Tuesday, July 3, 2018

സീതയെത്തേടി ...

യാത്രകളെന്നും ലഹരിയാണ്. ഓരോ യാത്രയും ഓരോ ജന്മം ആണെന്നു തോന്നാറുണ്ട്.
ആകുലതകൾ നിറഞ്ഞ തുടക്കവും അലകളൊഴിഞ്ഞ് ശാ‍ാന്തമായ കടൽ പോലെ ഒടുക്കവും..
“നീ അവളെ കാണാനാണ് പോകുന്നത്..”.പതിവു പോലെ ആകുലമായ മനസ് മന്ത്രിച്ചു.
നെഞ്ചോട് ചേർന്നിരുന്നു മയങ്ങുന്ന കുഞ്ഞിനെ ഒന്നുകൂടെ ചേർത്തു പിടിച്ചു..
താഴത്തെ ബെർത്ത് ആയതുകൊണ്ടാവും അധികം അലോസരപ്പെടുത്തലുകൾ ഉണ്ടായില്ല... തൊട്ടു മുകളിലെ ബെർത്തിൽ കിടക്കുന്ന ചേച്ചി രാത്രി വൈകി ഉറങ്ങിയതുകൊണ്ട് ജനാല അതുവരേയും തുറന്നിടാൻ കഴിഞ്ഞുവെന്നുള്ളതും ഭാഗ്യം...
ഇരുട്ടിൽ കാഴ്ചകൾ അവ്യക്തമെങ്കിലും വെറുതേ ഇങ്ങനെ പുറത്തു നോക്കിയിരിക്കാൻ പ്രത്യേക സുഖമാണ്. ചെറുതും വലുതുമായ വെളിച്ചങ്ങൾ ശ്രോതസ്സറിയിക്കാതെ വന്നും പോയുമിരിക്കും..ആകലെയായി ചീറിപ്പായുന്ന വാഹനങ്ങൾ, നദികളിലെ നിശ്ശബ്ദതയെ ഭഞ്ജിക്കുന്ന കളകളാരവങ്ങൾ ഒക്കെ കേട്ടിരിക്കാ‍ൻ കൊതിയാണെപ്പോഴും.
യാത്രകൾ ഒരിക്കലും മടുക്കാത്തതും ഇതൊക്കെകൊണ്ട് തന്നെയാവും.
എവിടെയെത്തിയെന്നറിയില്ല.. മൊബൈലിൽ സമയം നോക്കി. നേരം പുലരാറാകുന്നു.. ഒമ്പതു മണിക്ക് എത്തുമായിരിക്കും..
രണ്ട് ദിവസം മുമ്പ് വൈകിട്ട് മൂന്നരയ്ക്ക് അനന്തപുരിയിൽ നിന്നും തിരിച്ചതാണ്. ബസിൽ ബാംഗ്ലൂരെത്തിയപ്പോൾ പിറ്റേന്ന് രാവിലെ ഏഴര ആയിരുന്നു. സംഘമിത്ര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഒമ്പതിനു പുറപ്പെടുമെന്ന് അറിയാമായിരുന്നതുകൊണ്ട് റെയിൽ‌വേ സ്റ്റേഷനിൽ എത്തിയാണു മുഖം കഴുകിയതു തന്നെ..
പെട്ടെന്ന് തയ്യാറായി മോന് ആഹാരവും കൊടുത്തപ്പോഴേക്കും ട്രയിൻ പുറപ്പെടാൻ ഒരുങ്ങിയിരുന്നു..  നാല്പത്തിയെട്ടു മണിക്കൂർ യാത്ര ബാംഗ്ലൂരിൽ നിന്നും പാറ്റ്ന വരെ.. തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ നാളെ രാവിലെ ഒമ്പതിനു പാറ്റ്നയിലെത്താം.
-പാറ്റ്ന റെയിൽ‌വേസ്റ്റേഷൻ-
ഒരു മണിക്കൂർ വൈകിയെങ്കിലും അധികം മുഷിയാ‍തെ പാറ്റ്ന കണ്ടു. തിരക്കുകൾക്കിടയിൽ തലയുയർത്തിപ്പിടിച്ച് പാറ്റ്ന ജംഗ്ഷൻ നിൽക്കുന്നു.
പുറത്തിറങ്ങി പ്രീപെയ്ഡ് ടാക്സി കൌണ്ടറിൽ സീതാമർഹിക്ക് ടിക്കറ്റെടുക്കുമ്പോൾ ഉള്ളിൽ വീണ്ടും ആ പെരുമ്പറ മുഴങ്ങി.
കുഞ്ഞ്, എന്തിനെന്നറിയാതെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുണ്ടായിരുന്നപ്പോൾ.
ടാക്സി പാറ്റ്ന കെമിക്കത്സിനരികിലൂടെ ഇടത്തോട്ട് തിരിഞ്ഞ് ബംഗാളി ടോള ബസ് സ്റ്റാൻഡ് റോഡിൽ കേറി. അവിടെ നിന്നും മിഥാപൂർ ബസ് സ്റ്റാൻഡ് റോഡിൽ വന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് എൻ എച്ച് 22 ലൂടെ ആയി യാത്ര..
മുസ്സഫർപൂർ പോകുന്ന റോ‍ഡാണെന്ന് ടാക്സി ഡ്രൈവർ മുറി ഹിന്ദിയിൽ പറഞ്ഞു.
മൂന്നു മണിക്കൂർ യാത്രയ്ക്കൊടുവിൽ വിശ്വനാഥപൂർ ചൌകിലെത്തി.
അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം അഞ്ച് കിലോമീറ്ററോളം എൻ എച്ച് 227 ലൂടെ സഞ്ചരിക്കുമ്പോൾ സീതാമർഹിയിലേക്കുള്ള വഴികാട്ടികൾ കണ്ടു തുടങ്ങും.
പിന്നങ്ങോട്ട് ബൈപാസിലൂടെയാണ് കുറച്ചു ദൂരം യാത്ര. മൂന്നര മണിക്കൂർ കൊണ്ട് സീതാമർഹി എത്തുമ്പോൾ ഞാനും മോനും നന്നെ തളർന്നിരുന്നു.
-സീതാമർഹി റെയിൽ‌വേസ്റ്റേഷൻ-
സീതാമർഹി എന്ന പേരിൽ രണ്ട് സ്ഥലങ്ങളുണ്ട് . പാറ്റ്നയ്ക്കടുത്ത് നേപ്പാളതിർത്തിയോടടുപ്പിച്ചുള്ള സീതാമർഹി രാമായണത്തിലെ സീതാദേവിയെ ഭൂമിയിൽ നിന്നും ജനകമഹാരാജാവിനു കിട്ടിയ സ്ഥലമാണ്.
എന്നാൽ ഇനിയൊരു സീതാമർഹി കൂടെയുണ്ട്.
ഉത്തർപ്രദേശിലാ‍ണത്.
അലഹബാദിനും വാരണാസിക്കും ഇടയ്ക്കുള്ള ഈ സ്ഥലം സീതാദേവി ഭൂമി പിളർന്നുപോയ ഇടമായിട്ടാണ് അറിയപ്പെടുന്നത്.
രണ്ട് സീതാമർഹിയ്ക്കും സീതാമഢിയെന്ന മറ്റൊരു പേരു കൂടിയുണ്ട്.
പഴം‌കഥകളുറങ്ങുന്ന ഭാരതത്തിന്റെ മണ്ണിൽ ഓരോ മണൽത്തരിക്കും പറയാനുണ്ടാകും ഒരായിരം ഐതീഹ്യങ്ങൾ.
പിറവി കൊള്ളാനൊരു ഉഴവു ചാൽ മതിയായിരുന്നെങ്കിലും മടങ്ങാൻ ഭൂമി തന്നെ പിളരേണ്ടിയിരുന്ന ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ തേടിയുള്ള യാത്രയിൽ ആദ്യമേ ഉറപ്പിച്ചിരുന്നു തുടക്കം ജനകന്റെ മണ്ണിൽ നിന്നാവണമെന്ന്..
എന്തും പിറവിയിൽ നിന്നുമാണല്ലോ തുടങ്ങുന്നത്. അങ്ങനെയാണ് ബിഹാറിലെ പാറ്റ്നയിൽ നിന്നും കുറച്ചകലെയുള്ള സീതാമർഹിയിലേക്ക് തിരിച്ചത്.
സീതായൻ ഹോട്ടലിൽ ആയിരുന്നു താമസസൌകര്യം ഏർപ്പെടുത്തിയിരുന്നത്. റെയിൽ‌വേസ്റ്റേഷനടുപ്പിച്ചുള്ള ഹോട്ടലായതുകൊണ്ടായിരുന്നു അത് തെരഞ്ഞെടുത്തത്. റൂമിലെത്തി കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും എനിക്കും കുഞ്ഞിനുമുള്ള ഭക്ഷണം എത്തിയിരുന്നു. ഉച്ച കഴിഞ്ഞ് ചുറ്റിക്കാണാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞതുകൊണ്ട് ഒന്നു മയങ്ങാമെന്നു കരുതി.
മോനപ്പോഴേക്കും നല്ല ഉറക്കം പിടിച്ചിരുന്നു.
മൂന്നു മണിയായപ്പോൾ ഞങ്ങൾക്ക് പോകാനുള്ള ടാക്സി വന്നിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി.
മോനേയും ഒരുക്കി താഴേക്കിറങ്ങി വരുമ്പോൾ സിനിമകളിൽ കണ്ടിട്ടുള്ള മഞ്ഞയും കറുപ്പും കലർന്ന മുകളിൽ കാരിയർ ഘടിപ്പിച്ച അംബാസിഡറോ പ്രിമിയർ പത്മിനിയോ ഒക്കെയായിരുന്നു മനസിൽ. പക്ഷേ ഞങ്ങളെ കാത്തു കിടന്നിരുന്നത് ഒരു ഇന്നോവയായിരുന്നു.
മാറ്റം പ്രകൃതിനിയമം എന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് മുഷിഞ്ഞ കാക്കി വേഷത്തിനു പകരം തിളങ്ങുന്ന വൃത്തിയുള്ള യൂണിഫോം ധരിച്ച ഡ്രൈവർ ഇറങ്ങി വന്ന് പുറകിലത്തെ ഡോർ തുറന്നു തന്നു.
സീതാമർഹിയുടെ ഹൃദയത്തിലൂടെ, അവൾ പിറവികൊണ്ട മണ്ണിലൂടെ ഒരു യാത്ര..
സീതാമർഹി ഒരു ഗ്രാമമാണ്. കാർഷികവൃത്തി ഉപജീവനമാക്കിയ ജനത. പാതയുടെ ഇരുവശത്തും പാടങ്ങളാണ്. ചോളവും ഗോതമ്പും അരിയും പച്ചക്കറികളും പയറു വർഗ്ഗങ്ങളുമൊക്കെയുണ്ട്. കുളിർ നീരുറവകളും കുഞ്ഞു കുഞ്ഞു വീടുകളുമൊക്കെയായിട്ട് കേരളത്തിനിന്നു അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണസൌന്ദര്യം അപ്പാടെ നൽകി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട് സീതാമർഹിയെ. മണ്ണിനെയും പ്രജകളേയും സ്നേഹിച്ച, രാജാവിന്റെ ആഢംബരങ്ങളുപേഷിച്ച് ഋഷിക്കു തുല്യം ജീവിതം നയിച്ച ജനകന്റെ ആത്മാവുറങ്ങുന്ന മണ്ണിൽ ഇതു തന്നെയല്ലേ പ്രതീക്ഷിക്കേണ്ടതെന്ന് മനസ് ഓർമ്മപ്പെടുത്തി.
മുസ്സാഫർപുർ ജില്ലയുടെ ഭാഗമായിരുന്ന സീതാമർഹിയെ സ്വതന്ത്ര ജില്ലയായി പ്രഖ്യാപിച്ചത് 1972 ഡിസംബർ പതിനൊന്നിന് അന്നത്തെ ബിഹാർ മുഖ്യമന്ത്രി കേദാർ പാണ്ഡെയായിരുന്നു. വളരെയകലെയല്ലാതെ അതിർത്തിക്കപ്പുറം നേപ്പാളിൽ ജനകൻ വാണിരുന്നു എന്നു പറയപ്പെടുന്ന ജനകപുർ ആണ്. നാടിന്റെ വരൾച്ച തന്റെ നിരാസമനോഭാവം കൊണ്ടും സന്താനമില്ലായ്മകൊണ്ടും ഉണ്ടായതാണെന്ന് ഗുരുക്കന്മാരിൽ നിന്നും മനസിലാക്കിയ ജനകൻ പുത്രകാമേഷ്ഠി യാഗത്തിനു ഒരുങ്ങുകയും യാഗാനന്തരം കലപ്പകൊണ്ട് ഉഴുകയും ചെയ്തുവത്രേ. തദവസരത്തിൽ കലപ്പ മണ്ണിലാണ്ടുകിടന്നൊരു മൺ‌പാത്രത്തിൽ തട്ടിയെന്നും അത് പുറത്തെടുത്ത് തുറന്നപ്പോൾ ഒരു പെൺകുഞ്ഞിനെ കിട്ടിയെന്നും സിതം കണ്ടെടുത്ത പെണ്ണായതുകൊണ്ട് സീത എന്ന് പേരിട്ടുവെന്നും പുരാണം.
അവിടുത്തെ കാറ്റിനു പോലും ഒരു രാമായണശീലുള്ളതുപോലെ തോന്നിച്ചു. ടാക്സി ഡ്രൈവർ അമ്പതിനോടടുത്ത ഭോലാറാം എന്ന പേരുള്ള ഒരാളായിരുന്നു. മകളുടെ പ്രാ‍യമുള്ള എന്നെ മാംജി മാംജി എന്നിടയ്ക്കിടയ്ക്ക് വിളിച്ച് അദ്ദേഹം കഥകൾ പറഞ്ഞ് വാചാലനായി. മോൻ യാത്രയിൽ ബഹളമുണ്ടാക്കാതെ നോക്കാൻ ആ മനുഷ്യനു പ്രത്യേക കഴിവുള്ളതുപോലെ തോന്നിയപ്പോഴാണ് വീട്ടിൽ ആരൊക്കെയുണ്ടെന്ന് ചോദിച്ചത്. ഒരു മകളുണ്ടന്നും ഭാര്യ നേരത്തെ മരിച്ചു പോയെന്നുമൊക്കെ അദ്ദേഹം മനസ് തുറന്നു. മകളുടെ കുഞ്ഞിനു എന്റെ കുഞ്ഞിന്റെ പ്രായമുണ്ടെന്നു പറഞ്ഞപ്പോൾ വെറുതേ ഒരു കൌതുകത്തിനു ചോദിച്ചു മകളുടെ ഭർത്താവ് എന്തു ചെയ്യുന്നു എന്ന്. മറുപടി തരാതെ, മോന് എന്റെ ഛായയല്ലല്ലോ സാബ്ജിയുടെ ഛായ ആവും അല്ലേ എന്ന ചോദ്യമാണ് ചോദിച്ചത്. ഞാൻ നിശ്ശബ്ദയായെങ്കിലും യാത്ര അവസാനിക്കും മുമ്പ് അദ്ദേഹം തന്നെ എന്റെ വിഴുങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നു. ഒരു പ്രണയപരാജയത്തിന്റെ ബാക്കി പത്രമാണ് അദ്ദേഹത്തിന്റെ മകൾ ജാനകിയും കുഞ്ഞും. ബന്ധുക്കളെ വിവരമറിയിച്ച് വന്ന് കൂട്ടിക്കൊണ്ട് പോകാമെന്ന് പറഞ്ഞ അയാൾ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. പറഞ്ഞു തീർത്തപ്പോൾ ഭോലാറാമിന്റെ ശബ്ദം ഇടറിയിരുന്നു, പക്ഷേ അത് മറയ്ക്കാൻ അദ്ദേഹം ഉറക്കെ പാടി, “പർദേശിയോംസേ നാ അഖിയാ മിലാനാ... പർദേശിയോം കോ ഹെ എക് ദിൻ ജാനാ..” അർത്ഥമുള്ള പാട്ട്..
സങ്കടം തോന്നി. കാലം മാറിയിരിക്കുന്നു, കഥകളും കഥാപാ‍ാത്രങ്ങളും മാറി. സത്യവാനോട് സൌകര്യപ്പെടില്ലെന്നു സാവിത്രിയും രാമനോട് പോടാന്നു സീതയും പറയാൻ പഠിച്ച കാലം. പക്ഷേ, ശകുന്തളമാർക്ക് ഒട്ടും കുറവില്ല.
ചിന്തകൾക്ക് കടിഞ്ഞാണിട്ട് സീതാമർഹിയുടെ മണ്ണിൽ മനസും കണ്ണുകളും സമർപ്പിച്ചു.
സീതാമർഹിക്ക് ഒരു പുരാണത്തിലെ ഗ്രാമത്തിന്റെ പരിവേഷമാണ് ഇപ്പോഴും. ആശ്രമങ്ങളും ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും പൌരാണികത ഉടയാത്ത പുണ്യസ്ഥലങ്ങളും ഈ പരിവേഷത്തെ അരക്കിട്ടുറപ്പിക്കുന്നു.
കാണാൻ ഏറെ സ്ഥലങ്ങളുണ്ട്, ചെവിയോർക്കാ‍നൊരുപാട് കഥകളും. കുട്ടികളെ പഠിപ്പിക്കുമ്പോൾ സംസ്കൃതഗ്രാമമായ മത്തൂരിനെക്കുറിച്ച് പറഞ്ഞത് മനസിലേക്ക് ഓടി വന്നു, സീതാമർഹിയിലെ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ.
വൃത്തിയും വെടിപ്പുമുള്ള വീടുകൾ ചിത്രപ്പണികൾ കൊണ്ട് അലംകൃതമാക്കിയിരിക്കുന്നു. പുരാതന സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളായ മുറങ്ങളും വട്ടികളും കൃഷി ഉപകരണങ്ങളുമെല്ലാം വളരെ ഭംഗിയായി സൂക്ഷിക്കുന്നു ഓരോ വീട്ടിലും.
ആദ്യം ജാനകി മന്ദിർ കാണാനാണ് പോയത്. നൂറു വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രം. റെയിൽ‌വേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും ഒന്നരകിലോമീറ്റർ അകലത്തിലാണ് ഈ ക്ഷേത്രം. ജനകപുത്രി സീതയെ കണ്ടു കിട്ടിയത് ഇവിടെ നിന്നാണെന്നു പറയപ്പെടുന്നു. അതിന്റെ ഓർമ്മയ്ക്ക് ജനകൻ അവിടെയൊരു കുളം നിർമ്മിച്ചു, അതിപ്പോഴും ജാനകി കുണ്ഡ് എന്ന പേരിൽ അവിടെയുണ്ട് ഈ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായിട്ട്.
-ജാനകീക്ഷേത്രം-
-ജാനകി കുണ്ഡ്-
 അവിടെ നിന്നും പടിഞ്ഞാറോട്ട് ഏകദേശം അഞ്ചു കിലോമീറ്റർ പോയാൽ വീണ്ടും ഒരു ജാനകി ക്ഷേത്രമുണ്ട് പുനൌറ എന്ന സ്ഥലത്ത്. അതും സീതയുടെ ജനനവുമായി ബന്ധപ്പെട്ട ക്ഷേത്രം തന്നെയാണ്. നവമിക്കും വിവാഹ പഞ്ചമിക്കുമാണു ഈ ക്ഷേത്രങ്ങളിലെ ഉത്സവം. അതായത് ഒക്ടോബർ നവംബർ മാസങ്ങൾ. അതിനോടനുബന്ധിച്ച് നടത്തുന്ന കാലിച്ചന്ത കാണാൻ അനേകം വിദേശിയർ എത്താറുണ്ടത്രേ.
-പുനൌറ ക്ഷേത്രം-
 വീണ്ടും ഒരു ഇരുപത് കിലോമീറ്ററോളം പോയിക്കാണും, ഒരു ശിവക്ഷേത്രം കണ്ടു. ഡിയോകുലി എന്നും ധേക്കുലി എന്നുമൊക്കെ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിനു ബന്ധം മഹാഭാരതവുമായിട്ടാണ്.
ഒരു വസ്ത്രാഞ്ചലം ഉലഞ്ഞപ്പോൾ നിലം പൊത്തിയത് ഒരു സാമ്രാജ്യമായിരുന്നു, ഒരു കുലമായിരുന്നു. പെണ്ണൊരുമ്പെട്ടാൽ എന്ന ചൊല്ലിനെ അർത്ഥവത്താക്കിയ ഭാരതകഥ തിരുത്തിക്കുറിച്ച പെണ്ണ്, ദ്രൌപതി എന്ന പാഞ്ചാലി ജനിച്ചത് ഇവിടെയാണത്രേ. ഷിയോഹർ ജില്ലയുടെ ഭാഗമായിരുന്ന ഈ ക്ഷേത്രം സീതാമർഹിയോട് ബന്ധിപ്പിച്ചത് 1994 ൽ ആയിരുന്നു. അവിടുത്തെ മണ്ണിൽ കാലുറപ്പിക്കുമ്പോൾ പാദങ്ങൾ പൊള്ളുന്നുണ്ടായിരുന്നു, ഒരു പെണ്ണിന്റെ പകയുടെ ചൂടാവുമോ? എല്ലാ ശിവരാത്രിക്കും ആകർഷണീയമായ ഒരു മേള ഇവിടെ കൊടിയേറാറുണ്ടത്രേ.
-ഡിയോകുലി-
അതിനടുപ്പിച്ചാ‍ണ് സഭാഗച്ചി ശശൌള എന്ന സ്ഥലം. പണ്ട് മിഥിലയിലെ ബ്രാഹ്മണർ ഒത്തുകൂടിയിരുന്ന് കന്യകമാർക്ക് വിലപേശിയിരുന്ന സ്ഥലം. ഒറ്റവാക്കിൽ പറഞ്ഞാൽ വിവാഹക്കമ്പോ‍ളം. മുന്തിയ വിലയ്ക്ക് ഉറപ്പിക്കപ്പെടുന്ന വിവാഹങ്ങൾ പിന്നീട് ആഘോഷപൂർവ്വം നടത്തപ്പെടും. സ്ത്രീയെ വില്പനച്ചരക്കാക്കിയിരുന്നു മിഥിലയുടെ ആ പരമ്പരാഗത രീതിവ്യവസ്ഥയിൽ മനം നൊന്തു അവിടെനിന്നും നടക്കുമ്പോൾ..
പിന്നെ പോയത് ബോധായൻ സർ കാണാനായിരുന്നു. മഹർഷി ബോധയ അനേകം ഇതിഹാസങ്ങൾ രചിച്ചത് ഇവിടെയിരുന്നാണെന്ന് പറയപ്പെടുന്നു. ഈ മഹർഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ  ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ് സംസ്കൃതം വ്യാകരണത്തിനു അടിത്തറ പാകിയ പാണിനി എന്ന് കരുതപ്പെടുന്നു. മുപ്പത്തിയേഴു വർഷങ്ങൾക്കു മുമ്പ് ദിയോരഹ ബാബ എന്ന സന്യാസി ഇവിടെ ബോധയ മഹർഷിക്ക് ക്ഷേത്രം പണിതു. ഫലങ്ങളാണത്രേ ഈ ക്ഷേത്രത്തിലെ നേർച്ചകാഴ്ചകൾ.
ഇരുട്ട് പരക്കാൻ തുടങ്ങിയതു കൊണ്ടാവും ഇനി യാത്ര അടുത്ത ദിവസമാകാം എന്നു പറഞ്ഞ് ഭോലാറാം തിരക്കു പിടിച്ചു. സ്നേഹത്തിനു മുന്നിൽ എന്നും കീഴടങ്ങാൻ ഇഷ്ടമുള്ളതുകൊണ്ട് ഭോലാറാമിനെ അനുസരിക്കാൻ തീരുമാനിച്ചു. റൂമിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചതു മാത്രമേ ഓർമ്മയുള്ളൂ.. പെട്ടെന്നുറങ്ങി.. അത്രയ്ക്ക് ക്ഷീണമുണ്ടായിരുന്നു.
രാവിലെ മനസറിഞ്ഞതു പോലെ ഭോലാറാമെത്തി കൃത്യം എട്ടു മണിക്ക് തന്നെ. കാറിൽ കയറും മുമ്പ് തന്നെ ഒരു പരിദേവനം സമർപ്പിച്ചു, അത് മകൾ ജാനകിയുടേതായിരുന്നു, പ്രഭാത ഭക്ഷണത്തിനു വീട്ടിൽ ചെല്ലണമെന്ന്. വീണ്ടും കീഴടങ്ങി. പുഞ്ചിരിയോടെ സമ്മതിച്ചു.
മണ്ണും മുളകളും കൊണ്ട് മനോഹരമാക്കിയ കൊച്ചു വീട്. ചുമരൊക്കെ ചിത്രപ്പണികളാ‍ൽ അലംകൃതം. ചെരുപ്പിട്ട് ആ മുറ്റത്തു പോലും ചവിട്ടാൻ തോന്നുന്നില്ല. അത്രയ്ക്ക് ശുദ്ധം.
-ഭോലാറാമിന്റെ വീട്-
 അകത്തേക്ക് ക്ഷണിച്ച് നല്ല ആതിഥേയനായി ഭോലാറാം. നിലത്ത് വിരിയിട്ട ഇരിപ്പിടം. മോനെ അരികത്തിരുത്തി ഞാനുമിരുന്നു. അകത്തു നിന്നും പാദസരത്തിന്റെയും കുപ്പിവളകളുടേയും കിലുക്കം അടുത്ത് വരുന്നതറിഞ്ഞു. ഇളം റോസും പച്ചയും നിറത്തിലെ പരമ്പരാഗത വേഷമണിഞ്ഞഒരു പെൺകുട്ടി, ജാനകി. ഏറിയാൽ ഒരു ഇരുപത്തഞ്ച് വയസ്സ് പ്രായം വരും. അവളുടെ ശിരോവസ്ത്രത്തിന്റെ തുമ്പ് പിന്നിലേക്ക് ഉലയുന്നതു കണ്ടാണ് അവിടേക്ക് നോക്കിയത്. സുദേവിനോളം പ്രായമുള്ളൊരു കുഞ്ഞ്, മൂക്കൊലിപ്പിച്ച്, വിരൽ കടിച്ച്, അത്ഭുതം തുളുമ്പുന്ന കണ്ണുകളോടെ ഞങ്ങളിൽ ദൃഷ്ടി പതിപ്പിച്ച് അവിടെ പതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. മുളന്തണ്ടുകളിൽ പാചകം ചെയ്തെടുത്ത അട പോലത്തെ എന്തോ പലഹാരം, പിന്നെ മുളയിൽ തന്നെ ഉണ്ടാക്കിയെടുത്ത ശർക്കരക്കാപ്പി.
സ്നേഹം ചേർത്തു വിളമ്പിയിട്ടാകണം എല്ലാറ്റിനും അതിമധുരം. പലഹാരമെടുത്ത് നീട്ടി ആ കുഞ്ഞിനെ വിളിച്ചെങ്കിലും അവൻ അമ്മയുടെ നിഴലിൽ നിന്നും മാറാൻ തയ്യാറായില്ല. നിലത്തേക്ക് നോക്കി നിൽക്കുന്ന ജാനകിയുടെ കണ്ണീരുറഞ്ഞ കണ്ണുകളിൽ ഒരു തരം നിരാസഭാവം. പുറത്തേക്ക് നടക്കുമ്പോൾ ഒന്നു തിരിഞ്ഞു നോക്കാതിരിക്കാനായില്ല. അവിടെ ആ അമ്മയും മകനും നിൽ‌പ്പുണ്ടായിരുന്നു, ഏതോ എഴുത്തുകാരൻ മുഴുമിപ്പിക്കാത്ത കഥയിലെ കഥാപാത്രങ്ങളെപ്പോലെ.. സമയത്തിനു വഴങ്ങിക്കൊടുത്തേ മതിയാകൂ എന്ന ബോധം മനസിനെ തിരിച്ചു വിളിച്ചു. പുതുയുഗത്തിലെ ജാനകിയെ വിധിക്കു വിട്ടു കൊടുത്ത് പഴമയിലെ സീതയെ തേടി വീണ്ടും യാത്ര തുടങ്ങി.
സീതാമർഹിക്ക് വടക്കുഭാഗത്തേക്ക് പോയി പടിഞ്ഞാറേക്ക് തിരിഞ്ഞ് മൂന്നു കിലോമീറ്ററിനുള്ളിൽ ഹാലേഷ്വർ സ്ഥാൻ എന്നൊരു ക്ഷേത്രമുണ്ട്. പുത്രകാമേഷ്ഠി യാഗം നടത്തുമ്പോൾ ജനകൻ കണ്ടെത്തിയ ശിവക്ഷേത്രമാണത്.
-ഹാലേഷ്വർ സ്ഥാൻ-
ഒരു നാലു കിലോമീറ്ററുകൾ കൂടി മുന്നോട്ട് പോയാൽ ബഗാഹി ഗ്രാമമായി. അവിടെ നൂറ്റിയെട്ടു മുറികളുള്ളൊരു വലിയ ഹിന്ദു മഠം കാണാം. യാഗങ്ങളെക്കുറിച്ചും അവയ്ക്കായി അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവ ചെയ്യേണ്ട രീതികളെക്കുറിച്ചുമെല്ലാ‍ം ഇവിടെ പഠിപ്പിക്കുന്നുണ്ട്. പഠിക്കേണ്ടവർക്ക് ഇവിടെ തന്നെ താമസിച്ച് പഠിക്കാവുന്നതാണ്. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ഹൈന്ദവ ആചാരത്തെ മൃതിയ്ക്ക് വിട്ടുകൊടുക്കാതെ സൂക്ഷിക്കുന്ന ഏക പാഠശാല.
-ബഗാഹി മഠം-
മുന്നോട്ട് ഒരു പതിനെട്ട് കിലോമീറ്റർ കൂടെപ്പോയാൽ ശുകേശ്വർ സ്ഥാൻ എത്തും. സുഖ്ദേവ് എന്ന മഹാമുനി പൂജിച്ചിരുന്ന ശുകേശ്വരനാഥനായ ശിവന്റെ ക്ഷേത്രം ഇപ്പോഴും അവിടെ പുരാതനപ്രതീകമായി നിലനിൽക്കുന്നു.
പടിഞ്ഞാറോട്ട് തിരിഞ്ഞിടത്തു വന്ന് കിഴക്കോട്ട് യാത്ര ചെയ്താൽ, അതായത് സീതാമർഹിയുടെ വടക്ക് കിഴക്കായി പോയാൽ എട്ടു കിലോമീറ്ററിനുള്ളിൽ ഒരു വലിയ ആൽ‌വൃക്ഷം നില്പുണ്ട്. പന്ഥ് പകർ എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് സീതാദേവി വിവാഹശേഷം അയോധ്യയിലേക്കുള്ള പല്ലക്ക് യാത്രയ്ക്കിടയ്ക്ക് അല്പം വിശ്രമിക്കാൻ ഇരുന്നുവത്രേ, പടർന്നു പന്തലിച്ച ആ ആൽ‌വൃക്ഷത്തിനു ചുവട്ടിൽ.
-പന്ഥ് പകർ-
 ശരിക്കും ആ വൃക്ഷത്തിനു യുഗാന്തരങ്ങളുടെ പ്രായമുണ്ടോയെന്നറിയണമെങ്കിൽ അതിന്റെ തടി മുറിച്ച് പരിശോധനയ്ക്ക് വിധേയമാക്കണം. വാസ്തവം എന്തു തന്നെ ആയാലും പഴം കഥകളുടെ ചൂരും ചൂടൂം ആ മണ്ണിനു പ്രത്യേക വീര്യം കൊടുക്കുന്നു. ഉറച്ച് പതിപ്പിക്കുമ്പോൾ പാദങ്ങൾക്കടിയിൽ മണൽ‌ത്തരികൾ വിറ കൊള്ളുന്നു, ഭർത്തൃഗൃഹത്തിലേക്ക് പോയ ആ നവോഢയുടെ മനസ് ഈ മണൽ‌ത്തരികൾ കട്ടെടുത്തിട്ടുണ്ടാകുമോ? “മാംജി കണ്ണടച്ചു പ്രാർത്ഥിച്ചോളൂ‍, സദാ ഭർതൃസാമിപ്യം ലഭ്യമാക്കും ദേവി”, പിന്നിൽ ഭോലാറാമിന്റെ ശബ്ദം ചിന്തകൾക്ക് കടിഞ്ഞാണിട്ടു. മകൾ ജാനകി ഇവിടെ പ്രാർത്ഥിച്ചിരുന്നില്ലേയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആ മനസ് കുത്തിനോവിക്കാൻ തോന്നിയില്ല.
കുറച്ചു ദൂരത്തിനപ്പുറമാണ് പുപ്രി ഗ്രാമം.  അവിടെ ശിവന്റെ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ട്. ശിവൻ സ്വയം ഹഗേശ്വര നാഥ മഹാദേവനായി ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ആ ക്ഷേത്രത്തിനു ബാബ ഹഗേശ്വരനാ‍ാഥ ക്ഷേത്രം എന്ന പേരും കിട്ടി.
-പുപ്രി ഹഗേശ്വരനാഥ ക്ഷേത്രം-
 അവിടെ നിന്നും കുറച്ചുക്കൂടെ യാത്ര ചെയ്താൽ, അതായത് സീതാമർഹിയിൽ നിന്നും ഏകദേശം ഇരുപത്തിയാറു കിലോമീറ്ററോളം ദൂരത്തായി മുസ്ലീങ്ങളുടെ ഒരു ആരാധനാലയം കാണം, ഗൊരാവുൽ ഷരീഫ് എന്ന പേരിൽ ബിഹാർ ഷെരീഫിന്റേയും ഫുൽ‌വാരി ഷെരീഫിന്റേയും പേരിൽ ഇതൊരു പുണ്യസ്ഥലമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

