Sunday, April 10, 2011

ഗംഗയോട്....സപ്ത ശൈശവത്തെയും തന്നുള്ളിലാവാഹിച്ച്
ഗംഗ വീണ്ടും ഒഴുകി നിശ്ശബ്ദയായ് ...

എന്ത് മോക്ഷത്തിന്‍ പേരിലമ്മേ
നൊന്തു  പെറ്റ നിന്‍ പൈതങ്ങളെ കൊല്ലുന്നു നീ 

മോഹിച്ച തെറ്റിനോ നീ ശന്തനുവിന്‍ നാവു കെട്ടി
സ്വയം ശപിച്ചേതോ ഇരുണ്ട കോണില്‍
മൌനം ഭജിക്കുന്നു രാജമകുടം 

അഷ്ട വസുക്കളെ ഇനിയും ശാപം ഗ്രസിച്ചിടാം
മോക്ഷാർത്ഥം ഈ മണ്ണില്‍ ഇനിയും വരായ്ക നീ
വിരഹത്തീയില്‍  നീയെരിയിച്ച മനം കുളിര്‍പ്പിക്കാന്‍
സത്യവതിമാരിവിടെ ഇനിയും വില പേശരുത് 

ഭീഷ്മ ശപഥത്തിനു മാത്രമായിനിയും
ത്യാഗിയാം മകന് നീ ജന്മം കൊടുക്കായ്ക...

നന്മയ്ക്കായ് നീയിനിയും അവനിയില്‍ വന്നാല്‍
പുത്രസ്നേഹം വീണ്ടും കണ്‍ കെട്ടി വാഴും...
പുത്ര വധുവിന്‍ മാനമാ സഭയില്‍ വസ്ത്രമായ് അഴിയും
അരക്കില്ലങ്ങള്‍ പലതും കത്തിയെരിയും
മക്കളും മക്കളും പൊരുതി മരിക്കും 

പാര്‍ത്ഥ സാരഥിയാവാന്‍ ഇനിയവന്‍ വരില്ലാ
ഗാന്ധാരീശാപം കുലം മുടിക്കുമെന്നറിയും അവനും 
ശര ശയ്യയില്‍ ദക്ഷിണായനം കാക്കും നിന്‍ മകനായ്‌
കിരീടി തൊടുക്കുമാ അമ്പിലേറി  
ദാഹ ശമനാർത്ഥമമ്മേ നീ ഇനിയും വരായ്ക
ഇനിയുമീ മണ്ണില്‍ ഒരു കുരുക്ഷേത്രം ഒരുക്കായ്ക....


54 comments:

 1. മഹാഭാരതത്തിന്റെ അന്ത:സത്തയില്‍ ഒട്ടും ചോര്‍ച്ചയില്ലാതെ ഗംഗയോട് കലഹിച്ചു തീര്‍ത്തുവല്ലോ ഈ രാമായണത്തിലെ സീത :) രാമായണത്തില്‍ നിന്നും സീത ഇറങ്ങി ഭാരതത്തില്‍ കുടിയിരുന്നു അല്ലേ.:) സമകാലീക സംഭവങ്ങളെ കവിതയില്‍ കോര്‍ത്തെടുക്കാന്‍ തുനിഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നി. കവിതയായത് കൊണ്ട് ഒട്ടേറെ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നില്ല. നന്നായിട്ടുണ്ട്.

  ReplyDelete
 2. മനോ രാജ് പറഞ്ഞത് പോലെ കവിത ആയതുകൊണ്ട് കുറെ പറഞ്ഞാല്‍ മണ്ടത്തരമാവും. ഇതിന്റെ ശൈലി കണ്ടിട്ട് കൂടിയ സംഭവം ആണെന്ന് തോന്നുന്നു. കഥ എഴുതിയാല്‍ കൂടുതല്‍ സന്തോഷം. എന്റെയൊക്കെ ആസ്വാദന പരിതിക്കുള്ളില്‍ കഥയെ വരൂ സീതേ.
  പക്ഷെ വായിച്ചുട്ടോ. ശ്രമിക്കുന്നുണ്ട് ആസ്വദിക്കാന്‍ .
  എല്ലാ ആശംസകളും.

  ReplyDelete
 3. മനോരാജ്.......നന്ദി തേങ്ങ ഉടച്ചതിന്...ഒരു പരിശ്രമം നടത്തി നോക്കിയതാ...ഗംഗ ഒരു പക്ഷേ അഷ്ടവസുക്കൾടെ അപേക്ഷപ്രകാരം ഈ മണ്ണിൽ വരാതിരുന്നെങ്കിൽ...ശന്തനുവിനെ വേൾക്കാതിരുന്നുവെങ്കിൽ...മക്കളെകൊന്ന് ശന്തനുവിനെ വിരഹത്തിലാഴ്ത്തി മടങ്ങാതിരുന്നുവെങ്കിൽ ഒരു പക്ഷെ മഹാഭാരതയുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ലാന്നു തോന്നി...എന്റെ മാത്രം ചിന്തയാണു കേട്ടോ..


  ചെറുവാടി.....നന്ദി ഏട്ടാ ....കഥ വരുന്നുണ്ട് ഇതിനു പുറകേ....പിന്നെ ഇത് വലിയ കട്ടി കൂടിയ സംഭവം ഒന്നൂല്യാ ട്ടോ...കവിത പോലെ ലേഖനങ്ങളും അനുഭവക്കുറിപ്പുകളും എഴുതുന്ന ഏട്ടനാണോ ഇത് മനസ്സില്ലാവാത്തെ....ഹിഹി

  ReplyDelete
 4. ഗംഗയോട്‌ കലഹിക്കുമുന്നേ ഗംഗയെ തൊട്ട്‌ അശുദ്ധമാക്കിയവരോടല്ലേ കലഹിക്കേണ്ടത്‌!...ഭൂമിയിലേക്ക്‌ ഗംഗയെ കൊണ്ടു വരാൻ തപം ചെയ്ത ഭഗീരഥനോടും!...മനുഷ്യ പാപം പേറിയശുദ്ധയായ പാവം ഗംഗയോട്‌ കലഹിച്ചു..കലഹിച്ചു എന്തു നേടാൻ!..

  ഒരർത്ഥത്തിൽ പഴി ചാരി രക്ഷപ്പെടാം അല്ലേ?....

  പുതുമയ്ക്ക്‌....

  ...ഭാവുകങ്ങൾ!

  ReplyDelete
 5. ഞാന്‍ വായിച്ചു.
  അഭിപ്രായമൊക്കെ പുറകെ വരുന്നവര്‍ പറയും.

  ReplyDelete
 6. ഗഹനമായ കവിത .അഭിപ്രായം പറയാന്‍ അറിവ് പോര.മംഗളം ഭവിക്കട്ടെ .

  ReplyDelete
 7. ഈ കവിതക്ക് മുന്നിൽ ഞാൻ നിശബ്ദനാവട്ടെ .
  ആശംസകൾ….. ആശംസകൾ……….

  ReplyDelete
 8. മഹാഭാരതം ഞാന്‍ വായിക്കാത്തതു കൊണ്ട്, ഒന്നും മനസ്സിലായില്ല :-)

  ReplyDelete
 9. വരും തലമുറക്ക് ഒരു പാഠമാണതെല്ലാം. എന്നിട്ടും നാമതൊക്കെ ശരിക്കും പഠിക്കാതെ വായിച്ചു തള്ളിക്കളയുന്നു. കര്‍ണ്ണന്‍റെ മനോവേദന മനസ്സിലാക്കിയവര്‍ എത്രപേരുണ്ട്?. ഇനി കലികാലമല്ലേ?...ഇങ്ങനെ പോയാല്‍ എല്ലാം നശിച്ച് നാമാവശേഷമാകാനാണ് സാധ്യത...

