Tuesday, April 16, 2013

സരയൂ നദി കരയാറില്ല.....




“രാമചന്ദ്ര് കേ ചരിത് സുഹായെ
കല്പകോടി ലഗി ജാഗിംന ഗായേ...”

രാമലീലാപ്പന്തലില്‍ നിന്നും ഒഴുകിയെത്തുന്ന കീര്‍ത്തനം.. 

“രാമ....രാമ” ചുണ്ടുകളറിയാതെ മന്ത്രിച്ചുകൊണ്ടിരുന്നു... സരയുവിനെ തഴുകി വരുന്ന കാറ്റും രാമമന്ത്രങ്ങളുരുക്കഴിക്കുന്നുണ്ടോ..?ഇല്ല അവളെ ചൂഴ്ന്നു നില്‍ക്കുന്നത് നിസ്സംഗതയാണ്...നിര്‍വ്വികാരതയും...അവളുടെ കുഞ്ഞലകള്‍ പോലും നിശ്ശബ്ദമായിട്ട് കാലങ്ങളായിരിക്കുന്നു..ജീവനും ജീവിതവും വരണമാല്യം ചാര്‍ത്തിയ പുരുഷനു മുന്നില്‍ കാഴ്ചവച്ചിട്ടും, അഗ്നിശുദ്ധി വരുത്തി ദേഹിയും ദേഹവും പാവനമെന്നു തെളിയിച്ചിട്ടും വിഴുപ്പലക്കുന്ന നാവുകള്‍ക്ക് മുന്നില്‍ നിശ്ശബ്ദനാകേണ്ടി വന്ന രാമന്‍റെ ഗതികേടില്‍ മനം നൊന്ത് മണ്ണിലേക്ക് മടങ്ങിയ ഭൂമിപുത്രിയുടെ ഓര്‍മ്മകളാകണം ഇവളെ മൌനത്തിന്‍റെ വാത്മീകങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ പ്രേരിപ്പിക്കുന്നത്..

സഹോദരീ വിയോഗത്തില്‍ മുറിവേറ്റ മനസ്സിനെ കഴിഞ്ഞു പോയ യുഗങ്ങളൊക്കെ വീണ്ടും വീണ്ടും നോവിപ്പിച്ചിട്ടുണ്ടാകുമോ?

സരയുവിന്‍റെ നൊമ്പരങ്ങളേറ്റു വാങ്ങിയ കാറ്റ് കവിളിലുമ്മ വച്ചു.. നേരിയ തണുപ്പ്.. വെള്ളികെട്ടിയ നീണ്ട താടിയും മുടിയും കാറ്റത്തിളകി...ചിന്തകളില്‍ മുറിഞ്ഞുപോകാതെ ചുണ്ടുകള്‍ രാമനാമം ജപിച്ചുകൊണ്ടിരുന്നു..

അങ്ങേക്കരയിലെ തെരുവിലൂടെ കടന്നു പോകുന്ന കൊച്ചു കൊച്ച് ഘോഷയാത്രകള്‍ ...ചായം വാരിയൊഴിച്ച് രാമമന്ത്രങ്ങളും കീര്‍ത്തനങ്ങളും ഉച്ചത്തില്‍ ആലപിച്ച് അവര്‍ ആഘോഷിക്കുകയാണ്..രാമഭക്തിയില്‍ മയങ്ങിയിരുന്ന മനസ്സിനെ ഞെട്ടിച്ചത് കുറേ നിലവിളികളായിരുന്നു.. 

എന്താണ്.. എന്താണവിടെ സംഭവിക്കുന്നത്..? എവിടെ നിന്നോ പാഞ്ഞുവന്ന കുറേ ആയുധധാരികള്‍ ആ ഘോഷയാത്രയില്‍ കലാപം വിതയ്ക്കുന്നു..ചിതറിത്തെറിയ്ക്കുന്ന ചായങ്ങള്‍ക്കിപ്പോള്‍ ഒരു നിറം മാത്രം ചുവപ്പ്...

രാമാ.... 

കണ്ണുകളിറുകെ അടച്ചു..സഹോദരങ്ങള്‍ വെട്ടിമരിക്കുന്ന കുരുക്ഷേത്രങ്ങള്‍ക്ക് ഇനിയുമീ മണ്ണില്‍ ഒരവസാനമില്ലേ...ഇതാണോ അങ്ങ് സ്വപ്നം കണ്ട രാമരാജ്യം...തെറ്റിയത് ആര്‍ക്കായിരുന്നു..അങ്ങേയ്ക്കോ അതോ കാലത്തിനോ..തലമുറകള്‍ കൈമാറപ്പെട്ടപ്പോള്‍ അങ്ങയുടെ സ്വപ്നവും ആദര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവല്ലോ..ചോദ്യങ്ങള്‍ ചോദിക്കാനുള്ള ശക്തി നശിച്ച ഈ ജനത അത് ചോദിക്കുന്ന വിരലിണ്ണാവുന്ന അപൂര്‍വ്വതകളെ വെട്ടിയരിയുന്നു...പിന്നെയാ ചെയ്തികളെ ആദികവി പകര്‍ത്തിയ അങ്ങയുടെ ജീവിതം സാക്ഷ്യം നിറുത്തി ന്യായീകരിക്കുന്നു...ഏറ്റവും മികച്ച സംസ്കാരം തങ്ങളുടേതെന്ന് അവരെ പഠിപ്പിച്ച അങ്ങേയ്ക്ക് തെറ്റിയോ ഭഗവാനേ....

ഇരുകരകള്‍ ചേർത്തു കെട്ടിയ കോണ്‍‍ക്രീറ്റ് പാലത്തിനടിയില്‍ സരയു പിടഞ്ഞു നിശ്ശബ്ദയായി...നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കാനാകാതെ മടിയിലിരുന്ന രാമന്‍റെ പ്രതിമയെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു..രാമ നാമം കേള്‍ക്കുന്നിടത്തെല്ലാം സ്വച്ഛന്ദവിഹാരം അനുവദിച്ചു തന്ന വിധിയെ പഴിച്ചു..


