Wednesday, March 26, 2014

അയനം... സീതായനം..

ഓർമ്മകൾക്കെന്നും ഗൃഹാതുരത്വത്തിന്റെ സുഗന്ധമാണ്.
മറവിയുടെ തിരകളെടുക്കാതെ മനസിന്റെ തീരത്തു സൂക്ഷിക്കുന്ന ചില ഓർമ്മകളെങ്കിലും ഉണ്ടാകും എല്ലാവരിലും.
കാലത്തിന്റെ കൈകളാൽ അത് മായ്ക്കപ്പെടാതിരിക്കട്ടെ...

എഴുതിത്തുടങ്ങിയത് എന്നു മുതൽക്കെന്നറിയില്ല..
ഒന്നും എഴുതാൻ വേണ്ടി എഴുതിയതുമായിരുന്നില്ല..
ഏകാന്തതയുടെ ചട്ടക്കൂട്ടിൽ ഒരു ആശ്വാസമായിരുന്നു അക്ഷരങ്ങളെന്നും..
എന്തുകൊണ്ടോ സംഭവിച്ച സൌഹൃദങ്ങളുടെ അഭാവം പരിഹരിച്ചു തന്നത് കടലാസും പേനയുമെന്ന ചങ്ങാതിമാരായിരുന്നു..
സുഖവും ദുഃഖവും തൊട്ടറിഞ്ഞ് അവരെന്നും കൂടെ നിന്നു...

എഴുത്തിനെ ഇപ്പോഴും ഗൌരവത്തോടെ കാണുന്നുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്നു തന്നെയാണു ഉത്തരം..
എങ്കിലും പുസ്തകത്താളുകളിൽ കുത്തിക്കുറിച്ച് വലിച്ചു കീറി ഒളിപ്പിച്ചു വയ്ക്കുന്ന തലത്തിൽ നിന്നും സ്വതന്ത്രമായി എഴുതിത്തുടങ്ങിയത് ഈയിടയ്ക്കാണ്...

പ്രവാസത്തിന്റെ അതിരുകൾക്കുള്ളിൽ അക്ഷരങ്ങൾ വീർപ്പുമുട്ടിയപ്പോൾ പോംവഴിയായി മുന്നിലെത്തിയത് ബ്ലോഗെന്ന മാധ്യമം തന്നെയായിരുന്നു...
ബാലാരിഷ്ടതകൾ മാറും മുമ്പ് പൂട്ടിയ ആദ്യത്തെ ബ്ലോഗിൽ കുത്തിനിറച്ചത് മുഴുവൻ പ്രണയവും വിരഹവും മഴയുമൊക്കെയാണ്..

വേറിട്ട് ചിന്തിക്കാൻ പ്രേരിപ്പിച്ച് സീതായനത്തിലെ സീതയായി കൂട്ടിക്കൊണ്ട് വന്നത് ജീവിതയാത്രയിലെ സഹയാത്രികൻ തന്നെയായിരുന്നു..
പിന്നെ, സീതയെ വിമർശനങ്ങളിലൂടെയും അനുമോദനങ്ങളിലൂടെയും വളർത്തിയത് നിങ്ങളാണ്..

ആദ്യത്തെ വഴിത്തിരിവ് തന്നത് വെബ്സ്കാനിന്റെ ഉടമ മൈത്രേയി എന്ന ശ്രീലത ചേച്ചിയാണ്..
പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, മുന്നോട്ടുള്ള യാത്രയിൽ...
കൂടെനടന്ന് വഴികാട്ടിയ ഒരുപാട് മുഖങ്ങളുണ്ട്...
പേരെടുത്തു പറയാൻ തുടങ്ങിയാൽ ചിലരെയെങ്കിലും വിട്ടുപോയേക്കുമെന്ന ഭയം..

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സാംസ്കാരിക സാഹിത്യ കൂട്ടായ്മകളുമായി കഴിയുമ്പോഴേക്കും രണ്ടു പുസ്തകങ്ങൾ സൈകതം ബുക്ക്സിന്റെ സഹായത്തോടെ പുറത്തിറങ്ങി കഴിഞ്ഞിരുന്നു... ഇനി ഒരു പുസ്തകം എന്ന ചിന്തപോലുമില്ലാത്ത സമയത്താണ് അപ്രതീഷിതമായി “ചിത്തമന്ത്രണങ്ങൾ” മനസിലൊരു മോഹമാകുന്നത്..

സീതായനത്തിനെ ബ്ലോഗുലകത്തിനു ആദ്യമായി പരിചയപ്പെടുത്തിയ തേജസിന്റെ ഉടമ മനോരാജേട്ടൻ തന്നെ ആ പുസ്തക മോഹത്തിനു പിന്തുണ പ്രഖ്യാപിച്ചപ്പോൾ പിന്നെ മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല...

