Friday, December 28, 2012

മരിക്കാത്ത ഹൃദയം..വാഷ്ബേസിനു മുകളിലെ കണ്ണാടിയിൽ നോക്കി. പ്രേതമാണോ ഇത്?

കൈയ്യിലെ കറുത്ത രക്തം പറ്റിപ്പിടിച്ച ഗ്‍ളൌസ്സ് ഊരി വേസ്റ്റ് ബോക്സിൽ ഇട്ടു. ടാപ്പ് തിരിച്ച് വെള്ളം തുറന്നു വിട്ട് കൈകൾ നീട്ടിപ്പിടിച്ചു.

തണുത്ത വെള്ളം കൈകളിലൂടെ ഒഴുകിമറിഞ്ഞിട്ടും പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. തലയിലിട്ടിരുന്ന ക്യാപ്പും മുഖത്തെ മാസ്ക്കും അഴിച്ചു മാറ്റി. എന്തോ മായ്ച്ചു കളയാനെന്നവണ്ണം മുഖം അമർത്തിയമർത്തി കഴുകി. തലയുയർത്തിയപ്പോൾ നോട്ടം വീണ്ടും എത്തിനിന്നത് കണ്ണാടിയിലാണ്.

തനിക്ക് മരണത്തിന്റെ ഛായയുണ്ടോ..?

ശരീരത്തിന് മാംസം കരിയുന്ന മണമോ ചീഞ്ഞ മാംസത്തിന്റെ മണമോ ആണോ..?

“ഡോക്ടർ.....”

തിരിഞ്ഞു നോക്കി. കണ്ണുകളിലെന്തൊക്കെയോ ചോദ്യങ്ങളുമായി സിസ്റ്റർ.

“ഒപ്പിടാനുള്ള പേപ്പറുകൾ റൂമിലേക്ക് കൊണ്ടു വരൂ. ഒരു മണിക്കൂർ കഴിഞ്ഞ് ബോഡി റിലീസ് ചെയ്യാം”

“ഡോക്ടർ അതല്ല , ബോഡി ഏറ്റുവാങ്ങാൻ ആരും വന്നിട്ടില്ല. നമ്മളിനി എന്തു ചെയ്യും.”

നെഞ്ചിനുള്ളിലെവിടെയോ എന്തോ പൊട്ടിത്തകരുന്നു.

“കുറച്ചുകൂടി വെയിറ്റ് ചെയ്യാം. അതിനനുസരിച്ച് ഫോർമലിൻ യൂസ് ചെയ്യു. ചിലപ്പോ ആരേലും വന്നാലോ?”

“ശരി ഡോക്ടർ.. പേപ്പറുകൾ റൂമിലെത്തിച്ചേക്കാം..”

തൂവാലയിൽ മുഖം തുടച്ച് കണ്ണാടി വാതിൽ തുറന്ന് ഇടനാഴിയിലൂടെ മുറിയിലേക്ക് നടന്നു. കാലുകൾക്ക് പതിവിൽക്കൂടുതൽ ഭാരം. വലിച്ചിഴയ്ക്കേണ്ടി വരുന്നു.

കാഴ്ചകളിലിപ്പോൾ ഓടി മറയുന്നത് നിറം വാർന്ന ചുമരുകളുടെ ചിത്രങ്ങളല്ല.

പിന്നിലേക്ക്... വളരെ പിന്നിലേക്ക്..

അലറിപ്പാഞ്ഞുപോകുന്ന തീവണ്ടിയുടെ ഒച്ച ഇപ്പോഴും കാതടപ്പിക്കുന്നു. കൈകളറിയാതെ ചെവി പൊത്തി.

ചൂളം വിളിച്ച് പായുന്ന വണ്ടിയുടെ വേഗതയിൽ തെറിച്ചു പോയ പഴം പായ്. അതിനടിയിൽ ഛിന്നഭിന്നമായ രണ്ട് ശവശരീരങ്ങൾ. ഒരു സ്ത്രീയും പുരുഷനും. മരണത്തിലും വേർപിരിയില്ലെന്നു ദൃഢനിശ്ചയമെടുത്തതുപോലെ അവരുടെ കൈകൾ അപ്പോഴും കൂട്ടിപ്പിടിച്ചിരുന്നു.

തൊട്ടടുത്ത്, മുന്നിൽക്കാണുന്ന കാഴ്ച സത്യമോ മിഥ്യയോ എന്ന അന്ധാളിപ്പിൽ ശവങ്ങളിലേക്ക് കണ്ണുംനട്ടിരുന്നൊരു നാലു വയസ്സുകാരൻ. നിർവ്വികാരത തളംകെട്ടിയ മുഖത്തെ കവിൾത്തടങ്ങൾ പൊള്ളിച്ചൊഴുകിയ കണ്ണുനീരിന്റെ ചൂട് ഇപ്പോഴും അറിയുന്നുണ്ട്. മനസ്സിലിപ്പോഴും മറവിയുടെ മാറാലകെട്ടാതെ ആ ചിത്രമുണ്ട്.

ശവങ്ങളോടുള്ള ആ മനോഭാവത്തിനു പിന്നീടൊരിക്കലും മാറ്റം വന്നിട്ടില്ല. കണ്ണിനു മുന്നിൽ വീണ്ടും എത്രയോ ശവങ്ങൾ വന്നു പോയിരിക്കുന്നു. ജീവന്‍റെ ചൂടു നഷ്ടപ്പെടാത്തവ മുതല്‍ പുഴുവരിച്ച് മാംസക്കഷ്ണങ്ങള്‍ പൊഴിയുന്നവ വരെ.

“നിങ്ങളൊക്കെ മനുഷ്യരാണോ? കാഴ്ച കണ്ടുനിൽക്കാൻ നാണമില്ലേ നിങ്ങൾക്ക്? ആ കുഞ്ഞിനെ അവിടുന്നൊന്ന് മാറ്റാനോ സാന്ത്വനിപ്പിക്കാനോ ആർക്കും കഴിയുന്നില്ലല്ലോ.. കഷ്ടം ”

ഓടിക്കൂടിയ ആൾക്കൂട്ടത്തിനിടയിലെ വേറിട്ട ശബ്ദം തിരിച്ചറിഞ്ഞിട്ടും തല കുമ്പിട്ടു തന്നെയിരിക്കാനാണ് തോന്നിയത്.

“വാ മോനെ.. എണീക്കൂ..”

ചുമലിൽ പതിയുന്ന ആശ്വാസത്തിന്റെ തണുത്ത കരങ്ങൾ.

ആ വിരൽത്തുമ്പിൽ പിടിച്ചു നടക്കുമ്പോൾ മുന്നോട്ടുള്ള പാതയെങ്ങോട്ടാണെന്ന് തിരക്കിയില്ല. മുന്നിൽ കാറ്റിലുലയുന്ന കർത്താവിന്റെ മണവാട്ടിക്കുപ്പായം നോക്കി നടന്നു.

അവിടെ ജീവിതം വഴിതിരിയുകയായിരുന്നുവെന്ന് തിരിച്ചറിയാനുള്ള പക്വതയൊന്നും ആ കുരുന്നു മനസ്സിനില്ലായിരുന്നു.

പുതിയൊരു ലോകമായിരുന്നു മുന്നിൽ തുറന്നത്. പ്രായലിംഗഭേദമന്യേ ഒരുപാട് കൂട്ടുകാർ.. ഓടിക്കളിക്കാൻ വിശാലമായ മൈതാനം. അക്ഷരത്തിന്റെയും അറിവിന്റേയും ലോകം മലര്‍ക്കെ തുറന്ന് വിദ്യാലയാന്തരീക്ഷം. എല്ലാത്തിനും തണലും സാന്ത്വനവുമായി കുറേ നല്ല മനസ്സുള്ള കർത്താവിന്റെ മണവാട്ടിമാരും. മനുഷ്യന്റെ നോവാറ്റാൻ ഭൂമിയിലേക്കയയ്ക്കപ്പെട്ട മാലാഖമാർ.

അതൊരു അനാഥാലയമാണെന്നൊരിക്കലും തോന്നിയില്ല.

പുതിയ പേരും പുതിയ രൂപവുമായി അവിടെ കുറേ നല്ല നാളുകൾ. പഠിക്കാനുള്ള മിടുക്ക് കണ്ടിട്ടാകും സെമിനാരിയിലെ തലമുതിർന്ന അധികാരികൾ  മേൽനോട്ടം ഏറ്റെടുക്കുകയായിരുന്നു. അക്ഷരങ്ങളോട് പടവെട്ടി പിന്നെ കുറച്ചു കാലം.

ഓർമ്മകൾ കെട്ടുപിണഞ്ഞ മനസ്സുമായി നടന്ന് മുറിയെത്തിയതറിഞ്ഞില്ല.

അകത്തു കയറി ലൈറ്റും ഏസിയും ഓൺ ചെയ്തു. മേശപ്പുറത്തിരുന്ന ഫ്‌ളാസ്കിൽ നിന്നും ചായ പകർന്നെടുത്ത് കസേരയിലമർന്നു.

മനസ്സ് നൂലറ്റപ്പട്ടം പോലെ പാറിപ്പറന്നു.