  കവിതയിലെ ആശയം നന്നായിരിക്കുന്നു. ഭാവുകങ്ങള്‍

  ReplyDelete
 10. മഹാഭാരതത്തിലെ ഒരു പാട് ശാപ കഥകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന ഒന്നാണ് സീതയുടെ ഈ കവിതാ തന്തു, ഈശ്വര തുല്യരായ അഷ്ട വസുക്കളില്‍((അനല,അനില .സോമ ,ആഹസ് ,ധര.ധ്രുവ ,പ്രത്യുഷ ,പ്രഭാസ എന്നീ എട്ടു മഹര്‍ഷിമാര്‍ ) പെട്ട പ്രഭാസന്‍ വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമത്തിലെ അന്ന ദാതാവായ കാമധേനു എന്ന പശുവിനെ മോഷ്ടിച്ചു.കോപാകുലനായ മഹര്‍ഷി അഷ്ട വസുക്കളുടെ ദേവത്വം നഷ്ടപ്പെടുമെന്നും മനുഷ്യരായി ഭൂമിയില്‍ ജനിക്കാന്‍ ഇടവരട്ടെ എന്നും ശപിച്ചു . തങ്ങളില്‍ ഒരാള്‍ മാത്രമാണ് തെറ്റ് ചെയ്തതെന്ന് അപേക്ഷിക്കുകയും ശാപ മോക്ഷം ആവശ്യപ്പെടുകയും ചെയ്തു .എന്നാല്‍ തെറ്റുകാരനായ പ്രഭാസന്‍ മാത്രം ദീര്‍ഘ കാലം മനുഷ്യനായി ജനിച്ചു ജീവിക്കട്ടെ എന്ന് പറയുകയും ബാക്കിയുള്ളവര്‍ ഗംഗയുടെ മക്കളായി ജനിച്ചു ഉടന്‍ മരിച്ചു പൂര്‍വ സ്ഥിതി പ്രാപിക്കാന്‍ ഇടവരട്ടെ എന്ന് ശാപ മോക്ഷവും നല്‍കി. ഇങ്ങനെ അനവധി അനുബന്ധ കഥകളാല്‍ സമ്പുഷ്ടമാണ് ഇതിവൃത്തം ..ഈ കഥകളെ സമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കാന്‍ സീതയ്ക്ക് കഴിഞ്ഞിട്ടുണ്ട് ..ഭീഷ്മര്‍ എന്നും ധര്‍മ സങ്കടങ്ങളുടെ പ്രതിനിധിയാണ് ...ശരശയ്യ .ഇന്നത്തെ മനുഷ്യാവസ്ഥയും ...നല്ല ശ്രമം ..
  മക്കളും മക്കളും തമ്മില്‍ പൊരുതി മരിക്കും എന്ന് വേണമെങ്കില്‍ തിരുത്തി എഴുതാം

  ReplyDelete
 11. വായിച്ചു. നന്നായി ഇഷ്ടപ്പെട്ടു...!
  പിന്നെ, ഞാന്‍ പറയാന്‍ കരുതിയതെല്ലാം രമേശേട്ടന്‍ പറഞ്ഞിട്ടുണ്ട്. ഹ ഹ ഹ...

  ReplyDelete
 12. ഗംഗയാണ് മഹാഭാരതയുദ്ധത്തിന്റെ മൂലകാരണം എന്ന വീക്ഷണം കൌതുകകരം. കവിതയിൽ ശക്തമായി ഭാരത സന്ദർഭങ്ങൾ വന്നിട്ടുണ്ട്. അഭിനന്ദനങ്ങൾ, സീത.

  ReplyDelete
 13. വായിച്ചു. ഇഷ്ടായി.

  ReplyDelete
 14. മണ്ണാലെ ചത്തു പെണ്ണാലെ ചത്തു
  മഹാഭാരതവും ആയി രാമായണവുമായി
  ദേവ നദിയായ ഗംഗയെ പല കവികളും
  പലരീതിയില്‍ കാണിച്ചു തന്നു ഇതാ സീതായനത്തിലുടെ
  പുതിയ രൂപത്തിലും കണ്ടു ഹൃദ്യമായിരിക്കുന്നു
  ഇനിയും എഴുത്ത് തുടരുക
  എല്ലാ വിധ നന്മകളും നേരുന്നു

  ReplyDelete
 15. എന്റെ ഗംഗക്കു ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ
  ശിവഗംഗ..
  ഞാന്‍ അവളെ മാത്രമേ കണ്ടിരുന്നുള്ളൂ..
  അഥവാ കാണാന്‍ ശ്രമിച്ചിരുന്നുള്ളൂ...
  എത്രെത്ര മുഖങ്ങളാണ് ഗംഗക്കു...

  സീതേ..., നന്ദി ഒരായിരം...
  കാരണം ഞാന്‍ ഗംഗയെ പ്രണയിക്കുന്നു..
  അവളെ അക്ഷരങ്ങളാല്‍ വരയ്ക്കുന്നതിനു .. ഒരായിരം നന്ദി

  ReplyDelete
 16. ആശംസകള്‍ സീതേ....
  (കവിത മനസിലാക്കുന്ന കാര്യത്തില്‍ ഞാന്‍ കുറെ പുറകിലാണ്...
  കമന്റുകള്‍ കൂടി വായിച്ചപ്പോള്‍ ആശയം മനസിലായി... )

  ReplyDelete
 17. മാനവധ്വനി.....മനുഷ്യപാപങ്ങൾ പേറിയൊഴുകുന്ന നിസ്സഹായയായ ഗംഗ ഇന്നിന്റെ ശേഷിപ്പാണ്...ഞാൻ മഹാഭാരതത്തിലെ ഗംഗാ ദേവിയോടാണ് കലഹിച്ചത്...ഇനിയും അങ്ങനൊരു അവതാരോദ്ദേശത്തോടെ ഈ മണ്ണിൽ വരരുതെന്ന്...വന്നാൽ ഒരു കുരുക്ഷേത്രം ആവർത്തിക്കുമോ എന്നുള്ള ഭയം...ചിന്തകൾ എന്റേത് മാത്രം എന്നൊരിക്കൽ കൂടി പറയട്ടെ...

  പട്ടേപ്പാടം റാംജി ...നന്ദി ഏട്ടാ...വായിച്ചൂല്ലോ...

  SHANAVAS....നന്ദി ആ വാക്കുകൾക്ക്...

  sm sadique .....നന്ദി...നിശ്ശബ്ദനാവണ്ട...പ്രതികരിക്കാമല്ലൊ...ഹിഹി

  ReplyDelete
 18. ചാണ്ടിക്കുഞ്ഞ് .....നന്നായി വായിക്കാഞ്ഞത്...അല്ലാർന്നേലോ...ഹിഹി...ഒരു വല്യ ദുരന്തം മാറിക്കിട്ടി...

  Balakrishnan....നന്ദി ബാലേട്ടാ....ഒക്കെ നശിക്കും മുമ്പ് ഒരു നന്മയുടെ ശേഷിപ്പിനായ് പ്രാർത്ഥിക്കാം..

  രമേശ്‌ അരൂര്‍ ....നന്ദി ഏട്ടാ വിജ്ഞാനപ്രദമായി അഭിപ്രായം പറഞ്ഞതിന്....പ്രഭാസനു മഹാഭാരതത്തിൽ ദ്യോവ് എന്നും പറഞ്ഞു കാണുന്നു...

  ഷമീർ തളിക്കുളം....നന്ദി വന്നതിനും അഭിപ്രായം പറയാൻ രമേശേട്ടനെ ഏൽ‌പ്പിച്ച് പോയതിനും...ഹിഹി..

  ശ്രീനാഥൻ....ചിന്തകൾ എന്റേത് മാത്രമാണേട്ടാ...അതിനെ അംഗീകരിച്ചതിനു നന്ദി...

  ചെമ്മരൻ....നന്ദി സുഹൃത്തേ

  ജീ . ആര്‍ . കവിയൂര്‍ .....എന്റെ കണ്ണിലൂടൊന്നു മഹാഭാരതം നോക്കിയപ്പൊ തോന്നിയതാണേട്ടാ...നന്ദി അഭിപ്രായത്തിന്...

  പദസ്വനം.....നന്ദി ഇവിടെ വന്നെന്റെ ഗംഗയെ കണ്ടതിന്...അഭിപ്രായമെഴുതിയതിന്...

  ലിപി രഞ്ചു.....നന്ദി ലിപീ...വായിക്കാനൊന്നു ശ്രമിച്ചുല്ലോ ...അത് മതി..

  ReplyDelete
 19. ഇപ്പോഴാ ഓര്‍ത്തത്..
  എന്റെ ഗംഗയെ പരിചയപ്പെടുതിയില്ലെല്ലോ എന്ന് .. ദേ ഇവളെ കൂടെ ഒന്ന് നോക്കിക്കോ ശിവഗംഗ

