Saturday, August 27, 2011
കണക്കിലെ കളി....
അക്കങ്ങൾ സിരയിലെപ്പോഴോ
ലഹരിയായ് പതഞ്ഞു
കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
മനസ്സേറ്റിയപ്പോൾ പ്രണയമായി
പല ജീവിതങ്ങൾ കൂട്ടിയ കണക്കുകൾ
തെറ്റിച്ചൊരുന്മാദമെന്നെ ചിരിപ്പിക്കെ
ലോകത്തെ വെല്ലുന്ന കണക്കിലെകളിക്കാരൻ
ആകാശമേലാപ്പിനപ്പുറത്തായ്
ഊറിച്ചിരിക്കുന്നതാരറിഞ്ഞു
തോൽക്കാൻ കൊതിക്കാത്തൊരെ-
ന്നഹന്തയ്ക്ക് മേൽ
കാലുറപ്പിച്ചവൻ സംഖ്യ തന്നു
കാണുവാനൊട്ടുമേ ചേലില്ലാ സംഖ്യ
ചിഹ്നങ്ങളഞ്ചാറു പിന്നെയും തന്നു
സംഖ്യ തന്നക്കങ്ങൾക്കിടയിലായ് തിരുകി
ശൂന്യസമമായൊരുത്തരം കാണാൻ
സുഖദുഃഖങ്ങൾക്കിടയിലൊരധികവും
നേട്ടകോട്ടങ്ങൾക്കിടയിലൊരു ന്യൂനവും
പിന്നെയുമെവിടെയോ
ഹരണവും ഗുണനവും
അക്കങ്ങൾ നിരത്തും
ചിഹ്നങ്ങൾ തിരുകും
അപ്പോഴും അക്കമോ ചിഹ്നമോ
പിന്നെയും ബാക്കി
മോഹത്തിന്നരണ്ട വെട്ടത്തിൽ
രാപ്പകലുകളടർന്നു വീഴുമ്പോഴും
കീറിയ താളുകൾ കൂന തീർക്കുമ്പോഴും
ചിഹ്നങ്ങളമ്മാനമാടി ഞാനിരുന്നു
പുകയുന്ന ചിന്തകളൂതി
മനസ്സ് ബോധത്തിൽ നിന്ന-
ബോധതയിലേക്കൂളിയിട്ടീടവെ
കണക്കിലെ കളിക്കാരനാർത്തു ചിരിച്ചു
ചേർത്തു വയ്പ്പതും കൂട്ടിക്കിഴിപ്പതും
വിഫലമെന്നറിയുന്നുവോ നീ
ശൂന്യം നീയന്നറിയുക വിഡ്ഢീ...!
കാലിലെ ചങ്ങല മെല്ലെ ചിരിച്ചു
പതിയെ തലയാട്ടി.. “ വാസ്തവം “
Sunday, August 21, 2011
ആത്മാക്കളുടെ കാവൽക്കാരി...
“ഹൊ.. ഇപ്പോ ചവിട്ടിയേനെ..“ മുന്നോട്ട് വച്ച കാൽ പിന്നോട്ടെടുത്ത് നടന്നു.. നിലത്ത് നോക്കി വേണം നടക്കാൻ..അല്ലെങ്കിൽ..
ഇത് കേൾക്കുമ്പോള്‍ നിലത്താരെങ്കിലും കിടപ്പുണ്ടെന്ന് കരുതണ്ട.. ചുറ്റിനും ഓടി കളിക്കുന്നത് മറ്റാരുമല്ല.. മൂഷികരാണ്..
ഞാൻ സ്വപ്നലോകത്തിലാണെന്ന് തെറ്റിദ്ധരിക്കരുത്.. ഇത് നമ്മുടെ ഇന്ത്യയിൽ തന്നെയുള്ള ഒരു സ്ഥലമാണ്..
