Sunday, February 26, 2012

ഹൈമവതം...


തഴുകുന്ന കാറ്റിൽ കല്യാണസൗഗന്ധിക പൂക്കളുടെ സുഗന്ധം.. മാനസ സരോവരം കടന്നു വരുന്നതു കൊണ്ടാവുമോ ഇതിനിത്ര വശ്യത? യക്ഷഗന്ധർവ്വകിന്നര സംഗീതം അലിഞ്ഞിട്ടുണ്ടോ ഈ ചെറു തെന്നലിൽ? കണ്ണൊന്നടയ്ക്കാൻ കൊതി തോന്നുന്നു..പക്ഷേ സാധിക്കില്ല.. കണ്ണടയ്ക്കാൻ അനുവാദമില്ല.. ഈ കാവൽ നിൽ‌പ്പ് തുടങ്ങിയിട്ടെത്ര കാലമായീന്നറിയില്ല..

കാലത്തെ തടുത്ത് നിറുത്താനുള്ള ശ്രമവും പരാജയപ്പെട്ടു.. അപ്പുറവും ഇപ്പുറവുമുള്ള സംസ്കാരങ്ങൾ എന്റെ കണ്ണൊന്നടഞ്ഞാൽ ഇടകലർന്നു പോയേക്കും. നിദ്ര കൊള്ളുന്ന എന്നെ പരിഹസിച്ച് തെക്കൻ കാറ്റ് കടന്നു പോകും, ഉഷ്ണം ഉള്ളിലൊളിപ്പിച്ച് ഞാൻ തടഞ്ഞു വയ്ക്കുന്ന കാറ്റിന്റെ തഴുകലിൽ കുളിരുകൊള്ളാനെത്തുന്ന മഴമേഘങ്ങൾ ദുഃഖിക്കും, വർഷാതപങ്ങളില്ലാതെ ഭൂമി കേഴും.. പാടില്ല, കണ്ണു ചിമ്മാതെ കാവൽ നിൽക്കുക തന്നെ.

സിന്ധുനദീതടത്തിൽ തല ചായ്ച്ച് ബ്രഹ്മപുത്രയിൽ പാദങ്ങൾ കഴുകി അർദ്ധചന്ദ്രാകൃതിയിലിങ്ങനെ.. ഭൂമീദേവിയുടെ കരചലങ്ങൾക്കനുസരിച്ച് വളർന്നുകൊണ്ടേയിരിക്കുന്നു.. എത്ര തലമുറകൾ എനിക്ക് മുന്നിൽ ഉദിച്ചസ്തമിച്ചിരിക്കുന്നു..താഴ്വാരങ്ങൾ നിറയെ പൂക്കളാണ്.. ഒരു വശത്ത് കാശ്മീരിന്റെ സ്വന്തം കുങ്കുമപ്പൂക്കളെങ്കിൽ മറ്റൊരു വശത്ത് അഫ്ഗാനിലെ സ്വർണ്ണവർണ്ണമാർന്ന ഡാഫഡിൽ പുഷ്പങ്ങളാണ്..

പക്ഷേ...

കുങ്കുമപ്പൂവുകൾക്കും സ്വർണ്ണവർണ്ണപ്പൂക്കൾക്കും പകരമിപ്പോ ചോരപ്പൂക്കളും കണ്ണീർപ്പൂക്കളും കൊണ്ടഭിഷേകമാണെന്റെ കാൽച്ചുവട്ടിൽ.. ഇടയ്ക്കിടെ ഉയരുന്ന വെടിയൊച്ചകളെന്റെ കാതടപ്പിക്കുന്നു...

കാവൽ നിൽക്കുന്ന സൈനികന്റെ മനസ്സ് മന്ത്രിക്കുന്നതെനിക്ക് കേൾക്കാം “നിങ്ങളുറങ്ങിക്കൊള്ളൂ....  ഞാനിവിടെ ഉറങ്ങാതെ നിങ്ങൾക്ക് കാവലിരിക്കുന്നുണ്ട്”... പിറന്നു വീണ മണ്ണിന്റെ മാനം കാക്കാൻ രക്തബന്ധങ്ങളുപേഷിച്ച് കൊടും ചൂടിലും തണുപ്പിലും കൃത്യനിർവ്വഹണത്തിലേർപ്പെടുന്ന ആ മഹത്‌വ്യക്തിത്വങ്ങൾക്ക് മുന്നിൽ അറിയാതെ ശിരസ്സ് നമിച്ചു പോകാറുണ്ട്...