ചിന്തകളെപ്പോഴൊ മനസിന്‍റെ കടിഞ്ഞാണയച്ചപ്പോൾ നെഞ്ചോട് ചേര്‍ത്തു പിടിച്ച രാമവിഗ്രഹത്തെ മെല്ലെത്തഴുകി...ഇന്നു പുലര്‍ച്ചയ്ക്ക് സൂര്യസ്നാനം നടത്താനെത്തിയപ്പോള്‍ ഒരു പെണ്‍‍കുട്ടിയില്‍ നിന്നും വാങ്ങിയതാണ്...ദാരിദ്ര്യം പേക്കോലങ്ങള്‍ കെട്ടിയാടിയ ആ കിളുന്ത് ശരീരം നന്നേ ക്ഷീണിച്ചിരുന്നു..വാടിയ മുഖത്തും പുഞ്ചിരിപ്പൂ വിടര്‍ത്തി അവള്‍ തന്നെ സമീപിക്കുകയായിരുന്നു...രാമനവമിക്ക് വേണ്ട പുഷ്പങ്ങളും വിഗ്രഹങ്ങളും വില്‍ക്കുന്നവള്‍ ... കൂടെയൊരു സ്ത്രീയും...അതും ദാരിദ്ര്യത്തിന്‍റെ രക്തസാക്ഷി തന്നെയായിരുന്നു... അവളുടെ അമ്മയായിരിക്കണം..

ആ കൂടയില്‍ പുഷ്പങ്ങള്‍ക്കൊപ്പം അവളുടെ സ്വപ്നങ്ങളുമുണ്ടാകും...എത്രയെത്ര വയറിന്‍റെ പശിയകറ്റാനാകും അവളീ വേഷം കെട്ടിയിരിക്കുക...?

താനാ വിഗ്രഹം വാങ്ങുമ്പോള്‍ അവളുടെ മുഖത്ത് മിന്നിമാഞ്ഞ സന്തോഷത്തിന്‍റെ തിളക്കം കണ്ടിരുന്നു...മണ്ണിനും പെണ്ണിനും വേണ്ടി പടയോട്ടങ്ങള്‍ നടന്ന ഈ മണ്ണില്‍ വിധിയോട് പടവെട്ടുന്ന ഇങ്ങനെ ചില ജീവിതങ്ങളും...

“രക്ഷിക്കണേ...ആരെങ്കിലും രക്ഷിക്കണേ...എന്‍റെ കുഞ്ഞ്...” നെഞ്ചു പൊട്ടുന്ന നിലവിളി കേട്ടിടത്തേക്ക് അറിയാതെ നോക്കിപ്പോയി... 

ആ സ്ത്രീ... ആ പെണ്‍‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നവര്‍ ...അങ്ങകലെ പൊടിപറത്തി ചീറിപ്പാഞ്ഞു പോകുന്ന ഒരു കാറിനു പിന്നാലെയാണവര്‍ ഓടുന്നത്... അതില്‍ നിന്നും കുപ്പിവളകളിട്ടൊരു കൈ രക്ഷിക്കണേ എന്നു പറയും പോലെ പുറത്തേക്ക് നീട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു..

ഓടിയോടി തളര്‍ന്നിട്ടാകും ആ മണൽപ്പരപ്പില്‍ അവര്‍ മുട്ടുകുത്തിയിരുന്നു തേങ്ങി...

രാമാ... ആ കുട്ടി... മനസ്സ് ചിന്താകലുഷിതമായി..

കൈ മെല്ലെ സരയുവിന്‍റെ തീരങ്ങളെ തലോടി... മണ്ണ്...നനഞ്ഞ മണ്ണ്...രക്തം വീണാകുമോ ഈ നനവ്...എത്രയെത്ര കുരുക്ഷേത്രങ്ങളും പാനിപ്പത്തുകളും ഈ മണ്ണിലുണ്ടായിരിക്കുന്നു...ഏതൊരു യുദ്ധക്കളത്തിനും പറയാനുണ്ടാകും കുറേയേറെ കണ്ണീരിന്‍റെ കഥകള്‍ ...കുഴിച്ചു നോക്കിയാല്‍ മണ്ണടിഞ്ഞു പോയ പഴയ യുദ്ധങ്ങളുടെ ശേഷിപ്പുകളും കിട്ടും...ഒരു യുദ്ധത്തിനു പിന്നാലെ വേറൊന്ന്...യുഗങ്ങള്‍ക്ക് പറയാന്‍ ഇനിയുമേറേ...സ്വാതന്ത്ര്യത്തിന്‍റെ വായുവെന്ന് വിശ്വസിച്ചു ശ്വസിക്കുന്നതിനുള്ളില്‍ അസ്വാതന്ത്ര്യത്തിന്‍റെ നനവുള്ളത് ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ..?എല്ലാവര്‍ക്കും കുറ്റബോധമുണ്ട്..ഒപ്പം ഭീരുത്വവും... ഈ ജനത എങ്ങോട്ടാണ്..

സമയം കടന്നു പോയതറിഞ്ഞില്ല....ചിന്തകളുടെ വേലിയേറ്റങ്ങള്‍ക്ക് തടയിണ വീണത് പിറകില്‍ കേട്ട കലടിശബ്ദത്തിലായിരുന്നു..ഞെട്ടി തിരിഞ്ഞു നോക്കി...തൊട്ടടുത്തെ കുറ്റിക്കാടാണ് ആ പാദങ്ങളുടെ ലക്ഷ്യമെന്നു മനസ്സിലായി... എന്തെന്നറിയാനുള്ള ആകാംഷ അസഹ്യമായപ്പോള്‍ ഓടുന്നവരിലൊരാളോട് കാര്യം തിരക്കി..

“ അവിടെ ...അവിടെ ഒരു പെണ്‍കുട്ടിയുടെ ശവശരീരം...” പറഞ്ഞു പൂര്‍ത്തിയാക്കാതെ അയാള്‍ ഓടി മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു...

ബോധമണ്ഡലത്തില്‍ ഒരു കൊള്ളിയാന്‍ വീശി... ഇനിയത് അവളാകുമോ..?

നിയന്ത്രിക്കാനായില്ല... ഓടി, അവർക്കൊപ്പം... ആ കുറ്റിക്കാട് ലക്ഷ്യമാക്കി... അവളാകരുതേ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു അപ്പോഴും...

അവിടെത്തി ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ...അല്ലാ ഇതവളല്ല... പക്ഷേ അവളുടെ അതേ പ്രായക്കാരി...