  ReplyDelete
 20. ബലേ ഭേഷ്... പുണ്യനദിയെന്ന് പുകഴ്ത്തപ്പെടുന്ന ഗംഗയ്ക് വരെ നിയന്ത്രണരേഖ...
  ഓരൊന്നിന്റേയും അന്തരാർത്ഥങ്ങളെ തനിക്ക് സുഖകരമാകുന്ന നിലയിൽ കണ്ടെടുക്കുന്നവരാണു നമ്മളൊക്കെയും...
  ഗംഗയും ശന്തനുവും ഭീഷ്മരും... കഥകളെല്ലാം നമുക്ക് പകരുന്നത് മാർഗനിർദേശങ്ങളാണ്...
  ഒരാൾ ചെയ്യുന്ന തെറ്റുകളേയും അവയിലൂടെ ബാധിക്കപ്പെടുന്ന നിരപരാധികമായ ജീവിതങ്ങളേയും പുരാണകഥകൾ വരച്ച് കാട്ടുന്നുണ്ട്...
  അവയെ ഉൾക്കൊണ്ട് തെറ്റുകൾ സ്വന്തം പ്രവൃത്തിയിൽ വരാതെ നോക്കുന്നതിനു പകരം ആ തെറ്റുകളെ വിമർശിക്കുന്ന ശൈലി..
  മനുഷ്യന്റെ അന്തർലീനമായ ആ സ്വഭാവമാണ് ഈ കവിതയുടെ കാഴ്ചപ്പാടിലൂടെ വ്യക്തമാകുന്നത്..
  കുറ്റം ചെയ്തത് ദ്യോവ് മാത്രമെന്നോർക്കാതെ അഷ്ടവസുക്കളെ അപ്പാടെ ശപിച്ച വസിഷ്ഠൻ ഒരല്പം ചിന്തിച്ചിരുന്നെങ്കിലോ...?
  നിരപരാധികളായ വസുക്കൾക്ക് വേണ്ടി ഇങ്ങനൊരു കർമ്മം ചെയ്യാൻ ഗംഗ മടിച്ചിരുന്നെങ്കിലോ...?
  നൊന്തു പെറ്റ മക്കളെ കൊന്നൊടുക്കാൻ ഗംഗയിലെ സ്ത്രീയിലെ മാതൃത്വം അനുവദിച്ചില്ലായിരുന്നെങ്കിൽ..?
  ഭീഷ്മരുണ്ടാകുമായിരുന്നോ...മഹാഭാരതമെന്നത് പോലും രചിക്കപ്പെടില്ലായിരുന്നല്ലോ...?
  മറ്റുള്ളവരുടെ തെറ്റുകൾ നമ്മളാൽ ആവർത്തിക്കാതിരിക്കാൻ..സ്വയം തിരുത്താൻ നമുക്ക് മുൻപിൽ ഗംഗയും ശന്തനുവുമൊക്കെയുണ്ട്..
  എങ്കിലും അവയെ വിമർശിച്ച് നമ്മളിന്നും തെറ്റുകൾ ആവർത്തിക്കുന്നു...
  കാരണം കുറ്റപ്പെടുത്താൻ നമുക്ക് മുൻപിൽ ഗംഗമാരുണ്ട്....
  അവരുടെ പ്രവൃത്തികളെ നമുക്ക് നമ്മുടേതായ ഭാഷ്യത്തിൽ നമുക്കനുകൂലമാക്കാമല്ലൊ...
  അന്യർ ചെയ്യുന്ന പാപങ്ങളെ പേറി പുണ്യപ്രദായിനിയെന്ന് പുകഴ്പെട്ട് ഗംഗ ഇനിയുമൊഴുകട്ടെ...
  സ്വയം അശുദ്ധയായി അന്യന്റെ പാപഭാരവും പേറി അവളിനിയും വിമർശിക്കപ്പെടട്ടെ...
  ഗംഗ പാപനാശിനിയായൊഴുകുവോളം പാപം ചെയ്യാൻ കലിയുഗപ്പിറവികൾ മത്സരിക്കട്ടെ...
  സംഭവാമി യുഗേ..യുഗേ...

  അവതരണത്തിൽ കുറച്ച് കൂടി ഒതുക്കം വരുത്താമെന്ന് തോന്നണു...എഴുത്ത് തുടരുക...
  ഉൾകാഴ്ചകൾ ശക്തമാക്കുന്ന പുതിയ ഭാഷയെ വാർത്തെടുക്കാന് ആശംസകൾ...

  കുറിപ്പ്...
  അഷ്ടവസുക്കളെ പല പേരിൽ പരാമർശിക്കപ്പെടുന്നതും ഇതിന്റെ ഭാഗമാവാം..
  എഴുതുന്നവന്റെ കാഴ്ചപ്പാടും അറിവുമാണല്ലൊ എഴുതപ്പെടുന്നവയിൽ വ്യക്തമാകുന്നത്..
  പശുവിനെ മോഷ്ടിച്ച വസുവിന് ദ്യോവെന്ന് പേര് കേട്ടിട്ടുണ്ട്..ഇപ്പൊ പ്രഭാഷനും...
  അതു പോലെ വസിഷ്ഠന്റെ പശുവിന്റെ പേരു നന്ദിനിയെന്ന് കേട്ടിട്ടുണ്ട്...അത് കാമധേനുവിന്റെ മകളാണെന്നും...

  ReplyDelete
 21. വായിച്ചു.ആശംസകള്‍ .............

  ReplyDelete
 22. @തൂലിക: എഴുതുന്നവന്റെ കാഴ്ചപ്പാടും അറിവുമാണല്ലൊ എഴുതപ്പെടുന്നവയിൽ വ്യക്തമാകുന്നത്..ഈ അഭിപ്രായം ഭാരതീയ പുരാണങ്ങളുടെ കാര്യത്തില്‍ എങ്കിലും തെറ്റാണ് .കൃത്യമായി ആര് എഴുതിവച്ചു എന്ന് ഇനിയും വ്യക്തമാക്കപ്പെടാത്ത ഒട്ടനവധി ഗ്രന്ഥങ്ങളിലൂടെയും വാമൊഴി വഴക്കങ്ങ ളിലൂടെ യും തലമുറകള്‍ വഴി പകര്‍ന്നു കിട്ടിയ അറിവുകളാണ് പുരാണങ്ങളെ പറ്റി പലര്‍ക്കും ഉള്ളത് ..അവ വ്യാഖ്യാനിച്ചു നന്നാക്കിയവരും വികലമാക്കിയവരും പറഞ്ഞതെല്ലാം സത്യം എന്ന് വിശ്വസിച്ചു പോരുന്നവരും ഉണ്ട് .ഇതെല്ലാം സംഭവിച്ചതാനെങ്കിലും അല്ലെങ്കിലും നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കാര്യങ്ങളാണ് . സുരഭി എന്ന് കൂടി അറിയപ്പെടുന്ന കാമധേനു പാലഴി മഥനം നടന്നപോള്‍ സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വന്നതാണെന്ന് ഒരു കഥ .മറ്റൊന്നില്‍ ധക്ഷയാഗാനന്തരം ഉണ്ടായതെന്ന് . കശ്യപ മഹര്‍ഷിക്ക് ഇന്ദ്രന്‍ നല്‍കിയതാണ് കാമധേനു എന്ന് ഒരു പക്ഷം .അതല്ല വസിഷ്ടന്റെ പശുവാണ് എന്നും പറയുന്നു .സ്വാഭാവികമായും വസിഷ്ടന്റെ ആശ്രമത്തില്‍ വളര്‍ന്ന കാമധേനു പ്രസവിച്ച മകളായ നന്ദിനി യും അദ്ദേഹത്തിനു അവകാശപ്പെട്ടതാവും .ധ്യോവ് ആണ് എട്ടാമത്തെ വസു എന്നും അദ്ദേഹം തന്നെയാണ് പ്രഭാസന്‍ എന്നറിയപ്പെടുന്നത് എന്നും കേള്‍ക്കുന്നു .മറ്റൊന്ന് ഗംഗ സ്വമനസാലെ ത്യാഗം ചെയ്തു ഭൂമിയില്‍ വന്നു ശന്തനുവിന്റെ പുത്രന്മാരെ ഗര്‍ഭം ധരിച്ചു അഷ്ടവസുക്കളെ ശാപത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതല്ല .അതും ഒരു ശാപ ഫലം തന്നെയാണ് ,അതില്‍ ഒരു തെറ്റ് ഗംഗയും ചെയ്തിട്ടുണ്ട് .ആ കഥ ഇതാ : ദേവലോകത്തെ നദിയായ ഗംഗദേവിയും രാജാവായ മഹാഭിശാഖ നും തമ്മില്‍ ഇന്ദ്ര സദസില്‍ വച്ച് പരിസരം മറന്നു പ്രേമ ചേഷ്ടകള്‍ നടത്തിയതിനെ തുടര്‍ന്ന് ഇന്ദ്രന്‍ ഇരുവരെയും ഭൂമിയില്‍ മനുഷ്യരായി ജനിച്ചു ചാപല്യങ്ങള്‍ തീര്‍ക്കാന്‍ ഇടവരട്ടെ എന്നും ശപിച്ചു . ഇവരാണ് ഗംഗയായും സൂര്യ വംശത്തിലെ റാവു ശന്തനുവായും മാറിയത് .പൂര്‍വ ജന്മ കഥകള്‍ അറിയാതെ ശന്തനു ഗന്ഗാതീരത്തു വച്ച് ഗംഗയെ കണ്ടു വിവാഹാഭ്യര്‍ഥന നടത്തി . വിവാഹത്തിനു സമ്മതം ആണെന്നും പക്ഷെ താന്‍ എന്ത് ചെയ്താലും ചോദ്യം ചെയ്യാന്‍ പാടില്ല എന്നും ശന്തനുവിനോട് പറഞ്ഞു പ്രതിജ്ഞ എടുപ്പിച്ചു . പ്രതിജ്ഞ ലംഘിക്കുന്ന പക്ഷം താന്‍ രാജാവിനെ വിട്ടു പോകുമെന്നും ഗംഗ പറഞ്ഞു . അങ്ങനെ വിവാഹ ശേഷം ഒരു കുട്ടി ജനിച്ചു .ഉടനെ ആ കുട്ടിയെ ഗംഗ നദിയില്‍ എറിഞ്ഞു

