Saturday, April 16, 2011

പ്രയാണം.......













വൃതശുദ്ധിയുടെ പുണ്യം ഉരുക്കിയൊഴിച്ച് പേരറിയാക്കാടുകളിൽ ആത്മ സാക്ഷാത്ക്കാരത്തിന്റെ പാവനജ്യോതി തെളിഞ്ഞപ്പോള്, തത്ത്വമസ്സിയുടെ അർത്ഥമുൾക്കൊണ്ട ഭാവത്തോടെ ഭക്തർ പടിയിറങ്ങി...

പൊന്നമ്പലമേട് പടയൊഴിഞ്ഞ യുദ്ധഭൂമിയായി..

ആയിരങ്ങളുടെ താഡനമേറ്റു വാങ്ങിയ സഹനതയ്ക്ക് പടിപൂജയിലൂടെ നന്ദി സമർപ്പിച്ച് കലിയുഗവരദന്റെ പിതൃസ്ഥാനീയനെന്ന ഭാവത്തിൽ രാജമകുടവും പിൻവാങ്ങി നടന്നിരിക്കുന്നു...

ഇനി തന്റെ ഊഴം...

അടച്ചിട്ട വാതിലിനുള്ളിൽ തന്റെ തേങ്ങലാരും കേൾക്കുന്നുണ്ടാവില്ലാ...
മാനുഷികത, ശരങ്ങൾ കുത്തി മുറിവേൽ‌പ്പിച്ച മനസ്സിൽ നിന്നും രുധിരത്തിനു പകരമിപ്പോൾ പഴുപ്പാണൊഴുകുന്നത്....
കർപ്പൂരത്തിന്റെയും ഭസ്മത്തിന്റേയും ഗന്ധങ്ങളിപ്പോൾ തനിക്ക് അസഹ്യമായിത്തുടങ്ങിയിരിക്കുന്നു...
വസ്ത്രത്തിലെ കറുപ്പ് മനസ്സും ഉൾക്കൊണ്ടതു പോലെ.. ഉരുളുന്ന നാളികേരങ്ങളിൽ തന്റെ മനസ്സുമുണ്ടെന്നു ആരറിയുന്നു...

കൊതിയും വിധിയും കെട്ടിയ ഇരുമുടികളേന്തി മല ചവിട്ടി മുന്നിലെത്തുന്ന, നിഷ്കളങ്കബാല്യങ്ങളുതിർക്കുന്ന മന്ത്രോച്ചാരണങ്ങളിൽ മാതൃത്വം ഉണരുമ്പോൾ മോഹഭംഗത്തിന്റെ തീച്ചൂളയിൽ എന്നിലെ സ്ത്രീ കത്തിയെരിയുന്നതാരെങ്കിലും അറിയുന്നുണ്ടോ..?

ശാപമായ വരവുമായി ഇനിയെത്ര യുഗങ്ങൾ...


എന്തിനീ പ്രഹസനം...ശരങ്ങളൊഴിഞ്ഞൊരു മണ്ഡലകാലം ഒരിക്കലും വരില്ലയെന്നിരിക്കിലും...
വെറുതെ ആനപ്പുറത്തൊരെഴുന്നെള്ളിപ്പ്..... നൈരാശ്യത്തിന്റെ മുഖപടത്തിനുള്ളിൽ തന്നെ കാണാനാണ് എല്ലാവർക്കുമിഷ്ടം...


മടുത്തിരിക്കുന്നു...


ഇനി പടിയിറങ്ങാം...മാളികപ്പുറത്തിന്റെ കറുത്ത കുപ്പായമുപേക്ഷിച്ച്...
നിത്യബ്രഹ്മചാരിയായ കലിയുഗവരദനിനിയെന്തിനീ മഹിഷീ ജന്മത്തിന്റെ പാദസേവ...?
സ്ത്രീകൾക്ക് വിലക്ക് കൽ‌പ്പിച്ച ഭൂവിൽ സ്ത്രീയായ തനിക്കെന്ത് കാര്യം....?