വിടരും മുമ്പേ ഒരു പൂമൊട്ട് കൂടെ കൊഴിഞ്ഞിരിക്കുന്നു.. അല്ല പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു, കാമവെറിയുടെ കരാള ഹസ്തങ്ങളാല്‍ ...കണ്ടു നില്‍ക്കാനാകാതെ വിഗ്രഹത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് നടന്നു, വീണ്ടും സരയുവിന്‍റെ തീരങ്ങളിലേക്ക്...അവിടെ ഒരുപാട് ജന്മങ്ങള്‍ മോക്ഷാര്‍ത്ഥം മുങ്ങി നിവരുന്നുണ്ടായിരുന്നു...പാപക്കറകളേറ്റ് വാങ്ങി സരയു പിടയുന്നു..

ഇതും ഒരു യുഗാവര്‍ത്തനം... ജ്യേഷ്ഠന്‍റെ ആജ്ഞ പാലിക്കാനാകാഞ്ഞ ദുഃഖത്തില്‍, തനിക്കെതിരെയുള്ള ശിക്ഷാനടപടികളെടുക്കാനാകാതെ വലയുന്ന രാമനെ ആ ഗതികേടില്‍ നിന്നും മുക്തനാക്കാന്‍ സ്വയം ഒടുങ്ങുകയായിരുന്നു ലക്ഷ്മണനീ സരയൂവില്‍ ...ഗതികേടുകള്‍ അടര്‍ത്തി മാറ്റിയ ബന്ധങ്ങളുടെ നോവിന്‍റെ തീച്ചൂളയില്‍ ഉരുകിത്തീരാനാകാതെ രാമനും ജീവിതം ഇവളില്‍ അവസാനിപ്പിച്ചു...എല്ലാം ഏറ്റു വാങ്ങി നിര്‍വ്വികാരയായി ഒഴുകുന്നിവള്‍ ...

കൈയ്യിലുണ്ടായിരുന്ന രാമ വിഗ്രഹം അവളുടെ തീരങ്ങളില്‍ പ്രതിഷ്ഠിച്ചു...ഞെട്ടിച്ചു കൊണ്ട് കുഞ്ഞലകള്‍ പിന്‍‍മാറി...വീണ്ടും ആവര്‍ത്തനമോ..? സീതയോട് ചെയ്ത തെറ്റിനു സ്വര്‍ഗ്ഗരോഹണ സമയത്തും അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ ഇവള്‍ വിമുഖത കാട്ടിയിരുന്നില്ലെ?ഇനിയും രാമനോടുള്ള നിന്‍റെ ദേഷ്യം അടങ്ങിയില്ലെന്നാണോ.?

സരയുവിന്‍റെ തീരങ്ങളിലൂടെ പിന്നെ തിരിച്ചു നടന്നു ചക്രവാളം ലക്ഷ്യമാക്കി.. അകലെയേതോ പന്തലില്‍ രാമകാഥാഖ്യാനം നടക്കുന്നു.. “ അങ്ങനെ തന്നോട് നീതികേട് കാട്ടിയ രാമനോട് ക്ഷമിക്കാനാകാതെ സീതാദേവി ഭൂമി പിളര്‍ന്നു പോയി....” ആഖ്യായകന്‍ വിശദീകരിക്കുന്നു....

മനസ്സ് മന്ത്രിച്ചു... “ഇല്ല ദേവിക്കൊരിക്കലും രാമനെ പ്രതിക്കൂട്ടില്‍ നിറുത്താനാവില്ല... നിശ്വാസങ്ങളിൽപ്പോലും ദേവി രാമനെ അറിഞ്ഞിരുന്നു...”

തീരത്തവശേഷിച്ച രാമവിഗ്രഹത്തിന്‍റെ കാല്‍ക്കലപ്പോള്‍ ഒരു മൃതശരീരം അടിഞ്ഞിരുന്നു... പിന്നിലെ അലകളൊഴുക്കുന്നൊരു കുഞ്ഞുപ്പൂക്കൂടയും ചിതറിത്തെറിച്ച പൂക്കളും...

വാടിയതുളസ്സിക്കതിര്‍പോലെ ആ നിശ്ചല ശരീരം രാമപാദങ്ങളെ തഴുകുമ്പോള്‍ അങ്ങകലെ ആ കാഴ്ചയില്‍ നിന്നും അകന്ന് ആ വൃദ്ധന്‍ നടന്നു മറഞ്ഞു കഴിഞ്ഞിരുന്നു...

“പൊയ്ക്കോളുക മാരുതി.... രാമരാജ്യത്തിന്‍റെ നല്ല കാഴ്ചകള്‍ അങ്ങയുടെ മനം കുളീര്‍പ്പിച്ച് നിറഞ്ഞു നില്‍ക്കട്ടെ... ഈ കാഴ്ചകള്‍ എനിക്കിരുന്നോട്ടെ... ഈ വേദനകളെങ്കിലും സ്വന്തമാക്കാന്‍ എന്നെ അനുവദിക്കു...”

തന്നിലലിഞ്ഞുചേര്‍ന്ന പാപക്കറകളും പേറി നാളെയുടെ നോവുകളിലേക്ക് സരയു പിന്നേയും ഒഴുകിക്കൊണ്ടിരുന്നു...ശാന്തയായ്..സൌമ്യയായ്...!

                                         ****************************

ഈ-മഴവില്ലില്‍ പ്രസിദ്ധീകരിച്ച കഥ...

ചിത്രത്തിനു കടപ്പാട്.....മഴവില്‍ ടീം..

Wednesday, March 13, 2013

ദര്‍പ്പണം...


“ഗീതേ.. മോളേ ഇതെന്തൊരു ഇരുപ്പാ കുട്ട്യേ..എണീറ്റേ.. നോക്കൂ ഉണ്ണിക്കുട്ടന്‍ ഇതുവരെ ഒന്നും കഴിച്ചിട്ടില്യാ... നീ വരാണ്ട് അവനൊന്നും വേണ്ടാത്രേ.. പോയവരു പോയില്യേ കുട്ട്യേ.. ജീവിച്ചിരിക്കണോരുടെ കാര്യം നോക്കിയല്ലെ പറ്റൂ...”

കളഭത്തിന്‍റെ മണം. അച്ഛന്‍പെങ്ങളാണ്..

ഒറ്റയും തെറ്റയുമായി ആള്‍ക്കാര്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അകലെ തൊടിയില്‍ കുറച്ചു മുന്നെ ആകാശം മുട്ടെ ഉയര്‍ന്ന തീജ്വാലകള്‍ കെട്ടടങ്ങിയിരിക്കുന്നു. ചുറ്റും കെട്ടിയിരുന്ന പച്ചപ്പന്തലിനിപ്പോള്‍ കറുപ്പു കലര്‍ന്ന മഞ്ഞ നിറം.