പക്ഷേ, കഠിനപരീക്ഷകളുടെ നീണ്ട നിരകൾക്കൊടുവിൽ മാത്രമേ “ചിത്തമന്ത്രണങ്ങൾ” പ്രകാശിതമായുള്ളൂ...
കൂടെ നിന്നവർ പലരും വഴിക്ക് ഉപേഷിച്ചിട്ടും തള്ളിപ്പറഞ്ഞിട്ടും തളരാത്ത മനസ്സോടെ മുന്നോട്ട് തന്നെ നടക്കാൻ ഉള്ളിന്റെയുള്ളിൽ ആരോ പറഞ്ഞുകൊണ്ടേയിരുന്നു...

ആ സഹനത്തിനും ആത്മക്ഷതങ്ങൾക്കുമുള്ള ആശ്വാസമായി ഒടുവിൽ “ചിത്തമന്ത്രണങ്ങളെ”ത്തേടി ഒരു അവാർഡെത്തിയിരിക്കുന്നു...

നവരസം സംഗീതസഭയുടെ വാർഷികത്തോടനുബന്ധിച്ച് 2013-2014 ലെ രചനാ അവർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചെറുകഥയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് “ചിത്തമന്ത്രണങ്ങൾ” ആയിരുന്നു..
ഏപ്രിൽ പന്ത്രണ്ടാം തിയതി തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തു മിത്രാനികേതനിൽ വച്ച് വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിലത് സമ്മാനിക്കും...
എത്തിച്ചേരാൻ സാധിക്കുന്ന എല്ലാ നല്ല മനസുകളേയും പ്രസ്തുത ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു..

മൂന്നുവർഷം പൂർത്തിയാകുന്ന സീതായനത്തിന്റെ യാത്രയിൽ ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ..
ചെറുതരി സുഖമുള്ള നോവുകളും സന്തോഷവുമായി ഒരു യാത്ര...

ഏതു യാത്രയ്ക്കും ഒരവസാനമുണ്ടാകും..
ഇടയ്ക്ക് ഒരല്പം വിശ്രമവും..
സീത ഇനി ഒരല്പം വിശ്രമത്തിനാണ് ശ്രമിക്കുന്നത്...

എല്ലാം എഴുതിക്കഴിഞ്ഞുവെന്നോ ഉയരങ്ങൾ കീഴടക്കിയെന്നോ ഉള്ള അഹങ്കാരമല്ല ഈ തീരുമാനത്തിന്റെ പിന്നിൽ..
അനുഭവങ്ങൾ സമ്മാനിച്ച മുറിവുകളുണങ്ങാൻ കുറച്ചു സമയം വേണം..

അവ പഠിപ്പിച്ചത് വലിയ പാഠങ്ങൾ.
സാഹിത്യലോകത്ത് സഹൃദയരെക്കാൾ സദാചാരമുഖവും കഴുകന്റെ മനസുമുള്ളവരാണ് കൂടുതലെന്ന തിരിച്ചറിവ്..
ബഹുമാനിച്ച നാവുകൊണ്ട് മാറ്റി വിളിക്കേണ്ടി വരുന്ന പ്രവർത്തികൾ..
സാഹിത്യരംഗം മുഖം‌മൂടികളുടെ സമ്മേളനമായി മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം അംഗീകരിക്കാതെ വയ്യെന്നായിരിക്കുന്നു..
ആണെഴുത്തും പെണ്ണെഴുത്തുമല്ല ആണും പെണ്ണും എന്ന കാഴ്ചപ്പാടുകളാ‍ണ് ചുരുക്കം ചിലർ ഈ രംഗത്ത് നിൽക്കാൻ കാരണം തന്നെ.. 

സൌഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും വൃത്തിയുള്ള മുഖം‌മൂടികൾക്കുള്ളിൽ ഒളിപ്പിച്ചു വച്ച വികൃതമായ മുഖങ്ങൾ തിരിച്ചറിഞ്ഞപ്പോഴുണ്ടായ മുറിവുകൾ...
ഇനിയും നിണമൊഴുകിത്തീരാതെ അവ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു..

ഒരു വിശ്രമത്തിന്റെ അനിവാര്യത..
പ്രിയപ്പെട്ടവരേകിയ മുറിവുകളുണക്കി ശക്തമായ ഒരു തിരിച്ചു വരവിനു വേണ്ടി തൽക്കാലം ഒരു ഇടവേള....