എപ്പോഴായിരുന്നു മഞ്ഞുതുള്ളിയുടെ നൈർമ്മല്യമായി അവൾ മനസ്സിലേക്ക് കടന്നു വന്നത്?

കലാലയത്തിന്റെ ഏതോ ഇടനാഴികളിൽ വച്ചാകണം അവളൊരു കൌതുകമായത്. ചുറ്റിലും എല്ലാവരും ഉള്ളപ്പോഴും അവൾ ഒറ്റയ്ക്കാണെന്ന് തിരിച്ചറിയാനായത് അനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കണം.

കഥകളും കവിതകളുമെഴുതുന്ന ഒരു നീലക്കണ്ണുള്ള പെൺകുട്ടി. സൌഹൃദത്തിന്റെ വാതിൽ തുറക്കാൻ അധികം താമസമൊന്നും ഉണ്ടായില്ല. വിചാരിച്ചതിലും വേഗത്തിലവൾ ഹൃദയത്തിലേക്ക് കടന്നുവന്നു.

അവളുടെ കൈപിടിച്ച് നാട്ടുവഴിയിലൂടെയും പാടവരമ്പിലൂടെയും നടക്കുമ്പോൾ സ്വയം ഒരു രാജകുമാരനാണെന്ന് തോന്നിപ്പിച്ചു മനസ്സ്.

പരസ്പരം പങ്കു വയ്ക്കാത്ത വിഷയങ്ങളൊന്നുമില്ലായിരുന്നു. സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ചർച്ച ചെയ്തു. പിന്നെപ്പോഴോ സ്വകാര്യതകളും. ഒറ്റപ്പെടലിന്റെ വേദനകളുമായി അവൾ മനസ്സു തുറന്നപ്പോൾ ഒരു ചെറിയ മറയിട്ട് താനും എന്തൊക്കെയോ പറഞ്ഞു. കൂടുതലൊന്നും അവൾ ചോദിക്കാതിരുന്നത് ഭാഗ്യമായെന്ന് പിന്നീട് മനസ്സ് ആശ്വസിപ്പിച്ചു.

വളരെ സൂക്ഷിച്ച് ശ്രദ്ധിച്ച് സംസാരിച്ചിട്ടും തന്റെ വാക്കുകൾക്ക് അർത്ഥം തെറ്റിയോ. അവളിൽ പ്രതീക്ഷയുടെ വിത്ത് വിതയ്ക്കാൻ മാത്രം പോരുന്നൊരു തെറ്റ്?

എൻ‌ട്രൻസ് എന്ന കടമ്പ അപ്രതീക്ഷിതമായി കടന്നു കിട്ടിയപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു. ആതുരശുശ്രൂഷ ഒരു അവകാശം പോലെ ചിന്തകളിൽ വേരുറച്ചു പോയിരുന്നു.

വേർപിരിയലിന്റെ നിമിഷങ്ങളിൽ ഇരുണ്ട ഇടനാഴികളിലാ ശബ്ദം ചിലമ്പലോടെ വീണുടഞ്ഞതിപ്പോഴും കാതിലുണ്ട്.

“എന്നെ ഞാനാക്കിയത് നീയാണ്. ഞാൻ .... ഞാൻ കാത്തിരുന്നോട്ടെ..., ഈ ലോകത്ത് എനിക്കുള്ള ഏക അവകാശിയാണ് നീയെന്ന വിശ്വാസത്തിൽ ?”

മുറിഞ്ഞുപോയ ശബ്ദശകലങ്ങൾക്ക് കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.

മൌനം ബാക്കിയാക്കിയ വഴികളിലൂടെ നടക്കുമ്പോൾ പിന്നിലവളുടെ പ്രതീക്ഷ നിറഞ്ഞ ചോദ്യം അലിഞ്ഞലിഞ്ഞലിഞ്ഞില്ലാതാകുന്നതറിഞ്ഞിരുന്നു.

“ഡോക്ടർ...”

ഞെട്ടി കണ്ണു തുറന്നു. മേശപ്പുറത്തിരുന്ന ചായയ്ക്കപ്പോൾ ശവത്തിന്റെ തണുപ്പായിരുന്നു.

മുന്നിലേക്ക് വച്ച പേപ്പറുകളിലൂടെ കണ്ണോടിച്ചു.

ആക്സിഡന്റാണ്. മരണകാരണം തലയ്ക്കേറ്റ മാരകമായ ക്ഷതം. ബ്രയിൻ ഡെത്ത്. കുത്തിക്കീറുമ്പോൾ ഹൃദയം മരിച്ചിരുന്നില്ല. തലച്ചോറോ ഹൃദയമോ ഏതെങ്കിലും ഒന്നേ ആദ്യം മരിക്കുവെന്ന് സീനിയർ ഡോക്ടർ പണ്ടെങ്ങോ പറഞ്ഞതോർത്തു.

ഒപ്പിടേണ്ട ഔപചാരികതകൾ പൂർത്തിയാക്കി അവ തിരിച്ചേൽ‌പ്പിച്ചെഴുന്നേറ്റു.

“കോർട്ടേഴ്സിലേക്ക് പോവുകയാണ്. എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കു.”

“ശരി ഡോക്ടർ”

ഭയഭക്തിബഹുമാനങ്ങളോടെ ഒഴിഞ്ഞു നിന്ന അവളെ മറികടന്ന് നടന്നു.

പോർച്ചിൽ നിന്നും കാറെടുത്ത് കോർട്ടേഴ്സിലേക്ക്.

അകത്ത് കാർ പാർക്ക് ചെയ്ത് വീടിനുള്ളിലേക്ക് കയറാൻ തുടങ്ങിയതായിരുന്നു. വിലങ്ങിട്ടതുപോലെ കാലുകൾ പെട്ടെന്ന് നിശ്ചലമായി. പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ഒരു നിമിഷത്തെ മാനസ്സികസങ്കർഷത്തിനു വിരാമമിട്ട് തിരിഞ്ഞു നടന്നു.

ഗേറ്റിൽ തൂക്കിയിട്ടിരിക്കുന്ന ലെറ്റർബോക്സായിരുന്നു ലക്ഷ്യം.

വിറയ്ക്കുന്ന കരങ്ങളോടെ തുറന്നു. കുറേയേറെ കത്തുകൾ. പലതും ജേർണലുകളാണ്. പിന്നെ സമ്മേളനങ്ങളറിയിച്ചുകൊണ്ടുള്ളവയും. ഇന്റർനെറ്റിന്റെ വിശാല ലോകം തുറന്നതിനു ശേഷം ഇങ്ങനെയുള്ളവ മാത്രമാണു ലെറ്റർബോക്സിൽ വന്നു വീഴുക.

പക്ഷേ,

തന്റെ ലെറ്റർബോക്സിനെ അർത്ഥവത്താക്കാൻ മുറതെറ്റാതെ വരുന്ന ചില കത്തുകൾ. കണ്ണുകൾ പരതിയത് അതിനായിരുന്നു. അസ്ഥാനത്തായില്ല. വടിവൊത്ത കയ്യക്ഷരങ്ങൾ ചാരുതയിറ്റിച്ചൊരു കത്ത് തന്നെ നോക്കി പുഞ്ചിരിക്കുന്നു.

നഷ്ടപ്പെട്ടുപോകുമോയെന്ന ഭയത്തോടെ അതിനെ നെഞ്ചോട് ചേർത്തുപിടിച്ചു നടന്നു. മറ്റുള്ളവയെല്ലാം വഴിയിലൂർന്നൊലിച്ചു പോയതറിഞ്ഞില്ല.

വാതിൽ തുറന്നതും അടച്ചതുമെല്ലാം യാന്ത്രികമായിട്ടായിരുന്നു. ബെഡ്‌റൂമായിരുന്നു ലക്ഷ്യം.

ചുമരിൽ പതിപ്പിച്ച അലമാരയിൽ നിന്നൊരു പെട്ടിയെടുത്തു. 

കണ്ണുകളിറുകെപ്പിടിച്ച് തുറന്നു. ഒരു നിമിഷം കഴിഞ്ഞാണതിലേക്ക് നോക്കിയത്. അതേ വടിവൊത്ത കയ്യക്ഷരത്തിലെഴുതിയ കുറേ കത്തുകൾ.

പെട്ടി അങ്ങനെതന്നെ കിടക്കയിൽ തട്ടി. പറന്നു വീഴുന്ന കത്തുകൾ. എല്ലാം അവളുടെ ചിരിക്കുന്ന മുഖങ്ങൾ. ഒന്നിനും കണ്ണുനീരിന്റെ നനവില്ല.. പരാതിയോ പരിഭവമോ ഇല്ല. ഓർമ്മകളുടെ ഓർമ്മപ്പെടുത്തലുകൾ മാത്രം...

സുഗന്ധമുള്ള ഓർമ്മകൾ.....

