Thursday, November 14, 2013

ശിലാമനം....



ഇരുൾവീണ നാൾവഴിയിലെവിടെയോ ഒടുവിലെൻ

സ്വപ്നത്തിൻ മൺചെരാതും വീണുടഞ്ഞു....

മൌനമുടയാത്ത ശാപമുറങ്ങുന്ന ശിലയിൽ

കിനിയും മോക്ഷ കന്മദത്തിനായ്

കൊക്കുരുമ്മുന്നുണ്ട് കാമാർത്ത ദാഹങ്ങൾ...


വിരഹാഗ്നിയിലുരുകും മനസ്സെന്ന മരുഭൂവിൽ

ദാഹമടക്കുന്ന പാൽചുരത്താതോടുന്നു

പ്രതീക്ഷയുടെ വന്ധ്യമേഘങ്ങൾ..


നാവിൽ മധുരം പകരാതെ അകന്നുനിന്നെന്നെ

കല്ലെറിഞ്ഞാർക്കുന്നു അക്ഷരക്കൂട്ടങ്ങൾ..

മോക്ഷദായകമായടുക്കുന്ന പദനിസ്വനമിനി

കാതോർക്ക വയ്യെന്നു കേഴുന്നുണ്ടുന്മാദം


അരുത് നീ മാത്രം കരയരുത്

വൈകിയ നിമിഷങ്ങളെ പഴിച്ച്...

ഓജസ്സറ്റൊരീ കല്ലിന്റെയുന്മാദകന്മദത്തിൽ

നീ നിന്റെ കണ്ണീരിനുപ്പ് കലർത്തരുത്


വലിച്ചെറിഞ്ഞേക്കു നിയതിയുടെ ആഴങ്ങളിലേക്ക്

ഇനിയൊരു രാമായണമുണരാതിരിക്കാൻ...


കാലം നടന്ന വഴിയിലൂടെ

പ്രതീക്ഷയുടെ തുരുത്തു തേടി

ഇടറുന്ന കാലോടെ 

പിച്ച വയ്ക്കാമിനി



മോഹസൂര്യനു വിടവാങ്ങുവാൻ

ചിന്തയുടെ ആകാശത്തിനിയും

നാളെയുടെ ചക്രവാളം 

ഒരുക്കി വയ്ക്കാനാവില്ല



സന്ധ്യയുടെ ബലിക്കല്ലിൽ 

തല തല്ലി മരിച്ചൊരാ സൂര്യന്റെ ചിതയിൽ

ആത്മാഹൂതി ചെയ്ത നിഴലിനെ

പ്രണയിച്ചിനിയും നടക്കാം..

*******************

ചിത്രത്തിനു ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു....

17 comments:

  1. കന്മദം ഒരു ശമനൌഷധം തന്നെ. കല്ലിന്‍റെ ഉന്മാദ കന്മദത്തില്‍ കണ്ണീരുകലര്‍ത്തുന്നത് പോലെയൊന്നും അല്ല, കയ്പ്പുള്ള അനുഭവങ്ങള്‍ അക്ഷരങ്ങളാകുമ്പോള്‍ ..അതിനൊരു ആസ്വാദന സുഖമുണ്ടാകും.ഈ വരികള്‍ പോലെ..

    ReplyDelete
  2. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  3. വലിയൊരു ഇടവേളക്കുശേഷം സീതായനം തുടരുകയാണ് .....
    ആശംസകൾ .......

    ReplyDelete
  4. സീതായനത്തിനും പുതിയ കവിതയ്ക്കും ആശംസകള്‍

    ReplyDelete
  5. കവിത നന്നായിരിക്കുന്നു.

    ReplyDelete
  6. നല്ല കവിത ഒരു പുസ്തകം കൂടി ആകാം

    ReplyDelete
  7. അനുഭവങ്ങളുടെ ദുഃഖം വായനാസുഖം

    ReplyDelete
  8. ‘നാവിൽ മധുരം പകരാതെ അകന്നുനിന്നെന്നെ

    കല്ലെറിഞ്ഞാർക്കുന്നു അക്ഷരക്കൂട്ടങ്ങൾ.‘


    ഇവിടെയൊക്കെ ഉണ്ടല്ലേ മ്മ്ടെ സീതാമ്മ ...!

    ReplyDelete
  9. Ahalye ariyunnu njan ninte athmadaham...

    ReplyDelete
  10. Good one, Welcome back Seetha welcome back.

    ReplyDelete


  11. നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ....

    ReplyDelete
  12. ശിലാമനം സുന്ദരമായിട്ടുണ്ട്... ആശംസകള്‍

    ReplyDelete
  13. സീതായനത്തിനും പുതിയ കവിതയ്ക്കും ആശംസകള്‍

    ReplyDelete
  14. ഈ പ്രോത്സാഹനങ്ങൾക്ക്...സ്നേഹത്തിന്....സന്തോഷം..

    ReplyDelete
  15. വീണ്ടും വളരെ നല്ല ആശയം.. ശാപത്താല്‍ ശിലയായ അഹല്യയുടെ മനോവിചാരങ്ങള്‍ കുറച്ചൊക്കെ തന്മയത്വത്തോടെ അവതരിപ്പിക്കാനായി ... അഭിനന്ദനങ്ങള്‍!! കന്മദം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താ? കന്മദം ,ഉന്മാദം എന്നീ വാക്കുകള്‍ ആവര്‍ത്തിച്ച് രണ്ടിടത്ത് ഉപയോഗിച്ചിരിക്കുന്നു എന്നത് പദസഞ്ചിയുടെ ശോഷണമാണോ കാണിക്കുന്നത് ?

    ReplyDelete
    Replies
    1. ഇവിടെ ഉട്ടോപ്യന്റെ വായന അല്പം വഴി മാറിയോ എന്നൊരു സംശയം...ഒരുപക്ഷേ എഴുതിയ എന്റെ വീഴ്ചയാവാം...ഇവിടെ അഹല്യയുടെ മനോവിചാരങ്ങളെ കൊണ്ടു വരാനല്ല ശ്രമിച്ചത്...അപ്രതീക്ഷിതമായി മൌനത്തിലേക്കാഴ്ന്നു പോകേണ്ടി വന്നൊരു പെണ്ണിന്റെ മനസ്സ്....വികാരവിചാരങ്ങളെ ഉറപ്പുള്ള തടവറയിൽ (ശില പോലെ) പൂട്ടേണ്ടി വന്ന നിസ്സഹായത...ചുറ്റിലും ഞാൻ കണ്ട ജീവിതങ്ങളിലൊന്നിനെ വരച്ചിടാൻ ശ്രമിച്ചതാണ് ട്ടോ...കന്മദം എന്ന വാക്കിന്റെ അർത്ഥം ഒരു മലയാളിക്ക് പറഞ്ഞു തരണോ...അതും ലാലേട്ടനും മഞ്ജുവാര്യരും തകർത്തഭിനയിച്ച ആ പേരിലുള്ളൊരു സിനിമ കൺ‌മുന്നിലുള്ളപ്പോൾ? കല്ലിൽ നിന്നും ഉരുവാകുന്ന ധാതുലവണങ്ങൾ ഒലിച്ചിറങ്ങി ഉറയുന്ന ഒരു പദാർത്ഥമാണ് കന്മദം..ഔഷധമൂല്യമുള്ളത്...ഇവിടെ ഉറഞ്ഞുപോയ അവളുടെ വികാര വിചാരങ്ങളെയാണ് ഞാനുദ്ദേശിച്ചത്...പദസഞ്ചി ഒരിക്കലും നിറച്ചുകൊണ്ടല്ല ഞാൻ എഴുതാനിരിക്കാറുള്ളത്...ഇപ്പോഴാണ് ഞാൻ പഠിച്ചു തുടങ്ങുന്നത്....പദസഞ്ചയത്തിന്റെ ആഴക്കടലിലേക്ക് ഞാൻ കാൽ പോലും വച്ചിട്ടില്ല സുഹൃത്തേ...സന്തോഷം അഭിപ്രായത്തിന്...

      Delete
    2. കന്മദം അന്വേഷിച്ചിറങ്ങിയതാണ് ... എത്തിപ്പെട്ടത് മോക്ഷം കാത്തിരിക്കുന്ന സീതയിലേക്കും സീതായനത്തിലേക്കും .. എനിക്ക് തെറ്റിയില്ല .. ഉരുൾപൊട്ടലുകൾ ഇനിയും ശിലകളെ തകർക്കട്ടെ ..ആശംസകൾ .. ജോജിത വിനീഷ്

      Delete