ശ്രീകോവിൽ വിട്ട് പതിനെട്ടാം പടി ഇറങ്ങുമ്പോൾ‌ പിന്നിലപ്പോഴും കെടാതെ ആഴിയെരിയുന്നുണ്ടായിരുന്നു...തന്റെ മനസ്സു പോലെ...

ഭക്തിയുടെ മൂർത്തിമദ്ഭാവമായ ശബരി പോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല തന്റെ പേരിലറിയപ്പെട്ടേക്കാവുന്ന പുണ്യ തപോഭൂവിലീ പാവം പെണ്ണിന്റെ മോഹങ്ങൾ അശ്രുകണങ്ങളായ് ഇറ്റു വീഴുമെന്ന്...

പമ്പയുടെ തീരത്തേക്ക് നടക്കുമ്പോൾ ഗജാനനൻ തനിക്ക് അവിഘ്നമസ്തു പറഞ്ഞിട്ടുണ്ടാകുമോ..?

ഒരായിരം തർപ്പണങ്ങളേറ്റുവാങ്ങി ശാന്തയായൊഴുകുന്നു പുണ്യവാഹിനി പമ്പ....

ആ കൽ‌പ്പടവുകളിൽ ഒന്നിരിക്കാൻ തോന്നുന്നു....
ഇവിടെ മുങ്ങി ഉയരുന്ന ഭക്തനോട് അയ്യപ്പമനം മന്ത്രിക്കുമത്രേ, സുഖമാണോ എന്ന്....തനിക്ക് ആ ആശ്വാസവാക്കു പോലും നിഷിദ്ധമോ...

കണ്ഠത്തിലേയും കരങ്ങളിലേയും രുദ്രാക്ഷമാല്യങ്ങൾ പമ്പയിലൊഴുക്കി ഒന്നു മുങ്ങി നിവർന്നു..

അകലെ അവ്യക്തമായി ഒരു വസ്ത്രാഞ്ചലമിളകുന്നത് കണ്ടു...കാറ്റിൽ പറക്കുന്ന മുടിയിഴകളും...

ആകാംഷയ്ക്ക് വിരാമമിടുവാൻ പാദങ്ങളെയങ്ങോട്ടേക്ക് വലിച്ചിഴയ്ക്കുമ്പോൾ മനസ്സ് ഒരായിരം ചോദ്യങ്ങളുതിർത്ത് നോവിച്ചു കൊണ്ടേയിരുന്നു....

നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ കാറ്റിൽ ശീൽക്കാരമുയർത്തിയിട്ടാവണം ആഗമനമറിഞ്ഞിട്ടെന്നവണ്ണം ആ സ്ത്രീ മുഖമുയർത്തി നോക്കി...

 കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിർവ്വികാരത കൂടു കൂട്ടിയിരിക്കുന്നു...

തനിക്കീ മുഖം പരിചയമുണ്ടല്ലോ...
ഉവ്വ്...ത്രേതായുഗത്തിലുരുകിത്തീർന്ന ഊർമ്മിളയല്ലേ ഇത്...?

മനസ്സ് തുടികൊട്ടുന്നുണ്ടോ..?

“എന്തേ സഖീ ഇവിടെ ഈ വൽക്കലമുടുത്ത്...പട്ടുടയാടകളിലും സുഗന്ധലേപനങ്ങളിലുമൊഴുകേണ്ട രാജകുമാരിയെന്തേ ഈ കലിയുഗത്തിൽ പരിത്യജിക്കപ്പെട്ടവളുടെ വേഷത്തിൽ...”


ഒന്ന് മന്ദഹസിച്ചവൾ മൊഴിഞ്ഞു..
“വളരെ വൈകിയാണവിടുന്നു മൂഢസ്വർഗ്ഗത്തിലെന്നു തിരിച്ചറിഞ്ഞതെങ്കിൽ അത് ആദ്യമേ അറിഞ്ഞ് മൌനത്തിന്റെ മാറാപ്പേറ്റിയവളാണിവൾ..”


അത്ഭുതം കൂറുന്ന തന്റെ മിഴികളിൽ നോക്കി അവൾ പറഞ്ഞു കൊണ്ടേയിരുന്നു...


