
ചന്ദ്രികാചർച്ചിത താരനിബിഡമാം രാവിൽ
നിലാക്കരങ്ങളീ ഭൂവിനെ പുണരുന്നയാമം
ആഴിയകന്നൊരാ തീരത്തിലെങ്ങാൻ
നിങ്ങളൊരു ബഹുകത്തെ കണ്ടുവോ?
മാതൃഭാവത്തിൻ പൊരുൾ തേടുമേകാകിനിയെ?
ശോകാഗ്നിയിൽ തപിക്കുന്നൊരാ മെയ്യിൽ
അലകളരുമയായ് തഴുകി സ്നേഹം പകർന്നു
കൗമാരസ്വപ്നങ്ങൾക്കർത്ഥം കൊടുത്തവൻ
വിരഹത്തിൻ കടുത്ത ചായം തേച്ചകലവെ
മനസ്സിൽ നിറഞ്ഞൊരാ പ്രണയത്തിനമൃതിനെ
ഉയിരേകിയുദരത്തിൽ പേറിയലഞ്ഞവൾ
പരമപവിത്രമാം സൂതികർമ്മത്തിനന്ത്യത്തിൽ
തുടിയ്ക്കുന്നോരാ ഉയിരുകളവൾ തൻ മെയ്യിൽ
നുളയ്ക്കും പുഴുപോലിഴയാൻ തുടങ്ങവെ
ഹൃദയമുതിർത്തുവോ താരാട്ടിന്നീണങ്ങൾ?
ഉയിരാർന്നൊരാ ആത്മാംശമോരോന്നും
ജന്മശിഷ്ടമാം വിശപ്പിന്റെയാർത്തിയിൽ
കൂർത്ത ദംഷ്ട്രകളവളുടെ ഉടലിലേക്കാഴ്ത്തവെ
പ്രാണൻ പിടയുമാ നോവിലും
ജീവരക്തം മുലപ്പാലായൂട്ടിയ
മാതൃസ്നേഹത്തിൻ നിറവിലോ ചിരിച്ചവൾ
പിറവി തന്നോരുടലിനെ കാർന്നു തിന്നതിൻ തൃപ്തിയിൽ
അമ്മതന്‍ അവസാന ശേഷിപ്പാം തോടുമുപേഷിച്ച്
കർമ്മകാണ്ഡം തേടിയാവാസ ഭൂവിലേക്കാ
കുഞ്ഞു ബഹുകങ്ങൾ പിച്ച വെച്ചീടവെ
നാളെ നിങ്ങൾക്കുമിതുതാൻ ഗതിയെന്നു
മൊഴിഞ്ഞുവോ; മാടി വിളിക്കുമാ തിരകളും?
കുഞ്ഞിക്കാലടികളിടറുമെന്നോർത്തോ
ഇന്നലെയോളമാ ദേഹത്തെ കാത്തൊരാ
സ്നേഹത്തിൻ കവചം വിറ പൂണ്ടു പിന്നിൽ
സൂക്ഷിച്ച് ; വീഴാതെ നടക്കു നീ ഓമനേ...