കാലത്തിനു മായ്ച്ചുകളയാനാകാതെ ചിതറിപ്പോയ രണ്ടു ശരീരങ്ങളുടെ ചിത്രം മനസ്സിൽ ബാക്കി നിന്നതുകൊണ്ടാവണം ശരീരാവയവങ്ങൾ കീറിമുറിച്ച് തുന്നിക്കെട്ടുന്ന സർജനാകാനായിരുന്നു ആഗ്രഹിച്ചത്, മെഡിസിനു ശേഷം. വലിയ അദ്ധ്വാനമൊന്നും ഇല്ലാതെ തന്നെ അവിടെത്തിപ്പെടുകയും ചെയ്തു.

സെമിനാരി വക ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുമ്പോഴായിരുന്നു വിദേശത്തേക്കൊരു ചാൻസ് കിട്ടുന്നത്. മെത്രാനച്ചന്റെ ശുപാർശ ഫലം ചെയ്തു. അധികം വൈകാതെ കടല്‍ കടന്നു പറക്കാനുമായി.

ആരോഗ്യമന്ത്രാലയത്തിന്‍ കീഴില്‍ ജോലി. ഉയർന്ന ശമ്പളം. സ്വപ്നങ്ങൾ മരവിച്ച മനസ്സിൽ പുതുമഴ പെയ്യുകയായിരുന്നു.

പക്ഷേ കെട്ടിപ്പൊക്കിയ ചിന്തകൾ ചില്ലുകൊട്ടാരം പോലെ ആദ്യത്തെ ദിവസം തന്നെ തകർന്നടിഞ്ഞു.

ഫോറൻസിക് ഡിപ്പാർട്ടുമെന്റിലേക്കായിരുന്നു പോസ്റ്റിംഗ്. എതിർക്കാനാകില്ലല്ലോ. വന്നുപെട്ടു പോയില്ലേ. അല്ലെങ്കിലും അനുഭവങ്ങളുടെ കരുത്ത് മുതൽക്കൂട്ടായുള്ളപ്പോൾ പേടിക്കുന്നതെന്തിനെന്ന് സ്വയം ധൈര്യം കണ്ടെത്തി.

ആദ്യമാദ്യം എല്ലാം നോക്കിക്കണ്ടു പഠിക്കുകയായിരുന്നെങ്കിലും അധികം വൈകാതെ ജീവനില്ലാത്ത ശരീരങ്ങള്‍ വെട്ടിക്കീറി മരണകാരണം കണ്ടുപിടിക്കാനും കണ്ണുകള്‍ കുത്തിപ്പൊളിച്ച് ലെന്‍സിനും റെറ്റിനയ്ക്കും ഇടയ്ക്കുള്ള വിട്രസ്സ് ദ്രവത്തില്‍ അടിഞ്ഞിട്ടുള്ള ഗ്‍ളുക്കോസ്സിന്‍റെ തോതളന്ന് മരണ സമയം നിര്‍വ്വചിക്കാനും താനും പ്രാഗത്ഭ്യം കാണിച്ചു.

നീണ്ട പത്തു വര്‍ഷത്തെ പ്രവാസം. മനസ്സ് മരവിക്കുകയായിരുന്നു. കണ്ടത് പലതും കണ്ടില്ലെന്ന് പറയാന്‍ കന്യാസ്ത്രീകള്‍ വളര്‍ത്തിയ തനിക്കാകില്ലായിരുന്നു. പക്ഷേ, നാളുകള്‍ക്കു ശേഷം അതേ മനസ്സ് തന്നെ തെരുവോരത്തു നിന്നും കിട്ടിയ സ്ത്രീയുടെ ജഡത്തിന്‍റെ ഉദരത്തില്‍ കണ്ട കുഞ്ഞ് അസ്ഥികൂടം കണ്ടില്ലെന്നു ഒരു ജാള്യവും കൂടാതെ എഴുതിപ്പിടിപ്പിച്ചു.

മരണമെന്ന സത്യത്തെ ഉള്‍ക്കൊള്ളുകയായിരുന്നു ചിന്തകള്‍ . ഒരു ലഹളയ്ക്കൊടുവില്‍ മോര്‍ച്ചറിക്കിടക്കയിലൊരുപോലെ എത്തിയ്ക്കപ്പെട്ട സുരക്ഷാ ഭടന്മാരുടേയും തീവ്രവാദികളുടേയും ശരീരം കണ്ടപ്പോള്‍ മരണം മനുഷ്യരെ തുല്യരാക്കുന്നു എന്ന മഹത് തത്വത്തിന്‍റെ അര്‍ഥം ഗ്രഹിക്കുകയായിരുന്നു.

“പോലീസും തീവ്രവാദിയും ധീരന്മാരാണ്. കണ്ടോ, നെഞ്ചിലാണെല്ലാ വെടിയുണ്ടകളും തുളഞ്ഞു കയറിയിരിക്കുന്നത്.”

കൂടെ നിന്ന സഹപ്രവര്‍ത്തകയുടെ കമെന്‍റ് ശ്രദ്ധിച്ചിരുന്നെങ്കിലും പ്രതികരിക്കാനാകാത്ത വിധം മനസ്സ് മരവിച്ചു പോയിരുന്നു.

ജീവസ്സുറ്റനാമ്പുകള്‍ കിളിര്‍ക്കാതെ മരുഭൂവായ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച് അവിടേയും എത്തിയിരുന്നു അവളുടെ കത്തുകള്‍. സെമിനാരിയില്‍ നിന്നും അഡ്രസ്സ് തപ്പിപ്പിടിച്ചായിരിക്കണം അവളങ്ങോട്ടെഴുതിത്തുടങ്ങിയത്. കടല്‍കടന്നെത്തുന്ന ആ സന്ദേശങ്ങള്‍ക്ക് നാടിന്‍റെ മണമായിരുന്നു, പുതുമഴയുടേയും.

മറുപടി അവള്‍ പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. അവളുടെ കത്തുകള്‍ കാത്തിരുന്ന് ആര്‍ത്തിപിടിച്ച് നൂറുവട്ടം വായിക്കുമായിരുന്നെങ്കിലും തിരിച്ചൊന്നും എഴുതിയിരുന്നില്ല. വെറുതേ അവള്‍ക്ക് മോഹം കൊടുക്കരുതെന്ന് ഉള്ളിന്‍റെയുള്ളിലിരുന്നാരോ വിലക്കിയിരുന്നു.

കത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല അവഗണിക്കുകയാണെന്ന് അവള്‍ക്ക് തോന്നുന്നതെല്ലാം ചെയ്തു മനഃപ്പൂര്‍വ്വമെന്ന വണ്ണം.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോള്‍ അവളെയൊന്നു കാണാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ വികാരവിചാരവിവേകങ്ങളെ ഒരിക്കലും തുറക്കാത്ത താഴിട്ട് പൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ ആ മോഹവും ഏതോ കോണില്‍ എരിഞ്ഞടങ്ങി.

പള്ളിവക ആശുപത്രിയില്‍ സേവനം ആരംഭിച്ചു. വീണ്ടും ശവങ്ങളുടെ ഘോഷയാത്രകള്‍ കണ്‍മുന്നിലൂടെ കടന്നു പോയി.

രാഷ്ട്രീയത്തിന്‍റേയും മതത്തിന്‍റേയും പേരില്‍ തെരുവോരങ്ങളില്‍ കുത്തിക്കീറപ്പെടുന്നവര്‍ തൊട്ട് ബാല്യത്തിന്‍റെ നിഷ്കളങ്കത മാറും മുമ്പെ കാമവെറിയന്മാരുടെ കൈകളാല്‍ പിച്ചിച്ചീന്തപ്പെട്ട കുരുന്നുകള്‍ വരെ വന്നു പോയി.

ആദ്യമൊക്കെ എന്തിനു ഏതിനു എന്നൊക്കെ ശബ്ദമുയര്‍ത്തിയിരുന്ന മനസ്സും ചിന്തകളും ക്രമേണ ചോദ്യങ്ങള്‍ ചോദിക്കാതെയായി. വീണ്ടും നിസ്സംഗത കൂട്ടിനെത്തി.

കുത്തിക്കെട്ടിയ ശരീരങ്ങളേറ്റു വാങ്ങാന്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവരും അവരുടെ കണ്ണുനീരും തുടക്കത്തില്‍ നോവു പടര്‍ത്തിയിരുന്നെങ്കിലും പിന്നതും വെറും കാഴ്ച മാത്രമായി മാറി.

എല്ലാറ്റിനും ഒടുവില്‍ ശാന്തി കിട്ടിയിരുന്നത് വീട്ടിലെത്തി അവളുടെ കത്തുകളിലൂടെ കടന്നു പോകുമ്പോഴാണ്.

കിടക്കയില്‍ വിതറിയിട്ട കത്തുകള്‍ തന്നോട് സംസാരിക്കുന്നുണ്ടോ..?

എവിടെ? ഇന്നത്തെ കത്തെവിടെ?

മേശപ്പുറത്തിരുന്ന പൊട്ടിക്കാത്ത കത്തെടുക്കുമ്പോള്‍ തനിക്ക് കാറ്റിന്‍റെ വേഗതയായിരുന്നോ..?

കത്ത് പൊട്ടിക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.. സാഹിത്യം ചിലങ്ക കെട്ടിച്ച വാക്കുകള്‍ .

