Wednesday, April 18, 2012

കാലാന്തരങ്ങളിലൂടെ...


“ഈശ്വരാ ഇന്നിറങ്ങാൻ‌ പതിവിലും വൈകിയല്ലോ.. വീടെത്തുമ്പോൾ‌ ഇരുട്ട് വീഴും തീർച്ച.. ആ കൊച്ച്...”

ചിന്ത അത്രത്തോളമെത്തിയപ്പോഴേക്കും അവളുടെയുള്ളിൽ‌ തീയാളി.. ബാല്യം വിട്ടുമാറിയിട്ടില്ലെങ്കിലും പെൺ‌കുഞ്ഞാണ്.. മാംസവെറിപൂണ്ട കണ്ണുകളിൽ‌ നിന്നും അതിനെ മറച്ചുപിടിക്കാൻ‌ പെടുന്ന പാട് അവൾക്കേ അറിയൂ.. തളർ‌ന്ന കാലുകൾ‌ വലിച്ചിഴച്ച് സർ‌വ്വശക്തിയും സംഭരിച്ചവൾ‌ നടന്നു.. ചുരുട്ടിപ്പിടിച്ച കൈക്കുള്ളിൽ‌ വിയർ‌പ്പിന്റെ മണമുള്ള നോട്ട് ഞെരിഞ്ഞമർ‌ന്നു

പടി കടന്നപ്പോൾ‌ കണ്ട കാഴ്ച അവളുടെ നെഞ്ചിൽ‌ കൊള്ളിയാൻ‌ മിന്നിച്ചു.. അയാൾ‌ ബീഡിയും പുകച്ച് വാതിൽ‌ക്കലുണ്ട്.. ആ ചുവന്ന കണ്ണുകൾ‌ തിരയുന്നത് തന്നെയാണെന്നും അവൾ‌ക്കറിയാം

ഉള്ളിലെ ഭാവഭേദങ്ങൾ‌ പുറത്തറിയിക്കാതെ തലയിൽ‌ക്കെട്ടിയ മണ്ണും ചെളിയും നിറഞ്ഞ തുണിയഴിച്ച് മുറ്റത്തെ അയയിൽ‌ ഇട്ടു. അകത്തേക്ക് കയറാനൊരുങ്ങുമ്പോൾ‌ മനഃപ്പൂർ‌വ്വമെന്നോണം അയാളുടെ നോട്ടത്തെ അവൾ‌ അവഗണിക്കുകയായിരുന്നു... പക്ഷെ, അവളുടെ പ്രതീക്ഷകൾ‌ അസ്ഥാനത്താക്കിക്കൊണ്ട് അയാളുടെ ബലിഷ്ഠകരങ്ങൾ‌ അവൾ‌ക്കു മുന്നിൽ‌ വിഘ്നം സൃഷ്ടിച്ചു

"കാശെടുക്ക്..” ആ പരുക്കൻ‌ ശബ്ദമുയർ‌ന്നു

അവളിൽ‌ സങ്കടവും ദേഷ്യവും ഒക്കെ മാറിമാറി മിന്നിമറഞ്ഞു.. ചോദ്യത്തിനും ഉത്തരത്തിനുമൊന്നും കാത്തു നിൽ‌ക്കാതെ അയാൾ‌ അവളുടെ ചുരുട്ടിപ്പിടിച്ച കയ്യിൽ‌ പിടി മുറുക്കി, വിശന്നുറങ്ങുന്ന കുഞ്ഞിന്റെ ദൈന്യത നിറഞ്ഞ മുഖം, വിട്ടുകൊടുക്കാൻ‌ അവളേയും അനുവദിച്ചില്ല. പിടിവലിക്കൊടുവിൽ‌ അതയാൾ‌ കരസ്ഥമാക്കി.. പക്ഷേ അപ്പോഴേക്കും ആ നോട്ട് രണ്ടായി കീറിയിരുന്നു
                                   

                                        *****************

“ഹേ... റാം..” ശുഷ്കിച്ച ചുണ്ടുകൾ‌ ചലിക്കുമ്പോൾ‌ വലിഞ്ഞു മുറുകുന്നു. ശരീരം കീറിമുറിയുന്ന വേദന.. എല്ലുകളെഴുന്നു കാണുന്ന നെഞ്ചിൽ‌ കരമമർ‌ത്തിപ്പിടിച്ച്, കണ്ണുകൾ‌ മുറുകെയടച്ച് പതിയെ മുഖം കുനിച്ചു..

വീണ്ടും വീണ്ടുമീ വൃദ്ധനെയിങ്ങനെ കൊല്ലുന്നതെന്തിന്..? ഈ പരീക്ഷണം ഇനിയും എത്ര നാൾ‌.. ഞാനിതെവിടെയാണ്.. ജനിമൃതികൾ‌ക്കുമപ്പുറം ഇതേത് ലോകം? നരകത്തിന്റെ തീജ്വാലകളില്ല വിഴുങ്ങാൻ‌, ആശ്ലേഷിക്കാൻ‌ സ്വർ‌ഗ്ഗത്തിന്റെ മാസ്മരികതയുമില്ല. കാറ്റിനു പോലും സുഗന്ധമില്ലാത്ത മരവിപ്പ്.. ഇവിടെ നിറഞ്ഞു നിൽക്കുന്നത് ഏകാന്തതയുടെ സംഗീതമാണ്, അതിലസ്വസ്ഥമാക്കപ്പെട്ട കുറേ മനസ്സുകളും.. ഞാനിവിടെ എങ്ങനെ.. എന്തുകൊണ്ട് എന്നുള്ള ചോദ്യങ്ങൾ‌ക്കൊന്നും ഉത്തരം തരാൻ‌ യമദൂതരോ ദേവഗണങ്ങളോ ആരും കടന്നു വന്നിട്ടില്ല ഇവിടിതുവരെ.. 


ഇഹലോക ബന്ധങ്ങളുടെ കെട്ടുപാടുകൾ‌ പൊട്ടിച്ചെറിയാനാവാത്ത ചിന്തയുടെ ചുഴികളാവും ഇവിടെയെത്തിച്ചതെന്ന സ്വയം കണ്ടെത്തലിൽ‌ മനസ്സിനെ ആശ്വസിപ്പിച്ചു.. ഇവിടെ താൻ‌ തനിയെ അല്ല, കുറച്ചു മാറി ഒരു സിംഹാസനത്തിൽ‌ ശിരസ്സ് കുമ്പിട്ട് ഒരാളിരുപ്പുണ്ട്.. കപിലവസ്തുവിന്റെ കിരീടവും ചെങ്കോലും വലിച്ചെറിഞ്ഞ് ജനിമൃതികൾ‌ക്കുത്തരം തേടി തെരുവിലേക്ക് നടന്നു പോയ രാജകുമാരൻ.. 