-ഗൊരാവുൽ ഷരീഫ്-
ഉഴവു ചാലിൽ പിറന്നവളെ കണ്ടു ഏറെക്കുറെ. ഇനിയവൾ മടങ്ങിയതിനെക്കുറിച്ചറിയണം. അപമാനിതയാകുന്ന സ്ത്രീയുടെ പ്രതികരണം എന്തെന്ന് കാണിച്ചു തന്നവൾ, പുൽനാമ്പ് കൊണ്ട് വിശ്വവിജയി രാവണനെ അകറ്റി നിർത്തിയവൾ.. അറിയണം ഇനിയും, തിരികെ മുറിയിലെത്തുമ്പോൾ മനസ് പറഞ്ഞു കൊണ്ടിരുന്നു.
റിസപ്ഷനിൽ വിളിച്ച് അടുത്ത ദിവസത്തെ സുവിധാ എക്സ്പ്രസിലെ ടിക്കറ്റ് ഉറപ്പിച്ചു. ഭോലാറാമിനോട് നേരത്തെ പറഞ്ഞിരുന്നു, ഉച്ചയ്ക്ക് ഒരു മണിക്കാണ് ട്രയിൻ, അതിനു കണക്കാക്കി വിളിക്കാൻ വരണമെന്ന്. രാത്രി സ്വസ്ഥമായിട്ടുറങ്ങി.
രാവിലെ എട്ടുമണിക്ക് തന്നെ എന്റെ സാരഥി തയ്യാറായി എത്തിയിട്ടുണ്ടായിരുന്നു. ഇനി യാത്ര അലഹബാദിലേക്ക്..
വണ്ടി നീങ്ങിത്തുടങ്ങുമ്പോൾ കൈവീശിക്കാണിച്ച് നിൽക്കുന്ന ഭോലാറാം അകന്നുപോകുന്നത് അറിഞ്ഞിരുന്നു. എന്തിനോ നിറഞ്ഞ ആ കണ്ണുകൾ മനഃപ്പൂർവ്വം എന്നവണ്ണം മറവിയിലുപേഷിച്ചു.
സുവിധാ‍ എക്സ്പ്രസ് കൃത്യസമയത്ത് യാത്ര പുറപ്പെട്ടുവെങ്കിലും റെയിൽ‌വേയ്ക്ക് പൊതുവേയുള്ള ചീത്തപ്പേരിനു മാറ്റം വരുത്താതെ കുറച്ച് വൈകി ഏഴു മണിക്കാണ് അലഹബാദ് എത്തിയത്. പുറത്തിറങ്ങി സീതാമർഹി അഥവാ സീതാ സമാഹിത് സ്ഥലിലേക്ക് പ്രീ പെയ്ഡ് ടാക്സി പിടിക്കുമ്പോൾ അകാരണമായൊരു സംശയം ഉള്ളിൽ നീറി, സീതയെന്തേ രാമനോട് ക്ഷമിച്ചില്ല?
അലഹാബാദ് നിന്നും ഗംഗാതീരത്തേക്കുള്ള ഗ്രാന്റ് ട്രങ്ക് റോഡിലൂടെയാണ് യാത്ര. അൻപത്തിയെട്ടു കിലോമീറ്റർ ഉണ്ടെന്ന് ഡ്രൈവർ പറഞ്ഞു. ഒന്നു രണ്ട് മണിക്കൂർ കൊണ്ട് എത്താമെന്നും സൂചിപ്പിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഹാൻഡിയ എന്ന സ്ഥലത്തെത്തി. അവിടെ നിന്നും വളരെ അകലെയല്ലാതെ ഒരു നാലുമുക്കുണ്ട്, സീതാമഢി ചൌരാഹ എന്ന പേരിൽ. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് ഏതാണ്ട് പത്തു പന്ത്രണ്ട് കിലോമീറ്റർ പോകയേ വേണ്ടൂ, സീതാസമാഹിത് സ്ഥൽ എത്തിച്ചേരും. വഴിയിലുടനീളം വഴികാട്ടികൾ സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് വഴിയൊട്ടും പരിചയമില്ലാത്ത ആൾക്കും തെറ്റാതെ എത്തിച്ചേരാൻ കഴിയും.
കുഞ്ഞുള്ള പരിഗണനയിൽ പുരോഹിതരിൽ ഒരാൾ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം താമസിക്കാൻ ക്ഷണിച്ചു. നന്മയുടെ ആ മനസ് കണ്ടില്ലെന്ന് നടിക്കാനായില്ല. പുലർച്ചയ്ക്ക് ക്ഷേത്രത്തിലേക്ക് പോകാമെന്നും ഇപ്പോൾ കുളിച്ച് വിശ്രമിക്കാമെന്നും അദ്ദേഹം നടക്കുന്നതിനിടെ പറഞ്ഞു. സംസ്കൃതം എനിക്ക് മനസിലായില്ലെങ്കിലോ എന്ന ഭയത്തിലാവും പതിയെ പതിയെ ആംഗ്യങ്ങളോട് കൂടിയാണ് അദ്ദേഹം സംസാ‍രിച്ചത്.
മണ്ണുകൊണ്ടുണ്ടാക്കിയ വീട്. ചിത്രപ്പണികൾ ചെയ്ത ചുമരുകൾ. കോലമെഴുതിയ മുറ്റം. തലയുയർത്തി നിൽക്കുന്ന തുളസിത്തറ. ആതിഥേയ ഭർത്താവിന്റെ മനസറിയുന്നവൾ എന്ന് പറയാതെ വയ്യ. അല്ലെങ്കിലെനിക്കും മോനും അത്രയും നല്ല പരിചരണം അവിടെ കിട്ടില്ലായിരുന്നുവല്ലോ.
പിറ്റേന്ന് പുലർച്ചെ കുളിയൊക്കെ കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വല്ലാത്തൊരു ശാ‍ന്തതയാണവിടെ. തിരക്കുകളിൽ നിന്നും അകന്ന് ജനവാസം കുറഞ്ഞ ഗംഗയുടെ തീരത്തിനടുപ്പിച്ച് സ്വച്ഛസുന്ദരമായ സ്ഥലം.
വിശ്വമോഹിനിയുടെ സ്വയംവരത്തിൽ അനുഭവിക്കേണ്ടി വന്ന മനഃക്ലേശത്തിൽ വശം കെട്ട് നാരദൻ വിഷ്ണുവിനെ ശപിച്ചുവത്രേ, രാമാവതാരക്കാലത്ത് അദ്ദേഹത്തിനു പത്നിയെ വേർപെട്ട് ജീവിക്കേണ്ടി വരുമെന്ന്.
ശാപമോ... നിയോഗമോ.. ഉരുകിത്തീർന്നത് ഒരു സ്ത്രീ ജന്മം.
“രാവണൻ കട്ടോണ്ട് പോയ പെണ്ണ്” എന്ന് വിഴുപ്പലക്കുന്ന നാവുകൾക്ക് കീഴടങ്ങി വാത്മീകി ആശ്രമ പരിധിയിലെ വനത്തിലേക്ക് വലിച്ചെറിയുമ്പോൾ ഇക്ഷ്വാകു വംശത്തിന്റെ അനന്തിരപരമ്പരയെ ഉള്ളിൽ ചുമക്കുന്നുണ്ടായിരുന്നവൾ.
ലവനും കുശനും പിറന്നു വീണത് കാട്ടിൽ.
സീതയെ ഉപേഷിച്ച രാമന്റെ കഥകേട്ടു കേട്ട് രാമനോട് ദ്വേഷം വച്ചു പുലർത്തിയ അവരന്ന് അറിഞ്ഞിരുന്നില്ല അത് തങ്ങളുടെ തന്നെ കഥയാണെന്ന്. അതാവണം രാമന്റെ അശ്വമേഥാശ്വത്തെ പിടിച്ചു കെട്ടാനവരെ പ്രേരിപ്പിച്ചത്.
അച്ഛനും മക്കളും പരസ്പരം പോരിനിറങ്ങിയപ്പോൾ ആ അമ്മയ്ക്ക് സത്യത്തിന്റെ മറ നീക്കിക്കൊടുക്കേണ്ടി വന്നു.
വീണ്ടുമൊരു അഗ്നിപരീക്ഷയുടെ നിർദ്ദേശം നാണമില്ലാതെ ആവശ്യപ്പെടുന്ന രാമനു മുന്നിൽ സീത ഭൂമി പിളർന്നു പോയി എന്ന് ഐതീഹ്യം.
ലവനെന്നും കുശനെന്നും പേരായ രാജാക്കന്മാർ ഭാരതവും അഫ്ഘാനിസ്ഥാനിലെ ഹിന്ദുകുഷ് പർവ്വതനിരകൾ വരെയുള്ള പ്രദേശങ്ങളും വാണിരുന്നതായി ചരിത്രം പറയുന്നു. ഇതിൽ കുശന്റെ പരമ്പരയിലാണ് മൌര്യ രാജവംശം വരുന്നതെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തിന്റേയും ഐതീഹ്യങ്ങളുടേയും പുറകേ പോ‍യ മനസ്സ് തിരിച്ചെത്തിയത് ക്ഷേത്രസമുച്ചയത്തിലേക്ക് പ്രവേശിച്ചപ്പോഴാണ്.
തുടക്കത്തിൽ ശിവനിരുപ്പുണ്ട്, ഹിമാലയത്തിൽ തപസിരിക്കുന്നതുപോലെ.
പടിക്കെട്ടുകൾക്ക് മുകളിൽ ശിവൻ, ജഢയിൽ നിന്നും ഗംഗയെന്നപോലെ താഴേക്ക് ഒഴുകി വരുന്നൊരു ജലധാര.
ശിവക്ഷേത്രം
അടിയിലായി ശിവലിംഗപ്രതിഷ്ഠയുള്ള ഒരു ചെറിയ അമ്പലം.
കുറച്ച് മാറി ദീപ് ദാൻ എന്ന സ്ഥലമാണ്, കത്തിനിൽക്കുന്ന അനേകായിരം ദീപങ്ങളുടെ ശോഭയിൽ മുങ്ങി.

