Monday, December 26, 2011

തൂലികയറിയാത്ത നൊമ്പരങ്ങൾ...


“ഓം ഭൂര്‍ഭുവസ്സുവഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യധീമഹി ധിയോയോനഃ പ്രചോദയാത്‌”

ഗായത്രി ചൊല്ലി കൈക്കുമ്പിളിലവശേഷിച്ച ജലകണവും ഗംഗയിൽ അർപ്പിച്ച്, മായുന്ന സൂര്യനെ ശിരസ്സാ നമിച്ച് കരയിലേക്ക് നടക്കുമ്പോൾ മനസ്സ് പതിവു പോലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുതിർത്തു തുടങ്ങിയിരുന്നു.

ഇന്ന് ഗംഗാദേവിക്ക് ശാന്തത കൂടിയോ ? അസ്ഥിപോലും മരവിപ്പിക്കുന്ന തണുപ്പും. അമ്മ കേഴുകയാണോ? ശരശയ്യയിലവസാനിച്ച ഒരു കുലത്തിന്റെ നോവുകളമ്മയെ തളർത്തിയോ?

കരയ്ക്ക് വന്ന്, നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ ഒന്നു കുടഞ്ഞ് മണലിലൂടെ വിറയ്ക്കുന്ന പാദങ്ങൾ വലിച്ചിഴയ്ക്കുമ്പോൾ യാദൃശ്ചികമെന്നോണം ദൃഷ്ടി പതിച്ചത് ആ യുവാവിലായിരുന്നു. ലളിതമായ വസ്ത്ര ധാരണത്തിലും വിളിച്ചു പറയാം അരോഗദൃഡഗാത്രൻ. ആരാണെന്നറിയാനൊരു ആകാംഷ പൊതുവെ ശാന്തമായ മനസ്സിനെ അലോസരപ്പെടുത്തി. 

മെല്ലെ അടുത്ത് ചെന്ന് ചുമലിൽ കൈ വച്ചു.

തിരിഞ്ഞു നോക്കിയ മുഖത്തിന്, പരിചയപ്പെടലുകൾ ആവശ്യമായിരുന്നില്ല. നെറ്റിയിലെ തിളങ്ങുന്ന ആദിത്യചിഹ്നം വിളിച്ചു പറയുന്നുണ്ടായിരുന്നു അവനാരാണെന്ന്. പതിയെ തിരക്കി “കുന്തീപുത്രാ...എന്തേ ഇവിടെ? ഈ സമയത്ത്?”. 

ആ കണ്ണുകളൊന്നു തിളങ്ങി, പിന്നെ മങ്ങി. മറുപടി പെട്ടെന്നായിരുന്നു, “അരുത്, അങ്ങനെയെന്നെ വിളിക്കരുത്.. ഞാൻ രാധേയനെന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.”

“എന്നാലും ജന്മം തന്ന അമ്മ....”

മുഴുമിപ്പിക്കാനായില്ല. ആ ഘനഗംഭീരശബ്ദം മുഴങ്ങി... “അമ്മ..!  ആ വാക്കിനു മുലപ്പാലിന്റെ മാധുര്യമാണ്... ഇവനറിയാത്ത മധുരം.”

ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ചെവികൊടുക്കുമ്പോൾ കാതിലാ ശബ്ദവീചികൾ വീണ്ടും ശ്രുതിയിട്ടു, “കുറ്റം പറയാൻ വയ്യ, അമ്മ എന്നും നിസ്സഹായയായിരുന്നു.. ആദ്യം ദത്തേകിയ പിതാവിനു മുന്നിൽ, പിന്നെ മഹർഷിമാർക്ക് പാദസേവ ചെയ്യാൻ നിയോഗിച്ച വളർത്തച്ഛനു മുന്നിൽ, പാതിവൃത്യം കാത്തു സൂക്ഷിക്കേണ്ട നാളുകളിൽ രാജപരമ്പരയറ്റ് പോകാതിരിക്കാൻ പലരിൽ നിന്നും പുത്രന്മാരെക്കിട്ടാൻ ആവശ്യപ്പെട്ട ഭർത്താവിനു മുന്നിൽ, ഒടുവിൽ മക്കൾക്ക് മുന്നിലും... ഇടയ്ക്കെപ്പോഴോ ഒരു തെറ്റായി ഞാനും ആ ജീവിതത്തിൽ”.

ദീർഘനിശ്വാസത്തിൽ അലിഞ്ഞു പോയ ആ പുഞ്ചിരിയുടെ അർഥം തിരിച്ചറിയാനായില്ല.

“എന്നാലും നീ സൂര്യപുത്രനല്ലേ കുമാരാ...? അവസാനം വരെ നിന്റെ വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിച്ച് ജീവിച്ചവനല്ലേ നീ, ആരുടെ മുന്നിലും തല കുനിക്കാതെ? പിന്നെന്തിനീ വിഷാദം നിന്റെ കണ്ണുകളിൽ?” വാക്കുകൾ വിറച്ചത് തണുപ്പു കൊണ്ടായിരുന്നോ?

“ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്...സൂര്യപുത്രൻ..! ഒരിക്കലും അംഗീകരിച്ച് കിട്ടാത്ത നാമധേയങ്ങളൊന്നും ഭൂഷണമായി കരുതാൻ വയ്യ. നിന്ദ, അവഗണന, അതു മാത്രമായിരുന്നു എവിടേയും. കൂട്ടുകാർക്കിടയിൽ, ആയുധാഭ്യാസവേളയിൽ, മത്സരങ്ങളിൽ...  ഒക്കെ പിന്തള്ളപ്പെട്ടു. എന്തിന്... ഒടുവിൽ ദ്രൌപദീ പരിണയവേളയിലും. ഒരേ സമയം അഞ്ചുപേർക്ക് ഭാര്യ ആവാനായിരുന്നു അവളുടെ വിധി. സകലർക്കും നിന്ദ്യനെങ്കിലും സുയോധനൻ മാത്രമാണെന്നെ ചേർത്തു പിടിച്ചത്, അതെന്തുദ്ദേശത്തിലാണെങ്കിലും. ”

അകലങ്ങളിൽ കണ്ണു നട്ട് നിൽക്കുന്ന ആ ശാന്തഗാംഭീരതയെ ആരാധനയോടെ നോക്കി കാണുകയായിരുന്നു. 

പിതാവായ സൂര്യൻ മുന്നറിയിപ്പു കൊടുത്തിട്ടും, മുന്നിൽ വന്നു നിന്നു യാചിക്കുന്ന വിപ്രൻ അർജ്ജുനപിതാവായ ഇന്ദ്രനാണെന്നു തിരിച്ചറിഞ്ഞിട്ടും, തന്റെ ജീവന്റെ സുരക്ഷയ്ക്ക് അനിവാര്യമായ കവചകുണ്ഡലങ്ങൾ അറുത്തെടുത്ത് ദാനം ചെയ്ത ആ മഹാത്യാഗിയെ കൺ‌കുളിർക്കെ കണ്ട് മനസ്സിലേക്കാവാഹിക്കുകയായിരുന്നു.

“അമ്മ ആവശ്യപ്പെട്ടപ്പോഴെങ്കിലും പിൻ‌തിരിയാമായിരുന്നില്ലേ അംഗരാജാ? അങ്ങാരാന്ന് യുധിഷ്ഠിരനോട് മാത്രം പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷേ, കുരുക്ഷേത്ര യുദ്ധം തന്നെ ഉണ്ടാവില്ലായിരുന്നു. സകലതും അവസാനിപ്പിച്ച് ധർമ്മപുത്രർ അഗ്രജനു മുന്നിൽ കിരീടം വച്ച് വിനീതവിധേയ ദാസനായി നിൽക്കുമായിരുന്നു.” വാക്കിലെ നിരാശ ഒളിപ്പിച്ചു വയ്ക്കാനായില്ല.

വീണ്ടും ഒരു ചിരിയായിരുന്നു മറുപടി. “ ആശ്രയം തന്ന, എന്നിൽ വിശ്വാസമർപ്പിച്ച ഗാന്ധാരീസുതനെ ഞാൻ വഞ്ചിക്കണമെന്നാണോ അങ്ങ് പറഞ്ഞു വരുന്നത്. പഞ്ചപാണ്ഡവരിൽ മറ്റാരോട് ക്ഷമിച്ചാലും അർജ്ജുനനെ വെറുതേ വിടാനാവില്ലായിരുന്നെനിക്ക്. പാണ്ഡവപക്ഷത്തെന്നെ ചേർക്കാൻ, കപടവിദ്വേഷം നടിച്ച് എന്നിൽ നിന്നും അകന്നു നിന്ന ഭീഷ്മപിതാമഹനെ ശിഖണ്ഡിയുടെ മറയിൽ വീഴ്ത്തിയവൻ, ആജീവനാന്തം എന്നോട് പക മാത്രം വച്ച് പുലർത്തിയ പാർത്ഥനെ ഞാനെന്തു ചെയ്യണമായിരുന്നു ?”

ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നിൽ തെല്ല് പകച്ച് ഇടറുന്ന വാക്കുകളിൽ പറഞ്ഞു “അന്നാ രഥചക്രം ചേറിൽ താഴാതിരുന്നെങ്കിൽ.....”

ഇരുത്തിയൊരു മൂളലിനകമ്പടിയായി ആ ശബ്ദം വീണ്ടും, “വിധി... ഗുരുശാപം...! ദുരുദ്ദേശ്യമില്ലായിരുന്നുവെങ്കിലും കള്ളം പറഞ്ഞ് വിദ്യ സമ്പാദിച്ചതിന്റെ ശിക്ഷ. ചക്രമുയർത്താൻ നിലത്തിരിക്കുമ്പോൾ അറിയാമായിരുന്നു യുദ്ധനിയമങ്ങൾ കാറ്റിൽ‌പ്പറത്തി വാസുദേവൻ കിരീടിയെക്കൊണ്ടെന്റെ തല കൊയ്യിക്കുമെന്ന്.. പാഞ്ഞു വരുന്ന ആഞ്ജലികാ ബാണം ഇപ്പോഴും കണ്മുന്നിലുണ്ട്.. പക്ഷേ.. ” പറയാനുള്ളതിൽ പലതും ബാക്കി വച്ച ആ വാക്കുകൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.