“................നീയെന്നെ ഓരോ തവണ അവഗണിക്കുമ്പോഴും ഞാന്‍ നിന്നിലേക്ക് കൂടുതല്‍ കൂടുതലടുക്കുകയാണെന്ന് നീയെന്തേ അറിഞ്ഞില്ല? എന്‍റെ ഓര്‍മ്മകളില്‍ നിന്നും നീ നിന്നെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു. ഇതാ ഈ ഹൃദയത്തില്‍ നീയുണ്ട്. കാലത്തിന്‍റെ കുത്തൊഴുക്കിലൊലിച്ചു പോകാതെ നിന്‍റെ രൂപം കൊത്തിവച്ചിട്ടുണ്ട്. മായ്ച്ചു കളയാനാകുമോ നിനക്കത്?അതിനു നിനക്കെന്‍റെ ഹൃദയം കുത്തിക്കീറേണ്ടി വരും..........”

പതിവിനു വിരുദ്ധമായി കണ്ണുനീരില്‍ക്കുതിര്‍ന്ന വരികള്‍ ...

കണ്ണുകളറിയാതെ നിറഞ്ഞു കവിഞ്ഞു.

എന്ത് ...തനിക്കും കരയാനറിയാമോ..?

അവസാന വരികളില്‍ കണ്ണുടക്കി നിന്നു... “ ഞാന്‍ വരികയാണ് നിനക്കരികിലേക്ക്....കഴിയുമെങ്കില്‍ നീയെന്നെ മറന്നുകൊള്ളൂ എന്ന വെല്ലുവിളിയോടെ...എന്ന് നിന്‍റെ സ്വന്തം.......”

തല പെരുക്കുന്നു. വീഴുമെന്ന് തോന്നിയപ്പോള്‍ കസേരയില്‍ പിടിച്ച് ഇരുന്നു. മേശയില്‍ മുഖമമര്‍ത്തിക്കിടന്നു.

എത്രനേരം കടന്നു പോയെന്നറിയില്ല. മനസ്സൊരു തീരുമാനത്തിലെത്തിയിരിക്കുന്നു.

വെളുത്തൊരു കടലാസ്സ് നിവര്‍ത്തി വച്ച് എഴുതിത്തുടങ്ങി....

“എന്‍റെ പ്രിയപ്പെട്ടവള്‍ക്ക്.....നിന്നെ അകറ്റി അകറ്റി ഞാന്‍ നെഞ്ചോട് ചേര്‍ക്കുകയായിരുന്നെന്ന് നീ അറിയാതെ പോയല്ലോ... നിന്‍റെ ഓര്‍മ്മകളിലുള്ള എന്‍റെ ചിത്രത്തിനുമേല്‍ മഞ്ഞുപാളികള്‍ വീണുറഞ്ഞിരിക്കുന്നു. പക്ഷേ നിന്‍റെ ഹൃദയത്തിനുള്ളില്‍ ഞാന്‍ എന്നെക്കണ്ടു.... ഇത്രനാളും കാണാതിരുന്ന എന്നെ... നന്ദി സഖീ എന്നെ കാത്തുവച്ചതിന്...”

എഴുതിപൂര്‍ത്തിയാക്കിയ കത്ത് മേശപ്പുറത്തു വച്ച് കിടക്കയിലേക്ക് മറിഞ്ഞു. മൊബൈല്‍ റിംഗ് ചെയ്തപ്പോഴാണ് ഉണര്‍ന്നത്.

“ഉം.. വരാം.” കോള്‍ അറ്റന്‍ഡ് ചെയ്ത് മറുപടി പറഞ്ഞ് വച്ചു.

മോര്‍ച്ചറിക്കുമുന്നിലെത്തുമ്പോള്‍ പതിവിനു വിപരീതമായി ശൂന്യതയായിരുന്നു.

“ഡോക്ടര്‍.. അത്...” കണ്ടതും സിസ്റ്റര്‍ ഓടിവന്ന് എന്തോ പറയാനൊരുങ്ങി. ഒന്നിനും ചെവികൊടുക്കാതെ ഓഫീസ് മുറിയിലേക്ക് നടന്നു.

അവിടെ നിരത്തി വച്ച പേപ്പറുകളിലൊന്നില്‍ റിസീവ്ഡ് എന്നെഴുതി ഒപ്പിട്ടു.

ആംബുലന്‍സ് ഡ്രൈവറെ വിളിച്ച് തന്‍റെ വണ്ടിയെ അനുഗമിക്കാന്‍ പറഞ്ഞിറങ്ങുമ്പോള്‍ സിസ്റ്ററിന്‍റെ ആകാംഷ നിറഞ്ഞ ചോദ്യം കേട്ടു.

“ഇത് ഡോക്ടറുടെ.....”

“എന്‍റെ.....” ഒന്നു നിറുത്തി ഒരു ഗദ്ഗദത്തോടെ തുടര്‍ന്നു.

“എന്‍റെയാണ്....”

“ എന്‍റെ മാത്രം ”

പടിയിറങ്ങുമ്പോള്‍ കണ്ണടയെടുത്ത് ധരിച്ചു. നിറഞ്ഞ കണ്ണുകളാരും കാണാതിരിക്കട്ടെ.

                                                           *********************

ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ 

“എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് നന്മയുടേയും ഐശ്വര്യത്തിന്‍റേയും മനസ്സു നിറഞ്ഞ പുതുവത്സരാശംസകള്‍ ..”

Wednesday, December 19, 2012

പുനർജ്ജനിയുടെ കൂട്ടില്‍ .....“മെല്ലെ...മെല്ലെപ്പോകൂ സഖീ.. നിനക്കൊപ്പമെത്താന്‍ എനിക്കു സാധിക്കുന്നില്ല.. വഴിയിലെ തടസ്സങ്ങളില്‍ തട്ടി, ഞാന്‍ ചിലപ്പോ വീണുപോയേക്കും”

മുട്ടുമടക്കി അവളവിടെ ഇരുന്നു. ആ കൈകൾ പിടിച്ച് മുന്നിൽ നടക്കുകയായിരുന്ന കൊച്ചു സുന്ദരി പുഞ്ചിരിയോടെ തിരിഞ്ഞു.

“ഇതാ നമ്മളെത്തിക്കഴിഞ്ഞു സ്വപ്നങ്ങളുടെ പറുദീസയിൽ... നോക്കു ഗുൽമോഹറുകൾ പൂത്തു നില്ക്കുന്നത്..”

“എനിക്കൊന്നും കാണാനാകുന്നില്ലല്ലോ ആര്‍ട്ടിമിസ്സ്.. വേര്‍തിരിച്ചറിയാനാകാത്ത സുഗന്ധങ്ങളുടെ നിറസാന്നിദ്ധ്യം മനസിലാക്കാമെന്നല്ലാതെ..”

“നിന്‍റെ കാഴ്ച ഞാനല്ലേ അനാമികേ... എന്നിലൂടെ നീയീ സ്വര്‍ഗ്ഗഭൂമിയെ തിരിച്ചറിയുക..”

വർണ്ണാനാതീതമായ ഒളിമ്പസ് എന്ന സ്വർഗ്ഗീയഭൂമിയുടെ സൌന്ദര്യം ആർട്ടിമിസ്സിലൂടെ അവൾ അനുഭവിച്ചറിഞ്ഞു..

വനദേവതമാരുടെ കരലാളനയിൽ പൂത്തുലഞ്ഞ സുവർണ്ണപാരിജാതങ്ങളുടെ ഉദ്യാനങ്ങൾ.. രാജഹംസങ്ങൾ നീന്തിത്തുടിക്കുന്ന നീർച്ചോലകൾ..സ്നേഹത്തിന്റെ പൂമെത്തയൊരുക്കി വഴിത്താരകൾ തീർത്തിരിക്കുന്ന ചുവപ്പും നീലയും നിറമുള്ള ഗുൽമോഹറുകൾ.. നമ്രശിരസ്കരായി എളിമയുടെ സന്ദേശം വാഴ്ത്തി തണൽ പരത്തി നിരയൊത്ത ഒലീവു മരങ്ങൾ.. ആർട്ടിമിസ്സിന്റെ പ്രിയവൃക്ഷം എന്ന അഹന്തയിൽ തല ഉയർത്തി നിൽക്കുന്ന സൈപ്രസ്സ് മരങ്ങൾ..

അനിർവ്വചനീയ ലാവണ്യത്തിൽ തുള്ളിത്തുളുമ്പി അവർക്കു മുന്നിൽ ഒളിമ്പസ് നീണ്ടു നിവർന്നു കിടന്നു.

ആ ഗിരിനിരകളുടെ താഴ്വാരത്തിൽ പതിവുപോലെ അവർ ഇരുന്നു.

“ആർട്ടിമിസ്സ് നിനക്കെന്റെ അമ്മയാകാമോ.. നീ അരികിലെത്തുമ്പോൾ മുലപ്പാലിന്റെ മണം..” ആ ശബ്ദം ചിലമ്പിച്ചിരുന്നു.

അവൾ കരയാൻ തുടങ്ങുകയായിരുന്നോ..?