മാധവാ നീയെവിടെയെന്നു വിലപിച്ച് അവതാരപുരുഷന്റെ സാരഥ്യം അന്വേഷിച്ച് ശരങ്ങൾ‌ കൊണ്ട് മാന്ത്രികം കാണിച്ച മറ്റൊരു യോദ്ധാവും ഈ തീരത്ത് അലഞ്ഞു തിരിയുന്നുണ്ട്..

“ഒന്നു മതിയാക്കൂ പാർ‌ത്ഥാ ഈ വിലാപം.. ഇവിടെ നിന്നെത്തിരഞ്ഞവൻ വരില്ല.. കാലദേശങ്ങൾക്കുമിപ്പുറം പേരും രൂപവുമില്ലാത്ത ആത്മാക്കൾ മാത്രമാണ് നാമിവിടെ.. മരവിച്ച ഏകാന്തതയോട് മല്ലിട്ട് നമുക്കിവിടെ കഴിയാം രക്ഷപ്പെടാനൊരു മോഹം ജനിക്കുവോളം..” സഹികെട്ടപ്പോൾ പറഞ്ഞു പോയി..

ദൈന്യം നിറഞ്ഞൊരു നോട്ടമായിരുന്നു ആദ്യ പ്രതികരണം. പിന്നെ പതിയെ അവൻ പറഞ്ഞു തുടങ്ങി, “ഇല്ല മഹാത്മൻ.. ഇവിടെ നിന്നൊരു മോചനം ഈയുള്ളവനും കൊതിക്കുന്നില്ല. ബുദ്ധിയെ ആയുധപ്പുരയാക്കി ജീവിച്ചവനാണു ഞാൻ, താലി ചാർത്തിയ പെണ്ണിനെ സഹോദരങ്ങൾക്ക് വീതം വച്ചവൻ.. ഒടുവില്‍ അവളുടെ മാനം ചൂതാട്ടക്കളത്തിൽ പണയം വയ്ക്കാൻ തീറെഴുതിക്കൊടുത്ത ഷണ്ഡൻ.. ആയുധങ്ങൾ ലഹരിയായപ്പോൾ മറ്റെല്ലാം ഞാൻ മറന്നു.. തെറ്റുകൾ എന്റേതാണ്.. ആയുധമുപേഷിച്ച മാധവൻ തന്നെയായിരുന്നു ശരി..” ആ കണ്ണിൽ നിന്നും കുറ്റബോധത്തിന്റെ കണ്ണുനീരിറ്റു വീണു..

“ആയുധങ്ങൾ മുറിവേൽ‌പ്പിക്കാൻ മാത്രമുള്ളതാണു കുന്തീപുത്രാ.. എടുക്കുന്നവനേയും കൊള്ളുന്നവനേയും..” മുറിഞ്ഞുപോയൊരു ദീർഘനിശ്വാസത്തോടെ സിംഹാസനാരൂഢനായ ആ രാജകുമാരൻ മൊഴിയുന്നത് കേട്ടിരുന്നു.. 


“ജീവിതത്തിൽ ഒരുപാടായുധങ്ങളെ നാം നേരിടുന്നുണ്ടെന്ന് അറിഞ്ഞവനാണു ഞാൻ.. രാജ്യഭാരവും സുഖലോലുപതയുമെല്ലാം ആയുധങ്ങൾ തന്നെ. അവയുടെ നോവറിയാതിരിക്കാനാണ് അതുപേഷിച്ച് നടന്നത്. പക്ഷേ അന്നും ഇന്നും എന്നും എന്നെ തോൽ‌പ്പിക്കുന്ന ആയുധം യശോധരയുടേയും രാഹുലന്റേയും കണ്ണുനീരാണ്.. അവയ്ക്ക് മുന്നിൽ ഞാൻ അശക്തനാവുന്നു.. ഈ ബലഹീനതയാവും എന്നെയിവിടെയെത്തിച്ചത്”

ചിന്തകളിൽ കുരുങ്ങിയ മനസ്സിനെ തിരിച്ചു പിടിച്ച് അദ്ദേഹം പറയുന്നത് കേട്ടിരുന്നു.. എന്തൊരു മാന്ത്രികതയാണ് ആ വാക്കുകൾക്ക് ഇപ്പോഴും.. 


ഒട്ടൊന്നു നിർത്തി അദ്ദേഹം തുടർന്നു, “തെറ്റുകളുടെ മാറാപ്പ് സ്വയം ഏറ്റെടുക്കണ്ട പാർത്ഥാ.. എന്താണു ശരി.. എന്താണു തെറ്റ്.. ഒക്കെയും ആപേഷികങ്ങളല്ലേ..? എന്റെ ശരി നിനക്ക് തെറ്റാവും, നിന്റെ ശരി എനിക്കും, നമ്മുടെ ശരി മൂന്നാമതൊരാൾക്ക് തെറ്റെന്നു തോന്നാം.. ശരിയേയും തെറ്റിനേയും, ധർമ്മാധർമ്മങ്ങളേയും വിധിക്കാൻ പഠിപ്പിക്കുന്ന വൈദികമതത്തിൽ നിലനിൽക്കുന്ന വർണ്ണ്യവ്യവസ്ഥകൾ ഏത് ശരിയിലുൾപ്പെടുത്താവുന്നവയാണ്? ഒരാൾ സമ്പന്നതയുടെ പട്ടുമെത്തയിൽ ശയിക്കുമ്പോൾ മറ്റൊരുവൻ ആകാശമേലാപ്പിൻ കീഴിൽ അരവയർ മുറുക്കി ഉറങ്ങുന്നത് ഏത് ശരിയിൽ‌പ്പെടും? സമൂഹത്തിലിന്നും നിലനിൽക്കുന്ന വേലിക്കെട്ടുകള്‍ ആരുടെ തെറ്റാണ്? ഒന്നിനും നമുക്കുത്തരമില്ല.. നീതിബോധമില്ലാത്ത പ്രപഞ്ചത്തിന്റെ ലീലാവിലാസങ്ങൾ.. എല്ലാം തോന്നലുകളാണ്.. വെറും തോന്നലുകൾ..”