ആശ്വസിപ്പിക്കാനെന്നോണം മെല്ലെ ആ ചുമലിൽ തട്ടി.

“ഇവിടെ ഈ അമ്മയെ നോക്കി നിൽക്കുമ്പോൾ ആശ്വാസമാണ്, സ്വന്തം പുത്രനെ ഒരു കുലത്തിനു വേണ്ടി ബലി കഴിക്കാൻ വിട്ടുകൊടുത്ത് തേങ്ങലുകളുള്ളിലൊതുക്കി അമ്മ ഭാഗീരഥി ഒഴുകുന്നതു കണ്ടോ, നിർന്നിമേഷയായി.”

ത്യാഗിയായ സൂര്യപുത്രനെ, പിന്നിൽ, ചിന്തകൾക്ക് വിട്ടു കൊടുത്ത് നടക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു, “കർണ്ണാ നീയറിയുന്നുവോ യുഗയുഗാന്തരങ്ങളോളം നീയറിയപ്പെടും നിന്റെ ത്യാഗത്തിന്റെ പേരിൽ... പക്ഷേ ഞാനോ..?”

“അങ്ങാരാണെന്ന് പറയാതെ പോവുകയാണോ?” പിന്നിലെ ചോദ്യം കാലുകളെ പിടിച്ച് നിർത്തി.

“ഞാനോ.. ഞാൻ ... ” ചുണ്ടുകൾ വിറച്ചു.

“ഞാൻ,ഭരതൻ.. ത്രേതായുഗത്തിലെ രാമസഹോദരൻ.. കൈകേയിപുത്രൻ.. ”

ചോദ്യമുതിർന്ന മുഖത്തെ ഭാവഭേദങ്ങൾ വിവേചിച്ചറിയാൻ നിന്നില്ല. നടന്നു. ചുണ്ടിലൊന്നു മിന്നിമാഞ്ഞ പുഞ്ചിരി എന്തിനായിരുന്നു..?

56 comments:

 1. തൂലിക അറിഞ്ഞിട്ടുണ്ട് ഭരതന്റെ ദുഃഖം . ...കര്‍ണ്ണന്റെ ആത്മ വിസ്ഫോടനങ്ങള്‍ അവതരിപ്പിച്ചു ഭരതനിലേക്ക് എത്തിയത് ഒരു ട്വിസ്റ്റ്‌ ആയി തോന്നിയില്ല.കര്‍ണ്ണനിലേക്ക് പോകാതെ തന്നെ ഭരതന്റെ കഥ പറഞ്ഞിരുന്നു എങ്കില്‍ നന്നായിരുന്നു ഭരതന്റെ ആത്മ നൊമ്പരങ്ങളും സാഹിത്യ വിഷയമായിട്ടുണ്ട്.എന്നാല്‍ . കര്‍ണ്ണന്റെ കഥ കേട്ടിടത്തോളം ഭരതനെ അറിയാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ കഥയിലും ഇനിയും അനാവരണം ചെയ്യപ്പെടാതെ നില്‍ക്കുകയാണ് ഭരതന്‍...
  .എങ്കിലും ഭാരത കഥകളെ ഉരുക്കഴിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രത്യേക അഭിനന്ദനം..

  ReplyDelete
 2. ഭരത ദുഖം നന്നായി എഴുതി ...
  ചുണ്ടിലോന്നു മിന്നി മാഞ്ഞ ആ പുഞ്ചിരി എന്തിനായിരുന്നു ?
  എനിക്കും മനസ്സിലായില്ല
  താഴെ നിന്നും നാലാമത്തെ പേരയില്‍ ത്യാഗത്തിന്റെ എന്നതിന് ത്യഗത്തിന്റെ എന്നെഴുതിയിരിക്കുന്നു ... തിരുത്തുമല്ലോ
  ആശംസകള്‍

  ReplyDelete
 3. ത്രേതായുഗത്തില്‍ ജനിച്ച രാമന്റെയും ദ്വാപര യുഗത്തില്‍ ജനിച്ച കൃഷ്ണന്റെയും കഥകളിലെ മിന്നുന്ന കഥാപാത്രങ്ങളാണ് ഭരതനും കര്‍ണ്ണനും. ഭരതന്‍റെ പുനര്‍ജന്മമായി കര്‍ണ്ണനെ ഒരിക്കലും പ്രതീക്ഷിച്ചില്ല. ബ്ലോഗിന് ഒരു അലങ്കാരമാണ് ഈ എഴുത്ത്, ഈ കണ്ടു പിടിത്തം. മുട്ടുമടക്കി, കൈകള്‍ വിടര്‍ത്തി...പാദങ്ങള്‍ നോക്കി ശിരസ്സ്‌ കുനിക്കാനല്ലാതെ വേറൊന്നും എനിക്കറിയില്ല.

  ReplyDelete
 4. രാമായണഭാരതകഥകളിലെ രണ്ടു കഥാപാത്രങ്ങളെ സംയോജിപ്പിക്കുമ്പോള്‍ കര്‍ണ്ണനെ യുഗങ്ങളോളം
  പിന്നോക്കം നടത്തിയപ്പോള്‍ ഭാരത ദുഖങ്ങളുമായി ചേര്‍ത്തു വായിക്കാന്‍ ഉള്ള ശ്രമം ഇഷ്ടമായി
  സീതായനം ബ്ലോഗിലുടെ പല ചിന്തകളും ഉരുതിരിയുവാന്‍ പ്രാപ്തി നല്‍കുന്ന ദേവികക്ക് ഒരായിരും
  അഭിനന്ദനങ്ങള്‍ ,
  ഇനിയും ഈ തുലികകള്‍ പല സ്പര്‍ശിക്ക പെടാത്ത കഥാ പത്രങ്ങളിലേക്ക് തിരിയട്ടെ

  ReplyDelete
 5. ഞാനാണ് കര്‍ണ്ണന്‍
  പിറന്നതേതുവര്‍ണ്ണത്തിലാണെന്നറിയാത്തവന്‍
  ഒര്പാടുനാളായികരയുന്നവ്വര്‍ണ്ണന്‍
  കരളില്‍ വര്‍ണ്ണങ്ങള്‍ അരുതാത്തവന്‍
  ജനികൊണ്ടവര്‍ണ്ണമേതറിയാത്തവന്‍
  ഞാനാണ് കര്‍ണ്ണന്‍
  ............................................................
  കൂറുള്ള കുട്ടാളി കര്‍ണ്ണന്‍
  എന്നെന്നും വീറുള്ള വില്ലാളി കര്‍ണ്ണന്‍

  ReplyDelete
 6. ന്റ്റെ സഖിയ്ക്ക് ആശംസകള്‍...
  കൂടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളും...!


  പോസ്റ്റിലെ അഭിപ്രായങ്ങള്‍ വായിച്ച് സന്തോഷിയ്ക്കാണ്‍ ട്ടൊ ഞാന്‍ സീതാ...ഇങ്ങു കണ്ണത്താ ദൂരത്ത് ഞാനുണ്ട്.. :)

  ReplyDelete
 7. പതിവ് പോലെ നന്നായി എഴുതി.. വിശദമായി അഭിപ്രായം പറയാന്‍ അറിയില്ല...

  നല്ല വായന സമ്മാനിച്ചതിനു നന്ദി...

  ReplyDelete
 8. 'യദിഹാസ്തി തദന്യത്ര
  യന്നേഹാസ്തി ന തത്ക്വചിത് '

  'ഇവിടെയുള്ളത് മറ്റു പലയിടത്തും കണ്ടെന്നു വരാം; ഇവിടെയില്ലാത്തത് മറ്റൊരിടത്തും ഉണ്ടാവില്ല ' എന്ന് മഹാഭാരതത്തെക്കുറിച്ചു പറയാറുണ്ട്.... ടീച്ചര്‍ ആ മഹാസാഗരത്തില്‍ മുങ്ങി മുത്തുകള്‍ ഓരോന്നായി പറത്തുകൊണ്ടു വരുമ്പോള്‍ ഈ വരികള്‍ എത്ര അര്‍ത്ഥസമ്പുഷ്ടമാണെന്ന് തോന്നിപ്പോവുന്നു...

  സങ്കീര്‍ണമായ ഏതൊരു ജീവിതാവസ്ഥയോടും ചേര്‍ത്തു വെക്കാവുന്ന സന്ദര്‍ഭങ്ങള്‍ മഹാഭാരതത്തിലുണ്ട്... അതുകൊണ്ടാവാം മഹാഭാരതസന്ദര്‍ഭങ്ങള്‍ എക്കാലത്തും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും പ്രചോദനമേവുന്നു... ഇത്തരം പ്രചോദനങ്ങളില്‍ നിന്നും രൂപംകൊണ്ട നല്ല ഭാഷയില്‍ ആലേഖനം ചെയ്യപ്പെട്ട മികച്ച സര്‍ഗത്മക സൃഷ്ടികള്‍ നല്ല വായനാനുഭവം നല്‍കുന്നു...

  തീര്‍ച്ചയായും ടീച്ചര്‍ സന്ദര്‍ഭത്തിന് അനുയോജ്യമായ നല്ല ഭാഷ കൊണ്ട് കഥയെ ഏറെ ആകര്‍ഷണീയമാക്കിയിരിക്കുന്നു... ദ്വാപരയുഗത്തിലെയും ത്രേതായുഗത്തിലെയും തിളക്കമാര്‍ന്ന രണ്ടു കഥാപാത്രങ്ങള്‍ മോക്ഷദായിനിയായ ഭഗീരഥിയുടെ കരയില്‍ വെച്ച് പരസ്പരം കാണുന്നതായുള്ള ആ ഭാവനയെ പ്രത്യേകം അഭിനന്ദിക്കുന്നു...

  പുരാണേതിഹാസങ്ങളുടെ സന്ദര്‍ഭങ്ങള്‍ ഒരു മഹാസാഗരമാണ്... ടീച്ചര്‍ക്ക് നല്ല ഒരു ഭാഷയുമുണ്ട്... മുത്തുകളും പവിഴങ്ങളും കോര്‍ത്തെടുത്ത് ഇനിയും എഴുതുക...

  ReplyDelete
 9. സീത..പതിവു പോലെ നല്ല രചന..പുരാണങ്ങളിൽ കാര്യമായ അറിവൊന്നും ഇല്ലെങ്കിലും, കർണൻ എന്ന കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങളെ ആസ്പദമാക്കി രചിച്ച ഒരു നാടകം, സ്കൂൾ കാലഘട്ടത്തിൽ ഏറെ കണ്ടിരുന്നു. അതിലൂടെയാണ് ആർക്കും വേണ്ടാതെ പോയ കർണൻ എന്ന ധീരയോദ്ധാവിന്റെ വേദന ആദ്യമായി അറിയുവാൻ സാധിച്ചത്. പക്ഷെ ഭരതന്റെ മനോനൊമ്പരങ്ങളെക്കുറിച്ച് ഏറെയൊന്നും മനസ്സിലാക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല..അത് കഥയിൽ അല്പംകൂടി ആകാമായിരുന്നു എന്നു തോന്നിപ്പോയി.എങ്കിലും ഈ നല്ല രചനയ്ക്ക് പ്രത്യേകം നന്ദി..

  ReplyDelete
 10. ഈ കഥയില്‍ ഒട്ടേറെ പറഞ്ഞുകേട്ട കര്‍ണ്ണന്റെ മഹത്വങ്ങള്‍ പറഞ്ഞു തീര്‍ത്ത് കൊണ്ട് ഭരതനെ വെറുതെ കഥാന്ത്യത്തില്‍ കൊണ്ടുവരികയാണ് സീത ചെയ്തത്. കഥയുടെ തുടക്കം മുതല്‍ ഉണ്ടായ ആകാംഷ അതുകൊണ്ട് തന്നെ അവസാനം നിരാശയില്‍ അവസാനിച്ചു. പണ്ടാരോ കളി പറയാറുള്ളത് പോലെ വീടിനെ പറ്റി അഞ്ച് വാചകമെഴുതുവാന്‍ പറഞ്ഞപ്പോള്‍ വീട്ടില്‍ പശുവുണ്ടെന്നും പശു പാലുതരുമെന്നും പറഞ്ഞ് പിന്നെ പശുവിലേക്ക് ബാക്കി വാചകങ്ങള്‍ നയിച്ച പോലെയായി. രമേശ് പറഞ്ഞത് പോലെ കര്‍ണ്ണനില്ലാതെ തന്നെ ഭരതനെ വരച്ചുകാട്ടാമായിരുന്നു സീതക്ക്. പുരാണത്തിലുള്ള നല്ല അറിവുകള്‍ സീതക്ക് അതിനായ് ഉപയോഗിക്കുവാനും കഴിയുമായിരുന്നു. കര്‍ണ്ണകഥ ഇനി ഞാന്‍ ഉറങ്ങട്ടെയിലും കര്‍ണ്ണനിലും എല്ലാം പി.കെ ബാലകൃഷ്ണനും ശിവജി സാവന്തും മനോഹരമാക്കിയിട്ടുണ്ട്. അതിനപ്പുറം മറ്റൊന്നും സീത ഇവിടെ സൂചിപ്പിച്ചുമില്ലെന്ന് തോന്നുന്നു. പക്ഷെ ഭരതന്‍ നല്ലൊരു തീമായിരുന്നു. ഭരതചരിതം ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നുമില്ല. സീതക്ക് മനോഹരമാക്കാമായിരുന്നു സീതേ.. ഇത് മോശമെന്നല്ല. പക്ഷെ, ഒരു ഏച്ചുകെട്ട് ഫീല്‍ ചെയ്തു.

  @ രമേശ് അരൂര്‍ : ഭരതനെ പറ്റിയുള്ള പുസ്തകം ഏതാണ്? മലയാളമാണോ?

  ReplyDelete
 11. നല്ല രചന. പതിവു പോലെ. അഭിനന്ദനങ്ങള്‍

  ReplyDelete
 12. നല്ല എഴുത്ത്. എല്ലാ ഭാവുകങ്ങളും സീതാ...

  ReplyDelete
 13. സീതയുടെ ചിന്തകള്‍ എല്ലാം ഓരോ അറിവുകള്‍
  ആണ്‌..പലപ്പോഴും വിശകലനങ്ങളും...മഹാ
  ഭാരതം കുറേശ്ശെ വായിക്കാന്‍ ഒരു പര്ശീലനം ..
  അഭിനന്ദനങ്ങള്‍ ...രമേശ്‌ ചേട്ടനും മനുവും ഉള്ളപ്പോള്‍
  പുരാണതെപ്പറ്റി കേള്‍കുക ആണ്‌ നല്ലത്..അഭിപ്രായം
  പറയാന്‍ ഞാന്‍ ഇല്ല...

  പുതു വത്സര ആശംസകള്‍ സീത...

  ReplyDelete
 14. ഞാനും പുരാണം അറിയാന്‍ ശ്രമിക്കുന്ന ഒരു വായനക്കാരന്‍ മാത്രം. എല്ലാവരുടെ അഭിപ്രായങ്ങളും വായിച്ച് എന്തെങ്കിലുമൊക്കെ കിട്ടിയെന്കിലോ എന്ന അന്വേഷണത്തിലാണ്.

  പുതുവത്സരാശംസകള്‍.

  ReplyDelete
 15. പുരാണം എന്നത് അല്പം ബുദ്ധിമുട്ടുള്ള വിഷയം ആണ്...അവതരണത്തിലെ സൂക്ഷ്മത നന്നായി...ആശംസകള്‍

  ReplyDelete
 16. എഴുതാനുള്ള കഴിവിനെ അഗികരിക്കുന്നു
  ഇതെന്താ? പുരാണത്തെ പേരിനു കൊടുത്തിട്ട് മനുഷ്യ വ്യഥ പോലെ ആണല്ലോ പറഞ്ഞിരിക്കുന്നത് .അതിനിടയില്‍ ഭരതസമിപ്യം ആവശ്യമില്ലാത്തത്.
  പിന്നെപുരാണമൊക്കെ പഠിച്ചാല്‍ ഒരു പാട് കഥാപാത്രങ്ങള്‍ (സ്വലനും.അത്രിയും) ഒക്കെ എഴുതാന്‍ കഴിയുമല്ലോ ? കേട്ട് പഴകിയവ എന്തിനു
  തുളസി രാമായണത്തില്‍ ഭരതകുമാരനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് .മനോ ചേട്ടാ ..

  ReplyDelete
 17. പിന്നെ ഞാന്‍ വായിച്ചിരിക്കുന്നത് സീതദേവിയുടെയും ശ്രീരാമദേവന്റെയും സ്വയംബരം കഴിഞ്ഞത് അവരുടെ അഞ്ചും ഏഴും വയസ്സിലാണ് എന്നാണ് .അപ്പോള്‍ പ്രൊഫൈല്‍ലില്‍ എഴുതിയിരിക്കുന്നത് തെറ്റാണോ? ഒന്ന് ശ്രദ്ധിക്കണേ ...

  ReplyDelete
 18. @മനോരാജ്:ശ്രീ കണ്‍ഠന്‍ നായരുടെ ലങ്കാലക്ഷ്മി ,കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനം ഇവ വായിക്കൂ ,പുരാണങ്ങളെ ക്കുറിച്ച് നല്ല ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഇവ വളരെ സഹായകമാണ് .

  ReplyDelete
 19. ത്രേതായുഗത്തില്‍ ജനിച്ച് ത്യാഗിയായ ഏവരാലും വിസ്മരിക്കപ്പെട്ടുപോയ ഭരതനെ ദൈവമായി കണ്ട് ആരാധിക്കുന്ന നമ്മൾ ...(ഇരിങ്ങാലക്കുട കൂടൽ മാണിക്യക്ഷേത്രം /നാട്ടിലെ നാലമ്പലങ്ങളിലെ പ്രതിപുരുഷന്മാർ ഈ രാമസോദരരാണല്ലോ ),
  ദ്വാപര യുഗത്തില്‍ ജനിച്ച് ത്യാഗിയായി ദൈവമായില്ലെങ്കിലും ,വീരനായിന്നും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്ന കർണ്ണനും...

  ഈ കലിയുഗത്തിൽ സീതായാനത്തിൽ കൂടി മാറ്റുരച്ചുനോക്കുവാൻ വന്നപ്പോഴുണ്ട്...

  കഥാകാരിപോലും കർണ്ണേട്ടനെ പൊക്കിയടിച്ചിട്ട് ,ഇമ്മടെ ഭരതേട്ടനെ വെറുമൊരു മൂലക്കിരിത്തിയിരിക്കുന്നു...!

  ReplyDelete
 20. നന്നായി ഈ നിരീക്ഷണങ്ങൾ. കർണ്ണനെ വാഴ്ത്തുന്നവർ ഭരതനെ കാണാറില്ല, ആ ത്യാഗം, അമ്മയുടെ കുറ്റത്തിനു ശിക്ഷ സ്വയം ഏറ്റു വാങ്ങിയവന്റെ വ്യഥ - ഒക്കെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. സീത, നവവത്സരാശംസകൾ!

  ReplyDelete
 21. കൊള്ളാം..ഭാവന ചിറകു വിടർത്തി പുതിയ ചക്രവാളങ്ങൾ തേടട്ടേ....ഒന്നു കൂടി വികസിപ്പിക്കാനുള്ള ത്രെഡ് ഈ ആശയത്തിനുണ്ടെന്ന് വായിച്ചപ്പോൾ തോന്നി..

  ReplyDelete
 22. വിശദമായി അഭിപ്രായം അറിയാവുന്നവര്‍ പറയട്ടെ ...എല്ലാ ഭാവുകങ്ങളും ... ന്റെ കൂട്ടുകാരിക്ക് പുതുവത്സരാശംസകളും...!!!

  ReplyDelete
 23. തൂലികയറിയാത്ത നൊമ്പരങ്ങൾ..... ?