“ഭൂമിയിലെ അവിശുദ്ധിയുടെ കാഴ്ചകള്‍ കൊണ്ടു പോലും കളങ്കപ്പെടാത്ത, തുമ്പപ്പൂവിന്‍റെ പരിശുദ്ധിയുള്ള നീ എനിക്ക് മകളേക്കാള്‍ പ്രിയപ്പെട്ടവളാണ്..”

പനിനീരിന്റെ മണവും ചെമ്പകപ്പൂവിന്റെ നിറവും സ്വർണ്ണമുടിയിഴകളുമുള്ള ആർട്ടിമിസ്സ് അവളെ മാറോടു ചേർത്തു പിടിച്ചു.

പ്രകാശം നഷ്ടപ്പെട്ട നീലക്കണ്ണുകള്‍ ഇമചിമ്മാതെ പിടിച്ചവള്‍ ചോദിച്ചു.. “എന്നിട്ടും എന്‍റെ പേരു നീ അന്വേഷിച്ചില്ലല്ലോ സഖീ...?”

“നിന്നെ എനിക്ക് അനാമിക എന്നു വിളിക്കാനാണിഷ്ടം..”

അമ്മയുടെ മാറിലേക്കെന്നപോലെ അവൾ ആർട്ടിമിസ്സിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു..

“നിനക്ക് ഞാൻ കഥകൾ പറഞ്ഞുതരാം.. മനുഷ്യനെത്തിച്ചേരാത്ത ദേവനഗരങ്ങളിലെ കഥകൾ...”

അവളെ മടിയിൽ കിടത്തി, കുഞ്ഞിക്കണ്ണുകളിൽ ഇറ്റുവീഴാൻ നിൽക്കുന്ന കണ്ണുനീർത്തുള്ളികൾ തുടച്ചു കളഞ്ഞ്, മുടിയിഴകളിൽ തലോടി ആർട്ടിമിസ്സ് കഥ പറഞ്ഞു തുടങ്ങി..

അമ്മയെ കല്യാണം കഴിച്ച തെറ്റിനു സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത ഈഡിപ്പസ്സിന്റെ,സഹോദരിയെ കല്യാണം കഴിച്ച സീയൂസിന്റെ, സ്വവർഗ്ഗാനുരാഗിയായ അപ്പോളോയുടെ, അപ്പോളോയുടെ പ്രണയാഭ്യർത്ഥന നിരസിച്ച് മരണമില്ലായ്മ എന്ന ശാപം ഏറ്റു വാങ്ങിയ സിബിലയുടെ ...അങ്ങനെ എത്രയെത്ര കഥകൾ.. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ.

“മരിക്കാതിരിക്കുകയെന്നത് ഒരു ശാപമാണോ..?” അവളുടെ കണ്ണകളിൽ സംശയം.

ആർട്ടിമിസ്സ് പുഞ്ചിരിച്ചു, “തന്നെ സ്നേഹിക്കാൻ തയ്യാറായാൽ ആഗ്രഹിക്കുന്ന വരം കൊടുക്കാമെന്ന് അപ്പോളോ അവൾക്ക് വാഗ്ദാനം ചെയ്തു. ഒരു പിടി മണല് വാരി ഈ മണൽത്തരികളുടെ എണ്ണത്തോളം ആയുസ്സ് തനിക്ക് വേണമെന്നവൾ പറഞ്ഞു. വരം കിട്ടിക്കഴിഞ്ഞവൾ അപ്പോളോയെ തള്ളിപ്പറഞ്ഞു. അതിനുള്ള ശാപമായി അപ്പോളോ അവളുടെ യൌവ്വനം ആയുസ്സിനോളം നീട്ടിക്കൊടുത്തില്ല..”

“പിന്നെന്തു സംഭവിച്ചു സിബിലയ്ക്ക്...?” അവളുടെ സ്വരത്തിൽ അടക്കാനാകാത്ത ആകാംഷ.

“കാലത്തിന്റെ കുത്തൊഴുക്കിൽ അവൾ ചെറുതായി ചെറുതായി കുപ്പിയിലൊതുങ്ങി. പിന്നീടതൊരു നേർത്ത ശബ്ദം മാത്രമായി. വിവരങ്ങൾ തിരക്കുന്നവരോടെല്ലാം ആ തേങ്ങലിൽക്കുതിർന്ന ശബ്ദം മരിക്കാനുള്ള മാർഗ്ഗം ആരാഞ്ഞു തുടങ്ങി..”

നെടുവീർപ്പിന്റെ അകമ്പടിയോടെ അങ്ങകലെ ചക്രവാളത്തിൽ മിഴി നട്ട് ആർട്ടിമിസ്സ് പറഞ്ഞുകൊണ്ടിരുന്നു.

“മോളെ ഉണർന്നില്ലേ ഇതുവരെ.. മുഖം കഴുകി വരൂ ചായ കുടിക്കാം..” സ്വപ്നവിഹാരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ആയയുടെ ശബ്ദം അകലെ നിന്നെന്നപോലെ ഒഴുകി വന്നു.

ആർട്ടിമിസ്സിന്റെ മടിയിൽ കഥകളുടെയും കഥാപാത്രങ്ങളുടേയും മായികലോകത്തില്‍  മയങ്ങിക്കിടന്ന അവൾ ഞെട്ടിയുണർന്നു കണ്ണുമിഴിച്ചു.

പുലരിയുടെ പതിന്നാലാം യാമത്തിലെ കാറ്റു വീശുന്നുണ്ടായിരുന്നു അപ്പോൾ.

“ആർട്ടിമിസ്സ് എനിക്ക് പോകണം. എന്നെ അവിടെ തിരക്കുന്നുണ്ട്..”

“ഉം... പൊയ്ക്കോളുക.. ഇതാ ഇന്നത്തെ നമ്മുടെ സമാഗമത്തിന്‍റെ ഓര്‍മ്മയ്ക്കായി ഇതിരിക്കട്ടെ...”നീട്ടിപ്പിടിച്ച ആ കുഞ്ഞിക്കൈകളില്‍ സൈപ്രസ് മരത്തിന്‍റെ ഒരില വച്ചു കൊടുത്ത് നെറുകയില്‍ ചുണ്ടമർത്തുമ്പോൾ ആർട്ടിമിസ്സ് അവളുടെ അമ്മയാകുകയായിരുന്നു.

ഒളിമ്പസ് മലനിരകളിലൂടെ തിരക്കു പിടിച്ച് തപ്പിയും തടഞ്ഞും ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ അവൾ ചോദിച്ചു, “നീ നാളെയും വരില്ലേ ആർട്ടിമിസ്സ്...?”

“വരും.. നിന്നെക്കാണാൻ പുനർജ്ജനിയുടെ കൂടുകൾ തുറന്ന് ചെമ്പകം പൂക്കുന്ന താഴ്വാരങ്ങളിലേക്ക് ഞാനിനിയും വരും... കാരണം നീയെനിക്ക് അത്രയ്ക്കും പ്രിയപ്പെട്ടവളാണ്..”

പുറകിൽ മണിയൊച്ച പോലെ കേൾക്കുന്ന ആർട്ടിമിസ്സിന്റെ ശബ്ദം അവളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു.

ഒന്നു നിന്നവൾ തിരിഞ്ഞു നോക്കി. അകക്കണ്ണുകളിൽ പ്രതിഫലിക്കുന്ന ആർട്ടിമിസ്സിന്റെ കണ്ണുകളിലെ സ്നേഹത്തിന്റെ തിളക്കം അവളെ പിൻ‌വിളിച്ചുവോ?

പക്ഷേ, പെട്ടെന്നു തന്നെ മുഖം തിരിച്ചവൾ ഗിരിയിറങ്ങി.

കാലത്തിന്റെ അനസ്യൂതപ്രവാഹത്തിനും പ്രപഞ്ചനിയമങ്ങൾക്കും നീക്കുപോക്കുകൾ വരുത്താൻ കേവലമർത്ത്യജന്മങ്ങൾക്കാകില്ലല്ലോ.

ദൈനംദിന ജീവിതയാഥാർത്ഥ്യങ്ങൾക്കിടയ്ക്ക് ആർട്ടിമിസ്സ് എന്ന സഹയാത്രിക അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് യാദൃശ്ചികമായിട്ടായിരുന്നു. അന്ധകാരത്തിന്‍റെ നിഴലില്‍ ഏകാന്തതയുടെ നോവിലിറ്റുവീഴുന്ന നിമിഷങ്ങൾക്കൊരു പരിഹാരമായി ആയ വായിച്ചു കൊടുത്ത കഥകളിൽ നിന്നും ഭാവനയുടെ വിലക്കുകൾ ലംഘിച്ച് ഇറങ്ങി വരികയായിരുന്നു അവൾ.

ക്രമേണ ആർട്ടിമിസ്സ് അവളുടെ സായന്തനങ്ങളിലെ കൂട്ടായി.

നിദ്രയുടെ നിഗൂഢതകളിലേക്കൂളിയിടുന്ന അവളുടെ കൈകൾ പിടിച്ച് ആർട്ടിമിസ്സ് ഒളിമ്പസ് ഗിരിനിരകളിലൂടെ നടന്നു. ഒലീവു മരങ്ങളുടെ തണലിലിരുന്നവർ ധാരാളം കഥകൾ പറഞ്ഞു.