രാജസ്ഥാനിലെ ജയ്പ്പൂരിൽ നിന്നും കുറച്ച് ഉള്ളിലായിട്ടാണ് ഭരണസിരാകേന്ദ്രമായ ബിക്കാനീർ സ്ഥിതി ചെയ്യുന്നത്.. ബിക്കാനീറിനും നോഖയ്ക്കും ഇടയ്ക്കായി ദേശ്‌നോക്ക് എന്നൊരു പ്രകൃതി സുന്ദരമായ ഗ്രാമം ഉണ്ട്. അവിടെയാണ് ഈ സംഭവം അരങ്ങേറുന്നത്. ഈ ഗ്രാമത്തിന്റെ ചെല്ലപ്പേരു തന്നെ മൂഷികഗ്രാമം (ചൂഹോം കാ ഗാവ്) എന്നാണ്. ഇവിടെയാണു പ്രസിദ്ധമായ കർണ്ണിമാതാക്ഷേത്രം അഥവാ മൂഷികക്ഷേത്രം. പേരു സൂചിപ്പിക്കുമ്പോലെ ഗോപുരവാതിൽ കടന്ന്‍ അകത്തേക്ക് പ്രവേശിച്ചാൽ മൂഷികരുടെ തേർവാഴ്ച കാണാം. മനുഷ്യരെക്കണ്ടാലോടുന്ന എലികളെ പരിചയമുള്ള നമ്മൾ ഇവിടെ അവരെക്കണ്ടോടേണ്ട ഗതികേടാണു. കാരണം, അറിയാതെ എങ്ങാനും അവയിലൊന്നിനെ ഒന്നു ചവിട്ടിപ്പോയാൽ കിട്ടുന്നത് മാറാവ്യാധികളും അപകടങ്ങളുമായിരിക്കും. പക്ഷേ അതിനും പ്രതിവിധി പറയുന്നുണ്ട്. ഒരു മൂഷിക പ്രതിമ നടയ്ക്ക് വെച്ചാൽ മതിയത്രേ..
ഇനി ഈ ക്ഷേത്രമെങ്ങനെ മൂഷികക്ഷേത്രമായെന്നല്ലേ..
അതിനു പിന്നിൽ ഒരു കഥയുണ്ട് - ചരിത്രവുമായി കൂടിക്കലർന്നൊരു കഥ, കർണ്ണി എന്ന സന്യാസിനിയുടെ കഥ..
പതിന്നാലാം നൂറ്റാണ്ടിനടുപ്പിച്ചാണീ കഥ നടക്കുന്നത്. ജോധ്പൂരിലെ രാജാക്കന്മാരുടെ ചാവേറുകളാണു ചരൺ വംശജർ. കേരളത്തിലെ ചേകവന്മാരെപ്പോലെ. ആ വംശത്തിൽ മേഹോജി ചരണിന്റേയും ദേവാൽ ദേവിയുടേയും ഏഴാമത്തെ സന്താനമായിരുന്നു റിതുഭായി. ആറു വയസ്സുള്ളപ്പോൾ ആ പെൺകുട്ടി തന്റെ ചാർച്ചയിൽപ്പെട്ട ഒരു സ്ത്രീയുടെ മാറാവ്യാധി മാറ്റിയത്രെ. അതോടെ അവൾ ദുർഗ്ഗാദേവിയുടെ അവതാരമെന്ന അർത്ഥത്തിൽ കർണ്ണിയെന്നറിയപ്പെട്ടു. വീണ്ടും വീണ്ടും അൽഭുതപ്രവർത്തികളുടെ വിളനിലമായപ്പോള്‍ അനുചരവൃന്ദം അവളുടെ പേരിനൊപ്പം മാത എന്നു കൂടി ചാർത്തിക്കൊടുത്തു. അങ്ങനെയവൾ ഭക്തരുടെ ഇഷ്ടവരദായിനിയായ കർണ്ണിമാത ആയി. വിവാഹിതയായെങ്കിലും ഭർത്താവിനെ സഹോദരിയുടെ ജീവിതത്തിലേക്ക് പറഞ്ഞു വിട്ട് കർണ്ണിമാത ആധ്യാത്മിക പാതയിലേക്ക് നടന്നുപോയി എന്നാണ് പറയപ്പെടുന്നത്..