അമ്മ...

തികട്ടി വന്ന തേങ്ങല്‍ കടിച്ചൊതുക്കി. സാരിത്തലപ്പില്‍ മുഖം തുടച്ചെഴുന്നേറ്റു. അടുക്കളയുടെ ഇരുളാര്‍ന്ന കോണില്‍ ഉണ്ണിക്കുട്ടനു ആഹാരം വാരിക്കൊടുത്തു നില്‍ക്കുമ്പോള്‍ അനുസരണയില്ലാത്ത കണ്ണുകള്‍ തുറന്നിട്ട ജനാല വഴി തൊടിയിലേക്ക് പോയി. അവിടിപ്പോള്‍ ചെറുതായി പുക ഉയരുന്നുണ്ട്.. എല്ലാ മനുഷ്യരുടേയും അവസാനം ഇതുതന്നെ.

ആഹാരം കഴിക്കുന്നതിനൊപ്പം മുഖത്തെക്കുറ്റു നോക്കി തന്‍റെ നെടുവീര്‍പ്പിനര്‍ത്ഥം തിരയുകയാണ് ഉണ്ണിക്കുട്ടന്‍റെ കുഞ്ഞിക്കണ്ണുകള്‍.. മറുപടി പറയാനില്ല.

പാത്രം കഴുകി വച്ച് വീണ്ടും തളത്തിലേക്ക് നടക്കുമ്പോള്‍ അറിയാതെ അമ്മയുടെ മുറിയിലേക്ക് നോക്കിപ്പോയി. കാലുകള്‍ അറിയാതെ അങ്ങോട്ടെത്തിച്ചു.

മുറിയിലാകെ അമ്മയുടെ മണം നിറഞ്ഞു നില്‍ക്കുന്നു. കുറേ നാളായി നിശ്ശബ്ദതയുടെ ലോകത്തായിരുന്നു അമ്മ... ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് തന്നോടിന്നു രാവിലെ സംസാരിച്ചത്. ചായ വേണമെന്നു പറഞ്ഞു. താന്‍ കൊടുത്ത ചായ കുടിച്ച് കിടന്നതാണ്. പിന്നെ എഴുന്നേറ്റില്ല. ആ കപ്പ് ഇപ്പോഴും മേശപ്പുറത്തിരുന്ന് തന്നെ പരിഹസിക്കുന്നു.

മുറിയുടെ കോണിലെ പീഠത്തില്‍ വീണയിരിക്കുന്നു. സംസാരിക്കാതായതിനു ശേഷം അതു മാത്രമായിരുന്നു അമ്മയുടെ ലോകം.

തോളില്‍ ഒരു കരസ്പര്‍ശം. തിരിഞ്ഞു നോക്കി. അച്ഛന്‍പെങ്ങള്‍ .  ആ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നു.

കല്യാണം കഴിഞ്ഞു കയറിവന്ന നാള്‍ മുതല്‍ നാത്തൂന്‍ എന്നതിലുപരി അമ്മയുടെ സ്ഥാനത്തായിരുന്ന ആളാണ് അപ്പുറത്തെ തൊടിയില്‍ എരിഞ്ഞടങ്ങിയത്. സഹിക്കാനാകില്ല അച്ഛന്‍പെങ്ങള്‍ക്കും.

മരണവീടിന്‍റെ മൂകത പതിയെ പതിയെ വ്യാപിച്ചു തുടങ്ങി. വീടിന്‍റെ അകത്തളങ്ങളെ ഇരുള്‍ വിഴുങ്ങിത്തുടങ്ങിയപ്പോള്‍ ആരോ വിളക്കു തെളിയിക്കുന്നതറിഞ്ഞു.

ഒന്നിനും വയ്യ. ഒരു തരം മരവിപ്പ് കൈകാലുകളെ ബന്ധിപ്പിച്ചിരിക്കുന്നു. അമ്മയുടെ കട്ടിലില്‍ ചുമരില്‍ച്ചാരി ഇരുന്നു. മടിയില്‍ കിടക്കുന്ന ഉണ്ണിക്കുട്ടന്‍റെ തലയിലെ മുടിയിഴകളെ കൈകള്‍ തഴുകുന്നത് യാന്ത്രികമായിട്ടായിരുന്നു. മനസ്സ് പിടിവിട്ട ചിന്തകളിലായിരുന്നു.

കട്ടിലിന്‍റെ കാല്ക്കലുള്ള തടിയില്‍ മുഖമമര്‍ത്തി തേങ്ങലൊതുക്കാന്‍ പാടുപെടുന്നു അച്ഛന്‍പെങ്ങള്‍ .

അമ്മയ്ക്കെന്നും ഉല്‍ക്കണ്ഠയായിരുന്നു തന്‍റെ കാര്യത്തില്‍ .

ഉദരത്തില്‍ പേറുമ്പോള്‍ ആയുരാരോഗ്യത്തോടെ തനിക്ക് ജന്മം നല്‍കാനാകണേ എന്ന ആശങ്കയായിരുന്നുവത്രേ. അച്ഛന്‍പെങ്ങളില്‍ നിന്നും കേട്ടറിഞ്ഞ വിവരം. ജനിച്ചു കഴിഞ്ഞപ്പോള്‍ തനിക്കു വരുന്ന അസുഖങ്ങളെക്കുറിച്ചായി ഉല്‍ക്കണ്ഠ. അതും കേട്ടു കേള്‍വിയാണ്.

ഓര്‍മ്മ വച്ച നാള്‍ മുതല്‍ നിഴല്‍ പോലെ അമ്മ പിറകിലുണ്ടായിരുന്നു. പഠനത്തില്‍ , കളിയില്‍ , എന്തിന് താനുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളിൽപ്പോലും അമ്മ ആകുലപ്പെട്ടിരുന്നു. സ്കൂളിൽപ്പോയാല്‍ അദ്ധ്യാപകര്‍ തല്ലിയോ കൂട്ടുകാര്‍ ഉപദ്രവിച്ചോ എന്നൊക്കെയുള്ള ചിന്തകള്‍ .. കളിസ്ഥലത്താണെങ്കില്‍ വീണോ, മുറിഞ്ഞോ എന്നൊക്കെയും. ഒരു പരിധി വരെ തനിക്കതൊരു ശല്യമായിത്തോന്നിയിരുന്നു.

വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരികെയെത്തുവോളം ആശങ്കയോടെയുള്ള കാത്തിരുപ്പ്. വരുമ്പോള്‍ പടിക്കല്‍ നിൽപ്പുണ്ടാകും. വൈകിയാല്‍ നൂറു ചോദ്യങ്ങളോടെയാകും എതിരേല്‍ക്കുക. വിശദീകരണങ്ങള്‍ പറഞ്ഞു മടുക്കുമ്പോള്‍ തനിക്ക് അരിശം കേറാറുണ്ട്. വസ്ത്രമൊന്നു ചുളിഞ്ഞാല്‍ , മുഖമൊന്നു വാടിയാല്‍ , പതിവിലും കുറച്ച് ആഹാരം കഴിച്ചാല്‍ ഒക്കെ ചോദ്യങ്ങളുണ്ടാകും. കുട്ടിക്കാലത്തിൽ നിന്നും കൌമാരത്തിലേക്കും ഈ അമിത ശ്രദ്ധയുടെ പിടി മുറുകിയപ്പോൾ മടുപ്പ് തോന്നിയിരുന്നു എപ്പോഴൊക്കെയൊ.

തന്‍റെ സ്വഭാവം മറ്റുള്ളവരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നു തോന്നുമ്പോള്‍ ആരെയോ ബോധിപ്പിക്കാനെന്നവണ്ണം സ്വയം പറയുന്നതു കേള്‍ക്കാറുണ്ട്, “ കാലം ശരിയല്ല.. കുട്ട്യോളെയൊക്കെ പറഞ്ഞു വിട്ട് എങ്ങന്യാ വീട്ടില്‍ മനസ്സമാധാനത്തോടെ ഇരിക്ക്യാ..?”

വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ കല്യാണം നടത്തുന്നതിന്‍റെ പിന്നാലെയായിരുന്നു. വരുന്ന ആലോചനകളൊക്കെ തിരിച്ചും മറിച്ചും അന്വേഷിക്കും. എന്‍റെ കുട്ടിയെ വേദനിപ്പിക്കുന്നൊരുത്തന്‍ ആകരുതല്ലോ എന്നു അച്ഛന്‍പെങ്ങളോട് പറയുന്നത് കേട്ടിരുന്നു. പയ്യനെ തൃപ്തി വന്നാല്‍ വീട്ടുകാരെക്കുറിച്ചായി ആലോചന. അവിടേയും താന്‍ കഷ്ടപ്പെടരുത് വേദനിക്കരുത് എന്നൊക്കെയുള്ള ചിന്തകളായിരുന്നു ആ മനസ്സ് മുഴുവന്‍ .

ഒടുവില്‍ അമ്മ ആഗ്രഹിച്ചതുപോലെ തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളെ ജീവിതപങ്കാളിയായിക്കിട്ടി. സ്വന്തം വീട്ടിലെ കുട്ടിയായി തന്നെ കാണുകയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വീട്ടുകാര്‍ കൂടി ആയപ്പോള്‍ അമ്മയുടെ ആവലാതി അടങ്ങുമെന്നാണ് കരുതിയത്.

പക്ഷേ, ആ മനസ്സപ്പോഴും ശാന്തമായിരുന്നില്ല. തനിക്കൊരു കുഞ്ഞിക്കാല്‍ കാണാത്തതിനെച്ചൊല്ലി ആശങ്കപ്പെട്ടു. കുറച്ചു നാളത്തെ കാത്തിരുപ്പിനു ശേഷം ആ സൌഭാഗ്യം തന്നെത്തേടിയെത്തിയെന്നറിയിച്ചതു മുതല്‍ പിന്നെ കുഞ്ഞിനെക്കുറിച്ചായിരുന്നു അമ്മയുടെ ഉല്‍ക്കണ്ഠ. ഒടുവില്‍ ഉണ്ണിക്കുട്ടനു ജന്മം നല്‍കുമ്പോഴേക്കും അമ്മ ആശങ്കകളൊഴിഞ്ഞ് സ്വസ്ഥയാകുമെന്നു ആശിച്ചു.

സംഭവിച്ചത് വേറൊന്നായിരുന്നു. വിധിയുടെ പകിടകളിയില്‍ കുരുക്കള്‍ മറിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. അന്നുവരെ ആശങ്കകളുടെ പിടിയിലായിരുന്ന അമ്മ പെട്ടെന്ന് ശാന്തയായി. ആ ശാന്തതയ്ക്ക് പക്ഷേ അസാധരണത്വം തോന്നിച്ചു. തനിക്കിനി നിരീക്ഷണങ്ങളുടെ ആവശ്യമില്ലെന്നു തോന്നിയിട്ടോ ഉല്‍ക്കണ്ഠകള്‍ക്കവസാനം ആ മനസ്സ് മടുത്തു തളര്‍ന്നുപോയിട്ടോ അമ്മ നിശ്ശബ്ദതയുടെ ലോകത്തേക്ക് മടങ്ങി. ഒരു തരം നിര്‍വ്വികാരതയുടെ മുഖമായി പിന്നെ അമ്മയ്ക്ക്.

മുറിയിലെ വീണയില്‍ ശ്രുതിയിടുമ്പോള്‍ മാത്രമാണു ആ ആത്മാവിപ്പോഴും ഉണര്‍ന്നിരിക്കുന്നുവെന്ന തോന്നല്‍ ഉളവായത്.

നിശ്ശബ്ദതയുടെ ലോകത്തായിരുന്നെങ്കിലും അമ്മയുടെ സാന്നിദ്ധ്യം തനിക്കൊരു ശക്തിയായിരുന്നു. അമ്മ പോയപ്പോള്‍ പെട്ടെന്ന് താന്‍ തളര്‍ന്നു. ആശ്രയമില്ലാത്ത കൊച്ചുകുഞ്ഞിനെപ്പോലെ സ്വയം തോന്നിച്ചു.

“അമ്മ എനിക്കു പിന്നില്‍ പടര്‍ന്നു പന്തലിച്ചൊരു തണല്‍മരമായിരുന്നു എന്നും. ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാനനുവദിക്കാതെ എന്നെ ചേര്‍ത്തു പിടിച്ചിരുന്നു .” തേങ്ങലുകള്‍ക്കിടയില്‍ വാക്കുകള്‍ ചിതറിത്തെറിച്ചു.

“അരുത് കുട്ട്യേ...ഒക്കേം സഹിച്ചേ തീരൂ.. അമ്മയുടെ ആത്മാവിനു ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക്.. നീ കരഞ്ഞാല്‍ ഉണ്ണിക്കുട്ടനും സങ്കടാവും.. സമാധാനിക്കു കുട്ട്യേ..” സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ ആശ്വസിപ്പിക്കാന്‍ അച്ഛന്‍പെങ്ങള്‍ നടത്തിയ വിഫലശ്രമം.