കഥകള്‍കേട്ടു മയങ്ങി മടിയില്‍ക്കിടക്കുമ്പോഴാണ് അവളുടെ കൈകള്‍ അവിചാരിതമായി ആർട്ടിമിസ്സിന്റെ തോളിൽ തൂക്കിയിട്ടിരുന്ന വില്ലിൽ തൊടാന്‍ ഇടയായത്.

“ഇതെന്താണു ആർട്ടിമിസ്സ്..?” ആദ്യമായി അറിയുന്ന വസ്തുവിനെക്കുറിച്ചുള്ള സംശയം ചോദ്യമായി.

“വേട്ടയാടാനുള്ള ധനുർ‌ബാണങ്ങളാണ് സഖീ..”

 “ഇവിടെ ശാന്തമായ ഈ ഗിരിനിരകളിൽ ഏത് മൃഗത്തെയാണു നീ വേട്ടയാടുന്നത് ആർട്ടിമിസ്സ്..?” ഒരിക്കലവൾ ചോദിച്ചു.

“എനിക്ക് വേട്ടയാടേണ്ടത് സാധാരണ മൃഗങ്ങളെയല്ല കാമഭ്രാന്തെടുത്ത മൃഗങ്ങളെയാണ്..” അതു പറയുമ്പോൾ ആർട്ടിമിസ്സിന്റെ കണ്ണുകളിലെരിയുന്ന അഗ്നി അവൾക്ക് കാണാന്‍ കഴിഞ്ഞില്ല.

ഹീരയുടെ ആക്രമണത്തേക്കുറിച്ചും സീയുസ്സിന്റെ കാമനകളെക്കുറിച്ചും പറയുമ്പോൾ അവൾ തിരക്കും, “ആർട്ടിമിസ്സ് സീയുസ്സിനിഷ്ടം ഹീരയെ ആയിരുന്നോ..?”

ആർട്ടിമിസ്സ് പുഞ്ചിരിക്കും. അവളെ മെല്ലെ തലോടി പറയും, “അമ്മ ലെറ്റോയേയും അദ്ദേഹത്തിനിഷ്ടമായിരുന്നു.. ഹീരയെ അറിയിക്കാത്തൊരിഷ്ടം..”

“എന്റെ അമ്മയും അച്ഛനും പരസ്പരം സ്നേഹിച്ചിരുന്നോ..” ചിന്തകളുടെ തിരതള്ളലിൽ സംശയങ്ങൾ ബാക്കിയായ മനസ്സോടെ അവൾ നെടുവീർപ്പുതിർക്കും.

ഹീരയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് അഭയം തേടിയ ദ്വീപിലവൾക്ക് ജന്മമേകിയ അമ്മയെക്കുറിച്ചും , തുടർന്ന് അപ്പോളയ്ക്ക് ജന്മം നൽകാൻ ആ അമ്മയെ സഹായിച്ച ജനിച്ച് നിമിഷങ്ങളോളം മാത്രമുള്ള ആർട്ടിമിസ്സിനെക്കുറിച്ചും പറയുമ്പോൾ അവളാ പതിവു ചോദ്യം ആവർത്തിക്കും...

“ആർട്ടിമിസ്സ് ...നിനക്കെന്റെ അമ്മയാകാമോ...?”

വാത്സല്യം നിറഞ്ഞ പുഞ്ചിരി പൊഴിച്ച് അവളെ മടിയിൽ കിടത്തി ആർട്ടിമിസ്സ് അപ്പോള്‍ കഥകൾ പറയാൻ തുടങ്ങും.

സ്നേഹപരിചരണങ്ങൾക്ക് വിരാമമിട്ട് അപ്പോളയുടെ വരവറിയിച്ച പുലരികൾ വീണ്ടും വിടരും. വേർപിരിയലുകൾ സമാഗമങ്ങൾക്കായി വഴി മാറും... കണ്ടുമുട്ടലുകളുടെ സമ്മാനമായി കുഞ്ഞിക്കൈകളിലൊതുക്കിപ്പിടിച്ച സൈപ്രസ്സിലയുമായി അവള്‍ ഒളിമ്പസിറങ്ങും.

പിന്നെ കാത്തിരുപ്പാണ്... സായന്തനങ്ങൾക്കായി...സായന്തനങ്ങളിലെ അവളുടെ സഹയാത്രികയ്ക്കായി..

ആർട്ടിമിസ്സ് അവൾക്കെന്നും അത്ഭുതങ്ങളുടെ താഴ്വരയായിരുന്നു. അവളുടെ കഥകളും. പലപ്പോഴും പലതിന്റേയും പൊരുളറിയാതെ ആ കുഞ്ഞുമനസ്സ് പിടഞ്ഞു.

ഇടയ്ക്ക് അവളറിയാതെ അവളിൽ നിന്നാ ചോദ്യമുണ്ടായി.

“സഹോദരിയെ ആരെങ്കിലും കല്യാണം കഴിക്കുമോ.?”

“ഭാ... അസത്ത്...”

പറഞ്ഞു തീർന്നതും അവള്‍ക്ക് കിട്ടിയത് ഒരാട്ടായിരുന്നു.

ഞെട്ടലോടെ അവളമ്മയെ തിരിച്ചറിഞ്ഞു. അവരുടെ കണ്ണുകൾ കോപം കൊണ്ട് തുറിച്ചിരുന്നു.

അവൾക്കമ്മയെ ഭയമാണ്. അമ്മയെ മാത്രമല്ല പലതിനേയും അവൾക്ക് ഭയമാണ്.

ഇരുളിനെ, ഇരുളിലെ ശബ്ദങ്ങളെ, രാവിന്റെ അന്ത്യയാമങ്ങളിലുടയുന്ന കുപ്പികളുടെ ഒച്ചയെ, അതിന്നകമ്പടിയായി മുഴങ്ങുന്ന നാവുകുഴയുന്ന സംസാരങ്ങളെ.. ഒക്കെയും അവൾക്ക് ഭയമാണ്.

ഭീതിയുടെ നിഴലിൽ നിന്നും ആശ്വാസത്തിന്റെ താഴ്വരയിലേക്കവളെ കൊണ്ടുപോകാറുള്ളത് ആർട്ടിമിസ്സാണ്. അതുകൊണ്ട് തന്നെ അവളാ വരവിനു നിത്യവും ആകാംഷയോടെ കാത്തിരിക്കും.

അന്നും അവൾ തന്റെ സഹയാത്രികയെ കാ‍ത്തിരിക്കുകയായിരുന്നു.. നിദ്രയുടെ നേർമ്മയുള്ള കരങ്ങളവളുടെ കൺ‌പീലികളെ മെല്ലെ തലോടാൻ തുടങ്ങിയിരുന്നു.

ആർട്ടിമിസ്സിന്റെ സാമിപ്യത്തിനായുള്ള അമിതാഗ്രഹത്തിൽ മനം മുഴുകിയിരുന്നിട്ടാകണം പിന്നിലെ പതിഞ്ഞ കാലൊച്ച അവളെ തെല്ലൊന്നലോസരപ്പെടുത്തി. കതകു തുറന്നടയുന്ന ശബ്ദം അവളെ ഞെട്ടിക്കാതിരുന്നില്ല. പക്ഷേ കാഴ്ചയെ മറയ്ക്കുന്ന ഇരുട്ടിൽ ചലനങ്ങൾ വായുവിലുണ്ടാക്കുന്ന ശബ്ദം മാത്രമേ അവൾക്ക് തിരിച്ചറിയാനായുള്ളൂ.

“ആർട്ടിമിസ്സ് നീ വന്നോ...”

ഇരുളില്‍ നിന്നും അവള്‍ക്കുള്ള മറുപടിയെത്തിയില്ല.

പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു..

ആർട്ടിമിസ്സിന്റെ റോസാദലം പോലെ മിനുസമുള്ള കർസ്പർശം കാത്തിരുന്ന അവളിലേക്ക് അരിച്ചിറങ്ങിയത് പരുപരുത്ത കരതലങ്ങളായിരുന്നു. ഒന്നല്ല ഒരായിരം വിരലുകൾ അട്ടകളെപ്പോലെ അവളിലിഴഞ്ഞു. അസ്വസ്ഥയിൽ അവൾ പുളഞ്ഞു. പനിനീർമണത്തിനു പകരം ഒഴുകിയെത്തുന്ന മദ്യത്തിന്റേയും വിയർപ്പിന്റേയും മനം പുരട്ടുന്ന മണം അവളിൽ മടുപ്പുളവാക്കി.

ബോധത്തിന്റെ അവസാന കണികയും മറയുമ്പോഴും അവളുടെ മനസ്സ് ആർട്ടിമിസ്സിനെ തേടുന്നുണ്ടായിരുന്നു.

അടഞ്ഞ വാതിലിനു പുറത്തപ്പോൾ അവളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന സാന്നിദ്ധ്യം തിളങ്ങുന്ന നോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തുകയായിരുന്നു. അവരുടെ വളകിലുക്കത്തിന്റെ ഒച്ചയിൽ അടുക്കളയുടെ കോണിലെവിടെയോ അടക്കിപ്പിടിച്ചൊരു തേങ്ങൽ ശബ്ദമില്ലാതെ രാവിന്റെ ഇരുളിൽ വീണുടഞ്ഞു.