ശരിയാണ്.. അദ്ദേഹം പറഞ്ഞതെത്ര ശരി.. കേള്‍വിക്കാരന്റെ മനസ്സ് സമ്മതിക്കാൻ പ്രേരിപ്പിച്ചു... ശരിയെന്നു കരുതി ചെയ്തതെല്ലാം ശരിയായിരുന്നോ? തെറ്റെന്നു കരുതി ചെയ്യാതിരുന്നവ തെറ്റായിരുന്നോ? ഭാര്യാഭർതൃബന്ധത്തിന്റെ സ്വകാര്യനിമിഷങ്ങൾക്കിടയിൽ അച്ഛന്റെ മരണവിവരം അറിഞ്ഞുവെന്ന കാരണം പറഞ്ഞ് യൌവ്വനം കത്തിനിന്ന നാളുകളിൽ ബ്രഹ്മചര്യത്തിലേക്ക് നടന്നു പോയ താൻ ഭാര്യയോട് നീതിപുലർത്തിയോ..? ബാപ്പുവെന്ന വിളിയിലൂടെ അനേകർക്ക് പിതാവായപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മക്കളോടുള്ള കടമകൾ നിറവേറ്റിയോ? എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുണ്ടെന്നഹങ്കരിച്ച തനിക്ക് മതത്തിന്റെ കാര്യത്തിൽ തെറ്റിയോ? ആശങ്കയാർന്ന ഈ മനസ്സാണെന്നേയും ഇവിടെ തളച്ചിടുന്നത്.. 


തളർന്ന മനസ്സോടെ തിരക്കി.., “ഇവിടെ നിന്നും ഇനി പുറത്തുപോകാൻ പറ്റില്ലേ..?”

ചോദ്യത്തിനുത്തരം തരാതെ അർജ്ജുനൻ തല താഴ്ത്തുമ്പോൾ അദ്ദേഹം മൊഴിഞ്ഞു, “ഇവിടെ നിന്നും പുറത്തു പോയേ മതിയാവൂ.. അതും നമുക്കൊറ്റയ്ക്കേ സാധിക്കുകയുള്ളൂ.. എല്ലാ വികാരവിചാരങ്ങളും ത്യജിക്കണം.. ഞാനും അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്... പക്ഷേ യശോധരയുടെയും രാഹുലന്റേയും ചിന്തകൾ എന്നെ പിൻ‌വിളിക്കുന്നു..”

“എല്ലാം ത്യജിക്കാൻ ഞാനെന്നും തയ്യാറായിരുന്നു ശുദ്ധോധനപുത്രാ... പക്ഷേ കീർത്തി.. അതെനിക്കെന്നും ഹരമാണ്.. കൂടാതെ, എന്നെ പിടിച്ചു വലിക്കുന്ന ബന്ധങ്ങൾ.. കുരുക്ഷേത്രഭൂമിയിൽ എന്നെ തളർത്തിയിരുത്തിയതു മുതലിങ്ങോട്ട് ഇവിടേയും എന്നെ തളച്ചിടുന്നത് ആ ചിന്തകൾ തന്നെയാണ്.. കാലം എനിക്ക് മുന്നിൽ ധാരാളം കുരുക്ഷേത്രഭൂമികൾ കാട്ടിത്തന്നു.. നിരപരാധികൾ, സ്ത്രീകൾ, ഭ്രൂണങ്ങൾ, യുദ്ധമെന്നത് എന്തിനായിരുന്നുവെന്നു പോലും അറിയാത്തവർ.. ഇവരുടെയൊക്കെ ശവങ്ങൾ വീണാണവിടെ നിറഞ്ഞിരിക്കുന്നത്.. കുഞ്ഞുങ്ങളുടെ ഭക്ഷണപ്പൊതികളിൽ‌പ്പോലും മരണം വിതയ്ക്കുന്ന ആയുധങ്ങളൊളിപ്പിക്കുന്ന യുദ്ധതന്ത്രം.. വിശപ്പ് ശമിപ്പിക്കാൻ എച്ചിൽക്കൂനകൾ ചികഞ്ഞ് അടിയിടുന്ന തെരുവുബാല്യങ്ങളറിയുന്നുണ്ടാവുമോ അതിനുള്ളിലും മരണത്തെ ഒളിപ്പിച്ചു വച്ച് ശവം തീനി കഴുകന്മാർ കാത്തിരുപ്പുണ്ടെന്ന്? ശവത്തെപ്പോലും വെറുതേവിടാത്ത കാമാസക്തി.. പുഴുവരിക്കുന്ന ദേഹത്തു നിന്നു പോലും മോഷണം നടത്താൻ വെമ്പുന്ന മനസ്സുകൾ.. ഹോ.. വയ്യ മടുത്തു..” ഇരു കൈകളാലും മുഖം താങ്ങി അർജ്ജുനൻ നിശ്ശബ്ദനായി..

മൌനം വാചാലമായ നിമിഷങ്ങൾക്കൊടുവിൽ അകലേക്കെങ്ങോ ദൃഷ്ടിപതിപ്പിച്ച് അദ്ദേഹം പറഞ്ഞു, “അധികാരം കൺകെട്ടിയിട്ടും ഞാൻ കണ്ടൊരു കാഴ്ച ഇന്നും എന്നെ നടുക്കുന്നു.. വർണ്ണ്യവ്യവസ്ഥകളുടെ കെട്ടുപാടിൽ ചികിത്സ നിഷേധിക്കപ്പെട്ടൊരു ചണ്ഡാളൻ തെരുവിൽ വേദനകൊണ്ട് പുളഞ്ഞ് മരണത്തിന്റെ കാരുണ്യത്തിനു കേഴുന്ന രംഗം.. അതിന്നും കണ്ണിൽ മായാതെ നിൽക്കുന്നു. കാലമേറെ കഴിഞ്ഞു പോയിട്ടും അവന്റെ പേരിന്റെ നിർവ്വചനത്തിനു മാത്രമേ മാറ്റം വന്നിട്ടുള്ളൂ... അവസ്ഥ പഴയതു തന്നെ.. മനുഷ്യനെന്താണിങ്ങനെ? എന്തിനുവേണ്ടിയാണിങ്ങനെ ഉച്ചനീചത്വങ്ങളാചരിക്കുന്നത്..? എന്തിനു പിന്നാലെയാണവൻ ഓടുന്നത്.. എല്ലാം മരണത്തിലവസാനിക്കുമെന്നറിയാമായിരുന്നാലും നാം മാത്രം മരിക്കില്ലെന്നു വിശ്വസിക്കാനാണ് എല്ലാവർക്കുമിഷ്ടം.. ജനിച്ചാൽ മരണം അനിവാര്യമെങ്കിൽ എന്തിനു ജനിച്ചു? ഉത്തരമില്ലാത്ത ചോദ്യങ്ങൾ.. എന്നാലും ചോദിക്കാതിരിക്കാൻ വയ്യ.. അതാണു മനുഷ്യപ്രകൃതി..”