കരഞ്ഞുകലങ്ങിയ കണ്ണുകളും കൈവിട്ട ചിന്തകളുമായി അങ്ങനെയെത്ര നേരം ഇരുന്നുവെന്നറിയില്ല. അകത്തെന്തോ നിലത്തുവീഴുന്ന ശബ്ദം.

“ഉണ്ണിക്കുട്ടാ.........” ചാടിയെഴുന്നേറ്റു.

“ഉണ്ണിക്കുട്ടാ... എവിടാ.. നീയെവിടാ.. എന്താ അവിടെ ശബ്ദം.. നീ വീണോ മോനേ..” അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ഓടുകയായിരുന്നു. തനിക്ക് പിന്നാലെയെത്താന്‍ വാര്‍ദ്ധക്യം അച്ഛന്‍പെങ്ങളെയനുവദിച്ചില്ല.

“ഈ അമ്മയ്ക്കെന്താ ...ഞാനിവിടെയിരിക്ക്യല്യേ.. അടുക്കളയിലാ ശബ്ദം കേട്ടെ. ഈ അമ്മേടെ കാര്യം ...ഞാനെന്താ കുഞ്ഞാവയാ...?” ഉണ്ണിക്കുട്ടന്‍റെ സ്വരം.

കാലുകള്‍ പിടിച്ചു കെട്ടീതുപോലെ നിന്നു.

“കാലം ശരിയല്ല”, തിരികെ നടക്കുമ്പോൾ ആരോടെന്നില്ലാതെ പിറുപിറുത്തു.

Monday, January 21, 2013

കല്പിതം.......


“മ്യാവൂ..”

ചുരുട്ടിയ പേപ്പർക്കഷ്ണങ്ങൾ തുടരെത്തുടരെ ശരീരത്തിൽ പതിച്ചതിനെതിരെ പ്രതിഷേധിച്ച് കുറിഞ്ഞി ഒച്ച വച്ചതാണ്.

തിളങ്ങുന്ന കണ്ണുകൾ തുറിച്ചിപ്പോൾ തന്നെ നോക്കുന്നുണ്ടാകും.. ഇല്ല അവളെ നോക്കാനിപ്പോൾ സമയമില്ല.

മേശപ്പുറത്തെ അരണ്ടവെളിച്ചത്തിൽ കടലാസ്സും പേനയുമായുള്ള യുദ്ധം തുടങ്ങിയിട്ട് സമയമേറെ ആയിക്കാണും. ഒന്നും എഴുതിയിട്ട് ശരിയാകുന്നില്ല. തന്റെ എഴുത്തുകൾക്ക് കാമ്പില്ലത്രേ. ശരിയായിരിക്കാം. വാക്കുകൾ കൊണ്ട് മാന്ത്രികം കാണിക്കാൻ അറിയില്ല. പറയാനുള്ളത് നേരെ പറയും. എല്ലാതരം വായനക്കാരെയും അത് തൃപ്തിപ്പെടുത്തുന്നുണ്ടാകില്ല. ചിന്തകൾ കാർന്നു തിന്നു തുടങ്ങിയപ്പോഴാണ് വേറിട്ടതലത്തിലൊരെഴുത്ത് എന്ന ആശയവുമായി ഈ യുദ്ധം തുടങ്ങിയത്..

നെറ്റിയിൽ വിയർപ്പുചാലുകൾ കളം തീർത്തിരിക്കുന്നു. കണ്ണുകൾക്ക് പ്രകാശം അസഹ്യമായിത്തുടങ്ങി. ചീന്തിയെറിഞ്ഞ കടലാസ്സുകൾ തനിക്ക് ചുറ്റും കൂനതീർക്കുന്നതറിഞ്ഞില്ല.

“മാത്യൂസ്...” ആരോ വിളിക്കുന്നു.

മുറിയിലാകെ പ്രകാശം.. ആരാണ് വിളിച്ചത്. മാലാഖയാകുമോ.. ഇടതു തോളിലും വലതു തോളിലും മാറിമാറി നോക്കി. ഏത് മാലാഖയാകും വിളിച്ചിട്ടുണ്ടാകുക..? ചിന്തകൾക്ക് വിരാ‍മമിട്ട് വീണ്ടും ആ ശബ്ദം.

“മാത്യൂസ് ഇത് ഞാനാണ് ഇങ്ങോട്ടു നോക്കൂ..”

മറച്ചു പിടിച്ചിരുന്ന കൈയകറ്റി കണ്ണുകൾ തിരുമ്മി നോക്കി. തന്റെ ഊർജ്ജതന്ത്രം അദ്ധ്യാപകൻ.

“നിനക്കെഴുതാൻ എന്തെന്തു വിഭവങ്ങളാണ് ഞാൻ പഠിപ്പിച്ചു തന്നത്.. നീ അതൊക്കെ മറന്നു പോയോ.?” അത്ഭുതപരതന്ത്രനായി വാപൊളിച്ചിരുന്ന തന്റെ കാതുകളിലേക്ക് ആ വാക്കുകൾ മഴപോലെ പെയ്തുകൊണ്ടിരുന്നു.

“അണുവിസ്ഫോടനങ്ങളെക്കുറിച്ച് ഞാൻ പഠിപ്പിച്ചിരുന്നില്ലേ.. അവ മാനവരാശിക്കു സമ്മാനിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചെഴുതുക. വൈദ്യുതി നിർമ്മിക്കാനും അർബുദം പോലെയുള്ള മാരകരോഗത്തെ തുടച്ചില്ലാതാക്കാനും ഉതകുന്ന വികിരണങ്ങളെക്കുറിച്ചെഴുതുക. മനുഷ്യരാശിക്ക് അപ്രാപ്യമായിരുന്ന ശൂന്യാകാശത്തിലെ അറിവുകളെക്കുറിച്ചെഴുതുക. നിനക്കെഴുതാൻ ഇനിയുമെന്തെന്തു വിഭവങ്ങളുണ്ട്..”

ചിന്തകളുടെ ലോകത്ത് ഒരു കൈത്തിരി തെളിഞ്ഞു. ശരിയാണ്.. എന്തുകൊണ്ടിതേക്കുറിച്ചൊന്നും മുമ്പ് ചിന്തിച്ചില്ല.

പക്ഷേ....

ചിന്തകളുടെ തേർ അധികമുരുണ്ടില്ല.

സാധിക്കില്ല. അതിനെക്കുറിച്ചെഴുതാനാകില്ല തനിക്ക്. ആ നേട്ടങ്ങളുടെ സ്വപ്നങ്ങൾ ഒരുറക്കത്തിൽ നിന്നുണർന്നപ്പോൾ വീണു പൊലിഞ്ഞു പോയവയാണെന്ന തിരിച്ചറിവ് തൂലികയെ തടഞ്ഞു നിറുത്തുന്നു.

പൊട്ടിത്തെറിക്കുന്ന തെരുവീഥികളും ചിതറിത്തെറിക്കുന്ന ചോരപ്പൂക്കളും തലച്ചോറിനുള്ളിൽ പ്രകമ്പനം കൊള്ളുന്നു.

അറിവുകൾ അർഹതയില്ലാത്ത കരങ്ങളിൽ കൊലക്കത്തിയാകുമെന്നു പറഞ്ഞതാരാണ്..

“ഹ്ഹ്ഹ്ഹ്ഹ്... നീയധികം ചിന്തിക്കണ്ട.. നിന്റെ ചിന്തകളെ മനുഷ്യരാശി ക്രൂശിക്കും. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിനു ഉന്മാദത്തിന്റെ ചാപ്പ കുത്തി എനിക്ക് ശിക്ഷ വിധിച്ച സമൂഹം നിന്നേയും വെറുതേവിടില്ല..” നീണ്ട ചെമ്പൻ മുടിയും നീണ്ട താടിയുമായി ഒരാളെവിടെയോ ഇരുന്നു പിറുപിറുക്കുന്നു.

തലകുമ്പിട്ടിരിക്കുമ്പോൾ പ്രകാശരേഖയിലേറി അദ്ധ്യാപകൻ മറയുന്നതറിഞ്ഞു. താൻ നന്നാവില്ലെന്നു കരുതിക്കാണും.

“അയാൾക്ക് ഭ്രാന്താണ് മാത്യൂസ്.. നീ അയാൾ പറയുന്നത് കേൾക്കാതിരിക്കുക. നിനക്കെഴുതാൻ ഇതിലും നല്ല വിഭവങ്ങൾ ഞാൻ പഠിപ്പിച്ചില്ലേ.?” അടച്ചിരുന്ന ചെവിയേയും തുളച്ചിറങ്ങി ആ ശബ്ദം. അതാരുടേതാണ്..?

ചുറ്റിനും പകച്ചു നോക്കി.. നിലത്തു നിന്നാണ്. ജീവശാസ്ത്രം പഠിപ്പിച്ച അദ്ധ്യാപിക.

“അമീബയും പാരമീസിയവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചെഴുതുക. മനുഷ്യന്റെ പരിണാമത്തെക്കുറിച്ചെഴുതാം. കോശങ്ങളെക്കുറിച്ചും മനുഷ്യസ്വഭാവങ്ങൾ നിർണ്ണയിക്കുന്ന ജനിതക ഘടകങ്ങളെക്കുറിച്ചും അവ മനുഷ്യരാശിക്ക് സമ്പാദിച്ചു കൊടുത്ത ഖ്യാതിയെക്കുറിച്ചും നിനക്കെഴുതരുതോ..?”

ശരിയാണ്.. എഴുതാം ...അതാകുമ്പോൾ മറ്റു ദോഷങ്ങളൊന്നും സൃഷ്ടിച്ചതായി കേട്ടുകേൾവിയില്ല.

പഴയ കടലാസ്സുകൾ കീറിക്കളഞ്ഞ് പുതിയ കടലാസ്സെടുത്ത് കൈകൊണ്ടൊന്നു തുടച്ച് എഴുതാനായി പേനയെടുത്തു. പുതിയൊരു പ്രമേയം പറഞ്ഞു തന്ന അദ്ധ്യാപികയെ മനസ്സാ നന്ദി പറഞ്ഞു.

എഴുതാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് നിറുത്തി.

ഇല്ല.. ഇതും എഴുതാനാകില്ല.

ഗർഭപാത്രം വാടകയ്ക്ക് കൊടുത്ത് അന്നത്തിനു വക കണ്ടെത്താൻ ശ്രമിക്കുന്ന കുറെ അവിവാഹിതകളായ പെൺ‌കുട്ടികളുടെ മുഖം തെളിയുന്നു, മായ്ച്ചു കളയാന്‍ ആകും വിധം നോക്കിയിട്ടും മായാതെ.

സംശയനിവാരണർത്ഥം അദ്ധ്യാപികയെ തിരഞ്ഞപ്പോൾ കാണാനായത് അവർ തറയോടുകൾ അടർത്തിമാറ്റിയ ഗർവ്വിൽ തലയുയർത്തി നിന്നൊരു കുഞ്ഞൻ ചെടിയുടെ വേരിലൂടെ ഭൂമിയുടെ ഉള്ളിലേക്ക് ഞെരിഞ്ഞിറങ്ങുന്നതാണ്.

ഇനി.. ഇനി എന്തെഴുതും?

ചിന്തകൾക്ക് ചൂടുപിടിച്ചു. തല പെരുക്കുന്നു.. കാഴ്ച നശിക്കുന്നതുപോലെ. ചുറ്റിനും എന്തൊക്കെയോ അലർച്ചകൾ.

ഷെൽഫിലെ പുസ്തകങ്ങളിൽ നിന്നും പുരാണേതിഹാസ കഥാപാത്രങ്ങളിറങ്ങിവരുന്നു. തനിക്കു മുന്നിൽ നിന്നവർ ആർത്തട്ടഹസിക്കുന്നു.

“നീയെന്തിനു ഞങ്ങളെയുപേഷിച്ചു..? ഞങ്ങളെക്കുറിച്ചെഴുതുക. ഞങ്ങൾ നിന്നെയൊരിക്കലും ചോദ്യം ചോദിച്ച് ഭ്രാന്ത് പിടിപ്പിക്കാറില്ലല്ലോ..”

“വേണ്ട.. വേണ്ട.. നിങ്ങളെയും എനിക്കു വേണ്ട. പറഞ്ഞു പറഞ്ഞു പഴകി നിങ്ങൾക്കിപ്പോൾ കടലാസ്സിന്റെ മണം മാത്രമേയുള്ളൂ..നിങ്ങളെന്റെ അടുത്ത് വരരുത്. എനിക്ക് ഓക്കാനിക്കും...” ചെവികള്‍ പൊത്തിപ്പിടിച്ചു. കണ്ണുകളിറുകെ അടച്ചു.