ഒരിക്കൽ ഭക്തരിൽ ഒരാൾ താൻ നൊന്തു പെറ്റ കുഞ്ഞിനെ മരണം തട്ടിയെടുത്തതിൽ വിലപിച്ച് കർണ്ണിമാതയെ ശരണം പ്രാപിച്ചു. യമധർമ്മനോട് ആ കുഞ്ഞിനെ തിരികെ കൊടുക്കാൻ മാത ആവശ്യപ്പെട്ടെങ്കിലും അത് മറ്റൊരു രൂപത്തിൽ പുനർജ്ജനിച്ചതിനാൽ തിരികെത്തരാൻ നിർവ്വാഹമില്ലെന്നു പറഞ്ഞ് യമധർമ്മൻ കയ്യൊഴിഞ്ഞു. എന്നാൽ ഇന്നുമുതൽ തന്റെ വംശത്തിലുള്ളവർ മരിച്ചാൽ അതേ വംശത്തിൽ തന്നെ പുനർജ്ജനിക്കണമെന്നും അതുവരെയുള്ള ഇടവേളയിൽ മൂഷികരൂപം ധരിച്ച് തന്റെ പരിപാലനത്തിലുണ്ടാവണമെന്നും അവർ മരണദേവനോട് ആവശ്യപ്പെട്ടുവത്രേ. അങ്ങനെയാവട്ടെയെന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്തുവെന്നാണു കഥ.
രാജ്യഭരണരംഗത്ത് കർണ്ണിമാത രാജാവിനൊരുപാട് സഹായങ്ങൾ ചെയ്തതിന്റെ നന്ദിപൂർവ്വകമായിട്ടാണത്രേ മഹാരാജ ഗംഗാസിംഹ് ഈ ക്ഷേത്രം പടുത്തുയർത്തിയത്. അയൽരാജ്യങ്ങൾ തമ്മിലുള്ള ശത്രുതകൾ മാറ്റിയെടുത്ത് സമാധാനം പുനഃസ്ഥാപിക്കാനും അവരശാന്തം പരിശ്രമിച്ചിരുന്നുവെന്ന് കേൾക്കുന്നു.
ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും പ്രഭാഷണങ്ങൾക്കുമായുള്ള യാത്രകൾക്കിടയിൽ ബിക്കനീരിൽ വച്ചവർ അപ്രത്യക്ഷയായെന്നും കേട്ടുകേൾവിയുണ്ട്...
ഈ ക്ഷേത്രത്തിന്റെ പുനുരുദ്ധാരണം നടത്തിയത് ഹൈദരാബാദിലെ കുന്ദൻലാൽ വർമ്മയാണു. വെള്ളിയിൽ തീർത്ത ക്ഷേത്രകവാടവും അദ്ദേഹത്തിന്റെ സംഭാവനയാണ്.

ക്ഷേത്രകവാടം കടന്നാൽപ്പിന്നെ ഓരോ ചുവടും ശ്രദ്ധിച്ചു വേണം, അബദ്ധവശാൽ എലികളെ ചവിട്ടിയാൽ തീർന്നില്ലേ. കാബാ എന്നാണീ എലികൾ അറിയപ്പെടുന്നത്. അതിൽ വെള്ളയെലികളെ കാണുന്നവരത്രേ ഭാഗ്യവാന്മാർ. എന്നാലവയെ കണ്ടു കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മറക്കണ്ട. ഇവരൊന്നും നിസ്സാരന്മാരല്ല കേട്ടോ. രാജകീയവാഴ്ച നടത്തുന്നവരാണ്. ഇവരെ നോക്കാനും പരിപാലിക്കാനും പ്രത്യേകം പരികർമ്മികളുണ്ട്. അൽഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത അവിടൊരു കുഞ്ഞെലിയെപ്പോലും കാണാനാവില്ലെന്നുള്ളതാണ്. എന്നാലോ നിമിഷം പ്രതി എലികളുടെ അംഗസംഖ്യ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. പരിസരത്ത് ഏഴയലത്തായ് പോലും പേരിനൊരു പൂച്ചയെ കാണാനാവില്ലെന്നുള്ളതും സത്യം, ആശ്ചര്യം ഉളവാക്കുന്ന സത്യം..