നിമിഷങ്ങൾ ഒച്ചിഴയുന്ന വേഗത്തിലെങ്കിലും നിറുത്താതെ സഞ്ചരിച്ചു കൊണ്ടിരുന്നു. പക്ഷേ, ആ മാറ്റത്തിനു വിധേയമാകാതെ, അപ്പോളോയുടെ ശാപം ഏറ്റുവാങ്ങിയ സിബിലയെപ്പോലെ ചലനം നിഷേധിച്ച് ഭിത്തിയിലെ ഘടികാരം പ്രതിഷേധിച്ചു.

അസ്ഥികൾ ഒടിഞ്ഞു നുറുങ്ങുന്ന വേദനയിൽ അവളൊന്നു ഞരങ്ങി. കണ്ണുനീരിലൊട്ടിപ്പോയ ഇടതൂർന്ന പീലികൾ വലിച്ചു തുറക്കാൻ അവൾക്കേറെ പണിപ്പെടേണ്ടി വന്നു. ചോരയുണങ്ങിപ്പിടിച്ച ചുണ്ടുകൾ ആയാസപ്പെട്ടു പുലമ്പിക്കൊണ്ടിരുന്നു..

“ആർട്ടിമിസ്സ്.. നീയെവിടെയാണ്... എന്താ എന്നെ കൂട്ടിക്കൊണ്ടുപോകാൻ വരാഞ്ഞത്..”

അകലെ സ്വപ്നങ്ങളുടെ ലോകത്ത് ഒളിമ്പസ് പർവ്വതനിരകളിൽ ഒലീവു മരങ്ങളുടെ താഴെ അവൾ പൊട്ടിക്കരയുകയായിരുന്നു... അവളുടെ ആർട്ടിമിസ്സ്..

“ഒടുവിൽ നീയും എനിക്കന്യയായോ സഖീ...?? ഇനി എനിക്ക് നിന്റെയടുക്കലേക്ക് വരാനാകില്ല. ഞാൻ കന്യകമാരുടെ ദേവതയായിപ്പോയി..”

വിതുമ്പലുകൾക്കിടയ്ക്ക് ആർട്ടിമിസ്സിൽ നിന്നും ഊർന്നു വീണ ശബ്ദശകലങ്ങൾ അവളുടെ ചെവിയിലെത്തിയിരിക്കുമോ...???

വേട്ടയാടിയ ദുഃസ്വപ്നങ്ങളിൽ നിന്നും ഒരു മോചനം കൊടുക്കാനെന്നവണ്ണം നിദ്ര അവളെ പുണർന്നു.

പുലരികളും സായന്തനങ്ങളും അവൾക്ക് മുന്നിലൂടെ സാന്നിദ്ധ്യമറിയിച്ച് കടന്നു പോയി. എന്നാൽ, അവൾ കാത്തിരുന്ന അർട്ടിമിസ്സ് മാത്രം വന്നില്ല.

രാവിന്റെ അന്ത്യയാമങ്ങളിൽ അവൾ കേണു, അവളുടെ പ്രിയപ്പെട്ട ആർട്ടിമിസ്സിനായി. പക്ഷെ ആർട്ടിമിസ്സ് പിന്നീടൊരിക്കലും പുനർജ്ജനിയുടെ കൂടു തുറന്ന് ചെമ്പകങ്ങൾ പൂക്കുന്ന ആ താഴ്വരയിലേക്ക് ഇറങ്ങി വന്നില്ല.

ഒടുവിൽ കാത്തിരുപ്പിന്റെ അതിർവരമ്പുകൾ ഭേദിച്ച ഒരു രാവിൽ നിദ്രയുടെ കയങ്ങളിൽ നിന്നും അവൾ അവിടേക്ക് പോയി... ഒളിമ്പസിന്റെ സ്വർഗ്ഗീയതയിലേക്ക്.

മുകളിലേക്ക് കയറാൻ തുടങ്ങിയ അവളെ ദിക്കുകളുടെ കാവൽ‌ക്കാർ തടഞ്ഞു..

മഞ്ഞുപാളികളിൽ തല തല്ലി അവൾ കരഞ്ഞു..

“ആർട്ടിമിസ്സ്... നിനക്കെന്നെ കാണുകയേ വേണ്ടന്നാണോ...? നിനക്കേറ്റവും പ്രിയപ്പെട്ടവളാണു ഞാനെന്നു നീ പറഞ്ഞിരുന്നില്ലെ...? എന്നിട്ടിപ്പോ എന്നെ കാണാതിരിക്കാൻ മാത്രം നീയെന്നെ വെറുത്തുവോ..?” പതം‌പറഞ്ഞവൾ കരഞ്ഞു.

വായുവിൽ അവളിഷ്ടപ്പെടുന്ന അമ്മമണം മെല്ലെപ്പരക്കുന്നുണ്ടായിരുന്നു. അടുത്തോ അകലത്തോ തന്റെ അർട്ടിമിസ്സുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

തെന്നലിന്റെ ചിറകേറി അവൾ കേട്ടു പരിചയിച്ച ശബ്ദം ഒഴുകി വന്നു, തേങ്ങലിന്റെ അകമ്പടിയോടെ...

“അരുത് സഖീ... മുന്നോട്ട് വരരുത്.. ഇനി എന്റെ സവിധത്തിലേക്ക് വരാൻ നിനക്കാകില്ല.. മടങ്ങിപ്പൊയ്ക്കോളുക.. തണൽമരങ്ങളാകേണ്ട തളിരുകളെ ചവിട്ടിയരയ്ക്കുന്ന ആ ഭൂമിയിലേക്ക് തന്നെ ..”

മുഴുവൻ കേൾക്കാനാകാതെ അവൾ ചെവികൾ പൊത്തിപ്പിടിച്ചു.

“നീ എനിക്കെന്നും പ്രിയപ്പെട്ടവളായിരുന്നു.. അതുകൊണ്ട് ഒരപേക്ഷ മാത്രം.. നിന്നിലൊരു പാപം കുരുത്താൽ അതിന്റെ വിളവെടുപ്പു വേളയിൽ നീയെന്നെ സ്മരിക്കാതിരിക്കുക.. ചരിത്രം ആവർത്തിക്കപ്പെടാതിരിക്കട്ടെ..”

പൊത്തിപ്പിടിച്ച വിരലുകൾക്കിടയിലൂടെ ആ ശബ്ദവീചികൾ അവളുടെ ചെവിക്കുള്ളിലേക്ക് നുഴഞ്ഞു കയറി. പിന്നെയത് നേർത്ത് നേർത്ത് ഇല്ലാതെയായി...

അന്നാദ്യമായി ഒളിമ്പസ് താഴ്വാരത്തെ മഞ്ഞുപാളികളുടെ തണുപ്പ് അവൾക്ക് അസഹ്യമായിത്തോന്നി. കാത്തിരുപ്പിന്റെ നിഷ്‍ഫലത തിരിച്ചറിഞ്ഞ് അവൾ വേച്ചു വേച്ച് ആ മലനിരകളിറങ്ങി.

ഇടയ്ക്കെപ്പോഴോ ഏതോ ചേതനയുടെ പ്രേരണയാൽ അവൾ തിരിഞ്ഞു നിന്നു. ഉൾക്കണ്ണുകളിൽ തെളിയുന്ന ആർട്ടിമിസ്സിന്റെ സ്നേഹത്തിന്റെ തിളക്കം അവൾക്കിപ്പോൾ അറിയാനാകുന്നില്ല. പകരം മഞ്ഞാണ്... ഏതുൾക്കാഴ്ചയേയും മറച്ച് മേധയിലേക്ക് പടർന്നിറങ്ങുന്ന മഞ്ഞു മേഘങ്ങൾ..

സ്വപ്നങ്ങളിൽ നിന്നൂർന്നു വീണ കിടക്കയിൽ മുഖമമർത്തി അവൾ പൊട്ടിക്കരഞ്ഞു.

വികാരവിചാരങ്ങൾക്ക് കാത്തു നിൽക്കാതെ പുലരിയുടെ വരവറിയിക്കാൻ ചക്രവാളത്തിൽ അപ്പോളോ തയ്യാറെടുത്തു തുടങ്ങി..

കണ്ണുനീരുറഞ്ഞ കിടക്ക വിട്ടവൾ എഴുന്നേറ്റു. മുന്നിലെ വിറങ്ങലിച്ച ഇരുട്ടിലേക്ക് കൈകള്‍ നീട്ടിപ്പിടിച്ച് മെല്ലെ നടന്നു.. വിറയ്ക്കുന്ന കുഞ്ഞിക്കാലടികൾ മേശയ്ക്കരുകിലേക്ക് അവളെ നയിച്ചു.

മേശപ്പുറത്തിരുന്ന ഒരു കൊച്ചുപെട്ടി അവള്‍ തപ്പിയെടുത്തു. പിന്നെ, കിടക്കയിലേക്ക് തന്നെ തിരിച്ചു നടന്നു.

