Monday, November 30, 2015

കുഴലൂത്തുകാരൻ‌.....

മണ്ണിന്റെ ഞെരിഞ്ഞമരൽ‌.. കൈ ചെറുതായി വേദനിച്ചു തുടങ്ങി.. വലിച്ചാലോ..?

മനസിന്റെ ഉത്തരത്തിനു കാത്തു നിന്നിട്ട് പ്രയോജനം ഇല്ലെന്നു തോന്നിയപ്പോൾ‌ പതിയെ പുറകോട്ട് വലിച്ചു.., നനഞ്ഞമർന്ന മണ്ണിൽ മിന്നൽ‌പ്പിണരുകൾ‌ വരയ്ക്കപ്പെട്ടു.. ചിന്തകൾ സന്ധിക്കെത്തി.. വേണ്ടാ കുറച്ചുകൂടെ സഹിക്കുക തന്നെ..

“ദാ.. ദാ പിടിച്ചോ.. പിടിച്ചോ.. ഞാനെറിഞ്ഞു..”


ചിന്തകൾക്ക് മുറിവേൽ‌പ്പിച്ചൊരു കുഞ്ഞു സ്വരം.. ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.. തിരയിൽ കളിക്കുന്ന രണ്ട് കുഞ്ഞു ബാല്യങ്ങൾ. അവരുടെ കുസൃതികൾ ചിരിക്കാൻ മറന്നു തുടങ്ങിയ ചുണ്ടിനേയും ആയാസപ്പെടുത്തി.. 


ഓർമ്മകൾ ശരവേഗത്തിൽ പിന്നിലേക്ക്..

“പൊന്നൂ.. കൂട്ടാരന്റെ കയ്യിൽ മുറുകെ പിടിച്ചോളൂട്ടോ.. കാലും ശരിക്ക് ചവിട്ടിക്കോ.. ന്നിട്ടാ ആകാശത്തിലേക്ക് നോക്കിക്കേ... കൂട്ടാരൻ നടക്ക്വാ.. മേഘങ്ങളും നമുക്കൊപ്പം വരും നോക്കിക്കോളൂട്ടോ..”

“ശ്ശോ ഞാൻ വീഴൂല്ലോ കൂട്ടാരാ..” മേഘങ്ങൾക്കൊപ്പം നടക്കാനുള്ള മോഹം മനസ്സിലൊതുക്കി ആശങ്ക തല നീട്ടി..

“ഇല്യാ പൊന്നൂ... കൂട്ടാരന്റെ കയ്യിൽ മുറുകെ പിടിച്ചോളൂട്ടോ..”

കൂട്ടാരന്റെ കാലിൽ കാൽ വച്ച്, കൈകളിൽ മുറുകെപ്പിടിച്ച് ഒപ്പം നടക്കുമ്പോൾ ആകാശത്തെ മേഘങ്ങളെ കൌതുകത്തോടെ നോക്കിച്ചിരിക്കുന്നൊരു അഞ്ചു വയസ്സുകാരി..

ഒന്നിനും പകരം വയ്ക്കാനാവത്ത ബാല്യം.. എന്തിനോ ഉയർന്ന നെടുവീർപ്പ് പകുതിയിൽ മുറിഞ്ഞു..

എവിടാവും കൂട്ടാരനിപ്പോള്‍..? ചോദ്യങ്ങൾ വീണ്ടും കൂടുകൂട്ടി..

തിരകൾ ആർത്തി പിടിച്ച് കരയെ പുണർന്നു മടങ്ങുന്നു.. പ്രക്ഷുബ്ദമായ കടലിൽ മുഖം നോക്കാനെത്തിയ മേഘങ്ങളും വിതുമ്പലുകൾ ഉള്ളിലൊതുക്കി നിരാശയോടെ കാറ്റിന്റെ ഗതിയിലൊഴുകി.. അകലെ ചക്രവാളത്തിൽ ഭൂമിയോട് വിട പറയാനൊരുങ്ങുന്ന പകലോൻ.. ആകാശത്തിന്റെ തുമ്പത്ത് ആരോ വരച്ചിട്ട ചിത്രം പോലെ കപ്പലുകൾ.. അവ ചലിക്കുന്നുണ്ടോ.. അകലം,  ചോദ്യത്തിനുത്തരം നിഷേധിച്ചു.. 