എത്ര നേരം അങ്ങനെ ഇരുന്നിട്ടുണ്ടാകും..?

പൊത്തിയ ചെവികൾ അല്പം വിടർത്തി. അട്ടഹാസം നിലച്ചോ.. ഒന്നും കേൾക്കുന്നില്ല. കണ്ണുകൾ പകുതി തുറന്നു നോക്കി.

ഞെട്ടിപ്പോയി... അകന്നുപോയെന്നു കരുതിയവരെല്ലാം ഇതാ തന്റെ കടലാസ്സിനു മുകളിലിരിക്കുന്നു. താൻ കണ്ണുതുറക്കുന്നതും നോക്കി.

വീണ്ടും അവർ ആർത്തലച്ച് അട്ടഹാസങ്ങൾ തുടങ്ങി. ഇല്ല തന്നെ വെറുതേ വിടാനിവർക്ക് ഉദ്ദേശമില്ല.

ഇരുന്ന കസേര മെല്ലെ പുറകോട്ട് ചലിപ്പിച്ചു. ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. മേശപ്പുറത്തിരിക്കുന്ന തൂലികയായിരുന്നു ലക്ഷ്യം. അതെടുത്തു മാറ്റിയാല്‍ ഇവരെങ്ങനെ രചന നടത്തുമെന്ന് നോക്കാമല്ലോ...?

കൈ പതിയെ ചലിപ്പിച്ചു. നീക്കം തടഞ്ഞു കൊണ്ട് കടലാസ്സിലിരുന്നവർ അങ്ങോട്ടു ചാടി. കൈ പിൻ‌വലിച്ചു.

കുറച്ചു സമയം എന്തു ചെയ്യണമെന്നറിയാതെ നിന്നു. ആരവം ഒട്ടൊന്നടങ്ങിയപ്പോൾ ഒറ്റ ചാട്ടത്തിൽ പേന കൈക്കലാക്കി തിരിഞ്ഞു നോക്കാതെ ഓടി. വാതിലുകൾ അടയ്ക്കാത്തതോ വെളിച്ചം അണയ്ക്കത്തതൊ ഒന്നും മനസ്സിനെ പിൻ‌തിരിപ്പിച്ചില്ല.

ആർത്തുവിളിച്ച് പിൻ‌തുടരുന്ന ശബ്ദങ്ങൾക്ക് പിടികൊടുക്കാതെ അകലങ്ങളിലേക്ക്..

ഏതോ ൿളാസ്സുമുറികളിൽ പ്രകാശ രേണൂക്കളേയും അണുവികിരണങ്ങളേയും കുറിച്ച് ആരൊക്കെയോ ൿളാസ്സെടുക്കുന്നുണ്ടായിരുന്നു. ജീവകോശങ്ങളെ കീറിമുറിച്ച് ആരൊക്കെയോ പരീക്ഷണം നടത്തുന്നുമുണ്ടായിരുന്നു. ഒന്നും കാണാനോ കേൾക്കാനോ നിന്നില്ല.

അങ്ങകലെ കടൽത്തീരമായിരുന്നു ലക്ഷ്യം.  മത്സ്യകന്യകമാരുടെ പഴംകഥകളുടെ പൊരുളായിരുന്നു മനസ്സിൽ.

തീരത്ത് ഒരു കുഞ്ഞു തോണി കിടക്കുന്നതുകണ്ടു. ചിന്തിച്ചു നിൽക്കാൻ സമയമില്ല.

അലറിയടുക്കുന്ന തിരമാലകളിലേക്ക് തോണിയിറക്കി. ചാടിക്കയറി ഇരുന്നു തുഴഞ്ഞു.

ആകാശം കാർമേഘാവൃതമായത് പെട്ടെന്നായിരുന്നു. കൊള്ളിയാൻ മിന്നി. തുള്ളിക്കൊരുകൊടം പേമാരിയെന്നപോൽ ആകാശം പെയ്തിറങ്ങി.

“നിനക്ക് എന്നെക്കുറിച്ചെഴുതാമായിരുന്നില്ലേ..?” മഴത്തുള്ളികൾ നുള്ളിനോവിച്ചു.

“എന്നെക്കുറിച്ചെഴുതാമായിരുന്നു..” ശക്തമായ കൈകൾ കൊണ്ട് തോണിയിലടിച്ച് കടൽ പ്രതിഷേധിച്ചു.

അകലെയൊരു ൿളാസ്മുറിയിൽ ഒരു കുട്ടി പുസ്തകം വായിക്കുന്നു, “ സൂര്യന്റെ താപം കടലിലെ ജലത്തെ നീരാവിയാക്കുന്നു. നീരാവി പൊങ്ങി മേഘങ്ങളാകുന്നു....”

ഉയർന്നുപൊങ്ങിയ തിരമാല കേൾവിയെ കൊട്ടിയടച്ചു. പിന്നൊന്നും കേൾ‌ക്കാനായില്ല.

കുറേയെറെ നേരത്തെ സംഹാരതാണ്ഡവത്തിനു ശേഷം പ്രകൃതി ശാന്തയായി. കടലടങ്ങി..

ദൂരെ ചക്രവാളത്തിൽ പുലരിയുടെ വരവറിയിച്ച് കതിരോനുദിച്ചു. മുക്കുവക്കുടിലുകളുണർന്നു.

വലയും പങ്കായവുമായി തീരത്തണഞ്ഞവർ അവരവരുടെ വള്ളങ്ങളിൽ യാത്രയായി. തിരകളിൽ‌പ്പെട്ട് ചാഞ്ചാടി നടന്ന ആ കുഞ്ഞു വള്ളത്തെ തേടിയും ഉടയോനെത്തി. വള്ളത്തിലെ വെള്ളം കോരിക്കളയുന്ന കൂട്ടത്തിൽ അയാൾക്കെന്തോ കിട്ടി.

മുനയൊടിഞ്ഞൊരു പേന...

ഉപയോഗശൂന്യമെന്നു കണ്ടതു വലിച്ചെറിഞ്ഞ് തോണി തള്ളി കടലിലേക്കിറക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരു ചോദ്യം അവശേഷിക്കുകയായിരുന്നു. കെട്ടിയിട്ടിരുന്ന തന്റെ തോണീയെങ്ങനെ തിരകളിൽ‌പ്പെട്ടു?