ഒരു കൈ കൊണ്ട് തലോടി കിടക്കയുടെ സ്ഥാനമറിഞ്ഞ് അവളതിലിരുന്നു. മടിയില്‍ വച്ചിരുന്ന പെട്ടി തുറന്നു... ഉണങ്ങിപ്പോയ കുറേ സൈപ്രസ് ഇലകളായിരുന്നു അതില്‍ നിറയെ... അവയിലൂടെ അവള്‍ മെല്ലെ കയ്യോടിച്ചു..

ആ ചുണ്ടുകള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.

“സായന്തനങ്ങളുടെ തോഴീ... വിട... പുനർജ്ജനികളുടെ ബന്ധനങ്ങൾ ഭേദിച്ചിവൾ പറക്കാനൊരുങ്ങുന്നു.. ഇനി നിന്റെ കൂട്ടിവൾക്ക് ആവശ്യമില്ല... വിട...”

ആ ഇലകളവള്‍ മെത്തയില്‍ വിതറിയിട്ടു.. അതിനുമുകളില്‍ കിടന്നു... മെല്ലെ ആ കണ്ണുകളടഞ്ഞു.

ചോരയുടെ മണം പിടിച്ച് ഇളം‍മാസം കടിച്ചുപറിക്കാനുള്ള ആര്‍ത്തിയില്‍ കൂനനുറുമ്പുകളുടെ ഒരു പട തന്നെ ആ കട്ടിലിന്‍റെ കാലിലൂടെ വരിവച്ച് കയറാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നപ്പോള്‍ ..

അകലെ പുലരിയുടെ പതിന്നാലാം യാ‍മത്തിലെ കാറ്റ് വീശുന്നുണ്ടായിരുന്നു. പുതിയ കാമനകൾ തേടി സീയൂസും ഇറങ്ങിയിരിക്കണം..

                                       *********************
ആർട്ടിമിസ്സ്.....>>ഗ്രീക്ക് മിഥോളജിയിൽ പരാമർശിക്കപ്പെടുന്ന കന്യകമാരുടെ ദേവത..സീയുസ്സിന്റേയും ലെറ്റോയുടെയും പുത്രി...സൂര്യദേവനായ അപ്പോളോയുടെ ഇരട്ട സഹോദരി..

Saturday, December 15, 2012

ക്ഷണക്കത്ത്..

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഈ സീതായനത്തിന്‍റെ വാതില്‍ തുറന്ന് സീത വരുന്നു. അതൊരു ചെറിയ ക്ഷണക്കത്തുമായിട്ടാണെന്ന ചാരിതാർത്ഥ്യം സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ.

സീതായനത്തിലൂടേയും മറ്റു പല ഓണ്‍‍ലൈന്‍ മാധ്യമങ്ങളിലൂടെയുമായി പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നും തിരഞ്ഞെടുത്ത സീതയുടെ കഥകളുടെ സമാഹാരം, എന്‍റെ ആദ്യ പുസ്തകം “ഗൌരീനന്ദനം” എന്ന പേരില്‍ സൈകതം ബുക്സ് പ്രസിദ്ധീകരിച്ചു. ആദ്യപുസ്തകത്തിന്‍റെ എല്ലാ പരിമിതികളോടെയും ഗൌരീനന്ദനം നിങ്ങള്‍ക്കുമുന്നില്‍ ഹൃദയപൂര്‍വ്വം സമര്‍പ്പിക്കുകയാണ്.

ഗൌരീനന്ദനത്തിനുശേഷം സൈകതം ബുക്സ് തന്നെ സീതയുടെ കവിതാസമാഹാരവും പുറത്തിറക്കുന്നു. “മഴമേഘങ്ങള്‍ പറയാതിരുന്നത്” എന്ന പേരില്‍ ഈ ഡിസംബറില്‍ത്തന്നെ അത് വായനക്കാരുടെ കൈകളില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.ഈ വരുന്ന പതിനെട്ടാം തിയതി തൃശ്ശുർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് ശ്രീ. ബാലചന്ദ്രന്‍ വടക്കേടത്ത് ആദ്യ പ്രതി പ്രസിദ്ധ എഴുത്തുകാരൻ ശ്രീ. എം. എസ്. ബനേഷിനു സമ്മാനിച്ച് പ്രകാശനകര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരിക്കും.
അവതാരിക എഴുതിത്തരാനുള്ള ആവശ്യവുമായി സമീപിച്ച എനിക്കു മുന്നില്‍ എളിമയെന്ന പദത്തിനു നിർവചനമെന്നവണ്ണം അതെഴുതിത്തരാമെന്നു ഒറ്റ വാക്കില്‍ സമ്മതിച്ച ശ്രീ.എന്‍.ബി സുരേഷ് മാഷും വൈലോപ്പിള്ളി അവാർഡ് നേടിയ ശ്രീ പി.എ. അനീഷ് മാഷും  ചടങ്ങിൽ സംബന്ധിക്കും. അതിനു പുറമേ പ്രശസ്ത ചലച്ചിത്രസംവിധായകരും എഴുത്തുകാരുമായ ശ്രീ ജോൺ ഡിറ്റോ, ശ്രീ വിജി തമ്പി, പ്രശസ്ത കവയിത്രി ശ്രീമതി റോഷ്നി സ്വപ്ന എന്നിവരും തങ്ങളുടെ സാന്നിധ്യം കൊണ്ട് ചടങ്ങിനെ വിശിഷ്ടമാക്കും.

എല്ലാ സുഹൃത്തുക്കളുടേയും മഹനീയസാന്നിധ്യം പ്രസ്തുത ചടങ്ങിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു. വന്നു ചേരുവാന്‍ കഴിയുന്നവരെല്ലാം പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഈ പ്രകാശനകർമ്മത്തിനു നേതൃത്വം കൊടുക്കുകയും അതിനുവേണ്ടി അക്ഷീണം പരിശ്രമിക്കുകയും ചെയ്ത ചില നല്ല മനസ്സുകളെ ഈ അവസരത്തിൽ ഓർക്കാതെ വയ്യ. ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയ കെ.സി എന്ന ഹരിയേട്ടൻ, അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ മനസ്സു കാട്ടിയ പ്രശസ്ത സിനിമാ സംവിധായകനും അതിലുപരി നല്ലൊരു എഴുത്തുകാരനുമായ ശ്രീ ജോൺ ഡിറ്റോ കൂടാതെ എല്ലാവിധ സഹകരണവുമായി പ്രസാധകരുടെ ഭാഗത്തുനിന്നും കൂടെ നിന്ന ശ്രീ ജസ്റ്റിൻ , ഇവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു.

വിമര്‍ശനങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയും എപ്പോഴും പ്രോത്സാഹനവും സ്നേഹവും നല്‍കിയ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി. പേരെടുത്ത് പറയാന്‍ ഒരുപാട് നല്ല ഹൃദയങ്ങള്‍ ഈ ബൂലോകത്തുണ്ട്, സുഹൃത്തുക്കളുടെ നിലയിൽ നിന്നും സഹോദര സ്ഥാനത്തു നിന്നും വഴികാട്ടിയവർ.  എങ്കിലും ആരെയെങ്കിലും വിട്ടുപോയാലോ എന്ന ഭയം മൂലം അതിനൊരുങ്ങുന്നില്ല.

വീണ്ടും കഥകളും കവിതകളും കൊച്ചു കൊച്ചു സം‌വാദങ്ങളുമായി കണ്ടുമുട്ടാന്‍ സാധിക്കുമോ എന്നറിയില്ല. പരിമിതമായ സമയത്തിനുള്ളില്‍ നിന്നു കൊണ്ട് ചെയ്തു തീര്‍ക്കുവാന്‍ ഒട്ടേറെയുണ്ട്. അതുകൊണ്ട് സീതയുടെ മറ്റൊരു സന്തോഷം കൂടെ ഇതിനൊപ്പം പങ്കുവയ്ക്കട്ടെ.

ആനുകാലിക സംഭവങ്ങളുടെ പ്രാതിനിധ്യവുമായി എഴുതിയ “കാളകൂടം” എന്നൊരു കഥ മിഴി ഫിലിംസിന്‍റെ ബാനറില്‍ ശ്രീ. അസിന്‍ ആറ്റിങ്ങല്‍ “ജ്വാലാമുഖിയിലെ നിശാഗന്ധികള്‍ ” എന്ന പേരില്‍ ലഘുചിത്രമാക്കുന്നു. അതിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജനുവരി അവസാനത്തോടെ അതും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുമെന്നു പ്രതീക്ഷിക്കാം.


അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ കഴിവ്, ജീവിതപങ്കാളിയുടെ വാക്കുകള്‍ പകര്‍ന്നു തന്ന ആത്മവിശ്വാസം, സഹൃദയമനസ്സുകള്‍ തന്ന പ്രോത്സാഹനം സീതയുടെ യാത്രയിലിതുവരെയെത്തിച്ചുവെന്ന സ്മരണയോടെ നിറുത്തട്ടെ..

“എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് നന്മയുടേയും ഐശ്വര്യത്തിന്‍റെയും ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍ ”