Tuesday, May 1, 2012

കാലത്തിനു മുന്നേ നടക്കുന്നവൻ...


ഇതാ ഞാനിവിടെയുണ്ട്
ഈ വിജനതയുടെ തീരത്ത്

തിരകളുടെ തീരത്തിലേക്കുള്ള ദൂരമളന്ന്
രാപ്പകലുകളുടെ അതിർവരമ്പിൽ
സന്ധ്യയുടെ മടിയിൽ ഞാനിരുപ്പുണ്ട്

ഇന്നലെകളിൽ ഞാനുണ്ടായിരുന്നു
വെട്ടിമരിക്കുന്ന സാഹോദര്യങ്ങളുടെ
രക്തമിറ്റിയ രണഭൂമിയിൽ
ഒറ്റുകാശിന്റെ കിലുക്കത്തിൽ
പാപത്തിന്റെ കൈ കഴുകലിൽ
പച്ച മാംസത്തിലാഴ്ന്നിറങ്ങിയ ഇരുമ്പാണിയിൽ
മരുഭൂവിലൊറ്റപ്പെട്ട ശൈശവത്തിനു കുളിരായി
ഭൂമി പിളർന്നെത്തിയ പുണ്യപ്രവാഹത്തിൽ
എവിടേയും ഞാനുണ്ടായിരുന്നു

ഇന്നും ഞാനുണ്ട്
നിശ്വാസത്തിന്റെ കണക്കുകളുമായി
കണ്ണീരിൽക്കുതിർന്ന കുപ്പിവളത്തുണ്ടുകളിൽ
വിയർപ്പിലലിഞ്ഞ സിന്ദൂരത്തിൽ
അന്നത്തിനു കൈനീട്ടി മരണമേറ്റുവാങ്ങിയ
ബാല്യത്തിന്റെ അവസാന ശ്വാസത്തിൽ
പട്ടിണിക്കോലായിലന്തിക്കൂരകളിൽ
ചോര മണക്കുന്ന തെരുവുകളിൽ
ഞാനിപ്പോഴും നടക്കുന്നു
ഓർമ്മകളുടെ മാറാപ്പുമായി

നാളെകളിലും ഞാനുണ്ടാവും
വേദനിക്കുന്നവന്റെ കണ്ണുനീരിലും
ചിരിക്കുന്നവന്റെ കണ്ണിലെ തിളക്കത്തിലും

കാലത്തിനു മുന്നേ ഞാൻ നടന്നു കൊണ്ടിരിക്കും
ഒന്നും എനിക്ക് വേണ്ടി കാത്തിരിക്കില്ലെങ്കിലും
ഞാനറിയാതൊരു നിമിഷം 
കടന്നു പോവില്ലെന്ന വിശ്വാസത്തിൽ
ഞാനുണ്ട് നിഴലായും നിലാവായും
നിന്നിലും അവനിലും അവളിലും പിന്നെ...?


ചിത്രത്തിനു കടപ്പാട്..........ഗൂഗിൾ

23 comments:

 1. എന്നും എവിടെയും എപ്പോഴും....ആരെയും കാത്തു നിർത്താതെ...
  ആശംസകൾ...

  സസ്നേഹം,
  പഥികൻ

  ReplyDelete
 2. എല്ലായിടത്തും ഉന്റായിട്ടെന്താക്കാര്യം..
  ഇതിന് വല്ലതിനും തടയിടാതെ എല്ലാം നോക്കി കാണുകയല്ലേ...

  ReplyDelete
 3. നിലയുള്ള ബന്ധവും, തിരകളില്‍ സന്ധ്യയും
  വഴിമാറി നില്‍ക്കുമീ വര്‍ത്തമാനം....
  എവിടെയോ പാടിപ്പറന്നൂ പനങ്കിളിയു-
  മിനി തീയകം പൂകുമോര്‍മ്മയേകീ...
  അരുത്, വെട്ടിപ്പിടിയ്ക്കണ്ടയിവിടെയി-
  ച്ചുടലയാമീ ഭൂമിയഭിതര്‍പ്പണം... വെറുമൊരശാന്ത കേന്ദ്രം... എവിടെയോ എന്തിനോ വേണ്ടി...! എന്തിനു വേണ്ടി..?? സ്നേഹാശംസകള്‍ സീതേ....!

  ReplyDelete
 4. എന്നും എവിടെയും ഉണ്ടായിട്ടും എന്തേ ഇങ്ങിനെ...?

  ഈ നല്ല കവിതയ്ക്ക് എന്റെ ആശംസകള്‍ സീതക്കുട്ടീ.

  ReplyDelete
 5. സുപ്രഭാതം സഖീ..
  സുഖവും സന്തോഷവും നല്‍കുന്ന കാത്തിരിപ്പുകളും നൊമ്പരങ്ങളും പ്രചോദനമാണ്‍..
  അല്ലാത്തവയ്ക്കു വേണ്ടിയുള്ള നെടുവീര്‍പ്പുകളും കണ്ണീരും കുരുതി കൊടുക്കലും...
  എന്തിനു വേണ്ടി..ആര്‍ക്കു വേണ്ടി...?
  തിരിച്ചറിവുകള്‍ അനിവാര്യം എന്ന് സാരം...!
  ആശംസകള്‍ ട്ടൊ..

  ReplyDelete
 6. ഹാഹാ !നല്ലൊരു കവിത വായിച്ച കുളിര്.കാലത്തിനു മുന്നേ നടന്നപോലെ ...അഭിനന്ദനങ്ങള്‍ സീതാ.

  ReplyDelete
 7. സർവ്വവ്യാപിയും സർവ്വേശ്വരനും കുഞ്ഞൂസുപറഞ്ഞപോലെ എവിടെയും ഉണ്ടായിട്ടുമെന്തു കാര്യം. എങ്കിലും വരികളിലെ ആശയവും സൌന്ദര്യവും ബിംബങ്ങളും ആസ്വദിച്ചു. നന്നായി സീതേ

  ReplyDelete
 8. എല്ലായിടത്തുമുണ്ട് ...
  പക്ഷെ പ്രതികരണ ശേഷി നഷ്ട്ടപെട്ടിരിക്കുന്നു !!!!

  നാളെകളിലും ഞാനുണ്ടാവും
  വേദനിക്കുന്നവന്റെ കണ്ണുനീരിലും
  ചിരിക്കുന്നവന്റെ കണ്ണിലെ തിളക്കത്തിലും

  നല്ല വരികള്‍ ... ആശംസകള്‍

  ReplyDelete
 9. എല്ലാം കാണുന്നവന്‍ കൂടെ ഉണ്ടെന്ന ബോധം
  നല്ലതിനാവും...ചിലപ്പോള്‍
  ആല്‍മ പരിശോധനക്കും മറ്റു ചിലപ്പോള്
  മുന്‍ ഒരുക്കത്തിനും....
  ഈ നല്ല കവിതയ്ക്ക് ആശംസകള്‍. സീത...‍

  ReplyDelete
 10. പതിവില്‍ നിന്ന് വിത്യസ്ഥമായി ദേവികയുടെ കവിത അല്‍പ്പം വഴിമാറി സഞ്ചരിക്കുന്നു , വേദനകളുടെ നിര്‍ക്കയങ്ങളൊക്കെ കേറിയിറങ്ങി ദാര്‍ശനികതയുടെ തലങ്ങളിലെക്കുള്ള പ്രയാണം കൊള്ളാം കാലാത്തിനനുസരിച്ചു ചിന്താധാരകള്‍ മാറി നടക്കുന്നു .എഴുത്ത് മുന്നേറട്ടെ

  ReplyDelete
 11. സീത...കവിതകളൊന്നും വായിച്ച്, വിശകലനം ചെയ്യുവാനുള്ള കഴിവൊന്നും എനിയ്ക്കില്ല കേട്ടോ...എങ്കിലും വായിയ്ക്കുമ്പോൾ നല്ല ഒരു ആശയം മനസ്സിൽ തോന്നിപ്പിച്ചാൽ ആ കവിത എനിയ്ക്ക് ഇഷ്ടപ്പെടും..ഇവിടെ ഈ കവിത ഇഷ്ടപ്പെട്ടുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
  തൂണിലും, തുരുമ്പിലും, പൂവിലും പുല്ലിലും, ഓരോ മൺതരിയിലും നമ്മെ കാത്ത് മറഞ്ഞിരിയ്ക്കുന്നവനെ ആധുനികയുഗത്തിൽ നാം തിരിച്ചറിയുന്നുണ്ടോ എന്ന് മാത്രമാണ് സംശയം... ആ തിരിച്ചറിവുകളിലൂടെ നടന്ന്, അവനിൽ വിലയം പ്രാപിയ്ക്കുമ്പോഴാണല്ലോ നമ്മുടെ ജീവിതം അർത്ഥവത്താകുന്നത്...
  മനോഹരമായ എഴുത്തിന് അഭിനന്ദനങ്ങൾ...ഹൃദ്യമായ ആശംസകളും...
  ഷിബു തോവാള.

  ReplyDelete
 12. പക്കേങ്കില്, മ്മ്ലീ നാട്ടില് ഇല്ലേനൂന്ന്!

  ReplyDelete
 13. നാളെകളിലും ഞാനുണ്ടാവും
  വേദനിക്കുന്നവന്റെ കണ്ണുനീരിലും
  ചിരിക്കുന്നവന്റെ കണ്ണിലെ തിളക്കത്തിലും

  കാലത്തിനു മുന്നേ ഞാൻ നടന്നു കൊണ്ടിരിക്കും

  ഇത് തന്നെ എനിക്കും പറയാനുള്ളത്

  ReplyDelete
 14. വെറുതെ ഇങ്ങിനെ കൂടേയും മുന്നേയും നടക്കുന്നു എന്നേയുള്ളൂ...
  വരികള്‍ ഇഷ്ടായി.

  ReplyDelete
 15. .....പക്ഷെ ഞാന്‍ എപ്പോഴും ഉറക്കമാണെന്നോര്‍ത്തുകൊള്ളണം

  ReplyDelete
 16. നാളെകളിലും ഞാനുണ്ടാവും
  വേദനിക്കുന്നവന്റെ കണ്ണുനീരിലും
  ചിരിക്കുന്നവന്റെ കണ്ണിലെ തിളക്കത്തിലും

  ReplyDelete
 17. ഞാന്‍ വന്നിരുന്നു. ഇവിടെയും. കുറിച്ചിട്ട വരികള്‍ക്കിടയില്‍ എന്തിനെയോ തിരഞ്ഞ്, കണ്ടെതിയതൊക്കെ സത്യമെന്നറിഞ്ഞു തിരിച്ചു പോകുന്നു

  ReplyDelete
 18. വായിച്ചു ഇഷ്ടായി.
  കൂടുതല്‍ എന്താ പറയുക. ;)
  ആശംസകള്‍ സീത

  ReplyDelete
 19. എല്ലായിടത്തുമുണ്ട് പക്ഷെ....?

  വരികള്‍ കോര്‍ത്തിണക്കിയത് മനോഹരം...

  ReplyDelete
 20. "നാളെകളിലും ഞാനുണ്ടാവും
  വേദനിക്കുന്നവന്റെ കണ്ണുനീരിലും
  ചിരിക്കുന്നവന്റെ കണ്ണിലെ തിളക്കത്തിലും"

  മനോഹരമായ വരികള്‍ ഇഷ്ടമായി.

  ReplyDelete
 21. മനസ്സിനെ സ്പര്‍ശിക്കുന്ന വരികള്‍,,,മനോഹരമായിട്ടുണ്ട് ഭാവന,,,
  ആശംസകള്‍,,,എല്ലാ ഭാവുകങ്ങളും,,,,

  ReplyDelete