Saturday, January 11, 2014

കാറ്റും മരവും...



ഏഴുവർണ്ണങ്ങളിൽ തേൻ‌ചുരത്തും
വാസന്തമേകി പരിലസിക്കെ
ശലഭങ്ങളെന്നെ പ്രണയിച്ചു

ഹരിതാഭമാം ചില്ലകളൊരുക്കി
മഴ-വെയിലുകൾക്കൊളിമറയേകി
കൂടുകൂട്ടാനിടം കൊടുക്കെ
പക്ഷികളുമെന്നെ പ്രണയിച്ചു..

ജീവിതപാതയിലേറെത്തളരുമ്പോൾ
പൂമെത്തയേകി തണലൊരുക്കി
ശയനസുഖം കൊടുത്തതിനാലാവാം
മനുജനുമെന്നെ പ്രണയിച്ചു..

വർണ്ണശലഭങ്ങൾക്കും പക്ഷികൾക്കും
സാഹസികനാം മനുജനും
ജന്മം തീറെഴുതുക വയ്യ

ഒന്നു വന്നെന്നെ തലോടി മടങ്ങും
കാറ്റിനോടാണെനിക്കെന്നും പ്രണയം

പൂത്തുതളിർത്തെൻ മേനി പുൽകിയ വാസന്തം
നാളെ ഗ്രീഷ്മത്തിനു വഴിമാറും
പൂക്കളൊഴിയുമ്പോൾ തേനുറവ വറ്റുമ്പോൾ
മൂളിപ്പറക്കുമീ ശലഭങ്ങളകലും..

ഇലകളടരുമ്പോൾ ചില്ലകളൊടിയുമ്പോൾ 
മഴയും വെയിലും ആക്രോശിച്ചടുക്കുമ്പോൾ
കൂടൊഴിഞ്ഞീ പക്ഷികൾ പറക്കും
മോഹഭംഗത്തിൻ തൂവലുകൾ ബാക്കിയാവും

തണലൊഴിയുമ്പോൾ പൂമണമടങ്ങുമ്പോൾ
നിദ്രയുപേഷിച്ചങ്ങ് നടക്കുമാ മനുജനും

ജീർണ്ണിച്ചൊടുങ്ങും വരേക്കും
എന്നെ പ്രണയിക്കുമീ കാറ്റ് മാത്രം

എങ്കിലുമെന്തേ തെല്ലിട നിന്നെൻ
നെഞ്ചിൻ കിതപ്പറിയാതെ കുതിച്ചിടുന്നവൻ?
കാർമേഘച്ചിറകേറി ഏഴുലകംചുറ്റിവന്നാലും
പുണരാനിവളുണ്ടെന്ന ചിന്തയാമോ?

നാളെയെന്റെയീ ദേഹം മണ്ണെടുക്കും
മഴ, പുഴയിലൊഴുക്കി കടലിലടിക്കും

പുനർജ്ജനിക്കണമെനിക്കിനിയും
കാറ്റെന്നെ വിട്ടകലാത്തൊരു മരമായ്..

18 comments:

  1. മരമേ..നീ മനുഷ്യരേക്കാള്‍ എത്ര ഉയരത്തിലാണ് വളര്‍ന്നുനില്‍ക്കുന്നത്..

    ReplyDelete
  2. പുനര്‍ജനിക്കണം
    വീണ്ടും വീണ്ടും

    ReplyDelete
  3. കാറ്റ് ചുറ്റിയ മരമായ്‌.

    ReplyDelete
  4. പൂത്തുതളിർത്തെൻ മേനി പുൽകിയ വാസന്തം
    നാളെ ഗ്രീഷ്മത്തിനു വഴിമാറും
    ആശംസകള്‍

    ReplyDelete
  5. പുനർജ്ജനിക്കണം കാറ്റു വിട്ടകലാത്ത മരമായ്

    ReplyDelete
  6. നാളെയെന്റെയീ ദേഹം മണ്ണെടുക്കും
    മഴ, പുഴയിലൊഴുക്കി കടലിലടിക്കും
    പുനർജ്ജനിക്കണമെനിക്കിനിയും......

    കവിത മനോഹരമായി..ആശംസകള്‍

    ReplyDelete
  7. അവനടുത്തില്ലകലെയെങ്ങോ പറന്നു പോയീ
    തെന്നൽ പറന്നു പോയീ...

    കാറ്റ് തിരികെ വരട്ടെ. നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  8. ആരുപേക്ഷിച്ച് പോയാലും അനുരാഗവിലോചനനായ
    ഒരു ഇഷ്ട്ടകാമുകനായ മാരുതനുള്ള കാലത്തോളം വിരഹം
    നിനക്കൊരിക്കലും അനുഭവവപ്പെടില്ലല്ലോ അല്ലെ ‘ട്രീ’സെ
    ഭാഗ്യവതി...

    ReplyDelete
  9. പോസ്റ്റുകള്‍ ശ്രദ്ധയില്‍ വന്നിരുന്നില്ല .ഇവിടെ വന്നപ്പോഴാണ് ഒട്ടധികം പോസ്റ്റുകള്‍ വായിക്കാതെ പോയിട്ടുണ്ടെന്ന്
    മനസ്സിലായത്‌ .സന്തോഷം .പുതിയകവിത വായിച്ചു .സന്തോഷത്തില്‍ (നേട്ടങ്ങളില്‍ )കൂട്ടുകൂടാനെത്ര പേര്‍ ?നഷ്ടങ്ങളില്‍ കൈവിടുന്നവര്‍ കൂട്ടു വിടാനും.......!!!നന്നായി .ഒരു കുളിര്‍ കാറ്റെങ്കിലും ജീവിതത്തെ പുണരുന്ന സന്തോഷങ്ങള്‍ക്ക്‌ അതിരുകളില്ല .....

    ReplyDelete
  10. സന്തോഷം..സ്നേഹം ഈ നല്ല വാക്കുകൾക്ക്..

    ReplyDelete
  11. നാളെയെന്റെയീ ദേഹം മണ്ണെടുക്കും
    മഴ, പുഴയിലൊഴുക്കി കടലിലടിക്കും
    പുനർജ്ജനിക്കണമെനിക്കിനിയും
    കാറ്റെന്നെ വിട്ടകലാത്തൊരു മരമായ്.....നല്ല വരികള്‍...നല്ല കവിത.

    ReplyDelete
  12. കാറ്റേ..നിന്‍ മടിത്തട്ടില്‍
    നിന്നുച്ഛാസ വായുവിലാകണം
    എന്‍ മരണവും,,,,rr

    ReplyDelete
  13. നാളെയെന്റെയീ ദേഹം മണ്ണെടുക്കും
    മഴ, പുഴയിലൊഴുക്കി കടലിലടിക്കും
    പുനർജ്ജനിക്കണമെനിക്കിനിയും
    കാറ്റെന്നെ വിട്ടകലാത്തൊരു മരമായ്... പുനർജനിയ്ക്കണം!! നല്ല കവിത.നല്ല ആശയം. അഭിനന്ദനങ്ങൾ സീതേ.

    ReplyDelete
  14. കാറ്റും ശലഭങ്ങളും മനുജനും അങ്ങിനെയങ്ങിനെ പ്രണയിക്കാന്‍ ഒരുപാടുണ്ട് അങ്ങിനെയുള്ള ഈ ഭൂലോകത്തോട് വിട എങ്ങിനെ പറയും .പുനർജ്ജനിക്കണമെനിക്കിനിയും മരമായി ഈ കാലത്ത് പക്ഷെ മരത്തിന് ആയുസ്സ് കുറവാണ് മരം മൂപ്പെത്തിയാല്‍ വെട്ടി നിരത്തുവാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് ഈ ഭൂലോകത്തില്‍ അധികവും

    ReplyDelete
  15. അഭിപ്രായങ്ങൾക്ക് സന്തോഷം...സ്നേഹം..

    ReplyDelete
  16. വളരെ നല്ല ആശയം. പക്ഷേ പദ്യരൂപത്തിലുള്ള ആഖ്യാനം എന്നതിലുപരി കവിതയുടെ മാസ്മരികത കുറവാണ്...മനുജന്‍ എന്ന വാക്ക് കല്ലുകടിക്കുന്നു.. കാവ്യഭംഗിക്കുവേണ്ടി അത്തരം പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചിലപ്പോഴൊക്കെ കവിത ഹൃദയത്തില്‍ നിന്നകലുന്നതായി എനിക്ക് തോന്നാറുണ്ട്..

    ReplyDelete
  17. ഈ ഉട്ടോപ്യൻ സന്ദരശനത്തിൽ സന്തോഷം....മാസ്മരികതയുടെ അന്തരീക്ഷത്തിൽ കവിതയൊരുക്കാൻ അറിയില്ലെനിക്ക്...ആശയം വാക്കുകളായി പകർത്തുന്നുവെന്നു മാത്രം... മനുജൻ എന്ന വാക്ക് അല്ലേലും കല്ലുകടിയാ...ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.. സന്തോഷം അഭിപ്രായത്തിനും...ഒരു ചോദ്യം...ഒരുത്തരത്തിനായിട്ട്... എന്താണ് കാവ്യഭംഗി?

    ReplyDelete
  18. എല്ലാവരിലും പ്രണയും സ്നേഹവും സാന്ത്വനവും നൽകി നീ... സ്വയമലിഞ്ഞില്ലാണ്ടാവുകയല്ലാ..

    ഒരായിരം.. ഓർക്കുന്ന ഹൃദയങ്ങളിൽ പരിലസിക്കുകയല്ലെ...

    ReplyDelete