Saturday, December 15, 2012

ക്ഷണക്കത്ത്..

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഈ സീതായനത്തിന്‍റെ വാതില്‍ തുറന്ന് സീത വരുന്നു. അതൊരു ചെറിയ ക്ഷണക്കത്തുമായിട്ടാണെന്ന ചാരിതാർത്ഥ്യം സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ.

സീതായനത്തിലൂടേയും മറ്റു പല ഓണ്‍‍ലൈന്‍ മാധ്യമങ്ങളിലൂടെയുമായി പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നും തിരഞ്ഞെടുത്ത സീതയുടെ കഥകളുടെ സമാഹാരം, എന്‍റെ ആദ്യ പുസ്തകം “ഗൌരീനന്ദനം” എന്ന പേരില്‍ സൈകതം ബുക്സ് പ്രസിദ്ധീകരിച്ചു. ആദ്യപുസ്തകത്തിന്‍റെ എല്ലാ പരിമിതികളോടെയും ഗൌരീനന്ദനം നിങ്ങള്‍ക്കുമുന്നില്‍ ഹൃദയപൂര്‍വ്വം സമര്‍പ്പിക്കുകയാണ്.

ഗൌരീനന്ദനത്തിനുശേഷം സൈകതം ബുക്സ് തന്നെ സീതയുടെ കവിതാസമാഹാരവും പുറത്തിറക്കുന്നു. “മഴമേഘങ്ങള്‍ പറയാതിരുന്നത്” എന്ന പേരില്‍ ഈ ഡിസംബറില്‍ത്തന്നെ അത് വായനക്കാരുടെ കൈകളില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.



ഈ വരുന്ന പതിനെട്ടാം തിയതി തൃശ്ശുർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് ശ്രീ. ബാലചന്ദ്രന്‍ വടക്കേടത്ത് ആദ്യ പ്രതി പ്രസിദ്ധ എഴുത്തുകാരൻ ശ്രീ. എം. എസ്. ബനേഷിനു സമ്മാനിച്ച് പ്രകാശനകര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരിക്കും.




അവതാരിക എഴുതിത്തരാനുള്ള ആവശ്യവുമായി സമീപിച്ച എനിക്കു മുന്നില്‍ എളിമയെന്ന പദത്തിനു നിർവചനമെന്നവണ്ണം അതെഴുതിത്തരാമെന്നു ഒറ്റ വാക്കില്‍ സമ്മതിച്ച ശ്രീ.എന്‍.ബി സുരേഷ് മാഷും വൈലോപ്പിള്ളി അവാർഡ് നേടിയ ശ്രീ പി.എ. അനീഷ് മാഷും  ചടങ്ങിൽ സംബന്ധിക്കും. അതിനു പുറമേ പ്രശസ്ത ചലച്ചിത്രസംവിധായകരും എഴുത്തുകാരുമായ ശ്രീ ജോൺ ഡിറ്റോ, ശ്രീ വിജി തമ്പി, പ്രശസ്ത കവയിത്രി ശ്രീമതി റോഷ്നി സ്വപ്ന എന്നിവരും തങ്ങളുടെ സാന്നിധ്യം കൊണ്ട് ചടങ്ങിനെ വിശിഷ്ടമാക്കും.

എല്ലാ സുഹൃത്തുക്കളുടേയും മഹനീയസാന്നിധ്യം പ്രസ്തുത ചടങ്ങിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു. വന്നു ചേരുവാന്‍ കഴിയുന്നവരെല്ലാം പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഈ പ്രകാശനകർമ്മത്തിനു നേതൃത്വം കൊടുക്കുകയും അതിനുവേണ്ടി അക്ഷീണം പരിശ്രമിക്കുകയും ചെയ്ത ചില നല്ല മനസ്സുകളെ ഈ അവസരത്തിൽ ഓർക്കാതെ വയ്യ. ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയ കെ.സി എന്ന ഹരിയേട്ടൻ, അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ മനസ്സു കാട്ടിയ പ്രശസ്ത സിനിമാ സംവിധായകനും അതിലുപരി നല്ലൊരു എഴുത്തുകാരനുമായ ശ്രീ ജോൺ ഡിറ്റോ കൂടാതെ എല്ലാവിധ സഹകരണവുമായി പ്രസാധകരുടെ ഭാഗത്തുനിന്നും കൂടെ നിന്ന ശ്രീ ജസ്റ്റിൻ , ഇവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു.

വിമര്‍ശനങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയും എപ്പോഴും പ്രോത്സാഹനവും സ്നേഹവും നല്‍കിയ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി. പേരെടുത്ത് പറയാന്‍ ഒരുപാട് നല്ല ഹൃദയങ്ങള്‍ ഈ ബൂലോകത്തുണ്ട്, സുഹൃത്തുക്കളുടെ നിലയിൽ നിന്നും സഹോദര സ്ഥാനത്തു നിന്നും വഴികാട്ടിയവർ.  എങ്കിലും ആരെയെങ്കിലും വിട്ടുപോയാലോ എന്ന ഭയം മൂലം അതിനൊരുങ്ങുന്നില്ല.

വീണ്ടും കഥകളും കവിതകളും കൊച്ചു കൊച്ചു സം‌വാദങ്ങളുമായി കണ്ടുമുട്ടാന്‍ സാധിക്കുമോ എന്നറിയില്ല. പരിമിതമായ സമയത്തിനുള്ളില്‍ നിന്നു കൊണ്ട് ചെയ്തു തീര്‍ക്കുവാന്‍ ഒട്ടേറെയുണ്ട്. അതുകൊണ്ട് സീതയുടെ മറ്റൊരു സന്തോഷം കൂടെ ഇതിനൊപ്പം പങ്കുവയ്ക്കട്ടെ.

ആനുകാലിക സംഭവങ്ങളുടെ പ്രാതിനിധ്യവുമായി എഴുതിയ “കാളകൂടം” എന്നൊരു കഥ മിഴി ഫിലിംസിന്‍റെ ബാനറില്‍ ശ്രീ. അസിന്‍ ആറ്റിങ്ങല്‍ “ജ്വാലാമുഖിയിലെ നിശാഗന്ധികള്‍ ” എന്ന പേരില്‍ ലഘുചിത്രമാക്കുന്നു. അതിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജനുവരി അവസാനത്തോടെ അതും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുമെന്നു പ്രതീക്ഷിക്കാം.


അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ കഴിവ്, ജീവിതപങ്കാളിയുടെ വാക്കുകള്‍ പകര്‍ന്നു തന്ന ആത്മവിശ്വാസം, സഹൃദയമനസ്സുകള്‍ തന്ന പ്രോത്സാഹനം സീതയുടെ യാത്രയിലിതുവരെയെത്തിച്ചുവെന്ന സ്മരണയോടെ നിറുത്തട്ടെ..

“എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് നന്മയുടേയും ഐശ്വര്യത്തിന്‍റെയും ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍ ”

Thursday, May 3, 2012

വിട....



ഇത്രയും കാലം എനിക്ക് എല്ലാ പ്രോത്സാഹനവും തന്ന നല്ലവരായ വായനക്കാരോട് ...എന്‍റെ പ്രിയപ്പെട്ടവരോട് ...നന്ദി പ്രകടിപ്പിച്ചു  കൊണ്ട്  പറയട്ടെ ഞാനൊരു യാത്ര പോവുകയാണ്...
ആരോടും യാത്ര പറയുന്നില്ല...
സീതായനം ഇവിടെ നിങ്ങള്‍ക്കായി ബാക്കി വച്ച് സീത പടിയിറങ്ങുന്നു...
നന്ദി...എല്ലാരോടും നന്ദി മാത്രം...
സ്നേഹത്തോടെ
                                                           നിങ്ങളുടെ സ്വന്തം സീത

Tuesday, May 1, 2012

കാലത്തിനു മുന്നേ നടക്കുന്നവൻ...


ഇതാ ഞാനിവിടെയുണ്ട്
ഈ വിജനതയുടെ തീരത്ത്

തിരകളുടെ തീരത്തിലേക്കുള്ള ദൂരമളന്ന്
രാപ്പകലുകളുടെ അതിർവരമ്പിൽ
സന്ധ്യയുടെ മടിയിൽ ഞാനിരുപ്പുണ്ട്

ഇന്നലെകളിൽ ഞാനുണ്ടായിരുന്നു
വെട്ടിമരിക്കുന്ന സാഹോദര്യങ്ങളുടെ
രക്തമിറ്റിയ രണഭൂമിയിൽ
ഒറ്റുകാശിന്റെ കിലുക്കത്തിൽ
പാപത്തിന്റെ കൈ കഴുകലിൽ
പച്ച മാംസത്തിലാഴ്ന്നിറങ്ങിയ ഇരുമ്പാണിയിൽ
മരുഭൂവിലൊറ്റപ്പെട്ട ശൈശവത്തിനു കുളിരായി
ഭൂമി പിളർന്നെത്തിയ പുണ്യപ്രവാഹത്തിൽ
എവിടേയും ഞാനുണ്ടായിരുന്നു

ഇന്നും ഞാനുണ്ട്
നിശ്വാസത്തിന്റെ കണക്കുകളുമായി
കണ്ണീരിൽക്കുതിർന്ന കുപ്പിവളത്തുണ്ടുകളിൽ
വിയർപ്പിലലിഞ്ഞ സിന്ദൂരത്തിൽ
അന്നത്തിനു കൈനീട്ടി മരണമേറ്റുവാങ്ങിയ
ബാല്യത്തിന്റെ അവസാന ശ്വാസത്തിൽ
പട്ടിണിക്കോലായിലന്തിക്കൂരകളിൽ
ചോര മണക്കുന്ന തെരുവുകളിൽ
ഞാനിപ്പോഴും നടക്കുന്നു
ഓർമ്മകളുടെ മാറാപ്പുമായി

നാളെകളിലും ഞാനുണ്ടാവും
വേദനിക്കുന്നവന്റെ കണ്ണുനീരിലും
ചിരിക്കുന്നവന്റെ കണ്ണിലെ തിളക്കത്തിലും

കാലത്തിനു മുന്നേ ഞാൻ നടന്നു കൊണ്ടിരിക്കും
ഒന്നും എനിക്ക് വേണ്ടി കാത്തിരിക്കില്ലെങ്കിലും
ഞാനറിയാതൊരു നിമിഷം 
കടന്നു പോവില്ലെന്ന വിശ്വാസത്തിൽ
ഞാനുണ്ട് നിഴലായും നിലാവായും
നിന്നിലും അവനിലും അവളിലും പിന്നെ...?


ചിത്രത്തിനു കടപ്പാട്..........ഗൂഗിൾ