ഭക്തർ നിവേദിക്കുന്ന പാലിലും മധുരപലഹാരങ്ങളിലുമൊക്കെ ഇവർ പൂണ്ടു വിളയാടി കഴിച്ചതിന്റെ ബാക്കിയാണു അവിടത്തെ പ്രസാദം. എലിയുടെ നിഴലടിച്ചാൽ ആ ആഹാരസാധനം വിഷമെന്ന മട്ടിൽ പുറത്തേക്ക് വലിച്ചെറിയുന്ന നമ്മള്‍ അവിടെച്ചെന്നു ഇവർ കഴിച്ചതിന്റെ ബാക്കി വാങ്ങി കഴിച്ച് നിർവൃതി അടയേണ്ടത് തന്നെ. ഇനി അബദ്ധത്തിലെങ്ങാനും അവ നിങ്ങളുടെ ശരീരത്തിൽ ഓടിക്കയറിയാൽ പേടിക്കരുത്..കർണ്ണീദേവിയുടെ അനുഗ്രഹാശിസ്സുകൾ നിങ്ങൾക്ക് ലഭിച്ചുവെന്നാണ് അതിനർത്ഥം.അപ്പോ ആശ്വസിക്കാമല്ലോ അല്ലേ?
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങള്‍ ഈ കാഴ്ച കാണാൻ എത്തുന്നുണ്ടെങ്കിലും നമ്മളിൽ പലർക്കും ഈ ക്ഷേത്രം ഇന്നും അപരിചിതം തന്നെ. മറ്റെല്ലാ ദുർഗ്ഗാക്ഷേത്രങ്ങളിലുമെന്ന പോലെ നവരാത്രിക്കാണ് ഇവിടേയും വിശേഷം..
മധുരപലഹാരങ്ങൾക്ക് പ്രശസ്തി നേടിയ ബിക്കാനീറും ദേശ്‌നോക്കും ഇനി മുതൽ ഈ മൂഷിക ക്ഷേത്രത്തിന്റെ പേരിലും അറിയപ്പെടും..
വാൽക്കഷ്ണം: മൂഷികർക്കും ക്ഷേത്രം.. ഈശ്വരാ.. കലികാലം..

~~~~END~~~~
Sunday, August 14, 2011
കിളിപ്പാട്ട്....
ചിതൽ കാർന്നൊരെൻ വൽക്കലമിനി കാട്ടിലെറിയാം
നോവിന്റെ വാത്മീകങ്ങളിലിനി എന്നെ തിരയാം
ഇരുളിൻ നിഗൂഢതയിലെൻ കണ്ണിണ തേടുന്നോരാ
പുൽനാമ്പുകൾക്കായിനി കണ്ണടച്ചിരിക്കാം..
ആ മരം ഈ മരം ചൊല്ലി മോക്ഷത്തിലെത്താം
പ്രാണന്‍ പിടയുന്ന പക്ഷി തന്‍ മാംസത്തില്‍
കൊതിക്കണ്ണെറിഞ്ഞൊന്നു പറയാം മാനിഷാദ
കാട്ടില്‍ അലയുന്ന നിറവയര്‍ പെണ്ണിന്റെ
കദനത്തിന്‍ കഥ മെല്ലെ സൂത്രത്തില്‍ അറിയാം.
കട്ടവന്‍ വീര്യവും, മാനം കാത്തവന്‍ ശിക്ഷയും
ഈണത്തില്‍ ചൊല്ലി ആദി കാവ്യമെന്നോതാം..
അവള്‍ പെറ്റ മക്കളെ പാടി പഠിപ്പിക്കാം..
അന്നത്തെ അന്നത്തിനയലുകൾ തെണ്ടിക്കാം..
പായുന്ന ധാര്‍ഷ്ട്യത്തെ തളയ്ക്കുവാനോതാം
രക്തവും രക്തവും രക്തമോലിപ്പിക്കും
കാഴ്ചയിൽ പിന്നെ ഗൂഢം ചിരിക്കാം
കരള്‍ നോന്തോരാ അമ്മ തന്‍ ദേഹം
കനിവൊട്ടുമില്ലാതെ മണ്ണിട്ട് മൂടാം
എൻ നേർക്ക് ചൂണ്ടും വിരലോട് ചൊല്ലാം
ഇതെന്റെ കാവ്യമേയല്ല..
നേരറിയാത്തൊരു കിളി തന്റെ പാട്ട്
എന്റെ കിളിപ്പാട്ട് ശ്രീ ജി ആര്‍ കവിയൂര്‍ മാഷിന്റെ ആലാപനത്തില്‍...
മാഷിനോട് ഒരുപാട് നന്ദിയോടെ
..
..
Tuesday, August 2, 2011
ഈഡിപ്പസ്....
“എന്താ കുട്ട്യോളേ ഇന്നത്തെ പത്രത്തിലെ വിശേഷം..?”
ചായക്കടയുടെ പുറത്തിട്ടിരുന്ന തടിബഞ്ചിലിരുന്നു ചൂടുചായയ്ക്കൊപ്പം ദിനപ്പത്രം പകുത്തെടുത്ത് വായിച്ചു കൊണ്ടിരുന്ന ആ ചെറുപ്പക്കാരുടെ നോട്ടം ചോദ്യം വന്ന ദിശയിലേക്കായി.
“ഓ.. എന്തു പറയാനാ മാഷേ, പത്രം തുറന്നാൽ അപ്പാടെ പീഢനകഥകളല്ല്യോ? അച്ഛൻ മകളെ പീഢിപ്പിക്കുന്നു, മകൻ അമ്മയെ, അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ.. ഈശ്വരാ നമ്മുടെ നാടിതെങ്ങോട്ടാ?”
ആദരവോടെ ഒന്നെണീറ്റ് കാഴ്ചയിൽ പ്രൗഢഗാംഭീര്യം തോന്നുന്ന മധ്യവയസ്കനു ഇരിക്കാനിടം കൊടുത്ത് വീണ്ടും പത്രത്തിലേക്ക് മുഖം പൂഴ്ത്തി അവരിലൊരാൾ അത് പറയുമ്പോൾ ആത്മരോഷത്തിന്റെ തീക്കണങ്ങൾ വാക്കുകളിൽ ചിതറുന്നുണ്ടായിരുന്നു..
“അറിയാതെ ജനനിയെ പരിണയിച്ചൊരു
യവന തരുണന്റെ കഥയെത്ര പഴകി..”
കയ്യിലിരുന്ന ചായ മെല്ലെ നുണഞ്ഞ്, മൂക്കിൻ തുമ്പിലെ കണ്ണട ഒന്നമർത്തി വച്ച്, ഒരിറ്റു ഗദ്ഗദത്തോടെ ആത്മഗതമെന്നോണം മാഷ് പറഞ്ഞു.
“ഹ.. ഹ.. ഹ..”
എല്ലാരും ഞെട്ടി..
അയാൾ..
എല്ലാരിൽ നിന്നും അകന്ന് ആരേയും ശ്രദ്ധിക്കാതെ..
കയ്യിലിരുന്ന വടി കുത്തിപ്പിടിച്ചെണീക്കുമ്പോഴും അയാൾ ചിരിക്കുന്നുണ്ടായിരുന്നു.. കാറ്റിൽ നീണ്ടു ജഡകെട്ടിയ മുടി വിറച്ചു..
“നിങ്ങളാരാ...എന്തിനാ ചിരിച്ചത്...?”
എല്ലാ മുഖങ്ങളിലേയും ഉൽക്കണ്ഠ സ്വയം ഏറ്റെടുത്ത് മാഷ് തിരക്കി..
ചോദ്യം അയാളറിഞ്ഞില്ലെന്നു തോന്നി... തപ്പിയും തടഞ്ഞും മുന്നോട്ട് ഒന്നു രണ്ട് ചുവട് വച്ച് ഒന്നു നിന്നു.. മെല്ലെ തിരിഞ്ഞു...
ഹൊ ആ കണ്ണുകളുടെ സ്ഥാനത്ത് ശൂന്യതയാണല്ലോ.
“ഞാൻ... ഞാനൊരു വിഡ്ഢി.. വെറുതെ ചിരിച്ചു..”
വരണ്ടുണങ്ങിയ ചുണ്ടുകൾ ചലിച്ചു… ശബ്ദമില്ലാത്ത വാക്കുകൾ വിഴുങ്ങിയ നാവ് അയാൾക്കുള്ളിലെ സംസാരിക്കാനുള്ള മനസ്സിനെ വരച്ചു കാട്ടി..
മുന്നോട്ട് വച്ച ചുവടുകൾ വീണ്ടുമെന്തിനോ മടിച്ചു നിന്നു തെല്ലിട..
പിന്നെ...
പിന്തുടരുന്ന മിഴികളിൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ച് വീണ്ടുമൊന്ന് ചിരിച്ച് അയാൾ നടന്നു.. അനന്തതയിലേക്ക് നീളുന്ന ഉൾക്കണ്ണുകൾ അയാളുടെ പാദത്തെ മുന്നോട്ട് വലിച്ചിഴച്ചു..
മനസ്സും ചേതനയും യുദ്ധം ചെയ്യുന്നതറിയുന്നുണ്ടായിരുന്നു അയാൾക്ക്.
“തനിക്ക് തെറ്റിയോ..?
സിന്ധൂനദീതട സംസ്കാരം ആഴത്തിൽ വേരോടിയ ഈ മണ്ണിൽ, ബന്ധങ്ങൾക്ക് പവിത്രതയുള്ള ഇവിടുത്തെ മനസുകളിൽ താൻ തിരിച്ചറിയപ്പെടില്ലെന്നു കരുതിയത് വിഡ്ഢിത്തമായോ..?”
ഓർമ്മകളുടെ തിരതള്ളലിൽ ആ ശരീരമൊന്നു വിറച്ചു..
മറവിയുടെ തീരങ്ങളിലെവിടെയോ കണ്ണീരിന്റെ നനവില്‍ ആ കാഴ്ച ഇപ്പോഴുമുണ്ട്..
സുഗന്ധതൈലങ്ങളാലേപനം ചെയ്ത പട്ടുമെത്തയിൽ ജീവിതത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചറിഞ്ഞതിന്റെ സുഖസുഷുപ്തിയിലവർ മയങ്ങുന്നു.
എന്തു വിളിക്കണം..
ആത്മരോഷത്തിന്റെ പരമോന്നതിയിൽ, സ്വന്തം പുരുഷത്വത്തോട് പുച്ഛം തോന്നി.
കണ്ണുകൾ ചൂഴ്ന്നെടുക്കുമ്പോഴും മനസ് ഉത്തരം കണ്ടെത്താതെ വലഞ്ഞത് ആ ചോദ്യത്തിനായിരുന്നു..
“പിതാവിനെ വധിച്ച് മാതാവിനെ പരിണയിക്കുമെന്നോതിയ നാവുകളെവിടെ...? ഇതാ എന്റെ കരങ്ങളാലല്ലാതെ പിതാവു മരണപ്പെട്ടിരിക്കുന്നു..”
മരിച്ചത് വളർത്തച്ഛനെന്നറിയാതെ, വിവരം അറിഞ്ഞ മാത്രയിൽ നിറഞ്ഞ സഭയിൽ ആർത്തട്ടഹസിക്കുമ്പോള്‍ ദുഃഖത്തോടൊപ്പം പ്രവചനങ്ങൾ കാറ്റിൽ പറത്തിയതിന്റെ അഹങ്കാരവും ഉണ്ടായിരുന്നു മനസ്സിൽ.
പിന്നിലപ്പോൾ ഉടഞ്ഞു വീണ തേങ്ങല്‍ എന്തെന്നറിയാതെ പോയി.
രംഗബോധമില്ലാത്ത കോമാളിയെന്നു പറഞ്ഞ് വിധി കളിയാക്കി ചിരിച്ചതും അറിഞ്ഞില്ലാ..
താനറിയാതെ തന്നെക്കൊണ്ട് ആരോ തന്റെ വേഷം കെട്ടിയാടിക്കുകയായിരുന്നു..