“കുഞ്ഞേ, എന്റെ തണുപ്പ് നിന്നെ അലോസരപ്പെടുത്താതിരിക്കട്ടെ.. ഹിമാനിയുറഞ്ഞ് നിന്റെ മാർഗ്ഗത്തിൽ തടസ്സം സൃഷ്ടിക്കാതിരിക്കട്ടെ.. അനുസരണയില്ലാത്ത തെമ്മാടിക്കാറ്റ് നിന്റെ മേനിയെ പുണരാതിരിക്കട്ടെ.. പിറന്ന മണ്ണിനെ നീ കാത്തുകൊള്ളുക... നിനക്ക് കാവലായി ഞാനിവിടെ കണ്ണു ചിമ്മാതെ നിൽക്കുന്നുണ്ട്” ഈ മുതുമുത്തച്ഛന്റെ ഹൃദയം മന്ത്രിച്ചതവരറിയുന്നുണ്ടോ?

പുണ്യപ്രദായിനിയും മോക്ഷദായിനിയുമായ ഭാഗീരഥി ഹൃത്തടത്തിലൂടെ ഒഴുകിയിട്ടും ഈ പടുവൃദ്ധനു മാത്രമെന്തേ മോക്ഷം തീണ്ടാപ്പാടകലെയായി?

യോഗനിദ്രയ്ക്ക് കൈലാസമെന്ന പുണ്യഭൂവൊരുക്കി കൊടുത്തതിന്റെ സ്മരണാർത്ഥം മഹേശ്വരൻ അനുഗ്രഹിച്ചേകിയതാണ് പാർവ്വതീ ദേവിയെ എന്റെ പുത്രിയായിട്ട് . ആ കുഞ്ഞിന്റെ ബാലലീലകളിൽ മനസ്സ് കുളിരുമ്പോഴും, വളർച്ചയുടെ ഓരോ ഘട്ടങ്ങളേയും പിതാവിന്റെ ഉൽക്കണ്ഠയോടെ നോക്കിക്കാണുമ്പോഴും അകക്കണ്ണിൽ നിറഞ്ഞു നിന്നത് അഗ്നിയിലെരിഞ്ഞടങ്ങിയ ദക്ഷപ്രജാപതിയുടെ പുത്രി സതീ ദേവിയുടേയും, അതിൽ മനം നൊന്ത് മുടിയഴിച്ചാടിയ നടരാജന്റേയും ചിത്രങ്ങളായിരുന്നു. അന്നു ഭഗവാന്റെ പദതാഡനമേറ്റ് താൻ പുളഞ്ഞത് ഇന്നലെയെന്ന പോലെ ഓർമ്മയിൽ തെളിയുന്നു.

അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയെട്ടു നക്ഷത്രകന്യകമാർ പുത്രീ പദം അലങ്കരിച്ചിട്ടും പാർവ്വതിക്കുള്ള സ്ഥാ‍നം നേടിയെടുക്കാനവർക്കായില്ല. ചന്ദ്രനവരെ കൈ പിടിച്ചേൽ‌പ്പിക്കുമ്പോഴും മനസ്സ് പിടഞ്ഞത് ഹൈമവതിയെ ഓർത്തായിരുന്നു. നിഷ്ക്കാമമൂർത്തിയായി തപസ്സു ചെയ്യുന്ന പരമശിവന്റെ ഭാര്യാപദം മോഹിച്ചുള്ള കാത്തിരുപ്പ് നിഷ്ഫലമെന്നു തോന്നിച്ചുവെങ്കിലും തടയാനായില്ല. കാമദേവന്റെ ഭസ്മീകരണത്തോടെയാണെങ്കിലും ആ പരിശ്രമം ഫലം കണ്ടപ്പോൾ എന്നിലെ പിതാവു സന്തോഷിച്ചു.. പക്ഷേ അപ്പോഴും രതീദേവിയുടെ ദുഃഖം മനസ്സിലൊരു നീറ്റലായി..

കൈലാസമെടുത്ത് അമ്മനാമാടാൻ പ്രേരിപ്പിച്ച ദശാനനന്റെ അഹങ്കാരം, ഗജാനനന്റേയും കുമാരന്റേയും വികൃതികൾ, അങ്ങനെയെന്തൊക്കെ കാഴ്ചകൾ പിന്നെ കണ്മുന്നിൽ തെളിഞ്ഞു മറഞ്ഞു. ഓംകാരത്തിന്റെ അർഥമറിയാത്തതിനു കാർത്തികേയൻ ബ്രഹ്മാവിനെ തടവിലിട്ടതും ഒടുവിലതിന്റെ അർഥമറിയാൻ സാക്ഷാൽ മഹേശ്വരൻ തന്നെ മകനു ശിഷ്യപ്പെട്ടതും കണ്ടപ്പോളറിയാതെ കണ്ണു നിറഞ്ഞിരുന്നു. ആ ജ്ഞാനമൂർത്തിയുടെ മുത്തശ്ശനെന്ന നിലയിൽ അല്പം അഹങ്കരിച്ചുവോ?