“നിഴലായിരുന്നു ഞാനെന്നും വൈദേഹിയുടെ...സ്വന്തം രക്തമായിട്ടും സ്നേഹം പങ്കു വച്ചപ്പോൾ‌ വളർത്തുമകൾക്കൊപ്പമാകാൻ കഴിഞ്ഞില്ല...
ജാനകിയെന്ന പേരു പോലും അന്യമായി...സ്വയംവരിക്കാൻ സീതയ്ക്കവകാശം കൊടുത്തപ്പോൾ കഴുത്ത് നീട്ടിക്കൊടുക്കാനേ എനിക്ക് അനുവാദമുണ്ടായിരുന്നുള്ളു..അയോധ്യയിലും സ്ഥിതി മറ്റൊന്നായിരുന്നില്ലാ...ആര്യപുത്രൻ ജ്യേഷ്ഠന്റെ നിഴലായിരുന്നു...ഞാൻ വീണ്ടും സീതയ്ക്ക് പിന്നിൽ....മന്ഥര മന്ത്രങ്ങൾ രാമന്റെ വിധി തിരുത്തിക്കുറിച്ചപ്പോൾ‌ സീത അനുയാത്രയ്ക്കൊരുങ്ങി...എന്നോടൊരു വാക്കു പോലും ആരും ചോദിച്ചില്ലാ.. മര്യാദാപുരുഷോത്തമൻ പോലും..അറിയണ്ടായിരുന്നു ആർക്കും എന്റെ മനസ്സ്...പിന്നീടങ്ങോട്ടുള്ള ഉറക്കം വരാത്ത രാത്രികളിൽ ഞാൻ ശപിച്ചത് എന്നെ തന്നെ ആയിരുന്നോ...”


ഊർമ്മിളയുടെ ചോദ്യം മനസ്സിൽ അലകളുയർത്തി....

അല്ലാ സഖീ നിന്റെ ശാപങ്ങളുടെ കൂരമ്പുകൾ തറച്ചതൊക്കെയും സീതയ്ക്കായിരുന്നു...ആത്മഗതമെന്നോണം മനസ്സ് മന്ത്രിച്ചു....


അവൾ പറഞ്ഞുകൊണ്ടേയിരുന്നു.....“കവികൾക്കും വാഴ്ത്തിപ്പാടാൻ ഒരുപാട് കഥയും കണ്ണീരുമായി സീതയുണ്ടായിരുന്നു മുന്നിൽ...എന്റെ കണ്ണീരു മാത്രം അന്തപ്പുരത്തിന്റെ അകത്തളങ്ങളിലൊതുങ്ങി...ആർക്കും എന്നെ മനസ്സില്ലായില്ലാ....യുഗാ‍ന്തരങ്ങളിലൂടെ സഞ്ചരിച്ചു...ആരോടെങ്കിലും ഒന്നു മനസ്സ് തുറക്കാൻ....കഴിഞ്ഞില്ലാ...ഇപ്പോൾ...ഇപ്പോഴാണ് എനിക്കതിനു കഴിഞ്ഞത്...”

 പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു...യുഗങ്ങളായി തടഞ്ഞു നിർത്തിയ കണ്ണീർ സാഗരം തീർക്കുന്നതറിയുകയായിരുന്നു ഞാൻ...


ആ മുടിയിഴകളിൽ തഴുകുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു....കരഞ്ഞോളൂ ...മതിയാവോളം....ഇപ്പോഴെങ്കിലും സഖീ നീ കരഞ്ഞുവല്ലോ....


“ഇനിയെങ്ങോട്ടാണ് യാത്ര...”.


ചോദ്യം അല്പം ക്രൂരമായോ...ആ നീണ്ട മിഴിക്കോണുകൾ തിളങ്ങി...രണ്ടു സ്ഫടികമണികൾ മണ്ണിൽ വീണുടഞ്ഞു....

തന്റെ ചോദ്യത്തിനുത്തരമില്ലെന്നു മനസ്സിലായി...