മടങ്ങിവരുന്ന വഞ്ചികളിൽ കരയിൽ കാത്തിരിക്കുന്ന ഒട്ടേറെ മനസ്സുകളുടെ പ്രതീക്ഷകളുണ്ടാവും.. ആ മനസ്സുകളിൽ കാറും കോളും അടങ്ങിയിരിക്കുമോ..? തീ പിടിച്ച ചിന്തകൾ കരണ്ടു തിന്നുന്നുണ്ടാവില്ലേ..?


സ്വപ്നങ്ങളുടെ മായക്കൊട്ടാരത്തിൽ സുഖസുഷുപ്തിയിലായിരുന്ന മനസ്സിനെ ചിന്തകൾ കരണ്ടു തുടങ്ങിയതെന്നു മുതലെന്നറിയില്ല.. യാഥാർത്ഥ്യത്തിലേക്കിറങ്ങി വരാൻ മടിയായിരുന്നു.. 

ബാല്യവും കൌമാരവും നഷ്ടങ്ങളായി എഴുതപ്പെട്ടപ്പോൾ നേടിയെടുക്കാനുള്ള വെമ്പലായിരുന്നു യൌവ്വനത്തിന്.. ചെറിയ ചെറിയ മോഹങ്ങൾ പുഷ്പിച്ചു തുടങ്ങിയപ്പോൾ വലിയ വലിയ മോഹങ്ങൾ മനസ്സിൽ ചേക്കേറി.. ഭാഗ്യമോ നിർഭാഗ്യമോ.. മോഹിച്ചതിനെക്കാൾ കിട്ടിത്തുടങ്ങിയപ്പോൾ വീണ്ടും വീണ്ടും നേടിയെടുക്കാൻ കൊതിച്ചു.. 

കളിപ്പാട്ടങ്ങളാർക്കും കൊടുക്കാതെ ചേർത്തു പിടിക്കുന്ന കുഞ്ഞിന്റെ മനസ്സോടെ നേട്ടങ്ങളെ വിധിക്ക് വിട്ടു കൊടുക്കാനാവാതെ നെഞ്ചോട് ചേർത്ത് കിതയ്ക്കുമ്പോൾ കാതിലലച്ച ഒരു മന്തുകാലന്റെ ചിരിയും ഉരുണ്ടു വരുന്ന കല്ല്, കാറ്റിലുരസുന്ന ശീൽക്കാരവും കേട്ടില്ലെന്നു നടിച്ചു..

ഉറക്കമില്ലാത്ത രാവുകളിൽ പിന്നെയെപ്പോഴോ എലികൾ സാന്നിധ്യം അറിയിച്ചു തുടങ്ങി.. എവിടെനിന്നെന്നറിയാതെ പാഞ്ഞു വരുന്നവ ഞാനെന്ന അസ്തിത്വത്തെ മറന്ന് ആർത്തുല്ലസിക്കാൻ തുടങ്ങി.. തലങ്ങും വിലങ്ങും ഓടി, കണ്ണിൽ കണ്ടതൊക്കെ കരണ്ടു തിന്ന്‍ അവ മുറിയിലാകെ സ്വൈര്യവിഹാരം നടത്തി.. 

സ്വയം അവയ്ക്കാഹാരം ആയേക്കുമോയെന്ന ഭയം കീഴ്പ്പെടുത്തിയപ്പോൾ വിളക്കു കെടുത്തി മുറിയുടെ കോണിൽ കമ്പളം പുതച്ച് പതുങ്ങിയിരുന്നു.. 

നിദ്ര തലോടാൻ മടിച്ച രാവിന്റെ അന്ത്യയാമങ്ങളിലെപ്പോഴോ പഠിച്ചു മറന്നൊരു കഥ ഓർമ്മകളിൽ മിന്നിമാഞ്ഞു..  ഓർമ്മകളുടെ മൺചെരാതു വീണുടഞ്ഞിട്ടും, പ്രജ്ഞയ്ക്ക് മേൽ മാറാല കെട്ടിയിട്ടും, ഇന്നലെകൾ മാഞ്ഞുപോയിട്ടും, ഒരു കുഴലൂത്തുകാരനെ എന്തുകൊണ്ടോ മനസ്സ് കാത്തിരുന്നു..