  തലേക്കെട്ട് കണ്ട് വായിച്ചതു കൊണ്ടാവാം ആ മുൻ‌വിധിയോടെയാണ് കഥ വായിച്ചത്...
  മറ്റു പലരും കണ്ട പൊരുത്തക്കേടുകൾ തന്നെയാണെനിക്കും കണ്ടെത്താനായതും..
  കമന്റുകളിൽ കണ്ടപ്പോൾ ആ മുൻ‌വിധി മറ്റുള്ളവർക്കും ഉണ്ടായെന്ന് വ്യക്തവുമായി...
  കഥയുടെ പേര് കൊടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തട്ടെ...

  വേണ്ടത്ര പ്രാധാന്യം ലഭിക്കപ്പെടാതെ പോയ ഭരതനേയും കർണ്ണനേയും കഥയിലൂടെ വരച്ച് കാട്ടുവാനാണ് കഥാകാരി ഉദ്ദേശിച്ചത് എങ്കിൽ മറ്റുള്ളവർ പറഞ്ഞത് പോലെ ഭരതൻ ഒരു പരിതി വരെ ഇവിടേയും അവഗണിക്കപ്പെടുകയാണുണ്ടായത്...പക്ഷെ മഹാഭാരതത്തിലെ കർണ്ണനോളം ഭരതനു പറയുവാൻ എന്തുണ്ട് എന്ന ചോദ്യം കൂടെ അതിനൊപ്പം ബാക്കിയാകുന്നുണ്ട്...
  ശ്രീരാമന്റെ വനവാസവേളയിൽ മാത്രമാണ് ഭരതൻ എന്ന കഥാപാത്രം പ്രസക്തമാകുന്നത്... ഭരതനു രാമായണത്തിന്റെ കഥാഗതിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനാവുന്നുമില്ല.. എന്നാൽ കർണ്ണനോ... പ്രതിപാദിക്കപ്പെടുന്നിടത്തെല്ലാം കഥാഗതിയെ മാറ്റിയെഴുത്താൻ തക്ക ശക്തമായ ഒരു വ്യക്തിത്വമായാണ് നില കൊള്ളുന്നത്... കർണ്ണൻ കേവലമൊരു കഥാപാത്രത്തിനപ്പുറം മഹാഭാരതകഥാഗതിയെ വ്യക്തമായി സ്വാധീനിക്കുന്ന ഒന്നാണ്.. അതു കൊണ്ട് തന്നെ കർണ്ണനോപ്പം നിൽക്കുമ്പോൾ ഭരതനെന്ന കഥാപാത്രം ദുർബലമാകുന്നത് സ്വാഭാവികം മാത്രം.. രാമായണം രാമനെന്ന ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ മഹാഭാരതം ഒരുപാട് കഥാപാത്രങ്ങളെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു.. അവഗണനയ്കും നിസഹായതയ്കും ഇടയിലും സ്വന്തം വ്യക്തിത്വം ശക്തമായി പ്രകടമാക്കിയ തീഷ്ണമായ കഥാപാത്രമായ കർണ്ണനൊപ്പം നിൽക്കുമ്പോൾ ഭരതന്റെ ത്യാഗം മങ്ങിപ്പോകുന്നു....

  കർണ്ണനേയും ഭരതനേയും തമ്മിൽ വിലയിരുത്തലെന്ന നിലയിലാണെങ്കിൽ കഥയുടെ ത്രെഡിനെ വേണ്ടത്ര ശക്തമാക്കിയെടുക്കാൻ കഴിഞ്ഞില്ലെന്നാണെന്റെ അഭിപ്രായം.. തിടുക്കപ്പെട്ടെഴുതിയത് പോലെ ആയിപ്പോയി..( കഥയുടെ ഇത്തരത്തിലുള്ള ത്രെഡ് എന്നത് എന്റെ നിരീക്ഷണം മാത്രമാണ്... കഥാകാരിയുടേത് ഒരുപക്ഷെ മറ്റൊന്നാവാം...)
  ഭരതനിലൂടെ കർണ്ണനെ നോക്കി കാണുവാനാണു ശ്രമിച്ചതെങ്കിൽ ഈ കഥ വിജയം തന്നെയാണു താനും...

  ആശംസകൾ...

  ReplyDelete
 24. വിഷയാവതരണത്തിലെ വ്യതസ്തത അഭിനന്ദനമര്‍ഹിക്കുന്നു.

  ReplyDelete
 25. ഇങ്ങനെ എത്രയെത്ര ത്യാഗികള്‍ നിറഞ്ഞതാണ് “മഹാഭാരതം”
  നല്ല ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍...

  ReplyDelete
 26. കര്‍ണനും ഭരതനും. ത്യാഗം വഴി സ്നേഹം നേടുന്നത് കാണിച്ചു തന്നവര്‍. നല്ല അവതരണം. ഭരതന്‍ പറയുന്നതും കേള്‍ക്കാന്‍ വേണ്ടി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഒരു രണ്ടാം ഭാഗം കൂടി എഴുതൂ.

  ReplyDelete
 27. രമേശ്‌ അരൂര്‍...ആ‍ദ്യ കമെന്റിനു നന്ദി...തൂലിക എന്നിവിടെ ഞാനുദ്ദേശിച്ചത് പാത്രസൃഷ്ടി നടത്തിയ കവിയെ ആണ്..അതിനു ശേഷം പുനരാഖ്യാനം ചെയ്ത തൂലികകളുടെ കാര്യമല്ല..അത്രയും വിശദീകരിച്ചൊരു തലേൽക്കെട്ട് കൊടുക്കാൻ പറ്റീല്യാല്ലോ..പിന്നെ ഇവിടെ കർണ്ണനെ കൊണ്ടു വരാനാ ശ്രമിച്ചത് ഭരതന്റെ കണ്ണിലൂടെ...

  വേണുഗോപാല്‍...നന്ദി സന്തോഷം... തിരുത്തിയിട്ടുണ്ട്

  പൊട്ടന്‍ ...നന്ദി സന്തോഷം

  ജീ . ആര്‍ . കവിയൂര്‍...നന്ദി മാഷേ

  കെ.എം. റഷീദ്...നന്ദി സന്തോഷം ഈ വരികൾക്ക്

  വര്‍ഷിണി* വിനോദിനി...നന്ദി സഖീ..ആ സൌഹൃദത്തിന്റെ മൃദുസ്പർശം ഞാനറിയുന്നു..

  khaadu.. ...നന്ദി സന്തോഷം

  Pradeep Kumar...നന്ദി സന്തോഷം മാഷേ ഈ വിശദമായ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും..

  ഷിബു തോവാള...നന്ദി സന്തോഷം...കർണ്ണനോളം പോരില്ല ഭരതൻ എന്ന കഥാപാത്രം..ഭരതന്റെ കണ്ണിലൂടെ കർണ്ണനെ വരച്ചു കാട്ടുന്നതായിരുന്നു ലക്ഷ്യം...അതുകൊണ്ടാണ് ഭരതനെക്കുറിച്ച് അധികം പറയാതിരുന്നത്...

  Manoraj...നന്ദി സന്തോഷം ഏട്ടാ.. ഭരതനെയായിരുന്നില്ല കർണ്ണനെ തന്നെയാരുന്നു കൊണ്ടു വരാൻ നോക്കീത്.. പലരും പറഞ്ഞതാണെനറിയാം... കർണ്ണനോളം അല്ലെങ്കിലും ശ്രദ്ധ കിട്ടാതെ പോയ ഭരതന്റെ കണ്ണിലൂടെ ഒന്നു നോക്കിയെന്നേയുള്ളു..കുറവുകൾ ശ്രദ്ധിക്കാം

  കുസുമം ആര്‍ പുന്നപ്ര ....നന്ദി സന്തോഷം

  മുല്ല...നന്ദി മുല്ലാ

  ente lokam...നന്ദി സന്തോഷം

  പട്ടേപ്പാടം റാംജി ...നന്ദി സന്തോഷം

  Athira....നന്ദി

  Pradeep paima ....പ്രദീപെഴുതിയ ശാന്തയുടെ ദുഃഖവും മനുഷ്യവ്യഥ തന്നാർന്നല്ലോ..അവിടെയും പുരാണത്തെ പേരിനല്ലേ പറഞ്ഞുള്ളൂ..:)ഞാൻ എന്റേതായ രീതിയിൽ ചിന്തിക്കുന്നു സുഹൃത്തേ... പുരാണകഥാപാത്രങ്ങൾ മനുഷ്യരല്ലേ? ഭഗവാൻ കൃഷ്ണനു പോലും മാനുഷികപരിവേഷമാണു ചാർത്തപ്പെട്ടിരിക്കുന്നത്...പുരാണമൊക്കെ പഠിച്ച് ഓരോ കഥാപാത്രത്തേയും പുനരാഖ്യാനം ചെയ്യാൻ എനിക്ക് ഈ ഒരു ജന്മം പോരല്ലോ..ധദീചിയും, അത്രിയും, ഭാരതസൃഷ്ടി നടത്തിയ വ്യാസനും, കൃഷ്ണനേയും പാണ്ഡവരേയും ചോദ്യശരങ്ങളുടെ മുൾമുനയിൽ നിർത്തിയ ചാർവാക ബ്രഹ്മണനും തൊട്ട് വായിച്ചും കേട്ടും അറിഞ്ഞ ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ചില കഥാപാത്രങ്ങൾ..അവരെന്റെ മനസിൽ സൃഷ്ടിക്കുന്ന ചലനത്തെ അക്ഷരങ്ങളാക്കാൻ ഒരു ശ്രമം നടത്തുന്നു എന്നേയുള്ളൂ...കേട്ടു പഴകിയതു കൊണ്ട് സീതയുടേയും രാമന്റേയും കഥകളാരും പറയുന്നില്ലേ?പിന്നെ രാമായണത്തിലെങ്ങനെയാ സുഹൃത്തേ ഭരതന്റെ കഥ വരുന്നത്? ഇനി താങ്കളുടെ രണ്ടാമത്തെ കമെന്റിനുള്ള മറുപടി...ആദ്യമേ പറയട്ടെ അത് എന്നെക്കുറിച്ചാണ്..രാമായണത്തിലെ സീതയെക്കുറിച്ചല്ല..ബ്ലോഗിനെക്കുറിച്ചും ബ്ലോഗ്ഗറെക്കുറിച്ചും ഒരു ധാരണയുണ്ടാക്കാൻ വേണ്ടി മാത്രം എഴുതിയത്...അതിൽ പുരാണത്തിന്റെ അടിസ്ഥാനം ചികയുന്നതിൽ എത്ര മാത്രം ആവശ്യകതയുണ്ടെന്ന് മനസ്സിലായില്ല.. ബിംബവൽക്കരിക്കപ്പെടുന്നതിലെല്ലാം താങ്കൾ ഇങ്ങനെ ചികയുമോ.. :) ഇനി പുരാണത്തെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ കൂടി ഞാൻ എഴുതിയതിൽ തെറ്റില്ല.. വാൽമീകി രാമായണത്തിലെവിടെയാണ് സീതാ പരിണയം ബാല്യവിവാഹമെന്നു പറയുന്നത്..?രജസ്വലയായ ശേഷം തന്നെയാണു സീതയുടെ വിവാഹം.. പിന്നെ താടകയെ വധിക്കുന്ന രാമനെ ദശരഥൻ ബാലൻ എന്നു പറയുന്നത് പിന്താങ്ങിയാണീ പ്രസ്താവനയെങ്കിലും അത് തെറ്റാണ്..ഒരു പിതാവിന്റെ ചപല ചിന്തയാണതെന്നു ആദികവി പറയുന്നുണ്ട്..തുളസീ രാമായണത്തിലൊരിടത്ത് പറയുന്നുണ്ട് ബാലലീലകൾ ആടിത്തീരും മുമ്പ് സീത സുമംഗലിയായി എന്നു...അതും ജനകൻ സീതയെ അങ്ങനെ കൊഞ്ചിച്ചിരുന്നു എന്നു കാണിക്കാനാണ് പറയുന്നത്..ഇനി അതൊക്കേയും വിടാം...താങ്കൾ പറയുന്നതു പോലെ ഏതെങ്കിലും രാമായണത്തിൽ പറയുന്നുണ്ടെങ്കിൽ പോലും നവകന്യകാ തത്വം അനുസരിച്ച് രണ്ട് വയസിനു മേലെയുള്ള കന്യകയെ ആണു കുമാരി എന്നു വിളിക്കുന്നത്..മൂന്നു വയസ്സാകുമ്പോഴേക്കും അവളെ ത്രിമൂർത്തിയെന്നും നാലു വയസ്സോടെ കല്യാണിയെന്നും വിളിക്കും..അപ്പോ കൌമാരം കഴിഞ്ഞുവെന്നു പറഞ്ഞതിൽ തെറ്റ് എവിടെയാണ്... വിമർശനം ആകാം സുഹൃത്തേ..അത് വസ്തുനിഷ്ഠം ആകണം...അല്ലാതെ വിമർശിക്കാൻ വേണ്ടി വിമർശിക്കരുത്..(സ്വയംബരം അല്ല സ്വയംവരം ആണ്)

  ReplyDelete
 28. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. ...കർണ്ണേട്ടനെ തന്നാർന്നു ഏട്ടാ കൊണ്ടരാൻ നോക്കിയത്...:)സന്തോഷം ഈ വാക്കുകകൾക്ക്..

  ശ്രീനാഥന്‍...നന്ദി ഏട്ടാ സന്തോഷം

  പഥികൻ...സന്തോഷം നാട്ടാരാ...നമ്മുടെ കോർപ്പറേഷൻ ചീഞ്ഞുനാറുന്നെന്നു കേട്ടു...:)

  kochumol(കുങ്കുമം)...സന്തോഷം സഖീ

  ๋●๋•തൂലിക•●๋ ...വിശദമായ അഭിപ്രായത്തിൽ സന്തോഷം..തലേക്കെട്ടുകൾ എഴുതിവരുമ്പോൾ മനസിൽ തോന്നുന്നതല്ലേ...അനുവാചകരോട് സംവദിക്കുമ്പോൾ ചിലപ്പോ അത് പരാജയപ്പെട്ടു പോയേക്കാം.. പാത്രസൃഷ്ടി നടത്തിയവർ അറിയാതെ പോയ കഥാപാത്രത്തിന്റെ ഗദ്ഗദം എന്നേ ഉദ്ദേശിച്ചുള്ളൂ..ഭരതനും കർണ്ണനും സൂക്ഷ്മസാമ്യം ഉള്ളവരെങ്കിൽ പോലും രണ്ട് തലങ്ങളിൽ നിൽക്കുന്നവരാണെന്നു പറഞ്ഞല്ലോ..അതിനെ അംഗീകരിക്കുന്നതു കൊണ്ട് തന്നെ ഒരു താരതമ്യ പഠനം ആയിരുന്നില്ല എന്റെ ഉദ്ദേശം.. കർണ്ണനെക്കുറിച്ച് പറയണം പക്ഷേ അത് ഭരതന്റെ കണ്ണിലൂടെയാവണം അത്രേ ഉദ്ദേശിച്ചുള്ളൂ...മുൻ‌വിധിയോടെ കഥയെ സമീപിക്കാമോ? ഈ സംശയം എന്റേത് മാത്രമാണ്.. പേരിന്റെ കാര്യത്തിൽ എന്റെ ‘തൂലിക’ എന്നത്തേയും പോലെ എന്നെ കയ്യൊഴിഞ്ഞു.. എന്തു ചെയ്യും :)

  Sukanya ...നന്ദി ചേച്ചീ..ശ്രമിക്കാം :)

  ReplyDelete
 29. പതിവ് പോലെ നന്നായി എന്ന് പറയാന്‍ വയ്യ ....പുരാണങ്ങളെ പരാമര്‍ശിക്കുമ്പോള്‍ അതിന്റേതായ രീതില്‍ സമീപിച്ചില്ല എങ്കില്‍ കൈ വിട്ടു പോകുന്ന കേസ് ആണ്

  കാരണം ഈ കഥകള്‍ ഒട്ടു മിക്കവര്‍ക്കും അറിയാവുന്നാതാണ് എന്നത് തന്നെ ..പക്ഷെ ഇവിടെ ഈ കഥപത്രാങ്ങളോട് നീതി പുലര്‍ത്തിയില്ല എന്ന് പറയാനും വയ്യ.

  ആശംസകള്‍

  ReplyDelete
 30. നടക്കാം സഖീ...ഇനിയും കാലചക്രം തിരിഞ്ഞ് ത്രേതായുഗവും കലിയുഗവും എത്തുവോളം....'പ്രയാണം' എന്ന കഥയിൽ സീത എഴുതിയ വരികളാണിവ...അവിടെ കഥാകാരി..ഊർമ്മിളയേയും മാളികപ്പുറത്തിനേയും കൂട്ടിമുട്ടിക്കുന്നു.ഇരുവരുടേയും ദുഖങ്ങൾ വായനക്കാരിലേക്ക് പകരുന്നു..അതുപോലെ തന്നെ ഈ കഥയിൽ,കമന്റിട്ടതിൽ ഭൂരിഭാഗം വായനക്കാരും ഭരതനെക്കുറിച്ച് സീത ഒന്നും പറഞ്ഞില്ലാന്നും,"ഭാരതപര്യടനത്തിലും" " ഇനി ഞാനുറങ്ങട്ടെയിലും" കർണ്ണനെപ്പറ്റി ഒരു പാട് പറഞ്ഞിട്ടുണ്ടല്ലോ എന്നുമൊക്കെ എഴുതിക്കണ്ടു. പക്ഷേ അതിൽ നിന്നും വിഭിന്നമാണു എന്റെ അഭിപ്രായം..ഇവിടെ സീത ഭരതനെക്കുറിച്ചല്ലാ പറയുന്നത്....ഭരതന്റെ കാഴ്ചപ്പാടിലൂടെ സീത കർണ്ണനെ നോക്കിക്കാണുകയാണു...അതാണ് 'സീതാശൈലി'ആ ശൈലി എന്ത് കൊണ്ടോ എനിക്ക് ഇഷ്ടപ്പെട്ടു...സീത ആരേയും അനുകരിക്കുന്നില്ലാ..പുരാണ കഥാപാത്രങ്ങളേയും,മിത്തുകളേയും തന്റേതായ കാചത്തിലൂടെ നോക്കിക്കാണുകയാണു സീത..മത്രവുമല്ലാ പുരാണേതിഹാസങ്ങളിലുള്ള അഗാഥമായ അറിവിനെ ആറ്റിക്കുറുക്കി അത് അറിഞ്ഞുകൂടത്തവർക്ക് ലളിതമായി വിളമ്പുകയാണ് കഥാ കാരി ഇവിടെ ചെയ്യുന്നത്..മറ്റൊരു കർമ്മവും കൂടി കഥാകാരി ചെയ്യുന്നുണ്ട്..കമന്റിടാൻ വേണ്ടിയെങ്കിലും,വായിച്ച് മറന്ന് പോയ പുരാണകഥകൾ വീണ്ടും തപ്പിപ്പിടിച്ച് വായിക്കാൻ സീത എന്നെപ്പോലുള്ളവരെ പ്രേ രിപ്പിക്കുന്നൂ...പിന്നെ സീതക്ക് തന്നെ മനസിലായ ഒരു കാര്യം മഹതി കമന്റിൽ പറഞ്ഞത് എടുത്തെഴുതുന്നു..." പേരിന്റെ കാര്യത്തിൽ എന്റെ ‘തൂലിക’ എന്നത്തേയും പോലെ എന്നെ കയ്യൊഴിഞ്ഞു.. എന്തു ചെയ്യും" എനിക്കും അതു മാത്രമാണുകുറ്റമായി ചൂണ്ടികാണിക്കാനുഌഅത്...കഥയുടെ കാര്യത്തിൽ പ്രീയപ്പെട്ട സീതക്കുഞ്ഞെ...ഇങ്ങനെ തന്നെ തുടരുക..ഇത് താങ്കളുടെ ഒരു ഐഡന്റിറ്റിയാണ്..നല്ല ഭാഷാപ്രയോഗങ്ങൾക്കും എന്റെ കൂപ്പ് കൈ...എല്ലാ നന്മകളും നേരുന്നു.....

  ReplyDelete
 31. പഠിക്കുകയാണ്.
  വായിച്ചറിയുകയാണ്.

  ReplyDelete
 32. സീതേ,

  പതിവ് പോലെ നല്ല ഒഴുക്കോടെ എഴുതി.

  മഹാഭാരതത്തിലെ കര്‍ണനൊപ്പം ഭരതനെ എഴുതിയിട്ടില്ല ആധുനിക സാഹിത്യലോകം എന്നത് ശരിയാണെന്കിലും രാമായണത്തിലെ ഉജ്വല കഥാപാത്രം ഭരതന്‍ തന്നെയാണ്. വാല്മീകി എത്രയോ തവണ അത് പരാമര്‍ശിച്ചിരിക്കുന്നു.

  'ലക്ഷ്മണനെക്കാള്‍ പ്രിയം നിനക്കേറിടും
  ലക്ഷ്മീപതിയായ രാമനില്‍ നിര്‍ണയം..
  എന്ന പോലെ എത്രയോ വട്ടം എഴുത്തച്ഛനും.

  ത്യാഗത്തിന്റെ കാര്യത്തില്‍ മഹാഭാരതത്തിലെ കര്‍ണന്‍ പുകള്‍ പെറ്റവന്‍ തന്നെ. എന്നാല്‍ ഭരതന്റെ ത്യാഗത്തോളം എത്തുന്നില്ല എന്ന് കാണാനാവും. അനീതികളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പിടിച്ചുയര്‍ത്തിയ സുഹൃത്തിനു വേണ്ടി ജീവാവസാനം വരെ നിന്നുകര്‍ണന്‍. എങ്കിലും പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത് കര്‍ണന്‍ സാധാരണ മനുഷ്യന്റെ നിലവാരത്തിലേക്ക്‌ താഴുന്നു. പക്ഷെ, നീതിയുടെ ഏതു തുലാസിലും ഭരതന്റെ തൂക്കം കുറയുന്നില്ല. സ്വന്തം അമ്മയാണ് തെറ്റ് ചെയ്തതെങ്കിലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ഭരതന്‍ ചെയ്തത്. നിസ്വാര്‍ത്ഥതയുടെ ആള്‍രൂപം. അതാണ്‌ ഭരതന്‍.(സീതയറിയാത്ത ഭരതനുണ്ടോ,അല്ലെ..?)

  ഇനിയും ഇതുപോലെ ഇതിഹാസ സന്ദര്‍ഭങ്ങള്‍ കഥകളായി അവതരിക്കട്ടെ. ആശംസകള്‍...

  ReplyDelete
 33. നന്നായിട്ടുണ്ടു് പതിവു തെറ്റാതെ. എന്നാല്‍
  കര്‍ണ്ണനും ഭരതനും ഊര്‍മ്മിളയുടെ മുന്നില്‍
  ചെറുതാകും. ഒരു ഖണ്ഡേക്കറും.ഒരു എംടിയും
  അവളെ തിരിഞ്ഞു നോക്കിയില്ല , സീതേ
  ഭവതിക്കു വേണ്ടി ത്യാഗിനിയായ ആ വിദൂഷിയെ .

  ReplyDelete
 34. "മ" വാരികകളില്‍ കാണുന്ന കഥകള്‍ പോലെയെ എനിക്കി കഥ കാണാന്‍ കഴിഞ്ഞൂള്ളൂ ..അത് മറ്റൊരു വാക്കില്‍ പറഞ്ഞൂ എന്നെ ഉള്ളൂ ...എന്റെ പോസ്റ്റുകളില്‍ എന്റെ വ്യഥകളും ചിന്തകളും മാത്രമേ ഉണ്ടാകൂ ഇത് പോലെ പുരാണങ്ങളില്‍ നിന്നും കഥാപാത്രങ്ങളെ എടുത്തു എരിവും പുളിയും തേച്ചു അവതരിപ്പിക്കാന്‍ കഴിയാറില്ല...


  ഞാന്‍ വായിച്ച രാമായണത്തിന്റെ ലിങ്ക് കൊടുക്കുന്നു.
  http://sreyas.in/agasthya-ramayanam-scanned-pdf

  ReplyDelete
 35. എനിക്ക് അസൂയ തോന്നിപ്പിക്കുന്ന എഴുത്താണ് സീതയുടേത്.

  ഈ കഥയിലേക്ക്‌ ഭരതനെ കൊണ്ടുവരേണ്ടിയിരുന്നില്ല എന്ന് എനിക്കും തോന്നി!

  ReplyDelete
 36. വ്യത്യസ്ത വിഷയാവതരണം. അഭിനന്ദനം

  ReplyDelete
 37. രചനയെ കടത്തിവെട്ടുന്ന കമന്റുകള്‍ കണ്ടപ്പോള്‍ ഒന്ന് കൂടെ വരാന്‍ തോന്നി. സീതയുടെ കണ്ടെത്തുലുകള്‍ പുതിയതാണ്. അവര്‍ കഴിഞ്ഞ കഥയില്‍ ചിലവഴിച്ചതില്‍ പത്തിലൊന്ന് സമയം ഇതിനു വേണ്ടി ചിലവഴിച്ചിട്ടില്ല എന്നാ ദുഃഖം പേറുന്ന ഒരു വായനക്കാരനാണ് ഞാന്‍.. ആരും കടന്നു പോയിട്ടില്ലാത്ത മേചില്‍പുറങ്ങള്‍ അന്വേഷിക്കുന്ന അവര്‍, ഇവിടെ വെന്നിക്കൊടി പാറിച്ചു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. പുരണത്തെ പറ്റിഞാനമു൭ള്ളവര്‍ക്ക് അറിയാം വാമനന്‍, പരശുരാമന്‍, ശ്രീരാമചന്ദ്രന്‍ എന്നീ മൂന്നു അവതാരങ്ങളാണ് ത്രേതായുഗത്തില്‍ ഉള്ളതെന്ന്.
  സീതയുടെ "insightil" ഞാന്‍ അടിവരയിടുന്നു, ഇത് ആദ്യമായാണ് ആരെങ്കിലും പ്രതിപാദിക്കുന്നത്.
  എങ്കിലും വായനക്കാരന്‍ എന്നാ നിലയ്ക്ക്‌, എനിക്ക് നിരാശയാണ്, സീതയുടെ കഴിവിന്‍റെ 99% പ്രയോജനപ്പെടുത്തീലാന്ന്.

  ReplyDelete
 38. രമേശ് അരൂര്‍ : നന്ദി. ലങ്കാലക്ഷ്മി ഒരിക്കല്‍ വായന തുടങ്ങി മുഴുമിപ്പിക്കാതെ വിട്ടതാണ്. ഏതായാലും ഇതിപ്പോള്‍ രണ്ടാമത്തെ ആളാണ് ലങ്കാലക്ഷ്മി വായനയെ പറ്റി എന്നോട് പറയുന്നത്. തീര്‍ച്ചയായും ഇനി അതിന്റെ വായന മുഴുമിപ്പിക്കണം. ബുക്ക് ഇപ്പോള്‍ കിട്ടാനുണ്ടോ എന്ന സംശയം മാത്രം. ലൈബ്രറികളില്‍ കയറല്‍ ഇപ്പോള്‍ നടക്കാറില്ല :)

  ReplyDelete
 39. പൈമാ..ഈ ബൂലോകത്ത് സീതയെപോലെ പുരാണോതിഹാസങ്ങളും ...മീമംസയും...മിത്തും എല്ലാം സമന്വയിപ്പിച്ച് എഴുതാന്‍ കഴിയുക മറ്റാര്‍ക്കാണ്? ഞാന്‍ ഏറെ ആദരിക്കുന്ന അക്ഷരങ്ങളെ ഇകഴ്ത്തി പൈമ പറഞ്ഞത് ആ അക്ഷരങ്ങളെ ആരാധിക്കുന്ന എനിക്കു സഹിക്കില്ല..അതാണ്‌ ഇതില്‍ ഇടപെട്ടു പോയത്. വായനയും എഴുത്തിനെയും ഗൌരവമായി നോക്കി കാണുന്ന എന്‍റെ നാട്ടുകാരന്റെ ഈ കമന്റ്‌ രാമന്‍റെ സീതയെക്കാള്‍ ഏറെ രാമചന്ദ്രന്‍റെ ഷീബയെ വേദനിപ്പിച്ചു ട്ടോ....

  ReplyDelete
 40. സീതയുടെ സ്റ്റാമ്പ്‌ പതിഞ്ഞ പോസ്റ്റ്‌.
  രമേശ്‌ അരൂരിനോടും മനോജിനോടും യോജിക്കാൻ കഴിയുന്നില്ല. (ഒരു തർക്കത്തിനില്ല). എഴുത്തുകാരന്റെ/എഴുത്തുകാരിയുടേ സ്വാതന്ത്ര്യമല്ലേ, അവർ ഏതു ക്കോണിൽകൂടെ നോക്കണമെന്നത്‌.
  ഇത്രയൊക്കെ മനോവ്യഥകളനുഭവിക്കുന്ന കർണ്ണൻ വസ്ത്രാക്ഷേപ സമയത്ത്‌ പഞ്ചാലിയോടുള്ള സമീപനം ഒരിക്കലും ന്യായീകരിക്കാനാവില്ല.
  ഭരതിനിലൂടെയുള്ള ഈ കാഴ്ചയും വളരെ നന്നായി.

  ReplyDelete
 41. ഓരോ പുരാണ കഥാപാത്രവും സീതയുടെ കയ്യിലൂടെ പുറത്തു വരുമ്പോള്‍ മനോഹരമാകുന്നു.ഭരതനും .സുന്ദരം സീതേ

  ReplyDelete
 42. “ഓം ഭൂര്‍ഭുവസ്സുവഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യധീമഹി ധിയോയോനഃ പ്രചോദയാത്‌”

  എന്റമ്മേ....ഒന്ന് നാക്ക് വടിച്ചിട്ട് വരട്ടെ......

  "കരയ്ക്ക് വന്ന്, നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ ഒന്നു കുടഞ്ഞ് മണലിലൂടെ വിറയ്ക്കുന്ന പാദങ്ങൾ വലിച്ചിഴയ്ക്കുമ്പോൾ യാദൃശ്ചികമെന്നോണം ദൃഷ്ടി പതിച്ചത് ആ യുവാവിലായിരുന്നു. ലളിതമായ വസ്ത്ര ധാരണത്തിലും വിളിച്ചു പറയാം അരോഗദൃഡഗാത്രൻ. ആരാണെന്നറിയാനൊരു ആകാംഷ പൊതുവെ ശാന്തമായ മനസ്സിനെ അലോസരപ്പെടുത്തി."

  ആകാംക്ഷ വേണ്ട....അത് വേറാരുമല്ല....ഞാന്‍ തന്നെ :-)

  ReplyDelete
 43. MyDreams ...നന്ദി സന്തോഷം... കുറവുകൾ ശ്രദ്ധിക്കാം

  ചന്തു നായർ....നന്ദി സന്തോഷം എന്റെ എഴുത്തിനെ ഉൾക്കൊണ്ടതിന്...മനസിലാക്കിയതിന്...

  നാമൂസ്...സന്തോഷം :)

  സേതുലക്ഷ്മി ...നന്ദി...സന്തോഷം വിശദമായ അഭിപ്രായത്തിന്...സീതയ്ക്ക് ഭരതനെ മനസിലാവാണ്ട് വയ്യല്ലോ...:)

  ജയിംസ് സണ്ണി പാറ്റൂര്‍ ...നന്ദി മാഷേ..ഊർമ്മിളയെ മറന്നിട്ടില്ലാ ഈ സീത...എന്റെ ‘പ്രയാണം’ കഥയിൽ അവളുണ്ട്...ഒരു നേർത്ത തേങ്ങലായ്

  Pradeep paima...വീണ്ടും വന്നതിൽ സന്തോഷം... താങ്കളുടെ ‘ശാന്ത’ അപ്പോ പുരാണ കഥാപാത്രം അല്ലെന്നാണോ സുഹൃത്തേ.. :)താങ്കൾ വായിച്ചത് ഏത് രാമായണമായാലും അതിനൊക്കെയുള്ള മറുപടി ഞാൻ മുന്നേ തന്നു കഴിഞ്ഞു..പിന്നെ, എന്റെയീ കഥാപാത്രങ്ങളിൽ എരിവും പുളിയും ‘മ’ ശൈലിയും ഒക്കെ കണ്ടെത്തിയ മഹാനുഭാവാ അങ്ങയുടെ വായനാപാടവത്തിനു മുന്നിൽ ഞാനിതാ ശിരസ്സു നമിക്കുന്നു...താങ്കളുടെ ഉദ്ദേശശുദ്ധി വാക്കുകൾ പ്രതിഫലിപ്പിക്കുന്നതിനാൽ ഇതിനുമേൽ മറ്റൊന്നും പറയാൻ ഇനി ഞാൻ ആഗ്രഹിക്കുന്നില്ല...ഇനിയും വരിക :)

  അനില്‍കുമാര്‍ . സി. പി....നന്ദി ഏട്ടാ...ഇനി ശ്രദ്ധിച്ചോളാം :)

  ബെഞ്ചാലി....നന്ദി സന്തോഷം

  പൊട്ടന്‍...വീണ്ടും വന്നതിൽ സന്തോഷം മാഷേ...പറയുന്നവർ പറയട്ടെ മാഷേ...ആരോഗ്യപരമായ വിമർശനങ്ങൾക്ക് എന്നും സുസ്വാഗതം..വിമർശിക്കാൻ വേണ്ടി മാത്രം വിമർശിക്കുന്നവരോട് എന്തു പറയണം :)..ചില എഴുത്തുകൾ വിചാരിക്കുന്നതു പോലെ അനുവാചക ഹൃദയങ്ങളിൽ എത്തിച്ചേരണമെന്നില്ല...അത് മനസിലാക്കാം..പക്ഷേ ഇത് :)

  വെള്ളരി പ്രാവ്...തത്തയ്ക്ക് തണലായി മുകളിൽ വിരിയുന്ന ഈ പ്രാവിന്റെ ചിറക്..സന്തോഷം പ്രാവേ...ഒരുപാടൊരുപാട് സന്തോഷം..

  Kalavallabhan ...നന്ദി മാഷേ...സന്തോഷം...

  ReplyDelete
 44. ചന്തു നായര്‍ക്ക്‌ മുന്‍പില്‍ 'ശ്രി'എന്നോ ശേഷം മാഷെന്നോ...ചേട്ടാഎന്നോ ഒക്കെ ചേര്‍ക്കാം.....അല്ലെങ്കില്‍ ഞാനൊരു കൊച്ചുകുട്ടിയായി പോകുന്നത് പോലെ............

  ReplyDelete
 45. ഇത് പ്രാവിനുള്ള മറുപടി ആണ്
  പ്രാവിന് വേദനിച്ചു .എന്നറിഞ്ഞു .എന്നാലും എന്റെ അഭിപ്രായം തുറന്നു പറയും .നല്ല ബ്ലോഗ്ഗുകളെ പ്രമോട്ട് ചെയ്യാറുണ്ട് ഞാന്‍ .പ്രാവിന്റെ കഴിഞ്ഞ പോസ്റ്റ് കുറെ ആളുകള്‍ക്ക് ഞാന്‍ ലിങ്ക് കൊടുത്തല്ലോ..പലരുടെയും കൊടുത്തിട്ടുമുണ്ട് .ഇത് എനിക്കിഷ്ട്ടയില്ല അത്ര തന്നെ. ഇനി ഇപ്പൊ എന്റെ വായനയുടെ കുഴപ്പം ആകാം.

  ReplyDelete
 46. വായിച്ചു പക്ഷെ നിക്ക് പുരാണത്തെ കുറിച്ച് ഒരു പിടിയും ഇല്ല അത് കൊണ്ട് ഒന്നും പറയാന്‍ ഇല്ല സിന്ധുപര്യന്താ യസ്യ ഭാരതഭൂമികാ
  : പുണ്യഭൂശ്ചൈവ സ വൈ ഹിന്ദുരീതി സ്മൃത:

  ReplyDelete
 47. നന്നായി, സീത. വായിക്കുന്നവരുടെ മനസ്സിലേക്കു നന്നായി ഇറങ്ങുന്നു എന്നതു തന്നെ വിജയം. നവവത്സരാശംസകള്‍.

  ReplyDelete
 48. സീതാമ്മേ, താങ്കള്‍ ഈ കഥയിലെ കഥാപാത്രങ്ങളെ കര്‍ണ്ണന്റെ സ്ഥാനത്ത് ഭരതനെയും ഭരതന്റെ സ്ഥാനത്ത് കര്‍ണ്ണനെയും മാറ്റിയിരുത്തി ഇമ്മട്ടില്‍ത്തന്നെ ഒന്നോ രണ്ടോ കഥേം കൂടി എഴുതണം. പഴയ ജോസിവാഗമറ്റം-ജോയ്സി-സി വി നിര്‍മ്മല സ്റ്റൈലില്‍. ഇവിടെ മൂന്ന് പ്രസിദ്ധീകരണം ഇല്ലാത്തതിനാല്‍ ഈ ബ്ലോഗില്‍ത്തന്നെ പരമ്പരയായ് ചെയ്താല്‍ മതി. പരസ്യവും വേണ്ടുവോളം ആകാം.

  എട്ടുകാലീന്റെ വായനാപരിജ്ഞാനം ഇമ്മാതിരി എഴുത്തുകാരുടെ സൃഷ്ടി വായിച്ചിട്ടേയുള്ളു, അല്ലാതെ പുരാണോം മതപുസ്തകോം ഒക്കെ ഈ മണ്ടേല് കയറൂല്ലാ ട്ടോ.
  *****
  കഥയുടെ തുടക്കം ഒരു സാമ്പിള്‍..

  "മട്ടിച്ചാറ് മണക്കണ് മണക്കണ്,
  മലങ്കാറ്റ് കുളിരണ് കുളിരണ്..”
  (മലങ്കാറ്റ് ഈസ് നോട്ട് സുരേഷ് ഗോപി പറയണ സാധനം, ഇറ്റ് ഇസ് mountain കാറ്റ്, മൌണ്ടന്‍ ടീ പോലെ)

  മകാരം മാത്യുവിനെ മനസ്സില്‍ മന്ത്രിച്ച് 'മ'സാലഗാനവും മൂളി വിരലുകള്‍ക്കിടയിലെ അവശേഷിച്ച് കുറ്റി ബീഡി ഒന്നു കൂടെ ആഞ്ഞ് വലിച്ച് ആകാശത്ത് വിട്ട പുകയെയും നോക്കി ഇനിയെന്തെന്ന മനസ്സിന്റെ പതിവു ഉത്തരമില്ലാ ചോദ്യങ്ങളെ നേരിട്ട് തുടങ്ങിയിരുന്നു ഭരതന്‍/കര്‍ണ്ണന്‍..

  ====
  ഇപ്പറഞ്ഞ പോലെ എഴുതൂ, (എന്നാലേ എട്ടുകാലിക്ക് ദഹിക്കൂ.)
  എന്നിട്ട് വായിക്കാം,
  എന്നിട്ട് കമന്റാം,
  എന്നിട്ട് വിമര്‍ശിക്കാം..
  എന്നിട്ട് അതിനൊരു നിരൂപണം എഴുതാം.
  (ലാസ്റ്റ് പറഞ്ഞത് താങ്കള്‍ എഴുതിത്തന്നാല്‍ മതി, ഞാന്‍ പ്രൊമോട്ട് ചെയ്യാം-എട്ടുകാലിയില്‍)

  ReplyDelete
 49. btw, ഈ സൃഷ്ടി വായിച്ചപ്പോള്‍

  01) അക്ഷരത്തെറ്റുകളുണ്ട്
  02) പദം കൂട്ടിയെഴുതുമ്പോള്‍ വാചകത്തിന്റെ തീവ്രത കുറയുന്നു - കഥയെഴുതുമ്പോള്‍ സ്വയം കഥാപാത്രമായ് മാറണം കഥാകൃത്ത്, അപ്പോള്‍ തിരിച്ചറിയാന്‍ പറ്റും.“ ന്താ ടീച്ചറെ, സുധാകര്‍ മനോരമോദയത്തിനെയൊന്നും വായിച്ചിട്ടില്ല എന്നുണ്ടോ??”
  03) ഡയലോഗ് പ്രസന്റേഷന്‍, ശേഷം വരുന്ന വിശദീകരണം, ചലനങ്ങള്‍-ഇതെല്ലാം ശ്രദ്ധിച്ചാല്‍ ആകര്‍ഷകമാക്കാനുണ്ട്.
  04) ധൃതിയെടുത്തതിന്റെ കയ്യൊപ്പ് പോസ്റ്റിലുണ്ട്.
  05) ഹെഡിംഗ് “തൂലികയെ അറിയിക്കാത്ത നൊമ്പരങ്ങള്‍” എന്നായിരുന്നെങ്കില്‍, അവസാനം ആത്മഗതമാകുന്ന വാക്യത്തിന് വേറിട്ട അര്‍ത്ഥതലങ്ങള്‍ ഉണ്ടാകുമോ? കവി അറിയാത്തതായിരിക്കാം. അല്ലെങ്കില്‍ അറിഞ്ഞിട്ടും അത് സ്വകാര്യമാക്കുന്നതാവാം, അവന്റെ അക്ഷരങ്ങളില്‍, പേനയില്‍ നിന്നു പോലും.. പുഞ്ചിരിയില്‍ എന്തും ഒളിപ്പിക്കാം, ഉവ്വോ..

  *********
  കഥ പുതിയ രീതിയില്‍ മാറ്റിയെഴുതൂ, എന്നിട്ട് വരാം, എട്ടുകാലിക്ക് മനസ്സിലാകുന്ന പോലെ വായിക്കാന്‍.

  എന്ന്
  എട്ടുകാലി
  ഒപ്പ്
  കുത്ത് (2)
  വര(1)

  ReplyDelete
 50. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ...' എന്ന് പറഞ്ഞപോലെയായി.ഏതെന്കിലും ഒരു സ്ത്രീ ബ്ലോഗര്‍ക്ക് നല്ല കമന്റ് കിട്ടിക്കൊണ്ടിരിക്കുന്നു എന്ന് തോന്നിയാല്‍ നാലു കല്ലെറിഞ്ഞു കഴിഞ്ഞേ ചിലര്‍ക്ക് ഉറക്കം വരുള്ളൂ .വിമര്‍ശനം ആളെ നന്നാക്കാന്‍ ആവാം,പരിഹസിക്കുന്നതിനാവരുതെന്നു നീലിക്കൊരു അപേക്ഷയുണ്ടായിരുന്നു.

  ReplyDelete
 51. സീത ..പുരാണങ്ങള്‍ കുറച്ചോക്കെ അറിയാം ,കുന്തി പുത്രനെ മറ്റൊരു വീക്ഷണ കോണില്‍ നിന്നും അവതരിപിച്ചത് വേറിട്ടൊരു വായന സമ്മാനിച്ചു !!

  ReplyDelete
 52. ശൈത്യം വരുത്തുന്ന രോഗങ്ങളുടെ ശ്വാസംമുട്ടലുകള്‍ ഇവിടെ എത്താന്‍ അല്പം വൈകിച്ചു .പൊറുക്കുക.മനസ്സറിഞ്ഞു വായിക്കാന്‍ കഴിഞ്ഞിട്ടില്ല,എന്നാലും നെറ്റിയിലെ തിളങ്ങുന്ന ആദിത്യ ചിഹ്നം കുന്തിക്ക് സൂര്യനില്‍ ജനിച്ച കര്‍ണനെ ക്കുറിച്ചെന്നു മനസ്സിലായി.കഥയായാലും കവിതയായാലും പുരാണങ്ങളുടെ ഭൂമിക ഒരിട കൈവിടാതെ എഴുതുന്ന ഈ മിടുക്ക് അഭിനന്ദനീയം.

  ReplyDelete
 53. sreee...നന്ദി ടീച്ചർ...സുഖല്ലേ...പോസ്റ്റ്സ് ഒന്നും കാണുന്നില്യാ..

  ചാണ്ടിച്ചായന്‍ ...അതെപ്പാ...ഞാൻ അറിഞ്ഞില്ലാർന്നുല്ലോ...ഫാവം കർണ്ണൻ...ഇതറിഞ്ഞാൽ ശ്ശോ... :(ഹ്ഹ്ഹ്ഹ്ഹ് അപ്പോ നന്ദീണ്ട് ട്ടോ

  ചന്തു നായർ...ശരി മാഷേ..

  കൊമ്പന്‍....നന്ദി സന്തോഷം

  മുകിൽ...നന്ദി ചേച്ചീ...സന്തോഷം

  എട്ടുകാലി....സീത മാറ്റിച്ചിന്തിക്കെണ്ടിയിരിക്കുന്നു അല്യേ 8കാലീ... ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്...റെഡി ആക്കീട്ട് അവിടെ കൊണ്ടന്ന് തരാം ട്ടാ...തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനു നന്ദി...സന്തോഷം ഈ വരവിനും

  നീലി...തെറ്റു ചെയ്യാത്തവർ കല്ലെറിയട്ടെ... :)സന്തോഷം നീലി

  faisalbabu ...നന്ദി സന്തോഷം

  Shahir K B... :)

  Mohammedkutty irimbiliyam...സാരല്യാ മാഷേ...ഇപ്പോ എങ്ങനുണ്ട്...നന്ദീം സന്തോഷോം ഉണ്ട് ട്ടോ

  ReplyDelete
 54. ഓപ്പോളേ...

  കര്‍ണ്ണന്‍ എക്കാലത്തെയും എന്റെ ഹീറോ ആയത് കൊണ്ടാവണം എനിക്ക് ഈ കഥയേറെ ഇഷ്ടമായി... എന്നാല്‍ കഥയുടെ മറ്റു സങ്കേതങ്ങള്‍ നോക്കിയാല്‍ കുറെ പോരായ്മകള്‍ കാണുന്നുമുണ്ട്... പതിവിന്‍ പടി ഈ കഥയിലും തലകെട്ട് പ്രശ്നമായി... കഥയെ ഉള്‍ക്കൊള്ളുന്ന പേരുകള്‍ തിരഞ്ഞെടുക്കണമെന്ന് മുന്‍പും ഒപ്പോളോട് ഞാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്... "തൂലിക" കൈവെടിഞ്ഞു എന്നും പറഞ്ഞു മടിച്ചിരിക്കരുത്... എഴുതി കഴിഞ്ഞു പലയാവര്‍ത്തി വായിക്കുമ്പോള്‍ തീര്‍ച്ചയായും നല്ലൊരു നാമം കിട്ടുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.. "ആനയെ വാങ്ങാം എന്നുണ്ടെങ്കില്‍ പിന്നെ തോട്ടി വാങ്ങാനാണോ കാശില്ലാത്തത്" എന്ന് പറഞ്ഞ മാതിരി. ഹ ഹ ഹ

  ഭരതനിലേക്കുള്ള ട്വിസ്റ്റ്‌ അപ്രതീക്ഷിതമായി സംഭവിച്ചപ്പോള്‍ അത് രസമായി തന്നെ തോന്നി. (ഇടയില്‍ എവിടെയോ അങ്ങ് എന്ന വിശേഷണം കാണാതെയല്ല. അപ്പോഴും ഒപ്പോളുടെ നേരിട്ടുള്ള കഥ പറച്ചില്‍ ആണെന്ന് തന്നെ കരുതി) പക്ഷെ ഭരതനെ ചേര്‍ക്കാതെ കൂടി കര്‍ണ്ണനില്‍ ഇനിയും concentration ചെയ്യാനുണ്ടായിരുന്നു എന്ന് തോന്നിപ്പോയി. ഇനി ഞാന്‍ ഉറങ്ങട്ടെ പോലുള്ള ഭാരതകഥകളില്‍ നല്ല പോലെ വിവരിച്ചിട്ടുള്ള കര്‍ണ്ണനെ അതില്‍ നിന്നൊക്കെ ഉപരി മറ്റൊരു തലത്തില്‍ എത്തിക്കാന്‍ ഒപ്പോള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മാത്രം ഞാന്‍ ആഗ്രഹിച്ചിരുന്നു വായിച്ചു തുടങ്ങിയപ്പോള്‍ . എന്നാലിവിടെ ഓപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞതും, എല്ലാവര്ക്കും അറിയാവുന്ന "കര്‍ണ്ണ"ഭാരങ്ങള്‍ മാത്രം വായനക്കാരന്റെ നെഞ്ചിലേക്ക് ഇറക്കി വെച്ചു. പുരാണങ്ങളില്‍ ഇത്രയും അറിവുള്ള ഒപ്പോളില്‍ നിന്നും പതിവ് ചിന്തകളില്‍ നിന്നും വേറിട്ട്‌ കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്.. അതാണ്‌..,.. ഒപ്പോള്‍ക്ക് അതിനാവും.. കൂടുതല്‍ ഹോം വര്‍ക്കോടെ കഥകള്‍ എഴുതൂ... അതായത് പാകമായത്തിനു ശേഷം വിളമ്പിയാല്‍ മതിയെന്ന്.. അതിനാ സ്വാദ്‌..,...

  കഥാപശ്ച്ചാത്തലം ആലേഖനം ചെയ്ത ചിത്രം ഉചിതമായിട്ടുണ്ട്...
  ഇനി മറ്റൊരു ഭാരതപര്യടനത്തിനായി കാത്തിരിക്കുന്നു...

  സ്നേഹപൂര്‍വ്വം
  ഒപ്പോളുടെ സ്വന്തം അനിയന്‍കുട്ടന്‍

  ReplyDelete
  Replies
  1. സന്തോഷം അനിയങ്കുട്ടാ...തെറ്റുകൾ തിരുത്തി അടുത്തതിൽ... :)

   Delete