“ശരിയാണു സിദ്ധാർത്ഥാ... പക്ഷേ...പല പ്രകൃതിയിൽ‌പ്പെട്ട വിരലുകളെ ഒന്നായി ബന്ധിപ്പിക്കുന്ന കരം പോലെ പല സ്വഭാവങ്ങൾക്കുടമകളായ മനുഷ്യരെ എന്തോ ഒന്നു ബന്ധിപ്പിച്ചു നിറുത്തുന്നു.. ഈ പ്രകൃതിയുടെ തമാശ.” തത്വജ്ഞാനിയെപ്പോലെ അർജ്ജുനൻ സംസാരിച്ചു..

“ഉം.. തമാശകൾ മാത്രമല്ല.. കാമനകളൊക്കെ വ്യർത്ഥമെന്നു നമ്മെ പഠിപ്പിക്കുകയും ചെയ്യും നീതിബോധമില്ലാത്ത ഈ പ്രകൃതി... എനിക്കു പോകണം പാർത്ഥാ.. ജനിമൃതികൾക്കുത്തരം തേടി.. സുഖദുഃഖങ്ങൾക്കുത്തരം തേടി.. ഉത്തരമില്ലാത്ത ചോദ്യങ്ങളെന്നേയും കാത്തിരിക്കുമ്പോളെനിക്കീ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് യാത്രയായേ പറ്റൂ.. ദൂരേയ്ക്ക് പോകണം... ഈ തീരത്തു നിന്നും വളരെ വളരെ ദൂരേയ്ക്ക്... ധർമ്മാധർമ്മങ്ങളുരച്ചു നോക്കി സത്യം കണ്ടെത്താനുള്ള യാത്ര.. അതിനായി, കർമ്മബന്ധങ്ങളുടെ കെട്ടുപാടിൽ കാലത്തിനോട് പറയേണ്ടുന്ന കണക്കുകളിൽ ഇനിയും ബാക്കി നിൽക്കുന്ന യശോധരയുടേയും രാഹുലന്റേയും കണ്ണുനീർ ഞാനീ തീരത്തിനു വിട്ടുകൊടുക്കുകയാണ്...”

ഓജസ്സുറ്റ വാക്കുകൾക്ക് ചെവികൊടുക്കുമ്പോഴേക്കും അർജ്ജുനനും പറഞ്ഞു തുടങ്ങി.. “എനിക്കും പോകണം.. മാധവൻ വരും.. കാലങ്ങൾക്കപ്പുറത്ത് കുരുക്ഷേത്രഭൂമിയിലേക്ക് എന്നെയവൻ വീണ്ടുമെത്തിക്കും.. ഉത്തരങ്ങളുടെ കടലായ ഗീതയിലേക്ക് കൂട്ടിക്കൊണ്ടുപോകും.” 


എന്തിനെന്നറിയാതെ ഒരു ദീർഘനിശ്വസമുതിർന്നു... 

ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഈ ആത്മാക്കളെ കാത്തിരിക്കുന്നുണ്ട്.. അവനവനുള്ള വഴി അവനവൻ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു...അവതാരപുരുഷന്റെ സാരഥ്യത്തിൽ നീ ഉത്തരം തേടി യാത്രയാവും പാർത്ഥാ.. സാരഥിയാവാൻ അവതാരപുരുഷനില്ലാത്തതുകൊണ്ട് ആ ചരിത്രനിയോഗം സ്വയം ഏറ്റെടുത്ത് സിദ്ധാർത്ഥനും യാത്രയാവും.... ഞാനോ? ഞാൻ മാത്രം ഈ വിജനതീരത്ത് ബാക്കിയാവും.. ഭൂമിയില്‍ വിശക്കുന്ന വയറിന്‍‌റെ പശിയടക്കാനാവാതെ, മദ്യലഹരിയില്‍ മുക്കിയെടുക്കുന്ന നോട്ടുകളില്‍ സത്കര്‍‍മ്മങ്ങളേക്കാള്‍‍ ദുഷ്‌കര്‍മ്മങ്ങള്‍ക്ക് സാക്ഷിയായി, നിസ്സഹായതയുടെ നെടുവീര്‍പ്പുമേറ്റിയിരിക്കാനാണ് തന്‍‌റെ വിധി. ഈ നിസ്സഹായതയുടെ നോവുകള്‍ ഏറ്റുവാങ്ങി, വഴി തെറ്റുന്ന സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യുവാനാകാതെ ഇവിടെ ഞാനിനിയും കാത്തിരിക്കും. കാലാന്തരങ്ങളിലൂടെ... ഒരുപാടു ചോദ്യങ്ങളും പരീക്ഷകളും ആവര്‍ത്തിക്കാനിവിടെ ഇനിയും അവതാരങ്ങള്‍ വരുന്നതും കാത്ത്...

36 comments:

  1. സീത, എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു ഈ എഴുത്ത്.. ഈ ലോകത്തിൽ പല മഹാത്മാക്കളുടെയും ജീവിതം, അവർ ഏതൊക്കെ മൂല്യങ്ങൾക്കുവേണ്ടി ഉഴിഞ്ഞുവച്ചോ, അതിൽനിന്നെല്ലാം ലോകം വ്യതിചലിച്ചുപോകുമ്പോൾ സാധാരണ മനുഷ്യജീവിയുടെ മനസ്സിൽനിന്നും ഉയർന്നുവരുന്ന ചില ചോദ്യങ്ങൾ... അത് വളരെ മനോഹരമായിട്ടാണ് സീത ഇവിടെ അവതരിപ്പിച്ചിരിയ്ക്കുന്നത്.. ഒപ്പം ഓരോ വ്യക്തിയും സ്വയം ചോദിച്ചിരിയ്ക്കേണ്ടുന്ന ചില ചോദ്യങ്ങളും... ഇനിയും ഇതുപോലെ മനോഹരമായി ഏറെ എഴുതുവാൻ സാധിയ്ക്കട്ടെ..എല്ലാ ആശംസകളും നേരുന്നു..

    ReplyDelete
  2. കഥയുടെ ആദ്യഭാഗം പറഞ്ഞില്ലെങ്കിലും യാതൊരു കുഴപ്പവും വരില്ലായിരുന്നു.. എന്നു മാത്രവുമല്ല, രണ്ടാം ഭാഗവുമായി വച്ചു നോക്കുമ്പോൾ അത് മുഴച്ചു നിൽക്കുന്നതു പോലെ അനുഭവപ്പെടുന്നു.

    ReplyDelete
  3. അതെ ആ പഴയ സീതതന്നെ അവള്‍ വീണ്ടും ഉണര്‍ന്നിരിക്കുന്നു ഗാന്ധി ബുദ്ധന്‍ കൃഷ്ണ പരമാത്മാവ്‌ വരെ ഉള്ള കഥകളോടോപ്പം തിരികെ വന്നിരിക്കുന്നു കാലത്തിനൊത്തു കഥയ്ക്ക് ഒരു മാറ്റം ആദ്യം കണ്ടു പിന്നെ അവ പുരണ ങ്ങളിലേക്ക് വഴുതി വീണു കൊള്ളാം തുടരു എഴുത്തുകള്‍ തൂലികയുടെ ബലത്താല്‍ മുന്നേറുക ആശംസകള്‍

    ReplyDelete
  4. ഒന്ന് മറ്റൊന്നിന്റെ തനി പകര്‍പ്പുകള്‍! ഋതുചക്രങ്ങള്‍ ഉരുണ്ട് നീങ്ങുമ്പോള്‍ ചരിത്രം വീണ്ടും മറ്റൊരു രൂപത്തില്‍ പുനരവതരിയ്ക്കുന്നു. നന്മയും തിന്മയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ മാത്രം!

    ആശംസകള്‍!

    ReplyDelete
  5. Shibu Thovala....നന്ദി പതിവു തെറ്റാതെയുള്ള ഈ വരവിന്..ഈ നല്ല വാക്കുകൾക്കും സന്തോഷം..

    viddiman...ആ ആത്മാക്കളിലേക്ക് വരാനുള്ളൊരു മാർഗ്ഗമായിരുന്നു ആദ്യ ഭാഗം..അതില്ലാതെ അവരെ നേരിട്ട് നിറുത്തിയാൽ അതു വായനാസുഖം തർല്ലെന്നു തോന്നി...അതുകൊണ്ടൊരു പരീക്ഷണമായിരുന്നു :) അഭിപ്രായത്തിനു നന്ദി...സന്തോഷം

    ജീ . ആര്‍ . കവിയൂര്‍...നന്ദി മാഷേ തിരിച്ചു വരവിനുള്ള ശ്രമമാണ്...നന്ദി സന്തോഷം ഈ പ്രോത്സാഹനത്തിന്..

    കൊച്ചുമുതലാളി....നന്ദി ഈ വരവിന്...തേങ്ങുന്ന ഒരായിരം ആത്മാക്കളുണ്ട്...നമ്മളറിയാതെ പോകുന്നു ആ നൊമ്പരങ്ങൾ... :)

    ReplyDelete
  6. ഒരു തിരിഞ്ഞു നോട്ടം, തിരിച്ചറിവ്. അതു നഷ്ടങ്ങളുടെയും തെറ്റുകളുടെയും കണക്കുകളെ ബാക്കി വയ്ക്കൂ. എന്‍റെ ശരി എന്‍റെ മാത്രം ശരികളാണ്. അതില്‍ തെറ്റ് കണ്ടെത്താന്‍ എളുപ്പവും. ഞാന്‍ കൂടി തള്ളിപ്പറഞ്ഞാല്‍ പിന്നെ അവയ്ക്ക് എന്താണര്‍ത്ഥം? കുറെ തെറ്റുകളും കുറച്ചു ശരികളും ആണ് ജീവിതം, എക്കാലത്തും. കുറെ നാളായി കണ്ടിട്ട്. പരിഭവം പറയാനുണ്ടേ.

    ReplyDelete
  7. kurachu naalukalkku sesham seetha stylil orezhuthu veendum kandu. santhosham,tto. snehathode.

    ReplyDelete
  8. വീണ്ടും ഒരവതാരത്തെ കാത്തു നമ്മള്‍ ..

    കഥ ഒരു ലേഖനം ആവാതിരിക്കാനുള്ള ശ്രമം
    ആയിത്തന്നെ ആദ്യത്തെ ഭാഗം കാണുന്നു..അതില്‍
    വിജയിച്ചു എന്നാണു എന്‍റെ അഭിപ്രായം...

    എന്തിനു എന്ന് അറിയാതെ സമ്പാദിച്ചു കൂട്ടുന്ന മനുഷ്യനും
    എപ്പോഴെന്നു അറിയാതെ തീരുന്ന ജീവിതവും കൂടി ആയാല്‍
    ഈ സ്വാര്‍ത്ഥത എല്ലാം മണ്ണിട്ട്‌ മൂടാന്‍ ആവില്ലേ നമുക്ക്?
    പക്ഷെ കഴിയില്ല..അതാണ്‌ ആവര്‍ത്തിക്കപ്പെടുന്ന ഉച്ച
    നീചത്വങ്ങളും ക്രൂരതകളും തെളിയിക്കുന്നത്...സീതയുടെ
    തിരിച്ചു വരവും ഒരു മാറ്റത്തിന് വഴി ഒരുക്കട്ടെ..
    സീതായനതിന്റെ വീഥികളില്‍...ആശംസകള്‍.....

    ReplyDelete
  9. ഇവിടെയിങ്ങനെ കഷ്ടപ്പെടാന്‍ വിട്ടിട്ട് എല്ലാരും കൂടെ അവിടെയിരുന്ന് ചര്‍ച്ച ചെയ്യുവാ അല്ലേ...?
    സംഭവാമി യുഗേ യുഗേ എന്ന് പറഞ്ഞ അച്ചുതനേം കാണുന്നില്ല...
    വന്നു രക്ഷിക്കൂ...

    (സീത നല്ല ഭാവനയോടെ കഥയെഴുതുന്നു)

    ReplyDelete
  10. ഭാഷയുടെ അനർഗ്ഗളനിർഗ്ഗളസൌന്ദര്യം....ഭഗവാനേ അനർഗ്ഗളനിർഗ്ഗളത്തിന്റെ സ്പെല്ലിങ് കറക്ട് അല്ലേ...

    ReplyDelete
    Replies
    1. manoharamaya bhashayil paranju..... bhavukangal...... blogil puthiya post..... NEW GENERATION CINEMA ENNAAL....... vayikkane......

      Delete
  11. ശരിയാണ്. ആദ്യഭാഗം ഇല്ലാതെ തന്നെ മനോഹരം
    വീമ്ടും വന്നതില്‍ സന്തോഷം

    ReplyDelete
  12. പതിവു ശൈലിയിലൊരു ചെറിയ വ്യതിയാനം വരുത്തിയെങ്കിലും അത്‌ വായനക്കരനു വിട്ടുകൊടുക്കുന്നതായിരിക്കാം നല്ലത്‌.

    ഇടവേളയുടെ സമയം (പോസ്റ്റ്‌ തങ്ങളിൽ) കുറയ്ക്കണം

    ReplyDelete
  13. ഭൂമിയില്‍ വിശക്കുന്ന വയറിന്‍‌റെ പശിയടക്കാനാവാതെ, മദ്യലഹരിയില്‍ മുക്കിയെടുക്കുന്ന നോട്ടുകളില്‍ സത്കര്‍‍മ്മങ്ങളേക്കാള്‍‍ ദുഷ്‌കര്‍മ്മങ്ങള്‍ക്ക് സാക്ഷിയായി, നിസ്സഹായതയുടെ നെടുവീര്‍പ്പുമേറ്റിയിരിക്കാനാണ് തന്‍‌റെ വിധി. ഈ നിസ്സഹായതയുടെ നോവുകള്‍ ഏറ്റുവാങ്ങി, വഴി തെറ്റുന്ന സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യുവാനാകാതെ ഇവിടെ ഞാനിനിയും കാത്തിരിക്കും. കാലാന്തരങ്ങളിലൂടെ...
    ബ്ലോഗുകള്‍ പരിചയപ്പെടുന്നെയുള്ളൂ. ആദ്യമായാ ഇവിടെ. ഇപ്പോള്‍ വായിക്കാന്‍ ഇഷ്ടമുള്ള ഒരു ബ്ലോഗ്‌ കൂടിയായി
    സീതാ, ഈ ഭാഷയുടെ വശ്യത ആസ്വദിക്കാന്‍ ഞാനും ഇനി കൂട്ടിനുണ്ട്.

    ReplyDelete
  14. ഒരു വലിച്ചുകീറലില്‍ നിന്ന് കാലാന്തരങ്ങളിലൂടെയുള്ള ത്യാഗനഷ്ടങ്ങളെന്തൊക്കെയെന്ന് കാണിച്ച് ചരിത്രാഖ്യായങ്ങള്‍ക്കൊപ്പം നടത്തുന്നു എഴുത്ത്. നല്ലത് ഇനിയും പോന്നോട്ടെ :)

    ആ‍ശംസകളോടെ..

    ReplyDelete
  15. മനുഷ്യനെന്താണിങ്ങനെ? എന്തിനുവേണ്ടിയാണിങ്ങനെ ഉച്ചനീചത്വങ്ങളാചരിക്കുന്നത്..? എന്തിനു പിന്നാലെയാണവൻ ഓടുന്നത്.. എല്ലാം മരണത്തിലവസാനിക്കുമെന്നറിയാമായിരുന്നാലും നാം മാത്രം മരിക്കില്ലെന്നു വിശ്വസിക്കാനാണ് എല്ലാവർക്കുമിഷ്ടം..

    ഇന്നിന്റെ നേരെയുള്ള കുറെ ചോദ്യങ്ങള്‍..

    നല്ല എഴുത്തുമായി തിരിച്ചു വന്നല്ലോ... സന്തോഷം...

    നന്മകള്‍ നേരുന്നു.. സുഹൃത്തിന്..

    ReplyDelete
  16. എല്ലാ നന്മകളും നേരുന്നൂ.....എഴുത്തിനു ഭാവുകങ്ങൾ

    ReplyDelete
  17. ഗീതയുടെയും, വേദങ്ങളുടെയും ഉദാത്ത ദര്‍ശനങ്ങളിലേക്ക് വായനക്കാരനെ അനായാസം
    കൂട്ടിക്കൊണ്ടു പോയി അവയുടെ സത്തയും സാരംശവും മനോഹരമായി അവന്റെ മനസ്സിലേക്ക്
    പ്രവഹിപ്പിക്കുന്ന ഈ എഴുത്തിനു നന്ദി.

    blog title ലെ ഡിസൈനിങ്ങും ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  18. ഇനിയെന്ത് അഭിപ്രായം പറയും...എല്ലാവരും പറഞ്ഞു തീര്‍ത്തു. എനിക്കും ഇഷ്ടമായി , നല്ലയെഴുത്ത്. ആശംസകള്‍.

    ReplyDelete
  19. ഇത്തിരി പേടിയോടെയാണ് ഇവിടേയ്ക്ക് വന്നത്. കയ്യില്‍ മഹാഭാരതവും രാമായണവും വേണ്ടി വരുമോ എന്ന പേടി. :)
    അത് തമാശ.
    പക്ഷെ ഈ കഥ എനിക്കിഷ്ടായി . ഓരോ കഥയും സീത രൂപപ്പെടുത്തിയെടുക്കുന്ന ഒരു ലോകമുണ്ട് . ആഖ്യാനത്തില്‍ കൊണ്ടുവരുന്ന മികവും. വായനയെ സന്തോഷകരമാക്കുന്ന ഇത്തരം സൃഷ്ടികള്‍ സീതായനത്തില്‍ നിറയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  20. ജയലക്ഷ്മി... വെർതേയൊരു ചിന്ത ഈ ആത്മാക്കളെക്കൊണ്ട് എന്റെ മനസ്സിലെ ചിന്തകൾ പറയിക്കണമെന്നു... :) അത്രേയുള്ളൂ..ഹിഹി...നന്ദി സന്തോഷം ട്ടോ..പരിഭവം നമുക്കൊതുക്കാന്നെ... :)

    മുകിൽ...നന്ദി സന്തോഷം ചേച്ചീ

    ente lokam....നന്ദി ഏട്ടാ...സന്തോഷം...ഞാൻ മാത്രം മരിക്കില്ലെന്നു ചിന്തിക്കാനാണു എല്ലാർക്കുമിഷ്ടം.. :)

    ajith...അവർക്ക് ചുമ്മാ അവിടിരുന്നു ചർച്ച ചെയ്യാല്ലോ ...അച്യുതൻ മായാവിയല്ലേ ഒളിച്ചു നിന്നു കളി കാണുവാ ആൾ.. :) സന്തോഷം ഏട്ടാ ഈ വാക്കുകൾക്ക്

    പഥികൻ...ശ്ശോ ന്റെ നാട്ടാരാ‍...കടിച്ചാൽ‌പ്പൊട്ടാ‍ാത്ത വാക്കെടുത്ത് വീശണാർന്നോ ങ്ങേയ്... :) സന്തോഷം ഈ വരവിനു..

    jayarajmurukkumpuzha...സന്തോഷം...വരാം..

    കുസുമം ആര്‍ പുന്നപ്ര...നന്ദി സന്തോഷം

    Kalavallabhan...നന്ദി സന്തോഷം ഈ വാക്കുകൾക്ക്..

    കാടോടിക്കാറ്റ്‌...നന്ദി സന്തോഷം...സീതായനത്തിലേക്ക് എപ്പോഴും സ്വാഗതം..

    **നിശാസുരഭി...സന്തോഷം സഖീ...ഒരു കണ്ണുരുട്ടലാ ഞാൻ പ്രതീക്ഷിച്ചത് :)

    khaadu.....നന്ദി സന്തോഷം

    ചന്തു നായർ...സന്തോഷം മാഷേ

    Salam.... നന്ദി സന്തോഷം ഏട്ടാ

    sreee...സന്തോഷം ടീച്ചർ...ഇതെവിടെയാ...കാണുന്നില്യാല്ലോ..പോസ്റ്റും ഇടണില്യാ...മടിച്ചിയായോ.. :)

    മന്‍സൂര്‍ ചെറുവാടി....ഹ്ഹ്ഹ്ഹ്ഹ്..എന്നെയിങ്ങനെ ചിരിപ്പിക്കല്ലേ ഏട്ടാ..തമാശയിൽ‌പ്പൊതിഞ്ഞ നല്ല വാക്കുകൾക്ക് സന്തോഷം ട്ടോ...നന്ദിയും..:)

    ReplyDelete
  21. കഴിഞ്ഞ പോസ്റ്റിന്റെ ക്ഷീണം തീര്‍ത്തു.. കഥ നന്നായി
    വേറിട്ട ശൈലിയില്‍ സീതയുടെ ആഖ്യാന മികവ് തന്നെ മുന്നില്‍ (ഇത് ഞാന്‍ മിക്കപോഴും പറയുന്നതാണ്)

    ഭൂമിയില്‍ വിശക്കുന്ന വയറിന്‍‌റെ പശിയടക്കാനാവാതെ, മദ്യലഹരിയില്‍ മുക്കിയെടുക്കുന്ന നോട്ടുകളില്‍ സത്കര്‍‍മ്മങ്ങളേക്കാള്‍‍ ദുഷ്‌കര്‍മ്മങ്ങള്‍ക്ക് സാക്ഷിയായി, നിസ്സഹായതയുടെ നെടുവീര്‍പ്പുമേറ്റിയിരിക്കാനാണ് തന്‍‌റെ വിധി. ഈ നിസ്സഹായതയുടെ നോവുകള്‍ ഏറ്റുവാങ്ങി, വഴി തെറ്റുന്ന സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യുവാനാകാതെ ഇവിടെ ഞാനിനിയും കാത്തിരിക്കും. കാലാന്തരങ്ങളിലൂടെ... ഒരുപാടു ചോദ്യങ്ങളും പരീക്ഷകളും ആവര്‍ത്തിക്കാനിവിടെ ഇനിയും അവതാരങ്ങള്‍ വരുന്നതും കാത്ത്... (ഈ വരികള്‍ തന്നെ മതിയാകും അത് ന്യായീകരിക്കാന്‍)

    ആശംസകള്‍ എഴുത്തുകാരി.
    (നാട്ടില്‍ ആണ്.. പോസ്ടിട്ടു. മെയില്‍ ഇട്ടില്ല. എങ്കിലും നല്ല രചനകളെ ഞാന്‍ തേടിയെത്തും)

    ReplyDelete
  22. “അധികാരം കൺകെട്ടിയിട്ടും ഞാൻ കണ്ടൊരു കാഴ്ച ഇന്നും എന്നെ നടുക്കുന്നു..
    വർണ്ണ്യവ്യവസ്ഥകളുടെ കെട്ടുപാടിൽ ചികിത്സ നിഷേധിക്കപ്പെട്ടൊരു ചണ്ഡാളൻ തെരുവിൽ
    വേദനകൊണ്ട് പുളഞ്ഞ് മരണത്തിന്റെ കാരുണ്യത്തിനു കേഴുന്ന രംഗം..
    കാലമേറെ കഴിഞ്ഞു പോയിട്ടും അവന്റെ പേരിന്റെ 'നിർവ്വചനത്തിനു' മാത്രമേ മാറ്റം വന്നിട്ടുള്ളൂ...
    ലോകം മുഴുവൻ അവസ്ഥ പഴയതു തന്നെ....!
    മനുഷ്യനെന്താണിങ്ങനെ?
    എന്തിനുവേണ്ടിയാണിങ്ങനെ ഉച്ചനീചത്വങ്ങളാചരിക്കുന്നത്..?
    എന്തിനു പിന്നാലെയാണവൻ ഓടുന്നത്..
    എല്ലാം മരണത്തിലവസാനിക്കുമെന്നറിയാമായിരുന്നാലും
    നാം മാത്രം മരിക്കില്ലെന്നു വിശ്വസിക്കാനാണ് എല്ലാവർക്കുമിഷ്ടം..
    ജനിച്ചാൽ മരണം അനിവാര്യമെങ്കിൽ എന്തിനു ജനിച്ചു?

    അനേകം ഉത്തരമില്ലാത്ത ചോദ്യങ്ങൾ.. എന്നാലും ചോദിക്കാതിരിക്കാൻ വയ്യ..
    അതാണു ഒരിക്കലും മാറ്റാൻ കഴിയാത്ത മനുഷ്യപ്രകൃതി....!




    വീണ്ടും ഈ സീതായാനം പഴയ പല്ലവിയിൽ
    തുഴുഞ്ഞുനീങ്ങുന്നത് കണ്ട് സന്തോഷം കേട്ടൊ സീതാജി

    ReplyDelete
  23. "ഈ നിസ്സഹായതയുടെ നോവുകള്‍ ഏറ്റുവാങ്ങി, വഴി തെറ്റുന്ന സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യുവാനാകാതെ ഇവിടെ ഞാനിനിയും കാത്തിരിക്കും".

    കാത്തിരുന്നാല്‍ കാലം അങ്ങിനെ തന്നെ പോകും. ധര്‍മ്മ പുനസ്ഥാപനത്തിനായി സ്വയം അവതരിക്കുകയല്ലാതെ ഇനി ഏതു അവതാര പുരുഷനെ കാത്തിരിക്കാന്‍ സീതേ ?.