രാവും പകലും വേർതിരിച്ചറിയാൻ കഴിയാത്ത നിമിഷങ്ങൾ നാഴികകൾക്കും യാമങ്ങൾക്കും വഴി മാറവെ, താഴിട്ട മനസ്സിന്റെ വാതായനം തള്ളിത്തുറന്ന് ആ വശ്യമനോഹര സംഗീതം ഒഴുകിയെത്തി..  ചുറ്റിലും നടക്കുന്നതിനെക്കുറിച്ച് ബോധമുൾക്കൊള്ളും മുമ്പു തന്നെ എലികളോരോന്നായി കളം ഒഴിഞ്ഞു തുടങ്ങിയിരുന്നു..

പിന്നീടുള്ള രാത്രികളിൽ ആ സംഗീതം ഉറക്കുപാട്ടായി.. രാവിന്റെ ശീതളിമയിൽ ഭയം കരളാത്ത, ചിന്തകൾ മുങ്ങിമരിച്ച മനസ്സോടെ എല്ലാം മറന്നുറങ്ങിത്തുടങ്ങി... 

പക്ഷേ....

ഭ്രമത്തിന്റെ മാറാല നീക്കി നേരിന്റെ വെളിച്ചത്തിലേക്ക് തല നീട്ടിയപ്പോൾ അറിഞ്ഞു....ആ സംഗീതം അകലുകയാണ്.. അടുത്തു നിന്നു കേട്ടതിപ്പോള്‍ പതിയെ പതിയെ അകലങ്ങളിലേക്ക് ചേക്കേറിത്തുടങ്ങിയിരിക്കുന്നു..

അവൻ അകലങ്ങളിലേക്കാണ്... അടർത്തിയെടുത്ത കരളുന്ന ചിന്തകളുമായി... കാഴ്ചകൾക്കപ്പുറം... ശബ്ദത്തിനും വാക്കിനുമപ്പുറം വെറും സംഗീതമായി അവനലിയുന്നത് വേദനയോടെ തിരിച്ചറിഞ്ഞു.. 

മായുന്ന കാഴ്ചകളിൽ എന്റെ മോഹങ്ങളുണ്ട്.. കൈവിട്ടാൽ..?


ചാടിയെണീറ്റു... 


ഏറെപ്പണിപ്പെട്ട് പടുത്തുയർത്തിയ മണൽക്കൊട്ടാരം കൈ വലിച്ചെടുത്തപ്പോൾ തകർന്നടിഞ്ഞത് അറിഞ്ഞില്ല.. കണ്ണിൽ മാഞ്ഞുതുടങ്ങുന്ന കാഴ്ച മാത്രമായിരുന്നു.. അകലുന്ന സംഗീതം കാതുകളെ മറ്റു ശബ്ദങ്ങൾ കേൾക്കാതെ കൊട്ടിയടച്ചു.. തീരുമാനിച്ചുറപ്പിച്ച ചുവടുകൾക്കൊപ്പം മുന്നോട്ട് നീങ്ങുമ്പോൾ കാറ്റിലുരഞ്ഞ് വസ്ത്രം തേങ്ങിയത് അവഗണിച്ചു.. 

“പൊന്നൂ‍.. ഒന്നു നിന്നേ..” കൂട്ടാരൻ വിളിക്കുന്നുണ്ടോ..?

ചെവികൊടുക്കാൻ വയ്യ.. ആ സംഗീതത്തോടൊപ്പമെത്തണം.. അത് വെറുമൊരു മരീചികയാണെന്നു മനസ്സ് പലവട്ടം പറഞ്ഞു പഠിപ്പിച്ചിട്ടും വിശ്വസിക്കാനാവാത്തതുപോലെ നടന്നു.. പിന്നിലെ കാൽ‌പ്പാടുകളെ കാലത്തിന്റെ തിരകൾ മായ്ക്കുന്നത് കണാതെ.. മാഞ്ഞു തുടങ്ങിയ മരീചിക ലക്ഷ്യം വച്ച്...

ചിത്രങ്ങൾക്ക് കടപ്പാട്... ഗൂഗിൾ