  കൊന്നു .രാജാവ് പ്രതിജ്ഞാ ലംഘനം നടക്കാതിരിക്കാന്‍ അത് ക്ഷമിച്ചു .ഇങ്ങനെ ഏഴു കുട്ടികളെ ഗംഗ വധിച്ചു .സഹികെട്ട ശന്തനു എട്ടാമത്തെ കുട്ടിയെ വധിക്കാനുള്ള ശ്രമം തടഞ്ഞു .ഉടന്‍ മേല്പറഞ്ഞ ശാപ കഥകള്‍ എല്ലാം ഗംഗ ശന്തനുവിനെ പറഞ്ഞു കേള്‍പിച്ചു .താന്‍ വധിച്ച കുഞ്ഞുങ്ങള്‍ സത്യത്തില്‍ അഷ്ട വസുക്കളില്‍ പെട്ട ഏഴു പേര്‍ ആയിരുന്നെന്നും ..അങ്ങ് പ്രതിജ്ഞാ ലങ്ഘനം നടത്തിയതോടെ ദേവിയായ തന്റെ മനുഷ്യ ജന്മം തീര്‍ന്നെന്നും ഇനി സ്വര്‍ഗത്തിലേക്ക് മടങ്ങുകയണെന്നും അറിയിച്ചു . ഇങ്ങനെയാണ് അഷ്ട വസുക്കളിലെ ഏഴു പേരും ഗംഗയും ശാപ മോക്ഷം നേടിയത് .എട്ടാമത്തെ വസു ആണ് ദേവ വ്രതന്‍ എന്ന പേരില്‍ ഹസ്തിന പുരിയുടെ ഭാവി രാജാവായി തീരുമെന്ന് കരുതിയ ഭീഷ്മര്‍ .

  ReplyDelete
 23. എഴുതപ്പെടുന്നവയെ സ്വാധീനിക്കുന്നത് എഴുതുന്നവന്റെ അറിവും കാഴ്ചപ്പാടുകളും തന്നെയാണെന്നാണെന്റെ വിശ്വാസം..
  ഭാരതീയ പുരാണങ്ങളിലൊന്നായ രാമായണത്തിലെ ദുഷ്ടനും അഹങ്കാരിയുമായ രാവണനെന്ന രാക്ഷസനെ കേട്ടറിവിനൊപ്പം സ്വന്തം കാഴ്ചപ്പാടുകളെ ഉൾക്കൊള്ളിച്ചത് കൊണ്ടാണല്ലൊ സീതയെ രാവണപുത്രിയായും മറ്റും വ്യാഖ്യാനിക്കപ്പെട്ടത്...
  ഭാരതീയ പുരാണങ്ങള് വ്യാഖ്യാനങ്ങൾക്ക് അതീതമല്ല തന്നെ...
  രാമായണവും മഹാഭാരതവും പുണ്യഗ്രന്ഥങ്ങളായും ദൈവികമായ മാർഗനിർദ്ദേശങ്ങളായും കണ്ട് അതിനെ ആരാധിക്കുന്നവരിലെത്ര പേർ അത് വായിചിട്ടുണ്ടാകുമെന്നതും ചിന്തിക്കേണ്ടി വരും.. സംസ്കൃതഭാഷാപരിജ്ഞാനമില്ലാത്തവർക്ക് മനസിലാക്കാൻ എളുപ്പമുള്ള വ്യാഖ്യാനങ്ങളിൽ വിശ്വാസം വന്നതിലും അത്ഭുതപ്പെടാനില്ല.. ചുരുക്കത്തിൽ കേട്ടറിവുകളിലെ അർത്ഥവ്യത്യാസങ്ങൾക്കൊപ്പം സ്വന്തം കാഴ്ചപ്പാടുകളിലൂടെ ചമയ്ക്കപ്പെട്ട വ്യാഖ്യാനങ്ങളിലൂടെ പരിപോഷിപ്പിക്കപ്പെട്ട ഭാരതീയ പുരാണങ്ങളിൽ എഴുതിയവരുടെ കാഴ്ചപ്പാടുകളും അറിവുമാണ് ഇന്ന് വ്യക്തമാകുന്നത് എന്നാണെന്റെ പക്ഷം... പിന്നെ ശാപഗ്രസ്തയായ ഗംഗയ്ക് മനുഷ്യരൂപത്തിൽ ചാപല്യം തീർക്കാൻ മാത്രമേ വേണ്ടിയിരുന്നുള്ളൂ.. പക്ഷെ വസിഷ്ഠശാപം പേറിയ സപ്തവസുക്കള്ക്ക് ശാപത്തിൽ നിന്ന് രക്ഷ നൽകിയതവളുടെ ത്യാഗം തന്നെയല്ലേ....

  കേട്ടറിവുകളും പകർത്തിയെഴുതപ്പെട്ട പുരാണ പുനർവ്യാഖ്യാനങ്ങളും മാത്രമാണെന്റെയും അറിവ്... പലതായവയിൽ നിന്ന് സ്വയുക്തിക്കനുസരിച്ച് പതിരു വേർത്തിരിക്കുകയെന്നതിലപ്പുറം ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ല തന്നെ..

  ReplyDelete
 24. :) രാപ്പകലുകള്‍ സംവദിച്ചാലും ഗ്രഹിക്കാന്‍ പറ്റാത്തയത്രയും
  വിപുലമാണ് ഭാരതീയ പൌരാണിക ഗ്രന്ഥങ്ങളുടെയും ഉപ നിഷത്തുക്കളുടെയും അന്ത:സാരം.
  ഇക്കാര്യത്തില്‍ ഒരു ശിശുവിനെക്കാളും താഴെ ഒരു സ്ഥാനം ഉണ്ടെങ്കില്‍ അവിടെയാണ് ഞാന്‍ ..ഞാന്‍ ആദ്യ കമന്റില്‍ പറഞ്ഞത് പോലെ ഒട്ടനവധി ഉപകഥകളും സംഭവങ്ങളും കൂടി ചേര്‍ന്ന് ..ഒരു പാട് കാര്യങ്ങളും കാരണങ്ങളും ഒന്ന് ചേര്‍ന്ന് മഹത്തായ മഹാഭാരത യുദ്ധത്തിലേക്ക് വഴിതുറന്നു എന്നെ ഉള്ളൂ .
  അതില്‍ പറയപ്പെടുന്ന ദേവനും അസുരനും ഋഷിയും മനുഷ്യനും രാജാവിനും കുതിരയ്ക്കും ആനയ്ക്കും വരെ തങ്ങളുടേതായ പങ്കു ഉണ്ട് .
  "ഇതില്‍ ഉള്ളത് പല യിടത്തും കണ്ടേക്കും .പക്ഷെ ഇതില്‍ ഇല്ലാത്തത് മറ്റൊരിടത്തും ഉണ്ടായിരിക്കില്ല എന്നാണു മഹാഭാരതത്തെ ക്കുറിച്ച് വ്യാസമുനി പറഞ്ഞിട്ടുള്ളത് .അതായത് ഈ പ്രപഞ്ചത്തിലെ ഭാവി ഭൂതം വര്‍ത്തമാനം എല്ലാം അതില്‍ ഉണ്ടെന്നു തന്നെ . അതില്‍ എത്രയോ തുച്ഛമായ കാര്യങ്ങളാണ് ഓരോ മനുഷ്യനും ലഭിച്ചിട്ടുള്ളത് !! അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ഠ എന്ന മട്ടില്‍ നമുക്ക് ഇവിടെ നിന്ന് തര്‍ക്കിക്കാം എന്നല്ലാതെ മറ്റൊരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല .

  ReplyDelete
 25. കവിത വായിച്ചു. അധികമൊന്നും എനിക്ക് മനസ്സിലായില്ല.ആകെ ഓര്‍മ്മ വന്നത് ഈയടുത്ത് ഇവിടുന്ന് എക്സ്കര്‍ഷനു പോയ രണ്ട് കുട്ടികള്‍ ഗംഗയില്‍ മുങ്ങി മരിച്ചതാണു.
  മനസ്സിലാകാത്തത് എന്റെ കുഴപ്പമാണു കേട്ടൊ.
  എല്ലാ ആശംസകളും

  ReplyDelete
 26. കൃത്രിമം കടന്നുവരുന്നുണ്ട് ... കൂടുതല്‍ കവിതകള്‍ വായിക്കൂ .. (ഇപ്പോഴുള്ള മോടെര്നിസം കവിതയുടെ നാശത്തിനു കാരണമായിരിക്കുകയാണ് ) ഭാഷയോടുള്ള സ്നേഹം കൂടുമ്പോള്‍ കവിതയോടുള്ള ബഹുമാനം വര്‍ധിക്കും .... ആശംസകള്‍