മാനസസരോവരത്തിന്റെ കാര്യത്തിലും അല്പം അഹങ്കാരം മനസ്സിലില്ലാതെയില്ല. ബ്രഹ്മാവിന്റെ മനസ്സിലുയിർക്കൊണ്ട തടാകത്തെ നെഞ്ചിലേറ്റാൻ കിട്ടിയ ഭാഗ്യം. ചെറുകാറ്റിൽ അലഞൊറിയുന്ന അവളെക്കാണുമ്പോൾ അറിയാതെ ചിന്തിച്ചുപോകും കല്യാണസൌഗന്ധികങ്ങൾ തേടിയെത്തുന്ന വായുപുത്രന്റെ വരവിനെ നെടുവീർപ്പോടെ കാത്തിരിക്കുകയാണോ എന്ന്. സിദ്ധാർത്ഥരാജകുമാരനെ മായാവതി ഈ തടാകക്കരയിൽ വച്ച് ഗർഭം ധരിക്കുമ്പോൾ പറയണമെന്നുണ്ടായിരുന്നു, ലോകത്തിനായി ത്യാഗം ചെയ്യാനാണു നീയിവനെ പത്തുമാസം ചുമക്കുകയെന്ന്.ഒക്കെയും മൂകമായി വീക്ഷിക്കാ‍നല്ലാതെ ഒന്നും പറയാൻ തനിക്കാവില്ലല്ലോ..

ഇതിഹാസം പിന്നെ ചരിത്രത്തിനു വഴി മാറി..  പെണ്ണിനും മണ്ണിനും പൊന്നിനും വേണ്ടിയുള്ള എത്രയോ പടയോട്ടങ്ങൾ കണ്ടു.. യുഗപ്പിറവികൾ, സാമ്രാജ്യങ്ങളുടെ ഉദയാസ്തമയങ്ങൾ... ചിലപ്പോഴൊക്കെ ഒന്നും കാണാതിരിക്കാൻ തൊട്ടു മുകളിലെ ആകാശത്തിലേക്ക് കൺനട്ടു നിന്നിട്ടുണ്ട്.

ബുദ്ധനും ജൈനനുമൊക്കെ അവരുടെ പാദമെന്റെ നെഞ്ചിൽ‌പ്പതിപ്പിച്ച് മോക്ഷമാര്‍ഗ്ഗം തേടി.. പിന്നീടു വന്ന അന്വേഷണകുതുകികൾക്കു മുന്നിലും ഞാൻ വിനീതവിധേയനായി നിന്നു കൊടുത്തു. എന്റെ ശിരസ്സിൽ കുത്തിയിറക്കിയ കൊടിക്കൂറയുടെ വേദനയിൽ പുളയുമ്പോഴും തിരികെ നടക്കുന്ന അവരുടെ പാദങ്ങൾ തെന്നരുതേയെന്നു പ്രാർത്ഥിക്കുകയായിരുന്നു മനസ്സ്.

എന്റെ ശരീരഭാഗങ്ങളിലൂടെ ഉറുമ്പു കണക്കെ അരിച്ചിറങ്ങി അയൽനാട്ടിൽ നാശം വിതയ്ക്കുന്ന നീച ജന്മങ്ങളെ കാണാനിടയായിട്ടുണ്ട്. അവരെക്കുടഞ്ഞെറിയാൻ അതിയായി ആഗ്രഹിച്ചു പോയിട്ടുണ്ട്. ഒന്നനങ്ങാൻ കഴിയാതെ തളച്ചിട്ട പ്രപഞ്ചനാഥനോട് വൈരാഗ്യം തോന്നിയ നിമിഷങ്ങളായിരുന്നത്.

മൃതസഞ്ജീവനി തേടി രാമഭക്തനെന്റെ തീരങ്ങളില്‍ അലഞ്ഞപ്പോള്‍ അദൃശ്യ സാന്നിദ്ധ്യമായി അഗസ്ത്യനെ കാട്ടിക്കൊടുത്ത നിര്‍‌വൃതിയുണ്ടെന്റെ മനസിന്..

പക്ഷേ..

എന്റെ ഗിരിശൃംഗങ്ങളിലെവിടെയോ തകര്‍ന്നടിഞ്ഞൊരു വിമാനം ഇന്നുമെന്റെ മനസിനെ അലോസരപ്പെടുത്തുന്നു...ഭാരതത്തിന്റെ ഒരോമല്പ്പുത്രന്റെ സ്വപ്നങ്ങളായിരുന്നു അന്നു വീണുടഞ്ഞതെന്ന് ഞാനറിഞ്ഞിരുന്നില്ല...അന്നൊരുപക്ഷേ അത് സംഭവിക്കാതിരുന്നെങ്കില്‍ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടേനെ...പാരതന്ത്ര്യത്തിന്റെ കയ്പ്പുനീരും നുണഞ്ഞ് ഭാരതാംബയ്ക്ക് വീണ്ടും നാളുകളെണ്ണി കാത്തിരിക്കേണ്ടി വരില്ലായിരുന്നു...ജാതിയുടേയും മതത്തിന്റേയും വംശത്തിന്റേയും പേരില്‍ ആ അമ്മയെ വിഭജിക്കില്ലായിരുന്നു...ലോകത്തിലെ വന്‍ സൈനികശക്തികള്‍ക്കൊപ്പം ഭാരതത്തെ വളര്‍ത്തിയെടുക്കാനുള്ള വിപ്ലവവീര്യമായിരുന്നു അന്ന് തകര്‍ന്നടിഞ്ഞത്..

കാലങ്ങളെത്ര കടന്നു പോയിരിക്കുന്നു. ഒരിക്കൽ അപ്രാപ്യനായിരുന്ന ഞാനിന്ന് ഏവർക്കും തൊടാൻ പാകത്തിലായിരിക്കുന്നു. ഗുഹമടക്കുകളിൽ നിന്നും പ്രതിധ്വനിക്കുന്ന ഓംകാര ജപവും ബുദ്ധജൈന മന്ത്രോച്ചാരാണങ്ങളും എന്റെ മനസ്സിനു ശാന്തി നൽകുന്നു, നിങ്ങൾക്കും..

എന്നെ കണ്ടു മടങ്ങുന്ന മനസ്സുകളേ നിങ്ങളെ ഞാനെന്റെ ശാന്തതയിലേക്ക് ക്ഷണിക്കുന്നു വീണ്ടും വരിക.. കർമ്മബന്ധപ്പാശങ്ങൾ മുറിച്ച് നിങ്ങളിലെ നിങ്ങളെയുപേഷിച്ച് എന്നിലലിയാൻ നിങ്ങളുടെ മനസ്സുകൾ  പറയുന്നതറിയുന്നില്ലേ... വരിക എന്നിലേക്ക്...എന്റെ ശാന്തിയിലേക്ക്.. !

44 comments:

  1. Welcome back :) പുതിയ ആശ്രമത്തിലെത്തിയതോടെ ഇതൊക്കെ ഉപേക്ഷിച്ചെന്നാണ് ഞാൻ കരുതിയത്:)

    ReplyDelete
  2. പ്രിയപ്പെട്ട സീത,
    പ്രതീക്ഷിച്ചത് ഇങ്ങിനെയൊരു പോസ്റ്റ്‌ ആയിരുന്നില്ല...!
    സന്തോഷവും ശാന്തിയും നല്‍കുന്ന തൂലിക ജീവിത വിജയങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കട്ടെ ! ഹൃദ്യമായ അഭിനന്ദനങ്ങള്‍!
    പുണ്യവും പുരാണവും ഇടകലര്‍ത്തിയ ഈ പോസ്റ്റ്‌ വളരെ നന്നായി!
    സസ്നേഹം,
    അനു

    ReplyDelete
  3. ദേവികയുടെ എഴുത്ത് എവിടെഒക്കെയോ ചുറ്റിയലയുന്നു ഫോകസ് നഷട്ട പെട്ടത് പോലെ ഒരു തോന്നല്‍ എന്തൊക്കെ എഴുതാന്‍ വെമ്പുന്ന മനം .അവിടെയും ഇവിടെയും തൊടാതെ ഉള്ള ഈ പോക്ക് അത്ര സുഖം തോന്നുന്നില്ല ഒരു പക്ഷെ എന്റെ ചിന്ത തലങ്ങളില്‍ ഒന്നും തട്ടാതെ ഹിമകണമായി പോയതാരിക്കാം ,എന്നാലും എഴുത്ത് തുടരട്ടെ ആശംസകള്‍

    ReplyDelete
  4. കുങ്കുമപ്പൂവുകൾക്കും സ്വർണ്ണവർണ്ണപ്പൂക്കൾക്കും പകരമിപ്പോ ചോരപ്പൂക്കളും കണ്ണീർപ്പൂക്കളും കൊണ്ടഭിഷേകമാണെന്റെ കാൽച്ചുവട്ടിൽ.. ഇടയ്ക്കിടെ ഉയരുന്ന വെടിയൊച്ചകളെന്റെ കാതടപ്പിക്കുന്നു...

    എന്തായാലും എനിക്കിഷ്ടപെട്ടു ഈ എഴുത്ത്... പഴമയും , പുതിയതും എല്ലാം കൂടി കൂട്ടി ഒരു കലക്കന്‍ എഴുത്ത്...ഒപ്പം ഒരുപാട് കാര്യങ്ങളും പറഞ്ഞു...

    നല്ല വായന തന്നതിന് നന്ദി...

    നന്മകള്‍ നേരുന്നു..

    ReplyDelete
  5. എഴുത്തിലെ അര്‍പ്പണത്തില്‍ എനിക്കു സംശയമൊന്നും തോന്നുന്നില്ല. ഈ സദുദ്യമങ്ങള്‍ക്കു സ്നേഹം.

    ReplyDelete
  6. കുങ്കുമപ്പൂവുകൾക്കും സ്വർണ്ണവർണ്ണപ്പൂക്കൾക്കും പകരമിപ്പോ ചോരപ്പൂക്കളും കണ്ണീർപ്പൂക്കളും കൊണ്ടഭിഷേകമാണെന്റെ കാൽച്ചുവട്ടിൽ..

    ഇതാണ് ഇപ്പോള്‍ മനസ്സില്‍...

    ആശംസകള്‍..

    ReplyDelete
  7. ഞാനിവിടെ ഉറങ്ങാതെ നിങ്ങൾക്ക് കാവലിരിക്കുന്നുണ്ട്”..!

    ReplyDelete
  8. ആ കുഞ്ഞിന്റെ ബാലലീലകളിൽ മനസ്സ് കുളിരുമ്പോഴും, വളർച്ചയുടെ ഓരോ ഘട്ടങ്ങളേയും പിതാവിന്റെ ഉൽക്കണ്ഠയോടെ നോക്കിക്കാണുമ്പോഴും അകക്കണ്ണിൽ നിറഞ്ഞു നിന്നത് അഗ്നിയിലെരിഞ്ഞടങ്ങിയ ദക്ഷപ്രജാപതിയുടെ പുത്രി സതീ ദേവിയുടേയും, അതിൽ മനം നൊന്ത് മുടിയഴിച്ചാടിയ നടരാജന്റേയും ചിത്രങ്ങളായിരുന്നു.

    പഴയ ചിത്രങ്ങള്‍ മായ്ക്കാന്‍ കഴിയുമ്പോള്‍ മുന്നേറാന്‍ എളുപ്പമാണ്.

    ReplyDelete
  9. ഇടവേളക്ക് ശേഷം വന്ന പോസ്റ്റ്‌ വായിച്ചു .."കൈലാസത്തിലേക്ക് ഒരു യാത്ര എന്ന ഡോകുമെന്ററി കണ്ടിരുന്നു , ഹിമാലയ സാനുക്കള്‍ തുഴുകിയുള്ള ആ യാത്ര എന്ത് രസമായിരിക്കും ...പോസ്റ്റ്‌ വായിച്ചപ്പോള്‍ ആ രംഗങ്ങള്‍ ഓര്‍മ്മ വന്നു ..(വരികള്‍ക്ക് അല്പം കട്ടി കൂടിയോ ?)

    ReplyDelete
  10. ഞാനോന്നൂടെ വായിച്ചു നോക്കട്ടെ.
    ആ പുരാണ ഭാഗങ്ങള്‍ ഒന്നൂടെ ക്ലിയര്‍ ആകണം .
    ഇനിയിപ്പോ പുരാണം പഠിച്ചിട്ട് പോസ്റ്റ്‌ വായിച്ചു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.
    കുറച്ച് നാളിന് ശേഷം വന്ന പോസ്റ്റ്‌ എന്‍റെ കുഴപ്പം കൊണ്ടാണെങ്കിലും മനസ്സിലാകാതെ പോയ ദേഷ്യം ആണ് ട്ടോ . കാര്യമാക്കേണ്ട :)

    ReplyDelete
  11. ഹിമവാന്റെയുള്ളില്‍ ഇത്ര ചിന്താഭാരമുണ്ടോ....? അചേതനവസ്തുക്കള്‍ക്കും ഗിരിനിരകള്‍ക്കും കാറ്റിനും കടലിനുമൊക്കെ മനനം കല്പിക്കുന്ന ഭാവനയ്ക്ക് അഭിനന്ദനം.

    ReplyDelete
  12. ഇത്തവണ നാട്ടിൽ പോയപ്പോൾ വാങ്ങിയ'ഹൈമവതഭൂവിലൂടെ'എന്ന ബുക്ക് അടുത്ത ദിവസമാണ് വായിച്ചുതീർത്തത്..അതിനോട് ചേർത്ത് വായിക്കുമ്പോൾ ഈ പോസ്റ്റ് ഏറെ അർത്ഥവത്താണ്. എങ്കിലും ഹിമവാന്റെ മനോ‌വികാരങ്ങളെ അവതരിപ്പിച്ചപ്പോൾ അല്പം ആഴം കുറഞ്ഞതുപോലെ..കൂട്ടിച്ചേർക്കുവാൻ എനിയും ഏറെ അവശേഷിക്കുന്നതുപോലെ ഒരു തോന്നൽ...

    നല്ല ഒരു വായനയ്ക്കുള്ള അവസരത്തിന് ഏറെ നന്ദി..ആശംസകൾ.

    ReplyDelete
  13. മനസ്സിലേക്ക് ഊർന്നിറങ്ങുന്നതുപോലെ മഞ്ഞിലെ വരികൾ...

    ReplyDelete
  14. പുരാണവും ചരിത്രവും ഇടകലര്‍ത്തി ഇഴചേര്‍ത്ത് പറയുന്ന ശൈലി സീതയ്ക്ക് സ്വന്തം.
    ഭാരതത്തിന്റെ ആ ഓമല്‍ പുത്രനെയും ഓര്‍മിപ്പിച്ചതില്‍ നന്ദി.

    ReplyDelete
  15. പോകണം എന്നുണ്ട്, എന്നെങ്കിലും ഒരിക്കല്‍...ദുര്‍ഖടമായ ആ പാതകള്‍ താണ്ടി, കൈലാസത്തിലും മാനസരോവറിലും...സീത പറഞ്ഞ കാഴ്ചകള്‍ ഒക്കെ കണ്ടു.......പക്ഷെ...നടക്കുമോ എന്നറിയില്ല...

    പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും "ഉത്തര്‍ഖണ്‍ഡിലൂടെ കൈലാസ് മാനസസരസ്സ് യാത്ര" എന്ന എം.കെ രാമചന്ദ്രന്റെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച മനോഹരമായ കൃതി വളരെ പ്രയോജനപ്പെടും...

    ReplyDelete
  16. നാട്ടുകാരീ..

    ചെറിയ ഇടവേളയ്ക്കു ശേഷം കാണാന്‍ കഴിഞ്ഞതിലെ സന്തോഷം ആദ്യമേ അറിയിക്കട്ടെ!!
    ആകാശം മുട്ടെ ഉയര്‍ന്ന് , മേഖപാളികള്‍ക്കിടയില്‍ കാലം വരുത്തിയ വെള്ളിമുടികള്‍ മഞ്ഞിന്റെ തൊപ്പി കൊണ്ട് മറച്ചു നില്‍ക്കുന്ന, ഹിമവാന്റെ ചിത്രം മനസ്സില്‍ വന്നു. കർമ്മബന്ധപ്പാശങ്ങൾ മുറിച്ച് എന്നിലെ എന്നെ ഉപേക്ഷിച്ച് ആ ശാന്തിയിലേക്ക് പോകണം ഒരുനാള്‍......മനസ്സില്‍ ഉണ്ട് അങ്ങനെ ഒരു മോഹം!!
    മനു.

    ReplyDelete
  17. ഒരേ സമയം പുരാണത്തേയും സമകാലിക അതിര്‍ത്തി വിശേഷവും മാനവികതയും പറയാന്‍ എഴുത്തിനായി
    വശ്യമായ രചന ആശംസകള്‍ സീത

    ReplyDelete
  18. പുരാണേതിഹാസങ്ങളോട് ചേര്‍ത്തുവെച്ചുള്ള ഹിമാലയക്കാഴ്ചക്ക് അത്ര പുതുമ തോന്നിയില്ല എന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ.....

    ReplyDelete
  19. ഓപ്പോളെ...

    കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ബ്ലോഗ് സജീവമാവുന്നു ല്ലേ...
    തിരക്കിലും പോസ്റ്റുകള്‍ എഴുതാന്‍ സമയം കണ്ടെത്തൂ...
    മികച്ച കഥകളുമായി വീണ്ടും നിറയ്ക്കൂ....
    ഭക്തഹനുമാന്‍ കൂടെയുണ്ട്... :-)

    ഓപ്പോള്‍ടെ സ്വന്തം
    അനിയന്‍കുട്ടന്‍

    ReplyDelete
  20. ഇതിഹാസം പിന്നെ ചരിത്രത്തിനു വഴി മാറി.. പെണ്ണിനും മണ്ണിനും പൊന്നിനും വേണ്ടിയുള്ള എത്രയോ പടയോട്ടങ്ങൾ കണ്ടു.. യുഗപ്പിറവികൾ, സാമ്രാജ്യങ്ങളുടെ ഉദയാസ്തമയങ്ങൾ... ചിലപ്പോഴൊക്കെ ഒന്നും കാണാതിരിക്കാൻ തൊട്ടു മുകളിലെ ആകാശത്തിലേക്ക് കൺനട്ടു നിന്നിട്ടുണ്ട്.

    മറ്റു പലതിനും വേണ്ടിയുള്ള പടയോട്ടങ്ങള്‍ കാണാതിരിക്കാന്‍ ഞാന്‍ എന്റെ മുകളിലോട്ടു നോക്കിയുള്ള ആ നില്‍പ്പ് അങ്ങിനെ തന്നെ തുടരുന്നു എന്ന് പറയുന്നതാവും ഇന്നിന്റെ ശരി.

    സീതയുടെ പതിവ് രചനകളുടെ നിലവാരത്തിലേക്ക് എത്തിയില്ലെങ്കിലും വായന വിരക്തി നല്‍കിയില്ല. പതിന്മടങ്ങ്‌ ശക്തിയോടെ അടുത്ത പോസ്റ്റുമായി വരൂ. വായിക്കാന്‍ ഇവിടെയുണ്ട് ഞാന്‍

    ReplyDelete
  21. ഹിമാലയം എനിക്കകലെയാണ് ഈ പോസ്റ്റും.....

    ReplyDelete
  22. തഴുകുന്ന കാറ്റിൽ കല്യാണസൗഗന്ധിക പൂക്കളുടെ സുഗന്ധം.. !
    മാനസ സരോവരം കടന്നു വരുന്നതു കൊണ്ടാവുമോ ഇതിനിത്ര വശ്യത ..?
    യക്ഷഗന്ധർവ്വകിന്നര സംഗീതം അലിഞ്ഞിട്ടുണ്ടോ ഈ ചെറു തെന്നലിൽ..?
    കണ്ണൊന്നടയ്ക്കാൻ കൊതി തോന്നുന്നു..പക്ഷേ സാധിക്കുന്നില്ല...!
    (ഈ അവസരങ്ങളിലെ ,വേളകളിലെ അവസ്ഥാവിശേഷങ്ങളാണിതൊക്കെ
    കേട്ടോ സീത കുട്ടി അല്ലാ സീത പെണ്ണേ)

    എന്നാലും
    തൂലികയോടൂള്ള അഗാത പ്രണയം കാരണം സീതയിവിടെ ;
    തിരക്കൊഴിഞ്ഞിട്ടില്ലെങ്കിലും ഓടിയെത്തി ഈ ഹിമവാനെ മൊത്തത്തിൽ ഒന്ന് വണങ്ങി പോയല്ലോ...

    നാലു വാക്കുകൾ കൊണ്ടോ ,നാലു വാക്യം കൊണ്ടോ ,
    നാലു വോള്യം കൊണ്ടൊ ഒതുക്കാൻ പറ്റാത്തതാണല്ലോ നമ്മുടെ
    ഈ ഹിമവൽമുത്തശ്ശന്റെ വീരേതിഹാസ ചരിത്രങ്ങളും, വർത്തമാനങ്ങളുമൊക്കെ ..അല്ലേ !

    ReplyDelete
  23. ഹിമാലയഹൃദയം അറിയാനുള്ള നല്ലൊരു ശ്രമം.കാവൽ നിൽക്കുന്നൂ കണ്ണിമ ചിമ്മാതെ ഹിമാലയം,സംസ്കൃതികൾക്ക്!പുണ്യപ്രദായിനിയും മോക്ഷദായിനിയുമായ ഭാഗീരഥി ഹൃത്തടത്തിലൂടെ ഒഴുകിയിട്ടും ഈ പടുവൃദ്ധനു മാത്രമെന്തേ മോക്ഷം തീണ്ടാപ്പാടകലെയായി? ...മനോഹരമായി അത് സീത.

    ReplyDelete
  24. ഹിമവാന്റെ ആത്മഗതം ഇങ്ങനെയും !!
    നന്നായിട്ടുണ്ട്.

    ReplyDelete
  25. കൊള്ളാം ചരിത്രങ്ങള്‍ ഉറങ്ങുന്ന
    മടിത്തട്ടുകളില്‍..ഉറങ്ങാതെ
    കാവല്‍ നില്ക്‌ുണ ഹിമവാനും
    മനുഷ്യരും പങ്കു വെയ്ക്കുന്ന
    ഓര്‍മ്മകള്‍....ആശംസകള്‍ സീത...

    ReplyDelete
  26. വീണ്ടും മനോഹരമായ ഒരു പോസ്റ്റ്‌. ഭൂതവും വര്‍ത്തമാനവും സുന്ദരമായി സംയോജിപ്പിച്ചു

    ReplyDelete
  27. കുറച്ച് കൂടെ ആഴം വന്നു എഴുത്തിന്, പുരാണത്തിലൂടെ, ചരിത്രത്തെയൊന്ന് തഴുകി വര്‍ത്തമാനത്തിലൂടെയൊഴുകുന്നു കഥ.. നന്നായി, വളരെ..

    ആശംസകളോടെ..


    (വേഗം വന്നിട്ട് എല്ലാര്‍ക്കും മറുപടിയിട്ടേ, അ.. അ.. ആ‍ാ, വേഗാവട്ടേന്ന്!)

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. വരികള്‍ക്ക് അല്പം കട്ടിയായി തോന്നണു ..ഒരുപക്ഷെ ന്റെ വായനയുടെ കുഴപ്പം ആകാം ല്ലേ ...!
    ഒന്നൂടെ വായിച്ചിട്ടേ പോണ്‌ുള്ളൂ ...അങ്ങനെ പോയാല്‍ പറ്റൂല്ലാല്ലോ ല്ലേ...:)

    ReplyDelete
  30. ആശംസകള്‍ ..........
    " നല്ല ഹൈമവത ഭൂവില്‍ "

    ReplyDelete
  31. സീതകുട്ടീ നന്നായിട്ടോ... അടുത്ത രചന വേഗായിക്കോട്ടെ..

    ReplyDelete
  32. സീതായനത്തിന് ജന്മദിനാശംസകള്‍, ഒരായിരം ആശംസകള്‍.. :)

    ഇനിയും ഇനിയും നല്ല രചനകളും അതു വഴി വായനയുടെ ലോകത്തില്‍ വേറിട്ട് നില്‍ക്കാനും ഇടവരുത്തട്ടെ..

    എഴുത്തിന്റെ ദേവത ഇനിയും അനുഗ്രഹിക്കട്ടെ..
    ആശംസകളോടെ,
    സ്നേഹത്തോടെ..

    ReplyDelete
  33. ഹൈമവതഭൂവിലേയ്ക്കുള്‍ല വരവ് ഒരുപാട് വൈകിപ്പോയീ... നനുത്ത മഞ്ഞിന്‍റെ സ്പര്‍ശം... ഞാനുമുണ്ട് ഉറങ്ങാതെ ഇവിടെ കാവലിന്....

    ReplyDelete
  34. സീതായനത്തിനു വൈകിപ്പോയ ജന്മാശംസകള്‍ .... :-)

    ReplyDelete
  35. manoharamayi..... aashamsakal.... blogil puthiya post..... ANNAARAKANNAA VAA..... vayikkane.....

    ReplyDelete
  36. കൊളളാം. ആശംസകള്‍

    ReplyDelete
  37. ഓരോ വരികളും വളരെ .സൂക്ഷിച്ചു വായിച്ചു. വളരെ നന്നായി എഴുതി. ഹൈമവത ഗിരിശൃംഗങ്ങളെ മനസാ നമിക്കാം .

    ReplyDelete
  38. എന്റെ പോസ്റ്റുകൾ വായിക്കാൻ തിരക്കുകൾ‌ക്കിടയിൽ സമയം കണ്ടെത്തുന്ന എന്റെ പ്രിയപ്പെട്ടവർക്ക് അകമഴിഞ്ഞ നന്ദി...സന്തോഷം...നെറ്റിന്റെ പരിമിധികൾ നിമിത്തം ഒരു ഇടവേള വേണ്ടി വന്നു...സദയം ക്ഷമിക്കുക...
    സ്നേഹപൂർവ്വം...സീത

    ReplyDelete