാപാത്രങ്ങളോടെന്തോ ഒരു ആഭിമുഖ്യം...

    പൊട്ടന്‍... സന്തോഷം ആദ്യവരവിനും അഭിപ്രായത്തിനും...തെറ്റുകൾ തിരുത്താം :)

    ലിനു ആര്‍ കെ നായര്‍....നന്ദി സന്തോഷം നാട്ടാരാ എന്റെ കഥാപാത്രത്തെ ഉൾക്കൊണ്ടതിനു...കളയായാലും ധാന്യമായാലും എനിക്ക് പ്രിയപ്പെട്ടതു തന്നെ എന്റെ സൃഷ്ടികൾ.. :)

    kochumol(കുങ്കുമം)...നന്ദി സഖീ..

    bhanu kalarickal ...ഒരു മഴ വരാതിരിക്കില്ല അവളുടെ ദാഹമടക്കാൻ... നന്ദി സന്തോഷം..

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM....നന്ദി ഏട്ടാ തിരക്കുകൾക്കിടയിലോടിയെത്തി ഇതു വായിക്കുന്നതിനും ആശയം ഉൾക്കൊണ്ട് പ്രോത്സാഹിപ്പിക്കുന്നതിനും... സന്തോഷം.. :)

    ReplyDelete
  35. Sandeep.A.K....അനിയൻ‌കുട്ടാ വിശദമായ അഭിപ്രായത്തിനു സന്തോഷം... രാമായണത്തിൽ മാത്രമല്ല മഹാഭാരതത്തിലും ഈ കഥാസന്ദർഭം പറയാതെ പറയുന്നുണ്ട്.. രാമയണത്തിൽ ദശരഥനും ലോമപാദനും തമ്മിലുള്ള ബന്ധവും രാജപുത്രിയെ ദത്തു കൊടുക്കുന്നതുമൊക്കെയാണെങ്കിൽ മഹാഭാരതത്തിൽ വിഭാണ്ഡക മഹർഷിയേയും പുത്രനേയും ( പക്ഷിമൃഗാദികൾ വളർത്തിയ കുഞ്ഞാണെന്നു പറയുന്നുണ്ട്.. അതു കൊണ്ട് തന്നെയാവാം എം.റ്റി സ്ത്രീസംസർഗ്ഗം ഇല്ലാത്ത കുമാരനെന്നു പറഞ്ഞതും )അവർ അംഗരാജ്യത്തു നടത്തുന്ന അതിരാത്രം പോലെയുള്ള യാഗത്തേയും കുറിച്ച് പറയുന്നുണ്ട്.. അംഗരാജ്യം വരൾച്ചയ്ക്ക് കാരണമായത് ഗുരുശാപം കൊണ്ടാണെന്നും ആ ഗുരു ശാപം രാജാവിന്റെ വഴിവിട്ട പോക്കിനായിരുന്നുവെന്നും പുരാണങ്ങൾ പറയുന്നു.. അമ്രപാലി എന്ന ദേവദാസിയേയും അവളിൽ രാജാവിനു പിറന്ന പെൺകുഞ്ഞിനെപറ്റിയും പറയുന്നുണ്ട്.. ഇതൊക്കെ തന്നെയാവും എം. റ്റി യുടെ വൈശാലി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് ആധാരം.. ഇനി എന്റെ കഥയിലേക്ക് വരാം.. എം.റ്റിയുടെ സൃഷ്ടിയാണെങ്കിലും മഹാഭാരതം പറയാതെ പറഞ്ഞൊരു കഥാപാത്രമാണ് ആ ദേവദാസി.. പ്രളയത്തിലവസാനിക്കുന്ന ആ കഥാപാത്രത്തിനു പിന്നീടെന്തു സംഭവിച്ചു എന്ന ചിന്തയുടെ കാല്പനികാവിഷ്കാരമാണിത്.. ചിന്തകൾ എന്റേത് മാത്രം...തൂലികകളുപേഷിച്ചു പോകുന്ന കഥാപാത്രങ്ങളുടെ പുറകേ പോകുന്ന ഏർപ്പാട് ഓപ്പോൾക്ക് നേരത്തേയുള്ളതല്ലേ...അതിൽ പുതുമ വരുത്തുന്നതിനുമപ്പുറം കഥാപാത്രത്തെ എന്റെ ചിന്തകളിലൂടെ പുനഃസൃഷ്ടിക്കാനൊരു ശ്രമം നടത്തുന്നുവെന്നേയുള്ളൂ..ചിലപ്പോ വിജയിക്കും... :)
    ഇനിയും വിശദമായ അഭിപ്രായങ്ങൾ ഓപ്പോൾ പ്രതീക്ഷിക്കും ട്ടോ..

    നിറഞ്ഞ സ്നേഹത്തോടെ...അനിയൻ‌കുട്ടന്റെ സ്വന്തം ഓപ്പോൾ.. :)

    ReplyDelete
  36. വൈശാലിയെ ഇന്നിലേക്ക് എത്തിച്ചതിന് അഭിനന്ദനങ്ങള്‍..
    നല്ല രചനയ്ക്കും..

    സമയം കിട്ടുമ്പോള്‍ ഇതൊന്ന് നോക്കുമല്ലോ.
    http://puthumazhai.blogspot.com/2009/05/blog-post_10.html

    ReplyDelete
  37. മനോഹരമായി അവതരിപ്പിച്ചു...
    നല്ല കഥ.... :)

    ReplyDelete
  38. പാലം കടക്കുവോളം നാരായണ ...
    ....

    ReplyDelete
  39. മനോഹരം സീതാ..

    ക്രിസ്തുമസ് പുതുവത്സരാശംസകള്‍...

    ReplyDelete
  40. ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ എന്ന് തോന്നുന്നു ...നല്ല വായന സമ്മാനിച്ച എഴുത്തുകാരിക്ക് ആശംസകള്‍ ..ഒരു പ്രത്യേക വായന സുഖം ഉണ്ട് ഈ അക്ഷരങ്ങള്‍ക്ക് ഒരു വശ്യത ഒരു പാടിഷ്ടമായി ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  41. സീതേ..

    നല്ല ഒഴുക്കുള്ള ശൈലി. നന്നായി കഥ പറഞ്ഞു.

    പക്ഷെ, ഒരു പോരായ്മ.
    ഇതിഹാസത്തില്‍ നിന്നും ഒരേട് എടുത്തു കഥയാക്കുംപോള്‍ അതിന് ഇത്രമേല്‍ വര്‍ത്തമാനകാല സംഭവങ്ങള്‍ ചേര്‍ച്ചക്കുറവല്ലേ..? ഒന്നുകില്‍ അത് മാത്രമായി പറയാം. അല്ലെങ്കില്‍ കഥ പറയുന്ന ആള്‍ക്ക് അനുഭവം ആയതുപോലെയും ആവാം. കുട്ടി കൂടി അതനുഭവിക്കുന്നു എന്നിടത്ത് ഒരു പാകപ്പിഴ തോന്നി. വിമര്‍ശനമല്ല, വെറും അഭിപ്രായം മാത്രം.

    ReplyDelete
  42. ഇതിപ്പോ വൈശാലി ചിരന്ജിവി ആണോ ? കഥ നന്നായി പറഞ്ഞു എന്നാല്‍ ഇന്നത്തെ കാലത്ത് ..അവിശ്വസനീയം ..

    ReplyDelete
  43. “ആ മുനികുമാരന്റെ സ്നേഹം ഇന്നു നിനക്കന്യമാണെന്നറിയുമോ സഖീ..? മഴമേഘങ്ങൾ നാടിനെ അനുഗ്രഹിക്കാൻ അവനെയവിടെ എത്തിക്കാനുള്ള ഉപകരണം മാത്രമായിരുന്നു നീ.. അവൻ നിന്നെ സ്നേഹിച്ചിരിക്കാം.. ആദ്യമായിട്ടൊരു പെണ്ണിനെയറിഞ്ഞ അനുഭൂതി മാത്രമായിരുന്നു അത്.. ഇന്നാ സ്നേഹം രാജപുത്രിക്ക് സമർപ്പിച്ചിരിക്കുകയാണെന്നറിയുമോ നിനക്ക്..? അവനു നീ വെറും ബിംബം മാത്രം.. അവനെയാണോ നീയീ തിരയുന്നത്...? നിന്നോട് ചെയ്ത ദ്രോഹത്തിനു പ്രകൃതി അവർക്ക് മാപ്പു കൊടുക്കാഞ്ഞിട്ടാണവിടെ പ്രളയം ഉണ്ടായതെന്നു പോലും നീ തിരിച്ചറിയുന്നില്ലല്ലോ സഖീ... എങ്ങോട്ടാണ് നിന്റെയീ യാത്ര...? നിന്നെയും നിന്റെ സ്നേഹത്തേയും തിരിച്ചറിയാത്തൊരു മനസ്സു തേടിയോ...?”
    Like it very much

    ReplyDelete
  44. മനോജ് കെ.ഭാസ്കര്‍...നന്ദി സന്തോഷം...വരാം ട്ടോ

    naushad kv ....നന്ദി സന്തോഷം

    Kalavallabhan...അതാണ്... :) സന്തോഷം ഈ വാക്കുകൾക്ക്

    മുല്ല ...നന്ദി മുല്ലാ സന്തോഷം

    ഒരു കുഞ്ഞുമയില്‍പീലി...ആദ്യവരവിനും അഭിപ്രായത്തിനും നന്ദി..

    സേതുലക്ഷ്മി...ഇതെന്റെ മാത്രം ചിന്തകൾ സുഹൃത്തേ... നന്ദി സന്തോഷം

    Pradeep paima ...കഥയല്ലേ..സന്തോഷം

    കുമാരന്‍ | kumaran ...സന്തോഷം

    വെള്ളരി പ്രാവ്...സന്തോഷം പ്രാവേ

    ReplyDelete
  45. puthumazha vayichapol kittiya link anu....

    bharathande vaishali oru mazhananj nananj mazhaneytha valaykullil manju manju pokumbol ivide seethayanathil, idam thedukayanu vaishali oru kodum varalchayil......

    manoharamaayirikkunnu bhavana....

    ReplyDelete
  46. വായന ഒരുപാട് വൈകിപ്പോയീ... ഒന്നു പറഞ്ഞോട്ടേ സീതക്കുട്ടീ.... സീതക്കുട്ടീടെ ആ സംസാരഭാഷ ഈ എഴുത്തിലും കാണാന്‍ പറ്റി... നന്നായിട്ടുണ്ട് ട്ടോ... കുറച്ചു വായിച്ചു കഴിഞ്ഞപ്പോഴാണ് സീതയുടെ ശൈലി പൂര്‍ണ്ണമായും വന്നതെന്ന് എനിയ്ക്കു തോന്നിയത് ... സ്നേഹാശംസകള്‍ ട്ടോ...

    ReplyDelete