  ReplyDelete
 27. “തൂലിക“ « Ss* » ....ഞാനാദ്യമിട്ട കമെന്റ്സിനുള്ള മറുപടിയിൽ പറഞ്ഞിരുന്നു...ചിന്തകൾ എന്റെത് മാത്രമാണ്...പുരാണേതിഹാസങ്ങളും വേദോപനിഷത്തുക്കളും ഒക്കെ മനുഷ്യനെ തെറ്റുകളിൽ നിന്നും നന്മയിലേക്ക് നയിക്കുന്ന മാർഗ്ഗദർശികൾ തന്നെ സശയമില്ലാത്ത കാര്യം....അവയിലെ തെറ്റുകൾ മനസ്സില്ലാക്കി അത് സ്വന്തം ജീവിതത്തിൽ വരുത്താതെ നോക്കേണ്ടതാണു നമ്മൾ ചെയ്യേണ്ടതെന്നു പറഞ്ഞതും സമ്മതിക്കുന്നു...എന്നാലൊന്നു ചോദിച്ചോട്ടെ തെറ്റുകളെ വിമർശിക്കയല്ലേ വേണ്ടത്...അല്ലാതെ അംഗീകരിക്കയല്ലല്ലോ...തെറ്റിനെ അംഗീകരിച്ച് മൌനം ഭജിച്ചാൽ അത് തെറ്റാവില്യാല്ലോ...ശരിയാവുകയല്ലേ...മനസ്സു കൊണ്ടെങ്കിലും അത് തെറ്റാണെന്നു പറയണം...അപ്പോഴാണൊരു പ്രവൃത്തി തെറ്റാവുന്നത്...മനസ്സിൽ പറയേണ്ടത് ഞാൻ വാക്കുകളിലൂടെ വരച്ചിട്ടു...മനുഷ്യമനസ്സ് ഏത് നാശത്തിലും പിടിച്ച് നിൽക്കാൻ ഒരു പിടിവള്ളി തേടും...ഒരാശ്വാസം...ഞാനും അതിലൂടെയാണു ഗംഗയോടിനി വരരുതെന്നു പറഞ്ഞത്...ഗംഗ ചെയ്ത നന്മയെ ചെറുതായി കണ്ടില്യാ...അതു കൊണ്ടാണു നമയ്ക്കായ് പോലും ഇനി അവനിയിൽ വരരുതെന്നു പറഞ്ഞത്...ഗംഗ ചെയ്ത നന്മയെക്കാൾ എന്നെ വിഷമിപ്പിച്ചത് കുരുക്ഷേത്രമാണ്...അതിന്റെ കാരണം അന്വേഷിച്ചു പോയ മനസ്സ് ചെന്നു നിന്നത് ഗംഗയിലാണ്...ഇനിയും പുറകിലോട്ട് പോകാം...എങ്കിലും എന്റെ ചിന്തകളെ ഞാൻ ഗംഗയിൽ അവസാനിപ്പിച്ചു..എന്റെ ഈ കൃത്യം മനുഷ്യമനസ്സിൽ അന്തർലീനമായ സ്വഭാവത്തിന്റെ പ്രദർശനം ആണെന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ച് തന്നേക്കാം കാരണം ഞാൻ തികച്ചും ഒരു സാധാരണ മനുഷ്യജന്മമാണു..ഇക്കാര്യം താങ്കൾക്കും ബാധകമാകുമല്ലോ ...വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...തുടർന്നും പ്രതീക്ഷിക്കുന്നു...

  ReplyDelete
 28. രമേശ്‌ അരൂര്‍.....നന്ദി ഏട്ടാ...അറിവുകൾ പങ്കു വയ്ക്കുന്നതിനു..

  മുല്ല.....നന്ദി വാക്കുകൾക്ക്..

  ശാന്തകുമാര്‍ കൃഷ്ണന്‍.....വായനയുടെ അഭാവം ഉണ്ടെന്നറിയാം....കുറവുകൾ നികത്തുന്നതായിരിക്കും...നന്ദി ആ വാക്കുകൾക്ക്

  ReplyDelete
 29. @സീത..
  മുൻ കമന്റിൽ ഞാൻ പറഞ്ഞതും ഇത് തന്നെയല്ലേ...
  എഴുതുന്നവന്റെ കാഴ്ചപ്പാടും അറിവുമാണല്ലൊ എഴുതപ്പെടുന്നവയിൽ വ്യക്തമാകുന്നത് എന്ന്..
  കേട്ടറിവുകളും പകർത്തിയെഴുതപ്പെട്ട പുരാണ പുനർവ്യാഖ്യാനങ്ങളും മാത്രമാണെന്റെയും അറിവ്... പലതായവയിൽ നിന്ന് ലഭിച്ച ആ അറിവുകളെ സ്വയുക്തിക്കനുസരിച്ച് പതിരു വേർത്തിരിക്കുകയെന്നതിലപ്പുറം ഇക്കാര്യത്തിൽ നമുക്കൊന്നും വേറൊന്നും ചെയ്യാനില്ല തന്നെ.. നമ്മുക്കൊക്കെയുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ തങ്ങളുടേതായ വ്യാഖ്യാനങ്ങളിൽ യുക്തി കണ്ടെത്തുന്നതിനെ കുറിച്ച് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്...
  ഇതിൽ അന്തർലീനമെന്നു പറഞ്ഞ സ്വഭാവങ്ങളുള്ള സാധാരണ മനുഷ്യജന്മം തന്നെയാണേവരുമെന്ന് തന്നെയാണ് പറഞ്ഞതും.. അതിൽ ഞാനും പെടും..
  കേട്ടറിവുകൾക്ക് തങ്ങളുടേതായ വ്യാഖ്യാനങ്ങൾ നാമോരോരുത്തരും ചമയ്കുമ്പോൾ “അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ഠ എന്ന മട്ടില്‍ നമുക്ക് ഇവിടെ നിന്ന് തര്‍ക്കിക്കാം എന്നല്ലാതെ മറ്റൊരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല“ എന്ന രമേശ് അരൂരിന്റെ വാക്കുകൾ പ്രസക്തമാകുന്നു.. :-)
  പുതിയ കാഴ്ചകളും വ്യാഖ്യാനങ്ങളുമായി എഴുത്ത് തുടരുക..
  അല്പജ്ഞാനം മാത്രമായ നമ്മുടെയൊക്കെ ഇത്തരം കേട്ടറിവുകളെ സ്വയുക്തിക്കനുസരിച്ച് വ്യാഖ്യാനിച്ച് ആരോഗ്യപരമായ തർക്കവാദങ്ങളിലൂടെ സംവദിക്കാം നമുക്ക്...അറിവുകൾ പരസ്പരം പങ്കു വയ്കാം.. ആശംസകൾ..

  ReplyDelete
 30. എന്റമ്മോ......
  കമന്റുകളില്‍ നിന്നു തന്നെ ഒരു ഉപന്യാസം എഴുതുവാനുള്ള വകയുണ്ട് സഖി.
  അല്ല കമന്റുകള്‍ പലതും ഉപന്യാസമാണ്...ഹി...
  കൂട്ടുകാരിയ്ക്കഭിമാനിക്കാം ......
  ആശയം നന്നായി...എന്ത് ന്യായം പറഞ്ഞാലും ഈ ഗംഗയെ എനിക്കും അംഗീകരിക്കുവാന്‍ ആവില്ല എന്നതാണ് സത്യം..

  (ഇവിടുണ്ട് കേട്ടോ......ഇച്ചിരി തിരക്കില്ലാണ്...അല്ല തിരക്കഭിനയിക്കുകയാണ്.. :D )

  ReplyDelete
 31. ഒരു കവിതയുടെ വിജയം എന്നു പറയുന്നത് വായനക്കാര്‍ അതിന്‌ എന്തെല്ലാം അര്‍ത്ഥതലങ്ങള്‍ കൊടുക്കുന്നുണ്ട് എന്നനുസരിച്ചാണ്‌. എനിക്ക് ഈ കവിതയും കമന്റുകളും ഇഷ്ടമായി . വ്യത്യസ്തമായ ചിന്തകള്‍ അത് കവിതയിലായാലും കഥയിലായാലും കൊണ്ടുവരാന്‍ ശ്രമിക്കുന്നത് നല്ലൊരു രചയിതാവിന്റെ ലക്ഷണമാണ്‌. സീത എഴുത്തില്‍ മുന്നേറുന്നുണ്ട്‌. ആശംസകള്‍.

  ReplyDelete
 32. അഷ്ട വസുക്കളെ ഇനിയും ശാപം ഗ്രസിച്ചിടാം
  മോക്ഷാർത്ഥം ഈ മണ്ണില്‍ ഇനിയും വരായ്ക നീ
  വിരഹത്തീയില്‍ നീയെരിയിച്ച മനം കുളിര്‍പ്പിക്കാന്‍
  സത്യവതിമാരിവിടെ ഇനിയും വില പേശരുത്
  That is a different thought!

  പാര്‍ത്ഥ സാരഥിയാവാന്‍ ഇനിയവന്‍ വരില്ലാ
  ഉറപ്പിച്ചു പറയാൻ വരട്ടെ!

  എല്ലാം ഗംഗയുടെ തലയ്ക്കടിക്കണോ?!
  പറഞ്ഞു വരുമ്പോൾ എല്ലാ യുദ്ധങ്ങളുടെയും പിന്നിൽ..

  ReplyDelete
 33. If possible, change the font/change the background image..very difficult to read. distracting..

  ReplyDelete
 34. ഇത് സ്റ്റാന്‍ഡേര്‍ഡ് കൂടിയതാ...ബാല്‍ക്കണി ടീമിനേ മനസ്സിലാകു ;)

  ReplyDelete
 35. http://natakameulakam.blogspot.com/

  ഇതാണു ശെരിക്കുമുള്ള ഞാന്‍ :)

  ReplyDelete
 36. “തൂലിക“ « Ss* » ....ആരോഗ്യപരമായ തർക്കവാദങ്ങളുമായി സംവദിക്കാൻ ഇനിയും ഈ വഴി വരിക.....

  ജിത്തൂ.....ഗംഗയെ എനിക്കും അംഗീകരിക്കാനാവുന്നില്ലാ സഖേ...പക്ഷേ നമ്മുടെ തൂലിക അത് അംഗീകരിച്ച് തരില്യാല്ലോ...ഹിഹി...ആൾക്ക് ഗംഗയോട് പ്രണയമാന്നാ തോന്നണേ ( ആളോട് പറയല്ലേ)...തിരക്കുകൾ നന്നു...പക്ഷേ അവ നമ്മെ വിഴുങ്ങാതെ നോക്കണം ട്ടോ...വരണം വല്ലപ്പോഴുമീ കൂട്ടുകാരിയെ തേടി..

  വായാടി.....ഹാവൂ തത്തമ്മയെ കാണണില്യാല്ലോ ന്ന് കരുതീരിക്ക്യാർന്നു...നിൻ കൊഞ്ചലുകളില്ലാതെന്റെ ചിത്രകൂടം മൂകമെന്നറിയുന്നുവോ സഖീ...ഞാൻ അവിടെ വന്നിരുന്നു...പിച്ചും പേയും ഒന്നും കേൾക്കാണ്ടായപ്പോ...ന്തേയ് പറ്റീത്...നാട്ടിൽ പോയി വന്ന ക്ഷീണമാണോ...

  സാബു എം എച്ച്.....മാറ്റീട്ടുണ്ട് ട്ടോ സബുവേട്ടാ...പാർത്ഥസാരഥിയാവാൻ ഇനിയവൻ വന്നൂന്ന് വരില്ല്യാന്നു ഗംഗയെ ഒന്നു ഭീഷണിപ്പെടുത്തീതല്യേ...ല്ലാരും കാത്തിരിക്കുവല്ലേ ഒരു പാർത്ഥസാരഥിക്കായി...നന്ദി വാക്കുകൾക്ക്..

  ദീപ്സ്.....ബാൽക്കണിയ്ക്ക് ടിക്കറ്റുണ്ടല്ലോ...സുഖങ്ങളൊക്കെ തന്നേ...

  ReplyDelete
 37. അമ്പടീ...സീതെ
  ഗംഗക്കും ത്രെട്ടന്റോ
  കവിത ഗംഭീര്യം.. പിന്നീട് വന്ന അഭിപ്രായ ചർച്ചകൾ അതിലും ഗംഭീര്യം..!

  ReplyDelete
 38. നല്ലൊരു കവയിത്രിയായി അറിയപ്പെടട്ടെ..
  ആശംസകള്‍.

  ReplyDelete
 39. നാട്ടില്‍ പോയി വന്നതിനു ശേഷം ഞാന്‍ ഭയങ്കര മടിച്ചിയായിട്ടുണ്ട്. എന്നെ ഇടയ്ക്കു വന്നു അന്വേഷിച്ചപ്പോള്‍ സന്തോഷായിട്ടോ. സീതയ്ക്കും കുടും:ബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

  ReplyDelete
 40. വായാടി പറഞ്ഞത് പോലെ കവിത, വായനക്കാരുമായി സംവദിക്കുന്നത് തന്നെ കവയത്രിയുടെ വിജയം.
  കൂടുതല്‍ കവിതകള്‍ ആ തൂലികയില്‍ നിന്നും പിറവിയെടുക്കട്ടെ എന്ന ആശംസയോടെ....

  ReplyDelete
 41. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. .....ചുമ്മാ ഒന്നു വിരട്ടി നോക്കീതാ ഏട്ടാ ഹിഹി...നന്ദി ട്ടോ

  mayflowers....നന്ദി സുഹൃത്തേ

  വായാടി....മടിച്ചിയാവണ്ട..പിച്ചും പേയും കേൾക്കണം ഇനിയും...ന്റെ പ്രിയപ്പെട്ട തത്തമ്മയ്ക്കും കുടുംബത്തിനും എന്റെ വിഷു ആശംസകൾ

  കുഞ്ഞൂസ്.........നന്ദി കുഞ്ഞൂസ്സേ...

  ReplyDelete
 42. എല്ലാത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന രചന.അഭിനന്ദനങ്ങള്‍.

  ReplyDelete
 43. കുസുമം ആര്‍ പുന്നപ്ര....നന്ദി ചേച്ചീ ഇതുവരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും

  ReplyDelete
 44. “പണ്ടൊരാറിനെ മോളിൽ നിന്നാരോ താഴെയിറക്കിയതൊർത്ത് നിൽക്കുമ്പം മോഹം” പണ്ടെന്നോ ആകാശവാണിയിൽ ഞാൻ എഴുതിയ ഒരു സംഗീതികയിലെ ഒരു വരിയാണ്..ഇതിൽ ഞാൻ ഗംഗയേയും ഭഗീരഥനെയും ഒന്നും കൊണ്ട് വന്നില്ലാ.... പക്ഷേ കഥ അറിയാവുന്നവർക്കൊക്കെ കാര്യം പിടികിട്ടി... ഇത് ഇവിടെ എടുത്തെഴുതിയത് സീതമോളുടെ കവിതാ രചനാ രീതി കണ്ടപ്പോഴാണ്.. പുരാണങ്ങളിലേയും,ഇതിഹാസങ്ങളിലേയും കഥാപാത്രങ്ങളെ ബിംബങ്ങളാക്കി കഥയും കവിതയും ഒക്കെ രചിക്കുന്നത് വായനക്കാർക്കും എഴുത്ത്കാർക്കും വളരെക്കൂടുതൽ അറിവ് കിട്ടും...പിന്നെ വേദനയുളവാക്കുന്ന ഒരു സത്യം ഇന്നുള്ള യുവത്വത്തിൽ പലർക്കും നമ്മുടെ പുരാണേതിഹാസങ്ങളെക്കുറിച്ച് ഒരു അറിവും ഇല്ലാന്നുള്ളതാണ് അതിൽ നിന്നു വ്യത്യസ്ഥയാണ് സീത. ഇന്ന് ഭാരതത്തിലൂടെ ഒഴുകുന്ന ഗംഗാ നദിയെക്കുറിച്ചല്ലാ മറിച്ച് പുരാണത്തിലെ ഗംഗയോട് ഒരു കുരുക്ഷേത്ര യുദ്ധത്തിന് കാരണക്കാരിയാക്കാരിയാകാതിരിക്കാൻ ഇനിയും ജനിക്കരുതേ എന്ന് യാജിക്കുന്നൂ..പുരാണകഥാ സന്ദർഭങ്ങൾ അറിഞ്ഞുകൂടാത്ത വായനക്കാർക്ക് ആ കവിത മനസ്സിലായില്ല. എഴുത്തുകാർ മാതൃകയാക്കേണ്ട ഈ കവിതയിൽ പദങ്ങളേയും ആശയങ്ങളേയും മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നൂ.. എന്റെ പ്രീയപ്പെട്ട സീത മോൾക്ക് ആയിരം പ്രണാമം.. ഇത്തരം കവിതകൾ എഴുതുമ്പോൾ അതിന്റെ കഥയുംകൂടെ ബ്രാക്കറ്റിട്ട് കവി തന്നെ എഴുതുക എന്ന് പറഞ്ഞാൽ അതിനോട് ഞാൻ വിയോജിക്കും..പക്ഷേ ബ്ലോഗ്ഗെഴുത്തുകാരിൽ പ്രധാനിയും ജ്ഞാനിയുമായ ശ്രി രമേശ് അരൂർ കൂട്ടായി എത്തി കഥാ സന്ദർഭങ്ങളും,കുറച്ച് പുരാണവും കൂട്ടുകാർക്ക് പറഞ്ഞു കൊടുത്തപ്പോൾ വയനക്കാർക്ക് സന്തോഷം.. കൂടെ നിരൂപണവുമായി തൂലികയും എത്തിയപ്പോൾ.. കവിതമറന്ന് ചർച്ചകൾക്ക് വേദിയായി.. വീണ്ടും വായനക്കാർക്ക് അറിവിന്റെ പുതിയ തലങ്ങൾ... ആരോഗ്യകരമായ ചർച്ച വളരെ നല്ലതാണു..പിടിച്ച മുയലിന്റെ കൊമ്പ് മൂന്ന് എന്ന് തർക്കിക്കുമ്പോഴാണു ‘തൂലിക’ യോട് ‘അത്രക്ക് വേണോ ‘എന്നുള്ള സംശയം എനിക്കുണ്ടാകുന്നത് അദ്ദേഹത്തിന്റെ അറിവിനും എന്റെ വന്ദനം...രമേശ് എന്നേയും വിമർശിച്ചിട്ടുണ്ട്.. അദ്ദേഹം കാര്യകാരണങ്ങൾ നിരത്തി തന്റെ വാദം ശക്തമാക്കുമ്പോൾ ആ നല്ല അനിയനോടുള്ള എന്റെ ആദരവ് വളരെകൂടുന്നൂ.. പിന്നെ പുരണങ്ങളും ഇതിഹാസങ്ങളുമൊക്കെ ഓരൊരൊ മഹാത്മാക്കളായ എഴുത്തുകാരുടെ ഭാവനാ വിലാസങ്ങളാണ്.. എന്നു മനസ്സിലാക്കുമ്പോഴും...അവർ കഥാ രുപേണ പറഞ്ഞ നല്ല ചിന്തകളെ അതിന്റെതായ അർത്ഥത്തിൽ എടുക്കുമ്പോഴാണ് അവ ഉൽകൃഷ്ടമാകുന്നത്.. ഒരു ചെറിയ ചിന്ത “ശ്രീകൃഷ്ണൻ“ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്റ്റ കഥാപാത്രമാണ് – അവതാരമാണ് - ശ്രീകൃഷ്ണൻ എന്നാൽ ഗോപാലൻ.. ഗോപാലൻ എന്നാൽ എന്താണു... ഗോക്കളെ പരിപാലിക്കുന്നവൻ... ഗോ.. എന്നാൽ എന്താണ്.. ഗോ = പ്രകാശം. അതായത് അറിവ്.. അറിവെന്നാൽ ജ്ഞാനം.. അപ്പോൾ ജ്ഞാനത്തെ പരിപാലിക്കുന്നവനാണ ശ്രീകൃഷ്ണൻ അല്ലാതെ പതിനാറായിരത്തെട്ട് ഭാര്യമാരെ കൊണ്ട് നടക്കുന്ന ഒരു വീടനല്ലാ.. പതിനാറായിരത്തെട്ട് രാഗങ്ങൾ തന്റെ ഓടക്കുഴലിലൂടെ വായിച്ചിട്ടുണ്ട്ന്ന് മറ്റൊരു ചിന്ത..ഇനിയും പറഞ്ഞാൽ ഒരോ ഭർത്താക്കന്മാരുടെ ഉള്ളിലും ഒരു ശ്രീകൃഷ്ണൻ ഉണ്ടാകണം എന്ന് മറ്റൊരു ചിന്ത... കാട് കയറുന്നൂ...ഞാൻ ഇപ്പോൾ ഇവിടെ നിർത്തുന്നൂ...സീതമോളെ ഇത്തരം കവിതകൾ ഇനിയും എഴുതുക.. പെണ്ണ് എഴുത്തെന്ന ‘ക്ലീഷേയെ’ തച്ചുടച്ച് മുന്നേറുക... ഞാൻ അറിയാതെ താങ്കളുടെ ആരാധകനായി മാറുന്നൂ.. ഒപ്പം രമേശ് അരൂരിന്റേയും... എല്ലാ ഭാവുകങ്ങളും

  ReplyDelete
 45. വായിച്ചും കേട്ടും അറിഞ്ഞ അറിവുകൾ വളരെ പരിമിതമാണെനിക്ക്..
  പുരാണേതിഹാസങ്ങളെ കുറിച്ച് കാര്യമായ അറിവ് അവകാശപ്പെടാനില്ലാത്ത ഇന്നത്തെ യുവത്വത്തിന്റെ ഭാഗമാണ് താനും.. ബാലപ്രസിദ്ധീകരണങ്ങളടങ്ങുന്ന ചെറിയ വായനാനുഭവങ്ങളും പരിമിതമായ കേട്ടറിവുകളും മാത്രമാണ് പുരാണേതിഹാസങ്ങളിലുള്ള അറിവെന്നിരിക്കെ ഞാനിവിടെ ശ്രമിച്ചത് “താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്” എന്ന നിർബന്ധബുദ്ധിയാലല്ലെന്ന് പറഞ്ഞ് കൊള്ളട്ടെ...
  മഹാത്മാക്കളായ എഴുത്തുകാരുടെ ഭാവനാ വിലാസങ്ങളായി മാത്രം പുരാണേതിഹാസങ്ങളെ കണക്കിലെടുക്കാതെ അവർ കഥാ രുപേണ പറഞ്ഞ നല്ല ചിന്തകളെ അതിന്റെതായ അർത്ഥത്തിൽ എടുക്കുക എന്ന എന്റെ ചിന്തയെ വ്യക്തമാക്കാൻ മാത്രമാണ് ശ്രമിച്ചത്..
  വാദം ജയിക്കാൻ പറയുകയല്ലെന്ന മുഖവുരയോടെ പറയട്ടെ...ഇതിൽ ഗംഗയാണ് മഹാഭാരതയുദ്ധം ഉണ്ടാവാനുള്ള കാരണം എന്ന നിലയിലേക്കുള്ള ചിന്തയെ ഉൾക്കൊള്ളാനായില്ലെന്നു മാത്രം..ദിവ്യഗോവിനെ മോഷ്ടിച്ച ദ്യോവ് മൂലം നിരപരാധികളായ സപ്തവസുക്കൾ കൂടി ശാപഗ്രസ്തരായി..അവർക്ക് മോക്ഷപ്രാപ്തിയ്കായി ശാപഗ്രസ്തയായ ഗംഗ ചെയ്യുന്നതോ ശിശുഹത്യയെന്ന മഹാപാപവും (ദേവിയായ ഗംഗ മനുഷ്യാവതാരം പൂണ്ടതിനാലെന്ന് പറയാനാവുമോയെന്നറിയില്ല)..ശിശുഹത്യയെന്ന മഹാപാതകം ചെയ്ത ഗംഗയെ പുണ്യദായിനിയായ് വാഴ്ത്തുന്നു..പുരാണങ്ങളിൽ എവിടേയെങ്കിലും ഗംഗയെ അതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നുണ്ടോ എന്ന് അറിവിലില്ല.. കാരണങ്ങളില്ലാതെ ഒന്നും സംഭവിക്കുന്നില്ലെന്ന് പല ഉപകഥകളായി ഓരോ സംഭവങ്ങളേയും കർമ്മങ്ങളേയും പുരാണകഥകൾ വ്യക്തമാക്കുകയും ചെയ്യുന്നു..
  ഗംഗയിമേലേൽ‌പ്പിക്കപ്പെടുന്ന ശാപം അവർക്കുപകാരപ്പെടുന്നുവെന്നല്ലാതെ ഗംഗയ്കേറ്റ ശാപത്താലാണ് സപ്തവസുക്കളായ ശിശുക്കളെ കൊല്ലുന്നതെന്ന രീതിയിലേയ്കുള്ള കാഴ്ചപ്പാട് ശരിയല്ലെന്ന് തോന്നി..സ്വകർമ്മം ചെയ്യുകയെന്നതാണ് ധർമ്മമെന്നും അതിന് ബന്ധങ്ങൾ പോലും തടസ്സമാവരുതെന്നും ഗീതോപദേശം നൽകി അർജുനനെ യുദ്ധസന്നദ്ധനാക്കുന്നതിലൂടെ പറയുന്നുണ്ട്.
  മഹാഭാരതകാരണം തിരഞ്ഞാൽ ഗംഗയേക്കാൾ ഉത്തമമായവയെ കാണാനുമാകും... മകനായ ദേവവൃതനെ മറന്ന് സത്യവതിയെ ആഗ്രഹിച്ച് ഗംഗാപുത്രനെ ഭീഷ്മശപഥത്തിനിടയാക്കി അതിലൂടെ പാണ്ഡവകൌരവപ്പിറവിക്ക് കാരണക്കാരനായ ശന്തനുവും...പാണ്ഡുധൃതരാഷ്ട്രർക്ക് സൃഷ്ടാവായ....മഹാഭാരതരചയിതാവായ വേദവ്യാസനടക്കം എത്രയോ പേർ..
  കേവലം മനുഷ്യസഹജമായ ചിന്തകൾക്കപ്പുറം നിൽക്കുന്ന കാര്യകാരണങ്ങൾ നിറഞ്ഞവയാണ് പുരാണങ്ങൾ..
  ഗംഗയെന്ന മനുഷ്യസ്ത്രീയിലേക്ക് മാത്രമായി നോക്കുമ്പോൾ പോലും പല വ്യാഖ്യാനങ്ങൾ ലഭിച്ചേക്കും..സീതയുടെ ഈ ശ്രമത്തെ അഭിനന്ദിക്കാനും വിമർശിക്കാനും മാത്രം ശ്രമിക്കാതെ ഇനിയും ചിന്തിയ്കാനും മുന്നേറാനും പ്രചോദനമാവുകയെന്നതായിരുന്നു ഉദ്ദേശവും..
  “എഴുതുന്നവന്റെ കാഴ്ചപ്പാടും അറിവുമാണല്ലൊ എഴുതപ്പെടുന്നവയിൽ വ്യക്തമാകുന്നത്“ എന്ന കമന്റിലൂടെ എഴുതുന്നയാളുടെ തന്റെ സൃഷ്ടിമേൽ ചിന്തയിലും രചനാശൈലിയിലുമുള്ള സ്വാതന്ത്ര്യമുണ്ട് സീതയ്ക് എന്നാണ് ഉദ്ദേശിച്ചത്..തന്റെ മാത്രം ചിന്തയെന്ന മറുപടിയിലൂടെ സീതയതിനെ വ്യക്തമാക്കുകയും ചെയ്തു.. പതിനാറായിരത്തെട്ട് ഭാര്യമാരെന്നതിനാൽ തെറ്റിദ്ധരിക്കപ്പെടുന്ന കൃഷ്ണനെന്ന പോലെ ഗംഗയും എഴുത്തുകാരുടെ അറിവിനും കാഴ്ചപ്പാടിനുമനുസരിച്ച് വ്യാഖ്യാനിക്കപ്പെടട്ടെ.. അത് കൊണ്ടാണ് പുരാണങ്ങളും ഇന്ന് വ്യാഖ്യാനങ്ങൾക്കതീതമല്ലെന്ന് പറഞ്ഞതും.. അല്പജ്ഞാനം മാത്രം കയ്യിൽ വച്ച് എന്റെ കാഴ്ചപ്പാടുകളെ പറഞ്ഞുവെന്നേയുള്ളൂ..മറിച്ച് സമർത്ഥിക്കാനുള്ള ഉദ്ദേശമായിരുന്നില്ലയെന്ന് ഒരിക്കൽ കൂടി പറഞ്ഞു കൊള്ളട്ടെ..എന്റെ കാഴ്ചപ്പാടിനെ വ്യക്തമായവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നതാവാം തെറ്റിദ്ധാരണ ഉണ്ടാക്കിയത്..