പതിയെ ആ തോളിൽ പിടിച്ചെഴുന്നേല്പിച്ചു.....“വന്നോളൂ....നമുക്കു നടക്കാം...മോഹഭംഗങ്ങളും അവഗണനകളുമില്ലാത്ത തീരത്തേക്ക്. ”


അഗ്നിപരീക്ഷയ്ക്ക് സീതയെ എറിഞ്ഞു കൊടുത്തതിനും  കാഞ്ചനസീതയെ ഇരുത്തി അശ്വമേധം നടത്തിയതിനും സാക്ഷാൽ ശ്രീരാമചന്ദ്രനോട് പൊട്ടിത്തെറിച്ച ഊർമ്മിളയാണോ തന്റെ കൂടെ നിശ്ശബ്ദയായി നടക്കുന്നത് .....വിശ്വസിക്കാൻ വയ്യാ...


സായന്തനസൂര്യൻ വിടപറയാനൊരുങ്ങുന്നു...

കാലെന്തിലോ തട്ടിയല്ലോ....ഒരു സിതം...യജമാനൻ ഉപേക്ഷിച്ചു പോയതോ അതോ അറിയാതെ നഷ്ടപ്പെട്ടുപോയതോ...


ഊർമ്മിളയോട് തിരക്കി.....


“സീതയെ ഉണർത്തണോ സഖീ...മിഥിലജ പുനർജ്ജനിക്കട്ടെ അല്ലേ?”..


പെട്ടെന്നുത്തരം വന്നു...


“വേണ്ടാ...ജ്യേഷ്ഠത്തിയിനിയെങ്കിലും ആശ്വസിക്കട്ടെ...ലക്ഷ്മണ രേഖകൾക്കിനി ദശാനന വേക്ഷങ്ങളെ തടഞ്ഞു നിർത്താനാവില്ല...ചിത്രകൂടങ്ങളീ മണ്ണിലിനിയും ഉണ്ടാവാതിരിക്കട്ടെ....രാമനിനിയും പഴയ ശക്തിയോടെ സേതു ബന്ധിക്കാനായെന്നും വരില്ലാ...ശക്തമാകുന്നത് വിഴുപ്പലക്കുന്ന നാവുകൾ മാത്രം...” ഒന്നവൾ നിശ്ശബ്ദയായി.. 

“ദേവിയുറങ്ങട്ടെ..” ഒരിടവേളയ്ക്കു ശേഷം ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ അവൾ പറഞ്ഞു നിറുത്തി..


പിന്നിലാക്കപ്പെട്ട സിതത്തെയൊന്നു തിരിഞ്ഞു നോക്കി നടക്കുമ്പോൾ തന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു ഈ കണ്ണുനീർത്തുള്ളികൾക്കായിരിക്കും വൈദേഹി നീ മറുപടി പറഞ്ഞത്...


എന്നാലും സീത സഹിച്ച അപമാനം ഇത്തിരി കടുത്തതായിപ്പോയില്ലേ.....സൂര്യവംശത്തിന്റെ അനന്തരപരമ്പരയെ ഉദരത്തിൽ ചുമക്കവെ ആരണ്യകങ്ങളിലേക്കൊരു നട തള്ളൽ....വാൽമീകി അഭയമേകിയില്ലായിരുന്നെങ്കിലോ....രാമന് അഭിമാനത്തോടെ ചേർത്തു പിടിക്കാൻ ലവ കുശന്മാരുണ്ടാകുമായിരുന്നോ....

ഒടുവിലൊക്കെയും തിരിച്ചറിഞ്ഞപ്പോഴും രഘുപതിയെന്തിനേ അഗ്നിപരീക്ഷയ്ക്കോതി പിന്നെയും....രാമാ കത്തിയെരിഞ്ഞത് നീ തന്നെയല്ലേ.....മാരുതി പോലും മുഖം തിരിച്ചില്ലേ...പത്നിയോടൊരിക്കലെങ്കിലും നീതി പുലർത്തിയോ നീ....


തന്റെ മനസ്സറിഞ്ഞിട്ടെന്നോണം ഊർമ്മിള മന്ത്രിച്ചു.........