22 comments:

 1. ഇനിയും നന്നായി എഴുതാന്‍ കഴിയട്ടേ!
  ആശംസകള്‍

  ReplyDelete
 2. ‘ സൌഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും വൃത്തിയുള്ള മുഖം‌മൂടികൾക്കുള്ളിൽ
  ഒളിപ്പിച്ചു വച്ച വികൃതമായ മുഖങ്ങൾ തിരിച്ചറിഞ്ഞപ്പോഴുണ്ടായ മുറിവുകൾ...
  ഇനിയും നിണമൊഴുകിത്തീരാതെ അവ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു..‘

  ‘തൂലിക’ കൂടെയുള്ളപ്പോൾ എന്തിന് വിഷമിക്കണം...
  ഈ വികൃതമായ മുഖങ്ങൾ പിച്ചിക്കീറി തുന്നിക്കെട്ടിയിട്ട്
  ഒരു പുസ്തകമാക്കി വീണ്ടും ശക്തമായ ഒരു തിരിച്ചു വരവ്
  പ്രതീക്ഷിക്കുന്നു കേട്ടൊ സീതകുട്ടി

  ഒപ്പം തന്നെ
  ആദ്യമായി കിട്ടിയ അവാർഡിനഭിനന്ദനങ്ങൾ നേർന്നുകൊള്ളുന്നൂ...

  ReplyDelete
  Replies
  1. സന്തോഷം...സ്നേഹം വല്യേട്ടാ... തൂലികയാണെന്റെ ശക്തി...

   Delete
 3. ആശംസകള്‍ .. അഭിനന്ദനങ്ങള്‍

  ReplyDelete
 4. അഭിനന്ദനങ്ങള്‍...
  ഇനിയും ഒരുപാട് നേട്ടങ്ങള്‍ തേടിയെത്തട്ടെ...

  ReplyDelete
 5. ഒരിക്കല്‍ ഇത് പോലെ ഒരു പോക്ക് പോയതാണ് ,,,,ഒന്ന് ഉഷാറായി വന്നപ്പോഴേക്കും ദേ വീണ്ടും !! ,, വേണ്ടാട്ടോ ...:(

  ReplyDelete
  Replies
  1. പുതിയ ചിന്തകളുമായി തിരികെ വരണം..

   Delete
 6. അപ്രതീക്ഷിതമായ കണ്ടുമുട്ടലിൽ അറിഞ്ഞില്ല ആരാണെന്നും എന്താണെന്നും..
  ദൈവകാരുണ്യത്താലുള്ളാ നല്ല സൗഹൃദങ്ങൾക്കു ഇതൊരു മാതൃകയായാക ട്ടെ..

  ReplyDelete
  Replies
  1. ശ്രീ.... ഒരു ബെഞ്ചിലിരുന്നു വീണ്ടും ഒരു അധ്യയനം നമുക്ക് സ്വന്തമല്ലേ....പിന്നെന്തിനീ ഔപചാരികത :)

   Delete
 7. വീണ്ടും വിശ്രമം ???
  മുഖം മൂടികൾക്കുള്ളിലുള്ളതാണല്ലോ എഴുത്തുകാർക്ക് കൂടുതലും കാണാനാകുക.
  വലിച്ചു കീറാതെ തുറന്നെഴുതാമല്ലോ ?
  വിശ്രമത്തിനിടയ്ക്ക് ഇങ്ങനൊരു ശ്രമം നടത്താം.
  ഏതായാലും ഒരംഗീകാരം തേടിവന്നല്ലോ ,
  അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. മുഖം മൂടികൾ വലിച്ചു കീറണം...എഴുതണം ശക്തമായിട്ട്... അഭിപ്രായത്തിനും അഭിനന്ദനത്തിനും സന്തോഷം..

   Delete
 8. സാഹിത്യരംഗം മുഖം‌മൂടികളുടെ സമ്മേളനമായി മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം അംഗീകരിക്കാതെ വയ്യെന്നായിരിക്കുന്നു.............. ഇവിടെ പിടിച്ച് നിൽക്കണം എങ്കിൽ മനസ്സിനു ചുറ്റും ഒരു ഉരുക്ക് കൂട് തീർക്കണം.. ആദ്യം മനസ്സിനെ ബലപ്പെടുത്തു... പിന്നെ കളരിയിലിറങ്ങൂ...വാക്ക് ശരങ്ങളെയും,മറ്റ് വിഷം പുരട്ടിയ ശരങ്ങളെയും തടുക്കൂ................. എന്തിനാണ് ഒരു ഒളിച്ചോട്ടം അതു സാഹിത്യകാരികൾക്ക് ഭൂഷണമല്ലാ........ എല്ലാ നന്മകളും

  ReplyDelete
 9. നല്ല മുഖങ്ങളൊന്നും കണ്ടില്ലെന്നാണോ? പോയി വരൂ !

  ReplyDelete
  Replies
  1. നല്ല മുഖങ്ങളിലൊന്ന് മാഷുടേതും :)

   Delete
 10. ഒന്ന് പിന്നോട്ട് നടന്നിട്ട് ശക്തമായി മുന്നോട്ടു ഓടി വന്നോളൂ............

  ReplyDelete