  ഏവർക്കും നന്ദി....അക്ഷരങ്ങളിലൂടെ പകരുന്ന ഈ സൌഹൃദത്തിനും... അറിവുകൾക്കും...

  ReplyDelete
 46. തൂലിക... അനിയന്റെ പേരു എനിക്കറിയില്ല...“എന്റെ കാഴ്ചപ്പാടിനെ വ്യക്തമായവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നതാവാം തെറ്റിദ്ധാരണ ഉണ്ടാക്കിയത്..“ അതാണ് ശരിയെന്ന് എനിക്കും തോന്നുന്നൂ.. ഒരു കാര്യം എടുത്ത് പറയട്ടെ ഞാൻ താങ്കളെ കുറ്റപ്പെടുത്തിയതല്ലാ.. മറിച്ച് ഇത്രയേറെയെങ്കിലും പുരാണേതിഹാസങ്ങളെ ക്കുറിച്ച് അറിവില്ലാത്ത വായനക്കാരുടെ മുൻപിൽ താങ്കളേയും,രമേശിനേയും, സീതയേയും ബഹുമാനത്തോടെ ഓർമ്മിച്ചൂ എന്ന് മാത്രം.. എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണേങ്കിൽ തൂലികേ ക്ഷമ ചോദിക്കുന്നൂ..മൂത്ത സഹോദരൻ...ചന്തുനായർ

  ReplyDelete
 47. ചന്തുവേട്ടാ... ( അനിയൻ എന്ന വിളി ബഹുമതിയായി തന്നെ സ്വീകരിക്കുന്നു..ആ ഒരു അഹങ്കാരത്തോടെ തന്നെ വിളിക്കുന്നു)
  ഞാനുദ്ദേശിച്ചത് മറ്റുള്ളവർക്ക് വ്യക്തമായില്ല എന്നത് മനസിലാക്കിയത് കൊണ്ട് അത് തിരുത്തുക എന്നത് മാത്രമായിരുന്നു ഈ കമന്റിന്റെ ഉദ്ദേശം..അല്ലെങ്കിൽ ഈ കമന്റുകൾ വായിക്കുന്നവർ കരുതും നമ്മളു തമ്മിൽ ഈഗോ പ്രശ്നം ആണെന്ന്...
  സദുദ്ദേശപരമായ മുൻകമന്റിനെ സന്തോഷത്തോടെ സ്വീകരിച്ചു എന്നത് കൊണ്ടാണത്..
  തെറ്റുകളെ കുറ്റപ്പെടുത്താനും ശരിയായ നിർദ്ദേശങ്ങൾ നൽകുന്നതിനും ആർക്കും നേരവും സാഹചര്യവുമില്ലാത്ത ഈ കാലത്ത് നിങ്ങളെപ്പോലുള്ളവർ അത് തുടരണമെന്ന അഭ്യർത്ഥന മാത്രമേയുള്ളൂ..നമുക്കിടയിൽ ഔപചാരിതകളൊഴിവാക്കാമെന്നൊരു അഭിപ്രായം കൂടി ഉൾപ്പെടുത്തുന്നു...നിർദ്ദേശങ്ങളും വിമർശനങ്ങളേയും സസന്തോഷം സ്വാഗതം ചെയ്യുന്നു...... തൂലിക

  ReplyDelete
 48. ചന്തു നായര്‍....വീണ്ടും എനിക്ക് ബഹുമതിയായി സ്വീകരിക്കാൻ പറ്റിയ വാക്കുകളുമായി അങ്ങെത്തിയല്ലോ...എങ്ങനെ നന്ദി പറയണമെന്നറിയില്ലാ ഈ വാക്കുകൾക്കും സ്നേഹത്തിനും..എന്റെ കുറ്റങ്ങൾ തിരുത്തി തരിക കൂടി വേണം..ഇവിടത്തെ അഭിപ്രായ പ്രകടങ്ങൾ തികച്ചും ആരോഗ്യപരമാണ്..അങ്ങയുടെ വാക്കുകളെ കുടുംബത്തിലെ കാരണവർ പറയുന്ന ബഹുമാന്യതയോടെയേ കാണൂ...ഇനിയും വരണം ഈ സീത മോളുടെ സീതായനത്തിലേക്ക്..

  ๋●๋•തൂലിക•●๋....ഇവിടെ എന്റെ ചിന്തകളാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്...എല്ലാർക്കും അവരവരുടേതായ കാഴ്ചപ്പാടുണ്ടല്ലോ...എന്റെ ചിന്തകളുൾക്കൊണ്ടിട്ടാവും ചന്തുവേട്ടൻ അങ്ങനെ പറഞ്ഞത്...“തെറ്റുകളെ കുറ്റപ്പെടുത്താനും ശരിയായ നിർദ്ദേശങ്ങൾ നൽകുന്നതിനും ആർക്കും നേരവും സാഹചര്യവുമില്ലാത്ത ഈ കാലത്ത് നിങ്ങളെപ്പോലുള്ളവർ അത് തുടരണമെന്ന അഭ്യർത്ഥന മാത്രമേയുള്ളൂ..”(ഈ വാക്കുകൾ കടമെടുക്കുന്നു...)

  ReplyDelete
 49. ഗംഭീരം. പാര്‍ത്ഥസാരഥി ഇനിയും വരുമെന്ന് പ്രതീക്ഷിയ്ക്കാം. 'യദാ യദാ ഹി ധര്‍മ്മസ്യ, ഗ്ളാനി: ഭവതി ഭാരത! അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം' എന്നല്ലേ അവന്‍ പറഞ്ഞത്.

  ReplyDelete
 50. ethirelp.....നന്ദി സുഹൃത്തേ ഈ സന്ദർശനത്തിനും വാക്കുകൾക്കും....ധർമ്മച്യുതിയിൽ വീണ്ടും അവതരിക്കുമെന്നു പറഞ്ഞെങ്കിലും ഗാന്ധാരീ ശാപം കുലം മുടിക്കുമെന്നു ഭയന്നാലോ മുരളീധരൻ.....ചിന്തകൾ ന്റേതാണൂട്ടോ

  ReplyDelete
 51. കവിത കുറച്ചൊക്കെ മനസ്സിലായി.
  അറിയാത്ത പല പുരാണകഥകളും
  കമന്റിലൂടെ വായിക്കാന്‍ കഴിഞ്ഞു.
  ഇനിയും നല്ല നല്ല കവിതകള്‍
  പിറക്കട്ടെ..

  ReplyDelete
 52. lekshmi. lachu....നന്ദി ലച്ചൂ ഈ വരവുകൾക്കും അഭിപ്രായത്തിനും

  ReplyDelete
 53. ഞാനീ വഴി..
  ഹേ..യ്, വന്നിട്ടില്ലാ‍ന്നെ..

  ReplyDelete
 54. നിശാസുരഭി...അങ്ങനെ പറഞ്ഞാലെങ്ങനാ...ഞാൻ കണ്ടൂല്ലോ...വന്നു പോയത്...

  ReplyDelete