ദീപ് ദാൻ
ആഗ്രഹങ്ങളാണവിടെ ദീപങ്ങളായെരിയുന്നത്. കടുകെണ്ണയോ നെയ്യോ ഒഴിച്ച് പതിനഞ്ചോ മുപ്പതോ ദിവസം തുടർച്ചയായി ഇവിടെ വിളക്കുകൾ തെളിയിച്ചാൽ ആഗ്രഹപൂർത്തി വരുമെന്ന് വിശ്വാസം. മനുഷ്യനിലെ മോഹങ്ങളൊടുങ്ങാത്തിടത്തോളം കാലം ഇവിടെ ഈ കെടാവിളക്കുകൾ എരിഞ്ഞുകൊണ്ടേയിരിക്കും.
മുന്നോട്ട് നടന്നാ‍ൽ സീതാദേവിയുടെ ക്ഷേത്രത്തിലെത്താം, സീത ഭൂമിയിലേക്ക് പോയി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് അമ്പലം പണിതിരിക്കുന്നത്. രണ്ടു നിലയുള്ള കെട്ടിട സമുച്ചയത്തെ ചുറ്റി ഒരു വലിയ കുളമുണ്ട്. ഒന്നാം നിലയിലേക്ക് പ്രവേശിച്ചിട്ടുവേണം താഴത്തെ നിലയിലേക്ക് പോകാൻ. ഒന്നാമത്തെ നിലയിലേക്ക് കയറാൻ കുളത്തിനു കുറുകെ ഒരു പാലം പണിതിട്ടുണ്ട്.
സീതാദേവീ ക്ഷേത്രം

ആദ്യ നിലയിലെ പ്രവേശനകവാടം
തൂവെള്ള മാർബിളിൽ കൊത്തിയ ക്ഷേത്രം. അകത്തു മുഴുവൻ ചിത്രപ്പണികളാണ്. ചില്ലു കഷ്ണങ്ങൾ ചേർത്തു വച്ച് നല്ലൊരു ചിത്രപ്പണി ചെയ്തിട്ടുണ്ട് കുംഭഗോപുരത്തിൽ.
കുംഭഗോപുരം
പ്രശാന്തസുന്ദരമായ അന്തരീക്ഷം. ആരും ആരേയും നിയന്ത്രിക്കുന്നില്ല്ല. പൂജാരിമാർ അടക്കി വാഴുന്നില്ലവിടെ. ഭക്തർക്ക് അവരുടെ ഇഷ്ടപ്രകാരം ആരാധന ചെയ്യാം. ഒരു ഭക്തരും അതിനുള്ളിൽ ചൂഷണം ചെയ്യപ്പെടുന്നില്ല. ആരും സംഭാവന ചോദിക്കുന്നില്ല, അതുകൊണ്ട് ത്തന്നെയാവണം അതിനുള്ളിലെപ്പോഴും ആത്മീകതയും ദൈവീകതയും, ശുദ്ധതയും ശാന്തതയുമൊക്കെ നിറഞ്ഞു നിന്നിരുന്നത്. ഏതോ ഗസൽ ഗാനം പോലെ അവിടെയാകെ ഒരു സൌകുമാര്യത തുള്ളിത്തുളുമ്പി നിന്നു.
അകത്ത് കുംഭഗോപുരത്തിനു താഴെ സീതാദേവിയുടെ ഒരു മാർബിൾ പ്രതിമ സ്ഥാപ്പിച്ചിട്ടുണ്ട്. അതിന്റെ പുറകിലത്തെ ഭിത്തിയിൽ പല വർണ്ണങ്ങളിലുള്ള ചില്ലുക്കഷ്ണങ്ങൾ കൊണ്ട് സീതാദേവി ഭൂമി പിളർന്നു പോയ രംഗം മുഴുവൻ ചിത്രീകരിച്ചിട്ടുണ്ട്. വാൽമീകിയും ലവകുശന്മാരും ഹനുമാനും സുഗ്രീവനും ഒക്കെയുണ്ടവിടെ.

ആദ്യനിലയിലെ സീതയുടെ പ്രതിമ
ഒന്നാമത്തെ നിലയിൽ നിന്നും താഴേക്കു നോക്കിയാൽ താഴെ കുളത്തിലെ തെളിഞ്ഞ ജലം കാണാം. അതിൽ ബോട്ടിംഗ് നടത്താറുണ്ട്. ചുറ്റുമുള്ള കുറ്റിക്കാടുകളിൽ നിന്നും മൃഗങ്ങൾ നിർഭയരായി വന്നു ദാഹം ശമിപ്പിച്ചു പോകുന്നുണ്ട്. താറാവും മാനും മയിലും കുരങ്ങന്മാരും പേരറിയാ പക്ഷികളുമൊക്കെ ചേർന്ന് ഭൂമിയേയും അതിലെ ചരാചരങ്ങളേയും അളവറ്റു സ്നേഹിച്ച ഒരു പാവം പെണ്ണിന്റെ ആത്മാവിനോട് കൂറു പുലർത്തി ശാന്തമായ അന്തരീക്ഷം അവിടെ കാഴ്ച വയ്ക്കുന്നു.
താഴത്തെ നിലയിലെത്തിയാൽ അവിടെയും കാണാം വെണ്ണക്കല്ലിൽ കൊത്തി വച്ചൊര‍ു ഭൂമി പുത്രിയെ.

അടിയിലത്തെ നിലയിലെ സീതയുടെ പ്രതിമ
ജീവൻ തുടിക്കുന്ന ആ പ്രതിമ കാഴ്ചക്കാരോട് സംവദിക്കും എന്നു കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. പക്ഷേ ആ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ മനസ് എന്തോ ഒരു നോവറിയും, ഏതു കഠിനഹൃദയവും ഒന്ന് തേങ്ങും, ഒരു തുള്ളിയെങ്കിലും കണ്ണീർ പൊഴിക്കും.
എല്ലാ യുഗങ്ങളിലും സ്ത്രീ പീഢിപ്പിക്കപ്പെടുന്നു. സത്യയുഗത്തിൽ അഹല്യ, ത്രേതായുഗത്തിൽ സീത, ദ്വാപരയുഗത്തിൽ ദ്രൌപതി, ഈ കലിയുഗത്തിൽ നിമിഷം പ്രതി അനേകായിരം കുരുന്നുകൾ..
മുഴുവൻ സ്ത്രീജന്മങ്ങളുടെയും ദുഃഖം ഉൾക്കാമ്പിലേറ്റു വാങ്ങി അവൾ നിൽക്കുന്നു, നിർന്നിമേഷയായി..
മാന്ത്രികനായ ശില്പി അങ്ങേക്ക് നമോവാകം, മനസ് അറിയാതെ മൊഴിഞ്ഞു.
പ്രതിമയുടെ പുറകിൽ രാമായണ കഥകൾ ചിത്രീകരിച്ചിട്ടുണ്ട്. അശ്വത്തെ കെട്ടിയിടുന്നതും ഹനുമാനെ പിടിച്ചു വയ്ക്കുന്നതുമൊക്കെ വളരെ ഭംഗിയായി അവിടെ ചിത്രീകരിച്ചിരിക്കുന്നു. തൊട്ടടുത്ത്, സീത പാതാളത്തിലേക്ക് പോയ ഭാഗം കാണാം.
സീതാദേവിയുടെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നടന്നാൽ കുറച്ച് കിലോമീറ്ററുകൾ ചെല്ലുമ്പോൾ ഒരു ആഞ്ജനേയ ക്ഷേത്രം ഉണ്ട്. അവിടെ പവനപുത്ര ഹനുമാന്റെ നൂറ്റിയെട്ടടി പൊക്കമുള്ള ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
ഹനുമാൻ
സീതാദേവിയുടെ ക്ഷേത്രത്തെ നോക്കിയാണതിന്റെ നിൽ‌പ്പ്. ആ മുഖത്ത് അരുതേ അമ്മേ പോകരുതേ എന്നു യാചിക്കുന്നൊരു മകന്റെ ഭാവം പ്രകടമാണ്. ആ ദീർഘകായ പ്രതിമയ്ക്കു കീഴിൽ ഹനുമാന്റെ ചെറിയ വിഗ്രഹം പ്രതിഷ്ഠിച്ച് യഥാവിധി പൂജകൾ നടക്കുന്നുണ്ട്.
വീണ്ടും മുന്നോട്ട് പോയാൽ ഗംഗാതീരത്തിനടുപ്പിച്ച് വാത്മീകിയുടെ ആശ്രaമം കാണാം, കുറച്ചപ്പുറത്തായി ലവകുശന്മാരുടെ ക്ഷേത്രവും. ഇവിടെ വച്ചാണു അശ്വമേധാശ്വത്തെ ലവകുശന്മാർ പിടിച്ചു കെട്ടിയതെന്ന് പറയപ്പെടുന്നു.
വാത്മീകീ ആശ്രമം

ലവകുശക്ഷേത്രം

മൂന്നു കാരണങ്ങൾ കൊണ്ട് ഇത് സീത ഭൂമിയിലേക്ക് പോയ സ്ഥലമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
1. സീതയെ ഉപേഷിച്ചത് വാത്മീകീ ആശ്രമത്തിനരികെയാണെന്നാണ് രാമായണം പറയുന്നത്. വാത്മീകിയുടെ ആശ്രമം ഇവിടെയാണ്.
2. രാമായണത്തിൽ പറയുന്ന പ്രകാ‍രം ഇത് ഗംഗാനദീ തീരത്താണുള്ളത്, അയോധ്യയിൽ നിന്നും രഥത്തിൽ ഇവിടെത്താൻ ഒരു ദിവസം മതി. വാത്മീകിയുടെ വിവരണത്തിൽ നിന്നും അദ്ദേഹത്തിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നതിവിടെയാണ്, തമസാ നദിയുടേയും ഗംഗാനദിയുടേയും സംഗമ സ്ഥാനത്ത്.
3.രാമചരിതമാനസം എഴുതിയ ഗോസ്വാമി തുളസീദാസ് പ്രകൃതികല്പനകൾക്കനുസരിച്ച് കാശി (വാരണാസി)യിൽ നിന്നും പ്രയാഗി (അലഹബാദി)ലേക്കുള്ള യാത്രാമദ്ധ്യേ സീതാദേവി പാതാളത്തിലേക്ക് പോയ സ്ഥലത്ത് പോയെന്നും മൂന്നു ദിവസം തങ്ങിയെന്നും തന്റെ കവിതാവലി ഉത്തരഖണ്ഡത്തിൽ പറയുന്നുണ്ട്. ബാരിപുർ ദിഗ്പുർ എന്നീ ഗ്രാമങ്ങൾക്കിടയ്ക്കാണു ഈ സ്ഥലമെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു ഗ്രാമങ്ങളും സീതാമർഹിക്ക് അപ്പുറവും ഇപ്പുറവുമായി ഇന്നും അവശേഷിക്കുന്നുണ്ട്.
സീതയെ പിന്നിലുപേഷിച്ച് ഗംഗയുടെ തീരത്തുകൂടെ അല്പം നടന്നു.. 
മടങ്ങുമ്പോൾ ഹൃദയത്തിനു വല്ലാത്ത ഭാരം അനുഭവപ്പെട്ടു. കുഞ്ഞിനെ ഒന്നൂകൂടെ ചേർത്തു പിടിച്ചു, ആർക്കും വിട്ടുകൊടുക്കില്ലെന്ന മട്ടിൽ. എന്തിനായിരുന്നു എന്ന് എത്ര ചോദിച്ചിട്ടും മനസ് ഉത്തരം തന്നില്ല.
താമസിച്ചിരുന്ന വീട്ടിലെത്തി വേഗം കുളിച്ച് വേഷം മാ‍റി യാത്ര പറഞ്ഞിറങ്ങി. അലഹബാദിലേക്ക് പോകാനുള്ള ടാക്സി ആതിഥേയർ തന്നെഏർപ്പാട് ചെയ്തിരുന്നു.
യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞ് പിൻ‌വിളിയെന്തോ കേട്ടപോലെ പുറകിലത്തെ ഗ്ലാസിലൂടെ അകലേക്ക് നോക്കി..
അവിടെ അവൾ....
ഒരു നൊമ്പരമായി...
“എന്നെ വിട്ട് നീ പോവുകയാണോ...?” അവൾ ചോദിക്കുന്നുണ്ടോ..
“കർമ്മകാണ്ഡങ്ങൾ ഇനിയും ബാക്കിയാകുന്നു സഖി, വരാം... ജീവിതഭാരങ്ങളിറക്കി വച്ച്.... നിന്നിലലിയാൻ... നീയാകാൻ.....” നിറഞ്ഞ കണ്ണുകൾ തുടച്ച് മുഖം തിരിക്കുമ്പോൾ മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു.



                                                                &&&&&&&&&&&&&&&&&&&

മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത് ...

Tuesday, June 5, 2018

ഇവൾ... ആത്മസഖി



"സുബ്രുനെ കണ്ടോ മാധവേട്ടാ ?"
പലചരക്കു കടയിൽ സാധനം പൊതിഞ്ഞു കൊടുക്കുന്നതിനിടെ തെല്ലരിശത്തോടെയാണ് ആ തടിച്ചു കുറുകിയ നരയും കഷണ്ടിയും ബാധിച്ച മനുഷ്യൻ പുറത്തേക്ക് എത്തി നോക്കിയത്.
അല്ലെങ്കിലും ആളെങ്ങനെ ദേഷ്യപ്പെടാതിരിക്കും.
തിരക്കുള്ള സമയം.
കടയിൽ സഹായിക്കാനാണെങ്കിൽ ആരുമില്ല.
എല്ലാം കണ്ടിട്ടും കാണാത്തതു പോലെ ഒരുത്തൻ സുബ്രുവിനെ തിരക്കുമ്പോൾ  ആർക്കും ദേഷ്യം വന്നു പോവും. ആവശ്യക്കാരനുണ്ടോ ഔചിത്യം.
ചോദ്യമുതിർത്ത കറുത്തു മെലിഞ്ഞ രൂപം മറുപടിക്ക് കാത്തു നിൽക്കുകയാണ്.
അധികം വൈകിയില്ല.
എന്തൊക്കെയോ മുറുമുറുത്തിട്ട് മാധവേട്ടൻ പറയുന്നത് കേട്ടു , "വീട്ടീന്നിറങ്ങാറില്ലെന്നാ കേൾക്കണേ .ങാഹ് , പറഞ്ഞിട്ട് കാര്യമില്ല സ്ഥിരബുദ്ധി ഇല്ലാത്ത വകയാണല്ലോ".
കൂടുതൽ ചോദ്യങ്ങൾ ഇനിയും ഉണ്ടാവും എന്ന് ഭയന്നിട്ടാവണം മാധവേട്ടൻ  ചാക്കുകൾക്കിടയിൽ മുഖം മറച്ചു.

തുടർച്ചയായി കതകിൽ മുട്ടുന്നത് കേട്ടാണ് കണ്ണ് തുറന്നത്.
സ്ഥലകാലബോധം വീണ്ടു കിട്ടാൻ പിന്നെയും സമയമെടുത്തു.
ഇന്നലെ എപ്പോഴാണ് ഉറങ്ങിയത്?
പുതച്ചിരുന്ന കരിമ്പടം മാറ്റി രണ്ടു കൈപ്പത്തികളും കണ്ണോടു ചേർത്ത് പ്രാർത്ഥിച്ചെഴുന്നേറ്റു.

വാതിൽ തുറന്നപ്പോൾ കണ്ട മുഖം , അമ്പിയുടേതായിരുന്നു.
മാധവേട്ടനിൽ നിന്നും വിവരമറിഞ്ഞുള്ള വരവാണെന്നു തോന്നുന്നു.
"നീയെന്താ പതിവില്ലാതെ ഇത്ര രാവിലെ?"
ചോദ്യം കേട്ട് അമ്പരന്ന് തന്റെ മുഖത്തേക്കും മുറ്റത്തെ ചുട്ടുപൊള്ളുന്ന വെയിലിലേക്കും മാറി മാറി നോക്കുന്ന അമ്പിയെ അവഗണിച്ച് ഒരു കോട്ടുവായുമിട്ട് ഉമ്മറത്തിണ്ണയിൽ പോയി ഇരുപ്പുറപ്പിച്ചു.
"എടാ നീ വല്ലതും കഴിച്ചോ?" വിയർപ്പിന്റെ രൂക്ഷഗന്ധം അമ്പിയുടെ സാന്നിധ്യം വിളിച്ചറിയിച്ചു.
"എന്താടാ പറ്റിയെ, നീയെന്താ ഇപ്പൊ കർമ്മങ്ങൾക്കൊന്നും വരാത്തെ?" പരുപരുത്ത അവന്റെ കൈത്തലങ്ങൾ ചുമലിൽ അമർന്നതറിഞ്ഞിട്ടും അകലങ്ങളിൽ നിന്നും ദൃഷ്ടി പറിച്ചെടുക്കാൻ തോന്നിയില്ല.
മുമ്പ് ആത്മാവ് മാത്രമേ നഷ്ടമായിരുന്നുള്ളൂ.
ഇപ്പൊ മനസ്സും നഷ്ടമായിരിക്കുന്നുവെന്ന് എങ്ങനെ പറയും?

" ഡാ നീ കേൾക്കണുണ്ടോ ? എന്തെങ്കിലും കഴിച്ചാരുന്നോ?"
അവൻ വിടാനുള്ള മട്ടില്ല.
അകലങ്ങളിൽ തന്നെ ദൃഷ്ടി പതിപ്പിച്ച് അലസമായി പറഞ്ഞു, "ഉം ...കഴിക്കണം."
ആത്മാക്കളുടെ വിശപ്പടക്കിയടക്കി സ്വയം വിശപ്പ് അറിയാതെ പോയിരിക്കുന്നുവെന്ന് പറഞ്ഞാൽ ഇവന് മനസിലാവുമോ?
പിന്നെയും അവനെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
അങ്ങകലെ പാതയോരത്തുകൂടെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് തുള്ളിച്ചാടി നീങ്ങുന്ന ഒരു കൊച്ചു സുന്ദരിയിലായിരുന്നു അപ്പൊ കണ്ണും മനസും.
പിന്നെങ്ങനെ അവൻ പറയുന്നത് ശ്രദ്ധിക്കും?

ഒരിക്കലും ഇത്തരമൊരു ഭാഗ്യം തനിക്ക് കിട്ടിയിരുന്നില്ല.
അമ്മയ്ക്ക് എപ്പോഴും തിരക്കായിരുന്നു.
വല്യമ്മേടെ അടുക്കളയിലെ പണി കഴിഞ്ഞാൽ മുറികൾ വൃത്തിയാക്കും.
പിന്നെ തുണി കഴുകലായി.
രാവിന്റെ അന്ത്യയാമങ്ങളിലെപ്പോഴോ നെറുകയിൽ വീഴുന്ന കണ്ണുനീർത്തുള്ളി അമ്മയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
ശുഷ്കിച്ച കൈകൾ മുടിയിഴകൾ തലോടുന്നുണ്ടാവും.
പാതിയുറക്കത്തിൽ ചില ദിവസങ്ങളിൽ കഥ പറയാൻ താൻ ആവശ്യപ്പെടാറുണ്ട്.
അപ്പൊ അമ്മ ഒരു കഥ പറയും, ജീവിതത്തിൽ വിഢിവേഷം കെട്ടിയാടിയ ഒരു ബ്രാഹ്മണകന്യകയുടെ കഥ.
ചുറ്റും അടക്കിപ്പിടിച്ച് പറയുന്ന പരിഹാസങ്ങളിൽ അമ്മയ്ക്ക് പറ്റിയ അബദ്ധം താനായിരുന്നുവെന്ന് തിരിച്ചറിയാനുള്ള പക്വത അപ്പോൾ സ്വന്തമായിട്ടില്ലായിരുന്നു.

സമ്പത്തിന്റെയും ബന്ധുബലത്തിന്റെയും നടുവിൽ നിന്നും ഇഷ്ടപ്പെട്ട പുരുഷന്റെ കൈപിടിച്ചു ഇറങ്ങുമ്പോൾ അമ്മയൊരിക്കലും കരുതിയിട്ടുണ്ടാവില്ല പരാജയത്തിലേക്കാണ് യാത്ര എന്ന്.
അച്ഛനെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ അമ്മയുടെ നിറഞ്ഞു കവിയുന്ന കണ്ണുകളാണ് ഉത്തരം തന്നത്.
തന്റെ വിശപ്പടക്കാൻ ബന്ധുവീട്ടിൽ അടുക്കളക്കാരിയായികൂടേണ്ടി വന്ന അമ്മയുടെ വേദനകൾ കാണാതിരിക്കാനാണ് പകൽ  സമയം മുഴുവൻ പുഴയോരത്തും കന്നുകാലികളെ മേയ്ക്കുന്ന താഴ്വാരത്തുമൊക്കെ കറങ്ങി നടന്നത്.
പിഴച്ചുണ്ടായ സന്തതിയെ കൂടെക്കൂട്ടാൻ സൗഹൃദങ്ങൾ തയ്യാറുമായിരുന്നില്ല.

പതിവ് തെണ്ടലുകൾക്കൊടുവിൽ ഒരു ദിവസം വൈകുന്നേരം അമ്മയ്ക്കും തനിക്കുമായി തല ചായ്ക്കാൻ അനുവദിച്ചുകിട്ടിയിരുന്ന ചായ്‌പിന്റെ വാതിൽക്കലോളം ചെല്ലുമ്പോൾ കണ്ട കാഴ്ച, ഇപ്പോഴും ഒരുൾക്കിടിലത്തോടെയല്ലാതെ ഓർക്കാൻ വയ്യ.
മച്ചിലെ തടിയിൽ മേല്മുണ്ടുകൊണ്ട് തീർത്ത കുരുക്കിൽ തൂങ്ങിയാടുന്ന അമ്മ.
ആ ശരീരത്തിലെ അവസാന ചലനവും നിലച്ചിരുന്നു.
കൈകൾ മാത്രം ഒരല്പം മുന്നോട്ട് നീട്ടിപ്പിടിച്ചിരുന്നു.
ഒരുപക്ഷെ തളർന്നെത്തുന്ന തന്നെ മാറോടു ചേർക്കാൻ അമ്മ ആ നിമിഷത്തിലും ആഗ്രഹിച്ചിട്ടുണ്ടാവും.

എത്ര നാൾ ആ ചായ്പ്പിനകത്ത് ഇരുളും വെളിച്ചവുമില്ലാതെ കഴിച്ചുകൂട്ടിയെന്നറിയില്ല.
ഉമ്മറത്തിണ്ണയിലെ ചാരുകസേരയിൽ അമ്മയുടെ ശരീരത്തെ കൊത്തിക്കുടയാറുണ്ടായിരുന്ന കഴുകൻ കണ്ണുകളും അമ്മ പോയ ദിവസം താനെത്തുമ്പോഴേക്കും ഓടിയകന്ന ഒരു നിഴലും ഉറക്കം കെടുത്തിക്കൊണ്ടേയിരുന്നു. ഒടുവിൽ ഒരു രാത്രിയിൽ ആരോടും പറയാതെ ഇറങ്ങി നടന്നു.
അല്ലെങ്കിലും ആരോട് യാത്ര പറയാൻ?

അകലെ നാൽക്കവലയിൽ വിശ്രമിക്കാറുള്ള കൃഷ്ണന്റെ പടമുള്ള മുഷിഞ്ഞ  തുണിസഞ്ചിയായിരുന്നു ചിന്തകളിൽ നിറഞ്ഞു നിന്നത്.
സഞ്ചി പിടിച്ചിരുന്ന ആ കൈകൾ,
അദ്ദേഹത്തിന്റെ മുഖം...
പകലുകളിൽ തെണ്ടലുകൾക്കിടയ്ക്ക് ശ്രദ്ധിച്ചു തുടങ്ങിയതായിരുന്നു അദ്ദേഹത്തെ.
കണ്ടിട്ടില്ലാത്ത അച്ഛന്റെ മുഖത്തോടു ചേർത്ത് വച്ച് വായിക്കാനുള്ള ധൈര്യം വരെ ആ ബന്ധം നീണ്ടു പോയി.

എന്ത് പണിയാണ് ആൾ ചെയ്യുന്നതെന്നോ എവിടെയാണ് വീടെന്നോ ആരൊക്കെയുണ്ടെന്നോ ഒന്നും അറിയുമായിരുന്നില്ല.
കബനീ നദിയുടെ തീരങ്ങളിൽ കത്തിയെരിയുന്ന ഹോമകുണ്ഡങ്ങൾ ആത്മാക്കൾക്ക് മോക്ഷം കൊടുക്കാനുള്ളവയാണെന്നു ഒരിക്കൽ അമ്മ പറഞ്ഞ് മനസിലാക്കി തന്നിരുന്നു.
ഹോമകുണ്ഡങ്ങൾക്കുമപ്പുറം നിർവ്വികാരതയുടെ മൂടുപടമണിഞ്ഞ് ആ മുഖം കണ്ടിട്ടുണ്ട്.
ഉരുട്ടിവച്ച ബലിച്ചോറുണ്ണുന്നതും പിന്നീട് പരികർമ്മി പുരട്ടിക്കൊടുത്ത എണ്ണ ശിരസ്സിൽ തടവി നദിയിൽ മുങ്ങി നിവരുന്നതും ശ്രദ്ധിച്ചിട്ടുണ്ട്.
പ്രതിഫലമായി കിട്ടുന്ന അടയ്ക്കയും വെറ്റിലയും ഒരു പിടി അരിയുമാണ് ആ സഞ്ചിക്കുള്ളിൽ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

പിന്നാലെ എന്തിനെന്നറിയാതെ കല്മണ്ഡപത്തോളം അനുയാത്ര ചെയ്യുന്ന തനിക്ക് ഒരു മിട്ടായിയും അതിലും മധുരമുള്ളൊരു പുഞ്ചിരിയും സമ്മാനിക്കാൻ അദ്ദേഹമൊരിക്കലും മറന്നിരുന്നില്ല.
കപടതകളുടെയും സ്വാർത്ഥതയുടെയും താന്പോരിമയുടെയും ലോകത്ത് നിഷ്കളങ്കതയുടെ പുഞ്ചിരി ആ മുഖത്ത് മാത്രമേ കാണാൻ കഴിഞ്ഞുള്ളു എന്ന ബോധമാകണം ആ രാത്രിയിൽ കാലുകളെ മണ്ഡപം ലക്ഷ്യമാക്കി നടക്കാൻ പ്രേരിപ്പിച്ചത്.
"ഉണ്ണീടെ അമ്മേടെ ആത്മാവിന്റെ വിശപ്പ് ശമിപ്പിക്കാൻ ഈ വൃദ്ധന് കഴിഞ്ഞില്യാല്ലോ കുട്ട്യേ" എന്ന് പറഞ്ഞ് ചേർത്ത് പിടിക്കുമ്പോ ആ കണ്ണുകൾ നിറഞ്ഞു കവിയുന്നത് കണ്ടിരുന്നു.
പിന്നങ്ങോട്ട് ആ നിഴലിൽ ചവിട്ടിയായിരുന്നു യാത്ര.
എന്നും എപ്പോഴും ആ കൈകൾ തന്നെ ചേർത്ത് പിടിക്കാൻ ശ്രമിച്ചിരുന്നു.
വളർച്ചയുടെ ഘട്ടത്തിൽ, കാലം, അദ്ദേഹത്തിന്റെ തൊഴിലിന്റെ അർത്ഥതലങ്ങളിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.

ഹൈന്ദവ വിശ്വാസപ്രകാരം മരണശേഷം ദേഹം വേർപെടുന്ന ദേഹിക്ക് പ്രേതഭാവമുണ്ടാകും. ഈ പ്രേതഭാവം മാറ്റി ആത്മാവിന്റെ വിശപ്പും ദാഹവും ശമിപ്പിച്ച് വൈതരണി കടത്തിവിടുന്ന ചടങ്ങാണ് പുണ്യോദകം. അത് പുത്രനോ അല്ലെങ്കിൽ പുത്രതുല്യരോ ചെയ്യണമെന്നതും ആചാരം.
ആത്മാവിനു നേരിട്ട് ബലിച്ചോറുണ്ട് വിശപ്പും ദാഹവും ശമിപ്പിക്കാനാവില്ല.
അതിനായി രൂപവും ഭാവവും വെടിഞ്ഞ ആത്മാവിനെ ആവാഹിക്കുന്ന ശരീരങ്ങളത്രേ ശവുണ്ഡികൾ.
നിർവ്വികാരതയിറ്റുന്ന കണ്ണുകളോടെ ഏതൊക്കെയോ ആത്മാക്കൾക്കുവേണ്ടി സ്വയം ആത്മാവ് നഷ്ടപ്പെടുത്തിയ ഹതഭാഗ്യർ.

എന്തുകൊണ്ടോ സ്വന്തം തൊഴിലിലേക്ക് അദേഹമൊരിക്കലും തന്നെ വലിച്ചിഴച്ചില്ല.
പക്ഷെ, മന്ത്രതന്ത്രങ്ങളും പൂജാവിധികളും യഥാവിധി അഭ്യസിച്ചിട്ടും ശവുണ്ഡിയുടെ വളർത്തുമകന് ശാന്തിപ്പണി നൽകാൻ ആരും തയ്യാറായില്ല.
വാർദ്ധക്യം ക്രൂരതകൾ നടമാടിയ ശരീരത്തെ കാവലാൾ എന്ന പോലെ അനുയാത്ര ചെയ്യുക മാത്രമായി തന്റെ കർമ്മം.
ഒരുദിവസം കബനീ നദിയിൽ മുങ്ങി നിവരാൻ പോയ ആ ശരീരം ആത്മാക്കൾക്കൊപ്പം ഒഴുകിപ്പോയി.
വിധി ക്രൂരതകൾ അവസാനിപ്പിച്ചിട്ടില്ലെന്നു തിരിച്ചറിഞ്ഞത് അപ്പോഴാണ്.

വീണ്ടും ഏകാന്തതയുടെ ലോകത്തായി താമസം.

പതിവില്ലാത്ത ബഹളം കുടിലിനു മുന്നിൽ കേട്ട ഒരു ദിവസം..
അന്ന് വിധി പുതിയ നാടകത്തിനു തുടക്കം കുറിക്കുകയായിരുന്നു.
സ്ഥലത്തെ അറിയപ്പെടുന്നൊരാൾ മരണപ്പെട്ടു.
പുണ്യോദക ക്രിയകൾക്ക് പങ്കു പറ്റാൻ ശവുണ്ഡിയെ കിട്ടിയില്ലെന്ന് തടിച്ചു കൂടിയ ആൾക്കാരുടെ    സംസാരത്തിൽ നിന്നും മനസിലായി.
കൂട്ടത്തിൽ പ്രായം ചെന്ന ആഢ്യത്തമുള്ള ഒരാൾ  അടുത്തേക്ക് വന്ന് തോളിൽ കൈ വച്ചു , "മുനിസ്വാമിയുടെ വളർത്തുമകന് ഒന്നും പറഞ്ഞു തരേണ്ട ആവശ്യമില്യാല്ലോ, വരിക."
ഒന്നും മറുപടി പറയാനായില്ല, അനുഗമിക്കാനല്ലാതെ.
അവിടെ പുതിയ വഴിത്തിരിവുണ്ടാവുകയായിരുന്നു ജീവിതത്തിൽ.
ആരോടും പരിഭവം തോന്നിയില്ല, പരാതിയും.
ചതിയുടെയും വഞ്ചനയുടെയും ലോകത്ത് ആത്മാക്കളുടെ കൂട്ട് തന്നെയാണ് നല്ലത് എന്ന് മനസ് തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

കാലം പിടി തരാത്ത യാഗാശ്വത്തെ പോലെ ഭ്രാന്തമായ വേഗതയിൽ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
എത്രയെത്ര ആത്മാക്കൾ വിശപ്പടക്കാൻ ശരീരത്തിലൂടെ കയറി ഇറങ്ങി പോയിരിക്കുന്നു.
കഴിക്കുന്ന ബലിച്ചോറിന്റെ രുചി അറിയാതിരുന്നതും ആത്മാക്കൾക്കുവേണ്ടിയുള്ളതാണെന്ന ബോധം ഉള്ളിൽ ഉണ്ടായിരുന്നിട്ടാവണം.

ആദ്യമൊക്കെ പേടിയായിരുന്നു.
പരികർമ്മിയുടെ നാവിൽ നിന്നും "പ്രേത" എന്ന വാക്കു കേൾക്കുമ്പോഴൊക്കെയും ശരീരം ചെറുതായി വിറച്ചിരുന്നു.
ആത്മാവ് ആവേശിച്ചിട്ടാണെന്നു കരുതിയിട്ടുണ്ടാവണം എല്ലാവരും.
പേടിച്ചിട്ടാണെന്നു തനിക്കുമാത്രമല്ലേ അറിയു.

ഉറക്കം വരാത്ത രാത്രികൾ.
അരികത്ത് ആരെങ്കിലും കിടപ്പുണ്ടോ?
വാതിലുകൾ തന്നെ തുറക്കുന്നുണ്ടോ?
ഒരു പാദസരത്തിന്റെ ഒച്ച കേൾക്കുന്നുണ്ടോ?
ആരെങ്കിലും പതിയെ ചിരിക്കുന്നുണ്ടോ?
പാലപ്പൂവിന്റെ ഗന്ധം പരക്കുന്നുണ്ടോ?
ചിന്തകൾ ബോധമണ്ഡലത്തെ കാർന്നു തിന്ന് ഉറക്കത്തെ അകറ്റി നിർത്തി.

കബനീ നദിയിൽ മുങ്ങി നിവരുമ്പോൾ ശരീരത്തിൽ ആവേശിച്ച ആത്മാവ് തൃപ്തിയോടെ ഒലിച്ച് പോകുമെന്നും വൈതരണി താണ്ടി മോക്ഷപദം പ്രാപിക്കുമെന്നും വിശ്വാസം.
ഓരോ തവണ മുങ്ങി നിവരുമ്പോഴും ശരീരം ഭാരമൊഴിഞ്ഞതുപോലെ തോന്നിയിരുന്നത് ഒരുപക്ഷെ ഈ ചിന്തകൾ മനസ്സിനെ അടക്കിഭരിച്ചിട്ടാവണം.
കാറും കോളും അടങ്ങി പിന്നെയെപ്പൊഴോ ചിന്തകൾ ശാന്തമായി, മനസ്സും.
അതിഥിയായി വന്ന നിർവികാരത ഉള്ളിന്റെയുള്ളിൽ സ്ഥിരതാമസമാക്കി.

ആത്മാക്കൾക്കുവേണ്ടി മാറി മാറി കൂടൊരുക്കിക്കൊണ്ടേയിരുന്നു.
അവർക്കുവേണ്ടി ഭക്ഷിച്ചു,
അവർക്കുവേണ്ടി സ്നാനം ചെയ്തു...

ചിന്തകൾ കൂടുകെട്ടിയ ലോകത്ത് വിഹരിച്ചിട്ടാവണം അമ്പിയുടെ ചോദ്യങ്ങളും നിരാശയോടെയുള്ള മടക്കവും ഒന്നും അറിഞ്ഞതേയില്ല.
വാതിലിനപ്പുറത്തെ കുപ്പിവളക്കിലുക്കമാണ് സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.
പതിയെ എഴുന്നേറ്റ് അകത്തേക്ക് നടന്നു.
വാതിൽ കടക്കുമ്പോൾ പറഞ്ഞു , നീ എവിടെയെന്നു ഇപ്പൊ ഓർത്തതേയുള്ളു.
"ഉം, ഞാൻ കാരണം......" മുത്തുമണികൾ കിലുങ്ങുന്നതുപോലെ ...
അവൾ സംസാരം പാതിയിൽ നിർത്തി.
"ഹേയ് , നീയൊന്നുമല്യാ ,,,ഞാൻ... ഞാനിങ്ങനെയൊക്കെയാണ്. ചിലപ്പോ  കർമ്മങ്ങൾക്ക് പോകും. ചിലപ്പോ പോകില്യാ .."

തിടുക്കത്തിൽ കട്ടനിട്ടു.
കലം കഴുകി വെള്ളം വച്ച് അരിയുമിട്ടു.
"കഞ്ഞി കാലാകുമ്പോ കഴിച്ചോളൂട്ടോ, ഞാൻ വരാനല്പം വൈകും.."

വേഷം മാറി  പുറത്തേക്കിറങ്ങി ഗേറ്റ് കടക്കുമ്പോ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.
വാതിൽപ്പാളിയിൽ കുപ്പിവളയിട്ട നീണ്ടവിരലുകളുള്ള ആ കൈകൾ...
എന്തിനോ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു.
തന്നെയും കാത്തിരിക്കാനൊരാൾ...

വെയിലിന്റെ ചൂട് ശല്യപ്പെടുത്താത്തത് അവളുടെ ചിന്തകളുടെ കുളിരു കുട പിടിച്ചിട്ടാവും.
മനസിന് ലക്ഷ്യമില്ലായിരുന്നെങ്കിലും പാദങ്ങൾക്കതുണ്ടായിരുന്നു.
കബനീ നദിയുടെ തീരത്താണ് അവ വിശ്രമിച്ചത്.

ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിലിരുന്നു...
സൂര്യന്റെ ചൂടിൽ വായുവിലേക്കുയർന്നു നൃത്തം വയ്ക്കുന്നുണ്ടോ നദിയുടെ കുഞ്ഞലകൾ?
അതോ ഒക്കെയും തന്റെ തോന്നലുകളാണോ?
ഇതുപോലൊരു തോന്നലുകൾക്കൊടുവിലാണ് അവൾ ജീവിതത്തിലേക്ക് കടന്നു വന്നത്.

മനസ് മരവിച്ച കർമ്മങ്ങൾ.
ഉറക്കത്തിലെന്നപോലെയാണ് പരികർമ്മിക്ക് മുന്നിലിരിക്കുന്നത്..
അബോധത്തിനും ബോധത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരം.

ഇടയ്ക്കൊരു ദിവസം യാദൃശ്ചികമായിട്ടാണ് ഒരു തേങ്ങൽ കേട്ടത്.
ബന്ധുക്കളുടേതാകും എന്ന ചിന്തയിൽ ആദ്യം അത് അവഗണിച്ചു.
പക്ഷെ തൊട്ടടുത്ത് വീണ്ടും വീണ്ടും മൺപാത്രം വീണുടയും പോലെ ആ തേങ്ങൽ ആവർത്തിച്ചപ്പോൾ പാതിയടഞ്ഞ കണ്ണുകൾ തുറന്നു നോക്കി.
അടുത്തെങ്ങും ബന്ധുക്കളെ കണ്ടെത്താനുമായില്ല .
പിന്നെ ആരാണ്....?

കണ്ണുകൾ തുറന്നു പിടിച്ചു.
അധികം തിരയേണ്ടി വന്നില്ല.
ഹോമകുണ്ഡത്തിനടുത്ത് അവിടവിടെ പിച്ചിക്കീറിയ ചുവന്ന ചേല  ചുറ്റി അഴിഞ്ഞുലഞ്ഞ കേശഭാരവുമായി ഒരു പെൺകുട്ടിയിരിക്കുന്നു .
ഉയർത്തി മടക്കിവച്ച കാൽമുട്ടുകളിൽ കൈകൾ കൊണ്ട് താങ്ങുണ്ടാക്കി അതിലവൾ സ്വന്തം മുഖം മറച്ചിരിക്കുന്നു.

കർമ്മം തീരുവോളം മൗനം അവലംബിക്കേണ്ടവനാണെന്നു അറിഞ്ഞു കൊണ്ട് തന്നെ ചോദിച്ചു, "ആരാ...എന്താ...?"
മറുപടിക്ക് നിരാശയനുഭവിച്ചപ്പോൾ ചോദ്യം ഒന്നുകൂടെ ശക്തമാക്കി.
"ആരാണ്... ചോദിച്ചത് കേട്ടില്യെ ? കുട്ടിയെന്തിനാ കരേണെ?"

അവൾ മുഖമുയർത്തി ഒന്നു നോക്കി.
നെഞ്ചിനുള്ളിലൂടെ ഒരു വൈദ്യുതതരംഗം പാഞ്ഞുപോയതുപോലെ തോന്നി.
കരഞ്ഞുകലങ്ങിയ കണ്ണുകൾ...
മാഞ്ഞു കിടക്കുന്ന കുങ്കുമം ..
കവിളിലും നെറ്റിയിലും കഴുത്തിലുമൊക്കെ നഖക്ഷതങ്ങൾ..
ചുണ്ടുകൾ കരിനീലിച്ച് നീര് വച്ചിരിക്കുന്നു..

അകലേക്ക് നോക്കി അവൾ പറഞ്ഞു, " ഞാൻ ഗൗരി"
"കുട്ടി എന്താ ഇവിടെ...?"
വിടാൻ ഭാവമില്ലാതെ താനും.
" ഞാൻ... എന്നെയാണ് അങ്ങിപ്പോ അങ്ങയിലേക്ക് ആവാഹിക്കുന്നത്..."

അറിയാതെ ഉടലൊന്നു വിറച്ചു.
ഇങ്ങനൊരു അവസ്ഥ സ്വപ്നം കണ്ട് ഉറങ്ങാതിരുന്ന എത്രയെത്ര രാത്രികൾ...
ഇപ്പൊ ഇതാ അത് യാഥാർഥ്യമായിരിക്കുന്നു.
കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

ആത്മാക്കളോട് മൗനം മാധ്യമമാക്കി സംസാരിക്കാമല്ലോ.
"കുട്ടിയെങ്ങനെ.... ഇവിടെ...?"
ചോദ്യത്തിന്റെ ബാക്കി വിഴുങ്ങേണ്ടി വന്നു.
നീണ്ടു നിന്നൊരു തേങ്ങലായിരുന്നു മറുപടി.
ഒടുവിൽ ആ തേങ്ങൽ നേർത്തു നേർത്ത് ഇല്ലാതായപ്പോൾ അവൾ സംസാരിച്ചു, ചിലമ്പിച്ച ശബ്ദത്തിൽ..

തഞ്ചാവൂരിനടുത്തുള്ള ഒരു ഊരുഗ്രാമത്തിലെ യജമാനന്റെ പൊന്നോമനപുത്രി.
അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെ അവളെ പൊന്നുപോലെ അദ്ദേഹം വളർത്തി .
സമ്പത്തും ഐശ്വര്യവും ബന്ധുബലവും സൗന്ദര്യവും ഒക്കെ കൊണ്ട് വേണ്ടുവോളം അനുഗ്രഹിക്കപ്പെട്ടിരുന്നു അവൾ.

അഗ്രഹാരത്തിന്റെ കോലമെഴുതിയ തെരുവീഥികളിലൂടെ ഒരു പൂമ്പാറ്റയെപ്പോലെ അവൾ ഓടി നടന്നു .

ഒരിക്കൽ കുളി കഴിഞ്ഞ് കടവിലെ പടവുകൾ കയറുമ്പോൾ തന്നെത്തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ നിന്നുമാണ് തന്റെ ബാല്യം യൗവനത്തിനു വഴിമാറിക്കൊടുത്ത വിവരം അവൾ വായിച്ചെടുത്തത്.

അകലെയെങ്ങുനിന്നോ ജോലി തേടി വന്ന ചെറുപ്പക്കാരൻ.
അവഗണനയിൽ നിന്നും അവളുടെ മനസ് കൗതുകത്തിലേക്ക് ചുവടുമാറ്റിയത് അവൾ പോലും അറിയാതെയായിരുന്നു.
പിന്നെപ്പോഴോ അതിനു പ്രണയത്തിന്റെ പരിവേഷവും ചാർത്തിക്കിട്ടി.

" നീ കൃഷ്ണശിലയാണ്.. ഞാൻ ശില്പിയും.. നീയെന്ന വിഗ്രഹത്തിന് രൂപം നൽകുകയാണ് ഞാനിപ്പോ.. പക്ഷെ, നിനക്ക് ദൈവീകപരിവേഷം കൈവരുമ്പോൾ ഞാൻ തീണ്ടാപ്പാടകലത്തിലേക്ക് മാറ്റപ്പെടില്ലേ..? "
നെഞ്ചത്ത് മുഖമമർത്തി തന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുന്ന അവളുടെ മുടിയിഴകളെ തലോടി അവൻ ചോദിച്ചു.
രോമനിബിഢമായ നെഞ്ചിൽ വിലപ്പെട്ടതെന്തോ തിരയുന്ന തന്റെ കൈവിരലുകൾ പിൻവിളിക്കാതെ അവൾ അമർത്തിച്ചിരിച്ചു.

ഉഗ്രവിഷമുള്ള സർപ്പങ്ങൾ കാവൽ നിൽക്കുന്ന കാവുകൾ അവരുടെ സമാഗമങ്ങൾക്ക് ശയ്യയൊരുക്കി സാക്ഷ്യം വഹിച്ചു.

പോയ് വരാം എന്ന പാഴ്വാക്കിൽ പടി കടന്നു പോയ കാൽപാദങ്ങൾ തിരികെയെത്താൻ ഉമ്മറപ്പടിയിൽ നിലവിളക്ക് കെടാവിളക്കായെരിച്ചവൾ കാവലിരുന്നപ്പോൾ ഉള്ളിന്റെയുള്ളിൽ അവന്റെ ജീവന്റെ അംശം കൈകാലിളക്കുന്നുണ്ടായിരുന്നു.

സമൂഹത്തിന്റെ തീഷ്ണതയേറിയ ദൃഷ്ടിയിൽ നിന്നും ഒന്നും ഏറെക്കാലം ഒന്നും മറച്ചുപിടിക്കാനാവില്ല..
സ്മാർത്തവിചാരങ്ങൾ അരങ്ങേറി..
നീതിവിസ്താരങ്ങൾക്കൊടുവിൽ അദ്ദേഹത്തിന് പൊന്നോമന പുത്രിയെ നിറകണ്ണുകളോടെ ഊരുവിലക്കേർപ്പെടുത്തി നട  തള്ളേണ്ടി വന്നു.

പുറമ്പോക്കിൽ അവിൽ വിൽക്കുന്ന വൃദ്ധയായൊരമ്മ അവൾക്ക് അഭയം കൊടുത്തു..
വൈഷമ്യങ്ങൾ സഹിച്ച് കൊടും വേദനയിൽ ഒരു കുഞ്ഞിനവൾ ജന്മമേകി.
വിധി ക്രൂരതയുടെ കളികൾ അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല.
അവളെയും കുഞ്ഞിനേയും ഒറ്റയ്ക്കാക്കി ആ അമ്മ ദൈവത്തിന്റെ വിളിപ്പുറത്തേക്ക് വിടവാങ്ങി.

പിന്നങ്ങോട്ട് അവളുടെ രാവുകൾക്ക് നിദ്രയുടെ തണലുണ്ടായില്ല.
ഇളകിയാടുന്ന ചെറ്റപ്പുരയുടെ വാതിലിനു നേരെ തുറിച്ച കണ്ണുകളുമായി കുഞ്ഞിനേയും ചേർത്തുപിടിച്ചിരുന്നു നേരം വെളുപ്പിക്കാൻ അവൾ ശീലിച്ചു .
പുറത്തിറങ്ങിയാൽ കൊത്തിക്കീറുന്ന കണ്ണുകളും അശ്ലീലച്ചുവയുള്ള സംസാരങ്ങളും.
കണ്ണും കാതും മനസും കൊട്ടിയടച്ച് ഒരു ജീവിതം.

കുഞ്ഞിന്റെ പിതൃത്വം ചൂണ്ടിക്കാണിക്കാൻ കഴിയാത്തവൾ,
പേരിനു പോലും ഒരു  പുരുഷന്റെ തണലില്ലാത്തവൾ,
കുടുംബ ബന്ധങ്ങൾ ഒറ്റപ്പെടുത്തിയവൾ...
അവളെന്നും സമൂഹത്തിന്റെ കളിപ്പാവയാണ്..

ഒരിക്കൽ ഒരുത്തനു മുന്നിൽ ശരീരം കാഴ്ചവച്ചതുകൊണ്ട് അവളുടെ ശരീരത്തിലേക്കാണ് സമൂഹത്തിന്റെ വൃത്തികെട്ട കണ്ണുകൾ എപ്പോഴും ലക്‌ഷ്യം വയ്ക്കുക.
അവളോട് എന്തും ആവാം എന്ന മനോഭാവം..
ചോദിക്കാൻ അവകാശമുള്ള പുരുഷനില്ല,
ബന്ധുക്കളുമില്ല..
പിന്നെന്തായിക്കൂടാ?

അളന്നു ചിട്ടപ്പെടുത്തിയ നാഴികവിനാഴികകൾക്കുമപ്പുറം അവൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചു.

രാവിന്റെയിരുളിൽ ആ കുടിലിൽ നിന്നും കുറ്റിക്കാട്ടിലേക്ക് അവൾ വലിച്ചിഴയ്ക്കപ്പെട്ടു.
കാമവെറിയുടെ പേക്കോലങ്ങൾ പുലരുവോളം നർത്തനമാടിയ ആ ശരീരം പുലർച്ചെ നിശ്ചേതനമായിരുന്നു..
കീറിപ്പറിച്ച ആ പെണ്ണുടലിനരികിൽ മുലപ്പാലിനായി മുറവിളി കൂട്ടുന്ന ഒരു കൊച്ചുകുഞ്ഞിന്റെ ചിത്രം ഹൃദയമുള്ളവരെ കരയിപ്പിച്ചുവെങ്കിലും സമൂഹത്തിന്റെ കണ്ണിൽ കണ്ണീരു വരുത്തിയില്ല.

മകളുടെ ദാരുണമായ അന്ത്യം  ഒരുപക്ഷെ ആ പിതാവിനെ ഒരു മനംമാറ്റത്തിന് പ്രേരിപ്പിച്ചിരിക്കണം.
എതിർപ്പുകൾ മറി കടന്നു മകളുടെ ശരീരം വിധിപൂർവ്വം ദഹിപ്പിക്കാനും മകളുടെ കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി...

പറഞ്ഞു തീർത്ത് അവൾ പൊട്ടിക്കരഞ്ഞു..
"ഞാൻ ചെയ്ത തെറ്റെന്തായിരുന്നു? ഒരാളെ വിശ്വസിച്ചതോ അയാൾക്ക് ജീവിതം സമർപ്പിച്ചതോ...?"
അവൾ ചോദ്യങ്ങൾ ആവർത്തിക്കുമ്പോൾ കണ്ണുകൾ അങ്ങകലെ ഏതോ ബന്ധുവിന്റെ കയ്യിലിരുന്ന് കൈകാലുകൾ ഇളക്കുന്ന കുഞ്ഞിലായിരുന്നു..
അവനു തന്റെ ഛായ ഉണ്ടോ?

"നിനക്കായ് ഞാനെന്താണ് ചെയ്യേണ്ടത്?" മൗനം വാചാലമായി..
"എനിക്ക് എന്റെ കുഞ്ഞിനെ വിട്ട് മടങ്ങുക വയ്യ... അങ്ങെന്നെ വൈതരണി കടത്തി വിടരുത്.. ഒരമ്മയ്ക്ക് മോക്ഷത്തിലും വലുതാണ് മാതൃത്വം.."

മറുപടിക്ക് വാക്കുകൾ തിരഞ്ഞു..
ഇല്ല ഒന്നും പറയുക വയ്യ..

പരികർമ്മി ആവർത്തിച്ചാവർത്തിച്ച് പ്രേത പ്രേത എന്ന് പറഞ്ഞ് ആത്മാവിനെ തന്നിലേക്കാവാഹിക്കാൻ ശ്രമിക്കുന്നു..
കർമ്മങ്ങൾ പരിസമാപ്തിയിലോട്ടടുക്കുകയാണ്..
"എന്നിലേക്ക് പോന്നോളുക... ഞാൻ നിന്നെ ജലത്തിന് വിട്ടുകൊടുക്കാതിരിക്കാം, പോരെ?"
എങ്ങനെയോ പറഞ്ഞൊപ്പിക്കുകയായിരുന്നു..

കുറച്ചുനേരം തന്നെത്തന്നെ നോക്കിയിരുന്നവൾ മെല്ലെ മെല്ലെ അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി...
അവൾ താനെന്ന കൂട്ടിലേക്ക് ചേക്കേറിയിരിക്കുന്നു..

നെറുകയിൽ എണ്ണ തൊട്ട് പരികർമ്മി ബലിച്ചോറു വിളമ്പി..
പതിവില്ലാതെ അന്നത്തെ ചോറിനു നല്ല രുചി തോന്നി...
ആസ്വദിച്ച് കഴിച്ചുവെന്ന് തന്നെ പറയാം...
സ്നാനത്തിനു നദിയിലിറങ്ങുമ്പോൾ ശിരസ്സ് പൂർണ്ണമായും മുങ്ങാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചു.
അവളെ വിട്ടുകൊടുക്കരുതെന്ന് മനസിലിരുന്നു ആരോ പറയുന്നുണ്ടായിരുന്നോ?

നാളുകൾ ഏറെ കഴിഞ്ഞു പോയിരിക്കുന്നു..
ജീവിതത്തിലെ അവിഭാജ്യ ഘടകമായി അവൾ മാറിയത് എങ്ങനെയായിരുന്നു?

ആദ്യമാദ്യം തന്നോടുണ്ടായിരുന്ന ഭയം മാറ്റി അവൾ തന്നിലേക്കു അവളുടെ സ്വാതന്ത്ര്യം മുദ്ര കുത്തിത്തരികയായിരുന്നു.
അവളില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല.
നിലത്ത് പായ വിരിച്ച് കിടന്നവൾ എത്ര പെട്ടെന്നാണ് തന്റെ ഹൃദയത്തിനു മേലെ ഇടം കണ്ടെത്തിയത്..
അവളെ നെഞ്ചോട് ചേർത്ത് കിടത്തിയില്ലെങ്കിൽ ഇപ്പൊ ഉറക്കം വരില്ലെന്ന അവസ്ഥ വരെ ആയിരിക്കുന്നു...

പ്രണയം, അതിന്റെ എല്ലാ ഭാവങ്ങളോടും കൂടെ അവളെന്നെ പെണ്ണിൽ നിന്നും തന്നിലേക്ക് അനസ്യുതം ഒഴുകിക്കൊണ്ടേയിരിക്കുന്നു..
വീട് വിട്ട് അല്ല അവൾ അവളെ വിട്ട് പുറത്തേക്ക് പോകാൻ തന്നെ ഇപ്പൊ മടിയാണ്..
കർമ്മങ്ങൾക്ക് പോയാൽ തിരികെയെത്താനാണ് തിടുക്കം..
കാത്തിരിക്കാൻ ഒരാളുണ്ടെന്ന തോന്നൽ തന്നെ എത്ര സുഖമാണ്..

വഴിയേ നടന്നു പോകുന്ന പെണ്ണുങ്ങളെ അവൾ കാണെ നോക്കിനിൽക്കാനും അതുകണ്ട് അവളുടെ മുഖം ചുവക്കുന്നത് കാണാനും ഒരു പ്രത്യേക അനുഭൂതി തന്നെയാണ്...
താനവൾക്ക് സ്വന്തം എന്ന് അടിവരയിട്ടുകൊണ്ടുള്ള അവളുടെ സ്വാർത്ഥത..

അവളുടെ മടിയിൽ തല ചായ്ച്ചു കിടക്കുമ്പോൾ ഈ ലോകത്തുള്ള ഒരു സമസ്യയും തന്നെ ബാധിക്കില്ലെന്ന വിശ്വാസമാണ്...
അവളിലെ സ്നേഹം നിറച്ച മനസ്സ് ഒരുപക്ഷെ ആരും കാണാതെ പോയത് തനിക്കുവേണ്ടിയായിരിക്കും..
ഈ ജന്മം മാത്രമല്ല ഇനിയുമെത്ര ജന്മങ്ങൾ പിറന്നാലും അവളെ വിട്ടുകൊടുക്കാൻ വയ്യ...

ചിന്തയിൽ മുഴുകിപ്പോയ മനസിനെ വിളിച്ചുണർത്തിയത് അവൾ തനിച്ചാണെന്ന ബോധമായിരുന്നു..
ഉമ്മറപ്പടിയിൽ അവളെ കണ്ടപ്പോഴാണ് മനസ് ശാന്തമായത്..
അവളെയും ചേർത്തുപിടിച്ചു അകത്തേക്ക് നടക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്ന് അഹങ്കാരം തോന്നിയിരുന്നു..

രാവു പുലർന്നതറിഞ്ഞില്ല.
അല്ലെങ്കിലും അവൾ നെഞ്ചത്ത് നിന്നടർന്നു പോകുമ്പോഴാണ് ബോധം ഉണ്ടാകുന്നത്...
കണ്ണുകൾ തിരുമ്മിയെഴുന്നേറ്റു..
കുളി കഴിഞ്ഞ് ഈറനോടെ ചൂട് പറക്കുന്ന കാപ്പിയുമായി അവൾ മുന്നിൽ...
ഇതിലും നല്ല കണി വേറെന്താണ്...

പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് വീടുപണികളിൽ വ്യാപൃതനായപ്പോഴാണ് കതകിൽ നിറുത്താതെയുള്ള മുട്ടു കേട്ടത്..
ആരെങ്കിലും കർമ്മങ്ങൾക്ക് വിളിക്കാൻ വന്നതാവും..
പ്രതീക്ഷ തെറ്റിയില്ല..
മുന്നിൽ പരികർമ്മിയുടെ സഹായി..
"ഗുരുനാഥൻ വിളിക്കാണ്‌ .. കർമ്മമുണ്ട്."
പോണം ..മനസ് പറഞ്ഞു..
ചെലവുകൾക്ക് ഉത്തരം വേണമല്ലോ..

വേഗം റെഡിയായി നടന്നു...
പതിവുള്ള തിരിഞ്ഞു നോട്ടം മറന്നതുമില്ല.

കബനീ നദിക്കരയിലെത്തിയപ്പോൾ ഹോമകുണ്ഡം ഉയർന്നിരുന്നു..
അഗ്നിക്ക് മുന്നിലിരുന്നിട്ടാണ് പരികർമ്മിക്ക് സമീപം നിൽക്കുന്ന ആളിനെ നോക്കിയത്..
ശരിക്കും ഞെട്ടി എന്ന് തന്നെ പറയണം..
അവളുടെ അച്ഛൻ..
നോട്ടത്തിനു ചോദ്യഭാവം ഉണ്ടെന്നു മനസിലാക്കിയിട്ടാവണം പരികർമ്മി ആരോടെന്നില്ലാതെ പറഞ്ഞു, " മോക്ഷം കിട്ടീട്ടില്യാത്രേ കുട്ടിക്ക്... ശക്തമായ കർമ്മങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു.."
എങ്ങനെ കിട്ടാൻ...?
അവളിപ്പോ തനിക്കൊപ്പമല്ലേ..

വേണ്ട.. ഒന്നും വേണ്ട... അവളെ തന്നിൽ നിന്നും പറിച്ചെടുക്കല്ലേ...
മനസ്സ് വിലപിച്ചുകൊണ്ടേയിരുന്നു..
ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ഓടണമെന്നുണ്ട്,
പക്ഷെ, സാധിക്കുന്നില്ല...
വയ്യ അവളെ വിട്ടു കൊടുക്കാൻ വയ്യ...
ദൈവമേ ഇതെന്തൊരു പരീക്ഷണം...

കൂടുതൽ ഹവിസ്സ് പകർന്ന് അഗ്നി ജ്വലിപ്പിച്ച് രക്തപുഷ്പങ്ങൾ അർപ്പിച്ച് പരികർമ്മി കർമ്മങ്ങൾ തുടങ്ങി..

കണ്ണുകൾ അങ്ങകലെ അടച്ചിട്ട തന്റെ കുടിലിനു നേരെ ആയിരുന്നു..
ഇവിടെ മന്ത്രങ്ങൾക്ക് ശക്തികൂടുന്നു..
ഏതു നിമിഷവും തന്റെ കുടിലിന്റെ വാതിൽ തുറക്കപ്പെടും..
അവൾക്ക് ഇവിടേക്ക് വരേണ്ടി വരും..

പ്രതീക്ഷകൾ തെറ്റിയില്ല...
അതാ തന്റെ കുടിലിന്റെ വാതിൽ ആരോ തള്ളിത്തുറന്നതുപോലെ...
അകത്ത് നിന്നും പൊട്ടിക്കരച്ചിലോടെ അവൾ ഓടി വരുന്നുണ്ട്..

തനിക്ക് മുന്നിൽ നിന്ന് കിതപ്പോടെ അവൾ ചോദിച്ചു, "എന്നെ അങ്ങും ചതിക്കുകയാണോ...? എന്റെ സ്നേഹം അങ്ങെയ്ക്കും വേണ്ടാന്നായോ... വിട്ടുകൊടുക്കുകയാണോ വിധിക്ക്?"
കണ്ണുകൾ സാഗരം തീർക്കുന്ന കാഴ്ച...
"ഇല്ല... നിന്നെ വിട്ടു കൊടുക്കാൻ വയ്യ.... നീയില്ലാതെ ഞാനുണ്ടോ ...വരൂ എന്റെ നെഞ്ചോട് ചേർന്ന് നിന്നോളൂ.. ഞാനെന്റെ കരങ്ങൾ കൊണ്ട് നിന്നെ ചേർത്ത് പിടിച്ചുകൊള്ളാം .. ഒരു ശക്തിക്കും വിട്ടു കൊടുക്കാതെ.."

മന്ത്രങ്ങൾ മുറതെറ്റാതെ പരികർമ്മി ഉരുക്കഴിച്ചുകൊണ്ടേയിരുന്നു...
അഗ്നിജ്വാലകൾക്ക് ശക്തി വർധിച്ചു..
അവൾ ഒരു കൊച്ചുകുഞ്ഞിനെയെന്ന വണ്ണം അവനിൽ ഒട്ടിച്ചേർന്നിരുന്നു..

കർമ്മങ്ങൾക്കൊടുവിൽ ബലിച്ചോറു വിളമ്പി അവന്റെ മുന്നിൽ വയ്ക്കപ്പെട്ടു...
രുചിക്കാൻ തോന്നിയില്ല...
വല്ലാത്ത ചവർപ്പ്..
തിരിഞ്ഞ് തുപ്പിക്കളഞ്ഞു..

ഇനി എണ്ണ  തൊടുന്ന ചടങ്ങാണ്..
സ്നാനത്തിനു കടവിലേക്ക് ഇറങ്ങാൻ പരികർമ്മിയുടെ നിർദ്ദേശം അശനിപാതം പോലെയാണ് ചെവിയിൽ പതിച്ചത്..
ഇതാ ആ നിമിഷം...
വിട്ടുകൊടുക്കേണ്ടി വരും തന്റെ പ്രിയപ്പെട്ടവളെ...
നഷ്ടമായേക്കും എന്നുറപ്പുള്ളവയെ നെഞ്ചോട് ചേർത്തുപിടിക്കുന്ന കുഞ്ഞിനെപ്പോലെ അവനവളെ ചേർത്തമർത്തി, തന്നിലേക്ക്...

ഓരോ പടവുകളും ഇറങ്ങുമ്പോൾ അവളൊപ്പമുണ്ടെന്നു അവനുറപ്പ് വരുത്തുന്നുണ്ടായിരുന്നു...
ഒടുവിൽ കമ്പനിയുടെ മാറിലേക്ക് മുങ്ങിനിവരുമ്പോൾ കരയിൽ നിന്ന് പരികർമ്മിയും സഹായിയും എണ്ണുന്നുണ്ടായിരുന്നു ...
ഒന്ന്, രണ്ട് , മൂന്ന്...
മൂന്ന്... മൂന്ന്...
സുബ്രു....

ആരൊക്കെയോ ഒച്ചയിട്ടു...
നദിയിൽ ഒഴുക്ക് കൂടുതലാണ്..
എങ്ങനെ ഇറങ്ങി തപ്പാനാണ്..
ആരൊക്കെയോ പറയുന്നുണ്ടായിരുന്നു...

നിലവിളികളും ബഹളങ്ങളും തീരത്ത് തകൃതിയിൽ നടന്നു..
മുങ്ങൽ വിദഗ്ധർ വന്ന് അവന്റെ ചേതനയറ്റ ഉടൽ തീരത്തടുപ്പിച്ചു..

അപ്പോൾ അങ്ങകലെ ചക്രവാളം നോക്കി രണ്ടിണക്കുരുവികൾ പറന്നുപോകുന്നുണ്ടായിരുന്നു...
ഇനിയൊരു ജന്മം ലക്‌ഷ്യം വച്ച്..

                        *****************************************

ചിത്രം ......ഗൂഗിളിൽ നിന്നും 

Tuesday, March 29, 2016

സൌഭദ്രം..

സുഭദ്രേ....
ഉള്ളിന്റെയുള്ളിൽ ആ‍രോ വിളിക്കുന്നതു പോലെ.
എന്നാണിവൾ നെഞ്ചകം കീഴടക്കിയതെന്നറിയില്ല.
സിവിയുടെ മാനസപുത്രി എന്ന നിലയിലാണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നെപ്പോഴോ ചരിത്രത്തിന്റെ താളുകളിൽ നിന്നും അവൾ ഹൃദയത്തിൽ കുടിയേറി പാർത്തൂ.
യൌവ്വനത്തിന്റെ തുടക്കത്തിൽ അവൾ സിരകളിൽ ലഹരിയായി.
അല്ല്ലെങ്കിലും ഏതു പെണ്ണാണ് കൊതിക്കാത്തത് സുഭദ്രയെപ്പോലെയാകാൻ?
പിന്നീട് ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പരിഭവം പറയാതെ മനസിന്റെ ഏതോ കോണിൽ അവൾ നിശ്ശബ്ദയായി...
പക്ഷേ, അക്ഷരങ്ങളുടെ ചങ്ങാത്തം കൊളുത്തിയ ഇത്തിരി വെട്ടത്തിൽ വീണ്ടും ഇരുൾ‌മറ നീക്കി അവളിറങ്ങി വന്നു, നഷ്ടപ്പെട്ടുപോയ ആവേശമായി.

ചരിത്രത്തിൽ നിന്നും അവളുടെ ജീവിതത്തിന്റെ വേരുകൾതേടി പോകാൻ ആരോ പറഞ്ഞുകൊണ്ടേയിരുന്നു.
ആത്മഹത്യയെന്നോ കൊലപാതകമെന്നോ വ്യക്തമാക്കാതെ സിവി അവസാനിപ്പിച്ച കഥാപാത്രം.
ഉണ്ണിയാർച്ചയെപ്പോലെ ധൈര്യശാലിയും, എട്ടുവീട്ടിൽ‌പിള്ളമാരെന്ന കൂർമ്മബുദ്ധിക്കാരെ മുട്ടുകുത്തിച്ച കൌ‍ശലക്കാരിയും, യക്ഷിയെന്ന വ്യാജേന സ്ത്രീലമ്പടന്മാരെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച സാമർത്ഥ്യക്കാരിയുമായ സുഭദ്ര എന്ന ചെമ്പകത്തിനു എവിടെയാണ് പിഴച്ചത്?
പെട്ടെന്നൊരു ദിവസം അവളെങ്ങനെ ദുർബലയായി?
അമ്മയെ കാണാതെ, അച്ഛനെ അറിയാതെ പിറന്നിട്ടും കാരണവരുടെ കർശന നിയമങ്ങളിൽ വീർപ്പുമുട്ടിയിട്ടും അവളുടെ മുഖത്തെപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു, ആരുണ്ടെന്നെ തോല്പിക്കാനെന്ന മട്ടിൽ.. ആ പുഞ്ചിരി മാഞ്ഞു പോയതെപ്പോഴാണ്?
അന്വേഷിച്ചിറങ്ങുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങളനവധിയായിരുന്നു..
 എട്ടുവീട്ടിൽ പിള്ളമാരായിരുന്നു ആദ്യം ലക്ഷ്യം. ഏഴു കുടുംബങ്ങളുമുണ്ടായിരുന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഏറ്റവും ഒടുവിലാണ് കുടമണിലേക്ക് യാത്ര തിരിച്ചത്.
പത്തനംതിട്ട തെക്കേ അങ്ങാടിക്ക് സമീപം കുടമണിൽ വണ്ടിയിറങ്ങുമ്പോൾ ഹൃദയം തുടികൊട്ടുന്നുണ്ടായിരുന്നു. എവിടെയോ മറഞ്ഞിരുന്ന് അവൾ അമർത്തിച്ചിരിക്കുന്നതുപോലെ അനുഭവപ്പെട്ടു.
ആ പഴയ തറവാടിന്നില്ല. കോൺ‌ക്രീറ്റ് കെട്ടിടങ്ങൾ സ്ഥലം കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും എവിടെയോ ആ കുപ്പിവളകളുടയുന്നതുപോലെയുള്ള ചിരി കേൾക്കാമെന്നു തോന്നി.. പിന്നെ അവളവസാനം ചീന്തിയ ചോരയുടെ മണവും വായുവിൽ നിലനിൽക്കുന്നതായി തോന്നി.
കാലം മാറ്റി നിർത്തി കടന്നു പോയ, പരിസരത്തെ വാർദ്ധക്യങ്ങളെ കണ്ടെത്തി അവളെക്കുറിച്ചറിയാൻ ശ്രമിച്ചു.
ഒരുപാട് കഥകൾ കേട്ടു.. ചിലർ വാതോരാതെ സംസാരിച്ചു.
തിരികെപ്പോരുമ്പോൾ അവൾ ഉള്ളിലൊരു വിങ്ങലായി.
പഠാണികളുടെ കൂടാരത്തിൽ നിന്നും തിരികെ വരുന്ന സുഭദ്രയായിരുന്നു മനസു നിറയെ.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നോ? ചുണ്ടുകൾ വിതുമ്പിയിരുന്നോ?
ഒന്നുറപ്പ് ആ വരവിലാണ് അവൾ ദുർബ്ബലയായി കാണപ്പെട്ടത്..
തന്റെ ശരീരത്തിനു വില പറഞ്ഞ് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വട്ടമിടുന്ന ശവം തീനിക്കഴുകന്മാരെ വരച്ച വരയിൽ നിറുത്തി കണക്കു പറയിച്ച സുഭദ്ര തളർന്നുപോയത് പഠാണിപ്പുരയിൽ തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ മറ്റൊരു പെണ്ണിന്റെ ഭർത്താവായി വാഴുന്ന കാഴ്ച കണ്ടപ്പോഴായിരുന്നു..
ഭർത്താവുപേഷിച്ചു പോയിട്ടും പരാതിയും പരിഭവവുമില്ലാതെ ജീവിതയാഥാർത്ഥ്യങ്ങളെ സധൈര്യം നേരിട്ട് മനസാ വാചാ കർമ്മണാ അയാളുടെ ഭാര്യ ആയിത്തന്നെ ജീവിച്ച സുഭദ്ര തളർന്നു പോയത് ഇനി തന്റെ കാത്തിരുപ്പിനു അർത്ഥമില്ലെന്ന് മനസിലായപ്പോഴാണ്, താൻ കാത്തിരുന്നയാൾക്ക് വേറൊരു കുടുംബമായീയെന്ന തിരിച്ചറിവിലാണ്..
ആ തിരിച്ചറിവ് ഒരു പ്രാണത്യാഗത്തിൽ കൊണ്ടെത്തിച്ചിരുന്നോ അതോ മനസും ശരീരവും തളർന്നു പോയ അവളെ ചതിച്ചുവെന്ന പേരു പറഞ്ഞ് കുടമൺ പിള്ളയോ അനുചരന്മാരോ വകവരുത്തിയോ..?
കഥ അപൂർണ്ണമാ‍ക്കി അവൾ പോയി..
എന്തായാലും ഒന്നുറപ്പ്, അവളെ തോൽ‌പ്പിച്ചത് വിധിയും കാലവുമൊന്നും ആയിരുന്നില്ല, അയാളായിരുന്നു.. ആ‍ത്മാവും ശരീരവും കാൽക്കലർപ്പിച്ച പെണ്ണിനെ തട്ടിത്തെറിപ്പിച്ച് പോയി വേറെ ജീവിതമുണ്ടാക്കിയ ആണെന്നു പറയാൻ പറ്റാത്തവൻ, അവനാണു അവളെ കൊന്നത്..
സ്വന്തം പുരുഷനെ പങ്കു വയ്ക്കാൻ ഒരു സ്ത്രീയും തയ്യാറാവില്ലെന്നും അതവൾക്ക് മരണത്തോളം വേദന നൽകുന്നതാണെന്നും ചരിത്രവും കാലവും സുഭദ്രയിലൂടെ ഒരിക്കൽക്കൂടെ തെളിയിച്ചു.
ഒരിക്കൽ തന്റെ എല്ലാമായിരുന്നവനെ പുതിയ ജീവിതത്തിനു വിട്ടു കൊടുത്ത് അവൾ നിശ്ശബ്ദമായി വിധി നൽകിയ തോൽ‌വി ഏറ്റു വാങ്ങി.
ചോര പുരണ്ട താളുകൾ മറിഞ്ഞ് കാലമൊഴുകി... അയാൾക്കെന്തു സംഭവിച്ചിട്ടുണ്ടാകും? കാലമോ വിധിയോ അയാളോട് പ്രതികാരം ചോദിച്ചിട്ടുണ്ടാകുമോ? അവളുടെ അവസ്ഥയിൽ അയാളേയും കൊണ്ടെത്തിച്ചിരിക്കുമോ? അവളോട് ഒന്നു മാപ്പു പറയാൻ കൊതിച്ച് അയാളവളെ തിരക്കി നടന്നിട്ടുണ്ടാകുമോ?
അന്വേഷണം ബാക്കിയാകുന്നു...
ഇനിയും നടക്കേണ്ടിയിരിക്കുന്നു കാലത്തിലൂടെ, ചരിത്രത്തിന്റെ താളുകളിലൂടെ... അക്ഷരങ്ങളായി അവൾ പുനർജ്ജനിക്കും വരെ...
ഞാൻ നടന്നു തുടങ്ങുകയാണ്, അവളുടെ കാലടിപ്പാടുകൾ തിരഞ്ഞ്....

*******************************************************
സീതായനത്തിനു ഇനി പുതിയ വഴിത്തിരിവ്...
എഴുതിയതിനെക്കാൾ എഴുതാത്ത താളുകൾ ബാക്കിയാവുന്നു..
അനിവാര്യത... ഒരു വഴിത്തിരിവിന്റെ അനിവാര്യത..
ഒരിടവേള......
ചിത്രത്തിനു കടപ്പാട്... ഗൂഗിൾ

Monday, November 30, 2015

കുഴലൂത്തുകാരൻ‌.....

മണ്ണിന്റെ ഞെരിഞ്ഞമരൽ‌.. കൈ ചെറുതായി വേദനിച്ചു തുടങ്ങി.. വലിച്ചാലോ..?

മനസിന്റെ ഉത്തരത്തിനു കാത്തു നിന്നിട്ട് പ്രയോജനം ഇല്ലെന്നു തോന്നിയപ്പോൾ‌ പതിയെ പുറകോട്ട് വലിച്ചു.., നനഞ്ഞമർന്ന മണ്ണിൽ മിന്നൽ‌പ്പിണരുകൾ‌ വരയ്ക്കപ്പെട്ടു.. ചിന്തകൾ സന്ധിക്കെത്തി.. വേണ്ടാ കുറച്ചുകൂടെ സഹിക്കുക തന്നെ..

“ദാ.. ദാ പിടിച്ചോ.. പിടിച്ചോ.. ഞാനെറിഞ്ഞു..”


ചിന്തകൾക്ക് മുറിവേൽ‌പ്പിച്ചൊരു കുഞ്ഞു സ്വരം.. ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.. തിരയിൽ കളിക്കുന്ന രണ്ട് കുഞ്ഞു ബാല്യങ്ങൾ. അവരുടെ കുസൃതികൾ ചിരിക്കാൻ മറന്നു തുടങ്ങിയ ചുണ്ടിനേയും ആയാസപ്പെടുത്തി.. 


ഓർമ്മകൾ ശരവേഗത്തിൽ പിന്നിലേക്ക്..

“പൊന്നൂ.. കൂട്ടാരന്റെ കയ്യിൽ മുറുകെ പിടിച്ചോളൂട്ടോ.. കാലും ശരിക്ക് ചവിട്ടിക്കോ.. ന്നിട്ടാ ആകാശത്തിലേക്ക് നോക്കിക്കേ... കൂട്ടാരൻ നടക്ക്വാ.. മേഘങ്ങളും നമുക്കൊപ്പം വരും നോക്കിക്കോളൂട്ടോ..”

“ശ്ശോ ഞാൻ വീഴൂല്ലോ കൂട്ടാരാ..” മേഘങ്ങൾക്കൊപ്പം നടക്കാനുള്ള മോഹം മനസ്സിലൊതുക്കി ആശങ്ക തല നീട്ടി..

“ഇല്യാ പൊന്നൂ... കൂട്ടാരന്റെ കയ്യിൽ മുറുകെ പിടിച്ചോളൂട്ടോ..”

കൂട്ടാരന്റെ കാലിൽ കാൽ വച്ച്, കൈകളിൽ മുറുകെപ്പിടിച്ച് ഒപ്പം നടക്കുമ്പോൾ ആകാശത്തെ മേഘങ്ങളെ കൌതുകത്തോടെ നോക്കിച്ചിരിക്കുന്നൊരു അഞ്ചു വയസ്സുകാരി..

ഒന്നിനും പകരം വയ്ക്കാനാവത്ത ബാല്യം.. എന്തിനോ ഉയർന്ന നെടുവീർപ്പ് പകുതിയിൽ മുറിഞ്ഞു..

എവിടാവും കൂട്ടാരനിപ്പോള്‍..? ചോദ്യങ്ങൾ വീണ്ടും കൂടുകൂട്ടി..

തിരകൾ ആർത്തി പിടിച്ച് കരയെ പുണർന്നു മടങ്ങുന്നു.. പ്രക്ഷുബ്ദമായ കടലിൽ മുഖം നോക്കാനെത്തിയ മേഘങ്ങളും വിതുമ്പലുകൾ ഉള്ളിലൊതുക്കി നിരാശയോടെ കാറ്റിന്റെ ഗതിയിലൊഴുകി.. അകലെ ചക്രവാളത്തിൽ ഭൂമിയോട് വിട പറയാനൊരുങ്ങുന്ന പകലോൻ.. ആകാശത്തിന്റെ തുമ്പത്ത് ആരോ വരച്ചിട്ട ചിത്രം പോലെ കപ്പലുകൾ.. അവ ചലിക്കുന്നുണ്ടോ.. അകലം,  ചോദ്യത്തിനുത്തരം നിഷേധിച്ചു.. 

മടങ്ങിവരുന്ന വഞ്ചികളിൽ കരയിൽ കാത്തിരിക്കുന്ന ഒട്ടേറെ മനസ്സുകളുടെ പ്രതീക്ഷകളുണ്ടാവും.. ആ മനസ്സുകളിൽ കാറും കോളും അടങ്ങിയിരിക്കുമോ..? തീ പിടിച്ച ചിന്തകൾ കരണ്ടു തിന്നുന്നുണ്ടാവില്ലേ..?


സ്വപ്നങ്ങളുടെ മായക്കൊട്ടാരത്തിൽ സുഖസുഷുപ്തിയിലായിരുന്ന മനസ്സിനെ ചിന്തകൾ കരണ്ടു തുടങ്ങിയതെന്നു മുതലെന്നറിയില്ല.. യാഥാർത്ഥ്യത്തിലേക്കിറങ്ങി വരാൻ മടിയായിരുന്നു.. 

ബാല്യവും കൌമാരവും നഷ്ടങ്ങളായി എഴുതപ്പെട്ടപ്പോൾ നേടിയെടുക്കാനുള്ള വെമ്പലായിരുന്നു യൌവ്വനത്തിന്.. ചെറിയ ചെറിയ മോഹങ്ങൾ പുഷ്പിച്ചു തുടങ്ങിയപ്പോൾ വലിയ വലിയ മോഹങ്ങൾ മനസ്സിൽ ചേക്കേറി.. ഭാഗ്യമോ നിർഭാഗ്യമോ.. മോഹിച്ചതിനെക്കാൾ കിട്ടിത്തുടങ്ങിയപ്പോൾ വീണ്ടും വീണ്ടും നേടിയെടുക്കാൻ കൊതിച്ചു.. 

കളിപ്പാട്ടങ്ങളാർക്കും കൊടുക്കാതെ ചേർത്തു പിടിക്കുന്ന കുഞ്ഞിന്റെ മനസ്സോടെ നേട്ടങ്ങളെ വിധിക്ക് വിട്ടു കൊടുക്കാനാവാതെ നെഞ്ചോട് ചേർത്ത് കിതയ്ക്കുമ്പോൾ കാതിലലച്ച ഒരു മന്തുകാലന്റെ ചിരിയും ഉരുണ്ടു വരുന്ന കല്ല്, കാറ്റിലുരസുന്ന ശീൽക്കാരവും കേട്ടില്ലെന്നു നടിച്ചു..

ഉറക്കമില്ലാത്ത രാവുകളിൽ പിന്നെയെപ്പോഴോ എലികൾ സാന്നിധ്യം അറിയിച്ചു തുടങ്ങി.. എവിടെനിന്നെന്നറിയാതെ പാഞ്ഞു വരുന്നവ ഞാനെന്ന അസ്തിത്വത്തെ മറന്ന് ആർത്തുല്ലസിക്കാൻ തുടങ്ങി.. തലങ്ങും വിലങ്ങും ഓടി, കണ്ണിൽ കണ്ടതൊക്കെ കരണ്ടു തിന്ന്‍ അവ മുറിയിലാകെ സ്വൈര്യവിഹാരം നടത്തി.. 

സ്വയം അവയ്ക്കാഹാരം ആയേക്കുമോയെന്ന ഭയം കീഴ്പ്പെടുത്തിയപ്പോൾ വിളക്കു കെടുത്തി മുറിയുടെ കോണിൽ കമ്പളം പുതച്ച് പതുങ്ങിയിരുന്നു.. 

നിദ്ര തലോടാൻ മടിച്ച രാവിന്റെ അന്ത്യയാമങ്ങളിലെപ്പോഴോ പഠിച്ചു മറന്നൊരു കഥ ഓർമ്മകളിൽ മിന്നിമാഞ്ഞു..  ഓർമ്മകളുടെ മൺചെരാതു വീണുടഞ്ഞിട്ടും, പ്രജ്ഞയ്ക്ക് മേൽ മാറാല കെട്ടിയിട്ടും, ഇന്നലെകൾ മാഞ്ഞുപോയിട്ടും, ഒരു കുഴലൂത്തുകാരനെ എന്തുകൊണ്ടോ മനസ്സ് കാത്തിരുന്നു..


രാവും പകലും വേർതിരിച്ചറിയാൻ കഴിയാത്ത നിമിഷങ്ങൾ നാഴികകൾക്കും യാമങ്ങൾക്കും വഴി മാറവെ, താഴിട്ട മനസ്സിന്റെ വാതായനം തള്ളിത്തുറന്ന് ആ വശ്യമനോഹര സംഗീതം ഒഴുകിയെത്തി..  ചുറ്റിലും നടക്കുന്നതിനെക്കുറിച്ച് ബോധമുൾക്കൊള്ളും മുമ്പു തന്നെ എലികളോരോന്നായി കളം ഒഴിഞ്ഞു തുടങ്ങിയിരുന്നു..

പിന്നീടുള്ള രാത്രികളിൽ ആ സംഗീതം ഉറക്കുപാട്ടായി.. രാവിന്റെ ശീതളിമയിൽ ഭയം കരളാത്ത, ചിന്തകൾ മുങ്ങിമരിച്ച മനസ്സോടെ എല്ലാം മറന്നുറങ്ങിത്തുടങ്ങി... 

പക്ഷേ....

ഭ്രമത്തിന്റെ മാറാല നീക്കി നേരിന്റെ വെളിച്ചത്തിലേക്ക് തല നീട്ടിയപ്പോൾ അറിഞ്ഞു....ആ സംഗീതം അകലുകയാണ്.. അടുത്തു നിന്നു കേട്ടതിപ്പോള്‍ പതിയെ പതിയെ അകലങ്ങളിലേക്ക് ചേക്കേറിത്തുടങ്ങിയിരിക്കുന്നു..

അവൻ അകലങ്ങളിലേക്കാണ്... അടർത്തിയെടുത്ത കരളുന്ന ചിന്തകളുമായി... കാഴ്ചകൾക്കപ്പുറം... ശബ്ദത്തിനും വാക്കിനുമപ്പുറം വെറും സംഗീതമായി അവനലിയുന്നത് വേദനയോടെ തിരിച്ചറിഞ്ഞു.. 

മായുന്ന കാഴ്ചകളിൽ എന്റെ മോഹങ്ങളുണ്ട്.. കൈവിട്ടാൽ..?


ചാടിയെണീറ്റു... 


ഏറെപ്പണിപ്പെട്ട് പടുത്തുയർത്തിയ മണൽക്കൊട്ടാരം കൈ വലിച്ചെടുത്തപ്പോൾ തകർന്നടിഞ്ഞത് അറിഞ്ഞില്ല.. കണ്ണിൽ മാഞ്ഞുതുടങ്ങുന്ന കാഴ്ച മാത്രമായിരുന്നു.. അകലുന്ന സംഗീതം കാതുകളെ മറ്റു ശബ്ദങ്ങൾ കേൾക്കാതെ കൊട്ടിയടച്ചു.. തീരുമാനിച്ചുറപ്പിച്ച ചുവടുകൾക്കൊപ്പം മുന്നോട്ട് നീങ്ങുമ്പോൾ കാറ്റിലുരഞ്ഞ് വസ്ത്രം തേങ്ങിയത് അവഗണിച്ചു.. 

“പൊന്നൂ‍.. ഒന്നു നിന്നേ..” കൂട്ടാരൻ വിളിക്കുന്നുണ്ടോ..?

ചെവികൊടുക്കാൻ വയ്യ.. ആ സംഗീതത്തോടൊപ്പമെത്തണം.. അത് വെറുമൊരു മരീചികയാണെന്നു മനസ്സ് പലവട്ടം പറഞ്ഞു പഠിപ്പിച്ചിട്ടും വിശ്വസിക്കാനാവാത്തതുപോലെ നടന്നു.. പിന്നിലെ കാൽ‌പ്പാടുകളെ കാലത്തിന്റെ തിരകൾ മായ്ക്കുന്നത് കണാതെ.. മാഞ്ഞു തുടങ്ങിയ മരീചിക ലക്ഷ്യം വച്ച്...

ചിത്രങ്ങൾക്ക് കടപ്പാട്... ഗൂഗിൾ

Thursday, October 16, 2014

മാധവീലതകൾ പൂക്കുമ്പോൾ...

“സാധനം ഇങ്ങോട്ട് മാറി നിൽക്കാ... ന്തേലും പറയാനുണ്ടാവോ?”

കുനിഞ്ഞ ശിരസ്സുയർത്തി ശബ്ദം കേട്ട ദിക്കിലേക്ക് അവൾ നോക്കി.

ആ കണ്ണുകളിൽ പരിഭ്രമത്തിന്റെ നിഴലുണ്ടായിരുന്നില്ല.

വന്യമായ തിളക്കം.

എന്തിനോടോ ഉള്ള പക.
                      
വിശിഷ്ടവ്യക്തികൾ സന്നിഹിതരായ സ്മാർത്ത വിചാര വേദി.

സ്മാർത്തകൻ ജയദേവൻ നമ്പൂതിരി വിയർക്കുന്നു.

കൊച്ചീ രാജാവിന്റെ മുഖത്തും അസ്വസ്ഥതയുടെ നേരിയ നിഴൽ കാണാം.

വിറയ്ക്കാത്ത സ്ത്രീ ശബ്ദം ആവർത്തിച്ചു, “അടുത്ത ആളുടെ പേരു പറയാമോ?”

“മതി..!” രാജാവിന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു.



എന്താവും ആ മുഖത്തെ ഇപ്പോഴത്തെ ഭാവം?

അവളുടെ തുടുത്ത ചെഞ്ചൊടികളുടെ കോണിൽ വിടർന്നു കൊഴിയുന്നൊരു പുഞ്ചിരിപ്പൂവിനായി  കണ്ണുകൾ ആർത്തിയോടെ പരതി.

“ടീച്ചറെ...ഇതാണു താത്രിക്കല്ല്..”

സ്വപ്നലോകത്തിന്റെ പടികൾ വഴുതി വീണത് അലോസരപ്പെടുത്തിയ ആ ശബ്ദശകലങ്ങളിലേക്കായിരുന്നു.

സ്ഥലകാലബോധം വീണ്ടെടുക്കാൻ പിന്നെയും നിമിഷങ്ങൾ വേണ്ടി വന്നു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നവളെപ്പോലെ പകച്ച മിഴിയോടെ ആ കല്ലിലേക്ക് നോക്കി.

സർപ്പശിലകളെ അനുസ്മരിപ്പിക്കുമാറ് വന്യമായ സൌന്ദര്യത്തോടെ “താത്രിക്കല്ല്” നിലകൊള്ളുന്നു.

ഒന്നുകൂടെ കല്ലിലേക്ക് കണ്ണുകൾ തറപ്പിച്ചു.

കുപ്പിവളകൾ നിലത്തുവീണുടയും പോലെ അവൾ ചിരിക്കുന്നുണ്ടോ, വശ്യമായി?

കുറ്റിയറ്റ്, അന്യാധീനമായ കൽ‌പ്പകശ്ശേരി ഇല്ലപ്പറമ്പിലെ വൃക്ഷലതാദികളെ തഴുകി അപ്പോഴും കാറ്റ് വീശുന്നുണ്ടായിരുന്നു.

കണ്ണീരിന്റെ നനവുള്ള കാറ്റ്.

“ടീച്ചർ, ഉച്ചകഴിഞ്ഞാൽ ഇവിടെ നിൽക്കണത് അത്ര പന്തിയല്യാ. താത്രിക്കുട്ടീടെ ആത്മാവ് ഇവിടൊക്കെ അലഞ്ഞു തിരിയുന്നുണ്ടത്രേ...” വഴികാട്ടിയുടെ മുന്നറിയിപ്പ്.

എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കിവച്ച മനസ്സുമായി ഇല്ലപ്പറമ്പിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സിനെ ആരോ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു...

അത് അവളാകുമോ, താത്രിക്കുട്ടി?

പ്രഭുത്വം കൊടികുത്തിവാഴുന്ന കാലം.

ആൺ‌മേൽക്കോയ്മയുടെ മറ പറ്റി നെടുവീർപ്പ് വിട്ടിരുന്ന അന്തർജ്ജനങ്ങൾ എന്നു മുദ്രകുത്തപ്പെട്ട ഒരു വിഭാഗം.

ആലംബഹീനയായ ഒരു പെൺ‌കുട്ടി ഈ സമുദായക്കോലങ്ങൾക്കെതിരെ ആഞ്ഞടിച്ചു.

പഴമയുടെ പിന്നാമ്പുറങ്ങളിലേക്ക് നീണ്ടുകിടക്കുന്ന അതിസങ്കീർണ്ണമായ ഒരു ആധിപത്യ വ്യവസ്ഥിതിയെയാണ് അവൾ തന്റെ ശരീരം കൊണ്ട് നേരിട്ടത്.

ചന്ദ്രോത്സവത്തിന്റെ മറയിൽ വേശ്യാരാധനയും കാമപൂജയും നടത്തുന്ന സവർണ്ണസമൂഹം.

പക്ഷേ അബദ്ധത്തിൽ‌പ്പോലും തങ്ങളുടെ സ്ത്രീജനങ്ങൾക്കുമേൽ വീഴുന്ന പരനിഴലിനെതിരെ ആക്രോശത്തോടെ അവർ ആഞ്ഞടിക്കും.

പിന്നെ സ്മാർത്തവിചാരങ്ങളുടെ പേരിൽ കുറേപേർ അവിടെ ഉണ്ടുറങ്ങും.

അതുകഴിയുമ്പോൾ ഭ്രഷ്ട് കൽ‌പ്പിക്കലായി, പടിയടച്ച് പിണ്ഡം വയ്ക്കലായി.

ഈ കപടസദാചാര നീതിവ്യവസ്ഥയോടായിരുന്നു അവളേറ്റുമുട്ടിയത്.

തന്നെ വിധിക്കാനെത്തിയ നിയമശൃംഖലയ്ക്കുള്ളിൽക്കടന്ന് അതിന്റെ തന്നെ അധികാരികൾക്കെതിരെപ്പോലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞ പെണ്ണിതിഹാസം..

ഇരുപതാം നൂറ്റാണ്ടിന്റെ ഈ ഉണ്ണിയാർച്ച അധികാരസമൂഹത്തെ മുഴുവൻ കുറച്ചുനാൾ മുൾമുനയിൽ നിർത്തി.

കാലത്തിന്റെ തിരക്കഥയിലിനിയും മങ്ങലേൽക്കാത്ത സ്ത്രീ കഥാപത്രം.

താത്രിക്കുട്ടി എന്ന കുറിയേടത്തു താത്രി.

സാധാരണ സ്മാർത്തവിചാരവേദികളിൽ സ്മാർത്തകനും പരിവാരങ്ങൾക്കും “സാധനം” എന്നോമനപ്പേരിട്ടു വിളിക്കുന്ന നടപ്പുദോഷം ആരോപിച്ച സ്ത്രീയെ പീഡനമുറകൾക്ക് വിധേയരാക്കേണ്ടി വരാറുണ്ട്, സത്യം പറയിക്കാൻ.

എന്നാൽ, താത്രി അവിടേയും വ്യത്യസ്തയായിരുന്നു.

ഒരു പ്രേരണയും കൂടാതെ, തന്റെ പീഡനപർവ്വം, സ്ഥലവും നാളും തിയതിയും സമയവുമടക്കം, തെളിവുകളോടെ, ഒരു കഥപറയുന്ന ലാഘവത്തിൽ പറഞ്ഞുകൊണ്ടിരുന്നു, എന്നു മാത്രമല്ല തന്റെ മൊഴി ഒരിടത്തും അവൾ മാറ്റിപ്പറഞ്ഞതുമില്ല.

രണ്ടു തവണ താത്രി സ്മാർത്തവിചാരത്തിനു വിധേയയായി.

1904ന്റെ അവസാനത്തിലും, 1905 ലും.

ആദ്യത്തേത് കേവലം സമുദായമധ്യത്തിലായിരുന്നെങ്കിൽ, രണ്ടാമത്തേത് രാജാവിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.

ഇതിനിടയിൽ, അവൾക്കെതിരെയുണ്ടായ വധഭീഷണിയുടെ അടിസ്ഥാനത്തിൽ ആദ്യ സ്മാർത്തവിചാരസമയത്ത് ചെമ്മന്തിട്ടയിൽ നിന്നും ഇരിങ്ങാലക്കുടയ്ക്കും, രണ്ടാമത്തെ വിചാരത്തിനു തൃപ്പൂണിത്തുറയിലേക്കും മാറ്റിപ്പാർപ്പിച്ചു.

അന്നുവരെ നിലവിലില്ലാതിരുന്ന പല രീതികൾക്കും മാറ്റം വന്നു, ആ സ്മാർത്തവിചാരത്തിൽ.

പെണ്ണു ചൂണ്ടിക്കാട്ടുന്നവരെ മുൻ‌പിന്നാലോചിക്കതെ ഭ്രഷ്ട് കൽ‌പ്പിക്കുന്ന രീതിയെ കാറ്റിൽ‌പ്പറത്തി ആണുങ്ങൾക്ക് വാദിയെ വിസ്തരിക്കാനും ചോദ്യം ചെയ്യാനുമുള്ള അനുമതി നൽകി.

ഒരു ബാരിസ്റ്ററിന്റെ നിപുണതയോടെ തനിക്കുനേരെ വരുന്ന ചോദ്യങ്ങളെ അവൾ നേരിട്ടുവെന്ന് ഈ സന്ദർഭത്തെക്കുറിച്ച് അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യാഥാർത്ഥ്യങ്ങൾക്കുമേൽ കെട്ടുകഥകളുടെ ചൊൽക്കാഴ്ചയായിരുന്നു താത്രീചരിതം എന്നുവേണമെങ്കിൽ പറയാം.

തൃപ്പുണ്ണിത്തുറയിലെ മ്യൂസിയത്തിൽ ഇന്നും സൂക്ഷിക്കുന്ന സ്മാർത്തവിചാരരേഖകൾ മാത്രമാണ് ഇവയിലെ സംസാരിക്കുന്ന തെളിവുകൾ.

പക്ഷേ അതൊട്ട് പൂർണ്ണമെന്ന് പറയാനുമാവില്ല.

താത്രിയിന്നും യക്ഷിക്കഥകളിലെ അവിശ്വസനീയ കഥാപാത്രമായിത്തന്നെ നിലകൊള്ളുന്നു.

ജഗദംബികയായി താത്രിയെ കാണുന്ന മാടമ്പ് കുഞ്ഞിക്കുട്ടനും, നീചവേശ്യയുടെ സ്ഥാനത്തു കാണുന്ന ആലങ്കോട് ലീലാകൃഷ്ണനും, പിന്നെ മനോരോഗിയായി കാണുന്ന പലരും ചേർന്ന് താത്രിക്ക് വ്യത്യസ്ത രൂപപരിവേഷങ്ങൾ ചാർത്തിക്കൊടുത്തിട്ടുണ്ട്.

ഇതിനിടയിലെ യഥാർത്ഥ താത്രി ആരെന്ന ചോദ്യം മാത്രം അപ്പോഴും ബാക്കിയാവുന്നു.

കൽ‌പ്പകശ്ശേരി ഇല്ലത്തേക്കുള്ള എന്റെ യാത്ര ഇതിനൊരു മറുപടി തിരഞ്ഞായിരുന്നു.

സ്മാർത്തവിചാരങ്ങൾക്കുമുമ്പുള്ള താത്രിയെക്കുറിച്ചും അതിനുശേഷമുള്ള താത്രിയെക്കുറിച്ചും ആധികാരികമായി വിലയിരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ലായെന്നുള്ളത് അനിഷേധ്യമായ വസ്തുത തന്നെയാണ്.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തേണ്ടി വരുന്ന വസ്തുത..

താത്രിയുടെ മുൻ‌കാല ജീവിതത്തെക്കുറിച്ച് നമുക്കുള്ള വിവരം സ്മാർത്തവിചാരവേദിയിൽ താത്രി പറഞ്ഞ വാക്കുകളിലൂടെ മാത്രം ലഭ്യമാകുന്നവയാണ്.

ഒമ്പതുവയസ്സു പ്രായമുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടൊരു പെൺ‌കുട്ടി..

പിന്നീട് അതേ വ്യക്തിയുടെ അനിയന്റെ വേളിയായി ആ ഇല്ലത്തിലേക്കൊരു പറിച്ചു നടീൽ, അതും പതിമൂന്നാം വയസ്സിൽ...

അറുപതുകാരന്റെ പത്നിയായി അവിടേക്ക് ചെല്ലുമ്പോൾ തന്നെ ആ പെൺ‌കുട്ടിയുടെ മനസിൽ യൌവ്വനത്തിന്റെ മായക്കാഴ്ചകൾ പടുത്തുയർത്തിയ സ്വപ്നക്കൂടാരം തകർന്നടിഞ്ഞിട്ടുണ്ടാവണം.

കളിപ്രായം മാറും മുമ്പേ ജീവിതത്തിൽ നേരിടേണ്ടി വന്ന പീഡനവും അവളുടെ മനസിന്റെ സമനില തെറ്റിച്ചിട്ടുണ്ടാകണം.

അതൊരു പകയായി അവളിൽ വേരോടിയിരിക്കണം.

ആണെന്നു പറയുന്ന വർഗ്ഗത്തോട് മുഴുവനായി ആ പക വളർന്നിരിക്കണം.

തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനത്തെ അവളതിനു ആയുധമാക്കിയിരിക്കണം.

ഇവിടേയും ഒന്നും ആധികാരികമായി പറയാൻ കഴിയുന്നതല്ല..

തൃശ്ശൂർ തലപ്പിള്ളിത്താലൂക്കിലെ കൽ‌പ്പകശ്ശേരിയില്ലത്ത് അഷ്ടമൂർത്തി നമ്പൂതിരിയുടെ മകളായി പിറന്ന താത്രി, പിന്നീട് കുറിയേടത്തെ രാമൻ നമ്പൂതിരിയുടെ ഭാര്യ ആയതോടെയാണ് കുറിയേടത്ത് താത്രിയാകുന്നത്.

ഒമ്പതാം വയസ്സുമുതൽ ഇരുപത്തിമൂന്നു വയസ്സു വരെ അവളുടെ ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയ ആൺ‌വേഷങ്ങൾ..

ശരിക്കും എന്തായിരുന്നു സംഭവിച്ചത്...?

പീഡനമോ പകപോക്കലോ?

അന്നത്തെ സ്മാർത്തവിചാരത്തിനുപോലും ഇതിനു സർവ്വസമ്മതമായൊരുത്തരം തരാൻ കഴിഞ്ഞിട്ടില്ല...

പക്ഷേ, സ്മാർത്തവിചാരരേഖകളിലെ താത്രിയുടെ വാക്കുകളിലൂടെ കടന്നുപോകുന്നൊരാൾക്ക് അവളിലൊരു സഹതാപമുണർത്തുന്ന പെണ്ണിനെ കാണാനാവില്ല.

പകരം പകയുടെ ആൾ‌രൂപമായൊരു സ്ത്രീയെയാണ് ദർശിക്കാനാവുക....

ഭാരതപ്പുഴയെ വഴിമാറ്റിയൊഴുക്കി “ആറങ്ങോട്ട്കര” ആക്കിയ സിദ്ധൻ പോലും കരുതിയിട്ടുണ്ടാവില്ല ആ കരയിലിങ്ങനെയൊരു സ്ത്രീപ്പിറവിയുണ്ടാകുമെന്ന്.

താത്രിക്കൊപ്പം സ്മാർത്തവിചാരത്തിൽ ഭ്രഷ്ട് കൽ‌പ്പിക്കപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ നില നിൽക്കുന്നു.

അറുപത്തിയഞ്ചെന്നും അറുപത്തിയാറെന്നും എൺ‌പത്തിയെട്ടെന്നുമൊക്കെ വാദങ്ങളുണ്ട്..

ഈ പട്ടികയിൽ സ്വന്തം പിതാവിനെയും പ്രതി ചേർത്തിട്ടുണ്ട് താത്രി..

അമ്മ ഇളയകുട്ടിയ്ക്ക് ജന്മം നൽകി വിശ്രമിക്കുന്ന സമയത്ത് രോഗബാധിതനായ അച്ഛന്റെ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ട താത്രിയെ അച്ഛൻ പീഡിപ്പിക്കുന്നതായിട്ടാണ് താത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച സഹോദരനും തന്നെ പീഡിപ്പിച്ചുവെന്നവൾ പറയുന്നുണ്ട്.

കാവുങ്ങൽ ശങ്കരപ്പണിക്കർ എന്ന കഥകളി നടന്റെ കീചകവേഷത്തോടുള്ള  താത്രിയുടെ ആരാധനയാണ് ആ മഹാകലാകാരനേയും പീഡനപർവ്വത്തിൽ കൊണ്ടുവന്നെത്തിച്ചത്.

അങ്ങനൊരു പേരുദോഷം കേൾക്കേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ആ കാലഘട്ടം പണിക്കരുടെ പേരിൽ അറിയപ്പേട്ടേനെ...

അത്രയ്ക്കും കഴിവുള്ള കലാകാരനായിരുന്നുവത്രേ ശ്രീ പണിക്കർ..

ഇത്രയും സ്വഭാവദൂഷ്യമുള്ള സ്ത്രീയോടൊപ്പം വസിച്ചു എന്ന തെറ്റിനാണ് താത്രിയുടെ ഭർത്താവിനും രാജാവ് ഭ്രഷ്ട് കൽ‌പ്പിച്ചത്.

ഈ കാലയളവിൽ ഭ്രഷ്ടാക്കപ്പെട്ടവരുടെ സന്താനങ്ങളെയുൾപ്പടെ സമൂഹത്തിൽ നിന്നും പുറന്തള്ളി നാടുകടത്തി എന്നു പറയുന്നതിൽ നിന്നും മനസിലാക്കാവുന്നതേയുള്ളൂ ഈ പീഡനകഥയുടെ പരിസമാപ്തിയിൽ ദർശിക്കുന്ന ക്രൂരത...

സ്മാർത്തവിചാരത്തിനുശേഷം നാടുകടത്തപ്പെട്ട താത്രിക്ക് പിന്നെന്തു സംഭവിച്ചു?

അതിനും ആധികാരികമായൊരുത്തരം ആർക്കും തരാനാകുന്നില്ല..

മതം മാറി താത്രി ഒരു ആംഗ്ലോ ഇൻഡ്യനെ വിവാഹം കഴിച്ചുവെന്നും പലരാൽ പീഡിപ്പിക്കപ്പെട്ടിട്ടും മാതൃത്വഭാഗ്യം ലഭിക്കാതെ പോയ താത്രി അതിനുശേഷം രണ്ടുകുട്ടികൾക്ക് ജന്മം നൽകിയെന്നും അതിലൊരാൾ പിൽക്കാലത്ത് പ്രശസ്തയായ ഒരു നടിയുടെ അമ്മയാണെന്നുമൊക്കെ കിംവദന്തികൾ നിലവിലുണ്ട്...

ഇവയിലേതാണ് സത്യം ഏതാണ് അസത്യം എന്നു പറയാൻ താത്രി ഇനിയും പുനർജ്ജനിക്കേണ്ടിയിരിക്കുന്നു..

എല്ലാത്തിനും മൂകസാക്ഷിയായി ആറങ്ങോട്ട് കരയിലെ കാർത്ത്യായിനീക്ഷേത്രം ഇന്നും നിലനിൽക്കുന്നുണ്ട്...

താത്രിയുടെ അച്ഛൻ തിരുമേനി പൂജ ചെയ്തിരുന്ന ആ ക്ഷേത്രത്തിലെ വിഗ്രഹം താത്രിയുടെ സ്മാർത്തവിചാരത്തിനുശേഷം ഉടഞ്ഞുപോയത്രേ..

പിന്നവിടെ പുനർജ്ജനിച്ച മാധവീലതയ്ക്കായി പൂജ...

വൃക്ഷത്തെ പൂജിക്കുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിലൊന്നാണ് ഈ കാർത്ത്യായിനീ ക്ഷേത്രമിന്ന്.

താത്രിയുടെ പുനർജ്ജന്മമാണിതിലെ പുഷ്പങ്ങളെന്നു പറയുന്നു.

മഞ്ഞയും പിങ്കും കലർന്ന വിചിത്രരൂപികളെങ്കിലും വശ്യമായ സൌന്ദര്യത്തിനുടമകളായ മാൽ‌പീജിയെസീ കുടുംബത്തിൽ‌പ്പെട്ടതാണീ പൂക്കൾ.

താത്രിയേയും മാധവീലതയേയും കൂട്ടിയോജിപ്പിക്കുന്ന കണ്ണിയെന്തെന്ന് തിരയണമെങ്കിൽ പുരാണങ്ങളിലേക്ക് പോകേണ്ടി വരും.

പുരാണങ്ങളിൽ പുതിയ വ്യാഖ്യാനങ്ങൾക്ക് ഇടംകൊടുത്ത കഥാപാത്രമാണ് യയാതി.

യൌവ്വനം ധൂർത്തടിച്ച മഹാരാജാവ്..

ഒടുവിൽ തന്റെ ചെയ്തികൾക്ക് പ്രതിഫലമായി ലഭിച്ച വാർദ്ധക്യത്തെ മകനു വച്ചൊഴിഞ്ഞ ഭോഗലോലുപൻ...

യയാതിക്ക് ശർമ്മിഷ്ഠയും ദേവയാനിയും കൂടാതെ അശിർവിന്ദുമതി എന്നൊരു ഭാര്യ കൂടെ ഉള്ളതായി പറയപ്പെടുന്നു...

അതിലുണ്ടാകുന്ന മകളാണ് മാധവി.

ചെറുപ്രായത്തിൽ അമ്മ നഷ്ടപ്പെടുന്ന മാധവിയെ ആ ദുഃഖം അറിയിക്കാതെയാണ് ദേവയാനി വളർത്തുന്നത്.

കൌമാരസ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ച കാലം....

വിവാഹത്തെക്കുറിച്ചും വിവാഹാനന്തര ജീവിതത്തെക്കുറിച്ചും സപ്തവർണ്ണച്ചിത്രങ്ങൾ മനസ്സിൽ വരച്ചിട്ടിരുന്നു അവൾ..

അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി യയാതി മകളെ വിളിച്ച് ഗാലവൻ എന്ന മുനികുമാരനൊപ്പം പോകാൻ ആവശ്യപ്പെടുന്നത്..

തന്റെ സുന്ദരിയായ മകളെ ഏതെങ്കിലും രാജാവിനു കൊടുത്ത് കിട്ടുന്ന കന്യാശുൽക്കം താൻ തരാനുള്ള കടമായിട്ടെടുത്തുകൊള്ളാൻ നിറഞ്ഞ സഭയിൽ വച്ച് പറയുകയും ചെയ്യുന്നു...

ഒരു പെണ്ണിനു ഇതിലും വലിയ അപമാനം മറ്റെന്താണ് സംഭവിക്കാനുള്ളത്?

വിശ്വാമിത്ര മഹർഷിയുടെ ശിഷ്യനായിരുന്നു ഗാലവൻ..

ഗുരുകുലവിദ്യാഭ്യാസാനന്തരം ഗുരുദക്ഷിണ ചോദിക്കാൻ ഗാലവൻ മുനിയെ നിർബന്ധിക്കുന്നു...

നിവൃത്തികെട്ട മുനി ഒരു ചെവി കറുത്ത, നിലാവുപോലെ വെളുത്ത, എണ്ണൂറ് അശ്വങ്ങളെ കാഴ്ചവയ്ക്കാൻ ആവശ്യപ്പെടുന്നു..

അതിനായിട്ടാണ് ആ മുനികുമാരൻ യയാതിയുടെ അടുക്കലെത്തുന്നത്...

അശ്വമേധം കഴിഞ്ഞിരിക്കുന്ന അവസരമായതുകൊണ്ട് മുനികുമാരന്റെ ആവശ്യം നിരാകരിക്കാൻ യയാതിക്ക് കഴിഞ്ഞില്ല...

എന്നാൽ ആ ആവശ്യം സാധിച്ചുകൊടുക്കാൻ സുഖലോലുപനായ ആ രാജാവിനു അനുകൂല സാഹചര്യവുമില്ലായിരുന്നു...

അങ്ങനെ കടം വീട്ടുവാൻ യയാതി മകളെ ഗാലവനു വിൽക്കുന്നു...

ഒരു തരം മാറ്റക്കച്ചവടം...

ഈ കച്ചവടം ഇവിടംകൊണ്ടും അവസാനിക്കുന്നില്ല...

സ്വപ്നങ്ങൾ വീണുടഞ്ഞ പാതയിലൂടെ മുനികുമാരനെ അനുഗമിച്ച മാധവിക്ക് അവളുടെ സ്ത്രീത്വത്തിനെ അപമാനിക്കുന്ന അനേകം സംഭവപരമ്പരകളിലൂടെ കടന്നുപോകേണ്ടി വരുന്നു...

ഓരോ വർഷവും ഗാലവൻ അവളെ ഓരോ രാജാവിനു കാഴ്ചവയ്ക്കും...

കന്യാശുൽക്കമായി കിട്ടുന്ന അശ്വങ്ങളെ ശേഖരിക്കും..

കൃത്യം ഒരു വർഷമാകുമ്പോൾ അവളെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോകും...

ജന്മം കൊടുക്കുന്ന കുഞ്ഞുങ്ങളെപ്പോലും പുറകിലുപേഷിച്ച് വരരുചിപത്നിയെപ്പോലെ അവൾ വിങ്ങുന്ന ഹൃദയവുമായി ഗാലവനു പിന്നാലെ യാത്ര തുടരും, അടുത്ത രാജാവിന്റെ അടുത്തേക്ക്...

ഒടുവിൽ ഗാലവൻ എണ്ണൂറു കുതിരകളേയും സമാഹരിച്ച്, മാധവിക്കൊപ്പം, വിശ്വാമിത്ര മഹർഷിക്ക്  ഗുരുദക്ഷിണയായി നൽകുന്നു...

ഒരു കുഞ്ഞുണ്ടായിക്കഴിയുമ്പോൾ, അവളെ തിരിച്ചേൽ‌പ്പിക്കാൻ മഹർഷി ഗാലവനെ വിളിച്ചു വരുത്തുന്നു...

ഗാലവനാകട്ടെ അവളെ യയാതിക്കു തന്നെ തിരിച്ചേൽ‌പ്പിക്കുന്നു...

മാറ്റക്കച്ചവടങ്ങളിലൂടെ സ്വയം വിൽ‌പ്പനച്ചരക്കായി തന്റെ കടം വീട്ടിയ മകളെ, യയാതി പിന്നെയും വെറുതേ വിടാനുദ്ദേശിക്കുന്നില്ല...

നാടൊട്ടുക്ക് വിളംബരം നടത്തി അവളുടെ സ്വയം വരം നടത്താൻ നിശ്ചയിക്കുന്നു...

അതിലൂടെ ലഭ്യമാകുന്ന കന്യാശുൽക്കത്തിലായിരുന്നിരിക്കണം അപ്പോഴും യയാതിയുടെ നോട്ടം...

അച്ഛനെ എതിർക്കാൻ അശക്തയായ മാധവി തന്റെ സ്വയംവരം ഒരു വനത്തിന്റെ സീമയിൽ വച്ചു നടത്തണമെന്നു മാത്രം ആവശ്യപ്പെടുന്നു.

ഒടുവിൽ, സ്വയംവര നാളിൽ, ക്ഷണിക്കപ്പെട്ട രാജാക്കന്മാരെ ഇളിഭ്യരാക്കിക്കൊണ്ട് വരണമാല്യവുമായി അവൾ വനത്തിനുള്ളിലേക്ക് നടന്നുപോവുകയും ഒരു തേന്മാവിനെ ആ മാല്യം അണിയിക്കുകയും ചെയ്തുവത്രേ...

അവളെ പിന്തുടർന്നവർക്ക് പിന്നീട് കാണാനായത് തേന്മാവിൽ പടർന്നു കയറിയ ഒരു വള്ളിച്ചെടിയെ മാത്രമായിരുന്നു...

ആ ലത പിന്നീട് മാധവീലതയായി എന്ന് ഐതീഹ്യം...

കഥകളെന്തുതന്നെയും ആയിക്കൊള്ളട്ടെ മാധവീലതകളിന്നും പൂക്കുന്നു, ആ ക്ഷേത്രത്തിനുള്ളിൽ, താത്രിയുടെ ഇല്ലപ്പറമ്പിനഭിമുഖമായിട്ട്...

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വസന്തകാലത്തിന്റെ ആഗമനം അറിയിച്ച് മാധവീലതകൾ പൂവിടുന്നു...

താത്രി പുനർജ്ജനിക്കുന്നതാവുമോ?

ആ വൃക്ഷച്ചുവട്ടിൽ നിൽക്കുമ്പോൾ മനസ് ചോദിച്ചത് ആ ചോദ്യമായിരുന്നു...

ജീവിതത്തിലൂടെ കടന്നുപോയ അനേകപുരുഷന്മാരെ പിന്തള്ളി തേന്മാവിനെ മാത്രം ആത്മാർത്ഥമായി പ്രണയിച്ച്, അതിലലിഞ്ഞുചേർന്നവളാണ് മാധവി..

ഒരുപക്ഷേ തന്റെ പിതാവിനോട് അങ്ങനെയവൾ മധുരമായി പകരംവീട്ടി എന്നും പറയാവുന്നതാണ്..

പക്ഷേ, താത്രി ഈ ഭ്രഷ്ട് കൽ‌പ്പിക്കപ്പെട്ടവരിലാരെയെങ്കിലുമോ അല്ലെങ്കിൽ അതിനുശേഷം വിവാഹം കഴിച്ചു എന്ന് പറയപ്പെടുന്ന വ്യക്തിയേയോ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടാകുമോ..?

അന്നത്തെ സാമൂഹികവ്യവസ്ഥിതിക്കെതിരെ ആഞ്ഞടിക്കാൻ താത്രിക്കുട്ടിക്ക് കഴിഞ്ഞുവെന്ന് വാദിക്കുന്ന വി.ടിയും വ്യക്തമായും ഒന്നും ഒരിടത്തും അവളെക്കുറിച്ച് നിഷ്ക്കർഷിക്കുന്നില്ല...

വാസ്തവത്തിൽ ആരായിരുന്നു താത്രി?

എന്തായിരുന്നു അവരുടെ ലക്ഷ്യം?

ഒരു പകപോക്കലാണോ?

അതോ പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നൊരു പെണ്ണിന്റെ സമനില നഷ്ടപ്പെട്ട പ്രവൃത്തികളോ?

കുറേയേറെ ചോദ്യങ്ങൾ ബാക്കി വച്ച് കുറിയേടത്ത് താത്രി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു...

കുറ്റാരോപിതർ എന്നു പറയപ്പെടുന്ന ഭ്രഷ്ടരാക്കപ്പെട്ടവരും അവരുടെ സന്തതി പരമ്പരകളും യഥാർത്ഥത്തിൽ കുറ്റം ചെയ്തോ ഇല്ലയോ എന്നു പറയാൻ അവൾക്ക് മാത്രമേ കഴിയൂ.

മനസുറയ്ക്കാത്ത ബാലചാപല്യങ്ങളുടെ കാലത്ത് തനിക്കേറ്റ പീഡനം സമനില തെറ്റിച്ച അവൾ ഈ കുറ്റാരോപിതരെ തന്റെ ഇരകളാക്കി പ്രതിസ്ഥാനത്ത് നിറുത്തുകയായിരുന്നോ?

മറുപടി തരേണ്ടവൾ മൺ‌മറഞ്ഞിരിക്കുന്നു...

ഇന്നത്തെ സമൂഹത്തിലരങ്ങേറുന്ന സ്ത്രീപീഡന പരമ്പരകളുടേയും, സ്ത്രീ പകയുടെ മൂർത്തീഭാവമായി മാറുന്ന സാഹചര്യങ്ങളുടെ വിവരണങ്ങളുടേയും, പെണ്ണൊരുമ്പെട്ടാൽ എന്നു തോന്നുമാറുള്ള ചതിയുടെ നേർക്കാഴ്ചകളുടെയും കഥകൾ കേട്ട്, മറ്റേതോ ലോകത്തിരുന്നു അവൾ ചിരിക്കുന്നുണ്ടാവും, ഗൂഡമായി...

കാർത്ത്യായിനീ ക്ഷേത്രവും കൽ‌പ്പകശ്ശേരി ഇല്ലപ്പറമ്പുമുപേഷിച്ച് മറ്റൊരു തീരത്തേക്ക് യാത്ര ആരംഭിക്കുമ്പോൾ മനസ്സു നിറയെ അവളായിരുന്നു...

കൂടെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളും...

കാറ്റിലപ്പോൾ അലിഞ്ഞു ചേർന്ന മാമ്പഴത്തിന്റെ സുഗന്ധം എങ്ങുനിന്നെന്നറിയാതെ വന്നു ചേർന്ന് നാസാരന്ധ്രങ്ങളെ പുളകമണിയിച്ചുകൊണ്ടിരുന്നു...

അടുത്തെങ്ങും മാവോ മാമ്പഴങ്ങളോ കണ്ടെത്താനാകാത്ത മനസ്സ് മന്ത്രിച്ചു... “മാധവീലതകൾ പുഷ്പിച്ചിരിക്കുന്നു..”.

                                               *******************************

ചിത്രം ഗൂഗിളിന്റേത്...
ഓൺ‌ലൈൻ മാഗസിനുകളിൽ പ്രസിദ്ധീകരിച്ച ലേഖനം