“രാഘവനാരോടും നീതി കാട്ടിയില്ലാ...ചിത്രകൂടത്തിൽ വച്ച് കാമാന്ധയായ ശൂർപ്പണഖയെ ആര്യപുത്രനരികിലേക്ക് പറഞ്ഞു വിട്ട ആ മനസ്സിനെ അംഗീകരിക്ക വയ്യ...രാമൻ ജീവിച്ചതും പ്രവർത്തിച്ചതുമെല്ലാം രാമനു വേണ്ടി മാത്രമായിരുന്നു...മര്യാദാപുരുഷോത്തമൻ എന്ന പേരിനു വേണ്ടിയായിരുന്നു..”


അവൾ പറഞ്ഞതിനെ മനസ്സിലേറ്റി, ആ കൈ പിടിച്ച് നടന്നു...

ഇടയ്ക്ക് ഊർമ്മിള തിരക്കി...


എങ്ങോട്ടാണ്....


മെല്ലെ താനുത്തരമേകി...
“നടക്കാം സഖീ...ഇനിയും കാലചക്രം തിരിഞ്ഞ് ത്രേതായുഗവും കലിയുഗവും എത്തുവോളം...”


അവഗണിക്കപ്പെട്ട സ്ത്രീത്വത്തിന്റെ കൈ പിടിച്ച് മോഹഭംഗത്തിന്റെ സ്ത്രീത്വങ്ങൾ....അവർ നടക്കുകയാണ്....അകലങ്ങളിലേക്ക്...

Friday, April 15, 2011

കണി കാണും നേരം.....








എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും  നന്മയും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകള്‍..


Sunday, April 10, 2011

ഗംഗയോട്....



സപ്ത ശൈശവത്തെയും തന്നുള്ളിലാവാഹിച്ച്
ഗംഗ വീണ്ടും ഒഴുകി നിശ്ശബ്ദയായ് ...

എന്ത് മോക്ഷത്തിന്‍ പേരിലമ്മേ
നൊന്തു  പെറ്റ നിന്‍ പൈതങ്ങളെ കൊല്ലുന്നു നീ 

മോഹിച്ച തെറ്റിനോ നീ ശന്തനുവിന്‍ നാവു കെട്ടി
സ്വയം ശപിച്ചേതോ ഇരുണ്ട കോണില്‍
മൌനം ഭജിക്കുന്നു രാജമകുടം 

അഷ്ട വസുക്കളെ ഇനിയും ശാപം ഗ്രസിച്ചിടാം
മോക്ഷാർത്ഥം ഈ മണ്ണില്‍ ഇനിയും വരായ്ക നീ
വിരഹത്തീയില്‍  നീയെരിയിച്ച മനം കുളിര്‍പ്പിക്കാന്‍
സത്യവതിമാരിവിടെ ഇനിയും വില പേശരുത് 

ഭീഷ്മ ശപഥത്തിനു മാത്രമായിനിയും
ത്യാഗിയാം മകന് നീ ജന്മം കൊടുക്കായ്ക...

നന്മയ്ക്കായ് നീയിനിയും അവനിയില്‍ വന്നാല്‍
പുത്രസ്നേഹം വീണ്ടും കണ്‍ കെട്ടി വാഴും...
പുത്ര വധുവിന്‍ മാനമാ സഭയില്‍ വസ്ത്രമായ് അഴിയും
അരക്കില്ലങ്ങള്‍ പലതും കത്തിയെരിയും
മക്കളും മക്കളും പൊരുതി മരിക്കും 

പാര്‍ത്ഥ സാരഥിയാവാന്‍ ഇനിയവന്‍ വരില്ലാ
ഗാന്ധാരീശാപം കുലം മുടിക്കുമെന്നറിയും അവനും 
ശര ശയ്യയില്‍ ദക്ഷിണായനം കാക്കും നിന്‍ മകനായ്‌
കിരീടി തൊടുക്കുമാ അമ്പിലേറി  
ദാഹ ശമനാർത്ഥമമ്മേ നീ ഇനിയും വരായ്ക
ഇനിയുമീ മണ്ണില്‍ ഒരു കുരുക്ഷേത്രം ഒരുക്കായ്ക....