    ReplyDelete
  24. തലേക്കെട്ടും ചിത്രോം കണ്ടപ്പംതന്നെ ഓടാനൊരുങ്ങീതാ. പിന്നെ വന്നതല്ലേന്ന് കരുതി രണ്ടും കല്പിച്ച് വായിച്ച്. കൊള്ളാം കൊള്ളാം
    ആദ്യഭാഗം പ്രത്യക്ഷത്തില്‍ വേറിട്ട് നില്‍ക്കുന്നെങ്കിലും ഇന്നത്തെകാലത്തിനോട് കഥയെ ചേര്‍ത്ത് നിര്‍ത്താന്‍ അതിന് കഴിയുന്നുണ്ട്.നിശാസുരഭി പറഞ്ഞതുപോലെ, ആ ഒരു വലിച്ച് കീറലിലൂടെയുള്ള കഥാമാറ്റം.
    പുരാണം എടുത്തരച്ച്കലക്കാത്തതുകൊണ്ട് ചെറുതിനും കാര്യംസ് ഏകദേശം പിടി കിട്ടി. പിന്നെ കഥയായത്കൊണ്ട് വാദപ്രതിവാദത്തിന് നിക്കണില്യ. അല്ലേലിപ്പൊ കാണാര്‍ന്ന് (ഓ പിന്നേ)

    അപ്പൊ ആശംസോള് സീത*

    ReplyDelete
  25. നേരിയ ഇടവേളയ്ക്കു ശേഷമുള്ള ഈ എഴുത്ത് സന്തോഷം തരുന്നു ഓപ്പോളേ...
    ആദ്യഭാഗം ആവശ്യമില്ലായിരുന്നു എന്ന് എന്റെ വായനയിലും തോന്നി...
    ഇതിലെ ആത്മതത്വങ്ങള്‍ ഞാന്‍ മനസ്സില്‍ കുറിച്ചെടുക്കുന്നു...

    സ്നേഹപൂര്‍വ്വം ഓപ്പോള്‍ടെ സ്വന്തം അനിയന്‍കുട്ടന്‍

    ReplyDelete
  26. ആശങ്കയാർന്ന ഈ മനസ്സാണെന്നേയും ഇവിടെ തളച്ചിടുന്നത്..
    പലതിലും ഉത്തരം കണ്ടെത്താന്‍ പ്രയാസം തന്നെ, പ്രത്യേകിച്ചും ഇന്നത്തെ ശരി നാളെ ഉറപ്പായും തെറ്റാകുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍.
    ആദ്യഭാഗം പിന്നീടുള്ള വായനക്ക് കൂടുതല്‍ പ്രേരകമായി എന്നാണു എനിക്ക് തോന്നിയത്‌.
    ഒരിടവേളക്ക് ശേഷം നല്ല ചിന്തകള്‍ക്ക് ക്ഷണിച്ച വായന നല്‍കിയതിന് നന്ദി.

    ReplyDelete
  27. സീതകുട്ടി വീണ്ടുമെത്തിയല്ലേ,, തനിക്കുമാത്രം സ്വന്തമായ ശൈലിയുടെ മാസ്മരികതയില്‍ ഞങ്ങളെയെല്ലാം തളച്ചിടാന്‍..! നല്ലൊരുവായന സമ്മാനിച്ചതിനു സന്തോഷം മോളൂ..

    ReplyDelete
  28. വിഭിന്നമായ ശൈലി കൈകാര്യം ചെയ്യുന്നു, പക്ഷേ രണ്ടാം ഭാഗം മികച്ചത്...

    രണ്ടാമൂഴത്തിന്‍‌റ്റെ അവസാന ഭാഗം ഓര്‍മ്മ വന്നു

    ReplyDelete
  29. valare mikacha akhyanashaily..... aashamsakal..... blogil puthiya post..... NEW GENERATION CINEMA ENNAAL.......... vayikkane,...............

    ReplyDelete
  30. വേണുഗോപാല്‍.....നന്ദി സന്തോഷം വേണുവേട്ടാ...ഈ വാക്കുകൾക്ക്..

    Muralee Mukundan...നന്ദി മുരളിയേട്ടാ...സന്തോഷം...ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി കാലത്തിനു പിന്നാലെ നമ്മളും...

    Akbar....നന്ദി സന്തോഷം...സ്വയം അവതാരമാവേണ്ട അവസ്ഥയാണു ഇന്നു മനുഷ്യനു...

    ചെറുത്*...ആഹാ ഇതെവിടാർന്നു...കാണാനില്ലാർന്നൂല്ലോ...വന്നത് നന്നായി...ഓടിയിരുന്നേൽ ങ്ങാഹ്...ഹിഹി..സന്തോഷം കഥയെ ഉൾക്കൊണ്ടതിന്...

    Sandeep.A.K..സന്തോഷം...അതൊരു പരീക്ഷണമായിരുന്നു... :)

    പട്ടേപ്പാടം റാംജി...നന്ദി മാഷേ...കഥകളുടെ ആചാര്യനിൽ നിന്നും ഈ വാക്കുകളെനിക്ക് പ്രചോദനം തന്നെ..സന്തോഷം

    ഇലഞ്ഞിപൂക്കള്‍...നന്ദി സന്തോഷം ചേച്ചീ

    SumeshVasu...നന്ദി സന്തോഷം ഈ വരവിനും അഭിപ്രായത്തിനും...

    jayarajmurukkumpuzha...വായിക്കാം :)

    ReplyDelete
  31. ഒരിടവേളക്ക് ശേഷം ഞാന്‍ വായിക്കുന്ന സീതായനത്തിലെ ഒരു നല്ല കഥ രണ്ടു ഭാഗവും എനിക്കിഷ്ടമായി ..ആശംസകള്‍

    ReplyDelete
  32. നാട്ടുകാരീ.."കാലാന്തരങ്ങളിലൂടെ" നന്നായിട്ടുണ്ട് കേട്ടോ... നാട്ടിലായിരുന്നു..കുറച്ചു ദിവസം..ബൂലോകത്ത് ഇന്നാണ് തിരിച്ചു വന്നത്..ഒരു ഓട്ട പ്രദക്ഷിണം നടത്തിയപ്പോള്‍ സീതായനതിലും വന്നു..

    സ്നേഹത്തോടെ മനു..

    ReplyDelete
  33. സീതാ, കുറേ ദിവസായിട്ട് ഇവിടെ ഉണ്ടായിരുന്നില്ല, ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം. പട്ടിണീം കഷ്ടപാടും കണ്ട് കണ്ണും മനസ്സും മരവിച്ചിരിക്കുന്നു. വെറുതെയിങ്ങനെ ബ്ലൊഗിലൂടെ കയറിയിറങ്ങുകയാണു. വിശദമായ് വായിക്കാന്‍ പിന്നെ വരാം.
    ആശംസകളോടേ...

    ReplyDelete
  34. സീതാ,ഒരിടവേളക്കുശേഷം വന്നതാണ്.പോസ്റ്റുകള്‍ കാണാതിരുന്നത് കൊണ്ടാണ്.'കാലാന്തരങ്ങളിലൂടെ'കടന്നു പോയപ്പോള്‍ മനസ്സില്‍ തട്ടുന്ന 'പദ'വിന്യാസങ്ങള്‍ .അഭിനന്ദനങ്ങള്‍ വീണ്ടും.കൂടെ ദാമ്പത്യത്തിന്റെ പുതുജീവിത കാല്‍വെപ്പുകള്‍ക്ക് സര്‍വൈശ്വര്യങ്ങളും!

    ReplyDelete
  35. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete