ഉള്ളിന്റെയുള്ളിൽ ആരോ വിളിക്കുന്നതു പോലെ.
എന്നാണിവൾ നെഞ്ചകം കീഴടക്കിയതെന്നറിയില്ല.
സിവിയുടെ മാനസപുത്രി എന്ന നിലയിലാണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നെപ്പോഴോ ചരിത്രത്തിന്റെ താളുകളിൽ നിന്നും അവൾ ഹൃദയത്തിൽ കുടിയേറി പാർത്തൂ.
യൌവ്വനത്തിന്റെ തുടക്കത്തിൽ അവൾ സിരകളിൽ ലഹരിയായി.
അല്ല്ലെങ്കിലും ഏതു പെണ്ണാണ് കൊതിക്കാത്തത് സുഭദ്രയെപ്പോലെയാകാൻ?
പിന്നീട് ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പരിഭവം പറയാതെ മനസിന്റെ ഏതോ കോണിൽ അവൾ നിശ്ശബ്ദയായി...
പക്ഷേ, അക്ഷരങ്ങളുടെ ചങ്ങാത്തം കൊളുത്തിയ ഇത്തിരി വെട്ടത്തിൽ വീണ്ടും ഇരുൾമറ നീക്കി അവളിറങ്ങി വന്നു, നഷ്ടപ്പെട്ടുപോയ ആവേശമായി.
ആത്മഹത്യയെന്നോ കൊലപാതകമെന്നോ വ്യക്തമാക്കാതെ സിവി അവസാനിപ്പിച്ച കഥാപാത്രം.
ഉണ്ണിയാർച്ചയെപ്പോലെ ധൈര്യശാലിയും, എട്ടുവീട്ടിൽപിള്ളമാരെന്ന കൂർമ്മബുദ്ധിക്കാരെ മുട്ടുകുത്തിച്ച കൌശലക്കാരിയും, യക്ഷിയെന്ന വ്യാജേന സ്ത്രീലമ്പടന്മാരെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച സാമർത്ഥ്യക്കാരിയുമായ സുഭദ്ര എന്ന ചെമ്പകത്തിനു എവിടെയാണ് പിഴച്ചത്?
പെട്ടെന്നൊരു ദിവസം അവളെങ്ങനെ ദുർബലയായി?
അമ്മയെ കാണാതെ, അച്ഛനെ അറിയാതെ പിറന്നിട്ടും കാരണവരുടെ കർശന നിയമങ്ങളിൽ വീർപ്പുമുട്ടിയിട്ടും അവളുടെ മുഖത്തെപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു, ആരുണ്ടെന്നെ തോല്പിക്കാനെന്ന മട്ടിൽ.. ആ പുഞ്ചിരി മാഞ്ഞു പോയതെപ്പോഴാണ്?
അന്വേഷിച്ചിറങ്ങുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങളനവധിയായിരുന്നു..
എട്ടുവീട്ടിൽ പിള്ളമാരായിരുന്നു ആദ്യം ലക്ഷ്യം. ഏഴു കുടുംബങ്ങളുമുണ്ടായിരുന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഏറ്റവും ഒടുവിലാണ് കുടമണിലേക്ക് യാത്ര തിരിച്ചത്.
പത്തനംതിട്ട തെക്കേ അങ്ങാടിക്ക് സമീപം കുടമണിൽ വണ്ടിയിറങ്ങുമ്പോൾ ഹൃദയം തുടികൊട്ടുന്നുണ്ടായിരുന്നു. എവിടെയോ മറഞ്ഞിരുന്ന് അവൾ അമർത്തിച്ചിരിക്കുന്നതുപോലെ അനുഭവപ്പെട്ടു.
ആ പഴയ തറവാടിന്നില്ല. കോൺക്രീറ്റ് കെട്ടിടങ്ങൾ സ്ഥലം കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും എവിടെയോ ആ കുപ്പിവളകളുടയുന്നതുപോലെയുള്ള ചിരി കേൾക്കാമെന്നു തോന്നി.. പിന്നെ അവളവസാനം ചീന്തിയ ചോരയുടെ മണവും വായുവിൽ നിലനിൽക്കുന്നതായി തോന്നി.
കാലം മാറ്റി നിർത്തി കടന്നു പോയ, പരിസരത്തെ വാർദ്ധക്യങ്ങളെ കണ്ടെത്തി അവളെക്കുറിച്ചറിയാൻ ശ്രമിച്ചു.
ഒരുപാട് കഥകൾ കേട്ടു.. ചിലർ വാതോരാതെ സംസാരിച്ചു.
തിരികെപ്പോരുമ്പോൾ അവൾ ഉള്ളിലൊരു വിങ്ങലായി.
പഠാണികളുടെ കൂടാരത്തിൽ നിന്നും തിരികെ വരുന്ന സുഭദ്രയായിരുന്നു മനസു നിറയെ.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നോ? ചുണ്ടുകൾ വിതുമ്പിയിരുന്നോ?
ഒന്നുറപ്പ് ആ വരവിലാണ് അവൾ ദുർബ്ബലയായി കാണപ്പെട്ടത്..
തന്റെ ശരീരത്തിനു വില പറഞ്ഞ് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വട്ടമിടുന്ന ശവം തീനിക്കഴുകന്മാരെ വരച്ച വരയിൽ നിറുത്തി കണക്കു പറയിച്ച സുഭദ്ര തളർന്നുപോയത് പഠാണിപ്പുരയിൽ തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ മറ്റൊരു പെണ്ണിന്റെ ഭർത്താവായി വാഴുന്ന കാഴ്ച കണ്ടപ്പോഴായിരുന്നു..
ഭർത്താവുപേഷിച്ചു പോയിട്ടും പരാതിയും പരിഭവവുമില്ലാതെ ജീവിതയാഥാർത്ഥ്യങ്ങളെ സധൈര്യം നേരിട്ട് മനസാ വാചാ കർമ്മണാ അയാളുടെ ഭാര്യ ആയിത്തന്നെ ജീവിച്ച സുഭദ്ര തളർന്നു പോയത് ഇനി തന്റെ കാത്തിരുപ്പിനു അർത്ഥമില്ലെന്ന് മനസിലായപ്പോഴാണ്, താൻ കാത്തിരുന്നയാൾക്ക് വേറൊരു കുടുംബമായീയെന്ന തിരിച്ചറിവിലാണ്..
ആ തിരിച്ചറിവ് ഒരു പ്രാണത്യാഗത്തിൽ കൊണ്ടെത്തിച്ചിരുന്നോ അതോ മനസും ശരീരവും തളർന്നു പോയ അവളെ ചതിച്ചുവെന്ന പേരു പറഞ്ഞ് കുടമൺ പിള്ളയോ അനുചരന്മാരോ വകവരുത്തിയോ..?
കഥ അപൂർണ്ണമാക്കി അവൾ പോയി..
എന്തായാലും ഒന്നുറപ്പ്, അവളെ തോൽപ്പിച്ചത് വിധിയും കാലവുമൊന്നും ആയിരുന്നില്ല, അയാളായിരുന്നു.. ആത്മാവും ശരീരവും കാൽക്കലർപ്പിച്ച പെണ്ണിനെ തട്ടിത്തെറിപ്പിച്ച് പോയി വേറെ ജീവിതമുണ്ടാക്കിയ ആണെന്നു പറയാൻ പറ്റാത്തവൻ, അവനാണു അവളെ കൊന്നത്..
സ്വന്തം പുരുഷനെ പങ്കു വയ്ക്കാൻ ഒരു സ്ത്രീയും തയ്യാറാവില്ലെന്നും അതവൾക്ക് മരണത്തോളം വേദന നൽകുന്നതാണെന്നും ചരിത്രവും കാലവും സുഭദ്രയിലൂടെ ഒരിക്കൽക്കൂടെ തെളിയിച്ചു.
ഒരിക്കൽ തന്റെ എല്ലാമായിരുന്നവനെ പുതിയ ജീവിതത്തിനു വിട്ടു കൊടുത്ത് അവൾ നിശ്ശബ്ദമായി വിധി നൽകിയ തോൽവി ഏറ്റു വാങ്ങി.
ചോര പുരണ്ട താളുകൾ മറിഞ്ഞ് കാലമൊഴുകി... അയാൾക്കെന്തു സംഭവിച്ചിട്ടുണ്ടാകും? കാലമോ വിധിയോ അയാളോട് പ്രതികാരം ചോദിച്ചിട്ടുണ്ടാകുമോ? അവളുടെ അവസ്ഥയിൽ അയാളേയും കൊണ്ടെത്തിച്ചിരിക്കുമോ? അവളോട് ഒന്നു മാപ്പു പറയാൻ കൊതിച്ച് അയാളവളെ തിരക്കി നടന്നിട്ടുണ്ടാകുമോ?
അന്വേഷണം ബാക്കിയാകുന്നു...
ഇനിയും നടക്കേണ്ടിയിരിക്കുന്നു കാലത്തിലൂടെ, ചരിത്രത്തിന്റെ താളുകളിലൂടെ... അക്ഷരങ്ങളായി അവൾ പുനർജ്ജനിക്കും വരെ...
ഞാൻ നടന്നു തുടങ്ങുകയാണ്, അവളുടെ കാലടിപ്പാടുകൾ തിരഞ്ഞ്....
*******************************************************
സീതായനത്തിനു ഇനി പുതിയ വഴിത്തിരിവ്...എഴുതിയതിനെക്കാൾ എഴുതാത്ത താളുകൾ ബാക്കിയാവുന്നു..
അനിവാര്യത... ഒരു വഴിത്തിരിവിന്റെ അനിവാര്യത..
ഒരിടവേള......
ചിത്രത്തിനു കടപ്പാട്... ഗൂഗിൾ
സീതായനത്തിൽ വീണ്ടും!!!
ReplyDeleteസുഭദ്ര ഒരു ദുരന്തമാണ്. കാഴ്ച്ച നഷ്ട്ടപ്പെട്ടവന് സുഭദ്രയെ മനസ്സിലാക്കാൻ ആവില്ലല്ലോ. നമുക്കിടയിലും സുഭദ്രയുണ്ട്. സുഭദ്രയുടെ കണ്ണിൽ നിന്നൊഴുകുന്ന നദിയിലേ ഈ ദുരിത കാലത്ത് ജലമുള്ളൂ. കണ്ണുള്ളവർ കാണട്ടെ.
"ഇതുവരെ കേൾക്കാത്ത പുതിയ സ്ത്രീത്വത്തിൻ
ReplyDeleteഇതിഹാസഭംഗി നിനക്കാരു നൽകി.."
"സുഭദ്രേ സൂര്യപുത്രി" എന്നൊരു തുടർനാടകം റേഡിയോയിൽ തൊണ്ണൂറുകളിൽ ഉണ്ടായിരുന്നു. അത് തുടങ്ങുമ്പോൾ ഒരു ഗാനം അതിനകമ്പടിയായിട്ടുണ്ട്. സുഭദ്രയേയും അവളുടെ പ്രോജ്ജ്വല ജീവിതം ചരിത്രാഖ്യായികയായി പരിചയപ്പെടുത്തിയ സിവിയേയും ഒരു പോലെ പ്രകീർത്തിക്കുന്ന ആ ഗാനം തെല്ലൊരാവേശത്തോടെ മാത്രമേ കേട്ടാസ്വദിക്കാൻ പറ്റിയിരുന്നുള്ളൂ.
"ഇതുവരെ കേൾക്കാത്ത പുതിയ സ്ത്രീത്വത്തിൻ
ഇതിഹാസഭംഗി നിനക്കാരു നൽകി.." ഇതായിരുന്നു ആ ഗാനത്തിന്റെ അതിന്റെ തുടക്കം, ലേഖനം വായിച്ചപ്പോൾ ഓർമ്മയിലാദ്യം വന്നതും ഇത് തന്നെ!
അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുക..
ReplyDeleteതുടരുക
ReplyDeleteആശംസകൾ
ആശംസകള്.
ReplyDeleteതുടരുക പ്രയാണം..
വളരെ നാളുകള്‍ക്കു ശേഷം തിരിച്ചുവരവ് ഞാന്‍ യാദിര്‍ശികമായി ഒന്ന് നോക്കിയതാ വേണ്ടും എഴുത്ത് ശക്തി ആയി വരുന്നു അറിഞ്ഞതില്‍ സന്തോഷം , എന്നും ഭാഷ നല്ലാവണ്ണം കൈമുതലായ സീതക്കു എല്ലാവിധ ആശംസകള്‍ നേരുന്നു
ReplyDeleteശരിയാണ് സുഭദ്ര ഒരു ദുരന്തമാണ്...
ReplyDeleteകാഴ്ച്ച നഷ്ട്ടപ്പെട്ടവന് സുഭദ്രയെ മനസ്സിലാക്കാൻ ഒരിക്കലും ആവില്ല..
നമുക്കിടയിലും സുഭദ്രയുണ്ട്. സുഭദ്രയുടെ കണ്ണിൽ നിന്നൊഴുകുന്ന നദിയിലേ
ഈ ദുരിത കാലത്ത് ജലമുള്ളൂ. കണ്ണുള്ളവർ കാണട്ടെ...
പിന്നെ
എഴുതിയതിനെക്കാൾ എഴുതാത്ത താളുകൾ ഇനി ആക്കരുത് കേട്ടൊ സീതകുട്ടി
ആശംസകള്‍.....
ReplyDeleteشركة تسليك مجاري بالقطيف
ReplyDeleteشركة مكافحة حشرات بالخبر
شركة كشف تسربات المياه بالقطيف
شركة تنظيف بالقطيف
شركة تنظيف بالجبيل