കഥയുടെ ചുരുളഴിഞ്ഞപ്പോള്‍ ഒന്നു കാണണമെന്നു മനസ്സ് കൊതിച്ചു.. മക്കൾക്കൊപ്പം തനിക്ക് അമ്മയെന്നു വിളിക്കാനാവില്ലെങ്കിലും വെറുതെ ഒന്നു കാണാൻ..
പക്ഷേ...
മാപ്പിരക്കാൻ പോലുമുള്ള തന്റെ അവകാശം നിഷേധിച്ച് ആ ആത്മാവ് അനന്ത വിഹായസ്സിലേക്ക് പറന്നുയർന്നിരുന്നു അപ്പോഴേക്കും...
ഉപേഷിക്കപ്പെട്ട കുരുന്നിനോടുള്ള വാത്സല്യത്തിൽ ആ ഇടയനിറ്റിച്ച് തന്ന ആദ്യ ദാഹജലം നാവിലപ്പോൾ കിനിഞ്ഞു ... എന്തിനോ വേണ്ടി..
താൻ വിഡ്ഢിയായി,ജീവിതത്തിനു മുന്നിൽ..
വിധിക്കു മുന്നിൽ..
നാണം കെട്ടവനായി,ലോകത്തിനു മുന്നിൽ...
തിരിച്ചറിയാത്ത ദിക്കു നോക്കി പിന്നെപ്പോഴോ യാത്ര തുടങ്ങി..
കാലം തോൽവികളുടെ കിരീടം ചാർത്തിത്തന്ന് മുന്നേറുന്നതറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കേണ്ടി വന്നു..
ജീവിതത്തിന്റെ ഗതി മാറ്റിക്കുറിച്ചൊരു ചോദ്യം കാതിലിപ്പോഴും അലയടിക്കുന്നു...
“പ്രഭാതത്തിൽ നാലു കാലിലും..മധ്യാഹ്നത്തിൽ രണ്ടു കാലിലും... സായാഹ്നത്തിൽ മൂന്നു കാലിലും നടക്കുന്ന ജീവി?”
“ഹ..ഹ..ഹ...” അറിയാതെ അയാൾ ചിരിച്ചു..
അതിനുള്ള ഉത്തരമായിതാ താൻ... അയാളുടെ മനസ്സ് മന്ത്രിച്ചു.
യാത്ര തുടങ്ങുമ്പോൾ ലക്ഷ്യം ഈ മണ്ണായിരുന്നു... ഇതിന്റെ പാരമ്പര്യം മനസ്സിലേക്കാവാഹിച്ച ജനതയായിരുന്നു..
പക്ഷേ... ഇവിടേയും.
ഇനിയെങ്ങോട്ട്..?
മനസ്സ് ചോദിക്കുന്ന ചോദ്യങ്ങൾക്കുത്തരം കണ്ടെത്താനാവാതെ അയാൾ നടന്നു... ചക്രവാളം ലക്ഷ്യമാക്കി..
എവിടൊക്കെയോ അപ്പോൾ കുപ്പിവളകൾ വീണുടയുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു, അമർത്തിയ തേങ്ങലുകളും..
( ഈഡിപ്പസ് കോമ്പ്ലക്സ് ഭാരതത്തിന്റെ മണ്ണിൽ മുളയ്ക്കുമെങ്കിലും വേരോടാനുള്ള സാധ്യത വളരെ കുറവാണെന്നു പറഞ്ഞ പ്രസിദ്ധ മനഃശാസ്ത്രജ്ഞൻ ശ്രീ സിഗ്മണ്ട് ഫ്രോയ്ഡിന്റെ സ്മരണയ്ക്ക് മുന്നിൽ ഈ കഥ സമർപ്പിക്കുന്നു )
ഈഡിപ്പസ് കോമ്പ്ലക്സ് അറിയേണ്ടവര്‍ക്ക് ഇവിടേയും
ചിത്രത്തിന് കടപ്പാട് ..... ഗൂഗിൾ
Subscribe to:
Posts (Atom)